Saturday 5 September 2020

അടിമ സമ്പ്രദായം ഇസ്‌ലാമിന്റെ കാഴ്ചപ്പാടിൽ

 

താഴെ പോസ്റ്റ് ചെയ്തിരിക്കുന്ന "അടിമ സമ്പ്രദായം ഇസ്‌ലാമിന്റെ കാഴ്ചപ്പാടിൽ" എന്ന വിഷയം ഈ ബ്ലോഗിൽ നിന്നും എവിടേക്കും പകർത്തിയെടുക്കരുതെന്നു അപേക്ഷിക്കുന്നു (വാട്സപ്പിലേക്കും , ടെലിഗ്രാമിലേക്കും , ഫേസ്ബുക്കിലേക്കും , സൈറ്റുകളിലേക്കും , ബ്ലോഗുകളിലേക്കും , ഇൻസ്റ്റാഗ്രാമിലേക്കും, ഷെയർ ചാറ്റിലേക്കും, മറ്റു സോഷ്യൽ മീഡിയകളിലേക്കും) . ഇത് ആവശ്യമുള്ളവർ ഈ പോസ്റ്റിനു താഴെയുള്ള ലിങ്ക് ഉപയോഗിച്ച് അതിൽ നിന്നും പകർത്തണമെന്നു ഒന്ന് കൂടി ഉണർത്തുന്നു .


വിമോചനത്തിനായി മുന്നോട്ട് വെച്ച വിവിധ രീതികൾ

കാലാകാലങ്ങളായി ഇസ്ലാമും അടിമസമ്പ്രദായവും തമ്മിലുളള ബന്ധം യുക്തിവാദികൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലൊന്നാണ്. അടിമവ്യവസ്ഥ എന്നത് ഇസ്ലാം ഉണ്ടാക്കിയതല്ലെന്നും അതിനെ ക്രമപ്രവൃദ്ധമായി ഇല്ലാതാക്കാൻ ഏറ്റവും പ്രായോഗികമായ രീതികൾ അവലംബിച്ച മതമാണ് ഇസ്ലാം എന്നും നിഷ്പക്ഷമായി കാര്യങ്ങളെ മനസ്സിലാക്കുന്ന ആർക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ എന്ന് ആമുഖമായി ഉണർത്തട്ടെ.

അടിമത്ത സമ്പ്രദായം ചരിത്രാതീത കാലം മുതലേ നിലനിന്നു പോന്നത് ആയിരുന്നു. പുരാതന ഈജിപ്ഷ്യൻ, സിറിയൻ, ഗ്രീക്കോ റോമൻ സംസ്കാരങ്ങളിൽ എല്ലാം അത് നിലനിന്നതായി കാണാം. ഈജിപ്തിൽ പിരമിഡ് കളുമായി ബന്ധപ്പെട്ടും, റോമിൽ ഗ്ലാഡിയേറ്ററുകളുമായി ബന്ധപ്പെട്ടും അടിമകൾ അനുഭവിച്ച യാതനകൾ ലോക ചരിത്രത്തിന് സുപരിചിതമാണ്. പത്തൊമ്പതാം നൂറ്റാണ്ടുവരെ അമേരിക്കയിലും ഇത് നിലനിന്നു. അതിന്റെ ഒരു ഘട്ടം മാത്രമാണ് അറേബ്യയിൽ ആറാം നൂറ്റാണ്ടിൽ നിലനിന്നത്.അന്നത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയിരുന്നു അടിമ വ്യവസ്ഥ. മാത്രമല്ല, ഗോത്രങ്ങൾ തമ്മിലുള്ള വൈരം കാരണവും, റോമൻ പേർഷ്യ സാമ്രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കാരണവും യുദ്ധം സർവ സാധാരണമായിരുന്നു അറേബ്യയിൽ. യുദ്ധത്തിൽ തടവുകാരായി പിടിക്കുന്നവരെ അടിമകളാക്കുന്ന രീതിയും പതിവായിരുന്നു.

നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ഈ സാമൂഹികവ്യവസ്ഥയെ ആണ് ഇസ്ലാമിന് അഭിമുഖീകരിക്കേണ്ടി വന്നത്. അതിനാൽ അടിമ സമ്പ്രദായം ഒറ്റയടിക്ക് നിരോധിച്ചാൽ അടിമകൾ നാഥനില്ലതെ തെരുവിൽ അലയും, പട്ടിണി കിടന്നും, തമ്മിൽ തല്ലിയും ചാകുമെന്നല്ലാതെ എന്ത് സംഭവിക്കാൻ? 


അതോടൊപ്പം സമൂഹത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമാവുകയും ചെയ്യും. അടിമ വ്യാപാരത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന ആളുകളെ അത് പട്ടിണിയിലേക്കും പകയിലേക്കും തള്ളി വിടുകയും, ആ പരിഷ്കാരത്തിന് എതിരെ പുതിയ ഒരു സംഘർഷം കൂടി ഉണ്ടായി യുദ്ധങ്ങളുടെ എണ്ണം കൂടുകയും ചെയ്യുമെന്നതാവും അതിന്റെ അനന്തരഫലം. അമേരിക്കയിൽ അബ്രഹാം ലിങ്കൺ പൊടുന്നനെ അടിമത്തം നിരോധിച്ചപ്പോൾ നിരവധി അടിമകൾ പട്ടിണിയിലും അരക്ഷിതാവസ്ഥയിലും ആയി, ചിലർ തങ്ങളുടെ യജമാനന്മാരുടെ അടുത്തേക്ക് തന്നെ പോയത് ലോകം കണ്ടതാണ്.അത് കൊണ്ട് ഒറ്റയടിക്ക് നിരോധിക്കുന്നത് ഒഴിവാക്കി കുറച്ച് കൂടി പ്രായോഗികം ആയി ഇസ്ലാം അതിനെ ഘട്ടം ഘട്ടമായി നിർവീര്യമാക്കി കളഞ്ഞുഎന്ന് പറയുന്നതാവും ശരി. അതിൻറെ നാൾവഴികൾ തുടർന്നുള്ള വരികളിൽ വായിക്കാം.


1. അടിമയെ മോചിപ്പിക്കുക എന്നത് ഒരു പുണ്യപ്രവൃത്തി ആയി ഇസ്ലാം പ്രഖ്യാപിച്ചു. വിശ്വാസത്തിന്റെ തന്നെ ഭാഗമാക്കി അതിനെ മാറ്റി. (90:12). വേറെ വല്ല മത-രാഷ്ട്രീയ വ്യവസ്ഥകളും ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്നത് കൂടി ഇവിടെ ചിന്തിക്കേണ്ടതാണ്?

2.സകാത്തിൻറെ വിഹിതം നൽകേണ്ടത് എട്ട് വിഭാഗം ജനങ്ങൾക്ക് ആണ്. കടം കൊണ്ട് വലഞ്ഞവരും, ദരിദ്രരും ഒക്കെ അതിൽപ്പെടും.അതിലൊന്ന് അടിമകളെ വിമോചിപ്പികാൻ ഉള്ള ചിലവിലേക്ക് ആയിരിക്കണം എന്ന് ഖുർആൻ പ്രഖ്യാപിച്ചു (9:60). സകാത്ത് ഇസ്ലാമിൻറെ പഞ്ചസ്തംഭങ്ങളിലൊന്നാണ്. സകാത്തിൻറെ നിർവഹണം കൂടി ചേരുമ്പോഴാണ് ഒരാളുടെ മുസ്ലിം എന്ന അസ്തിത്വം പൂർണ്ണമാവുകയുള്ളൂ എന്നാണ് ഇസ്ലാമിക ദൈവശാസ്ത്രം പറയുന്നത്. വേറെ വല്ല മത രാഷ്ട്രീയ വ്യവസ്ഥകളും ഇതുപോലെയൊരു കാര്യം ചെയ്തിട്ടുണ്ടോ എന്നത് പ്രസക്തമാണ്.

3പ്രവാചകന് മുമ്പുള്ള ആചാരം ആയിരുന്ന സ്വന്തം ഭാര്യയെ ഇനി മുതൽ ഒരിക്കലും പ്രാപിക്കില്ല എന്ന് സത്യം ചെയ്യുക (58:4), അല്ലാഹുവിനെ ആണയിട്ട് സത്യം ചെയ്ത കാര്യത്തിന് എതിരായി പ്രവർത്തിക്കുക (5:89) ഒരാളെ മനഃപൂർവം വധിക്കുക (4:92) തുടങ്ങിയ തെറ്റുകൾ ചെയ്താൽ അവക്കെല്ലാം ഉള്ള പ്രായശ്ചിത്തമായി അടിമമോചനത്തേ പ്രഖ്യാപിച്ചു. പ്രായശ്ചിത്തം, പശ്ചാത്തപം എന്നിവക്ക് വളരെ പ്രാധാന്യം നൽകുന്ന ഒരു മതം അറേബ്യയുടെ സാമൂഹിക ഘടനയിൽ ഇങ്ങനെ ഇടപെട്ടതിനു സമാനമായി ഇടപെടലുകൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ..?

4. ചരിത്രത്തിൽ ആദ്യമായി അടിമയുമായി ചേർന്ന് കരാറുണ്ടാക്കി ഒരു മോചന പത്രത്തിൽ ഒപ്പിടുന്നത് മറ്റൊരു പുണ്യ പ്രവൃത്തിയായി (മുകാത്തബ) ഇസ്ലാം പ്രഖ്യാപിച്ചു. പ്രസ്തുത കരാർ പ്രകാരം നിശ്ചിത സംഖ്യ ഒരു കാലയളവ് വെച്ച് അടിമ ഒരു ഉടമക്ക് നൽകിയാൽ അവന് പിന്നെ എന്നെന്നേക്കും ആയി സ്വാതന്ത്ര്യം നേടാം. ആ തുക സമ്പാദിക്കാൻ ഒന്നുകിൽ ഉടമ തന്നെ അടിമയെ ജോലിക്ക് വിടണം എന്നും അല്ലെങ്കിൽ ആ തുക ഉടമ തന്നെ നൽകണം എന്നും ഖുർആൻ ആർജ്ജവത്തോടെ പ്രഖ്യാപിച്ചു (24:33) ഈ സൂക്തത്തിൽ അതു കാണാം. മോചന പത്രം എഴുതാനും, അടിമയെ മോചിപ്പിക്കാനും അറേബ്യയിൽ പിന്നീട് മുസ്ലിംകൾ മത്സരിച്ച് രംഗത്ത് വന്നു.

5. മുസ്ലിംകൾ നിസ്കാരത്തിന് സമയമായി എന്നറിയാൻ ഉപയോഗിക്കുന്ന മുന്നറിയിപ്പ് ആണ് വാങ്ക് വിളി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കഅബയുടെ മുകളിൽ കയറിനിന്ന് ചരിത്രത്തിലെ ആദ്യത്തെ വാങ്ക് വിളിക്കാൻ നബി ഏൽപ്പിച്ചത് ബിലാൽ ബിൻ റബാഹ് എന്ന ഇത്യോപ്യൻ അടിമയെ ആയിരുന്നു. (ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും ഗുരുവായൂർ ക്ഷേത്രമടക്കമുള്ള പല ആരാധനാലയങ്ങളിലും അയിത്തജാതിക്കാർക്ക് പൂജ നടത്തുന്നത് സ്വപ്നം കാണാനാവുമോ). ഒരു സമൂഹത്തിൻറെ വംശീയമായ മനോഘടനയെ ഇതുപോലെ അറ്റാക്ക് ചെയ്ത് കീഴ്മേൽ മറിച്ച് ഇത്രമേൽ അടിമയെ വേറെ വല്ല പ്രത്യയ ശാസ്ത്രവും ചേർത്ത് നിർത്തിയതായി കാണാനാവുമോ?


അടിമ സമ്പ്രദായം - എന്ത് കൊണ്ട് അംഗീകരിച്ചു

1. നീതിക്കുവേണ്ടിയും പീഢനങ്ങൾക്കെതിരെയും യുദ്ധംചെയ്യുമ്പോൾ ഏതെങ്കിലും ശത്രുരാഷ്ട്രവുമായി യുദ്ധത്തടവുകാരെ കൈമാറാനോ മോചനമൂല്യം വാങ്ങിവിട്ടയക്കാനോ കരാർ ചെയ്യാൻ സാധിക്കാതെവരിക, അല്ലെങ്കിൽ യുദ്ധത്തടവുകാരെ മോചനദ്രവ്യം വാങ്ങിവിട്ടയക്കുന്ന രാജ്യസുരക്ഷയെ ബാധിക്കുമെന്ന് തിരിച്ചറിയുക തുടങ്ങിയ സാഹചര്യങ്ങളിലാണ് അടിമയായി ചിലരെ ചിലർക്ക് കീഴിൽ നിർത്തേണ്ടിവന്നത്. അത് രാഷ്ട്രീയമായി ഏറ്റവുംപക്വമായ ഒരു തീരുമാനമായിരുന്നു. തടവുകാരെ കൈകാര്യം ചെയ്യാൻ വധമല്ലാതെ വേറെയൊരു മാർഗ്ഗം മുന്നിൽ ഇല്ലാതിരുന്നപ്പോഴാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. അത് അടിമത്തത്തെ പ്രോത്സാഹിച്ചതായിരുന്നില്ല. മറിച്ച് അടിമത്തവ്യവസ്ഥ ഉള്ളിൽ നിന്നു തന്നെ പൊളിക്കാനുള്ള തന്ത്രമായിരുന്നു.

യുദ്ധത്തടവുകാരെ മുഴുവൻ പാർപ്പിക്കാനുള്ള തടവറ സംവിധാനം ഇല്ലാത്തതിനാൽ വ്യക്തിയധിഷ്ഠിത തടവുകാർ എന്ന നിലക്കാണ് അടിമസമ്പ്രദായത്തെ ഇസ്ലാം ഉപയോഗിച്ചത്. ചൂഷണത്തിനും പീഢനത്തിനും വേണ്ടി മറ്റുള്ളവർ ഉപയോഗിച്ച അടിമസമ്പ്രദായത്തെ ഇസ്ലാം ഒരു സ്വകാര്യ തടവറ സംവിധാനമായി ഉപയോഗിക്കുകയായിരുന്നു.ചൂഷണത്തിനും പീഢനത്തിനും വേണ്ടി മറ്റുള്ളവർ ഉപയോഗിച്ച അടിമസമ്പ്രദായത്തെ സാങ്കേതികമായി കടമെടുക്കുകയും എന്നാൽ പ്രയോഗതലത്തിൽ അടിമുടി പരിഷ്കരിച്ച് തങ്ങളുടെ തടവുസംവിധാനമായി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു മുസ്ലിംകൾ. 

എങ്ങനെയാണ് പരിഷ്കരിച്ചത്? നിങ്ങളെല്ലാം ആദമിന്റെ മക്കൾ, ആദമോ മണ്ണിന്റെ പുത്രനും (ബുഖാരി റഹ്) എന്ന് നബി (സ്വ) പ്രഖ്യാപിച്ചു. 

നിങ്ങളുടെ സഹോദരന്മാരും ബന്ധുക്കളുമാണവർ, തന്റെ കീഴിലുള്ള ആ സഹോദരൻ ഭുജിക്കുന്നത് പോലുള്ള ഭക്ഷണവും താൻ ധരിക്കുന്നതു പോലുള്ള വസ്ത്രവും നൽകിക്കൊള്ളട്ടെ (ബുഖാരി റഹ്) എന്നും നബി (സ്വ) പ്രഖ്യാപിച്ചു.

അടിമത്തം എന്ന പദത്തെപ്പോലും നിരർഥകമാക്കിക്കളയുന്ന വിധത്തിലാണ് ഇസ്ലാമിന്റെ ഇത്തരം പ്രഖ്യാപനങ്ങൾ. തനിക്ക് കീഴിലുള്ള യുദ്ധത്തടവുകാരനെ സഹോദരനെന്ന വിളിക്കുകയും, താൻ ഉപയോഗിക്കുന്ന വസ്ത്രവും ഭക്ഷണവും അവർക്കു നൽകണമെന്ന് കൽപ്പിക്കുകയും ചെയ്ത ഇസ്ലാം, അടിമ എന്ന വാക്കിന് അന്നുണ്ടായിരുന്ന അർഥം തന്നെ കരിച്ചുകളയുന്ന കാഴ്ച ലോകം കണ്ടു.ഇത്രമേൽ മാന്യമായി യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യുന്ന മത-രാഷ്ട്രീയ സംവിധാനങ്ങൾ പിന്നീട് ലോകത്ത് ഉണ്ടായിട്ടുണ്ടോ?


2. അടിമകൾ സാമൂഹിക, സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയത് കൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ അത് നിരോധിച്ചാൽ നിയമം അങ്ങോട്ട് നടപ്പാകുമെങ്കിലും ആളുകളുടെ മനസ്സിൽ നിന്ന് അടിമകളോടുള്ള മനോഭാവം മാറിക്കിട്ടുമായിരുന്നില്ല. (ജാതീയമായ വേർത്തിരിവുകൾ നിരോധിച്ചിട്ടും ഇന്നും ജാതിയും അയിത്തവും മനസ്സിൽ പേറിനടക്കുന്ന നികൃഷ്ടജീവികൾ നമ്മുടെ നാട്ടിലില്ലേ എന്ന് ചിന്തിക്കുക)

എന്നാൽ ഇസ്ലാംഅടിമകളോടുള്ള മനുഷ്യന്റെ മനോഭാവത്തിന്റെ കടക്കൽ ആണ് ആദ്യം കത്തിവെച്ചത്.അതോടെ ജനങ്ങൾക്ക് അടിമകളും മനുഷ്യരാണ് എന്ന ധാരണ വന്നു. പിന്നീട് മറ്റുള്ളകാര്യങ്ങൾ എളുപ്പമായിരുന്നു.

അടിമത്തം എന്ന സോഷ്യൽ ഇൻസ്റ്റിറ്റൂഷനെ നേരിട്ട് കൈവെക്കാതെ അടിമകളോട് പുലർത്തിയ മനോഭാവത്തെയാണ് ഇസ്ലാം തിരുത്തിയത്. അതിന്റെ ഫലം ലോകംകണ്ടു. സ്വതന്ത്രരായ അടിമകൾ പിന്നീട് ഇസ്ലാമിക സമൂഹത്തിൽ ഉന്നതസ്ഥാനീയരായി ചരിത്രം രചിച്ചു. നിരവധി പ്രമുഖരുള്ള മുസ്ലിം സേനയുടെ കമാണ്ടറായി പ്രവാചകരുടെ അടിമയായിരുന്ന ഉസാമ ബിൻ സൈദ് നിയമിതനായി. ഒമ്പതാംനൂറ്റാണ്ടിലെ അബ്ബാസീ ഖലീഫ അൽ മഅമൂൻ പിതാവ് ഹാറൂൺ റശീദിന്റെ അടിമസ്ത്രീയിലുണ്ടായ പുത്രനായിരുന്നു.

ഗ്രീക്ക്-ഇന്ത്യൻ ക്ലാസിക് ഗ്രന്ഥങ്ങളെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്തമായ ട്രാൻസ്‌ലേഷൻ മൂവ്മെന്റിന് നേതൃത്വം നൽകിയ അദ്ദേഹമാണ് അൽഗോരിതത്തിന്റെ പിതാവായ അൽ ഖവാരിസ്മിയുടെ ഗ്രന്ഥം പ്രസിദ്ധീകരിച്ചു യൂറോപ്പിന് അൽഗോരിതം പരിചയപ്പെടാൻ വഴിയൊരുക്കിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1206 മുതൽ 1290 വരെ ഒരു നൂറ്റാണ്ടു കാലം ഡൽഹി കേന്ദ്രമാക്കി ഭരിച്ച മംലൂക്കുകൾ അബ്ബാസീ സാമ്രാജ്യത്തിൽ വേരുകളുള്ള ഒരുഅടിമവംശമായിരുന്നു എന്ന് എത്രപേർക്കറിയാം ?

ഇസ്ലാമിലെ നാല് മദ്ഹബുകളിലൊന്നിന്റെ ഉപജ്ഞാതാവായ ഇമാം മാലിക്കിന്റെ (റ) ഗുരു നാഫിഅ് (റ) ഒരടിമയായിരുന്നു. എന്നാൽ അമേരിക്കയിലെ സ്വതന്ത്രരായ അടിമകളുടെ പിൻമുറക്കാരുടെ സാമൂഹികാവസ്ഥകൾ നോക്കൂ. അവരിന്നും മുഖ്യധാരക്ക് പുറത്താണ്. അതാണു വ്യത്യാസം.

യു.എസിൽ നിന്നും നിരന്തരം വരുന്ന വംശീയ വിദ്വേഷത്തിന്റെയും വേട്ടയുടെയും അതിന് നേതൃത്വം നൽകുന്ന ഭരണ സംവിധാനങ്ങളുടെയും കഥകൾ സർവ്വ സാധാരണമാണ്.ഇസ്ലാമിനെ പോലെ അടിമകളുടെ സോഷ്യൽ സ്റ്റാറ്റസ് ഇതുപോലെ ഉയർത്തിയ മറ്റൊരു പ്രത്യയ ശാസ്ത്രം ലോകത്തുണ്ടോ?


3. അടിമത്തം ഒരു മനോഭാവം ആണെന്നും, അറേബ്യയിൽ നിലനിന്നത് അതിന്റെ അനേകം രൂപങ്ങളിൽ ഒന്നു മാത്രം ആണെന്നും, വ്യത്യസ്ത രൂപങ്ങളിൽ അതിന്നും നിലനിൽക്കുന്നു എന്നും പ്രാഥമികമായി മനസ്സിലാക്കേണ്ടതുണ്ട്. അപ്പോൾ അടിമത്തത്തിന്നിയതമായ രൂപമില്ലാത്തതിനാൽ അറേബ്യയിൽ നിലനിന്നതിനെ മാത്രം നിരോധിക്കുന്നതിനേക്കാൾ വിപുലമായ ഫലപ്രാപ്തി മനോഭാവം ഇല്ലാതാക്കിയാൽ ലഭ്യമാവുമെന്നാണ് ഇസ്ലാം വിലയിരുത്തിയത്. അതുകൊണ്ട് തന്നെ ആ മനോഭവം ഇല്ലാതാക്കുകയാണ് ഇസ്ലാം ചെയ്തത്. അതാണ് മറ്റുള്ളവർ ചെയ്യാത്തതും.

അമേരിക്കയിൽ പോലും പത്തൊമ്പതാം നൂറ്റാണ്ടിൽ 1865ലാണ് അടിമവ്യാപാരം നിയമവിരുദ്ധമാക്കുന്നത്. എന്ന് വെച്ചാൽ അറേബ്യയിൽ നടമാടിയിരുന്ന അടിമവ്യവസ്ഥ മാറ്റിനിർത്തിയാൽ തന്നെ മനുഷ്യരിൽ ഇന്നും അടിമവ്യവസ്ഥ സജീവമായിനിലനിൽക്കുന്നുണ്ട്. പുതിയ പരിഷ്കൃത രൂപത്തിലും ഭാവത്തിലും ആണെന്ന് മാത്രം.

അടിമത്തം തീർച്ചയായും ഒരു മനോഭാവമാണ്. അമേരിക്കക്കാർ ആഫ്രിക്കക്കാരെയും ഫ്രഞ്ചുകാർ സ്പെയിൻകാരെയും അടിമകളാക്കി വെച്ചിട്ട് കാലമധികം കഴിഞ്ഞിട്ടില്ല. തമിഴരെയും മലയാളികളെയുമൊക്കെ പരിഷ്കൃത നാട്ടുകാരെന്ന് സ്വയംപൊക്കുന്ന ബ്രിട്ടീഷുകാർ സിങ്കപ്പൂരിലേക്കും ബർമയിലേക്കും മലേഷ്യയിലേക്കും നാടുകടത്തി തോട്ടങ്ങളിലും കടലിലുംമറ്റും അടിമപ്പണിയെടുപ്പിച്ച് നൂറ് കൊല്ലംതികഞ്ഞിട്ടില്ല.

അടിമസമ്പ്രദായം പോയി പിന്നെ കൊളോണിയൽ അടിമത്തം ഇന്ത്യ പോലുള്ള നാടുകളുടെ രക്തമൂറ്റിയാണ് പിൻവാങ്ങിയത്. ഇന്ന് മുതലാളിത്തത്തിന്റെ സാമ്പത്തിക നയങ്ങൾ ദരിദ്രരുടെ രക്തവും മാംസവും മജ്ജയുമടക്കം ഊറ്റുന്നതരത്തിലാണ് പുതിയ അടിമത്തം. ഇന്ന് ലോകം അടക്കി വാഴുന്ന ലിബറൽ ഇക്കോണമി സ്ഥിതി ചെയ്യുന്നത്തന്നെ ആഫ്രിക്കക്കാരെയും ഏഷ്യക്കാരെയും അടിമകളാക്കി അവരുടെ രക്തക്കറയും വിയർപ്പും കൊണ്ട് മെഴുകിയ അടിത്തറയിലാണ്. Big Data യുടെയും Artificial intelligence ന്റെയും ഈ യുഗത്തിൽ അടിമക്കച്ചവടത്തോട് സമാനമായി മനുഷ്യന്റെ വ്യക്തിത്വചോരണം, സ്വകാര്യതാ നഷ്ടം എന്നിവ ഭയാനകമാം വിധം നിലനിൽക്കുന്നതായി ആ മേഖലകൾ പരിചയമുള്ളവർക്കറിയാം.

പ്രസിദ്ധ ഇസ്രയേലി ചരിത്രകാരൻ യുവാൽ നോഹ് ഹെരാരി Hackable human being എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. അതിനാൽ അടിമത്തം ഒരുമനോഭാവമാണ് എന്നതിന് ഇന്നും അർത്ഥതലങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്തകാലങ്ങളിൽ അതാത് വ്യസ്ത സാമൂഹിക ഘടനകൾ സ്വീകരിക്കുന്നു എന്ന് മാത്രം. ആ മനോഭാവത്തെ തന്നെ അടിമുടി നിരാകരിച്ചു കഴിഞ്ഞ ഇസ്ലാമിന് പിന്നീട് അറേബ്യയിൽ നിലനിന്ന അടിമവ്യവസ്ഥയെ പ്രത്യേകം നിരോധിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. മറിച്ച് അടിമ വിമോചന നയങ്ങള്‍ സ്വീകരിക്കുന്നതിലൂടെ അതിനെ പൊടിച്ചുകളയാനാണ് ഇസ്ലാം ശ്രമിച്ചത്. തുറന്ന മനസ്സോടെ ഇക്കാര്യത്തെ സമീപിച്ച ഓറിയന്റലിസ്റ്റുകൾ പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.

G.W. Leitner എന്ന ഓറിയന്റലിസ്റ്റ് പണ്ഡിതൻ തന്റെ Religious Systems of the World എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക: സകാത്തിന്റെ ഒരു വിഹിതം ഉപയോഗിക്കുന്നതടക്കമുള്ള പല അടിമ വിമോചന പദ്ധതികളും മുഹമ്മദ് നടത്തുകയുണ്ടായി.ഇതേക്കുറിച്ചൊന്നും അറിയാതെ ക്രിസ്ത്യാനികൾ മുസ്ലിംകളെ കുറ്റപ്പെടുത്തുകയാണ്. മുഹമ്മദ് കൊണ്ടുവന്ന പ്രായോഗിക നിയമനിർമാണം വഴിതന്നെ അടിമത്തത്തിന്റെ ഉന്മൂലനം സാധ്യമായിരുന്നു. (MacMillan, New York, 1901). 

ഇതൊന്നും ചർച്ച ചെയ്യാതെ, ആറാം നൂറ്റാണ്ടിൽ അടിമവ്യവസ്ഥയെ നിർ വീര്യമാക്കാർ സ്വന്തം തിയോളജി തന്നെ ഉപയോഗിച്ച് വിപ്ലവിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ ഇസ്ലാമിനെ വികൃതമാക്കി അവതരിപ്പിക്കാനുള്ള യുക്തിവാദികളെന്ന് സ്വയം പറയുന്നവരുടെ യുക്തിബോധമാണ് ഇനിയും മനസ്സിലാകാത്തത്.


4. എന്നാലും എന്ത്കൊണ്ട് ഒറ്റയടിക്ക് ഒരു ആയത്തിറക്കി നിരോധിച്ചില്ല എന്ന് ചോദിക്കുന്ന നിഷ്കളങ്കരും നമുക്കിടയിലുണ്ട്.

മനുഷ്യമക്കൾ എല്ലാവരും ഒരു പോലെ മഹത്വം ഉള്ളവരാണ് എന്ന് ഖുർആൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു (17:70). 

ഔന്നത്യത്തിന്റെ എന്തെങ്കിലുമൊരു മാനദണ്ഡങ്ങളുണ്ടെങ്കിൽ അത് ദൈവഭക്തി മാത്രമാണെന്നും ഖുർആൻ പ്രഖ്യാപിച്ചു (49:13). 

പ്രവാചകർ (സ്വ) തന്റെ അനുചരരെ അഭിസംബോധന ചെയ്യുന്നത് കാണുക. ജനങ്ങളേ, നിങ്ങളുടേത് ഒരൊറ്റ രക്ഷിതാവാണ്. നിങ്ങളെല്ലാ മനുഷ്യർക്കും ഒരൊറ്റ പിതാവുമാണ്. അറിയുക, അറബിക്ക് അനറബിയേക്കാളോ,അനറബിക്ക് അറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ യാതൊരു മഹത്വും ഇല്ല, ദൈവഭയം മാനദണ്ഡമാക്കിയല്ലാതെ. ഈ പ്രഖ്യാപനം ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നല്ലോ അല്ലേ?

ചില സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തുമ്പോഴാണ് പ്രവാചകർ (സ്വ) ഞാനീ സന്ദേശം നിങ്ങൾക്ക് എത്തിച്ചു തന്നല്ലോ അല്ലേ എന്ന പ്രയോഗം നടത്താറുള്ളത്. ഇതിൽക്കൂടുതൽ എന്ത് നിരോധനമാണ് ഇസ്ലാം നടപ്പിലാക്കേണ്ടത്? യഥാർഥത്തിൽ ഇത്തരം പ്രഖ്യാപനത്തിലൂടെ അറേബ്യയിൽ അന്നു നിലനിന്ന അടിമത്തം മാത്രമല്ല ഇസ്ലാം നിരോധിക്കുന്നത്. മറിച്ച്, ജാതീയത, വംശീയത, സാമ്പത്തിക കുത്തക, അധിനിവേശം തുടങ്ങി ലോകത്ത് നിലനിന്നതും ഇനി നിലനിന്നേക്കാവുന്നതുമായ അടിമത്തത്തിന്റെ സകലസാധ്യതകളെയും ആണ്.

എന്തുകൊണ്ട് ആയത്തിറക്കിയില്ല എന്ന് ചോദിക്കുന്നവർ ഇത്രയൊക്കെ പൊതുവായ അസമത്വ നിരോധന പ്രഖ്യാപനങ്ങൾ നടത്തിയസ്ഥിതിക്ക് അറേബ്യയിൽ നിലനിന്ന പ്രത്യേകതരം അടിമസമ്പ്രദായത്തെ ഇനിയെന്തിനാണ് പ്രത്യേകം നിരോധിക്കുന്നത് എന്നു കൂടി ചിന്തിക്കേണ്ടതാണ്.

ഈജിപ്ത് ജയിച്ചടക്കി അവിടെ ആദ്യത്തെ മുസ്ലിം ഗവർണറായി അംറ്ബിൻ ആസ്വ് (റ) സേവനം ചെയ്യുന്ന കാലത്ത് അദ്ദേഹത്തിന്റെ പുത്രൻ ഒരുപാവപ്പെട്ടവനെ അന്യായമായി അടിച്ചെന്ന് ഖലീഫാ ഉമറിന് പരാതി ലഭിച്ചു. ഉമർ (റ) ഗവർണറെ വിളിച്ച് ചോദിച്ചു: നിങ്ങളെപ്പോഴാണ് ജനങ്ങളെ അടിമയാക്കാൻ തുടങ്ങിയത്?അവരുടെ ഉമ്മമാർ അവരെ പ്രസവിച്ച സ്വതന്ത്രർ ആയിട്ടായിരുന്നല്ലോ എന്നായിരുന്നു.

അടിമത്തം നിലച്ചു പോയിരിക്കുന്നു. ഇനിയാർക്കെങ്കിലും ആരെയെങ്കിലും എപ്പോഴെങ്കിലും അടിമയാക്കാമോ എന്നചോദ്യം പ്രസക്തമാണ്. (അടിമസമ്പ്രദായം ഇസ്ലാമിക നിയമത്തിന്റെ ഭാഗമായിട്ടാണ് ചിലർ ധരിച്ചിരിക്കുന്നത്). പാടില്ല എന്നത്തന്നെയാണ് ഇസ്ലാമികതത്വം. ഇത്രയുമധികം മാനവിക സമത്വം ഉദ്ഘോഷിച്ച സ്ഥിതിക്ക് പിന്നെയെങ്ങനെയാണ് ഇസ്ലാമിക നിയമപ്രയോഗങ്ങൾ പൂർത്തിയാകണമെങ്കിൽ അടിമസമ്പ്രദായം തിരിച്ചുവരണം എന്ന് ചിലർ ജൽപ്പിക്കുന്നത്?! മുഹമ്മദ് നബിയുടെ (സ്വ) കാലത്തെ പോലുള്ള യുദ്ധരീതികൾ ഇന്നില്ലല്ലോ. ഇനി ഉണ്ടായാൽ തന്നെ യുദ്ധത്തടവുകാരെ തടവിലിടാനുള്ള സംവിധാനവും, പരസ്പരം കൈമാറാനുള്ള സാഹചര്യവും, ഇന്നത്തെ ദേശ രാഷ്ട്ര വ്യവസ്ഥയിൽ അധിഷ്ഠിതമായ ലോകക്രമത്തിൽ ഉണ്ട് താനും.


അടിമസ്ത്രീകളുമായുള്ള ലൈംഗിക ബന്ധം- യുക്തിക്ക് നിരക്കുന്നതോ ?

അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച് കൂട്ടികൊടുത്ത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ആചാരം അറേബ്യയിൽ ഉണ്ടായിരുന്നു. അത് ഖുർആൻ കണിശമായി നിരോധിക്കുകയും (24:33), വേശ്യാ വൃത്തി, പീഡനം തുടങ്ങിയ സാഹചര്യങ്ങളിലേക്ക് തള്ളി വിടാതെ ഉടമക്ക് മൂന്ന് ഓപ്ഷൻ ഇസ്ലാം നൽകി: ഒന്നുകിൽ മോചിപ്പിക്കുക, അല്ലെങ്കിൽ വിവാഹം കഴിക്കുക, അല്ലെങ്കിൽ അടിമയാക്കി നിർത്തുക. ഇതിൽ അടിമയാക്കി വെക്കുമ്പോൾ അവളുമായി ലൈംഗികബന്ധം ആകാവുന്നതാണ്. അതിനെയാണ് യുക്തിവാദികൾ അടിമഭോഗം, അടിമയെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം പ്രോത്സാഹിപ്പിച്ചു എന്ന് പറയുന്നത്. അടിമയുമായുള്ള നൂറുകൂട്ടം വ്യവഹാരങ്ങളിലൊന്ന് മാത്രമാണ് ലൈംഗികബന്ധം. എന്നാൽ പ്രചാരണം കണ്ടാൽ തോന്നുക, ലൈംഗികബന്ധത്തിനായി മാത്രം അടിമകളെ പടച്ചുണ്ടാക്കിയതു പോലെയാണ്. പക്ഷേ, വസ്തുത നേരെ മറിച്ചാണ്. അത് താഴെ വായിക്കാം:


1. അടിമസ്ത്രീകൾ ഗർഭിണി ആയാൽ പ്രസവിക്കുന്നതോടെ ആ കുഞ്ഞ് സ്വതന്ത്രൻ ആകും എന്നായിരുന്നു ഇസ്ലാം പ്രഖ്യാപിച്ച നിയമം. അതോടെ ആ അടിമ സ്ത്രീയുടെ തലമുറയിൽ നിന്നും അടിമത്തം എന്നെന്നേക്കുമായി കൊഴിഞ്ഞ് പോകുന്നു. പിന്നീട് ഉടമയുടെ മരണത്തോടെ അയാളുടെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയും സ്വാതന്ത്ര്യ ആവുന്നു എന്നാണ് അടുത്ത നിയമം. അതോടെ ആ കണ്ണിയിൽ ഇനിയൊരു അടിമക്ക് ജന്മം നൽകാത്ത വിധം ആ തലമുറയും നിന്ന് പോകുന്നു. ഇങ്ങനെയുള്ള അടിമ സ്ത്രീകൾക്ക് ഉമ്മു വലദ് എന്നാണ് ഇസ്ലാമിക നിയമത്തിൽ പറയുന്നത്. യുക്തിവാദിയുടെ ചോദ്യശരങ്ങളിൽ വിഭ്രാന്തിപൂണ്ട് കെട്ടിയറക്കുന്നതല്ല ഇക്കാര്യങ്ങളൊന്നും. മറിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്ലാമിക നിയമഗ്രന്ഥങ്ങളിലെല്ലാം ഇതുസംബന്ധമായ സജീവ ചർച്ചകൾ കാണാവുന്നതാണ്.


2. അടിമസ്ത്രീയുമായി ലൈംഗികബന്ധം പുലർത്തുക എന്ന സമൂഹത്തിൽ എല്ലാവരും ചെയ്യുന്ന ഒരാചാരത്തെ അടിമവിമോചനം നടപ്പാക്കാനുള്ള മാർഗമായി ഇസ്ലാം ഉപയോഗിക്കുകയായിരുന്നു.അടിമകളും മനുഷ്യരാണല്ലോ. അതിനാൽ ലൈംഗികത എന്ന അടിസ്ഥാനപരമായ മനുഷ്യൻറെ ആവശ്യം അവർക്കും ഉണ്ടായിരുന്നു. അതിന് അവസരം നൽകുക എന്ന ലക്ഷ്യം കൂടി ഇസ്ലാമിന് ഉണ്ടായിരുന്നു. അങ്ങനെയൊരവസരം നൽകിയിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിക്കുക. ഒന്നുകിൽ അവർ അനിയന്ത്രിതമായ വ്യഭിചാരത്തിൽ ഏർപ്പെടുമായിരുന്നു. അല്ലെങ്കിൽ അവരെ ഉടമകൾ കൂട്ടിക്കൊടുക്കുമായിരുന്നു. ഇതു രണ്ടും ഇസ്ലാം നിരോധിക്കുകയാണ് ചെയ്തത്. മാത്രമല്ല, വിവാഹം ചെയ്ത ഭാര്യമാരിൽ കുഞ്ഞുങ്ങളുണ്ടാവാത്തവർക്ക് വേണ്ടി കുഞ്ഞുണ്ടാവാൻ ഉള്ള സാധ്യത തേടിയും അടിമയുമായി ലൈംഗിക ബന്ധം പുലർത്താമായിരുന്നു.

3. മറ്റൊരു കാര്യം ഇവിടെ പ്രസക്തമാണ്. അടിമയെ ലൈംഗികമായി ഉപയോഗിക്കുക എന്നതും ഇസ്ലാം കൊണ്ടു വന്ന ആചാരമല്ല. മറിച്ച്, എല്ലാത്തിനും ഉപയോഗിക്കുന്ന പോലെ തന്നെ ലൈംഗികതക്കും ഉപയോഗിക്കുക എന്നത് ആദ്യമേ സമൂഹത്തിൽ ഉള്ളതായിരുന്നു. എന്നാൽ ഈ ആചാരത്തെ അപ്പടി നിർത്തലാക്കാതെ അതിലേക്ക് അടിമമോചനം എന്ന വാതിൽ ഘടിപ്പിക്കുക എന്ന തന്ത്രമാണ് ഇസ്ലാം പ്രയോഗിച്ചത്. അതായത് സമൂഹത്തിൽ മുസ്ലിം-അമുസ്ലിം വ്യത്യാസമില്ലാതെ എല്ലാവരും ചെയ്തു വരുന്ന ഒരു ആചാരത്തെ അടിമമോചനം എന്ന നിയമം നടപ്പിലാക്കാനുള്ള ഏറ്റവും ഫലപ്രദായ ചാനലാക്കി/ മെക്കാനിസമാക്കി നിശ്ചയിക്കുക എന്ന വിപ്ലവകരമായ പ്രവർത്തനമാണ് ഇസ്ലാം ചെയ്തത്.

പുറമേ അടിമസമ്പ്രദായത്തെ പ്രയോഗവത്ക്കരിക്കുകയും അതിൻറെ തന്നെ ഘടനയും രീതിയും ഉപയോഗിച്ച് അകമേ നിന്നും അതിനെ പൊളിച്ചു കളയുകയുമാണ് ഇസ്ലാം ചെയ്തത്. എളുപ്പത്തിൽ സംഹരിക്കാൻ കഴിയാത്ത സർവാധീശത്വമുള്ള ഒരു സാമൂഹികവ്യവസ്ഥയുടെ അകത്തേക്ക് കയറിക്കൂടുകയും അതിൻറെ ആന്തരിക ധമനികളെ നശിപ്പിച്ച് കീഴ്മേൽ മറിക്കുകയും ചെയ്യുന്ന ഈ പദ്ധതി ചരിത്രത്തിൽ തുല്യത ഇല്ലാത്തതാണ്. അതിനാൽ, പ്രസ്തുത ആചാരം നിലനിൽക്കുന്നിടത്തോളം കാലം അടിമകൾ സ്വതന്ത്രരായിക്കൊണ്ടേയിരുന്നു. കാലാകാലം അടിമത്തത്തിൽ കഴിയേണ്ടിയിരുന്ന എത്ര അടിമകൾ ഈ നിയമം മൂലം വിമോചിതരായിട്ടുണ്ടാവും എന്ന് ആലോചിച്ച് നോക്കൂ. ഇതൊന്നും പഠനവിധേയമാക്കാതെ ഇസ്ലാം അടിമത്തം എന്നീ രണ്ടുപദങ്ങൾ മാത്രം തലക്ക് അടിച്ചുകയറ്റി വിഭ്രാന്തിപൂണ്ട് നിൽക്കുന്ന ലിബറൽ യുക്തിവാദികൾ മുഴുവൻ സ്വതന്ത്രചിന്തകരാണെന്ന് വിശ്വസിക്കാൻ തത്ക്കാലം പ്രയാസമുണ്ട്.

4. അടിമകളെ എത്രമാത്രം മനുഷ്യത്വപരമായി കൈകാര്യം ചെയ്യണം എന്ന് ഇതുവരെയുള്ള വരികളിൽ നിന്നും മനസ്സിലായിക്കാണും. കാര്യങ്ങളുടെ നിജസ്ഥിതി ഇതാണെന്നിരിക്കെ അടിമകളുമായുള്ള ഉള്ള ലൈംഗിക ബന്ധം ബലാത്സംഗം ആയി തോന്നുന്നത് വളരെ വിചിത്രമാണ്. പ്രവാചകൻ (സ്വ) റോമൻ രാജാവ് ദാനമായി നൽകിയ കോപ്റ്റിക് വംശജയായ അടിമ മാരിയയെ (റ) അദ്ദേഹം ബലാൽസംഗം ചെയ്തു എന്നാണ് പ്രചാരണം. പ്രവാചകൻറെ (സ്വ) കൂടെ കൂടുതൽ കാലം ജീവിച്ച ആൺതരിയായ ഇബ്രാഹിം പിറന്നത് മാരിയത്തിലൂടെയാണെന്ന് (റ) മനസ്സിലാക്കണം. തൻറെ പുത്രനെ മാതാവായ സ്ത്രീയെ പിന്നീട് മനസ്സ് കൊണ്ട് അടിമയായി കാണാൻ പ്രവാചകന് (സ്വ) പോയിട്ട് ആർക്കെങ്കിലും കഴിയുമോ?

5. ഇനി ബലാൽസംഗം എന്ന പ്രയോഗം കൊണ്ട് ദുഷ്പ്രചാരകർ ഉദ്ദേശിക്കുന്നത് നിർബന്ധിത ലൈംഗിക ബന്ധം ആണെങ്കിൽ അത് അടിമയുടെ കാര്യത്തിൽ മാത്രമല്ല ഭാര്യയുടെ കാര്യത്തിലും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സ്ത്രീകളോട് ഏറ്റവും ഉദാത്തമായി പെരുമാറുന്നവരാണ് നിങ്ങളിൽ ഉത്തമർ (خياركم خياركم لنسائهم) എന്ന് പ്രവാചകൻ (സ്വ) പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് എത്ര യുക്തിവാദികൾക്ക് അറിയാം?

6. സമയത്തിന് വിവാഹം കഴിപ്പിക്കാതെ പ്രകൃതിപരമായ ചോദനകൾ അടിച്ചമർത്തി പിന്നെ അത് സിസ്റ്റർ ലൂസിയായും സിസ്റ്റർ ജെസ്മിയായും ഫ്രാങ്കോ മുളക്കൽ ആയൊക്കെ പുറത്തു വരുന്നതും, ഭർത്താവ് മരിച്ചാൽ വിധയായി ജീവിതകാലം മുഴുവൻ ഞെരിഞ്ഞ് ജീവിക്കുന്നതും ഇസ്ലാം അംഗീകരിക്കുന്നില്ല. ക്രൈസ്തവ ഹൈന്ദവ സന്യാസ പാരമ്പര്യങ്ങളിൽ ലൈംഗികത ഒരു മോശമായ കാര്യമാണെങ്കിൽ, ഇസ്ലാമിക പാരമ്പര്യത്തിൽ നിയമവിധേനയാണെങ്കിൽ പുണ്യവും നിയമവിധേനയല്ലെങ്കിൽ കൊടിയപാപവും ആണ്. ആ അടിസ്ഥാനപരമായ വ്യത്യാസം മനസ്സിലാക്കാത്തവരാണ് കൊട്ടും കുരവയുമായി നടക്കുന്നത്. ആധുനിക മെഡിക്കൽ സയൻസ് പോലും ആഹാരം, ഉറക്കം, ലൈംഗികത എന്നിവയെ പൊതുവെ മനുഷ്യ പ്രകൃതത്തിൻറെ ഒഴിവാക്കാനാവാത്ത മൂന്ന് നെടുംതൂണുകളായി എണ്ണിയിട്ടുണ്ട്.

7. ഭീകരമായ മറ്റൊരു തമാശ കൂടെയുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് വെച്ച് നടന്ന Litmus-2019 എന്ന യുക്തിവാദി സംഗമത്തിൽ വെച്ചാണ് മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ രക്തബന്ധുക്കളുമായ ഉഭയസമ്മതം ഉണ്ടെങ്കിൽ ലൈംഗികബന്ധമാവാം എന്ന് പ്രഖ്യാപിച്ചത്. എല്ലാ യുക്തിവാദികളും അതംഗീകരിക്കുന്നില്ല എന്ന ന്യായം ഇവിടെ വിലപ്പോവില്ല. യുക്തിവിചാരം മാസികയുടെ 2000 ത്തിലെ ലക്കത്തിൽ പോലും ഉഭയസമ്മത പ്രകാരമുള്ള ഏതു ലൈംഗിക ബന്ധത്തെയും യുക്തിവാദി അംഗീകരിച്ചേ തീരൂ എന്നും മറിച്ചുള്ള നിയന്ത്രണങ്ങൾ മതപുരോഹിതർ ഉണ്ടാക്കിയതാണ് എന്നും വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതൊന്നും ചർച്ചചെയ്യാതെ 1400 വർഷം മുമ്പ് നിലനിന്ന അടിമത്ത വ്യവസ്ഥയിലെ ലൈംഗിക സമ്പ്രദായങ്ങളെ അതിൻറെ തന്നെ നിർമാർജ്ജനത്തിന് വേണ്ടി ഉപയോഗിച്ച ഇസ്ലാമിനെ ആക്രമിക്കാൻ വേണ്ടി മാത്രം ഉറക്കമിളച്ചിരിക്കുന്ന യുക്തൻമാരും ജബ്രകളും എല്ലാം സ്വതന്ത്രചിന്തകരാണെന്ന് വിശ്വസി്ക്കാൻ തീർത്തും പ്രയാസമുണ്ട്.


കടപ്പാട് : റഷീദ് ഹുദവി ഏലംകുളം 

No comments:

Post a Comment