Tuesday 24 August 2021

സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ തീ പാറുന്ന സ്വപ്നങ്ങൾ

 


നാടിന്റെ ശത്രുക്കളായ വിദേശികൾക്കെതിരെ മാപ്പിളമാർ നടത്തിയ ധീരോദാത്തമായ സമര ചരിത്രത്തിലെ ഒരു ചെറിയ കഥ ഒരു കാലഘട്ടത്തിൽ മലബാറിലെ മാപ്പിള വീടുകളിൽ അനുഭവപ്പെട്ട ദുരന്തങ്ങളുടെ യഥാർത്ഥ ചിത്രം അതിവിടെ പച്ചയിൽ പറിച്ചെടുത്ത് കഥാപശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ഇത് വെറും കഥയല്ല ചരിത്രമാണ് നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് മുസ്ലിംകൾ ചെയ്ത സേവനത്തിന്റെ ചരിത്രം  മാപ്പിളമാർ എക്കാലത്തും വെള്ളക്കാർക്ക് തലവേദനയായിരുന്നു

അല്ലാഹുവിൽ വിശ്വസിക്കുന്നതിനാൽ  മറ്റു ആരുടെ മുമ്പിലും തലകുനിക്കുകയോ മറ്റു ആർക്കെങ്കിലും അടിമപ്പെടുകയോ ചെയ്യാത്തതായിരുന്നു  മാപ്പിളമാരുടെ പ്രകൃതം അതവർ സ്വയാത്തമാക്കിയത് ഇസ്ലാമിൽ നിന്നായിരുന്നു വഞ്ചകരോടും ചൂഷകരോടും മാപ്പിളമാരും അവരുടെ മതവും വിട്ടുവീഴ്ചയില്ലാതെ പൊരുതും 

ഖിലാഫത്ത് പ്രക്ഷോഭത്തിൽ അലിസഹോദരന്മാരോടൊപ്പം ഗാന്ധിജിയും കോൺഗ്രസ്സും അണിനിരന്നതോടെ മുസ്ലിംകൾ ഒന്നടങ്കം യുദ്ധത്തിന്റെ മുൻനിരയിലെത്തി ഗാന്ധിജിയും കോൺഗ്രസ്സും മെല്ലെ തടിയൂരിയപ്പോൾ മുസ്ലിംകൾ പോർക്കളത്തിൽ ഉറച്ചുനില്ക്കുകയായിരുന്നു തീ തുപ്പുന്ന തോക്കും ബയനറ്റുമായി നരനായാട്ടു നടത്തുന്ന ബ്രിട്ടീഷ് പട്ടാളക്കാരോട് അഹിംസയുടെയും അനുരഞ്ജനത്തിന്റെയും ഭാഷ അവർക്ക് സ്വീകാര്യമായിരുന്നില്ല ആദർശത്തിന്റെ വഴിയിൽ അവർ സ്വയം ബലിയാവുകയായിരുന്നു   

ബ്രിട്ടീഷ് ഭരണത്തിന്റെ പിടിയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തുമുള്ള മുസ്ലിംകൾ സജീവമായി പങ്കെടുത്തു മലബാറിലെ മുസ്ലിംകളുടെ ഐതിഹാസിക സമരങ്ങൾ അവിസ്മരണീയമാണ് 

പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയതിന്റെ പേരിൽ സ്വന്തം ജീവിതമാണവർക്ക് നഷ്ടപ്പെട്ടത് സമര രംഗത്ത് മുന്നേറിയ ഭർത്താവിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഭാര്യയുടെ കഥയാണിത് സ്വാതന്ത്ര്യ സമരം അവസാനിച്ചു ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്നിട്ടും ഭർത്താവ് എത്തിയില്ല ഭാര്യയുടെ കാത്തിരിപ്പ് തുടരുന്നു 

പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മലബാറിലെ മാപ്പിള മക്കൾ വിദേശികൾക്കെതിരെ സന്ധിയില്ലാ സമരത്തിലായിരുന്നു സമരപരമ്പരയിൽ ശ്രദ്ധേയമായതത്രെ 1921-ലെ ഖിലാഫത്ത് പ്രക്ഷോഭം അര ലക്ഷം മാപ്പിളമാർ വെള്ളക്കാരുടെ വെടിയുണ്ടകൾക്കിരയായി അത്രയും വിധവകൾ ലക്ഷക്കണക്കിന് യതീംകുട്ടികൾ താൻ വിധവയായിട്ടുണ്ടോ അതോ തന്റെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ ജീവിതം കൽക്കട്ടയായനുഭവിച്ച ഒരു മാപ്പിളപ്പെണ്ണിന്റെ വികാരതീവ്രമായ കഥ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മാപ്പിളത്തരുണികൾ പകരം നൽകിയത് അവരുടെ ആയുഷ്കാലം.


കറുത്തിരുണ്ട രാത്രി 

കരഞ്ഞു കരഞ്ഞ് കണ്ണീര് വറ്റി ഊണില്ല ഉറക്കമില്ല കാത്തിരിപ്പുതന്നെ പാതിരാത്രിയിൽ ഓടിവരുമെന്ന പ്രതീക്ഷ വാതിലിൽ മുട്ടും ഓടിച്ചെന്നു വാതിൽ തുറന്നുകൊടുക്കും കനത്ത ഇരുട്ടിൽ പ്രിയ ഭർത്താവിനെ തിരിച്ചറിയും ഒന്നു കണ്ടെങ്കിൽ ആ ശബ്ദമൊന്ന് കേട്ടെങ്കിൽ വേണ്ട ഇവിടേക്കു വന്നാൽ ആപത്താണ് പോലീസ് എവിടെയൊക്കെയോ പതിയിരിപ്പുണ്ട് ഭർത്താവു വന്നാൽ അവരുടെ പിടിയിൽ പെട്ടാൽ ഓർക്കാൻ വയ്യ ഫാത്വിമ അസ്വസ്ഥയായി 

അവശയായ ഗർഭിണി ഇത് ഏഴാം മാസം ങേ എന്തോ ഒരു ശബ്ദം ചെവിയോർത്തു കിടന്നു വാതിലിൽ പതിയെ മുട്ടുന്നു ആരായിരിക്കും ?

പ്രിയഭർത്താവോ ? അതോ പോലീസുകാരോ ? കട്ടിലിൽ എഴുന്നേറ്റിരുന്നു ഇരുട്ടിലേയ്ക്ക് തുറിച്ചുനോക്കി ഒന്നും കാണാൻ വയ്യ വീണ്ടും വാതിലിൽ മുട്ടുന്നു മരക്കൊമ്പിൽ മൂങ്ങയുടെ മൂളൽ ആ ശബ്ദം പേടിപ്പെടുത്തി പാത്തുമ്മൂ

നേർത്ത സ്വരത്തിൽ വിളി ആ ശബ്ദം തിരിച്ചറിഞ്ഞു ഭർത്താവിന്റെ സ്വരം പരിസരം മറന്നു പോയി അവൾ ഇരിട്ടിലൂടെ ഓടി വാതിൽ തുറന്നു ഇരുണ്ട രൂപം അതവളെ കെട്ടിപ്പിടിച്ചു പാത്തുമ്മൂ. .... 

ഞാൻ പോവ്വാ ഒന്നു കണ്ടിട്ടുപോവാൻ വല്ലാത്ത മോഹം .....

എന്തിനു വന്നു?  

നാടുമുഴുവൻ പോലീസുകാരല്ലേ  ഫാത്വിമ വെപ്രാളത്തോടെ ചോദിച്ചു വാതിലടച്ചു കുറ്റിയിട്ടു ശബ്ദം കേട്ട് ഉമ്മയും ബാപ്പയും ഇരുട്ടിലൂടെ നടന്നു വന്നു നാട്ടിലിനി ഒളിച്ചിരിക്കാൻ സ്ഥലമില്ല ഞാൻ നാട് വിട്ടു പോവാണ് നിങ്ങളൊക്കെ ദുആ ചെയ്തോളീ വിധിയുണ്ടെങ്കിൽ കാണാം മോനേ .......

ഉമ്മയുടെ തേങ്ങൽ പെട്ടെന്നൊരു വിസിൽ ബൂട്ടുകൾ നിലത്തു പതിയുന്ന ശബ്ദം ഉമ്മാ പെട്ടു ഇനി രക്ഷയില്ല ആലിക്കുട്ടി നിസ്സഹായനായി പോലീസ് വീട് വളഞ്ഞല്ലോ പടച്ചോനേ ..... 

ഇനിയെന്തു ചെയ്യും?  ബാപ്പയുടെ സ്വരം പതറി പിടി കൊടുക്കരുത് ഫാത്വിമയുടെ ധീരശബ്ദം എങ്ങനെയെന്റെ പാത്തുമ്മ്വോ ?...... പിടിക്കെപ്പെട്ടാൽ അവർ ചവിട്ടി കൊല്ലും പിടിക്കൊടുക്കരുത് ഫാത്വിമ കിതച്ചു 

അവൾ അകത്തേക്ക് നടന്നു ഭർത്താവിന്റെ കൈലിയെടുത്തുടുത്തു ഷർട്ട് ധരിച്ചു തലയിൽ തോർത്തു ചുറ്റിക്കെട്ടി ഞാനിതാ പുറത്തേക്കോടാൻ പോഗ്വാണ് പോലീസുകാർ എന്റെ പിന്നാലെ ഓടും ആ തക്കത്തിൽ ങ്ങള് രക്ഷപ്പെട്ടോളീ ഫാത്തിമയുടെ ഉറച്ച വാക്കുകൾ മൂന്നുപേരും ഞെട്ടിപ്പോയി എന്താ നീ പറഞ്ഞത്?  ഏഴുമാസം ഗർഭമുള്ള നീ ഓടുകയോ ? പോലീസ് നിന്നെ പിടിക്കൂലേ ? 

പിന്നെന്തിനാ എനിക്ക് ജീവിതം ആലിക്കുട്ടി അവളെ തടയാൻ നോക്കി തർക്കിക്കണ്ട സമയമില്ല ഞാൻ അടുക്കളവാതിൽ തുറക്കും ഇരുട്ടിലൂടെ ഓടും പോലീസ് പിന്നാലെ വരും ആ സമയത്ത് രക്ഷപ്പെട്ടോളണം എന്നെ നോക്കണ്ടാ ചിന്തിക്കണ്ടാ എന്റെ പാത്തുമ്മൂ പോയത്തം കാണിക്കല്ലേ ? വാതിലിൽ മുട്ട് കോലായിൽ  ബൂട്ടുകൾ ഉരയുന്നു ഫാത്വിമ ഇരുട്ടിലൂടെ അടുക്കളയിലേക്കൊടി ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു പിന്നെ ഒന്നും ഓർമ്മയില്ല 

ഒരാവേശം ഒരു കുതിപ്പ്  ഇരുട്ടിലൂടെ ഒറ്റ ഓട്ടം പെട്ടെന്ന് ഒട്ടേറെ വിസിലുകൾ നാലുപാടു നിന്നും നീട്ടിവിളിക്കുന്നു ബൂട്ടുകളുടെ പട പട ശബ്ദം പോലീസുകാർ കൂട്ടത്തോടെ ഓടുന്നു  ടോർച്ച് ലൈറ്റുകളുടെ പ്രകാശം ഇപ്പോൾ വാതിലിൽ മുട്ടുന്നില്ല കോലായിൽ ശബ്ദമില്ല എല്ലാവരും ഓടിയകന്നു ബാപ്പാ....ന്റെ പാത്തുമ്മൂ. ..... 

ആലിക്കുട്ടിയുടെ കരച്ചിൽ മോനേ...... ബാപ്പയുടെ ദയനീയസ്വരം ഞാനെന്തു ചെയ്യാനാ ........ ബാപ്പാ.....ന്റെ ഉമ്മാ...... അവർക്ക് ശബ്ദം നഷ്ടപ്പെട്ടതുപോലെ ഒന്നും ഉരിയാടാൻ കഴിയുന്നില്ല മിനിറ്റുകൾക്കുശേഷം ഉമ്മയുടെ നേർത്ത ശബ്ദം ഒന്നും ഓർക്കണ്ടാ ... 

ന്റുട്ടി ഓടിപ്പോയ്ക്കോ ഉമ്മയും ബാപ്പയും ഒപ്പം പറഞ്ഞു ഖൽബ് കീറിമുറിക്കുന്നതുപോലുള്ള വേദന പാത്തുമ്മാനെ ഞാൻ പോയി നോക്കാം ബാപ്പയുടെ ശബ്ദം മൂന്നുപേരും കൂടി അടുക്കളയിലേക്കു നടന്നു വാതിൽ തുറന്നു കിടക്കുന്നു ആലിക്കുട്ടി ഇരുട്ടിലേക്കിറങ്ങി ഒന്നു തിരിഞ്ഞു നോക്കി ഒന്നും കാണാൻ വയ്യ മരവിച്ച മനസ്സുമായി മുമ്പോട്ടു നടന്നു പകൽ ഒന്നും കഴിച്ചിരുന്നില്ല വിശപ്പുകൊണ്ട് വയറ് കത്തുകയായിരുന്നു പുരയിൽ ചെന്ന് എന്തെങ്കിലും കഴിക്കണമെന്ന് മോഹിച്ചതായിരുന്നു ഒന്നും നടന്നില്ല 

ഒരിറക്ക് വെള്ളം പോലും കുടിക്കാനൊത്തില്ല  സ്വന്തം ജീവനേക്കാൾ ഭർത്താവിനെ സ്നേഹിക്കുന്ന പാത്തുമ്മൂ മരണത്തിൽനിന്നാണവൾ തന്നെ രക്ഷപ്പെടുത്തിയത്  അവളുടെ ഗതിയെന്താണ് ? 

ഓർത്തപ്പോൾ അടിമുടി വിറച്ചുപോയി വൃക്ഷങ്ങൾ ഇടതിങ്ങി വളർന്ന മരഞ്ചരിവിലൂടെ അതിവേഗം സഞ്ചരിക്കുകയാണ് ആലിക്കുട്ടി കൂട്ടിനൊരു ആളുണ്ടായിരുന്നെങ്കിൽ വെറുതെ ആശിച്ചുപോയി ഫാത്തിമ ഗർഭിണിയാണ് പ്രസവത്തിനു കൂട്ടിക്കൊണ്ട് പോവാൻ തിയ്യതി പോലും നിശ്ചയിച്ചതാണ് പടച്ചവനേ എന്തൊരു വിധിയാണിത്?  

മേഘക്കൂട്ടങ്ങൾക്കിടയിൽനിന്ന് എങ്ങനെയോ നേർത്ത അമ്പിളിക്കല പുറത്തു ചാടി വഴിയിൽ അരണ്ട വെളിച്ചം വീണു നടത്തത്തിനു വേഗത കൂടി വിയർത്തൊലിക്കുന്നു കാലുകൾ തളർന്നു ഒന്ന് ഇരിക്കണം ഒരിറക്ക് വെള്ളം കുടിക്കണം ആരുടെയോ പറമ്പിലെ കിണർ ശബ്ദമുണ്ടാക്കാതെ കയർ കയ്യിലെടുത്ത് പാള താഴ്ത്തി വെള്ളം കോരിയെടുത്തു വയറുനിറയെ കുടിച്ചു എവിടെയോ കുറുക്കന്മാർ ഓരിയിടുന്നു പുലരാറായിക്കാണും ആലിക്കുട്ടി അതിവേഗം യാത്ര തുടർന്നു.


ആയിശുമ്മ

എവിടെയോ ഒരു കോഴി കൂവി പ്രഭാതം അടുത്തെത്തിയിരിക്കുന്നു ആയിശുമ്മ കണ്ണു തുറന്ന് ചുറ്റും നോക്കി മുറിയിലാകെ ഇരുട്ട് ..... ജനലഴികൾക്കിടയിലൂടെ തണുത്ത കാറ്റ് കടന്നുവരുന്നു മൂടിപ്പുതച്ചുറങ്ങാൻ നല്ല സുഖം ഓർമ്മകൾ തികട്ടിവരാൻ തുടങ്ങിയപ്പോൾ സുഖം പോയി 

ആയിശുമ്മ പെട്ടെന്ന് വിയർക്കാൻ തുടങ്ങി അവരുടെ മനസ്സിലൂടെ ചൂടുള്ള ചിന്തകൾ ഒഴുകുകയായി പുതപ്പു മാറ്റിയിട്ടു കട്ടിലിൽ എഴുന്നേറ്റിരുന്നു അസുഖകരമായ ചിന്തകൾ മനസ്സ് നീറിപ്പുകയുന്നു  പള്ളിയിൽ നിന്ന് സുബ്ഹി ബാങ്കിന്റെ ശബ്ദം കട്ടിലിൽ നിന്ന് എഴുന്നേറ്റു ഇരുട്ടിലൂടെ മുമ്പോട്ടു നടന്നു കാലിലെ ഞരമ്പുകൾ വലിഞ്ഞുമുറുകി നടക്കാൻ എന്തോ ഒരു പ്രയാസം 

ചുറുചുറുക്കുള്ള യൗവ്വനം കൈമോശം വന്നിരിക്കുന്നു വാർദ്ധക്യത്തിന്റെ ആക്രമണം തുടങ്ങിക്കഴിഞ്ഞു അതിന്റെ സൂചനയാണ് കാലിലെ ഈ വേദന പ്രായം അറുപത് കടന്നുപോയി കഴിഞ്ഞ റബീഉൽ അവ്വലിൽ അറുപത് കഴിഞ്ഞു ഓർമ്മവെച്ച നാൾ മുതൽ കഠിനാദ്ധ്വാനമാണ് ശരീരത്തിന് പറയത്തക്ക വിശ്രമമൊന്നും ലഭിച്ചിട്ടില്ല ഇനി വരാനുള്ളത് കൈകാൽ വേദനയുടേയും , ക്ഷീണത്തിന്റെയുമൊക്കെ കാലമാണ്  

ങാ ...... വരാനുള്ളതൊക്കെ വരട്ടെ ഇക്കാലയളവിൽ എന്തെല്ലാം കണ്ടു ? അനുഭവിച്ചു?  ഇരുട്ടിൽ ഒരു ചുമ തന്റെ പ്രിയ ഭർത്താവിന്റെ ചുമ കുറച്ചു ദിവസമായി നല്ല സുഖമില്ല 

നാട്ടുകാർക്ക് പ്രിയങ്കരനായ അബൂബക്കർ ഹാജി പൊതുകാര്യപ്രസക്തൻ എന്ത് കാര്യത്തിനും മൂപ്പരുടെ സാന്നിദ്ധ്യം വേണം ഇനിയിപ്പം ഒന്നും നടക്കില്ല വയസ്സായില്ലേ ? ആയിശുമ്മ വാതിൽ തുറന്നു തണുപ്പ് തള്ളിക്കയറി വന്നു ദിനചര്യകളുടെ തുടക്കമായി പ്രഭാതത്തിന്റെ സമാഗമം കൂട്ടിൽ ആടുകൾ കരയാൻ തുടങ്ങി കോഴികൾ ശബ്ദമുയർത്തുന്നു നാട്ടുമാവിൻ കൊമ്പിൽ കാക്കകളുടെ കരച്ചിൽ  കിണറ്റിൽ കരയിലേക്കു നടന്നു അപ്പോൾ അവരുടെ മനസ്സിൽ ഇളയ മകൾ ഫാത്വിമയുടെ മുഖം തെളിഞ്ഞുവന്നു അതോടെ അവർ കിടുകിടാ വിറച്ചുപോയി പൊന്നുമോളേ അവർ അറിയാതെ വിളിച്ചുപോയി കടിഞ്ഞൂൽ പ്രസവത്തിന് സമയമായിവരുന്നു ഭർത്താവിന്റെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുവരണം എങ്ങനെ കൊണ്ടുവരും?  ഓർത്തിട്ടൊരു രൂപവുമില്ല ഏത് നേരവും  പോലിസും പട്ടാളവും ആ വീടിനെ വട്ടമിട്ടു നടക്കുകയാണ് അവർക്ക് അവളുടെ   മാപ്പിളയെ വേണം ആലിക്കുട്ടിയെ എന്റെ റബ്ബേ 

ആലിക്കുട്ടി എവിടെപ്പോയെന്ന് ആർക്കുമറിയില്ല ഒരാഴ്ച  മുമ്പു നടന്ന സംഭവം അവരോർത്തു പോലീസ് ആ വീട്ടിൽ കയറിവന്നു വാതിലിൽ മുട്ടിവിളിച്ചു  ആലിക്കുട്ടിയുടെ ഉമ്മയാണ് വാതിൽ തുറന്നത് എവിടെടീ നിന്റെ മോൻ ആലിക്കുട്ടി ? പോലീസുകാരൻ ശബ്ദമുയർത്തിച്ചോദിച്ചു ഇബടില്ല ... ഉമ്മയുടെ ശബ്ദമിടറി  എവിടെപ്പോയി ? സത്യം പറഞ്ഞോ ? ഞമ്മക്കറിയില്ല അവർ കരഞ്ഞുകൊണ്ട് പറഞ്ഞു കരയണ്ട ഈ അടവൊന്നും വിലപ്പോവില്ല ആലിക്കുട്ടിയെ ഞങ്ങൾക്കു വേണം അവനെവിടെ ? ഞമ്മക്കറിയില്ല അവന്റെ ഭാര്യയെവിടെ ? അകത്തുണ്ട് വിളിക്കവളെ .......

ഉമ്മ അകത്തേക്കു നടന്നു പോലീസുകാരൻ കോലായിൽ ഉലാത്തിക്കൊണ്ടിരുന്നു കനത്ത ബൂട്ട് തറയിൽ ഉരയുന്ന ശബ്ദം അല്പം കഴിഞ്ഞപ്പോൾ വാതിൽക്കൽ ഉമ്മയുടെ മുഖം ഉമ്മയുടെ പിന്നിൽ പേടിച്ചരണ്ട യുവതി ആലിക്കുട്ടിയുടെ ഭാര്യ ഫാത്വിമ പോലീസുകാരൻ ഫാത്വിമയെ തുറിച്ചുനോക്കി അവൾ പേടിച്ചു വിറച്ചു 

ഇങ്ങോട്ട് കടന്നുവാടീ ....

ഫാത്വിമ കോലായിലേക്ക് കടന്നു വന്നു വീർത്തുന്തിയ വയർ വിളർച്ച ബാധിച്ച മുഖം അവൾ ചുമർ ചാരി നിന്നു സത്യം പറഞ്ഞോ എവിടെടീ അവൻ ? ഞമ്മക്കറിയില്ല. ....

അറിയില്ലേ ....? നിന്നെ ഞാൻ?  പോലീസുകാരൻ ബൂട്ടിട്ട് ശബ്ദമുണ്ടാക്കി അവനെ ഞങ്ങൾ പിടിക്കും നല്ലപാഠം പഠിപ്പിക്കും മനസ്സിലായോ നിനക്ക്?  

ങാ..... 

അവനെപ്പറ്റി വല്ല വിവരവും കിട്ടിയാൽ ഞങ്ങളെ അറിയിക്കണം മനസ്സിലായോടീ...... 

ങാ....... 

അവന്റെയൊരു ഖിലാഫത്ത് ചുട്ടുകളയും ......

പോലീസ് തിരിച്ചു പോയി വീട്ടിൽ ഉൽക്കണ്ഠ നിറഞ്ഞു നിന്നു അയൽക്കാർക്ക് അങ്ങോട്ടു കടന്നുവരാനും ഭയം പോലീസ് പിടികൂടി ചോദ്യം ചെയ്യുമോ എന്ന പേടി  എല്ലാവരും അകന്നു നിൽക്കുന്നു ആ വീട്ടുകാർ ഒറ്റപ്പെട്ടു ഖിലാഫത്ത് കമ്മിറ്റിയിൽ ചേർന്നതാണ് കുറ്റം ? ആയിശുമ്മ കണ്ണീർ തുടച്ചു കിണറ്റിൽനിന്നു വെള്ളം കോരിയെടുത്തു മുഖം കഴുകിയപ്പോൾ നേർത്ത ആശ്വാസം ആ തണുത്ത പ്രഭാതത്തിലും അവർ വിയർക്കുകയായിരുന്നു സുബ്ഹിക്കു ശേഷം ദീർഘനേരം ദുആ ഇരന്നു പടച്ച തമ്പുരാനേ .....എന്റെ മക്കളെ കാത്തുരക്ഷിക്കണേ...... എല്ലാ ആപത്തിലും സഹായിക്കണേ.........

പടച്ച തമ്പുരാനോട് തേടുകയല്ലാതെന്തുവഴി ? നിസ്കാരക്കുപ്പായം ചുരുട്ടിവെച്ചു മെല്ലെ കോലായിലേക്ക് നടന്നു അബൂബക്കർ ഹാജി നിസ്കാരം തുടങ്ങിയതേയുള്ളൂ മുതുകിലെ ആ വളവ് കുനിഞ്ഞുള്ള ആ നിൽപ്പ് ഹോ.... കണ്ട് സഹിക്കാനാവുന്നില്ല എന്തൊരു കാഴ്ചയാണിത് നെഞ്ചുവിരിച്ച് കൈകൾ വീശിയുള്ള ആ നടപ്പ് ഇനി കാണാനാവില്ല യൗവ്വനത്തിന്റെ പ്രസരിപ്പുകാലത്തുള്ള ആ നടപ്പ് ഒന്നു കാണണമായിരുന്നു എന്തൊരു ശുജായി ആയിരുന്നു ആ മനുഷ്യനാണോ ഈ നിൽക്കുന്നത് സുജൂദിലേക്കു പോവുന്ന രംഗം നോക്കി നിന്നു ശരീരമൊന്നു വളഞ്ഞുകിട്ടാൻ എത്ര പ്രയാസപ്പെടുന്നു വാർദ്ധക്യത്തിന് ഇത്രയും പ്രയാസമോ ? 


ആലിക്കുട്ടി 

ഗാന്ധിജി കോഴിക്കോട് കടപ്പുറത്ത് പ്രസംഗിക്കാൻ വരുന്നു മാധവൻ നായർ ചായക്കടയിലേക്ക് കയറിയ ഉടനെ വാർത്ത പൊട്ടിച്ചു ചായ കുടിച്ചുകൊണ്ടിരുന്നവരും ചായക്ക് കാത്തിരുന്നവരും ചായ അടിച്ചുകൊണ്ടിരുന്ന മമ്മിയും അത് കേട്ട് അമ്പരന്നു നേരാണോ നായരേ ഇക്കേട്ടത് ? അബ്ദുല്ലക്കുട്ടിക്കാക്ക സംശയം തീരാതെ ചോദിച്ചു നേരല്ലാതെ ...... എല്ലാ പരിപാടികളും തയ്യാറായിക്കഴിഞ്ഞു മാധവൻ നായർ ഉറപ്പിച്ചു പറഞ്ഞു 

അല്പനേരത്തെ നിശ്ശബ്ദത അത് കഴിഞ്ഞ് നായർതന്നെ സംസാരം തുടങ്ങി ഭയങ്കര ജനക്കൂട്ടമായിരിക്കും ഇത് സുവർണ്ണാവസരമാണെന്ന് കരുതിക്കോളീൻ .....മഹാത്മജിയെക്കാണാൻ ....

പിന്നെയും നിശ്ശബ്ദത തളംകെട്ടി എന്താടോ ആരും ഒന്നും മിണ്ടാത്തത് ?  പോണ്ടേ നമുക്ക് കോഴിക്കോട്ട് ? 

മാധവൻ നായർ എല്ലാവരോടുമായി ചോദിച്ചു നമ്മള് റെഡി അറുപത് കഴിഞ്ഞ അബ്ദുല്ലക്കുട്ടിക്കാക്ക പ്രഖ്യാപിച്ചു 

നമ്മള് നേരത്തെതന്നെ കടപ്പുറത്ത് സ്ഥലം പിടിക്കും  സെയ്തലവി തന്റെ സാന്നിദ്ധ്യം പ്രഖ്യാപിച്ചു എല്ലാവരും പോണം പരിപാടി വിജയിപ്പിക്കണം ഗോപാലന്റെ ഉപദേശം അന്ന് ചായപ്പീടിക തുറക്കില്ല നമ്മളും വരുന്നു കോഴിക്കോട്ടേക്ക് മമ്മിയുടെ പ്രഖ്യാപനം അതോടെ ചർച്ച സജീവമായി ദേശീയ സമരത്തെക്കുറിച്ചായി പിന്നെ ചർച്ച ദേശീയ നേതാക്കളെക്കുറിച്ചും  ആലിക്കുട്ടി ചർച്ചയെല്ലാം  കേട്ടു പല കാര്യങ്ങളും മനസ്സിലാക്കി കോഴിക്കോട്ടു പോയി മഹാത്മാജിയുടെ പ്രസംഗം കേൾക്കണമെന്നു മനസ്സിലുറച്ചു 

അന്ന് പാടത്തു പണിയെടുക്കുമ്പോൾ ആലിക്കുട്ടിയുടെ മനസ്സിൽ മഹാത്മാജി നിറഞ്ഞുനിന്നു വെള്ളക്കാരുടെ ഭരണത്തിൽനിന്ന് ഭാരതത്തെ മോചിപ്പിക്കാൻ സമരം നയിക്കുന്ന മഹാത്മാവ് ഓരോ ഭാരതിയനും  അദ്ദേഹത്തിനു പിന്നിൽ അണിനിരക്കണം എങ്കിലല്ലേ അദ്ദേഹത്തിന്റെ സമരം വിജയിക്കുകയുള്ളൂ 

സമരം ആലിക്കുട്ടിയുടെ മനസ്സിൽ ആ പദം വല്ലാതെ പതിഞ്ഞു പോയി ദേശത്തിനുവേണ്ടിയുള്ള സമരം ദേശീയ സമരം മഹാത്മാജിയുടെ സമരം ആ സമരം വിജയിപ്പിക്കണം അത് വിജയിച്ചാൽ നാം രക്ഷപ്പെട്ടു മഹാത്മജിയുടെ സമരം വിജയിപ്പിക്കാൻ കോഴിക്കോട്ട് പോവണം അക്കാര്യത്തിൽ ആർക്കും സംശയമില്ല പാടത്തെ ജോലി കഴിഞ്ഞ് ആലിക്കുട്ടി വീട്ടിലെത്തി ഫാത്വിമ അവനെ കാത്തിരിക്കുകയായിരുന്നു പതിവില്ലാത്ത മൗനം അതവളെ അതിശയിപ്പിച്ചു ചോറും കറികളും വിളമ്പിക്കൊടുത്തു വീർത്ത വയറുമായി അവൾ അടുത്തിരുന്നു ചോറ് ഉരുളയാക്കി വായിലേക്കിടുന്നത് നോക്കിയിരുന്നു ഒന്നും സംസാരിക്കുന്നില്ല മനസ്സ് എവിടെയോ ആണ് തന്റെ സാന്നിദ്ധ്യം പോലും അറിയുന്നില്ല ഇതെന്തായിങ്ങനെ ? 

ഫാത്വിമ അറിയാതെ ചോദിച്ചുപോയി മറുപടിയില്ല നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി 

അല്ലാ..... ഇന്നെന്തായിങ്ങനെ ? ഒരു ഞെട്ടൽ പിന്നെ ഫാത്വിമയെ നോക്കി യെങ്ങനെ ? ഒരു ബല്ലാത്ത ആലോചന? ഒരു ബല്യ സംഭവം നടക്കാൻ പോണുണ്ട് 

ങേ യെന്താദ് ? 

മഹാത്മാജി വരണ്ട് 

എവിടെ വരണത് ? അങ്ങ് കോഴിക്കോട്ട് കടപ്പുറത്ത് അതിന് നമ്മൾക്കെന്താ ? 

എന്താ ? എന്താ നീ ചോദിച്ചത്?  നമ്മൾക്കെന്താന്നോ ? മേലാൽ അങ്ങനെ ചോദിച്ചു പോവരുത് ഫാത്വിമ ഞെട്ടി  ഇയാൾക്കെന്തുപറ്റി ? തന്നെ തുറിച്ചു നോക്കുന്നു മുഖത്തൊരു ഗൗരവം 

ഞമ്മക്കൊന്നും തിരിഞ്ഞില്ല അത്വോണ്ടാ ? സമരം ചെയ്യുന്ന ആളാണ് നമ്മൾക്കു വേണ്ടിയാ സമരം ജയിലിൽ കിടന്നിട്ടുണ്ട് ജയിലെന്ന് കേട്ടപ്പോൾ അവൾ പേടിച്ചുപോയി ഇന്റെ പടച്ചോനേ ഇത്തവണ ആലിക്കുട്ടി ഭാര്യയെ കാരുണ്യപൂർവം ഭാര്യയെ നോക്കി ഞാൻ കോഴിക്കോട്ടു പോവും മഹാത്മജിയെ കാണും ബേണ്ടാട്ടോ ? ബേണ്ടാത്തീനൊന്നും പോണ്ട മിണ്ടരുത് നാട്ടിനുവേണ്ടിയാണ് സമരം കൂടുതലൊന്നും പറയാൻ ആലിക്കുട്ടിക്കും അറിയില്ല മമ്മിയുടെ ചായപ്പീടികയിൽ ചർച്ച നടക്കും അത് കേൾക്കുമ്പോൾ കുറെ കാര്യങ്ങൾ പിടിക്കിട്ടും പിറ്റേ ദിവസം ചായക്കടയിലെത്തിയപ്പോൾ മാധവൻ നായർ ഒരു പത്രവുമായി ഇരിക്കുന്നു ചുറ്റും ആളുകൾ തടിച്ചുകൂടിയിട്ടുണ്ട് ചായ കുടിച്ചു തീർത്തശേഷം അയാൾ പത്രം തുറന്നു ഉറക്കെ വായന തുടങ്ങി ഇടക്കിടെ വായന നിർത്തും എന്നിട്ടൊരു വിശദീകരണം നൽകും പിന്നെയും വായന തുടരും 

ഖിലാഫത്ത് പ്രസ്ഥാനം നാടാകെ പരന്നു അതിന്റെ പ്രചരണത്തിന്നായി മഹാത്മജി കോഴിക്കോട്ടെത്തുന്നു അദ്ദേഹത്തിന്റെ കൂടെ മൗലാനാ ശൗഖത്തലിയും വരുന്നു 

ദേശീയ നേതാക്കളുടെ കൂട്ടത്തിൽ വളരെ പ്രസിദ്ധനാണ് യാഖൂബ്ഹസൻ സേട്ട് അദ്ദേഹവും വൈകാതെ മലബാറിൽ എത്തിച്ചേരും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാനെപ്പറ്റി മാധവൻ നായർ ഒരു നീണ്ട വിശദീകരണം നൽകി കേൾവിക്കാർ കോരിത്തരിച്ചുപോയി ഇംഗ്ലണ്ടിൽ പഠിച്ച മഹാനാണ് ലോകം മുഴുവൻ അറിയപ്പെടുന്ന മഹാൻ അവരൊക്കെ ആരാ ....? 

മാധവൻ നായർ ഹർഷപുളകിതനായി സദസ്സ് പുളകം ഏറ്റുവാങ്ങി ആലിക്കുട്ടി കോരിത്തരിച്ചു വിൽക്കുകയാണ് എന്തൊക്കെയാണ് കേൾക്കുന്നത് ഇതുവരെ ഇതൊന്നും അറിയാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം മനസ്സ് കൊണ്ട് അവനൊരു ധീര സമരയോദ്ധാവായിക്കഴിഞ്ഞു വെള്ളപ്പട്ടാളക്കാർക്കെതിരെ മാർച്ച് ചെയ്യാൻ മനസ്സ് വെമ്പുന്നു മാധവൻ നായർ പത്രം താഴെ വച്ചു ആലിക്കുട്ടിയുടെ കണ്ണുകൾ വരികളിലൂടെ ഒഴുകി നാലാം ക്ലാസ്സിൽ തോറ്റ് പഠിത്തം നിറുത്തിയ ആലിക്കുട്ടി വാചകങ്ങൾ തപ്പിപ്പിടിച്ച് വായിക്കാൻ തുടങ്ങി 


കോഴിക്കോട്

രാവിലെത്തന്നെ എല്ലാവരും കോഴിക്കോട്ടേക്ക് പുറപ്പെടുകയാണ് മമ്മി അന്ന് ചായപ്പീടിക തുറക്കേണ്ടെന്നു വച്ചു മമ്മ്യാപ്പളേ ചായപ്പീടിക പൂട്ടിയിട്ടാൽ ഞങ്ങളെവിടന്നാ വെള്ളം കുടിക്കുക ? 

പാടത്ത് ജോലിയുള്ള ഹരിജൻ യുവാവ് ചോദിച്ചു 

ഹാ ..... മഹാത്മജി  കോഴിക്കോട്ട് വരുമ്പം നമ്മളിവിടെ പീടിക തുറന്നു വെച്ചു കച്ചവടം ചെയ്യുകയോ ? എന്തിനാ പിന്നെ ഈ മമ്മീനെ പറ്റുക ? മമ്മി കട തുറന്നില്ല രാവിലെ കുളിച്ചൊരുങ്ങി യാത്രക്കുവേണ്ടി കടയിലെത്തി  

മാധവൻ നായർ കദർ ഷർട്ടും മുണ്ടും അണിഞ്ഞെത്തി  ഗോപാലൻ വെള്ള മുണ്ടും ഷർട്ടും വേഷം ഓരോരുത്തരായി വന്നെത്തി  പാത്തുമ്മൂ. ..... ആലിക്കുട്ടി അതിരാവിലെ ഫാത്വിമയെ വിളിച്ചുണർത്തി എന്തായിത് ? നേരം വെളുക്കട്ടെ അത് പറ്റൂല നേരം വൈകിപ്പോകും എനിക്ക് കോഴിക്കോട്ട് പോണം നിങ്ങളെന്താവശ്യത്തിനാ ഇപ്പോണത് നിനക്കതൊന്നും പറഞ്ഞാൽ മനസ്സിലാകൂല ഓ....ഹോ .... ഇങ്ങക്ക് തിരിഞ്ഞാൽ മതി നാലാം ക്ലാസ്സിൽ തോറ്റ നിങ്ങൾക്ക് അതെല്ലാം തിരിയും ഫാത്വിമ കളിയാക്കി ആലിക്കുട്ടിയുടെ മനസ്സിൽ നേർത്ത നൊമ്പരം നാലാം ക്ലാസ്സിൽ തോറ്റപ്പോൾ പഠിത്തം നിർത്തിയത് മോശമായിപ്പോയെന്ന തോന്നൽ   അഞ്ചാം ക്ലാസ് വരെയെങ്കിലും പഠിക്കണമായിരുന്നു അന്ന് അതിന് തോന്നിയില്ല എന്തു ചെയ്യാം പത്രം വായിക്കാൻ മോഹമുണ്ട് അക്ഷരങ്ങൾ വഴങ്ങുന്നില്ല മഹാത്മാജിയുടെ പ്രസംഗം കേട്ടാൽ തനിക്കു മനസ്സിലാവുമോ ? 

മനസ്സിലായില്ലെങ്കിലും ഒന്നു കേൾക്കാമല്ലോ അദ്ദേഹത്തെ ഒന്നു കാണാമല്ലോ കടപ്പുറത്ത് പോലീസുകാരൊക്കെ വരൂലെ ? ഫാത്വിമയുടെ ചോദ്യം അതിന്നു മറുപടി പറയാൻ ആലിക്കുട്ടിക്ക് അറിയില്ല പോലീസുകാർക്കവിടെ എന്തു കാര്യം?  അതിരാവിലെ ആലിക്കുട്ടി കുളിച്ചൊരുങ്ങി ഫാത്വിമ ചായയും പലഹാരങ്ങളും നൽകി അവൻ ധൃതിയിൽ പ്രാതൽ കഴിച്ചു വേഗത്തിൽ മമ്മിയുടെ കടയിലെത്തി പതിനെട്ടു പേരുണ്ട് അവരെ യാത്രയയക്കാൻ അതിലേറെപ്പേർ കൂടിയിട്ടുണ്ട് പാടത്തു പണിയെടുക്കുന്ന ഹരിജനങ്ങൾ അയൽ വീടുകളിലെ പെണ്ണുങ്ങളും കുട്ടികളും ഞങ്ങൾ പോയി വരട്ടെ മാധവൻ നായർ യാത്ര ചോദിച്ചു അങ്ങനെയാവട്ടെ എല്ലാവരും മംഗളം നേർന്നു നേർത്ത വയൽവരമ്പിലൂടെ പതിനെട്ടു പേർ ഒറ്റവരിയായി നടന്നു നീങ്ങി 

മഹാത്മജിയെ കാണാനുള്ള ആവേശം മനസ്സിൽ തിങ്ങിനിറഞ്ഞു നിൽക്കുകയാണ് കാലുകൾക്ക് വേഗത കൂടി പാടത്തിന്റെ അങ്ങേ കരയിൽ നിന്നും അവർ ഇടവഴിയിലേക്കിറങ്ങി മാധവൻനായർ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു സംഘാംഗങ്ങൾ ആവേശഭരിതരായി യുദ്ധമുന്നണിയിലേക്ക് മാർച്ച് ചെയ്യുന്നതുപോലെ അവർക്കു തോന്നി കൈകൾ ആഞ്ഞുവീശി നെഞ്ചുവിരിച്ച് പാദങ്ങൾ നീട്ടിവെച്ചു മാർച്ച് തുടരുന്നു 

ജനനിബിഢമായ കോഴിക്കോട് കടപ്പുറം ആ ജനക്കൂട്ടത്തിൽ മാധവൻ നായരും സംഘവും അലിഞ്ഞു ചേർന്നു ആലിക്കുട്ടി പെരുവിരലിൽ ഉയർന്ന് നിന്ന് മുമ്പോട്ട് നോക്കി മുമ്പിൽ നിൽക്കുന്നവരുടെ തലകൾ ഒന്നും കാണാൻ വയ്യ  പെട്ടെന്ന് ജയാരവം ഉയർന്നു മാഹാത്മാഗാന്ധി കീ ജയ് 

ഭാരത് മാതാ കീ ജയ് 

ജനക്കൂട്ടം ഇളകിമറിയുന്നു ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കുന്നു ആവേശം കൂടിക്കൂടി വരുന്നു 

ആലിക്കുട്ടിയുടെ ശരീരത്തിലൂടെ ആവശം പടർന്നു കയറുന്നു എന്തു ചെയ്യണമെന്നറിയാതെ അവൻ വിഷമിക്കുകയാണ് ആവേശപൂർവ്വം മാധവൻനായരുടെ മുഖത്തേക്കു നോക്കി കൈകൾ ചുരുട്ടി വായുവിലേക്കെറിഞ്ഞു ആവേശപൂർവ്വം മാധവൻ നായർ വിളിച്ചു പറയുന്നു 

മഹാത്മാഗാന്ധി കീ ജൈ 

പിന്നെ ആലിക്കുട്ടിക്ക് സഹിക്കാൻ കഴിഞ്ഞില്ല മാധവൻ നായരെപ്പോലെ അവനും അന്തരീക്ഷത്തിലേക്കു കൈവീശി ഉറക്കെ വിളിച്ചു പറഞ്ഞു 

മഹാത്മാഗാന്ധി കീ ജൈ 

ഭാരത് മാതാ കീ ജൈ 

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു കീ ജയ് അത്രയും വിളിച്ചു പറഞ്ഞു കഴിഞ്ഞപ്പോൾ സൈനികമുന്നേറ്റം നടത്തിയ സന്തോഷം ഇത്രയും ചെയ്യാൻ തന്നെക്കൊണ്ട് കഴിഞ്ഞല്ലോ മഹാത്മജി വേദിയിൽ എത്തിക്കഴിഞ്ഞു സദസ്സിൽ ആഹ്ലാദം കത്തിപ്പടർന്നു എല്ലാവരും മണപ്പുറത്ത് ഇരിക്കണമെന്ന ആഹ്വാനം വന്നു എല്ലാവരും പെട്ടെന്ന് ഇരുന്നു ആലിക്കുട്ടിയും ഇരുന്നു ഇപ്പോൾ വേദി കാണാം ആളുകളുടെ മുഖം കാണാൻ വയ്യ ആലിക്കുട്ടിയും കൂട്ടരും വളരെ അകലെയാണ് ഇരിക്കുന്നത് ഗാന്ധിജി  പ്രസംഗം തുടങ്ങുന്നു ഒരാൾ പരിഭാഷ പറയുന്നു 

ഇന്ത്യൻ ദേശീയ സമരത്തെക്കുറിച്ചാണ് സംസാരിച്ചത് ഇത് സഹനസമരമാണ് ഭാരതം നമ്മുടെ മാതാവാണ് മാതാവിനെ സ്വതന്ത്രയാക്കണം അതിന്നാണ് ഈ സമരം ഓരോ വാക്കും ആലിക്കുട്ടിയുടെ മനസ്സിന്റെ അടിത്തട്ടിലേക്ക് ആണ്ടിറങ്ങിപ്പോയി മഹാത്മജി ഇന്ത്യയുടെ ആത്മാവിനെക്കുറിച്ചാണ് സംസാരിക്കുന്നത് മനസ്സിൽ പ്രതീക്ഷയുടെ കിരണങ്ങൾ തെളിയുന്നു മഹാത്മജിക്കു ശേഷം പലരും സംസാരിച്ചു ഖിലാഫത്ത് പ്രസ്ഥാനത്തെക്കുറിച്ചും വിശദീകരിച്ചു കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കണം അതിന്നു കീഴിൽ ഓരോ നാട്ടിലും ശാഖാ കമ്മിറ്റികൾ വരണം സ്വാതന്ത്ര്യ സമര ചിന്തകൾ നാടാകെ പ്രചരിപ്പിക്കണം യോഗം പാതിരാത്രിയോടെ അവസാനിച്ചു ജനം പിരിഞ്ഞുപോവാൻ മടിച്ചുനിന്നു അവർക്ക് നേതാക്കളെ കണ്ടിട്ട് മതിവരുന്നില്ല മാധവൻനായരും കൂട്ടരും മുമ്പോട്ട് നടന്നു അവിടെ പ്രധാനവ്യക്തികളുടെ ആലോചനായോഗം നടക്കുന്നു ഏറനാട്ടിന്റെ വീരനായകന്മാർ ദേശീയ നേതാക്കളുമായി സംസാരിക്കുന്നു നാട്ടിൽ ഖിലാഫത്തു പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് ചർച്ച ആരൊക്കെയാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ...

ആലി മുസ്ല്യാർ ,കുഞ്ഞിക്കാദർ സാഹിബ്  അങ്ങനെ പല പ്രമുഖന്മാരും അവിടെ സമ്മേളിച്ചിരിക്കുന്നു ചർച്ചകൾ വളരെ നേരം തുടർന്നു പിന്നെ തീരുമാനങ്ങളായി കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി താനൂരിൽ രൂപീകരിക്കുക ആദ്യത്തെ ഖിലാഫത്ത് സമ്മേളനവും അവിടെ നടത്തുക പാതിരാത്തണുപ്പ് വീണു ഇനി നാട്ടിലേക്കു മടങ്ങാം മാധവൻ നായരും കൂട്ടരും മടക്കയാത്ര തുടങ്ങി ഫാത്വിമ തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി ഉറക്കം വരുന്നേയില്ല ഭർത്താവില്ലാത്ത രാത്രി കോഴിക്കോട്ട് സമ്മേളനത്തിനു പോയ ഭാർത്താവിന്റെ വരവും കാത്ത് കിടക്കുകയാണവർ സമ്മേളനക്കാരോട് വെറുപ്പു തോന്നി ഈ സമ്മേളനം കൊണ്ടല്ലേ താൻ ഒറ്റക്കായത് ? പാതിരാത്രി കഴിഞ്ഞപ്പോൾ എഴുന്നേറ്റിരുന്നു ജനാല തുറന്നു പുറത്തേക്ക് നോക്കി ആരെങ്കിലും വരുന്നുണ്ടോ ? 

പൂ നിലാവു ഒഴികി വന്നു കൂടെ നേർത്ത കാറ്റും മാസം ആറ് കഴിഞ്ഞെന്ന കാര്യം അവൾ പെട്ടെന്നോർത്തു ഏഴാം മാസത്തിലാണ് ചടങ്ങ് തന്റെ ഉമ്മയും ബന്ധുക്കളും വരും പലഹാരക്കൂട്ടകൾ വരും അവരെ സ്വീകരിക്കാൻ ഇവിടെ എന്തെല്ലാം ഒരുക്കങ്ങൾ വേണം മൂപ്പർക്കങ്ങനെ വല്ല ചിന്തയുമുണ്ടോ ? ഒടുവിൽ തന്നെ അവർ കൊണ്ടുപോകും പിന്നെ പ്രസവം കഴിഞ്ഞ് നാല്പത് നാൾ കഴിയണം അത് വരെ പിരിഞ്ഞിരിക്കണം ഹോ ഓർക്കാൻകൂടി വയ്യ വേർപിരിയുമ്പൾ എന്തൊരു വേദനയായിരിക്കും വിരഹ വേദന സഹിക്കാതെ പറ്റുമോ. ...... ഈ ഒരു രാത്രി കഴിച്ചുകൂട്ടാൻ തന്നെക്കൊണ്ടാവുന്നില്ല ഒന്നു വന്നെങ്കിൽ ഒരു നോക്കു കണ്ടെങ്കിൽ വീണ്ടും കിടന്നു ഭർത്താവിന്റെ മുഖം മനസ്സിൽ തെളിയുന്നു ബലം കൂടിയ മസിലുകൾ അധ്വാനശീലനായ ചെറുപ്പക്കാരൻ എന്തെല്ലാം കളിതമാശകൾ കാണിക്കുന്ന ആളാണ് ഫാത്വിമയുടെ ചുണ്ടുകളിൽ നേർത്ത പുഞ്ചിരി വിടർന്നു മേലാകെ കോരിത്തരിച്ചുപോയി

 

അലിയാര് തങ്ങളുടെ കഥ

പുലരാൻ കാലത്താണ് ഒന്നുറങ്ങിയത് ഉറങ്ങിത്തുടങ്ങിയപ്പോൾ പൊൻകിനാവുകൾ രാജകുമാരനെപ്പോലെ തന്റെ പുതുമാരൻ മുഖത്തിന് എന്തൊരു തിളക്കം കാണാൻ എന്തൊരു ചന്തം ഓടിച്ചെല്ലാൻ മോഹം ഓടിച്ചെല്ലാനൊരുങ്ങുമ്പോൾ  ഞെട്ടിയുണർന്നു സ്വപ്നത്തിന്റെ നൂലിഴ പൊട്ടി. .

കാക്ക കരഞ്ഞു നേരം വെളുത്തു ഫാത്വിമ എഴുന്നേറ്റുവന്നു സുബ്ഹി നിസ്കരിക്കാനുള്ള ഒരുക്കം മോളേ.... ഓനെ കണ്ടില്ലല്ലോ അമ്മായിയുടെ ചോദ്യം മകനെ കാണാതെ മാതൃ ഹൃദയം പിടയുന്നു ഭർത്താവിന്റെ ഉമ്മ ആമിന നാട്ടുകാരുടെ പ്രിയപ്പെട്ട ആമിനത്താത്ത എപ്പോൾ വരും?  എന്തെങ്കിലും പറഞ്ഞിരുന്നോ ? ഉമ്മയുടെ ചോദ്യം അതൊന്നും പറഞ്ഞില്ല ഫാത്വിമ മെല്ലെ മറുപടി നൽകി സുബ്ഹി നിസ്കരിച്ചു ദുആ ഇരന്നു ഫാത്വിമ അടുക്കളയിലെത്തി ഇന്നലെ ബെളുക്കും വരെ ഉറങ്ങീല ഖൽബിലൊരു സൊകവും തോന്ന്ണ്ല്ല ആമിനത്താത്ത ബേജാറോടെ പറഞ്ഞു 

ഉമ്മയുടെ ബദ്ധപ്പാട് ഫാത്വിമയെ തളർത്തി അവളുടെ മനസ്സിലും ഒരുതരം ബേജാറ് പടർന്നുകയറി ഉമ്മ കോലായിലേക്ക് നടന്നുചെന്നു ബഞ്ചിന്റെ അറ്റത്ത് മമ്മദ്കോയക്ക ഇരിക്കുന്നു ദൂരേക്ക് കണ്ണയച്ച് ഒരേ ഇരിപ്പ് ആമിത്താത്തയുടെ പ്രിയഭർത്താവ് യെന്ത്  മുസീബത്തിന്റെ യോഗം മമ്മദ്കോയക്കായുടെ ശബ്ദത്തിൽ രോഷം കടുത്ത വാക്കൊന്നും പറയല്ലേ ആമിനത്താത്ത ഭർത്താവിനെ ഉണർത്തി ഇന്നലെ വെളുപ്പിനു പോയതല്ലേ ഇന്നിത്രയും നേരമായില്ലേ ? ഓനെന്താ അതിന്റെ ആവശ്യം?  മമ്മദ്കോയക്ക ചൂടായിവരുന്നു അകലെ ഒരാൾരൂപം നന്നെ ചടച്ചിരിക്കുന്നു യാത്രാ ക്ഷീണംകൊണ്ട് വശംകെട്ട വരവ് എന്തായി പോയിട്ട്?  ബാപ്പ ഉറക്കെ ചോദിച്ചു ഗംഭീരയോഗം എന്തൊരാൾക്കൂട്ടം ? ആലിക്കുട്ടി അതിശയം പ്രകടിപ്പിച്ചു 

ഭർത്താവിന്റെ സ്വരം കേട്ടു ഫാത്വിമ കോലായിലേക്ക് വന്നു അവളുടെ മനസ്സിൽ കിനാവിൽ കണ്ട മുഖമായിരുന്നു നേരിൽ കണ്ടപ്പോൾ ഞെട്ടാപ്പോയി എവിടെ മുഖത്തിന്റെ തിളക്കം ? ആലിക്കുട്ടി അകത്തേക്ക് കയറി ഫാത്വിമ അടുക്കളയിലേക്കും തിരക്കിട്ട് ചായ ശരിയാക്കി ആലിക്കുട്ടിയെ വന്നു വിളിച്ചു  

ഗാന്ധിജിയെ ഞാൻ കണ്ടു ചായ കുടിക്കുന്നതിന്നിടയിൽ ആലിക്കുട്ടി അഭിമാനത്തോടേ പറഞ്ഞു ആലി മുസ്ല്യാരെയും കണ്ടു 

ങേ ആലിമുസ്ല്യാരെ കണ്ടോ ? ബാപ്പ ആഹ്ലാദത്തോടെ ചോദിച്ചു ഓ ആലിമുസ്ല്യാരെ കണ്ടു ബാപ്പാ സുബ്ഹാനല്ലാഹ് എന്തൊരു മനുഷ്യനാണത് ? ഇൽമിന്റെ ബഹർ എത്ര കൊല്ലം മക്കത്ത് ഓതിപ്പഠിച്ച ആളാണെന്നറിയോ ? ബാപ്പ ശബ്ദമുയർത്തിപ്പറഞ്ഞു ആമിനത്താത്തയും ഫാത്വിമയും അതിശയത്തോടെ ബാപ്പയുടെ മുഖത്തേക്ക് നോക്കി നിന്നു ആലി മുസ്ല്യാരുടെ മുഖമൊന്നു കാണണം ലങ്കുന്ന മുഖം എന്താ ഇസ്സത്ത് ? ബാപ്പ സംസാരം തുടരുന്നു നമ്മുടെ പള്ളിയിൽ ഉറുദു പറയാൻ വന്നിട്ടുണ്ട് ഓരോ കാര്യവും പറയുന്നത് കേട്ടാൽ തരിച്ചിരുന്നുപോവും കേൾക്കുന്നവർ കണ്ണ് വെട്ടാതെ നോക്കി നിൽക്കും ആ നിൽപ്പും ആ സംസാരവും ആ നോട്ടവും സുബ്ഹാനല്ലാഹ്?

മമ്മദ് കോയക്ക മൂക്കത്ത് വിരൽ വെച്ചു 

അവരൊക്കെ കുടുംബത്തോടെ ആലിമീങ്ങളാണ് ബല്യബല്യ മുദരിസുമാരാണ് ആലിമുസ്ല്യാര് തന്നെ പൊറംനാടുകളിലൊക്കെ ദർസ് നടത്തിയിട്ടുണ്ട് ദ്വീപിലെ മുദരിസായിരുന്നു അന്നേ പേരെടുത്ത ആളല്ലേ.... ആലിക്കുട്ടിക്ക് ആലിമുസ്ല്യാരെപ്പറ്റി വിശേഷിച്ചൊന്നും അറിയില്ല കോഴിക്കോട്ട് വെച്ച് കണ്ടു മാധവൻനായർ പറഞ്ഞുതന്നതാണ് മൂപ്പരുടെ പേര് 

ഒരു വലിയ മഹാനാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നി താടിയും തലപ്പാവും മുഖഭാവവും അങ്ങനെ തോന്നിച്ചു ബാപ്പയുടെ വിശദീകരണം ആലിക്കുട്ടിയെ ആവേശം കൊള്ളിച്ചു മൂപ്പരുടെ പേരാണല്ലോ നിങ്ങൾ നമ്മുടെ മോനിക്കിട്ടത് ആമിനത്താത്ത ഫലിതം പറയുംപോലെ പറഞ്ഞു എല്ലാവരും അത് കേട്ടു ചിരിച്ചു 

ഇവന്ന് പേരിടുന്ന സമയത്ത് എനിക്ക് ആലിമുസ്ല്യാരെ അറിയില്ല ഇവന്ന് ഞാൻ അലിയാര്തങ്ങളുട പേരാണ് ഇട്ടത് ബാപ്പ വിശദീകരിച്ചു 

നീ അലിയാര് തങ്ങളെ കഥ കേട്ടിട്ടുണ്ടോ ? ആമിനാ? ബാപ്പ

 ഉമ്മയോടു ചോദിച്ചു ബദർ പടപ്പാട്ട് പാടിപ്പറഞ്ഞ ആൾ പറയുന്നത് കേട്ടല്ലോ ആമിനത്താത്ത മറുപടി നൽകി ഇരുപത് വൻഷം മുമ്പാണ് സംഭവം മലപ്പുറത്ത് നിന്നൊരു മുസ്ല്യാർ വന്നു ബദർപടപ്പാട്ട് പാടി വിവരിക്കുന്ന ആൾ രണ്ടാഴ്ച നീണ്ടുനിന്നു പാടി രാത്രി പത്ത് മണിയാകും തുടങ്ങാൻ ഒരു ഗ്യാസ് ലൈറ്റ് കത്തിച്ചുവെക്കും അതിന്റെ വെളിച്ചത്തിലാണ് പരിപാടി ആണുങ്ങളും പെണ്ണുങ്ങളും കണക്കില്ലാതെ വന്നു കൂടി മുസ്ല്യാർ ബദർപടപ്പാട്ടിലെ ഈരടികൾ നീട്ടി ചൊല്ലി സദസ്സ് അത് കേട്ട് കോരിത്തരിച്ചു 

അബൂജഹലിന്റെ ആ വരവ് ആയുധങ്ങളുടെ കലപില ശബ്ദം ആ രംഗം കൺമുന്നിൽ കാണുംപോലെ തോന്നി യുദ്ധത്തിന്റെ ഒരുക്കം പറയാൻ മൂന്നു ദിവസമെടുത്തു ഹംസത്തെന്നവരുടെ മദ്ഹ് തന്നെ രണ്ടു ദിവസം പറഞ്ഞു പിന്നെ യുദ്ധത്തിന്റെ തുടക്കം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ശരിക്കും യുദ്ധരംഗത്തെത്തിയത് അബൂജഹലും ഉത്ത്ബത്തും ശൈബത്തും മരിച്ചുവീഴുന്ന രംഗം കൺമുന്നിൽ കാണുംപോലെ തോന്നിപ്പോയി 

ഒരുദിവസം അലിയാർ തങ്ങളുടെ ധീരതയെക്കുറിച്ചായിരുന്നു വിവരണം സദസ്സ് ശ്വാസമടക്കിപ്പിടിച്ചിരുന്ന് കേട്ടു പടവാൾ കൊണ്ട് മിന്നൽപിണരുകൾ സൃഷ്ടിക്കുന്ന അലിയാര് തങ്ങളുടെ ചിത്രം കേൾവിക്കാരുടെ മനസ്സിൽ നിന്നു മാഞ്ഞുപോയില്ല ഫാത്വിമാ മോളേ നീ കേട്ടോ അന്ന് ആമിന ഗർഭിണിയായിരുന്നു ഇവൾ പ്രസവിക്കുന്ന കുട്ടി ആൺകുട്ടിയാണെങ്കിൽ അവന്ന് അലി എന്നു പേരിടണമെന്ന് ഞാനന്ന് ഉറപ്പിച്ചതാണ് അങ്ങനെ ഞാൻ കാത്തുകാത്തിരുന്നു ഒടുവിൽ ഇവൾക്ക് പ്രസവവേദന തുടങ്ങി വലിയ ബുദ്ധിമുട്ടായിപ്പോയി ഞാനാണെങ്കിൽ അലിയാരു തങ്ങളുടെ പേരിൽ യാസീൻ ഓതിക്കൊണ്ടിരുന്നു നീണ്ടനേരത്തെ വേദനയും ബുദ്ധിമുട്ടുകളും സഹിച്ച് അവൾ പ്രസവിച്ചു മോളേ അവനാണ് ഈ ഇരിക്കുന്ന നിന്റെ പുതിയാപ്പിള...... ഞങ്ങളുടെ മുത്തമോൻ ആലിക്കുട്ടി ആ വിവരണം കേട്ട് ഫാത്വിമ വിതുമ്പിപ്പോയി


താനൂര്

നിങ്ങള് ബല്യൊരാളാണ് ..... ല്ലേ ഫാത്വിമ ഭർത്താവിനോട് ചോദിച്ചു എന്തേയ്...... നിനക്കങ്ങനെ തോന്നാൻ ? ആലിക്കുട്ടി സ്നേഹത്തോടെ ചോദിച്ചു അലിയാര്തങ്ങളുടെയും ,ആലിമുസ്ല്യാരുടെയും പേരല്ലേ നിങ്ങൾക്കിട്ടത് നിങ്ങളും ആളൊരു ശുജായി തന്നെ ങാ....ഹാ... നീ നോക്കിക്കോ ..... എത്ര ബല്യ ശുജായി ആയാലും നിങ്ങൾ എന്റടുത്ത് വേണം അതെന്തിനാ ? എനിക്കെപ്പോഴും നിങ്ങളെ കണ്ടോണ്ടിരിക്കണം അങ്ങനെയൊന്നും വാശിപിടിക്കരുത് മോളേ കോഴിക്കോട് യോഗത്തിനു പോയ ദിവസം ന്റെ ഖൽബ് കിടന്നു കത്തുകയായിരുന്നു  അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഗർഭിണിയായ ഭാര്യ എപ്പോഴും ഭർത്താവിന്റെ സാന്നിദ്ധ്യം കൊതിക്കും വേണ്ട അളവിൽ സ്നേഹവും വാത്സല്യവും നൽകണം ആതെല്ലാം ആലിക്കുട്ടി മനസ്സിലാക്കിയിട്ടുണ്ട് അവളെ പിരിഞ്ഞിരിക്കാൻ പ്രയാസവുമാണ് ഞാൻ നിന്നെ പിരിഞ്ഞ് എവിടെയും പോവില്ല പോരേ ...... ഫാത്വിമ കണ്ണീർ തുടച്ചു ചുണ്ടിൻ മന്ദഹാസം വിടർന്നു ഞാൻ പാടത്തേക്ക് പോട്ടെ വാഴയ്ക്ക് മണ്ണിടണം 

പോയി വന്നോളീ 

ഫാത്വിമ സന്തോഷപൂർവം ഭർത്താവിനെ യാത്രയാക്കി നാല്പത് നേന്ത്രവാഴക്കന്നുകൾ നട്ടിട്ടുണ്ട് നന്നായി അധ്വാനിക്കണം നേരം നോക്കി മണ്ണിടണം വെള്ളം നനയ്ക്കണം , വളം വെയ്ക്കണം നന്നായി നോക്കിയാൽ നല്ല കുലകൾ കിട്ടും വെട്ടിവിറ്റാൽ കൈ നിറയെ പൈസയായി  കൈക്കോട്ടുമെടുത്ത് ആലിക്കുട്ടി നടന്നു പോയി ഫാത്വിമ ആ പോക്കു നോക്കി നിന്നു കൂടെപ്പോവാൻ അവളുടെ മനസ്സ് തുടിച്ചു വീർത്ത വയറുമായി എങ്ങനെപോവും ......

 വാഴക്കന്നുകൾ എങ്ങനെയിരിക്കുന്നു എന്നറിയാൻ ഒന്നു പോയിനോക്കണം  കാണാൻ വല്ലാത്ത ആശ ആലിക്കുട്ടി ചുമലിൽ കൈക്കോട്ടുമായി വേഗത്തിൽ നടന്നു മമ്മിയുടെ ചായക്കടയുടെ മുമ്പിൽ ആൾക്കൂട്ടം  മാധവൻ നായർ സംസാരിക്കുന്നു ആളുകൾ ആകാംക്ഷയോടെ കേൾക്കുന്നു ആലിക്കുട്ടി കൈക്കോട്ട് താഴെ വെച്ചു സംസാരം ശ്രദ്ധിച്ചു താനൂരിൽ കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി ഓഫീസ് തുറക്കുകയാണ് നമുക്ക് പോണം മാധവൻനായരുടെ പ്രഖ്യാപനം എപ്പോഴാ യോഗം മമ്മി ചോദിച്ചു ഇന്നു വൈകുന്നേരം 5മണിക്ക് ഉച്ചക്ക് ചോറും തിന്ന് പുറപ്പെടാം ഗോപാലൻ പരിപാടി അവതരിപ്പിച്ചു അങ്ങനെയാവട്ടെ എല്ലാവരും സമ്മതിച്ചു ആലിക്കുട്ട്യേ...... മാധവൻനായർ വിളിച്ചു ഓ ആലിക്കുട്ടി വിളി കേട്ടു നീയും വന്നോളൂ. .... നായർ ക്ഷണിച്ചു വരാം ആലിക്കുട്ടി സമ്മതിച്ചു അവൻ കൈക്കോട്ടുമായി  വീട്ടിലേക്ക്തന്നെ മടങ്ങി ഫാത്വിമ ആ വരവ് കണ്ടു ഞെട്ടി അവൾ മുറ്റത്തേക്കിറങ്ങി വന്നു എന്തേയ്. .....പാടത്ത് പോയില്ലേ....... ആകാംക്ഷ നിറഞ്ഞ ചോദ്യം ഇല്ല ഗൗരവത്തിലാണ് മറുപടി പോയതുപോലെയല്ല തിരിച്ചുവന്നത് വാഴക്കന്നിന് മണ്ണിടണ്ടേ ? 

പോ..... അവിടുന്ന്. ..... നിന്റെയൊരു വാഴക്കന്ന് ഫാത്വിമ അമ്പരപ്പോടെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി നിങ്ങക്കെന്ത് പറ്റിപ്പോയി? അത് ചോദിക്കുമ്പോൾ കണ്ണീർ വന്നു പോയി എനിക്കൊന്നും പറ്റിയിട്ടില്ല നീ പോയ് ചോറ് വിളമ്പ് പള്ളിയിൽ നിന്ന് ളുഹർ ബാങ്ക് ഉയർന്നു ആലിക്കുട്ടി വുളു എടുക്കാൻ വേണ്ടി കിണറ്റികരയിലേക്ക് നടന്നു ഫാത്വിമ അടുക്കളയിലേക്കു പോയി ഉമ്മ ചോറ് ഊറ്റുകയായിരുന്നു വാഴക്കന്നിന് മണ്ണിടാൻ പോയ  ആൾ മടങ്ങി വന്നു ഫാത്വിമ ഉമ്മയോട് പറഞ്ഞു 

അതെന്താ മോളേ അങ്ങനെ?  

എനിക്കറിഞ്ഞുകൂടാ.... ചോദിച്ചിട്ട് ദേഷ്യപ്പെട്ടു കോഴിക്കോട്ടെ യോഗം കഴിഞ്ഞതിൽപ്പിന്നെ സ്വഭാവത്തിനൊക്കെഒരു മാറ്റം ഉമ്മയുടെ സ്വരത്തിൽ നിരാശ പെട്ടെന്ന് ചോറ് വിളമ്പാൻ പറഞ്ഞു 

അതെന്താ.... ഓൻ പിന്നേം യോഗത്തിന് പോണോ? 

പെണ്ണുങ്ങൾ ചോറും കറികളും തയ്യാറാക്കി ആലിക്കുട്ടി ളുഹർ നിസ്കരിച്ചു വന്നപ്പോൾ ഭക്ഷണം വിളമ്പിക്കഴിഞ്ഞു അവൻ ധൃതിയിൽ ഭക്ഷണം കഴിച്ചു കൈ കഴുകി ഷർട്ടും തുണിയും ധരിച്ചു നീയെങ്ങോട്ടാ മോനേ ഉമ്മ ഉൽക്കണ്ഠയോടെ ചോദിച്ചു താനൂരിലേക്ക് അവിടെന്താ ? അവിടെ യോഗമുണ്ട് അതിനു നിനക്കെന്താ മോനേ എനിക്കു പോണം ആലിക്കുട്ടി ഇറങ്ങി വന്നു തിരിഞ്ഞു നോക്കിയില്ല ഒരു പൊട്ടിക്കരച്ചിലിന്റെ ശബ്ദം ആമിനത്താത്ത ബേജാറോടെ തിരിഞ്ഞു നോക്കി ഫാത്വിമയുടെ കവിളുകളിൽ കണ്ണീർച്ചാലുകൾ മോളേ.....കരയല്ലേ എന്തിനാണുമ്മ ......എന്നോടിത്ര കടുപ്പം കാണിക്കുന്നത്?  സാരിമില്ല മോളേ  .... നീ സമാധിനിക്ക് അകലെനിന്നും നടന്നുവരുന്ന മമ്മദ്കോയക്കയുടെ രൂപം പള്ളിയിൽ നിന്ന് ളുഹർ നിസ്കാരം കഴിഞ്ഞ് വരികയാണ് ഫാത്വിമ അകത്തേക്ക് നടന്നു കട്ടിലിൽ പോയിക്കിടന്നു കണ്ണീര് വീണ് തലയിണ നനഞ്ഞു 

മോളേ ..... ബാപ്പാക്ക് ചോറ് വിളമ്പിക്കൊടുക്ക് ഉമ്മയുടെ വാക്കുകൾ ഫാത്വിമയുടെ ചെവിയിൽ പതിഞ്ഞില്ല അവൾ തളർന്നു വീണ് കിടക്കുകയാണ് ഉമ്മതന്നെ പാത്രങ്ങൾ കഴുകി ചോറും കറിയും വിളമ്പി ഭർത്താവിന്റെ മുമ്പിൽ കൊണ്ടുവന്നു വെച്ചു മമ്മദ്കോയക്ക കൈ കഴുകി വന്നു ചോറിനു മുമ്പിൽ വന്നിരുന്നു ബിസ്മി ചൊല്ലി ബിസ്മില്ലാഹിർ റഹ്മാനിർ റഹീം 

"കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തീരുനാമത്തിൽ ഞാൻ  (ഭക്ഷണം കഴിക്കാൻ )ആരംഭിക്കുന്നു 

ഒരു ഉരുള ചോറ് വായിലിട്ടു ചവച്ചു 

അല്ലാ.....ആമിനൂ .....ഓളെവിടെ? ഫാത്വിമ?  ഓള് മുറിയിലുണ്ട് നിങ്ങൾ ചോറ് തിന്നോളീ ആമിനത്താത്ത ശാന്തസ്വരത്തിൽ മറുപടി നൽകി അവൾ കരയുകയാണെന്നു പറഞ്ഞില്ല ആലിക്കുട്ടി താനൂരിൽ പോയവിവരവും പറഞ്ഞില്ല പറഞ്ഞാൽ ചോറു തീറ്റി മുടങ്ങും അത് വേണ്ട മനസ്സമാധനത്തോടെ ആഹാരം കഴിക്കട്ടെ കാര്യങ്ങളൊക്കെ പിന്നീടു സംസാരിക്കാം ചോറ് കഴിച്ചു എഴുന്നേറ്റ് കൈ കഴുകി എന്നിട്ട് ഉറക്കെ പറഞ്ഞു : അൽഹംദുലില്ലാഹ് 

സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു ഈ വചനം കേൾക്കാൻ തുടങ്ങിയിട്ട് എത്ര വർഷമായി ഉച്ചക്ക് ചോറ് കഴിഞ്ഞാൽ ഒരു ചെറിയ വിശ്രമം ഒരു മയക്കം അത് പതിവാണ് ഭർത്താവ് കട്ടിലിൽ ചെന്നു കിടന്നു ആമിനത്താത്ത അടുക്കളയിലെത്തി രണ്ട് പാത്രങ്ങളിൽ ആഹാരം വിളമ്പി തനിക്കും ഫാത്വിമക്കും ...... ഊണു വിളമ്പിവെച്ച ശേഷം ഫാത്വിമയെ ചെന്നു വിളിച്ചു മോളേ വാ ചോറ് വെയ്ക്കാം ആമിനത്താത്ത വിളിച്ചു എനിക്ക് വിശപ്പില്ല ഉമ്മ വെയ്ച്ചോളീ ഒന്നു വാ മോളേ 

വേണ്ടുമ്മാ ..... ഫാത്വിമ എഴുന്നേറ്റില്ല ഊണു കഴിച്ചില്ല ആമിനത്താത്ത അടുക്കളയിലെത്തി വിളമ്പി വെച്ച ഭക്ഷണം മൂടി വെച്ചു അവരും ഒന്നും കഴിച്ചില്ല ഒരു കട്ടിലിൽ അവരും കിടപ്പായി 

മാധവൻനായരും കൂട്ടരും താനൂരിലെത്തി ഖിലാഫത്ത് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുന്നിലെത്തി ചെറിയ ഒരാൾക്കൂട്ടം പല പ്രമുഖന്മാരും വന്നു ചേർന്നു ചെറുകോയതങ്ങൾ ,പരീക്കുട്ടി മുസ്ല്യാർ ,കുഞ്ഞിക്കാദർ സാഹിബ്, കുട്ടിഹസൻ കുട്ടി 

യോഗം ആരംഭിച്ചു ചെറുകോയതങ്ങൾ അല്പനേരം സംസാരിച്ചു വെള്ളക്കാരെ ഇന്ത്യയുടെ മണ്ണിൽ നിന്ന് കെട്ടുകെട്ടിക്കണം അതിന്ന് എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം ഹിന്ദുക്കളും മുസ്ലിംകളും സംഘടിച്ചു മുന്നേറണം തങ്ങൾ ആഹ്വാനം ചെയ്തു 

പരീക്കുട്ടി മുസ്ല്യാർ ശക്തമായ ഭാഷയിൽ പ്രസംഗിച്ചു എന്തു ത്യാഗം ചെയ്തും വെള്ളക്കാരെ ആട്ടിയോടിക്കണമെന്നദ്ദേഹം ആഹ്വാനം ചെയ്തു 

ചെറുകോയതങ്ങൾ ഖിലാഫത്ത് കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു കമ്മിറ്റി സെക്രട്ടറി പരീക്കുട്ടി മുസ്ല്യാർ ജോയിന്റ് സെക്രട്ടറിമാർ രണ്ട് പേർ കുഞ്ഞിക്കാദർ സാഹിബും കുട്ടി ഹസൻ കുട്ടിയും അയൽ പ്രദേശങ്ങളിലൊക്കെ ഖിലാഫത്ത് കമ്മിറ്റികൾ രൂപികരിക്കാനുള്ള തീരുമാനത്തോടെ യോഗം പിരിഞ്ഞു


ആപൽക്കാരിയായ പരീക്കുട്ടി മുസ്ല്യാർ

ഫാത്വിമക്ക് ഉറക്കം വന്നില്ല രാവേറെ ചെന്നു തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി ഖൽബ് കത്തുമ്പോൾ ഉറക്കം വരുമോ ? ഉമ്മയും ഉറങ്ങിയില്ല കണ്ണീരും നെടുവീർപ്പുമായി കഴിയുന്നു അവർ ഇരുവരും ഉച്ചക്കും രാത്രിയും ആഹാരം കഴിച്ചില്ല പാതിരാത്രി കഴിഞ്ഞു കാണും വാതിലിൽ ആരോ മുട്ടി ആമിനത്താത്ത വാതിൽ തുറന്നു 

ആരാ..... ആമിനത്താത്ത വെപ്രാളത്തോടെ ചോദിച്ചു ഉമ്മാ..... ഇത് ഞാനാ...... ആലിക്കുട്ടിയുടെ ശബ്ദം നീയെവിടുന്നാ ..... ഈ പാതിരാക്ക് ഉമ്മയുടെ ശബ്ദത്തിൽ രോഷം കലർന്നു 

ആ കുട്ടി ഇന്നുച്ചക്കും അന്തിക്കും ഒന്നും കഴിച്ചില്ല വെള്ളം കുടിക്കാതെ കിടന്നു 

ങേ ....അതെന്താ?  

പോയി ചോദിക്ക് 

ഉമ്മ അടുക്കളയിലേക്ക് പോയി പാത്രങ്ങൾ കഴുകി മകന്ന് ചോറും കറിയും വിളമ്പി 

ഫാത്തിമാ...... ആലിക്കുട്ടി സ്നേഹപൂർവ്വം വിളിച്ചു 

അവൾ മിണ്ടിയില്ല 

എന്റെ പാത്തുമ്മൂ. ... ഒന്നെണീക്കെടീ ......

എന്നെ ആരും വിളിക്കണ്ട 

പിണങ്ങല്ലേ...മോളേ..... 

ആലിക്കുട്ടിയുടെ വിളി അവളുടെ മനസ്സിൽ തട്ടി പെട്ടെന്നൊരു മിന്നൽ പ്രകാശിച്ചതുപോലെ കനത്തുകെട്ടിയ ദുഃഖം ഉരുകിയൊലിച്ചതുപോലെ അവൾ എഴുന്നേറ്റിരുന്നു 

വിശക്കുന്നെടീ ..... ചോറു വിളമ്പ് 

അതവൾക്ക് സഹിക്കാനായില്ല തന്റെ പ്രിയഭർത്താവിന്ന് വിശക്കുന്നു സ്നേഹമുള്ള ഭാര്യക്ക് അത് സഹിക്കാനാവുമോ? അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു ഉമ്മ ഭക്ഷണം വിളമ്പി കാവലിരിക്കുന്നു 

ആലിക്കുട്ടി കൈ കഴുകി വന്നു ചോറിന്റെ പാത്രത്തിലേക്ക് കറികോരിയൊഴിച്ചു കുഴച്ചു പാകമാക്കി ഉരുള വായിലേക്കിട്ടു രണ്ട് പെണ്ണുങ്ങൾ അതു നോക്കിനിന്നു ആരും ഒന്നും സംസാരിച്ചില്ല വാചാലമായ മൗനം ചോറിന്റെ പകുഭാഗം കഴിച്ചു മതിയാക്കി ആലിക്കുട്ടി ബാക്കിവെച്ച ഭക്ഷണം ഫാത്വിമ കഴിച്ചു ഉമ്മ വേറെ വിളമ്പിത്തിന്നു അവരുടെ ഖൽബുകൾ തണുത്തു ഊണ് കഴിച്ചു പാത്രങ്ങൾ കഴുകി വെച്ചു ഭർത്താവിനോട് പലതും ചോദിക്കണമെന്നുണ്ട് ഫാത്വിമാക്ക് ചെന്നു നോക്കുമ്പോൾ കൂർക്കം വലിക്കുന്നു 

ദീർഘയാത്രയുടെ ക്ഷീണം പുതപ്പെടുത്തു ഭർത്താവിനെ പുതപ്പിച്ചു  നന്നായി ഉറങ്ങട്ടെ ക്ഷീണം തീരട്ടെ നാളെ പാടത്തു പോവണം വാഴക്കന്നുകൾക്ക് മണ്ണിടണം പിന്നെ എന്തെല്ലാം ജോലികൾ ഫാത്വിമ കിടന്നു എന്തൊരു മധസ്സമാധാനം ഇതുവരെ മനസ്സ് ഉരുകുകയായിരുന്നു ഭർത്താവ് വരാൻ അല്പം വൈകിയെന്നുവെച്ച് ഇങ്ങനെ ഉരുകിഒലിക്കണോ....? എന്തോ അങ്ങനെ ആയിപ്പോയി സ്വന്തം ജീവനേക്കാൾ ഭർത്താവിനെ സ്നേഹിച്ചുപോയി മെല്ലെ ഉറക്കം കൺപോളകളെ തഴുകി ഫാത്വിമ നിദ്രയിലാണ്ടു  

താനൂരിലും പരിസര പ്രദേശങ്ങളിലും ആ വാർത്ത വളരെ വേഗം പ്രചരിച്ചു താനൂർ കടപ്പുറത്ത് വമ്പിച്ച ഖിലാഫത്ത് സമ്മേളനം ദേശീയ നേതാവായ യാഖൂബ് ഹസൻ സേട്ട് പ്രസംഗിക്കും 

കേട്ടവർ കേട്ടവർ വാർത്ത കൈമാറി കേട്ടവർക്കെല്ലാം വലിയ ആവേശം മഹാസമ്മേളനം വൻവിജയമാക്കണം വെള്ളക്കാർക്കെതിരെയുള്ള ശക്തമായ മുന്നേറ്റമാണിത്  ബ്രിട്ടീഷ് വിരോധം വളരെ വേഗം പടർന്നുപിടിക്കുന്നു ഇതിന്നിടയിൽ പരീക്കുട്ടി മുസ്ല്യാർ ഒരു പുസ്തകം രചിച്ചു 

മുഹിമ്മാത്തുൽ മുഹ്മിനീൻ 

ബ്രിട്ടീഷ് വിരുദ്ധ വികാരം ആളിക്കത്തിക്കുന്ന പുസ്തകം അത് വായിച്ചാൽ ആരും ഇളകിവശാകും ദേശീയ വികാരം പതഞ്ഞുയരും വെള്ളക്കാർക്കെതിരെ സായുധ സമരത്തിന്നിറങ്ങും 

പുസ്തകത്തിന്റെ കോപ്പികൾ നന്നായി പ്രചരിച്ചു ജനങ്ങൾക്കിടയിൽ കോളിളക്കം 

ഒരു പുസ്തകത്തിന് ഇത്രയും ചലനം സൃഷ്ടിക്കാൻ കഴിയുമോ?  എവിടെയും പുസ്തകം ചർച്ചാവിഷയമായി പോലീസ് വിവരം മണത്തറിഞ്ഞു പുസ്തകത്തിന്റെ ഏതാനും കോപ്പികൾ പോലീസ് പിടിച്ചെടുത്തു പുസ്തകം ശ്രദ്ധാപൂർവ്വം വായന നടത്തിയ അധികാരികൾ ഞെട്ടി അപകടകാരിയായ പുസ്തകം ഈ പുസ്തകം ഉടനെ കണ്ടുകെട്ടണം ഇതിന്റെ വായന നിരോധിക്കണം കൈവശം വെക്കുന്നവരെ ശിക്ഷിക്കണം പരീക്കുട്ടി മുസ്ല്യാരെ ഉടനെ കസ്റ്റഡിയിലെടുക്കണം പരീക്കുട്ടി മുസ്ല്യാർ മതപണ്ഡിതനാണ് മുസ്ലിംങ്ങൾക്കിടയിൽ വളരെ സ്വാധീനമുള്ള നേതാവാണ് അയാളെ സ്വതന്ത്രനായി വിട്ടാൽ വലിയ അപകടം വരുത്തും ഉടനെ മേലാധികാരികൾക്കു വിവരം നൽകണം 

താനൂരിലെ വിവരങ്ങൾ മലബാർ കലക്ടറേറ്റിലേക്ക് നൽകി അവർ വിശദമായി പഠനം നടത്തി ചില നിഗമനങ്ങളിലെത്തി മുഹിമ്മാത്തുൽ മുഹ്മിനീൻ ഏറ്റവും അപകടകരമായ പുസ്തകം പരീക്കുട്ടി മുസ്ല്യാർ ഏറ്റവും അപകടകാരിയായ നേതാവ് മദ്രാസിലെ സെന്റ് ജോർജ് ഫോർട്ടിലേക്ക് വിവരം കൈമാറി അവിടെ വിവരങ്ങൾ വിശദമായി പഠനം നടത്തി 

പോലീസ് മേധാവികൾ കൂടിയാലോചന നടത്തി പാതിരത്രി വരെ ചർച്ച തുടർന്നു 

പരീക്കുട്ടി മുസ്ല്യാരെ വെറുതെ വിടാൻ പാടില്ല അറസ്റ്റ് ചെയ്യാൻ ഉടനെ കല്പന കൊടുക്കണം ഒരു പോലീസ് മേധാവി അഭിപ്രായപ്പെട്ടു പരീക്കുട്ടി മുസ്ല്യാർ മുസ്ലിം പണ്ഡിതനാണ്  അറസ്റ്റ് ചെയ്താൽ മുസ്ലിംങ്ങൾ ഇളകും കൂടുതൽ കുഴപ്പങ്ങളുണ്ടാവും മറ്റൊരു ഓഫീസർ അഭിപ്രായപ്പെട്ടു 

അയാളെ തന്ത്രപരമായി വശത്താക്കണം മൂന്നാമൻ അങ്ങനെ വശത്താക്കാൻ പറ്റുന്ന ആളല്ല ഈ പുസ്തകം വായിച്ചാലറിയില്ലേ അദ്ദേഹത്തിന്റെ സ്വഭാവം -നാലാമൻ 

ബലപ്രയോഗമല്ലാതെ മറ്റൊരു വഴിയില്ല - ഒന്നാമൻ  

മുസ്ലിംകൾ ഇളകിയാലോ ?  

ശക്തമായി നേരിടണം 

ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചിളകും കുഴപ്പമാവും അവരെ പരസ്പരം ഭിന്നിപ്പിക്കണം അതെങ്ങനെ കഴിയും?  

അതിന്നു വഴിയുണ്ട് ജന്മിമാരെ ഇളക്കിവിടണം 

ജന്മിമാരൊക്കെ ഹിന്ദുക്കളാണ് കുടിയന്മാർ മുസ്ലിംകളും ഹരിജനങ്ങളുമാണ് ജന്മിമാർ ബ്രിട്ടീഷ്കാരുടെ കൂടെ നിൽക്കും അക്കാര്യത്തിൽ സംശയമില്ല 

എങ്കിൽ നടപടി ഉടനെ വേണം വൈകരുത് മദ്രാസ് ഗസറ്റിൽ പരസ്യം ചെയ്യാം  ചർച്ച തീരുമാനത്തിലേക്ക് നീങ്ങുകയാണ് മദ്രാസ് ഗസറ്റിൽ കൊടുക്കേണ്ട പരസ്യത്തിന്റെ വാചകങ്ങൾ ശരിയാക്കി 

പരീക്കുട്ടി മുസ്ല്യാർ രചിച്ച മുഹിമ്മാത്തുൽ മുഹ്മിനീൻ എന്ന പുസ്തകം ബ്രിട്ടീഷ് ഗവർമ്മെണ്ട് നിരോധിച്ചിരിക്കുന്നു ആ പുസ്തകം കൈവശം വെക്കുന്നതും കൈമാറുന്നതും വായിക്കുന്നതും ശിക്ഷാർഹമാകുന്നു പുസ്തകം കൈവശം വെക്കുന്നവർക്കും വിചാരണ കൂടാതെ അഞ്ചു വർഷത്തെ തടവ് ശിക്ഷ ലഭിക്കും  

പരീക്കുട്ടി മുസ്ല്യാരെ അറസ്റ്റ് ചെയ്തു തടവിലാക്കാൻ കല്പന കൊടുത്തു 

താനൂർ കടപ്പുറത്ത് നടക്കാൻ പോവുന്ന ഖിലാഫത്ത് മഹാസമ്മേളനത്തെക്കുറിച്ചാണ് എവിടെയും സംസാരം 

രഹസ്യാന്വേഷണവിഭാഗം എല്ലാ ഭാഗത്തും സഞ്ചരിക്കുന്നു ഖിലാഫത്ത് നേതാക്കളുടെ ചലനങ്ങൾ നിരീക്ഷിക്കുന്നു അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കുന്നു 

എവിടെയും പോലീസിന്റെ കണ്ണുകൾ 

കടയിലും വഴിയിലും ചന്തയിലും പള്ളിയിലും മദ്രാസിലുമെല്ലാം വേഷം മാറിയ പോലിസുകാർ നേതാക്കളുടെ വീടുകളിൽ കഴുകന്റെ കണ്ണുകളുമായി ചാരന്മാർ കറങ്ങി നടക്കുന്നു 

ഖിലാഫത്ത് സമ്മേളനത്തിൽ പരീക്കുട്ടി മുസ്ല്യാർ പ്രസംഗിക്കും കെ .പി കേശവമേനോനും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും പ്രസംഗിക്കും മറ്റു പല മഹാന്മാരും എത്തിച്ചേരും നാടാകെ ഉണരുന്നു ആവേശം കത്തിപ്പടരുന്നു  പരീക്കുട്ടി മുസ്ല്യാർക്കും കുഞ്ഞിക്കാദർ സാഹിബിന്നും തിരക്കോട് തിരക്ക് സമ്മേളന വിജയത്തിനുവേണ്ടി ഓടി നടക്കുകയാണവർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നിർണായക സംഭവത്തിന് താനൂർ സാക്ഷ്യം വഹിക്കാൻ പോവുകയാണ് 

ദിവസങ്ങൾ നീങ്ങുംതോറും ആവേശം വർദ്ധിക്കുന്നു പോലീസിന്റെ ജാഗ്രതയും വർദ്ധിക്കുന്നു പരീക്കുട്ടി മുസ്ല്യാർ ഏത് നിമിഷവും പിടിക്കപ്പെടും താനൂർ കടപ്പുറത്ത് ഖിലാഫത്ത് സമ്മേളനം ഏത് നിമിഷവും നിരോധിക്കപ്പെടാം


സമ്മേളനത്തിനു നിരോധം

മോൾക്ക് മാസം ഏഴായി ഓർമ്മയുണ്ടോ ? ആയിശുമ്മ ഭർത്താവിനോട് ചോദിച്ചു ഞാനതൊക്കെ ഓർത്തുകൊണ്ട് തന്നെയാ നടക്കുന്നത് അബൂബക്കർ ഹാജി മെല്ലെ പറഞ്ഞു 

മോളെ പ്രസവത്തിന് കൂട്ടിക്കൊണ്ടുവരാൻ സമയമായി ഓർമ്മയുണ്ടോ ? 

ഓർമ്മയുണ്ടെന്ന് പറഞ്ഞില്ലേ ? 

എന്നാൽപ്പിന്നെ  നിങ്ങളൊന്നവിടെ പോണം ദിവസം നിശ്ചയിച്ചു പോരണം 

അത് ...... നീ പറഞ്ഞത് ശരിയാണ് 

ഇന്ന് തന്നെ പോയ്ക്കോളീ ....

അങ്ങനെയാവട്ടെ ഇപ്പോൾ തന്നെ പുറപ്പെടാം  

ചായയും പത്തിരിയും ആയിട്ടുണ്ട് അത് കഴിച്ചിട്ട് പോവാം 

ആയിശുമ്മ അടുക്കളയിലേക്ക് നടന്നു ചായയും പത്തിരിയും പാത്രങ്ങളിലെടുത്തു അതുമായി കോലായിലെത്തി ഭർത്താവു പ്രാതൽ  കഴിക്കാൻ തുടങ്ങിയപ്പോൾ ഭാര്യ സംസാരവും തുടങ്ങി 

കടിഞ്ഞൂൽ പ്രസവമാണ് നല്ലോണം നോക്കണം ഓളെ ഇവിടെ കൊണ്ട് വന്നാലെ എനിക്കൊരു സമാധാനം കിട്ടൂ .....

ഇനി വൈകണ്ട രണ്ടാഴ്ചക്കുള്ളിൽ ഇങ്ങ് കൊണ്ടുവരാം  എന്താ ? നിങ്ങൾ ആണുങ്ങൾക്ക് അതിന്റെ ബേജാറ് തിരിയൂല നീയും നാലെണ്ണത്തിനെ പെറ്റില്ലേ ? അതിന്റെ ബേജാറ് എനിക്കും കുറച്ചൊക്കെ അറിയാം 

നിങ്ങളുടെ ബേജാറ് നിങ്ങൾക്ക് ബേജാറുണ്ടെങ്കിലേ ..... പാവം പെണ്ണുങ്ങൾക്കിങ്ങനെ പ്രസവിക്കേണ്ടിവരുമോ  ? 

പ്രസവിക്കുന്നത് ഞങ്ങളുടെ കുറ്റമാണോ ? എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട രാവിലെത്തന്നെ സംഭാഷണത്തിന്നിടയിൽ ചായകുടി കഴിഞ്ഞു മുണ്ടും ഷർട്ടും ധരിച്ചു വലിയ കുട കയ്യിലെടുത്തു 

അസ്സലാമു അലൈകും -സലാം ചൊല്ലി മുറ്റത്തിറങ്ങി വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു ആയിശുമ്മ സലാം മടക്കി ഭർത്താവിന്റെ പോക്കും നോക്കി നിന്നു 

ഞാൻ താനൂരിലേക്ക് പോവുകയാണ് ആലിക്കുട്ടി ഭാര്യയോട് പറഞ്ഞു 

പോണ്ട.....ട്ടോ എനിക്ക് പേടിയാവുന്നു 

എനിക്ക് പോവാതിരിക്കാൻ പറ്റൂല 

എന്താ പോയില്ലെങ്കിൽ ......

ഖിലാഫത്ത് സമ്മേളനം വിജയിപ്പിക്കണം 

പാടത്തേക്ക് പോയ്ക്കോളീ...... വാഴക്കന്നിന് മണ്ണിട്ടോളീ .... എത്ര ദിവസമായി ഇത് പറയുന്നു ? 

അതിന്ന് സമയം കിട്ടണ്ടേ ? 

നിങ്ങള് വേണ്ടാത്ത വഴിക്ക് പോണ്ട 

നീ എന്നെ തടയരുത് 

ആലിക്കുട്ടി ഇറങ്ങി നടന്നു ഫാത്വിമ ആ പോക്ക് നോക്കിനിന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി  

മമ്മിയുടെ ചായക്കടയിൽ ആൾക്കൂട്ടം എല്ലാ മുഖങ്ങളിലും പരിഭ്രമം ആലിക്കുട്ടിയുടെ മനസ്സിൽ ആശങ്ക ചായക്കടയിലേക്ക് കയറി ആരും ഒന്നും സംസാരിക്കുന്നില്ല മമ്മി നിശ്ചലനായി നിൽക്കുന്നു ചായ അടിക്കുന്നില്ല നായരേ.... എന്താണുണ്ടായത് ? ഒരാൾ ചോദിക്കുന്നു 

എന്തും സംഭവിക്കാം. ....മാധവൻ നായർ   

എന്നു വെച്ചാൽ. ......

ലാത്തിചാർജ്ജ് ,വെടിവെപ്പ് 

നമ്മളെന്തു വേണം?  

നാം ഭീരുക്കളാവരുത് മഹാത്മജിയെപ്പോലെ മുന്നേറണം സ്വാതന്ത്ര്യം വെറുതെ കിട്ടില്ല സഹിക്കണം മാധവൻ നായർ 

എപ്പോൾ പുറപ്പെടണം?  

ഇപ്പോൾ തന്നെ 

മാധവൻ നായർ നിവർന്നിരുന്നു സംസാരം തുടർന്നു ഇന്നലെ പോലീസുകാർ ഖിലാഫത്ത് കമ്മിറ്റി ഓഫീസിൽ വന്നു അവിടെയുള്ളവരോട് വളരെ മോശമായ രീതിയിൽ പെരുമാറി 

എവിടെ പരീക്കുട്ടി മുസ്ല്യാർ?  പോലീസ് മേധാവി ചോദിച്ചു 

ഇവിടെയില്ല സാർ 

എവിടെപ്പോയെന്ന് പറ 

അറിയില്ല സാർ 

മര്യാദക്ക് പറഞ്ഞോ ? എവിടെ അയാൾ?  

ഞങ്ങൾക്കറിയില്ല 

ഞങ്ങളയാളെ കണ്ടുപിടിക്കും ചുട്ടുകരിക്കും വർദ്ധിച്ച കോപത്തോടെ പോലീസുകാർ ഇറങ്ങിപ്പോയി നേരെ പോയത് പരീക്കുട്ടി മുസ്ല്യാരുടെ വീട്ടിലേക്ക് വീട്ടിനകം മുഴുവൻ പരിശോധന നടത്തി  മുസ്ല്യാരെ ഒരിടത്തും കാണാനില്ല എവിടെ അയാൾ?  പോലീസ് മേധാവിയുടെ ചോദ്യം ഇവിടെയില്ല പെണ്ണുങ്ങളുടെ മറുപടി 

അയാൾ എവിടെയെന്നു പറയാൻ. ..... 

അറിയില്ല 

മര്യാദക്ക് പറയുന്നതാ നല്ലത് ഇല്ലെങ്കിൽ. ..... 

പോലീസ് അവിടെനിന്നിറങ്ങി അവർ ജീപ്പിൽ കയറി ജനം പകച്ചുനിൽക്കെ ജീപ്പ് കുതിച്ചുപാഞ്ഞു പള്ളിയിലേക്ക് പള്ളിയിലെ ഇമാമിനെയും മുക്രിയെയും വിളിച്ചു : 

എവിടെ പരീക്കുട്ടി മുസ്ല്യാർ?  രോഷം നിറഞ്ഞ ചോദ്യം ഇങ്ങോട്ട് വന്നില്ല ഇമാം ശാന്തസ്വരത്തിൽ പറഞ്ഞു 

പിന്നെവിടെ ? 

അറിയില്ല 

അയാളെ പിടിച്ചു തരണം അല്ലെങ്കിൽ എല്ലാവരെയും തകർത്തുകളയും ഓർമ്മവേണം ? 

പോലീസുകാർ ജീപ്പിൽ കയറി ജീപ്പ് സ്റ്റേഷനിലേക്ക് കുതിച്ചു 

പ്രതി ഒളിവിലാണ് പോലീസ് ഓഫീസർ മറ്റുള്ളവരോട് പറഞ്ഞു എവിടെ ആയാലും പൊക്കണം മറ്റൊരു ഓഫീസർ 

എങ്ങനെ? - ഒന്നാമൻ 

സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കുക ചോദ്യം ചെയ്യുക പ്രതി താനൂർ വിട്ടുകാണുമോ ? 

അതിനുള്ള സാധ്യതയില്ല 

ശരിയാണ് അതീവരഹസ്യമായാണ് നാം കരുക്കൾ നീക്കിയത് ഒരു രഹസ്യവും പുറത്തുപോവാൻ സാധ്യതയില്ല 

അന്വേഷണം ഊർജ്ജിതമാക്കണം രഹസ്യാന്വേഷണവിഭാഗം വിഭാഗത്തിന്റെ പ്രവർത്തനം സജീവമാക്കണം ചർച്ചകൾ തുടർന്നു പല തീരുമാനങ്ങളുമെടുത്തു 

ഖിലാഫത്ത് കമ്മിറ്റി പ്രസിഡണ്ട് ചെറുകോയ തങ്ങളുടെ വീട്ടിനുമുമ്പിൽ പോലീസ് : 

പരീക്കുട്ടി മുസ്ല്യാരെവിടെ തങ്ങളേ ? 

എനിക്ക് അദ്ദേഹത്തെപ്പറ്റി ഒരു വിവരവുമില്ല 

തങ്ങൾ അദ്ദേഹത്തെ കണ്ടിട്ടെത്ര ദിവസമായി?  

ഒരാഴ്ചയായി 

എവിടെപ്പോയെന്നാണ് ഊഹം ? 

എനിക്കൊരു ഊഹവുമില്ല 

സത്യമായിട്ടും നിങ്ങൾക്കറിയില്ലേ ? 

അറിയില്ല 

പോലീസ് പുറത്തിറങ്ങി കുഞ്ഞിക്കാദർ സാഹിബിന്റെ വീട്ടിലേക്ക് കുതിച്ചു 

കുഞ്ഞിക്കാദർ സാഹിബ് ഞങ്ങൾക്കൊരു കാര്യമറിയണം 

പരീക്കുട്ടി മുസ്ല്യാരെപ്പറ്റിയാണെങ്കിൽ നിവൃത്തിയില്ല 

അതെന്താ?  

അദ്ദേഹത്തിനെന്തു സംഭവിച്ചു എന്നാർക്കുമറിയില്ല 

നിങ്ങൾക്കറിയില്ലേ അദ്ദേഹം എവിടെയാണെന്ന് 

തീർച്ചയായും അറിയില്ല 

ഞങ്ങൾ കണ്ടുപിടിക്കും കൈകാര്യം ചെയ്യും പോലീസ് അവിടെനിന്നിറങ്ങി പല വീടുകളിലും കയറിയിറങ്ങി പലരെയും ചോദ്യം ചെയ്തു ചിലരെ ഭീഷണിപ്പെടുത്തി ഒരു തുമ്പും കിട്ടിയില്ല നിരാശരായി മടങ്ങി 

പോലീസ് മേധാവികൾ വീണ്ടും യോഗം ചേർന്നു ചർച്ച നടത്തി ഇതുവരെയുള്ള അന്വേഷണത്തിൽ ഒരു തുമ്പും കിട്ടിയില്ല ആരും ഒന്നും പറയുന്നില്ല 

പറയിക്കണം ബലം പ്രയോഗിക്കാൻ സമയമായിരിക്കുന്നു നന്നായി കൈകാര്യം ചെയ്യണം നന്നായി വേദനിക്കുമ്പോൾ തുറന്നു പറയും കസ്റ്റഡിയിലെടുക്കുക സ്റ്റേഷനിൽ കൊണ്ടുവരിക ചോദ്യം ചെയ്യുക എല്ലാ മുറകളും പ്രയോഗിക്കുക കൊടിയ മർദനങ്ങൾ അഴിച്ചുവിടാൻ തീരുമാനിച്ചു കൂടുതൽ പോലീസുകാരെ അയക്കാൻ മേലാധികാരികളോടാവശ്യപ്പെട്ടു 

പിറ്റേന്ന് നേരം പുലർന്നത് ഞെട്ടിക്കുന്ന വാർത്തയുമായിട്ടാണ് താനൂർ കടപ്പുറത്ത് നടത്താൻ നിശ്ചയിച്ച ഖിലാഫത്ത് സമ്മേളനം പോലീസ് നിരോധിച്ചു 

പറയൂ നാം ഇനിയെന്ത് വേണം?  മാധവൻ നായർ സ്വരമുയർത്തി ചോദിച്ചു  ഒന്നും ചിന്തിക്കാൻ നേരമില്ല ഉടനെ പുറപ്പെടാം ഗോപാലൻ ധൃതി കാട്ടി 

മമ്മീ കച്ചവടം മതിയാക്ക് ; കടപൂട്ടിക്കോ 

ഉടനെ അവർ പുറപ്പെടുകയായി മുപ്പതാളുകൾ വരുന്ന ഒരു സംഘം എന്തും നടക്കാവുന്ന ചുറ്റുപാടിലേക്കാണ് പോവുന്നത് അവരുടെ കയ്യിൽ ഒരു പേനാക്കത്തിപോലും ഇല്ല 

എരിയുന്ന സൂര്യന്റെ ചൂട് ഏറ്റു വാങ്ങിയ ഭൂമി മണൽത്തരികൾ വെന്തുരുകുന്നു പൊള്ളുന്ന മണലിലൂടെ അവർ അതിവേഗം നടന്നു 

ഖിലാഫത്ത് സമ്മേളനം നിരോധിച്ചത്  അന്യായമാണ് ഒരു പ്രതിഷേധ പ്രകടനമെങ്കിലും നടത്തണം മാധവൻ നായർ  

ഈ അന്യായം പൊറുപ്പിച്ചുകൂടാ ഇന്നാട്ടിന്റെ മക്കൾ ഇവിടെ അടിമകളായി ജീവിക്കുന്നു കടലും കടന്നുവന്ന ധിക്കാരികൾ ഇന്നാട്ടുകാരെ അടിച്ചമർത്തുന്നു ഈ ധിക്കാരത്തിനെതിരെയുള്ള പ്രതിഷേധമാണിത് .


ഒരു കുടുംബത്തിന്റെ ദുഃഖം

നട്ടുച്ച നേരത്ത് ബാപ്പ വന്നു കയറി ആമിനത്താത്തയാണ് ആ വരവ് കണ്ടത് അവർ അടുക്കളയിലേക്ക് നോക്കി മരുമകളെ വിളിച്ചു : 

മോളേ ..... ഫാത്വിമാ. .....  ആരാണ് വരുന്നതെന്ന് നോക്കിക്കേ ..... ഫാത്വിമ ധൃതിയിൽ നടന്നു വന്നു മുറ്റത്ത് ബാപ്പയുടെ ചിരിക്കുന്ന മുഖം എന്തൊക്കെയാ വിശേഷങ്ങള് ..... ങേ അബൂബക്കർ ഹാജി കോലായിലേക്ക് കയറുന്നതിനിടയിൽ ചോദിച്ചു രണ്ടു പേരും ചേർന്നാണ് മറുപടി പറഞ്ഞത് 

സുഖം തന്നെ 

മമ്മദ്കോയക്ക എവിടെ?  പള്ളിയിൽ പോയതാ ഇപ്പൊ വരും ബാപ്പാ ഉമ്മാക്ക് സുഖമാണോ ? വിശേഷിച്ച് അസുഖമൊന്നുമില്ല ഏത് നേരവും നിന്നെക്കുറിച്ചുള്ള ചിന്തയേയുള്ളൂ അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിന്നിടയിൽ മമ്മദ് കോയക്കയും വന്നു കയറി പിന്നെ ആണുങ്ങൾ തമ്മിലായി സംസാരം പെണ്ണുങ്ങൾ അടുക്കളയിലേക്കു നീങ്ങി പിന്നെ ഞാൻ വന്നത് മോളെ കൂട്ടിക്കൊണ്ട് പോവുന്ന കാര്യം സംസാരിക്കാനാണ്  അബൂബക്കർ ഹാജി വിഷയം അവതരിപ്പിച്ചു കുറച്ചുകൂടി കഴിഞ്ഞിട്ട് പോരെ ...... 

ഇത് ഏഴാം മാസമല്ലേ ? ഇനി വൈകണ്ട ങാ... ഫാത്വിമ പോയാൽ പിന്നെ വീട് ഉറങ്ങിയത് പോലെയാവും അതോണ്ട് പറഞ്ഞതാ ...... ആലിക്കുട്ടി എവിടെ?  ഓൻ താനൂരേക്കൊന്നും പറഞ്ഞു പോയതാ പോവുമ്പോൾ ഞാനൊട്ട് കണ്ടതുമില്ല എന്താ താനൂരിൽ?  എന്തോ യോഗം ഉണ്ടെന്നോ മറ്റോ പറഞ്ഞു യോഗം ? ആലിക്കുട്ടിക്കെന്തു യോഗം?  അബൂബക്കർ ഹാജിയുടെ മുഖത്ത് അതിശയം വയലിൽ കൃഷി ചെയ്തു ജീവിതം നയിക്കുന്ന ആലിക്കുട്ടി താനൂരിൽ യോഗത്തിന് പോയെന്നോ എന്ത് യോഗം ? 

ബാപ്പാ ചോറ് തിന്നോളീ ..... മോളുടെ ശബ്ദം ചിന്തയിൽ നിന്നുണർത്തി  അദ്ദേഹം ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു കൈ കഴുകി വന്നു ചോറിന്നു മുമ്പിലിരുന്ന ഫാത്വിമ ബാപ്പയുടെ മുഖം ശ്രദ്ധിച്ചു വന്ന സമയത്തുള്ള മുഖഭാവമല്ല എന്ത്പറ്റി ? മുഖത്തെ പ്രസന്നഭാവം മാഞ്ഞിരിക്കുന്നു  ഗൗരവം പരന്നിരിക്കുന്നു മരുമകന്റെ കാര്യം അറിഞ്ഞിരിക്കുമോ ? ഫാത്വിമയുടെ കണ്ണുകൾ നിറഞ്ഞു ബാപ്പയുടെയും മകളുടെയും മുഖത്തേക്കു മാറി മാറി നോക്കുകയാണ് ആമിനത്താത്ത അവരുടെ മുകത്തും ഉൽക്കണ്ഠ എല്ലാവരുടെ മുഖത്തേക്കും  മാറി മാറി നോക്കുകയാണ് മമ്മദ്ക്കോയക്കാ നാലു പേർക്കിടയിൽ കനത്തു കെട്ടിയ നിശ്ശബ്ദത പുരുഷന്മാർ ഭക്ഷണം കഴിക്കാൻ തുടങ്ങി പെട്ടെന്നൊരു പുരുഷശബ്ദം കേട്ടു ആരുമില്ലേ ഇവിടെ?  മുറ്റത്ത് നിന്നാണ് ആമിനത്താത്ത മുൻവാതിലിന്നടത്തേക്ക് ചെന്നു ഒരു ചെറുപ്പക്കാരൻ കോലായിലേക്ക് കയറിവന്നു നീ ഏതാ ? മമ്മദ്കോയക്ക ചോദിച്ചു മാധവൻ  നായർ പറഞ്ഞയച്ചതാണ് ചെറുപ്പക്കാരൻ മെല്ലെ പറഞ്ഞു അവൻ നാലുപേരെയും മാറി മാറി നോക്കി എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു  

മാധവൻ നായർ പറഞ്ഞു ആലിക്കുട്ടിയോട് ഒന്നു മാറിനിന്നോളാൻ വീട്ടിൽ നിൽക്കണ്ടാന്ന് 

ങേ അതെന്താ മൂന്നുപേരും ഒപ്പം ചോദിച്ചു എന്തോ അങ്ങനെ പറയാൻ പറഞ്ഞു നാലുപേരും ഞെട്ടി ചെറുപ്പക്കാരൻ ധൃതിയിൽ നടന്നു പോയി നാലുപേരും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി നിന്നു അവർ ഭക്ഷണം നിറുത്തി ഒരു പിടിച്ചോറും തിന്നാൻ കഴിയുന്നില്ല കൈകഴുകി വന്നു ബഞ്ചിൽ ഇരുന്നു പെണ്ണുങ്ങൾ ഒന്നും കഴിച്ചില്ല അവരാകെ  പേടിച്ചു പോയി ആരാണീ മാധവൻ നായർ?  അബൂബക്കർ ഹാജി ആകാംക്ഷയോടെ ചോദിച്ചു ഇവിടെ അടുത്തു താമസിക്കുന്ന ഒരാളാണ് നമുക്കയാളെ ഒന്നു പോയി കാണാം വിവരമറിയണമല്ലോ മറ്റൊരു വഴിയില്ലല്ലൊ 

അബൂബക്കർ ഹാജിയും മമ്മദ് കോയക്കയും വീട്ടിൽ നിന്നിറങ്ങി അറുപത്തഞ്ച് കഴിഞ്ഞ രണ്ടു വൃദ്ധന്മാർ പത്ത് മിനിറ്റ് നടന്നപ്പോൾ മാധവൻനായരുടെ വീട്ടിനു മുമ്പിലെത്തി മുൻവാതിൽ അടഞ്ഞുകിടക്കുന്നു  മുൻവശത്തൊന്നും ആരെയും കാണാനില്ല കുറെ നേരം വെറുതെ നിന്നു പിന്നെ കോലായിലേക്ക് കയറി കതകിൽ മുട്ടി ആളനക്കമില്ല പിന്നെയും മുറ്റത്തിറങ്ങി നിന്നു ഏറെ നേരം കഴിഞ്ഞപ്പോൾ ജനലിന്നരികിൽ രണ്ട് കണ്ണുകൾ മെല്ലെ വാതിൽ തുറന്നു മാധവൻ നായർ പുറത്തു വന്നു നന്നെ ക്ഷീണിതനാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി നിങ്ങളെന്തിനാ ഇങ്ങോട്ട് വന്നത്?  വേഗം പോയ്ക്കൊള്ളൂ  മാധവൻനായർക്ക് വൃദ്ധന്മാരെ പറഞ്ഞയക്കാൻ ധൃതി  നായരേ എന്താണുണ്ടായത്?  മമ്മദ്കോയക്ക ചോദിച്ചു താനൂരിൽ ഖിലാഫത്ത് സമ്മേളനം നിരോധിച്ചു അതേത്തുടർന്ന്  തർക്കമായി ഏറ്റുമുട്ടി ഒന്നിനും പോവെണ്ടെന്ന് ഞാനവരോട് പറഞ്ഞതാണ് കേൾക്കണ്ടേ ? 

എന്റെ ആലിക്കുട്ടിയെവിടെ ? എനിക്കറിയില്ല ഞാനെങ്ങനെ അറിയും ? നിങ്ങളുടെ കൂടെയല്ലേ വന്നത്?  നിങ്ങളെന്താ മാപ്പ്ളെ പറയുന്നത്?  താനൂരിലെ കഥയെന്താണ് നിങ്ങൾക്കറിയോ ? 

എനിക്കെന്റെ മോനെ കാണണം അത് പെട്ടെന്ന് കഴിയുമോന്നാ സംശയം അതെന്താ നായരേ അങ്ങനെ?  അവരൊക്കെ ചേർന്ന് പ്രതിഷേധ പ്രകടനം നടത്തി പോലീസ് തടഞ്ഞു പിന്നെ ലാത്തിച്ചാർജ്ജും അറസ്റ്റും നടന്നു നായരേ എന്റെ മോൻ വെറും പച്ചപ്പാവമാണ് അവന്ന് ഒന്നിനെപ്പറ്റിയും ഒരു വിവരവുമില്ല പാടത്ത് പണിയെടുക്കാനല്ലാതെ അവനെക്കൊണ്ട് മറ്റൊന്നിനും കഴിയില്ല ഓനെന്തു പറ്റി നായരേ 

 റോഡ് നിറയെ പോലീസല്ലേ ഒരു പാട് പേരെ പിടികൂടി ചിലർ പോലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ടു 

എന്റെ ആലിക്കുട്ടിയോ ? 

അവനും രക്ഷപ്പെട്ടെന്ന് തോന്നുന്നു 

ഇനി പോലീസ് അവനെ നോക്കി വര്വോ ? മാധവൻ നായർ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല എന്നാലങ്ങനെയാവട്ടെ അതും പറഞ്ഞ് നായർ അകത്തേക്ക് കയറി വാതിൽ അടഞ്ഞു വൃദ്ധന്മാർ പുറത്തേക്ക് നടന്നു വഴിയിൽ പലയിടത്തും രണ്ടും മൂന്നും ആളുകൾ ചേർന്നു സ്വകാര്യം പറയുന്നു വൃദ്ധൻമാർ അവരുടെ അടുത്തേക്കു ചെന്നു താനൂരിൽനിന്ന് വല്ല വിവരവുമുണ്ടോ ? മമ്മദ്കോയക്ക ചോദിച്ചു മുപ്പതാളുകൾ പോയതിൽ ഇരുപത്തിരണ്ടാളും മടങ്ങിയെത്തി വഴിയിൽ സംസാരിച്ചുകൊണ്ടിരുന്ന ഒരാൾ പറഞ്ഞു എട്ടു പേരുടെ കാര്യം?  ഒരാൾ ചോദിച്ചു ഒരു വിവരവുമില്ല രാത്രിയാകുമ്പോഴേക്കും എത്തുമായിരിക്കും മമ്മി മടങ്ങിവന്നോ ? 

മമ്മി വന്നിട്ടുണ്ട് പീടിക തുറന്നിട്ടില്ല പലരേയും പോലീസുകാർ പിടിച്ചിട്ടുണ്ട് നമ്മുടെ നാട്ടുകാർ പെട്ടിട്ടുണ്ടോ എന്നറിയില്ല വാർത്ത നാടാകെ പരക്കുകയാണ് ഖിലാഫത്ത് യോഗം തടഞ്ഞു പ്രതിഷേധ പ്രകടനം നടത്തിയവർക്കു നേരെ ലാത്തിച്ചാർജ്ജ് പലരേയും കസ്റ്റഡിയിലെടുത്തു ലോക്കപ്പ് മർദനം പരീക്കുട്ടി മുസ്ല്യാരെത്തേടി പോലീസ് പരക്കം പായുന്നു മുസ്ല്യാരെ പിടിക്കിട്ടാതെ പോലീസ് അടങ്ങില്ല സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് താഴുന്നു  നേർത്ത ഇരുട്ട് പരന്നു ആ ഗ്രാമം ഉൽക്കണ്ഠയുടെ പിടിയിൽ എട്ടുപേർ ഇനിയും തിരിച്ചെത്തിയില്ല അബൂബക്കർ ഹാജി വല്ലാതെ അസ്വസ്ഥനായി മാറി എന്ത് ചെയ്യണമെന്നറിയാതെ അയാൾ കുഴങ്ങി മകളുടെ സമീപത്തേക്ക് നടന്നു ചെന്നു അവൾ വാടിത്തളർന്ന് കിടക്കുകയാണ് 

മകളെ എന്ത് പറഞ്ഞ്   ആശ്വസിപ്പിക്കണമെന്നറിയില്ല മോളേ കരയല്ലേ  അവന് ഒന്നും സംഭവിക്കില്ല അത് വെറും വാക്കാണെന്നറിയാം വെള്ളക്കാരോട് പടവെട്ടാൻ പോയാൽ രക്ഷ കിട്ടുമോ ? എത്രയോ പട നടന്ന നാടാണിത് എത്രപേരാണ് വെടിയേറ്റ് മരിച്ചത്അന്നാരും അത്താഴം കഴിച്ചില്ല ഉറങ്ങിയതുമില്ല മമ്മദ്കോയക്ക താടിക്കു കയ്യും കൊടുത്ത് ഒരേ ഇരിപ്പാണ് ഒന്നും കഴിച്ചില്ല ഒരിറക്ക് വെള്ളം കുടിച്ചില്ല പാതിരാത്രിയായി പെട്ടെന്ന് ബഞ്ചിൽ നിന്നെണീറ്റു എന്തോ ഓർത്തു തീരുമാനിച്ചതുപോലെ മുറ്റത്തേക്കിറങ്ങി നിങ്ങളെങ്ങോട്ടാ ഇപ്പാതിരാക്ക് ? അബൂബക്കർ ഹാജി ഉൽക്കണ്ഠയോടെ വിളിച്ചു ചോദിച്ചു   

ദാ ഇപ്പം വരാം 

അതും പറഞ്ഞ് മമ്മദ്കോയക്ക ഇരുട്ടിൽ മറഞ്ഞു ആലിക്കുട്ടിയോടൊപ്പം താനൂരിലേക്ക് പോയ ഒരു ചെറുപ്പക്കാരന്റെ വീടാണ് ലക്ഷ്യം കണ്ണിന് കാഴ്ച കുറവാണ് വഴിയിൽ നല്ല ഇരുട്ടും നടക്കാൻ കഴിയുന്നില്ല തപ്പിത്തടഞ്ഞു നടന്നു ഒരു വിധത്തിൽ വീട്ടുമുറ്റത്തെത്തി മെല്ലെ കോലായിലേക്കു കയറി വാതിലിൽ മുട്ടി ങേ ആരാ ദ് അകത്ത് നിന്ന് ഉൽക്കണ്ഠ നിറഞ്ഞ ശബ്ദം ഇത് ഞാനാ മമ്മദ്കോയ വിളക്ക് തെളിഞ്ഞില്ല മെല്ലെ വാതിൽ തുറന്നു അവറാൻ താനൂരിൽ നിന്നു വന്നോ ? വന്നല്ലോ 

എപ്പോ വന്നു ദാ ഇപ്പം വന്നതേയുള്ളൂ  ആലിക്കുട്ടീന്റെ വിവരം വല്ലതും പറഞ്ഞോ ? അതിനു വീട്ടുകാർ ഉത്തരം പറഞ്ഞില്ല ഒന്നു പറഞ്ഞു തരൂ അല്ലെങ്കിൽ അവറാനെ ഒന്നു വിളിക്ക് ഞാനൊന്നു ചോദിക്കട്ടെ അവൻ നല്ല ഉറക്കമാണ് ക്ഷീണിച്ചു തളർന്നു ഉറങ്ങുകയാണ് പിന്നേയും നിശബ്ദത എന്റെ മോനെപ്പറ്റി അവനെന്തെങ്കിലും പറഞ്ഞോ ? പറഞ്ഞു എന്താ പറഞ്ഞത്?  പോലീസ് പിടിച്ചു 

ങേ മമ്മദ്കോയക്കയുടെ തല കറങ്ങി ഭൂമി കീഴ്മേൽ മറിയുന്നത്പോലെ തോന്നി  നേരെ നിൽക്കാൻ കഴിയുന്നില്ല കാലുകൾ കുഴയുന്നു ശരീരം ചുമരിലേക്ക് ചാഞ്ഞു വീട്ടുകാർ പെട്ടെന്ന് താങ്ങിപ്പിടിച്ചു മമ്മദ്ക്കയെ അവർ കട്ടിലിൽ കിടത്തി .


വിങ്ങുന്ന മനസ്സുകൾ

ഉറങ്ങാത്ത രാത്രിയുടെ അന്ത്യം പ്രഭാതം വരവായി വാതിലിൽ ആരോ മുട്ടുന്നു 

ആരാദ്? അബൂബക്കർ ഹാജി വിളിച്ചു ചോദിച്ചു ഞാനാണ് വാതിൽ തുറന്നോളീ ആലിക്കുട്ടിയുടെ തളർന്ന ശബ്ദം എല്ലാവരും ഒന്നിച്ചെഴുന്നേറ്റു വിളക്ക് തെളിഞ്ഞു വാതിൽ തുറന്നു ആലിക്കുട്ടിയുടെ തളർന്ന രൂപം 

എന്തേ മോനേ നിനക്ക് പറ്റീ ? 

ഉമ്മയുടെ ചോദ്യവും നിലവിളിയും ഒന്നിച്ചായിരുന്നു അവർ മകനെ കെട്ടിപ്പിച്ചു കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞുപോയി 

എന്തിനേ ആലിക്കുട്ട്യേ..... കുഴപ്പത്തിനൊക്കെ പോയത് ? അബൂബക്കർ ഹാജി ചോദിച്ചു 

ഞാനൊരു കുഴപ്പത്തിനും പോയില്ല ആലിക്കുട്ടിയുടെ മറുപടി പിന്നെ നീ ഇതുവരെ എവിടെയായിരുന്നു?  ആലിക്കുട്ടി അതിനുത്തരം പറഞ്ഞില്ല പകരം ഒരു ചോദ്യം:  ബാപ്പയെവിടെ ? 

ബാപ്പ ദാ കിടക്കുന്നു?  ആമിനത്താത്ത ഭർത്താവിന്റെ സമീപത്തേക്ക് നടന്നചെന്നു  ശരീരത്തിൽ കൈവെച്ച് മെല്ലെ വിളിച്ചു നോക്ക്യേ.... ദാ വന്നു നമ്മുടെ മോൻ വന്നു ആലിക്കുട്ടി വന്നു...... എണീറ്റോളീ ....ട്ടോ..... 

മമ്മദ്കോയാക്ക ഒന്നു മൂളുക മാത്രം ചെയ്തു നെറ്റിയിൽ കൈ വെച്ചുനോക്കി ന്റെ റബ്ബേ.....എന്തൊരു പനി 

അബൂബക്കർ ഹാജിയും ആലിക്കുട്ടിയും അങ്ങോട്ടു ചെന്നു മമ്മദ്കോയക്കയുടെ നെറ്റിയിൽ കൈ വെച്ചുനോക്കി നല്ല പനിയുണ്ട് ആരെയെങ്കിലും കാണിക്കണം അബൂബക്കർ ഹാജി പറഞ്ഞു 

ഉമ്മാ..... ഫാത്തിമാ ആലിക്കുട്ടി വെപ്രാളത്തോടെ ചോദിച്ചു ഫാത്വിമ എണീറ്റു വന്നിട്ടില്ലെന്ന കാര്യം മറ്റുള്ളവർ അപ്പോഴാണ് ഓർത്തത് 

എല്ലാവരും കൂടി മണ്ണെണ്ണവിളക്കുമായി ഫാത്വാമയുടെ കട്ടിലിന്നടുത്തേക്ക് നടന്നു ചെന്നു തളർന്നു കിടക്കുന്ന ഫാത്വിമ കട്ടിലിൽ നിന്നെഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട് പറ്റുന്നില്ല 

ആമിനത്താത്ത താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി അവൾ ഭർത്താവിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി അവളുടെ മുഖത്ത് ഭീതി പടർന്നു നിന്നിരുന്നു പേടിച്ചരണ്ട മാൻപേടയെപ്പോലെയുണ്ട് ഫാത്തിമൂ .... ആലിക്കുട്ടി മെല്ലെ വിളിച്ചു എന്തിനാ....വിളിക്ക്ണത് ? ഭര്യയുടെ മറുപടി ചോദ്യരൂപത്തിൽ ബാപ്പാനെക്കണ്ടോ ? കിടക്ക്ണ കെടപ്പ് കണ്ടോ ? ഫാത്വിമ വീണ്ടും ചോദിക്കുന്നു 

ബാപ്പ ഇക്കോലത്തിലായതെങ്ങനെയെന്ന് ങ്ങ്ള് ചോദിച്ചോ ? ചോദ്യ ശരങ്ങൾ തുടരെ വരുന്നു 

മോളേ..... നീയിങ്ങനെ ഓരോന്ന് പറഞ്ഞ് ഓനെ വിഷമിപ്പിച്ചാലോ ? അബൂബക്കർ ഹാജി മോളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു  അവർക്കെന്ത് വെഷമം ? വെഷമം ഉള്ളവര് ഇമ്മാതിരി പണിക്ക്പോവ്വോ 

മോൾക്ക് നല്ല ക്ഷീണമുണ്ട് കിടന്നോളീ .....

ഫാത്വിമ സംസാരം നിറുത്തി ഭർത്താവിന്റെ മുഖത്ത് നിന്ന് നോട്ടം പിൻവലിച്ചു മെല്ലെ കിടന്ന് കൊണ്ടവൾ പറഞ്ഞു 

ബാപ്പാക്ക് പനി തുടങ്ങിക്കാണും കുടിക്കാനെന്തെങ്കിലും കൊടുക്കണം എന്നെക്കൊണ്ട് വയ്യാ......

വേണ്ട മോളേ... മോള് കിടന്നോളീ ..... ഞാൻ കട്ടൻ ചായ കൊടുത്തോളാം  

ഉമ്മ അടുക്കളയിലേക്കു നടന്നു ആലിക്കുട്ടി കൂടെ നടന്നു ബാപ്പാക്ക് എന്താ പറ്റിയത്?  ആലിക്കുട്ടി ഉമ്മയോട് ചോദിച്ചു ഇന്നലെ രാത്രി നിന്നെയും നോക്കിപ്പോയ്ക്കാണും എന്നിട്ട് 

മടങ്ങിയെത്തിയത് ഇക്കോലത്തിലാണ് ഉമ്മ കണ്ണീർ തുടക്കുന്നു 

നീ ഇത്രയ്ക്ക് കണ്ണിൽ ച്ചോരയില്ലാത്തോനായിപ്പോയല്ലോ? 

ഉമ്മാ .... ഞാൻ ഒരു കുറ്റവും ചെയ്തില്ല പിന്നെ പൊള്ള് പറയുന്നോ ? 

ഉമ്മാ ..... ഞാൻ പൊള്ളല്ല പറഞ്ഞത് 

നിന്നെ പോലീസ് പിടിച്ചില്ലേ ? 

ങേ നിങ്ങളെങ്ങനെ ....? 

ആലിക്കുട്ടി ഞെട്ടി തന്നെ പോലീസ് പിടിച്ചത് ഇവരെങ്ങനെ അറിഞ്ഞു?  

പോലീസ് യോഗം തടഞ്ഞു ആളുകളോട് പിരിഞ്ഞു പോവാൻ പറഞ്ഞു കുറെയാളുകൾ പോയി കുറെയാളുകൾ കൂടി നിന്നു പിന്നെ ബഹളമായി അടിയായി ഞാൻ ദൂരെ നോക്കി നിൽക്കുകയായിരുന്നു ഒരു ബഹളത്തിനും ഞാൻ പോയില്ല ഞാൻ മടങ്ങിപ്പോരാൻ വിചാരിച്ചതാണ് മാധവൻ നായരെ കണ്ടില്ല മമ്മിയെയും കണ്ടില്ല കൂടെപ്പോന്ന ആരെയും കണ്ടില്ല ഞാനവരേയും നോക്കി നടന്നു 

എന്നിട്ട്?  ഉമ്മ ഉൽക്കണ്ഠയോടെ ചോദിച്ചു എന്താണുണ്ടായതെന്ന് എനിക്കിപ്പോഴും ഓർമ്മയില്ല ആളുകൾ കൂട്ടത്തോടെ ഓടുന്നതുകണ്ടു ഞാനും ഓടി തപ്പിത്തടഞ്ഞു ഓടി അത്രക്ക് ആൾക്കാരല്ലേ ഓട്ടത്തിൽ തടഞ്ഞുവീണു എഴുന്നേൽക്കാൻ പറ്റിയില്ല പോലിസാണ് പിടിച്ചുപൊക്കിയത് 

പടച്ചോനേ..... എന്നിട്ട് 

ഉമ്മാക്ക് വിറയൽ തുടങ്ങി 

കുറെ ആളുകളെ പോലീസ് പിടിച്ചു ഞാനും അതിൽ പെട്ടു പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയി പേരും വീടും നാടും ഒക്കെ ചോദിച്ചു എഴുതിയെടുത്തു  പിന്നെ നീയെങ്ങനെ പോന്നു ? 

ആലിക്കുട്ടിയുടെ മുഖത്ത് ഭീതി പരന്നു ആരംഗം എങ്ങനെ ഉമ്മയോട് പറയും ? 

അവൻ നിശ്ശബ്ദനായി ബഞ്ചിൽ ഇരുന്നു ഉമ്മ പിന്നീടൊന്നും ചോദിച്ചില്ല അടുപ്പിൽ തീ കത്തിച്ചു മൺപാത്രത്തിൽ വെള്ളമെടുത്തു പാത്രം അടുപ്പത്തു വെച്ചു പേടിപ്പെടുത്തുന്ന ആ രംഗം ആലിക്കുട്ടിയുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു പോലീസുകാർ പിടികൂടിയ മുപ്പതോളമാളുകൾ പോലിസ് സ്റ്റേഷന്നകത്ത് അവരെ നിരത്തി നിറുത്തി ഒരുത്തനെ പിടിച്ചു മുമ്പിൽ നിറുത്തി നാലഞ്ചുപോലീസുകാർ അവന്നു ചുറ്റും നിന്നു  എടാ..... നിനക്ക് സ്വാതന്ത്ര്യം വേണോടാ.....? 

ഒരു പോലീസുകാരൻ അടിവയറ്റിൽ ഒറ്റ ഇടി 

എന്റെ ഉമ്മാ...... അവൻ ഉറക്കെ നിലവിളിച്ചു മിണ്ടിപ്പോവരുത് 

വീണ്ടും അടി ഇടി അവൻ മറിഞ്ഞു താഴെവീണു 

കണ്ടുനിൽക്കാനാവുന്നില്ല ഉറക്കെ നിലവിളിച്ചുകൊണ്ട് ചിലർ പുറത്തേക്കോടി പിന്നൊന്നും ചിന്തിച്ചില്ല അവരോടൊപ്പം ഓടി പോലീസ് പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു ഇടവഴകളും പറമ്പും, പാടവും ,കുന്നിൻ ചരിവും പിന്നിട്ട് ഓട്ടം തുടർന്നു 

പിടി കൊടുത്തില്ല ഇതാ ഇവിടെ എത്തിയിരിക്കുന്നു ഇനി എന്തൊക്കെ വരുമെന്ന് ആർക്കറിയാം...?


ഗർഭിണിയായ പെണ്ണ്

മോളേ ഞാൻ പോട്ടെ നിന്റെ ഉമ്മ എന്നെ നോക്കി നോക്കി ഇരുന്ന് വിഷമിക്കുന്നുണ്ടാവും അവിടെനിന്ന് പോന്നിട്ട് രണ്ട് ദിവസമായില്ലേ ? അബൂബക്കർ ഹാജി മോളോട് യാത്ര ചോദിക്കുകയാണ് 

ആലിക്കുട്ടീ ...... ഫാത്തിമാനെ ഒരു മാസം കൂടി കഴിഞ്ഞിട്ട് ഞങ്ങൾ വന്നു കൂട്ടിക്കൊണ്ടുപോവും അതിപ്പം കൂടാതെ കയ്യിലല്ലോ .....

ആമിനത്താത്ത സ്വരം താഴ്ത്തി പറഞ്ഞു ഫാത്തിമയെ അയക്കാൻ പ്രയാസമുണ്ട് എന്നാലും ഓൾക്ക് പോവാതെ പറ്റൂലല്ലോ അതാണല്ലോ നടപ്പ് മമ്മദ്കോയക്കയുടെ ശബ്ദം ഇപ്പം പതിവൊക്കെ മാറി വൈദ്യന്റെ മരുന്നു ഫലിച്ചു അബൂബക്കർ ഹാജി പറഞ്ഞു 

എനിക്കെന്റെ മോനെ കണ്ടപ്പം എല്ലാ ദീനവും മാറി അത് കേട്ട് എല്ലാവരും ചിരിച്ചു ആലിക്കുട്ട്യേ ....ഇനി ബാപ്പാക്ക് ദീനം വരുത്തരുത് അബൂബക്കർ ഹാജി ഒരു ഫലിതം പറഞ്ഞു 

ഞാനിനി ആ ....താനൂർ വഴിക്ക് പോവൂല എന്നാൽ ഞാനിറങ്ങട്ടെ എല്ലാവരോടും അസ്സലാമു അലൈക്കും വ അലൈകും സലാം വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു എല്ലാവരും ചേർന്ന് സലാം മടക്കി 

അബൂബക്കർ ഹാജി ഇറങ്ങി നടത്തത്തിനു വേഗത കൂടി ഫാത്വിമ ആ പോക്ക് നോക്കി നിന്നു 

ബാപ്പാക്ക് ശരിക്കും വയസ്സായിരിക്കുന്നു നടക്കുമ്പോഴുള്ള ആ കൂന് കണ്ടില്ലേ......പണ്ട് അതില്ലായിരുന്നു വാഴക്കൂട്ടങ്ങൾക്കപ്പുറം ബാപ്പയുടെ രൂപം അപ്രത്യക്ഷമായി ഒരു നെടുവീർപ്പ് കണ്ണുകൾ നനഞ്ഞുപോയി ഞാനൊന്ന് പാടത്ത് പോയിവരാം ആലിക്കുട്ടി കൈക്കോട്ടുമായി ഇറങ്ങി മമ്മിയുടെ ചായമക്കാനിയുടെ മുമ്പിലൂടെ ആലിക്കുട്ടി നടന്നു ആരൊക്കെയോ ചായകുടിക്കുന്നു ഈ ചായപ്പീടികയിൽ വെച്ചാണ് തനിക്ക് ഖിലാഫത്തിന്റെ സന്ദേശം ലഭിച്ചത് 

ആലിക്കുട്ട്യേ ......അമ്മാശൻ പോയോ ? 

പോയി ഇപ്പം പോയതേയുള്ളൂ മമ്മിയുടെ ചോദ്യത്തിനുത്തരം നല്കിക്കൊണ്ട് അവൻ വേഗത്തിൽ നടന്നു പാടത്തെത്തി വാഴക്കന്നുകൾ വളർന്നുവരുന്നു വേണ്ടത്ര വെള്ളം ലഭിച്ചിട്ടില്ല അതിന്റെ ക്ഷീണം കണ്ടാലറിയാം ഇളം തെന്നലിൽ വാഴകൈകൾ ഇളകുന്നത് കണ്ടപ്പോൾ അവന്റെ ഉള്ളു കുളിരണിഞ്ഞു കൈക്കോട്ടെടുത്ത് കൊത്താൻ തുടങ്ങി കിളച്ച മണ്ണ് വാഴത്തെകളുടെ മുരട്ടിലേക്ക് കോരിയിട്ടു കുറെ നേരം ജോലി ചെയ്തപ്പോൾ വിയർത്തുകുളിച്ചു ഒറ്റയ്ക്കുള്ള ജോലിക്ക് സുഖം പോര ഒന്നു സംസാരിക്കാൻ പോലും ഒരാളില്ല പെട്ടെന്ന് ഫാത്വിമയെക്കുറിച്ചോർത്തുപോയി അവൾക്ക് വയ്യ അല്ലെങ്കിൽ ഇടക്കിടെ ഓടിവരും കിലുകിലെ സംസാരിക്കും  ആ വാഴ  എന്താ അങ്ങനെ?  ഫാത്വിമയുടെ ചോദ്യം എങ്ങനെ?  ആലിക്കുട്ടിയുടെ മറു ചോദ്യം  ഒരു മാതിരി വാടിത്തളർന്ന മനുഷ്യന്റെ മാതിരി ഓ ദാഹിച്ചിട്ടാ വെള്ളം കൊടുക്ക് ഫാത്വിമ പാത്രവുമായി കുണ്ടിലേക്കോടും കുണ്ടിലിറങ്ങി പാത്രത്തിൽ വെള്ളം നിറയ്ക്കും അതുമായി നടന്നു വരും വാഴക്ക് വെള്ളമൊഴിക്കും ദേ ....... നോക്ക്യേ...... ഈ വാഴനെ........ 

എന്തേയ് 

ബല്യ സന്തോഷായീന്ന് .... വാഴ പറീന്ന് 

അതും പറഞ്ഞ് അവൾ പൊട്ടിച്ചിരിക്കും കുപ്പിച്ചില്ലിന്റെ ശബ്ദം ആ ചിരികാണുമ്പോൾ ആലിക്കുട്ടിയുടെ എല്ലാ ക്ഷീണവും പറന്നകലും ഈ വാഴക്കന്നുകളോടെല്ലാം അവൾക്ക് എന്തെന്നില്ലാത്ത സ്നേഹമാണ് രാവിലെയും വൈകുന്നേരവും അവൾ വാഴയുടെ വിശേഷം ചോദിക്കും 

വീട്ടിന്റെ വിളക്കാണ് എന്റെ ഫാത്വിമ 

ഉമ്മാക്കും ബാപ്പാക്കും അവൾ സ്വന്തം മോളെപ്പോലെത്തന്നെ അവളുടെ മുഖമൊന്നു വാടിക്കണ്ടാൽ ഉമ്മബാപ്പാമാർക്കെന്തൊരു ബേജാറാണ് 

കുറച്ചു ദിവസമായി താനവളെ വല്ലാതെ വിഷമിപ്പിക്കുന്നു അവളൊരുപാട് കരഞ്ഞുകാണും  ഗർഭിണിയായ പെണ്ണ് അവൾ കരഞ്ഞുകൂടാ കുഞ്ഞിന് ദോഷമാണത് ഇനി ഒരു യോഗത്തിനും പോണ്ട ഒരു സമരവും വേണ്ട പോലീസുകാർ പിടിച്ചുകൊണ്ട്പോവും അടിച്ചുകൊല്ലും പിന്നെ ഫാത്വിമാക്ക് ഭർത്താവില്ലാതായിപ്പോവും അവളുടെ വയറ്റിലെ കുഞ്ഞിന് .....

ന്റെ റബ്ബേ 

വേണ്ട ഒന്നും വേണ്ട ഫാത്വിമാനെയും നോക്കി ഉമ്മബാപ്പ മാരെയും നോക്കി ഈ കൃഷികളും നോക്കി ഇങ്ങനെ കഴിഞ്ഞാൽ മതി നേരം പോയതറിഞ്ഞില്ല ഉച്ചയായിരിക്കുന്നു ഇനി മതിയാക്കാം ബാക്കി വൈകുന്നേരം സന്ധ്യക്കു മുമ്പെ എല്ലാ വാഴയും നനയ്ക്കണം ആലിക്കുട്ടി കുണ്ടിലേക്കിറങ്ങി കൈകാലുകൾ കഴുകിവൃത്തിയാക്കി കാലിൽ ചളി കട്ടപ്പിടിച്ചു കിടക്കുകയായിരുന്നു എല്ലാം ചവിട്ടി ഇളക്കികളഞ്ഞു കൈക്കോട്ടും കഴുകി അതുമായി തിരിച്ചു നടന്നു അതാ വരുന്നു മാതാവൻ നായർ കയ്യിൽ പത്രവുമുണ്ട് ആലിക്കുട്ടി നടത്തത്തിന്റെ വേഗത കുറച്ചു മാധവൻ നായർ ചായപ്പീടികയിലേക്ക് കയറി മമ്മീ ഒരു ചായ ഇങ്ങെടുത്തോ ? മാധവൻ നായർ ബഞ്ചിൽ ഇരുന്നു പത്രം നിവർത്തി വായന തുടങ്ങി നാലഞ്ചാളുകൾ ചുറ്റും കൂടി സത്യാഗ്രഹസമരം തുടരുന്നു തലക്കെട്ട് ഉറക്കെ വായിച്ചു അപ്പോഴേക്കും ചായ എത്തി ഒരു കവിൾ കുടിച്ചു ഗ്ലാസ് താഴെ വെച്ചു അപ്പോൾ ആലിക്കുട്ടി കടയുടെ മുമ്പിലൂടെ നടന്നുപോവുകയാണ് മാധവൻ നായർ അത് കണ്ടു 

ആലിക്കുട്ട്യേ ....... 

മാധവൻനായരുടെ വിളി ആലിക്കുട്ടി ഞെട്ടി നടത്തം നിന്നു പാദങ്ങൾ ചലിക്കുന്നില്ല തന്നെ വിളിക്കും പീടികയിൽ കയറ്റി ഇരുത്തും പത്രം വായിച്ചു കേൾപ്പിക്കും തന്റെ തലയിൽ സമരാവേശം നിറയ്ക്കും പടച്ചവനേ എന്റെ ഫാത്വിമയുടെ അവസ്ഥ 

കാക്കണേ....റബ്ബേ.......

ഒരു പാദം മുമ്പോട്ടു വെച്ചു അപ്പോൾ മാധവൻ നായരുടെ ചോദ്യം വന്നു നിയ്യ് .....പടത്ത് നിന്ന് വര്വാണോ ? 

ങാ.... 

മഴ കൊറവാ നല്ലോണം നനയ്ക്കണം മാധവൻ നായർ പത്രത്തിലേക്ക് കണ്ണ് നീട്ടി ആലിക്കുട്ടിയെ വെറുതെ വിട്ടു ആശ്വാസത്തിന്റെ നെടുവീർപ്പ് ആലിക്കുട്ടി നടത്തത്തിന് സ്പീഡ് കൂട്ടി മാധവൻ നായർ തിരിച്ചു വിളിക്കുമോ ? ഇല്ല ഇനി വിളിച്ചാലും കേൾക്കില്ല ഉമ്മ മുറ്റത്ത് നെല്ലുണക്കുന്നു ഫാത്വിമ കാക്കയെ ആട്ടുന്നു ആ കാഴ്ച കണ്ടപ്പോൾ അവന്റെ ചുണ്ടിൽ മന്ദഹാസം വിരിഞ്ഞു പെറ്റ് കിടക്കുമ്പോൾ ഫാത്വിമക്ക് നെല്ല് കുത്തിയ അരിയുടെ ചോറ് തിന്നണ്ടേ  ?


പോലീസ് നിലയുറപ്പിച്ചു

ആയിശുമ്മാ   

അബൂബക്കർ ഹാജി സ്നേഹപൂർവ്വം ഭാര്യയെ വിളിച്ചു 

ഓ...... 

പോവാനുള്ളവരെയൊക്കെ വിളിച്ചോ ? 

പത്ത് പെണ്ണുങ്ങളെ വിളിച്ചു; അതുമതി ആയിശുമ്മ അതും പറഞ്ഞുകൊണ്ട് കടന്നുവന്നു അടുത്ത തിങ്കളാഴ്ച നല്ല ദിവസമാണെന്ന് പള്ളിയിലെ ഉസ്താദ് പറഞ്ഞു അതിരാവിലെ പുറപ്പെടണം അങ്ങനെ ആയ്ക്കോട്ടെ എന്റെ കുട്ടിക്ക് സുഖക്കേടൊന്നും വരാതിരുന്നാൽ മതിയായിരുന്നു ആയിശുമ്മ മെല്ലെ പറഞ്ഞു എനിക്ക് ചില നേർച്ചകളൊക്കെയുണ്ട് നേർച്ചക്കാരെ പിടിച്ചോളീ .....

ആലിക്കുട്ടി വയലിൽ തന്നെ കുറെ വാഴകളുണ്ട് ഓന് യോഗത്തിനു പോവാനുള്ള ചൂട് വരാതിരുന്നാ മതി 

ഇല്ലയില്ല ഇനി പോവൂല പാവം പേടിച്ചുപോയി പടച്ച റബ്ബ് കാത്തു എന്നു പറഞ്ഞാൽ മതി സംഭാശണത്തിന്നിടയിൽ ആയിശുമ്മ അടുക്കളയിലേക്ക് നടന്നു അരി അടുപ്പത്താണ് തിളച്ചു തൂക്കും ശരിയാ വേഗം ചെല്ല് തിളച്ചു തൂത്താൽ തീ കെട്ടുപോവും പിന്നെ തീപ്പെട്ടിക്കോലില്ല തീപ്പെട്ടിയിൽ കോല് തീർന്നാൽ പറയണ്ടേ ? ഇന്നലെ പറയാൻ വിചാരിച്ചതാ മറന്നുപോയി അത് കേട്ടപ്പോൾ അബൂബക്കർ ഹാജി ഭാര്യയുടെ മറവിയെക്കുറിച്ചോർത്തു ഈ മറവിഅടുത്തകാലത്ത് തുടങ്ങിയതാണ് പണ്ട് എന്തൊരു ഓർമ്മ ശക്തിയായിരുന്നു  കുടുംബത്തിലുള്ളവരുടെയൊക്കെ ജന്മദിനം ഓർത്തുപറയുമായിരുന്നു മരിച്ചുപോയവരുടെയൊക്കെ ചരമദിനവും ഓർത്തു പറയുമായിരുന്നു 

ആ ഓർമ്മശക്തിക്ക് മാറ്റം വന്നിരിക്കുന്നു തീപ്പെട്ടി തീർന്ന കാര്യം പറയാൻ മറന്നുപോയി വൈകുന്നേരം  പീടികയിൽനിന്നു വാങ്ങിക്കൊണ്ടുവരാം പെട്ടെന്ന് സ്വന്തം മറവിയുടെ കാര്യം ഓർമ്മ വന്നു അതോർത്തപ്പോൾ ചുണ്ടിൽ ചിരി വിടർന്നു ഒരാഴ്ച മുമ്പാണ് സംഭവം അന്ന് ഉച്ചക്ക് കഞ്ഞിയാണ്  വെച്ചത് നോക്കുമ്പോൾ ഉപ്പില്ല  

ദാ കേട്ടോളീ ....... ഉപ്പ് തീർന്നുപോയി ളുഹർ നിസ്കരിച്ചുവരുമ്പം ഉപ്പു വാങ്ങാൻ മറക്കണ്ട ഭാര്യ ഓർമ്മപ്പെടുത്തി ഉപ്പ് വാങ്ങുന്ന കാര്യം ഓർത്തുകൊണ്ടാണ് പള്ളിയിലെത്തിയത് നിസ്കാരവും ദുആയും കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങി നല്ല വെയിൽ വെഗം വീട്ടിലെത്തണമെന്നു തോന്നി കയ്യും വീശിയങ്ങു നടന്നു വീട്ടിലെത്തിയപ്പോൾ ഭാര്യയുടെ ചോദ്യം അല്ലാ ..... ഉപ്പെവിടെ ? അയ്യടാ..... മറന്നുപോയി 

ഇനിയിപ്പം എന്താ ബയ്യി ?

സാരമില്ല ഞാൻ ഒന്നുകൂടി പോയിട്ടു വരാം 

അത് വേണ്ടാട്ടോ അപ്പുറത്തെ പുരയീന്ന് വായ്പ വാങ്ങാം അതും പറഞ്ഞ് അവൾ നടന്നു പോയി ഉപ്പിന്റെ കൊച്ചുപൊതിയുമായി നടന്നു വരുമ്പോൾ കളിയാക്കി 

ഈ മനുഷ്യന്റെ കൂടെ വിശ്വസിച്ചു എങ്ങോട്ടെങ്കിലും പോവാനും പറ്റൂല എന്നെ എവിടെയെങ്കിലും മറന്നിട്ടു  പോരൂലേ ? 

ഭാര്യയുടെ  ഫലിതം കേട്ട് അബൂബക്കർ ഹാജി പൊട്ടിച്ചിരിച്ചു ആയിശുമ്മയും ചിരിയിൽ പങ്ക് ചേർന്നു അടുക്കളയിൽ ചെന്ന് കഞ്ഞിയിൽ ഉപ്പുചേർത്തു കഞ്ഞി പാത്രത്തിൽ കോരിക്കൊണ്ട് വന്നു വയസ്സുകാലത്ത് ഇനി ഇങ്ങനെയൊക്കെയേ നടക്കൂ 

തണുത്ത രാത്രി മുറ്റത്ത് നിലാവ് പരന്നൊഴുകുന്നു അബൂബക്കർ ഹാജി കൂർക്കംവലിച്ചുറങ്ങുന്നു കിടന്നതേയുള്ളൂ ഉടനെ കൂർക്കം വലിയും തുടങ്ങി 

ഇന്ന് നേരത്തെ ഉറങ്ങിയല്ലോ ആയിശുമ്മ എന്തൊക്കെയോ ഓർത്തു കിടന്നു രണ്ട് ദിവസം കൂടി കഴിഞ്ഞാൽ തിങ്കളാഴ്ചയായി മോളെ കൂട്ടിക്കൊണ്ട് വരാൻ പോവണം കടിഞ്ഞൂൽ പ്രസവമാണ് പടച്ച തമ്പുരാനേ..... കാര്യങ്ങളൊക്കെ എളുപ്പമാക്കിത്തരണേ മുറ്റത്ത് ആരുടെയോ കാൽപ്പെരുമാറ്റം ഇന്നേരത്ത് ആര് വരാൻ?  കാതോർത്തു കിടന്നു പിന്നെ ഒരനക്കവുമില്ല വെറുതെ തോന്നിയതാണോ ? 

വീണ്ടും നേർത്ത ശബ്ദം കതക് മെല്ലെ ശബ്ദിച്ചോ ? ആയിശുമ്മ കട്ടിലിൽ എഴുന്നേറ്റിരുന്നു 

ആജ്യാരേ..... 

ആജ്യാരേ...... ഒറങ്ങിയോ ?   

പുറത്ത് നിന്ന് പതിഞ്ഞ ശബ്ദം എന്തോ ഒരമ്പരപ്പ് അത് ശരീരത്തിൽ പാഞ്ഞു കയറി  കട്ടിലിൽ നിന്നിറങ്ങി പാദങ്ങളിൽ വല്ലാത്ത വിറയൽ ഭർത്താവു കിടക്കുന്ന കട്ടിലിന്നടുത്തേക്ക് നടന്നു ഭർത്താവിനെ കുലുക്കി വിളിച്ചു ദാ..... ആരോ..... വിള്ക്ക്ണ്ട് ഒരമ്പരപ്പോടെ  അബൂബക്കർ ഹാജി ഉണർന്നു കട്ടിലിൽ എഴുന്നേറ്റിരുന്നു പുറത്തെ ശബ്ദം ശ്രദ്ധിച്ചു 

ആജ്യാരേ..... ഒറങ്ങിപ്പോയോ ? 

ആരാദ് ? എന്താ ....... 

വാതിലൊന്ന് തുറന്നോളീ ..... ഹാജിയാർ എണീറ്റു വാതിലിനടുത്തേക്കു നടന്നു ആയിശുമ്മ ചേർന്നു നടന്നു മെല്ലെ വാതിൽ തുറന്നു മുറ്റം നിറയെ നിലാവ് നിലാവിൽ ഒരാൾരൂപം   

ആലിക്കുട്ടീന്റെ ..... അവിടന്നാ....... 

ങേ ...... എന്താ ? മോൾക്ക് സൂക്കേട് ..... എന്തെങ്കിലും.....? 

അല്ല ഒരാൾക്ക് സൂക്കേടൊന്നും ഇല്ല 

പിന്നെ?  ഇന്നവിടെ പോലീസ് വന്നു 

എന്തിന്ന് ? 

അറിഞ്ഞൂടെ ? പോലീസ് സ്റ്റേഷനിൽ നിന്ന് ഓടിപ്പോന്നതല്ലേ ? അവര് വിടുമോ ? 

എന്നിട്ടെന്തായി ? 

പാടത്ത് പണിയെടുക്കുകയായിരുന്നു മമ്മിയുടെ ചായപീടികയിലാണ് പോലീസ് വന്നത് അവിടെ വന്ന് ആലിക്കുട്ടിയുടെ വീട് അന്വേഷിച്ചു വീട് പറഞ്ഞുകൊടുത്തു പോലീസ് നേരെ വീട്ടിലേക്ക് നടന്നു പെണ്ണുങ്ങൾ രണ്ടുപേരും അടുക്കളയിലായിരുന്നു മമ്മദ്കോയക്ക പുറത്തെവിടെയോ പോയതായിരുന്നു ആഗതൻ ആ രംഗം ഇങ്ങനെ വിവരിച്ചു എടാ ..... ആലിക്കുട്ടി ഇറങ്ങിവാടാ മുറ്റത്ത് നിന്ന് ഒരു പോലീസുകാരൻ വിളിച്ചു പറഞ്ഞു ശബ്ദം കേട്ട ആമിനത്താത്ത കോലായിലേക്ക് നടന്നു പെട്ടെന്നാണവർ പോലീസിനെ കണ്ടത് ഞെട്ടിപ്പോയി  

ആലിക്കുട്ടിയുടെ ഉമ്മയാണോ 

ങാ .... നാവനങ്ങുന്നില്ല അണ്ണാക്കിൽ വെള്ളമില്ല 

എവിടെ അവൻ ? പുറത്തിറങ്ങാൻ പറ 

ഓൻ .....ഇവിടെ......ഇല്ല 

ഫാ...... കള്ളം പറയുന്നോ ? പോലീസ് ബൂട്ട് തറയിൽ ഉരച്ചു ശബ്ദമുണ്ടാക്കി 

നേരാ ..... ഓനിവിടെ ഇല്ല 

ഇവിടെ....... പിന്നാരുണ്ട് ? ഓന്റെ പെണ്ണും ഞാനും 

വിളിക്കവളെ ? 

ആമിനത്താത്ത അകത്തേക്ക് പോയി വീട്ടിന്റെ നാലു ഭാഗത്തും പോലീസ് നിലയുറപ്പിച്ചു ഇനിയൊരാൾക്കും രക്ഷപ്പെടാനാവില്ല  ആമിനത്താത്ത വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു തൊട്ടു പിന്നിൽ ഫാത്വിമ 

ഇങ്ങോട്ട് ഇറങ്ങി നില്ലെടീ..... അവൾ കോലായിലേക്കിറങ്ങി വീർത്ത വയറിലേക്കും വിളറിയ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് പോലീസുകാരൻ ചോദിച്ചു:  

എവിടെ..... ടീ..... അവൻ  

ഇവിടെ...... ഇല്ല  

പിന്നെവിടെപ്പോയി 

അവൾ മിണ്ടിയില്ല വീണുപോകുമെന്നു തോന്നിയപ്പോൾ ചുമരിൽ ചാരി നിന്നു 

എവിടെപ്പോയാലും ഞങ്ങളവനെ കണ്ടുപിടിക്കും മനസ്സിലായോ ? അവനോട് മര്യാദക്കു പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ പറയണം മനസ്സിലായോ? 

ഓ...... 

ഒന്നു മൂളാൻ മാത്രമേ അവൾക്കു കഴിഞ്ഞുള്ളൂ 

ഫാത്വിമയുടെ മനസ്സ് നിറയെ ഭയം തന്റെ ഭർത്താവ് പാടത്തു പണിയെടുക്കുകയാണ് പോലീസ് വന്ന വിവരമൊന്നും അവരറിയില്ല പെട്ടെന്നു പോലീസ് പാടത്തു ചാടിവീഴും പണിയെടുത്തു ക്ഷീണിച്ച സമയം ഒരു തോർത്തുമുണ്ട് മാത്രമേ ആ ശരീരത്തിലുള്ളൂ 

പടച്ചവനേ..... ഈ അവസ്ഥയിൽ അവരെ പോലീസ് പിടികൂടുമോ ? 

പോലീസ് മുറ്റത്തേക്ക് ഇറങ്ങി  റോഡിൽ നിർത്തിയിട്ട ജീപ്പിന്നടുത്തേക്കു നടന്നു പോയി സംഭവവിവരണം കഴിഞ്ഞപ്പോൾ ആയിശുമ്മ നിലത്തിരുന്നുപോയി വല്ലാത്ത തലകറക്കം 

ഞാൻ പോവുകയാണ് വിവരം പറയാൻ എന്നെ പറഞ്ഞയച്ചതാ..... അബൂബക്കർ ഹാജിക്കോ ആമിനത്താത്താക്കോ ഒരക്ഷരം ഉരിയാടാൻ കഴിഞ്ഞില്ല വന്നയാൾ തിരിച്ചു പോയി വൃദ്ധദമ്പതികൾ നോക്കി നിൽക്കെ ആ രൂപം അപ്രത്യക്ഷമായി അല്പം കഴിഞ്ഞപ്പോൾ അബൂബക്കർ ഹാജിയും തളർന്നിരുന്നു പോയി 

അല്ലാ.....ഹ് 

ആയിശുമ്മയുടെ തളർന്ന സ്വരം


ഭർത്താവിനെ രക്ഷിക്കാൻ ഒരു ശ്രമം

അബൂബക്കർ ഹാജി രാവിലെ പുറത്തേക്കിറങ്ങി വഴിയിൽ കണ്ട മുഖങ്ങളിലൊക്കെ വലിയ ഉൽക്കണ്ഠ  എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു എന്താ ഉണ്ടായത് ? അബൂബക്കർ ഹാജി ഒരു പരിചയക്കാരനോട് മെല്ലെ ചോദിച്ചു 

പട്ടാളം ഇറങ്ങീട്ടുണ്ട് 

എന്റെ റബ്ബേ 

അബൂബക്കർ ഹാജി റബ്ബിനെ വിളിച്ചുപോയി നാട്ടിൽ പട്ടാളമിറങ്ങിയാലുള്ള അവസ്ഥ പന്താരങ്ങാടിയിൽ വെടി പൊട്ടി  ആ വാർത്ത നാടാകെ നടുങ്ങിപ്പോയി പന്താരങ്ങാടിപ്പള്ളിയുടെ    മുറ്റത്തു മനുഷ്യന്റെ ചോര ഖിലാഫത്തു പ്രവർത്തകർക്കു  നേരെയാണ് വെടി നിരായുധരായ മാപ്പിളമാർ  അവർ തിരൂരങ്ങാടിയിലേക്കു നീങ്ങുകയായിരുന്നു താനൂരിൽ നിന്നുള്ള മാപ്പിളമാരുടെ സംഘം തിരൂരങ്ങാടിപ്പള്ളിയിലാണ് ആലിമുസ്ല്യാർ ദർസ് നടത്തുന്നത് അദ്ദേഹം ഖിലാഫത്തിന്റെ നേതാവാണ് ഖിലാഫത്ത് നേതാക്കൾ തിരൂരങ്ങാടിയിൽ സമ്മേളിക്കുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി  കുഞ്ഞലവി 

ലവക്കുട്ടി 

അവരുടെ നേതൃത്വത്തിൽ അനേകായിരങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ ആയിരമായിരം യോദ്ധാക്കളിറങ്ങി ഗ്രാമങ്ങൾ ഖിലാഫത്ത് പ്രവർത്തന കേന്ദ്രങ്ങളായി മാറി ഖിലാഫത്ത് ഗവൺമെന്റ് 

ഖിലാഫത്തു സേന

ഖിലാഫത്തു ട്രഷറി 

ബ്രിട്ടീഷുകാരെ ആട്ടിപ്പായിക്കുക 

ദേശീയ സർക്കാർ രൂപീകരിക്കുക 

ഏറനാട്ടിന്റെ ധീരസന്തതികൾ ഇന്ത്യയൊട്ടാകെ മാതൃക കാണിക്കുന്നു വാരിയൻകുന്നത്തു കുഞ്ഞഹമ്മദു ഹാജിയുടെ  നേതൃത്വത്തിൽ ഖിലാഫത്ത് ഗവൺമെന്റ് രൂപം കൊണ്ടതോടെ പട്ടാളം ഇറങ്ങി കോഴിക്കോട്ടുനിന്നു പട്ടാളം തീവണ്ടിയിൽ പുറപ്പെട്ടു പരപ്പനങ്ങാടിയിൽ ഇറങ്ങി അവിടെ നിന്നു തിരൂരങ്ങാടിയിലേക്കു  മാർച്ച് ചെയ്തു 

പ്രകോപനപരമായിരുന്നു പോലീസിന്റെ പെരുമാറ്റം  നിരപരാധികളെ അറസ്റ്റുചെയ്തു അവരെ വിട്ടയക്കണമെന്നു  മുസ്ലിംകൾ ആവശ്യപ്പെട്ടു വാക്കുതർക്കമായി ബഹളമായി അനിഷ്ട സംഭവങ്ങളായി 

താനൂരിലെ ഖിലാഫത്തു പ്രവർത്തകർ തിരൂരങ്ങാടിയിലേക്കു മാർച്ച് ചെയ്തു അവർ പന്താരങ്ങാടിയിലൂടെ മുന്നേറി പോലീസ് പന്താരങ്ങാടിയിൽ അവരെ തടഞ്ഞു 

ഒരടി മുമ്പോട്ടു വെക്കരുത് പോലീസ് കൽപ്പിച്ചു 

ഞങ്ങൾ മുന്നേറും ഞങ്ങൾക്കു തിരൂരങ്ങാടിയിലെത്തണം ഖിലാഫത്തു പ്രവർത്തകർ വിളിച്ചു പറഞ്ഞു 

നടപ്പില്ല ഒരടി മുമ്പോട്ടുവെച്ചാൽ വെടിവെക്കും 

അല്ലാഹു അക്ബർ 

അല്ലാഹു അക്ബർ 

ജനങ്ങൾ പരിസരം മറന്നു തോക്കു മറന്നു വെടി മറന്നു തക്ബീർ ധ്വനികളുമായി അവർ മുന്നേറി ബലാബലം ഉന്തും തള്ളും 

അല്ലാഹു അക്ബർ 

ഠേ.....ഠേ.....ഠേ.......

വെടി മുഴങ്ങി ആളുകൾക്കു വെടിയേറ്റു ചോര ചീറ്റി പലരും മറിഞ്ഞു വീണു 

ജനം ചിതറിയോടി പോലീസ് പിന്നാലെ ഓടി 

നിരവധിയാളുകൾ പള്ളിയിലേക്കു പാഞ്ഞുകയറി പോലീസ് പിന്നാലെ കയറി 

തോക്കിന്റെ പാത്തികൊണ്ടു പലർക്കും അടി കിട്ടി 

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ധീരനായകനായ കുഞ്ഞിക്കാദർ സാഹിബിനെ പോലീസ് അറസ്റ്റു ചെയ്തത് ഇവിടെ വെച്ചാണ് പള്ളിയും പരിസരവും യുദ്ധക്കളമായി മാറി വെടിയേറ്റു വീണവർ മരണവെപ്രാളം കാണിക്കുന്നു ഒരിറ്റു വെള്ളം കൊടുക്കാനാളില്ല മരിച്ചുവീണവരെ സമീപിക്കാൻ ആരെയും അനുവദിച്ചില്ല അതിഭീകരമായ അവസ്ഥ അബൂബക്കർ ഹാജി ഞെട്ടി വിറച്ചു അദ്ദേഹം തന്റെ  മരുമകനെക്കുറിച്ചു ചിന്തിച്ചു എന്തായിരിക്കും ആലിക്കുട്ടിയുടെ അവസ്ഥ?  പന്താരങ്ങാടിയിൽ പോയിക്കാണുമോ ? ബഹളത്തിൽ പെട്ടിരാക്കുമോ പടച്ചവനേ ......

ഓർക്കാൻ കഴിയുന്നില്ല തല കറങ്ങുംപോലെ തോന്നുന്നു മെല്ലെ വിട്ടിലേക്കുതന്നെ നടന്നു ആയിശുമ്മ മുറ്റത്തു നോക്കിയിരിക്കുന്നു ആ മുഖത്ത് ഭീതി തളംകെട്ടി നിൽക്കുന്നു വല്ല വിവരവുമുണ്ടോ,? ആയിശുമ്മയുടെ ചോദ്യം വിവരങ്ങളൊക്കെ അബൂബക്കർ ഹാജി വാചകം പൂർത്തിയാക്കിയില്ല 

എന്തേയ് ..... നിർത്തിക്കളഞ്ഞത് ? 

പറയാൻ വയ്യാഞ്ഞിട്ടാണ് 

ആയിശുമ്മയുടെ ഉൽക്കണ്ഠ വർദ്ധിച്ചു 

എന്തായാലും പറഞ്ഞോളീ ഭാര്യ നിർബന്ധിച്ചു വെടി പൊട്ടി 

ങേ ന്റെ റബ്ബേ........  ആരെങ്കിലും മൗത്തായിട്ടുണ്ടോ ? 

പലരും മരിച്ചിട്ടുണ്ട്  

നമ്മുടെ മരുമോൻ.... 

ഒരു വിവരവുമില്ല ഞാനൊന്നു പോയി നോക്കിയാലോ ? വേണ്ടാ....പോണ്ടാ......

പോവാഞ്ഞാലെങ്ങനെയാ...നമ്മുടെ മോൾ 

പോയാൽ നിങ്ങളുടെ കാര്യം 

ഞാനീ പ്രായത്തിലെത്തിയില്ലേ ? ഇനി എന്തായാലെന്താ? 

ആ വൃദ്ധദമ്പതികൾക്കിടയിൽ നിശബ്ദത തളം കെട്ടിനിന്നു നിങ്ങളൊറ്റയ്ക്കു പോവണ്ട ഞാൻ കൂടി വരാം അതെന്തിനാ ? അവിടെ പോലീസും പട്ടാളവും വരും 

വരട്ടെ വെടി വെക്കട്ടെ എല്ലാറ്റിനെയും വെടിവെച്ചുകൊല്ലട്ടെ ഒന്നിച്ചു മരിക്കാമല്ലോ 

ആയിശുമ്മ പിന്തിരിയുന്ന ലക്ഷണമില്ല രാവിലെ അടുക്കളയിൽ കയറാൻ തോന്നുന്നില്ല ഭക്ഷണം പാകം ചെയ്യാൻ മനസ്സില്ല ഒന്നും ചെയ്യാൻ തോന്നുന്നില്ല 

മകളുടെ സമീപത്തെത്താൻ മോഹം പറന്നെത്താൻ ചിറകില്ലല്ലോ വീട് പൂട്ടി രാവിലെത്തന്നെ അവരിറങ്ങി ദീർഘയാത്ര സൂര്യൻ ഉദിച്ചുയർന്നു ഭൂമി ചൂടു പിടിച്ചു വഴിയിൽ കണ്ടതൊക്കെ ഭീതി നിറഞ്ഞ മുഖങ്ങൾ യാത്രയുടെ അന്ത്യം ആയിശുമ്മ തളർന്നു പോയി വീട്ടിൽ ആളനക്കമില്ല എല്ലാം നിശ്ചലം മോളേ..... ഫാത്തിമാ ..... 

അബൂബക്കർ ഹാജി വാതിലിൽ മുട്ടി വിളിച്ചു 

ഏറെ നേരം കാത്തുനിന്നപ്പോൾ വാതിൽ തുറക്കപ്പെട്ടു ആമിനത്താത്തയുടെ ഭീതി നിറഞ്ഞ മുഖം ആഹ് ..... നിങ്ങളെത്തിയോ ? 

മോളെവിടെ? 

അകത്തുണ്ട് വന്നോളീ ആ സ്വരവും ഭാവവും അവരെ ഭയപ്പെടുത്തി  മാതാപിതാക്കൾ അകത്തേക്കു നടന്നു ചെന്നു കട്ടിലിൽ തളർന്നുറങ്ങുന്ന ഫാത്വിമ മോളേ....... ഉമ്മയുടെ വിളി മകൾ വിളി കേട്ടില്ല  എന്തൊരു കിടപ്പാണിത് എന്താ മോളേ ഇങ്ങനെ?  

കിടന്നോട്ടെ വിളിക്കണ്ട ആമിനത്താത്ത വിലക്കി അപ്പോൾ പുറത്തൊരു ചുമ 

എല്ലാവരും പുറത്തേക്കു നോക്കി മമ്മദ്കോയക്ക നടന്നു വരുന്നു 

അസ്സലാമു അലൈകും കോലായിലേക്കു കയറുന്നതിനിടയിൽ സലാം പറഞ്ഞു 

എല്ലാവരും കൂടി സലാം മടക്കി 

നിങ്ങൾ വിവരങ്ങളൊക്കെ അറിഞ്ഞ് വന്നതാണോ ? 

ഞങ്ങളൊന്നും അറിഞ്ഞില്ല എന്തേണ്ടായത് ? ഓർക്കാൻ തന്നെ പേടിയാവുന്നു അങ്ങനെത്തെ പണിയല്ലേ മോൾ കാണിച്ചത് 

എന്തേ ഓൾ കാണിച്ചത് ? 

ആലിക്കുട്ടീന്റെ വേഷംകെട്ടി എന്നിട്ട് പോലീസിന്റെ ഇടയിലൂടെ ഓടി 

റബ്ബേ..... എന്തിന് 

ഓളെ പുതിയാപ്പിളയെ രക്ഷപ്പെടുത്താൻ എന്താ യീ കേൾക്കണത് ? 

ഓള് മരിച്ചാലും വേണ്ടൂല പുതിയാപ്പിളയെ രക്ഷിക്കണമെന്ന വാശി 

എന്നിട്ട്?  

എന്നിട്ടെന്താ? പോലീസ് പിടിച്ചു കിട്ടേണ്ടതു കിട്ടി കിടക്കുന്നതു കണ്ടില്ലേ? 

ആലിക്കുട്ടി?  

ഫാത്വിമ പറഞ്ഞതുപോലേ അവൻ വീടുവിട്ടോടി എന്തു സംഭവിച്ചെന്നു പടച്ചവനുതന്നെ അറിയാം 

ആയിശുമ്മ തളർന്നു പോയി കട്ടിലിൽ കിടന്നു.


മടക്കം

പോലീസ് ആ പ്രദേശമാകെ അരിച്ചുപെറുക്കി നോക്കി ആലിക്കുട്ടിയുടെ പൊടിപോലുമില്ല 

പല വീടുകളിൽ കയറിയിറങ്ങി പരിശോധന നടത്തി നിരവധി പേരെ ചോദ്യം ചെയ്തു 

ആലിക്കുട്ടിയെ ഭീകരനായി മുദ്രകുത്തി കണ്ടേടത്തുവെച്ച് വെടിവെച്ചു കൊല്ലാം അവനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ചു 

നാടാകെ ഭീതിയിലമർന്നു ജന്മിമാർ പോലീസിന്റെ പക്ഷം ചേർന്നു മാടമ്പിമാർ മാപ്പിളമാരെ ഒറ്റിക്കൊടുത്തു വല്ലാത്ത അരക്ഷിതാവസ്ഥ ആർക്കും ആരെയും വിശ്വസിക്കാനിയില്ല ഉമ്മയുടെ സാമീപ്യം ഫാത്വിമയ്ക്കു വലിയ ആശ്വാസമായി മോളേ നമുക്ക് പോവാം ഇവിടെ നിൽക്കണ്ട ആയിശുമ്മ മോളെ നിർബന്ധിച്ചു മോള് പോയ്ക്കോ ഇവിടെ നിന്നാൽ പോലീസ് വന്നു ശല്യം ചെയ്തു കൊണ്ടിരിക്കും ആമിനത്താത്ത പറഞ്ഞു 

എനിക്കു വയ്യ..... ഒരു ദിവസം കൂടി കഴിയട്ടെ 

പിന്നെ ആരും ഒന്നും പറഞ്ഞില്ല രാത്രിയിൽ ആർക്കും ഉറക്കമില്ല  മരണം പതിയിരിക്കുന്ന പ്രതീതി ഒരു ദിവസം കൂടി കടന്നുപോയി ഫാത്വിമാക്കു ക്ഷീണം കുറഞ്ഞു എല്ലാവരുംകൂടി നിർബന്ധിച്ചതു കൊണ്ട് അവൾ യാത്രയ്ക്കൊരുങ്ങി 

തന്റെ ഭർത്താവ് ഏതെങ്കിലും ഒരു രാത്രിയിൽ കയറിവരുമോ ? തന്നെ അന്വേഷിച്ചു വരുമ്പോൾ കാണാതിരുന്നാൽ ദുഃഖിക്കില്ലേ ? വരാൻ സാധ്യത കുറവാണ് ഇന്നാട്ടിൽ ഇനി ഒളിക്കാൻ സ്ഥലമില്ലെന്നാണല്ലോ പറഞ്ഞത് 

ദൂരെ എവിടെയെങ്കിലും പോയിക്കാണും ഉടനെയൊന്നും വരില്ല ഉമ്മയും ബാപ്പയും നിർബന്ധിക്കുന്നു പോയേക്കാം ഒടുവിൽ ഫാത്വിമ യാത്രയ്ക്കു തയ്യാറായി അതിരാവിലെ മൂന്നു പേരും ഇറങ്ങി ആമിന മരുമകളെ കെട്ടിപ്പിടിച്ചു കരഞ്ഞു ഇങ്ങനെയായിപ്പോയല്ലോ എന്റെ മരുമകളുടെ പോക്ക് അതൊന്നും സാരമില്ല ഉമ്മാ .... നിങ്ങൾ അല്ലാഹുവിനോടു തേടിക്കോളീ..... 

ബാപ്പാ...... പോയിവരട്ടെ മോള് പോയിവന്നാട്ടെ മമ്മദ്കോയക്ക തേങ്ങിപ്പോയി മൂന്നുപേരും നടന്നു നീങ്ങി വെയിൽ പടരുമ്പോൾ അവർ വളരെ ദൂരം നടന്നുകഴിഞ്ഞിരുന്നു ഫാത്വിമ പോയതോടെ വീട് മൂകമായി ആളനക്കമില്ല 

മമ്മദ്കോയക്ക കട്ടിലിൽ കിടന്നു എന്തൊരു ക്ഷീണം മനസ്സും ശരീരവും തളർന്നിരിക്കുന്നു ഏതുനേരവും പോലീസ് വരാം അവർ വന്നു തട്ടിക്കയറും ഫാത്വിമ പോയതു നന്നായി അവൾ പോവില്ലെന്നു വാശി പിടിച്ചില്ല അതുതന്നെ മനസ്സിന് ഒരാശ്വാസമായി അന്നുരാത്രി എന്താ മോളേ ഉണ്ടായത് ?നടക്കുന്നതിനിടയിൽ ഉമ്മ ചോദിച്ചു അന്നു പാതിരാത്രിയായിക്കാണും ഒരാൾക്കും ഉറക്കമില്ല കാതോർത്തു കിടക്കുകയല്ലേ അപ്പോൾ നിങ്ങളുടെ മരുമകൻ വന്നു വാതിലിൽ മുട്ടി ഞാൻ വാതിൽ തുറന്നു അകത്തു കയറിയ ഉടനെ വാതിലടച്ചു ഒന്നുരണ്ട് കാര്യങ്ങൾ പറഞ്ഞതേയുള്ളൂ പോലീസിന്റെ വിസിലടി പിന്നെ കോലായിൽ പോലീസ് അവർ വാതിൽ ചവിട്ടിപ്പൊളിക്കും എന്റെ ഭർത്താവിനെ എന്റെ കൺമുമ്പിലിട്ടു ചവിട്ടിഞെരിക്കും എനിക്കു സഹിക്കാൻ വയ്യ 

ഭർത്താവിനു പകരം എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറായി ഒരു ഭാര്യക്കും ഇത്രയും നല്ലൊരു സേവനം ചെയ്യാൻ കഴിയില്ലെന്നു എനിക്കുറപ്പായി കയ്യിൽ കിട്ടിയാൽ ഭർത്താവിനെ വെടിവെച്ചു കൊല്ലും ആ വാർത്ത കേട്ടു ഞാൻ നീറി നീറി മരിക്കണം അതിനേക്കാൾ നല്ലത് ധീരമായ മരണം തന്നെ പിന്നെ ഞാൻ ഒന്നും ചിന്തിച്ചില്ല  കള്ളിത്തുണിയും ഷർട്ടും ധരിച്ചു തലയിൽ തോർത്തുകൊണ്ടു വലിയ കെട്ട്കെട്ടി അടുക്കളവാതിൽ തുറന്നു ഞാൻ തന്നെ ഒറ്റയോട്ടം 

എന്നിട്ടെന്തുണ്ടായി മോളേ?  

അത് ഞാൻ പറയില്ല ഉമ്മാ..... ഉമ്മാക്കു സഹിക്കാനാവൂല എന്നെ അവർ കൊന്നില്ല അതുമാത്രം അറിഞ്ഞാൽ മതി പുരയിലെത്തുമ്പോൾ ഞാൻ മയ്യിത്തുപോലെയായിരുന്നു ഉമ്മാ എനിക്കിന്നു പേടിയില്ല നല്ല കരളുറപ്പുണ്ട് മരിക്കാൻ പേടി തോന്നുന്നില്ല വീട്ടിലെത്തുമ്പോൾ എല്ലാവരും ക്ഷീണിച്ചു ആയിശുമ്മ കഞ്ഞിയുണ്ടാക്കി അവരുടെ മറ്റുള്ള മക്കളും വന്നുചേർന്നു കുറേ നേരം സംസാരിച്ചങ്ങനെ ഇരുന്നു അന്ന് ഫാത്വിമ നന്നായി ഉറങ്ങി പിറ്റേന്നു ഉണർന്നപ്പോൾ നല്ല ഉന്മേഷം തോന്നി ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു  ഓരോ ദിവസവും ലഹളകളുടെ വിവരങ്ങൾ കേൾക്കാം എവിടെയൊക്കെയോ വെടി പൊട്ടി പട്ടാളം നാടാകെ പരന്നു പുരുഷന്മാരെ കൊന്നൊടുക്കുകയാണ് പതിനഞ്ചുവയസ്സുള്ള ആൺകുട്ടികൾക്കുപോലും രക്ഷയില്ല ബ്രട്ടീഷ്കാരാണ് നാട് ഭരിക്കുന്നത് അവർക്കെതിരെ സംസാരിക്കാൻ പാടില്ല ഇന്ത്യക്കു സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞതാണ് കുഴപ്പം ഒരൊറ്റ സ്വാതന്ത്ര്യസമരസേനാനിയെയും വെറുതെ വിടില്ല പുരുഷന്മാർ കൂട്ടത്തോടെ നാടൊഴിയുന്നു 

വീടുകളിൽ സ്ത്രീകളും കുട്ടികളും മാത്രം പോലീസും പട്ടാളവും കയറിവരും സ്ത്രീകളെ ഉപദ്രവിക്കും അർദ്ധരാത്രിയിൽ കൂട്ടനിലവിളി കേൾക്കാം ആരും പോയി നോക്കില്ല ആർക്കും ആരെയും സഹായിക്കാനാവില്ല നാടാകെ ഭീതിയിൽ അമർന്നു 

ഓരോ ദിവസവും മർദ്ദനങ്ങളുടെ അനേകം കഥകൾ വരുന്നു മരിച്ചൊടുങ്ങുന്നവർക്കു കണക്കില്ല വാരിയൻകുന്നത്തു കുഞ്ഞഹമ്മദ് ഹാജി ഖിലാഫത്ത് ഗവൺമെന്റ് രൂപീകരിച്ചതായി വിവരം കിട്ടി ഖിലാഫത്തു പട്ടാളം വെള്ളക്കാരെ നേരിടുന്നു എന്റെ ഭർത്താവും ആ പട്ടാളത്തിൽ ചേർന്നിരിക്കുമോ ? ഫാത്വിമ വെറുതെ ചിന്തിച്ചു ഖിലാഫത്തു പട്ടാളം വെള്ളക്കാരെ തോൽപ്പിച്ചെങ്കിൽ ഫാത്വിമ മോഹിച്ചുപോയി


സമൂഹം ചിന്നിച്ചിതറി

ഒരു സുപ്രഭാതത്തിൽ ആ ഗ്രമവാസികൾ ആ സന്തോഷവാർത്ത കേട്ടു ആലിക്കുട്ടിയുടെ ഭാര്യ പ്രസവിച്ചു 

വലിയ പ്രയാസം കൂടാതെ പ്രസവം നടന്നു 

ആൺകുട്ടി കുഞ്ഞും തള്ളയും സുഖമായിരിക്കുന്നു അബൂബക്കർ ഹാജി കുഞ്ഞിന്റെ ചെവിയിൽ ബാങ്കും ഇഖാമത്തും കേൾപ്പിച്ചു മധുരം തൊട്ടുകൊടുത്തു 

മോന് പേരിടണ്ടേ ? 

ആരോ ഫാത്വിമയുടെ ചെവിയിൽ മന്ത്രിച്ചു അതിനു മോന്റെ ബാപ്പ വരട്ടെ അതായിരുന്നു ഫാത്വിമയുടെ മറുപടി 

ബാപ്പ എന്നെങ്കിലുമൊരിക്കൽ വരും മോനെ കാണാൻ ഫാത്വിമയുടെ മനസ്സിൽ ആ പ്രതീക്ഷയായിരുന്നു വെള്ളപ്പട്ടാളക്കാരുടെ ക്രൂരതകളുടെ ആയിരം കഥകൾ നാടാകെ പ്രചരിച്ചു 

മാപ്പിളമാരുടെ വീടുകൾ തകർത്തു കൃഷി നശിപ്പിച്ചു കൂട്ടപ്പിഴ ചുമത്തി എണ്ണമറ്റ ചെറുപ്പക്കാർ ജയിലുകളിലായി വളരെപ്പേരെ അന്തമാനിലേക്കു നാടുകടത്തി നാട് വിട്ടു പോയവർക്കു കണക്കില്ല  ഒരുനാട് തകർന്നുപോയി ഒരു സമുദായം ചിന്നിച്ചിതറിപ്പോയി ഗൂർഖകൾ ഇറങ്ങി അവർ നാടാകെ പരന്നു എത്ര പേരെയാണവർ വധിച്ചുകളഞ്ഞത് 

ഒടുവിൽ ആ വാർത്തയും നടന്നു ഖിലാഫത്ത് ഗവൺമെന്റ് തകർന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അനുയായികളും കാട്ടിലേക്കു വലഞ്ഞു 

നാട്ടിൽ കടക്കാൻ സാധ്യമല്ല എല്ലാ പ്രദേശങ്ങളും വെള്ളക്കാരുടെ പിടിയിലായി മലപ്പുറം, മഞ്ചേരി, പാണ്ടിക്കാട്, കരുവാരക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളൊക്കെ ഖിലാഫത്തു ഗവൺമെന്റിന്റെ കീഴിലായിരുന്നു അവയെല്ലാം വെള്ളക്കാർ തിരിച്ചു പിടിച്ചു 

ഇനിയൊരു വിജയം സാധ്യമല്ല വെള്ളക്കാരെ തകർക്കാൻ നോക്കണ്ട മനോധൈര്യംകൊണ്ടു മാത്രം വിജയമുണ്ടാവില്ല വേണ്ടത്ര ആയുധങ്ങൾ ഇല്ല തോക്കും പീരങ്കിയും വേണം വെടിമരുന്നു വേണം പരിശീലനം നേടിയ  യോദ്ധാക്കൾ വേണം അവയൊന്നും മാപ്പിളമാർക്കില്ല എല്ലാം വെള്ളക്കാരുടെ കൈവശമുണ്ട് അവർ വിജയിക്കും അമ്പതിനായിരത്തോളം മാപ്പിളമാർ വധിക്കപ്പെട്ടു പിന്നെ നാട്ടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബലിയർപ്പിക്കപ്പെട്ട അമ്പതിനായിരം പേരുടെ ജീവൻ 

ഇനി രക്ഷയില്ല എന്റെ പ്രിയപ്പെട്ട അനുയായികളേ രക്ഷപ്പെട്ടു കൊള്ളുക വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ  നിരാശ ബാധിച്ച വാക്കുകൾ ഭാവിപരിപാടികൾ  ആസൂത്രണം ചെയ്യാൻ വേണ്ടി അവർ വനാന്തരത്തിൽ ഒരുമിച്ചുകൂടിയാണ് അവിടെവെച്ചു നേതാവു തീരുമാനം പ്രഖ്യാപിച്ചു  ആരും കീഴടങ്ങരുത് കീഴടങ്ങിയാൽ വെടിവെച്ചുകൊല്ലും അല്ലെങ്കിൽ മരണം വരെ ജയിലിൽ കഴിയേണ്ടി വരും അതുമല്ലെങ്കിൽ അന്തമാനിലേക്കു നാടുകടത്തും അതുകൊണ്ട് നാടുവിടുക മലബാറിൽ തങ്ങരുത് മദ്രാസിലേക്കോ ബോംബെയിലേക്കോ പോവുക അവിടെനിന്നു എങ്ങോട്ടെങ്കിലും രക്ഷപ്പെടുക അതിനു കഴിയാത്തവർ വയനാട്ടിലേക്കു ചുരം കയറുക ഏതെങ്കിലും ചായത്തോട്ടത്തിൽ ചെന്നു തൊഴിലെടുത്തു ജീവിച്ചോളൂ   

കുഞ്ഞഹമ്മദ് ഹാജി തന്റെ അനുയായികളെ പറുഞ്ഞുവിടുകയാണ് 

ഇല്ല ഞങ്ങൾ പോവില്ല നിങ്ങളെ വിട്ട് ഞങ്ങൾ പോവില്ല മരിക്കുന്നെങ്കിൽ നമ്മൾക്കൊന്നിച്ചു മരിക്കാം 

അനുയായികൾ നേതാവിനെ വിടുന്നില്ല 

മണ്ടത്തരം പറയരുത് സമയം പോയാൽ രക്ഷപ്പെടാനുള്ള പഴുതുകൾ അടയും പട്ടാളം ഈ മല വളയും അതിനുമുമ്പെ പൊയ്ക്കൊള്ളൂ എന്റെ കാര്യം നോക്കണ്ട പൊയ്ക്കോളൂ...... വിധിയുണ്ടെങ്കിൽ ഇനിയും കാണാം 

അവസാന വാക്ക് പറഞ്ഞു കഴിഞ്ഞു അനുയായികൾ ഓരോരുത്തരായി വന്നു നേതാവിനെ കെട്ടിപ്പിച്ചു കരഞ്ഞു കണ്ണീരോടെ സലാം പറഞ്ഞു പിരിഞ്ഞു 

അല്പം കഴിഞ്ഞപ്പോൾ കുഞ്ഞഹമ്മദ് ഹാജിയും ഇരുപതോളം ആളുകളും ബാക്കിയായി മറ്റുള്ളവരെല്ലാം പിരിഞ്ഞു പോയി പ്രിയപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ച് അവർ നാടു വിടുകയാണ് ഇനിയൊരു മടക്കമുണ്ടോ മാതാപിതാക്കൾ, ഭാര്യമാർ,മക്കൾ, നാട്ടുകാർ, ബന്ധുക്കൾ എല്ലാവരേയും വിട്ടേച്ച് പോവുന്നു 

മരിച്ചു പിരിയുന്നതു പോലെ പഴയ കാലം തിരുച്ചുവരുമെന്ന പ്രതീക്ഷയില്ല പരലോകത്തുവെച്ചു കണ്ടുമുട്ടാം 

വെള്ളക്കാരുടെ ദൂതന്മാർ കുഞ്ഞഹമ്മദ് ഹാജിയെ സമീപിച്ചു സംസാരിച്ചു 

കീഴടങ്ങിക്കോളൂ ഒരു കുഴപ്പവുമില്ല നിങ്ങളെ മക്കത്തേക്കു അയക്കാനാണ് തീരുമാനം ഇനിയുള്ള കാലം ആ പുണ്യഭൂമിയിൽ കഴിയാമല്ലോ 

ഏറെ നേരത്തെ ചിന്തയ്ക്കുശേഷം അങ്ങനെ തീരുമാനമായി കീഴടങ്ങുക ധീരദേശാഭിമാനിയായ വാരിയൻകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയും വളരെയടുത്ത ചില അനുയായികളും മലയിറങ്ങി വന്നു 

പോലീസ് സ്റ്റേഷനിലേക്കു നടന്നു നിരായുധനായ കുഞ്ഞഹമ്മദ് ഹാജി 

പോലീസ് വളഞ്ഞു ചങ്ങലയിൽ ബന്ധിച്ചു വെള്ളക്കാർ വാക്കുപാലിച്ചില്ല കൊടും ചതി 

ഫാത്തിമ പ്രസവിച്ചിട്ടു നാല്പതു നാളുകൾ കടന്നുപോയി നാല്പതിനു മുടികളച്ചിൽ 

മോന്ന് പേരിടാൻ ബാപ്പ വന്നില്ല നാല്പതിനും വന്നില്ല എല്ലാവരും കൂടി മോനു പേരു കണ്ടെത്തി അബൂബക്കർ ദിനരാത്രങ്ങൾ ഓടിമറഞ്ഞുകൊണ്ടിരുന്നു അതിന്നിടയിൽ ഫാത്വിമ ആ വാർത്ത കേട്ടു 

പട്ടാളക്കോടതി വാരിയൻകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചു കൊല്ലാൻ വിധിച്ചു

ചങ്ങലയിൽ ബന്ധിക്കപ്പെട്ട കുഞ്ഞഹമ്മദ് ഹാജിയെ മഞ്ചേരിയിലെ കുന്നുചരിവിൽ കൊണ്ടുവന്നു നിർത്തി മരണം മുമ്പിൽ കണ്ടപ്പോഴും ആ മുഖത്തു ഭാവമാറ്റമില്ല സ്വരം ഇടറിയില്ല 

വെള്ളക്കാരേ ചെകുത്താന്മാരേ ചതിയന്മാരേ നിങ്ങൾക്കു ഇന്നാട് മാപ്പു തരില്ല 

എന്നെ വെടിവെച്ചുകൊന്നതു കൊണ്ടു നിങ്ങൾ രക്ഷപ്പെടാൻ പോവുന്നില്ല ഈ സമരം തുടരം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടും വരെ ഞങ്ങൾ ഇന്ത്യക്കാർ സമരം ചെയ്യും നിങ്ങൾ കെട്ടുകെട്ടുംവരെ സ്വാതന്ത്ര്യ സമരം തുടരും തീർച്ച നിങ്ങൾക്കു മാപ്പില്ല ചതിയന്മാരേ .....മാപ്പില്ല 

ഠേ......ഠേ......ഠേ........

ധീരദേശാഭിമാനിയുടെ വിരിമാറിലേക്കു വെടിയുണ്ടകൾ തുളച്ചുകയറി  

ലാ ഇലാഹ ഇല്ലല്ലാ......ഹ് 

ലാ ഇലാഹ ഇല്ലല്ലാ.......ഹ് 

സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിച്ച ധീരനേതാവ് രക്തസാക്ഷിയായി സ്വാതന്ത്ര്യ സമര രക്തസാക്ഷി 

കൂടെയുണ്ടായിരുന്നവരെയും കൊന്നു വെള്ളക്കാരുടെ ശക്തരായ എതിരാളികൾ മരിച്ചു ഭരണം കൂടുതൽ കർക്കശമായി 

ഇനിയൊരിക്കലും മാപ്പിളമാർ സമരത്തിന്നൊരുങ്ങരുത് അവരുടെ ശക്തി തകർന്നുപോയിരിക്കുന്നു നാട്ടിൽ  പുരുഷന്മാരുടെ എണ്ണം കുറഞ്ഞു വിധവകളുടെ എണ്ണം പെരുകി 

വെള്ളക്കാരുടെ ബലാൽക്കാരത്തിന്നിരയായ പെണ്ണുങ്ങളെത്ര യതീംമക്കളുടെ എണ്ണം കണക്കാക്കാനാവാത്ത വിധം പെരുകി സമരം തീർന്നു ലഹളയൊതുങ്ങി വെടിയൊച്ച നിലച്ചു ജീവിതം സാധാരണ നിലയിലായി 

കേസുകൾ നിലനിന്നു നാടുവിട്ടവർ മടങ്ങിവന്നാൽ പിടിക്കപ്പെടും മദ്രാസിലെത്തിയ മാപ്പിളമാർ കപ്പൽ കയറി സിലോണിലേക്കു പോയി അവർ അവിടെ തോട്ടങ്ങളിൽ കൂലിപ്പണി ചെയ്തു ജീവിച്ചു ചിലർ സിങ്കപ്പൂരിലേക്കു പോയി അവിടെ അദ്ധ്വാനിച്ചു ജീവിച്ചു മറ്റൊരുകൂട്ടർ ബർമ്മയിലും മലേഷ്യയിലുമെത്തി  അവിടെത്തെ തോട്ടങ്ങളിൽ പണിയെടുത്തു ജീവിച്ചു 

ബോംബെയിലെത്തിയവർ കറാച്ചിയിലേക്കും മറ്റു നഗരങ്ങളിലേക്കും പോയി ചിലർ ഹോട്ടലിലും ബേക്കറിയിലും പണിയെടുത്തു മറ്റു ചിലർ വഴിയോരക്കച്ചവടക്കാരായി സ്വാതന്ത്ര്യസമരത്തിനു കിട്ടിയ പ്രതിഫലം ഒരു സമൂഹം ചിന്നിച്ചിതറിപ്പോയി കുടുംബബന്ധങ്ങൾ തകർന്നു പിറന്ന നാട് അന്യമായിപ്പോയി 

കാലം ആർക്കുവേണ്ടിയും കാത്തിരുന്നില്ല ദിവസങ്ങൾ മാസങ്ങളായി മാസങ്ങൾ വർഷങ്ങളായി മോൻ വളർന്നു അവനെ ഓത്തുപള്ളിയിൽ ചേർക്കാൻ സമയമായി 

ബാപ്പാ..... മോനെ ഓത്തുപ്പള്ളിയിലാക്കണം മൊല്ലാക്കയുമായി ഒന്ന് സംസാരിക്കാം ഫാത്വിമ ബാപ്പയോടു പറഞ്ഞു 

അടുത്ത ദിവസം തന്നെ ബാപ്പ ഓത്തുപള്ളിയിലെത്തി മൊല്ലാക്കയുമായി സംസാരിച്ചു മോനെ ചെർക്കാനുള്ള ദിവസം നിശ്ചയിച്ചു അന്നു അതിരാവിലെ മോനെ വിളിച്ചുണർത്തി കുളിപ്പിച്ചു സുബ്ഹി നിസ്കാരത്തിനു ശേഷം ഫാത്വിമ മോനുവേണ്ടി ദുആ ഇരന്നു മോന്റെ ബാപ്പാക്കു വേണ്ടിയും 

മോന് ചായയും പലഹാരങ്ങളും കൊടുത്തു 

പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു അബൂബക്കർ ഹാജി പേരക്കുട്ടിയുടെ കൈപിടിച്ചു മുൽത്തേക്കിറങ്ങി ആ കാഴ്ച കണ്ടു ഫാത്വിമ വികാരവതിയായി 

മോനും ബല്യുപ്പയും നടന്നുനീങ്ങി കണ്ണിൽനിന്നു മറഞ്ഞപ്പോൾ ഫാത്വിമ അകത്തേക്കോടി കട്ടിലിൽ കമിഴ്ന്നു കിടന്നു കരഞ്ഞു ഇക്കാഴ്ച കാണാൻ ഓന്റെ ബാപ്പ ഇല്ലല്ലോ......

മോന്റെ ബാപ്പാ...... നിങ്ങളെവിടെയാണ് ? പുറംനാട്ടിലാണോ ജയിലിലാണോ ? അതോ മരിച്ചുപോയോ ? 

നാടുവിട്ടുപോയ ചിലരൊക്കെ മടങ്ങിവന്നല്ലോ ? നിങ്ങളെന്താ വരാത്തത്?  കൊല്ലമെത്രയായെന്നറിയാമോ നിങ്ങൾ പോയിട്ട്?  വരില്ലേ എന്നെയും മോനെയും കാണാൻ വരില്ലേ 

നമ്മുടെ മോൻ വലുതായി ഇന്ന് ഓത്തുപള്ളിയിൽ ചേരാൻ പോയി നിങ്ങൾ അവന്റെ പോക്ക് കാണാൻ വന്നില്ലല്ലോ ഇന്നലെ രാത്രി മോൻ ചോദിക്കുകയാ..... ന്റെ ബാപ്പ എന്നാ വരികയെന്ന് ഞാനെന്തു പറയും ? 

എങ്ങനെ സഹിക്കും ? എന്റെ പൊന്നേ.....

കരഞ്ഞു കരഞ്ഞു തളർന്നു....... ഉറങ്ങിപ്പോയി 

മോൻ ഓത്തുപള്ളിയുടെ ഭാഗമായി മൊല്ലാക്കാക്കു അവനെ ഇഷ്ടപ്പെട്ടു നന്നായി ഓതിപ്പഠിച്ചു ദിവസങ്ങൾ ഒഴുകി  ഒരു വർഷം കടന്നുപോയി 

ബാപ്പാ ...... മോനെ സ്കൂളിൽ ചേർക്കണം ഒരു ദിവസം ഫാത്വിമ പറഞ്ഞു 

കുറെ ദൂരെയാണ് സ്കൂൾ എന്നാലും ചേർക്കാൻ തന്നെ തീരുമാനിച്ചു 

അബൂബക്കർ ഹാജി പേരക്കുട്ടിയെ സ്ക്കൂളിൽ ചേർത്തു അതോടെ മോന്റെ ജീവിതത്തിൽ തിരക്കു കൂടി 

മോനെ സഹായിക്കാൻ ഫാത്വിമ കൂടെത്തന്നെയുണ്ട് സ്ക്കൂളിലെ പാഠങ്ങൾ പറഞ്ഞു കൊടുക്കും  എഴുതാൻ സഹായിക്കും മോൻ നന്നായി പഠിക്കും ബുദ്ധിമാനാണ് അവന്റെ ചിരിയും കളിയും എഴുത്തും വായനയും അത് കണ്ട് ഫാത്വിമ കോരിത്തരിച്ചു 

മോനെ സ്കൂളിൽ ചേർത്തശേഷം അഞ്ചുവർഷങ്ങൾ കടന്നുപോയി ഇന്നവൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഒരു ദിവസം ബാപ്പ മോളെ അടുത്തേക്കു വിളിച്ചു 

എന്റെ പൊന്നുമോളോട് ഞാനൊരു കാര്യം പറഞ്ഞാൽ ഈ ബാപ്പാനോടു വെറുപ്പു തോന്നുമോ ? 

ചോദ്യം കേട്ടു അവൾ അന്തംവിട്ടു നിന്നുപോയി മറുപടി പറയാൻ അവൾക്കു കഴിഞ്ഞില്ല  ഇതിനുമുമ്പ് ചോദിക്കണമെന്നു വിചാരിച്ചതാണ് ധൈര്യം വന്നില്ല മോളേ..... 

എന്താണ് ബാപ്പാ? 

മോളേ..... ആലിക്കുട്ടി പോയിട്ടു കൊല്ലം പന്ത്രണ്ടായി  ജീവിച്ചിരിപ്പുണ്ടോ മരിച്ചുപോയോ എന്നൊരു വിവരവുമില്ല എന്റെ മോൾ ഇങ്ങനെത്തന്നെ നിന്നാൽ മതിയോ ? 

ഞാനെന്തു വേണം ബാപ്പാ ? 

എന്റെ മോൾക്കൊരു ജീവിതം വേണ്ടേ ? നല്ല ഒരാലോചന വന്നിട്ടുണ്ട് മോളേ.....

എനിക്കിനി ഒരു വിവാഹമോ?  എന്നെക്കൊണ്ട് അത്രയ്ക്കു പ്രയാസമായോങ്ങൾക്കൊക്കെ ? 

മോളേ....... എനിക്കൊന്നും വയ്യ വയസ്സായി രോഗിയായി ഞാൻ കണ്ണടച്ചാൽ നിനക്ക് ആരാണൊരു തുണ ? 

പടച്ചതമ്പുരാൻ 

ഫാത്തിമ അറിയാതെ ശബ്ദം അല്പം ഉയർന്നുപോയി 

ആ മറുപടിയിൽ മുമ്പിൽ ബാപ്പ നിശബ്ദനായി ഒന്നും പറയാതെ  എണീറ്റുപോയി അവളുടെ മനസ്സു മാറില്ല കാലമേറെച്ചെന്നാലും ഈ കാത്തിരിപ്പ് തുടരും പടച്ചവൻതന്നെ തുണ 

കാലം പിന്നെയും കടന്നുപോയി മോൻ എട്ടാം ക്ലാസ് പാസ്സായി ഇനി പഠിപ്പ് തുടരാൻ കഴിയില്ല അടുത്തെങ്ങും ഹൈസ്കൂളില്ല എന്തെങ്കിലും പണിചെയ്തു ജീവിക്കണം ഒരു ചെറിയ കച്ചവടം തുടങ്ങിയാലോ എന്ന ചിന്ത അതിനു പണം വേണം എവിടെ പണം ? ഉമ്മയും മോനും സംഭാഷണം നടത്തി ഒരു ചെറിയ മുറി വാടകയ്ക്കെടുക്കാം സ്റ്റേഷനറി സാധനങ്ങൾ കൊണ്ടുവന്നുവെച്ച് വില്പന നടത്താം 

പക്ഷെ പൈസ വേണ്ടേ ? 

ഫാത്തിമ മോന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തന്നെ തീരുമാനിച്ചു വിവാഹസമയത്തു തനിക്കുതന്ന ആഭരണങ്ങൾ അഞ്ചുപവൻ വരും അത് വിൽക്കുക വിറ്റുകിട്ടുന്ന പണം കൊണ്ട് കച്ചവടം തുടങ്ങുക 

വിഷമത്തോടെയാണെങ്കിലും അത് വിൽക്കാൻ ഫാത്തിമ തയ്യാറായി അബൂബക്കർ ഹാജിയും പേരക്കുട്ടിയും കൂടി സ്വർക്കടയിൽ ചെന്നു ആഭരണങ്ങൾ വിറ്റു  ഒരു മുറിപ്പീടിക വാടകക്കെടുത്തു കുറച്ചു സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നു കച്ചവടം തുടങ്ങി രാവിലെ കടയിലേക്കു പോവും ഉച്ചുക്കു കടയടച്ചു വീട്ടിൽ വരും വൈകുന്നേരം വീണ്ടും തുറക്കും സന്ധ്യയോടെ അടക്കും മാസങ്ങൾ കടന്നുപോയി കച്ചവടം വളർന്നു സാധനങ്ങൾ കൂടി തിരക്കു വർദ്ധിച്ചു കടയടയ്ക്കാൻ സമയം വൈകിത്തുടങ്ങി കാലം കടന്നുപോയപ്പോൾ അബൂബക്കർ നല്ല ബിസിനസ്സുകാരനായി വളർന്നു 

ഉമ്മാക്കു പുതിയ ആഭരണങ്ങൾ കിട്ടി വീട് നന്നാക്കി സൗകര്യമുള്ള മുറികളുണ്ടാക്കി ഒരു ദിവസം രാത്രി വളരെ സന്തോഷത്തോടെ മകൻ കയറി വന്നു ചോറ്തിന്നുന്നതിനിടയിൽ അവൻ ഉമ്മയോടു പറഞ്ഞു 

ഉമ്മാ ....... നാളെ പീടിക തുറക്കുന്നില്ല 

അതെന്താ മോനേ ? 

ഉമ്മ അറിഞ്ഞില്ലേ ? നാളെ സ്വാതന്ത്ര്യദിനം ..... ആഗസ്റ്റ് 15 ,വെള്ളക്കാരൊക്കെ നാടുവിടുന്നു ഇന്ത്യ ഇന്ത്യക്കാരുടേതായി 

ഉമ്മാക്കു നേർത്ത തലകറക്കം ഭൂമി കീഴ്മേൽ മറിയുന്നതായി അവർക്കു തോന്നി 

ഉമ്മ ചുമരിൽ പിടിക്കാൻ ശ്രമിക്കുന്നു പിടി കിട്ടുന്നില്ല അബൂബക്കർ ഓടിച്ചെന്നു ഉമ്മയെ എടുത്തു കട്ടിലിൽ കിടത്തി അബൂബക്കർ ഹാജിയും ആയിശുമ്മയും ഓടിവന്നു എന്തേ..... മോനെ പറ്റിയത്?  

ഞാൻ നാളെ സ്വാതന്ത്ര്യദിനമാണെന്നു പറഞ്ഞു അതുകേട്ടപാടെ ഉമ്മയുടെ നില മാറി 

എന്തിനേ മോനത് പറഞ്ഞത്?  മോനറിയ്വോ നിന്റെ ബാപ്പ നിന്റെ ഉമ്മയെ വിട്ടുപോയിട്ട് ഇരുപത്താറു കൊല്ലം കഴിഞ്ഞു ഈ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ബാപ്പ വീടുവിട്ട് പോയത് 

സ്വാതന്ത്ര്യം കിട്ടിയാൽ ജയിലിൽ കിടക്കുന്നവരെയൊക്കെ വിട്ടയക്കും അപ്പോൾ ബാപ്പയും വരുമായിരിക്കും 

എനിക്കു തോന്നുന്നില്ല മോനെ പതിനാല് കൊല്ലത്തേക്കും ഇരുപതു കൊല്ലത്തേക്കും ശിക്ഷിക്കപ്പെട്ടവരൊക്കെ പുറത്തുവന്നല്ലോ മോനേ നിന്റെ ബാപ്പ വന്നു ആലിക്കുട്ടി ജയിലിനകത്തില്ലെന്നാണ് എന്റെ വിശ്വാസം 

അബൂബക്കറിന്റെ കണ്ണുകൾ നിറഞ്ഞു കാണാത്ത ബാപ്പക്കുവേണ്ടി രണ്ടിറ്റു കണ്ണീർ 


സ്വാതന്ത്ര്യം

നേരം വെളുത്തപ്പോൾ ഉമ്മയുടെ തളർച്ച മാറി അവർ എഴുന്നേറ്റു ദുഃഖം മനസ്സിലൊതുക്കി നാടാകെ സ്വാതന്ത്ര്യത്തിന്റെ ആരവം തോരണങ്ങൾ  ത്രിവർണ്ണ പതാകകൾ ഘോഷയാത്രകൾ മുദ്രാവാക്യങ്ങൾ മിഠായി വിതരണം സ്വാതന്ത്ര്യത്തിനു പുതിയ അവകാശികൾ 

സ്കൂൾ കുട്ടികൾ ഘോഷയാത്രയായി നീങ്ങുന്നു എല്ലാ കരങ്ങളിലും വർണ്ണക്കൊടികൾ 

ഭാരത് മാതാ കീ ജയ് 

മഹാത്മാഗാന്ധി കീ ജയ് 

കുട്ടികളേ നിങ്ങൾക്കിതു വിളിക്കാൻ സ്വാതന്ത്ര്യമുണ്ട് ഇതു വിളിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് മാപ്പിളമാർ പട പൊരുതിയത് വാരിയൻ കുന്നതു കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ ? ആലിമുസ്ല്യാരെ കേട്ടിട്ടുണ്ടോ? കേട്ടിരിക്കാൻ വാഴിയില്ല അവരെക്കുറിച്ച് ആരു പറഞ്ഞുതരാൻ ? അവർ ജീവൻ നൽകിയാണു മക്കളേ ഈ സ്വാതന്ത്ര്യം വാങ്ങിത്തന്നത് 

കുഞ്ഞഹമ്മദ് ഹാജിക്ക് ജയ് വിളിക്കാനാരുണ്ട് ? ആലിമുസ്ല്യാർക്കു ജയ് വിളിക്കാനാരുണ്ട് ? കുഞ്ഞിക്കാദറിനു ജയ് വിളിക്കാനാരുണ്ട് ? വേണ്ട അവർക്ക് ജയ് വിളിക്കേണ്ട നിങ്ങൾക്കു സ്വാതന്ത്ര്യം കിട്ടിയല്ലോ നിങ്ങളുടെ ജയ് വിളി കേട്ടു അവർ ആഹ്ലാദംകൊള്ളുകയാണ് വെള്ളക്കാരന്റെ ചെങ്ങലകെട്ടുകളിൽനിന്ന് ഭാരതമാതാവു മോചിതയായല്ലോ മാപ്പിളയോദ്ധാക്കൾക്ക് അതു മതി മക്കളേ നാട്ടിന്റെ മക്കളേ ഭാരതമാതാവിനു ജൈ വിളിച്ചുകൊള്ളൂ ഉറക്കെയുറക്കെ വിളിച്ചു കൊള്ളൂ ഘോഷയാത്ര നീങ്ങിപ്പോയി ഫാത്വിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി സ്വാന്ത്ര്യപ്പുലരിയുടെ സന്തോഷത്തിന്റെ കണ്ണീരോ ? വേർപാടിന്റെ ഇരുപത്താറുവർഷങ്ങൾ സമ്മാനിച്ച ദുഃഖത്തിന്റെ കണ്ണീരോ ഫാത്വിമക്കറിയില്ല മറ്റുള്ളവർക്കുമറിയില്ല......

കുറെ നാളായി മനസ്സിൽ ഒളിപ്പിച്ചുവെച്ച ആഗ്രഹം ഫാത്വിമ മകനോടു പറഞ്ഞു 

മോന്റെ വിവാഹക്കാര്യം ഉമ്മതന്നെ മരുമോളെ തിരഞ്ഞെടുത്തു വെച്ചിട്ടുണ്ട് സൽമയെന്ന സുന്ദരിക്കുട്ടി എല്ലാം ഉമ്മയുടെ ഇഷ്ടം ഉമ്മയുടെ സന്തോഷമാണ് മോന്റെ ലക്ഷ്യം മോൻ ഉമ്മാക്കു വാക്കു കൊടുത്തു ഉമ്മാന്റെ ഇഷ്ടംപോലെ നടക്കട്ടെ മനസ്സിൽ സന്തോഷം പടർന്നു കയറി 

ഫാത്തിമ ബാപ്പയോടു കാര്യം പറഞ്ഞു ബാപ്പ സൽമയുടെ വീട്ടിലെത്തി അവളുടെ ബാപ്പയെക്കണ്ടു കാര്യങ്ങൾ സംസാരിച്ചു അവർക്കെല്ലാം അബൂബക്കറിനെ വലിയ ഇഷ്ടമാണ് വിവാഹം ഉറപ്പിച്ചു വേണ്ടപ്പെട്ടവർ ഒത്തുകൂടി തീയതി നിശ്ചയിച്ചു അബൂബക്കറിനു ഒട്ടേറെ സുഹൃത്തുക്കളുണ്ട് അവരെയൊക്കെ ക്ഷണിക്കണം തിരക്കോടു തിരക്കുതന്നെ വീട്ടിനു മുമ്പിൽ വലിയ പന്തൽ ഉയർന്നു അയൽക്കാരും ബന്ധുക്കളും നാട്ടുകാരും സഹായത്തിനെത്തി ഒരു ചാക്കു ജീരകശാല അരി എത്തി ഒരു പോത്തിനെ വാങ്ങി വിവാഹസുദിനമെത്തി നാട്ടുകാർ കൂട്ടംകൂട്ടമായെത്തി ആണുങ്ങളും പെണ്ണുങ്ങളും ഫാത്വിമ പെണ്ണുങ്ങളെ സ്വീകരിച്ച് ഇരുത്തുന്നു ഭക്ഷണം നൽകുന്നു ആണുങ്ങളുടെ പന്തലിൽ തിരക്കൊഴിഞ്ഞ നേരമില്ല ആണുങ്ങൾ ഭക്ഷണം കഴിച്ചു തീർന്ന ശേഷം പുതിയാപ്പിള ഇറങ്ങി വധുവിന്റെ വീട്ടിലേക്കുള്ള യാത്ര വധുവിന്റെ വീട്ടിൽ വെച്ച് നികാഹ് നടന്നു സൽമ അബൂബക്കറിന്റെ ഭാര്യയായി പുതിയാപ്പിള മടങ്ങിയെത്തി പെണ്ണുങ്ങൾ പോയി വധുവിനെ കൊണ്ടുവന്നു പുതിയ പെണ്ണു മുറ്റത്തെത്തി ഫാത്തിമ ഇറങ്ങിച്ചെന്നു മരുമകളുടെ മുഖത്തേക്കു ഉറ്റുനോക്കി പിന്നെ ആഞ്ഞ് ഒരാശ്ലേഷം ഒരു പൊട്ടിക്കരച്ചിൽ വളരെ നാളായി അടക്കിനിർത്തിയിരുന്ന ദുഃഖം അണ പൊട്ടിയൊഴുകി അബൂബക്കർ ഓടിച്ചെന്ന് ഉമ്മയെ പിടിച്ചു മാറ്റി അവർ നന്നായി കിതക്കുന്നുണ്ടായിരുന്നു അബൂബക്കർ ഉമ്മയെ താങ്ങിയെടുത്ത് അകത്തു കട്ടിലിൽ കൊണ്ടു പോയി കിടത്തി  ഫാത്തിമ മകനെ കെട്ടിപ്പിടിച്ചു കരഞ്ഞു 

കരഞ്ഞു കരഞ്ഞു തളർന്നു മയക്കത്തിലേക്കു വീണു ഉമ്മയുടെ കവിളിൽ പടർന്ന കണ്ണുനീർച്ചാലുകൾ മകൻ ഒപ്പിയെടുത്തു കല്യാണത്തിന്റെ ആരവങ്ങളൊഴിഞ്ഞു പന്തൽ പൊളിച്ചു പാത്രങ്ങൾ കൊണ്ടുപോയി ബന്ധുക്കൾ മടങ്ങി ഫാത്തിമ പഴയ അവസ്ഥയിലേക്കു മടങ്ങി അബൂബക്കർ പീടിക തുറക്കാൻ പോയി കുറെ ദിവസമായി പീടിക അടഞ്ഞുകിടക്കുകയായിരുന്നു മോളേ ...... സൽമാ ഫാത്വിമ സ്നേഹപൂർവ്വം വിളിച്ചു ഉമ്മാ എന്തേ വിളിച്ചത് ? സൽമ ഓടിയെത്തി എന്റെ മോളു പേടിച്ചുപോയോ?  അതെന്തിനാ ഉമ്മ പേടിക്കുന്നത് ?

 എന്റെ നിലവിളി കേട്ടിട്ട് 

ഹേയ് ...... ഉമ്മയായിട്ടല്ലേ അത്രയും പിടിച്ചു നിന്നത് ഈ മുഖം കണ്ടപ്പോൾ എന്റെ എല്ലാ നിയന്ത്രണവും വിട്ടുപോയി പിന്നെ ഞാനെന്താ ചെയ്തതെന്ന് എനിക്കോർമ്മയില്ല 

അതൊന്നും സാരമില്ല ഉമ്മ സമാധാനമായിരുന്നാൽ മതി എല്ലാം പടച്ചതമ്പുരാന്റെ വിധിയാണ് പരലോകമല്ലേ വലുത് അവിടെ വിജയിക്കണം ഇവിടുത്തെ ദുഃഖങ്ങൾ സഹിക്കാം പച്ചവൻ അതിനു പ്രതിഫലം തരും 

എന്റെ പൊന്നുമോളേ എന്റെ ഖൽബ് തണുത്തുപോയല്ലോ മോളേ നിന്റെ വാക്കുകൾ എന്നെ വല്ലാതെ സമാധാനിപ്പിച്ചു മോളേ 

ഉമ്മാന്റെ ക്ഷമ ഈ സബൂറ് ഇതിനു വലിയ കൂലിയുണ്ടുമ്മാ പടച്ചതമ്പുരാൻ ഇതു വെറുതെയാക്കൂല 

ഫാത്വിമാക്ക് എന്തെന്നില്ലാത്ത ആശ്വാസം ഇങ്ങനത്തെ മരുമകളെ കിട്ടിയല്ലോ അൽഹംദുലില്ലാഹ് 

അന്നു വൈകുന്നേരം അബൂബക്കർ നേരത്തെയെത്തി സൽമ അടുക്കളയിലായിരുന്നു ഉമ്മ നിസ്കാരപ്പായിലും 

ഉമ്മാ അവരെത്തി 

ആ ശബ്ദം ഫാത്വിമയെ കോരിത്തരിപ്പിച്ചു 

എന്റെ പൊന്നുമോന്റെ കാര്യം നോക്കാൻ ഒരാളായല്ലോ ഫാത്വിമ അടുക്കളയിലേക്കു കടന്നുചെന്നു 

ഉമ്മ എവിടെ?  അബൂബക്കർ ചോദിച്ചു 

ഞാനിവിടെയുണ്ട് മോനേ 

ഇരുട്ട് തളംകെട്ടിയ മുറിയിൽ നിന്നു ആയിശുമ്മയുടെ ശബ്ദം അവർ മെല്ലെ നടന്നുവന്നു സൽമ ചോറും കറികളും വിളമ്പി കോലായിൽ കൊണ്ടു വന്നുവെച്ചു 

അബൂബക്കറും അബൂബക്കർ ഹാജിയും ഊണുക്കഴിക്കാനിരുന്നു ഭക്ഷണം കഴിക്കുന്നതിന്നിടയിൽ അബൂബക്കർ വിഷയം അവതരിപ്പിച്ചു സർമാ നമുക്കൊരു യാത്ര പോകാനുണ്ട് നമ്മൾ രണ്ടാളല്ല ഈ ഇരിക്കുന്ന അഞ്ചാളും കൂടി യാത്രയെക്കുറിച്ചു കേട്ടപ്പോൾ എല്ലാവർക്കും അതിശയം എങ്ങോട്ടാണാവോ ഈ യാത്ര?  എല്ലാവരും അബൂബക്കറിന്റെ മുഖത്തേക്കു ആകാംക്ഷയോടെ നോക്കി 

വല്ല്യുപ്പയേയും വല്ല്യുമ്മാനെയും കണ്ടിട്ട് എത്ര നാളായി അവർ പ്രായം ചെന്നവരാണ് രോഗികളും കല്യാണത്തിനു വരാൻ പോലും കഴിഞ്ഞില്ല 

അബൂബക്കറിന്റെ വിശദീകരണം 

ആലിക്കുട്ടിയുടെ മാതാപിതാക്കളെ ചെന്നു കാണേണ്ടതു ആവശ്യം തന്നെയാണ് എന്നെയും ബല്ല്യുമ്മാനെയും ഒഴിവാക്കിക്കോളീ.... ഞങ്ങൾക്കു യാത്ര ചെയ്യാൻ പറ്റില്ല 

അബൂബക്കർ ഹാജി തന്റെയും ഭാര്യയുടെയും നിസ്സാഹായത പ്രകടമാക്കി 

ഹേയ്....... ആരേയും ഒഴിവാക്കുന്ന പ്രശ്നമേയില്ല എല്ലാവരും കൂടിയാണു പോവുന്നത് അബൂബക്കർ വ്യക്തമാക്കി 

ഞങ്ങളെക്കൊണ്ട് നടക്കാനാവൂല്ലാന്ന് നിനക്കറിഞ്ഞൂടെ മോനേ ആയിശുമ്മ തളർന്ന സ്വരത്തിൽ പറഞ്ഞു 

നമ്മൾ നടന്നല്ല പോകുന്നത് ഇത്രയും ദൂരം നടന്നുപോവാനാവില്ല നടന്നുപോവുന്ന കാലമൊക്കെ പോയില്ലേ ? നമ്മൾ ജീപ്പിലാണു പോവുന്നത് 

അതൊരു അത്ഭുവാർത്തയായിരുന്നു അവർക്ക് അടുത്തക്കാലത്താണ് അന്നാട്ടിൽ ജീപ്പ് വന്നത് ജീപ്പിൽ യാത്രയെന്നു കേട്ടപ്പോൾ അതിശയം തോന്നി 

പിറ്റേന്നു എല്ലാവരും യാത്രക്കു തയ്യാറായി ജീപ്പ് വന്നു എല്ലാവരും ജീപ്പിൽ കയറി ആ വാഹനം അവരേയും കൊണ്ടു പാഞ്ഞു ആയിശുമ്മയും ഫാത്വിമയും ആദ്യമായാണു ജീപ്പിൽ യാത്ര ചെയ്യുന്നത് അവർ പുറത്തേക്കു നോക്കി പരിസരപ്രദേശങ്ങളൊക്കെ ഓടിമറഞ്ഞുകൊണ്ടിരിക്കുന്നു അവർ ആലിക്കുട്ടിയുടെ വീട്ടിലെത്തി ഫാത്വിമയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായി മമ്മിക്കുട്ടിയുടെ പഴയ ചായപ്പീടിക കാണാനില്ല അതിന്റെ സ്ഥാനത്ത് വലിയ കെട്ടിടങ്ങൾ ഉയർന്നു വന്നിരിക്കുന്നു ഫാത്വിമക്കു വലിയ വിഷമം തോന്നി അവർ ആ വയലിലേക്കു നോക്കി ആലിക്കുട്ടി കൃഷ്ചെയ്തിരുന്ന വയൽ ഇവിടെ വാഴയ്ക്ക് മണ്ണു കയറ്റിക്കൊണ്ടിരിക്കുമ്പോഴാണ് പോലീസ് വന്നുകയറിയത് ഇവിടെ നിന്നാണ് തന്റെ ഭർത്താവ് ജീവനും കൊണ്ടോടിപ്പോയത്  

എന്റെ റബ്ബേ......

ഒന്നും ഓർക്കാൻ വയ്യ ജീപ്പ് നിന്നു എല്ലാവരും ഇറങ്ങി അല്പദൂരം നടക്കണം നീണ്ടു പരന്നു കിടക്കുന്ന വയലിലേക്കു ഫാത്തിമ ആകാംക്ഷയോടെ നോക്കി വയലിനക്കരെ വീട് അവ്യക്തമായി കാണാം 

ഇതാ ഇവിടെ ഈ ജീപ്പ് നിർത്തിയേടത്താണ് അന്നു പോലീസ് ജീപ്പ് നിറുത്തിയിരുന്നത് ....

ഇവിടെ നിന്നാണവർ വീട്ടിലേക്കോടി വന്നത്  അന്ന് വയലിൽ കവുങ്ങുകൾ വെച്ചു പിടിപ്പിച്ചിരുന്നില്ല ഇവിടെനിന്നു നോക്കിയാൽ വീട് വ്യക്തമായി കാണാമായിരുന്നു എന്തൊരു മാറ്റം 

അവർ വയൽ വരമ്പിലൂടെ നടന്നു  കാലുകൾ തളരുന്നു എത്ര തവണ ഈ വയലിലൂടെ നടന്നുപോയിട്ടുണ്ട് അന്നൊന്നും ഇത്രയേറെ അസ്വസ്ഥയായിരുന്നില്ല  പറമ്പിലേക്കു കയറി കൂടുതൽ അസ്വസ്ഥയായി  ഒരു വൃദ്ധൻ കോലായിലിരിക്കുന്നു എന്തൊരു കോലം എല്ലും തൊലിയും മാത്രം 

ബാപ്പാ.....

ഫാത്വിമയുടെ വിളി അത്യന്തം ദയനീയമായ ശബ്ദം മോളേ മോളു വന്നോ ? മോള് വരുമെന്നെനിക്കറിയാം ഞാൻ കാത്തിരിക്കുകയായിരുന്നു എല്ലാവരും വന്നിട്ടുണ്ട് ബാപ്പാ ..... മോനും മരുമോളും ഉമ്മയും ബാപ്പയും എല്ലാരുമുണ്ട് 

ങാ.....ഹാ സന്തോഷമായി കേട്ടോ കാഴ്ച മങ്ങിയ കണ്ണുകൾ തുറന്നു എല്ലാവരേയും നോക്കി ഉമ്മയോ ? ഫാത്വിമ ചോദിച്ചു 

സുഖമില്ല മോളേ.... അകത്തു കിടക്കുന്നു എല്ലാവരും അകത്തേക്കു കടന്നു  ആമിന കട്ടിലിൽ മൂടിപ്പുതച്ചു കിടക്കുന്നു 

ഉമ്മാ ..... ഫാത്തിമ നീട്ടിവിളിച്ചു 

ഉമ്മ ശബ്ദം തിരിച്ചറിഞ്ഞു അവർ വളരെ പ്രയാസപ്പെട്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു എഴുന്നേൽക്കാൻ ഫാത്തിമ സഹായിച്ചു അഗതരുടെ ശബ്ദം കേട്ട് അടുക്കളയിൽനിന്നു ആളുകളെത്തി പുതിയ തലമുറ 

ഫാത്തിമ അവരെയൊക്കെ നോക്കി ഭർത്താവിന്റെ സഹോദരിയുടെ മക്കൾ ഭർത്താവിന്റെ അനുജനും ഭാര്യയും  മക്കളും അയൽപക്കത്തുനിന്നൊക്കെ പെണ്ണുങ്ങൾ കടന്നുവരുന്നു പഴയ കൂട്ടുകാരികൾ അവരുടെ മക്കൾ പരിചയമില്ലാത്ത എത്രയോ മുഖങ്ങൾ ചുറ്റുപാടും പുതിയ വീടുകൾ ഉയർന്നുവന്നിരിക്കുന്നു എന്തൊരു മാറ്റം താൻ ഇവെടെനിന്നു പോയശേഷം പിറന്ന തലമുറ അവർ വെള്ളപ്പട്ടാളത്തെ കണ്ടിട്ടില്ല അവരുടെ വെയൊച്ച കേട്ടിട്ടില്ല ഭാഗ്യവാന്മാർ ഖിലാഫത്തിന്റെ ചരിത്രമൊന്നും ഇവർക്കറിയില്ല 

മോളേ..... ഫാത്വിമാ.....

കോലായിൽ നിന്നു മമ്മദ്കോയക്കയുടെ വിളി എല്ലാവരും അങ്ങോട്ടു ചെന്നു വലിയൊരു സദസ്സ് ഫാത്തിമ ബാപ്പയുടെ തൊട്ടടുത്തു ചെന്നു നിന്നു മോളേ..... ജീവിതത്തിൽ കാണാനുള്ളതൊക്കെ ഈ ബാപ്പ കണ്ടു മോളേ.... ഇനി കണ്ടതൊക്കെ മതി ഈമാൻ കിട്ടി മൗത്താകണം ആ ഒരൊറ്റ ആശ മാത്രമേ ഇനിയുള്ളൂ ഇത്രയും കാലം ഞാനെന്റെ മോനെ കാത്തിരുന്നു മോളേ.... ഇനിയവൻ വരില്ല എന്റെ ആലിക്കുട്ടി ഇനി വരില്ല മോളേ......ഇന്നാട്ടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോയതല്ലേ ? പോയവരൊക്കെ പോയി ആരാണവരെ ഓർക്കാനുള്ളത് 

പിന്നെ മമ്മദ്കോയക്ക കണ്ണീർ തുടച്ചു നിശ്ശബ്ദനായി ഫാത്തിമ മെല്ലെ അടുക്കളയിലേക്കു നടന്നു അടുക്കളവാതിൽ തുറന്ന് കിടക്കുന്നു  ഫാത്വിമ വാതിലിൽ മുറുകെപ്പിടിച്ചു ആ കറുത്തിരുണ്ട രാത്രിയിൽ ഈ വാതിൽ തുറന്നാണ്  താൻ ഓടിയത്   പോലീസുകാരുടെ  തോക്കിനു മുമ്പിലേക്ക് ഇതാ വീണ്ടും ആ വാതിലിന്നടുത്തേക്കു താൻ മടങ്ങിയെത്തിയിരിക്കുന്നു ഇതുവഴിതന്നെയാണല്ലോ  തന്റെ ഭർത്താവും രക്ഷപ്പെട്ടത് ഇരുട്ടിലൂടെ ഓടിമറഞ്ഞത്  പ്രിയ ഭർത്താവ് ഒരിക്കലും  തിരിച്ചുവന്നില്ല ഇനിയൊരിക്കലും മടങ്ങിവരില്ലെന്നു ബാപ്പ പറയുന്നു വന്നില്ലെങ്കിൽ .....

മഹ്ശറയിൽ ആ വൻസഭയിൽവെച്ചു കാണാം ഇൻശാല്ലാഹ് ....വീണുപോവാതിരിക്കാൻ ഫാത്തിമ വാതിലിൽ മുറകെ പിടിച്ചു 

ഇതോടുകൂടി ഈ സ്വാതന്ത്ര്യസമരപോരാട്ടത്തിലെ തീപാറുന്ന സ്വപ്നങ്ങൾ അവസാനിച്ചു 



അലി അഷ്ക്കർ - 9526765555

No comments:

Post a Comment