Saturday 7 August 2021

ശഅ്‌വാനത്തുൽ ആബിദ : ഒരു സ്ത്രീ രത്നം

 

ശഅ്‌വാനത്തുല്‍ ആബിദയെന്നാണ് ചരിത്രത്തില്‍ അവരുടെ വിളിപ്പേര് തന്നെ.

ആബിദത്ത് എന്ന പേര് മഹതി ശഅ്‌വാനയുടെ (റ) അകമ്പടി സേവിച്ചു തുടങ്ങിയത് ഇബാദത്തുമായി അവര് മുഴുവന്‍ സമയവും ചിലവഴിച്ചു തുടങ്ങിയതിന് ശേഷമാണ്. 

രാത്രിയായാല്‍ അല്ലാഹുﷻവിനെയോര്‍ത്ത് സുബ്ഹിവരെ കരച്ചിലാണ് മഹതിയുടെ പതിവ്. മഹതിയുടെ കരച്ചില് കണ്ട് മഹതിയോട് സഹതാപം തോന്നിയ ചിലര് അവരോട് ചെന്ന് ഉപദേശ സ്വരത്തില്‍ പറഞ്ഞു: 

'നിങ്ങള് സ്വന്തം ശരീരത്തെ സൂക്ഷിക്കണം, നിങ്ങളിങ്ങനെ കരഞ്ഞാൽ ശരീരം ക്ഷീണിച്ചു പോകും.'

ഇതുകേട്ടപ്പോള്‍ മഹതി പറഞ്ഞു: 

'അല്ലാഹുവാണേ സത്യം, ഞാനീ കണ്ണുനീരിനു പകരം രക്തം കരഞ്ഞ് എന്റെ ശരീരത്തിലെ രക്തം മുഴുവന്‍ വറ്റിപോകലിനെയാണ് ഇഷ്ടപ്പെടുന്നത്.'

ഇത്രയും പറഞ്ഞതിന് ശേഷം മഹതി പറയും: 

'റബ്ബേ, നിന്നെ അറിഞ്ഞതിന് ശേഷം തെറ്റു ചെയ്യുന്നവര്‍ക്ക് നീ പൊറുത്ത് നല്‍കണേ അല്ലാഹ്...'  

അങ്ങനെ ഒരു ദിവസം മഹതി ദുആ ചെയ്തു : 

'അല്ലാഹുവേ, നിനക്ക് എന്നോടുള്ള  മഹബ്ബത്തുണ്ടല്ലോ അതുകാരണമായി എനിക്ക് നീ പൊറുത്ത് തരണേ...'

ഈ ദുആ കേട്ടപ്പോള്‍ മഹതിയുടെ ചുറ്റുമുണ്ടായിരുന്നവരിലൊരാള്‍ ചോദിച്ചു: 

'നിങ്ങള്‍ക്ക് അല്ലാഹുﷻവിനോട് ഹുബ്ബുണ്ടായിരിക്കാം എന്നാല്‍ അല്ലാഹുﷻവിന് നിങ്ങളോട് ഹുബ്ബ് ഉണ്ടെന്ന് നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി..?'

ചോദ്യം കേട്ടതും ഉത്തരത്തിന് വേണ്ടി മഹതി അമാന്തിച്ചില്ല. മഹതി പറഞ്ഞു: 

'അല്ലാഹുﷻവിനെങ്ങാനും എന്നോട് മഹബ്ബത്തില്ലായിരുന്നെങ്കില്‍, ജനങ്ങളെല്ലാം ഉറങ്ങുന്ന ഈ പതിരാത്രിയില്‍ എന്നെയിങ്ങനെ അവനെയോര്‍ത്ത് അവന്റെ മുമ്പില്‍ ഉണര്‍ത്തി നിര്‍ത്തുമായിരുന്നില്ലല്ലോ..?!'


- *وقد كانت شعوانة العابدة -  رحمها الله تعالى -  تنوح كل ليلة وتبكي إلى الصباح فدخل عليها جماعة يوما فقالوا لها : ارفقي بنفسك فقالت : والله لقد وددت أن أبكي الدم فضلا عن الدموع حتى لا يبقى في جسدي قطرة من دم وكانت تقول : اللهم اغفر لكل من تعرض لمعصيتك بعد معرفتك وقد قالت مرة : اللهم بحبك لي إلا ما غفرت لي فقالوا لها : ومن أين عرفت أنه بحبك فقالت : لولا محبته لي ما أقامني بين يديه في الظلام والناس نيام*.( تنبيه المغترين للإمام الشعراني    ص : 280)



ഗുണപാഠം :സ്ത്രീ-പുരുഷന്മാരെ ആനുപാതികമായി നോക്കുമ്പോള്‍ കരയാന്‍ ഏറ്റവും നല്ല പ്രകൃതം സ്ത്രീകള്‍ക്കാണ്. കരഞ്ഞ് ഏറ്റവും വേഗത്തില്‍ സ്വര്‍ഗം കരസ്ഥമാക്കാനും സ്ത്രീകള്‍ക്കാണ് സാധിക്കുക. 

എന്നാല്‍, ഇതുപോലെ തന്നെ നരകപ്രവേശനത്തിനും ഏറ്റവും എളുപ്പം മാര്‍ഗമൊരുക്കുന്ന പ്രകൃതം തന്നെയാണ് സ്ത്രീകള്‍ക്ക്. ശഅ്‌വാനത്തുല്‍ ആബിദയെന്ന് ആത്മീയ ലോകം മഹതിയെ പേരെടുത്തുവിളിച്ചെങ്കില്‍ അത് മഹതിക്ക് മാത്രമുള്ള അംഗീകാരമല്ല. സ്ത്രീകുലത്തിന് മൊത്തം ആത്മീയപുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്നതിനുള്ള അംഗീകാരമാണ്. മഹതിയില്‍ നിന്ന് മാതൃക പിൻപറ്റാനും അല്ലാഹുﷻവിന്റെ ഇഷ്ടക്കാരില്‍ ഉള്‍പെടാനും ശ്രമിക്കണം നമ്മള്‍.



അബൂബക്കര്‍ അഹ്‌സനി പറപ്പൂർ

No comments:

Post a Comment