Saturday 24 February 2018

ഗൾഫിൽ ഉള്ളവർക്ക് ആധാർ കാ‍ർഡ് വേണോ?



കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. യു.ഐ.ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ആസൂത്രണകമ്മീഷനു കീഴിൽ എക്സിക്യുട്ടീവ് ഓർഡർ പ്രകാരം രൂപീകരിചിട്ടുള്ള യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) എന്ന ഏജൻസിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു
നിങ്ങൾ ഒരു പ്രവാസിയാണോ? ആദായനികുതി റിട്ടേണുകൾക്കായി നിങ്ങളുടെ ആധാർ കാർഡ് നമ്പർ ലിങ്കുചെയ്യണോ? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ…

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് എൻആ‍ർഐകൾക്ക് ആധാർ ആവശ്യമില്ല. ജൂലൈ ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.
ആധാർ നിയമം അനുസരിച്ച്, ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർക്ക് മാത്രമേ ആധാർ നമ്പർ ലഭിക്കാൻ അർഹതയുള്ളൂ. അതിനാൽ ഈ 12 അക്ക ഐഡന്റിറ്റി നമ്പ‍ർ എൻആർഐകൾക്ക് ലഭിക്കില്ല. അതുകൊണ്ട് തന്നെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് എൻആ‍ർഐകൾക്ക് ആധാർ കാർഡിന്റെ ആവശ്യമില്ല.
കഴിഞ്ഞ 12 മാസത്തിനുള്ളിൽ 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചിട്ടുള്ള എൻആർഐകൾക്ക് ആധാർ നിർബന്ധമാണ്. അങ്ങനെയുള്ളവ‍‍ർ എത്രയും വേ​ഗം ആധാർ കാ‍ർഡ് എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. എന്നാൽ 182 ദിവസത്തിൽ താഴെ മാത്രമേ നിങ്ങൾ ഇന്ത്യയിൽ താമസിച്ചിട്ടുള്ളൂവെങ്കിൽ ഐ.ടി ആക്ട് സെക്ഷൻ 139AA പ്രകാരം ആധാർ ആവശ്യമില്ല.ഫിനാൻസ് ആക്ട് 2017 അനുസരിച്ച്, ഇന്ത്യയിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതും പാൻ കാർഡിന് അപേക്ഷിക്കുന്നതിനും നിലവിലുള്ള പാൻ കാ‍ർഡ് നിലനിർത്തുന്നതിനും ആധാർ നിർബന്ധമാണ്.
ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന എല്ലാവരുടെയും ബാങ്ക് അക്കൌണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 31ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകൾ അസാധുവാക്കുന്നതാണ്. ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിച്ചാൽ മാത്രമേ പിന്നീട് ഈ അക്കൗണ്ട് ഉപയോ​ഗിക്കാൻ സാധിക്കൂ..ബാങ്കുകളിൽ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും ആധാർ നിർബന്ധമാണ്. വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനും ഇനി ആധാർ നിർബന്ധമാണ്.
ആധാർ കാർഡ് ഇല്ലാതെ നിങ്ങൾക്ക് ഇനി പാസ്പോർട്ട് ലഭിക്കില്ല. പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനുള്ള നിർബന്ധിത രേഖകളിലൊന്നാണ് ആധാർ കാർഡെന്ന് വിദേശ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ജൂലൈ 1 മുതൽ ആധാറില്ലാത്തവർക്ക് പാസ്പോർട്ട് ലഭിക്കില്ല.

No comments:

Post a Comment