Thursday 15 October 2020

സംസാരം സൂക്ഷ്മതയോടെ മാത്രം

 

ഹിപ്നോട്ടിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഡോ. അബ്ബാ ഫരിയക്കിനു പോര്ച്ചുഗീസ് രാജാവ് ഒരു സ്വീകരണം നല്കി. രാജസദസ്സില് പ്രഭാഷണം നടത്തുവാന് നിര്ബന്ധിതനായ ഫെരിയക്ക് സഭാകമ്പം കൊണ്ട് വാക്കുകള് കിട്ടാതെ വിഷമിച്ചപ്പോള് രംഗവേദിക്ക് തൊട്ടടുത്തിരുന്ന അദ്ദേഹത്തിന്റെ പിതാവ് ‘നന്നായി സംസാരിക്ക്’ എന്നര്ത്ഥം വരുന്ന ഒരു പദം കൊങ്ങിണി ഭാഷയില് ഉറക്കെ വിളിച്ചുപറഞ്ഞു. ആ വാക്കുകള് ഹൃത്തടത്തിലെവിടെയോ സ്പര്ശിച്ചപ്പോള് ഏതോ ഒരു ദിവ്യശക്തി തന്നെ ഗ്രസിച്ചതുപോലെ അബ്ബാഫെരിയക്കിനു തോന്നി. 

അദ്ദേഹത്തിന് വാക്കുകള്ക്ക് പിന്നെ ക്ഷാമമുണ്ടായില്ല. വാഗ്ധോരണി അനര്ഗളം പ്രവഹിക്കുകയും പ്രഭാഷകനെന്ന നിലയില് അദ്ദേഹം അംഗീകാരം നേടുകയും ചെയ്തു.

പക്ഷേ, അദ്ദേഹം വിട്ടുകൊടുക്കാന് തയ്യാറായില്ല. അന്നു മുതല് വാക്കുകളുടെ ശക്തിയെക്കുറിച്ച് പഠിക്കാന് അദ്ദേഹം പരിശ്രമിച്ചു. ഈ പരിശ്രമമാണ് പിന്നീട് പ്രസിദ്ധമായ ഹിപ്നോട്ടിസം എന്ന പ്രക്രിയ ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്തത്. വ്യക്തവും സ്പഷ്ടവും ആജ്ഞാശക്തിയുമുള്ള വാക്കുകള് കൊണ്ട് വ്യക്തികളെ ഉറക്കാമെന്ന രഹസ്യം അദ്ദേഹം കണ്ടെത്തിയതോടെ ലോകം ഹിപ്നോട്ടിസത്തിലേക്ക് ചുവടുവയ്ക്കുകയുണ്ടായി.

അല്ലെങ്കിലും വാക്കുകള് അങ്ങനെയാണ്. പുണ്യ (സ്വ)യുടെ യുദ്ധത്തെ കുറിച്ചുള്ള ഒരു പ്രഭാഷണത്തില്നിന്ന് ഊര്ജമുള്ക്കൊണ്ട് കൈയിലുള്ള ഒരു ചീന്ത് കാരക്ക ഭക്ഷിക്കാന് നിന്നാല് ആ സമയം എനിക്ക് പാഴായിപ്പോവുമോ എന്ന് ഭയപ്പെട്ട് അത് ദൂരെയെറിഞ്ഞ് യുദ്ധക്കളത്തിലേക്ക് എടുത്തുചാടിയ സ്വഹാബത്തിന്റെ ചരിത്രത്തിലും വാക്കുകളുടെ സ്വാധീനം നമുക്കെമ്പാടും കാണാന് പറ്റും.

മുആവിയ(റ)വും അലി(റ)വും തമ്മിലുള്ള പ്രശ്നം രൂക്ഷമായി നില്ക്കുന്ന സമയത്ത് ഒരു വലിയ ക്രിസ്ത്യന് സൈന്യം അലി(റ)ന്റെ കീഴിലുള്ള ഇറാന്റെ കിഴക്കന് പ്രവിശ്യ ആക്രമിക്കാനുള്ള ശ്രമം നടത്തി. അലി(റ) അത്തരം ഒരു സൈന്യത്തെ നേരിടാന് ആ സമയത്ത് പ്രാപ്തനായിരുന്നില്ല. ശത്രുസൈന്യം മുആവിയ തങ്ങളെ അനുകൂലിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു. ആ ക്രിസ്ത്യന് സൈന്യമെങ്ങാനും അന്ന് ആക്രമണത്തിനൊരുങ്ങിയിരുന്നെങ്കില് ഇസ്ലാമിക രാഷ്ട്രത്തിന്റെ ഒരുപാട് ഭാഗങ്ങള് നഷ്ടപ്പെടുമായിരുന്നു. എന്നാല്, മുആവിയ(റ) ഈ വിവരം അറിഞ്ഞയുടനെ ക്രിസ്ത്യന് സൈന്യത്തിന്റെ പ്രതീക്ഷകള്ക്കു വിപരീതമായി ക്രിസ്തീയ ഭരണാധികാരിക്കെഴുതി: ”ഞങ്ങള് തമ്മിലുള്ള ആഭ്യന്തര പ്രശ്നം താങ്കള് കാര്യമാക്കേണ്ടതില്ല. താങ്കളെങ്ങാനും അലി(റ)വിനെതിരെ തിരിഞ്ഞാല് അദ്ദേഹത്തിന്റെ കൊടിക്ക് കീഴില് നിന്ന് നിങ്ങള്ക്കെതിരേ ആദ്യമായി പോരാടുക ഈ മുആവിയയായിരിക്കും. സൈനിക പടയോട്ടത്തേക്കാള് ഗാംഭീര്യമുള്ള ഈ വാക്കുകള്ക്ക് മുമ്പില് ക്രിസ്ത്യന് സൈന്യം പദ്ധതി ഉപേക്ഷിച്ചു.


ഇബ്റാഹീമുബ്നു അദ്ഹം(റ) രാജകുമാരനായി കഴിയുന്നതിനിടയില് തന്റെ ബെഡ്ഡില് അടിമപ്പെണ്ണ് കിടന്നതിന്റെ പേരില് അവളെ പൊതിര തല്ലിയപ്പോള് അവള് പറഞ്ഞ ഒരു വാക്കുണ്ട് ചരിത്രത്തില്: അല്പസമയം നിങ്ങളുടെ വിരിപ്പില് ക്ഷീണിച്ച് കിടന്നതിന്റെ പേരിലാണു നിങ്ങളെന്നെ തല്ലിയതെങ്കില് അല്ലാഹു നല്കിയ സര്വ സുഖാഡംബരങ്ങളും നിത്യവും ആസ്വദിച്ചുകൊണ്ടിരിക്കുന്ന താങ്കള്ക്ക് യജമാനനായ അല്ലാഹുവിന്റെ അടുക്കല്നിന്ന് എത്ര അടി ലഭിക്കും.

ഈ വാക്കുകള് അദ്ദേഹത്തിന്റെ മനസ്സില് പതിക്കുകയും കൊട്ടാര-സുഖാഢംബരങ്ങളുപേക്ഷിച്ച് പ്രപഞ്ച പരിത്യാഗത്തിലേക്ക് മലയകയറിപ്പോവാന് ഇത് ഹേതുവാകുകയും ചെയ്തു. പില്ക്കാലത്ത് ഔലിയാക്കളുടെ ഉന്നതപദവിയിലെത്താന് ഇത് സഹായിച്ചു.

തന്റെ സാഹിത്യം തുളുമ്പുന്ന വാക്കുകള് കവിതകളാക്കി അടുക്കിവച്ചാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന റൂസ്സോ ഫ്രഞ്ച് ജനതയെ ഒന്നടങ്കം വിപ്ലവത്തിലേക്ക് നയിച്ചത്.  നിമിഷങ്ങള്ക്കൊണ്ട് നമ്മുടെ പൂര്വികര് നിരന്തരപരിശ്രമത്തിന്റെ ഫലമായി പടത്തുയര്ത്തിയ സൗഹാര്ദത്തിന്റെ കോട്ടകളെ ഒന്നോ രണ്ടോ വാക്കുകള്കൊണ്ട് ചീട്ടുകൊട്ടാരം പോലെ നിശ്പ്രയാസം തകര്ത്തെറിയാന് സാധിക്കും.

എത്ര കുടുംബ ബന്ധങ്ങളാണ് കേവലം ചില വാക്കുകള് കൊണ്ട് തകര്ന്നടിയുന്നത്. എത്ര സൗഹാര്ദങ്ങളാണ് ഒറ്റ വാക്കുകൊണ്ട് ശത്രുതയായി മാറുന്നത്. വാളുകൊണ്ടേറ്റ മുറിവുകളുണങ്ങുമെന്നും വാക്കുകള് ഹൃദയത്തിനേല്പ്പിച്ച മുറിവിനെ ഒരിക്കലും ഉണക്കാന് സാധിക്കില്ലെന്നുമുള്ള കവിവാക്യം എത്ര യാഥാര്ത്ഥ്യം. വെറുതെയല്ല ‘നാവിനെ നിങ്ങള് സൂക്ഷിക്കുക അത് നിങ്ങളെ നരകത്തിലേക്ക് കൂപ്പുകുത്തിക്കു’മെന്ന് പുണ്യ നബി(സ്വ) അരുള് ചെയ്തു.

ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില് പ്രധാന പങ്ക് വഹിക്കാനുള്ളത് രക്ഷിതാക്കള്ക്കാണ്. അതുകൊണ്ട് രക്ഷിതാക്കള് സൂക്ഷിക്കുക! വ്യക്തിത്വ വികാസവും വ്യക്തിത്വ സങ്കോചവും കേവലം വാക്കുകള്കൊണ്ട് സൂക്ഷിക്കപ്പെട്ടേക്കാം. തങ്ങളുടെ കുട്ടികള് ഉന്നതരാവണമെന്ന വ്യഗ്രതയില് മക്കള്ക്കു നേരെ വാക്കുകളുടെ അസ്ത്രപ്രയോഗം നടത്തുമ്പോള് അത് അവരുടെ വ്യക്തിത്വത്തെ തന്നെ നശിപ്പിച്ചേക്കും. ഒരു പക്ഷെ, പിന്നാക്കം നില്ക്കുന്ന വിദ്യാര്ത്ഥികള് കേവലം ചില വാക്കുകള്ക്കൊണ്ട് ഉന്നതരാവുകയും ചെയ്തേക്കാം.

കുട്ടികളുടെ മനഃശാസ്ത്രം ഉൾക്കൊണ്ടായിരിക്കണം നമ്മുടെ വാക്കുകള്, അല്ലെങ്കില് വെളുക്കാന് തേച്ചത് പാണ്ടായി മാറും. പരീക്ഷയില് നൂറില് നൂറ് ലഭിച്ച സ്ലേറ്റുയര്ത്തിപ്പിടിച്ച് ‘ഉമ്മാ എനിക്ക് നൂറില് നൂറ് കിട്ടി, വി ഗുഡ് ലഭിച്ചു’ എന്നൊക്കെ പറഞ്ഞ് ഓടിവരുന്ന കുട്ടിയോട് ‘അതൊക്കെ അവിടവച്ച് ചായ കുടിക്കാന് നോക്ക്’ എന്നു പറഞ്ഞ് കുട്ടിയോട് തട്ടിക്കയറുന്ന രക്ഷിതാക്കള് ഒരു വാക്കുകൊണ്ട് തകര്ക്കുന്നത് ഉയര്ന്നു പഠിക്കാനുള്ള വലിയ ശ്രമങ്ങളെയും മോഹങ്ങളെയുമാണ്. അതെന്താ അങ്ങനെ, ഇതെന്താ ഇങ്ങനെയാവാത്തത് എന്നിങ്ങനെയുള്ള ചോദ്യങ്ങള് പല കുരുന്ന് മനസ്സുകളിലും ഉത്ഭവിക്കുന്നതാണ്. ഇതിനെതിരേ നാം കയര്ത്ത് സംസാരിച്ചാല് ആ കുട്ടിയുടെ വ്യക്തിത്വ വികാസത്തിന് കൂച്ചുവിലങ്ങിടുകയാണ് നമ്മള് ചെയ്യുന്നതെന്ന സത്യം മറന്നുപോവരുത്. മാര്ക്കുയര്ത്തിക്കാട്ടി സന്തോഷത്തോടെ വരുന്ന കുട്ടിയുടെ മുമ്പില് അല്പസമയം നമ്മുടെ മനസ് കുരുന്ന് മനസ്സാവണം. കുട്ടിയുടെ മുമ്പിലിരുന്ന് അനുമോദിക്കുന്ന ഒരു വാക്കെങ്കിലും പറയണം. ഒരു പക്ഷെ, കേവലം ഈ വാക്കുകാരണം ഭാവിയില് ആ കുട്ടി പഠനത്തില് സമര്ത്ഥനായേക്കാം.

മക്കളോടുള്ള അതിരറ്റ സ്നേഹത്താല് എട്ടും പൊട്ടും തിരിയാത്ത പ്രായത്തില് തന്നെ അവരുടെ തൊലിവെളുപ്പില് വ്യാകുലപ്പെട്ട് അവരുടെ മുമ്പില് വച്ച് കെട്ടിച്ചയക്കുന്ന കാര്യം പറഞ്ഞ് നെടുവീര്പ്പിടുന്ന രക്ഷിതാക്കള് മനസ്സിലാക്കുക, ഒരാളും തങ്ങളുടെ സൗന്ദര്യത്തില് സംശയിക്കുന്നത് ഇഷ്ടപ്പെടില്ല. ഒരുപക്ഷേ, അതവരുടെ വ്യക്തിത്വത്തെ തന്നെ ബാധിച്ചേക്കും. വാക്കുകള് വായില്നിന്ന് വിട്ടാല് മൂര്ച്ചയേറിയ ആയുധമാണ്. അതുകൊണ്ടാവാം അധിക അവയവങ്ങളും ജോഡികളായി നാഥന് സൃഷ്ടിച്ചപ്പോള് നാവിനെ ഒന്ന് മാത്രമാക്കുകയും അതിന് പല്ലുകൊണ്ട് സംരക്ഷണഭിത്തി തീര്ക്കുകയും ചെയ്തത്. ചുരുക്കത്തില്, ശ്രദ്ധയോടെയായിരിക്കണം നാം വാക്കുകള് പ്രയോഗിക്കുന്ത്. നല്ല വാക്കുകള് എന്നും നല്ലതു വരുത്തുന്നു. 

No comments:

Post a Comment