Sunday 13 September 2020

മസീഹ് ദജ്ജാൽ



തിരുമേനി (സ) പറഞ്ഞു:“ ഞാന്‍ അമ്പിയാക്കളില്‍ അവസാനത്തെ നബിയാണ്. നിങ്ങള്‍ സമുദായങ്ങളില്‍ അവസാനത്തെ സമുദായമാണ്. നിശ്ചയം ഞാന്‍ പറയുന്നു അവന്‍ (ദജ്ജാല്‍) നിങ്ങളിലാണ് വരിക. ഒരു സംശയവും വേണ്ട. അവന്‍റെ വരവ് സത്യവുമാണ് അവന്‍ വളരെ അടുത്തു തന്നെ വരുന്നതാണ്.” 

എന്താണ് മസീഹ് ? ഈസാ നബി (അ) ക്കും , ദജ്ജാലിനും മസീഹ് എന്ന് ഉപയോഗിച്ച് കാണുന്നു .

മസീഹ് എന്ന പദത്തിന്‍റെ നിഷ്പാദനത്തെ കുറിച്ച് വിവിധാഭിപ്രായങ്ങളുണ്ട്. സ്പര്‍ശിക്കുക എന്നർത്ഥമുള്ള മസഹ എന്ന അറബി ധാതുവില്‍നിന്നാണ് അതിന്‍റെ നിഷ്പത്തി എന്നാണ് ഭൂരിഭാഗാഭിപ്രായം.തടവുക, തുടക്കുക എന്നര്‍ഥമുള്ള മസഹ എന്ന പദത്തില്‍ നിന്നാണ് മസീഹ് എന്ന പദമുണ്ടായത്.  സ്പര്‍ശിച്ചവന്‍ സ്പര്‍ശിക്കപ്പെട്ടവന്‍ എന്നൊക്കെയാണ് ആ പദത്തിന്‍റെ അര്‍ത്ഥം വരുന്നത്. അല്ലെങ്കില്‍ സഞ്ചരിക്കുക എന്നര്‍ഥമുള്ള സാഹ എന്ന പദത്തില്‍ നിന്നുള്ള വ്യല്‍പത്തിയാണത്. അതിനാല്‍ മസീഹ് എന്ന പദത്തിന് തടവിയവന്‍, തടവപ്പെട്ടവന്‍, സഞ്ചരിക്കുന്നവന്‍ എന്നെല്ലാം മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കാം  . 

ഭൂമിയില്‍ മുഴുവന്‍ സഞ്ചരിച്ചവന്‍ എന്ന ഉദ്ധേശ്യത്തില്‍ ഭൂമിയെ സ്പര്‍ശിച്ചവന്‍ എന്നാണ് പലരും അതിന് പറയുന്ന അര്‍ത്ഥം. കാല്‍പാദത്തിലെ ഉള്‍ഭാഗമില്ലായിരുന്നുവെന്നും അതിനാല്‍ പാദങ്ങള്‍ സമമായി തടവപ്പെട്ടവരാണെന്നതിനാല്‍ ആണ് മസീഹ് എന്ന് പേര് വന്നതെന്ന അഭിപ്രായവുമുണ്ട്. ഈസാ നബി (അ)ക്കും ദജ്ജാലിനും പ്രയോഗിക്കപ്പെടുന്നത് ഒരേ പദം തന്നെയാണ്, ഈ രണ്ട് അര്‍ത്ഥവും രണ്ട് പേര്‍ക്കും വെക്കാവുന്നതുമാണ്. ദജ്ജാലിന്‍റെ ഒരു കണ്ണ് അന്ധമാണെന്നതിനാല്‍ ഒരു കണ്ണ് തടവപ്പെട്ടവന്‍ എന്നതാണ് ഉദ്ദേശ്യമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. 

ഈസാ നബിക്ക് മസീഹ് എന്ന പേരു ലഭിക്കാനുള്ള വിവിധ കാരണങ്ങള്‍ മുഫസ്സിറുകള്‍ വിശദീകരിക്കുന്നുണ്ട്. ചുറ്റി സഞ്ചരിക്കുന്ന സ്വഭാവമുള്ളതിനാലാണെന്നും അതല്ല കാല്‍പദം നിരന്ന രൂപത്തിലായതിനാലാണെന്നും അതല്ല രോഗ ബാധിതരായവരെ തടവിയാല് അവര്‍ സുഖം പ്രാപിക്കുന്നതിനാലാണെന്നും അഭിപ്രായങ്ങളുണ്ട്. രാജാവ്, എണ്ണ പുരട്ടപ്പെട്ട് പ്രസവിക്കപ്പെട്ടവന്‍ തുടങ്ങി വേറെയും ചില അഭിപ്രായങ്ങളും കാണാവുന്നതാണ്. ഹിബ്രൂ ഭാഷയില്‍ മെസിയെഹ് / മെഷീഹ എന്നാല്‍ എണ്ണതേച്ചവന്‍ എന്നും രാജാവു് എന്നും അര്‍ഥം ഉണ്ട്. ഈ പദത്തിന്‍രെ ഗ്രീക്കു വിവര്‍ത്തനമാണത്രെ ക്രൈസ്ത് എന്ന പദം. ദജ്ജാലിന്‍റെ ഒരു കണ്ണ് തുടച്ചു മാറ്റപ്പെട്ടവനായതു കൊണ്ടാണ് മസീഹ് എന്ന പേരിലറിയപ്പെടുന്നത്. അതല്ല ദജ്ജാല്‍ ലോകം മുഴുവന് ചുറ്റി സഞ്ചരിച്ച് തന്റെ സഖ്യത്തിലേക്ക് ആളെ ചേര്ക്കുമെന്നുമെന്നതിനാലണാ നാമം ലഭിച്ചതെന്നും അഭിപ്രയാമുണ്ട്. മക്കയും മദീനയും അല്ലാത്ത എല്ലാസ്ഥലങ്ങളിലേക്കും എത്താനുള്ള കഴിവ് അല്ലാഹു നല്‍കും അത്ഉപയോഗിച്ച് ഈമാന് കുറവുള്ളവരെയും ജൂതന്മാരേയും തന്റെ കൂടെ നിർത്തുകയും ചെയ്യും.

ഈസ നബിയും ഈ താക്കീത്‌ നൽകിയതിനാലാകാം, കാലങ്ങളായി ക്രൈസ്തവരും ദജ്ജാലിനെ മറ്റൊരു പേരിൽ വിശ്വസിച്ചു വരുന്നുണ്ട്‌. ക്രിസ്തുവിന്റെ എതിരാളി എന്ന അർത്ഥത്തിൽ “Antichrist ” എന്നാണു ക്രൈസ്തവർ ദജ്ജാലിനെ വിളിക്കുന്നത്‌. എന്നാൽ മ റ്റ്‌ പ്രവാചകന്മാർ പഠിപ്പിച്ചതിനേക്കാൾ കുടുതൽ ദജ്ജാലിനെ കുറിച്ച്‌ മുഹമ്മദ്‌ നബിയാണു പഠിപ്പിച്ചത്‌. നബി (സ) പറഞ്ഞു :

“നിശ്ചയം , ഞാൻ അവനെക്കുറിച്‌ നിങ്ങൾക്‌ നന്നായി വർണ്ണിച്ചു തരുന്നതാണു. എന്റെ മുമ്പ്‌ മ റ്റൊരു നബിയും അവനെ അപ്രകാരം വർണ്ണിച്ചിട്ടില്ല.”  


ദജ്ജാലിന്റെ വാസം

ഭൂമിയുടെ അതിര്‍ത്തിയില്‍ 'ഖാഫ്‌' എന്ന ഒരുപര്‍വ്വതനിരയുണ്ട്‌. അതിന്നപ്പുറം മറ്റൊരു ഭൂമിയുണ്ട്‌. അവിടെ ഒരു അജ്ഞാത സ്ഥലത്ത്‌ ദജ്ജാല്‍  ചങ്ങലയാല്‍ ബന്ധിതനാണ്‌. അവന്റെ നെഞ്ചില്‍ പര്‍വ്വത സമാനമായ വലിയ ഒരു കല്ല് വെച്ചിരിക്കുകയാണ്‌. മലയുടെ ഭാരം കൊണ്ട്‌ അവന്‌ നിവര്‍ന്നുനില്‍ക്കാന്‍ സാദ്ധ്യമല്ല. മൂര്‍ച്ചയുള്ള അതിന്‍റെ നാവുകൊണ്ട്‌ ഈ മല അവന്‍ നക്കിക്കൊണ്ടേ ഇരിക്കുന്നു. അതു ഒരാഴ്ചക്കൊണ്ടു അവന്‍ നക്കിതീര്‍ക്കും. അപ്പോഴേക്കും തല്‍സ്ഥാനത്ത്‌ വേറെ മല രൂപപ്പെടും. ആ മല രൂപപ്പെടാനുള്ള കാരണം വെള്ളിയാഴ്ച ഇസ്‌ലാം മത വിശ്വാസികൾ സൂറത്തുല്‍ കഹ്ഫ്‌ ഓതുന്നതാണ്‌. ലോകാവസാനം അടുക്കുമ്പോള്‍ മുസ്ലിംകള്‍ അധഃപതിച്ച് അവരുടെ സമ്പ്രദായങ്ങളില്‍ നിന്നൊക്കെ അകന്ന്‌ ജീവിക്കാന്‍ തുടങ്ങിയാല്‍ അവന്‍ ചങ്ങലപൊട്ടിച്ച്‌ ഭൂലോകത്ത്‌ താണ്ഡവം ആരംഭിക്കാന്‍ തുടങ്ങും. അവന്‍ ഒറ്റക്കണ്ണനായിരിക്കും. വലതുകണ്ണ്‌ അന്ധമായിരിക്കും. ഇടത്‌ കണ്ണിന്‌കൂടുതല്‍ പ്രകാശം ഉണ്ടായിരിക്കും. അവന്‍റെ പക്കല്‍ അപ്പത്തിന്‍റെ മലകളും മദ്യത്തിന്‍റെ അരുവികളും ഉണ്ടാകും. വലതു കൈയില്‍ നരകവും ഇടതു കൈയില്‍ സ്വര്‍ഗ്ഗവും ഉണ്ടാകും. വിശ്വാസികള്‍ക്ക്‌ അവന്‍റെ സ്വര്‍ഗ്ഗം നരകമായും നരകം സ്വര്‍ഗ്ഗമായും അനുഭവപ്പെടും. അവന്‍ മഗ്‌രിബില്‍ നിന്ന്‌ (പടിഞ്ഞാറു അതിര്‍ത്തിയില്‍ നിന്ന്‌) സംസാരിച്ചാല്‍ മശ്‌രിക്കില്‍ കേള്‍ക്കും. (പൂര്‍വ്വാതിര്‍ത്തിയില്‍ കേള്‍ക്കും). അവന്‍റെ ഒരു പാദം മഗ്‌രിബിലാണെങ്കില്‍ മറ്റെ പാദം മശ്‌രിഖിലായിരിക്കും. അവന്‍റെ പിന്നാലെ ഭൂമിയിലെ നിക്ഷേപങ്ങള്‍ പിന്തുടരും; റാണിയെ മറ്റു തേനീച്ചകള്‍ പിന്തുടരുന്നത്‌ പോലെ. അവന്‍റെ നെറ്റിയില്‍ 'ക.ഫ. റ' എന്ന്‌എഴുതിയിട്ടുണ്ടാകും. അക്ഷരജ്ഞാനമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അതുവായിക്കാന്‍ സാധിക്കും. അവന്‍ ആകാശത്തോടു മഴ വര്‍ഷിപ്പിക്കാന്‍ ആജ്ഞാപിച്ചാല്‍ ആകാശം മഴ വര്‍ഷിപ്പിക്കും. മരിച്ചവരെ ജീവിപ്പിക്കും. ഭൂമിയോട്‌ മുളപ്പിക്കാന്‍ പറഞ്ഞാല്‍ അതു മുളപ്പിക്കും


ദജ്ജാൽ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ 

ഹദിസിൽ നിന്നും മനസ്സിലാകുന്നത്‌ അന്ത്യനാളിൽ പ്രത്യക്ഷപ്പെടുമെന്ന് നബി (സ) പറഞ്ഞ “ദജ്ജാൽ” വളരെ കാലങ്ങളായി (ഇപ്പോളും ) ഏതോ ഒരു അജ്ഞാത ദ്വീപിൽ ജീവിച്ചിരിക്കുന്നു എന്നാണ് !!!. ഇതിനുള്ള തെളിവ്‌ ഇമാം മുസ്‌ലിം (റഹ്), ഫാതിമ ബിൻ ത്‌ ഖൈസ്‌ (റ) എന്ന സഹാബി വനിതയിൽ നിന്നുദ്ധരിച്ച സുദീർഘമായ ഒരു ഹദീസാണ്. ഇതിന്റെ ഉള്ളടക്കം ഇങ്ങനെ :

തമീമുദ്ദാരി എന്ന സഹാബി ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ്‌ മറ്റ്‌ ചില ആളുകളോടൊപ്പം ഒരിക്കൽ ഒരു കപ്പൽ യാത്ര നടത്തുകയുണ്ടായി. ആ യാത്രക്കിടെ കൊടുംകാറ്റും തിരമാലകളും അവരുടെ കപ്പലിനെ ദിശ തിരിച്ച്‌ വിടുകയും അവർ അജ്ഞാതമായ ഏതോ ഒരു ദ്വീപിലെത്തിപ്പെടുകയും ചെയ്യുന്നു. അവിടെ അവർ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത 2 ഭീകര ജീവികളെ കണ്ടുമുട്ടുന്നു. ആദ്യം കണ്ട ജീവിയുടെ പേര് “ജസ്സാസ” എന്നാണ്. അതിന്റെ ശരീരം മുഴുവൻ രോമം കൊണ്ട്‌ മൂടിയിരുന്നു. ജസ്സാസ തമീമുദ്ദാരിയോടും സംഘത്തോടും അധികം സംസാരിക്കുന്നതിനു പകരം കുറച്ച്‌ അകലെയുള്ള മറ്റൊരു വ്യക്തിയെ പോയിക്കാണാൻ പറയുന്നു. അങ്ങനെ ആ സംഘം അവിടെ പോയപ്പോൾ മറ്റൊരു ഭീകര രൂപിയെ കാണുന്നു. അവനാകട്ടെ ശരീരം ചങ്ങലകളിൽ ബന്ധിക്കപ്പെട്ട അവസ്ഥയിലാണ്. ( അവനാണു ദജ്ജാൽ ) തുടർന്നുള്ള സംഭാഷണം കാണുക :

(യാത്രാ സംഘം) : ” നിനക്ക്‌ നാശം ; ആരാണു നീ ? ”

(ഭീകര രൂപം) : “ഞാൻ ആരണെന്ന് നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും , അതിനുമുമ്പ്‌ നിങ്ങളാരാണെന്ന് പറയുക ”

(യാത്രാ സംഘം) : ” ഞങ്ങൾ ഒരു കപ്പൽ യാത്രയിലായിരുന്നു. അതിനിടെ തിരമാലകൾ ഞങ്ങളുടെ കപ്പലിനെ ആടിയുലച്ചു ഒരു മാസത്തോളം , അവസാനം ഞങ്ങളിവിടെ എത്തിപ്പെട്ടു. ”

(ഭീകര രൂപം) : ” എന്താണു ‘ബീസാനിലെ ഈത്തപ്പനകളുടെ അവസ്ഥ ?, അവയിൽ പഴങ്ങളുണ്ടോ ?”

(യാത്രാ സംഘം ) : ” അതെ, അവയിൽ പഴങ്ങൾ പൂക്കുന്നുണ്ട്‌ ”

(ഭീകര രൂപം) : ” എന്നാൽ അടുത്ത്‌ തന്നെ അവയിൽ പഴങ്ങളുണ്ടാകുന്നത്‌ നിന്നുപോകും” ; എന്താണു ‘തിബ്‌രീസ്‌ ‘ തടാകത്തിന്റെ നില ? അതിൽ ഇപ്പോൾ വെള്ളമുണ്ടോ ?”

(യാത്ര സംഘം ): ” അതെ, വെള്ളമുണ്ട്‌ ”

(ഭീകര രൂപം) : ” എന്നാൽ അടുത്ത്‌ തന്നെ അതിലെ വെള്ളം വറ്റും !!” . എന്താണു ‘ സുഗാറിലെ ‘ അരുവിയുടെ നില ? അതിൽ വെള്ളമുണ്ടോ ? ആളുകൾ അതിൽ നിന്ന് ജലസേചനം നടത്തുന്നുണ്ടോ ? ”

(യാത്ര സംഘം ) : ” അതെ, അതിൽ ധാരാളം വെള്ളമുണ്ട്‌ ”

[ഈ 3 പ്രദേശങ്ങളും ഇന്നത്തെ ഫലസ്തീൻ ജോർഡാൻ പരിസരങ്ങളിലുള്ളതാണ് ]

(ഭീകര രൂപം) : ” എന്താണു അറേബ്യയിലെ നിരക്ഷരനായ പ്രവാചകന്റെ അവസ്ഥ ?”

( യാത്രാ സംഘം ): ” അദ്ദേഹം ഇപ്പോൾ മക്കയിൽ നിന്നും യസ്‌രിബിലേക്ക്‌ (മദീനയിൽ) പോയി. അദ്ദേഹം അറബികളെ അതിജയിക്കുകയും അവർ അദ്ദേഹത്തെ പിൻ പറ്റുകയും ചെയ്യുന്നു.

(ഭീകര രൂപം): ” അദ്ദേഹത്തെ പിൻ പറ്റിയാൽ അവർക്ക്‌ നല്ലത്‌ “.

“ഇനി ഞാൻ എന്നെക്കുറിച്ച്  പറയാം. തീർച്ചയായും ഞാനാണു അൽ-മസീഹ്‌ (ദജ്ജാൽ) .എനിക്ക്‌ പുറപ്പെടാനുള്ള അനുവാദം നൽകപ്പെടാനും ഞാൻ പുറപ്പെടുവാനുമുള്ള സമയാമായിരിക്കുന്നു. ഞാൻ ഭുമിയിൽ 40 നാളുകളിലായി സഞ്ചരിക്കും. അതിൽ ഞാൻ ചെല്ലാതെ ഒരു ഗ്രാമവും ഒഴിവാകുകയില്ല , മക്കയും മദീനയുമൊഴികെ; അവ രണ്ടും എനിക്ക്‌ നിഷിദ്ധമാണ് . അവ രണ്ടിലൊന്നിൽ ഞാൻ പ്രവേശിക്കാനുദ്ദേശിക്കുമ്പോഴെല്ലാം ഊരിപ്പിടിച്ച വാളുമായി ഒരു മലക്ക്‌ എന്നെ അഭിമുഖീകരിക്കുകയും അതിൽ നിന്ന് എന്നെ തടുക്കുകയും ചെയ്യും. നിശ്ചയം അതിലെ ഓരോ പാഥകളിലും അതിനെ കാക്കുന്നതായ മലക്കുകളുണ്ടായിരിക്കും ”

(ഇമാം മുസ്‌ലിം റഹുമഹുല്ലാഹ് സഹീഹിൽ ശേഖരിച്ച നബി (സ്വ) വചനം) 


ദജ്ജാലിനെ നിഷേധിക്കുന്നവർ

അന്ത്യദിനത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ്‌ മസീഹ്‌ ദജ്ജാല്‍. ആദമിന്റെ സന്തതികളില്‍ ഒരാള്‍ തന്നെയാണ് ‌ദജ്ജാല്‍ പക്ഷെ മറ്റ്‌ മനുഷ്യർക്കില്ലാത്ത കഴിവുകളുളള ഈ മനുഷ്യൻ ‌ ജനങ്ങളുടെ വിശ്വാസത്തെ പരീക്ഷിക്കാനുള ളകഴിവുകളുണ്ട്‌. 

ഖിയാമത് നാളിന് മുമ്പ് വരാനിരിക്കുന്ന ഏറ്റവും വലിയ പരീക്ഷണമാണ് മസീഹുദാജ്ജാലിന്റെ ആഗമനം. ദജ്ജാലിനെയും അവന്റെ വരവിനേയും നിഷേധിക്കുന വിഭാഗം മുസ്ലീങ്ങൾക്കിടയിലുണ്ട് .ദജ്ജാല്‍ എന്നൊരാള്‍ വരില്ലെന്നും ലോകത്ത് തോന്നിവാസങ്ങളും കള്ളത്തരങ്ങളും സംഭവിക്കും എന്നതിനു പ്രതീകാത്മകമായി പറഞ്ഞതാണ് എന്നെല്ലാം യുക്തിപരമായി ദുർ വ്യാഖ്യാനിക്കുന്നവരും, ദജ്ജാല്‍ വരും എന്ന് വിശ്വസിക്കൽ നിർബന്ധമുള്ള കാര്യമല്ല, അതുമായി ബന്ധപ്പെട്ട ഹദീസുകള്‍ ബലമില്ലാത്തതും ഒറ്റപ്പെട്ടതുമാണ് എന്നിങ്ങനെ ഹദീസുകളെയും ദജ്ജാലിനെയും നിഷേധിക്കുന്നവരും ഉണ്ട് .ഈ രണ്ടു വിഭാഗത്തിന്റെമയും വാദങ്ങള്‍ ഫലത്തില്‍ ഒന്നുതന്നെയാണ്. രണ്ടു വിഭാഗവും സത്യത്തില്‍ നിന്ന് ബഹുദൂരം പിഴച്ചവരുമാണ്.

നബി(സ) ദജ്ജാലിന്റെ സ്വഭാവഗുണങ്ങള്‍ വിവരിക്കുകയും അവന്റെ തിന്മയില്‍ രക്ഷതേടാനുളള പ്രാർത്ഥനകൾ പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.


ഈ ഹദീസിനെ കുറിച്ച്‌ ഹാഫിദ്‌ ഇബ്നുഹജർ (റ) പറഞ്ഞു :

“ഇമാം മുസ്‌ലിം ഉദ്ധരിച്ച ഈ ഹദിസിന്റെ ഉദ്ദേശം ദജ്ജാൽ നബിയുടെ കാലത്ത്‌ ത ന്നെ ഉണ്ടായിരുന്നു എന്നും അവൻ ഒരു ദ്വീപിൽ തടയപ്പെട്ടവനായിരുന്നു എന്നുമാണു ”(ഫത്‌ഹുൽ ബാരി- 13 / 114)


ദജ്ജാൽ പുറപ്പെടുന്ന സമയം

1. തമീമുദ്ദാരി (റ) യും കൂട്ടരും ദജ്ജാലിനെ കാണുകയും സംസാരിക്കുകയും ചെയ്ത കാര്യം നാം വായിച്ചല്ലോ. ആ സംഭാഷണത്തിൽ തന്നെ ദജ്ജാൽ എപ്പോൾ പുറപ്പെടുന്ന സമയത്തെ കുറിച്ച്‌ സുചനയുണ്ട്‌. ദജ്ജാൽ ചോദിച്ച ചോദ്യങ്ങൾ ഇവയായിരുന്നു :

‘ബിസാനിലെ ‘ ഈത്തപ്പനകൾ ഇപ്പോൾ കായ്ക്കുന്നുണ്ടോ ?

‘തിബ്‌ രീസ്‌ ‘ തടാകത്തിലെയും ‘സുഗാർ’ തടാകത്തിലെയും വെള്ളം വറ്റിയോ 

അതെ, മുകളിൽ പറഞ്ഞവയൊക്കെ നിന്നു പോയാൽ ദജ്ജാലിനു പുറപ്പെടാനുള്ള സമയമായി.

2. ദജ്ജാൽ പുറപ്പെടുന്ന സമയത്തെ കുറിച്ച്‌ ഹദിസിൽ വന്ന മറ്റൊരു സൂചന മുസ്‌ലിംകൾ റോമക്കാരുമായുള്ള യുദ്ധമാണ് . അതിൽ മുസ്‌ലിംകൾ ജയിക്കുകയും അപ്പോൾ ദജ്ജാൽ പുറപ്പെടുകയും ചെയ്യും. ആ ഹദിസിന്റെ പ്രസ്തുത ഭാഗം കാണുക :

“അവർ ( മുസ്‌ലിംകൾ) യുദ്ധത്തിൽ കിട്ടിയ സ്വത്തുകൾ വീതിച്ചെടുക്കവെ , അവരുടെ അടുക്കൽ ഒരാൾ വന്ന് ഇപ്രകാരം വിളിച്ച്‌ പറയും : ” നിശ്ചയം ദജ്ജാൽ പുറപ്പെട്ടിരിക്കുന്നു.” ; അതോടെ അവർ എല്ലാം ഉപേക്ഷിച്ച്‌ മടങ്ങും (ഇമാം ഹാകിം ഉദ്ധരിച്ച ഹദിസിന്റെ ഭാഗം – സഹീഹാണ്  )

പുറപ്പെടാനുള്ള കാരണം അവനുണ്ടാകുന്ന “കോപം / ദേഷ്യം ” :

“അവനുണ്ടാകുന്ന കോപം കാരണമാണവൻ പുറപ്പെടുക” (ഇമാം മുസ്‌ലിം സഹീഹിൽ ശേഖരിച്ച നബിവചനം )


ദജ്ജാലിന്റെ രൂപം

നബി (സ) : ” നിശ്ചയം , അവൻ യുവാവാണു,  നന്നായി  ജഡകുത്തിയ  മുടിയുള്ളവൻ.  കണ്ണു  ഉന്തി  നിൽകുന്നവൻ , ഞാൻ  അയാളെ  താരതമ്യം  ചെയ്യുന്നത്‌  (ഖുസ അ – ഗോത്രത്തിലെ)  അബ്ദുൽ ഉസ്സ ബിനു  ഖതാനോടാണ്

ദജ്ജാല് എന്ന പദപ്രയോഗം വരാൻ കാരണം ഭൂമിയില്‍ മുഴുവന്‍ സ്പർശിച്ച്‌‌ സഞ്ചരിക്കുന്നത്‌ കൊണ്ടാണെന്നും അഭിപ്രായമുണ്ട്‌. മുഖത്തിന്റെ ഒരു ഭാഗത്ത്‌ കണ്ണും കൺ പുരികവും ഇല്ലാത്തതു കൊണ്ടാണെന്നും പറയപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ദജ്ജാല്‍ എന്ന പദത്തിന്റെ നിഷ്‌പത്തിയായ ദജല എന്ന വാക്കിന്റെ അർഥം കളവ്‌ കുതന്ത്രം എന്നൊക്കെയാണ്‌. ദജ്ജാലിന്‌ ഒരുകണ്ണ്‌ മാത്രമാണെന്ന്‌ ഹദീസുകളില്‍ വന്നിട്ടുണ്ട്‌.

നബി (സ): ” നിശ്ചയം  മസീഹുദ്ദജ്ജാൽ  ഉയരം  കുറഞ്ഞവനും  വളഞ്ഞ  കാലുകളുള്ളവനും,  ജഡ  കുത്തിയ  മുടിയുള്ളവനും,  ഒറ്റക്കണ്ണനുമാണ്

നബി (സ): പറയുന്നു ” ….ഉയർന്ന  നെറ്റിത്തടവും  വീതിയുള്ള  മാറുള്ളവനും  കൂനുള്ളവനുമാണവൻ ”

മുഹമ്മദ് ‌നബി (സ) മാത്രമല്ല,ലോകത്ത് വന്ന എല്ലാ അമ്പിയാക്കന്മാരും മസീഹു ദജ്ജാലിനെകുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവിടുന്ന് അരുളി: “കള്ളനും ഒറ്റകണ്ണനും ആയവനെ പറ്റി താക്കീത് നൽകാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. അവന്‍ ഒറ്റക്കണ്ണന്‍ ആണ്, നിങ്ങളുടെ നാഥന്‍ ഒറ്റക്കണ്ണനല്ല അവന്റെ ഇരു കണ്ണുകളിലും ‘കഫറ’ (കാഫിര്‍ ) എന്ന് എഴുതപ്പെട്ടിരിക്കും ” (ബുഖാരി ,മുസ്ലിം റഹ് )”

നബി(സ) പറഞ്ഞു: ദജ്ജാല്‍ ഒരു കണ്ണ്‌തുടച്ച്‌ നീക്കപ്പെട്ട കോങ്കണ്ണനാണ്‌. കണ്ണുകൾക്കിടയിൽ കാഫിര്‍ എന്ന്‌ എഴുതിയിരിക്കും എഴുതാനറിയുന്നവരും അല്ലാത്തവരുമായ വിശ്വാസികൾക്ക്  അത്‌ വായിക്കാനാകും. (അഹ്‌മദ് റഹ്‌)

ഹിശാം ബിന്‍ ആമിര്‍ പറഞ്ഞു: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. ആദമിന്റെ സൃഷ്‌ടിപ്പ്‌ മുതല്‍ അന്ത്യദിനം വരെ ദജ്ജാലിനെക്കാള്‍ വലിയ ഒരു കുഴപ്പവുമില്ല. (ത്വബറാനി). 

അല്ലാഹു ഒറ്റക്കണ്ണനല്ല, അറിയുക മസീഹുദജ്ജാല്‍വലതുഭാഗത്ത്‌ കാഴ്ചയില്ലാത്തവനാണ്.വെള്ളത്തില്‍ പൊങ്ങി ക്കിടക്കുന്ന മുന്തിരിപോലെ തുറിച്ചു നില്ക്കുന്ന കണ്ണാണ് അവന്‍റെത് ” (ബുഖാരി ,മുസ്ലിം റഹ് )

ദജ്ജാല്‍ പുറപ്പെടുന്നതിന്‌ മുമ്പുളള വർഷങ്ങളിൽ ക്ഷാമവും വരൾച്ചയുമായിരിക്കും.


വിവിധ  ഹദിസുകളിലുടെയായി   ദജ്ജാലിന്റെ  ശരീരപ്രകൃതി  നബി (സ) പറഞ്ഞു  തന്നതിന്റെ  രത്‌നച്ചുരുക്കം ഇവയാണ് :

ഉയരം  കുറഞ്ഞവനും, ജഡ കുത്തിയ ( ധാരാളം )  മുടിയുള്ളവനും , ചുവപ്പ്‌  നിറമുള്ള  ശരീരവും , പരന്ന  നെറ്റിയും  വിശാലമായ  നെഞ്ചുമുള്ളവനും , വളഞ്ഞ  കാലുകളും,ചെറുതായി കൂനുള്ളവനും ,രണ്ട്‌  കണ്ണുകളിൽ  വലത്‌  കണ്ണിനു  കാഴ്ച  കുറവും,  അത്‌  ഒരു  “മുന്തിരി”  പോലെ  പുറത്തേക്ക്‌  ചെറുതായി തള്ളി  നിൽക്കുന്നതും,  വലത്‌  കണ്ണാകട്ടെ,  ഒരു  മാംസക്കഷ്ണം കൊണ്ട്‌ മൂടപ്പെട്ടതും , അവന്റെ   ഇരു  കണ്ണുകൾകിടയിൽ   “കാഫിർ ”  എന്ന്  എഴുതിയിട്ടുണ്ട്‌. കൂടാതെ അവനു കുട്ടികളുമുണ്ടാകില്ല.

നബി(സ) പറയുന്നു : “നിശ്ചയം മുടി ജടകുത്തിയ ഒരു യുവാവാണവന്‍. കണ്ണ് അല്പം തുറിച്ചു നില്ക്കും. അബുല്‍ ഉസ്സയോട് സാദൃശ്യമുള്ളവനാനവന്‍‍. നിങ്ങളില്‍ ആരെങ്കിലും അവനെ കണ്ടാല്‍ സൂറത്തുല്‍ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകള്‍ ഓതികൊള്ളുക.(സൂറത്തുല്‍ കഹ്ഫിലെ അവസാനത്തെ പത്തെന്നും പറയുന്നുണ്ട്)

നബി(സ) പറഞ്ഞു: ദജ്ജാല്‍ പുറപ്പെടുന്നതിന്‌ മുമ്പ്‌ കഠിനമായ മൂന്നു വർഷങ്ങളുണ്ടാകും. അന്ന്‌ ജനങ്ങൾക്ക്‌ കഠിനമായ പട്ടിണി ബാധിക്കും. ഒന്നാമത്തെ വർഷം അല്ലാഹു ആകാശത്തിനോട്‌ അതിലെ മഴയുടെ മൂന്നിലൊന്ന് ‌തടയാന്‍ ആവശ്യപ്പെടും. ഭൂമിയോട്‌ അതിലെ സസ്യങ്ങളുടെ മൂന്നിലൊന്ന്‌ തടയാന്‍ ആവശ്യപ്പെടും. രണ്ടാമത്തെ വർഷം ആകാശത്തോട്‌ അതിലെ മഴയുടെ മൂന്നില്‍ രണ്ട്‌ തടഞ്ഞ്‌ വെക്കാന്‍ കല്പിക്കും. ഭൂമിയോട്‌ അതിലെ സസ്യങ്ങളിലെ മൂന്നില്‍ രണ്ട്‌ തടഞ്ഞ്‌ വെക്കാന്‍ കല്പിക്കും. മൂന്നാമത്തെ വർഷം മഴ മുഴുവനായും തടയാന്‍ കല്പി്ക്കും. അപ്പോള്‍ ഒരുതുളളി വെളളംപോലും കിട്ടുകയില്ല. ഭൂമിയോട്‌ മുഴുവന്‍ സസ്യങ്ങളെയും തടഞ്ഞ്‌ വെക്കാന്‍ കല്പിക്കും. അപ്പോള്‍ ഒരു പച്ചപ്പും മുളക്കുകയില്ല. അപ്പോള്‍ കുളമ്പുളളവയെല്ലാം നശിക്കും. അല്ലാഹു ഉദ്ദേശിച്ചത്‌ ഒഴികെ. അപ്പോള്‍ ചോദിക്കപ്പെട്ടു. ജനങ്ങള്‍ അക്കാലത്ത്‌ എങ്ങിനെയാണ്‌ ജീവിക്കുക. അപ്പോള്‍ നബി (സ) പറഞ്ഞു: തഹ്‌ലീല്‍ തക്‌ബീര്‍ തസ്‌ബീഹ്‌ തഹ്‌മീദ്‌ ഇവ അവരുടെ മേല്‍ ഭക്ഷണത്തിന്റെ സ്ഥാനത്ത്‌ ഒഴുകും. (ഇബ്‌നു മാജ റഹ് )

പിന്നീട് ഒരു പച്ചചെടിപോലും മുളക്കുകയില്ല. അല്ലാഹു ഉദ്ദേശിച്ച ചിലതൊഴികെ എല്ലാ മൃഗങ്ങളും നശിക്കും. സ്വഹാബത്ത് ചോദിച്ചു: അന്ന് ജനങ്ങള്‍ എങ്ങനെ ജീവിക്കും! നബീ(സ) പറഞ്ഞു:

لا إلاه إلا الله الله أكبر سبحا ن الله 

എന്നിവയാണ് വിശ്വാസികളെ ജീവിപ്പിക്കുന്നത്‌.

ദജ്ജാല്‍ വരുന്ന കാലമാകുമ്പോഴേക്കും ജനങൾക്ക്‌ ദജ്ജാലിനെക്കുറിച്ചുളള അറിവ്‌ പോലും ഉണ്ടായിരിക്കുകയില്ല.

നബി (സ) ദജ്ജാല്‍ വരികയില്ല ജനങ്ങള്‍ അവനെക്കുറിച്ച്‌ വിസ്‌മരിക്കുന്നത്‌ വരെ. അത്‌ പോലെ മിമ്പറുകളില്‍ വെച്ച്‌ അവനെക്കുറിച്ച്‌ പറയപ്പെടുന്നത് ഒഴിവാക്കുന്നത്‌ വരെയും. (അഹ്‌മദ് റഹ് ‌)

ജനങ്ങള്‍ ദജ്ജാലിനെ പറ്റി അശ്രദ്ധയിലാവുകയും മിമ്പറുകളില്‍ നിന്ന് ഇമാമുകള്‍ ഈ വിഷയം സംസാരിക്കുന്നത് ഉപേക്ഷിക്കുമ്പോഴും സമുദായത്തില്‍ ഭിന്നതയും ചേരിതിരിവുകള്‍ ഉണ്ടാകുകയും ദീന്‍ വളരെകുറഞ്ഞു പോവുകയും ഇടപാടുകളില്‍ തെറ്റായ സമീപനം ഉണ്ടാവുകയും ചെയ്യുന്ന കാലത്താണ് ദജ്ജാലിന്റെ ആഗമനം എന്ന് നബി (സ) മുന്നറിയിപ്പ് നല്കി. 


ദജ്ജാൽ വരുന്നതിനു മുമ്പ് ഉണ്ടാകുന്ന ആറ്‌ സംഭവങ്ങൾ.. 

നബി (സ) യുടെ വഫാത്ത് 

ബൈത്തുൽ മുഖദ്ദസിന്റെ മോചനം (സംഭവിച്ചു കഴിഞ്ഞു)

ധാരാളം ആൾക്കാർ മരണപ്പെട്ട് പോകുന്ന പ്ളേഗ് രോഗം പടർന്നു പിടിക്കൽ (മദീനയിൽ പ്ളേഗ് രോഗം പിടിപ്പെടുകയില്ല) - (AD 1347 മുതൽ 1351 കാലയളവിനുള്ളിൽ പിടിപെട്ട പ്ളേഗ് രോഗത്തിൽ 10 കോടിയിലധികം ആൾക്കാർ മരണപ്പെട്ടിട്ടുണ്ട് .

നിങ്ങൾക്കിടയിൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. 

അതുപോലെ സാമ്പത്തിക മാന്ദ്യം ഉണ്ടാകും (ഈ മാന്ദ്യം വന്നാൽ ഇത് പരിഹരിക്കപ്പെടുന്നത് ഇമാം മഹ്ദിയുടെ വരവോടു കൂടിയാണ്)

ശാമിൽ ഉണ്ടാകുന്ന വലിയ കുഴപ്പങ്ങൾ 


ദജ്ജാലും വാഹനവും 

ദജ്ജാൽ വെള്ള നിറമുള്ള കഴുതപ്പുറത്താണ് വരിക . അത് സാധാരണ വലിപ്പമുള്ള കഴുതയല്ല . അതിന്റെ ഇരു ചെവിക്കുമിടയിലുള്ള ഭാഗം എഴുപത് ബാഹ് വ്യാസമുണ്ടാകും . ഒരു ബാഹ് എന്നാൽ ഒരു മനുഷ്യന്റെ രണ്ടു തോളൻ കയ്യും അവയ്ക്കിടയിലുള്ള ഭാഗങ്ങളും അടങ്ങിയ അളവാണ്.


എവിടെ നിന്നും ദജ്ജാൽ പുറപ്പെടും 

നബി(സ) പറഞ്ഞു: ദജ്ജാല്‍ പുറപ്പെടുന്നത്‌ കിഴക്കന്‍ ദേശത്ത്‌ ഖുറാസാന്‍ എന്ന്‌ പറയുന്ന സ്ഥലത്ത്‌ നിന്നാണ്‌. കുറെ ജനവിഭാഗങ്ങള്‍ അവനെ പിൻപറ്റും, അവരുടെ മുഖങ്ങള്‍ അങ്കികളെപ്പോലെയിരിക്കും.(ഹാകിം റഹ്)

ജൂതന്മാർ നിറയെ താമസിക്കുന്ന ആധുനിക ഇറാനിലെ “ഇസ്‌ഫഹാൻ / അസ്‌ ബഹാൻ” എന്ന സ്ഥലത്ത്‌ നിന്നാകും ദജ്ജാൽ വരുക. അനസ്‌ (റ) നിവേദനം , നബി (സ) പറഞ്ഞു :

മറ്റൊരു റിപ്പോർട്ട് : ”അസ്‌ ബഹാനിലെ യഹുദിയ്യ പ്ര ദേശത്തു നിന്നും ദജ്ജാൽ പുറപ്പെടും ”

ഇവിടെ ഒരു സംശയമുണ്ടാകാം . ഒരു രിവായത്തിൽ ഇസ്ഫഹാൻ എന്നും , മറ്റൊരു റിപ്പോർട്ടിൽ ഖുറാസാൻ എന്നും കാണുന്നു . ഇത് വൈരുധ്യമാകില്ലേ എന്ന് ചിലർക്ക് തോന്നാം .

ഇത് തെറ്റിദ്ധാരണയ്ക്കു ഇട വേണ്ട . പണ്ട് ഖുറാസാൻ എന്ന വലിയ പ്രദേശത്തു തന്നെയാണ് ഇസ്ഫഹാൻ എന്ന പ്രാന്ത പ്രദേശം സ്ഥിതി ചെയ്തിരുന്നത് . ഇപ്പോൾ അത് വിഭജിച്ചു പല സ്ഥലങ്ങളായി എന്ന് മാത്രം . എന്നാലും പ്രസിദ്ധരായ മുഹദ്ധിസുകളുടെ അഭിപ്രായത്തിൽ ദജ്ജാൽ ഖുറാസാനിലാണ് ഇറങ്ങുന്നതെന്നും , ഇസ്ഫഹാൻ എന്ന പ്രദേശത്തു കൂടി കടന്നു വരുമെന്നുമാണ് . (കൂടുതൽ അറിയുന്നവൻ അല്ലാഹു)

ദജ്ജാല്‍ ലോകത്ത്‌ എല്ലായിടത്തും എത്തുമെങ്കിലും മക്കയിലും മദീനയിലും അവന്‌ പ്രവേശിക്കാനാകുകയില്ല.

നബി(സ) പറഞ്ഞു: ദജ്ജാല്‍ ചവിട്ടാത്ത ഒരു നാടുമില്ല മക്കയും മദീനയുമല്ലാതെ. അതിന്റെ ഓരോവഴിയിലും മലക്കുകകള്‍ വരിവരിയായി അതിന്‌ കാവല്‍ നില്‍ക്കും. അപ്പോള്‍ ദജ്ജാല്‍ ഉപ്പുളള പ്രദേശത്ത്‌ ചെന്ന്‌ അവിടെ തമ്പടിക്കും. (മുസ്ലിം)

ഇറാഖിന്‍റെയും സിറിയയുടെയും ഇടയിലുള്ള ഖല്ലത്തിലാണ് അവന്‍ പ്രത്യക്ഷപ്പെടുക. എന്നിട്ടവന്‍ ഇടത്തും വലത്തും കുഴപ്പമുണ്ടാക്കും. അല്ലാഹുവിന്റെ ദാസന്മാരെ , നിങ്ങള്‍ ഉറച്ചു നിൽക്കുവിൻ. ഞങ്ങള്‍ ചോദിച്ചു:അവന്‍ എത്ര കാലം ഭൂമിയില്‍ താമസിക്കും? അവിടുന്ന് പറഞ്ഞു: നാല്പതു ദിവസം. ഒരു ദിവസം ഒരു മാസവും ഒരു ദിവസം ഒരു ജുമുആ (ആഴ്ചയും) പോലെയായിരിക്കും .മറ്റുള്ള ദിവസങ്ങള്‍ നിങ്ങളുടെ സാധാരണ ദിനങ്ങള്‍ പോലെ തന്നെ. ഞങ്ങള്‍ ചോദിച്ചു അല്ലാഹുവിന്റെു ദൂതരെ (സ) ഒരു കൊല്ലത്തിനു സമാനമായ ദിവസത്തില്‍ ഒരു ദിവസത്തെ നമസ്കാരം മതിയാകുമോ? അവിടുന്ന് പറഞ്ഞു: പോരാ, നിങ്ങള്‍ കണക്കിന്‍റെ അടിസ്ഥാനത്തില്‍ നിസ്കരിക്കുക.” (മുസ്ലിം റഹ്) 

ഞങ്ങള്‍ ചോദിച്ചു (സഹാബികള്‍): അല്ലാഹുവിന്റെി ദൂതരെ (സ) അവന്റെ വേഗത എത്രയാണ്? അവിടുന്ന് പറഞ്ഞു: ഒരു മഴയെ കാറ്റ് കൊണ്ടുപോകുന്നത് പോലെ ചില ജനങ്ങളുടെ അടുത്തു ചെന്ന് അവന്‍ ക്ഷണിക്കുമ്പോള്‍ അവര്‍ അവനില്‍ വിശ്വസിക്കുകയും അവനുത്തരം നല്കുകയും ചെയ്യും. അവന്‍ ആകാശത്തോട് ആജ്ഞാപിക്കുമ്പോള്‍ അത് മഴ വർഷിപ്പിക്കും ഭൂമിയോട് ആജ്ഞാപിക്കുമ്പോള്‍ അത് സസ്യത്തെ മുളപ്പിക്കും അവരുടെ നാല്ക്കാലികള്‍ വളര്‍ന്നതും അകിടുകള്‍ നിറഞ്ഞൊഴുകുന്നതും ഊര (പുഷ്ടിച്ചു) നീണ്ട് നിവര്‍ന്നതുമായിരിക്കും.”

സുന്ദരനായ ഒരു യുവാവിനെ വിളിച്ചു വരുത്തി തന്‍റെ വാളുകൊണ്ട് അവനെ വെട്ടി രണ്ടായി പിളര്‍ത്തുകയും പിന്നീട് വിളിച്ചാല്‍ പുഞ്ചിരി തൂകിക്കൊണ്ട്‌ അവന്‍ എഴുന്നേറ്റു വരികയും ചെയ്യും. ഇപ്രകാരം അവന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ മര്‍യമിന്‍റെ (റ)മകന്‍ മസീഹിനെ അല്ലാഹു നിയോഗിക്കും. ഡമാസ്കസിന്‍റെ കിഴക്കുള്ള വെള്ള മിനാരത്തിന്‍റെ അടുത്തു രണ്ടു മലക്കിന്‍റെ ചിറകുകളില്‍ കൈവെച്ച് രണ്ടു മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് അദ്ദേഹം ഇറങ്ങിവരിക. തല താഴ്ത്തിയാല്‍ വെള്ളം തുള്ളിയായി വീഴും, ഉയര്‍ത്തിയാല്‍ മുത്തു പോലെയുള്ള വെള്ളത്തുള്ളികള്‍ അതില്‍ നിന്ന് അടര്‍ന്നു വീഴും. അദ്ദേഹത്തില്‍ നിന്ന് പുറത്തു വരുന്ന സുഗന്ധം ശ്വസിക്കുന്ന ഏതൊരു സത്യനിഷേധിയും ഉടനെ തഞ്ഞെ മരണപ്പെടാതിരിക്കുകയില്ല. അവിടുത്തെ ശ്വാസം കണ്ണെത്തുന്ന സ്ഥലം വരെ എത്തും. ദജ്ജാലിനെ അദ്ദേഹം വധിച്ചു കളയുകയും ചെയ്യും. ദാജ്ജാലിന്‍റെ തിന്‍മയില്‍നിന്ന് സംരക്ഷിക്കപ്പെട്ട ചില ആളുകളുടെ അടുത്തു ഈസാ നബി (അ) ചെന്ന് അവരുടെ മുഖത്ത് തടവിക്കൊണ്ട് സ്വര്‍ഗത്തില്‍ അവര്‍ക്കുള്ള ഉന്നത പദവികളെ കുറിച്ച് അവരോടു സംസാരിക്കും (മുസ്ലിം റഹ് )


ദജ്ജാലിന്റെ ഫിത്നകൾ

ഹാഫിദ്‌ ഇബ്നു ഹജർ (റ) പറഞ്ഞു :” അവൻ (ദജ്ജാൽ) പുറപ്പെടുകയും ശേഷം വിശ്വാസം പരിശുദ്ധിയും വാദിക്കും. പിന്നീട്‌ നുബുവ്വത്തും ( പ്രവാചകത്വം ) പിന്നീട്‌ ഉലുഹിയ്യത്തും ( ആരാധ്യത) അവകാശപ്പെടും ”(ഫത്‌ ഹുൽ ബാരി- 13/ 91)

നബി(സ) പറഞ്ഞു: അവന്റെ ഫിത്‌നയില്‍ പെട്ടതാണ്‌ അവന്റെ കൂടെ സ്വർഗ്ഗവും നരകവുമുണ്ടാകും അവന്റെ നരകം സ്വർഗ്ഗവും സ്വർഗ്ഗം നരകവുമായിരിക്കും. അവന്റെ നരകം കൊണ്ട്‌ ആരെങ്കിലും പരീക്ഷിക്കപ്പെട്ടാല്‍ അവന്‍ അല്ലാഹുവിനോട്‌ സഹായം തേടുകയും സൂറത്തുല്‍ കഹ്‌ഫിന്റെ ആദ്യഭാഗം പാരായണം ചെയ്യുകയും ചെയ്യട്ടെ. അപ്പോള്‍ അവനത്‌ തണുപ്പും സമാധാനവുമായിരിക്കും. ഇബ്രാഹിം നബിയുടെ (അ) മേല്‍ അഗ്നി ആയത്‌ പോലെ. 

നബി (സ) :  ” വല്ലവനും  ദജ്ജാലിനെ  കുറിച്ച്‌   കേട്ടാൽ  അവൻ  ദജ്ജാലിൽ  നിന്നു   അകന്ന്  നിൽകട്ടെ.  നബി (സ)  അത്‌  3 തവണ  പറഞ്ഞു.  കാരണം  ഒരു  വ്യക്തി   ദജ്ജാലിനെ  പിന്തുടർന്ന്   അവന്റെയടുക്കൽ  ചെല്ലുകയും   അവൻ  പടച്ച്‌  വിടുന്ന  ആശയക്കുഴപ്പങ്ങൾ   കാരണത്താൽ   അവൻ   സത്യവാനാണെന്ന്  ധരിക്കുകയും   ചെയ്യും. ”

ദജ്ജാൽ  വന്നുവെന്ന്   കേട്ടാൽ   എല്ലാവരും  കുടി   ദജ്ജാലിനെ  കാണാൻ  ഓടുകയാവും  .  എന്നാൽ  നബി (സ്വ) നമ്മോട്‌  പറഞ്ഞത്‌  “നിങ്ങളങ്ങോട്ട്‌  പോകരുത്‌ ”  എന്നാണു.   കാരണം   അവന്റെ  അടുത്ത്‌  വന്നവരെ   അവൻ  ശക്തമായി  (വിശ്വാസപരമായും  അല്ലാതെയും ) പരീക്ഷിക്കും.

അവന്റെ ഫിത്‌നയില്‍ പെട്ടതാണ്‌ ഒരു അഅ്‌റാബിയോട്‌ അവന്‍ ചോദിക്കും ഞാന്‍ നിന്റെ മാതാവിനെയും പിതാവിനെയും പുനർ ജീവിപ്പിച്ചാല്‍ നീ എന്നെക്കുറിച്ച്‌, ഞാന്‍ നിന്റെ രക്ഷിതാവാണെന്ന്‌ സാക്ഷ്യം വഹിക്കുമോ? 

അപ്പോള്‍ അവന്‍ പറയും , അതെ. അപ്പോള്‍ രണ്ട്‌ പിശാചുക്കള്‍ അവന്റെ പിതാവിന്റെയും മാതാവിന്റെയും രൂപം പ്രാപിക്കുകയും അവനോട്‌ ഇപ്രകാരം പറയുകയും ചെയ്യും. മകനെ നീ ഇവനെ പിൻപറ്റുക. ഇത്‌ നിന്റെ രക്ഷിതാവാണ്‌. 

ഉമ്മുശരീക്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു. ജനങ്ങൾ ദജജ്ജാലിന്റെ ഉപദ്രവത്തിൽ നിന്ന് പർവ്വതങ്ങളിലേക്ക്  ഓടി രക്ഷപ്പെടും. (മുസ്‌ലിം റഹ് )  

അവന്റെ ഫിത്‌നയില്‍ പെട്ടതാണ് ,‌ഒരാളെ പിടിക്കുകയും അവനെ വധിക്കുകയും വാള്‌കൊണ്ട്‌ പിളർത്തുകയും ചെയ്യും. എന്നിട്ട്‌ പറയും നോക്കൂ ഞാന്‍ എന്റെ ദാസനെ പുനർ ജീവിവിപ്പിക്കുകയാണ്‌ എന്നിട്ടും അവന്‍ അവന്‌ ഞാനല്ലാതെ ഒരു രക്ഷിതാവുണ്ടെന്ന് ‌വാദിക്കുന്നു. പിന്നീട്‌ അല്ലാഹു അവനെ പുനർജീവിപ്പിക്കും. അപ്പോള്‍ ദജ്ജാല്‍ അവനോട്‌ ചോദിക്കുന്നു നിന്റെ രക്ഷിതാവ്‌ ആരാണ്‌ ? അപ്പോളവൻ പറയും എന്റെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ നീ അല്ലാഹുവിന്റെ ശത്രുവായ ദജ്ജാലാണ്‌.

സത്യവിശ്വാസികളില്‍ ഒരാള്‍ ദാജ്ജാലിന്‍റെ നേരെ തിരിയും. അപ്പോള്‍ ദാജ്ജാലിന്‍റെ അനുയായികള്‍ അദ്ദേഹത്തെ നേരിട്ട് കൊണ്ട് ചോദിക്കും നീ ആരെയാണ് ഉദ്ദേശിക്കുന്നത്? അവന്‍ പറയും: അടുത്തതായി രംഗത്തു വന്നവനാണ് എന്‍റെ ലക്‌ഷ്യം. അവര്‍ പറയും, നങ്ങളുടെ രക്ഷിതാവില്‍ നീ വിശ്വസിക്കുന്നില്ലേ? അവന്‍ പറയും: നങ്ങളുടെ രക്ഷിതാവില്‍ യാതൊരു അവ്യക്തതയുമില്ല. അവന്‍ പറയും: ഇവനെ വധിച്ചു കളയുവിന്‍. അപ്പോള്‍ അവരില്‍ ചിലര്‍ ചിലരോട് പറയും: നമ്മുടെ രക്ഷിതാവിന്‍റെ(ദാജ്ജാലിന്‍റെ) അസാന്നിധ്യത്തില്‍ ആരെയും വധിക്കരുതെന്ന് നമ്മുടെ രക്ഷിതാവ് വിരോധിചിട്ടില്ലേ? 

തദവസരം അവനെയും കൊണ്ട് അവര്‍ ദാജ്ജാലിന്‍റെ സന്നിധിയിലേക്ക് പോകും. സത്യവിശ്വാസി അവനെ കാണുമ്പോള്‍ പ്രഖ്യാപിക്കും ജനങ്ങളെ!ഇവന്‍ ദാജ്ജാലാണ്. നമ്മുടെ നബി നമ്മോട് മുന്നറിയിപ്പ് നല്‍കിയവന്‍. അപ്പോള്‍ ദജ്ജാല്‍ കല്‍പിക്കും അവനെ പിടിച്ചുകെട്ടി തല്ലിത്തകര്‍ത്തു വയറും മുതുകും അടിച്ചുപരത്തി വികൃത രൂപമാക്കുവിന്‍ .എന്നിട്ട് നീ എന്നില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് അവന്‍ ആക്രോശിക്കും. നീ തന്നെയാണ് പെരുങ്കള്ളനായ മസീഹുദജ്ജാല്‍ എന്നവന്‍ പ്രത്യുത്തരം നല്‍കും. തലമുതല്‍ കാലുകള്‍ വരെ വാളുകൊണ്ടു ഈര്‍ന്ന് പിളര്‍ക്കാന്‍ അവന്‍ കല്‍പിക്കും. എന്നിട്ട് പിളര്‍ക്കപ്പെട്ട ഭാഗങ്ങളില്‍ കൂടി നടന്നിട്ട് അവന്‍ പറയും. 

നീ എഴുന്നേല്‍ക്കൂ. അപ്പോള്‍ അവന്‍ നേരെ എഴുനേറ്റു നില്‍ക്കും ശേഷം അവന്‍ പറയും നിന്നെ സംബന്ധിച്ചുള്ള സത്യാവസ്ഥ എനിക്ക് കൂടുതല്‍ ബോധ്യപ്പെട്ടിരിക്കുന്നു. എന്നിട്ട് ആ സത്യവിശ്വാസി പറയും: മനുഷ്യരെ! എനിക്ക് ശേഷം മനുഷ്യരില്‍ നിന്നാരെയും ഇവന്നു ഇപ്രകാരം ചെയ്യാന്‍ സാധിക്കുകയില്ല, ഉടനെ ദജ്ജാല്‍ അവന്‍റെ കണ്ടാല്‍ അറുക്കുവാന്‍ വേണ്ടി പിടിക്കും അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്‍റെ പിരടി മുതല്‍ തൊണ്ടക്കുഴി വരെയുള്ള സ്ഥലം പിച്ചളയാക്കി മാറ്റും തന്നിമിത്തം അറുക്കാന്‍ അവന്നു കഴിയില്ല. അന്നേരം ദജ്ജാല്‍ അവന്‍റെ കയ്യും കാലും പിടിച്ചുകൊണ്ടു അവനെ വലിച്ചെറിയും. ജനങ്ങള്‍ വിചാരിക്കും അഗ്നിയിലെക്കാണ്‌ അവനെ വലിച്ചെരിഞ്ഞതെന്നു. യഥാര്‍ത്ഥത്തില്‍ സ്വര്‍ഗത്തിലെക്കാണവന്‍ എറിയപ്പെട്ടത്‌.നബി(സ)പറഞ്ഞു. ഇവനാണ് രക്ഷിതാവിന്‍റെ അടുക്കല്‍ ഏറ്റവും വലിയ രക്തസാക്ഷി” (മുസ്ലിം റഹ്)

ഒരു ജനതയുടെ അടുത്ത് ചെന്ന് അവരെ അവന്‍ ക്ഷണിക്കും അവര്‍ അവന്‍റെ വാദത്തെ തിരസ്കരിക്കും .അപ്പോള്‍ അവന്‍ തിരിച്ചുപോകും പ്രഭാതമാകുമ്പഴേക്ക്  അവര്‍ക്ക് കഠിന ക്ഷാമം ബാധിക്കും. അവരുടെ ധനത്തില്‍ നിന്ന് യാതൊന്നും അവരില്‍ നിലനില്‍ക്കുകയില്ല. ഒരു വരണ്ട പ്രദേശത്തുകൂടി അവന്‍ സഞ്ചരിക്കുകയും അതിലെ നിധികളോട് പുറത്ത്‌ വരാന്‍ അവന്‍ കല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ തേനിച്ചയെ പോലെ ആ നിധികള്‍ അവനെ പിന്‍തുടരും” (മുസ്ലിം റഹ് )

നിശ്ചയം ദജ്ജാല്‍ പുറത്ത്‌ വരികതന്നെ ചെയ്യും. അവന്‍റെ കൂടെ വെള്ളവും അഗ്നിയുമുണ്ടാകും. വെള്ളമാണെന്നു തോന്നുന്നത് കരിക്കുന്ന തീയും തീയാണെന്നു തോന്നുന്നത് തണുത്ത വെള്ളവുമായിരിക്കും. നിങ്ങളാരെങ്കിലും അവനെ കണ്ടുമുട്ടുന്ന പക്ഷം അഗ്നിയായി തോന്നുന്നതില്‍ പ്രവേശിക്കുക”. (ബുഖാരി,മുസ്ലിം റഹ്)

” നിശ്ചയം  ദജ്ജാലിന്റെ  കുടെയുള്ളതിനെക്കുറിച്ച് ‌  അവനേക്കാൾ  അറിയുന്നവൻ  ഞാനാണ് .  അവനോടൊപ്പം  ഒഴുകിക്കൊണ്ടിരിക്കുന്ന  2 നദികളുണ്ട്‌.  ഒന്ന്  “കാഴ്ചയിൽ”  വെളുത്ത  വെള്ളമാണ് .  മറ്റേത്‌  “കാഴ്ചയിൽ ” ജ്വലിക്കുന്ന   തീയ്യുമാണ്.  വല്ലവനും   അത്‌  കണ്ടുമുട്ടുകയാണെങ്കിൽ   താൻ  തീയായി  കാണുന്ന   നദിയിലേക്ക്‌  ചെല്ലട്ടെ.   കണ്ണു  ചിമ്മി,  തല താഴ്ത്തി   അതിൽ  നിന്ന്  കുടിക്കട്ടെ,  കാരണം  അത്‌  തണുത്ത  വെള്ളമാണ് ”(സഹീഹു  മുസ്‌ ലിം )

( നബി (സ)  പറഞ്ഞതിനു  എതിരായി  വല്ലവനും  വെള്ളത്തിലേക്ക്‌  ചാടിയാൽ  അതവനെ  ഉപദ്രവിക്കും, കാരണം അത്‌  “തീ” ആണ് ) 

അനസ്(റ) നിവേദനം: നബി(സ) അരുളി: ദജ്ജാൽ കാൽ വെക്കാത്ത ഒരു രാജ്യവും ഇല്ല. മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സർവ്വ പ്രവേശന ദ്വാരങ്ങളിലും മലക്കുകൾ അണിയണിയായി കാവൽ നിൽക്കും. ശേഷം മദീന അതിന്റെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം കമ്പനം കൊള്ളും. അതിലുള്ള സർവ്വ സത്യനിഷേധികളേയും കപട വിശ്വാസികളേയും അല്ലാഹു പുറത്തു കൊണ്ടുവരും. (ബുഖാരി റഹ് . 3. 30. 105)

അബൂസഈദ്(റ) നിവേദനം: നബി(സ) ദജ്ജാലിനെക്കുറിച്ച് ദീർഘമായി ഞങ്ങളോട് സംസാരിച്ചു. നബി(സ) ഞങ്ങളോട് പറഞ്ഞതിൽ പെട്ടതാണ് ദജ്ജാൽ വരും. മദീനാ പ്രവേശം അവന് നിഷിദ്ധമാക്കപ്പെടും. അപ്പോഴവൻ മദീനക്കു സമീപം ഒരു ചതുപ്പ് പ്രദേശത്ത് ഇറങ്ങും. ഈ സന്ദർഭം ജനങ്ങളിൽ വെച്ച് ഉത്തമനായ ഒരാൾ ചെന്ന് പറയും. അല്ലാഹുവിന്റെ പ്രവാചകൻ (സ)  ഞങ്ങളോട് വർത്തമാനം പറഞ്ഞു. അതെ, ദജ്ജാൽ തന്നെയാണ് നീയെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അപ്പോൾ ദജ്ജാൽ പറയും: ഈ മനുഷ്യനെ ഞാൻ വധിച്ച് വീണ്ടും ജീവിപ്പിച്ചാൽ ഞാൻ പറയുന്ന കാര്യത്തിൽ നിങ്ങൾ സംശയിക്കുമോ? ഇല്ലെന്നവർ മറുപടി പറയും. ദജ്ജാൽ ആ മനുഷ്യനെ കൊന്നു വീണ്ടും ജീവിപ്പിക്കും. അപ്പോൾ ആ പുനർജനിച്ച മനുഷ്യൻ പറയും: അല്ലാഹു സത്യം. നീ ദജ്ജാലാണെന്ന കാര്യം ഇന്നത്തെപ്പോലെ മറ്റൊരിക്കലും എനിക്ക് ബോധ്യമായിട്ടില്ല. അപ്പോൾ ദജ്ജാൽ പറയും: ഞാനവനെ കൊന്നു കളയട്ടെ? പക്ഷെ അദ്ദേഹത്തെ കൊല്ലാൻ അവന് സാധിക്കുകയില്ല എന്നത്. (ബുഖാരി റഹ് . 3. 30. 106)

”മക്കയും മദീനയും ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും ദജ്ജാല്‍ പ്രവേശിക്കുന്നതാണ് .അവ രണ്ടിന്‍റെയും എല്ലാവിടവുകളിലും മലക്കുകള്‍ അണിനിരന്ന് സംരക്ഷിക്കുന്നതാണ്. എങ്കിലും മദീനയോടടുത്ത ഒരു ചതുപ്പ് ഭൂമിയില്‍ അവന്‍ ഇറങ്ങും. അപ്പോള്‍ മദീനയില്‍ മൂന്ന് പ്രകമ്പനമുണ്ടാകും അത് മൂലം എല്ലാ സത്യനിഷേധികളും കപട വിശ്വാസികളും പുറത്ത് വരപ്പെടും”. (മുസ്ലിം റഹ് )


ദജ്ജാലിന്‍റെ ഫിത്നയില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗങ്ങള്‍

ദജ്ജാലിന്‍റെ പരീക്ഷണങ്ങളില്‍ നിന്ന് അല്ലാഹുവിനോട് അഭയം തേടുക. തശഹ്ഹുദിലെ പ്രാര്‍ത്ഥന ദാജ്ജാലില്‍ നിന്ന് അഭയം തേടാനുള്ളതാണ്.

സൂറത്തുല്‍ കഹ്ഫിലെ ആദ്യ പത്ത് ആയത്തുകള്‍ ഹൃദ്ധിസ്ഥമാക്കുക ദജ്ജാലിനെ കണ്ടുമുട്ടിയാല്‍ , ഈ പത്ത് ആയത്തുകള്‍ ഒതിയാല്‍ അതവനു സംരക്ഷണം നല്‍കും.

സൂറത്തുല്‍ കഹ്‌ഫ്‌ പൂർണ്ണമായും പാരായണം ചെയ്‌താലും ദജ്ജാല്‍ അവന്റെമേല്‍ ആധിപത്യം ചെലുത്തുകയില്ല എന്നും വേറെ ഹദീസുകളില്‍ വന്നിട്ടുണ്ട്‌.

ദജ്ജാല്‍ വന്നാല്‍ അവനെ കാണാതിരിക്കുക. അവനെ കുറിച്ച് കേട്ടാല്‍ അവനില്‍ നിന്ന് മാറി നില്‍ക്കുക. കാരണം ആരെങ്കിലും അവന്‍റെ അടുത്തു പോയാല്‍ അവന്‍റെ അത്ഭുതം കണ്ടു അവനെ പിന്‍പറ്റാന്‍ സാദ്ധ്യതയുണ്ട്.

മക്കയിലോ മദീനയിലോ പോയി താമസിക്കുക. യഥാര്‍ത്ഥ വിശ്വാസികളായി കൊണ്ട് അവിടെ താമസിക്കുന്നവര്‍ക്കെ രക്ഷ ലഭിക്കുകയുള്ളൂ. 

മക്കയിലും മദീനയിലും അഭയം തേടുകയാണ്‌ മറ്റൊരു മാർഗ്ഗം. നിസ്‌കാരത്തിന്റെ അവസാനത്തില്‍ അത്തഹിയ്യാത്തില്‍ സലാം വീട്ടുന്നതിന്‌ മുമ്പായി ദജ്ജാലിന്റെ ഫിത്‌നയില്‍ നിന്ന്‌ രക്ഷതേടുന്നവരും അവന്റെ ഫിത്‌നയില്‍ നിന്ന് ‌രക്ഷപ്പെടും.

അബൂഹുറൈറ (റ) നിവേദനം_: _പ്രവാചക(സ)നരുളി: “മദീനയിൽ ദജ്ജാലിൻറ ഭീതി പ്രവശിക്കുകയില്ല. അവന്റെ വരവിന്റെ നാളിൽ മദീനക്ക് ഏഴു വാതിലുകളുണ്ടാകും. ഓരോ വാതിൽക്കലിലും രണ്ട് മലക്കുകൾ വീതം നിലയുറപ്പിച്ചിരിക്കും.” (സ്വഹീഹുൽ ബുഖാരി: 13/90. ന.7125)

അബൂഹുറയ്റ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: “മദീനയുടെ പ്രവേശന കവാടങ്ങളിൽ മലക്കുകൾ കാവൽക്കാരായുണ്ടാകും. ദജ്ജാലും പ്ളേഗും അവിടക്ക് കടക്കുകയില്ല."(സ്വഹീഹുൽ ബുഖാരി: 13/101. ന. 7123 )_


ദജ്ജാലും അനുയായികളും

തങ്ങളുടെ രക്ഷകനാണ്‌ ദജ്ജാല്‍ എന്നാണു ജൂതന്മാരുടെ വിശ്വാസം. അതിനാല്‍ അവര്‍ ഏറെ പ്രതീക്ഷയോടെയാണ് ദജ്ജാലിനെ കാത്തിരിക്കുന്നത്. ഒരു പ്രത്യേക പുതപ്പ്‌ പുതച്ചിട്ടുള്ള അസ്ബഹാനിലെ എഴുപതിനായിരത്തോളം ജൂതന്മാര്‍ അവനെ പിന്‍പറ്റുകയും അവന്‍റെ കൂടെ ഉണ്ടാവുകയും ചെയ്യും. അതില്‍ ധാരാളം സ്ത്രീകളുമുണ്ടാകും. അവരുടെ മേൽകുപ്പായം തയ്‌ലസാൻ ആയിരിക്കും

ദാജ്ജാലിന്‍റെ വധത്തോടെ ജൂതന്മാര്‍ക്ക് പരാജയം സംഭവിക്കും. ലോകം മുഴുവന്‍ അവര്‍ക്കെതിരാകും. അന്ന് ഭൂമിയിലുള്ള എല്ലാറ്റിന്റെയും പിന്നില്‍ അവര്‍ ഒളിക്കാന്‍ അവര്‍ ശ്രമിക്കും അപ്പോള്‍ കല്ലും മരവുമൊക്കെ വിളിച്ചു പറയും. ഹേ!മുസ്ലിമേ എന്‍റെ പിന്നിലിതാ ഒരു ജൂതന്‍ :വരൂ അവനെ വധിക്കൂ. “ഗര്‍ഘദ്‌ ” എന്ന മരമൊഴികെ. കാരണം അത് ജൂതന്മാരുടെ മരമാണ്. (ബുഖാരി റഹ് )

മജൂസികളും (തീ ആരാധകർ) ദജ്ജാലിനെ പിൻപറ്റുമെന്ന് ഇമാം അഹ്‌മദ്‌ ഉദ്ധരിച്ച ഒരു ഹദിസിലുണ്ട്‌. 

ദജ്ജാൽ ഈ ചതുപ്പ്‌ സ്ഥലത്ത്‌ മറുഖനാതിൽ വന്നിറങ്ങും. അപ്പോൾ അവനിലേക്ജ്‌ ഏറ്റവും കുടുതൽ പുറപ്പെടുന്നത്‌ സ്ത്രീകളായിരിക്കും ; എത്രത്തോളമെന്നാൽ ഒരാൾ തന്റെ ബന്ധു, ഉമ്മ, മകൾ, സഹോദരി, അമ്മായി എന്നിവരിലേക്ക്‌ മടങ്ങിച്ചെന്ന് അവർ ദജ്ജാലിലേക്ക്‌ പുറപ്പെടുമോ എന്നു പേടിച്ച്‌ അവരെ കയറു കൊണ്ട്‌ ബന്ധിക്കും ”


ദജ്ജാലിന്റെ ഭുമിയിലെ സഞ്ചാരം

നബി (സ) പറഞ്ഞു :” നിശ്ചയം അവൻ ഭുമിയിൽ 40 പ്രഭാതങ്ങൾ താമസിക്കും. (ഭുമിയിലെ ) എല്ലാ സ്ഥലങ്ങളിലും അവൻ എത്തും. ( എന്നാൽ ) 4 പള്ളികളോട്‌ അവൻ അടുക്കുകയില്ല. മസ്ജിദുൽ ഹറം, മസ്ജിദുന്നബവി , മസ്ജിദുത്തുർ , മസ്ജിദുൽ അഖ്‌ സ….”

തമീമുദ്ദാരി ദജ്ജാലുമായി നടത്തിയ സംഭാഷണത്തിന്റെ ഹദിസിൽ ദജ്ജാൽ ഇങ്ങനെ പറഞ്ഞതായി മുമ്പ്‌ നാം പറഞ്ഞു :“….40 രാവുകളിലായി ഞാൻ ചെന്നിറങ്ങാതെ ഒരു ഗ്രാമത്തെയും ഞാൻ വിടുകയില്ല , മക്കയും മദീനയുമൊഴിച്ച്


ദജ്ജാലും  മസ്ജിദുന്നബവിയും

ദജ്ജാൽ  മക്കയിലും  മദീനയിലും  വരുകയില്ല  എന്നു  സൂചിപ്പിച്ചല്ലോ.  എന്നാൽ   അവൻ  ഉഹ്ദ്‌   മല  വരെ വരുമെന്നും മസ്ജിദുന്നബവി  കാണുമെന്നും ഹദിസിലുണ്ട്‌.  നബി(സ) പറഞ്ഞു :ജ്ജാൽ  വരും,  അവൻ  ഉഹ്ദ്‌  പർവ്വതത്തിൽ  കയറും,  എന്നിട്ട്‌  മസ്ജിദുന്നബവിയിലേക്‌   ചൂണ്ടിക്കാണിച്ച്‌   കൊണ്ട്‌   (ഒപ്പമുള്ള) അനുയായികളോട്‌  പറയും : ‘ ആരുടേതാണു  ഈ  -“വെള്ളക്കൊട്ടാരം “- എന്നറിയുമോ ?.  അത്‌  “അഹ്‌ മദിന്റെ” ( നബിയുടെ  മ റ്റൊരു  പേർ)  കൊട്ടാരമാണു.  എന്നിട്ട്‌  അവൻ ( ദജ്ജാൽ)  മദീനയിലേക്‌    പ്രവേശിക്കാൻ  ശ്രമിക്കും.  അപ്പോൾ  അതിന്റെ  ഓരോ  കവാടത്തിലും   മലക്കുകളുണ്ടാകും…”

(ഇമാം  ഹാകിം  മുസ്‌തദ്‌റകിൽ  ശേഖരിച്ച  ഹദിസ്‌,  അദ്ദേഹം  ഇത്‌  സഹീഹാണെന്ന്  പറഞ്ഞു,  അൽപം  പദവ്യത്യാസങ്ങളോടെ  ഇമാം  അഹ്‌മദും  ഉദ്ധരിച്ചിട്ടുണ്ട്‌ )

ഈ  ഹദിസിൽ  മനോഹരമായ  വേറൊരു  അൽഭുതം  കൂടിയുണ്ട്‌.   നബി (സ) ഈ  ഹദീസ്‌   സഹാബികളെ  പഠിപ്പിക്കുന്നത്‌  മദീനയിലെ  ” ഈന്തപ്പന ” കൊണ്ട്‌  കെട്ടിയുണ്ടാക്കിയ   ചെറിയ  പള്ളിയിൽ  വെച്ചാണ്.  ” ആരുടേതാണ്  ഈ  “വെള്ളക്കൊട്ടാരം ”  എന്ന്  ദജ്ജാൽ  ചോദിക്കുമെന്ന്  നബി (സ്വ) അന്ന്  അവരെ  പഠിപ്പിച്ചത്‌   കൃത്യമാണ്.   കാരണം   ഇന്ന്  മദീനയിലെ  മസ്ജിദുന്നബവി  കാണാനവസരം   കിട്ടിയവർക്കറിയാം  അത്‌   മനോഹരമായ  ഒരു  “വെള്ളക്കൊട്ടാരം ”  തന്നെയാണ്. പ്രെത്യേകിച്ചും  രാത്രിയിൽ  അതിലെ  വിളക്കുകൾ  മുഴുവൻ   ” പ്രകാശ പൂരിതമായി”  നിക്കുമ്പോൾ..,…..

ഈന്തപ്പന  കൊണ്ടുള്ള  കൊച്ചു  പള്ളി   ഭാവിയിൽ   വെള്ളകൊട്ടാരമാകും  എന്ന  (വഹ്‌ യിലുടെയുള്ള)  നബിയുടെ (സ്വ)  പ്രവചനം  !!!!


ദജ്ജാലിന്റെ വേഗത :

കേവലം 40 ദിവസങ്ങൾ കൊണ്ട്‌ ദജ്ജാൽ എങ്ങനെ ഭുമി മുഴുവൻ സഞ്ചരിക്കും ? ചിലർക്ക്‌ ഉണ്ടാകാൻ സാധ്യതയുള്ള ഒരു സംശയമാണിത്‌. ഇതേ ചോദ്യം സഹാബികളും നബിയോട്  (സ)‌ ചോദിച്ചിട്ടുണ്ട്‌. 

“ഞങ്ങൾ (സഹാബികൾ) ചോദിച്ചു : ഭുമിയിൽ അവന്റെ വേഗത എത്രയാണ് ?”

നബി (സ) : ” കാറ്റ്‌ കൊണ്ട്‌ വരുന്ന മഴ പോലെയാണ്  ”


ദജ്ജാലിന്റെ പതനം 

നബി(സ) പറഞ്ഞു: മറിയമിന്റെ മകന്‍ ലുദ്ദ്‌ കവാടത്തിൽവ്ച്ച് ദജ്ജാലിനെ വധിക്കും. (ലുദ്ദ് ‌എന്നത്‌ ഫലസ്‌തീനിലെ ഒരു ഗ്രാമമാണ്)

ഇതിന്റെ വാക്കർത്ഥം “ലുദ്ദ്‌ കവാടം” (Gate of Lyddah ) എന്നാണു. ഈ സ്ഥലം ഇംഗ്ലീഷിൽ Lyddah” എന്നറിയപ്പെടുന്നു . ഇന്നത്തെ ഇസ്രായേലിലെ “ടെൽ അവിവിൽ ” നിന്ന് 15 കി.മി അകലെയാണു ഈ സ്ഥലം. ഇവിടെ ഇന്ന് ഒരു എയർ പോർട്ട്‌ ഉണ്ട്‌.

മുസ്ലിംകള്‍ സുബ്ഹി നിസ്‌ക്കാരത്തിനായി നില്‍ക്കുന്ന സമയത്താണ് ഈസ (അ) യുടെ ആഗമനം അദ്ദേഹത്തോട് ഇമാമത്ത് നില്‍ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം വിസമ്മതിക്കുകയും ഇമാമിനെ തുടര്‍ന്ന് നമസ്കരിക്കുകയും ചെയ്യും. ഈസ (അ) വന്നതറിഞ്ഞ് ദജ്ജാല്‍ ഭയന്ന് ഓടാന്‍ ശ്രമിക്കും. വെള്ളത്തില്‍ ഉപ്പു അലിയുന്നത് പോലെ അവന്‍ അലിഞ്ഞു ഇല്ലാതാവാന്‍ നോക്കും. എന്നാല്‍ ഈസാ (അ) അവനെ വധിക്കുകയും രക്തം പുരണ്ട വാള്‍ അദ്ദേഹം ജനങ്ങളെ കാണിക്കുകയും ചെയ്യും“ (മുസ്ലിം റഹ്)

വിശ്വാസികൾ ഈസ നബിയുടെ (അ) കീഴിൽ ഒരുമിക്കുകയും ദജ്ജാലിനെതിരെ അന്വേഷിക്കുകയും ചെയ്യും. അന്നേരം ദജ്ജാൽ “ഡമസ്‌ കസിലെ” സിറിയയിലെത്തും. 

അബുഹുറൈറ (റ) പറയുന്നു , നബി (സ) പറഞ്ഞു :” കിഴക്ക്‌ ഭാഗത്ത്‌ നിന്ന് മസീഹുദ്ദജ്ജാൽ മദീന ലക്ഷ്യമാക്കി വരും , അങ്ങനെ ഉഹ്ദിനു പിറകിൽ അവൻ വന്നിറങ്ങിയാൽ മലക്കുകൾ അവനെ “ശാമിന്റെ” നേരെ തിരിച്ചു വിടും. അവിടെ വെച്ച്‌ അവൻ നശിക്കുകയും ചെയ്യും ”

ഹദിസിൽ പറഞ്ഞ “ശാം ” എന്നത്‌ ഇന്നത്തെ സിറിയ , ജോർഡാൻ, ഫലസ്തീൻ, ഇസ്രായേൽ – തുടങ്ങിയ പ്രദേശങ്ങൾ ചേർന്നതാണ്.

”( ഈസ നബി ദജ്ജാലിനോട്‌ പറയും ) : നിശ്ചയം , നിനക്ക്‌ എന്നിൽ നിന്ന് ഒരു വെട്ടുണ്ട്‌ ; അത്‌ ലഭിക്കാതെ എന്നിൽ നിന്ന് നീ മുന്നോട്ട്‌ പോകില്ല . ( ഈസ നബി) അവനെ “ബാബുലുദ്ദിൽ ” വെച്ച്‌ പിടികുടുകയും അവനെ കൊല്ലുകയും ചെയ്യും . അതോടെ അല്ലാഹു ജൂതന്മാരെ പരാജയപ്പെടുത്തും ” 


ഈസാ നബി (അ) നെ എന്ത് കൊണ്ട് തിരഞ്ഞെടുത്തു 

എന്ത്‌ കൊണ്ട്‌ അന്ത്യനാളിന്റെ അടയാളമായും ദജ്ജാലിനെ കൊല്ലാനും പ്രവാചകന്മാരുടെ കൂട്ടത്തിൽ നിന്ന് അള്ളാഹു ഈസ നബിയെ തെരഞ്ഞെടുത്തു ?. ഇതിനെ കുറിച്ച്‌ ഒരു വീക്ഷണം ഹാഫിദ്‌ ഇബ്നുഹജർ (റ) പറയുന്നു :

“ജൂതന്മാർ ഈസ നബിയെ (കുരിശിൽ) കൊന്നു എന്ന് പറഞ്ഞു. അള്ളാഹു ഈസ നബിയെ രണ്ടാം തവണ ഭുമിയിലേക്ക്‌ അയക്കുക വഴി അദ്ദേഹത്തെ അവർ കൊ ന്നിട്ടില്ല എന്ന് ( ജൂതന്മാരെ) ബോധ്യപ്പെടുത്തും. അദ്ദേഹം ജൂതന്മാരോട്‌ യുദ്ധം ചെയ്യുകയും അവരുടെ നേതാവിനെ ത ന്നെ ( ദജ്ജാൽ ) കൊല്ലുകയും ചെയ്യും ” (ഫത്‌ഹുൽ ബാരി)


ദജ്ജാലിന്റെ കാലഘട്ടത്തിലെ ഇബാദത്ത് 

ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണുന്നു:അവസാന നാളിൽ ദജ്ജാൽ ഇറങ്ങുന്ന ദിവസം ഒരു വർഷത്തെ ദൈർഘ്യമുണ്ടാകുമെന്ന വിവരം സ്വഹാബത്തിനോട്‌ പറഞ്ഞപ്പോൾ അവർ ചോദിച്ചു:അന്നേദിവസം ഞങ്ങൾക്ക്‌ അഞ്ചു  വഖ്ത്ത്‌ മതിയാകുമോ നബിയേ?

നബി(സ)പറഞ്ഞു:മതിയാകുന്നില്ല , സാധാരണ നിസ്കാരത്തിന്റെ സമയം വെച്ച്‌ കണക്കാക്കണം അപ്പോൾ ആയിരത്തിലധികം നിസ്കാരം ഒരു ദിവസത്തിൽ വേണ്ടി വരും (ശറഹുൽ മുഹദ്ദബ്‌ 3-49)


1 comment: