Wednesday 7 October 2020

കരച്ചിലും പലവിധം



"അയ്യേ.. ആൺകുട്ടികൾ കരയുകയോ? മോശം.. മോശം.. പെൺകുട്ടികളല്ലേ കരയുക?" 

കരയുന്ന ആൺകുട്ടികളോട് ഒരിക്കലെങ്കിലും ഇങ്ങനെ പറയാത്ത രക്ഷിതാക്കൾ ഉണ്ടാകുമെന്നു തോന്നുന്നില്ല. അതെന്താ ആൺകുട്ടികൾ കരഞ്ഞാൽ? കരച്ചിൽ എന്നു മുതലാണു പെൺകുട്ടികൾക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടത്?

 ആൺകുട്ടികൾക്കു കരച്ചിൽ വിലക്കിക്കൊണ്ടുള്ള നമ്മുടെ ഈ ഉപദേശമാണെന്നു തോന്നുന്നു പിന്നീട് അവരെ വലിയ മാനസിക സമ്മർദ്ദങ്ങളിലേക്കു തള്ളി വിടുന്നത്. കാരണം മനസ്സിന്റെ നിർമ്മലതയ്ക്ക് ഏറ്റവും അനിവാര്യമായ ഒരു സംഗതിയിൽ നിന്നാണു നാം അവരെ വിലക്കുന്നത്. 

കരച്ചിൽ ആണത്തത്തിനു ചേർന്നതല്ലെന്ന് അവരുടെ ഉപബോധമനസ്സിൽ ഉറച്ചു പോയാൽ അവർ കണ്ണുനീർ തടഞ്ഞു നിർത്തും. എന്തു സങ്കടം വന്നാലും കരയില്ല, ഫലമോ? മനസ്സു നീറിക്കഴിയേണ്ടി വരും. 

ഒന്നു പൊട്ടിക്കരഞ്ഞാൽ തീരുന്ന പ്രശ്‌നമേ ഉണ്ടാകൂ.. അതിന് അനുവദിക്കാതെ മനസ്സിനു കൂടുതൽ സമ്മർദ്ദം നല്‌കുമ്പോൾ അതു മറ്റു പല ശാരീരിക- മാനസിക പ്രശ്‌നങ്ങൾക്കും കാരണമായി ഭവിക്കും.

കരച്ചിൽ വലിയൊരു സിദ്ധൗഷധമാണ്. അത് എങ്ങനെ ഫലിക്കുന്നു എന്നതു കരഞ്ഞവനു മാത്രമേ അറിയൂ. മനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന ഒരു സങ്കടം വരുമ്പോൾ ഒന്നു നന്നായിക്കരഞ്ഞു നോക്കൂ.. നല്ല ആശ്വാസം കൈവരുന്നത് അനുഭവിച്ചറിയാം.

ഇരിക്കട്ടെ, കരച്ചിലിനു സ്ത്രീസംവരണം ഏർപ്പെടുത്തിയത് ആരായിക്കും? ഇയ്യുള്ളവന്ന് അറിയില്ല. ഒന്നറിയാം, മനുഷ്യരുടെ കൂട്ടത്തിൽ ആദ്യമായി കരഞ്ഞതു മനുഷ്യപിതാവായ ആദം_നബി അലൈഹിസ്സലാമാണ്‌. സ്വർഗീയാനുഗ്രഹങ്ങൾ നഷ്‌ടപ്പെട്ട ആദംനബി ഇരുന്നൂറു കൊല്ലക്കാലമാണത്രേ കരഞ്ഞു കണ്ണീർ ഒലിപ്പിച്ചത്. 

ഭൂമിയിലെ മുഴുവൻ പടപ്പുകളുടെ കണ്ണുനീരും ദാവൂദ്_നബി അലൈഹിസ്സലാമിന്റെ കണ്ണുനീരും തുലനം ചെയ്‌താൽ ദാവൂദ് നബിയുടെ കണ്ണുനീർ ആയിരിക്കും കൂടുതൽ. അതേ സമയം ഭൂമിയിലെ സകലരുടെയും ദാവൂദ് നബിയുടെയും കണ്ണുനീർ ചേർത്ത് ആദം നബിയുടെ കണ്ണുനീരിനോടു തുലനം ചെയ്‌താൽ ആദം നബിയുടെ കണ്ണുനീരായിരിക്കുമത്രേ കൂടുതൽ. അത്ര പെരുത്തു മഹാനർ കരഞ്ഞിട്ടുണ്ടെന്നു ചുരുക്കം. 

അവിടുത്തെ നല്ലപാതിയായ ഹവ്വാബീവി റളിയല്ലാഹു അൻഹയും കണവനോടൊപ്പം കരഞ്ഞിട്ടുണ്ട്.  അതായതു കരയാൻ ആണിനും പെണ്ണിനും പാരമ്പര്യമുണ്ടെന്നർത്ഥം.

എല്ലാ കരച്ചിലും ആശാസ്യമാണോ? ഇതിന് ഉത്തരം കിട്ടണമെങ്കിൽ കരച്ചിൽ എത്ര വിധമുണ്ടെന്നു നാം മനസ്സിലാക്കണം. പ്രധാനമായും പത്തിനം കരച്ചിലുകളുണ്ട്. 

അവയെ ഇങ്ങനെ സംഗ്രഹിക്കാം:-


ഒന്ന്: അനുകമ്പക്കരച്ചിൽ 

ഇത് അപരനോടുള്ള ദയാവായ്പ്പിൽ നിന്നുണ്ടാകുന്നതാണ്.


രണ്ട്: പേടിക്കരച്ചിൽ

ഇതു വരാനിരിക്കുന്ന എന്തിനെയോക്കുറിച്ചോർത്തുള്ള ഭയത്തിൽ നിന്നുളവാകുന്നതാണ്.


മൂന്ന്: സ്നേഹക്കരച്ചിൽ

ഇതു മറ്റൊരാളോടുള്ള സ്നേഹത്തിന്റെ പാരമ്യത്തിൽ സംഭവിക്കുന്നത്. നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെക്കുറിച്ചു പറയുമ്പോൾ ചിലർക്കു കരച്ചിൽ വരാറില്ലേ? അതു പോലെ.


നാല്: ആനന്ദക്കരച്ചിൽ

ഇതിനെക്കുറിച്ചു പറയേണ്ടതില്ല, നമ്മിൽ പലരും അനുഭവിച്ചിട്ടുള്ളതായിരിക്കും.


അഞ്ച്: വേദനക്കരച്ചിൽ

രോഗം കൊണ്ടോ മുറിവു കൊണ്ടോ ഉണ്ടാകുന്ന വേദന സഹിക്കാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്നതാണിത്. 


ആറ്: സങ്കടക്കരച്ചിൽ

ഇതു നഷ്‌ടങ്ങളെക്കുറിച്ചോർത്തുള്ള കരച്ചിലാണ്.


ഏഴ്: നിരാലംബക്കരച്ചിൽ

നിസ്സഹായത, ബലഹീനത തുടങ്ങിയ വികാരങ്ങളിൽ നിന്നു ജനിക്കുന്നതാണിത്. 


എട്ട്: കള്ളക്കരച്ചിൽ

ഇതിനെക്കുറിച്ച് എന്തു പറയാൻ? നമ്മെക്കാൾ ഇക്കരച്ചിൽ അറിയുന്നവർ മറ്റാരാണ്?


ഒമ്പത്: കൂലിക്കരച്ചിൽ

ഇതു കാണാൻ തൊട്ടടുത്ത തമിഴ് നാട്ടിലേക്കു പോകേണ്ടി വരും. ആരെങ്കിലും മരിച്ചാൽ, കാശു മേടിച്ചു വന്നു കരഞ്ഞു കൊടുക്കുന്നവർ അവിടത്തെ സ്ഥിരം കാഴ്ച്ചയാണ്


പത്ത്: ഐക്യദാർഢ്യക്കരച്ചിൽ

മറ്റൊരാൾ കരയുന്നതു കാണുമ്പോൾ നമുക്കും ചിലപ്പോൾ കരച്ചിൽ വരാറില്ലേ? അയാൾ കരയുന്നതിന്റെ കാരണം പോലും ചിലപ്പോൾ നാം അറിഞ്ഞെന്നു വരില്ല, എന്നാലും വരും കരച്ചിൽ. അതാണിത്.

ഇപ്പറഞ്ഞ ഓരോ കരച്ചിലും വിശദീകരണമെങ്കിൽ പെരുത്തെഴുതേണ്ടി വരും. അതിനിപ്പോൾ മുതിരുന്നില്ല. ഓരോന്നിന്റെയും പേരു കൊണ്ടു തന്നെ ഒരേകദേശ രൂപം പിടുത്തം കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.

ഈ വിവരിച്ച കരച്ചിലുകളിൽ ഏതാണ് ഏറ്റവും ഉത്തമം? സംഗതി രണ്ടാമതു പറഞ്ഞതാണ്. അതായതു പേടിക്കരച്ചിൽ. പക്ഷെ ഒരു കാര്യമുണ്ട്, അത് അല്ലാഹുവിനെക്കുറിച്ചോർത്തുള്ള പേടി മൂലമുള്ളതായിരിക്കണം. എങ്കിലേ അതിനു മാറ്റുള്ളൂ. 

അല്ലാഹുവിന് ഏറ്റവും ഇഷ്‌ടമുള്ള തുള്ളി അവനെ ഭയന്നു പൊഴിക്കുന്ന കണ്ണുനീർ തുള്ളിയാണെന്നു ഹബീബായ_നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ പറഞ്ഞിട്ടുണ്ട്. 

അകിടിൽ നിന്നു ചുരത്തിയ പാൽ അകിടിലേക്കു തന്നെ തിരിച്ചു പോകണമത്രേ അല്ലാഹുവിനെ ഭയന്നു കരഞ്ഞ മനുഷ്യൻ നരകത്തിൽ കടക്കണമെങ്കിൽ, അതായത് അതൊരിക്കലും സംഭവിക്കാത്ത കാര്യമാണെന്നു ചുരുക്കം. 

പശ്ചാത്താപവിവശന്റെ കണ്ണുനീർ അല്ലാഹുവിന്റെ കോപത്തെ ശമിപ്പിക്കുമെന്നും പറയപ്പെട്ടിട്ടുണ്ട്. എന്തിനധികം പറയണം? ഉമ്മത്തിൽ നിന്ന് ഒരാളെങ്കിലും അല്ലാഹുവിനോടുള്ള ഭയത്താൽ കരഞ്ഞാൽ, അക്കാരണത്താൽ ഉമ്മത്തിനു മൊത്തവും അല്ലാഹു റഹ്‌മത്തു ചെയ്യുമെന്നും പറയപ്പെടുന്നുണ്ട്. 

ഇന്നു നാം അനുഭവിക്കുന്ന ഇലാഹീ റഹ്‌മത്തിനു കാരണം ഏതെങ്കിലുമൊക്കെ മൂലയിലിരുന്ന് ആരെങ്കിലുമൊക്കെ അല്ലാഹുവിനെക്കുറിച്ചോർത്തു കരയുന്നതാകാം. അല്ലാഹു അഅ്ലം.

കരച്ചിലിന്റെ കൂട്ടത്തിൽ വിലമതിക്കാനാകാത്ത മറ്റൊന്നു കൂടിയുണ്ട്, തിരിച്ചു പിടിക്കാനാകാത്ത സമയം, അല്ലാഹുവിന്റെ പൊരുത്തത്തിലായി ഉപയോഗിക്കാതെ നഷ്‌ടപ്പെടുത്തിയതിനെക്കുറിച്ചോർത്തുള്ളതാണത്. ഇതിനെ നമുക്ക് ആറാമതായി ലിസ്ററ് ചെയ്‌ത കരച്ചിലിന്റെ ഇനത്തിൽ പെടുത്താം. 

കരച്ചിലിനെ നമുക്കു രണ്ടായി തിരിക്കാം, ഒന്നിനെ ഐഹികമെന്നും മറ്റൊന്നിനെ അനൈഹികമെന്നും. രണ്ടാമതു പറഞ്ഞത് എളുപ്പം മനസ്സിലാകും. എന്നാൽ ഐഹികമെന്നതു ദുൻയാവല്ലേ? 

ദുൻയവിയായ കാര്യങ്ങളിൽ കരയാമോ? കണ്ണീർ ഒലിപ്പിക്കാമോ? കരയാം.. കണ്ണുനീർ ഒലിപ്പിക്കുകയും ചെയ്യാം. എന്നാൽ വലിയ വായിൽ നിലവിളിച്ച്, നെഞ്ചത്തടിച്ചു പണ്ടാറമടക്കരുത്. അതു പാടില്ലാത്തതാണ്, ശക്തമായ വിലക്കുള്ളതുമാണ്. 

അല്ലാഹുവിന്റെ വിധിയിലുള്ള അതൃപ്‌തിയോ അതിലുള്ള പൊറുതികേടോ ആയിരിക്കരുതു കരച്ചിലിന്റെ നിദാനം. അങ്ങനെ വ്യാഖ്യാനിക്കപ്പെടും വിധമാവുകയും ചെയ്യരുതു കരച്ചിലും കണ്ണീരും. നിശ്ശബ്‌ദക്കരച്ചിലാണ് അഭികാമ്യം. 

കരച്ചിലിൽ മേന്മയുള്ളത് അവനവന്റെ ആഖിറത്തെക്കുറിച്ചോർത്തുള്ള കരച്ചിൽ തന്നെയാണെന്ന് ഇതിനകം മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ? 

സംഗതിയൊക്കെ ശരിയാണ്, പക്ഷെ കരച്ചിൽ വരുന്നില്ല, അതിനെന്തു ചെയ്യും? 

ഒന്നും ചെയ്യാനില്ല, ഉണ്ടാക്കിക്കരയുക തന്നെ.

അതു കാപട്യമല്ലേ? അല്ല, അതൊരു പരിശീലനമാണ്. അല്ലാഹുവിനെക്കുറിച്ചോർത്ത്, അവനോടു ചെയ്‌ത തെറ്റുകളെക്കുറിച്ചോർത്ത്, അവൻ നല്‌കുന്ന ശിക്ഷകളെക്കുറിച്ചോർത്ത്, മനപ്പൂർവ്വം കരയുക. കണ്ണു കലങ്ങിയില്ലെങ്കിലും മനസ്സു ഏങ്ങിയില്ലെങ്കിലും കരയുക, കണ്ണുനീർ വാർക്കുക. ഇങ്ങനെ കരഞ്ഞു കരഞ്ഞ് ഒടുവിലത് ഉള്ളിൽ തട്ടും. പിന്നെ കണ്ണുകൾ മാത്രമല്ല, മനസ്സും തേങ്ങാൻ തുടങ്ങും. 

ഇങ്ങനെ മനപ്പൂർവ്വം കരയുന്നതു മോശമല്ല, എന്നാൽ മോശമായ ഒരു കരച്ചിലുണ്ട്, അത് ഉടായിപ്പു കരച്ചിലാണ്, അതായത് ആളുകളെ കാണിക്കാനുള്ള കരച്ചിൽ. അവനേക്കാളും മ്ലേച്ചൻ വേറെയാരാണുള്ളത്? കണ്ണുനീരിൽ പോലും പ്രകടനപരതയുടെ മായം കലർത്തുന്നവൻ.

നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളും സ്വിദ്ദീഖുൽഅക്ബർ റളിയല്ലാഹു അൻഹുവും കരയുന്നതു കണ്ടു കടന്നു വന്ന ഉമറുൽഫാറൂഖ് റളിയല്ലാഹു അൻഹു ഹബീബായ നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളോടു ചോദിച്ചു:

“എന്തിനാണു നബിയേ (സ്വ) കരയുന്നത്, എന്നോടു കൂടി പറയൂ, അതു കേട്ട് എനിക്കു കരച്ചിൽ വന്നാൽ ഞാനും കരയും, ഇനി കരച്ചിൽ വന്നില്ലെങ്കിൽ ഞാൻ ഉണ്ടാക്കിക്കരയും”.

ഉണ്ടാക്കിക്കരയുമെന്ന് ഉമറുൽഫാറൂഖ് റളിയല്ലാഹു അൻഹു പറഞ്ഞപ്പോൾ നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ അദ്ദേഹത്തെ തിരുത്തിയില്ല. ഇത് #ഇമാംഅഹ്‌മദ്‌ബിൻ_ഹമ്പൽ റഹിമഹുല്ലാഹ് അവിടുത്തെ മുസ്‌നദിൽ വിവരിച്ച സംഭവമാണ്. 

പ്രകടനപരതയോ മറ്റു ഭൗതിക താല്പര്യങ്ങളോ ഇല്ലാതെ ഉണ്ടാക്കിക്കരയുന്നതിനു വിരോധമില്ലെന്നർത്ഥം. ഖുർആൻ പാരായണം ചെയ്യുമ്പോൾ കരയാനും കരച്ചിൽ വന്നില്ലെങ്കിൽ ഉണ്ടാക്കിക്കരയാനുമുള്ളൊരു നിർദ്ദേശം ഹദീസിൽ കാണാം.

മുൻകഴിഞ്ഞ സ്വാലിഹീങ്ങൾ നമ്മോട് ഉപദേശിക്കുന്നതു തന്നെ ഇങ്ങനെയാണ്: അല്ലാഹുവിനെപ്പേടിച്ചു കരയുക, കരച്ചിൽ വന്നില്ലെങ്കിൽ ഉണ്ടാക്കിക്കരയുക. 


ഇമാംഅബ്‌ദുല്ലാഹ്അൽഹദ്ദാദ് (റഹിമഹുല്ലാഹ്) പറയുന്നതു കരച്ചിൽ ഹൃദയത്തെ പ്രകാശിപ്പിക്കുമെന്നാണ്. മഹാനർ ഇങ്ങനെ കൂടി പറയുന്നുണ്ട്: കരച്ചിൽ ഹൃദയത്തിൽ ഒതുക്കുകയും കണ്ണുനീരിനെ പിടിച്ചു നിർത്തുകയും ചെയ്യുന്നതാണു കരച്ചിൽ പുറത്തേക്കൊഴുക്കി കളയുന്നതിനേക്കാൾ നല്ലത്, കാരണം അതു ഹൃദയത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുകയും അതിനെ കൂടുതൽ പ്രകാശമാനമാക്കുകയും ചെയ്യും. 

സന്തോഷം പുറത്തു കാണിക്കുകയും കരച്ചിൽ മറച്ചു വയ്ക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഭക്തർ അല്ലാഹുവിന്ന് ഉണ്ടത്രേ! താബിഈ പ്രമുഖനായ മുഹമ്മദ്ബിൻവാസിഅ് റളിയല്ലാഹു അൻഹു പറയുന്നു: ഭാര്യമാരോടൊപ്പം ഒരേ തലയിണ പങ്കു വച്ച് ഇരുപതു വർഷത്തോളം കിടന്നിരുന്ന മഹത്തുക്കളെ നാം കണ്ടിട്ടുണ്ട്. അവരുടെ തലയിണകൾ കണ്ണീരിനാൽ കുതിരോളം അവർ കരഞ്ഞിരുന്നു. പക്ഷെ തൊട്ടടുത്തു ശയിക്കുന്ന ഭാര്യമാർ പോലും അതറിഞ്ഞിരുന്നില്ല.

കരച്ചിലിനെക്കുറിച്ചു കരച്ചിൽ വരുവോളം പറഞ്ഞാലും തീരില്ല. കരച്ചിൽ വന്നാൽ അതു തീരുവോളം പറയാനും കഴിയില്ല. തത്കാലം നിർത്തുകയാണ്. 

ആഖിറത്തിൽ കരയാതിരിക്കണമെങ്കിൽ ഇവിടെ കരഞ്ഞേ മതിയാകൂ. അന്ത്യനാളിൽ എല്ലാ കണ്ണുകളും കരയും, ഹറാമിനു നേരെ കൊട്ടിയടച്ച കണ്ണുകളും, അല്ലാഹുവിന്റെ മാർഗത്തിൽ ഉറക്കമിളിച്ച കണ്ണുകളും അവനെപ്പേടിച്ചു കരഞ്ഞ കണ്ണുകളുമൊഴിച്ച് എന്നു നബി  (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ പറഞ്ഞില്ലേ? അതു പോരെ കരച്ചിലിന്റെ മഹത്ത്വം മനസ്സിലാക്കാൻ?

ഉഖ്ബത്ബിൻആമിർ (റളിയല്ലാഹു അൻഹു) എന്ന സ്വഹാബിവര്യൻ നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളോട് ഒരിക്കൽ ചോദിച്ചു. "രക്ഷപെടാൻ (ആഖിറത്തിൽ) എന്താണു മാർഗ്ഗം തങ്ങളേ?" 

അവിടുന്ന് ഉപായം പറഞ്ഞു കൊടുത്തു: നാവിനെ സൂക്ഷിക്കുക, വീട്ടുകാരോടു നല്ല നിലയിൽ പെരുമാറുക, ചെയ്‌തു കൂട്ടിയ തെറ്റുകളെ ഓർത്തു കരഞ്ഞു കൊണ്ടിരിക്കുക. 

അതേ, ഇതു മാത്രമേ നമുക്കും ചെയ്യാനുള്ളൂ. കരയുക, കരഞ്ഞു കൊണ്ടേയിരിക്കുക. ചെയ്‌തു പോയ തെറ്റുകളെ ഓർത്ത്, നഷ്ടപ്പെടുത്തിയ സമയത്തെ ഓർത്ത്, ഖബ്‌റിൽ കിടക്കുന്നതിനെ ഓർത്ത്, മലക്കുകളുടെ ചോദ്യങ്ങളെ ഓർത്ത്, മഹ്ശറിനെ ഓർത്ത്, സ്വിറാത്തിനെ ഓർത്ത്, മീസാനിനെ ഓർത്ത്, വിജയപരാജിതരിൽ ഏതു വിഭാഗത്തിൽ പെടുമെന്നോർത്ത്, അങ്ങനെ പലതിനെയുമോർത്ത്, കരയാനാണോ നമുക്കു വിഷയദാരിദ്ര്യം? 

കരയുക കണ്ണുകളേ, കണ്ണുനീർ പൊഴിക്കുക, ഒരുവേള നിങ്ങളായിരിക്കും ഈ പതിതരെ നരകാഗ്നിയിൽ നിന്നു രക്ഷിക്കുന്നത്.

അല്ലാഹുവിനു വേണ്ടി കരയുന്ന കണ്ണുകൾ നമുക്കേവർക്കും അവൻ നല്‌കട്ടെ - ആമീൻ. 


അൽനുഹാസി ചാമക്കാല    

No comments:

Post a Comment