Thursday 29 October 2020

ഓൺലൈൻ വിവാഹം - മദ്ഹബുകൾ പറയട്ടെ

 

ഈ ലോക്ക് ഡൌൺ കാലത്ത് ഓൺലൈൻ വിവാഹങ്ങൾ പൊടി പൊടിക്കുകയാണ് . ഈ അടുത്താണ് മുജാഹിദ് പക്ഷത്തിന്റെ നേതാവ് അക്ബർ സാഹിബിന്റെ മകന്റെ നിക്കാഹ് ഓൺലൈൻ വഴി നടന്നത് . 

ചുരുക്കിപ്പറഞ്ഞാൽ ,  നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ പരപ്പനങ്ങാടി പാലത്തിങ്ങൽ എം.എം. അക്ബറി​​ൻറ മകൻ അത്വീഫ് അബ്​ദുറഹ്മാനും വയനാട് ചെന്നലോട് സ്വദേശി താഴേക്കണ്ടി വീട്ടിൽ അബ്​ദുന്നാസറി​​ൻറ മകൾ നൈല ജാസ്മിനും തമ്മിലെ വിവാഹമാണ് ഓണ്‍ലൈനിലൂടെ നടന്നത്. വരൻ അത്വീഫ് അബ്​ദുറഹ്മാൻ കാനഡയിലും വധു നൈല ജാസ്മിൻ ബംഗളൂരുവിലുമാണ് പഠിക്കുന്നത്.

ഓൺലൈൻ വഴിയാണ് വധുവരന്മാരും കുടുംബങ്ങളും പരസ്പരം കണ്ടതും വിവാഹമുറപ്പിച്ചതുമെല്ലാം നടന്നത്.മകളെ വിവാഹം ചെയ്​ത്​ തന്നിരിക്കുന്നുവെന്ന്​ ബംഗളൂരുവിലുള്ള വധുവിന്റെ പിതാവ്​ കാനഡയിലുള്ള വരനെ അറിയിച്ചു. ഇത്​ സ്വീകരിച്ചതായി വരൻ  പ്രഖ്യാപിക്കുകയും ചെയ്​തു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഓൺലൈൻ വഴി നിക്കാഹിന്​​ സാക്ഷികളായി മൗലവി അബ്​ദുസ്സലാം മോങ്ങം അദ്ദേഹത്തിന്റെ വീട്ടിലിരുന്ന്​ ഉദ്​ബോധന പ്രഭാഷണവും നിർവഹിച്ചു.

ഈ ഓൺലൈൻ വിവാഹം നടന്നത് 2020 ഓഗസ്റ്റ് മാസം ആദ്യമായിരുന്നു.വിവാഹം നടന്നത് സൂം ആപ്ലികേഷൻ  വഴിയും.

അപ്പോൾ ചിലർക്ക് സംശയം ഉണ്ടാകാം, എന്തിനാണ് ഈ ഉദാഹരണം തന്നെ മുകളിൽ കൊടുത്തതെന്ന്. അതിനുള്ള മറുപടി സിമ്പിൾ അല്ലെ . മറ്റുള്ളവർ എന്തെങ്കിലും ചെയ്‌താൽ ഖുർആനിലുണ്ടോ , ഹദീസിലുണ്ടോ , ഇമാമുകൾ ചെയ്തു കാണിച്ചിട്ടുണ്ടോ എന്ന് നൂറു നൂറ് ചോദ്യ ശരങ്ങളാണ് തൊടുത്തു വിടുന്നത്. അങ്ങനെ ഉള്ളവർ അവരുടെ ഇസ്‌ലാമിക കാര്യങ്ങളിൽ എല്ലാം അത്തരം സൂക്ഷ്മത പുലർത്തുന്നവരാകണമല്ലോ.

മുജാഹിദുകൾക്ക് ഒരു കാരണവശാലും ഇതിനു ദീനിൽ തെളിവായി ഒരു ഹദീസ് പോയിട്ടു , ഇമാമീങ്ങളുടെ ഉദ്ധരണിയോ , അഹ്ലു സുന്നത്തിന്റെ പണ്ഡിതരുടെ വാക്കുകളോ കൊണ്ട് വരാൻ സാധിക്കില്ല എന്ന് 100 % ഉറപ്പോടുകൂടിത്തന്നെ പറയട്ടെ. പിന്നെ അവരുടെ ഏതെങ്കിലും ദുർ വ്യാഖ്യാതാക്കളുടെ ഖൗലുകൾ കൊണ്ട് വരാൻ കഴിഞ്ഞേക്കാം . അത് ദീനിൽ തെളിവായി വിശ്വാസി സമൂഹമോ, അഹ്ലു സുന്നത്തിൽപ്പെട്ട പണ്ഡിതരോ അംഗീകരിക്കുകയുമില്ല .

അപ്പോൾ നമുക്കു വിഷയത്തിലേക്കു വരാം . ഓൺലൈൻ നിക്കാഹിനെപ്പറ്റി ഇമാമീങ്ങൾ എന്ത് പറഞ്ഞു എന്ന് പരിശോധിക്കം.

ഓൺലൈൻ വിവാഹം ഇമാമീങ്ങളുടെ അഭിപ്രായമനുസരിച്ചു സാധുവല്ല . അതായത് ദീനിൽ തെളിവല്ല എന്ന് വ്യക്തം. കാരണം ഈ വിഷയത്തെപ്പറ്റി ഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളിൽ പ്രെത്യേകം പരാമർശങ്ങളുമുണ്ട്. 


 اتحاد المجلس 

അതായത് മജ്‌ലിസ് (ആ സ്ഥലം) ഒന്നാകലും അപ്രകാരം തന്നെ സാക്ഷികൾ അവിടെ സന്നിഹിതരാകൽ നിക്കാഹ് സാധുവാകാനുള്ള നിബന്ധനകളാണ് അല്ലെങ്കിൽ ശർത്താണ്.


ഹനഫി മദ്ഹബ്

ഹനഫി മദ്ഹബിന്റെ ആധികാരിക ഫിഖ്‌ഹീ ഗ്രന്ഥമായ ദുറുൽ മുഖ്താർ 3 ആം ഭാഗം 14 ആം പേജ് നോക്കിയാൽ കാണാം

ഈജാബിന്റെയും , ഖബൂലിന്റെയും (അഥവാ ഞാൻ എന്റെ മകളെ കല്യാണം കഴിച്ചു തന്നു എന്ന് പറയുക) 

അത് വരൻ സ്വീകരിക്കുക , അല്ലെങ്കിൽ ഖബിൽതു (ഞാൻ സ്വീകരിച്ചു) എന്ന് പറയലും -- 

ഈ രണ്ടു വാഖ്യങ്ങളും ഒരു മജ്ലിസിൽ വെച്ചാകൽ നിബന്ധനയാക്കപ്പെട്ടു എന്നുള്ളത് ദുറുൽ മുഖ്താറിൽ വ്യക്തമായിപ്പറഞ്ഞിരിക്കുന്നു.

മറ്റൊരു ഗ്രന്ഥമായ ബഹർ നോക്കിയാൽ കാണാം - ഈജാബിന്റെയും , ഖബൂലിന്റെയും മജ്‌ലിസ് രണ്ടായിപ്പോയാൽ ആ നിക്കാഹ് കെട്ടപ്പെടുകയില്ല (അതായത് വരനും , വധുവും , സാക്ഷികളും ഒരു സ്ഥലത്തു തന്നെ ഹാജരാകൽ നിബന്ധന തന്നെ) അല്ലെങ്കിൽ സ്വീകാര്യമാക്കപ്പെടുകയില്ല .

ഈജാബിന്റെയും , ഖബൂലിന്റെയും കാലവും (സമാൻ) , മജ്‍ലിസും ഒന്നായിരിക്കണം. ഒരേ സ്ഥലത്തു വെച്ച് ഒരേ സമയത്തു നടക്കുന്ന അമൽ ആയിരിക്കണം .സമയം ദീർഖിച്ചു പോകൽ പ്രശ്നമാകുന്നില്ല , മറിച്ചു മജ്‌ലിസ് വ്യത്യാസമാകൽ കൊണ്ട് ആ അമൽ സ്വീകാര്യമാവില്ല.

ഇനി വിവാഹത്തിന് രണ്ടു ശൈലികൾ ഉണ്ട് . 
ഒന്ന് : ഖിത്താബിന്റെ ശൈലി . (മുഖാമുഖമുള്ളത്)
രണ്ട് : കിത്താബിന്റെ ശൈലി. (കത്ത് കൊടുത്തുവിടൽ പോലുള്ളത്)

ഒന്നാമത്തതിൽ മുഖാമുഖം എന്നുള്ളത് ഒരേ സ്ഥലത്തു വെച്ചാകൽ നിബന്ധന തന്നെ.

രണ്ടാമത്തേത് ഇങ്ങനെ പറയാം : എന്റെ മകളെ ഇന്നയാൾക്കു ഞാൻ കെട്ടിച്ചു തന്നിരിക്കുന്നു എന്നുള്ള രീതിയിൽ കത്ത് കൊടുത്തു വിടൽ . അപ്പോൾ ആ വരന്റെ മുന്നിൽ വെച്ച് തന്നെ ആ കത്ത് വായിക്കണം , വായന കേട്ട് കഴിഞ്ഞു ആ വരൻ ഞാൻ ഇത് സ്വീകരിച്ചിരിക്കുന്നു എന്നും പറയണം.

അപ്പോൾ കത്ത് എഴുതുന്നത് ഒരു സ്ഥലത്തും , ഇത് വായിച്ചു കേൾപ്പിക്കുന്നത് മറ്റൊരു സ്ഥലത്തുമാണല്ലോ. (രണ്ടു പേർക്കും ഒരേ സ്ഥലത്ത് എത്താൻ പറ്റുമെങ്കിൽ ഈ കത്തിന്റെ ആവശ്യം വരുന്നില്ലല്ലോ)  

ഈ രണ്ടാമത്തെ വിഷയത്തിൽ കത്ത് വായിക്കുക എന്നുള്ളത് ഈജാബായും , അതിനെ സ്വീകരിക്കുക എന്നുള്ളത് ഖബൂലായും - ഇത് രണ്ടും ഒരു മജ്ലിസിൽ വെച്ച് നടന്നതായിട്ടും ഫുഖഹാക്കൾ പറയുന്നു .

ഇത് രണ്ടും രണ്ടു മജ്ലിസിൽ വെച്ച് സംഭവിച്ച കാര്യങ്ങൾ ആണെങ്കിൽ തന്നെ - ആ കത്തിനെ വായിക്കലും , എന്നിട്ടു കത്തിന് മറുപടിയായി അതിനെ സ്വീകരിക്കുകയും ചെയ്യുന്നത് കൊണ്ട് , ഈജാബും , ഖബൂലും അവിടെ നടന്നതിനാൽ ഇതിനെ ഒരു മജ്‌ലിസായി പരിഗണിക്കപ്പെടുമെന്നും ഫുഖഹാക്കൾ അഭിപ്രായപ്പെടുന്നു.


അതുപോലെ സാക്ഷികൾ ഹാജരായിരിക്കണം .  രണ്ടു സാക്ഷികൾ ഹാജരായിരിക്കൽ നിക്കാഹ് സാധുവാകുന്നതിന്റെ ശർത്തിൽ പെട്ടതാണ് . (ദുറുൽ മുഖ്താർ 3 ആം ഭാഗം 21 ആം പേജ് ) സാക്ഷികൾ ഹാജരാവാതെയുള്ള നിക്കാഹ് സ്വഹീഹല്ല.

അപ്പോൾ പറയാം സാക്ഷികൾ ഉണ്ടായിരുന്നല്ലോ എന്ന് .

ആ ഹാജരായ സാക്ഷികൾ ഒരേ മജ്ലിസിൽ തന്നെയായിരിക്കൽ നിർബന്ധമാണ് : അതായത് നിക്കാഹ് നടക്കുന്ന സ്ഥലത്ത് സാക്ഷികളും വേണമെന്ന് സാരം . രണ്ടു സ്ഥലത്തായാൽ നിക്കാഹ് സാധുവല്ല  .

ഈ ഓൺലൈൻ വിവാഹം കണ്ട നമുക്ക് ഇതിൽ നിന്നും കാര്യങ്ങൾ വ്യക്തമാണ് : നിക്കാഹ് സ്വഹീഹായോ അല്ലയോ എന്ന്.


ഷാഫി മദ്ഹബ്

ഷാഫി മദ്ഹബിന്റെ ആധികാരിക ഗ്രന്ഥമായ തുഹ്ഫ 7 ആം ഭാഗം 227 ആം പേജ് നോക്കിയാൽ കാണാം , രണ്ടു സാക്ഷികൾ ഹാജർ കൊണ്ടല്ലാതെ നിക്കാഹ് ശെരിയാകുകയില്ല .

അതായത് ഈജാബും , ഖബൂലും കാണാനും , കേൾക്കാനും രണ്ടു സാക്ഷികൾ ഒരേ സ്ഥലത്തു ഹാജരാകൽ ശർത്ത് തന്നെ . 

ഇത് രണ്ടും ഉണ്ടെങ്കിൽ തന്നെ രണ്ട് ധ്രുവങ്ങളിലായാൽ ആ നിക്കാഹ് സ്വഹീഹാകുകയില്ല.

വീണ്ടും തുഹ്ഫയിൽ കാണാം - സാക്ഷിക്ക് ചില ശർത്തുകളുണ്ട് . അതിൽ പെട്ടതാണ് ആ സാക്ഷി നീതിമാനാകൽ , അതുപോലെ കേൾക്കുന്ന കഴിവുള്ളവനാകണം - കാരണം അയാൾ സാക്ഷി നിൽക്കുന്നത് അയാൾ അവിടെ വെച്ച് കേൾക്കുന്ന വാക്കുകൾക്കാണ്.

അതുപോലെ കാഴ്ചയുള്ളവനും ആയിരിക്കണം - കാരണം അവിടെ നടക്കുന്ന കാര്യങ്ങൾ സത്യമാണെന്നറിയാൻ കാഴ്ച ഉണ്ടെങ്കിൽ സ്ഥിരപ്പെടുകയും ചെയ്യും. 

അത് ഓൺലൈനിലൂടെ കണ്ടാലും , മൊബൈൽ അല്ലെങ്കിൽ മറ്റു സ്‌ക്രീനിൽ കൂടി കണ്ടാലും സ്ഥിരപ്പെടുകയില്ല . നേരിട്ട് മജ്‌ലിസിൽ പാങ്കാളിയാവുകയും അവിടെ വെച്ച് ഈ വാക്കുകളും , പ്രവർത്തികളും കാണുകയും , കേൾക്കുകയും ചെയ്യണം . (തുഹ്ഫ 7 ആം ഭാഗം 228 ആം പേജ്)

ആയതിനാൽ മുകളിൽ വിവരിച്ച വസ്തുതകൾ ഇല്ലാതെ നടത്തപ്പെടുന്ന ഓൺലൈൻ വിവാഹങ്ങൾ ഒരു നിലയിലും സ്വഹീഹാകുയില്ല എന്ന് മദ്ഹബിന്റെ ഇമാമീങ്ങളുടെ അഭിപ്രായങ്ങളിൽ വ്യക്തമായി. എത്ര തന്നെ ദുർവ്യാഖ്യാനങ്ങൾ നടത്തിയാലും ശെരി തന്നെ.


മറുവാദം 

ആധുനിക കാലഘട്ടത്തിലെ വഹാബി പണ്ഡിതർ ഓൺലൈൻ നിക്കാഹ് സ്വഹീഹ് ആണ് എന്ന് ഫത്വ നൽകിയിട്ടുണ്ട് . പക്ഷെ അവരിൽ സിംഹ ഭാഗം ആൾക്കാർക്കും തെളിവായി ഉദ്ധരിക്കാൻ ഒരു ഹദീസ് പോലും കൊണ്ട് വരാൻ സാധിച്ചിട്ടില്ല എന്ന് മനസ്സിലാക്കണം .കാരണം അങ്ങനെ ഒരു തെളിവ് കാണിക്കാൻ അവർക്കും സാധിക്കില്ല.

ചില ഒറ്റപ്പെട്ട വഹാബി പണ്ഡിതർ മാത്രം നബി (സ) തങ്ങൾ , ഉമ്മു ഹബീബ (റ) യെ വിവാഹം കഴിച്ചത്  ഓൺലൈൻ നിക്കാഹിനു തെളിവാണ് എന്ന് വാദിക്കുന്നു . 

അത് എങ്ങനെ തെളിവായി ഉദ്ധരിക്കാൻ അവർക്കു കഴിഞ്ഞു എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

അവർ ഉദ്ധരിക്കുന്ന ആ തെളിവ് നമുക്ക് താരീഖിന്റെ ഗ്രന്ഥമായ "അൽ ബിദായ വന്നിഹായ" പോലുള്ള ഗ്രന്ഥങ്ങളിൽ നിന്നും ഇപ്രകാരം ഗ്രഹിക്കാം .


നബി (സ) തങ്ങൾ അംറിബ്നു ഉമയ്യത്തു ളംരീ (عمرو بن أمية الضمري) എന്ന് പേരുള്ള സ്വഹാബിയെ നബി (സ) തങ്ങളുടെ വക്കീലായി നിശ്ചയിച്ചു. അതായത് വിവാഹത്തിനായി കത്ത് കൊടുത്തയച്ചു.

ആ കത്ത് നജ്ജാശി നീഗസ് രാജാവിന്റെ കൈയ്യിലേൽപ്പിച്ചു . ആ രാജാവാണ് അബ്റഹത്ത് എന്ന് വിളിക്കുന്ന രാജാവിന്റെ അടിമ പെണ്ണിനെ ഉമ്മു ഹബീബ (റ) യുടെ അടുക്കലേക്ക് അയച്ചത് . ഹബ്ഷാ അല്ലെങ്കിൽ എത്യോപ്യയിലേക്ക് ആദ്യമായി ഹിജ്‌റ പുറപ്പെട്ട സംഘത്തിൽ ഉള്ള വ്യക്തി കൂടിയാണ് ഉമ്മു ഹബീബ (റ) . ഇവരുടെ ഭർത്താവ് ഇവിടെ വെച്ച് മരണപ്പെടുകയുണ്ടായി . അദ്ദേഹം നസ്രാണി മത വിശ്വാസക്കാരനുമായിരുന്നു. (ഉബൈദു ല്ലാഹി ബ്നു ജഹ്ശ്)

നബി (സ) തങ്ങളുമായുള്ള വിവാഹ കരാർ ഉമ്മു ഹബീബ (റ) സമ്മതിക്കുകയും ശേഷം കുടുംബവുമായി ബന്ധമുള്ള ഖാലിദ്ബ്നു സഈദുബ്നുൽ ആസ് (റ) എന്ന സ്വഹാബിയെ ഉമ്മു ഹബീബ (റ) ന്റെ വക്കീലായി നിശ്ചയിക്കുകയും ചെയ്തു .  ഇവർ മുഖേനയാണ് നബി (സ) തങ്ങളുമായുള്ള വിവാഹം നടക്കുന്നത്.


ഇവിടെ മുകളിൽ പറഞ്ഞ സംഭവം വായിച്ചവർക്കു മനസ്സിലാകും ഇത് വക്കാലത്ത് മുഖേന ഇരുകൂട്ടരും അംഗീകരിച്ചു നടന്ന വിവാഹമാണ്. ഈ വിവാഹ രീതി സാധുവാകുന്നതാണ് എന്ന് തന്നെയാണ് അഹ്ലു സുന്നത്തിന്റെയും നിലപാട് . വക്കാലത്തു മുഖേന വിവാഹം സാധുവാകും എന്നതിൽ ഒരു കക്ഷിക്കും തർക്കവുമില്ല 

പക്ഷെ എതിർ കക്ഷികൾ ഈ സംഭവം തന്നെയാണ് ഓൺലൈൻ നിക്കാഹിനും തെളിവായി കൊണ്ട് വരുന്നത്. ബുദ്ധിയുള്ളവർക്ക് ഇതിന്റെ പൊരുത്തക്കേട് മനസ്സിലാക്കാൻ സാധിക്കും . 



അവതരണം : ജമാൽ മൗലവി തൊടുപുഴ 
കേട്ടെഴുത്ത് : അബ്ദുൽ ഫത്താഹ് കോന്നി

No comments:

Post a Comment