Sunday 20 September 2020

നബി (സ) തങ്ങളുടെ സൗന്ദര്യവും രൂപ ഭാവങ്ങളും




തിരുനബി ﷺ ആകാരപരമായ പൂര്‍ണതയുടെ ഉടമയായിരുന്നു. വര്‍ണ്ണനാതീതമാണ് അവിടുത്തെ (ﷺ) ആകാര പ്രകൃത സവിശേഷതകള്‍. മഹാന്മാരായ സ്വഹാബീപ്രമുഖര്‍ സ്വന്തം അനുഭവവും ജ്ഞാനവും അടിസ്ഥാനപ്പെടുത്തി വിവരിച്ചതു മാത്രമാണ് ഇക്കാര്യത്തിലവലംബിക്കാനുള്ളത്.

സൗന്ദര്യത്തിന്റെ തല്‍സ്വരൂപമായ തിരുനബിﷺയുടെ സൗന്ദര്യത്തിന്‍ കേന്ദ്രീയത അവിടുന്ന് (ﷺ) പ്രകാശമായിരുന്നു എന്നതിലാണ്. അവിടുത്തെ (ﷺ) ആകാര പ്രകൃതങ്ങളെക്കുറിച്ചുള്ള വര്‍ണനകളെല്ലാം അനന്തമായ പാരാവാരത്തില്‍ നിന്നെടുത്ത ജലകണങ്ങളെപ്പോലെ മാത്രമാണ്.

പൂര്‍വ്വകാല പ്രവാചകന്മാരെല്ലാവരും നബിﷺതങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ടായിരുന്നു. അതുപോലും സാഹചര്യത്തിന്റെ അവസ്ഥയനുസരിച്ച് വളരെ പരിമിതവും ക്ലിപ്തവുമായിരുന്നു...

ഇമാം ബൂസ്വീരി (റ) പറയുന്നു: “നിശ്ചയം, അവരൊക്കെ (പ്രവാചകന്മാര്‍) അവരുടെ സമുദായങ്ങള്‍ക്കു വിവരിച്ചു കൊടുത്ത അങ്ങയുടെ വിശേഷണങ്ങള്‍ വെള്ളം ആകാശ താരകങ്ങളെ പ്രതിബിംബിക്കും പ്രകാരം മാത്രമായിരുന്നു...”  (അല്‍ഖസ്വീദതുല്‍ഹംസിയ്യ: വരി: 3)

ഈ വരിയുടെ വ്യാഖ്യാനത്തില്‍ ഇബ്നുഹജര്‍ (റ) എഴുതുന്നു: “നിശ്ചയം, അവര്‍ ഉന്നതവും സമ്പൂര്‍ണ്ണവുമായ വാക്ചാതുര്യത്തോടെ നബിﷺയെ വര്‍ണിച്ചിട്ടുണ്ടെങ്കിലും അതിലെ അല്‍പം ചില സൂചനകള്‍ മാത്രമാണവര്‍ പ്രാപിച്ചിട്ടുള്ളത്. അതിന്റെ യഥാര്‍ത്ഥ ഭാവതലങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ അശക്തരായിരുന്നു...” (അല്‍ മിനഹുല്‍ മക്കിയ്യ: 1/135)

മഹാന്മാരായ പ്രവാചകന്മാരുടെ സ്ഥിതിയിതാണെങ്കില്‍ സാധാരണക്കാരായ നമ്മുടെ കാര്യം പറയാനില്ലല്ലോ.. നബിﷺതങ്ങളെ പൂര്‍ണ്ണമായി വിവരിക്കുക അസാധ്യമാണ്. എന്നാലും അവിടുത്തെ (ﷺ) സംബന്ധിച്ച് നമുക്കറിയാവുന്നത്, അതിന്റെ ആന്തരിക യാഥാര്‍ത്ഥ്യം നമുക്കജ്ഞാതമെങ്കിലും പകരേണ്ടതും നുകരേണ്ടതുമാണ്. കാരണം നബിﷺയെ സാധിക്കും വിധം അറിഞ്ഞ് വിശ്വസിക്കേണ്ടവരാണ് നാം... 

ഇബ്നു ഹജറില്‍ ഹൈമതമി (റ) പറയുന്നു: “മുമ്പും ശേഷവും നബി ﷺ യെപ്പോലെ ഒരാളും മനുഷ്യരില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത വിധമാണ് ആ ശരീരത്തെ അല്ലാഹു ﷻ സൃഷ്ടിച്ചിരിക്കുന്നതെന്നു വിശ്വസിക്കല്‍ വിശ്വാസപൂര്‍ണ്ണതയുടെ ഭാഗമാണ്. കാരണം, ഒരു സത്തയിലെ പ്രത്യക്ഷ ഗുണങ്ങള്‍ അതില്‍ ആന്തരികമായുള്ള അദൃശ്യസ്വഭാവങ്ങളുടെയും സവിശേഷതകളുടെയും തെളിവാണ്. നമ്മുടെ നബിﷺതങ്ങള്‍ ഈ സ്വഭാവ വിശേഷങ്ങളിലെല്ലാം മറ്റാരും പ്രാപിക്കാത്ത പദവി നേടിയിട്ടുണ്ട്” (അല്‍ മിനഹുല്‍ മക്കിയ്യ: 2/570)

അമ്പിയാക്കള്‍ സമകാലികരില്‍ നിന്നു താഴ്ന്ന ശരീരാവസ്ഥയിലാവുന്നത് പ്രബോധനത്തിനു തടസ്സമാവാനിടയുണ്ട്. കാരണം ഏതൊരു സമൂഹവും അവരുടെ സാമ്പ്രദായികമായ ശീലങ്ങളുടെ പരിസരത്തു നിന്നാണ് പ്രവാചകരെ കാണുക. ക്രമേണ അതിനു മാറ്റം വന്നേക്കാമെങ്കിലും, പ്രഥമദൃഷ്ട്യാ അവരില്‍ സ്വാധീനം ചെലുത്താനുപകരിക്കുന്ന ആകര്‍ഷകമായ ശാരീരിക ഘടന പ്രവാചകന്മാര്‍ക്കുണ്ടായിരിക്കേണ്ടതുണ്ട്. സ്വഭാവവും സംസ്കാരവും അടുത്തറിയാനും ബാഹ്യമായ ആകര്‍ഷകത്വം ആവശ്യമാണല്ലോ. അതിനാല്‍ തന്നെ പ്രബോധിതരില്‍ നീരസം ഉണ്ടാക്കുന്നവിധമുള്ള ശാരീരിക പ്രകൃതിയോ രോഗമോ അവര്‍ക്കുണ്ടാവില്ല. ശാരീരികമായ വൈകല്യമോ വൈരൂപ്യമോ ഇല്ലാത്തവരായിരിക്കും അവര്‍. ഒരു പ്രവാചകന്റെയും രൂപഭാവങ്ങള്‍ സമൂഹത്തെ അദ്ദേഹത്തില്‍ നിന്ന് അകറ്റിയതായി ചരിത്രമില്ല.

നമ്മുടെ നബിﷺതങ്ങള്‍ എല്ലാ നിലക്കും എല്ലാ പ്രവാചകന്‍മാരെക്കാളും സമകാലത്തെ ജനങ്ങളെക്കാള്‍ ഉന്നതര്‍ തന്നെയായിരുന്നു. ഇമാം ബൂസ്വീരി (റ) പറയുന്നു: “ഇതര പ്രവാചകന്മാരെക്കാള്‍ ആകാരത്തിലും സ്വഭാവത്തിലും നബി ﷺ ഉന്നതരായിരുന്നു. അവരാരും തന്നെ നബി ﷺ തങ്ങളോട് ജ്ഞാനത്തിലും ഉദാരതയിലും അടുത്തെത്തിയിരുന്നില്ല” (ഖസീദതുല്‍ ബുര്‍ദ)

നബിﷺതങ്ങളുടെ ശരീരത്തിലെ ഓരോ അവയവവും അതുല്യമായ സൗന്ദര്യ വിശേഷണങ്ങളൊത്തതായിരുന്നു. ബറാഉബ്നുആസിബ് (റ) പറയുന്നു: “നബിﷺതങ്ങളെക്കാള്‍ സൗന്ദര്യമുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല” (ബുഖാരി റഹ് )

അബൂബക്കര്‍സ്വിദ്ദീഖ് (റ) പറഞ്ഞു: “നബിﷺതങ്ങള്‍ അതികായനോ ഹ്രസ്വകായനോ ആയിരുന്നില്ല. ചുവപ്പു കലര്‍ന്ന വെളുത്ത നിറമുള്ള ഒത്ത ഒരാളായിരുന്നു. നീട്ടി വളര്‍ത്താത്ത ഒതുങ്ങിയ തലമുടി, നീണ്ട മൂക്ക്, തെളിമയുള്ള നെറ്റിത്തടം, മൃദുലമായ കവിള്‍ത്തടങ്ങള്‍, കറുത്ത കണ്‍മണികള്‍, അകന്ന പല്ലുകള്‍, വെള്ളിക്കിണ്ടിപോലെയുള്ള കഴുത്ത് എന്നിവ നബിﷺയുടെ സവിശേഷതയായിരുന്നു. അവിടുത്തെ (ﷺ) രണ്ടു ചുമലുകള്‍ക്കിടയില്‍ പ്രവാചക മുദ്രയുണ്ടായിരുന്നു.” (തുര്‍മുദി റഹ്)

ഹിജ്റ വേളയില്‍ നബി ﷺ ഉമ്മുമഅ്ബദ് (റ) എന്ന സ്ത്രീയുടെ കറവ വറ്റിയ ആടില്‍ നിന്ന് അമാനുഷിക സിദ്ധി മുഖേന പാല്‍ കറന്നെടുത്തു കഴിച്ചു. ആ വീട്ടുകാര്‍ക്കും പാല്‍ നല്‍കി. ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ അതിനെക്കുറിച്ചന്വേഷിച്ചു. അതിന് അവര്‍ നല്‍കിയ മറുപടിയില്‍ നബി ﷺ തങ്ങളെക്കുറിച്ച് നല്‍കിയ വിവരണം ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്...

“പ്രകാശം പ്രകടമായൊരു മനുഷ്യന്‍, മുഖം പ്രസന്നമായ നല്ല ആകാരമുള്ളവന്‍, ശരീര പുഷ്ടി കാരണം ക്ഷീണിതരോ ശരീരശോഷണം കാരണം വിഷമിക്കുന്നവരോ അല്ല (തടിയനോ ശുഷ്കനോ അല്ല). സുന്ദരന്‍, അതീവ സുന്ദരന്‍. കണ്ണിനു നല്ല കറുപ്പുണ്ട്. നീളമുള്ള കണ്‍പീലികളുള്ളവര്‍, ദൃഢകായന്‍, നീണ്ടു മനോഹരമായ കഴുത്ത്, താടിക്കു നീളക്കൂടുതലില്ല, മാര്‍ദ്ദവമുണ്ട്. പുരികം വളഞ്ഞു നീണ്ട് തമ്മില്‍ ചേര്‍ന്നിരിക്കുന്നു. ആ നിശ്ശബ്ദതക്ക് ഗാംഭീര്യമുണ്ട്, സംസാരത്തിന് ആകര്‍ഷണീയതയും പ്രസന്നതയും പ്രകടമാണ്. അകലത്തുനിന്നു നോക്കിയാലും കോമളന്‍, അടുത്താവുമ്പോള്‍ അതിസൗന്ദര്യവാന്‍. മധുരമായ ഭാഷണം, മിതമായ, വ്യക്തമായ, മുറിച്ചു മുറിച്ചുള്ള സംസാരം. കോര്‍ത്തിണക്കിയ മുത്തുമണികള്‍ ഉതിര്‍ന്നുവീഴുംപോലെയുള്ള വചനങ്ങള്‍. ഒത്ത ശരീരപ്രകൃതന്‍. അതികായനോ നീളക്കുറവിനാല്‍ അവഗണനീയനോ അല്ല. നിവര്‍ന്ന ശരീരഘടന. ഇവിടെ വന്ന മൂന്നുപേരില്‍ വളരെ കൂടൂതല്‍ തേജസ്സുള്ളവന്‍. അവരില്‍ ഏറ്റവും മഹാന്‍.” (ത്വബ്റാനി റഹ്)


മുഖ സൗന്ദര്യം.

നബിﷺതങ്ങളുടെ മുഖം സൗന്ദര്യ സമ്പൂര്‍ണ്ണമായിരുന്നു. ഇതു സംബന്ധമായി ധാരാളം ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്...

അബൂഹുറൈറ (റ) പറയുന്നു: ”നബി ﷺ തങ്ങളേക്കാള്‍ മനോഹാരിതയുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. സൂര്യന്‍ അവിടുത്തെ (ﷺ) മുഖത്താണോ സഞ്ചരിക്കുന്നത് എന്നു തോന്നിപ്പോവുമായിരുന്നു...” (അല്‍മിനഹുല്‍ മക്കിയ്യ: 2/571)

അലി(റ) പറയുന്നു: “നബിﷺതങ്ങളുടെ മുഖം വീര്‍ത്തതോ, മാംസമില്ലാതെ നീണ്ടതോ ആയിരുന്നില്ല. ആ മുഖം അല്‍പം വൃത്താകൃതിയിലായിരുന്നു. ചുവപ്പുകലര്‍ന്ന വെളുപ്പുനിറമായിരുന്നു മുഖത്തിന്..." (തുര്‍മുദി റഹ്)

ബറാഅ് (റ) വിനോട് ‘നബിﷺതങ്ങളുടെ മുഖം വാളുപോലെയായിരുന്നോ’ എന്നു ചോദിച്ചപ്പോള്‍, “അല്ല, ചന്ദ്രനെപ്പോലെയായിരുന്നു” എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്...(ബുഖാരി റഹ്)

ചന്ദ്രനെപ്പോലെ വൃത്താകൃതിയില്‍ പ്രകാശമുള്ളതായിരുന്നു എന്നര്‍ത്ഥം.

ജാബിറുബ്നു സമുറ: (റ) പറഞ്ഞു: “നബി  ﷺ തങ്ങളുടെ മുഖം വാളുപോലെയായിരുന്നില്ല. അത് സൂര്യനെയും ചന്ദ്രനെയും പോലെയായിരുന്നു” (മുസ്ലിം റഹ്)

നബിﷺതങ്ങളുടെ മുഖത്തിനു സൗന്ദര്യം മാത്രമായിരുന്നില്ല, പ്രകാശവും കൂടി ഉണ്ടായിരുന്നു. വൃത്താകൃതിയുമായിരുന്നു...

ഇവിടെ വൃത്തമെന്നു പറഞ്ഞതു കൊണ്ടുദ്ദേശ്യം പൂര്‍ണ്ണവൃത്തമല്ല. അലി (റ) വിന്റെ വിവരണത്തില്‍ അതു വ്യക്തമാണ്. അല്‍പ വൃത്താകൃതിയിലുള്ള മുഖം അറബികള്‍ക്ക് ഹൃദ്യമായിരുന്നു...

കഅ്ബുബ്നു മാലിക് (റ) പറയുന്നു: “നബി ﷺ ചിരിക്കുമ്പോള്‍ ചന്ദ്രക്കീറുപോലെ അവിടുത്തെ (ﷺ) മുഖം പ്രകാശിക്കുമായിരുന്നു. ഞങ്ങള്‍ക്കിത് നബിﷺയില്‍ വ്യക്തമായി കാണാമായിരുന്നു” (ബുഖാരി റഹ്)

അനസ് (റ) പറയുന്നു: “ചിരിക്കുമ്പോള്‍ നബിﷺയുടെ മുഖം കണ്ണാടി പോലെയാണ്. അടുത്തുള്ള ചുമരുകള്‍ അവിടുത്തെ (ﷺ) മുഖ കമലത്തില്‍ പ്രതിബിംബിച്ചിരുന്നു” (ഇബ്നുല്‍ അസീര്‍)

ആയിശ (റ) പറഞ്ഞു: “ഞാന്‍ വസ്ത്രം തുന്നുന്നതിനിടെ സൂചി താഴെ വീണുപോയി. അതെനിക്കു കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് റസൂല്‍ ﷺ തങ്ങള്‍ അങ്ങോട്ടു കടന്നുവന്നത്. തങ്ങളുടെ (ﷺ) മുഖത്തെ പ്രകാശകിരണത്തില്‍ ഞാന്‍ സൂചി കണ്ടെടുക്കുകയുണ്ടായി” (ഇബ്നു അസാകിര്‍)

നബിﷺതങ്ങളെക്കുറിച്ചുള്ള ഇത്തരം ഉപമകളും അലങ്കാരങ്ങളും കേവലാര്‍ത്ഥത്തില്‍ മനസ്സിലാക്കരുത്. കാരണം, നബിﷺതങ്ങളെ ഉപമിക്കാന്‍ ഒരു ഉപമാനവും പര്യാപ്തമല്ല. പിന്നെ സാഹിത്യശൈലിയനുസരിച്ച് സാധ്യമായതിനോടുപമിക്കാറുണ്ടെന്നു മാത്രം...

നബിﷺതങ്ങളുടെ മുഖത്തെ അധിക പേരും ഉപമിച്ചിരിക്കുന്നത് ചന്ദ്രനോടാണ്. കാരണം, പ്രകാശം പരത്തുന്ന ഒരു ഗോളമെന്ന നിലയില്‍ ദൃഷ്ടിക്ക് വിഘ്നം തട്ടാതെ പൂര്‍ണ്ണമായി നോക്കിക്കാണാനാവുക ചന്ദ്രനെയാണ്...

നബിﷺതങ്ങളുടെ നാമങ്ങളിലൊന്നാണല്ലോ ‘ബദ്ര്‍’ (പൂര്‍ണ്ണ ചന്ദ്രന്‍). ഐശ്വര്യപൂര്‍ണ്ണവും മനോഹരവുമായ, അവിടുത്തെ (ﷺ) മുഖകമലം തന്നെ സത്യപ്രവാചകനാണെന്നതിന്റെ പ്രകടമായ തെളിവായിരുന്നു...

അബ്ദുല്ലാഹിബ്നു സലാം (റ) പറയുന്നു: “നബിﷺതങ്ങള്‍ മദീനയിലെത്തിയ വാര്‍ത്ത കേട്ട ഉടനെ തന്നെ ജനങ്ങള്‍ തിരുസവിധത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ ഞാനും പോയി. അവിടുത്തെ (ﷺ) മുഖം കണ്ടപ്പോഴേ എനിക്കു ബോധ്യമായി, ഇതൊരു വ്യാജവാദിയുടെ മുഖമല്ലെന്ന്"(സയ്യിദുനാ മുഹമ്മദുര്‍റസൂലുല്ലാഹിﷺ: പേജ് 22)

ഇബ്നു അസാകിര്‍, ജാബിര്‍ (റ)വില്‍ നിന്ന് ഉദ്ധരിച്ചത് ഇമാം സുയൂത്വി (റ) ഉദ്ധരിക്കുന്നു: “ജിബ്രീല്‍ (അ) എന്നെ സമീപിച്ചു പറഞ്ഞു: അല്ലാഹു ﷻ അങ്ങേക്ക് സലാം പറഞ്ഞുകൊണ്ട് ഇങ്ങനെ പറയുന്നുണ്ട്: “യൂസുഫ് (അ)ന്റെ സൗന്ദര്യം ഞാനെന്റെ കുര്‍സിയ്യിന്റെ പ്രകാശത്തില്‍ നിന്നാണു നല്‍കിയത്. അങ്ങയുടെ മുഖത്തിന്റെ സൗന്ദര്യം എന്റെ അര്‍ശിന്റെ പ്രകാശത്തില്‍ നിന്നു നല്‍കിയതാണ് ”(അല്‍ഖസ്വാഇസ്വ്: 2/107)


നയന വിശേഷം.


നബി(സ്വ) തങ്ങളുടെ കണ്ണിന്റെ സൌന്ദര്യം മുഖസൌന്ദര്യത്തിന്റെ ഭാഗം തന്നെയാണ്. കണ്‍പീലികളും പുരികങ്ങളും കണ്‍മണിയുടെ കറുപ്പും ശ്രദ്ധേയമായിരുന്നു. അതിലുപരി അവിടുത്തെ കണ്ണിന്റെ കാഴ്ചശക്തിയിലും അനിതരസാധാരണമായ സവിശേഷതകളുണ്ടായിരുന്നു.

“രാത്രിയുടെ ഇരുളിലും പകലിലെ പ്രകാശത്തിലെന്നപോലെ നബി(സ്വ)ക്കു കാണാന്‍ കഴിഞ്ഞിരുന്നുവെന്ന് ഇബ്നു അബ്ബാസ്(റ)വില്‍ നിന്നു ബൈഹഖി(റ) ഉദ്ധരിച്ചിട്ടുണ്ട്” (അല്‍ഖസ്വാഇസ്വ്: 2/104).

മുന്നിലേക്കു കാണുന്നതു പ്രകാരം പിന്നിലേക്കും അവിടുന്നു കണ്ടിരുന്നു. 

അബൂഹുറൈറ(റ) നിവേദനം: നബി(സ്വ) പറഞ്ഞു: “നിശ്ചയം, ഞാന്‍ എന്റെ മുമ്പിലുള്ളതിലേക്കു നോക്കും പ്രകാരം എന്റെ പിന്‍ഭാഗത്തുള്ളതിലേക്കും നോക്കുന്നുണ്ട്” (കാണുന്നുണ്ട്) (ഹാകിം). 

അനസ്(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറഞ്ഞു: “ജനങ്ങളേ, ഞാന്‍ നിങ്ങളുടെ ഇമാമാണ്. (നിങ്ങളെന്നെ റുകൂഅ് കൊണ്ടും സുജൂദ് കൊണ്ടും) മുന്‍കടക്കരുത്. നിശ്ചയം, ഞാന്‍ നിങ്ങളെ എന്റെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കാണുന്നുണ്ട്” (ബുഖാരി റഹ്). 

നബി(സ്വ) തങ്ങള്‍ മലക്കുകളെ കാണാറുണ്ടായിരുന്നു എന്നതില്‍ സംശയമില്ല. ഉഹ്ദ് യുദ്ധത്തില്‍ ശഹീദായ ഹന്‍ളല(റ)വിനെ മലകുകള്‍ കുളിപ്പിക്കുന്നത് നബി(സ്വ) തങ്ങള്‍ കാണുകയുണ്ടായി. മുഅ്തത് യുദ്ധത്തി ല്‍ രക്തസാക്ഷിയായ ജഅ്ഫറുബിന്‍ അബീത്വാലിബ്(റ)വിനെ സ്വര്‍ഗത്തില്‍ പറക്കുന്നതായി നബി(സ്വ) തങ്ങള്‍ കണ്ടു. ഇതെല്ലാം വ്യക്തമായ ചരിത്ര സത്യങ്ങളാണ്.

ഇസ്റാഉം മിഅ്റാജും കഴിഞ്ഞു തിരിച്ചുവന്ന റസൂല്‍ ﷺ യെ വിശദീകരണമാവശ്യപ്പെട്ടു വിഷമിപ്പിക്കാന്‍ അവിശ്വാസികള്‍ ശ്രമിച്ചു. ബൈതുല്‍ മുഖദ്ദസിനെക്കുറിച്ച് അവര്‍ നബിﷺതങ്ങളോടു തുരുതുരാ ചോദിക്കുകയുണ്ടായി. അപ്പോള്‍ നബിﷺതങ്ങള്‍ക്ക് ബൈതുല്‍ മുഖദ്ദസ് വെളിവാക്കപ്പെട്ടു. അവിടുന്ന് (ﷺ) അതിലേക്കു നോക്കി. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. ഈ സംഭവം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്... 

സൌബാന്‍ (റ) നിവേദനം. നബി ﷺ പറഞ്ഞു: “നിശ്ചയം, അല്ലാഹു ﷻ എനിക്ക് ഭൂമിയെ ചുരുക്കിക്കാണിച്ചുതന്നു. അപ്പോള്‍ ഞാനതിലെ ഉദയാസ്തമയ സ്ഥാനങ്ങളെല്ലാം കാണുകയുണ്ടായി” (മുസ്ലിം റഹ്)

ഇബ്നു ഉമര്‍(റ) നിവേദനം: നബിﷺതങ്ങള്‍ പറഞ്ഞു: “നിശ്ചയം, അല്ലാഹു ﷻ ഭൂമിയെ എനിക്ക് ഉയര്‍ത്തിത്തന്നു. ഞാനതിലേക്കും അന്ത്യനാള്‍വരെ ഉണ്ടാവുന്നതിലേക്കും നോക്കി; എന്റെ ഈ കൈയിലേക്ക് ഞാന്‍ നോക്കുന്നതുപോലെ” (ത്വബ്റാനി റഹ്)

ഈ കാഴ്ച നബിﷺതങ്ങള്‍ക്കുള്ള അസാധാരണ കാഴ്ച തന്നെയാണ്. കേവലം തോന്നിപ്പിക്കലോ കണക്കുകൂട്ടലോ അല്ല. അല്ലാഹുﷻവില്‍ നിന്നു പ്രത്യേകമായ ആദരവ് എന്ന നിലയില്‍ ലഭ്യമാവുന്ന ഒരു സിദ്ധിക്കും അതിന്റെ സ്വാഭാവികമായ സാഹചര്യങ്ങള്‍ ഒത്തിണങ്ങേണ്ടതില്ല. ഏതവസ്ഥയിലും ഏതൊന്നിന്റെയും സംവേദനക്ഷമതയെ സജീവമാക്കുന്നതും നിര്‍ജ്ജീവമാക്കുന്നതും അല്ലാഹുﷻവാണല്ലോ... 


ശ്രവണ വിശേഷം.


നബിﷺതങ്ങളുടെ കേള്‍വിയും കേവല കേള്‍വിയെക്കാള്‍ ഉന്നതമായിരുന്നു...

അബൂദര്‍റ് (റ) നിവേദനം. നബിﷺതങ്ങള്‍ പറഞ്ഞു: “നിശ്ചയം, നിങ്ങള്‍ കാണാത്തതു ഞാന്‍ കാണുന്നുണ്ട്. നിങ്ങള്‍ കേള്‍ക്കാത്തതു ഞാന്‍ കേള്‍ക്കുന്നുമുണ്ട്. നിശ്ചയം, ആകാശമിപ്പോള്‍ ഒരു ശബ്ദം പുറപ്പെടുവിക്കുകയുണ്ടായി. അതിനു ശബ്ദം പുറപ്പെടുവിക്കാനവകാശമുണ്ട്. അതില്‍ മലക്കുകള്‍ സുജൂദില്‍ വീഴാത്തതായി, നാലു വിരല്‍ വെക്കാനുള്ള സ്ഥലം പോലുമില്ല”  (തുര്‍മുദി റഹ്)

ഹകീമുബ്നു ഹിസാം (റ) പറയുന്നു: ഒരിക്കല്‍ നബിﷺതങ്ങള്‍ അനുചരര്‍ക്കിടയിലിരിക്കെ, “ഞാന്‍ കേള്‍ക്കുന്നതു നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ” എന്നു ചോദിച്ചു. അവരപ്പോള്‍ പറഞ്ഞു: “ഞങ്ങളൊന്നും കേള്‍ക്കുന്നില്ല”. അപ്പോള്‍ നബിﷺതങ്ങള്‍ പറഞ്ഞു: “ഞാന്‍ ആകാശത്തിന്റെ ഒരുതരം ശബ്ദം കേള്‍ക്കുന്നു. അതങ്ങനെ ശബ്ദിക്കുന്നതില്‍ ആക്ഷേപിക്കപ്പെടേണ്ടതൊന്നുമില്ല” ഈ ഹദീസ് അബൂനുഐം(റ) ഉദ്ധരിച്ചിട്ടുണ്ട് (അല്‍ഖസ്വാഇസ്: 2/113)

നബിﷺതങ്ങളുടെ കേള്‍വി ശക്തിയുടെ ഈ സവിശേഷത പ്രവാചകത്വത്തിന്റെ അനിവാര്യത കൂടിയാണ്. വഹിയുമായി വരുന്ന മലക്കിനെ കാണുക എന്നപോലെത്തന്നെ കേള്‍ക്കാനും നബിﷺതങ്ങള്‍ക്കു കഴിയണം. അങ്ങനെ കഴിഞ്ഞിരുന്നു എന്നത് സുവ്യക്തവുമാണ്.

ഇബ്നു അബ്ബാസ് (റ) പറയുന്നു: നബി ﷺ തങ്ങളും ജിബ്രീല്‍(അ)മും സ്വഫാ കുന്നിന്റെ മുകളില്‍ നില്‍ക്കെ അവിടുന്നു (ﷺ) പറഞ്ഞു: “ഓ ജിബ്രീല്‍, സത്യവുമായി അങ്ങയെ നിയോഗിച്ചവനാണെ, മുഹമ്മദിന്റെ (ﷺ) കുടുംബത്തിനിന്ന് ഭക്ഷണമായി ഒരുപിടി മാവ് പോലുമില്ല.”

ഇതു പറഞ്ഞ് തീരുംമുമ്പെ ആകാശത്തു നിന്നു കഠോരമായൊരു ശബ്ദം മുഴങ്ങി. ഇതു കേട്ടപ്പോള്‍ നബി ﷺ “അന്ത്യനാളിനുള്ള നിര്‍ദ്ദേശം അല്ലാഹു ﷻ നല്‍കിയോ”എന്നു ചോദിച്ചു. അപ്പോള്‍ ജിബ്രീല്‍ (അ) പറഞ്ഞു: “ഇല്ല, അല്ലാഹു ﷻ ഇസ്റാഫീല്‍(അ)നോട് ഭൂമിയിലെ നിക്ഷേപങ്ങളുടെ താക്കോലുകളുമായി വരാന്‍ നിര്‍ദ്ദേശിച്ചതാണാ ശബ്ദം. അത് അങ്ങേക്ക് വെളിവാക്കിത്തരാന്‍ എന്നോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട് ” (ത്വബ്റാനി റഹ് )

ആകാശത്തു നിന്നുള്ള ആ ഭയാനക ശബ്ദം നബിﷺതങ്ങളല്ലാതെ മറ്റാരും കേട്ടതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. ആ ശബ്ദത്തിന്റെ കാഠിന്യം കൊണ്ടാണ് അന്ത്യനാളടുത്തുവോ എന്നു പോലും നബി ﷺ വിചാരിച്ചു പോയത്. 

ഖബറില്‍ നടക്കുന്ന ശിക്ഷയുടെ ശബ്ദങ്ങള്‍ നബിﷺതങ്ങള്‍ കേട്ടത് ഒന്നിലധികം ഹദീസുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്...

മൂത്രമൊഴിച്ചിട്ടു പൂര്‍ണ്ണമായി വൃത്തിയാക്കാത്തവനും, ഏഷണി കൂട്ടുന്നവനും, ഖബറില്‍ ശിക്ഷിക്കപ്പെടുന്ന കാര്യം പറഞ്ഞശേഷം, പച്ച ഈത്തപ്പനയോല ആ ഖബറിനുമുകളിൽ കുത്തിക്കൊണ്ട്‌ സ്വഹാബികളോട് നബി ﷺ പറഞ്ഞു:“നിങ്ങളുടെ ഹൃദയങ്ങള്‍ തകരാതിരിക്കുകയും നിങ്ങള്‍ ചോദ്യം അധികമാക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഞാന്‍ കേള്‍ക്കുന്നത് നിങ്ങളും കേള്‍ക്കുമായിരുന്നു” (അഹ്മദ് റഹ്)

അബൂസഈദില്‍ ഖുദ്രി (റ) പറയുന്നു:  “നബി ﷺ ഒരിക്കല്‍ ഭയാനകമായ ഒരു ശബ്ദം കേള്‍ക്കുകയുണ്ടായി. പിന്നീടു ജിബ്രീല്‍ (അ) വന്നപ്പോള്‍ നബി ﷺ ചോദിച്ചു: 'ജിബ്രീല്‍ (അ), എന്തായിരുന്നു ആ ശബ്ദം..?’ ജിബ്രീല്‍ (അ) പറഞ്ഞു: "നരകത്തിന്റെ പാര്‍ശ്വത്തില്‍ നിന്ന് ഒരു കല്ല് 70 വര്‍ഷംമുമ്പ് താഴേക്കു വീണിരുന്നു. അത് നരകത്തിന്റെ അടിഭാഗത്ത് എത്തിയപ്പോഴുണ്ടായ ശബ്ദമാണത്. അങ്ങയെ അതു കേള്‍പ്പിക്കാന്‍ അല്ലാഹു ﷻ ഇഷ്ടപ്പെട്ടു". പിന്നീട് നബിﷺതങ്ങള്‍ ഈ ലോകത്തു നിന്നു യാത്രയാവുന്നതുവരെ വായനിറയെ ചിരിക്കുന്നതു കാണപ്പെട്ടിരുന്നില്ല... (ത്വബ്റാനി റഹ് )

സാധാരണ ജനങ്ങള്‍ കേള്‍ക്കാത്ത കാര്യങ്ങള്‍ നബിﷺതങ്ങള്‍ കേട്ടിരുന്നു. അവിടുത്തെ (ﷺ) കേള്‍വിശക്തിക്ക് അകലം, അടുപ്പം തുടങ്ങിയ സാധാരണ ഘടകങ്ങള്‍ ബാധകമായിരുന്നില്ല...


വായയും സിദ്ധിഗുണങ്ങളും.

നബിﷺതങ്ങളുടെ സംസാരം മാത്രമല്ല, ഉമിനീരും വിശേഷപ്പെട്ടതാണ്... 

ഹിന്‍ദുബ്നു അബീഹാല (റ) നബി ﷺ തങ്ങളുടെ വായയെക്കുറിച്ചിങ്ങനെ പറയുന്നുണ്ട്: “നബിﷺതങ്ങളുടെ വായ വിശാലമായിരുന്നു” (തുര്‍മുദി റഹ്)

ജാബിര്‍(റ)വില്‍ നിന്ന് ഇമാം ബുഖാരി(റ)വും ഇതേ ആശയമുള്ള ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അറബികളെ സംബന്ധിച്ചിടത്തോളം വിശാലമായ വായ പ്രശംസനീയമായിരുന്നു. മുഖസൗന്ദര്യത്തിന്റെ പ്രധാന ഘടകമാണല്ലോ വായയുടെ ആകാരഭംഗി. അതോടൊപ്പം സൗരഭ്യം പരത്തുന്നതുമായിരുന്നു അവിടുത്തെ (ﷺ) വായ...

അനസ് (റ) പറയുന്നു: “ഞാനെല്ലാതരം സുഗന്ധദ്രവ്യങ്ങളും വാസനിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ, നബിﷺയുടെ ഉഛ്വാസത്തെക്കാള്‍ സുഗന്ധമുള്ളതൊന്നും ഞാനിതുവരെ ആസ്വദിച്ചിട്ടില്ല” (ഇബ്നു സഅദ്)

വാഇലുബ്നു ഹുജ്ര്‍ (റ) പറയുന്നു: “അദ്ദേഹം നബിﷺതങ്ങളുടെ അടുത്ത് ഒരു ബക്കറ്റ് വെള്ളവുമായി ചെന്നു. നബിﷺതങ്ങള്‍ അതില്‍ നിന്നു കുടിച്ചു. ശേഷിപ്പുള്ള വെള്ളം അദ്ദേഹം കിണറ്റിലൊഴിച്ചു. അപ്പോള്‍ ആ കിണറ്റില്‍ നിന്നു കസ്തൂരിയുടേതിനു സമാനമായ പരിമളം വീശിക്കൊണ്ടിരുന്നു” (അഹ്മദ് റഹ്)

ഉമൈറ ബിന്‍തു മസ്ഊദ്(റ)വും സഹോദരിമാരുമടക്കം അഞ്ചുപേര്‍ നബി(സ്വ) തങ്ങളുടെ അടുത്ത് ബൈഅത്തിനായി ചെന്നു. നബി(സ്വ) തങ്ങളപ്പോള്‍ ഉണക്കിയ (വേവിച്ചതുമായ) മാംസം കഴിക്കുകയായിരുന്നു. അവിടുന്ന് ഒരു മാംസക്കഷ്ണം കടിച്ചെടുത്തു മഹതിയുടെ കൈയില്‍ കൊടുത്തു. അവരെല്ലാവരും അതില്‍ നിന്ന് ഓരോ കഷ്ണം വീതം കഴിച്ചു. അവരിലൊരാള്‍ക്കുപോലും പിന്നീട് മരണംവരെ വായ് നാറ്റം ഉണ്ടായിട്ടില്ല (ത്വബ്റാനി റഹ് ).

നബി(സ്വ) തങ്ങളുടെ വദനത്തിനു സൌന്ദര്യവും സൌരഭ്യവും മാത്രമല്ല,അമാനുഷിക സിദ്ധികളുമുണ്ടായിരുന്നു.”അനസ്(റ)വിന്റെ വീട്ടിലെ കിണറില്‍ നബി(സ്വ) തങ്ങള്‍ തുപ്പുകയുണ്ടായി. പിന്നീട് മദീനയില്‍ ആ കിണറിനെക്കാള്‍ ശുദ്ധജലലഭ്യതയുള്ള മറ്റൊരു കിണര്‍ ഉണ്ടായിട്ടില്ല” (അബൂനുഐം).

“നബി(സ്വ) തങ്ങളുടെ പൌത്രന്‍ ഹസന്‍(റ)വിനു ദാഹമുണ്ടായപ്പോള്‍ കൊടുക്കാന്‍ വെള്ളം പെട്ടെന്നു ലഭിച്ചില്ല. അപ്പോള്‍ അവിടുന്നു തന്റെ നാവ് ഹസന്‍(റ)വിനു നീട്ടിക്കൊടുത്തു. കുട്ടി നന്നായി ഊമ്പിക്കുടിച്ചു. ദാഹം മാറി” (ഇബ്നു അസാകിര്‍ റഹ്).

“നബി(സ്വ) തങ്ങള്‍  ഒരിക്കല്‍ മാംസം ഭക്ഷിച്ചുകൊണ്ടിരിക്കെ ദുഷിച്ച വര്‍ത്തമാനങ്ങള്‍ പറയാറുള്ള ഒരു സ്ത്രീ വന്നു. അവള്‍ നബി(സ്വ) തങ്ങളോട് ‘എനിക്കും കഴിക്കാന്‍ തരുമോ’ എന്ന് ചോദിച്ചു. നബി(സ്വ) തങ്ങള്‍ അവള്‍ക്ക് പാത്രത്തില്‍ നിന്നെടുത്തു നല്‍കിയപ്പോള്‍ അവള്‍ പറഞ്ഞു: ‘അതല്ല, അങ്ങയുടെ വായിലുള്ളതാണ് എനിക്കു വേണ്ടത്’.  ഉടനെ നബി(സ്വ) വായിലുള്ളതെടുത്ത് അവള്‍ക്കു നല്‍കി. അവളതു കഴിക്കുകയും ചെയ്തു. പിന്നീട് ഒരിക്കലും ആ സ്ത്രീയില്‍ നിന്നു ദുഷിച്ച സംസാരമുണ്ടായതായി അറിഞ്ഞിട്ടില്ല” (ത്വബ്റാനി റഹ്).

“ആശൂറാഅ് ദിനത്തില്‍ (മുഹര്‍റം10) നബി(സ്വ) തന്റെ അധീനതയിലും ഫാത്വിമ(റ)യുടെ അധീനതയിലുമുള്ള, മുലകുടി പ്രായത്തിലുള്ള കുട്ടികളെ കൊണ്ടുവരാന്‍ പറയാറുണ്ടായിരുന്നു. അങ്ങനെ കൊണ്ടുവന്നാല്‍ അവരുടെ(കുട്ടികളുടെ) വായിലേക്ക് അവിടുന്നു തുപ്പിക്കൊടുക്കും. എന്നിട്ട് ഉമ്മമാരോട് പറയും: ‘രാത്രിവരെ ഇവര്‍ക്കിന്നു മുലകൊടുക്കരുത്’. നബി(സ്വ) തങ്ങളു ടെ ഉമിനീരുതന്നെ അവര്‍ക്ക് മതിയാകുമായിരുന്നു” (ബൈഹഖി റഹ്).

“ഖൈബര്‍ യുദ്ധത്തിന്റെ നായകനായിരുന്ന അലി(റ)വിനു കണ്ണു രോഗമാണെന്നറിഞ്ഞപ്പോള്‍ നബി(സ്വ) തങ്ങള്‍  ആ കണ്ണിലേക്കു തുപ്പി സുഖപ്പെടുത്തുകയുണ്ടായി”(ബുഖാരി റഹ്). 

“ഖൈബറില്‍ യുസൈറിബ്നു റിസാം എന്ന ജൂതന്റെ വെട്ടേറ്റ്, തലച്ചോറുവരെ ആഴത്തിലുള്ള മുറിവുമായി അബ്ദുല്ലാഹിബ്നു ഉനൈസ്(റ) നബി(സ്വ) തങ്ങളുടെ സമീപത്തു വന്നു. അവിടു ന്ന് അതിലൊന്നു തുപ്പുകയുണ്ടായി. പിന്നെ  ആ മുറിവ് പഴുക്കുകയോ അദ്ദേഹത്തെ വിഷമിപ്പിക്കുകയോ ചെയ്തിട്ടില്ല” (ബൈഹഖി റഹ്).

“ബിഅ്റ് മഊന: സംഭവത്തില്‍ സ്വഹാബിവര്യന്മാര്‍ക്ക് അഭയം നല്‍കാമെന്നേറ്റതുവഴി പ്രസിദ്ധനായ അബൂബറാഅ്(റ) വയറ്റില്‍  വേദനയുള്ള ഒരു രോഗിയായിരുന്നു. തന്റെ സഹോദര പുത്ര നെ നബി(സ്വ) തങ്ങളുടെ അടുത്തേക്ക് അയച്ച് അദ്ദേഹം അതിനു പരിഹാരം തേടി. നബി(സ്വ) തങ്ങള്‍ ഒരു മണ്‍കട്ടയെടുത്ത് അതില്‍ ഉമിനീര് തെറിപ്പിച്ചുകൊണ്ട് ഊതി. എന്നിട്ട് അതു വെള്ളത്തിലിട്ടു കുടിക്കാന്‍ പറഞ്ഞു. അങ്ങനെ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ രോഗം മാറുകയും ചെയ്തു”(ദലാഇലുന്നുബുവ്വ: 2/514).

ഖന്തഖ് കുഴിക്കുന്ന സന്ദര്‍ഭത്തില്‍ ജാബിര്‍(റ) തയ്യാര്‍ ചെയ്ത അല്‍പ ഭക്ഷണം, അവിടുന്ന് ഭ ക്ഷണപ്പാത്രത്തില്‍ തുപ്പിയപ്പോള്‍ വര്‍ദ്ധിച്ചു. ആ ഭക്ഷണം ആയിരം സ്വഹാബിവര്യന്മാര്‍ കഴിക്കുകയുണ്ടായി(ബുഖാരി റഹ്).

ഹുദൈബിയ്യ സന്ധി സന്ദര്‍ഭത്തില്‍ വെള്ളത്തിനു പ്രയാസം നേരിട്ടു. അപ്പോള്‍ അവിടെയുണ്ടായിരുന്ന വറ്റിവരണ്ട ഒരു നീര്‍ച്ചാലില്‍ നബി(സ്വ) തങ്ങള്‍ തുപ്പി. അതോടെ ആയിരത്തി നാനൂറു സ്വഹാബികള്‍ക്കു വെള്ളത്തിന്റെ ആവശ്യം തീര്‍ക്കാനുതകുംവിധം ജലപ്രവാഹമുണ്ടായി. ഇത്  ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട് (ഫത്ഹുല്‍ ബാരി: 7/441).

നബി(സ്വ) തങ്ങളുടെ വായിലെ നീരിന്റെയും നാവിന്റെയും പ്രത്യേകതകള്‍ വ്യക്തമാവുന്നതിന് ഇത് ധാരാളം മതിയായതാണ്.


വാക്ചാതുരിയും വാഗ്മിതയും

നബി(സ്വ) തങ്ങളുടെ ശബ്ദമാധുരിയും അതിന്റെ വ്യാപന ശേഷിയും അസാധാരണമായിരുന്നു. ബറാഅ്(റ) പറയുന്നു: “നബി(സ്വ) തങ്ങള്‍ ഖുത്വുബ നടത്തും; അത് വീടുകളില്‍ മറക്കുള്ളിലിരിക്കുന്ന സ്ത്രീകള്‍ക്കു വരെ കേള്‍ക്കാമായിരുന്നു” (ബൈഹഖി റഹ്).

അബ്ദുര്‍റഹ്മാനുബ്നു മുആദ്(റ) പറയുന്നു: “നബി(സ്വ) തങ്ങള്‍ മിനായില്‍ വച്ചു ഞങ്ങളോട് പ്രസംഗിച്ചു. താമസസ്ഥലത്തു നിന്നു പോലും ഞങ്ങള്‍ക്കതു കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു”(ഇ ബ്നു സഅ്ദ് റഹ്).

നബി(സ്വ) തങ്ങളുടെ ശബ്ദമാധുരി അവിടുത്തെ പ്രവാചകത്വത്തിന്റെ ഭാഗമായിരുന്നു. “ഒരു പ്രവാചകനും മുഖസൌന്ദര്യവും ശബ്ദസൌന്ദര്യവും നല്‍കപ്പെടാതെ അയക്കപ്പെട്ടിട്ടില്ല”(ഇബ് നു സഅ്ദ് റഹ്).

നബി(സ്വ) തങ്ങളുടെ സംസാരത്തിന്റെ ആകര്‍ഷകത്വം മഹാന്മാരായ സ്വഹാബിവര്യന്മാര്‍ വിവരിച്ചിട്ടുണ്ട്. ഇമാം ഗസ്സാലി(റ)  ഇഹ്യാഇല്‍ ഇത്തരം ഹദീസുകളുടെ ആശയം സംക്ഷിപ്തമായി ക്രോഡീകരിച്ചിട്ടുണ്ട്:
“നബി(സ്വ) തങ്ങള്‍ ജനങ്ങളില്‍ ഏറ്റവും മധുരമായും സാഹിത്യ ശൈലിയിലും സംസാരിക്കുന്നവരായിരുന്നു. “ഞാന്‍ അറബികളില്‍ സാഹിത്യഗുണമൊത്ത സംസാരമുള്ളവനാണ്”  എന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്. 

നിശ്ചയം, സ്വര്‍ഗവാസികള്‍ മുഹമ്മദ്(സ്വ) തങ്ങളുടെ ഭാഷയിലാണ് സംസാരിക്കുക”.

“അത്യാവശ്യത്തിനുമാത്രമേ നബി(സ്വ) സംസാരിച്ചിരുന്നുള്ളു. മൃദുലമായായിരുന്നു അവിടുന്നു സംസാരിച്ചിരുന്നത്.നീട്ടിപ്പരത്തി അധികം സംസാരിക്കുന്നവരായിരുന്നില്ല. നബി(സ്വ) തങ്ങളുടെ സംസാരം, കോര്‍ത്തിണക്കിയ മുത്തുമണികള്‍ പോലെയായിരുന്നു. 

ആയിശ(റ) പറയുന്നു: “നിങ്ങള്‍ പദങ്ങള്‍ അടുപ്പിച്ചു പറയുന്നതുപോലെ നബി(സ്വ) സംസാരിക്കാറുണ്ടായിരുന്നില്ല. നബി(സ്വ) തങ്ങളുടെ സംസാരം പദാനുപദം സുവ്യക്തമായിരുന്നു. നിങ്ങള്‍  തുടരെത്തുടരെ സംസാരിക്കുന്നവരാണ്”. സ്വഹാബികള്‍ പറയുന്നു: “നബി(സ്വ)യുടെ സംസാരം അര്‍ഥസംപുഷ്ടമായിരുന്നു.”

ജിബ്രീല്‍(അ) സംക്ഷിപ്തവും അര്‍ഥസംപുഷ്ടവുമായ വചനങ്ങളാണ് നബി(സ്വ) തങ്ങള്‍ക്ക്  എത്തിച്ചുകൊടുത്തത്. സംക്ഷിപ്തമായിരിക്കെ തന്നെ ഉദ്ദിഷ്ടകാര്യങ്ങളെല്ലാം അതുള്‍ക്കൊള്ളുകയും ചെയ്തിരുന്നു. സമ്പൂര്‍ണ്ണമായ വചനങ്ങളാണവിടുന്ന് സംസാരിച്ചിരുന്നത്. അര്‍ഥശൂന്യവും നിസ്സാരവുമായതൊന്നും ആ സംസാരത്തിലില്ലായിരുന്നു.  

പരസ്പരബന്ധമുള്ള സംസാരമായിരുന്നു. കേള്‍ക്കുന്നവര്‍ക്ക് ഹൃദിസ്ഥമാക്കാനും മനസ്സിലാക്കാനും സാധിക്കുമാറ് സംസാരത്തിനിടയില്‍ അടക്കമുണ്ടായിരുന്നു. നബി(സ്വ) വലിയ ശബ്ദമുള്ളവരും നല്ല ഈണത്തില്‍ സംസാരിക്കുന്നവരുമായിരുന്നു. ദീര്‍ഘനേരം നിശ്ശബ്ദനായിരിക്കും. ആവശ്യമില്ലാതെ ഒന്നും സംസാരിച്ചിരുന്നില്ല. 

വെറുക്കപ്പെട്ടതൊന്നും സംസാരിച്ചിരുന്നില്ല. ദേഷ്യ സന്തോഷാവസരത്തി ലൊന്നും സത്യമല്ലാതെപറഞ്ഞിരുന്നില്ല. നല്ലതല്ലാത്തത് സംസാരിക്കുന്നവരില്‍ നിന്ന് അവിടുന്നു തിരിഞ്ഞുകളഞ്ഞിരുന്നു. മോശമെന്നു തോന്നുന്ന വല്ലതും പറയേണ്ടിവന്നാല്‍ ആംഗ്യത്തിലൊതുക്കുകയായിരുന്നു പതിവ്” (ഇഹ്യാഉ ഉലുമുദ്ദീന്‍2/323-325).

നബി(സ്വ) തങ്ങളുടെ വാക്ചാതുരിയുടെയും സാഹിത്യസംപുഷ്ടമായ ശൈലിയുടെയും മുമ്പില്‍ മഹാന്മാരായ സ്വഹാബികള്‍ വിസ്മയം കൊള്ളുകയുണ്ടായിട്ടുണ്ട്.

ഒരിക്കല്‍ നബി(സ്വ)യുടെ സന്നിധിയില്‍ ഒരാള്‍ വന്നു സാഹിത്യസംപുഷ്ടമായ ശൈലിയില്‍ സംസാരിച്ചു. നബി(സ്വ) തങ്ങള്‍ അതേ ശൈലിയില്‍ തന്നെ പ്രതികരിക്കുകയുണ്ടായി. ഇതിന്റെ ആശയം മനസ്സിലാകാതിരുന്നതിനാല്‍, സദസ്സിലുണ്ടായിരുന്ന അബൂബക്ര്‍ സ്വിദ്ദീഖ്(റ) ചോദിച്ചു:”അല്ലാഹുവിന്റെ റസൂലേ (സ്വ) , അദ്ദേഹമെന്താണ് അങ്ങയോട് പറഞ്ഞത്? അങ്ങെന്താണ് അദ്ദേഹത്തോട് പറഞ്ഞത്?”അപ്പോള്‍ നബി(സ്വ) തങ്ങള്‍ അതിന്റെ ആശയം വ്യക്തമാക്കി. ഇതു കേട്ട അബൂബക്കർ സ്വിദ്ദീഖ്(റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ  (സ്വ), ഞാന്‍ അറബികള്‍ക്കിടയില്‍ കറങ്ങിയിട്ടുണ്ട്. അവരില്‍ സാഹിത്യനിപുണന്മാരായ ആളുകളുടെ സംസാരം കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അങ്ങയുടെതിനെക്കാള്‍ സാഹിത്യ സംപുഷ്ടമായ ഒരു സംസാരവും ഞാനിതുവരെ കേള്‍ക്കുകയുണ്ടായിട്ടില്ല”. അപ്പോള്‍ നബി(സ്വ) തങ്ങള്‍ പറഞ്ഞു: “എന്റെ നാഥന്‍ എ ന്നെ അദബ് പഠിപ്പിച്ചിരിക്കുന്നു. ഞാന്‍ ബനൂസഅ്ദിലാണ് വളര്‍ന്നത് (ഇബ്നു അസാകിര്‍ റഹ്).

ഉമര്‍(റ) ഒരിക്കല്‍ ഇക്കാര്യത്തില്‍ അത്ഭുതം പ്രകടിപ്പിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: “ഇസ്മാഈല്‍(അ)ന്റെ ഭാഷ നിഷ്പ്രഭമായിപ്പോയിരുന്നു. പിന്നീട് ജിബ്രീല്‍(അ) അതുമായി വന്നു. ഞാനത് ഹൃദിസ്ഥമാക്കുകയായിരുന്നു” (അബൂനുഐം റഹ്).

അലി(റ) ഒരിക്കല്‍ അത്ഭുതത്തോടെ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ (സ്വ), നാമെല്ലാവരും അറബികളാണല്ലോ. പിന്നെ എങ്ങനെയാണങ്ങ് ഞങ്ങളെക്കാള്‍ സാഹിത്യസംപുഷ്ടനായിത്തീ ര്‍ന്നത്?” നബി(സ്വ) തങ്ങള്‍ പറഞ്ഞു: “ഇസ്മാഈല്‍(അ)ന്റെ ഭാഷയും മറ്റു ഭാഷകളുമായി ജിബ്രീല്‍(അ) എന്റെ അടുത്തു വന്ന് എനിക്കവയെല്ലാം പഠിപ്പിച്ചു തരികയുണ്ടായി” (കശ്ഫുല്‍ ഖഫാ: 1/72).

തന്നോടു സംസാരിക്കുന്നവരുടെ പ്രാദേശിക ഭാഷയിലും ശൈലിയിലും തന്നെയാണവിടുന്ന് അവരോടു തിരിച്ചും സംസാരിച്ചിരുന്നത്. സംബോധിതരായ ആളുകള്‍ക്ക് കാര്യം വേഗത്തില്‍ മനസ്സിലാവുന്നതിന് അതായിരിക്കും കൂടുതല്‍ ഗുണകരം. അതോടൊപ്പം തങ്ങളുടെ ഭാഷയില്‍ സംസാരിക്കുന്നവരെന്ന നിലയില്‍ ആകര്‍ഷണവുമുണ്ടാവും. സാഹിത്യസംപുഷ്ടമായ ശൈലി മഹദ്വചനങ്ങള്‍, ഉപമാലങ്കാരങ്ങള്‍ തുടങ്ങിയവ പ്രയോഗിച്ചു കൊണ്ടു വശ്യമനോഹരമായി അവിടുന്ന് പറഞ്ഞ എത്രയോ ഹദീസുകള്‍ കാണാം.


താടിയും വിശേഷങ്ങളും

നബി(സ്വ) തങ്ങളുടെ മുഖത്തിന്റെ സൌന്ദര്യസംപൂര്‍ത്തിയില്‍ അവിടുത്തെ താടിയുടെയും അതിലെ രോമങ്ങളുടെയും ആകൃതിക്കും പങ്കുണ്ട്. നബി(സ്വ) തങ്ങളെ വിശേഷിപ്പിക്കുന്ന കൂട്ടത്തില്‍ ഹിന്‍ദ്(റ) പറയുന്നു: “നബി(സ്വ) തങ്ങളുടെ താടി ഒത്ത നീളവും അകല്‍ച്ചയും ഉള്ളതായിരുന്നു” (തുര്‍മുദി റഹ്).

അഥവാ അധികം നീളമുണ്ടായിരുന്നില്ല. അധികം ഇടതിങ്ങിയതുമായിരുന്നില്ല. മിതമായി ഇടതൂര്‍ന്ന് സുന്ദരമായിട്ടായിരുന്നു അത് വളര്‍ന്നിരുന്നത്. 

നബി(സ്വ) തങ്ങളുടെ താടിയെ വിവരിച്ച് ഹാഫിള് അബൂബക്ര്‍(റ) പറയുന്നു: നബി(സ്വ) തങ്ങളുടെ കീഴ്ച്ചുണ്ടിനു താഴെയുള്ള രോമം വ്യക്തമായി കാണാറുണ്ടായിരുന്നു. അതിന്റെ ഇരുപാര്‍ശ്വങ്ങളും (രോമശൂന്യമായി) മുത്തിന്റെ വെളുപ്പു പോലെയുണ്ടായിരുന്നു. പ്രസ്തുത രോമത്തിനു താഴെ ഒതുങ്ങിക്കിടക്കുന്ന മുടികളുണ്ടായിരുന്നു. താടിരോമത്തിനു മുകളിലൂടെയായതിനാല്‍ അതു താടിയില്‍ പെട്ടതുതന്നെയാ ണോ എന്നു സംശയിച്ചു പോകുമായിരുന്നു(സുബുലുല്‍ ഹുദാ വര്‍റശാദ്: 2/34).

അബൂഹുറൈറ(റ) പറഞ്ഞു: “നബി(സ്വ) തങ്ങളുടെ താടിരോമം നല്ല കറുപ്പ് നിറമുള്ളതായിരുന്നു.” (ബൈഹഖി റഹ്)

ജാബിര്‍(റ) പറഞ്ഞു: “നബി(സ്വ) തങ്ങളുടെ മൂര്‍ദ്ധാവിലും താടിയിലും നേരിയ വെളുപ്പുണ്ടായിരുന്നു. എണ്ണ ഉപയോഗിച്ചാല്‍ അതു വ്യക്തമായിരുന്നില്ല. എണ്ണ ഉപയോഗിക്കാത്തപ്പോള്‍ അത് വ്യക്തമാവുകയും ചെയ്തിരുന്നു” (മുസ്ലിം റഹ്).

നബി(സ്വ) തങ്ങളുടെ താടിയുടെ അവസ്ഥപോലും എത്ര സൂക്ഷ്മമായാണു മഹാന്മാരായ സ്വ ഹാബിവര്യന്മാര്‍ വിവരിച്ചിരിക്കുന്നത്! നബി(സ്വ) തങ്ങള്‍ക്കു പതിനേഴിന്റെയും ഇരുപതിന്റെയും ഇടയില്‍ മുടികളാണ് നരച്ചിരുന്നത് എന്നുവരെ സ്വഹാബികള്‍ കൃത്യമായി കണക്കാക്കിയിരുന്നു. നരച്ച മുടിയുടെ എണ്ണത്തില്‍ വ്യത്യാസം വന്നത് അവസാനമായി എണ്ണിയതും ആദ്യകാലത്തെണ്ണിയതും കാരണമായിരിക്കാം. 


ശിരസ്സും ശിരോരോമവും

ശരീരത്തിന്റെ ആകാരസൌന്ദര്യത്തിനിണങ്ങുംവിധം അല്‍പം വലുതായിരുന്നു നബി(സ്വ)യുടെ ശിരസ്സ്. മാംസളമായി രൂപഭംഗി ഒത്തതായിരുന്നു അത്.  ശിരോരോമം അല്‍പം ചുരുണ്ട് തൂങ്ങിക്കിടക്കുന്നതായിരുന്നു. സാധാരണ ചുരുണ്ട മുടിപോലെ പാറിപ്പറന്നു പൊങ്ങിനില്‍ക്കുന്നതായിരുന്നില്ല; ഒതുങ്ങിത്താഴ്ന്നു കിടക്കുന്നതായിരുന്നു. അതു ചെവിവരെ തൂങ്ങിക്കിടന്നിരുന്നു. 

മുടി യുടെ നീളത്തെക്കുറിച്ചും ഒതുക്കത്തെക്കുറിച്ചും ഹദീസുകളില്‍ വന്നിട്ടുണ്ട്. അലി(റ) പറയു ന്നു: “നബി(സ്വ) നല്ല മുടിയുള്ളവരായിരുന്നു” (ഇബ്നു അസാകിര്‍ റഹ്).

ജുബൈറുബ്നു മുത്വ്ഇം(റ) പറയുന്നു: “നബി(സ്വ) തങ്ങള്‍ ധാരാളം മുടിയുള്ളവരും അതു ചീകി ഒതുക്കുന്നവരുമായിരുന്നു” (ഇബ്നു അബീഖൈസം). സഅ്ദുബ്നു അബീവഖ്ഖാസ്വ്(റ) പറയുന്നു: “നബി(സ്വ) തങ്ങളുടെ താടിമുടിയും തലമുടിയും നല്ല കറുപ്പുനിറത്തിലുള്ളതായിരുന്നു” (ഇബ്നു അസാകിര്‍ റഹ്).

നബി(സ്വ) തങ്ങളുടെ മുടിയുടെ സവിശേഷതയും അതിന്റെ ബറകത്തും പ്രസിദ്ധമാണ്. മഹാനായ ഖാലിദുബ്നുല്‍ വലീദ് (റ) യര്‍മൂക് യുദ്ധവേളയില്‍ കാര്യമായതെന്തോ തിരയുന്നതു കണ്ടു. അദ്ദേഹം തന്റെ തൊപ്പി തിരയുകയായിരുന്നു. ഒടുവില്‍ അതു ലഭിക്കുകയും ചെയ്തു. അ തിനെക്കുറിച്ചന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു: 

“നബി(സ്വ) തങ്ങള്‍ ഉംറ നിര്‍വ്വഹിച്ച് തഹല്ലുല്‍ വേളയില്‍ മുടി കളഞ്ഞു. അവിടുത്തെ ശിരസ്സിന്റെ വിവിധ ഭാഗങ്ങളിലെ മുടികളെല്ലാം ഓരോരുത്തരെടുത്തു. എനിക്ക് നബി(സ്വ) തങ്ങളുടെ മൂര്‍ദ്ധാവിലെ മുടിയാണ് കിട്ടിയത്. ഞാനത് എന്റെ ഈ തൊപ്പിയില്‍ തുന്നിവച്ചിരുന്നു. ഇതു ധരിച്ചു ഞാന്‍ സംബന്ധിച്ച ഒരു ധര്‍മ്മസമരത്തിലും എനിക്ക് സഹായം ലഭിക്കാതിരുന്നിട്ടില്ല” (ബൈഹഖി റഹ്).

ഹജ്ജത്തുല്‍വിദാഇല്‍ നബി(സ്വ) തങ്ങള്‍ ജംറതുല്‍അഖബയില്‍ എറിഞ്ഞ ശേഷം ഹജ്ജില്‍ നിന്നുള്ള ഒന്നാമത്തെ തഹല്ലുലാവുന്നതിനായി ശിരോരോമം നീക്കാന്‍ ക്ഷുരകനെ ഏല്‍പിച്ചു. അവിടുത്തെ വലതുഭാഗം ക്ഷുരകനു കാണിച്ചുകൊടുത്തു. ആ ഭാഗം അദ്ദേഹം മുണ്ഡനം ചെ യ്തു. ആ മുടി അബൂത്വല്‍ഹ(റ)വിനെ ഏല്‍പ്പിച്ചു. പിന്നീട് ഇടതു ഭാഗം മുണ്ഡനം നടത്തി. ആ മുടിയും അബൂത്വല്‍ഹ(റ)വിനു തന്നെ നല്‍കി. എന്നിട്ടു നബി(സ്വ) തങ്ങള്‍ പറഞ്ഞു: “ഇത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക”(ബുഖാരി റഹ്).

തന്റെ ശരീരത്തിലുണ്ടായിരുന്നതെന്ന നിലയില്‍  അതിന്റെ മഹത്വം നബി(സ്വ) തങ്ങള്‍ തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു ഈ പ്രവൃത്തിയിലൂടെ. പരമ്പരാഗതമായി കൈമാറിവന്ന വിശുദ്ധ കേശഭാഗങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്നും അത്യാദരപൂര്‍വ്വം സൂക്ഷിക്കപ്പെടുകയും ബറക്കത്തെടുക്കപ്പെടുകയും ചെയ്യുന്നുണ്ട്. നമ്മുടെ മലയാളനാട്ടിലുണ്ട്.


പുണ്യപൂമേനി

ആളുകള്‍ക്കിടയില്‍ അസാധാരണമാംവിധം ഉയര്‍ന്ന നിലയിലായിരുന്നു നബി(സ്വ) കാണപ്പെട്ടിരുന്നത്.

ആയിശ(റ) പറയുന്നു: “നബി(സ്വ) തങ്ങള്‍ അതികായനോ ഹ്രസ്വകായനോ ആയിരുന്നില്ല. ഒറ്റയ്ക്കു നടന്നു പോവുമ്പോള്‍ ഒത്ത ഉയരമാണെന്നു കാണാം. എന്നാല്‍ നബി(സ്വ) തങ്ങളോടൊപ്പം ഉയരം കൂടിയ ആളുകള്‍ നടക്കുകയാണെങ്കില്‍ അവരെക്കാള്‍ ഉയരമുള്ളവരായിരുന്നു അവിടുന്ന്. 

ഉയരമുള്ള രണ്ടു പേര്‍ നബി(സ്വ) തങ്ങള്‍ക്കൊപ്പം നിന്നാല്‍ നബി(സ്വ) അവരെക്കാള്‍ ഉയരത്തിലായിരിക്കും. അവര്‍ പിരിഞ്ഞാല്‍ നബി(സ്വ) തങ്ങള്‍ ഒത്ത ആളാണെന്നേ പറയാന്‍ സാധിക്കൂ” (ബൈഹഖി റഹ്).

ഹിന്‍ദുബ്നുഹാല പറയുന്നു: “നബി(സ്വ) തങ്ങള്‍ ലക്ഷണമൊത്ത രൂപമുള്ളവരായിരുന്നു. മാംസളമായിരുന്ന ആ മേനിയില്‍ ഒതുക്കം പ്രകടമായിരുന്നു” (തുര്‍മുദി റഹ്).

അവിടുത്തെ ശരീരം ശുഷ്കിച്ചതായിരുന്നില്ല. എന്നാല്‍ മാംസളമായി അങ്ങുമിങ്ങും തുറിച്ചും പൊന്തിയും വികൃതവുമായിരുന്നില്ല. ഭംഗിക്ക് മാറ്റു കൂട്ടുംവിധം അവയവങ്ങള്‍ക്കും ശരീരഭാഗങ്ങള്‍ക്കും പരസ്പരം രൂപഭാവപ്പൊരുത്തമുണ്ടായിരുന്നു എന്നര്‍ഥം.

നബി(സ്വ) തങ്ങളുടെ ശരീരത്തിന്റെ  മനോഹാരിതക്ക് മാറ്റു കൂട്ടുന്നതായിരുന്നു അവിടുത്തെ മാറിടം. വിശാലമായ നെഞ്ചും പുറത്തേക്കുന്താത്തതും അകത്തേക്ക് ഒട്ടാത്തതുമായ വയറു മായിരുന്നു നബി(സ്വ)യുടേത്.

ഉമ്മു മഅ്ബദ്(റ) പറയുന്നു: “നബി(സ്വ) തങ്ങളെ കുടവയര്‍ വിഷമിപ്പിച്ചിട്ടില്ല; ഒട്ടിയ വയറിന്റെ ന്യൂനതയുമുണ്ടായിരുന്നുമില്ല” (ഹാരിസ്).

ഹിന്‍ദ്ബ്നുഹാല(റ) പറയുന്നു: “നബി(സ്വ) തങ്ങളുടെ ശരീരത്തില്‍ വസ്ത്രം മറച്ചിട്ടില്ലാത്ത ഭാഗം പ്രഭാപൂരിതമായി കണ്ടിരുന്നു. കണ്ഠത്തില്‍ നിന്നു പൊക്കിള്‍വരെ നീണ്ടു വരിയായി കിടക്കുന്ന രോമരേഖ കാണാമായിരുന്നു. സ്തനങ്ങളുടെ ഭാഗത്തോ നെഞ്ചിനുമുകളിലോ രോമമുണ്ടായിരുന്നില്ല. കൈത്തണ്ടയിലും ചുമലുകളിലും നെഞ്ചിന്റെ മുകള്‍ഭാഗത്തും ചുരുക്കം രോമങ്ങളുണ്ടായിരുന്നു”(തുര്‍മുദി റഹ്).

ആയിശ(റ) പറയുന്നു: “നബി(സ്വ) തങ്ങള്‍ക്ക് ഒരു കറുത്ത വസ്ത്രം ഹദ്യയായി ലഭിച്ചു.  തങ്ങള്‍ അതു ധരിച്ചു ആയിശ(റ)യോട് ‘എന്റെ ശരീരത്തില്‍ ഇതെങ്ങനെയുണ്ട് ആയിശാ’ എന്നു ചോദിച്ചു. ആയിശ(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ’ അങ്ങയുടെ ശരീരത്തില്‍ ഇതിനെന്തുമാത്രം സൌന്ദര്യമാണ്! അങ്ങയുടെ വെളുപ്പും വസ്ത്രത്തിന്റെ കറുപ്പും  കൂടുതല്‍ പ്രകടമാകുന്നു” (ഇബ്നു അസാകിര്‍ റഹ്).


മൃദുലം, സുരഭിലം

നബി(സ്വ) തങ്ങളുടെ  പൂമേനിയുടെ മൃദുലതയും അതിന്റെ സൌരഭ്യവും അസാധാരണമായിരുന്നു.മുആദുബ്നു ജബല്‍(റ) പറയുന്നു: “ഒരു യാത്രയില്‍ എന്നെ നബി(സ്വ) തങ്ങളുടെ വാഹനത്തില്‍ പിന്നിലിരുത്തുകയുണ്ടായി. നബി(സ്വ) തങ്ങളുടെ തൊലിയെക്കാള്‍ മാര്‍ദ്ദവമായ ഒരു വസ്തുവും ഞാന്‍ തൊട്ടിട്ടില്ല”(ബസ്സാര്‍ റഹ്).

അനസ്(റ) പറയുന്നു: “നബി(സ്വ) വരുന്നുണ്ടെന്ന് ഞങ്ങളറിഞ്ഞിരുന്നത് അവിടുത്തെ സുഗന്ധം കൊണ്ടായിരുന്നു” (അബൂനുഐം റഹ്).

“നബി(സ്വ) തങ്ങള്‍ മദീനയിലെ ഏതെങ്കിലും ഒരു വഴിയിലൂടെ നടന്നുപോയാല്‍ ആ വഴിയിലുള്ളവര്‍ക്കെല്ലാം സുഗന്ധം അനുഭവപ്പെട്ടിരുന്നു. അപ്പോള്‍ അവര്‍  ‘നബി(സ്വ) തങ്ങള്‍ ഇതുവഴി നടന്നുപോയിട്ടുണ്ട്’ എന്നു പറയാറുണ്ടായിരുന്നു” (ബസ്സാര്‍ റഹ്).

നബി(സ്വ) തങ്ങളുടെ ഈ സൌരഭ്യം അവിടുത്തെ വിയര്‍പ്പിനുമുണ്ടായിരുന്നു. അതിന്റെ മഹത്വം സ്വഹാബിവര്യന്മാര്‍ മനസ്സിലാക്കുകയും അവരത് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. 

നബി(സ്വ) തങ്ങള്‍ ധാരാളമായി വിയര്‍ക്കാറുണ്ടായിരുന്നു. സാധാരണഗതിയില്‍ വിയര്‍പ്പിന് ദുര്‍ഗന്ധമാണുണ്ടാവുക. മനുഷ്യശരീരത്തില്‍ നിന്നു കിനിയുന്ന ഒരു വിസര്‍ജ്യവസ്തുവാണല്ലോ ഇത്. എന്നാല്‍ നബി(സ്വ) തങ്ങളുടെ വിയര്‍പ്പിനു ദുര്‍ഗന്ധത്തിന്റെ ലാഞ്ചന പോലുമുണ്ടായിരുന്നില്ല; എന്നു മാത്രമല്ല അതു സുഗന്ധപൂരിതവുമായിരുന്നു.

അനസ്(റ) പറയുന്നു: “നബി(സ്വ) തങ്ങള്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. അവിടെ ഉച്ചയുറക്കമുറങ്ങി. അപ്പോള്‍ ആ ശരീരം വിയര്‍ത്തു. എന്റെ ഉമ്മ ഒരു കുപ്പിയുമായി വന്ന് ആ വിയര്‍പ്പു കണങ്ങള്‍ വടിച്ചെടുത്ത് ശേഖരിച്ചുകൊണ്ടിരുന്നു. നബി(സ്വ) ഉണര്‍ന്നപ്പോള്‍ ചോദിച്ചു: ‘ഉമ്മുസുലൈം, നിങ്ങളെന്താണീ ചെയ്യുന്നത്?’ അവര്‍ പറഞ്ഞു: ‘ഇത് അങ്ങയുടെ വിയര്‍പ്പാണ്. ഞങ്ങളിത്  സുഗന്ധ ദ്രവ്യത്തില്‍ ചേര്‍ക്കും. ഇത് സുഗന്ധദ്രവ്യങ്ങളില്‍ ഏറ്റവും സുഗന്ധമുള്ളതാണ്” (മുസ്ലിം റഹ്).

അബൂഹുറൈറ(റ) പറയുന്നു: “ഒരിക്കല്‍ ഒരാള്‍ വന്നു നബി(സ്വ) തങ്ങളോടു പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ (സ്വ), ഞാനെന്റെ മകളെ ഒരാള്‍ക്കു വിവാഹം ചെയ്തുകൊടുത്തിരിക്കുന്നു. അങ്ങ് എന്നെ സഹായിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.’ അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘എന്റെ അടുത്ത് സഹായിക്കാന്‍ ഒന്നുമില്ലല്ലോ, നിങ്ങള്‍ വായ് ഭാഗം വിശാലതയുള്ള ഒരു കുപ്പിയും ഒരു മരക്കഷ്ണവും കൊണ്ടുവരൂ.’ ആ മനുഷ്യന്‍ അതു രണ്ടും കൊണ്ടുവന്നു. നബി(സ്വ) തങ്ങള്‍ തന്റെ തണ്ടന്‍കയ്യില്‍ നിന്ന് വിയര്‍പ്പ് വടിച്ചെടുത്ത് ആ കുപ്പിയിലാക്കി അയാള്‍ക്കു കൊ ടുത്തിട്ടു പറഞ്ഞു: ‘ഇതാ, ഇതു കൊണ്ടുപോയിക്കോളൂ, ഈ മരക്കമ്പ് കുപ്പിയിലെ വിയര്‍പ്പില്‍ മുക്കി സുഗന്ധമായി ഉപയോഗിക്കാന്‍ മോളോട് പറയൂ’. (അദ്ദേഹം അങ്ങനെ ചെയ്തു. അവളും) അതുപയോഗിച്ച് അവര്‍ സുഗന്ധം പൂശുമ്പോള്‍ മദീനയാകെ അതിന്റെ പരിമളം പരക്കാറുണ്ടായിരുന്നു. അതു കാരണം അവരുടെ വീടിന് സുഗന്ധമുപയോഗിക്കുന്നവരുടെ വീട് എന്നൊ രു പേരു തന്നെ വരികയുണ്ടായി” (ബൈഹഖി റഹ്).

നബി(സ്വ) തങ്ങളുടെ ശരീരത്തിന്റെ അസാധാരണമായ മഹത്വത്തെക്കുറിച്ച് സ്വഹാബികള്‍ ശരിക്കും ബോധ്യമുള്ളവരായിരുന്നു. അവസരം ലഭിക്കുമ്പോള്‍ അവരതുകൊണ്ടു പുണ്യം നേടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ഉസൈദുബ്നു ഹുളൈര്‍(റ)  നബി(സ്വ) തങ്ങളുടെ സവിധത്തില്‍ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ അവിടുന്നു വിരല്‍കൊണ്ട് (മരക്കഷ്ണം കൊണ്ട് എന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്) അദ്ദേഹത്തിന്റെ ഇടുപ്പിന് ഒന്നു കുത്തി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങ് എന്നെ വേദനിപ്പിച്ചിരിക്കുന്നു.’ അപ്പോള്‍ നബി(സ്വ) ‘എങ്കില്‍ ഇതാ പ്രതിക്രിയ ചെയ്തോളൂ’ എന്നു പറഞ്ഞു നിന്നുകൊടുത്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റ സൂലേ, അങ്ങ് കുപ്പായം ധരിച്ചിട്ടുണ്ട്. എന്നെ അങ്ങ് കുത്തുമ്പോള്‍ ഞാന്‍ കുപ്പായം ധരിച്ചിരുന്നില്ല.’ നബി(സ്വ) തങ്ങള്‍ ഉടന്‍ തന്റെ കുപ്പായം ഉയര്‍ത്തി. അപ്പോള്‍ ഉസൈദ്(റ) നബി(സ്വ) തങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് തിരുശരീരത്തില്‍ ചുംബിച്ചു പറഞ്ഞു: ‘എന്റെ ഉമ്മയും ഉപ്പയും അങ്ങേക്ക് ദണ്ഡമാണല്ലാഹുവിന്റെ റസൂലേ, ഞാനിതാണുദ്ദേശിച്ചത്” (ബൈഹഖി, അബൂദാവൂദ് റഹ്).

ബദ്റില്‍ അണി ശരിപ്പെടുത്തുന്നതിനിടയില്‍ നബി(സ്വ) കയ്യിലുണ്ടായിരുന്ന വടികൊണ്ട് സവാദ്(റ)വിന്റെ വയറിന് ഒന്നു തട്ടി. ഉടന്‍ സവാദ്(റ) പ്രതിക്രിയക്കവസരം തേടി. നബി(സ്വ) തങ്ങള്‍ വയറിന്റെ ഭാഗത്ത് നിന്നു വസ്ത്രം ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം തിരുമേനിയില്‍ കെട്ടിപ്പിടികയും വയറിന്മേല്‍ ചുംബിക്കുകയും ചെയ്തു. നബി(സ്വ) തങ്ങളദ്ദേഹത്തോട് ചോദിച്ചു: ‘സവാദേ, എന്താണിതിനു നിങ്ങളെ പ്രേരിപ്പിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, യുദ്ധമിതാ അടുത്തു വന്നിരിക്കുകയാണല്ലോ. അതിനാല്‍ എന്റെ അവസാനത്തെ പ്രവൃത്തി ഈ ശരീരത്തിന്റെ തൊലി അങ്ങയുടെ ശരീരവുമായി തട്ടിക്കുന്നതാവട്ടെ എന്നു ഞാന്‍ തീരുമാനിച്ചു.’ അപ്പോള്‍ നബി(സ്വ) തങ്ങള്‍ അദ്ദേഹത്തിന് ഗുണത്തിനായി പ്രാര്‍ഥിച്ചു” (അല്‍ഇസ്വാബ: 4/94).


നെഞ്ചും ഹൃദയവും


നബി(സ്വ) തങ്ങളുടെ നെഞ്ചിനെ അല്ലാഹു വിശാലമാക്കി; അഥവാ അതിലെ സ്വാഭാവിക പ്രതികൂലാവസ്ഥകളെ വിപാടനം ചെയ്തു എന്നു വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യ ഹൃദയത്തില്‍ പിശാചിനുള്ള സ്വാധീനത്തിന്റെ പൊതുവായ അവസ്ഥയില്‍ നിന്നു നബി(സ്വ) തങ്ങളുടെ നെഞ്ചും നെഞ്ചകവും ശുദ്ധവും സുരക്ഷിതവുമാക്കപ്പെട്ടിട്ടുണ്ട്. അവിടുത്തെ നെഞ്ച് പിളര്‍ത്തല്‍ സംഭവിച്ചത് അതിനായിരുന്നു.

“അങ്ങയുടെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലെയോ” (ആശയം; അല്‍ശറഹ്: 1). “അങ്ങയു ടെ ഹൃദയം വിശാലമാക്കിയില്ലേ? അതായത് അതിനെ പ്രകാശമാനവും വിശാലവുമക്കിയില്ലേ?. അതില്‍ ഇടുക്കമോ കുറ്റമോ ഒന്നും തന്നെയില്ല” (തഫ്സീര്‍ ഇബ്നു കസീര്‍: 4/677).


കൈകാലുകള്‍


നബി(സ്വ) തങ്ങളുടെ കൈകാലുകള്‍ ബലിഷ്ഠവും സുന്ദരവുമായിരുന്നു. കൈപ്പത്തി മാംസം തുറിച്ചുനില്‍ക്കുന്നതോ എല്ലുന്തി വികൃത രൂപമായതോ ആയിരുന്നില്ല. അതോടൊപ്പം വളരെ മൃദുലവുമായിരുന്നു. കൈത്തണ്ടയും തോളന്‍ കൈയ്യും ഉരുണ്ടു തുടുത്തു സുന്ദരമായിരുന്നു  കൈത്തണ്ടയില്‍ രോമമുണ്ടായിരുന്നു. രൂപലാവണ്യത്തോടൊപ്പം ഈ അവയവങ്ങള്‍ മൃദുല വും ശീതളാവസ്ഥയനുഭവപ്പെടുന്നതുമായിരുന്നു. 

സഅ്ദുബ്നു അബീവഖ്ഖാസ്വ്(റ) പറയുന്നു: “ഞാന്‍ മക്കയില്‍ രോഗിയായി കിടന്നപ്പോള്‍ നബി(സ്വ) തങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. അവിടുന്ന് തൃക്കരം കൊണ്ട് എന്റെ നെറ്റിയിലും മുഖത്തും നെഞ്ചിലും വയറിന്മേലും തടവി. നബി(സ്വ) തങ്ങളുടെ കയ്യിന്റെ ശീതളിമ ഇപ്പോഴും എന്റെ കരളില്‍ അനുഭവപ്പെടുന്നതുപോലെ തോ ന്നുന്നു” (അഹ്മദ്).
അനസ്(റ) പറയുന്നു: “നബി(സ്വ) തങ്ങളുടെ മുന്‍കൈയ്യിനെക്കാള്‍ മൃദുലമായ പട്ടു വസ്ത്രംപോലും ഞാന്‍ സ്പര്‍ശിച്ചിട്ടില്ല” (ബുഖാരി റഹ്).

വാഇലുബ്നുഹുജ്ര്‍(റ) പറയുന്നു: “ഞാന്‍ നബി(സ്വ) തങ്ങളെ ഹസ്തദാനം ചെയ്യാറുണ്ടായിരുന്നു. പിന്നീട് എന്റെ കൈയ്യില്‍ അതിന്റെ അടയാളമറിയാമായിരുന്നു. കാരണം അത് കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതായിരുന്നു” (ത്വബ്റാനി റഹ്).

നബി(സ്വ) തങ്ങളുടെ കക്ഷഭാഗത്തു ദുര്‍ഗന്ധമുണ്ടായിരുന്നില്ല; എന്നുമാത്രമല്ല അവിടം സുഗന്ധമുള്ളതായിരുന്നുതാനും.

മാഇസുബ്നു മാലിക്(റ)വിന്‍മേല്‍ വ്യഭിചാര ശിക്ഷ നടപ്പാക്കിയ സമയത്ത് പിതാവിനൊപ്പം സന്നിഹിതനായ ഹരീശ് കുടുംബത്തിലെ ഒരാള്‍ വിവരിക്കുന്നു: “മാഇസ്(റ)വിന്റെ ശരീരത്തില്‍ കല്ലുകള്‍ പതിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ശാരീരിക ഭാവം ഭയപ്പെടുത്തുന്നതായിരുന്നു. ആ സമയത്ത് റസൂല്‍(സ്വ) തങ്ങള്‍ എന്നെ (പേടിയാവാതിരിക്കാന്‍) കൂട്ടിപ്പിടിച്ചു. അ പ്പോള്‍ അവിടുത്തെ കക്ഷഭാഗത്തുനിന്നുള്ള വിയര്‍പ്പ് എന്റെ മേല്‍ പുരണ്ടു. അതിനു  കസ്തൂരിയുടെ സുഗന്ധമുണ്ടായിരുന്നു” (ബസ്സാര്‍ റഹ്).

മുഹിബ്ബുത്ത്വിബ്രി(റ) പറയുന്നു: “സാധാരണ മനുഷ്യരുടെ കക്ഷങ്ങള്‍ നിറപ്പകര്‍ച്ചയുള്ളതാണ്; എന്നാല്‍ നബി(സ്വ) തങ്ങളുടെ കക്ഷഭാഗം ഇത്തരത്തിലായിരുന്നില്ല. അത് അവിടുത്തെ സവിശേഷതകളില്‍ പെട്ടതാണ്”. 

ഇമാം ഖുര്‍ത്വുബി(റ) “അവിടെ രോമമുണ്ടായിരുന്നില്ല” എന്നുകൂടി പറഞ്ഞിട്ടുണ്ട് (സുബുലുല്‍ ഹുദാ വര്‍റശാദ് 2/75).


സുഭഗമായ തിരുകരം

നബി(സ്വ) തങ്ങളുടെ പൂമേനിയിലെ ഓരോ അവയവവും അനുഗ്രഹപൂര്‍ണ്ണമായിരുന്നു. അവയില്‍ നിന്ന് അനുഗ്രഹം നേടാന്‍ സ്വഹാബികള്‍  താല്‍പര്യം കാണിച്ചിരുന്നു. അവിടുത്തെ തിരുകര സ്പര്‍ശം കൊണ്ടനുഗൃഹീതരാവാന്‍ ഭാഗ്യം ലഭിച്ചവര്‍ നിരവധിയാണ്.

അബൂഹുറൈറ(റ) പറയുന്നു: “അല്ലാഹുവിന്റെ ദൂതരേ, അങ്ങയില്‍ നിന്നു ഞാന്‍ ധാരാളം ഹ ദീസുകള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍  അവയിലധികവും ഞാന്‍ മറന്നുപോവുന്നു എന്നു ഞാന്‍ നബി(സ്വ) തങ്ങളോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് എന്നോട്  “താങ്കളുടെ മുണ്ട് വിരിക്കുക” എന്നു പറഞ്ഞു. ഞാന്‍ മുണ്ട് വിരിച്ചു. നബി(സ്വ) തങ്ങള്‍ അവിടുത്തെ തൃക്കരങ്ങള്‍ കൊണ്ട് (അന്തരീക്ഷത്തില്‍ നിന്ന് എന്തോ) കോരിയെടുത്ത് അതിലേക്ക് ഇടുകയുണ്ടായി. എന്നിട്ട് എ ന്നോടു പറഞ്ഞു: “കൂട്ടിപ്പിടിക്കുക”. ഞാന്‍ കൂട്ടിപ്പിടിച്ചു. അതിനു ശേഷം ഞാന്‍ കേട്ട ഒരു ഹ ദീസും  മറന്നിട്ടില്ല”(ബുഖാരി റഹ്).

നമ്മുടെ കാഴ്ചയില്‍, ശൂന്യതയില്‍ നിന്നാണ് നബി(സ്വ) കോരിയിട്ടത്.  അതു പക്ഷേ, അബൂഹുറൈറ(റ)വിന്റെ മറവിക്ക് പരിഹാരമാവുകയും മനനശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്തു എന്നതാണനുഭവം.

അലി(റ) പറയുന്നു: “നബി(സ്വ) തങ്ങള്‍ എന്നെ യമനിലെ പ്രതിനിധിയായി നിയോഗിച്ചു.  ഞാനപ്പോള്‍  ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഞാനൊരു യുവാവല്ലേ, അവര്‍ക്കിടയില്‍ ഞാനെങ്ങനെയാണ് തീരുമാനങ്ങളെടുക്കുക? വിധി തീര്‍പ്പ് എന്താണെന്നെനിക്കറിയില്ലല്ലോ”. അപ്പോള്‍ അവിടുന്ന് എന്റെ നെഞ്ചില്‍ അവിടുത്തെ തൃക്കരം കൊണ്ട് ഒന്നു കൊട്ടുകയും “അല്ലാഹുവേ, ഇദ്ദേഹത്തിന്റെ ഹൃദയത്തെ നീ നേരെ ചിന്തിപ്പിക്കേണമേ, നാക്കിന് സ്ഥൈര്യം നല്‍കേണമേ” എന്നു പ്രാര്‍ഥിക്കുകയുമുണ്ടായി. അല്ലാഹുവാണെ, അതിനു ശേഷം  തീരുമാനമെടുക്കുന്നതില്‍  ശങ്കിക്കേണ്ട സാഹചര്യം എനിക്കുണ്ടായിട്ടില്ല” (ഹാകിം റഹ്).

അനസ്(റ) പറയുന്നു: “നബി(സ്വ) തങ്ങള്‍ സ്വുബ്ഹി നിസ്കരിച്ചാല്‍ മദീനയിലെ (വീടുകളിലെ) പരിചാരകര്‍ വെള്ളപ്പാത്രങ്ങളുമായി വരും. അവര്‍ കൊണ്ടു വരുന്ന പാത്രങ്ങളിലെല്ലാം നബി(സ്വ) തങ്ങള്‍ കൈമുക്കിയെടുക്കും. ചിലപ്പോള്‍ അവര്‍ വളരെ നേരത്തെയും കൊണ്ടുവന്നിരു ന്നു. അപ്പോഴും നബി(സ്വ) തങ്ങള്‍ അവിടുത്തെ കൈ അതില്‍ മുക്കിയെടുത്തിരുന്നു” (മുസ്ലിം റഹ്).

സാഇബുബ്നു യസീദ്(റ) രോഗിയായപ്പോള്‍ നബി(സ്വ) അദ്ദേഹത്തിന്റെ തലയില്‍ തടവിയിരു ന്നു (ബൂഖാരി റഹ്). 

അതു കാരണം അദ്ദേഹത്തിന്റെ തലമുടി നരച്ചിരുന്നില്ല(ത്വബ്റാനി). ഒരു സ്വ ഹാബിയുടെ നീരു വന്നു വീര്‍ത്ത മുഖത്ത് നബി(സ്വ) തടവിയപ്പോള്‍ അതു മാറുകയുണ്ടായി. (താരീഖുല്‍ ബുഖാരി)

ആഇദ്(റ)വിന്റെ മുഖത്ത് ഹുനൈന്‍ യുദ്ധത്തിലേറ്റ മുറിവ് നബി(സ്വ) തടവിയപ്പോള്‍ സുഖപ്പെട്ടു (ത്വബ്റാനി റഹ്). 

അംറിബ്നു സഅ്ലബ 100 വയസ്സിലധികം ജീവിച്ചിരുന്നിട്ടും അദ്ദേഹത്തിനു നര ബാധിച്ചിരുന്നില്ല. നബി(സ്വ) തടവിയതായിരുന്നു കാരണം (ത്വബ്റാനി റഹ്).

അബ്ദുല്ലാഹിബ്നു ഹിലാല്‍(റ)വിന് വയസ്സേറെയായിട്ടും യുവത്വം മങ്ങിയിരുന്നില്ല. കാരണം നബി(സ്വ) തങ്ങള്‍ തടവിയതായിരുന്നു (ത്വബ്റാനി റഹ്).

അംറിബ്നു അഖ്ത്വബ്(റ)വിന് നൂറു വയസ്സിലധികമായിട്ടും താടി നരയ്ക്കുകയോ കവിളൊട്ടുകയോ ചെയ്തിരുന്നില്ല;  കാരണം നബി(സ്വ) തടവിയതായിരുന്നു (തുര്‍മുദി റഹ്).

ഇബ്നു അബ്ബാസ്(റ), ഇബ്നു മസ്ഊദ്(റ) എന്നിവര്‍ വലിയ പണ്ഢിതന്മാരായിരുന്നു; കാരണം നബി(സ്വ) അവരുടെ തലയില്‍ തടവിയതായിരുന്നു(അഹ്മദ് റഹ്).

ഹാരിസ് അസ്സഹ്മി(റ)വിന്റെ മുഖം മരണം വരെ ഏറെ പ്രസന്നമായിരുന്നു. കാരണം നബി(സ്വ) തങ്ങള്‍ തടവിയതായിരുന്നു(ത്വബ്റാനി റഹ്).

ഇങ്ങനെ നബി(സ്വ) തങ്ങളുടെ സ്പര്‍ശം കൊണ്ടുണ്ടായ  അത്ഭുതകരമായ രോഗശമനവും ഗു ണോല്‍ക്കര്‍ഷവും നിരവധി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഹജ്ജത്തുല്‍വിദാഇലെ പെരുന്നാള്‍ ദിനത്തില്‍, അഞ്ചോ ആറോ വയസ്സ് പ്രായമായിരുന്ന അംറ് (റ) തന്റെ പിതാവിന്റെ കൂടെ  മിനയില്‍ നബി(സ്വ) തങ്ങളെ ചെന്നുകണ്ടിരുന്നു. അദ്ദേഹം ന ബി(സ്വ) തങ്ങളുടെ കാല്‍ പിടിച്ച്  ആ പാദത്തിനും ചെരിപ്പിനുമിടയില്‍ കൈവച്ചിരുന്നു. പിന്നീട് ഈ സംഭവം വിവരിക്കുമ്പോഴൊക്കെ അദ്ദേഹം പറയാറുണ്ടായിരുന്നു: “നബി(സ്വ) തങ്ങളുടെ ശരീരത്തിന്റെ തണുപ്പ് ഞാനിപ്പോഴും അനുഭവിക്കുന്നതുപോലെ തോന്നുന്നുണ്ട്” (സയ്യിദുനാ മുഹമ്മദുന്റസൂലുല്ലാഹി (സ്വ) പേജ് 564).

അബ്ദുല്ലാഹിബ്നുഅബീസബഖ(റ)വും ഇതുപോലെ ചെയ്തിരുന്നു(അല്‍ ഇസ്വാബ:). 

ത്വല്‍ഹത്ബ്നുല്‍ ബറാഅ്(റ) നബി(സ്വ) തങ്ങളുടെ കാല്‍ ചുംബിക്കുകയുണ്ടായി(ബഗ്വി). 

സ്വഹാബികള്‍ പരിശുദ്ധ ദീനിന്റെ പ്രമാണങ്ങളെന്ന നിലയില്‍ നമുക്ക് മാതൃകകളാണ്. അവരുടെ ഇത്ത രം പ്രവര്‍ത്തനങ്ങള്‍ നബി(സ്വ) തങ്ങളുടെ അറിവോടെത്തന്നെയാണു നടന്നത്. നബി(സ്വ) ത ങ്ങള്‍ അതിനെ നിരുത്സാഹപ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു ത ന്നെ അവിടുത്തെ ശാരീരികമായ പ്രത്യേകതകള്‍ പ്രായോജനപ്പെടുത്താവുന്നതാണ് എന്നു വ്യ ക്തമാവുന്നു.നബി(സ്വ) തങ്ങളിലെന്തെല്ലാം പ്രത്യേകത നമുക്കു കാണാന്‍ സാധിക്കുമോ അ തൊക്കെയുംനമുക്ക് ഉപയുക്തമാണ്; വിശ്വാസനിബദ്ധമായിട്ടുള്ള സമീപനമാവണമെന്നു മാത്രം.


ഖാതമുന്നുബുവ്വ: (പ്രവാചകത്വ മുദ്ര)


എല്ലാ പ്രവാചകന്മാര്‍ക്കും പ്രവാചകത്വത്തിന്റെ  ബാഹ്യചിഹ്നമെന്ന നിലയില്‍ ശരീരത്തില്‍ ഒരു അടയാളമുണ്ടായിരുന്നു. അവരുടെ വലതു കൈയിലായിരുന്നു അത്. എന്നാല്‍ നബി(സ്വ) തങ്ങളുടേത് ചുമലുകള്‍ക്കിടയിലായിരുന്നു. അവിടുത്തെ ഇടതുഭാഗത്തെ ചുമലിനോടടുത്തു പ്രാ വിന്‍ മുട്ടയുടെ അത്ര വിസ്തൃതിയുള്ള ഒരു അടയാളമായിരുന്നു ഉണ്ടായിരുന്നത്. പ്രകാശവും സുഗന്ധവും പരത്തുന്നതായിരുന്നു അത്.

അല്ലാമാ സുഹൈലി(റ) തന്റെ അര്‍റൌളുല്‍ ഉനുഫില്‍ പറയുന്നു: “പ്രവാചകത്വമുദ്ര ഇടതുചുമലില്‍ വച്ചതിലുള്ള യുക്തി പൈശാചിക ദുര്‍ബോധനങ്ങളില്‍ നിന്ന് അവിടുന്ന് സുരക്ഷിതനാണെന്നാണ്. ആ ഭാഗത്തു കൂടിയാണ് പിശാച് അകത്തുകടക്കുന്നത്” (സയ്യിദുനാ മുഹമ്മദ്ദുന്‍ റസുലുല്ലാഹി(സ്വ) പേ.180)

ഉമറുബ്നു അബ്ദില്‍ അസീസ്(റ)വില്‍ നിന്നുദ്ധരണം: “ഒരാള്‍ അല്ലാഹുവിനോട് മനുഷ്യശരീരത്തില്‍ പിശാചിന്റെ സ്ഥാനം കാണിച്ചു തരാന്‍ പ്രാര്‍ഥിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ ശരീരം സ്ഫടികസമാനം, പുറത്തുനിന്നു തന്നെ അകത്തുള്ളതെല്ലാം കാണാവുന്ന സ്ഥിതിയിലായി.  പിശാചിനെ ഒരു തവളയെപോലെ ഹൃദയത്തിനു നേരെ പിരടിയില്‍ അയാള്‍ക്കു കാണാന്‍ കഴിഞ്ഞു. പിശാച് കൊതുകിന്റെ തുമ്പിക്കൈ പോലുള്ള തന്റെ തുമ്പിക്കൈ ഇടതു ചുമലിലൂടെ ഹൃ ദയത്തിലേക്കു പ്രവേശിപ്പിച്ചിരുന്നു. അവന്‍ ഹൃദയത്തിലേക്ക് ദുര്‍ബോധനങ്ങള്‍ നല്‍കുകയാണ്. മനുഷ്യന്‍ അല്ലാഹുവിനെ ദിക്റ് ചെയ്താല്‍ അവന്‍ പിന്‍വലിയും” (സയ്യിദുനാ മുഹമ്മദന്‍ റസുലുല്ലാഹി(സ്വ) പേ.180).

പിശാചിനു നബി(സ്വ) തങ്ങളില്‍ യാതൊരുവിധ സ്വാധീനവുമുണ്ടാകില്ല. കാരണം അവന്റെ ഇരിപ്പിടവും പ്രവര്‍ത്തന വഴിയും സീല്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. ഹൃദയം സ്ഥിതി ചെയ്യുന്നത് ഇടതുവശത്താണല്ലോ. വ്യക്തമായി കാണാവുന്ന വിധത്തില്‍ തന്നെ ഈ മുദ്ര നബി(സ്വ) തങ്ങളുടെ പൂമേനിയിലുണ്ടായിരുന്നു. അവിടുന്ന് ഈ ലോകത്തോടു വിട പറയുന്ന സമയത്ത് അതുയര്‍ത്തപ്പെടുകയുണ്ടായി. അപ്പോള്‍ ആയിശ(റ)യും അസ്മാഅ്ബിന്‍ത് ഉമൈസ്(റ)യും അതു തൊട്ടുനോക്കിയപ്പോള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.


ആരോഗ്യം


ശാരീരിക ശക്തിയിലും നബി(സ്വ) തങ്ങള്‍ക്ക് പ്രത്യേകതകളേറെയുണ്ടായിരുന്നു. അനിവാര്യമായ അവസരങ്ങളിലവിടുന്ന് അത് ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. അവിടുത്തെ ദൌത്യനിര്‍വ്വഹണത്തിനു സഹായകമായി ലഭിച്ചതാണത്.  വൈയക്തിക ലാഭ, നേട്ടങ്ങളുണ്ടാക്കാനുള്ളതായിരുന്നില്ല.

അഹ്സാബ് യുദ്ധത്തില്‍ മദീനയെ സംരക്ഷിക്കാനായി ഖന്‍ദഖ്(കിടങ്ങ്) കുഴിക്കുന്ന സന്ദര്‍ഭത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ഭീമന്‍പാറ സ്വഹാബികള്‍ക്കു പൊട്ടിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ നബി(സ്വ) തങ്ങള്‍ പിക്കാസ് വാങ്ങി മൂന്നു പ്രാവശ്യം വെട്ടി ആ പാറ തകര്‍ക്കുകയുണ്ടായി (നോക്കുക, ദലാഇലുന്നുബ്ബുവ്വ: 2/499).

റുകാന എന്നു പേരായ ഒരു  മല്ലന്‍ ചട്ടമ്പിയുണ്ടായിരുന്നു മദീനയില്‍. അവന്‍ താമസിക്കുന്ന ഭാഗത്തേക്ക് മറ്റുള്ളവര്‍ക്കു പ്രവേശിക്കാന്‍ തന്നെ ഭയമായിരുന്നു. ഒരിക്കല്‍ നബി(സ്വ) തങ്ങള്‍ ആ ഭാഗത്തേക്കു പുറപ്പെട്ടു. അവിടുത്തെ കണ്ട ഉടനെ റുകാന ചോദിച്ചു:

“മുഹമ്മദ്, നീയാണോ ഞങ്ങളുടെ ദൈവങ്ങളായ ലാതയെയും ഉസ്സയെയും ആക്ഷേപിക്കുന്നത്? നിന്റെ ഇലാഹിലേക്കു ജനങ്ങളെ ക്ഷണിക്കുന്നത്”. “നാം ബന്ധുക്കളായിരുന്നെങ്കില്‍ ഈ സംസാരത്തിനൊന്നും ഞാന്‍ നില്‍ക്കുമായിരുന്നില്ല; നിന്നെ വധിച്ചു കളയുമായിരുന്നു” എന്നു പറഞ്ഞു കൊണ്ടയാള്‍ മുന്നോട്ടു വന്നു. നീ എന്നോട് മല്‍പിടുത്തത്തിനുണ്ടോ?. “നീ നിന്റെ ഇലാഹിനെ വിളിച്ച് എനിക്കെതിരെ സഹായം തേടിക്കോളൂ. ഞാന്‍ ലാതയെയും ഉസ്സയെയും വിളിച്ചോളാം. എന്നിട്ട് നീ എന്നെ മലര്‍ത്തിയടിച്ചാല്‍ നിനക്കിഷ്ടമുള്ള പത്ത് ഒട്ടകങ്ങളെ ഇതില്‍ നിന്നെടുക്കാം”എന്നു നബി(സ്വ)യെ അയാള്‍ വെല്ലുവിളിച്ചു. 

ഇതെല്ലാം കേട്ട നബി(സ്വ)  “അതേ, നിനക്കങ്ങനെ ഉദ്ദേശ്യമുണ്ടെങ്കില്‍ ആവട്ടെ” എന്നും പ്രതികരിച്ചു.” നബി(സ്വ) തങ്ങള്‍ അല്ലാഹുവിനോട് റൂകാനക്കെതിരെ സഹായിക്കാനായി പ്രാര്‍ഥിച്ചു. റുകാന ലാത്തയോടും ഉസ്സയോടും സഹായം തേടി. 

മല്‍പിടുത്തം തുടങ്ങി. ക്ഷണനേരം കൊണ്ട് നബി(സ്വ) തങ്ങള്‍ റൂകാന എന്ന മല്ലനെ മലര്‍ത്തിയടിച്ച് അവന്റെ നെഞ്ചില്‍ കയറിയിരുന്നു. അപ്പോള്‍ റൂകാന പറഞ്ഞു: “നീയല്ല എന്നെ പരാജയപ്പെടുത്തിയത്; നിന്റെ ഇലാഹാണ്. ലാത്തയും ഉസ്സയും എന്നെ ചതിച്ചതാണ്. നീയല്ലാതെ ആരും ഇതിനു മുമ്പ് എന്നെ വീഴ്ത്തിയിട്ടില്ല”. അയാള്‍ പരാജയം സമ്മതിച്ചു. “ഇനിയും നീ മല്‍പിടുത്തത്തിന് തയ്യാറാണോ” എന്നയാള്‍ നബി(സ്വ)യെ വീണ്ടും വെല്ലുവിളിച്ചു”. അങ്ങനെ രണ്ടാമതും മൂന്നാമതും റുകാനയെ മലര്‍ത്തിയടിച്ചു നബി(സ്വ) നെഞ്ചില്‍ കയറിയിരുന്നു.

പരാജയപ്പെട്ട റുകാന മുപ്പത് ഒട്ടകങ്ങള്‍ നല്‍കാന്‍ തയ്യാറായി. നബി(സ്വ) അത് നിരസിച്ച് അവനെ ഇസ്ലാമിലേക്കു ക്ഷണിച്ചു. പക്ഷേ, ഒഴിവുകഴിവുകള്‍ പറയുകയാണുണ്ടായത്. നബി(സ്വ) തങ്ങള്‍ റുകാനയുടെ  താമസ സ്ഥലത്തിന്റെ ഭാഗത്തേക്കാണ് പോയതെന്നറിഞ്ഞ അബൂബക്ര്‍, ഉമര്‍(റ) തുടങ്ങിയവര്‍ വളരെ ബേജാറായെങ്കിലും അവനെ കീഴ്പ്പെടുത്തിയതറിഞ്ഞ് സന്തുഷ്ടരായി(നോക്കുക: ദലാഇല്‍ 395-397). അദ്ദേഹം പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു.

ഹാരിസുബ്നു അബീ ഉസാമ, മുജാഹിദ്(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു: “നബി(സ്വ) തങ്ങള്‍ക്ക് സ്വര്‍ഗാവകാശികളായ നാല്‍പതിലധികം പുരുഷന്മാരുടെ ശക്തി നല്‍കപ്പെട്ടിട്ടുണ്ട്”(അല്‍ ഖസ്വാഇസ്വ 1/120)


ധീരതയും സ്ഥൈര്യവും


നബി(സ്വ) തങ്ങളുടെ ധീരതയും സ്ഥൈര്യവും പ്രസിദ്ധമാണ്. പ്രവാചകരെന്ന നിലയില്‍ ദൌത്യനിര്‍വ്വഹണത്തിന്റെ അനുകൂല ഘടകങ്ങളാണിവ. സത്യപ്രബോധനത്തെ സംബന്ധിച്ചിടത്തോളം ആദ്യഘട്ടങ്ങള്‍ ഭീഷണമായിരുന്നു. എന്നിട്ടും ധീരമായി നിലകൊള്ളാന്‍ സാധിച്ചത് നബി(സ്വ) തങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള പ്രത്യേകമായ ഇലാഹീ പരിഗണനയുടെ അടിസ്ഥാനത്തിലാണ്.  വന്‍ സന്നാഹങ്ങളുമായി തയ്യാറായി വന്ന ശത്രുക്കളുടെ മുന്നില്‍  വളരെ കുറഞ്ഞ അനുയായികളുമായി വേണ്ടത്ര ആയുധങ്ങളില്ലാതെ അണിനിരക്കാന്‍ നബി(സ്വ) തങ്ങള്‍ക്കു സാധിച്ചതതിനാലാണ്. ഉഹ്ദിലും ഹുനൈനിലും ശത്രുപക്ഷം മികവ് കാട്ടുന്ന രംഗമുണ്ടായി. അപ്പോഴൊക്കെ വിശ്വാസികളെ ധീരമായി നിലയുറപ്പിക്കാന്‍ പ്രേരിപ്പിച്ചതും നബി(സ്വ) തങ്ങള്‍ തന്നെയായിരുന്നു.

നബി(സ്വ) തങ്ങളെ കൊല്ലുമെന്ന പ്രതിജ്ഞയും പ്രഖ്യാപനവുമായി ഉബയ്യുബ്നു ഖലഫ് ഉഹ്ദ് യുദ്ധത്തില്‍ തങ്ങളുടെ നേരെ വന്നു. “ഞാന്‍ ഒരു കുതിരയെ വാങ്ങി അതിനെ നന്നായി തീറ്റിപ്പോറ്റിയിട്ടുണ്ട്. അതിന്റെ പുറത്തേറി വന്നു നിന്നെ വധിക്കാനാണത്” എന്നവന്‍ പറഞ്ഞിരുന്നു. നബി(സ്വ) തങ്ങള്‍ക്കു നേരെ വന്ന അവനെ പ്രതിരോധിക്കാന്‍ സ്വഹാബികള്‍ ശ്രമിച്ചപ്പോള്‍  അവരോടവിടുന്നു മാറിനില്‍ക്കാന്‍ പറഞ്ഞു. പ്രതിരോധവും പ്രത്യാക്രമണവും യുദ്ധത്തില്‍ സ്വാഭാവികമാണല്ലോ. നബി(സ്വ) അവന്റെ പിരടിയില്‍ ഒരു കുത്തേല്‍പ്പിച്ചു(ബൈഹഖി റഹ്). 

അവന്റെ കുതിരയും പ്രതാപവും ശൌര്യവും നബി(സ്വ) തങ്ങളെ പിന്തിരിപ്പിച്ചില്ല. ധീരമായി സ്വയം തന്നെ അവനെ നേരിടുകയാരുന്നു അവിടുന്നു.

അനസ്(റ) പറയുന്നു: “നബി(സ്വ) തങ്ങള്‍ ജനങ്ങളില്‍ ഏറ്റവും ഗുണവാനും ഉദാരനും ധീരനുമായിരുന്നു. ഒരു രാത്രി മദീനാ നിവാസികളാകെ ഒരു ഘോരശബ്ദം കേട്ടു ഭയചകിതരായി. പലരും കാരണമന്വേഷിച്ചു പോയെങ്കിലും ഭയന്നു തിരിച്ചുപോരുകയാണുണ്ടായത്. എന്നാല്‍ നബി(സ്വ) തങ്ങള്‍ അവരുടെയെല്ലാം മുന്നില്‍ ഖഡ്ഗവുമണിഞ്ഞ് ഒരു കുതിരപ്പുറത്തുകയറി അ വിടെ ചെന്നുനോക്കി. അബൂത്വല്‍ഹ(റ)വിന്റെ ഈ കുതിരക്ക് കടിഞ്ഞാണ്‍ പോലുമുണ്ടായിരുന്നില്ല. എല്ലാം പരിശോധിച്ച് ഒന്നുമില്ലെന്നറിഞ്ഞ് തിരിച്ചുവന്നു ജനങ്ങളെ സമാധാനിപ്പിച്ചു” (ബുഖാരി റഹ്).

യുദ്ധമുഖത്ത് അതിഭയാനകമായ രംഗങ്ങളുണ്ടാവുമ്പോള്‍ സ്വഹാബിവര്യര്‍ നബി(സ്വ) തങ്ങളുടെ അടുത്തുവന്ന് അഭയം തേടാറായിരുന്നു പതിവ്. യാതൊരു കാരണത്താലും പിന്‍മാറ്റം എന്നു പറയാവുന്ന വിധം അവിടുന്ന് കാല്‍ പിറകോട്ടു വലിച്ചിരുന്നില്ല. ധീരമായ അവിടുത്തെ നിലപാടുകള്‍ സ്വഹാബികള്‍ക്കു ധൈര്യം പകര്‍ന്നു. 


ബുദ്ധിസാമര്‍ഥ്യം

നബി(സ്വ) തങ്ങള്‍ അതീവബുദ്ധിസാമര്‍ഥ്യവും ചിന്താശേഷിയുമുള്ളവരായിരുന്നുവെന്നത് ചരി ത്ര സത്യമാണ്. ഒരുപാട് ആശയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാനുള്ള ആ ശേഷി അപാരം തന്നെയായിരുന്നു. സന്ദര്‍ഭോചിതമായി തീരുമാനങ്ങളെടുക്കാനുള്ള കഴിവ് ആ ബുദ്ധിയുടെ സവിശേഷതയായിരുന്നു. 

നബി(സ്വ) തങ്ങള്‍ക്കു 35 വയസ്സ് പ്രായമായ സമയത്താണല്ലോ കഅ്ബാ പു നര്‍നിര്‍മ്മാണ പ്രവര്‍ത്തനം നടന്നത്. അന്ന് ഹജറുല്‍ അസ്വദ് സ്ഥാപിക്കുന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായി.  അക്കാര്യത്തില്‍ ആരെയും പിണക്കാതെ പരിഹാരം നിര്‍ദ്ദേശിച്ചത് നബി(സ്വ) ആയിരുന്നു.

വഹബ്ബ്നു മുനബ്ബഹ്(റ) പറയുന്നു: “ഞാന്‍ 71 പൂര്‍വ്വഗ്രന്ഥങ്ങള്‍ പാരായണം ചെയ്തിട്ടുണ്ട്.  ലോകത്തിന്റെ ആരംഭം മുതല്‍ അവസാനം വരെയുള്ള മനുഷ്യരില്‍ ഒരാള്‍ക്കും അല്ലാഹു മുഹമ്മദ്നബി(സ്വ) തങ്ങള്‍ക്കു നല്‍കിയതു പോലുള്ള ബുദ്ധി നല്‍കിയിട്ടില്ല എന്നാണതില്‍ നിന്നെ ല്ലാം എനിക്കു മനസ്സിലായത്.

നിശ്ചയം, മുഹമ്മദ് നബി(സ്വ) തങ്ങള്‍ ജനങ്ങളില്‍ ബുദ്ധിപരമായി ഏറ്റവും മുന്നിലാണ്; അവരില്‍ ഉന്നതമായ അഭിപ്രായമുള്ളവരുമാണവിടുന്ന്” (ഇബ്നു അസാകിര്‍ റഹ്)

നബി(സ്വ) തങ്ങളുടെ ബുദ്ധിപരമായ സമ്പൂര്‍ണ്ണതയും ചിന്താപരമായ വിശാലതയും വ്യക്തമായി പ്രകടമാക്കുന്നതാണ് അവിടുത്തെ വചനങ്ങളും വിധിതീര്‍പ്പുകളും. ഔചിത്യപൂര്‍വ്വം സംസാരിക്കാനും ഇടപെടാനും സംബോധിതരായ ആളുകളുടെ മനോഭാവത്തിനനുസൃതമായി സംസാരിക്കാനും നബി(സ്വ)യുടെ പ്രായോഗിക ബുദ്ധി തുണയായി എന്നു മനസ്സിലാക്കാവുന്നതാണ്. 

ഹുദൈബിയ്യ: സന്ധിയില്‍ സ്വഹാബിവര്യന്‍മാരില്‍ പലര്‍ക്കും അതൃപ്തിയുണ്ടായിരുന്നു. അല്‍പം ഭദ്രത കൈവന്ന ശേഷം ഇനിയെന്തിനു നാം സന്ധി ചെയ്യണമെന്ന സ്വാഭാവിക ചിന്ത സ്വ ഹാബികളില്‍ ചിലര്‍ക്കുണ്ടായിരുന്നു. പക്ഷേ, നബി(സ്വ) തങ്ങള്‍ സന്ധിയുടെ രേഖയില്‍ നിന്നു ‘റസൂല്‍’ എന്ന പദം മാറ്റണമെന്ന വാദം പോലും അംഗീകരിച്ചു സന്ധിക്കു തയ്യാറായി. ഈ സന്ധിയാണല്ലോ പിന്നീട്, യഥാര്‍ഥത്തില്‍ പരിസരനാടുകളിലേക്ക് പ്രതിനിധികളെയയക്കാനും ഇസ്ലാം വ്യാപിക്കാനും സാഹചര്യമൊരുക്കിയത്.


വിസര്‍ജ്യ വസ്തുക്കള്‍


നബി(സ്വ) തങ്ങളുടെ വിസര്‍ജ്യവസ്തുക്കളും രക്തവും ശുദ്ധിയുള്ളതായിരുന്നു. അതു മലിനമായിരുന്നില്ല. 

ഇബ്നുഹജര്‍(റ) പറയുന്നു: “നബി(സ്വ) തങ്ങളുടെ വിസര്‍ജ്യവസ്തുക്കള്‍ ത്വാഹിറാണെന്ന അഭിപ്രായത്തെ മുന്‍ഗാമികളും പിന്‍ഗാമികളുമായ പണ്ഢിതന്മാരില്‍ ഒരു വിഭാഗം പ്ര ബലമാക്കിയിട്ടുണ്ട്” (തുഹ്ഫ: 1/314).

ഉഹ്ദ് യുദ്ധത്തില്‍ നബി(സ്വ) തങ്ങള്‍ക്കു മുറിവേറ്റ സന്ദര്‍ഭത്തില്‍ അബുസഈദില്‍ ഖുദ്രി(റ)വിന്റെ പിതാവായ മാലിക്ബ്നു സിനാന്‍(റ)  ആ മുറിവില്‍ നിന്നു രക്തം നക്കിയെടുത്തു.  നബി(സ്വ) തങ്ങള്‍ തുപ്പാന്‍ പറഞ്ഞെങ്കിലും അതദ്ദേഹം വിഴുങ്ങുകയാണുണ്ടായത്. അപ്പോള്‍ ന ബി(സ്വ) പറഞ്ഞു: “സ്വര്‍ഗാവകാശിയായ ആളെ കാണാനുദ്ദേശിക്കുന്നവന്‍ ഇദ്ദേഹത്തെ നോക്കിക്കൊള്ളട്ടെ” (സഈദുബ്നു മന്‍സ്വൂര്‍).

ഈ സംഭവം ഹാകിം, ത്വബ്റാനി, ഇബ്നുകസീര്‍, നൂറുദ്ദീനില്‍ ഹൈതമി(റ) തുടങ്ങിയവരെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. രക്തം മലിനമാണ് എന്ന പൊതുവായ നിയമത്തിന്റെ പരിധിയില്‍നിന്നു നബി (സ്വ) തങ്ങളുടെ രക്തം ഒഴിവാണെന്നതിന് ഇതു തെളിവകുന്നുണ്ട്. കാരണം നബി(സ്വ) തങ്ങള്‍ പിന്നീട് അദ്ദേഹത്തോട്  വായ വൃത്തിയാക്കാന്‍ പോലും നിര്‍ദ്ദേശിച്ചിട്ടില്ല.

മൂത്രത്തിന്റെ സ്ഥിതിയും ഇതു പോലെ തന്നെയാണ്. ഉമ്മു ഐമന്‍(റ) പറയുന്നു: “നബി(സ്വ) തങ്ങള്‍ രാത്രി എഴുന്നേറ്റ് ഒരു പാത്രത്തില്‍ മൂത്രമൊഴിച്ചിരുന്നു. ഞാന്‍ എഴുന്നേറ്റപ്പോള്‍ വല്ലാത്ത ദാഹം. ഞാനതെടുത്തു കുടിച്ചു.  നേരം പുലര്‍ന്നപ്പോള്‍ നബി(സ്വ) തങ്ങളോട് ഞാനതു പറഞ്ഞു. അപ്പോള്‍ നബി(സ്വ) തങ്ങള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: “അറിയുക, നിശ്ചയം, ഇനിയൊരിക്കലും നിങ്ങളുടെ വയറിനൊരു രോഗവും ബാധിക്കുകയില്ല” (അബൂയഅ്ല).

ഈ സംഭവം ത്വബ്റാനി, അബുനൂഐം, ദാറഖുത്വ്നി, ഹാകിം തുടങ്ങിയവര്‍ പൂര്‍ണ്ണമായോ ഭാ ഗികമായോ ഉദ്ധരിച്ചിട്ടുണ്ട്. അല്ലാമാ ഖാളി ഇയാള്(റ) ശിഫായില്‍ ഇതു രണ്ടും ഉദ്ധരിച്ചു കൊണ്ട് നബി(സ്വ) തങ്ങളുടെ ശാരീരിക ശുദ്ധിയും വിസര്‍ജ്യവസ്തുക്കളുടെ പരിശുദ്ധിയും വിവരിച്ചിട്ടുണ്ട്. മൂത്രം കുടിച്ച സംഭവം ഉമ്മുസലമ ബീവി(റ)യുടെ പരിചാരികയായ ഹബ്ശക്കാരി ബറകയില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഇമാം ഖത്വീബുശ്ശിര്‍ബീനി(റ) മുഗ്നിയില്‍  വിവരിക്കുന്നു: “ഇമാം ബഗ്വി(റ)യും മറ്റും തറപ്പി ച്ചു പറയുകയും ഖാളിയും മറ്റുള്ളവരും സ്വഹീഹാക്കുകയും ചെയ്തതനുസരിച്ച്, നബി(സ്വ) തങ്ങളില്‍ നിന്നുള്ള വിസര്‍ജ്യവസ്തുക്കള്‍ ത്വാഹിറാണ്. കാരണം ഹബ്ശക്കാരിയായ ബറക എ ന്നവര്‍ നബി(സ്വ) തങ്ങളുടെ മൂത്രം കുടിക്കുകയുണ്ടായിട്ടുണ്ട്. അപ്പോള്‍ നബി(സ്വ) തങ്ങള്‍ പറഞ്ഞത് “നിങ്ങളുടെ വയറിനകത്ത് തീ പ്രവേശിക്കുകയില്ല” എന്നായിരുന്നു. ഇമാം ദാറഖു ത്വ്നി (റ) ഈ ഹദീസ് സ്വഹീഹാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്”.

“നബി(സ്വ) തങ്ങളുടെ രക്തം ത്വാഹിറാണെന്ന് അബൂജഅ്ഫരിത്തുര്‍മുദി(റ) പറഞ്ഞിട്ടുണ്ട്. കാരണം അബൂത്വൈബ(റ) നബി(സ്വ) തങ്ങളുടെ രക്തം കുടിച്ചിട്ടുണ്ട്. 

അബ്ദുല്ലാഹിബ്നു സുബൈര്‍(റ)വും നബി(സ്വ) തങ്ങളുടെ രക്തം കുടിച്ചിട്ടുണ്ട്. അദ്ദേഹം കുട്ടിയായിരിക്കെ, കൊമ്പു വച്ച രക്തം കുഴിച്ചുമൂടാനായി നബി(സ്വ) അദ്ദേഹത്തെ ഏല്‍പിച്ചു. അദ്ദേഹം അതു കുടിച്ചു കളഞ്ഞു. അത് നബി(സ്വ) തങ്ങളോടു പറഞ്ഞപ്പോള്‍ അവിടുന്നു പറഞ്ഞു: ആരുടെയെങ്കിലും രക്തത്തോട് എന്റെ രക്തം കലര്‍ന്നാല്‍ അവനെ നരകം സ്പര്‍ശിക്കുന്നതല്ല” (മുഗ്നി: 1/79).

നബി(സ്വ) തങ്ങളുടെ വിസര്‍ജ്യവസ്തുക്കള്‍ ഉടന്‍തന്നെ ഭൂമി വിഴുങ്ങിക്കളയാറുണ്ടായിരുന്നു . അവിടെ ശൌച്യം ചെയ്തതിന്റെ അടയാളം മാത്രമേ ബാക്കി നിന്നിരുന്നുള്ളൂ. രാത്രി സമയത്ത് പുറത്തിറങ്ങാതെ, പാത്രത്തില്‍ മൂത്രമൊഴിച്ചതാണ്  സ്വഹാബികള്‍ക്ക് കിട്ടിയത്. എന്നാല്‍ മലം ആര്‍ക്കും ലഭിച്ചിരുന്നില്ല.

ആയിശ(റ)യുടെ മൌലയായ ലൈലാ(റ) ആയിശ(റ)യില്‍ നിന്നുദ്ധരിക്കുന്നു: “ആയിശാ(റ) പറ ഞ്ഞു:  ഞാനൊരിക്കല്‍ നബി(സ്വ) തങ്ങള്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയ സ്ഥലത്തു ചെന്നപ്പോള്‍ എനിക്കവിടെ ഒന്നും കാണാന്‍ സാധിച്ചില്ല; കസ്തൂരിയുടെ സുഗന്ധം അനുഭവപ്പെട്ടതല്ലാതെ. ഞാനപ്പോള്‍ “അല്ലാഹുവിന്റെ ദൂതരേ, ഞാനവിടെ ഒന്നും കണ്ടില്ലല്ലോ” എന്ന്  അന്വേഷിച്ചപ്പോള്‍ നബി(സ്വ) തങ്ങള്‍ പറഞ്ഞു: “നിശ്ചയം, ഞങ്ങള്‍, പ്രവാചകന്മാരുടെ വിസര്‍ജ്യങ്ങ ള്‍ മറയ്ക്കാന്‍ ഭൂമിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്”(ഹാകിം റഹ് ). 

ബൈഹഖി, അബൂനുഐം, ദാറഖുത്വ്നി, ഹകീമുത്തുര്‍മുദി എന്നിവരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.


പരിശുദ്ധി പരിരക്ഷണം


മനുഷ്യന്‍ കോട്ടുവാ ഇടാറുണ്ട്. അത് ആലസ്യത്തിന്റെ  ലക്ഷണമാണ്. എന്നാല്‍ നബി(സ്വ) ഒരിക്കല്‍ പോലും കോട്ടുവാ ഇടുന്നതായി സ്വഹാബാക്കളാരും കണ്ടിട്ടില്ല. അഥവാ നബി(സ്വ) ത ങ്ങള്‍ കോട്ടുവാ ഇട്ടിട്ടേ ഇല്ല. 

ഇമാം ബുഖാരി(റ) താരീഖിലും ഇബ്നു അബീശൈബ(റ) മുസ്വന്നഫിലും ഉദ്ധരിക്കുന്നു: “യസീദുബ്നുല്‍ അസ്വമ്മ്(റ) പറയു ന്നു: നബി(സ്വ) തീരെ കോട്ടുവാ ഇട്ടിട്ടില്ല”(അല്‍ ഖസ്വാഇസ്വ്: 1/112).

വൃത്തികുറഞ്ഞ ശരീരത്തിലും വസ്തുവിലുമാണ് ഈച്ചയെപോലുള്ള പ്രാണികള്‍ ഇരിക്കാറുള്ളത്. നബി(സ്വ) തങ്ങളുടെ ശരീരത്തെ വൃത്തികേടോ ദുര്‍ഗന്ധമോ ബാധിച്ചിരുന്നില്ല; അതു സ ദാ പരിമളം പരത്തുന്നതായിരുന്നു. അതിനാല്‍ തന്നെ നബി(സ്വ) തങ്ങളുടെ ശരീരത്തില്‍ നേരിട്ടോ അവിടുന്ന് ധരിച്ച വസ്ത്രത്തിലോ ഈച്ച ഇരിക്കാറുണ്ടായിരുന്നില്ല.

“നബി(സ്വ) തങ്ങളുടെ ശരീരത്തില്‍ ഈച്ച ഇരിക്കാറില്ലായിരുന്നു” “നബി(സ്വ) തങ്ങളുടെ വ സ്ത്രത്തില്‍ പോലും ഈച്ച ഇരുന്നിട്ടേയില്ല.” 

പേന്‍ നബി(സ്വ) തങ്ങളെ ശല്യപ്പെടുത്തുന്ന സാ ഹചര്യമുണ്ടായിട്ടില്ല” (അല്‍ ഖസ്വാഇസ്വ്: 1/117).

സ്വപ്നസ്ഖലനം പ്രകൃതിപരമായ ഒരു പ്രക്രിയയാണ്. മാലിന്യമല്ലെങ്കിലും ശുക്ളം ശരീരത്തില്‍ പുരളുന്നത് വൃത്തികേടായിട്ടാനുഭവപ്പെടുക. നബി(സ്വ) തങ്ങളുടെ ശരീരത്തിന്റെ വൃത്തി സുരക്ഷിതമായിരുന്നു. അത് വൃത്തികേടാവുന്ന പ്രശ്നമേയുണ്ടായിരുന്നില്ല. അതിനു നിമിത്തമായേക്കാവുന്ന കാര്യങ്ങളില്‍ നിന്നെല്ലാം അവിടുന്നു സുരക്ഷിതനായിരുന്നു. അതുകൊണ്ടായിരിക്കാം, നബി(സ്വ) തങ്ങള്‍ക്ക് ഒരിക്കലും സ്വപ്ന സ്ഖലനമുണ്ടായിരുന്നില്ല. 

ഇബ്നു അബ്ബാസ്(റ) പറയുന്നു: “ഒരു നബിക്കും സ്വപ്നസ്ഖലനമുണ്ടായിട്ടില്ല” (അല്‍ഖസ്വാഇസ്വ് 1/120).

ചുരുക്കത്തില്‍ നബി(സ്വ) തങ്ങളുടെ പൂമേനി സൌന്ദര്യസമ്പൂര്‍ണ്ണമായിരുന്നു. അതിലെ ഓരോ ഭാഗവും ക്രമീകരിക്കപ്പെട്ടിരിക്കുന്നത് അന്യൂനവും അനിതര സാധാരണവുമായിട്ടാണ്. അതി ന്റെ സവിശേഷതകള്‍ സമൂഹത്തിനും സമകാലികര്‍ക്കും പ്രാപിക്കാനും ഉപയുക്തമാക്കാനും സാധിക്കും വിധത്തിലായിരുന്നു. ആത്മീയാനുഭൂതിയും ശാരീരിക ഗുണങ്ങളും പാരത്രിക മോ ക്ഷവും നേടാന്‍ അവിടുത്തെ ശരീരസമ്പര്‍ക്കം കൊണ്ട് അനുചരര്‍ക്കു സാധിച്ചിട്ടുണ്ട്.  ഇവിടെ ഈ വിവരിച്ചതത്രയും ആ പൂമേനിയുടെ മഹത്വ സാഗരത്തിലെ ഒരിറ്റു മാത്രമാണ്. നാഥന്‍ ആ പ്രഭാ വലയത്തില്‍ പ്രശോഭിതരാവാന്‍ നമുക്കനുഗ്രഹം ചൊരിയട്ടേ – ആമീന്‍.

No comments:

Post a Comment