Thursday 15 October 2020

ഹദീസ് അടിസ്ഥാന പാഠങ്ങൾ



മനുഷ്യ സമൂഹത്തിന് ലോകസൃഷ്ടാവ് ഈ ജീവിതം നൽകിയത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാനാണ്. അവനെ ആരാധിക്കേണ്ടത് ഇസ്ലാമിക ശരീഅത്തനുസരിച്ചാണ്. വിശുദ്ധഖുർആനും തിരുസുന്നത്തു മാണ് ഇസ്ലാമിക ശരീഅത്തിന്റെ പ്രമാണങ്ങൾ. അതു കൊണ്ട് തന്നെ ഇസ്ലാമിക ശരീഅത്ത് പഠിക്കലും അതിനനുസൃതമായി വിശ്വാസ കർമ്മാ ചാരങ്ങളെ സ്വാംശീകരിക്കലും അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നുവെന്ന് പറയുന്നവരുടെ ബാധ്യതയാണ്. 

ഇസ്ലാമിക ശാസ്ത്രശാഖയിൽ പെട്ട അടിസ്ഥാന ശാസ്ത്രമാണ് ഹദീസ് നിദാന ശാസ്ത്രം. മുഹമ്മദ് നബി((സ))യിലേക്ക് ചേർത്തു പറയുന്ന ഏതൊരു കാര്യത്തിന്റെയും സ്വീകാര്യതയും അസ്വീകാര്യതയും നിജപ്പെടുത്തുന്നത് ഈ ശാസ്ത്രത്തിലൂടെയാണ്. ഇസ്ലാമിക ശരീഅത്തിലെ രണ്ടാം പ്രമാണമായ പ്രവാചകചര്യയുടെ ശ്രേഷ്ടതയും പ്രാധാന്യവുമാണ് ഈ ശാസ്ത്രത്തിനു പ്രചുര പ്രചാരം നല്കുന്നത്.

തിരുനബി(സ്വ) പറഞ്ഞതാകട്ടെ നിങ്ങൾ എന്റെ ജീവിതം പിൻപറ്റുക എന്നാണ്. അതിലുപരി ചിന്തിപ്പിക്കുന്നതാണ് തന്റെ അനുചരന്മാരെക്കുറിച്ച് അവിടുന്ന് പറഞ്ഞത്. അവർ നക്ഷത്രതുല്യരാണ്. അവരിൽ ആരെ പിന്തുടർന്നാലും സന്മാർഗം സിദ്ധിക്കും. ഒരു ലക്ഷത്തിൽ പരം വരുന്ന അനുയായി വൃന്ദത്തെ ചൂണ്ടിക്കാണിച്ച് കൊണ്ട് ഇവരിൽ ആരെയും നിങ്ങൾക്ക് മാതൃകയാക്കാം എന്ന് പറയുമ്പോൾ അവരെ വാർത്തെടുത്ത ആ പാഠശാലയുടെ അനിഷേധ്യമായ തിളക്കം ആർക്കും ഗ്രഹിച്ചെടുക്കാൻ സാധിക്കും. 

ഈ വിജ്ഞാനശാഖയെക്കുറിച്ച് കൂടുതൽ പഠിക്കുവാനാഗ്രഹിക്കു ന്ന സാധാരണക്കാരെയുദ്ദേശിച്ച്, ഹദീസ്നിദാനശാസ്ത്ര പണ്ഡിതന്മാർ അവരുടെ വിശദീകരണങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങളെ സംബന്ധിച്ചു ലളിതമായി വിവരിക്കുവാനാണ് ഈ രചനയിലൂടെ ആഗ്രഹിക്കുന്നത്. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ, ആമീൻ.

‘മുസ്ത്വലഹുൽ ഹദീസ്’ (ഹദീസ് നിദാനശാസ്ത്രം): ഏതെല്ലാം ഹദീസുകൾ സ്വീകരിക്കുകയും, സ്വീകരിക്കാതിരിക്കുകയും ചെയ്യണമെന്ന് വ്യക്ത മാക്കാനായി ഹദീസുകളുടെ സനദുകളെയും, മത്നുകളെയും പരിശോധിക്കുവാനുള്ള നിയമങ്ങൾക്കും, മാനദണ്ഡങ്ങൾക്കും മൊത്ത ത്തിൽ പറയുന്ന പേരാണ് ‘മുസ്ത്വലഹുൽ ഹദീസ്’ (ഹദീസ് നിദാന ശാസ്ത്രം).

ഹദീസ്: പ്രവാചകൻ(സ)യിലേക്ക് ചേർത്ത് പറയുന്ന പ്രവർത്തികൾക്കും, വാക്കുകൾക്കും, അംഗീകാരങ്ങൾക്കും, വിശേഷണങ്ങൾക്കും പൊതുവെ പറയുന്ന പേരാണ് ഹദീസ് എന്നത്.

അസർ: സ്വഹാബികളിലേക്കോ, താബിഉകളിലേക്കോ ചേർത്തി പറയുന്ന വാക്കുകൾക്കും, പ്രവർത്തികൾക്കും പറയുന്ന പേരാണ് അസർ.

സനദ്: ഹദീസുകൾ നിവേദനം ചെയ്യുന്നവരുടെ പരമ്പരക്കാണ് സനദ് എന്ന് പറയുന്നത്.

മത്ന്: നിവേദകന്മാരുടെ പരമ്പര അവസാനിച്ച് ഹദീസുകളിൽ പറയപ്പെട്ട വിഷയത്തിനാണ് മത്ന് എന്ന് പറയുന്നത്.

മുഹദ്ദിസ്: പ്രവാചകൻ(സ)യുടെ ഹദീസുകളും, അതിന്റെ സനദും, മത്നും, ഹദീസുകൾ റിപ്പോർട്ട് ചെയ്ത വ്യത്യസ്ത രിവായത്തുകളും വളരെ വ്യക്തമായി പഠനം നടത്തുകയും, നിവേദകന്മാരെ സംബന്ധിച്ച് വളരെ ആഴത്തിൽ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന പണ്ഡിതന്മാരാണ് മുഹദ്ദിസുകൾ.

സ്വീകാര്യമായ ഹദീസുകൾ: ഹദീസുകളുടെ കൂട്ടത്തിൽ പ്രമാണമായി അംഗീകരിക്കുവാൻ യോഗ്യമായ ഹദീസുകൾ സ്വഹീഹ്, ഹസൻ എന്നിവയാണ്.


സ്വഹീഹ്: സനദിലെ മുഴുവൻ നിവേദകന്മാരും പരസ്പരം നേരിട്ട് കേൾക്കുക, അവർ പരിപൂർണ നീതിമാന്മാരും സത്യസന്ധന്മാരും ആകുക, പ്രബലമായ പരമ്പരയിൽ വന്ന ഹദീസിന്നെതിരായി ഉദ്ധരിക്കപ്പെട്ടതാകാതിരിക്കുക, ഹദീസിന്റെ സ്വീകാര്യതയെ ബാധിക്കുന്ന ബാഹ്യവും, ആന്തരികവുമായ മുഴുവൻ ന്യൂനതകളിൽ നിന്നും മുക്തമാകുക എന്നീ ഗുണങ്ങൾ പൂർണമായ ഹദീസിനാണ് സ്വഹീഹ് എന്ന് പറയുന്നത്. 


സ്വഹീഹായ ഹദീസിന്റെ നിബന്ധനകൾ: 

1) സനദ് പരിപൂർണമാവണം, സനദിൽ വീഴ്ചയുണ്ടാവാൻ പാടില്ല. 

2) നിവേദകന്മാർ നീതിമാന്മാരായിരിക്കണം. 

3) നിവേദകന്മാർ ഹദീസ് മനഃപാഠമാക്കിയവരോ, എഴുതിവെച്ചവരോ ആയിരിക്കണം. 

4) ഹദീസിന് യാതൊരു ന്യൂനതയും വരാൻ പാടില്ല. 

5) പ്രബലമായ പരമ്പരയിൽ വന്ന ഹദീസിന്നെതിരായി ഒരു സ്വീകാര്യൻ ഉദ്ധരിച്ച ഹദീസാവാൻ പാടില്ല. 

സ്വഹീഹായ ഹദീസിന്റെ വിധി: 

സ്വഹീഹായ ഹദീസ് ഇസ്ലാമിക ശരീഅത്തിൽ തെളിവും, അതുകൊണ്ട് പ്രവർത്തിക്കൽ നിർബ്ബന്ധവുമാണ്. സ്വഹീഹായ ഹദീസ് ഒരു മുസ്ലിമിന് ഒരിക്കലും തള്ളികളയുവാൻ പാടില്ല.


സ്വഹീഹായ ഹദീസ് മാത്രം ക്രോഡീകരിച്ച ഗ്രന്ഥം: 

സ്വഹീഹായ ഹദീസ് മാത്രം ക്രോഡീകരിച്ച ആദ്യ ഗ്രന്ഥം ഇമാം ബുഖാരിയുടെ (റ) സ്വഹീഹ് അൽബുഖാരിയാണ്. വിശുദ്ധഖുർആനിന് ശേഷം ലോകത്ത് നിലനിൽക്കുന്ന സ്വഹീഹായ ഗ്രന്ഥം സ്വഹീഹുൽ ബുഖാരിയാണ്. 

അതിന് ശേഷം വരുന്നത് ഇമാം മുസ്ലിമിന്റെ (റ) സ്വഹീഹ് മുസ്ലിം ആണ്. പ്രവാചകനിൽ നിന്നും വന്ന മുഴുവൻ സ്വഹീഹായ ഹദീസുകളും ഈ രണ്ട് ഗ്രന്ഥങ്ങളിലും ഉൾപ്പെട്ടിട്ടില്ല. 

നേരെ മറിച്ച് ഇമാം ബുഖാരി, മുസ്ലിം (റ) എന്നിവർ അവരുടെ നിബന്ധനകൾക്ക് വിധേയമായി അവർക്ക് ലഭിച്ചത് മാത്രമാണ് രേഖപ്പെടുത്തിയത്. അവരുടെ ഗ്രന്ഥങ്ങളിലുള്ളത് മുഴുവനും സ്വഹീഹാണ്. 

സ്വഹീഹ് ബുഖാരിയിൽ (റ) ആവർത്തനം അടക്കം 7275 ഹദീസുകളാണ്. ആവർത്തനം ഒഴിവാക്കിയാൽ 4000 ഹദീസുകളാ ണുള്ളത്. സ്വഹീഹ് മുസ്ലിമിലുള്ളത് (റ) ആവർത്തനം അടക്കം 12000 ഹദീസുകളും, ആവർത്തനം ഒഴിവാക്കിയാൽ 4000 ഹദീസുകളുമാണുള്ളത്.


സ്വഹീഹായ മറ്റു ഹദീസുകൾ: 

ഇമാം ബുഖാരിയും, ഇമാം മുസ്ലിമും (റ) ഉദ്ധരിക്കാത്ത സ്വഹീഹായ മറ്റു ഹദീസുകൾ സ്വഹീഹ് ഇബ്നു ഖുസൈമ, സ്വഹീഹ് ഇബ്നു ഹിബ്ബാൻ, മുസ്തദറക് അൽഹാഖിം, സുനന് തിർമിദി, സുനന് അബൂദാവൂദ്, സുനന് നസാഇ, സുനന് ഇബ്നുമാജ, സുനന് ദാറഖുത്നി, ബൈഹഖി (റ) തുടങ്ങിയ അവലംബയോഗ്യമായ ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും നമുക്ക് ലഭിക്കുന്നതാണ്. ഈ ഹദീസുഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചാൽ തന്നെ സ്വഹീഹായ ഹദീസിന്റെ നിബന്ധനകൾ പൂർണമായാലേ സ്വഹീഹായി പരിഗണിക്കുകയുള്ളൂ.


സ്വഹീഹായ ഹദീസുകൾക്കിടയിലുള്ള പദവികൾ: 

1)ഏറ്റവും ഉന്നതമായ പദവിയിലുള്ള ഹദീസ് ഇമാം ബുഖാരിയും, മുസ്ലിമും (റ) യോജിച്ച് ഉദ്ധരിച്ച ഹദീസാകുന്നു. 

2) ഇമാം ബുഖാരി (റ) മാത്രം ഉദ്ധരിച്ച ഹദീസ്. 

3) ഇമാം മുസ്ലിം (റ) മാത്രം ഉദ്ധരിച്ച ഹദീസ്. 

4) ബുഖാരിയും മുസ്ലിമും (റ) ഉദ്ധരിക്കാത്ത എന്നാൽ ഇമാം ബുഖാരിയുടെയും, മുസ്ലിമിന്റെയും (റ) നിബന്ധനയോടെ ഉദ്ധരിച്ചതുമായ ഹദീസ്. 

5) ഇമാം ബുഖാരി (റ) ഉദ്ധരിക്കാത്ത എന്നാൽ ഇമാം ബുഖാരിയുടെ (റ) നിബന്ധനയോടെ ഉദ്ധരിച്ച ഹദീസ്. 

6) ഇമാം മുസ്ലിം (റ) ഉദ്ധരിക്കാത്ത എന്നാൽ മുസ്ലിമിന്റെ (റ) നിബന്ധനയോടെ ഉദ്ധരിക്കപ്പെട്ട ഹദീസ്. 

7) ഇവർ രണ്ടുപേരുമല്ലാത്ത ഇബ്നു ഖുസൈമ, ഇബ്നു ഹിബ്ബാൻ പോലെയുള്ള ഹദീസ് പണ്ഡിതന്മാർ ഉദ്ധരിച്ച സ്വഹീഹായ ഹദീസുകൾ.

മുത്തഫക്കുൻ അലൈഹി: ഹദീസ് പണ്ഡിതന്മാർ മുത്തഫഖുൻ അലൈഹി യെന്ന് പറഞ്ഞാൽ അതുകൊണ്ടുള്ള വിവക്ഷ ബുഖാരിയും, മുസ്ലിമും (റ) യോജിച്ച് ഉദ്ധരിച്ച ഹദീസാകുന്നു.


ഹസൻ: പ്രബലമായ ഹദീസ് തന്നെയാണ്, സ്വഹീഹായ ഹദീസിന്റെ നിർവ്വചനം തന്നെയാണ്, പക്ഷേ നിവേദക പരമ്പരയിൽ ഒരാൾക്ക് ഹദീസ് മനഃപ്പാഠമാക്കുന്ന കാര്യത്തിലോ, എഴുതി വെക്കുന്നതിലോ വേണ്ടത്ര സൂക്ഷ്മതയില്ല എന്ന് തെളിയിക്കപ്പെട്ട ഹദീസാണ് ഹസൻ. 

ഹസനായ ഹദീസിന്റെ വിധി: 

സ്വഹീഹായ ഹദീസ് പോലെ തന്നെ ഹസനായ ഹദീസും സ്വീകരിക്കാവുന്നതും, അതുകൊണ്ട് പ്രവർത്തിക്കുകയും ചെയ്യാവുന്നതാണെന്ന് മുഴുവൻ ഫിഖ്ഹീ പണ്ഡിതന്മാരും പറയുകയും, അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തവരാണ്. ഇത് തന്നെയാണ് ഭൂരിപക്ഷം ഹദീസ് പണ്ഡിതന്മാരുടെയും അഭിപ്രായം.


ളഈഫ്(ദുർബ്ബലം) ആയ ഹദീസ്: 

ഒരു നിബന്ധനയുടെ അഭാവം കാരണം സ്വഹീഹോ, ഹസനോ ആയ ഹദീസിന്റെ പദവിയിലേക്കെത്താത്ത ഹദീസുകൾ. ഇതിന് ഒരുപാടിനങ്ങളുണ്ട്.

മുഅല്ലഖ് ആയ ഹദീസുകൾ: 

ഹദീസ് നിവേദന പരമ്പരയിലെ തുടക്കത്തിൽ ഒന്നോ, രണ്ടോ നിവേദകന്മാർ വിട്ടു പോകുക. ഹദീസ് സ്വീകാര്യതയുടെ നിബന്ധനകൾ പൂർണമാകാത്തത് കൊണ്ട് തന്നെ മുഅല്ലഖായ ഹദീസ് സ്വീകാര്യമല്ല.

മുർസൽ ആയ ഹദീസ്: 

ഹദീസ് നിവേദക പരമ്പരയിലെ അവസാന ഭാഗത്ത് താബിഇക്ക് ശേഷമുള്ള സ്വഹാബിയെ പറയാതെ നേരിട്ട് പ്രവാചകനിൽ നിന്ന് ഉദ്ധരിക്കുക. ഈ ഹദീസിന്റെ വിധി: ഹദീസ് സ്വീകാര്യതയുടെ നിബന്ധനയുടെ അഭാവം കാരണത്താൽ മുർസലായ ഹദീസ് സ്വീകരിക്കാതെ തള്ളി കളയേണ്ടതാണ്.

മുഅ്ളൽ ആയ ഹദീസ്: 

ഹദീസ് നിവേദക പരമ്പരയുടെ മധ്യത്തിൽ രണ്ടോ അതിൽ കൂടുതലോ നിവേദകന്മാർ വിട്ട് പോവുക. ഈ ഹദീസിന്റെ വിധി: മുഅ്ളലായ ഹദീസ് ദുർബ്ബലമായ ഹദീസാണ്, മുർസലിനേക്കാളും, മുഅല്ലഖിനേക്കാളും താഴെ പദവിയി ലാണ് മുഅ്ളലിന്റെ സ്ഥാനം.

മുൻഖത്വിഅ് ആയ ഹദീസ്: 

ഹദീസ് നിവേദക പരമ്പരയിൽ മുഅല്ലഖോ, മുർസലോ, മുഅ്ളലോ അല്ലാത്ത രൂപത്തിൽ നിവേദകന്മാർ വിട്ട്പോവുക. ഈ ഹദീസ് ദുർബ്ബലമാണ്, സ്വീകരിക്കുവാൻ പാടുള്ളതല്ല.

മൌളൂഅ് ആയ ഹദീസ്: 

പ്രവാചകൻ(സ)യിലേക്ക് ചേർത്തി കെട്ടിയുണ്ടാക്കിപ്പറയുന്ന കള്ള ഹദീസുകൾക്കാണ് മൌളൂഅ് എന്ന് പറയുന്നത്. ഇങ്ങനെ കെട്ടിയുണ്ടാക്കിയ കള്ള ഹദീസുകൾ ഒരിക്കലും ഉദ്ധരിക്കുവാൻ പാടില്ല. ജനങ്ങൾക്കിടയിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ അത് കെട്ടിയുണ്ടാക്കിയതാണ് എന്ന് വിശദീകരിക്കുവാൻ വേണ്ടി മാത്രമെ ഉദ്ധരിക്കാൻ പാടുള്ളൂ

മത്റൂക്ക് ആയ ഹദീസ്: 

ഹദീസിന്റെ നിവേദക പരമ്പരയിൽ ഒരു നിവേദകൻ കള്ളനാണെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള സനദുള്ള ഹദീസാണ് മത്റൂക്ക്.

മുൻകർ ആയ ഹദീസ്: 

ഹദീസിന്റെ നിവേദക പരമ്പരയിലുള്ള ഒരു നിവേദകൻ തെമ്മാടിയോ, കൂടുതൽ അശ്രദ്ധയുള്ളവനോ, മനഃപാഠമാക്കി യതിൽ ധാരാളം പിഴവ് പറ്റുന്നവനോ ആണെങ്കിൽ ആ ഹദീസ് മുൻകറാകുന്നു.

ഖുദ്സി ആയ ഹദീസ്: 

പ്രവാചകൻ(സ) തന്റെ റബ്ബിനെ തൊട്ട് ഉദ്ധരിക്കു ന്നതിനാണ് ഹദീസ് ഖുദ്സിയെന്ന് പറയുന്നത്. ഖുർആനും, ഖുദ്സിയായ ഹദീസും തമ്മിലുള്ള വ്യത്യാസം: 

1) വിശുദ്ധ ഖുർആനിന്റെ ആശയവും, പദങ്ങളും അല്ലാഹുവിൽ നിന്നാണ്, എന്നാൽ ഖുദ്സിയായ ഹദീസിന്റെ ആശയം അല്ലാഹുവിൽ നിന്നും, പദങ്ങൾ പ്രവാചകൻ(സ)യിൽ നിന്നുമാകുന്നു. 

2) ഖുർആൻ പാരായണം ചെയ്യൽ ആരാധനയാണ്, ഖുദ്സിയായ ഹദീസ് അങ്ങിനെയല്ല. 

3) ഖുർആൻ നമസ്കാരത്തിൽ പാരായണം ചെയ്യാം, ഖുദ്സിയായ ഹദീസ് നമസ്കാരത്തിൽ പാരായണം ചെയ്യാവതല്ല.

മർഫൂഅ് ആയ ഹദീസ്: 

പ്രവാചകൻ(സ)യിലേക്ക് ചേർത്തിയുദ്ധരിക്ക പ്പെടുന്ന വാക്കുകളോ, പ്രവർത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണ ങ്ങളോ അടങ്ങിയിട്ടുള്ള ഹദീസുകളാണ് മർഫൂഅ്. അത് സ്വഹാബിയോ, താബിഇയോ ആയാലും ശരി. സനദ് പരിപൂർണ മാണെങ്കിലും, അല്ലെങ്കിലും ശരി.

മൗഖൂഫ് ആയ ഹദീസ്: 

സ്വഹാബികളിലേക്ക് ചേർത്തിയുദ്ധരിക്കപ്പെടുന്ന വാക്കുകളോ, പ്രവർത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണങ്ങളോ അടങ്ങിയിട്ടുള്ള ഹദീസുകളാണ് മൌഖൂഫ്. സനദ് പരിപൂർണ മാണെങ്കിലും, സനദ് ---- മുൻഖത്വിഅ്: ആണെങ്കിലും ശരി. 

മഖ്ത്വൂഅ് ആയ ഹദീസ്: 

താബിഇയിലേക്ക് ചേർത്തിയുദ്ധരിക്കപ്പെ ടുന്ന വാക്കുകളോ, പ്രവർത്തനങ്ങളോ, അംഗീകാരങ്ങളോ, വിശേഷണ ങ്ങളോ അടങ്ങിയിട്ടുള്ള ഹദീസാണ് മഖ്ത്വൂഅ്.


ആരാണ് സ്വഹാബി? : 

മുസ്ലിമായി പ്രവാചകനെ കണ്ട്മുട്ടുകയും, മുസ്ലിമായി മരിക്കുകയും ചെയ്തവർക്കാണ് സ്വഹാബികൾ എന്ന് പറയുന്നത്.


കൂടുതൽ ഹദീസുകൾ ഉദ്ധരിച്ച സ്വഹാബികൾ: 

1) അബൂഹുറൈറ (റ) 5374 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്, അദ്ദേഹത്തി ൽ നിന്ന് ഏകദേശം 300 ആളുകൾ ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2) അബ്ദുല്ലാഹ് ഇബ്നു ഉമർ(റ) 2630 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. 

3) അനസ്ബ്നു മാലിക്(റ) 2286 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. 

4) ഉമ്മുൽ മുഅ്മിനീൻ ആയിശാ(ഴ) 2210 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. 

5) അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ) 1660 ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. 

6) ജാബിർ അബ്ദുല്ലാഹ്(റ) 1540 ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ‘അൽ അബാദില’ എന്ന പേരിലറിയപ്പെടുന്നവർ: 

അബ്ദുല്ലാഹ് എന്ന പേരിലറിയപ്പെടുന്ന സ്വഹാബികളിലെ പണ്ഡിതന്മാർ നാല് പേരാണ്, അതുകൊണ്ടാണ് അൽ ---- അബാദിലായെന്ന് അറിയപ്പെടാൻ കാരണം. 

അവർ: 

1- അബ്ദുല്ലാ ഇബ്നു ഉമർ(റ). 
2- അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ). 
3- അബ്ദുല്ലാഹ് ഇബ്നു സുബൈർ (റ). 
4- അബ്ദുല്ലാഹ് ഇബ്നു അംറുബ്നുൽ ആസ്വ്(റ).


സ്വഹാബികളുടെ എണ്ണം: 

പ്രവാചകൻ(സ)ക്ക് എത്ര സ്വഹാബികളുണ്ടാ യിരുന്നുവെന്ന് വ്യക്തമായി എവിടെയും രേഖപ്പെടുത്തിയതായി കാണാൻ സാധ്യമല്ല. എന്നാൽ ചില പണ്ഡിതന്മാർ പറയുന്നത് നൂറായിരം സ്വഹാബികൾ ഉണ്ട് എന്നാണ്. ഇതിൽ ഏറ്റവും പ്രശസ്തിയാർജിച്ച അഭിപ്രായം അബൂ സുർഅ: അർറാസിയുടേതാണ്, അദ്ദേഹം പറയുന്നു: പ്രവാചകനിൽ നിന്ന് ഉദ്ധരിക്കുകയും, കേൾക്കുകയും ചെയ്തവരായി ഒരു ലക്ഷത്തി പതിനാലായിരം സ്വഹാബികളുള്ളവരായിട്ടാണ് പ്രവാചകൻ(സ) വഫാത്താകുന്നത് (അത്തഖ്രീബ് മഅ അത്തദ്രീബ്).


ആദ്യമായി ഇസ്ലാം സ്വീകരിച്ചവർ: 

സ്വതന്ത്രരിൽ നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അബൂബക്കർ സിദ്ധീഖ്(റ)വാണ്. 
കുട്ടികളിൽ നിന്ന് അലിയ്യു(റ)ബ്നു അബൂത്വാലിബാണ്. 
സ്ത്രീകളിൽ നിന്ന് ഖദീജ(റ)വാണ്. 
മൌലകളിൽ നിന്ന് സൈദ്ബ്നു ഹാരിഥ്(റ)യും, 
അടിമകളിൽ നിന്ന് ബിലാല്(റ)ബ്നു റബാഉമാണ്.

സ്വഹാബികളിൽ നിന്ന് അവസാനമായി മരണപ്പെട്ടവർ: 

ഹിജ്റ: 100ൽ മക്കയിൽ വെച്ച് മരണപ്പെട്ട അബൂതുഫൈൽ ആമിർബ്നു വാസിലതുല്ലൈസി(റ)യാണ് എന്ന് പറയപ്പെടുന്നു. 

അതുപോലെ ബസ്വറ യിൽ വെച്ച് ഹിജ്റ: 93ൽ അനസ്ബ്നു മാലികാ(റ)ണ് സ്വഹാബികളുടെ കൂട്ടത്തിൽ അവസാനമായി മരണപ്പെട്ടത്.


താബിഅ്: ആരാണ്? 

മുസ്ലിമായി ഏതെങ്കിലും സ്വഹാബിയെ കാണു കയും, മുസ്ലിമായി മരിക്കുകയും ചെയ്തവർക്കാണ് താബിഇ എന്ന് പറയുന്നത്.

ഫുഖഹാഉസ്സബ്അ

താബിഉകളിൽ അറിയപ്പെട്ട ഏഴ് കർമ്മശാസ്ത്ര പണ്ഡിതന്മാർക്കാണ് ഫുഖഹാഉസ്സബ്അ: എന്ന് പറയുന്നത്. അവർ: 

സഈദ്ബ്നു മുസയ്യിബ്, 
ഖാസിം ഇബ്നു മുഹമ്മദ്, 
ഉർവ്വത് ബ്നു സുബൈർ, 
ഖാരിജഇബ്നു സൈദ്, 
അബൂസലമ ഇബ്നു അബ്ദുർറഹ്മാൻ, 
ഉബൈദുല്ലാഹ് ബ്നു അബ്ദുല്ലാഹ്ബ്നു ഉത്ബ, 
സുലൈമാൻബ്നു യസാർ.


അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: 

പ്രവാചകൻ(സ)യും, അബൂബക്കർ (റ) വും, ഉമർ(റ)വും മരിച്ചത് 63-ാം വയസ്സിലാകുന്നു. പ്രവാചകൻ(സ) ഹിജ്റ 11 റബീഉൽ അവ്വലിലും, അബൂബക്കർ(റ) ഹി: 13 ജുമാദുൽ അവ്വലിലും, ഉമർ(റ) ഹി:23 ദുൽഹിജ്ജയിലും മരിക്കുകയും, ഉസ്മാൻ(റ) ഹി:35 ദുൽ ഹിജ്ജയിലും, അലി(റ) ഹി:40 റമളാനിലും വധിക്കപ്പെടുകയുമുണ്ടായി. ഹഖീംബ്നു ഹിശാം(റ), ഹസ്സാനുബ്നു സാബിത്(റ) എന്നീ രണ്ട് സ്വഹാബികൾ ജാഹിലിയ്യത്തിൽ 60 വർഷവും, ഇസ്ളാമിൽ 60 വർഷവും ജീവിക്കുകയും മദീനയിൽ മരിക്കുകയും ചെയ്തു.


അറിയപ്പെട്ട നാല് മദ്ഹബുകളുടെ ഇമാമുമാർ: 

1- നുഅ്മാനുബ്നു സാബിത് (അബൂഹനീഫ): ജനിച്ചതും മരിച്ചതും: (80-150). 

2- മാലിക് ഇബ്നു അനസ്: (93-179). 

3- മുഹമ്മദ്ബ്നു ഇദ്രീസ് അശ്ശാഫിഈ: (150-204). 

4- അഹ്മദ് ഇബ്നു ഹമ്പൽ: (164-279).


അറിയപ്പെട്ട ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ കർത്താക്കൾ: 

1- മുഹമ്മദ്ബ്നു ഇസ്മാഈൽ അൽബുഖാരി: (194-256). 

2- മുസ്ലിം ഇബ്നു അൽ ഹജ്ജാജ് അന്നൈസാപൂരി: (204-261). 

3- അബൂദാവൂദ് അസ്സിജ്സാതാനി: (202-275). 

4- അബൂ ഈസാ അത്തിർമിദി: (209-279). 

5- അഹ്മദ് ബ്നു ശുഎബ് അന്നിസാഇ: (214-302). 


ഹദീസ് ക്രോഡീകരണം: ചരിത്രവും വിമര്‍ശനവും


ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളാണ് ഖുര്‍ആനും സുന്നത്തും. ദൈവിക വചനങ്ങളായ ഖുര്‍ആന്‍ ഇസ്‌ലാമിക വ്യാപനത്തിന്റെ പ്രഥമ ഘട്ടത്തില്‍ തന്നെ കൃത്യമായി രേഖപ്പെടുത്തുകയും ആധികാരികമായി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഖുര്‍ആന്റെ വിശദീകരണവും ഇസ്‌ലാമിന്റെ പ്രായോഗിക നിര്‍വ്വഹണത്തിന്റെ പ്രവാചകരീതിയുമായ ഹദീസുകളെ പൂര്‍ണമായി രേഖപ്പെടുത്തുന്നതില്‍ വന്ന സാവകാശം ഈ ജ്ഞാനശാഖയെ പല കോണുകളില്‍ നിന്നും നിഷേധാത്മകമായി സമീപിക്കുന്നതിന് കാരണമായി.

സങ്കീര്‍ണമായ ചരിത്രപഥങ്ങളിലൂടെ വികസിച്ച ഹദീസിനെ രാഷ്ട്രീയവും സാമൂഹികവുമായ കാലുഷ്യങ്ങള്‍ പലവിധത്തിലും പരിക്കേല്‍പിച്ചിട്ടുണ്ടെങ്കിലും മുസ്‌ലിം ധൈഷണിക പാരമ്പര്യം അത്തരം പ്രവണതകളെ അവസരോചിതമായി അടയാളപ്പെടുത്തുകയും ഇടപെടുകയും സൂക്ഷമമായി പ്രവാചകചര്യകളെ നിര്‍ധാരണം ചെയ്‌തെടുക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇത്തരം ഉദ്യമങ്ങളെ മുഴുവന്‍ കണ്ണടച്ച് ഇരുട്ടാക്കി ഹദീസിന്റെ ആധികാരികതയെ ചോദ്യം ചെയ്ത്‌കൊണ്ടുള്ള പഠനങ്ങള്‍ ഓറിയന്റലിസ്റ്റ് അക്കാദമിക തലങ്ങളില്‍ നിന്നെന്ന പോലെ മുസ്‌ലിം ബുദ്ധിജീവികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്. ഇസ്‌ലാമിന്റെ ആധാരശിലയത്തന്നെ അട്ടിമറിക്കുന്ന രീതിയിലുള്ള ഇത്തരം പഠനങ്ങള്‍ പ്രധാനമായും ഹദീസ് ക്രോഡീകരണവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
ഹദീസ് ക്രോഡീകരണത്തിന്റെ സംക്ഷിപ്ത രൂപം
വിവിധ ഘട്ടങ്ങളിലൂടെ കാലികമായ പരിഷ്‌കരണങ്ങളോടെയാണ് ഹദീസ് ക്രോഡീകരിക്കപ്പെട്ടത്. ക്രോഡീകരണത്തിന്റെ സ്വഭാവവും ശൈലിയും അടിസ്ഥാനമാക്കി ഇവയെ ആറ് ഘട്ടങ്ങളാക്കി തിരിക്കാം.

ആദ്യഘട്ടം

ഹദീസ് ക്രോഡീകരണം നബി തങ്ങളുടെ ജീവിത കാലത്ത് തന്നെ തുടക്കംകുറിക്കപ്പെട്ടിട്ടുണ്ട്. അവിടുത്തെ ചലനനിശ്ചലനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്നതില്‍ സ്വഹാബാക്കള്‍ ബദ്ധശ്രദ്ധരായിരുന്നു. എല്ലാവരും പ്രവചാകചര്യകളെ നിരീക്ഷിക്കുന്നതില്‍ തല്‍പരരായിരുന്നുവെങ്കിലും ജീവിത സന്ധാരണത്തിനുള്ള നെട്ടോട്ടത്തില്‍ ആ ജീവിതം പൂര്‍ണമായി ഒപ്പിയെടുക്കുക അസാധ്യമായിരുന്നു. എന്നാല്‍ സര്‍വം സമര്‍പ്പിച്ച് അബൂ ഹുറൈറ(റ) ഉള്‍പ്പെടെയുള്ള അസ്വ്ഹാബുസ്സുഫ്ഫ ഗുരുമുഖത്ത് നിന്ന് തന്നെ വിജ്ഞാനം കരസ്ഥമാക്കാന്‍ വേണ്ടി ജീവതം ഉഴിഞ്ഞ് വെച്ചു. ഇവരാണ് മദീനയുടെ പുറത്തുള്ള ഗോത്രവിഭാഗങ്ങള്‍ക്ക് ഹദീസ് പറഞ്ഞുകൊടുക്കാന്‍ നിശ്ചയിക്കപ്പെട്ടിരുന്നത്.

ഇവര്‍ക്കു പുറമെ, പ്രവാചക പത്‌നി ആഇശ(റ), നാല് ഖലീഫമാര്‍, ഇബ്‌നു ഉമര്‍(റ), ഇബ്‌നു അബ്ബാസ് (റ) തുടങ്ങി പ്രമുഖ സ്വഹാബിമാരെല്ലാം നബിയെ സാകൂതം വീക്ഷിക്കുകയും സൂക്ഷ്മമായി പകര്‍ത്തുകയും ചെയ്തിരുന്നു. ഔദ്യോഗികമായ ഹദീസ് ക്രോഡീകരണത്തിന് നബിയോ ശേഷം വന്ന ഖലീഫമാരോ മുന്നോട്ടു വന്നിരുന്നില്ല. എങ്കിലും ഹദീസ് മനഃപാഠമാക്കിയ നിരവധി സ്വഹാബിമാര്‍ക്ക് പുറമെ, ഇവകള്‍ എഴുതി വെച്ചിരുന്ന അനുചരന്‍മാരും ഉണ്ടായിരുന്നു. വേദഭാഷകളിലടക്കം അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അബ്ദുല്ലാഹിബ്‌നു അംറ്(റ) ഇത്തരത്തില്‍ ഹദീസ് എഴുതി വെച്ചിരുന്നു. നബി(സ്വ)യുടെ അനുവാദം ചോദിച്ചതിന് ശേഷം അദ്ദേഹം എഴുതി വെച്ച ഗ്രന്ഥം അസ്സ്വഹീഫത്തുസ്സ്വാദിഖ എന്ന പേരില്‍ അറിയപ്പെട്ടു.

രണ്ടാം ഘട്ടം

കേട്ടവര്‍ കേള്‍ക്കാത്തവര്‍ക്ക് ഈ ദിവ്യസന്ദേശം എത്തിച്ചു കൊടുക്കട്ടെ എന്ന പ്രവാചക പ്രഖ്യാപനത്തില്‍ പ്രചോദിതരായി വിവിധ ദിക്കുകളിലേക്ക് ഇസ്‌ലാമിക അധ്യാപനവുമായി സ്വഹാബാക്കള്‍ നീങ്ങുന്നതോടെയാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. മാത്രമല്ല, സ്വഹാബിമാരില്‍ നിന്ന് ഹദീസ് സ്വീകരിക്കാന്‍ പലരും വളരെ ആവേശം കാണിച്ചിരുന്നു. ഒരൊറ്റ ഹദീസ് സ്വീകരിക്കാന്‍ വേണ്ടി ജാബിറുബ്‌നു അബ്ദുല്ലാഹ്(റ) ഒരു മാസത്തിലേറെ വഴിദൂരമുള്ള സിറിയയിലേക്ക് യാത്രചെയ്തത് ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനമായ സംഭവങ്ങള്‍ ഫത്ഹുല്‍ ബാരിയിലും കാണാം. അബൂഹുറൈറ(റ), ആഇശ(റ), ഇബ്‌നു ഉമര്‍(റ), ഇബ്‌നു അബ്ബാസ്(റ), അബ്ദുല്ലാഹിബ്‌നു അംറ്(റ), അനസ് ബ്‌നു മാലിക് (റ) തുടങ്ങിയവരായിരുന്നു പ്രമുഖ അധ്യാപകന്‍മാര്‍. അബൂ ഹുറൈറ(റ)ക്ക് മാത്രം 800ഓളം പഠിതാക്കളുണ്ടായിരുന്നുവത്രെ. അബ്ദുല്‍ അസീസ് ബ്‌നു മര്‍വാന്‍, ഹമ്മാം ബ്‌നു മുനബ്ബഹ്, മര്‍വാനുബ്‌നു ഹകം, മുഹമ്മദ് ബ്‌നു സീരീന്‍ തുടങ്ങി പത്തോളം ശിഷ്യന്മാര്‍ മഹാനവറുകളുടെ ഹദീസുകള്‍ എഴുതിവെച്ചിരുന്നു.

മൂന്നാം ഘട്ടം

പ്രവാചക(സ്വ)ന്റെ അടുത്ത് നിന്ന് നേരിട്ട് ഹദീസ് ശ്രവിച്ചവര്‍ ഏറെക്കുറെ മരണമടഞ്ഞതോടെയാണ് ഹദീസ് ക്രോഡീകരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത്. അശാസ്ത്രീയമായ രീതിയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്ത പണ്ഡിതന്മാര്‍ പഠിപ്പിക്കുന്ന തരത്തിലായിരുന്നു ഹദീസ്. ഈ ഘട്ടത്തിലാണ് ഔദ്യോഗികമായ രീതിയില്‍ ഹദീസ് ക്രോഡീകരിക്കപ്പെടുന്നത്. വ്യാജഹദീസുകളുടെ അനുസ്യൂത പ്രസരണവും മുസ്‌ലിം സാമ്രാജ്യത്വത്തിന്റെ വികാസവും ഹാഫിദുകളായ പണ്ഡിതന്‍മാരുടെ മരണവും ഔദ്യോഗിക ക്രോഡീകരണം അനിവാര്യമാക്കി. 

മുന്‍കാലങ്ങളില്‍ സ്വഹാബാക്കള്‍ ക്രോഡീകരണവും രചനയും നടത്തിയിരുന്നുവെങ്കിലും ഔദ്യോഗികമായി ഭരണാധികാരിയുടെ കല്‍പന പ്രകാരം വ്യവസ്ഥാപിതമായ രീതിയില്‍ ക്രോഡീകരിക്കപ്പെട്ടത് ഇക്കാലത്തായിരുന്നു. ഈ ഘട്ടത്തിലാണ് എഴുത്തുകള്‍ കൂടുതല്‍ സജീവമാകുന്നത്. ഉമവീ ഭരണാധികാരിയായിരുന്ന ഉമര്‍ ബ്‌നു അബ്ദില്‍ അസീസ്(റ) മദീനയിലെ ഗവര്‍ണാറായിരുന്ന അബൂബക്ര്‍ ബ്‌നു ഹസ്മി(റ)നോടും ശിഹാബുദ്ദീന്‍ സുഹ്‌രി(റ)യോടും ചിതറിക്കിടക്കുന്ന ഈ വിജ്ഞാനശാഖയെ ഒരുമിച്ച് കൂട്ടാന്‍ കല്‍പിച്ചു. ഇസ്‌ലാമിന്റെ വൈജ്ഞാനിക ചരിത്രത്തില്‍ തന്നെ ഇത് വലിയ വഴിത്തിരിവ് സൃഷ്ടിച്ചു. 

എന്നാല്‍ ഈ ഘട്ടത്തില്‍ പരമാവധി ഹദീസുകള്‍ ക്രോഡീകരിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. പ്രവാചക വചനങ്ങള്‍ക്ക് പുറമെ സ്വഹാബാക്കളുടെയും താബിഉകളുടെയും അഭിപ്രായങ്ങളും ഇഴചേര്‍ന്നു കൊണ്ടാണ് ഈ ക്രോഡീകരണം നടത്തിയത്. എന്നാല്‍ ഈ ക്രോഡീകരണ ഉദ്യമങ്ങളെ നബി(സ്വ)യുടെ വിയോഗത്തിന് നൂറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടെത്തപ്പെട്ട ജ്ഞാനശാഖയാണ് ഹദീസ് എന്ന രീതിയില്‍ വായിക്കപ്പെടുകയുണ്ടായി.

നാലാംഘട്ടം

ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ വ്യവസ്ഥാപിതമായ രീതിയില്‍ രേഖപ്പെടുത്തപ്പെട്ട ഹദീസ് ഗ്രന്ഥങ്ങള്‍ പ്രകാശിതമായി. വിവിധ വഴികളിലൂടെ വ്യത്യസ്ത വ്യക്തികളിലൂടെയുള്ള പരശ്ശതം ഹദീസുകളെ ഹൃദ്യസ്ഥമാക്കുന്നതിലുള്ള പ്രയാസം ഹദീസ് ഗ്രന്ഥരചനക്ക് പ്രധാന ഹേതുകമായി. ഇബ്‌നു ജുറൈജ് എന്ന പേരില്‍ അറിയപ്പെടുന്ന ഇമാം അബ്ദുല്‍ മലിക് ബ്‌നു അബ്ദുല്‍ അസീസ് ബ്‌നു ജുറൈജ്(റ) ആണ് അറിയപ്പെട്ട ആദ്യ ഗ്രന്ഥരചയിതാവ്. ഇമാം മാലിക് ബ്‌നു അനസ് (റ), സുഫ്‌യാനു ബ്‌നു ഉയയ്‌ന(റ) (മദീന), അബ്ദുല്ലാഹി ബ്‌നു വഹബ് (റ) (ഈജിപ്ത്), മഅ്മറ് (റ), അബ്ദുര്‍റസാഖ്(റ) (യമന്‍), സുഫ്‌യാനുസ്സൗരി (റ), മുഹമ്മദ് ബ്‌നു ഫുദൈല്‍(റ) (കൂഫ), ഹമ്മദ് ബ്‌നു സലമ(റ), റൗഹ് ബ്‌നു ഉബാദ (റ) (ബസ്വറ), ഹുഷൈം (റ) (വാസിത്), അബ്ദുല്ലാഹി ബ്‌നു മുബാറക് (റ) (ഖുറാസാന്‍) തുടങ്ങിയവര്‍ ഈ കാലഘട്ടത്തില്‍ ഗ്രന്ഥരചനയിലും ഹദീസ് നിവേദനത്തിലും വ്യാപൃതരായവരില്‍ പ്രമുഖരാണ്. ഇവയില്‍ മാലിക് ബ്‌നു അനസി(റ)ന്റെ മുവത്ത്വയാണ് ഏറ്റവും പ്രധാനം.

എന്നാല്‍ ഈ കാലത്ത് രചിച്ച ഗ്രന്ഥങ്ങളില്‍ ഭൂരിഭാഗവും അവരുടെ പരിസരങ്ങളില്‍ നിന്ന് മാത്രമുള്ള നിവേദകരില്‍ നിന്ന് സ്വീകരിച്ചതാണ്. മുവത്ത്വ പോലും ഹിജാസിനപ്പുറത്തള്ള ഹദീസുകളെ കൂടുതലായും പരിഗണിക്കുന്നില്ല. അതിനാല്‍ ഈ ഗ്രന്ഥങ്ങള്‍ക്ക് ഹദീസ് ശാസ്ത്രത്തില്‍ പൂര്‍ണത അവകാശപ്പെടാനാവില്ല.

അഞ്ചാംഘട്ടം

മൂന്നാം നൂറ്റാണ്ടിലേക്ക് കടക്കുന്നതോടെയാണ് ഹദീസ് ക്രോഡീകരണത്തിന്റെ സുവര്‍ണ ഘട്ടം തുടങ്ങുന്നത്. മുന്‍കാലങ്ങളില്‍ പ്രവാചകന്റെ ഹദീസുകളെ സ്വഹാബത്തിന്റെയും താബിഉകളുടെയും വിശദീകരണങ്ങളും ഇഴചേര്‍ന്ന് ക്രോഡീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ കൃത്യമായ സനദുകളുടെ അടിസ്ഥാനത്തില്‍ സ്വഹീഹായ ഹദീസുകള്‍ മാത്രം ക്രോഡീകരിക്കുക എന്നതായിരുന്നു ഈ കാലകെട്ടത്തിന്റെ ദൗത്യം. ഈ ഘട്ടത്തില്‍ പ്രാധാനമായും രണ്ട് തരത്തിലാണ് ഗ്രന്ഥ രചനകള്‍ നടന്നിരുന്നുത്. 

നിവേദകരുടെ പേരുകള്‍ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ മുസ്‌നദുകളും വ്യത്യസ്ഥ വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തി രചിച്ച ജാമുഉകളും സുനനുകളും ഈകാലഘട്ടത്തിന്റെ സംഭാവനയാണ്. 3000ത്തോളം റിപ്പോര്‍ട്ടുകളടങ്ങുന്ന ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍(164-241) ന്റെ മുസ്‌നദാണ് ആദ്യഗണത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്. കര്‍മ്മശാസ്ത്ര വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തിയ ഹദീസ് ഗ്രന്ഥങ്ങളാണ് സുനനുകള്‍. കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ക്കുപുറമെ തഫ്‌സീര്‍,  സീറ തുടങിയ വിഷയങ്ങള്‍കൂടി ഉള്‍കൊള്ളുന്നവ ജാമിഉകളെന്നും അറിയപ്പെടുന്നു. ഇമാം ബുഖാരി(മ: 256) ഇമാം മുസ്‌ലിം(മ: 261) എന്നിവരുടെ സര്‍വ്വാംഗീകൃത ജാമിഉകളും ഇമാം തിര്‍മിദി(മ: 279), ഇമാം അബൂ ദാവൂദ്(മ: 275), ഇമാം ഇബ്‌നു മാജ(മ: 283), ഇമാം നസാഈ(മ: 303) തുടങ്ങിയവരുടെ സുനനുകളും ഈ കാലഘട്ടത്തില്‍ പ്രാകാശിതമായവയാണ്.

ആറാം ഘട്ടം

ഹിജ്‌റ 300 മുതല്‍ 600 വരെയുള്ള കാലഘട്ടം. ഈ കാലയളവിലാണ് പ്രശസ്ത സുനനുകളുടെ രചയിതാക്കളായ ഇമാം ദാറഖുത്‌നി(റ)വും ഇമാം ബൈഹഖി(റ)വും കടന്ന് വരുന്നത്. ദീര്‍ഘമായ നിവേദക പരമ്പരകള്‍ (സനദ്) ഉള്‍കൊള്ളിച്ച് കൊണ്ടാണ് ഈ കാലം വരെ ഗ്രന്ഥ രചനകള്‍ നടന്നിരുന്നത് എന്നാല്‍ നിവേദക പരമ്പരകള്‍ കൃത്യമായി ക്രോഡീകരിക്കപ്പെട്ട ശേഷം ഹദീസുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് ഗ്രന്ഥ രചന നടത്തിയത് അബുല്‍ ഹസ്സന്‍ റസീല്‍(റ) (മ: 520) ആണ്. ഈ ശ്രേണിയില്‍ ഒരു പാട് ഗ്രന്ഥങ്ങള്‍ വന്നെങ്കിലും ഏറ്റവും ശ്രദ്ധേയമായത് ഹുസൈന്‍ ബിന്‍ മസ്ഊദ് അല്‍ ഫറാഅ് അല്‍ ബഗവി  (മ: 519) രചിച്ച മസാബീഹുസ്സുന്നയാണ്. ഈ ഗ്രന്ഥത്തിന്റെ വിപുലീകൃത രൂപമാണ് മിശ്കാത്തുല്‍ മസാബിഹ്.

എന്നാല്‍ അഞ്ചാം നൂറ്റാണ്ടിനു ശേഷം അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ കുരിശ് യുദ്ധങ്ങളും താര്‍ത്താരികളുടെ അക്രമണങ്ങളും ആഭ്യന്തര അഭിപ്രായഭിന്നതകളും മറ്റു വൈജ്ഞാനിക മുന്നേറ്റങ്ങളെപ്പോലെത്തന്നെ ഹദീസ് ജ്ഞാന ശാഖയെയും സാരമായി ബാധിച്ചു. അക്കാലം മുതല്‍ നിലവിലുള്ള ഹദീസ് ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നല്‍കുന്നതിനായിരുന്നു പ്രധാന ശ്രമങ്ങള്‍.
വ്യാജ ഹദീസുകളും പ്രതിരോധവും

മുസ്‌ലിം ചരിത്രത്തിലെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ കാലുഷ്യങ്ങള്‍ ഹദീസിനെയും സാരമായി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. സ്വതാല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവാചകന്റെ പേരില്‍ ഒരു പാട് ഹദീസുകള്‍ പ്രചരിപ്പിക്കപ്പെട്ടു. അലി(റ)വിന്റെ പിന്തുടര്ച്ചക്കാരെന്ന് അവകാശപ്പെടുന്ന ശീഈ വിഭാഗമാണ് ആദ്യമായി തിരുവചനത്തില്‍ വെള്ളം ചേര്‍ത്തത്. മുഅ്തസിലുകള്‍, റവാഫിദുകള്‍ തുടങ്ങിയവരെല്ലാം തങ്ങളുടെ ആശയ പ്രചരണത്തിന് വേണ്ടി ഹദീസുകള്‍ വ്യാജമായി പടച്ചുണ്ടാക്കിയിട്ടുണ്ട്. ഉമവി ഭരണാധികാരികളുടെയും പണ്ഡിതന്മാരുടെയും ശക്തമായ ഇടപെടലുകളാണ് ഈ വിഭാഗത്തെ നിയന്ത്രിക്കാന്‍ സഹായിച്ചത്. കഴുമരത്തിലേറാന്‍ പോകവെ അബ്ദുല്‍ കരീം ബ്‌നു അബില്‍ ഔജ എന്നയാള്‍ നാലായിരത്തോളം ഹദീസുകള്‍ ഞാന്‍ കെട്ടിച്ചമച്ചിട്ടുണ്ട് എന്ന് കുമ്പസരിക്കുകയാണ്ടായി. ഈ വിഭാഗത്തില്‍പെട്ട ബയാനുബ്ന്‍ സംആന്‍ അല്‍ മഹ്ദീയേയും മുഹമ്മദ് ബിന്‍ സഈദ് അല്‍ മസ്‌ലൂബിനെയും ഉമവി ഭരണാധികാരികള്‍ ഇക്കാരണത്താല്‍ വധിച്ചിട്ടുണ്ട്.

വിശ്വാസ വൈകല്യങ്ങള്‍ക്ക് പുറമെ പ്രാദേശിക, ഗോത്ര, ഭാഷാപരമായ ദുരഭിമാനം അനാവശ്യമായ ഹദീസ് നിര്‍മ്മാണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളാണ്. രാജാക്കന്മാരെയും നേതാക്കളെയും തൃപ്തിപ്പെടുത്താന്‍ വേണ്ടിയും പല ഹദീസുകളും കെട്ടിച്ചമച്ചതായി കാണാം.
എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളെ കൃത്യമായി അതിജീവിക്കാനും ശരിയായാത് മാത്രം നിര്‍ദ്ധാരണം ചെയ്‌തെടുക്കാനും പണ്ഡിതന്മാര്‍ പല മാര്‍ഗങ്ങളും ആവിശ്കരിച്ചിട്ടുണ്ട്. നിവേദകപരമ്പര (ഇസ്‌നാദ്) ഇതില്‍ പ്രധാനമാണ്. നിവേദന സമയത്ത് പൊതുവെ അറബികള്‍ സനദ് പറയാറുണ്ടായിരുന്നു. എന്നാല്‍ വ്യാജ പ്രവണത വ്യാപകമായപ്പോള്‍  സനദുകള്‍ കാര്യക്ഷമമായ രീതിയില്‍ അന്വേഷിക്കാന്‍ തുടങ്ങി. ഫിത്‌ന (അലി(റ)വും മുആവിയ(റ)വും തമ്മിലുള്ള അഭിപ്രായ ഭിന്നത) തുടങ്ങിയതോടെയാണ് ഇസ്‌നാദ് കാര്യക്ഷമമാക്കാന്‍ തുടങ്ങിയത് എന്ന ഇബ്‌നു സീരീന്‍(റ)വിന്റെ പ്രസ്താവന ഇവിടെ ശ്രദ്ധേയമാണ്.

ഒരു ഹദീസ് കേട്ടാല്‍ അതിന്റെ ആധികാരികതയെ കുറിച്ച് ഉറപ്പ് വരുത്തല്‍ ഇവരുടെ പതിവായിരുന്നു. ഹസ്‌റത്ത് ഉമര്‍(റ)വിന്റെ ചരിത്രം മുതല്‍ ഇതിന് നമുക്ക് ഉദാഹരണങ്ങള്‍ കണ്ടെത്താനാകും. എന്നാല്‍ പ്രതിരോധ ചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ടത് നിവേദക നിരൂപണമാണ്. അഞ്ച് ലക്ഷത്തിലധികം വരുന്ന ഹദീസ് നിവേദകരുടെ ജീവിതം കൃത്യമായി വിശകലനം ചെയ്ത്, ഹദീസില്‍ വല്ല രീതിയിലും അപാകതകള്‍ വന്ന് ചേരാന്‍ സാധ്യതയുണ്ടോ എന്ന് അന്വേഷിക്കുന്ന ജ്ഞാന ശാഖയാണിത്. അബൂ ഹാതിം അല്‍ റാസി(റ), ഇബ്‌നു മഈന്‍(റ), ഇബ്‌നു അസീര്‍(റ) തുടങ്ങിയവര്‍ ഈ മേഖലയില്‍ നിപുണരാണ്.

ഈ നിരൂപണത്തെ അടിസ്ഥാനമാക്കിയാണ് ഹദീസിനെ സ്വഹീഹ്, ഹസന്‍, ദഈഫ്, മത്‌റുക് തുടങ്ങി വിവിധ വിഭാഗങ്ങളാക്കി വേര്‍ത്തിരിച്ചത്. നിരന്തരമായ ജാഗ്രതയോടെ സൂക്ഷമാലുക്കളായ പണ്ഡിതന്മാരുടെ ചെറുത്ത്‌നില്‍പ്പ് ശ്രമങ്ങള്‍ ഹദീസ് ജ്ഞാനശാഖയെ പൂര്‍ണമായും കളങ്കമറ്റതാക്കി.

No comments:

Post a Comment