Tuesday 22 September 2020

എട്ടുകാലിയും ഇസ്‌ലാമിക നിയമവും



പരിശുദ്ധ ഖുർആനിലെ 114 സൂറത്തുകളിൽ 29 മത്തെ സൂറത്തിന്റെ നാമം തന്നെ "സൂറത്തുല്‍ അങ്കബൂത്ത്" എന്നാണ് . മലയാള അർഥം എട്ടുകാലി എന്ന് . അല്ലാഹു തആല ഖുർആനിലൂടെ പേരെടുത്ത് പരാമർശിച്ച ഒരു ജീവികൂടിയാണിത് .  

മൃഗങ്ങളുടെ പേരുള്ള ആറ് അധ്യായങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട് -അല്‍ ബക്വറ (പശു), അല്‍ അന്‍ആം (കന്നുകാലികള്‍), അന്നഹല്‍ (തേനീച്ച), അന്നംല് (ഉറുമ്പ്), അല്‍ അന്‍കബൂത്ത് (എട്ടുകാലി), അല്‍ ഫീല്‍ (ആന). കൂടാതെ ക്വുര്‍ആനിലെ ആയത്തുകളില്‍ മുപ്പത്തിയഞ്ചോളം പക്ഷിമൃഗാദികളെ പരാമര്‍ശിക്കുന്നു.

ഏകദൈവാരാധനയെ സ്ഥാപിക്കാനും ബഹുദൈവാരാധനയുടെ നിരര്‍ത്ഥകത പഠിപ്പിക്കാനും എട്ടുകാലിയെ അല്ലാഹു ഖുർആനിലൂടെ ഉപമിക്കുന്നുണ്ട്.

അതിന്റെ സാരാംശം ഇങ്ങനെ ഗ്രഹിക്കാം


مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ ﴾٤١﴿


അല്ലാഹുവിനു പുറമെ (ഏതെങ്കിലും) രക്ഷാകര്‍ത്താക്കളെ സ്വീകരിച്ചിട്ടുള്ളവരുടെ ഉപമ, (വലകെട്ടി) വീടുണ്ടാക്കിയ എട്ടുകാലിയുടെ മാതിരിയാകുന്നു. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബ്ബലമായതു എട്ടുകാലിയുടെ വീടുതന്നെ. അവര്‍ക്ക് അറിയാമായിരുന്നെങ്കില്‍! (29:41)

എട്ടുകാലിയുടെ വീടാകുന്ന വലയുടെ ദൗര്‍ബ്ബല്യത്തെപ്പറ്റി ആര്‍ക്കും അറിയാവുന്നതാണ്. ചൂടോ, തണുപ്പോ, വെയിലോ, മഴയോ, കാറ്റോ ഒന്നും തന്നെ തടുക്കുവാന്‍ അതു പര്യാപ്തമല്ല. കാറ്റോ, മറ്റേതെങ്കിലും വസ്തുക്കളോ അതിനെ സ്പര്‍ശിക്കുമ്പോഴേക്കും അതു കേടുവന്നു പോകയും ചെയ്യും. 


ഇവിടുത്തെ പ്രതിപാദ്യ വിഷയം എട്ടുകാലിയെ കൊല്ലൽ ഇസ്‌ലാം അനുവദിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കലാണ്  


നബി(സ്വ) പറയുന്നു:العنكبوت شيطان فاقتلوه എട്ടുകാലി പിശാചാണ് , അതു കൊണ്ട് എട്ടുകാലിയെ നിങ്ങൾ കൊല്ലുക (ഫൈളുൽ ഖദീർ ) 


അലി (റ) വിൽ നിന്നു സഅലബി(റ) റിപ്പോർട്ട് ചെയ്യുന്നു:

طهروا بيوتكم من نسج العنكبوت فان تركه يورث الفقر 


എട്ടുകാലിയുടെ വലയിൽ നിന്നു നിങ്ങളുടെ ഭവനങ്ങളെ നിങ്ങൾ ശുദ്ധിയാക്കുക. കാരണം ,അവ നീക്കാതിരിക്കൽ ദാരിദ്ര്യത്തെ ഉണ്ടാക്കുന്നതാണ്.


ഇമാം ശൈഖ് സകരിയ്യൽ അൻസാരി (റ) പ്രസ്താവിക്കുന്നു:

ومنه ما يسن قتله كحية وعقرب وكلب عقور وبق وبرغوث وكل موذ 


പാമ്പ് , തേള് ,കടിക്കുന്ന പട്ടി ,അട്ട ,ചെള്ള് ,ബുദ്ധിമുട്ടാക്കുന്ന എല്ലാ ജീവികളും കൊല്ലൽ സുന്നത്തായതിൽ പെട്ടതാണ്.(അസ്നൽ മത്വാലിബ്: 1/514) 


ഇമാം ശിഹാബുദ്ദീൻ റംലി (റ) വിശദീകരിക്കുന്നു:

ബുദ്ധിമുട്ടാക്കുന്ന ജീവി എന്നതിൽ എട്ടു കാലികൾ ഉൾപ്പെടും. - അതിനെ കൊല്ലൽ സുന്നത്താണ് - കാരണം ,അതു വിഷജീവിയാണന്നു ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.

പൊതു ജനങ്ങളിൽ കുറേ പേർ എട്ടുകാലിയെ കൊല്ലാൻ സമ്മതിക്കില്ല. അതു ഗുഹാമുഖത്ത് കൂടുകൂട്ടി നബി(സ്വ)ക്ക് സംരക്ഷണം നൽകിയ ജീവിയാണല്ലോ എന്നാണവർ ന്യായം (?) പറയുന്നത്.ഈ ന്യായപ്രകാരം പ്രാവിനെ അറുക്കാൻ പാടില്ലന്നു വരുമല്ലോ. - പ്രാവും ഗുഹാമുഖത്ത് നബി(സ്വ)ക്ക് സംരക്ഷണം നൽകിയ ജീവിയാണല്ലോ.എന്നാൽ പ്രാവിനെ അറുത്ത് തിന്നാമല്ലോ. ( ഹാശിയത്തു റംലി :1/514)


നബി(സ്വ) എട്ടുകാലിയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടല്ലോ. ഒരു ഹദീസ് ഇങ്ങനെ:جزى الله العنكبوت عنا فإنها نسجت علي في الغار എട്ടുകാലിക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ. കാരണം ,അതു ഗുഹയിൽ എനിക്ക് വലക്കെട്ടി സംരക്ഷണം നൽകിയിട്ടുണ്ട്.

ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് മുഹദ്ദിസീങ്ങൾ രേഖപ്പെടുത്തുന്നു:  

ഗുഹാമുഖത്ത് വലകെട്ടിയ എട്ടുകാലിയെ മാത്രം ഉദ്ദേശിച്ചാണ് നബി(സ്വ) പ്രസ്തുത ഹദീസ് പറഞ്ഞത്. فأما هذا ففي الجنس بأسره എട്ടുകാലിയെ കൊല്ലൽ സുന്നത്തന്നു പഠിപ്പിച്ചത് എട്ടുകാലി വർഗത്തിനെയാണ്.( ഫൈളുൽ ഖദീർ )

ഫുഖഹാക്കൾ ഒരു വിധി പറഞ്ഞാൽ അതു സ്വീകരിക്കുന്ന രീതിയാണ് അഹ് ലുസുന്നക്കുള്ളത്. അതിനു ഹദീസുണ്ടോ ഉണ്ടെങ്കിൽ തന്നെ അതു സ്വഹീഹാണോ എന്നൊന്നും മുഖല്ലിദീങ്ങൾ നോക്കേണ്ടതില്ല. പക്ഷേ ഇന്നു അത്തരം ശബ്ദങ്ങൾ ഉയർന്നു വരുന്നുണ്ട്. അതു അപകടം പിടിച്ച വൈറസാണ്.

No comments:

Post a Comment