Monday 9 August 2021

നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട മസ്അലകൾ

 


നബി (സ)ക്ക് നിഴലോ

നബി (സ) ക്ക് സൂര്യന്റെയും ചന്ദ്രന്റെയും ചുവട്ടിലായി നിഴലുണ്ടാവുകയില്ലെന്ന് ചെറുപ്പം മുതലേ നാമെല്ലാവരും കേട്ടുപോരുന്നതാണ് നാളിതുവരെ അങ്ങനെത്തന്നെയായിരുന്നു പണ്ഡിതർ സമൂഹത്തെ പഠിപ്പിച്ചതും 

ശാഫിഈ മദ്ഹബിലെ കർമശാസ്ത്ര പണ്ഡിതരിൽ പ്രമുഖനും ഹദീസ് വിജ്ഞാനത്തിലെ ഹാഫിളുമായ ഇമാം സുയൂത്വി(റ) രേഖപ്പെടുത്തുന്നു: ദക് വാൻ(റ) പറഞ്ഞു: നബി(സ) ക്ക് നിഴൽ ഉണ്ടായിട്ടില്ല (അൽ ഖസ്വാഇസുൽ കുബ്റാ: 1/68) ശാഫിഈ മദ്ഹബിലെ കർമശാസ്ത്ര പണ്ഡിതനും സീറാ ചരിത്രകാരനുമായ ഇമാം ബുർഹാനുദ്ദീൻ ഹലബി(റ) എഴുതുന്നു: നബി (സ) സൂര്യന്റെയും ചന്ദ്രന്റെയും വെളിച്ചത്തിൽ സഞ്ചരിച്ചാൽ നിഴൽ ഉണ്ടാവുകയില്ല കാരണം നബി (സ) നൂറാകുന്നു (സീറത്തുൽ ഹലബിയ്യ: 3/360) 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: നബി (സ)ക്ക് സൂര്യന്റെയും ചന്ദ്രന്റെയും വെളിച്ചത്തിൽ തീരെതന്നെ നിഴൽ വെളിവായിട്ടില്ല (അൽ മിനഹുൽ മക്കിയ്യ: 86) 

നബി (സ)യുടെ ഖുസ്വൂസ്വിയത്ത് പ്രത്യേകതകൾ പറയുന്നിടത്ത് ഇമാമുകൾ ഇത് വ്യക്തമാക്കിയതാണ് നൂറിന് നിഴലുണ്ടാവുമെന്ന് ബുദ്ധിമാന്മാർ പറയുകയില്ല നബി (സ) ക്ക് നിഴൽ ഉണ്ടാവുകയില്ലെന്ന് എഴുതിയ ഇമാമുകളാരും ഇന്ന് ചിലർ പറയുന്നതുപോലെ ചിലപ്പോൾ നിഴൽ ഉണ്ടാവും , ചിലപ്പോൾ ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടില്ല 

മാത്രമല്ല നബി(സ)ക്ക് നിഴൽ ഉണ്ടാവാറില്ല എന്നത് അവിടുത്തെ മുഅ്ജിസത്തിൽ പെട്ടതായതുകൊണ്ട് നിഴൽ ഉണ്ടാവുമെന്ന വാദം മുഅ്ജിസത്ത് നിഷേധം കൂടിയാണ് 

ചുരുക്കത്തിൽ നബി (സ)ക്ക് നിഴൽ ഉണ്ടാവുകയില്ലെന്നാണ് ഇമാമുകൾ രേഖപ്പെടുത്തിയത് ഈ ആശയമാണ് നാം വിശ്വസിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും സമൂഹത്തിൽ ആഴത്തിൽ വേരുറപ്പിക്കേണ്ടതും ഇതിനെതിരുള്ള വിശ്വാസം ബിദ്അത്താകുന്നു ബിദ്അത്തിനെ ചെറുക്കേണ്ടതും തോൽപിക്കേണ്ടതും വിശ്വാസിയുടെ ബാധ്യതയും കടമയുമാണ് 


മദീനയിലെ പച്ച ഖുബ്ബ

മദീനാ ശരീഫിലെ മസ്ജിദുന്നബവിയിൽ റൗളാ ശരീഫിന് മുകളിലുള്ള പച്ച ഖുബ്ബ വിശ്വാസിയുടെ ഹൃത്തടത്തിൽ  എപ്പോഴും തെളിഞ്ഞു നിൽക്കും മസ്ജിദുന്നബവിയിൽ രണ്ട് റൗളകൾ ഉണ്ട് റൗള എന്നാൽ സ്വർഗീയ പൂങ്കാവനം എന്നാണർഥം 

നബി (സ) പറഞ്ഞു: എന്റെ ഖബ്റിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗത്തോപ്പുകളിൽ പെട്ട ഒരു തോപ്പാകുന്നു (മുസ്നദ് അഹ്മദ്:3/64)  

നബി (സ) യുടെ ഖബ്റുശ്ശരീഫിന് തൊട്ടടുത്തായി തന്നെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഹദീസിൽ പറഞ്ഞ സ്വർഗീയാരാമം ഇതിനും റൗളാ ശരീഫ് എന്നും പറയും 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: നബി (സ)യുടെ ഖബ്ർ ശരീഫും സ്വർഗത്തോപ്പിൽ പെട്ടതുകൊണ്ട് റൗളാ ശരീഫ് എന്നും പറയും (അൽ ജൗഹറുൽ മുനള്ളം:200) 

നബി (സ)യുടെയും ഖബ്ർ ശരീഫിന്റെയും ഇടയിലുള്ള സ്ഥലം റൗളയാണ് നബി (സ)യുടെ ഖബ്ർ ശരീഫും റൗളയാണ് മദീനയിൽ മസ്ജിദുന്നബവിയിൽ നബി (സ) യുടെ റൗളാശരീഫിന് മുകളിൽ മനോഹരമായ പച്ചഖുബ്ബ കാണാം ദൂരെ നിന്നും ഖുബ്ബത്തുൽ ഖള്റാഅ് ശ്രദ്ധയിൽ പെടും ഫോട്ടോയിലും മറ്റും ഇത് നാം ധാരാളം കണ്ടതാണ് മദീനയിൽ പോയവർക്ക് ഈ ഖുബ്ബ ദീർഘനേരം നോക്കി നിൽക്കാൻ കഴിയും പച്ച ഖുബ്ബ നോക്കൽ സുന്നത്താണ് 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: ഭക്തിയോടുകൂടി മസ്ജിദുന്നബവിയുടെ പുറമെനിന്ന് നബി (സ) യുടെ ഖുബ്ബയിലേക്ക് ദൃഷ്ടി പതിപ്പിച്ച് കൊണ്ടേയിരിക്കൽ സുന്നത്താകുന്നു (അൽ ജൗഹറുൽ മുനള്ളം:187) 

നബി (സ)യുടെ പച്ച ഖുബ്ബ നോക്കൽ സുന്നത്തായതുകൊണ്ട് തന്നെ ആ സുന്നത്ത് ലഭിക്കുവാൻ വേണ്ടി മദീനാ സന്ദർശകരെല്ലാം മസ്ജിദുന്നബവിക്ക് പുറമെനിന്ന് പച്ച ഖുബ്ബ നോക്കിക്കൊണ്ടിരിക്കണം പുറമെനിന്ന് നിന്നും ഇരുന്നും നോക്കിയിരിക്കുവാൻ വിശാലമായ സൗകര്യം മസ്ജിദുന്നബവിക്ക് പുറത്തുണ്ട് 

ഇമാം സയ്യിദ് സുഹൂദി(റ) എഴുതുന്നു: നബി (സ)യുടെ റൗളയെ വസ്ത്രമിട്ട് മൂടൽ അനുവദനീയമാണ് കാരണം നബി (സ)യെ ആദരിക്കൽ നമ്മോട് കൽപിക്കപ്പെട്ടിരിക്കുന്നു നബി (സ)യെ ആദരിക്കുന്നതിൽ പെട്ടതാണ് അവിടുത്തെ റൗളയെ ആദരിക്കൽ (വഫാഉൽ വഫ:2/582) 

ചുരുക്കത്തിൽ നബി (സ)യുടെ ഖബ്ർ ശരീഫിനെ 'റൗള' എന്നു പറയൽ ഇമാമുകളുടെ  ഗ്രന്ഥങ്ങളിലുള്ളതാണെന്ന് വ്യക്തമായും നമുക്കു ബോധ്യപ്പെട്ടു 


വാങ്കിന് മുമ്പ് സ്വലാത്ത് ചൊല്ലൽ

അഞ്ചുനേരത്തെ ഫർള് നിസ്കാരത്തിന്റെ മുമ്പ് കൊടുക്കുന്ന വാങ്കുകളിൽ ചിലർ സ്വലാത്ത് ചൊല്ലാറുണ്ട് ശാഫിഈ മദ്ഹബിലെ പ്രബല  അഭിപ്രായമനുസരിച്ച് വാങ്കിന് മുമ്പ് സ്വലാത്ത് സുന്നത്തുണ്ടോ? നമുക്ക് പരിശോധിക്കാം 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: ഇതു സംബന്ധമായി നമ്മുടെ ഇമാമുകളുടെ വാക്കുകളിൽ ഞാൻ ദർശിച്ചിട്ടില്ല അതിനാൽ ഇതു സുന്നത്താണെന്ന് വിശ്വസിച്ച് ആരെങ്കിലും പ്രസ്തുത സ്ഥലത്ത് സ്വലാത്ത് ചൊല്ലിയാൽ അത് നിരോധിക്കേണ്ടതും തടയേണ്ടതുമാണ് (ഫതാവൽ കുബ്റ: 1/131) 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) വിന്റെ ശിഷ്യനായ ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: ശൈഖുൽ കബീർ ബക് രി(റ) പറഞ്ഞു: വാങ്കിന്റെയും ഇഖാമത്തിന്റെയും മുമ്പ് സ്വലാത്ത് ചൊല്ലൽ സുന്നത്താകുന്നു (ഫത്ഹുൽ മുഈൻ:102)

അപ്പോൾ വാങ്കിന്റെ മുമ്പ് സ്വലാത്ത് ചൊല്ലൽ മദ്ഹബിലെ പ്രബല അഭിപ്രായമല്ല ആ നിലക്ക് ആരെങ്കിലും ചെയ്താൽ അത് വിരോധിക്കേണ്ടതാണ് 

എന്നാൽ ഫത്ഹുൽ മുഈനിൽ വാങ്കിന് മുമ്പ് സ്വലാത്ത് ചൊല്ലാമെന്ന ഒരഭിപ്രായം ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) അൽ ഖുത്വുബുൽ ആരിഫ് ബില്ലാഹി മുഹമ്മദുൽ ബക് രി(റ) പറഞ്ഞതായി രേഖപ്പെടുത്തിയതു പ്രകാരം ഒരാൾ സ്വലാത്ത് ചൊല്ലിയാൽ വിരോധിക്കേണ്ടതില്ല മഖ്ദൂം തങ്ങൾ നമുക്ക് മുമ്പേ ഗുരുവിന്റെ ഫതാവൽ കുബ്റയും മറ്റു ഗ്രന്ഥങ്ങളും കണ്ട മഹാനാണല്ലോ 

ശാഫിഈ മദ്ഹബിലെ പ്രബല അഭിപ്രായങ്ങൾക്കാണ് നാമം മുഅ്തമദ് എന്നു പറയുന്നത് പ്രബലമല്ലാത്ത അഭിപ്രായങ്ങളനുസരിച്ചും  കർമങ്ങൾ ചെയ്യാമെന്ന് ഇമാമുകൾ പറഞ്ഞിട്ടുണ്ട് 

മദ്ഹബിലെ ബലഹീനമായ അഭിപ്രാങ്ങളാണ് ഖീലകൾ ളഈഫായ ഖൗൽ എന്നാണ് ഇതിന് പറയാനുള്ളത് പണ്ഡിതർ പറയുന്നു: ളഈഫായ അഭിപ്രായമനുസരിച്ച് പ്രവർത്തിക്കൽ അനുവദനീയമാണ് അതുകൊണ്ട് കുഴപ്പമില്ല (മുഖ്തസ്വറുൽ ഫവാഇദിൽ മക്കിയ്യ:37)


വാങ്കുകാരൻ തന്നെ ഇമാമാവൽ

വാങ്കു കൊടുത്തവൻ തന്നെ ഇമാമത്ത് നിൽക്കൽ നമ്മുടെ നാട്ടിലെ പല പള്ളികളിലും കാണാം പലപ്പോഴും നമ്മളും അങ്ങനെ തന്നെയാണ് നാം അറിഞ്ഞിരിക്കേണ്ട ഈ വിഷയത്തിലെ മസ്അല എന്താണെന്ന് നമുക്കു നോക്കാം 

ഇമാം നവവി(റ) എഴുതുന്നു: വാങ്കും ഇഖാമത്തും ഒരാളാവലാണ് ഏറ്റവും ശ്രഷ്ഠം രണ്ടിന്റെയും ശ്രേഷ്ഠത ലഭിക്കുന്നതാണ് കാരണം ഇത് സുന്നത്താകുന്നു (ശർഹുൽ മുഹദ്ദബ്: 3/88)

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: ഇമാമത്തിനേക്കാൾ ശ്രേഷ്ഠത ഇഖാമത്തോടൊപ്പം വാങ്ക് കൊടുക്കുന്നതിനാണ് ഇമാം നവവി(റ) ഇപ്രകാരം പറഞ്ഞിട്ടുണ്ട് (ശർഹു ബാ ഫള്ൽ: 1/226)

ഇമാം കുർദി(റ) എഴുതുന്നു: ഈ അഭിപ്രായത്തെയാണ് ഇമാം ഇബ്നു ഹജർ ഹൈതമി(റ) , ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി(റ) എന്നിവർ പ്രബലമാക്കിയത് (അൽ ഹവാശിൽ മദനിയ്യ: 1/226)

ചുരുക്കത്തിൽ വാങ്ക് കൊടുക്കുന്നവൻ തന്നെ ഇമാമത്ത് നിൽക്കൽ വളരെ ശ്രേഷ്ഠതയുള്ളതാണ് വാങ്ക്, ഇഖാമത്ത്, ഇമാമത്ത് എന്നിവയുടേതെല്ലാം പ്രതിഫലം അവന് കരസ്ഥമാക്കാം


അറവ്

അറുക്കാൻ കഴിയുന്ന ജീവികളെ ശ്വാസനാളവും അന്നനാളവും മുഴുവൻ മുറിച്ചുകൊണ്ട് അറുക്കൽ നിബന്ധനയാണ് (തുഹ്ഫ 9/321) 

തൊണ്ടയുടെ അടി ഭാഗത്തും മുകളിലും അറുക്കാം (തുഹ്ഫ 9/ 321) എല്ല്, പല്ല്, നഖം, എന്നിവയല്ലാതെ മുറിക്കാൻ മൂർച്ചയുള്ള ഏതു കൊണ്ടും അറുക്കാം ഇരുമ്പ്, ഗ്ലാസ്, വെള്ളി, സ്വർണ്ണം എന്നിവകൊണ്ടുള്ള ആയുധങ്ങൾ (ഉദാഹരണം) കൊണ്ടറുക്കാം (തുഹ്ഫ 9/321) 

അറുക്കുന്നവൻ ശക്തി ചെലുത്താതെ മുറിക്കാൻ മൂർച്ചയില്ലാത്ത ആയുധം കൊണ്ടു അറുത്തത് ഭക്ഷിക്കൽ ഹറാമാണ് (ഫത്ഹുൽ മുഈൻ 219) 

അറുക്കുമ്പോൾ കൈ ഉയർത്തരുത് കൈവിറച്ചതിനാലോ ആ ജീവി പിടഞ്ഞതിനാലോ മറ്റോ കഴുത്തിൽ നിന്നു കത്തി ഉയർത്തി ഉടനെ വീണ്ടും അറുത്താൽ വിരോധമില്ല കത്തിയെടുത്തു ഉടനെ അറുത്താൽ തിന്നാൻ പാടില്ലെന്നു ചിലർ പറഞ്ഞിട്ടുണ്ട് (തുഹ്ഫ 9/ 323) 

അറവ് തീരുന്നതിനുമുമ്പ് അറുക്കപ്പെട്ട ചലനത്തിലേക്ക് ആ ജീവി എത്താത്തവിധം ശ്വാസനാളം ഉടനെ മുറിക്കണം (തുഹ്ഫ 9/ 325) 

അറുക്കുന്നവൻ മുസ്ലിമോ, ജൂത ക്രൊസ്തവരിൽനിന്നു വിശ്വാസികൾക്കു വിവാഹം ഹലാലായവരോ ആയിരിക്കൽ നിബന്ധനയാണ് (തുഹ്ഫ 9/314) 

അറവിന്റെ തുടക്കത്തിൽ അതിന് സുസ്ഥിരമായ ജീവനുണ്ടെന്ന് ധാരണ ഉണ്ടെങ്കിലെ അറുക്കാവൂ അറുത്തശേഷം ശക്തമായി പിടയലും, ചോര കൂടുതൽ ഒലിക്കലും ഇതിന്റെ അടയാളമാണ് ശക്തമായ പിടച്ചിലുണ്ടായാൽ മതിയെന്നാണ് പ്രബലാഭിപ്രായം (ഫത്ഹുൽ മുഈൻ 221) 

ഒരു ജീവിക്കു മുറിവേൽക്കുകയോ, വാളോമറ്റോ അതിന്മേൽ ചെന്നു വീഴുകയോ പൂച്ചയോ മറ്റോ കുടിക്കുകയോ ചെയ്തു എന്നാൽ ശേഷം അതിന്  സുസ്ഥിരമായ ജീവനുണ്ടെങ്കിൽ ഉടനെ അറുത്തത് ഭക്ഷിക്കാം അല്പസമയം കഴിഞ്ഞാൽ ഇത് ജീവൻ പോകുമെന്ന് ഉറപ്പാണെങ്കിലും അറുത്തുതിന്നുന്നതിനു വിരോധമില്ല (ഫത്ഹുൽ മുഈൻ 221) 

അതിനു സുസ്ഥിരമായ ജീവനില്ലെങ്കിൽ അറുത്തു തിന്നൽ ഹറാമാണ് അറുത്തു കൊണ്ടിരിക്കെ കാരണത്തോടുകൂടെയാണെങ്കിലും കത്തികഴുത്തിൽ നിന്നെടുത്തു ശേഷം ആ ജീവി അറുക്കപ്പെട്ട ചലനത്തിലെത്തിയ ശേഷം ബാക്കി അറവ് പൂർത്തിയാക്കിയാൽ അത് ഭക്ഷിക്കാൻ പാടില്ല (തുഹ്ഫ 9/331) 


അനന്തര സ്വത്ത്

മകൻ, മകന്റെ മകൻ, പിതാവ്, പിതാവിന്റെ പിതാവ്, സഹോദരൻ, മാതാപിതാക്കൊളൊത്ത സഹോദരന്റെയും, പിതാവൊത്ത സഹോദരന്റെയും മകൻ, പിതൃസഹോദരൻ (പിതാവുമായി മാതാപിതാവൊത്ത സഹോദരനും, പിതാവൊത്ത സഹോദരനും മാത്രമേ ഇതിൽപെടൂ) പിതൃവ്യന്റെ മകൻ, ഭർത്താവ്, ദാസ്യമോചനബന്ധു, ഇവരാണ് പുരുഷന്മാരായ അവകാശികൾ, (ഫത്ഹുൽ മുഈൻ 330) 

മകൾ, മകളുടെമകൾ, ഉമ്മ, മാതാമഹി, സഹോദരി, ദാസ്യ, ദാസ്യമോചനബന്ധു ഇവരാണ് അവകാശികളായ സ്ത്രീകൾ ഇവരിൽ ചിലർമാത്രമേ ഉള്ളുവെങ്കിൽ അവരുടെ വിഹിതം കഴിച്ചു ബാക്കിയുള്ളത് പൊതുഖജനാവിലേക്കുകൊടുക്കണം പൊതുഖജനാവ് നിലവിലില്ലെങ്കിൽ അവകാശികളുടെ വിഹിതം കഴിച്ച് ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്നിവരല്ലാത്തവർക്ക് അവരുടെ വിഹിതപ്രകാരം ബാക്കി വരുന്നത് വിഹിതിച്ചെടുക്കണം (തുഹ്ഫ 6/381) 

പരേതന്റെ പിതാവ്, ഭർത്താവ് എന്നിവരോടു കൂടെയോ, പിതാവ് ഭാര്യ എന്നിവരോടുകൂടെയോ ഉമ്മ വന്നാൽ ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്നിവരുടെ അവകാശം കഴിച്ചുബാക്കിവരുന്നതിന്റെ മുന്നിലൊന്നേ ഉമ്മാക്ക് ലഭിക്കൂ ആകെ സ്വത്തിന്റെ മൂന്നിലൊന്ന് കിട്ടുകയില്ല ഉമ്മാക്ക് കിട്ടുന്നതിന്റെ ഇരട്ടി പിതാവിന് കിട്ടാനാണിത് (ഫത്ഹുൽ മുഈൻ 332)
 
അപ്പോൾ ഭർത്താവും മാതാപിതാക്കളും അനന്തരാവകാശികളായാൽ സമ്പത്ത് ആറായി വിഹിതിക്കും ഭർത്താവിന് മൂന്നും പിതാവിന് രണ്ടും ഒന്ന് ഉമ്മാക്കും കിട്ടും ഈ രണ്ട് മസ്അലയിലും കർമ്മശാസ്ത്രജ്ഞാനികൾ മൂന്നിലൊന്ന് എന്നു പറയുന്നത് ഖുർആനിലെ പ്രയോഗത്തെ ആദരിച്ചുകൊണ്ടാണ് (ഫത്ഹുൽ മുഈൻ- 332) 


അത്തഹിയ്യാത്ത്

അത്തഹിയ്യാതിൽ കൈവിരൽ ഉയർത്തിയാൽ അനക്കികൊണ്ടിരിക്കരുത് നബി (സ) വിരൽ അനക്കിയിരുന്നെന്ന ഹദീസുകൊണ്ടുദ്ദേശ്യം ഉയർത്തലായിരിക്കാം ഇളക്കിക്കൊണ്ടിരുന്നാൽ നിസ്കാരം ബാത്വിലാകുമെന്നും അഭിപ്രായമുണ്ട് അതിനാൽ കൈവിരൽ ഇളക്കികൊണ്ടിരിക്കൽ കറാഹത്താണ് (തുഹ്ഫ 2/80) 

കൈവിരൽ തുടർച്ചയായി മൂന്ന് പ്രാവശ്യം ചലിപ്പിച്ചാൽ നിസ്കാരം ബാത്വിലാകുമെന്നാണവർ പറയുന്നത് കൈപ്പത്തിമൂന്ന് പ്രാവശ്യം തുടരെ അനക്കിയാൽ നിസ്കാരം ബാത്വിലാകുമെന്നതിൽ പണ്ഡിതർക്കിടയിൽ ഭിന്നതയില്ല (ഇബ്നുഖാസിം 2/80, 81) 

നിസ്കാരത്തിൽ നിശ്ചലാവസ്ഥയാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് അതുകൊണ്ടാണ് കൈവിരൽ ചലിപ്പിക്കരുതെന്ന് പറഞ്ഞത് ചലനം ഭക്തിയെ നഷ്ടപ്പെടുത്തുമെന്നതും ഒരു കാരണമാണ് ഇമാം ബൈഹഖി (റ) പറയുന്നു: ഹദീസിൽ നബി (സ) ചലിപ്പിച്ചെന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം ഉയർത്തിയെന്നാണ് അപ്പോൾ ചലിപ്പിക്കരുതെന്ന ഹദീസും പരസ്പരം വിരുദ്ധമാകുന്നില്ല (ഖൽയൂബി 1/164) 


അവ്വാബീൻ നിസ്കാരം

ഈ നിസ്കാരം ഇരുപത് റക്അതാണ് ആറ് റക്അതാണെന്നും നാലാണെന്നും രണ്ടാണെന്നും അഭിപ്രായമുണ്ട് ഏറ്റവും കുറഞ്ഞത് രണ്ട് റക്അതാണ് (നിഹായ, ശർവാനി 2/239) 

ഇശാമഗ്രിബിന്റെ ഇടയിലുള്ള സമയത്താണ്  ഇതു നിർവ്വഹിക്കേണ്ടത് ഇതു നിശ്ചിത സമയ നിസ്കാരമായതിനാൽ നഷ്ടപ്പെട്ടാൽ 'ഖളാഅ് ' വീട്ടൽ സുന്നത്താണ് (ജമൽ 1/479) 

ഖളാ ആയതോ അല്ലാത്തതോ ആയ മറ്റു നിസ്കാരങ്ങൾ ആ സമയത്ത് നിർവ്വഹിച്ചാലും ഈ സുന്നത്ത് ലഭിക്കും മഗ്രിബുമായി ബന്ധപ്പെട്ട ദിക്റുകൾക്കുശേഷം ഇതു നിസ്കരിക്കുന്നതാണുത്തമം, (ഫത്ഹുൽമുഈൻ 109)  


അൽകഹ്ഫ്

അൽകഹ്ഫിൽ അന്ത്യനാളിനെയും അതിലെ ഭീകരതകളെയും അതിന്റെ തുടക്കത്തെയും കുറിച്ചുള്ള പരാമർശങ്ങളുണ്ട് വെള്ളിയാഴ്ചയാണ് അന്ത്യനാളുണ്ടാവുക എന്ന് മുസ്ലിംമിൽ കാണാം ഇതാണ് വെള്ളിയാഴ്ച അൽകഹ്ഫ് ഓതൽസുന്നത്താക്കിയതിലെ പൊരുൾ (തുഹ്ഫ 2/477) 

അൽകഫ്ഫ് പകുതി രാത്രിയും, പകുതി പകലും ഓതിയാൽ വെള്ളിയാഴ്ച പ്രത്യേക ഓത്തിന്റെ മഹത്വം ലഭിക്കുമോ? എന്നു ശംലുറംലി (റ) യോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ആ പ്രത്യേക പ്രതിഫലം ലഭിക്കില്ല, എങ്കിലും അടിസ്ഥാന പ്രതിഫലം ലഭിക്കും (ഇആനത്ത് 2/89)


അഖീഖത്ത്

കുഞ്ഞ് പിറന്ന ഏഴാം ദിവസം അഖീഖ അറുക്കലും, കുട്ടിക്കു പേരിടലും സുന്നത്താണ് അതിനുമുമ്പ് കുട്ടിമരിച്ചാലും അന്നാണ് ചെയ്യേണ്ടത് മാത്രമല്ല ഗർഭാശയത്തിൽ റൂഹുതുന്ന പ്രായമെത്തിയ ചാപിള്ളക്കുപോലും പേരിടൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ 218) 

കുഞ്ഞിന് ആദ്യം പേര്, പിന്നെ അറവ് മുടികളയൽ ഈ ക്രമം സുന്നത്താണ്, (ഇആനത്ത് 2/338) 

ഉള്ഹിയ്യത്ത് പോലെ നേർച്ചയാക്കുന്നതിലൂടെയും 'ഇത് ഞാൻ അഖീഖയാക്കുന്നു ' 'ഇത് അഖീഖയാണ്, പോലെയുള്ള വാക്യങ്ങൾകൊണ്ടും അത് നിർബന്ധമാകും അപ്പോൾ ഉള്ഹിയ്യത്തിൽ പറഞ്ഞ പ്രകാരം മുഴുവനും ദാനം ചെയ്യൽ നിർബന്ധമാകും (തുഹ്ഫ 9/372) 

സൂര്യനുദിക്കുമ്പോൾ അഖീഖത്തറുക്കലാണ് ഏറ്റവും ഉത്തമം അറുക്കുമ്പോൾ 'ബിസ്മില്ലാഹി വല്ലാഹുഅക്ബർ, അല്ലാഹുമ്മ ലക വഇലൈക അല്ലാഹുമ്മ ഹദിഹീ അഖീഖത്തുഫുലാനിൻ ' എന്നു ചൊല്ലുന്നതും ഉത്തമമാണ് (തുഹ്ഫ 9/372) 

കുഞ്ഞിന്റെ സ്വഭാവങ്ങൾ മാധുര്യമുള്ളതാവണമെന്ന ശുഭ ലക്ഷണത്തിനു മാംസം വേവിക്കുമ്പോൾ അൽപം മധുരം ചേർക്കൽ ഉത്തമമാണ് (തുഹ്ഫ 9/372) 

നേർച്ച നേർന്ന അഖീഖത്തും വേവിച്ചുകൊടുക്കൽ സുന്നത്താണ് (ശർവാനി 9/372) 

ഒരു കുട്ടിക്ക് രണ്ടാടിനെ അറുത്താൽ രണ്ടിൽനിന്നും സ്വദഖ ചെയ്യൽ നിർബന്ധമില്ല ഒന്നിൽ നിന്നുതന്നെ മതിയാകും അഖീഖത്തിനു രണ്ടിലൊന്നിൽ ചുരുക്കിയാൽ മതിയാകുമെന്നാണിതിനു കാരണം കൂടുതൽ ഒരാൾ ഉളുഹിയ്യത്തറുത്താൽ എല്ലാ മൃഗത്തിൽനിന്നും 'സ്വദഖ ' ചെയ്യൽ നിർബന്ധമായതുപോലെ ഇതിലും ഓരോന്നിനും 'സ്വദഖ ' ചെയ്യൽ നിർബന്ധമാകാനും സാധ്യതയുണ്ട് ഈ അഭിപ്രായമാണ് ആധികാരികം എന്നാണ് എന്റെ അഭിപ്രായം (ശൗബരി, ജമൽ 5/264) 

അഖീഖത്തിന്റെ എല്ല് പൊട്ടിക്കൽ കറാഹത്തില്ലെങ്കിലും ഉത്തമത്തിനെതിരാണ് (തുഹ്ഫ 9/372) 

ഒരാൾ ഒട്ടകത്തിന്റെ ഏഴിലൊന്ന് അഖീഖത്തറുത്തു അതിന്റെ എല്ലുകളൊന്നും പൊട്ടിക്കാതെ വിതരണം ചെയ്യാൻ സൗകര്യമായാൽ പൊട്ടിക്കാതിരിക്കൽ സുന്നത്താണ് കാരണം അതിലെ ഓരോ ഭാഗത്തിനും അഖീഖത്തിനൊരു വിഹിതമുണ്ട് (നിഹായ 8/169) 

പേറ്റിച്ചിക്കു (ഈറ്റെടുത്ത സ്ത്രീ) വേവിക്കാതെ കൊറകു കൊടുക്കലാണ് സുന്നത്ത് വേവിച്ചു കൊടുത്താലും മതിയാകും തുടയുടെ അടിസ്ഥാനം വരെ കൊടുക്കണം വലത്തേ കൊറകായിരിക്കലാണുത്തമം (തുഹ്ഫ 9/ 372) 

അറുക്കപ്പെടുന്ന ആടുകൾ കൂടുതലുണ്ടാവുകയോ, പേറ്റിച്ചികൾ (പ്രസവമെടുക്കുന്നവർ) അധികരിക്കുകയോ ചെയ്താലും എല്ലാവർക്കും ഒന്നിന്റെ കൊറക് മതിയാകും (മല്ലിസി 8/169) 

വേവിച്ച ഇറച്ചി കറിയോടുകൂടി ദരിദ്രർക്കു സ്വദഖയായി എത്തിച്ചു കൊടുക്കലാണ് അവരെ അതിലേക്കു ക്ഷണിക്കുന്നതിനേക്കാൾ പരിപ്പൂർണ്ണത (തുഹ്ഫ 9/372) 

അതിലേക്കു ജനങ്ങളെ വിളിക്കുന്നതിനു വിരോധമില്ല (മുഗ്നി, ശർവാനി 9/372) 

വിവാഹ സദ്യയിൽ ദമ്പതികളുടെ സ്വഭാവമാധുര്യത്തിന് ഇങ്ങനെ മധുരം ചേർത്തു വേവിക്കൽ സുന്നത്തില്ല കാരണം സ്വഭാവം പ്രകൃതമാണ് ആ പ്രകൃതം ഉറച്ചു, ഇനി അത് മാറില്ല (ശൗബരി ജമൽ 5/265) 

അഖീഖത്തിന് ഏഴ് ആട്, പിന്നെ ഒട്ടകം, പശു, നെയ്യാട്, കോലാട്, ഒട്ടകത്തിൽ പങ്കുചേരൽ ശേഷം പശുവിൽ പങ്കുചേരൽ ഇങ്ങനെയാണ് അഖീഖത്തിലെ ഉത്തമക്രമം (തുഹ്ഫ 9/371) 

കുട്ടി ദരിദ്രനാണെങ്കിൽ ആ കുട്ടിക്ക് ചെലവ് കൊടുക്കൽ ആരുടെ ബാധ്യതയാണോ അവൻ കുട്ടിയുടെ അഖീഖത്തറുക്കൽ സുന്നത്താണ് (തുഹ്ഫ 9/372) 

ചെറിയ കുട്ടിയുടെ സമ്പത്തിൽ നിന്നറുക്കാൻ പാടില്ല (തുഹ്ഫ 9/372) 

അഖീഖത്ത് ഒരു സൗജന്യമാണ് അത് കുട്ടിയുടെ സമ്പത്തിൽ നിന്നെടുക്കാൻ പറ്റില്ല ഒരാൾ കുട്ടിയുടെ സമ്പത്തിൽ നിന്നെടുത്ത് അറുത്താൽ അതിനയാൾ ബാധ്യസ്ഥനാകും (ശറഹുർറൗള്, ജമൽ 5/263)  

പ്രസവ രക്തം കഴിയുന്നതിനുമുമ്പ് അറുക്കാനുള്ള കഴിവ് രക്ഷിതാവിനുണ്ടെങ്കിലേ അറുക്കൽ സുന്നത്തുള്ളൂ ഫിത്റ് സകാതിന് പറഞ്ഞ സാമ്പത്തികശേഷിയാണിവിടെ കഴിവുകൊണ്ടുദ്ദേശ്യം പ്രസവിച്ചു അറുപതു ദിവസമാകുന്നതിനുമുമ്പ് ഒരാൾ കഴിവുള്ളവനായാൽ പ്രായപൂർത്തിയാകുന്നതുവരെ അഖീഖത്തറുക്കാൻ രക്ഷിതാവിനോട് നിർദേശമുണ്ട് (ജമൽ 5/ 263) 

അറുപത് ദിവസം കഴിഞ്ഞ ശേഷം കഴിവുണ്ടായാൽ അവനോടറുക്കാൻ നിർദ്ദേശമില്ല കുട്ടിക്കു പ്രായപൂർത്തിയാകുന്നതിനുമുമ്പാണ് ഈ കഴിവുണ്ടായതെങ്കിലും നിർദ്ദേശമില്ല (ജമൽ 5/263) 

അറുപത് ദിവസത്തിനുശേഷം കഴിവുണ്ടായി അറുത്താൽ അത് അഖീഖത്താവില്ല മറിച്ച് ആട്ടിറച്ചിയായിരിക്കും (ഈആബ് ജമൽ 5/264)  

ഒരാളും തനിക്കുവേണ്ടി അഖീഖത്തറുത്തിട്ടില്ലെങ്കിൽ പ്രായപൂർത്തിയായശേഷം തനിക്കു വേണ്ടി അറുക്കൽ സുന്നത്താണ് തന്റെ രക്ഷിതാവിന് അറുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും തനിക്കറുക്കാമെന്നു ഇതിൽനിന്നു മനസ്സിലാകുന്നു (ബുജൈരിമി, ശർവാനി 9/371) 

പച്ചയിറച്ചി ദാനം ചെയ്യൽ അഖീഖത്തിൽ നിർബന്ധമില്ല (ശറഹുൽമൻഹജ് 5/264) 

ആടിനെ അറുക്കലാണ് അതിന്റെ വില നൽകുന്നതിനെക്കാളുത്തമം (നിഹായ 8/168) 

അതായത് അഖീഖത്തിന്റെ കൂലി അതിന്റെ വില സ്വദഖ ചെയ്യുന്നതിനെക്കാളുത്തമമാണ് അല്ലാതെ വില അഖീഖത്താകുമെന്നല്ല ഉദ്ദേശ്യം (മല്ലിസി 8/168) 


ആർത്തവകാരി

ആർത്തവകാരിയുമായി മുട്ടു പൊക്കിളിന്നിടയിലെ സുഖമാസ്വദിക്കൽ ഹറാമാണ് എന്നാൽ അവളുടെ കൈകൊണ്ട് ശുക്ലം പുറപ്പെടീക്കാം അവൾ പൊക്കിൾ മുതൽ മുട്ടിന്റെ മേൽഭാഗം വരെ മറക്കുന്ന വസ്ത്രം ധരിച്ച് അല്ലാത്തസ്ഥലങ്ങളിലെല്ലാം സ്പർശിച്ചാസ്വദിക്കാം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാം ഒന്നിച്ചു കിടക്കാം ഇതൊക്കെ അനുവദനീയമാണ് (ഇഹ്‌യ 2/52) 

ജ്ഞാനികൾ പറയുന്നു ആർത്തവ ഘട്ടത്തിൽ ഭോഗിക്കുന്നവർക്കു മാരകമായ രോഗം ബാധിക്കും പിറക്കുന്ന കുഞ്ഞ് കുഷ്ഠരോഗിയാകും (തുഹ്ഫ 1/393)  

ആർത്തവം നിലച്ചെന്നുകരുതി കുളിച്ചു ഭർത്താവുമായി ബന്ധപ്പെട്ട സ്ത്രീക്കു ആർത്തവ ദിവസം വിട്ടു കൊടുക്കുന്നതിനു മുമ്പ് തന്നെ വീണ്ടും രക്തം കണ്ടാൽ ഈ ഇടവേള ആർത്തവമായി കണക്കാക്കും ഈ സമയത്തു ഇണചേരുന്ന കുറ്റമില്ല ഫർളു നോമ്പ് നോറ്റിട്ടുണ്ടെങ്കിൽ ഖളാഅ് വീട്ടണം (ശറഹുൽ മുഹദബ് 2/502,503)  

ഇഹ്റാം കെട്ടിയവളല്ലാത്ത ആർത്തവകാരി കുളിക്കുശേഷം അൽപം കസ്തൂരി പഞ്ഞിയിലാക്കിവെക്കണം കസ്തൂരി ലഭിച്ചില്ലെങ്കിൽ മറ്റു സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിക്കണം ഒന്നും കിട്ടിയില്ലെങ്കിൽ വെള്ളമായാലും മതി (തുഹ്ഫ 1/281) 
ആർത്തവം , പ്രസവരക്തം എന്നിവ നിലനിൽക്കെ അശുദ്ധിയിൽ നിന്നു ശുദ്ധിവരുത്തുന്നുവെന്നോ ഇബാദത്തിനുവേണ്ടി ശുദ്ധിയാവുന്നുവെന്നോ കരുതി കുളിക്കൽ ഹറാമാണ് (ശറഹുൽമൻഹജ് 1/133)  


ആക്രമണം

സുരക്ഷിതത്വത്തിന്നർഹനായവനെ അക്രമിക്കുകയാണെങ്കിൽ ലളിതമായ നിലപാട് കൈകൊണ്ടിട്ടും പ്രയോജനമില്ലെങ്കിൽ ഗൗരവമായതിലേക്കുകടക്കണം (തുഹ്ഫ 9/186) 

ഓടിരക്ഷപ്പെടുക, താക്കീതുചെയ്യുക, ബഹളമുണ്ടാക്കി ആളെ സംഘടിപ്പിക്കുക, സുരക്ഷിതമായസ്ഥലത്ത് ഒളിക്കുക, ഇതാണ് ലളിതമായ പ്രതികരണം ഇതിനു കഴിയില്ലെങ്കിൽ കൈകൊണ്ടടിക്കുക, ചാട്ടവാറടിനടത്തുക, വടികൊണ്ടടിക്കുക, അവയവന്യൂനതയുണ്ടാക്കുക, ഇവ യഥാക്രമം നിർവ്വഹിക്കണം തന്റെ ആത്മരക്ഷക്കാണ് തടുക്കാൻ കൽപിച്ചത് ലളിതമായതിലൂടെ അതു സാധിച്ചാൽ ഗൗരവമുള്ളതിലേക്ക് കടക്കാൻ പാടില്ല (തുഹ്ഫ 9/186) 

ഈ പ്രതിരോധക്രമം തെറ്റിച്ചു ലളിതമായതുകൊണ്ടു തടുക്കാതെ ഗൗരവമുള്ളതിലേക്കു കടന്നാൽ അവന് വധശിക്ഷ ലഭിക്കും എന്നാൽ ദ്വന്തയുദ്ധം ശക്തമായി നിയന്ത്രണം വിട്ടാൽ ഇതൊന്നും പാലിക്കേണ്ടതില്ല (തുഹ്ഫ 9/ 187) 

ബലാൽസംഘത്തിൽ ഈ ക്രമമില്ല അക്രമി അന്യസ്ത്രീയെ വ്യഭിചരിക്കുന്നതുകണ്ടാൽ ലളിതമായ രീതികഴിയുമെങ്കിലും കൊലതന്നെ നടത്താം കാരണം ഓരോ സമയവും അവനവളെ വ്യഭിചരിക്കുകയാണ് ഇവിടെ ലളിതമായത് സ്വീകരിച്ചാൽ തടുക്കാൻസാധ്യമാവില്ല എന്നാലിത് വിവാഹിതനായ വ്യഭിചാരിയെക്കുറിച്ചാണ് പറഞ്ഞത് എന്നാണ് സ്പഷ്ടമാകുന്നത് (തുഹ്ഫ 9/186) 

വിവാഹിതനല്ലാത്തവനെ കൊലചെയ്യാതെ വ്യഭിചാരം തടുക്കാൻ ശ്രമിച്ചാൽ അവനത് പൂർത്തിയാക്കാതെ പിന്മാറുകയില്ലെങ്കിൽ മാത്രമേ അവനെ വധിക്കാൻ പാടുള്ളൂ അല്ലെങ്കിൽ വധിക്കരുതെന്നാണ് കൂടുതൽയുക്തമായ അഭിപ്രായം (തുഹ്ഫ 9/ 186) 

ലളിതമായതുകൊണ്ടു തടുക്കാൻ സാധിച്ചില്ലെങ്കിൽ വലുതു കൊണ്ടുതടുക്കണം അക്രമി സുരക്ഷിതത്വത്തിനു അർഹനല്ലെങ്കിലും ലളിതമായതു സ്വീകരിക്കാതെ വലുതു പ്രയോഗിക്കാം (തുഹ്ഫ 9/ 187)


ഇരുത്തം

ഇമാം നിസ്കാരം ദീർഘിപ്പിച്ചതുകാരണം മഅ്മൂമിന് നിൽക്കാൻ കഴിയാത്തവിധം പ്രയാസം നേരിട്ടാൽ ഇമാം റുകൂഅ് ചെയ്യുന്നതുവരെ ഇരിക്കാം ഇമാം റുകൂഇലേക്കുപോകുമ്പോൾ എഴുന്നേറ്റു നിന്നു ഇമാമോടുകൂടി റുകൂഅ് ചെയ്യണം (ജമൽ 1/340) 

ഫാതിഹക്കുശേഷം സൂറത് ഓതിക്കൊണ്ടിരിക്കെ നിൽക്കാൻ കഴിയാതെ വന്നാൽ സൂറയിൽ ബാക്കിയുള്ളത് ഇരുന്നു പൂർത്തിയിക്കാം (ജമൽ 1/340, ശറഹു ബാഫള്ൽ, കുർദി 1/232) 

ഇവിടെ ഏറ്റവും നല്ലത് ഓത്ത് നിറുത്തി റുകൂഅ് ചെയ്യലാണ് (കുർദി 1/232) 

നിൽക്കാൻ കഴിയാത്തവർ ഇരുന്നു നിസ്കരിച്ചാൽ പ്രതിഫലം കുറയില്ല (ബുശ്റൽ കരീം 1/67) 

നിത്യഅശുദ്ധിയുള്ളവർക്കു ഇരുന്നു നിസ്കരിച്ചാൽ അശുദ്ധമാവുന്നത് നിയന്ത്രിക്കാൻ കഴിയുമെങ്കിൽ അയാൾക്കു ഇരുന്നു നിസ്കരിക്കാം ആ നിസ്കാരം വീണ്ടും നിർവ്വഹിക്കേണ്ടതില്ല (ബുശ്റൽകരീം 1/67) 


ഇഅ്തിദാൽ

നിറുത്തത്തിലേതുപോലെ ഇഅ്തിദാൽ കൈകൾ നെഞ്ചിനു താഴെ (മണിബന്ധം പിടിച്ചു) വെക്കണമെന്ന അഭിപ്രായം തള്ളപ്പെടേണ്ടതാണ് (തുഹ്ഫ 2/66, ഫതാവൽകുബ്റാ 1/150) 

ഇഅ്തിദാൽ ചെയ്യുമ്പോൾ  രണ്ടുകൈ ഉയർത്തുക, തല ഉയർത്തുക, തസ്മീഅ് (സമിഅല്ലാഹു) ചൊല്ലുക എന്നീ മൂന്ന് കാര്യങ്ങളുടെയും തുടക്കവും ഒടുക്കവും ഒരുമിച്ചായിരിക്കൽ സുന്നത്താണ് (ശർവാനി 2/62) 

നിർദ്ദേശിക്കപ്പെട്ട ദിക്റുകൾക്കാവശ്യപ്പെട്ട സമയത്തിലധികം ഫാതിഹ ഓതാനാവശ്യമായത്ര സമയം ഇഅ്തിദാലിനെയും ഏറ്റവും കുറഞ്ഞ അത്തഹിയ്യാത്തിന്റെ സമയം ഇടയിലെ ഇരുത്തത്തെയും മനഃപ്പൂർവ്വം ദീർഘിപ്പിച്ചാൽ നിസ്കാരം ബാത്വിലാകും (തുഹ്ഫ 2/77) 

മനഃപൂർവ്വമല്ലാതെയാണ് നീട്ടിയതെങ്കിൽ സഹ് വിന്റെ സുജൂദ് ചെയ്യണം ഫർള് നിസ്കാരത്തിന്റെ അവസാനത്തെ ഇഅ്തിദാലിൽ 'നാസിലത് ' ഓതാനുണ്ടെങ്കിൽ ദീർഘിപ്പിക്കുന്നതിൽ കുഴപ്പമില്ല (ജമൽ 1/380) 


ഇടി

ഇടിമിന്നലുണ്ടാകുമ്പോൾ തസ്ബീഹ് ചൊല്ലൽ സുന്നത്താണ് സുബൈർ (റ) വിൽനിന്നു സ്വീകാര്യമായിവന്ന ഹദീസിൽ അദ്ദേഹം ഇടിമുഴക്കം കേട്ടാൽ സംസാരം നിറുത്തി, സുബ്ഹാനല്ലദീ യുസബ്ബിഹുർറഹ്ദു ബിഹംദിഹി വൽമലാഇകതു മിൻഖീഫതിഹി ' എന്നു ചൊല്ലിയിരുന്നുവെന്നു കാണാം (തുഹ്ഫ 3/81)  

ഈ സന്ദർഭത്തിൽ ഖുർആൻ പാരായണം ചെയ്യുകയാണെങ്കിൽ പോലും അതു നിറുത്തി ഇങ്ങനെ ചൊല്ലണം ബാങ്കിനോടുള്ള പ്രതികരണത്തോടു താരതമ്യപ്പെടുത്തിയാണീവിധി (മല്ലിസി, ശർവാനി 3/81) 

മഴ, ഇടി, മിന്നൽ എന്നിവ നോക്കിക്കൊണ്ടിരിക്കരുത് ഇമാം മാവറദി (റ) പറയുന്നു കണ്ണുകൊണ്ടോ, മറ്റോ മഴ, ഇടി, കാറ്റ് എന്നിവയിലേക്കു ആംഗ്യം കാണിക്കുന്നത് പൂർവ്വസൂരികൾ വെറുത്തിരുന്നു അത്തരം സമയങ്ങളിലവർ 'ലാഇലാഹ ഇല്ലല്ലാഹുവഹ്ദഹു ലഹു സുബ്ബുഹുൻ, ഖുദ്ദൂസുൻ ' എന്ന് ചൊല്ലിയിരുന്നു ആ പാതയാണ് തെരഞ്ഞെടുക്കേണ്ടത് (തുഹ്ഫ 3/82) 


ഇശ്റാഖ് നിസ്കാരം

സൂര്യൻ ഉദിച്ചയുടനെ കറാഹതായ സമയം കഴിഞ്ഞു നിർവഹിക്കുന്ന രണ്ടുറക്അതാണ് ഇശ്റാഖ് ഇതു ളുഹായല്ല ഇതു സുന്നത്താണ് ഇശ്റാഖുശ്ശംസ് ' എന്ന സുന്നത്ത് നിസ്കരിക്കുന്നു എന്നു കരുതി തക്ബീറതുൽ ഇഹ്റാം ചൊല്ലുക ഇതുനഷ്ടപ്പെട്ടാൽ 'ഖളാഅ് ' വീട്ടൽ സുന്നത്താണ് കാരണം അത് സമയബന്ധിത നിസ്കാരമാണ് സൂര്യൻ ഉദിക്കുന്ന സമയമാണത് ഇത് കറാഹതായ നിസ്കാരത്തിൽ പെടില്ല (ശർവാനി 2/231) 

ഇമാം ഗസ്സാലി (റ) പറയുന്നു: സൂര്യൻ ഉദിച്ച് ചക്രവാളത്തിൽ നിന്നു ഒരു കുന്തത്തിന്റെ പകുതി (സുമാർ പത്ത് മിനിറ്റ്) ഉയർന്നാൽ ഇശ്റാഖിന്റെ രണ്ടുറക്അത്ത് സുന്നത്തു നിസ്കരിക്കണം സൂര്യപ്രകാശത്താൽ കാല് ചൂടുപിടിക്കുമ്പോൾ 'ളുഹാ ' നാലോ, ആറോ, എട്ടോ റക്അതുകൾ നിസ്കരിക്കണം (ഇഹ്‌യ 1/306) 


ഇമാം പ്രതിനിധിയാക്കൽ

ഖുത്വുബ നിർവ്വഹിച്ചയാൾ നിസ്കാരത്തിനു ഇമാമാകാൻ മറ്റൊരാളെ ഏൽപിക്കുകയാണെങ്കിൽ അയാൾ ഖുത്വുബ കേട്ടവനായിരിക്കണമെന്നും എണ്ണപ്പെടുന്ന നാൽപതിൽ പെട്ടവനാണെങ്കിൽ ജുമുഅയെ നിയ്യത്ത് ചെയ്യണമെന്നും നിബന്ധനയുണ്ട് നാൽപതിൽ പെട്ടില്ലെങ്കിൽ ജുമുഅയെ കരുതൽ നിർബന്ധമില്ല ളുഹ്റ് നിസ്കരിക്കുന്നവന്റെ പിന്നിൽ നിന്നും ജുമുഅ നിസ്കരിക്കാമല്ലോ (ശൗബരി, ജമൽ, തർശീഹ് 1/117) 


ഇമാമിന്റെ യോഗ്യതകൾ

ഇമാമാകാൻ ഏറ്റവും അർഹരായവർ ക്രമപ്രകാരം ഇവരാണ് രാഷ്ട്രത്തിലെ ഭരണ കർത്താവ്, നാട്ടിലെ ഭരണാധികാരി, പള്ളിയിലെ സ്ഥിരം ഇമാം, വീട്ടിലാണെങ്കിൽ അവിടെ താമസിക്കുന്നവൻ, കൂടുതൽ കർമ്മശാസ്ത്രമറിയുന്നവൻ, ഖുർആൻ കൂടുതൽ മനഃപ്പാഠമുള്ളവൻ, ഭൗതിക വിരക്തൻ, സൂക്ഷ്മതയുള്ളവൻ, ആദ്യം ഹിജ്റ പോയവൻ, അയാളുടെ പുത്രൻ, ഇസ്ലാമിൽ കൂടുതൽ പ്രായമുള്ളവൻ, കുലമഹിമയുള്ളവൻ, പേരും പ്രശ്സ്തിയുമുള്ളവൻ, വസ്ത്രം, മുഖം, ശരീരം എന്നിവ കൂടുതൽ വൃത്തിയുള്ളവൻ, നല്ലജോലിക്കാരൻ, സ്വരമാധുര്യമുള്ളവൻ, രൂപലാവണ്യമുള്ളവൻ, വിവാഹിതൻ, സദ് വൃത്തയായ ഭാര്യയുള്ളവൻ, (ബുജൈരിമി 1/455) 

കർമ്മശാസ്ത്രജ്ഞാനി എന്നതുകൊണ്ടുദ്ദേശ്യം നിസ്കാരത്തിന്റെ നിയമങ്ങൾ ശരിക്കും മനസ്സിലാക്കിയിട്ടുള്ളവൻ എന്നാണ് അയാൾക്കു ഖുർആനിൽനിന്നു ഫാതിഹയല്ലാത്തതൊന്നും മനഃപ്പാഠമില്ലെങ്കിലും അയാളെക്കാൾ കൂടുതൽ ഖുർആൻ മനഃപ്പാഠമാക്കിയവരുണ്ടെങ്കിലും അയാൾക്കാണു മുൻഗണന സുക്ഷ്മതയുള്ളവരെക്കാളും ഇയാൾക്കാണ് സ്ഥാനം കർമ്മശാസ്ത്രജ്ഞാനമാണിവിടെ പ്രധാനം (തുഹ്ഫ 2/295) 

മയ്യിത്ത് നിസ്കാരത്തിന് തമ്മാടി, നൂതനാശയക്കാർ തുടങ്ങിയവർക്കു ഇമാമത്തിനർഹതയില്ല (നിഹായ 2/564)

സ്ഥലത്തില്ലാത്ത ഉറ്റ ബന്ധുവിന്റെ പ്രതിനിധിക്കാണ് സ്ഥലത്തുള്ള അകന്ന ബന്ധുവിനെക്കാൾ അർഹത (നിഹായ 2/564) 

ഏറ്റവും അർഹതപ്പെട്ടയാൾ സ്ഥലത്തുണ്ട് അയാൾക്കു ഇമാമാവാൻ ആഗ്രഹമുണ്ട്  എങ്കിൽ അയാളുടെ തൃപ്തിയില്ലാതെ മറ്റൊരാൾ നിസ്കാരത്തിനു ഇമാമത് നിൽക്കൽ ഹറാമാണ് (ഇബ്നുഖാസിം 3/153) 


ഇദ്ദ

ഇദ്ദക്കു കാരണക്കാരനായവനിൽ നിന്നുള്ള ഗർഭം പ്രസവിക്കുന്നതോടെ അവളുടെ ഇദ്ദ കഴിയും അവൾ ആർത്തവമുണ്ടാകുന്നവളാണെങ്കിലും പ്രസവത്തോടെ അതുകഴിയും ഇതിൽ മരണ ഇദ്ദയും മറ്റെല്ലാ ഇദ്ദയും തുല്യമാണ് (തുഹ്ഫ 8/239) 

ഗർഭപാത്രത്തിൽ നിലനിൽക്കുകയാണെങ്കിൽ കുട്ടിയുടെ പൂർണ രൂപം പ്രാപിക്കുന്ന മാംസക്കഷ്ണം പ്രസവിച്ചാലും ഇദ്ദ കഴിയും ചോരക്കട്ടയാണ് പുറത്തേക്കുവന്നതെങ്കിൽ ഇദ്ദകഴിയകയില്ല (തുഹ്ഫ 8/ 239) 

ശുദ്ധിസമയത്ത് ത്വലാഖ് ചൊല്ലിയ സ്വതന്ത്രസ്ത്രീയുടെ ശുദ്ധികൊണ്ടുള്ള ഇദ്ദ മുപ്പത്തിരണ്ടുദിവസവും ഒരു നിമിഷവും കൊണ്ട് കഴിയാൻ സാധ്യതയുണ്ട് ആർത്തവ സമയത്ത് ത്വലാഖ് ചൊല്ലിയവളുടേത് നാൽപത്തി ഏഴ് ദിവസവും ഒരു നിമിഷവും കൊണ്ടും കഴിയാൻ സാധ്യതയുണ്ട് (തുഹ്ഫ 8/151) 

ഭർത്താവിന്റെ മരണത്താലോ, മൂന്ന് ത്വലാഖ് ചൊല്ലിയതിനാലോ, ഫസ്ഖിനാലോ ഇദ്ദ ഇരിക്കുന്നവൾ ഇദ്ദ തീരുന്നതുവരെ ഭർത്താവിന്റെ മരണമോ, 'ത്വലാഖ് ' ചൊല്ലലോ ഉണ്ടാകുമ്പോൾ അവളുണ്ടായിരുന്നവീട്ടിൽ തന്നെയാണ് താമസിക്കേണ്ടത് (ഫത്ഹുൽ മുഈൻ: 407) 

ത്വലാഖ് തിരിച്ചെടുക്കാവുന്ന വിധത്തിലാണെങ്കിൽ ഇദ്ദയാചരിക്കുമ്പോൾ ഭർത്താവിന്റെ അനുവാദമില്ലാതെയോ, നിർബന്ധസാഹചര്യമോ ഇല്ലാതെ പുറത്തുപോകാൻ പാടില്ല ഭാര്യയെ പോലെ അവൾക്കു എല്ലാ ചെലവും കൊടുക്കാൻ അവന് നിർബന്ധമായതാണിതിനുകാരണം (ഫത്ഹുൽ മുഈൻ: 407) 

മേൽപറഞ്ഞ വിധത്തിൽ മടക്കിയെടുക്കാൻ പറ്റാത്ത നിലക്കുള്ള വിവാഹമോചനം ചെയ്യപ്പെട്ട ഗർഭിണിക്കും തിരിച്ചെടുക്കാൻ പറ്റുന്നവളെപ്പോലെതന്നെയാണ് (ഫത്ഹുൽ മുഈൻ 408) 
ത്വലാഖ് ചൊല്ലപ്പെട്ടവൾ അവനുമായി പിണങ്ങിയിരുന്നില്ലെങ്കിൽ ഇദ്ദക്ക് അവൾകൊരു വീട് വാടകക്കുവാങ്ങിയെങ്കിലും നൽകണം ഇതു നിർബന്ധമാണ് (തുഹ്ഫ 8/259) 

വീട് പൊളിയുക, കത്തുക, കവർച്ച നടക്കുക, അയൽക്കാർ ദ്രോഹിക്കുക, തുടങ്ങിയ കാരണത്താൽ തനിക്കോ മക്കൾക്കോ സമ്പത്തിനോ വല്ല അപകടവും വരുമെന്ന ആശങ്കയുണ്ടായാൽ ഇദ്ദക്കാരിക്കു വീട്ടുമുറി താമസിക്കുന്നതിനു വിരോധമില്ല (ഫത്ഹുൽ മുഈൻ: 408)
 
സ്വതന്ത്ര സ്ത്രീ ഭർത്താവുമരിച്ചാൽ നാലുമാസവും പത്തു ദിവസവും ഇദ്ദയിരിക്കൽ നിർബന്ധമാണ് മടക്കി എടുക്കാവുന്ന തരത്തിൽ ത്വലാഖ് ചൊല്ലപ്പെട്ടവളും പ്രായം കുറഞ്ഞതിനാലോ മറ്റോ ലൈംഗികബന്ധത്തിലേർപ്പെടാത്തവളും ആർത്തവശുദ്ധിയുണ്ടാകുന്നവളും നാലുമാസവും പത്ത് ദിവസവും തന്നെയാണ് ഇദ്ദയിരിക്കേണ്ടത് (ഫത്ഹുൽ മുഈൻ: 406)  


ഊരക്കു കൈകൊടുക്കൽ

നിസ്കാരത്തിൽ ആവശ്യമില്ലാതെ ഊരക്കു കൈകൊടുക്കൽ കറാഹതാണ് നിസ്കാരത്തിൽ ഊരക്കു കൈകൊടുക്കരുതെന്നു നബി (സ) പറഞ്ഞിട്ടുണ്ട് അത് നിഷേധികളുടെയും, അഹങ്കാരികളുടെയും പ്രവൃത്തിയാണ് അത് നരകക്കാരുടെ, അല്ലെങ്കിൽ പിശാചിന്റെ വിശ്രമമാണെന്നു സ്വീകാര്യമായിവന്നിട്ടുണ്ട് പിശാച് ഊരക്കുകൈകൊടുത്തു കൊണ്ടാണ് സ്വർഗത്തിൽ നിന്നിറങ്ങിയതെന്നു ശറഹുമുസ്ലിമിൽ കാണാം (തുഹ്ഫ 2/165) 


ഉറക്കം

ഇശാഇനുമുമ്പ് മഗ്രിബ് നിസ്കരിച്ചിട്ടുണ്ടെങ്കിൽ പോലും കറാഹതാണ് ബാഹ്യാവസ്ഥ പരിഗണിച്ചാൽ സമയം പ്രവെശിക്കുന്നതിനു മുമ്പ് ഉറങ്ങൽ കറാഹതില്ലെന്നു വ്യക്തമാകും കാരണം അപ്പോൾ അതുകൊണ്ടു ആജ്ഞാപിക്കപ്പെട്ടിട്ടില്ലല്ലോ (മുഗ്നി 1/125) 

ഇബ്നുമസ്ഊദ് (റ) പറഞ്ഞു: യുദ്ധത്തിലെ ഉറക്കം അല്ലാഹുവിൽനിന്നും, നിസ്കാരത്തിലേത് ശൈത്വാനിൽ നിന്നുമുള്ളതാണ് ' (സ്വാവി 2/103) 

പ്രയാസമില്ലാത്തവർക്കു രാത്രിമുഴുവൻ ഉറക്കമൊഴിവാക്കൽ കറാഹതില്ല സ്ഥിരമായി ഉറക്ക് ഒഴിവാക്കുന്നതുനിമിത്തം പ്രയാസമൊന്നും നേരിടുന്നില്ലെങ്കിൽ ആ ഉറക്കമൊഴിക്കൽ സുന്നത്താണെന്നാണ് മുഹിബ്ബുത്തിബ്രി (റ) യുടെ പക്ഷം അല്ലാഹുമായുള്ള സംഭാഷണം ആസ്വദിച്ചനുഭവിക്കുന്നവർക്കു ഇതു പ്രത്യേകിച്ചും സുന്നത്താണ് (ശർവാനി 2/245) 

ദിക്റ് സദസ്സിൽ ഉറങ്ങൽ നല്ലതല്ല അത് അല്ലാഹുവിന്റെ കോപം ഇരട്ടിപ്പിക്കുന്ന ഉറക്കമാണ് (തൻബീഹുൽഗാഫിലീൻ 160) 
ഉറക്കം കൂടുന്നത് വെള്ളം കുടി വർദ്ധിപ്പിക്കുന്നതിനാലാണ് ഉറക്ക് വർദ്ധിച്ചാൽ ആയുസ്സ് പാഴാവും, തഹജ്ജദു നഷ്ടപ്പെടും, മനുഷ്യപ്രകൃതിമന്ദീഭവിക്കും ഹൃദയത്തിനുകാഠിന്യമുണ്ടാകും എഴുപതോളം പുണ്യാത്മാക്കളുടെ ഏകാഭിപ്രായമായി സ്ഥിരീകരിച്ചതാണീ വസ്തുതകൾ (ഇഹ്‌യ 3/74) 


എണ്ണതേക്കൽ

ആവശ്യമനുസരിച്ച് ഇടക്കിടെ എണ്ണതേക്കൽ എല്ലാവർക്കും സുന്നത്താണ് (ഫത്ഹുൽ മുഈൻ 219) 

ഭർത്താവ് ഭാര്യക്ക് എണ്ണയും, സോപ്പും, ചീർപ്പും ഔഷധങ്ങളും അവൻ നാട്ടിൽ ഇല്ലെങ്കിൽ പോലും വാങ്ങികൊടുക്കൽ നിർബന്ധമാണ് അവൾക്കു കുളിക്കുവാനും അലക്കുവാനുമുള്ള ഉപകരണങ്ങളും കൊടുക്കണം ഭക്ഷണത്തിന് കറിപോലെ ശരീരത്തിന് എണ്ണയും സോപ്പും മറ്റും ആവശ്യമാണ് (തുഹ്ഫ 8/312) 

താളി, ചീർപ്പ്, ബ്രഷ്, പല്ല് കുത്തി, എണ്ണ തുടങ്ങിയവയെല്ലാം ശുചീകരണ വസ്തുക്കളിൽ പെടുന്നതുകൊണ്ടാണ് അത് നിർബന്ധമാകുന്നത് (ഫത്ഹുൽ മുഈൻ 417) 

ശരീരത്തിൽ എണ്ണ തേക്കാറുണ്ടെങ്കിൽ അതും ഭർത്താവ് വാങ്ങികൊടുക്കണം എള്ളെണ്ണയോ, നെയ്യോ മറ്റുള്ളതേതാണോ നാട്ടിൽ ഉപയോഗിക്കുന്നത് അതാണ് തേക്കാനും മറ്റും കൊടുക്കേണ്ടത് നാട്ടിലെ പതിവനുസരിച്ച് ആഴ്ചയിൽ ഒന്നോ കൂടുതലോ പ്രവാശ്യം എണ്ണ തേക്കാൻ കൊടുക്കണം (ഫത്ഹുൽ മുഈൻ: 417) 


എഴുന്നേൽക്കൽ

വൈകി തുടർന്നവർ ഇമാം രണ്ടു സലാമും വീട്ടുന്നതിനുമുമ്പ് ബാക്കിയായത് നിർവ്വഹിക്കാൻ എഴുന്നേൽക്കാതിരിക്കൽ സുന്നത്താണ് ഇമാം സലാം വീട്ടുംമുമ്പ് 'ഇമാമുമായി വേർപിരിയുന്നു ' എന്നു കരുതാതെ എഴുന്നേറ്റാൽ നിസ്കാരം ബാത്വിലാകും മറന്നോ, അറിവില്ലാതെയൊ സംഭവിക്കുന്നതിൽ കുഴപ്പമില്ല (തുഹ്ഫ 2/367) 

മഅ്മൂം ഇരിക്കേണ്ട അവസരത്തിലല്ല ഇമാമിനോടൊപ്പം ഇരുന്നതെങ്കിൽ ഇമാം സലാം വീട്ടിയ ശേഷം വേഗം എഴുന്നേൽക്കണം എഴുന്നേൽക്കാൻ താമസിക്കുന്നത് ഹറാമാണ് ഇതറിഞ്ഞിട്ടും മനഃപൂർവ്വം അങ്ങനെ ചെയ്താൽ നിസ്കാരം ബാത്വിലാകും (തുഹ്ഫ 2/367, 368) 

ഇവിടെ എഴുന്നേൽക്കുക എന്നതുകൊണ്ടുദ്ദേശ്യം ഇരുത്തത്തിന്റെ ചുരുങ്ങിയ പരിധിവിട്ടുപിരിയലാണ് (ഫത്ഹുൽ മുഈൻ 120)


കച്ചവടസകാത്ത്

കച്ചവടം കൊല്ലാവസാനം 'നിസാബ് ' (595 ഗ്രാം വെള്ളി യുടെ വിലക്കുള്ള തുക) തികഞ്ഞാൽ അതിന്റെ മൂലധനം നിർബന്ധമാകുന്ന പരിധിയിൽ കുറവാണെങ്കിലും ചരക്കിന്റെ വില കണക്കാക്കി അതിന്റെ രണ്ടരശതമാനം സകാത് കൊടുക്കൽ നിർബന്ധമാണ് (തുഹ്ഫ 3/298) 

കൊല്ലത്തിനിടയിലുള്ള ലാഭം അത് കൊല്ലത്തിനിടയിലോ അവസാനമോ, (കച്ചവടത്തിനിറക്കില്ലെന്ന തീരുമാനത്തോടെ) പണമായി സമാഹരിച്ചു വെച്ചിട്ടില്ലെങ്കിൽ കൊല്ലാവസാനം അതും മൂലധനത്തിൽ ചേർക്കണം (തുഹ്ഫ 3/298) 

ലാഭം പണമായി സമാഹരിച്ചുവെച്ചിട്ടുണ്ടെങ്കിൽ അത് ഒരു കൊല്ലം തികഞ്ഞാൽ അതിന് വേറെ സകാത്ത് കൊടുക്കണം അതിനെ മൂലധനത്തിൽ ചേർക്കില്ലല്ലോ (ഫത്ഹുൽ മുഈൻ 165) 

കച്ചവടചരക്ക് കൊല്ലാവസാനം സകാത്ത് നിർബന്ധമാകുന്ന പരിധി ഉണ്ടായിട്ടില്ലെങ്കിൽ ആ വർഷം സകാത്ത് നിർബന്ധമില്ല ആ വർഷം പൂർത്തിയായതു മുതൽ വീണ്ടും അടുത്ത വർഷം വരുമ്പോൾ സകാത്തിന്റെ പരിധിയെത്തിയാൽ കൊടുക്കണം (തുഹ്ഫ 3/ 293, 294) 

ഒരാൾ മുഹർറം ഒന്നിന് ഒരു ലക്ഷം രൂപമുടക്കി കച്ചവടം തുടങ്ങി, പിന്നെ സഫറിലെ ആദ്യത്തിൽ വീണ്ടും ഒരു ലക്ഷം ഇറക്കി കച്ചവടം വിപുലീകരിച്ചശേഷം റ:അവ്വലിൽ വീണ്ടും ഒരു ലക്ഷം ഇറക്കി അടുത്ത മുഹർറം ഒന്നിന് അതിന്റെ ചരക്കുകൾക്കു സകാത്തിന്റെ പരിധിയുണ്ടെങ്കിൽ അതിനുകൊടുക്കണം ഇല്ലെങ്കിൽ അടുത്ത മാസത്തെ ചരക്കിന്റെയും കൂട്ടി സഫർമാസത്തിൽ സകാത്തിന്റെ പരിധിയുണ്ടെങ്കിൽ അതിനു കൂടെ കൊടുക്കണം ഇല്ലെങ്കിൽ അടുത്ത മാസം റഃ അവ്വലിന്റേതും ചേർത്തു ആ റബീഉൽ അവ്വലിൽ സകാത്തിന്റെ പരിധിയുണ്ടെങ്കിൽ സകാത്ത് നൽകണം (ശർവാനി 3/294) 

കച്ചവടച്ചരക്കിൽ സകാത്ത് അനുവദനീയമായ പരിധി ഉടമയിലായില്ലെങ്കിൽ സകാത്ത് മുൻകൂട്ടി കൊടുക്കൽ അനുവദനീയമാണ് ഇത് മുൻകൂർ സകാത്താണെന്ന് കൊടുക്കുമ്പോൾ നിയ്യത്ത് ചെയ്യണം (തുഹ്ഫ 3/353) 


കച്ചവടം

ഒരേ ഇനത്തിൽപെട്ട പലിശ വരാൻ സാധ്യതയുള്ള വസ്തുക്കളെ പകരത്തിനു പകരം വിൽക്കുമ്പോൾ മൂന്ന് വ്യവസ്ഥകൾ പാലിക്കണം 

ഒന്ന്: പകരം നൽകുന്ന ഈ രണ്ടുവസ്തുക്കളും റൊക്കമായിരിക്കൽ 

രണ്ട്: സദസ്സ് പിരിയുന്നതിനുമുമ്പ് കൈമാറൽ  

മൂന്ന്:അളക്കുന്നതെങ്കിൽ അളവിലും, തൂക്കുന്നതെങ്കിൽ തൂക്കത്തിലും സമമാണെന്നുറപ്പുവരുത്തൽ നിർബന്ധമാണ് സ്വർണ്ണത്തിനു പകരം സ്വർണ്ണം യവത്തിനുപകരം യവം എന്നിവ അതിനുദാഹരണമാണ് (തുഹ്ഫ 4/273,275) 

പലിശവരാവുന്ന സാധനം അതേ ഇനത്തിൽപ്പെട്ടതിനു പകരം മൊത്തത്തിൽ കണക്കാക്കിയോ, സമമാണെന്നധാരണയാലോ വിൽക്കൽ സ്വീകാര്യമല്ല യഥാർത്ഥത്തിൽ അതു രണ്ടും തുല്യമാണെങ്കിലും ഉറപ്പുവരുത്തണം (തുഹ്ഫ 4/279) 

ഗോതമ്പ്, യവം, കാരക്ക, മുന്തിരി, ഉപ്പ്, അരി, ചോളം, ബീൻസ്, തുടങ്ങിയ ഭക്ഷ്യധാന്യങ്ങളിലും, നാണയമായി അടിച്ചതാണെങ്കിലും സ്വർണ്ണം വെള്ളി എന്നിവയിലും മാത്രമാണ് പലിശ വരാൻ ഇടയുള്ളത് (തുഹ്ഫ 4/273) 

ഒരേ ഇനത്തിൽ പെടാത്ത പലിശവരാനിടയുള്ള സാധനം മറ്റൊന്നിനു പകരം വിൽക്കുമ്പോൾ രണ്ടു വ്യവസ്ഥകൾ സ്വീകരിക്കണം 

ഒന്ന്:രണ്ടും റൊക്കമായിരിക്കണം 

രണ്ട്:സദസ്സ് പിരിയുന്നതിനു മുമ്പ് കൈമാറ്റം ചെയ്യണം സമമാക്കൽ നിർബന്ധമില്ല യവത്തിനു പകരം ഗോതമ്പ്, സ്വർണത്തിനു പകരം വെള്ളി എന്നിവ അതിനുദാഹരണമാണ് (തുഹ്ഫ 4/275) 

ഇന്നവിശേഷണങ്ങളുള്ള സാധനം തരാമെന്ന ബാധ്യതയേറ്റു നടത്തുന്ന കച്ചവടമാണ് അവധിക്കച്ചവടം വിൽക്കുന്ന സാധനം നേരിട്ടുകാണണമെന്ന വ്യവസ്ഥയിൽനിന്നു ഇത് ഒഴിവാണ് കച്ചവടത്തിന്റെ മറ്റെല്ലാ നിബന്ധനകളും ഇതിനുബാധകമാണ് (ഫത്ഹുൽ മുഈൻ 234) 

മദ്യമുണ്ടാക്കുമെന്നുറപ്പോ സംശയമോ ഉള്ള തരത്തിലുള്ളവർക്ക് മുന്തിരിയോ മറ്റോ വിൽക്കൽ ഹറാമാണ് (തുഹ്ഫ 4/317) 

കോരിപ്പോരിന് കോഴിയേയും കുത്ത് കൂടുന്ന മൽസരത്തിന് ആടുകളെയും വിൽക്കൽ ഹറാമാണ് (തുഹ്ഫ 4/317) 

ജീവിയെ അറുക്കാതെ തിന്നുമെന്നുറപ്പുള്ള നിഷേധാകൾക്കു മൃഗങ്ങളെ വിൽക്കൽ ഹറാമാണ് (ഫത്ഹുൽ മുഈൻ 237) 

തെറ്റുചെയ്യാൻ സഹായിക്കുമെന്നുറപ്പുള്ളതോ സംശയിക്കുന്നതോ ആയ എല്ല ഇടപാടുകളും ഹറാമാണ് എന്നാലും കച്ചവടം സ്വീകാര്യമാകും (ഫത്ഹുൽമുഈൻ 237) 


കാത്തു നിൽക്കൽ

സ്നേഹന്ധം പരിഗണിച്ചു ജമാഅത്ത് നിസ്കാരത്തിന് ഇമാം കാത്തുനിൽക്കൽ ഹറാമാണ് അങ്ങനെ ചെയ്താൽ കാഫിറാകുമെന്നും അഭിപ്രായമുണ്ട് (ശറഹു ബാഫള്ല്) കുർദിയിൽ പറയുന്നു: ആ സമയത്തെ കാത്തിരിപ്പ് അയാൾ ആരെ സ്നേഹിക്കുന്നുവോ അയാൾക്കു ആരാധന ചെയ്യുംപോലെയാണ് ; അല്ലാഹുവിനല്ല (കുർദി 2/7) 


കലിമ

മരണാസന്നന് 'കലിമ' ചൊല്ലകൊടുക്കുമ്പോൾ പറയൂ എന്നു പറയാതിരിക്കൽ സുന്നത്താണ് (തുഹ്ഫ) അങ്ങനെ പറയൽ കറാഹത്താണ് (മല്ലിസി 2/502)

എങ്കിലും അയാളീ പദം ഓർക്കാനും, പറയാനും ഓർമ്മപ്പെടുത്തണം ഒരു പ്രാവശ്യം പറഞ്ഞാൽ പിന്നെ ആവർത്തിക്കേണ്ട അല്ലെങ്കിൽ അൽപം കഴിഞ്ഞശേഷം വീണ്ടും ഓർമ്മപ്പെടുത്തണം 'കലിമ ' ചൊല്ലിയശേഷം വല്ലതും സംസാരിച്ചാൽ അത് ദിക്റാണെങ്കിൽ പോലും അന്തിവാക്ക് 'ശഹാദതാ ' വാൻ വീണ്ടും പറഞ്ഞുകൊടുക്കണം (തുഹ്ഫ 3/93) 

അനന്തരാവകാശിയോ, ശത്രുവോ, അസൂയക്കാരനോ 'ശഹാദത്ത് ' ചൊല്ലിക്കൊടുക്കാതിരിക്കുന്നതാണുത്തമം തെറ്റിദ്ധാരണയുണ്ടാവാതിരിക്കാനാണിത് ഇനി ഇത്തരക്കാരേ ചൊല്ലിക്കൊടുക്കാനുള്ളുവെങ്കിൽ അവർ തന്നെ നിർവ്വഹിക്കണം അനന്തരാവകാശികളിൽ ഇയാളോടു സ്നേഹമുള്ളവർക്കു ഇക്കാര്യത്തിൽ മുൻഗണന നൽകണം (തുഹ്ഫ 3/93) 

'കലിമ ' അവിശ്വാസികൾക്കാണ് ചൊല്ലിക്കൊടുക്കുന്നതെങ്കിൽ രണ്ടുകലിമയും ചൊല്ലികൊടുക്കണമെന്ന കാര്യത്തിൽ തർക്കമില്ല സാക്ഷ്യവചനമായ അശ്ഹദു ' നിർബന്ധമാണ് കാരണം സാക്ഷ്യ വചനങ്ങൾ രണ്ടുമിലാതെ അവിശ്വാസി വിശ്വാസിയാകില്ല (തുഹ്ഫ 3/93) 


കടം

കടം കൊടുക്കൽ സുന്നത്താണ് അത് പ്രയാസപ്പെടുന്നവനെ രക്ഷപ്പെടാൻ സഹായിക്കലാണ് അതിനാൽ ഇത് പ്രബലമുള്ള സുന്നത്താണ് (തുഹ്ഫ 5/36) 

കടം നൽകുന്നതിനെക്കാൾ ദാനം കൊടുക്കുന്നതിനാണ് ശ്രേഷ്ഠത കടംവാങ്ങേണ്ട നിർബന്ധാവസ്ഥയിലല്ലെങ്കിലാണീ കടം കൊടുക്കൽ സുന്നത്ത് നിർബന്ധസഹാചര്യത്തിലാണെങ്കിൽ അത് കൊടുക്കൽ നിർബന്ധമാണ് (ഫത്ഹുൽ മുഈൻ 249) 

അവധി നിശ്ചയിക്കാത്ത കടം വേഗത്തിൽ വീട്ടാനും അവധിയുള്ളതാണെങ്കിൽ അതെത്തിയാൽ വീട്ടാനും വ്യക്തമായ മാർഗ്ഗമില്ലാതെ നിർബന്ധസാഹചര്യമില്ലെങ്കിൽ കടം വാങ്ങൽ ഹറാമാണ് (ഫത്ഹുൽ മുഈൻ 249) 

കടം വാങ്ങുന്നവൻ അത് തെറ്റായ മാർഗത്തിൽ ചെലവഴിക്കുമെന്നറിയുകയോ, ധാരണയുണ്ടാവുകയോ ചെയ്താൽ കടം കൊടുക്കൽ ഹറാമാണ് (ഫത്ഹുൽ മുഈൻ 249) 

ഒരാൾ കൈകാര്യം ചെയ്യുന്നതും തന്റെ രക്ഷാകർതൃത്വത്തിലുള്ള ആളുടേതുമായ സമ്പത്ത് നിർബന്ധസാഹചര്യത്തിലല്ലാതെ കടം കൊടുക്കൽ ആ രക്ഷിതാവിന് അനുവദനീയമല്ല (തുഹ്ഫ 5/41) 

വ്യവസ്ഥ നിശ്ചയിക്കാതെ കടം വാങ്ങിയവനിൽ നിന്നു ലഭിക്കുന്ന ലാഭം കടംകൊടുത്തവന് വാങ്ങൽ അനുവദനീയമാണ് വാങ്ങിയതിലധികം മടക്കിക്കൊടുക്കുക, മോശമായതിനുപകരം മുന്തിയത് തിരിച്ചു കൊടുക്കൽ, പോലെയുള്ളത് അതിനുദാഹരണങ്ങളാണ് മാത്രമല്ല വാങ്ങിയതിൽ കൂടുതൽ തിരിച്ചുകൊടുക്കൽ സുന്നത്താണ് (തുഹ്ഫ 5/47) 

സന്തോഷാവസരങ്ങളിൽ നൽകാറുള്ള സമ്മാനദാനങ്ങൾ സംഭാവനകളായതിനാൽ അതു കടമല്ലെന്നാണ് യുക്തമായ പക്ഷം തുല്യമായതു മടക്കിക്കൊടുക്കൽ പതിവുണ്ടെങ്കിലും അത് കടമല്ല (തുഹ്ഫ 5/44) 

കടം വാങ്ങിയവൻ തരുന്ന സംഭാവനകൾ വാങ്ങാം അത് കറിഹതില്ല അവൻ കൂട്ടിതരുന്നതും വാങ്ങൽ കറാഹതില്ല (ഫത്ഹുൽ മുഈൻ 252) 

കടം കൊടുക്കാൻ വല്ലതും വ്യവസ്ഥയായി നിശ്ചയിച്ചാൽ അതു സ്വീകാര്യമല്ല 'ആദായം ലഭിക്കാനുള്ള എല്ലാ കടവും പലിശയാണെ' ന്നു ഹദീസിലുണ്ട് അതാണിതിന്നടിസ്ഥാനം (തുഹ്ഫ 5/46) 

കടം കിട്ടാൻ ഒരാളുടെ സാധനം അതിന്റെ സാധാരണ കൂലിയെക്കാൾ അധികം വാടകക്ക് ചോദിച്ചവന് കൊടുക്കുന്ന കടം സ്വീകാര്യമല്ലാത്തതിൽ പെടും (ഫത്ഹുൽ മുഈൻ 252) 


കഫൻ ചെയ്യൽ

കഫൻ പുടവക്ക് അലക്കിയ വസ്ത്രമാണ് പുതിയതിനെക്കാൾ ഉത്തമം അത് ദ്രവിക്കാനുള്ളതാണല്ലോ 'കഫൻ പുടവ നിങ്ങൾ നന്നാക്കുക ' എന്ന മുസ്ലിം റിപ്പോർട്ടു ചെയ്ത ഹദീസിന്റെ ഉദ്ദേശ്യം വെളുത്തതും, വൃത്തിയുള്ളതും കട്ടിയുള്ളതും വിശാലമായതുമായ വസ്ത്രമായിരിക്കുക എന്നാണ് അതല്ലാതെ മേന്മയേറിയ വസ്ത്രമെന്നല്ല മേന്മ കറാഹത്താണ് അതിനുവിലക്കുണ്ട് (ശറഹുബാഫള്ല് 2/109) 

ഇബ്നുഹജർ (റ) തുഹ്ഫയിൽ പറയുന്നത് അലക്കിയ വസ്ത്രമാണ് പുതിയതിനെക്കാളുത്തമമെന്നും പുതിയതിന്നർഹർ ജീവിച്ചിരിക്കുന്നവരാണെന്നും അബൂബക്കർ (റ) പറഞ്ഞിട്ടുണ്ട് എന്നാൽ ഹദീസിന്റെ ലക്ഷ്യവും, ഉദ്ധരണിയും നോക്കുമ്പോൾ പുതിയതാണേറ്റവും ഉത്തമമെന്നാണ് മദ്ഹബ് നബി (സ) യെ പുതിയതിലാണ് കഫൻ ചെയ്തത് സ്വഹാബികളൊന്നും ഇത് എതിർത്തില്ല (തുഹ്ഫ 3/185) 

കഫൻ പുടവ തയ്യാറാക്കിവെക്കൽ സുന്നത്തില്ല എന്നാൽ സ്വന്തം കഫൻ പുടവ ഹലാലായ ധനം ഉപയോഗിച്ചുവാങ്ങിയതാണെന്നുറപ്പ് വരുത്തുക സ്വാലിഹീങ്ങളിൽ നിന്നുലഭിച്ച വസ്ത്രത്തിൽ കഫൻ ചെയ്യണമെന്ന് ആഗ്രഹിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുണ്ടെങ്കിൽ സൂക്ഷിച്ചുവെക്കൽ നല്ലതാണ് (നിഹായ 2/534, മുഗ്നി 1/339)  

കഫൻ പുടവ അന്യനായ ഒരാൾ സൗജന്യമായി നൽകിയാൽ അനന്തരാവകാശികൾ അനുവദിച്ചാലല്ലാതെ അതിൽ കഫൻ ചെയ്യാൻ പാടില്ല ഔദാര്യം ഒഴിവാക്കാനാണിത് (നിഹായ 2/529) 

ഒരു അനന്തരാവകാശി കഫൻ പുടവയുടെ ചെലവ് സ്വയം വഹിക്കാൻ തയ്യാറായി എന്നാൽ മറ്റൊരവകാശിപറഞ്ഞത് അത് അനന്തരസ്വത്തിൽ നിന്നെടുക്കണമെന്നാണ് എങ്കിൽ രണ്ടാമന്റെ ആവശ്യം അംഗീകരിക്കണം കാരണം സ്വത്തുണ്ടായിരിക്കെ മറ്റൊരാളുടെ ഔദാര്യം ഒഴിവാക്കുന്നതാണു നല്ലത് (തുഹ്ഫ 3/120) 


കുട്ടി

പള്ളിയിൽ കുട്ടികളെ പഠിപ്പിക്കുന്നതിനെകുറിച്ചു ഇമാം ഖഫ്ഫാലി (റ) യോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: മിക്കവാറും കുട്ടികളിൽ നിന്നു ഉപദ്രവമാണുണ്ടാവുക, അതിനാൽ അവരെ അതിൽ നിന്നു തടയൽ അനുവദനീയമാണ് (തുഹ്ഫ 6/222) 

ഇമാം ഖുർത്വുബി (റ) പറയുന്നു: പള്ളിയിൽ വെച്ചു കുട്ടികളെ പഠിപ്പിക്കുന്നത് ചിലജ്ഞാനികൾ വിലക്കിയിട്ടുണ്ട് പഠിപ്പിക്കുന്നത് പ്രതിഫലം പറ്റിയാണെങ്കിലും, സൗജന്യമായിട്ടാണെങ്കിലും തടയപ്പെടേണ്ടതാണ് കാരണം പള്ളിയുടെ വിശുദ്ധി സൂക്ഷിക്കാൻ അവർക്കറിയില്ല അഴുക്കും മാലിന്യങ്ങളുമൊക്കെ അവർ പള്ളിലെത്തിക്കാൻ സാധ്യതയുണ്ട് അത് കാരണം പള്ളി വൃത്തികേടാവാൻ ഇടവരുന്നു പള്ളിവൃത്തിയായി സൂക്ഷിക്കാൻ കൽപനയുണ്ട് പള്ളികളിൽനിന്നു കുട്ടികളെ തടയണമെന്നു ഹദീസിലുമുണ്ട് (അഹ്കാമുൽ മസാജിദ് 327) 

വകതിരിവെത്തിയ കുട്ടികൾ പള്ളി മലിനമാക്കുമെന്ന ആശങ്കയില്ലെങ്കിൽ പള്ളിയിൽ പ്രവേശിക്കുന്നത് തടയേണ്ടതില്ല കുട്ടികൾ പള്ളി അശുദ്ധമാക്കുമെന്ന് ആശങ്കയുണ്ടെങ്കിൽ രക്ഷിതാവ് അവരെ തടയേണ്ടതാണ് (അഹ്കാമുമസാജിദ് 313) 

ഒരു അധ്യാപകൻ വിദ്യാർത്ഥിയെ അടിച്ചു ആ വിദ്യാർത്ഥി മരിച്ചാൽ അധ്യാപകൻ ബാധ്യസ്ഥനാകും (തുഹ്ഫ 6/180 )

പെൺകുട്ടികളുടെ കാത് കുത്തുന്നതിനു വിരോധമില്ല ആൺകുട്ടികളുടേത് കുത്തൽ ഹറാമാണ് (ഫത്ഹുൽ മുഈൻ 460) 

ഭാര്യയുടെയും കുട്ടിയുടെയും ഇടയിൽ വേർപെടുത്തൽ ഹറാമാണെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട് വിവാഹമോചിതയാണെങ്കിൽ കുഴപ്പമില്ല (ഫത്ഹുൽ മുഈൻ 234) 

മാതാവില്ലാതിരിക്കുമ്പോൾ മാതാവിന്റെ സ്ഥാനത്താണ് കുട്ടിക്ക് തന്റെ പിതാവും മാതാമഹിയും പിതാവിന്റെ ഭാഗത്തിലൂടെയുള്ള ഉമ്മയും മാതാവിന്റെ ഭാഗത്തിലൂടെയുള്ള ഉമ്മയും അതിൽപെടും (തുഹ്ഫ 4/320) 

കുട്ടിക്കാലത്തെ പ്രത്യേക സംരക്ഷണം വിവേകതയുള്ള കുട്ടിക്കാവശ്യമില്ലാത്തതിനാൽ ഉമ്മയെയും കുട്ടിയെയും വേർപെടുത്തൽ ഹറാമില്ല (തുഹ്ഫ 4/320) 

തള്ളയുടെ പാലല്ലാത്ത പാല് കൊണ്ടോ മറ്റോ വേറിട്ടു ജീവിക്കാൻ കഴിയുന്ന മൃഗ കുട്ടിയെ വേർപെടുത്താം എന്നാൽ മുലകുടിക്കുന്ന മൃഗക്കുട്ടിയാണെങ്കിൽ കറാഹത്താണ് (തുഹ്ഫ 4/321) 

വിവേകതയുള്ള മനുഷ്യകുട്ടിയെ പ്രായപൂർത്തിയാവാതെ മാതാവിൽനിന്നും വേർപെടുത്തൽ കറാഹത്താണ് (തുഹ്ഫ 4/320)  

മൃഗക്കുട്ടിതള്ളയുടെ പാല്കൊണ്ടല്ലാതെ ജീവിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ വേർപെടുത്തൽ ഹറാമാണ് അറുക്കാനാണെങ്കിൽ ഇങ്ങനെ വേർപെടുത്തുന്നതിന് വിരോധമില്ല കുട്ടിയെ നിറുത്തി തള്ളയെ അറുക്കൽ ഹറാമാണെന്ന് സുബ്കി (റ) വിശദീകരിച്ചിട്ടുണ്ട് (തുഹ്ഫ 4/321) 


കുട്ടികളെ പിടിച്ചുമാറ്റൽ

മുൻഅണിയിൽ നിന്ന കുട്ടികളെ വലിയർവർക്കു വേണ്ടി പിന്നിലേക്കു പിടിച്ചു മാറ്റേണ്ടതില്ല (തുഹ്ഫ 2/307) 

അവരെ പിന്നിലേക്കു മാറ്റാതിരിക്കൽ സുന്നത്താണ് ഇവർ മുന്നിലാവുന്നത് പിന്നിലുള്ളവർക്കു കുഴപ്പമുണ്ടാക്കിയിട്ടില്ലെങ്കിലാണിത് കുഴപ്പമുണ്ടാകുമെങ്കിൽ അവരെ പിന്നിലേക്കു മാറ്റൽ സുന്നത്താണെന്ന് വ്യക്തമായ അഭിപ്രായം കുഴപ്പം ഒഴിവാക്കാനാണിത് (മല്ലിസി, ശർവാനി 2/307) 

വിവേകതയെത്തിയ കുട്ടികളോടും മറ്റും മരണത്തെ സ്മരിക്കണമെന്നു നിർദ്ദേശിക്കാൻ രക്ഷിതാക്കളോട് കൽപനയുണ്ട് (ഇബ്നുഖാസിം 3/89)


കുളി

ഒരാൾ ഒരു സ്ത്രീയുടെ അടുത്തോ, സുന്ദരനായ ആൺകുട്ടിയുടെ അടുത്തോ ഉറങ്ങുകയും അയാൾക്കു സ്വപ്ന സ്ഖലനമുണ്ടാവുകയും ചെയ്തു ഉടനെ കുളിച്ചാൽ അയാൾക്കു മാനഹാനിയുണ്ടാകുമെന്നു ഭയം തയമും അനുവദനീയമാകാൻ ഇതൊരുകാരണമാവും സമ്പത്ത് നഷ്ടപ്പെടുന്നതിനെക്കാൾ പ്രയാസമേറിയതാണിത് എങ്കിലും അയാൾ ശരീരത്തിൽനിന്നു കഴുകാൻ സൗകര്യപ്പെടുന്നത്ര കഴുകി തയമും ചെയ്തു നിസ്കരിക്കുകയും പിന്നെ ഖളാഅ് വീട്ടുകയും വേണം തണുപ്പിനുള്ള തയമും പോലെയാണിത് (ശർവാനി 1/270) 

കുളിക്കുമ്പോൾ ചെവി ചായ്ചു കഴുകൽ ബലമായ സുന്നത്താണ് ഒരു കോരൽ വെള്ളമെടുത്തു ചെവി അതിൽ ചയ്ച്ചുവെക്കണം ഉള്ളിലേക്കു വെള്ളം കടക്കാതിരിക്കാനാണ് ഇങ്ങനെ ചായ്ക്കുന്നത് നോമ്പുള്ളവർ ഇങ്ങനെ ചെയ്യൽ അനിവാര്യമാണ് ഉള്ളിൽ വെള്ളം കടന്നുനോമ്പുമുറിയാതിരിക്കാനാണിത് (കുർദി 1/160) 

മൈതാനിയിലും മറ്റും കുളിക്കുമ്പോൾ ഒറ്റക്കാണെങ്കിൽ മറക്കാനൊന്നും ലഭിച്ചില്ലെങ്കിൽ ഒരു വൃത്തംവരച്ച് 'ബിസ്മി ' ചൊല്ലി അതിൽ കുളിക്കുക ഇതു സുന്നത്താണ് (കുർദി 1/162) 

അശദ്ധിനീക്കാൻ കുളിച്ചാൽ പിന്നെ പ്രത്യേകം വുളൂഅ് ചെയ്യേണ്ടതില്ല കുളിയോടൊപ്പം വുളൂഇന്റെ നിയ്യത്ത് ചെയ്തില്ലെങ്കിലും വുളൂഇന്റെ അവയവങ്ങൾ ക്രമപ്രകാരം കഴുകിയില്ലെങ്കിലും കുഴപ്പമില്ല വലിയ അശുദ്ധി നീങ്ങുമ്പോൾ ചെറുതും നീങ്ങുന്നതിനാലാണിത് (തുഹ്ഫ 1/288) 

ജനാബത് കുളിച്ചശേഷം ശരീരത്തിൽ വെള്ളമെത്താത്ത അൽപസ്ഥലം കണ്ടാൽ അവിടെ മാത്രം കഴുകിയാൽമതി കുളിയിൽ ക്രമം പാലിക്കൽ നിർബന്ധമില്ലാത്തതാണ് കാലണം (ബിഗ്യ 1/25)  

ജുമുഅകുളിയുടെ സുന്നത്ത് ഞാൻ കരുതി, പെരുന്നാൾ കുളിയുടെ സുന്നത്ത് ഞാൻ കരുതി എന്നു കരുതുംപോലെ സുന്നത്ത് കുളികളിൽ അതിന്റെ കാരണങ്ങൾ കരുതണം ബോധം തെളിഞ്ഞവനും മാനസികം സുഖമായവനും ജനാബത് ഉയർത്തൽ പോലെയുള്ളതാണ് കരുതേണ്ടത് (ശർവാനി 1/90) 
നിർബന്ധവും സുന്നത്തുമായ കുളിക്കു ഞാൻ നിർബന്ധവും സുന്നത്തുമായ കുളി നിർവഹിക്കുന്നു എന്നു കരുതണം (ശർഖാവി 1/92)  


കുഴിച്ചിടൽ

ജീവിതകാലത്ത് ശരീരത്തിൽ നിന്ന് വേർപിരിയുന്നതെല്ലാം കുഴിച്ചിടൽ സുന്നത്താണ് ചേലാകർമ്മസമയത്ത് ഛേദിക്കപ്പെട്ട ലിംഗ ചർമ്മവും കുഴിച്ചിടൽ സുന്നത്താണ് (തുഹ്ഫ 3/161) 


കൂലി

നികാഹിൽ ഈജാബ് (ഇടപാടുവാക്യം) ചൊല്ലികൊടുക്കുന്നതിനു ഖാളികൂലി വാങ്ങൽ ഹറാമാണ് അത് നിഷ്പ്രയാസം ചെയ്യാവുന്നതാണിതിനുകാരണമെന്നു ഇബ്നുസിയാദ് ഫത് വ നൽകി (ഫത്ഹുൽമുഈൻ 280) 

ഖാളി സ്ത്രീയുടെ രക്ഷിതാവല്ലെങ്കിൽ കൂലി വാങ്ങാമെന്ന് ഇബ്നു സിയാദിനുമുമ്പ് അല്ലാമാ ഉമറുൽ ഫതാഫത് വ നൽകിയിട്ടുണ്ട് അദ്ദേഹം പറയുന്നു: രക്ഷിതാവിനും, വരനും ഖാളി നികാഹിന്റെ പദങ്ങൾ ചൊല്ലികൊടുത്താൽ രണ്ടാളും തൃപ്തിപ്പെട്ടുകൊടുക്കുന്നതു  എത്ര കൂടുതലാണെങ്കിലും ഖാളിക്കുവാങ്ങാം (ഫത്ഹുൽ മുഈൻ 280) 

സ്ത്രീക്കു ഖാളിയല്ലാത്ത രക്ഷിതാവില്ലെങ്കിൽ നികാഹിന്റെ 'ഈജാബു ' മാത്രം ചൊല്ലിക്കൊടുത്തതിനു കൂലിയായി ഒന്നും ഖാളിക്കു വാങ്ങാൻ പാടില്ല അത് ഖാളിയുടെ നിർബന്ധപണിയായതാണിതിനു കാരണം (ഫതുഹുൽ മുഈൻ 280) 

ഹജ്ജും, ഉംറയുമല്ലാത്ത നിയ്യത്തു നിർബന്ധമായ ആരാധനകൾ നിർവ്വഹിക്കാൻ കൂലിക്കു ആളെ വെക്കൽ സ്വീകാര്യമല്ല (തുഹ്ഫ 6/155) 

നിസ്കരിക്കാൻ കൂലിക്ക് ആളെ വിളിച്ചാൽ സ്വീകാര്യമല്ല കാരണം നിസ്കരിച്ചതിന്റെ പ്രതിഫലം അതു നിർവ്വഹിച്ചവനാണ് കൂലികൊടുത്തവന് ലഭിക്കില്ല (തുഹ്ഫ 6/157) 

തറാവീഹോ, മറ്റോ നിസ്കരിക്കുന്ന ഇമാമിന് കൂലികൊടുക്കലും സ്വീകാര്യമല്ല കാരണം അയാൾ നിസ്കരിക്കുന്നത് അയാൾക്കാണ് അയാൾ ഇമാമാണെന്നു കരുതിയില്ലെങ്കിൽ പോലും തുടർന്നവർക്കു അയാളോട് തുടരാമല്ലോ (തുഹ്ഫ 6/156) 

നിയ്യത്ത് ആവശ്യമില്ലാത്ത ബാങ്ക് പോലെയുള്ളതിന് കൂലി നിശ്ചയിക്കാം ആ കൂലി കൃത്യമായി പാലിക്കേണ്ടതുപോലെയുള്ള കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കാനും കൂടിയാണ് (തുഹ്ഫ 6/156)  

മയ്യിത്തു പരിപാലിക്കുക, ഖുർആൻ പൂർണ്ണമായോ ഭാഗികമായോ പഠിപ്പിക്കുക എന്നിവർക്കും കൂലിവാങ്ങുന്നതിനു വിരോധമില്ല (ഫത്ഹുൽ മുഈൻ 280) 
പഠിപ്പിക്കാൻ പറ്റുന്ന ഒരദ്ധ്യാപകനേ ഉള്ളൂ, അതിനാൽ അയാൾക്കത് ബാധ്യതയായിട്ടുണ്ട് എന്നാലും കൂലി വാങ്ങുന്നതിനു തെറ്റില്ല 'നിങ്ങൾ കൂലിവാങ്ങാൻ ഏറ്റവും അർഹതപ്പെട്ടത് ഖുർആനാണെ ' നബി (സ) യുടെ വാക്യം ഇതിന്നടിസ്ഥാനമാണ് (തുഹ്ഫ 6/156) 


കൊലപാതകം

ഒരാളെ നിർബന്ധിച്ചു മറ്റൊരാൾ മരത്തിൽ കയറ്റി അവനതിന്മേൽ നിന്നുവഴുതി വീണുമരിച്ചു എന്നാൽ കയറ്റിയവന് വധശിക്ഷയില്ല അത് സാധാരണ വഴുക്കാറുള്ള മരമാണെങ്കിൽ അത് മനഃപൂർവ്വകൊലക്കു സാമ്യതയുള്ള കൊലയാണ് അല്ലെങ്കിൽ അബദ്ധത്തിലുള്ള കൊലയുമാണ് (തുഹ്ഫ 8/390) 

നിശ്ചിത വ്യക്തിയെ കൊല ചെയ്യാനോ, കൊലയിലെത്തുന്ന പ്രവർത്തിചെയ്യാനോ ഉദ്ദേശിക്കാതെ സംഭവിച്ചു പോകുന്നതാണ് അബദ്ധകൊല ഒരാൾ കാലു വഴുതിമറ്റൊരാളുടെ മേൽ വീണു അതോടെ അയാൾ മരിച്ചാൽ ഇതു കൊല ഉദ്ദേശിക്കാത്തതുകൊണ്ടു അബദ്ധ കൊലക്കുദാഹരണമാണ് (ഫത്ഹുൽ മുഈൻ 435) 

ഒരു പ്രത്യേക സ്ഥലത്തേക്കെറിഞ്ഞ കല്ല് ഉന്നം തെറ്റിമറ്റൊരാളുടെ മേൽ പതിച്ചു അതിനാൽ അയാൾ മരണപ്പെട്ടാൽ അബദ്ധകൊലയാണ് (ഫത്ഹുൽ മുഈൻ 435) 

രണ്ടാളുകൾ കൂടി ഒരേസമയം കൊല്ലുന്നകർമ്മങ്ങൾ ഒരാളിൽ ചെയ്തു അങ്ങനെ അയാൾ മരിച്ചാൽ രണ്ടാളും കൊലക്കുറ്റം ചെയ്തവരും വധശിക്ഷ കിട്ടേണ്ടവരുമാണ് (തുഹ്ഫ  8/392) 

ബുദ്ധിയും, പ്രായപൂർത്തിയുമായവൻ കൊന്നാലേ വധശിക്ഷ നൽകൂ മാനസിക രോഗിയോ, കുട്ടിയോ കൊന്നാൽ അവർക്കു വധശിക്ഷയില്ല എന്നാൽ ലഹരിയുപയോഗിച്ചു ബുദ്ധിനീങ്ങി വധം നടത്തിയാൽ അവനെ വധിക്കണം (ഫത്ഹുൽ മുഈൻ 437) 

ഒരു സംഘമാളുകൾ ഒരാളെ ജീവൻ നഷ്ടപ്പെടാനിടയുള്ള തരത്തിൽ മുറിവേൽപ്പിച്ചു അങ്ങനെ അയാൾ മരിച്ചാൽ അവരെല്ലാവരെയും വധിക്കണം അവരേൽപ്പിച്ച മുറിവുകൾ ചിലതുചിലതിനെക്കാൾ മാരകമാണെങ്കിലും, കൊല്ലുന്ന കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായക്കാരായിരുന്നില്ലെങ്കിലും ശരി അവരെയെല്ലാം വധിക്കണം (ഫത്ഹുൽ മുഈൻ 437) 

മാരണം ചെയ്തു കൊണ്ടാണ് വധിച്ചതെന്നറിഞ്ഞാൽ അവനെ വാൾ കൊണ്ടു കൊല്ലണം (ഫത്ഹുൽ മുഈൻ 438) 

ഒരാൾ തന്റെ ഭാര്യയെ മറ്റൊരാൾ ഭോഗിക്കുന്നത് കണ്ടു അവനെ കൊന്നാൽ അതിന് ക്രിമിനൽ ശിക്ഷയോ, പ്രായശ്ചിത്തമോ ഇല്ല അഭിമാനവും സ്വാഭാവികദേഷ്യവും അതിനിടയാക്കുന്നു എന്നതാണ് കാരണം (തുഹ്ഫ 9/176) 


കോഴി

അർശിനെ ചുമക്കുന്ന മലക്കുകളുടെ ബാങ്കിന്റെ സമയത്താണ് കോഴി കൂവുന്നതെന്ന് പ്രസിദ്ധപ്പെട്ടിട്ടുണ്ട് അതിന്റെ കൂവലിന്റെ സൂചന: 'അശ്രദ്ധരേ! നിങ്ങൾ അല്ലാഹുവിനെ സ്മരിക്കൂ ' എന്നാണത്രെ (ഹാശിയതുജമൽ 1/281) 

കൈ ഉയർത്തൽ

ഖുതുബയിൽ പ്രാർത്ഥനാ സമയത്ത് ഖത്തീബ് കൈഉയർത്തൽ കറാഹതാണെന്നു ഇമാം ബൈഹഖി (റ) പറഞ്ഞിട്ടുണ്ട് അതിനു മുസ്ലിമിന്റെ ഹദീസ് രേഖയാണ് (ശർവാനി 2/67) 


കണ്ണ്

ഉപദ്രവമൊന്നും ഭയപ്പെടാനില്ലാത്ത സാഹചര്യത്തിൽ നിസ്കാരത്തിൽ കണ്ണ് ചിമ്മൽ കറാഹത്തില്ല അതിനു പ്രത്യേക വിലക്കൊന്നും സ്വീകാര്യമായിവന്നിട്ടില്ല (തുഹ്ഫ 2/100) 

എങ്കിലും അത് ഉത്തമമല്ല (മല്ലിസി, ശർവാനി 32/100) 

കണ്ണു തുറന്നുവെച്ചാൽ നിഷിദ്ധമായതുകാണാൻ നിർബന്ധിതനാകുമെങ്കിൽ ചിമ്മൽ നിർബന്ധമാണ് (ഇബ്നുഖാസിം 2/100) 

നഗ്നത, സൗന്ദര്യമുള്ള ബാലൻമാർ തുടങ്ങിയവർ ആകർഷിക്കപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ അതിൽനിന്നു രക്ഷപ്പെടാൻ കണ്ണ് ചിമ്മൽ നിർബന്ധമാണ് (തർശീഹ് 1/73) 

നിസ്കാരത്തിൽ ശ്രദ്ധതെറ്റിച്ചുകളയുന്ന അലങ്കരിക്കപ്പെട്ട ചുമരോ, മറ്റോ മുമ്പിലുണ്ടെങ്കിൽ കണ്ണുചിമ്മൽ സുന്നത്താണ്; ചിമ്മാതിരിക്കൽ കറാഹതും ഇബ്നുഅബ്ദുസ്സലാം (റ) പറഞ്ഞു: കണ്ണു സുജൂദിൽ വ്യാപൃതമാകാൻ സുജൂദിൽ അത് തുറന്നുവെക്കൽ സുന്നത്താണ് (മല്ലിസി, ശർവാനി 2/100, ജമൽ 1/400) 


കാറ്റ്

കാറ്റിനെ ശകാരിക്കൽ കറാഹത്താണ് 'കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തിൽ പെട്ടതാണ് അത് അനുഗ്രഹത്തെയും ശിക്ഷയെയും കൊണ്ടുവരും കാറ്റുവന്നാൽ അതിനെ നിങ്ങൾ ശകാരിക്കരുത്  നിങ്ങൾ അതിലെ നന്മ ചോദിക്കുക തിന്മയിൽനിന്നു അല്ലാഹുവിൽ അഭയം പ്രാപിക്കുകയും ചെയ്യുക ' എന്ന ഹദീസാണിതിനടിസ്ഥാനം (തുഹ്ഫ 3/82) 


നല്ല കാര്യങ്ങളുടെ തുടക്കം എപ്പോൾ

നല്ല കാര്യങ്ങൾ എന്തുതന്നെയായാലും അതെല്ലാം നല്ല സമയങ്ങളിൽ നല്ല മനസ്സോടെ നല്ല ദിവസങ്ങളിൽ നല്ലവരുടെ സാന്നിധ്യത്തിലായിത്തന്നെ ചെയ്യുവാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും പ്രത്യേകിച്ച് നികാഹ്, വീടുപണി തുടക്കം, ഗൃഹപ്രവേശം, യാത്രകൾ, വിൽക്കൽ , വാങ്ങൽ തുടങ്ങിയ  ധാരാളം കാര്യങ്ങൾ ഇത്തരം നല്ല കാര്യങ്ങൾക്ക് നല്ല ദിവസവും സമയവും അന്വേഷിച്ച് നാം പണ്ഡിതന്മാരെ സമീപിക്കാറുണ്ട് നമ്മുടെ നല്ല മനസിന്റെ അടയാളമാണിതെല്ലാം ഈ വിഷയത്തിലെ മസ്അല എന്താണെന്ന് നമുക്കു പരിശോധിക്കാം 

രണ്ടാം ശാഫിഈയും ഔലിയാക്കളിലെ അൽ ഖുത്വുബുമായ ഇമാം നവവി(റ) എഴുതുന്നു: ഖുർആൻ പാരായണം, ഹദീസ് പാരായണം, ഫിഖ്ഹ് പഠനം ,തസ്ബീഹ് ചൊല്ലൽ, ശർഇയ്യായ അറിവുകൾ ഇഅ്തികാഫ്, ഇബാദത്തുകൾ അല്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ അതെല്ലാം രാവിലെയോ മറ്റുള്ള സമയങ്ങളിലോ ചെയ്യുവാൻ സൗകര്യപ്രദമാവുന്ന കാര്യങ്ങളാണെങ്കിൽ രാവിലെ ചെയ്യലാണ് സുന്നത്ത് അപ്രകാരം യാത്ര, നികാഹ് പോലോത്ത കാര്യങ്ങളും രാവിലെയാണ് സുന്നത്ത് (റഊസുൽ മസാഇൽ: 120)

അതിനാൽ സൽകർമങ്ങളെല്ലാം പ്രഭാതത്തിൽ തന്നെ ചെയ്യുവാൻ നാം ശ്രമിക്കണം അത് സുന്നത്താണ് മാത്രമല്ല, പ്രഭാതത്തിൽ എന്റെ സമുദായത്തിന് നീ ബറകത്ത് നൽകേണമേ എന്ന് നബി (സ) ദുആ ചെയ്തിട്ടുണ്ട് ആ ബറകത്ത് നമുക്കും നമ്മുടെ പ്രവർത്തനങ്ങൾക്കും ലഭിക്കും രാവിലെയാണ് നല്ല കാര്യങ്ങൾക്കെല്ലാം സുന്നത്തെങ്കിലും ചില കാര്യങ്ങൾക്ക് പ്രഭാതത്തിലാവലോടൊപ്പം ചില മാസങ്ങളും ദിവസങ്ങളും സ്ഥലങ്ങളും കൂടി സുന്നത്താകുന്നു നികാഹ് അതിൽ പെട്ടതാകുന്നു 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: നികാഹും ഭാര്യയുമായുള്ള സമ്പർക്കവും ശവ്വാലിലാവൽ സുന്നത്താകുന്നു ഇതു രണ്ടിലും ആഇശ(റ)യെ തൊട്ട് ഹദീസ് സ്വഹീഹായിട്ടുണ്ട് നികാഹ് പള്ളിയിൽ വെച്ചാവലും വെള്ളിയാഴ്ചയാവലും പ്രഭാതത്തിലാവലും സുന്നത്താകുന്നു അല്ലാഹുവേ , എന്റെ സമുദായത്തിന് പ്രഭാതത്തിൽ നീ ബറകത്ത് നൽകേണമേ എന്ന ഹദീസാണിതിനാധാരം (തുഹ്ഫ: 7/255)

ഇമാം നവവി(റ) എഴുതുന്നു: സ്വഖ്റ് ബ്നു വദഅഃ (റ)വിൽ നിന്ന് നിവേദനം നബി (സ) പറഞ്ഞു: 'അല്ലാഹുവേ, എന്റെ സമുദായത്തിന് പ്രഭാതത്തിൽ നീ ബറകത്ത് നൽകേണമേ ' നബി (സ) സൈന്യത്തെ അയച്ചിരുന്നത് പ്രഭാതത്തിലായിരുന്നു (റുഊസുൽ മസാഇൽ :121)


ഖുർആൻ പാരായണം ഉത്തമ സമയങ്ങൾ

തിലാവത്തുൽ ഖുർആൻ അഥവാ ഖുർആൻ പാരായണം വളരെയധികം ശ്രേഷ്ഠതയുള്ളതും മഹത്വമേറിയതുമാണ് പൂർവികരായ മഹാന്മാർ ഖുർആൻ പാരായണത്തിനായി ധാരാളം സമയം നീക്കിവെച്ചിരുന്നു ഖുർആൻ പാരായണത്തിലൂടെ അല്ലാഹുവിലേക്കുള്ള അടുപ്പവും വലിയ പ്രതിഫലവും അവരെ ദിനേന ഖുർആൻ പാരായണക്കാരാക്കി മാറ്റി 

ഇമാം നവവി(റ) എഴുതുന്നു: ഖുർആൻ പാരായണം തസ്ബീഹിനേക്കാളും തഹ് ലീലിനേക്കാളും മറ്റു ദിക്റുകളേക്കാളും ശ്രേഷ്ഠമാകുന്നു (അത്തിബ് യാൻ : 25)

ഇമാം നവവി(റ) തന്നെ എഴുതുന്നു: തീർച്ചയായും ഖുർആൻ പാരായണം ദിക്റുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമാകുന്നു രാത്രിയിലും പകലിലും യാത്രയിലും താമസസ്ഥലത്തും പാരായണത്തിന്മേൽ അതീവ ശ്രദ്ധാലുവാകാൽ അത്യാവശ്യമാകുന്നു (അദ്കാർ: 95)

ഖുർആൻ പാരായണത്തിന് പ്രത്യേക സമയങ്ങളോ കാലങ്ങളോ ഇല്ല എപ്പോഴും ഏതു സമയത്തും പാരായണമാവാം സൗകര്യങ്ങളും സമയങ്ങളും നാം തന്നെ ചിട്ടപ്പെടുത്തുക എന്നാൽ ഖുർആൻ പാരായണത്തിന് ഏതു സമയവും പറ്റുമെങ്കിലും സമയങ്ങളെ കൂട്ടത്തിൽ ഉത്തമമായ സമയങ്ങളുണ്ട് ആ സമയങ്ങളെ പ്രത്യേകമായി കണക്കിലെടുക്കൽ ശ്രേഷ്ഠതയുണ്ട് 

ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: ഖുർആൻ പാരായണത്തിന് സമയങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠത പകലിൽ സുബ്ഹിക്കുശേഷവും രാത്രിയിൽ അത്താഴ സമയത്തും ഇശാ മഗ്രിബിനിടയിലുമാകുന്നു രാത്രിയിലെ പാരായണമാകുന്നു ഏറ്റവും ഉത്തമം (ഫത്ഹുൽ മുഈൻ : 200)

രാത്രിയിൽ അങ്ങാടിയിലും പീടിക വരാന്തയിലും വീട്ടിൽ വെച്ചും അനാവശ്യ സംസാരങ്ങളിലും പൊട്ടിച്ചിരികളിലും ഏർപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവണത നമുക്കിടയിൽ ദിവസംതോറും വർധിച്ചുകൊണ്ടിരിക്കുകയാകുന്നു ഈയൊരു മുസ്വീബത്തിൽ നിന്ന് നമുക്കു രക്ഷപ്പെടുവാനുള്ള മാർഗമാണ് വാങ്ക് കൊടുത്ത ഉടനെ മഗ്രിബ് നിസ്കരിച്ച് ഖിബ് ലക്ക് തിരിഞ്ഞ് ഇശാവരെ ഖുർആൻ ഓതൽ ഒരു ദിനചര്യയാക്കൽ നാട്ടിൽ വെച്ചും പുറം നാട്ടിൽ വെച്ചും ഈ ചര്യ നാം മുറുകെ പിടിക്കൽ നമുക്കുള്ള പാരത്രിക രക്ഷാകവചമാകുന്നു പ്രത്യേകിച്ചും ഖുർആൻ പാരായണത്തിൽ നിന്ന് പിന്നോട്ടടിക്കുന്ന ഈ കാലത്ത് ഇതൊരു മാർഗം കാണിക്കലുമാകുന്നു 

ഇമാം നവവി(റ) എഴുതുന്നു: ഖുർആൻ പാരായണം ഏറ്റവും ശ്രേഷ്ഠത നിസ്കാരത്തിലാകുന്നു 

ഇമാം ശാഫിഈ (റ) യുടെയും മറ്റുള്ളവരുടെയും മദ്ഹബ് നിസ്കാരത്തിൽ സുജൂദും മറ്റും  ദീർഘിപ്പിക്കുന്നതിനേക്കാൾ ഉത്തമം ഖുർആൻ പാരായണം കൊണ്ട് നിർത്തം ദീർഘിപ്പിക്കലാകുന്നു നിസ്കാരത്തിലല്ലാത്തപ്പോൾ ശ്രേഷ്ഠത രാത്രിയിലെ പാരായണത്തിനാകുന്നു രാത്രിയുടെ ആദ്യത്തിനേക്കാൾ ശ്രേഷ്ഠത രാത്രി പകുതിക്ക് ശേഷമുള്ള പാരായണത്തിനാകുന്നു ഇശാ-മഗ്രിബിനിടയിലുള്ള പാരായണം ഇഷ്ടമാക്കപ്പെട്ടതാകുന്നു 
പകലിൽ സുബ്ഹിക്ക് പിറകെയുള്ള പാരായണം ശ്രേഷ്ഠമായതാകുന്നു ഖുർആൻ പാരായണം ഒരു സമയത്തും കറാഹത്തില്ല നിസ്കാരം വിരോധിച്ച സമയങ്ങളിലും പാരായണം നിരോധിച്ചിട്ടില്ല വെള്ളി, തിങ്കൾ, വ്യാഴം, അറഫ, ദുൽഹിജ്ജയിലെ ആദ്യത്തെ പത്തുദിനങ്ങൾ  ; റമളാനിലെ അവസാനത്തെ പത്തു ദിനങ്ങൾ പാരായണത്തിനു തിരഞ്ഞെടുക്കാവുന്ന  ദിനങ്ങളാണ് മാസത്തിൽ റമളാനും (അദ്കാർ: 96)

പാരായണത്തിന് ഉത്തമം മാസങ്ങളിൽ റമളാൻ തന്നെയായതുകൊണ്ട് ധാരാളം ഖത്മുകൾ തീർക്കാൻ നാം ശ്രദ്ധിക്കണം റബീഉൽ അവ്വലിനെ നബി (സ)യുടെ മദ്ഹ് പാരായണം ചെയ്യൽകൊണ്ടും റമളാനിനെ ഖുർആൻ പാരായണം കൊണ്ടും നാം ജീവിപ്പിക്കണം 


പാരായണത്തിന്റെ അദബുകൾ

ഇമാം നവവി(റ) എഴുതുന്നു: ഖുർആൻ പാരായണം ഉദ്ദേശിക്കുന്നവൻ മിസ് വാക് കൊണ്ടോ അല്ലാതെയോ വായുശുദ്ധീകരിക്കണം അറാക് കൊണ്ടാവലാണ് സുന്നത്ത് ഭക്തിയും താഴ്മയും അർത്ഥചിന്തയും പാരായണം ചെയ്യുമ്പോൾ ഉണ്ടാവണം ഇതാണ് പാരായണത്തിന്റെ ലക്ഷ്യം അതു കാരണം ഹൃദയം പ്രകാശപൂരിതമാവുകയും വിശാലതയുണ്ടാവുകയും ചെയ്യും 

ഖുർആൻ പാരായാണത്തിൽ അർത്ഥ വിശാലത ചിന്തിച്ച് പൂർവിക മഹത്തുക്കൾ ചിലർ പരിസരം മറന്ന് അട്ടഹസിക്കുകയും ചിലർ മരിക്കുകയും ചെയ്തിട്ടുണ്ട് പാരായണ വേളയിൽ കരയലും കരച്ചിലില്ലാത്തവൻ ഉണ്ടാക്കിക്കരയലും സുന്നത്താണ് പാരായണ വേളയിൽ കരയൽ ആരിഫീങ്ങളുടെ വിശേഷണവും സജ്ജനങ്ങളുടെ മുഖവുരയുമാണ് ഹൃദയ രോഗത്തിന്റെ ഔഷധങ്ങളിലൊന്നാണ് അർത്ഥചിന്തയോടുള്ള പാരായണം (അദ്കാർ:100)

ഇമാം നവവി(റ) തന്നെ എഴുതുന്നു നബി (സ) പറഞ്ഞു നിങ്ങൾ ഖുർആൻ ഓതുക, കരയുക, കരച്ചിലില്ലെങ്കിൽ കരച്ചിൽ വരുത്തി കരയുക ഉമർ (റ) ജമാഅത്തായി  സ്വുബ്ഹി നിസ്കരിച്ചു യൂസുഫ് സൂറത്താണോതിയത് മഹാൻ കരഞ്ഞു കണ്ണുനീർ ഒഴുകി 

ഇമാം ഗസ്സാലി(റ) പറഞ്ഞു: ഖുർആൻ പാരായണത്തോടൊപ്പം കരയൽ സുന്നത്താകുന്നു (അത്തിബ് യാൻ : 92) 

ഖുർആൻ പാരായണം ചെയ്യുമ്പോൾ പാലിക്കേണ്ട ചില അദബുകളാണ് നാം കണ്ടത് ഭൗതിക സുഖാസ്വാദനത്തിന് വേണ്ടി കരയുന്ന നാം പാരത്രിക ലോകത്തിലെ അവസ്ഥയോർത്ത് കരയൽ വിരളമാണ് ഖുർആൻ പാരായണ വേളയിൽ കരച്ചിൽ വരുന്നില്ലെങ്കിൽ വരുത്തിക്കരയണമെന്നാണ് നബി (സ) നമ്മെ പഠിപ്പിച്ചത് എന്തെ നമുക്കൊന്ന് കരഞ്ഞാൽ കരച്ചിൽ വരുന്നില്ലെങ്കിൽ കരച്ചിൽ വരുത്തണം കരഞ്ഞ് അഭിനയിക്കരുത് കരച്ചിൽ വരുത്തിക്കരഞ്ഞാൽ പിന്നീട് കരച്ചിൽ താനേ വരും അത് മാറ്റത്തിന്റെ അടയാളമാണ് മാറ്റം സ്വലാഹിയ്യത്തിന്റെ പാതയാണ് അതിനാൽ കരയുക, കരച്ചിൽ വരുത്തുക പാരായണത്തിന് ഇനിയും ധാരാളം അദബുകളുണ്ട് ചിലത് കാണുക 

👉 ശുദ്ധിയോട് കൂടി മാത്രമേ ഖുർആൻ സ്പർശിക്കാവൂ 
👉 സുഗന്ധം ഉപയോഗിക്കണം
👉 മിസ് വാക്ക് ചെയ്യണം
👉 ചാരിയിരിക്കരുത്
👉 നല്ലപോലെ ഇരിക്കണം
👉 ഭംഗിയുള്ള വസ്ത്രം ധരിക്കണം
👉 ഖിബ് ലയിലേക്ക് തിരിഞ്ഞിരിക്കണം 
👉 കോട്ടുവായ ഇടുമ്പോൾ പാരായണം നിർത്തണം 
👉 അഊദും ബിസ്മിയും ഓതണം 
👉 സംസാരിക്കാൻ വേണ്ടി പാരായണം നിർത്തരുത് അത്യാവശ്യമാണെങ്കിൽ നിർത്താം
👉 അർത്ഥം ചിന്തിച്ച് സാവധാനത്തിൽ ഓതുക 
👉 പാരായണം അവസാനിച്ചാൽ 'സ്വദഖല്ലാഹുൽ അളീം' എന്ന് ചൊല്ലണം
👉 ഖുർആനിൽ ഉള്ളതുപോലെ വഴിക്കുവഴിയായി ഓതണം 
👉 മുസ്വ് ഹഫ് ശുദ്ധിയുള്ള ഉയർന്ന സ്ഥലത്തോ അതിന്റെ പെട്ടിയിലോ വെക്കണം 
👉 മുസ്വ് ഹഫ് എഴുതിയത് തുപ്പൽകൊണ്ട് മായ്ക്കരുത് കഴുകിയത് ശിഫ തേടി കുടിക്കാം അല്ലെങ്കിൽ ശുദ്ധിയുള്ള (മനുഷ്യൻ നടക്കാത്ത) സ്ഥലത്ത് ഒഴിക്കാം 
👉 അങ്ങാടികളിൽ വെച്ചും അപശബ്ദങ്ങളുള്ളിടത്തുവെച്ചും ഓതരുത് 
👉 മുസ്വ് ഹഫിനെ ചെറുതായി കാണരുത് 
👉 ചുമരിലും ഭൂമിക്കു മുകളിലും ഖുർആൻ എഴുതരുത് പള്ളികളിൽ എഴുതുന്നതുപോലെ ഭൂമിക്കു മുകളിൽ ഖുർആൻ എഴുതിയ സ്ഥലത്തുകൂടെ നബി (സ) നടന്നുപോയപ്പോൾ ഹുദൈലികളിൽപെട്ട ഒരു യുവാവിനോടു ചോദിച്ചു: ഇതെന്താണ്? യുവാവ് പറഞ്ഞു: അല്ലാഹുവിന്റെ കിതാബ് യഹൂദിയാണ് എഴുതിയത് നബി (സ) പറഞ്ഞു: ഇതു ചെയ്തവനെ അല്ലാഹു ശപിക്കട്ടെ അല്ലാഹുവിന്റെ കിതാബ് അതിന്റെ സ്ഥലത്തല്ലാതെ നിങ്ങൾ വെക്കരുത്  തന്റെ മകൻ ചുമരിനു മീതെ ഖുർആൻ എഴുതുന്നതു കണ്ടപ്പോൾ ഉമറുബ്നു അബ്ദിൽ അസീസ് (റ) മകനെ അടിച്ചു 
👉 ഖുർആൻ ഓതി പൂർത്തിയാക്കി ഖത്തം തീർത്താൽ നിർത്തിവെക്കാതെ അപ്പോൾ തന്നെ പുതിയ ഖത്തം തുടങ്ങണം 
👉 ഖുർആൻ ഖത്തം തീർത്താൽ കുടുംബക്കാരെ വിളിച്ച് ദുആ ചെയ്യണം (സ്വാവി: 4/358)


സലാമില്ലാത്ത സ്വലാത്ത് കറാഹത്തോ

നബി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ സലാമില്ലെങ്കിൽ കറാഹത്തല്ലേയെന്നാണ് ചിലരുടെയൊക്കെ സംശയം സലാമില്ലാതെ സ്വലാത്ത് കറാഹത്താണെങ്കിൽ സ്വലാത്തിന്റെ കൂട്ടത്തിൽ ഏറെ ശ്രേഷ്ഠതയുള്ള ഇബ്റാഹീമിയാ സ്വലാത്തും കറാഹത്താകുമോ? കാരണം അതിൽ സലാമില്ലല്ലോ?

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: സ്വലാത്ത്,സലാമ് രണ്ടാലൊന്നിലാവൽ കറാഹത്താകുന്നു (തുഹ്ഫ: 1/30)

സ്വലാത്തിൽ സലാമുണ്ടാവണമെന്നും സലാമിൽ സ്വലാത്തുണ്ടാവണമെന്നും മേൽ ഉദ്ധരണിയിൽ നിന്ന് മനസ്സിലാക്കാം അല്ലാത്ത പക്ഷം കറാഹത്താകുന്നു എന്നാൽ ഈ കറാഹത്ത് നബി (സ)യിൽ നിന്ന് സലാമില്ലാതെ സ്വലാത്ത് മാത്രമായി വാരിദായ സ്വലാത്തിനും ബാധകമാണോ?

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: സ്വലാത്തിന്റെ മേൽ പരിമിതപ്പെടുത്തിയ വാരിദിൽ കറാഹത്ത് വരുന്നതല്ല (ഫതാവൽ ഹദീസിയ്യ: 114)

സലാമില്ലാതെ സ്വലാത്തു മാത്രം വാരിദായി വന്നാൽ അത്തരം വാരിദുകളിൽ സ്വലാത്ത് മാത്രം ചൊല്ലൽ കറാഹത്തില്ല നബി (സ) യോട് സലാം പറയുമ്പോൾ സ്വലാത്തില്ലാതെ സലാം പറഞ്ഞാലും കറാഹത്ത് ഉണ്ടാകുന്നതല്ല (ഇആനത്തുത്വാലിബീൻ : 1/27)

ചുരുക്കത്തിൽ സ്വലാത്തില്ലാത്ത സലാമും സലാമില്ലാത്ത സ്വലാത്തും നിരുപാധികം കറാഹത്താണെന്ന് പറഞ്ഞുകൂടാ നബി (സ)യെ തൊട്ടുവന്ന ഏതു സ്വലാത്തിലും സലാമില്ലെങ്കിലും കറഹത്തില്ലെന്ന് വ്യക്തമായി 
നബി (സ) യുടെ മേൽ ചൊല്ലുന്ന സ്വലാത്ത് വളരെ ഭക്തിയോടും താഴ്മയോടും കൂടി ചൊല്ലണം പ്രത്യേകിച്ചും നബി (സ)യുടെ നാമം പ്രഭാഷണത്തിലോ  സംസാരത്തിലോ കടന്നുവന്നാൽ സ്വലാത്തു മറക്കാതെ തന്നെ ചൊല്ലാൻ ശ്രമിക്കണം കേട്ടിട്ട് സ്വലാത്ത് ചൊല്ലിയില്ലെങ്കിലുള്ള താക്കീതുകൾ വിവരിച്ചതിനുശേഷം ഇമാം ഹജർ ഹൈതമി(റ) എഴുതുന്നു: ഇതു മുഴുവനും ശക്തിയായ താക്കീതാകുന്നു ആ താക്കീതുകൾ അറിയിക്കുന്നത് മഹാപാപത്തേയാകുന്നു ശാഫിഈ,മാലികി, ഹനഫി, ഹമ്പലി മദ്ഹബുകളിലെ ചില പണ്ഡിതന്മാർ നബി(സ)യുടെ നാമം കേട്ടിട്ട് സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട് (അസ്സവാജിർ : 1/246)


കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത്

നമ്മുടെ കുട്ടികൾ നമ്മുടെ അമാനത്തുകളാണ് ദുനിയാവിലും ആഖിറത്തിലും വിജയിച്ചവരാകണം നമ്മുടെ മക്കളെന്ന് നാമോരോരുത്തരും വളരെയധികം ആഗ്രഹിക്കുന്നവരാണ് എന്നാൽ നമ്മുടെ കുട്ടികളെ ആദ്യമായി പഠിപ്പിക്കേണ്ടത് എന്താണെന്ന് പലർക്കുമറിയില്ല അതുകൊണ്ടുതന്നെ പലർക്കും പല അഭിപ്രായങ്ങളാണ് ഈ വിഷയത്തിൽ നാം അറിഞ്ഞിരിക്കേണ്ട മസ്അല എന്താണെന്ന് നോക്കാം 

ഇമാം സൈനുദ്ദീൻ അഹ്മദ് മഖ്ദൂം(റ) എഴുതുന്നു: നിസ്കാരം കൊണ്ട് കൽപിക്കുന്നതിനേക്കാൾ ആദ്യത്തിൽ മാതാപിതാക്കൾ വകതിരിവുള്ള കുട്ടിക്ക് പഠിപ്പിച്ചു കൊടുക്കൽ നിർബന്ധമായത് നമ്മുടെ നബി മുഹമ്മദ് (സ) മക്കയിൽ ജനിച്ചു മദീനയിൽ വഫാത്തായി എന്നാകുന്നു (ഫത്ഹുൽ മുഈൻ :7)

രണ്ട് ശഹാദത്തും പഠിപ്പിച്ച് കൊടുക്കുന്നതിനേക്കാൾ മുമ്പ് ഇതാണ് മക്കളെ ആദ്യം പഠിപ്പിക്കേണ്ടത് ഇത് പഠിപ്പിക്കുന്നതിനാൽ അല്ലാഹുവിനെയും റസൂലിനെയും അറിയാനാവും (അൽ അജ് വിബത്തുൽ അജീബ:11)

അല്ലാഹുവിനെയും റസൂലിനെയും അറിയാമെന്നു പറഞ്ഞാൽ ഓരോ കുട്ടിയെയും ഗ്രാഹ്യമനുസരിച്ചായിരിക്കും അല്ലാഹുവിനെയും റസൂലിനെയും അറിഞ്ഞതിനു ശേഷം ശഹാദത്ത് പഠിപ്പിക്കുമ്പോഴേ അതിന്റേതായ നേട്ടം കൈവരിക്കാനാവുകയുള്ളൂ 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: അറിയൽ അങ്ങേയറ്റം ആവശ്യമായ നിഷേധിച്ചാൽ കാഫിറാകുന്ന കാര്യങ്ങൾ കുട്ടിക്ക് പഠിപ്പിച്ച് കൊടുക്കൽ നിർബന്ധമാകുന്നു നബി (സ)  ജനിച്ചത് മക്കയിലാണെന്നും വഫാത്തായത് മദീനയിലാണെന്നും അതിൽ പെട്ടതാകുന്നു ഇത് രണ്ടും നിഷേധിക്കൽ കുഫ്റാകുന്നു എന്നാൽ കാര്യം ഇതു രണ്ടിലും ക്ലിപ്തമല്ല നിഷേധിക്കാൻ പറ്റുംവിധം പ്രത്യക്ഷമായ നബി (സ) യുടെ വിശേഷണങ്ങൾ കുട്ടിക്ക് പഠിപ്പിച്ച് കൊടുക്കണം പിന്നെ നിന്റെ ദീനും നുബുവ്വത്തും നിസാലത്തും വിശദീകരിച്ചു കൊടുക്കലും നിശ്ചയമായും മുഹമ്മദ് (സ) ഖുറൈശിയിൽ പെട്ടതാണെന്നും അവിടുത്തെ പിതാവ്-മാതാവിന്റെ പേരും സർവ സൃഷ്ടികളിലേക്കും നബിയും റസൂലുമാണെന്നും അവിടുത്തെ നിറം ഏതാണെന്നും പഠിപ്പിക്കൽ നിർബന്ധമാകുന്നു (തുഹ്ഫ: 1/479)


മുടിക്ക് കറുത്ത ചായം കൊടുക്കൽ

തലമുടിക്കും താടിരോമത്തിനും ചായം നൽകൽ സുന്നത്തുമുണ്ട് , ഹറാമുമുണ്ട് നിരുപാധികം ഇസ്ലാം ഇതു വിരോധിച്ചിട്ടില്ല 

ഇമാം നവവി(റ) എഴുതുന്നു: ചുവപ്പ് കൊണ്ടോ മഞ്ഞകൊണ്ടോ നരക്ക് ചായം കൊടുക്കൽ സുന്നത്താകുന്നു നമ്മുടെ അസ്വ് ഹാബ് ഇതിൽ യോജിച്ചിരിക്കുന്നു ഇമാം സ്വമീരി(റ) , ഇമാം ബഗ് വി(റ) മറ്റുള്ളവരും ഇതു വ്യക്തമാക്കിയിട്ടുണ്ട് (ശർഹുൽ മുഹദ്ദബ്: 1/360) 

എന്നാൽ കറുപ്പ് കൊണ്ട് തലക്കും താടിക്കും ചായം കൊടുക്കൽ ഹറാമാണെന്നാണ് ഇമാമുകൾ രേഖപ്പെടുത്തിയത് 

ഇമാം നവവി(റ) എഴുതുന്നു: കറുപ്പ് കൊണ്ട് താടിക്കും തലക്കും ചായം കൊടുക്കൽ ആക്ഷേപിക്കപ്പെട്ടതാണെന്നതിൽ ഫുഖഹാഅ് യോജിച്ചിട്ടുണ്ട് ഇമാം മാവർദി(റ) പറഞ്ഞു: യുദ്ധം യുദ്ധംചെയ്യുന്നവനൊഴികെ കറുപ്പു ചായം കൊടുക്കുന്നതിൽ പുരുഷനും സ്ത്രീയും വ്യത്യാസമില്ല ഇതാണ് നമ്മുടെ മദ്ഹബ് (ശർഹുൽ മുഹദ്ദബ്: 1/361)

ശാഫിഈ മദ്ഹബ് താടിക്കും തലക്കും കറുപ്പു ചായം കൊടുക്കൽ ഹറാമാണെന്ന് ഇമാം നവവി(റ) രേഖപ്പെടുത്തിയതു നാം കണ്ടു അതിനാൽ ഇത്തരം കാര്യങ്ങൾ പൂർണമായും നാം ഒഴിവാക്കണം  


സ്വുബ്ഹിക്ക് രണ്ടു വാങ്ക്

അഞ്ച് വഖ്ത് നിസ്കാരങ്ങൾക്ക് വാങ്കും ഇഖാമത്തും പുരുഷന് സുന്നത്താകുന്നു ഓരോ നിസ്കാരത്തിന്റെയും വഖ്ത് ആയതിനു ശേഷമേ വാങ്കും ഇഖാമത്തും സുന്നത്തുള്ളൂ എന്നാൽ സുബ്ഹിക്കും വെള്ളിയാഴ്ച ജുമുഅക്കും രണ്ട് വാങ്ക് സുന്നത്താകുന്നു 

ഇമാം നവവി(റ) എഴുതുന്നു: സുബ്ഹിക്ക് രണ്ടു പ്രാവശ്യം വാങ്ക് കൊടുക്കൽ സുന്നത്താകുന്നു രണ്ടിലൊന്ന് സുബ്ഹിക്ക് മുമ്പും മറ്റേത് സുബ്ഹി ആയ ഉടനെയും (ശർഹുൽ മുഹദ്ദബ് : 3/97) 

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: സുബ്ഹിക്ക് രണ്ട് വാങ്ക് സുന്നത്താകുന്നു ഒന്ന് സുബ്ഹിക്ക് മുമ്പ് മറ്റേത് സുബ്ഹിക്ക് ശേഷം ഒന്നിൽ ചുരുക്കുകയാണെങ്കിൽ സുബുഹിക്ക് ശേഷമുള്ളതാണ് നല്ലത് (ഫത്ഹുൽ മുഈൻ: 98)

സുബ്ഹിക്ക് മുമ്പ് രണ്ട് വാങ്ക് സുന്നത്താണെന്ന് മേൽ വചനങ്ങളിൽ നിന്ന് മനസ്സിലായി മസ്ജിദിൽ ഹറാമിലും മസ്ജിദുന്നബവിയിലും ഇപ്പോഴും രണ്ട് വാങ്കുണ്ട് 

ഇമാം ഇബ്നു ഹാജർ ഹൈതമി(റ) എഴുതുന്നു: പള്ളിയിൽ രണ്ട് മുഅദ്ദിനുണ്ടാവൽ സുന്നത്താകുന്നു ഒരാൾ സുബ്ഹിക്ക് മുമ്പും മറ്റേയാൾ സുബ്ഹിക്ക് ശേഷം വാങ്ക് കൊടുക്കണം നബിചര്യക്ക് വേണ്ടി (തുഹ്ഫ: 1/507)


സ്വദഖ്ത വബരിർത

വാങ്കും ഇഖാമത്തും കേൾക്കുമ്പോൾ നാം സംസാരമൊക്കെ നിർത്തി അവ രണ്ടും ശ്രദ്ധിച്ച് കേൾക്കുകയും അത് ഏത് പറയുകയും ചെയ്യാറുണ്ട് രണ്ട് ഹയ്യാലകളിൽ ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബിലല്ലാഹിൽ അലിയ്യിൽ അളീം എന്നും സുബ്ഹി വാങ്കിൽ അസ്വലാത്തു ഖൈറുൻ മിനന്നൗം എന്നു കേൾക്കുമ്പോൾ സ്വദഖ്ത വബർരിർത എന്നുമാണ് നാമെല്ലാവരും പറയാറുള്ളത് 

ഇങ്ങനെ പറയൽ സുന്നത്താണ് റമളാൻ മാസത്തിലാണ് കൂടുതൽ പേർക്കും സുബ്ഹി വാങ്ക് ശ്രദ്ധിച്ച് കേൾക്കാൻ അവസരമുണ്ടാവാറുള്ളത് 
ഇമാം നവവി(റ) എഴുതുന്നു: അസ്വലാത്തു ഖൈറുൻ മിനന്നൗം എന്ന് മുഅദ്ദിൻ പറയുന്നത് കേട്ടാൽ സ്വദഖ്ത വ ബര് രിർത എന്ന് കേൾക്കുമ്പോൾ ചൊല്ലൽ സുന്നത്താകുന്നു (ശർഹുൽ മുഹദ്ദബ്:3/124)

ഇമാം ഇബ്നു ഹാജർ ഹൈതമി(റ) എഴുതുന്നു: തസ്ബീഹിൽ (അസ്വലാത്തു ഖൈറുൻ മിനന്നൗം) സ്വദഖ്ത വ ബർറിർത എന്ന് ചൊല്ലൽ സുന്നത്താകുന്നു (തുഹ്ഫ:1/481)

ഇനി മുതൽ സുബ്ഹ് വാങ്ക് കേൾക്കുമ്പോഴെല്ലാം നാം ശ്രദ്ധിച്ച് കേട്ട് ജവാബ് നൽകണം തസ് വീബിൽ മേൽ ദിക്ർ മറക്കാതെ ചൊല്ലുകയും വേണം


സ്ത്രീയും കുട്ടിയും വാങ്ക് വിളിക്കൽ

ഫർള് നിസ്കാരങ്ങൾക്ക് മുമ്പ് പുരുഷന് വാങ്കും ഇഖാമത്തും സുന്നത്താകുന്നു എന്നാൽ സ്ത്രീകളും കുട്ടികളും വാങ്ക് വിളിച്ചാൽ സ്വഹീഹാവുമോ? നമുക്ക് നോക്കാം 

ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസാലി(റ) എഴുതുന്നു: വാങ്ക് കൊടുക്കുന്നവൻ മുസ്ലിംമും പുരുഷനും ബുദ്ധിയുള്ളവനുമായിരിക്കൽ നിബന്ധനയാണ് അതുകൊണ്ടുതന്നെ അവിശ്വാസി , സ്ത്രീ , ഭ്രാന്തൻ, മസ്തായവൻ എന്നിവരിൽ നിന്നൊന്നും വാങ്ക് സ്വഹീഹാവുന്നതല്ല വകതിരിവുള്ള കുട്ടിയുടെ വാങ്ക് സ്വഹീഹാവുന്നതാണ് (അൽ വജീസ്: 32)

ഇമാം നവവി(റ) എഴുതുന്നു: വകതിരിവില്ലാത്തവൻ സ്ത്രീ, അവിശ്വാസി തുടങ്ങിയവരിൽ നിന്ന് വാങ്ക് സ്വഹീഹാവുന്നതല്ല (അൽ അദ്കാർ: 36)
ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: സ്ത്രീകൾക്ക് ഒറ്റക്കും ജമാഅത്തായിട്ടും നിസ്കരിക്കുമ്പോൾ ഇഖാമത്ത് സുന്നത്താകുന്നു , വാങ്ക് സുന്നത്തില്ല (തുഹ്ഫ: 1/466)

സ്ത്രീ വാങ്ക് സ്വഹീഹാവുന്നതല്ലെന്ന് നമുക്ക് മനസ്സിലായി വകതിരിവുള്ള കുട്ടിയുടെ വാങ്ക് സ്വഹീഹാവുന്നതാണ് 

ഇമാം നവവി(റ) എഴുതുന്നു: പുരുഷന്മാർക്കു വേണ്ടി സ്ത്രീകൾ വാങ്ക് വിളിച്ചാൽ സ്വഹീഹാവില്ലെന്നാണ് ശാഫിഈ മദ്ഹബ് ഭൂരിപക്ഷം പണ്ഡിതർ തറപ്പിച്ച് പറഞ്ഞതും ഇമാം ശാഫിഈ (റ ) ഉമ്മിൽ വ്യക്തമാക്കിയതും ഇതാണ് ഈ അഭിപ്രായത്തിന്മേൽ പണ്ഡിതൻമാർ യോജിപ്പാണെന്നതിനെ ഇമാമുൽ ഹറമൈനി(റ) ഉദ്ധരിച്ചിട്ടുണ്ട് സ്ത്രീകളുടെ ജമാഅത്തിൽ അവർക്ക് ഇഖാമത്ത് സുന്നത്താണ് വാങ്ക് സുന്നത്തില്ലെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും ഉറപ്പിച്ച് പറഞ്ഞതും ഇമാം ശാഫിഈ (റ) ജദീദിലും ഖദീമിലും വ്യക്തമാക്കിയതും (ശർഹുൽ മുഹദ്ദബ്; 3/108)

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: ഫാസിഖും, കുട്ടിയും വാങ്ക് വിളി വിളിക്കൽ കറാഹത്താകുന്നു (തുഹ്ഫ: 1/503)

ഇമാം സഈദ് ബാ അശ്ൻ (റ) എഴുതുന്നു: ഫാസിഖും കുട്ടിക്കും സ്വന്തത്തിന് വാങ്ക് വിളിക്കൽ കറാഹത്തില്ല (ബുശ്റൽ കരീം: 1/61)

കുട്ടിയും ഫാസിഖും സ്വന്തമായി നിസ്കരിക്കുമ്പോൾ വാങ്ക് വിളിക്കൽ കറാഹത്തില്ല അതേ സമയം വഖ്ത് അറിയിക്കുവാനുള്ള വാങ്ക് ഇരുവർക്കും കറാഹത്താകുന്നു അവർ വാങ്ക് വിളിച്ചാൽ സ്വഹീഹാവുന്നതാണ് കുട്ടികളെ മുഅദ്ദിനായി നിശ്ചയിക്കൽ സ്വഹീഹല്ല അത് ഹറാമാകുന്നതാണെന്ന് തുഹ്ഫ: 1/503-ൽ നിന്ന് ഗ്രഹിക്കാവുന്നതാണ്


വാങ്ക് സുന്നത്ത് എപ്പോഴെല്ലാം

അഞ്ച് വഖ്ത് നിസ്കാരത്തിന് വാങ്കും ഇഖാമത്തും സുന്നത്താകുന്നു നിസ്കാരത്തിനല്ലാതെ വേറെയും ചില കാര്യങ്ങൾ വാങ്കും ഇഖാമത്തും സുന്നത്തുണ്ട് ചിലതിന് വാങ്ക് മാത്രവും സുന്നത്തുണ്ട് 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: പ്രസവിച്ച കുട്ടി, മനോവിഷമം , ദേഷ്യം പിടിച്ചവൻ, ചീത്ത സ്വഭാവമുള്ള മനുഷ്യൻ,മൃഗം, ജിന്ന് ബാധയേറ്റവൻ എന്നിവരുടെ ചെവിയിൽ വാങ്ക് കൊടുക്കൽ സുന്നത്താകുന്നു(തുഹ്ഫ: 1/492)

ഇമാം സൈനുദ്ദീൻ അഹ്മദ് മഖ്ദൂം (റ) എഴുതുന്നു: പ്രസവിച്ച കുട്ടിയുടെ ചെവിയിലും യാത്രക്കാരന്റെ പിന്നിലും വാങ്കും ഇഖാമത്തും വിളിക്കൽ സുന്നത്താകുന്നു (ഫത്ഹുൽ മുഈൻ:97, തുഹ്ഫ:1/492)

യാത്രക്കാരന്റെ പിന്നിൽ വാങ്ക് സുന്നത്താകുന്നത് ആ യാത്ര തെറ്റുകളും കുറ്റങ്ങളും ഇല്ലാത്ത യാത്രയാകുമ്പോഴാണ് (ശർവാനി: 1/492)

ചുരുക്കത്തിൽ നിസ്കാരത്തിനു മാത്രമേ വാങ്ക് സുന്നത്തുള്ളൂ വെന്ന ധാരണ ശരിയല്ല മേൽപറഞ്ഞ കാര്യങ്ങൾക്കും വാങ്ക് സുന്നത്താകുന്നു


ളഈഫായ ഹദീസ് എന്ത്, എന്തിനെല്ലാം?

സ്വഹീഹായ ഹദീസ് ളഈഫായ ഹദീസ് എന്നിങ്ങനെ നാം പലപ്പോഴും കേട്ടതാണ് സ്വഹീഹായ ഹദീസ് പ്രമാണമാണെന്ന് എല്ലാവർക്കുമറിയാം 

എന്നാൽ ളഈഫായ ഹദീസ് എന്താണെന്ന് പലർക്കുമറിയില്ല സാധാരണക്കാർ പോലും ളഈഫായ ഹദീസെന്ന് കേട്ടാൽ നെറ്റി ചുളിക്കുന്നു ഈ വിഷയത്തിലെ മസ്അല എന്താണെന്ന് നമുക്ക് നോക്കാം 
ഇമാം നവവി(റ) എഴുതുന്നു: സ്വഹീഹിന്റേയോ ഹസനിന്റെയോ നിബന്ധനകൾ ഒരുമിച്ച് കൂടാത്ത ഹദീസാണ് ളഈഫായ ഹദീസ് (ശർഹു മുസ്ലിം: 1/29)

സ്വഹീഹായതും ഹസനായതുമായ ഹദീസുകൾക്കുണ്ടാകേണ്ട നിബന്ധനകൾ ഒരു ഹദീസില്ലെങ്കിൽ ആ ഹദീസ് ളഈഫായി ളഈഫായ ഹദീസുകൾ വിശ്വാസപരവും കർമപരവുമായ വിശ്വാസങ്ങളും വിധികളും സ്ഥാപിക്കുന്നതിന് പ്രമാണമായി പൊതുവെ സ്വീകരിക്കാറില്ല എങ്കിലും ളഈഫായ ഹദീസിന് അറിവിന്റെ ലോകത്ത് വലിയ സ്ഥാനം തന്നെയുണ്ട് 
ഇമാം നവവി(റ) എഴുതുന്നു: അല്ലാഹുവിന്റെ വിശേഷണങ്ങൾക്കും വിശ്വാസപരമായ കാര്യങ്ങൾക്കും മതവിധികൾക്കുമല്ല കർമ പ്രേരണക്ക് , ഉപദേശങ്ങൾ എന്നിവക്കെല്ലാം ളഈഫായ ഹദീസ് പറ്റുന്നതാണ് (അത്തഖ് രീബ് വത്തയ്സീർ: 203)

ചരിത്രങ്ങളും ളഈഫായ ഹദീസുകൾ കൊണ്ട് പറയാം എഴുതാമെന്ന് തുഹ്ഫയിൽ തന്നെ കാണാം ഹദീസ് ളഈഫായതിന്റെ പേരിൽ ഇമാമുകളും അതു മാറ്റിവെച്ചിട്ടില്ല മാത്രമല്ല, പല വിഷയങ്ങൾക്കും ളഈഫായ ഹദീസുകൾക്കൊണ്ട് ഇമാമുകൾ ലക്ഷ്യം പിടിച്ചിട്ടുണ്ട് 

ഇമാം ശഅ്റാനി(റ) എഴുതുന്നു: ളഈഫായ ഹദീസ് നിരവധി പരമ്പരയിലൂടെയായി സ്ഥിരപ്പെട്ടാൽ അത് ഹസനിനോടോ സ്വഹീഹിനോടോ ചേരുന്നതാണ് ഭൂരിപക്ഷം ഹദീസ് പണ്ഡിതന്മാരും ളഈഫായ ഹദീസ് ധാരാളം പരമ്പരയിലൂടെ വന്നാൽ അതിനെ ചിലപ്പോൾ സ്വഹീഹിനോടോ ചിലപ്പോൾ ഹസനിനോടോ ചേർക്കുന്നതാണ് (അൽ മീസാനുൽ കുബ്റ: 1/46)

ചുരുക്കത്തിൽ ളഈഫായ ഹദീസിനും ളഈഫായ അഭിപ്രായങ്ങൾക്കും ഇമാമുകൾ അതിന്റേതായ സ്ഥാനം നൽകിയിട്ടുണ്ട് ആ സ്ഥാനമാണ് മേൽ ഉദ്ധരണികളിൽ നിന്ന് നാം മനസ്സിലാക്കിയത് അതുകൊണ്ട് നാം ളഈഫായ ഹദീസുകളെ നമുക്ക് മേൽപറഞ്ഞ കാര്യങ്ങൾക്കെല്ലാം ഉപയോഗിക്കാം അതേസമയം അഖാഇദിലും അഹ്കാമിലും അനുവദനീയമല്ല 


ഔറത്ത് മറക്കൽ

നിർബന്ധമായും മറച്ചിരിക്കേണ്ട ശരീരഭാഗങ്ങളാണ് ഔറത്ത് നിസ്കാരത്തിലും അല്ലാത്തപ്പോഴും ഔറത്ത് മറക്കൽ നിർബന്ധമാകുന്നു പുരുഷന്റെയും സ്ത്രീയുടെയും ഔറത്തിന്റെ പരിധി വ്യത്യസ്ഥങ്ങളാണ് മനുഷ്യന്റെ തൊലിയുടെ നിറം കാണാത്ത രൂപത്തിലുള്ള വസ്ത്രം കൊണ്ടായിരിക്കണം ഔറത്ത് മറക്കേണ്ടത് 

ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസാലി(റ) എഴുതുന്നു: നിസ്കാരത്തിന്റെ നിബന്ധനകളിൽ മൂന്നാമത്തേത് ഔറത്ത് മറക്കലാകുന്നു നിസ്കാരത്തിലല്ലാത്തപ്പോഴും ഔറത്ത് മറക്കൽ നിർബന്ധമാണ് (അൽ വജീസ്: 40)

നിസ്കാരത്തിൽ മാത്രം മതി ഔറത്ത് മറക്കലിന്റെ കണിശത എന്ന ശാഠ്യക്കാർക്ക് ഇമാം ഗസാലി(റ) പറഞ്ഞത് തന്നെ മതി നിസ്കാരത്തിലല്ലാതിരിക്കുമ്പോഴും ഔറത്ത് മറക്കാതിരിക്കൽ കുറ്റകരമാണെന്ന് മനസ്സിലാക്കാൻ പലപ്പോഴും അങ്ങാടികളിൽ വെച്ചും കുളിക്കടവിൽ വെച്ചും പലതരം ജോലികളിലും കളികളിലും ഏർപ്പെടുമ്പോഴും പുരുഷനും സ്ത്രീയും തങ്ങളുടെ ഔറത്ത് മറക്കുന്നതിൽ അത്ര ശ്രദ്ധ കാണിക്കാറില്ല ഇത് കുറ്റകരമാണെന്ന് നാം ഓർക്കണം 

അതിനാൽ പുരുഷന്റെയും സ്ത്രീയുടെയും ഔറത്തിന്റെ ഭാഗങ്ങൾ ഇസ്ലാം നിർദ്ദേശിച്ചത് എത്രയാണോ ആ ഭാഗങ്ങളെല്ലാം നിർബന്ധമായും മറക്കുന്നതിൽ നാം ശ്രദ്ധാലുക്കളായിരിക്കണം 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: പുരുഷന്റെ ഔറത്ത് മുട്ട് പൊക്കിളിന്റെ ഇടയിലാകുന്നു ഔറത്ത് മറഞ്ഞുവെന്ന് ദൃഢപ്പെടുവാൻ വേണ്ടി മുട്ടുപൊക്കിളിൽ നിന്ന് അല്പം മറക്കലും നിർബന്ധമാകുന്നു (തുഹ്ഫ: 2/120)

പുരുഷന്റെ ഔറത്ത് എല്ലാ സന്ദർഭത്തിലും പറഞ്ഞത് പ്രകാരമാകുന്നു എന്നാൽ സ്ത്രീകളുടെ ഔറത്ത് നാല് വിധത്തിലാകുന്നു 

അല്ലാമാ ബക് രി (റ) എഴുതുന്നു: അറിയുവിൻ, സ്വതന്ത്ര സ്ത്രീക്ക് നാല് ഔറത്തുണ്ട് 

ഒന്ന്: അന്യപുരുഷന്മാരുടെ അടുക്കൽ അവരുടെ മുന്നിൽ ശരീരം മുഴുവൻ മറക്കൽ നിർബന്ധമാകുന്നു 

രണ്ട്: നിക്കാഹ് ബന്ധം ഹറാമായവരുടെ അടുക്കൽ അത് മുട്ടു പൊക്കിളിന്റെ ഇടയിലുള്ള സ്ഥലമാണ് 

മൂന്ന്: അവിശ്വാസികളായ സ്ത്രീകളുടെ അടുക്കൽ അത് ജോലി ചെയ്യുമ്പോൾ വെളിവാകുന്ന സ്ഥലം 

നാല്: നിസ്കാരത്തിൽ അത് മുഖവും മുൻകയ്യും ഒഴികെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളാണ് (ഇആനതുത്വാലിബീൻ: 1/113)

ഔറത്ത് മറക്കുന്ന കാര്യത്തിൽ സ്ത്രീകൾ കണിശത പുലർത്തൽ വിരളമാണ് പ്രത്യേകിച്ചും യുവതികൾ ശ്രദ്ധിക്കുക , ദുനിയാവ് ആഖിറത്തിലേക്കുള്ള കൃഷിസ്ഥലമാണ് സൂക്ഷിച്ചില്ലെങ്കിൽ ഖേദിക്കേണ്ടിവരും


സൂറത്ത് ഭാഗികം ഓതുന്നതിനേക്കാൾ ശ്രേഷ്ഠത പൂർണമായി ഓതൽ

ചിലർ നിസ്കാരത്തിൽ സൂറത്തിൽ നിന്ന് അൽപം ഓതുന്നത് കേൾക്കാം ടൗൺ പള്ളികളിലെ ചില ഇമാമുമാരും ചില ഹാഫിളീങ്ങളും ഇങ്ങനെ ചെയ്യാറുണ്ട് ഒറ്റക്ക് നിസ്കരിക്കുമ്പോൾ പൂർണമായ സൂറത്ത് ഓതുക എന്ന ശ്രേഷ്ഠത നഷ്ടപ്പെടും 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: വലിയ സൂറത്തിൽ നിന്ന് അൽപം ഓതുന്നതിനേക്കാൾ ശ്രേഷ്ഠമായത് പൂർണമായ ഒരു സൂറത്ത് ഓതലാണ് വലിയ സൂറത്തിൽ നിന്ന് ഓതുന്ന അൽപ ഭാഗം പൂർണമായ സൂറത്തിനേക്കാൾ വലുതാണെങ്കിലും ശരി(തുഹ്ഫ:2/52)

ശ്രേഷ്ഠമായ നിസ്കാരത്തിൽ സൂറത്തിന്റെ ശ്രേഷ്ഠമായ രൂപം നാമെന്തിനാണ് നഷ്ടപ്പെടുത്തുന്നത് സുന്നത്ത് ലഭിക്കുമെങ്കിലും ഭാഗികം ഓതുന്നതുകൊണ്ട് ശ്രേഷ്ഠത നഷ്ടപ്പെടും ആയത്തോ സൂറത്തോ ഒഴിവാക്കൽ കറാഹത്താകുന്നു (ശർവാനി: 2/51)


മുസ്വ് ഹഫിൽ ഉള്ളതുപോലെ ഓതണം

നിസ്കാരത്തിൽ സൂറത്തുകൾ ഓതുമ്പോൾ ആദ്യത്തെ റക്അത്തിലുള്ളതിനേക്കാൾ ചെറുതാവണം രണ്ടാമത്തേത് 

ഇമാം മഖ്ദൂം (റ) എഴുതുന്നു: രണ്ടാമത്തേത് വലിയ സൂറത്താവണമെന്ന് നിർദേശമില്ലാത്തേടത്ത് ആദ്യത്തെ സൂറത്ത് രണ്ടാമത്തേതിനേക്കാൾ വലുതായിരിക്കൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ: 61) 

മുസ്വ് ഹഫിൽ ഉള്ളതുപോലെ ഒന്നിന് പിറകെ ഒന്നായിട്ടാണ് സൂറത്ത് ഓതൽ സുന്നത്ത് എന്നാൽ ഇഖ്ലാസ്വ് സൂറത്ത് ഓതിയവൻ ശേഷം ഫലഖ് ഓതുമ്പോൾ ആദ്യത്തിനേക്കാൾ രണ്ടാമത്തേത് വലുതായാൽ എന്ത് ചെയ്യണം? 

ആദ്യം ഇഖ്ലാസ്വും പിന്നെ ഫലഖും ഓതാം അല്ലെങ്കിൽ ആദ്യം ഇഖ്ലാസ്വും പിന്നെ അതിനെക്കാൾ ചെറിയ സൂറത്തായ കൗസറും ഓതാം 
ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: മുസ്വ് ഹഫിൽ ഉള്ളതുപോലെ ഒന്നിന് പിറകെ മറ്റൊന്ന് അഥവാ താഴെയുള്ളത് ഓതലിനാണ് കൂടുതലും പരിഗണന(തുഹ്ഫ:2/57)

അതുകൊണ്ടുതന്നെ സൂറത്തുത്തീൻ ഓതിയാൽ സൂറത്തുൽ ഖദ്ർ ഓതാതെ തീൻ സൂറത്തിന്റെ തൊട്ടു താഴെയുള്ള സൂറത്തുൽ അലഖ് ഓതുന്നതിനാണ് കൂടുതൽ പരിഗണനയെന്ന് മനസ്സിലായി


വാരിദായ സൂറത്തുകൾക്ക് പ്രത്യേക കൊടുക്കണം

അഞ്ച് വഖ്ത് നിസ്കാരങ്ങളിലും ഏത് സൂറത്തുകൾ ഓതിയാലും സൂറത്ത് ഓതിയ സുന്നത്ത് ലഭിക്കുന്നതാണ് എന്നാൽ ചില നിസ്കാരങ്ങളിൽ ചില സൂറത്തുകൾ തന്നെ ഓതാൻ പ്രത്യേകം നിർദ്ദേശം വന്നിട്ടുണ്ട് ഇങ്ങനെ നിർദ്ദേശം വന്ന സൂറത്തുകളാണ് വാരിദായ സൂറത്തുകൾ 

ഈ സൂറത്തുകൾ അതാതു നിസ്കാരങ്ങളിൽ എവിടെ വെച്ചും ഓതാം ഇത്തരം സൂറത്തുകളെ നാം മനസ്സിലാക്കി മനഃപാഠമാക്കി അതാതു നിസ്കാരങ്ങളിൽ ഓതാൻ ശ്രമിക്കണം അതിന് പ്രത്യേക സുന്നത്തുണ്ട് നമ്മുടെ കുട്ടികൾക്കും ഭാര്യമാർക്കും നാമത് നിർദ്ദേശിച്ച് കൊടുക്കുകയും വേണം 

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: വെള്ളിയാഴ്ച ഇശാഇലും ജുമുഅ നിസ്കാരത്തിലും സൂറത്തുൽ ജുമുഅയും മുനാഫിഖൂനും അല്ലെങ്കിൽ സബ്ബിഹിസ്മയും ഹൽ അതാകയും അന്നത്തെ സുബ്ഹിലും സജദയും ദഹ്റും മഗ്രിബിൽ കാഫിറൂനയും ഇഖ്ലാസും ഓതൽ പ്രത്യേകം സുന്നത്താണ് (ഫത്ഹുൽ മുഈൻ:62)

വെള്ളിയാഴ്ച സുബ്ഹിയിൽ സൂറത്തുസ്സജദയും ദഹ്റും ഓതിയില്ലെങ്കിൽ സബ്ബിഹിസ്മയും ഹൽഅതാകയും ഓതണം(ഖൽയൂബി:1/154)


സുബ്ഹിയിലെ ഖുനൂത്ത്

അഞ്ചു നേരത്തെ നിസ്കാരങ്ങളിൽ സുബ്ഹിയിൽ ഖുനൂത്ത് ഓതൽ സുന്നത്താണ് അബ്ആള് സുന്നത്തുകളിൽപെട്ട ഖുനൂത്തിന് മഹത്വങ്ങളേറെയുണ്ട് 

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: സുബ്ഹിയിലെ രണ്ടാം റക്അത്താലും റമളാനിൽ രണ്ടാം പകുതിക്ക് ശേഷം വിത്റിലെ അവസാന റക്അത്തിലും അഞ്ച് വഖ്ത് ഫർള് നിസ്കാരങ്ങളിൽ നാസിലത്തിന് വേണ്ടിയും അവസാനത്തെ റക്അത്തിൽ ഇഅ്തിദാലിൽ പതിവായി ചൊല്ലുന്ന ദിക്റിന് ശേഷം ഖുനൂത്ത് ഓതൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ: 66)

അല്ല്ഹുമ്മഹ്ദിനീ മുതൽ തുടങ്ങുന്ന ഖുനൂത്തിൽ ഒരു ഭാഗം ദുആയും മറ്റൊരു ഭാഗം സനാഉം (കീർത്തനം) ആകുന്നു മഅ്മൂമായി നിസ്കരിക്കുന്നവൻ ദുആയിൽ ആമീൻ പറയണം സനാഇൽ ഇമാമിനോടൊപ്പം ഓതണം 
ഖുനൂത്തിൽ മഅ്മൂം ഇമാമിന്റെ ദുആക്ക് ആമീൻ പറയൽ സുന്നത്താകുന്നു വ ബാരിക് ലീ ഫീമാ അഅ്ത്വൈത വരെയാണ് ദുആയുള്ളത് ശേഷമുള്ള സനാഅ് മഅ്മൂം പതുക്കെ ചൊല്ലണം (തുഹ്ഫ:2/67)

ഖുനൂത്തിന് ശേഷം നബി (സ)യുടെ മേൽ സ്വലാത്തും സലാമും സുന്നത്താണ് ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും ഇത് ചൊല്ലണം മഅ്മൂം ചൊല്ലുകയോ ആമീൻ പറയുകയോ വേണ്ടത് നമുക്ക് നോക്കാം 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: പ്രബല അഭിപ്രായമനുസരിച്ച് നബി (സ) യുടെ മേലിലുള്ള സ്വലാത്ത് ദുആയിൽ പെട്ടതാകുന്നു ഇമാം ഉറക്കെയാക്കിയാൽ മഅ്മൂം ഉറക്കെ ആമീൻ പറയണം ഇമാമിനോടൊപ്പം ചേരുകയെന്ന അഭിപ്രായം തള്ളപ്പെട്ടതാണ് (തുഹ്ഫ:2/72)

ശാഫിഈ മദ്ഹബിലെ പ്രബല അഭിപ്രായമനുസരിച്ച് നബി (സ)യുടെ മേലിലുള്ള സ്വലാത്ത് ഇമാം ചൊല്ലുമ്പോൾ ആമീൻ പറയലാണ് മഅ്മൂമിന് സുന്നത്ത് തുഹ്ഫയിലെ പ്രബലമെന്ന വാചകത്തെ വ്യാഖ്യാനിച്ചുകൊണ്ട് അല്ലമാ ശർവാനി(റ) എഴുതുന്നത് താഴെ നോക്കുക 

എങ്കിലും ഏറ്റവും  നല്ലത് ആമീൻ പറയലും ചൊല്ലുകയുമാണ് ഇമാമിന്റെ സ്വലാത്തിന് ആമീൻ പറഞ്ഞതിനുശേഷം സ്വലാത്തു ചൊല്ലുക 
ഇമാം റംലി(റ) വിന്റെ ശർഹുൽ ബഹ്ജയിൽ പറയുന്നത് ഇതു രണ്ടുമാവൽ വളരെ നല്ലതാണെന്നാണ് ഇതിൽ രണ്ട് അഭിപ്രായമനുസരിച്ചും കർമമുണ്ട്(ശർവാനി:2/73)

ഖുനൂത്ത് ഒറ്റക്ക് നിസ്കരിക്കുന്നവൻ ഏക വചനമായിട്ടും ഇമാം ബഹുവചനമായിട്ടുമാണ് ചൊല്ലേണ്ടത് ഒറ്റക്ക് നിസ്കരിക്കുന്നവനും മഅ്മൂമും പതുക്കെയാണ് ഖുനൂത്ത് ഓതേണ്ടത് ഇതെല്ലാം തുഹ്ഫയിൽ തന്നെ കാണാം


അത്തഹിയ്യാത്തിലെ സലാം

നിസ്കാരത്തിലെ അത്തഹിയ്യാത്തിൽ നബി (സ) യോട് സലാം പറയൽ നിർബന്ധമാണ് അസ്സലാമു അലൈക അയ്യുഹന്നബിയ്യു അല്ലെങ്കിൽ സലാമുൻ അലൈക അയ്യുഹന്നബിയ്യു എന്നിങ്ങനെയാണ് സലാം പറയേണ്ടതെന്ന് ഇമാമുകൾ പഠിപ്പിച്ചത് 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: ഈ രൂപങ്ങളിലല്ലാതെ പദങ്ങളിൽ മാറ്റം വരുത്തൽ അനുവദനീയമല്ല (തുഹ്ഫ:2/83)

അസ്സലാമു അലന്നബിയ്യി എന്ന് അത്തഹിയ്യാത്തിൽ സലാം പറയാമെന്ന ചിലരുടെ വാദം അബദ്ധമാണെന്ന് നാം മനസ്സിലാക്കണം മേൽ പറഞ്ഞ രൂപത്തിലല്ലാതെ നബി (സ)യോട് സലാം പറഞ്ഞാൽ അത്തഹിയ്യാത്ത് ശരിയാവുന്നതല്ല അത്തഹിയ്യാത്ത് ഫർളായതുകൊണ്ട് ഫർളിൽ ഭംഗം വന്നാൽ നിസ്കാരം ബാത്വിലാവും 

സലാമിൽ അയ്യുഹന്നബിയ്യു എന്ന് പറയുന്നതിന് മുമ്പ് യാ അയ്യുഹന്നബിയ്യു എന്നു പറയാമെന്ന് ഇമാമുകൾ പറഞ്ഞിട്ടുണ്ട് 

അയ്യുഹന്നബിയ്യിൽ എന്നതിൽ 'യാ' കൂട്ടി ഓതാം തുഹ്ഫ :2/137)

ഇമാം ബാ അശ്ൻ(റ) എഴുതുന്നു: സലാം ചൊല്ലുമ്പോൾ നബി (സ)യെ ഖൽബിൽ ഹാളിറാക്കണമെന്ന് ഇമാം ഗസ്സാലി (റ) ഇഹ് യായിൽ  പറഞ്ഞിട്ടുണ്ട് (ബുശ്റൽ കരീം:1/71)

അസ്സലാമു അലൈക യാ അയ്യുഹന്നബിയ്യു എന്ന് നബി(സ) യെ വിളിക്കൽ ഇസ്തിഗാസയാണ് ഇസ്തിഗാസയെന്നാൽ ജീവിച്ചിരിക്കുന്നവരോ വഫാത്തായവരോ ആയ മഹാന്മാരോട് മുഅ്ജിസത്ത് ,കറാമത്ത് മുഖേനയുള്ള തേട്ടമാണ് ഇത് അനുവദനീയമാണെന്ന് ഇമാം റംലി(റ) തന്റെ ഫതാവയിൽ രേഖപ്പെടുത്തിയിട്ടുണ്ട്  

ചിലർ അത്തഹിയ്യാത്ത് ഓതുമ്പോൾ റൂമിലുള്ളവർക്കും സ്വഫ്ഫിൽ അടുത്തിരിക്കുന്നവർക്കും കേൾക്കാം സ്വന്തം ശരീരം കേൾക്കുന്ന വിധത്തിൽ ചൊല്ലലേ നിർബന്ധമുള്ളൂ  

ഇമാം നവവി(റ) എഴുതുന്നു: അടുത്തുള്ള ആൾ കേൾക്കാതെ പതുക്കെയാണ് അത്തഹിയ്യാത്ത് ഓതേണ്ടത് അടുത്തുള്ള ആൾ കേൾക്കെ ഓതൽ കറാഹത്താകുന്നു (ശർഹുൽ മുഹദ്ദബ്:3/463)

ഫിഖ്ഹ് മസ്അലകൾ നാം അറിഞ്ഞിട്ടില്ലെങ്കിൽ പലപ്പോഴും നമ്മുടെ ഇബാദത്തുകൾ ഹറാമിലും കറാഹത്തിലും ആയിരിക്കും


അത്തഹിയ്യാത്തിന് ശേഷമുള്ള ദുആ

നിസ്കാരത്തിന്റെ പത്താമത്തെ ഫർളാണ് അവസാനത്തെ അത്തഹിയ്യാത്ത് അത്തഹിയ്യാത്തിനു ശേഷമുള്ള സ്വലാത്ത് പതിനൊന്നാമത്തെ ഫർളാണ് മൂന്ന്, നാല് റക്അത്തുകളുള്ള നിസ്കാരത്തിൽ രണ്ട് അത്തഹിയ്യാത്ത് ഉണ്ടാവാറുണ്ട് ഇതിൽ ആദ്യത്തേത് സുന്നത്താണ് രണ്ടാമത്തേത് ഫർളുമാണ് അവസാനത്തെ അത്തഹിയ്യാത്തിനു ശേഷമുള്ള സ്വലാത്തിനു ശേഷം ദുആ സുന്നത്താകുന്നു ഈ ദുആ ഒഴിവാക്കൽ കറാഹത്താകുന്നു സുന്നത്ത് നിസ്കാരത്തിലും ഈ ദുആ സുന്നത്തും ഒഴിവാക്കൽ കറാഹത്തുമാണ് മത്വ് റൂഖായ പള്ളിയിലെ ഇമാമിനും ഈ ദുആ സുന്നത്താകുന്നു മത്വ് റൂഖായ പള്ളി പിന്നീട് വിശദീകരിക്കാം 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: അവസാനത്തെ അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷം ദുആ സുന്നത്താകുന്നു അത് ഒഴിവാക്കൽ കറാഹത്താണ് ഒന്നാം അത്തഹിയ്യാത്തിലെ സ്വലാത്തിനു ശേഷം ദുആ കറാഹത്താകുന്നു (തുഹ്ഫ:2/87)

മത്വ് റൂഖായ പള്ളിയിലെ ഇമാമിനും ഈ ദുആ സുന്നത്താകുന്നു എങ്കിലും ചുരുങ്ങിയ രൂപത്തിലുള്ള അത്തഹിയ്യാത്ത് ,സ്വലാത്ത് എന്നിവയേക്കാൾ ഈ ദുആ ഇമാം കൂടുതലാക്കരുത് കൂടുതലാക്കൽ കറാഹത്താണ് (തുഹ്ഫ:2/89)
സാധാരണ നിസ്കാരങ്ങളിൽ അല്ലാഹുമ്മഗ്ഫിർലീ മുതൽ മസീഹുദ്ദുജ്ജാൽ വരെ നാം ചൊല്ലിവരാറുള്ള ദുആയാണിത് ഈ ദുആ ഫർള്, സുന്നത്തിലൊന്നും ഒഴിവാക്കാതെ നാം ചൊല്ലണം


കൂട്ടു പ്രാർത്ഥന

ഫർള് നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ ദിക്റുകളും ദുആയും സുന്നത്താകുന്നു ഒറ്റക്ക് നിസ്കരിക്കുന്നവനും ഇമാമും മഅ്മൂമും ഇതിൽ തുല്യരാണ് 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: നിസ്കാര ശേഷം ദിക്റും ദുആയും സുന്നത്താകുന്നു (തുസ്ഫ:2/112)

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു: ഞാൻ എന്റെ ഗുരുവര്യനോട് (ഇമാം ഇബ്നു ഹജർ ഹൈതമി(റ)  ചോദിച്ചു: നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ വാരിദായ ചെയ്യലാണോ അതല്ല, ദിക്റുകൾ ചൊല്ലിയതിനു ശേഷം ദുആ ചെയ്യലാണോ അഭികാമ്യം ഗുരു പറഞ്ഞു: ദിക്റുകൾ ശേഷം ദുആ ചെയ്യലാണ് അഭികാമ്യം ഞാൻ വീണ്ടും ചോദിച്ചു: മഅ്മൂമുകൾ ഇമാമിന്റെ ദുആക്ക് ആമീൻ പറയുകയാണോ വേണ്ടത് , അതല്ല വാരിദായ ദുആ (സ്വന്തം) നിർവഹിക്കലാണോ വേണ്ടത്? ഗുരു പറഞ്ഞു: ഇമാമിന്റെ വാരിദായ ദുആ മഅ്മൂം കേൾക്കുന്നുവെങ്കിൽ ആമീൻ പറയലാണ് സുന്നത്ത് (അൽ അജ്വിബത്തുൽ അജീബ:21)

ഇമാമിന്റെ ദുആ കേൾക്കുന്ന മഅ്മൂമിന് ദുആ മനഃപാഠമുണ്ടെങ്കിലും ഇമാമിന്റെ ദുആക്ക് ആമീൻ പറയലാണ് സുന്നത്ത് (ഫത്ഹുൽ മുഈൻ:56)
ഇമാം നവവി(റ) എഴുതുന്നു: ഇമാം ജനങ്ങളിലേക്ക് തിരിഞ്ഞ് ദുആ ചെയ്യൽ സുന്നത്താകുന്നു(ശർഹുൽ മുഹദ്ദബ്: 3/452) 


നിസ്കാരം ഹറാമായ സമയങ്ങൾ

അഞ്ച് നേരത്തെ ഫർള് നിസ്കാരങ്ങൾ എപ്പോഴും എവിടെയും വെച്ച് സിസ്കരിക്കൽ അനുവദനീയമാകുന്നു എന്നാൽ സുന്നത്ത് നിസ്കാരങ്ങൾ എപ്പോഴും നിസ്കരിക്കൽ അനുവദനീയമല്ല 

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ ) എഴുതുന്നു: ഒരു കാരണവുമില്ലാത്ത നിരുപാധികം സുന്നത്ത് നിസ്കാരങ്ങളും -തസ്ബീഹ് നിസ്കാരം അതിൽ പെട്ടതാകുന്നു അല്ലെങ്കിൽ പിന്തിയ കാരണങ്ങളുള്ള സുന്നത്ത് നിസ്കാരങ്ങളും , ഇസ്തിഖാറത്ത്, ഇഹ്റാം പോലോത്ത രണ്ട് റക്അത്ത് നിസ്കാരങ്ങൾ , സുബ്ഹിക്ക് ശേഷം സൂര്യൻ ഒരു കുന്തത്തോളം ഉയരുന്നത് വരെയും അസ്വറിന് ശേഷം അസ്തമാനം വരെയും ജുമുഅഃയല്ലാത്ത ദിനത്തിൽ നട്ടുച്ച സമയത്തും നിസ്കരിക്കൽ തഹ്രീമിന്റെ കറാഹത്താകുന്നു (ഫത്ഹുൽ മുഈൻ: 47, തുഹ്ഫ: 1/470)

തഹ്രീമിന്റെ കറാഹത്ത് ഹറാമിന്റെ കുറ്റമുള്ള കറാഹത്താണ് തഹ്രീമിന്റെ കറാഹത്ത് , തൻസീഹിന്റെ കറാഹത്ത് എന്നിങ്ങനെ രണ്ട് വിധത്തിൽ കറാഹത്തുണ്ട് ചെയ്താൽ ശിക്ഷയില്ലാത്തതും ഉപേക്ഷിച്ചാൽ കൂലിയുള്ളതുമായ കറാഹത്ത് തൻസീഹിന്റെ കറാഹത്താകുന്നു

സാധരണയിൽ നാം കറാഹത്തെന്ന് പറയുന്നത് തൻസീഹിന്റെ കറാഹത്തിനെ സംബന്ധിച്ചാകുന്നു പിന്തിയ കാരണങ്ങളുള്ള സുന്നത്ത് നിസ്കാരങ്ങൾ ഹറാമാണ് പിന്തിയ കാരണമെന്നു പറഞ്ഞാൽ ഇഹ്റാമിന്റെ സുന്നത്ത് നിസ്കരിച്ചതിനു ശേഷമാണ് ഇഹ്റാമിൽ പ്രവേശിക്കുക അതുപോലെ തന്നെയാണ് യാത്രയുടെ സുന്നത്ത് നിസ്കാരവും സുന്നത്ത് നിസ്കരിച്ചതിനു ശേഷമാണ് യാത്ര ഇവിടെയെല്ലാം കാരണങ്ങൾ പിന്തിയും നിസ്കാരം മുന്തിയുമാണ് ഇത്തരം നിസ്കാരങ്ങൾ മേൽപറഞ്ഞ സമയങ്ങളിൽ ഹറാമാകുന്നു 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: മക്കയിലെ ഹറമിൽ വെച്ച് എല്ലാ സമയത്തും നിസ്കരിക്കാം അത് പള്ളിയിൽ വെച്ചും ഹറമിലെ മറ്റു ഭാഗത്തുമാവാം (തുഹ്ഫ: 1/474)

മുന്തിയ കാരണങ്ങളുള്ള നിസ്കാരങ്ങൾ ഈ സമയങ്ങളിൽ നിസ്കരിക്കുന്നതുകൊണ്ട് ഹറാമോ കറാഹത്തോ ഇല്ല പള്ളിയിൽ പ്രവേശിച്ചതിനു  ശേഷമാണല്ലോ തഹിയ്യത്ത് നിസ്കരിക്കൽ സുന്നത്ത് അപ്പോൾ കാരണം മുന്തി നിസ്കാരം പിന്തി 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: മയ്യിത്ത് നിസ്കാരവും മറഞ്ഞ മയ്യിത്തിന്റെ മേലുള്ള നിസ്കാരവും നിസ്കരിക്കാം (തഹ്ഫ: 1/472)

സ്വുബ്ഹിക്കും അസ്വറിനു ശേഷവും സുന്നത്ത് നിസ്കാരങ്ങളില്ലെന്നു കരുതി മറഞ്ഞ മയ്യിത്തിന്റെ മേലുള്ള നിസ്കാരങ്ങൾ നാം ഒഴിവാക്കേണ്ടതില്ല


ഒരേ സമയം ഒന്നിലധികം ജമാഅത്തുകൾ

പള്ളികൾ നാം നിർമിക്കുന്നതിന്റെ അടിസ്ഥാന കാരണം നിസ്കാരമാണ് ഒറ്റക്കായിട്ടും ജമാഅത്തായിട്ടും നിസ്കാരം പള്ളിയിൽ വെച്ച് നിർവഹിക്കുമ്പോൾ അതിന് മറ്റുള്ള സ്ഥലത്ത് വെച്ച് നിസ്കരിക്കുന്നതിനേക്കാൾ മഹത്വവും ബഹുമാനവുമുണ്ട് അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും കാംക്ഷിച്ച് പള്ളി നിർമിക്കലും പരിപാലിക്കലും വലിയ പുണ്യമാണ് 

ഇമാം ശഅ്റാനി (റ) എഴുതുന്നു: ഇമാം അഹ്മദ് (റ), ത്വബ്റാനി (റ) എന്നിവർ ഉദ്ധരിച്ചു: നബി (സ)പറഞ്ഞു: നിസ്കരിക്കാൻ വേണ്ടി ഒരാൾ പള്ളി നിർമിച്ചാൽ ആ പള്ളിയേക്കാൾ ശ്രേഷ്ഠമായ വീട് അല്ലാഹു അവനുവേണ്ടി സ്വർഗത്തിൽ പണിയുന്നതാണ് 

ഇമാം ത്വബ്റാനി (റ) ഉദ്ധരിച്ചു നബി (സ) പറഞ്ഞു: അല്ലാഹുവിനെ ആരാധിക്കുവാൻ വേണ്ടി ഹലാലായ സമ്പത്തിൽ നിന്നൊരാൾ ഒരു വീട്(പള്ളി) നിർമിച്ചാൽ അല്ലാഹു സ്വർഗത്തിൽ മുത്ത് മാണിക്യം കൊണ്ടൊരു വീട് അവനുവേണ്ടി നിർമിക്കുന്നതാണ് (ലവാഖിഉൽ അൻവാരിൽ ഖുദ്സിയ്യ: 40) 

ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി(റ) എഴുതുന്നു: കണ്ണും കാണാത്തതും ഒരു ചെവിയും കേൾക്കാത്തതും ഒരു മനുഷ്യന്റെ ഖൽബിലും ഉദിക്കാത്തതുമാണ് സ്വർഗത്തിലുണ്ടാവുക(ഫതാവന്നവവി: 42)

ഈ മഹത്തായ പള്ളി വീട് പരിപാലിക്കുന്നത് പോലെ പരിപാലിച്ചാൽ പോരാ അതിന് നിയമങ്ങളും നിർദേശങ്ങളും ഉണ്ട് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ അവയെല്ലാം സവിസ്തരം വിശദീകരിച്ചിട്ടുണ്ട് 

മത്വ് റൂഖായ പള്ളി, ഗൈറു മത്വ് റൂഖായ പള്ളി എന്നിങ്ങനെ രണ്ടുവിധം പള്ളികളുണ്ട് ഗൈറു മത്വ് റൂഖായ  പള്ളിയിൽ നിശ്ചിത ഇമാമുണ്ടെങ്കിൽ ആ ഇമാമിന്റെ സമ്മതമില്ലാതെ സ്ഥിരമായി നടക്കുന്ന ജമാഅത്തിന് മുമ്പോ പിമ്പോ കൂടെയോ വേറെയൊരു ജമാഅത്ത് നടത്തൽ കറാഹത്താണ്

ഇമാമിന്റെ സമ്മതമില്ലാതെ ജമാഅത്തായി നിസ്കരിച്ചാൽ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കില്ല കാരണം കറാഹത്ത് കടന്നുവന്നത് ജമാഅത്തിന്റെ ഭാഗത്തിലൂടെയാണ് ജമാഅത്തിന്റെ ഭാഗത്ത് കൂടിയുള്ള കറാഹത്ത് ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തും 

ഗൈറു മത്വ് റൂഖായ പള്ളിയിലെ തന്നെ ജമാഅത്ത് കഴിഞ്ഞതിനു ശേഷവും ജമാഅത്ത് നടത്തണമെങ്കിൽ നിശ്ചിത ഇമാമിന്റെ സമ്മതം വേണം സമ്മതമില്ലെങ്കിൽ കറാഹത്ത് തന്നെ   

എന്നാൽ മത്വ് റൂഖായ പള്ളികളിൽ ഈ വിധി ബാധകമല്ല അവിടെ നിശ്ചയിക്കപ്പെട്ട ഇമാമിന്റെ നേതൃത്വത്തിലുള്ള  ജമാഅത്തിന് മുമ്പും പിമ്പും കൂടെയും ജമാഅത്ത് നടത്തുവാൻ ആ ഇമാമിന്റെ സമ്മതത്തിന്റെ ആവശ്യമില്ല ചില പള്ളികളിൽ എഴുതിവെച്ചതു കാണാം, അല്ലെങ്കിൽ അവിടുത്തെ മുഅദ്ദിനോ മറ്റോ വന്നു പറയും , പള്ളിയിലെ ജമാഅത്തിനു മുമ്പ് വേറെ ജമാഅത്ത് നടത്തരുതെന്ന് ഈ എഴുത്തും പറയലും ശാഫിഈ മദ്ഹബല്ല മറിച്ച് മദ്ഹബിന്നെതിരാണ് ഫിഖ്ഹ് അറിയുന്നവർ കമ്മിറ്റിയിലോ നാട്ടിലോ ഇല്ലെങ്കിൽ ഭവിഷ്യത്ത് വളരെ വലുതാണ്  

ഇമാം ശാഫിഈ (റ) പറഞ്ഞു: നിശ്ചയം അറിവ് രണ്ടെണ്ണമാണ് ഒന്ന്, മതപരമായ അറിവ് രണ്ട്, ഭൗതികമായ അറിവ്  മതപരമായ അറിവ് ഫിഖ്ഹ് ആകുന്നു ഭൗതികമായ അറിവ് വൈദ്യശാസ്ത്രവും നിന്റെ മതപരമായ പ്രശ്നത്തിൽ ഫത് വ തരുന്ന പണ്ഡിതനോ നിന്റെ ശാരീരിക പ്രയാസങ്ങൾക്ക് പ്രതിവിധി നൽകുന്ന വൈദ്യനോ ഇല്ലാത്ത നാട്ടിൽ നീ  താമസിക്കരുത് (ആദാബുശ്ശാഫിഇയ്യ്:321)  

മത്വ് റൂഖായ പള്ളി ഏതാണെന്ന് നമുക്ക് നോക്കാം ഇമാം ശിഹാബുദ്ദീൻ അഹ്മദ് ഖൽയൂബി(റ) എഴുതുന്നു: ഒറ്റക്കായിട്ടാണെങ്കിലും നിസ്കാരം തവണകളായി നടന്നുകൊണ്ടിരിക്കുന്ന പള്ളികളാണ് മത്വ് റൂഖായ പള്ളികൾ ആദ്യ വഖ്തിൽ ഒരു പ്രാവശ്യം നിസ്കാരം നടക്കും പിന്നെ അടുത്ത വഖ്ത് വരെ പള്ളി അടച്ചിടും ഇത്തരം പള്ളികൾക്ക് ഗൈറു മത്വ് റൂഖായ പള്ളികൾ എന്നു പറയും(ഖൽയൂബി:1/226)

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: ഗൈറു മത്വ് റൂഖായ പള്ളിയിൽ നിശ്ചയിച്ച ഇമാമിന്റെ സമ്മതമില്ലാതെ അവിടെ നിർത്തപ്പെട്ട ജമാഅത്തിനു മുമ്പോ പിമ്പോ കൂടെയോ ജമാഅത്ത് കറാഹത്താകുന്നു (തുഹ്ഫ: 2/253)
അപ്പോൾ മത്വ് റൂഖായ പള്ളിയിൽ അവിടുത്തെ ജമാഅത്തിന് മുമ്പോ പിമ്പോ കൂടെയോ നിശ്ചിത ഇമാമിന്റെ സമ്മതമില്ലാതെ ജമാഅത്ത് കറാഹത്തില്ല (ശർവാനി: 2/253) 

അപ്പോൾ നമ്മുടെ നാട്ടിലെ പള്ളികളെല്ലാം മത്വ് റൂഖായ പള്ളികളാണെന്ന് മനസ്സിലായി അവിടെ സ്ഥിരമായി നടക്കുന്ന ജമാഅത്തിന് മുമ്പും പിമ്പും കൂടെയോ വേറെ ഒരു ജമാഅത്ത് നടത്തുന്നതിൽ ശാഫിഈ മദ്ഹബിൽ ഒരു പന്തികേടുമില്ല ശ്രദ്ധിക്കുക: പള്ളികൾ അല്ലാഹുവിന്റേതാണ് അത് പരിപാലിക്കുന്നവർ മാത്രമാണ് ജനങ്ങൾ പരിപാലനം അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചായിരിക്കണം അല്ലാതെ സ്വന്തം യുക്തിക്കും കാര്യലാഭത്തിനും വേണ്ടിയാവരുത് 

ചില പള്ളികളിലെ ചുമരുകളിൽ ഖുർആൻ ലിപികൾ എഴുതി വെച്ചത് കാണാം പുണ്യമാണെന്ന് കരുതി ചെയ്തതായിരിക്കും ശാഫിഈ മദ്ഹബിൽ ഇത്തരം കാര്യങ്ങൾ കറാഹത്താകുന്നു അതുപോലെത്തന്നെ പള്ളികളിലേക്ക് കൊടുക്കുന്ന മുസ്വല്ലകൾ നിസ്കരിക്കുന്നവന്റെ ശ്രദ്ധ തിരിക്കുന്ന വരകളും ചിത്രങ്ങളുമുള്ളതാണെങ്കിൽ കറാഹത്താകുന്നു ഇത്തരം കാര്യങ്ങളിലൊന്നും പുണ്യമില്ല ഇത്തരം മുസ്വല്ലകളിൽ കയറി നിസ്കരിക്കുന്നവന്റെ പ്രതിഫലത്തിനെ ഈ കറാഹത്ത് ബാധിക്കുന്നതാണ് തുഹ്ഫ, മുഗ്നി, ബാജൂരിയിലും മറ്റു ഗ്രന്ഥങ്ങളിലും ഇതു സവിസ്തരം കാണാം


ഇമാമിന്റെ ഓത്ത് ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്നു

പള്ളികളിൽ നാം പോകുന്നത് ജമാഅത്തിൽ പങ്കെടുക്കാനാകുന്നു ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ ഇരുപത്തി ഏഴ് ദറജ ജമാഅത്തിനുണ്ടെന്ന് നമുക്കെല്ലാവർക്കുമറിയാം എന്നാൽ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട് അവയിൽപെട്ട ഒന്നാണ് മത് റൂഖായ പള്ളിയിലെ ഇമാം  വള്ളുഹാ സൂറത്തിനു മുകളിലുള്ള സൂറത്തുകൾ ജമാഅത്ത് നിസ്കാരത്തിൽ ഓതൽ  

മത്വ് റൂഖായ പള്ളിയിലെ ഇമാം വള്ളുഹാക്ക് മുകളിലുള്ള വാരിദല്ലാത്ത സൂറത്തുകൾ അഞ്ചു നേരത്തെ ജമാഅത്തുകളിൽ ഓതൽ കറാഹത്താകുന്നു ഇത് ജമാഅത്തിന്റെ ഭാഗത്തിലൂടെയുള്ള കറാഹത്തായതിനാൽ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടും അപ്പോൾ നിസ്കാരത്തിന്റെ പൂർണ പ്രതിഫലമായ ഇരുപത്തിയേഴ് ദറജ നഷ്ടപ്പെടും വാരിദായ സൂറത്തിനെ സംബന്ധിച്ച് നേരത്തെ ഉണർത്തിയിട്ടുണ്ട് (തുഹ്ഫ:2/54,55, ശർഹു ബാഫള്ൽ: 1/250, ബിഗ് യ: 41, ഫതാവൽ കുർദി: 56,57, നിഹായ: 1/495, മുഗ്നി: 1/163) 

പല പള്ളികളിലും സുബ്ഹി നിസ്കാരത്തിൽ ഇമാമുകൾ വള്ളുഹാക്ക് മുകളിലുള്ള സൂറത്തുകൾ ഓതുന്നത് കേൾക്കാം വാരിദാണെങ്കിൽ സുന്നത്ത്, അല്ലെങ്കിൽ കറാഹത്ത്, ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടും


ഹാഫിളിന്റെ ഇമാമത്ത്

നിസ്കാരത്തിൽ ശർത്വുകളും ഫർളുകളും ബാത്വിലാവുന്ന കാര്യങ്ങളും പഠിച്ചാൽ നിസ്കാരം സ്വഹീഹാവുന്ന രൂപത്തിൽ നിസ്കരിക്കാം എന്നാൽ ഇമാമായി നിസ്കരിക്കണമെങ്കിൽ ഇമാമത്തിന്റെ യോഗ്യതകളും ജമാഅത്തിൽ പാലിക്കേണ്ട നിയമങ്ങളും പഠിച്ചിരിക്കണം  

ഇമാമത്തിന് മുൻഗണന ഫിഖ്ഹ് അറിയുന്നവർക്കാണ് (തുഹ്ഫ: 2/295) 

അതുകൊണ്ടുതന്നെ ഇമാമത്തിന് മുൻഗണന കർമശാസ്ത്രം നല്ലപോലെ വശമുള്ളവർക്കാണ് അതോടൊപ്പം ഇമാം ശുദ്ധമായ ഖിറാഅത്ത് അറിയുന്നവനുമായിരിക്കൽ അത്യാവശ്യമാണ് തജ് വീദ് അനുസരിച്ച് ഖുർആൻ പാരായണം നിർബന്ധമാണെന്ന് ഇമാം ജസ് രീ(റ) തന്റെ മുഖദ്ദിമയിൽ പറഞ്ഞിട്ടുണ്ട് ഇമാം കേവലം ഹാഫിളായാൽ മാത്രം പോരാ, ഫിഖ്ഹും അറിയുന്നവനായിരിക്കണം 

എന്നാൽ ചില സ്ഥലങ്ങളിൽ പ്രായപൂർത്തിയെത്താത്ത ഹാഫിളുകളെ ഇമാമാക്കാറുണ്ട് പ്രത്യേകിച്ചും റമാളാനിൽ ഈ കുട്ടികൾക്ക് ഫിഖ്ഹ് വേണ്ടത്ര അറിയില്ലാ എന്നതിന് പുറമെ ഇവർ ഇമാമായി നിന്നാൽ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കില്ല   

കുട്ടിയെ തുടർന്നാൽ നിസ്കാരം സ്വഹീഹാവുമോ എന്നതിൽ അഭിപ്രായ വ്യത്യാസമുള്ളതിനാൽ കുട്ടിയെ തുടരൽ കറാഹത്താണ് (തുഹ്ഫ: 2/288) 

ശ്രദ്ധിക്കുക, ഫിഖ്ഹ് അറിഞ്ഞിട്ടില്ലെങ്കിലുള്ള ഭവിഷ്യത്ത് ചെറുതല്ല ഫിഖ്ഹ് പഠിക്കുക, പ്രചരിപ്പിക്കുക ഇതാണ് രക്ഷപ്പെടാനുള്ള പോംവഴി 


മയ്യിത്ത് കാണൽ കറാഹത്തോ?

മുസ്ലിംകളിൽ നിന്ന് ആര് മരിച്ചാലും മയ്യിത്ത് കാണൽ അനുവദനീയമാകുന്നവരെല്ലാം മയ്യിത്ത് കാണാറുണ്ട് നമ്മുടെ നാട്ടിലെ പതിവാണത് പണ്ഡിതനും ഈ വിഷയത്തിൽ സാധാരണക്കാരെപ്പോലെയാകുന്നു എന്നാൽ ഇന്ന് ചിലർ എഴുതുന്നത് ഇസ്ലാമിക ദൃഷ്ട്യാ പുണ്യമുള്ളതല്ലെന്നും  മറിച്ച് മയ്യ്ത്ത്കാണൽ കറാഹത്താണെന്നുമാണ്   

മയ്യിത്ത് കാണുന്നതിനെ സംബന്ധിച്ച് കർമശാസ്ത്ര പണ്ഡിതനായ കുറ്റിക്കാറ്റൂർ ഇമ്പിച്ചാലി മുസ്ല്യാർ എഴുതിയത് കാണുക: മുഖം തുറന്ന്  കാണുന്നതിന് വിരോധമില്ല കാണാൻ വേണ്ടി തുറന്ന് ഇട്ട് വെച്ചേക്കരുത് (മയ്യിത്ത് പരിപാലന നിയമങ്ങൾ:27)

ഇമാം ശിഹാബുദ്ദീൻ അഹ്മദ് ഖൽയൂബി(റ) എഴുതുന്നു: മയ്യിത്ത് സന്ദർശനം സുന്നത്താണെന്ന് ഇമാം ഖാളി ഹുസൈൻ (റ) പറഞ്ഞിട്ടുണ്ട് (ഖൽയൂബി:1/351) 
ഒരാളെ സന്ദർശിക്കുക എന്നു പറഞ്ഞാൽ അദ്ദേഹത്തെ കാണാൻ വേണ്ടി ഉദ്ദേശിച്ച് പോവലാണെന്ന് ഭാഷാഗ്രന്ഥമായ മുഹിത്വിൽ കാണാം ഖൽയൂബിയുടെ മേൽ ഉദ്ധരണിവെച്ച് ചില പണ്ഡിതന്മാർ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും മയ്യിത്ത് കാണൽ നിരുപാധികം സുന്നത്താണെന്നത് ഭൂരിപക്ഷം പണ്ഡിതന്മാർ പറഞ്ഞതിനെയും മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങൾക്കെതിരുമായിവരുന്നതിനാൽ നേരത്തെ ഇമ്പിച്ചാലി മുസ്ലിയാർ (ന.മ.) പറഞ്ഞതാണ് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്ന് ബോധ്യപ്പെടുക 


വെള്ളി മോതിരം ധരിക്കൽ എവിടെ?എത്ര?

സ്വർണവും വെള്ളിയും ധരിക്കൽ പുരുഷന് ഹറാമും സ്ത്രീക്ക് അനുവദനീയവുമാണ് എന്നാൽ വെള്ളി മോതിരം ധരിക്കൽ പുരുഷന് അനുവദനീയമാണ് 

ഇമാം നവവി(റ) എഴുതുന്നു: വലത് കൈയ്യിന്റെ ചെറുവിരലിൽ വെള്ളിമോതിരം ധരിക്കൽ പുരുഷന് അനുവദനീയമാണ് ഇടത് കൈയ്യിന്റെ ചെറുവിരലിലും ധരിക്കാം ഇത് രണ്ടും നബി (സ)യിൽ സ്വഹീഹായിട്ടുണ്ട് എങ്കിലും സ്വഹീഹായത് വലതിൽ ധരിക്കലാണ് ശ്രേഷ്ഠമെന്നാണ് കല്ല് വെച്ചതും അല്ലാത്തതും അനുവദനീയമാണ് കല്ല് കയ്യിന്റെ മേൽഭാഗത്തും അടിഭാഗത്തുമാവാം അടിഭാഗത്താവലാണ് ശ്രേഷ്ഠത മോതിരത്തിൽ കൊത്തിക്കലും അനുവദനീയമാണ് അല്ലാഹുവിന്റെ ദിക്റായാലും ശരി

നബി(സ) യുടെ മോതിരത്തിൽ കൊത്തിവെച്ചത് മുഹമ്മദുറസൂലുല്ലാഹി എന്നായിരുന്നു നമ്മുടെ മദ്ഹബിൽ അത് കറാഹത്തല്ല സ്വന്തം പേരും അതിൽ കൊത്തിവെക്കാം അല്ലെങ്കിൽ തത്വജ്ഞാന വാചകവുമാവാം ണോതിരം  ചെറുവിരലിൽ ധരിക്കൽ പുരുഷന് സുന്നത്താണെന്നതിൽ മുസ്ലിംകൾ യോജിച്ചിരിക്കുന്നു സ്വർണമോതിരം ധരിക്കൽ അനുവദനീയമായതു പോലെ വെള്ളി മോതിരവും വിവാഹിതരായ സ്ത്രീക്കും അല്ലാത്തവൾക്കും ധരിക്കൽ അനുവദനീയമാണ് തർക്കമന്യേ അതിൽ കറാഹത്തു പോലുമില്ല (ശർഹുൽ മുഹദ്ദബ്: 4/464) 

അല്ലാമാ ബക് രി (റ) എഴുതുന്നു: ചെറുവിരൽ എന്നതിൽ മറ്റു വിരലുകൾ ഉൾപ്പെടില്ല അവകളിൽ ധരിക്കൽ കറാഹത്താകുന്നു ഒരഭിപ്രായപ്രകാരം ഹറാമും (ഇആനത്തുത്വാലിബീൻ: 2/156) 

വലതോ ഇടതോ കൈയ്യിന്റെ ചെറുവിരലിൽ വെള്ളിമോതിരം ധരിക്കൽ പുരുഷന് സുന്നത്താണെന്ന് മേൽ ഉദ്ധരണികളിൽ നിന്ന് മനസ്സിലായി ചെറുവിരലിലല്ലാത്തതിൽ ധരിക്കൽ സുന്നത്തില്ലാത്തതും കറാഹത്തുമാണ് ഹറാമാണെന്ന് അഭിപ്രായമുണ്ടെങ്കിലും ഇമാം നവവി (റ) ശർഹുൽ മുസ്ലിംമിൽ ഹറാമില്ലെന്നാണ് പറഞ്ഞത് 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: ഒന്നിലധികം വെള്ളിമോതിരം ധരിക്കൽ നിരുപാധികം ഹറാമാകുന്നു കാരണം, പുരുഷന്റെ മേൽ വെള്ളി അടിസ്ഥാനപരമായി ഹറാമാകുന്നു ധരിക്കൽ അനുവദനീയമാണെന്ന് സ്വഹീഹായതിലൊഴികെ ഒന്നിനേക്കാൾ കൂടുതൽ സ്വഹീഹായിട്ടില്ല ഒന്നിലധികം മോതിരം ധരിക്കൽ സ്ത്രീകളുടെയും വിഡ്ഢികളുടെയും അടയാളങ്ങളാകുന്നു(തുഹ്ഫ:3/276) 

ചെറുവിരലിൽ വെള്ളിയുടെ ഒരു മോതിരം ധരിക്കൽ സുന്നത്താണ് ഒന്നിലധികം ഹറാമാണെന്നാണ് മേൽ ഉദ്ധരണിയിൽ നാം തെളിഞ്ഞു കണ്ടത് സ്ത്രീകൾക്ക് സ്വർണവും വെള്ളിയും ഒന്നിലധികം ധരിക്കാം


മലക്കുകളേക്കാൾ ശ്രേഷ്ഠത മനുഷ്യനോ?

മലക്കുകളേക്കാൾ ശ്രേഷ്ഠത മനുഷ്യനോ, അതോ മനുഷ്യനേക്കാൾ ശ്രേഷ്ഠത മലക്കുകൾക്കോ? അതറിയാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും ഈ വിഷയത്തിലെ മസ്അല എന്താണെന്ന് നമുക്ക് പരിശോധിക്കാം 

ശൈഖ് അമീനുദ്ദീനുൽ കുർദി(റ) എഴുതുന്നു: നിർബന്ധമായും വിശ്വസിക്കേണ്ടതിൽ പെട്ടതാണ് നമ്മുടെ നബി മുഹമ്മദ് (സ) മലക്കുകൾ, ജിന്നുകൾ, ഇൻസുകൾ സർവതിനേക്കാളും സൃഷ്ടികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമാക്കപ്പെട്ടവരാണെന്ന് ഇതിൽ മുസ്ലിംകളുടെ ഇജ്അ് ഉണ്ട് നബി (സ)യോട് ശ്രേഷ്ഠതയിൽ അടുത്തത് ഇബ്രാഹിം നബി(അ) ആകുന്നു പിന്നെ മൂസാ നബി (അ), പിന്നെ ഈസാ നബി(അ), പിന്നെ നൂഹ് നബി (അ), 

പിന്നെ ശേഷിക്കുന്ന മുർസലുകൾ, പിന്നെ മുർസലുകളല്ലാത്ത നബിമാർ പിന്നെ മലക്കുകളുടെ നേതാക്കന്മാർ അവർ ജിബ്രീൽ (അ), പിന്നെ മീക്കാഈൽ(അ),പിന്നെ ഇസ്റാഫീൽ (അ), പിന്നെ അസ്റാഈൽ(അ), പിന്നെ നാല് ഖുലഫാഉർറാശിദീങ്ങൾ, പിന്നെ ശേഷിക്കുന്ന മലക്കുകൾ, പിന്നെ ബാക്കിയുള്ള മനുഷ്യരും (തൻവീറുൽ ഖുലൂബ്: 31) 

ഒറ്റയടിക്ക് മനുഷ്യരേക്കൾ ശ്രേഷ്ഠത  മലക്കുകൾക്കാണെന്നും മലക്കുകളേക്കാൾ ശ്രേഷ്ഠത മനുഷ്യർക്കാണെന്നും പറഞ്ഞുകൂടാ മേൽ വിശദീകരണത്തോടുകൂടിയാണ് ഈ കാര്യം പറയാനാവുകയുള്ളൂ 


ഇബ്ലീസ് മലക്കോ,ജിന്നോ?

ശപിക്കപ്പെട്ടവനായ ഇബ്ലീസ് മലക്കോ ജിന്നോ? നമുക്കിടയിലുള്ള ചർച്ചയാണിത് അല്ലാഹുവിന്റെ അനുഗ്രഹത്തിൽ പ്രതീക്ഷയില്ലാത്തവൻ എന്നാണ് ഇബ്ലീസിന്റെ അർത്ഥം  

ഇമാം നവവി(റ) എഴുതുന്നു: ഇബ്ലീസ് എന്ന നാമം അനറബി പദമാണ് ഇബ്ലീസ് എന്ന പേര് വരാൻ കാരണം അല്ലാഹുവിന്റെ റഹ്മത്തിൽ നിരാശനായതുകൊണ്ടാണ് (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത്:1/119) 

ഇമാം ത്വബ് രി (റ) എഴുതുന്നു: ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നിശ്ചയം മലക്കുകളിൽ അൽ ജിന്ന് എന്നൊരു വിഭാഗം ഉണ്ട് ഇബ്ലീസ് അതിൽ പെട്ടവനാണ് അവൻ ആകാശ ഭൂമികൾക്കിടയിൽ വസ് വാസ് ഉണ്ടാക്കും (താരീഖുത്വബ് രി:1/56) 

ഇമാം സ്വാവി(റ) എഴുതുന്നു: അൽ ജിന്ന് എന്ന വിഭാഗം മലക്കുകൾ മറ്റു മലക്കുകളെപോലെ പാപസുരക്ഷിതരല്ല അവർ സന്താനോൽപാദനം നടത്തുകയും തെറ്റുകൾ ചെയ്യുകയും ചെയ്യും(സ്വാവി: 3/16) 

ചുരുക്കത്തിൽ ഇബ്ലീസ് മലക്കാണെന്ന് വെച്ചാൽ തന്നെ മറ്റ് മലക്കുകളെ പോലെയല്ല മറിച്ച് ജിന്നുകളെപോലെ സന്താനോൽപാദനം നടത്തുകയും അല്ലാഹുവിന്റെ കൽപനക്കെതിർ പ്രവർത്തിക്കുകയും ചെയ്യുന്ന സ്വഭാവമുള്ളവരാണ് അപ്പോൾ ഇബ്ലീസ് മലക്കോ ജിന്നോ എന്ന അഭിപ്രായ വ്യത്യാസം പദപ്രയോഗത്തിലെ ഉള്ളൂ എന്ന് മനസ്സിലാക്കാം 


ചേലാകർമം ചെയ്യൽ

ചേലാകർമം ചെയ്യൽ നമ്മുടെ നാട്ടിലൊക്കെ മാർക്കക്കല്യാണം എന്നാണ് പറയാറുള്ളത് പുരുഷനും സ്ത്രീക്കും നിർബന്ധമാണ് സുന്നത്ത് കഴിക്കൽ എന്നും ഇതിനെ സംബന്ധിച്ച് നാടുകളിൽ പറയാറുണ്ട് സദ്യ കൊടുക്കൽ സുന്നത്ത് എന്ന നിലക്കാവും ഇങ്ങനെ പറയാറുള്ളത് 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ചേലാകർമം ചെയ്തവരായി ജനിക്കാത്ത സ്ത്രീ -പുരുഷന്മാരെ ചേലാകർമം ചെയ്യൽ നിർബന്ധമാകുന്നു (തുഹ്ഫ: 9/232) 

ഇമാം സൈനുദ്ദീൻ അഹ്മദ് മഖ്ദൂം(റ) എഴുതുന്നു: ചേലാകർമം ചെയ്യാത്തവരായി ജനിച്ച് സ്ത്രീ-പുരുഷന്മാരെ ചേലാകർമം ചെയ്യൽ നിർബന്ധമാകുന്നു ഇബ്രാഹിം നബി(അ)ന്റെ മില്ലത്തിനെ താങ്കൾ പിൻപറ്റുക എന്ന അല്ലാഹുവിന്റെ വാക്കിന് വേണ്ടിയാണിത് ഇബ്രാഹിം നബി (അ) യുടെ മില്ലത്തിൽ മില്ലത്തിൽ പെട്ടതാണ് ചേലാകർമം ഇബ്രാഹിം നബി (അ) എൺപതാം വയസ്സിൽ ചേലാകർമം ചെയ്തിട്ടുണ്ട് 

ഒരഭിപ്രായപ്രകാരം ചേലാകർമം പുരുഷന് നിർബന്ധവും സ്ത്രീക്ക് സുന്നത്തുമാകുന്നു പ്രായപൂർത്തിയും ബുദ്ധിയും ആയതിന് ശേഷമാണിത് നിർബന്ധം അതിന് മുമ്പ് നിർബന്ധമില്ല ഇത് രണ്ടുമായാൽ ഉടനടി നിർബന്ധമാകും (ഫത്ഹുൽ മുഈൻ: 459) 

പ്രസവിച്ച ഏഴിനാവൽ സുന്നത്താണ് നബിചര്യയാണത് പിന്തിച്ചാൽ നാൽപതാം  ദിവസവും , പിന്തിച്ചാൽ ഏഴാം വയസ്സിലും ആണിന്റെ ചേലാകർമം പരസ്യമാക്കലും പെണ്ണിന്റേത് അവ്യക്തമാക്കലും സുന്നത്താകുന്നു (ഫത്ഹുൽ മുഈൻ: 460)


ഇഞ്ചക്ഷൻ നോമ്പ് മുറിയുകയില്ല

നോമ്പ് മുറിയുന്ന കാര്യങ്ങൾ നിരവധിയാണ് ആധുനിക യുഗത്തിൽ ഇത്തരം കാര്യങ്ങൾക്ക് പ്രസക്തി കൂടും റമളാൻ മാസത്തിൽ പലരും ചോദിക്കുന്ന സംശയങ്ങളിൽ ഒന്നാണ് ഞരമ്പിലേക്ക് ഇഞ്ചക്ഷൻ ചെയ്യൽ കൊണ്ട് നോമ്പ് മുറിയുമോ? കാരണം പ്രമേഹം പോലോത്ത രോഗങ്ങളുള്ളതിനാൽ ഇന്ന് പലർക്കും പകൽ സമയത്ത് പോലും ഇഞ്ചക്ഷൻ ആവശ്യമായി വരാറുണ്ട് 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ജൗഫ് (ഉള്ള്) എന്ന് പറയുന്ന ഒന്നിലേക്ക് തടിയുള്ള വല്ലതും പ്രവേശിച്ചാൽ നോമ്പ് മുറിയും ജൗഫില്ലാത്തതിനാൽ തണ്ടൻകാലിന്റെ മജ്ജയിലേക്കോ മാംസത്തിലേക്കോ വല്ലതും പ്രവേശിച്ചാൽ നോമ്പ് മുറിയുകയില്ല (തുഹ്ഫ:3/401)

ജൗഫിലേക്ക് തടിയുള്ള വല്ലതും പ്രവേശിച്ചാൽ നോമ്പ് മുറിയുന്നതാണെന്ന് വ്യക്തം എന്നാൽ ഞരമ്പിലേക്ക് ഇഞ്ചക്ഷൻ ചെയ്യുമ്പോൾ ഞരമ്പിന് ജൗഫില്ലെങ്കിൽ നോമ്പ് മുറിയുകയില്ലെന്നു വ്യക്തമാണ് 
 
ഇമാം ഇബ്നു ഹജറർ (റ) എഴുതുന്നു: തർക്കമന്യേ ഫസ്ദ്, ഹിജാമ കൊണ്ട് നോമ്പ് മുറിയുകയില്ല എങ്കിലും ഇത് രണ്ടും നോമ്പുകാരൻ ഉപേക്ഷിക്കലാണഭികാമ്യം(തുഹ്ഫ:3/11) 

ഫസ്വ് ദ് എന്നാൽ ഞരമ്പ് മുറിക്കലാണെന്ന് മുഖ്താറുസ്സ്വഹാഹ് : 11/211-ൽ കാണാം  

ഇമാം അൽദബീലി (റ) എഴുതുന്നു: ഫസ്വ് ദും ഹിജാമയും നടത്തിയ സ്ഥലത്ത് മരുന്നോ മറ്റോ വെക്കുകയും അത് ഉള്ളിലേക്ക് പ്രവേശിക്കുകയും ചെയ്താൽ പോലും നോമ്പ് മുറിയുകയില്ല (അൻവാർ:1/160) 

ഇതിൽ നിന്നെല്ലാം ഞരമ്പിന് ജൗഫില്ലായെന്നും അതുകൊണ്ട് തന്നെ ഞരമ്പിലേക്ക് ഇഞ്ചക്ഷൻ വെച്ചാൽ നോമ്പ് മുറിയുകയില്ലെന്നും വ്യക്തമായി എങ്കിലും നോമ്പുകാരൻ അത് ഉപേക്ഷിക്കലാണഭികാമ്യം 


സ്ത്രീകളുടെ മയ്യിത്ത് നിസ്കാരം

മുസ്ലിം മരിച്ചാൽ മയ്യിത്ത് നിസ്കരിക്കൽ ഫർള് കിഫായയാകുന്നു ആ ഫർള് കിഫായ പുരുഷൻ ഉള്ളപ്പോൾ സ്ത്രീകൾ നിസ്കരിച്ചാൽ ഫർള് വീടുന്നതല്ല 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: മയ്യിത്ത് നിസ്കരിക്കുന്ന മഹല്ലിലോ മഹല്ലിന് പുറത്തുള്ള ഭാഗത്തിൽ നിന്ന് നിസ്കരിക്കുന്ന മഹല്ലിലേക്ക് ചേർക്കപ്പെടുന്ന സ്ഥലത്തോ പുരുഷന്മാരോ അല്ലെങ്കിൽ ഒരു പുരുഷനോ ഉള്ളപ്പോൾ സ്ത്രീകളെ കൊണ്ടോ നപുംസകങ്ങളെ കൊണ്ടോ ഏറ്റവും സ്വഹീഹായ അഭിപ്രായമനുസരിച്ച് നിസ്കാരത്തിന്റെ ഫർള് വീടുന്നതല്ല (തുഹ്ഫ: 3/148) 

പുരുഷന്മാർ ഉള്ളപ്പോൾ സ്ത്രീകൾ നിസ്കരിച്ചാൽ ഫർള് വീടകയില്ലെന്നുറപ്പായി എന്നാൽ സ്ത്രീകളുടെ നിസ്കാരം സുന്നത്തായി പരിഗണിക്കുമോ? 

ഈ മസ്അലയിൽ കേരളത്തിലെ  കഴിഞ്ഞുപോയ പണ്ഡിതരിൽ പ്രമുഖനും കർമശാസ്ത്ര വിശാരദനുമായ കുറ്റിക്കാട്ടൂർ ഇമ്പിച്ചാലി മുസ്ലിയാർ (ന.മ.) എഴുതുന്നു: ഒരു പുരുഷൻ നിസ്കരിക്കുന്നതുകൊണ്ട് നിസ്കാരത്തിന്റെ കടമ നിർവഹിക്കപ്പെടും പ്രായപൂർത്തി ഇല്ലാത്തവൻ ആണെങ്കിലും കൂടി പുരുഷൻ ഉണ്ടെങ്കിൽ സ്ത്രീകൾ നിസ്കരിച്ചാൽ കടമ നിർവഹിക്കപ്പെടുകയില്ല പുരുഷന്മാരുടെ കൂടെയോ മുമ്പിലോ പിമ്പിലോ സ്ത്രീകൾക്ക് നിസ്കരിക്കാം പുരുഷന്മാർ ഉള്ളപ്പോൾ സ്ത്രീകളുടെ  നിസ്കാരം സുന്നത്തായി മാത്രമേ പരിഗണിക്കുകയുള്ളൂ പുരുഷന്മാർ ഇല്ലാത്ത സന്ദർഭത്തിൽ സ്ത്രീകളെ കൊണ്ട് ഫർള് വീടുകയും ചെയ്യും (മയ്യിത്ത് പരിപാലന നിയമങ്ങൾ:34)
 
പുരുഷന്മാർ ഉള്ളപ്പോൾ തന്നെ അവർക്ക് മുമ്പ് സ്ത്രീകൾ നിസ്കരിച്ചാൽ സുന്നത്തായി പരിഗണിക്കുമെന്നാണ് മേൽ വരികളിൽ നാം വായിച്ചത് നിരവധി പണ്ഡിതന്മാരുടെ ഉസ്താദും കൂടിയാണ് മഹാനവർകൾ 


ഹൈളുകാരിക്ക് മയ്യിത്ത് കുളിപ്പിക്കാമോ?

ഉമ്മ മരിച്ചപ്പോൾ മകൾക്ക് ഹൈള് ഉമ്മയാണെങ്കിൽ താൻ മരിച്ചാൽ മകളോട് മയ്യിത്ത് കുളിപ്പിക്കാൻ വസ്വിയ്യത്ത് ചെയ്തതുമാണ്  ഹൈളുകാരിയായ ഈ മകൾക്ക് ഉമ്മാന്റെ മയ്യിത്ത് കുളിപ്പിക്കാമോ? 

ഈ വിഷയത്തിലെ മസ്അല എന്തായിരിക്കും? നമുക്കു നോക്കാം  
ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: ജനാബത്തുകാരനും, ഹൈളുകാരിയും, നിഫാസുകാരിയും മയ്യിത്തു കുളിപ്പിക്കൽ കറാഹത്തു പോലുമില്ല (തുഹ്ഫ: 3/202)  

ഹറാമും കറാഹത്തുമില്ലാതെ ഇവർക്ക് മയ്യിത്ത് കുളിപ്പിക്കാം, സഹായിക്കാം മതപരമായി ഇതിൽ പന്തികേടൊന്നുമില്ല 

ഇമാം മഹല്ലി(റ) എഴുതുന്നു: കറാഹത്തില്ലാതെ ജനാബത്തുകാരനും ഹൈളുകാരിക്കും മയ്യിത്ത് കുളിപ്പിക്കാം ഇമാം നവവി(റ) ഇത് റൗളയിലും ശർഹുൽ മുഹദ്ദബിലും പറഞ്ഞിട്ടുണ്ട് (കൻസുർറാഗിബീൻ: 1/345) 

ചുരുക്കത്തിൽ ഉമ്മ മരിച്ചാൽ മകൾ ഹൈളുകാരിയാണെങ്കിലും മയ്യിത്ത് കുളിപ്പിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല നാം അറിഞ്ഞിരിക്കേണ്ട മസ്അലകളിൽ  പെട്ട ഒന്നാണിത് കാരണം, ഹൈളു കാരണം മയ്യിത്ത് കുളിപ്പിക്കുന്നതിൽ നിന്ന് കുളിപ്പിക്കാൻ പാടില്ലെന്ന് കരുതി മാറിനിന്ന പല സ്ത്രീകളുമുണ്ട് ചിലപ്പോൾ മയ്യിത്ത് ഉമ്മയുടേതോ ബന്ധപ്പെട്ടവരുടേതോ ആയിരിക്കും 


പെണ്ണ് കാണൽ

പെണ്ണ് കാണാൻ പോവൽ നമ്മുടെ നാടുകളിൽ സർവ സാധാരണയാണല്ലോ അതിന് നിയമങ്ങളും നിർദേശങ്ങളുമുണ്ട് 

ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: സ്ത്രീയെ നികാഹ് ചെയ്യാൻ ഉദ്ദേശിക്കുകയും അവളിൽനിന്ന് അനുകൂല മറുപടി പ്രതീക്ഷയും ഉണ്ടെങ്കിൽ അവൾ വേറെ നികാഹിനെ തൊട്ടും ഇദ്ദയെ തൊട്ടും ഒഴിവാണെങ്കിൽ അവളെ കാണൽ സുന്നത്താണ് (തുഹ്ഫ:7:190) 

ഈ സുന്നത്ത് അവളെ നികാഹ് ചെയ്യാൻ ഉദ്ദേശിച്ചവന് മാത്രമാണ് അവന്റെ കൂടെയുള്ള കൂട്ടുകാർക്കോ സഹോദരന്മാർക്കോ അവന്റെ പിതാവിനോ സുന്നത്തില്ല മാത്രമല്ല അവർക്കൊക്കെ ഹറാമുമാണ് എന്നാൽ നമ്മുടെ നാട്ടിൽ പല സ്ഥങ്ങളിലും പെണ്ണ് കാണാൻ പോവുമ്പോൾ അവന്റെ കൂട്ടുകാരുണ്ടാവും അവൻ കാണുമ്പോൾ അവരും കാണാൻ കൂടുന്നു അവർ കണ്ട് പോയാൽ ശേഷം അവന്റെ പിതാവ്, സഹോദരന്മാർ, പെങ്ങളുടെ ഭർത്താവ്, അമ്മാവൻ ഇവരൊക്കെ ഇവളെ കാണാൻ വരുന്നു അതിന് പെണ്ണിന്റെ വീട്ടുകാർ സമ്മതിക്കാറുമുണ്ട് ഇത്തരം ഹറാമുകളെ നാം സൂക്ഷിച്ചില്ലെങ്കിൽ പാരത്രിക ലോകത്ത് അല്ലാഹുവിന്റെ കോടതിയിൽ നാം ഹിസാബ് പറയേണ്ടി വരും മാത്രമല്ല, പെണ്ണ് ഇവരൊയൊക്കെ കാണുകയും സംസാരിക്കുകയും ചെയ്യേണ്ടിവരും അവൾക്കും ഇതൊക്കെ ഹറാം തന്നെയാണ്  

ഇമാം ഇബ്നു ഹജർ ഹൈതമി (അ) എഴുതുന്നു: അന്യപുരുഷന്മാർ അന്യസ്ത്രീകളെയും അന്യസ്ത്രീകൾ അന്യപുരുഷന്മാരെയും നോക്കൽ ഹറാമാണ് (ഫതാവൽ കുബ്റ: 1/203) 

പെണ്ണ് കാണാൻ പോകുന്നവർ അവളെ എങ്ങനെയാണ് കാണേണ്ടത്? അവൾ അവനെ എങ്ങനെയാണ് കാണേണ്ടത്? 

ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: നികാഹ് ചെയ്യണമെന്ന ധാരണയിൽ അവനും അവൾക്കും നിസ്കാരത്തിൽ ഔറത്തായി പരിഗണിക്കാത്ത ഭാഗങ്ങൾ കാണൽ സുന്നത്താണ് അതിനാൽ അവൻ അവളുടെ മുഖവും മുൻകൈയ്യും നോക്കാം മുഖദർശനത്തിൽ സൗന്ദര്യവും മുൻകൈ നോക്കുമ്പോൾ ശരീര പ്രകൃതിയും മനസ്സിലാക്കാം അവൾക്ക് അവന്റെ മുട്ടുപൊക്കിളിനിടയിൽ അല്ലാത്ത ഭാഗങ്ങളും കാണാം (ഫത്ഹുൽ മുഈൻ:340) 

എന്നാൽ അവളുടെ മുഖവും മുൻകൈയും കണ്ട് രൂപം മനസ്സിലാക്കിയതിനു ശേഷം വീണ്ടും കാണൽ ഹറാമാണ് കാരണം, ഇവിടെ അവന്റെ ആവശ്യം അവളുടെ ആകൃതി മനസ്സിലാക്കലാണല്ലോ അത് മനസ്സിലായല്ലോ അതിനാൽ വീണ്ടും നോക്കേണ്ടതില്ല മനസ്സിലായിട്ടില്ലെങ്കിൽ വീണ്ടും വീണ്ടും നോക്കാം (തുഹ്ഫ്: 7/191) 

ഇനി അവന് ലജ്ജയോ മറ്റെന്തോ കാരണം കൊണ്ട് അവളെ വേണ്ടവിധം കാണാനായില്ലെങ്കിൽ വേറെ ഏതെങ്കിലും സ്ത്രീയെ അയച്ച് അവളുടെ വിശേഷണങ്ങൾ മനസ്സിലാക്കൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ:341) 

ഇതിൽ നിന്നെല്ലാം ആധുനിക യുവതി-യുവാക്കൾക്ക് ധാരാളം പാഠമുണ്ട് നമ്മുടെ പെണ്ണന്വേഷണവും കാണലും പിന്നെയുള്ള ഫോൺവിളികളും വാട്ട്സാപ്പ് ചാറ്റുകളും അതിരുവിടുന്നുണ്ടെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? 


വരൻ എങ്ങനെയായിരിക്കണം?

വരൻ ആരായിരിക്കണം എന്നതിനെ സംബന്ധിച്ച് വ്യക്തമായ ബോധം പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് ഉണ്ടാവണം സാമ്പത്തികമായും വിദ്യാഭ്യാസപരവുമായ പുരോഗതി മാത്രമല്ല ഇതിലെ  പ്രധാനം മറിച്ച് ദീനിയായ ഉയർച്ച തന്നെയാണ് ഇതിനാണ് നാം പ്രാധാന്യം നൽകേണ്ടത് ഭൗതികമായ ചില ഗുണങ്ങളും നേട്ടങ്ങളും മാത്രം നോക്കി നാം വരന്മാരെ തിരഞ്ഞെടുത്താൽ അവസാനം ഖേദിക്കേണ്ടിവരും 

വിശുദ്ധ ഖുർആനിലെ സൂറത്തുന്നൂറിലെ 26-മത്തെ ആയത്തിന്റെ തഫ്സീർ കാണുക : ദുശിച്ച സ്ത്രീകൾ ദുശിച്ച പുരുഷന്മാർക്കും ദുശിച്ച പുരുഷന്മാർ ദുശിച്ച സ്ത്രീകളൾക്കുമാകുന്നു നല്ല സ്ത്രീകൾ നല്ല പുരുഷന്മാർക്കുമാകുന്നു (സ്വഫ് വത്തുത്തഫാസീർ: 3/305) 

ഒരിക്കലും ദുശിച്ചവർക്ക് നമ്മുടെ കുട്ടികളെ വിവാഹം ചെയ്ത് കൊടുക്കരുത് കാരണം മനുഷ്യർ ദുശിക്കുന്നത് മനസ്സും പ്രവർത്തനങ്ങളും ദുശിക്കുമ്പോഴാണ്  

വധുവരന്മാർക്കിടയിൽ വിവാഹശേഷം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ കുഫ്അ് നോക്കൽ അഥവാ രണ്ടുപേരും തമ്മിൽ പൊരുത്തപ്പെട്ടുപോവുന്ന നിലവിൽ തുല്യത ഉണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കൽ വളരെ നല്ലതാണ് 

ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: വധൂവരന്മാർ തമ്മിൽ തുല്യതയുണ്ടാവൽ നികാഹിൽ പരിഗണിക്കപ്പെടുന്നതാണ് നികാഹിന്റെ സാധുതക്ക് ഇത് ബാധകമല്ല ഇത് പെണ്ണിന്റെയും വലിയ്യിന്റെയും ഹഖാകുന്നു (ഫത്ഹുൽ മുഈൻ:368) 

നികാഹിൽ കുഫ്ഇനെ പരിഗണിക്കാനുള്ള കാരണം വധുവരന്മാർക്കിടയിൽ പ്രശ്നം ഇല്ലാതിരിക്കാനാണ് (തർശീഹ്: 315) 

വലിയ്യ് വധുവിന്റെ തൃപ്തിയോടെ കുഫ്അ് ഒക്കാത്തവന് വിവാഹം ചെയ്ത് കൊടുക്കൽ കറാഹത്താകുന്നു (തുഹ്ഫ:7/321) 

അതുകൊണ്ടുതന്നെ പതിവൃതകളായ നല്ല സ്ത്രീകളെ മദ്യപാനി, വ്യഭിചാരി, നിസ്കാരം ഉപേക്ഷിക്കുന്നവൻ എന്നിവർക്കും സുന്നിയായ സ്ത്രീയെ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ ബിദ്അത്തുകാർക്കും വിവാഹം ചെയ്തുകൊടുക്കരുത്  

ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: സുന്നിയായ സ്ത്രീക്ക് സുന്നിയല്ലാത്ത മുബ്തദിഅ് കുഫ്അ് ആവുകയില്ല (ഫത്ഹുൽ മുഈൻ: 369) 

അഹ്ലുബൈത്തിന് (നമ്മുടെ നാട്ടിൽ തങ്ങന്മാർ എന്നറിയപ്പെട്ടവർ) അഹ്ലുബൈത്തല്ലാത്തവർ കുഫ്അ് ആവുകയില്ല (തുഹ്ഫ:7/279) 

ചുരുക്കത്തിൽ വരനെ തിരഞ്ഞെടുക്കുമ്പോൾ നാം പ്രധാനമായും സുന്നികളെ തന്നെ തിരഞ്ഞെടുക്കുകയും സുന്നികളുടെ കൂട്ടത്തിൽ ദീനിയായ ചെറുപ്പക്കാരെ പ്രത്യേകം തിരഞ്ഞെടുക്കുകയും വേണം അല്ലെങ്കിൽ വിവാഹശേഷം ജീവിതം തീരാദുരിതത്തിലും കണ്ണീർ കടലിലുമായിരിക്കും 


വധു എങ്ങനെയായിരിക്കണം?

താൻ വിവാഹം ചെയ്യാൻ പോവുന്ന വധുവിനെ സംബന്ധിച്ച് വരന് വ്യക്തമായ ബോധം ഉണ്ടായിരിക്കണം വധുവിനെ സംബന്ധിച്ചുള്ള സങ്കൽപങ്ങളെല്ലാം ഇസ്ലാമികമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം അതല്ലാത്ത ഭൗതിക സങ്കൽപങ്ങളെല്ലാം വെറുതെയാണ് ഈ നശ്വര ലോകത്ത് അതെല്ലാം മിഥ്യകളാണ് ജീവിതവസാനം വരെ തനിക്ക് സേവനം ചെയ്യാവുന്ന ദീനിയായ സ്ത്രീയെ മാത്രമേ വധുവായി തിരഞ്ഞെടുക്കാവൂ അത്തരം സ്ത്രീകൾ മാത്രമേ പാരത്രിക ലോകത്ത് നമുക്ക് ഉപകരിക്കുകയുള്ളൂ വെറും സൗന്ദര്യം മാത്രം നോക്കി വധുവിനെ തിരഞ്ഞെടുക്കുന്നവൻ പെയ്ന്റ് മാത്രം കണ്ട് വീട് വാങ്ങുന്നവനെ പോലെയാണ് വധുവിൽ എന്തെല്ലാം കാര്യങ്ങൾ സമ്മേളിച്ചിരിക്കണമെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ (ഫുഖഹാഅ്) വ്യക്തമാക്കിയിട്ടുണ്ട്

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: വധു നീതിയുടെ വിശേഷണങ്ങളുള്ള ദീനിയായിരിക്കൽ സുന്നത്താണ് നീ ദീനിയായവളെ കൊണ്ട് വിജയിക്കുക എന്ന നബിവചനമാണിതിനാധാരം (തുഹ്ഫ:7/188) 

അല്ലാമാ ബക് രി(റ) എഴുതുന്നു: നീതിയുടെ വിശേഷണമെന്നാൽ അവൾ വൻദോഷം പ്രവർത്തിക്കാത്തവളും ചെറുപാപങ്ങൾ സ്ഥിരമായി ചെയ്യാത്തവളുമാണ്(ഇആനത്ത്: 3/426) 

ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: വ്യഭിചാരം, കൊലപാതകം, വ്യഭിചാരാരോപണം, പലിശ ഭക്ഷിക്കൽ, യത്തീമിന്റെ ധനം ഭക്ഷിക്കൽ, കള്ളസാക്ഷി നിൽക്കൽ, കരണമില്ലാതെ കുടുംബബന്ധം മുറിക്കൽ, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കൽ, ഫർള് നിസ്കാരം ഖളാഅ് ആക്കൽ, കൊടുക്കൽ നിർബന്ധമായ സകാത്ത് പിന്തിപ്പിക്കൽ, നമീമത്ത് തുടങ്ങിയവ വൻദോഷങ്ങളാണ് (ഫത്ഹുൽ മുഈൻ:505) 

വൻദോഷങ്ങൾ ഇനിയും ധാരാളമുണ്ട് വൻദോഷങ്ങൾ മാത്രം പറയുന്ന ഇമാം ഇബ്നു ഹജർ ഹൈതമി(റ) വിന്റെ ഗ്രന്ഥമാണ് 'അസ്സവാജിർ അനിഖ്ത്റാഫിൽ കബാഇർ' എന്ന രണ്ട് വാള്യങ്ങളുള്ള മഹത് ഗ്രന്ഥം ഇത്തരം പാപങ്ങൾ വർജിച്ചവളാണ് ദീനിയായ സ്ത്രീ ഈ കാലത്ത് ഇത്തരം സ്ത്രീകളെ ഭാര്യയായി ലഭിക്കൽ തൗഫീഖാണ്

തറവാട് അറിയപ്പെട്ടവൾ

തറവാട് അറിയപ്പെട്ടവളെ വിവാഹം ചെയ്യൽ സുന്നത്താണ് തറവാട് അറിയപ്പെട്ടവളാണെന്ന് എങ്ങനെ മനസ്സിലാക്കാനാവും എന്നതിനെ സംബന്ധിച്ച് ഫുഖഹാഅ് പറയുന്നത് കാണുക: 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: വധുവിന്റെ അസ്വ് ൽ അഥവാ തറവാട് അറിയപ്പെട്ടവളായിരിക്കൽ സുന്നത്താകുന്നു പണ്ഡിതരുടെയോ സജ്ജനങ്ങളുടെയോ തറവാടാവുമ്പോഴാണ് അത് നന്നാവുന്നത്

വ്യഭിചാരത്തിൽ ജനിച്ചവളെയും ഫാസിഖത്തായവളെയും വിവാഹം ചെയ്യൽ കറാഹത്താകുന്നു (തുഹ്ഫ: 7/189) 

അതിനാൽ നാം വിവാഹം ചെയ്യുമ്പോൾ അത് പണ്ഡിതരുടെയോ സജ്ജനങ്ങളുടെയോ മക്കളാവാൻ പ്രത്യേകം ശ്രദ്ധിക്കണം കാരണം മറ്റുള്ളവരേക്കാൾ ഇവർക്കാണല്ലോ ദീനിന്റെ കാര്യത്തിൽ വലിയ താൽപര്യമുണ്ടാവുക മാത്രമല്ല, ഇന്നത്തെ കാലത്ത് ഒരു ദീനിയായ ചെറുപ്പക്കാരന് ഇത്തരക്കാരുടെ വീട്ടിൽ നിന്ന് വിവാഹം ചെയ്താലേ ദീനിയായ ഒരു അന്തരീക്ഷം കാണുവാൻ സാധിക്കുകയുള്ളൂ ഇന്ന് അധിക വീടുകളും ഇന്റർനെറ്റ് കഫേകളും സിനിമാ-സീരിയൽ തിയേറ്ററുകളുമായി അധഃപതിച്ചിരിക്കുകയാണ് 


ഭംഗിയുള്ളവൾ

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: വധു സാധാരണയിൽ ഭംഗിയുള്ളവളാവൽ സുന്നത്താകുന്നു ഭംഗിയുള്ളവൾ കറുത്തവളാണെങ്കിലും ഈ സുന്നത്ത് ലഭിക്കുന്നതാണ് 

കൂടുതൽ സൗന്ദര്യമുള്ളവളെ വിവാഹം ചെയ്യൽ കറാഹത്താണ് കാരണം അവൾ തന്റെ സൗന്ദര്യം കാരണം അഹങ്കരിച്ചേക്കാം തെമ്മാടികളുടെ ദൃഷ്ടികൾ അവളിലേക്ക് പതിയുകയും ചെയ്യും കലർപ്പില്ലാത്ത തനി വെളുത്ത നിറമുള്ളവളെ വിവാഹം ചെയ്യാതിരിക്കലും സുന്നത്താണ് വിവാഹം ചെയ്യൽ കറാഹത്തുമാണ് വെളുപ്പ് കലർന്ന ചുപ്പ് നിറം ആക്ഷേപാർഹമാണ് ചുവപ്പ് കലർന്ന വെളുപ്പ് നിറമാണ് നിറങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് നബി(സ) യുടെ നിറം അതായിരുന്നു (തുഹ്ഫ: 7/188, ഇആനത്തുത്വാലിബീൻ:3/427) 

ചുരുക്കത്തിൽ ജമാലിയ്യത്തായ സ്ത്രീയെന്ന് പറഞ്ഞാൽ സൗന്ദര്യമുള്ള വെളുത്തവൾ എന്നല്ല, കറുത്ത സാധാരണയിൽ ഭംഗിയുള്ളവളും ഇതിൽ പെടും  


അടുത്ത കുടുംബത്തിൽ പെടാത്തവൾ 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: വധു അടുത്ത കുടുംബത്തിൽ പെടാത്തവളാവൽ സുന്നത്താണ് അത് വിരോധിച്ചതായി ഹദീസിൽ വന്നിട്ടുണ്ട് അതിന്റെ കാരണം ജനിക്കുന്ന കുട്ടി മെലിഞ്ഞിരിക്കുമെന്നാണ് എന്നാൽ നബി (സ) യുടെ മകൾ ഫാത്വിമ (റ)യെ അലി(റ) വിവാഹം ചെയ്തത് ഇതിനെതിരാവില്ല കാരണം അലി(റ) വിന്റെ എളാപ്പായുടെ മകന്റെ മകളാണ് ഫാത്വിമ (റ) ഇത് അടുത്ത കുടുംബമല്ല (തുഹ്ഫ:7/189) 

അതിനാൽ വധുവിനെ തിരഞ്ഞെടുക്കുമ്പോൾ അന്യസ്ത്രീകളെക്കാളും അടുത്ത കുടുംബക്കാരേക്കാളും നല്ലത് അകന്ന കുടുംബമാവാൻ നാം ശ്രദ്ധിക്കണം നമ്മുടെ പെൺ ആലോചന അകന്ന കുടുംബത്തിലേക്ക് നീങ്ങണം അടുത്ത കുടുംബം ഏതാണെന്നറിഞ്ഞാൽ അകന്ന കുടുംബം മനസ്സിലാക്കാമല്ലോ 

ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: മാതാവ്, പിതാവ്, ഇവരുടെ സഹോദരി, സഹോദരന്മാരുടെ മക്കളല്ലാത്തവരല്ലാം അകന്ന കുടുംബത്തിൽ പെട്ടവരാണ് നബി (സ) തന്റെ പിതൃവ്യയുടെ മകളായ സൈനബ്(റ) യെ വിവാഹം ചെയ്തത് ഇതിനെതിരല്ല കാരണം അടുത്ത കുടുംബക്കാരിൽ നിന്നും വിവാഹം കഴിക്കാം എന്ന ജവാസിനെ ബയാൻ (അനുവദനീയമാണെന്നറിയിക്കാൻ) ചെയ്യാൻ വേണ്ടിയാണിത്(ഫത്ഹുൽ മുഈൻ: 344) 


കൂടുതൽ പ്രസവിക്കുന്നവൾ

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: കൂടുതൽ പ്രസവിക്കുന്നവളെയും ഭർത്താവിനെ സ്നേഹിക്കുന്നവളെയും വിവാഹം കഴിക്കൽ സുന്നത്താണ് (തുഹ്ഫ: 7/189)

ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: കൂടുതൽ പ്രസവിക്കുന്നവളാണോ എന്നറിയാൻ അവൾ കന്യകയാണെങ്കിൽ വിവാഹിതരായ അവളുടെ അടുത്ത കുടുംബക്കാർക്ക് എത്ര മക്കളുണ്ടെന്ന് അന്വേഷിച്ചാൽ മതി (ഫത്ഹുൽ മുഈൻ:345) 

പക്ഷെ ഇതൊന്നും നമ്മളിൽ അധികപേരും ചെയ്യാറില്ല എന്ന നഗ്നസത്യം നാം തിരിച്ചറിയുമ്പോഴാണ് ദീനുമായി നമ്മുടെ അടുപ്പം എത്രത്തോളമുണ്ടെന്നറിയുന്നത് 

അല്ലാമാ ബക് രി(റ) എഴുതുന്നു: നബി (സ) പറഞ്ഞു: നിങ്ങൾ കൂടുതൽ പ്രസവിക്കുന്നവളെയും ഭർത്താവിനെ സ്നേഹിക്കുന്നവളെയും വിവാഹം കഴിക്കുക ഖിയാമത്ത് നാളിൽ മറ്റു സമുദായങ്ങളെ മേൽ ജനാധിക്യം കാരണം ഞാൻ അഭിമാനം കൊള്ളും (ഇആനത്തു ത്വാലിബീൻ:3/429) 

അതുപോലെ ബുദ്ധിമതിയെയും സൽസ്വഭാവിയെയും വിവാഹം ചെയ്യൽ സുന്നത്താകുന്നു എന്നാൽ മേൽ പറഞ്ഞ വിശേഷണങ്ങൾ എതിരായാൽ, ഉദാഹരണം: ദീനിയായ സ്ത്രീ ഭംഗിയുള്ളവളല്ല, അല്ലെങ്കിൽ ദീനും ഭംഗിയുണ്ട്, തറവാട് പണ്ഡിതരുടെയോ സജ്ജനങ്ങളുടെയോ അല്ല, എന്തു ചെയ്യണം? 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: മേൽപറഞ്ഞ വിശേഷണങ്ങൾ അങ്ങുമിങ്ങും എതിരായാൽ നിരുപാധികം ദീനിയായ പെണ്ണിന് മുൻഗണന നൽകണം പിന്നീട് ബുദ്ധിമതിക്കും ശേഷം സൽസ്വഭാവി, ശേഷം കൂടുതൽ പ്രസവിക്കുന്നവൾ, ശേഷം തറവാട് ശ്രേഷ്ഠമായവൾ, ശേഷം കന്യക, ശേഷം ഭംഗിയുള്ളവൾ, പിന്നീട് എന്തെങ്കിലും നന്മയുള്ളവൾ (തുഹ്ഫ:7/190) 

നമ്മുടെ ജീവിതം ശാന്തി സമാധാനത്തിലാവാൻ വേണ്ടിയാണ് പരിശുദ്ധ ദീൻ ഇത്തരം നിർദ്ദേശങ്ങൾ വ്യക്തമായി മുന്നോട്ട് വെച്ചത് അതല്ലാതെ നമ്മുടെ മാർഗം നാം സ്വന്തമായി തിരഞ്ഞെടുത്താൽ അനന്തര ഫലം പരാജയമായിരിക്കും പ്രത്യേകിച്ചും വിവാഹത്തിന്റെ കാര്യത്തിൽ അത് നമുക്ക് പുതുയുഗത്തിന്റെ വാതായനങ്ങൾ തുറന്നു തരികയാണ് ആ കവാടത്തിലേക്ക് നാം ശ്രദ്ധിച്ച് പ്രവേശിക്കുക 

നബി (സ) പറഞ്ഞു: നിങ്ങൾ ദുനിയാവിനെയും സ്ത്രീകളെയും സൂക്ഷിക്കുക ബനൂ ഇസ്റാഈലിൽ ഫിത്നയുടെ ആരംഭം സ്ത്രീകളിൽ നിന്നാണ് 


തർളിയത്തും തറഹുമും

തർളിയത്തെന്നു പറഞ്ഞാൽ റളിയല്ലാഹു അൻഹു എന്ന് ചൊല്ലൽ തറഹുമ് എന്നാൽ റഹ്മത്തുല്ലാഹി അലൈഹി, റഹിമഹുല്ലാഹു എന്നൊക്കെ ചൊല്ലൽ സ്വഹാബികൾ, താബിഉകൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ എന്നിവരുടെ പേര് കേട്ടാൽ തർളിയത്തും തറഹുമും ചൊല്ലൽ സുന്നത്താകുന്നു 
ഇമാം നവവി(റ) എഴുതുന്നു: സ്വഹാബത്ത്, താബിഉകൾ, അവർക്ക് ശേഷക്കാരായ പണ്ഡിതർ, സജ്ജനങ്ങൾ എന്നിവരുടെ മേൽ തർളിയത്തും തറഹുമും സുന്നത്താകുന്നു (അദ്കാർ: 109) 

ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: എല്ലാ സജ്ജനങ്ങളുടെ മേലിലും തർളിയത്തും തറഹുമും സുന്നത്താകുന്നു(തുഹ്ഫ: 3/239) 

സ്വാലിഹീങ്ങൾ സുന്നികളുടെ കൂട്ടത്തിലെ ഉള്ളത്, അതുകൊണ്ട് തന്നെ സുന്നിയല്ലാത്ത ബിദ്അത്തുകാരുടെ പേരുകൾ കേൾക്കുമ്പോൾ തർളിയത്തോ, തറഹുമോ സുന്നത്തില്ല ചിലർ അവരുടെ ബിദഈ നേതാക്കാൾക്ക് തറഹും എഴുതിയിട്ടുണ്ട് ഇത് ശരിയല്ല അല്ലാഹുവിന്റെ ആളുകളുടെ ഭാഗത്ത് ചേർന്നിരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ  




അലി അഷ്ക്കർ - 9526765555

No comments:

Post a Comment