Monday 19 February 2018

ലുഖ്മാനുൽ ഹഖീം (റ)






പ്രവാചകൻമാരെ കൂടാതെ ലോകത്ത് ഒരുപാട് മഹൽ വ്യക്തിത്വങ്ങൾ ജീവിച്ചു മൺമറഞ്ഞു പോയിട്ടുണ്ട്. ലോകാവസാനം വരെയുള്ള ജനതക്ക് മാതൃകയും പാഠവുമായി അവരുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ നമ്മുടെ മുമ്പിലുണ്ട്. ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടിട്ടും അൽപ്പം പോലും പതറാതെ സർവ്വശക്തന്റെ വിധിയിൽ വിശ്വസിച്ച് തന്റെ ജീവിത ദൗത്യം നിറവേറ്റിയ മഹാനായ ലുഖ്മാനുൽ ഹഖീം(റ)ന്റെ ജീവചരിത്രം നമുക്ക് സൽക്കർമ്മങ്ങളിലേക്ക് പ്രചോദനമായിത്തീരട്ടെ.ആമീൻ...

ആറ്റുനോറ്റു കാത്തിരുന്ന ആ സുദിനം വന്നു. ആ നീഗ്രോയുവതി തങ്കക്കുടം പോലെയുള്ള ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ബാഹൂർ എന്നവരുടെ ആനന്ദം പറഞ്ഞറിയിക്കാൻ പ്രയാസം. തന്റെ പ്രിയതമ ഒരു കുഞ്ഞിന്റെ ഉമ്മയായിരിക്കുന്നു. അതെ താനൊരു പിതാവായിരിക്കുന്നു. വിവാഹിതനായതിനു ശേഷം മനസ്സിൽ താലോലിച്ചുകൊണ്ടു നടന്ന അഭിലാഷമാണ് ഇന്ന് പൂവണിഞ്ഞിരിക്കുന്നത്. 'ഞാനെന്റെ കുഞ്ഞിനെ പൊന്നുപോലെ വളർത്തും'. ബാഹൂർ ആത്മഗതം ചെയ്തു.

ആരാണ് ബാഹൂർ? അബ്സീനിയായിലെ ഒരു നീഗ്രോ യുവാവ്. ഒരു പാവപ്പെട്ട കർഷകൻ. കറുത്ത വർഗ്ഗക്കാരായ നീഗ്രോകളെ കേവലം അധമരായി പരിഗണിക്കുന്ന സമൂഹം. അവർ എന്നും അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു. എല്ലുമുറിയെ പണിയെടുക്കുക. കിട്ടുന്നത് ഭക്ഷിക്കുക. ഇതായിരുന്നു അവരുടെ ജീവിത വ്യവസ്ഥ. സ്വന്തം സമൂഹത്തിൽ നിന്ന് അൽപ്പം ഭേദമായിരുന്നു ബാഹൂറിന്റെ സ്ഥിതി. അദ്ദേഹത്തിന് സ്വന്തമായി കുറച്ചു ആടുകളും അൽപ്പം കൃഷിയും ഉണ്ടായിരുന്നു. ആടുകളെ മേച്ചും കൃഷിസ്ഥലത്ത് വിളവിറക്കിയും സംതൃപ്ത ജീവിതം  നയിക്കുന്നതിനിടയിൽ ഒരു വിവാഹത്തെ കുറിച്ച് ബാഹൂർ ചിന്തിച്ചു.

          സർവ്വശക്തനായ അല്ലാഹുവിൽ അകമഴിഞ്ഞു വിശ്വസിക്കുകയും ആരാധന കർമ്മങ്ങൾ മുറപ്രകാരം നിർവ്വഹിക്കുകയും ചെയ്യുന്ന ബാഹൂറിന്റെ ജീവിതസഖിയായി വന്ന പെൺകുട്ടി സുന്ദരിയായിരുന്നു. സുശീലയായിരുന്നു. സർവ്വോപരി ഈമാനും ഇഖ്ലാസും ഉളളവളായിരുന്നു. ആ ദമ്പതികൾ പരസ്പരം സുഖദു:ഖങ്ങൾ കൈമാറി. ഭർത്താവിന്റെ കഠിനാദ്ധ്വാനത്തിന്റെ പങ്കുപറ്റാൻ മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ വിയർപ്പൊഴുക്കാനും ആ പെൺകുട്ടി സന്നദ്ധയായി.
 അതിലവൾ ആനന്ദം കണ്ടെത്തുകയും ചെയ്തു.

ദാമ്പത്യത്തിന്റെ മധുരിമ പങ്കിട്ട് ജീവിതം നയിക്കുന്നതിനിടയിൽ അവരുടെ മോഹസാക്ഷാത്കാരമെന്നോണം ആ യുവതി ഗർഭിണിയായി. അവൾ പ്രസവിച്ചതോ? കോമളനായ ഒരാൺകുഞ്ഞിനെ. ബാഹൂർ സർവ്വശക്തനായ അല്ലാഹുവിനെ സ്തുതിച്ചു. അദ്ദേഹം തന്റെ പെന്നോമന പുത്രന് ലുഖ്മാൻ എന്ന് നാമകരണം ചെയ്തു.

ഋതുക്കൾ മാറി വന്നു. ലുഖ്മാൻ വളർന്നു.

ആ പിഞ്ചോമനയുടെ പഞ്ചാരപുഞ്ചിരിയിൽ മാതാപിതാക്കൾ സ്വയം മറന്നു._ ശൈശവത്തിൽ തന്നെ മറ്റു കുട്ടികളിൽ നിന്നും വിഭിന്നമായി ഒരുപാട് പ്രത്യേകതകൾ അവർ ലുഖ്മാനിൽ കണ്ടു. തങ്ങളുടെ ഓമന മകൻ സാധാരണക്കാരനല്ലെന്ന് ആ മാതാപിതാക്കൾ മനസ്സിലാക്കി. അവർ അല്ലാഹുവിന് സ്തുതികളർപ്പിക്കുകയും കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

നാലു വയസ്സായപ്പോൾ തന്നെ പിതാവിന്റെ ജോലി മകൻ ഏറ്റെടുത്തു. പ്രവാചകൻമാർ ചെയ്തിരുന്ന അജപാലനം.

 ലുഖ്മാൻ കുട്ടികളുമായി ആടുമേയ്ക്കാൻ വനപ്രദേശങ്ങളിലേക്ക് പുറപ്പെടും.
എങ്കിലും അവരോടൊപ്പം അനാവശ്യമായ കളികളിലോ തമാശകളിലോ പങ്കെടുക്കാൻ ആ കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ല.

 അക്കാലത്ത് പ്രഗത്ഭനായ ഒരു പണ്ഡിതന്റെ കീഴിൽ വിദ്യയഭ്യസിപ്പിക്കുവാൻ പിതാവ് ലുഖ്മാനെ ഏൽപ്പിച്ചു.

ആ ഗുരു അഗാധ പാണ്ഡിത്യത്തിന്റെ ഉടമയായിരുന്നുവെന്നു മാത്രമല്ല, മഹാനായൊരു സൂഫിവര്യൻ കൂടിയായിരുന്നു. കൂടാതെ പ്രകൃതി ചികിത്സയുടെ ആചാര്യൻ കൂടിയായിരുന്നു ആ പണ്ഡിതൻ. പ്രകൃതിയിൽ വളരുന്ന പലതരം വൃക്ഷങ്ങളുടെയും ചെടികളുടെയും ഇലകളും വേരുകളുമെല്ലാം അത്ഭുതസിദ്ധിയുള്ള മരുന്നുകളാണെന്നുള്ള വസ്തുത അദ്ദേഹത്തിനറിയാമായിരുന്നു.

നാം കേവലം നിസ്സാരമായി പരിഗണിക്കുന്ന പച്ചിലകൾക്ക് അത്ഭുതാവഹമായ ശക്തികളുണ്ടെന്ന് ചികിത്സകളിലൂടെ തെളിയിച്ച മഹാനായിരുന്നു ആ ഗുരുനാഥൻ.

        ലുഖ്മാന്റെ ബുദ്ധിശക്തിയിലും, വിനയം, ലാളിത്യം തുടങ്ങിയ സ്വഭാവ മഹിമയിലും ഗുരു സന്തുഷ്ടനായി. അദ്ദേഹം തന്റെ അരുമശിഷ്യന് പരമാവധി വിജ്ഞാനം പകർന്നു കൊടുത്തു. എന്തു പറഞ്ഞു കൊടുത്താലും ഉടനെ മനസ്സിലാക്കാനും മന:പാഠമാക്കുവാനുമുള്ള ലുഖ്മാന്റെ കഴിവ് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പ്രിയപുത്രന്റെ ബുദ്ധിസാമർത്ഥ്യവും സ്വഭാവവൈശിഷ്ട്യവും കണ്ട് ആ മാതാപിതാക്കൾ അകമഴിഞ്ഞ് അല്ലാഹുവിനെ സ്തുതിച്ചു.

ഓടിവരൂ ലുഖ്മാനേ, ഓടിവരൂ, നിന്റെ ആടിനെ സിംഹം പിടിക്കുന്നു".

ഏഴു വയസ്സുകാരനായ ലുഖ്മാന്റെ കർണ്ണപുടങ്ങളിൽ ആ സഹായാഭ്യർത്ഥന പതിച്ചു. ആരാധനയിൽ മുഴുകിയിരുന്ന ആ ബാലൻ വേഗം അതവസാനിപ്പിച്ച് നിലവിളി കേട്ട ഭാഗം ലക്ഷ്യമാക്കി ഓടി.


അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു. കരുത്തനായ ഒരു സിംഹം ആടുകളിലൊന്നിനെ പിടികൂടിയിരിക്കുകയാണ്. ചോരയൊലിപ്പിച്ചു കൊണ്ട് ദയനീയമായി വിലപിക്കുന്ന ആടിനെ കണ്ടപ്പോൾ ലുഖ്മാന് സങ്കടവും അമർഷവും ഒരുമിച്ച് വന്നു.

പെട്ടെന്ന് കുനിഞ്ഞ് ഒരു കല്ലെടുത്ത് 'ബിസ്മില്ലാഹി' എന്ന പരിശുദ്ധ വാക്യമുച്ചരിച്ചുകൊണ്ട് ആ കല്ല് മൃഗരാജനെ ലക്ഷ്യമാക്കി എറിഞ്ഞു. കൂർത്തു മൂർത്ത ഒരു ശരംകണക്കെ അത് സിംഹത്തിന്റെ നെഞ്ചിൽ പതിച്ചു. ഭീകരമായൊരാർത്തനാദം. പിന്നെ എല്ലാം ശാന്തമായി സിംഹം ചത്തുവീണു.

കൂട്ടുകാരെല്ലാം ഭയപ്പെട്ട് ദൂരെ മാറി നിൽക്കുകയായിരുന്നു. കരുത്തനായ സിംഹം പിടഞ്ഞു വീണു നിശ്ചലമായതു കണ്ടപ്പോൾ അവർക്കെല്ലാം ധൈര്യം തിരിച്ചു കിട്ടി. അത്ഭുതത്തോടെ അവർ ആടിന്റെ അരികിലേക്ക് ചെന്നു.
അത് കിടന്നു പിടയുകയാണ്.

 രക്തം അണമുറിയാതെ ഒഴുകുന്നു. കഴുത്ത് മുറിഞ്ഞു പോയിരിക്കുന്നു.
 ലുഖ്മാൻ തെല്ലും സംശയിച്ചു നിന്നില്ല. നേരേ ഉൾക്കാട്ടിലേക്കോടി. അവിടെ നിന്നും ചില പച്ചിലകൾ ശേഖരിച്ചു തൽക്ഷണം തിരികെ വന്നു.

ഇലകൾ കല്ലിലിട്ടു ചതച്ചു നീരെടുത്ത് ആടിന്റെ മുറിവിൽ പുരട്ടി.
 പെട്ടെന്ന് രക്തസ്രാവം നിന്നു.മുറിവു കൂടി.

ഒന്നും സംഭവിക്കാത്തതു പോലെ ആട് എഴുന്നേറ്റു നടന്നു.
കുട്ടികളെല്ലാം ആശ്ചര്യത്തോടെ ലുഖ്മാനെ വളഞ്ഞു.

ഇവിടെ നാം കണ്ടതെന്താണ്?

ലുഖ്മാന് ഗുരുവിൽ നിന്ന് ലഭിച്ച വിദ്യയുടെ ഫലം തന്നെ.
അതെ, ആ ബാലൻ ഏഴുവയസ്സായപ്പോൾ തന്നെ അന്നത്തെ വേദഗ്രന്ഥമായ തൗറാത്ത് മുഴുവൻ മന:പ്പാoമാക്കിയിരുന്നു. ഗുരു പകർന്നു കൊടുത്ത ചികിത്സാ മുറകൾ ഒന്നൊഴിയാതെ മനസ്സിലാക്കിയിരുന്നു.


മാതാപിതാക്കളെയും ഗുരുനാഥനെയും ബഹുമാനിക്കുകയും അവർക്ക് വേണ്ട പരിചരണങ്ങൾ ചെയ്യുകയും അവരുടെ സ്നേഹം സമ്പാദിക്കുകയും സർവ്വശക്തന് ആരാധനകളർപ്പിക്കുകയും ചെയ്തു കൊണ്ട് ലുഖ്മാൻ നാളുകൾ നീക്കി.

സത്യം പറയുക എന്നത് ഒഴിച്ചുകൂടാത്ത കർത്തവ്യമായി അദ്ദേഹം ശീലിച്ചു.
കളവായി ഒരു വെറുംവാക്കുപോലും പറയാൻ ലുഖ്മാൻ കൂട്ടാക്കിയില്ല. വിശ്വാസവഞ്ചന അദ്ദേഹത്തിന്റെ നിഘണ്ഡുവിൽ സ്ഥാനം പിടിച്ചിരുന്നില്ല. വിജ്ഞാനത്തിന്റെ നിറകുടമായി, സൽസ്വഭാവത്തിന്റെ വിളനിലമായി, ലുഖ്മാനുൽ ഹഖീമായി ആ ബാലൻ വളർന്നു.

മാതാപിതാക്കളെ ശുശ്രൂഷിക്കുക, അവരുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കുക. ലുഖ്മാന്റെ ജീവിതത്തിലെ ഏറ്റവും അനർഘ നിമിഷങ്ങൾ ഇതൊക്കെയായിരുന്നു. പക്ഷെ അല്ലാഹു കൂടുതൽ കാലം ആ സന്തോഷം അദ്ദേഹത്തിനു നൽകിയില്ല.

പതിനഞ്ചാം വയസ്സിൽ ലുഖ്മാന്റെ പ്രിയപ്പെട്ട മാതാവ് ഇഹലോകവാസം വെടിഞ്ഞു. ഉമ്മയുടെ വേർപാട് ലുഖ്മാന് ദു:ഖകരമായ ഒരനുഭവമായിരുന്നു. അദ്ദേഹം നൊമ്പരത്തോടു കൂടി തന്റെ ശ്രദ്ധ പിതാവിലേക്ക് തിരിച്ചു. മാതാവിന്നു കൊടുത്തിരുന്ന ശുശ്രൂഷ കൂടി ലുഖ്മാൻ പിതാവിക്കു നൽകി. പക്ഷേ അത് അധികകാലം നിന്നില്ല.അധികം താമസിയാതെ പിതാവും അദ്ദേഹത്തെ വിട്ടു പിരിഞ്ഞു. പിതാവു കൂടി വേർപിരിഞ്ഞപ്പോൾ ലുഖ്മാന്റെ വേദന വർണ്ണനാതീതമായിരുന്നു.

            യഥാർത്ഥ സത്യവിശ്വാസി ഏതു പരീക്ഷണങ്ങളിലും അടിപതറാതെ ക്ഷമ കൈകൊള്ളുന്നവനാണ്. ആരാധനക്കു വേണ്ടി തികച്ചും ഏകാന്തമായ ഒരു സ്ഥാനം കണ്ടെത്തി.പ്രപഞ്ചത്തെ കുറിച്ചുള്ള സകല ചിന്തകളും വെടിഞ്ഞ് അവിടെ ഇബാദത്തുകളിൽ മുഴുകി. അന്നപാനാദികൾ വെടിഞ്ഞു.ഐഹിക സുഖങ്ങൾ വെടിഞ്ഞു. അല്ലാഹു എന്ന ചിന്ത മാത്രമായി ലുഖ്മാൻ ജീവിതം നയിച്ചു. പ്രഭാതം പുഞ്ചിരിച്ചെത്തി. 'ലുഖ്മാനെ ' സുപരിചതമായ ആ വിളി ലുഖ്മാന്റെ കാതുകളിൽ മുഴങ്ങി. ഒരു പ്രചോദനം പോലെ ആ മിഴികൾ തുറന്നു. നോക്കുമ്പോൾ തൊട്ടു മുന്നിൽ തന്റെ ബഹുമാന്യനായ ഗുരുനാഥൻ.

         ലുഖ്മാൻ പെട്ടെന്നെഴുന്നേറ്റു. ഗുരുവിനെ തന്റെ ഇരിപ്പിടത്തിൽ പിടിച്ചിരുത്തി. 'അങ്ങ് ഇപ്പോൾ ഇവിടെയെത്തിയതെന്തിനാണ് ' ? വളരെ ഭവ്യതയോടെ ലുഖ്മാൻ ആരാഞ്ഞു. അതിനു മറുപടിയായി ഗുരു പറഞ്ഞു: 'പ്രിയപ്പെട്ട ലുഖ്മാനെ, നിന്റെ ജീവിതം ഇവിടെ തളച്ചിടാനുള്ളതല്ല. നീ ഉടൻ തന്നെ ഇവിടെ നിന്നു പുറപ്പെടണം'.

     'പുറപ്പെടുകയോ ? എങ്ങോട്ട് ' ?

     ' ഫലസ്തീനിലേക്ക്, ബൈത്തുൽ മുഖദ്ദസ്സെന്ന മഹത്തായ ഭവനത്തിന്റെ ആസ്ഥാനത്തേക്ക്'




      'ഗുരുവന്ദ്യരെ ഞാൻ എന്നിനാണ് ഫലസ്തീനിലേക്ക് പോകുന്നത് '?

        'അല്ലാഹുവിന്റെ പ്രവാചകനായ ദാവൂദ് നബി (അ) അവിടെയാണ്. നീ പ്രവാചകനെ പോയി കാണണം. നബിയിൽ നിന്നും പലതും പഠിക്കാനുണ്ട് '.

       ലുഖ്മാന്റെ ഹൃദയത്തിൽ പലവിധ വികാരവിചാരങ്ങൾ ഓളം തല്ലി. പിറന്ന മണ്ണ്, മാതാപിതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. കൂടാതെ ഇനി തനിക്ക് ഏക ആശ്രയമായ ഗുരുവര്യനും ഇവിടെയാണ്. എല്ലാം ഉപേക്ഷിച്ചു പോവുകയോ? ലുഖ്മാനുൽ ഹഖീമിന്റെ മാനസികവ്യാപാരം അറിഞ്ഞു കൊണ്ട് ഗുരു പറഞ്ഞു: 'പ്രിയ ലുഖ്മാനേ, ഐഹിക സൗഭാഗ്യങ്ങളെല്ലാം ക്ഷണികമാണ്. മാതാവ്, പിതാവ്, ഗുരു, സുഹൃത്തുക്കൾ, പ്രിയപ്പെട്ടവർ എല്ലാം നൈമിഷിക വിഭ്രാന്തി മാത്രം. അത് മനസ്സിലാക്കാനും 
പ്രവർത്തിക്കാനുമുള്ള മറ്റൊരിന്ദ്രിയം നിനക്ക് കൂടിയേ തീരൂ. തീർച്ചയായും ദാവൂദ് നബി (അ)യുടെ സന്നിധിയിൽ നിന്നും നിനക്കത് ലഭിക്കും'.

പ്രശോഭിത താരം


                ഗുരുവിന്റെ ഉപദേശം ശ്രവിച്ച ലുഖ്മാൻ പറഞ്ഞു: 'ഞാൻ പോകാം ഉസ്താദേ, എങ്കിലും അങ്ങയെ വിട്ടു പോകാൻ എനിക്കു മനസ്സു വരുന്നില്ല'.

         'ക്ഷണികമായ ഐഹിക ജീവിതത്തിൽ ഒന്നിനോടും അമിതമായ കെട്ടുപാട് കാണിക്കരുത്. ഇപ്പോൾ നിന്റെ നിയോഗം ഫലസ്തീനിൽ എത്തുക എന്നുള്ളതാണ്. തീർച്ചയായും അത് നിറവേറ്റണം'.

       'അങ്ങയെ ഇനി എന്നു കാണാൻ സാധിക്കും ? അതാണെന്റെ ആശങ്ക'.
       'ഒട്ടും ആശങ്ക വേണ്ട ലുഖ്മാൻ. എന്റെ അന്ത്യം നിന്റെ സാന്നിധ്യത്തിൽ വെച്ചായിരിക്കും'.

       'ഉസ്താദെ, ഐഹിക ലോകവുമായി ഒരു ബന്ധവും പുലർത്താതെ അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ട് ജീവിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. എങ്കിലും അങ്ങ് പറയുന്നതെന്തും അനുസരിക്കാൻ ഞാൻ തയ്യാറാണ്'.

' ലുഖ്മാൻ, നമ്മൾ ഉദ്ദേശിക്കുന്നതൊന്ന്. റബ്ബ് തീരുമാനിക്കുന്നത് മറ്റൊന്ന്'.
അങ്ങ് ഇപ്രകാരം പറയാൻ കാരണം?

        'മറ്റൊന്നുമല്ല നീയൊരു സുന്ദരിയെ വിവാഹം കഴിക്കും. അതിൽ ഒരു മകനുണ്ടാകും. ബുദ്ധിമാനും സ്നേഹസമ്പന്നനുമായ ഒരു പൊന്നോമന പുത്രൻ'.

അഭിവന്ദ്യരെ ഞാനൊരിക്കലും ചിന്തിക്കാത്ത കാര്യമാണല്ലോ വിവാഹം.'
അതെ അതു തന്നെയാണ് ഞാൻ പറഞ്ഞത്. എല്ലാം റബ്ബിന്റെ വിധിപോലെ മാത്രമേ സംഭവിക്കൂ'.


         വിജ്ഞാനം പകർന്ന് തന്ന് തന്നെ സംസ്കരിച്ച സമുന്നതനായ ഗുരുവര്യന്റെ ഉപദേശം തിരസ്കരിക്കാൻ ലുഖ്മാന് സാധിച്ചില്ല. എങ്കിലും വേവലാതിയാണ്. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാൻ തനിക്ക് കൂടുതൽ അവസരമുണ്ടായില്ല. അഭിവന്ദ്യ ഗുരുവിനെയെങ്കിലും വാർദ്ധക്യകാലത്ത് ശുശ്രൂഷിക്കാമല്ലോ എന്ന ആഗ്രഹവും നിഷ്ഫലമാകാൻ പോകുന്നു. ഉസ്താദ് അതിന് സമ്മതിക്കുന്നില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഗുരുനാഥൻ ഓർമിപ്പിച്ച കാര്യങ്ങൾ ലുഖ്മാന്റെ മനസ്സിൽ പച്ച പിടിച്ചു നിന്നു.

       'ലുഖ്മാനേ, നീ പോയാൽ എനിക്ക് ആരുണ്ടെന്ന ചിന്ത ഉപേക്ഷിക്കുക. സർവ്വശക്തനായ അല്ലാഹു എനിക്കും നിനക്കും സർവ്വചരാചരങ്ങൾക്കും കാവലുണ്ട്. അവനിൽ ഭരമേൽപ്പിച്ചാൽ മറ്റൊരാശ്രയവും നമുക്കാവശ്യമായി വരികയില്ല. സമയാസമയങ്ങളിൽ നമ്മെ സഹായിക്കാനുള്ളവരെ അല്ലാഹു നിയോഗിക്കും. ലുഖ്മാനെ, നിനക്കു വേണ്ടത് അനുഭവസമ്പത്താണ്. ലോകമാകെ സഞ്ചരിച്ച് ജനതയുടെ ദുരിതങ്ങൾ അറിയണം. കഴിയുന്നത്ര സഹായങ്ങൾ ചെയ്യണം.'

          അതെ ഗുരുവിന്റെ ആജ്ഞകൾ താൻ ശിരസ്സാ വഹിക്കും. അബലരുടെയും ആലംബഹീനരുടെയും മിഴിനീര് തുടക്കും.നശ്വരമായ ദുനിയാവ് തന്റെ ലക്ഷ്യമല്ല. പരലോക മോക്ഷത്തിന് വേണ്ടിയുള്ള പ്രയത്നമാണ് വേണ്ടത്. ഇപ്രകാരം ചിന്തിച്ച് ലുഖ്മാൻ മുന്നോട്ട് ഗമിച്ചു. ഒരു സുപ്രഭാതത്തിൽ ഫലസ്തീനിൽ എത്തി. നേരേ ബൈത്തുൽ മുഖദ്ദിസ്സിലേക്ക് നടന്നു. പ്രവാചകനായ ദാവൂദ് നബി(അ)യുടെ ആസ്ഥാനം ബൈത്തുൽ മുഖദ്ദിസായിരുന്നു. ലുഖ്മാൻ പ്രവാചകന്റെ സന്നിധിയിലെത്തി സലാം ചൊല്ലി. സലാം മടക്കിയ ശേഷം നബി പറഞ്ഞു: 'അല്ലയോ അബ്സ്സീനിയായിൽ നിന്നെത്തിയ പ്രശോഭിത താരമേ! ലുഖ്മാനേ, സ്വാഗതം'. ആ വാക്കുകൾ കേട്ട് ലുഖ്മാനുൽ ഹഖീം അത്ഭുതത്തോടെ മിഴിച്ചു നിന്നു പോയി.

ലുഖ്മാൻ ചിന്തിച്ചു. താൻ ലുഖ്മാനാണെന്ന കാര്യം ദാവൂദ് നബി (അ) എങ്ങനെയറിഞ്ഞു. അല്ലാഹുവിന്റെ പ്രവാചകനല്ലെ. ദിവ്യസന്ദേശം മുഖേന അറിഞ്ഞതായിരിക്കും എന്നദ്ദേഹം സമാധാനിച്ചു. എങ്കിലും ജിജ്ഞാസ മറച്ചുവെക്കാനാവാതെ ലുഖ്മാൻ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, നാം ഇതിനു മുമ്പ് നേരിൽ കണ്ടിട്ടില്ല. പിന്നെ എങ്ങനെ എന്നെ തിരിച്ചറിഞ്ഞു.'

ലുഖ്മാനെ, അല്ലാഹുവിന് സാധിക്കാത്തതായി എന്തുണ്ട്. അബ്സീനിയായിലെ ലോബാഗ്രാമത്തിൽ നിന്നും ലുഖ്മാനെന്ന നീഗ്രോ യുവാവ് വരുമെന്നും എന്റെ ശിഷ്യത്വം സ്വീകരിക്കുമെന്നും അല്ലാഹുവിന്റെ മുന്നറിയിപ്പിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.'

അതെ, അങ്ങയുടെ ശിഷ്യത്വം സ്വീകരിക്കാൻ തന്നെയാണ് ഞാൻ ഇവിടെ എത്തിയത്. എനിക്കജ്ഞാതമായ കാര്യങ്ങൾ അങ്ങ് അറിയിച്ചു തരണം. എന്നിലെ അവിവേകങ്ങൾ ക്ഷമിച്ചു തിരുത്തിത്തരണം'.

ലുഖ്മാൻ താങ്കൾ അത്യുന്നത പദവിയിലെത്തിച്ചേരും. പക്ഷേ ആദ്യം പല വിഷമതകളും അനുഭവിക്കാനിടയാകും. നെല്ലിക്കയുടെ മധുരം അനുഭവപ്പെടണമെങ്കിൽ ആദ്യത്തെ ചവർപ്പ് അനുഭവിച്ചേ തീരൂ. ത്യാഗസുരഭിലമായ ഒരു ജീവിതമാണ് ലുഖ്മാന്റെ മുമ്പിലുള്ളത് '.

ദാവൂദ് നബി(അ)യുടെ വാക്കുകൾ ലുഖ്മാൻ വളരെയധികം ആകാംക്ഷയോടെ ശ്രമിച്ചിരുന്നു.

 ഐഹിക സുഖങ്ങളിൽ മോഹമുള്ളവർക്കൊന്നും ദാവൂദ് നബി (അ)യുടെ ശിഷ്യത്വം സ്വീകരിക്കാൻ അർഹതയുണ്ടായിരുന്നില്ല. നബി അവർകൾ ലുഖ്മാനെ പലവിധ പരീക്ഷണങ്ങൾക്കും വിധേയനാക്കി. ക്ഷണികമായ ഐഹിക സുഖങ്ങൾക്കും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഒരിക്കലും ലുഖ്മാനിൽ നിന്നുണ്ടാവുകയില്ലെന്ന് നബി മനസ്സിലാക്കി. ആപത്തുകളിലും പരീക്ഷണങ്ങളിലും അകപ്പെടുമ്പോൾ രക്ഷക്കുവേണ്ടി അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആശ്രയിക്കുകയില്ലെന്നും സഹായം അല്ലാഹുവിനോട് മാത്രമേ ആവശ്യപ്പെടുകയുള്ളൂ എന്നും ലുഖ്മാൻ ഉറപ്പുകൊടുത്തു. അങ്ങനെ ദാവൂദ് നബി (അ) ലുഖ്മാനെ തന്റെ ശിഷ്യനായി അംഗീകരിച്ചു.

ഒരിക്കൽ ദാവുദ് നബി(അ) ലുഖ്മാനോട് ചോദിച്ചു: അല്ലയോ ലുഖ്മാൻ, താങ്കൾ ഏറ്റവുമധികം ആനന്ദത്തിലാറാടിയ അസുലഭ സുന്ദര നിമിഷങ്ങൾ ഏതാണെന്നു പറയാമോ? ലുഖ്മാൻ ഒട്ടും സംശയിക്കാതെ പറഞ്ഞു: എനിക്ക് ഏറ്റവും ആനന്ദവും സന്തോഷവും പകർന്ന നിമിഷങ്ങൾ എന്റെ ആദരണീയരായ ഉമ്മബാപ്പമാരോടൊത്ത് കഴിഞ്ഞുകൂടിയ സന്ദർഭങ്ങളാണ്. ജീവിതത്തിൽ അത്രമാത്രം ആനന്ദമനുദിച്ച മറ്റൊരു മുഹൂർത്തവും എനിക്കുണ്ടായിട്ടില്ല. ലുഖ്മാന്റെ ഈ മറുപടിയിൽ ഒട്ടും അതിശയോക്തി കലർന്നിരുന്നില്ല. മാതാപിതാക്കൾക്കു വേണ്ടി ജീവൻ തന്നെ വെടിയാൻ തയ്യാറായിരുന്നു അദ്ദേഹം.

ഒരിക്കൽ ലുഖ്മാനിന്റെ പിതാവ് ശാരീരിക ക്ഷീണം ബാധിച്ച് കിടപ്പിലായി. ബാപ്പാക്ക് കുടിക്കാൻ കൊടുക്കാൻ വേണ്ടി കുറച്ചു പാലുമായി ലുഖ്മാൻ അദ്ദേഹത്തിന്റെ ശയ്യക്കരികിലെത്തി. പക്ഷേ പിതാവ് അപ്പോഴേക്കും ഉറക്കത്തിലായിക്കഴിഞ്ഞിരുന്നു. ബാപ്പയെ എങ്ങനെ വിളിച്ചുണർത്തും .അത് അദബു കേടല്ലേ. പാലു കുടിപ്പിക്കാതെ എങ്ങനെ പിന്തിരിയും. അത് മര്യാദകേടല്ലെ. ഈ ചിന്തയുമായി ലുഖ്മാൻ നിന്നു. ബാപ്പ ഉണരുകയാണെങ്കിൽ പാല് കൊടുക്കാം. വിളിച്ചുണർത്തേണ്ട എന്ന ഉദ്ദേശത്തോടെയുള്ള ആ നില്പ് രാത്രി മുഴുവനും തുടർന്നു. പ്രഭാതമായപ്പോൾ ദീർഘനിദ്രയിലാണ്ടുപോയ പിതാവ് ഉണർന്നു. അപ്പോൾ കണ്ട കാഴ്ച പാൽപാത്രവും പിടിച്ചു കൊണ്ട് അരികിൽ നിൽക്കുന്ന മകനെയാണ്. അത്ഭുതത്തോടെ പിതാവ് ചോദിച്ചു: മകനേ, നീ രാത്രി മുഴുവനും ഇവിടെ തന്നെ നിൽക്കുകയായിരുന്നോ ? മകൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പിതാവിന് പാൽ കൊടുത്തു. പക്ഷെ അപ്പോഴേക്കും അത് തൈരായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരുന്നു. മകന്റെ ആദരവും സ്നേഹസമ്പന്നതയും ത്യാഗമനസ്ഥിതിയും കണ്ട ആ പിതാവ് അല്ലാഹുവിനോട് മനംനൊന്ത് പ്രാർത്ഥിച്ചു: 'അല്ലാഹുവേ, എന്റെ പൊന്നുമകന് ഇതിന് തക്കതായ പ്രതിഫലം നൽകേണമേ. ഔന്നിത്യത്തിന്റെ കവാടങ്ങൾ അവനു മുന്നിൽ തുറന്നു കൊടുക്കേണമേ'.

ലുഖ്മാൻ അതെല്ലാം ഓർത്തുകൊണ്ടാണ് ദാവൂദ് നബി (അ)യോട് പറഞ്ഞത് എന്റെ ജീവിതത്തിലെ അനർഘ നിമിഷങ്ങൾ മാതാപിതാക്കളെ പരിചരിച്ചു കഴിഞ്ഞുകൂടിയ സന്ദർഭങ്ങളാണെന്ന്

പിൽക്കാലത്ത് ആഗോള ചക്രവർത്തിയും അല്ലാഹുവിന്റെ പ്രവാചകനുമായിത്തീർന്ന സുലൈമാൻ നബി(അ) ദാവൂദ് നബി (അ)യുടെ പുത്രനായിരുന്നു. ദാവൂദ് നബി(അ) സുലൈമാൻ നബി(അ)യെ വിളിച്ചു വരുത്തി ലുഖ്മാനെ പരിചയപ്പെടുത്തി കൊടുത്തു.
എന്നിട്ടു മകനോട് പറഞ്ഞു:

സുലൈമാനേ, അല്ലാഹു അയച്ചു തന്ന കൂട്ടുകാരനാണിത്. നിങ്ങൾ രണ്ടു പേരും സഹവസിക്കണം.വിജ്ഞാനത്തിന്റെ മേഖലകൾ വെട്ടിപ്പിടിക്കണം. നീതിയുടെ കാവൽഭടൻമാരായി ജീവിക്കണം. സർവ്വശക്തനായ അല്ലാഹുവിന്റെ സംതൃപ്തിയെ കാംക്ഷിച്ചായിരിക്കണം നിങ്ങളുടെ പ്രവർത്തനങ്ങൾ.
നാളെ പരലോകത്ത് മഹ്ഷറയിൽ അല്ലാഹുവിന്റെ അർശിന്റെ തണലുമാത്രം ആലംബമായി വരുന്ന ഒരു നാളു വരും. അല്ലാഹുവിന്റെ പ്രീതി സമ്പാദിച്ചവർക്കു ' മാത്രമെ അവന്റെ അർശിന്റെ തണലിൻ കീഴിൽ നിൽക്കാൻ അർഹതയുണ്ടാവുകയുള്ളൂ.

ആ ചിന്ത നിങ്ങളുടെ മനസ്സിൽ എപ്പോഴുമുണ്ടായിരിക്കണം.

ദാവൂദ് നബി (അ)യുടെ വാക്കുകൾ അവർ ശ്രദ്ധാപൂർവ്വം കേൾക്കുകയും അതനുസരിച്ച് പ്രവർത്തിക്കാമെന്ന് വാക്കു കൊടുക്കുകയും ചെയ്തു.
 ദാവൂദ് നബി (അ) ആ സന്ദർഭത്തിൽ ലുഖ്മാനോട് മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി ഉണർത്തുകയുണ്ടായി. ഒരു വർഷം കൂടി കഴിഞ്ഞാൽ ദാവൂദ് നബി(അ)ക്ക് നുബുവ്വത്ത് ലഭിച്ച് മൂന്നു കൊല്ലം തികയും.

ആ സുദിനം ലുഖ്മാന്റെ ജീവിതത്തിലും ഒരു പ്രധാനപ്പെട്ട ദിവസമായി മാറാൻ പോവുകയാണ്. ലുഖ്മാന്റെ ഖൽബിൽ ആ പ്രത്യേക സുദിനത്തിൽ അല്ലാഹു അറിവിന്റെ പുതിയ അർക്കനുദിപ്പിക്കും.

 നബിയുടെ വാക്കുകൾ കേട്ട് ലുഖ്മാൻ നന്ദിസൂചകമായി അല്ലാഹുവിന് സ്തുതികളർപ്പിക്കുകയും സാഷ്ടാംഗം ചെയ്യുകയും ചെയ്തു.





ആ സന്ദർഭത്തിൽ സുലൈമാൻ നബി(അ)ക്ക് ഒരു സംശയം. ലുഖ്മാനോടും തന്നോടും ഒരുമിച്ച് ഇബാദത്തുകളിൽ മുഴുകി ജീവിക്കാനാണ് പിതാവ് നിർദ്ദേശിച്ചത്. പക്ഷെ തന്നെ ഒഴിവാക്കി ലുഖ്മാന് മാത്രം ദിവ്യജ്ഞാനം കിട്ടുമെന്ന് പിതാവ് പറയാൻ കാരണമെന്താണ്? സുലൈമാൻ നബി(അ)യുടെ മാനസികനില മനസ്സിലാക്കിയ പിതാവ് പറഞ്ഞു:

മകനേ, നീ വ്യാകുലപ്പെടേണ്ടതില്ല. ഓരോ മനുഷ്യനും അവൻ ചെയ്യുന്ന കർമങ്ങളെ വിലയിരുത്തിയാണ് അല്ലാഹു തന്റെ അനുഗ്രഹത്തിന്റെ ഖജനാവ് തുറന്നുകൊടുക്കുന്നത്.

നീ സൽക്കർമങ്ങളിൽ മുഴുകി ലുഖ്മാനോടൊത്ത് കഴിഞ്ഞു കൊൾക. വിജയം സുനിശ്ചിതമായിരിക്കും.

ദാവൂദ് നബി(അ)യുടെ വാക്കുകൾ കേട്ട് അവർ രണ്ടു പേരും സന്തോഷഭരിതരായി അവിടെ നിന്നും യാത്രപറഞ്ഞു പിരിഞ്ഞു. ദിനരാത്രങ്ങൾ മാറിമറിഞ്ഞു കൊണ്ടിരുന്നു.

ലുഖ്മാനും സുലൈമാൻ നബി(അ)യും അല്ലാഹുവിന് ഇബാദത്തുകൾ ചെയ്തു കൊണ്ട് ജീവിച്ചു. നന്മയുടെ വഴികളിലൂടെ മാത്രം സഞ്ചരിച്ച് തിൻമയുടെ ചിറകുകളരിഞ്ഞ് ദാവൂദ് നബി(അ)യിൽ നിന്നും അറിവിന്റെ അനർഘ മുത്തുകൾ അവർ ധാരാളം സംഭരിച്ചു.

ആ ഹൃദയങ്ങൾ അല്ലാഹു എന്ന ചിന്തയിൽ വിലയം പ്രാപിച്ചു.
ദാവൂദ് നബി(അ)യുടെ സന്നിധിയിൽ പല ആവലാതിക്കാരും വരാറുണ്ടായിരുന്നു. ആക്ഷേപങ്ങളും അഭിപ്രായങ്ങളുമെല്ലാം കേട്ട് നബി ന്യായമായ വിധി പറയും.ഇരു കക്ഷികൾക്കും നീതി ബോധ്യപ്പെടുന്ന രീതിയിലായിരുന്നു നബിയുടെ വിധി പ്രസ്താവന. 

ഒരിക്കൽ ദാവൂദ് നബി(അ)യുടെ കോടതിയിൽ വിചിത്രമായൊരു കേസ് വാദത്തിനെത്തി. രണ്ടു യുവതികളായിരുന്നു കേസുമായി വന്നത്. വദിയാര്, പ്രതിയാര് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. യുവതികളിലൊരുത്തി കറുത്തുവികൃതമായ രൂപമായിരുന്നു. അവളുടെ കൈകളിൽ ഒരു പൈതൽ. 

ആ കുഞ്ഞ് അലമുറയിട്ട് കരയുകയാണ്. കൂടെ വന്ന യുവതി വെളുത്ത സുന്ദരിയായിരുന്നു. ഒരു ശാലീനത അവളുടെ മുഖത്ത് പ്രകടമായിരുന്നു. യുവതികളുടെ കേസ് വിസ്തരിച്ചു വിധി പറയുവാൻ നബി ലുഖ്മാനെയും സുലൈമാൻ നബി(അ)യെയുമാണ് ചുമതലപ്പെടുത്തിയത്. ലുഖ്മാൻ യുവതികളെ വിളിപ്പിച്ചു വിസ്തരിച്ചു. കൂട്ടത്തിൽ വെളുത്ത യുവതിയെയാണ് ആദ്യമായി വിചാരണ ചെയ്തത്. അവൾ ന്യായാധിപൻമാരുടെ മുന്നിൽ വന്നു. അവൾ സങ്കടം കൊണ്ട് വീർപ്പുമുട്ടുന്നതു പോലെ തോന്നി. ആ മിഴികളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. 

'ഹേ, യുവതീ എന്താണ് നിന്റെ സങ്കടത്തിനു കാരണം. കരയാതെ കാര്യം പറയൂ ' സുലൈമാൻ നബി ആവശ്യപ്പെട്ടു. അതുകേട്ട യുവതി വളരെ വ്യസനത്തോടു കൂടി മൊഴിഞ്ഞു: 'ബഹുമാനപ്പെട്ടവരെ, ഞാൻ പ്രസവിച്ച പൊന്നോമനപ്പൈതലിനെ ഈ നിൽക്കുന്ന സ്ത്രീ തട്ടിയെടുത്ത് കുഞ്ഞ് അവളുടേതാണെന്ന് അവകാശവാദമുന്നയിക്കുകയാണ്. ഞാൻ പത്ത് മാസം വയറ്റിൽ ചുമന്ന കുഞ്ഞാണത്. നൊന്തു പ്രസവിച്ച പൊന്നോമനയാണത്. ദയവു ചെയ്ത് എനിക്കെന്റെ കുഞ്ഞിനെ വാങ്ങിത്തരണം.' ഇതല്ലാം കേട്ട് കൊണ്ട് നിസ്സംഗഭാവത്തിൽ നിൽക്കുന്ന കറുത്ത പെണ്ണിനെ ലുഖ്മാൻ തന്റെ സന്നിധിയിലേക്ക് വിളിച്ചു കൊണ്ടു ചോദിച്ചു: 'നിനക്കു വല്ലതും പറയാനുണ്ടോ'?  അവൾ ഒരു കൂസലുമില്ലാതെ മുന്നോട്ടുവന്നു. സ്ത്രീ സഹജമായ ലജ്ജ അവളിൽ കണ്ടില്ല. സന്തോഷമോ ദു:ഖമോ എന്ന് തിരിച്ചറിയാത്ത ഒരു നിർവ്വികാരഭാവമായിരുന്നു അവളുടെ മുഖത്ത്. 

അവൾ ശബ്ദമുയർത്തിക്കൊണ്ടു പറഞ്ഞു: 'ഈ കുട്ടി എന്റെ സ്വന്തമാണ്. അവൾ കളവ് പറയുകയാണ്'. രണ്ടു പേരും കുഞ്ഞിന് ഒരു പോലെ അവകാശവാദം ഉന്നയിക്കുകയാണ്. ഹാജരാക്കാൻ സാക്ഷികളായ ആരുമില്ല. ഇനിയെന്തു ചെയ്യും. ആ പ്രത്യേക നിമിഷത്തിൽ ലുഖ്മാന്റെ മനസ്സിൽ ഒരു ബുദ്ധിയുദിച്ചു. ലുഖ്മാൻ സുലൈമാൻ നബി(അ)യോട് പറഞ്ഞു: പ്രിയപ്പെട്ടവരെ, ഇവർ രണ്ടു പേരും പറയുന്നു കുഞ്ഞ് അവരുടേതാണെന്ന്. അല്ലെന്നു പറയാൻ ഒരു സാക്ഷി പോലുമില്ല. അതു കൊണ്ട് ഞാൻ ന്യായമായൊരു തീർപ്പു കൽപ്പിച്ചോട്ടേ? സുലൈമാൻ നബി(അ) അനുവാദം കൊടുത്തു.

യുവതികൾ രണ്ടു പേരും നീതിപീഠത്തിലേക്കുറ്റു നോക്കി. ലുഖ്മാൻ എന്ത് വിധിയായിരിക്കും നടത്താൻ പോകുന്നതെന്ന സംശയം സുലൈമാൻ നബി(അ)ക്കുമുണ്ടായി. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. എങ്ങും ശ്മശാന മൂകത. നിശബ്ദതയെ ഭേദിച്ച് കൊണ്ട് ലുഖ്മാൻ ഗർജ്ജിച്ചു.' ആരെവിടെ '. പെട്ടെന്ന് ഒരു രാജഭടൻ ഭവ്യതയോടെ മുന്നിലെത്തി. 'ഉടൻ ഒരു മൂർച്ചയേറിയ വാൾകൊണ്ടു വരൂ'. ഭടൻ നിമിഷങ്ങൾക്കകം വാളുമായി തിരിച്ചെത്തി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും ഊഹിക്കാൻ പോലും സാധിച്ചില്ല. ലുഖ്മാൻ യുവതിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി. എന്നിട്ട് പറഞ്ഞു: 'ഞാൻ ഈ കുഞ്ഞിനെ വാളുകൊണ്ട് മുറിച്ച് രണ്ടുപേർക്കും ഓരോ ഭാഗം തരാനാണുദ്ദേശിക്കുന്നത്. എന്താ എതിർപ്പു വല്ലതുമുണ്ടോ'?

ചോദ്യം കേട്ടപ്പോൾ കറുത്ത യുവതി യിൽ നിന്നും ഒരു 
പ്രതികരണവുമുണ്ടായില്ല. കുഞ്ഞിനെ വെട്ടിമുറിച്ചാലും തനിക്കൊന്നുമില്ലെന്ന മട്ടിൽ അവൾ നിർവ്വികാരയായി നിന്നു. എന്നാൽ വെളുത്ത യുവതിയുടെ ഭാവം ആകെ മാറി. അവൾ വാവിട്ടു കരഞ്ഞുകൊണ്ട് ലുഖ്മാന്റെ കാൽക്കൽ വീണു. ശിലയെപ്പോലും അലിയിക്കുമാറ് ദീനഭാവത്തോടെ അവൾ പറഞ്ഞു: 'ബഹുമാനപ്പെട്ടവരെ, എന്റെ കുഞ്ഞിനെ വെട്ടിമുറിക്കരുത്. എനിക്കതിനെ തന്നില്ലെങ്കിലും ശരി, എന്റെ പൊന്നോമന പ്പൈതലിനെ കൊന്നുകളയരുത്. കുഞ്ഞിനെ അവൾക്ക് കൊടുത്തുകൊൾക. ഞാനെന്റെ അവകാശവാദം ഇതാ പിൻവലിച്ചിരിക്കുന്നു.'




ഇതു കേട്ടമാത്രയിൽ ലുഖ്മാൻ ശരിയായ വിധി പ്രസ്താവിച്ചു: കുഞ്ഞ് ഈ വെളുത്ത യുവതിയുടേതാണ്. സ്വന്തം കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുമെന്നറിഞ്ഞപ്പോൾ അവളുടെ മാതൃഹൃദയം നൊന്തു. എന്നാൽ കറുത്തവൾ കഠിനഹൃദയക്കാരിയാണ്. കുഞ്ഞിനെ കൊന്നാലും തനിക്കൊരു ചുക്കുമില്ലെന്ന അവളുടെ ഭാവം തന്നെ അതിന് തെളിവാണ്.' അങ്ങനെ വെളുത്ത യുവതിക്ക് തന്റെ സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടി. കള്ളവാദവുമായി എത്തിയവൾക്ക് അതിനുള്ള ശിക്ഷയും കിട്ടി. ലുഖ്മാന്റെ വിധിന്യായം ദാവൂദ് നബി (അ)യെ സന്തുഷ്ടനാക്കി. നബി പറഞ്ഞു: 'ലുഖ്മാൻ നീ തന്ത്രജ്ഞൻ തന്നെ.'

ഒരു സംവത്സരക്കാലം ദാവൂദ് നബി(അ)യുടെ സന്നിധിയിൽ ലുഖ്മാൻ കഴിച്ചുകൂട്ടി. ഐഹികസുഖഭോഗങ്ങളിൽ നിന്നകന്ന് ലോകൈകനാഥനെ വണങ്ങി വിജ്ഞാനത്തിന്റെ വിവിധ മേഖലകൾ കീഴടക്കി ഒരു വർഷം കൊണ്ട് ഒരായിരം വർഷത്തെ പരിശുദ്ധി മഹാൻ നേടിയെടുത്തു. ഒരിക്കൽ ദാവൂദ് നബി(അ) ലുഖ്മാന്റെ അരികിലെത്തി ഒരു പ്രത്യേക കാര്യമറിയിച്ചു. 'അല്ലയോ, ലുഖ്മാൻ താങ്കളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. 'ഹഖീം' എന്ന വിശേഷണത്തിനു താങ്കളെ അർഹനാക്കിയിരിക്കുന്നു. 'ഹിൽമത്ത്' താങ്കളിൽ ലോകരക്ഷിതാവ് നൽകിയിരിക്കുന്നു.'

 ദാവൂദ് നബി (അ)യുടെ വാക്കുകൾ കേട്ടപ്പോൾ ലുഖ്മാനുൽ ഹഖീം(റ) സർവ്വശക്തനായ നാഥനിൽ ഹംദുകളും ശുക്റുകളും അർപ്പിച്ചു. ജഗന്നിയന്താവിന്റെ അറിയിപ്പുപ്രകാരം ദാവൂദ് നബി (അ) യിൽ നിന്നു ഫലസ്തീനിനോടു വിടപറയാനുള്ള സമ്മതം ലുഖ്മാനുൽ ഹഖീമിനു ലഭിച്ചു. ഒരു സ്ഥലത്തു തളച്ചിടാനുള്ളതല്ല മഹാൻമാരുടെ ജീവിതം. പ്രപഞ്ചമാകെ ചുറ്റിത്തിരിഞ്ഞു പണ്ഡിതൻമാരെയും സൂഫിവര്യൻമാരെയും കണ്ടെത്തി അവരിൽ നിന്നും അറിവിന്റെ മധുരം കിട്ടാവുന്നിടത്തോളം നേടിയെടുക്കുക എന്ന ദൗത്യവുമായി പുറപ്പെടാൻ തന്നെ ലുഖ്മാനുൽ ഹഖീം(റ) ഒരുങ്ങി. യാത്രക്കൊരുങ്ങിയപ്പോൾ സുലൈമാൻ നബി(അ)യും കൂടെ പോകാൻ തുനിഞ്ഞു. തന്റെ ഉദ്ദേശ്യം പിതാവിനെ അറിയിച്ചെങ്കിലും ദാവൂദ് നബി(അ) അതിനു സമ്മതം നൽകിയില്ല. 

ഒരു വർഷത്തെ ഒന്നിച്ചുള്ള ജീവിതം അവർക്കു നഷ്ടപ്പെടുകയാണ്. സുലൈമാൻ നബി(അ)യുടെ മനസ്സിലും സുഹൃത്തിനെന്ന പോലെ നൊമ്പരം നിറഞ്ഞു നിന്നു. എങ്കിലും ക്ഷമയോടെ സുഹൃത്തിനെ യാത്രയാക്കി.

ലുഖ്മാനുൽ ഹഖീം(റ) തന്റെ സഞ്ചാരം തുടർന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും മഹാൻ ചുറ്റിക്കറങ്ങി. പലവിധ അനുഭവസമ്പത്തുകളും മഹാനുണ്ടായി. പ്രഗത്ഭമതികളായ പല ജ്ഞാനികളുമായും ലുഖ്മാനവർകൾ സമ്പർക്കം പുലർത്തി. ഭൗതിക പരിത്യാഗികളായ പല സൂഫീ വര്യൻമാരെയും സന്ദർശിച്ചു. ആത്മീയ വിജയത്തിനുള്ള മാർഗ്ഗങ്ങൾ മനസ്സിലാക്കി അതിനു വേണ്ടിയുള്ള പ്രയത്നത്തിൽ മുഴുകി. അല്ലാഹുവിന്റെ പല പരീക്ഷണങ്ങളെയും ലുഖ്മാനുൽ ഹഖീം(റ) അതിജീവിച്ചു. 

ഒരിക്കൽ അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം ഒരു മലക്ക് മഹാനവർകളുടെ സന്നിധിയിലെത്തി. മലക്ക് പറഞ്ഞു: 'ബഹുമാന്യരെ, അല്ലാഹു അങ്ങയെ ആരിഫീങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അജ്ഞതയെ അതിജീവിച്ച് ജ്ഞാനിയെന്ന മഹൽപട്ടം അങ്ങ് നേടിയിരിക്കുന്നു.' മലക്കിന്റെ വാക്കുകൾ കേട്ട ഉടനെ ലുഖ്മാനുൽ ഹഖീം(റ) പ്രപഞ്ചനാഥന്റെ മുമ്പിൽ സുജൂദിലായി വീണു. തനിക്ക് നൽകിയ കീർത്തിയിലും ബഹുമതിയിലും രാജാധിരാജന് അതിരറ്റ നന്ദി രേഖപ്പെടുത്തി. മലക്ക് വീണ്ടും പറഞ്ഞു: 'മഹാനവർകളെ, അങ്ങ് ആവശ്യപ്പെടുന്ന പക്ഷം ഐഹികമായ ഏതു സുഖഭോഗങ്ങളെയും കീഴ്പ്പെടുത്തിത്തരുവാൻ നഥന്റെ കൽപ്പനയുണ്ട്. ഭൗതികസുഖങ്ങളിൽ ഏതാണ് അങ്ങ് ആഗ്രഹിക്കുന്നത് ?'

ഇഹലോകത്തിലെ ഒരു സുഖവും ഇന്നുവരെ എന്നെ ഭ്രമിപ്പിച്ചിട്ടില്ല. പാരത്രിക സൗഭാഗ്യങ്ങളെ കുറിച്ചോർക്കുമ്പോൾ നൈമിഷികമായ ദുനിയാവിലെ സുഖങ്ങൾ എനിക്ക് സുഖങ്ങളായല്ല മുൾക്കിരീടമായാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് അല്ലാഹുവിന്റെ പരീക്ഷണങ്ങൾക്ക് വിധേയനായി അവശരും ദരിദ്രരുമായ ജനവിഭാഗങ്ങളുടെ കൂടെ അവരുടെ സുഖദു:ഖങ്ങൾ പങ്കിട്ടു ജീവിതം നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.'

ബഹുമാന്യരെ, ഭൗതിക സുഖങ്ങൾ മുഴുവൻ നിഷിദ്ധമല്ലെന്നറിയാമല്ലോ. ഹലാലും ഹറാമുമുണ്ട്. ഹലാലായ സൗഭാഗ്യങ്ങൾ എന്തുകൊണ്ട് സ്വീകരിച്ചു കൂടാ.'

  'ഹലാലായ സൗഭാഗ്യങ്ങൾ ആസ്വദിക്കുന്നതോടൊപ്പം ഹറാമിലേക്കു ചാഞ്ഞു പോയെങ്കിലോ എന്നു ഞാൻ ഭയപ്പെടുന്നു.'

 'ദുരിതമനുഭവിച്ചു ജീവിക്കാനാണിഷ്ടമെങ്കിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരും'.

'എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്.'

 ലുഖ്മാനുൽ ഹഖീ(റ)മിന്റെ ദൃഢസ്വരത്തിലുള്ള മറുപടി കേട്ട് മലക്ക് സംതൃപ്തിയോടെ മടങ്ങിപ്പോയി.

   വിജനമായ പർവ്വതനിര. ഏകാന്തവാസത്തിനും ഇബാദത്തിനുമായി ലുഖ്മാനുൽ ഹഖീം(റ) തെരഞ്ഞെടുത്ത സ്ഥലം. ആരുടെയും ശല്യമില്ലാതെ ഏക ഇലാഹിനു സുജൂദ് ചെയ്തു കൊണ്ട് മഹാനവർകൾ ആ മലമ്പ്രദേശത്ത് കഴിഞ്ഞുകൂടുകയായിരുന്നു. 

അങ്ങനെയിരിക്കെ തികച്ചും അപരിചതനായ ഒരു അതിഥി അവിടെ എത്തിച്ചേർന്നു._ ശുഭ്രവസ്ത്രധാരിയായ ആ മഹൽ വൃക്തി സലാം ചൊല്ലിയതിനു ശേഷം ലുഖ്മാനുൽ ഹഖീ(റ)മിനോടു പറഞ്ഞു: 'പ്രിയപ്പെട്ട ലുഖ്മാൻ, താങ്കളുടെ ഹൃദയത്തിനു ആനന്ദം പകരുന്ന വൃത്താന്തമാണ് എനിക്കറിയിക്കാനുള്ളത്.'

      'അഭിവന്ദ്യരെ, എന്റെ കരളിൽ ഹർഷം പകരുന്ന എന്ത് വൃത്താന്തമാണ് അങ്ങ് കൊണ്ടു വന്നിട്ടുള്ളത് '.

        'ബഹുമാന്യരെ, മഹത്തുക്കളിൽ മഹോന്നതനായ ഒരു വലിയ്യിന്റെ അന്ത്യം ഇന്നലെ സംഭവിച്ചിരിക്കുന്നു. ഭൂമിയിൽ ആ മഹാനുഭാവന്റെ വിടവു നികത്താൻ അല്ലാഹു അങ്ങയെയാണ് പകരക്കാരനാക്കിയിരിക്കുന്നത്.'

എന്ത്? വിനീതനായ ഈ എളിയ ദാസനോ'?

അതെ, അങ്ങു തന്നെ. അല്ലാഹുവിന്റെ നിശ്ചയമാണ്.'

യാ റബ്ബി, ഞാൻ എത്രയോ നിസ്സാരൻ. നീയെന്നെ പരമോന്നത സ്ഥാനത്ത് ഉയർത്തിയിരിക്കുന്നു. നിനക്കാണ് സർവ്വ സ്തുതിയും.' ഇത്രയും പറഞ്ഞു കൊണ്ട് ലുഖ്മാനുൽ ഹഖീം(റ) അല്ലാഹുവിന് സാഷ്ടാംഗം ചെയ്തു. സുജൂദിൽ നിന്നെഴുന്നേറ്റ ലുഖ്മാനോ(റ)ട്  ആഗതൻ മൊഴിഞ്ഞു: അല്ലയോ, ലുഖ്മാൻ അങ്ങ് ഈ നിമിഷം മക്കയിലേക്ക് പോകണം. അങ്ങയുടെ ആഗമനം പ്രതീക്ഷിച്ച് ഒരുപാട് മഹൽ വ്യക്തികൾ അവിടെയെത്തിയിട്ടുണ്ട്. അവരെ അഭിമുഖീകരിച്ച് അങ്ങ് സംസാരിക്കണം.


       'ഞാൻ മക്കയിലെങ്ങനെ എത്തും. ഒരുപാടു കാതങ്ങൾ താണ്ടി മക്കയിലെത്താൻ മാസങ്ങൾ തന്നെ വേണ്ടി വരുമല്ലോ ?'

        'അല്ലാഹുവിന്റെ ആരിഫീങ്ങൾക്ക് അതെല്ലാം നിഷ്പ്രയാസം സാധിക്കുന്ന കാര്യമല്ലേ.' ആഗതൻ ഖിള്ർ നബി(അ)യായിരുന്നു. ലുഖ്മാനുൽ ഹഖീ(റ)മിന് നബി "ഇസ്മുൽ അഅ്ളം'' പഠിപ്പിച്ചു കൊടുത്തു. അതു ചൊല്ലി കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് ലുഖ്മാനുൽ ഹഖീം(റ) മക്കയിലെത്തി. ഔലിയാഇന്റെ സംഘത്തെ അഭിസംബോധന ചെയ്തു.

ലുഖ്മാനുൽ ഹഖീമി(റ)ന്റെ ഹൃദയം വിങ്ങിപ്പൊട്ടി. പട്ടുമെത്തയിലാണ് മഹാൻ ഇരിക്കുന്നത്. ജനങ്ങളുടെ നിർബന്ധത്തിന് വഴങ്ങി ഇരുന്നതാണ്. പക്ഷെ ആ മലർശയ്യ ലുഖ്മാനവർകൾക്ക് ശരശയ്യയായിട്ടാണ് അനുഭവപ്പെട്ടത്. മധുരപാനീയങ്ങൾ കൊണ്ടുവന്ന് മഹാനെ കുടിപ്പിക്കുവാൻ ഒരുങ്ങുകയാണ് ജനങ്ങൾ. അവർ എങ്ങിനെയാണ് ലുഖ്മാനവർകളെ സൽക്കരിക്കേണ്ടത് എന്ന ചിന്തയിലാണ്. എന്തു കൊടുത്തിട്ടും മതിയാകുന്നില്ല. എന്നാൽ മഹാനവർകൾക്ക് പാൽപായസം പാഷാണമായിട്ടാണനുഭവപ്പെടുന്നത്. രുചികരമായ ഭക്ഷണ സാധനങ്ങൾ വിഷക്കരുക്കളായി തോന്നി. നാട്ടുകാരുടെ പരിചരണം കൊണ്ട് ആ മഹാൻ വീർപ്പുമുട്ടി. എങ്ങനെയെങ്കിലും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടാൽ മതി എന്നായി മഹാന്. വേലിയിൽ കിടക്കുന്ന പാമ്പിനെയെടുത്തു കഴുത്തിലിട്ടാലുള്ള അവസ്ഥ.

               ലോകമാന്യത്തിനു വേണ്ടി ഒന്നും തന്നെ പ്രവർത്തിക്കരുതെന്ന ഗുരുവര്യൻമാരുടെ മുന്നറിയിപ്പ് മറന്ന് എടുത്തു ചാടിയതിനുള്ള ശിക്ഷയായിരിക്കും ഇതെന്ന് മഹാനവർകൾക്ക് തോന്നി. വാസ്തവത്തിൽ എന്താണ് സംഭവിച്ചത്. ഊരുചുറ്റുന്നതിനിടയിൽ ആ നാട്ടിൽ എത്തിയതാണ് ലുഖ്മാനുൽ ഹഖീം(റ). 

ഒരു സ്ഥലത്ത് കൂടുതൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ടു. അട്ടഹാസങ്ങളും നിലവിളികളും കൊണ്ട് മുഖരിതമായ അന്തരീക്ഷം.അവിടെ എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള മാനുഷികമായ ജിജ്ഞാസ മഹാനവർകളിൽ ഉടലെടുത്തു. വാസ്തവത്തിൽ ആ ജിജ്ഞാസയാണ് വയ്യാവേലിയായത്. ലുഖ്മാനവർകൾ കാര്യമറിയാനായി ആൾക്കൂട്ടത്തിലേക്ക് ചെന്നു. അപ്പോൾ അവിടെ കണ്ട കാഴ്ച്ച ഭയാനകമായിരുന്നു. ഹൃദയമുള്ളവരെ കരയിപ്പിക്കുന്ന ദയനീയരംഗം





ചോര, സർവ്വത്ര ചോര കൊണ്ടൊരു പ്രളയം എന്നു പറയുന്നതാകും കൂടുതൽ ശരി. ചോരക്കളത്തിൽ കുറെ ഹതഭാഗ്യർ വീണു കിടക്കുന്നു. ഒരു യുദ്ധം കഴിഞ്ഞ പ്രതീതി.അതെ അവിടെ ഒരു വലിയ സംഘട്ടനം തന്നെ നടന്നു കഴിഞ്ഞിരുന്നു. രണ്ടു വിഭാഗങ്ങൾ തമ്മിൽ കേവലം നിസ്സാര കാര്യത്തിനു വേണ്ടി തുടങ്ങിയ വഴക്ക് കയ്യാങ്കളിയിലും ആയുധ പ്രയോഗത്തിലും കലാശിക്കുകയാണുണ്ടായത്. കഴുത്തറ്റവർ, കൈകാലുകൾ മുറിഞ്ഞവർ, വയർ കുത്തിക്കീറപ്പെട്ടവർ, പല്ലു പോയവർ, കണ്ണു പോയവർ അങ്ങനെ ഒട്ടധികം പേർ അവിടെ ജീവച്ഛവങ്ങളായി കിടക്കുകയാണ്. ലുഖ്മാനുൽ ഹഖീമി(റ)ന്റെ മനസ്സലിഞ്ഞു. 

മഹാൻ പിന്നീട് വരുംവരായ്കളെക്കുറിച്ചൊന്നും ചിന്തിച്ചില്ല. തൊട്ടടുത്തുള്ള വനപ്രദേശത്തേക്ക് ഓടിപ്പോയി ചില പച്ചിലകൾ പറിച്ചെടുത്ത് നിമിഷങ്ങൾക്കകം ഓടി വന്നു. ഇലകൾ കല്ലിൽ വെച്ച് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഓരോരുത്തരുടെ മുറിവുകളിൽ പുരട്ടാൻ തുടങ്ങി. അത്ഭുതം! മഹാത്ഭുതം! മുറിവേറ്റു കിടന്നു പിടഞ്ഞിരുന്നവർ ഓരോരുത്തരായി എഴുന്നേറ്റ് നടക്കാൻ തുടങ്ങി. അതു വരെ ചോരക്കളത്തിൽ പിടഞ്ഞിരുന്നവർ ഒന്നും സംഭവിക്കാത്തതുപോലെ എഴുന്നേറ്റു നിൽക്കുന്ന കാഴ്ച അവിടെ കൂടിയിരുന്നവരെയെല്ലാം ആശ്ചര്യഭരിതരാക്കി.

ഇതാ ഒരു ദിവ്യൻ വന്നിരിക്കുന്നു. നമുക്ക് സഹായം ചെയ്യാൻ ഉദിച്ചു വന്ന വെള്ളിനക്ഷത്രം പോലെ ഒരു മഹാനുഭാവൻ എത്തിച്ചേർന്നിരിക്കുന്നു. നാട്ടുകാരെല്ലാം ലുഖ്മാനുൽ ഹഖീമി(റ)ന്റെ ചുറ്റും കൂടി. അങ്ങാരാണ്? എവിടെ നിന്നു വരുന്നു? അങ്ങേക്ക് ഞങ്ങൾ എന്താണ് ചെയ്തു തരേണ്ടത് ? ഇങ്ങനെ ഒരു പാട് ചോദ്യങ്ങൾ കൊണ്ട് അവർ മഹാനവർകളെ വീർപ്പുമുട്ടിച്ചു. ലുഖ്മാൻ(റ) ആകെ വിവശനായി. 'പടച്ചവനെ കാക്കണേ' എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് മഹാൻ നാട്ടുകാരോട് മൊഴിഞ്ഞു: 'ഞാൻ ഒരു യാത്രക്കാരനാണ്. ഒരു സാധാരണ മനുഷ്യൻ. അല്ലാഹുവിന്റെ അടിമ. എന്നെ പോകാനനുവദിച്ചാൽ മാത്രം മതി.' പക്ഷെ, നാട്ടുകാർ സമ്മതിക്കാൻ ഭാവമില്ലായിരുന്നു. ഇത്രയും അത്ഭുതസിദ്ധി കാണിച്ച ദിവ്യനെ സൽക്കരിക്കാനും പറ്റുമെങ്കിൽ ആ നാട്ടിൽ തന്നെ നിലനിർത്താനുമാണ് അവർ ആഗ്രഹിച്ചത്. അവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ലുഖ്മാൻ(റ) അവിടെ നിന്നത്. 

നാട്ടുകാർ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചപ്പോൾ മഹാനവർകൾക്ക് ശ്വാസം മുട്ടുന്ന അനുഭവമാണുണ്ടായത്. ഒടുവിൽ പാതിരാത്രിയിൽ എല്ലാവരും സുഖസുഷുപ്തിയിൽ ലയിച്ച തക്കം നോക്കി ലുഖ്മാനുൽ ഹഖീം(റ) ആ നാടിനോട് വിട പറഞ്ഞു.

ഭൗതിക സുഖങ്ങളിൽ നിന്നും ഒളിച്ചോടിയ ലുഖ്മാൻ(റ) ജ്ഞാനദാഹം ശമിപ്പിക്കാൻ ഒരുപാട് നാടുകൾ ചുറ്റി സഞ്ചരിച്ച് ഉൽകൃഷ്ടരായ ധാരാളം മഹാൻമാരെ കണ്ടുമുട്ടി. അവരിൽ നിന്നെല്ലാം വിജ്ഞാന മുത്തുകൾ പെറുക്കിയെടുത്തു. അന്നും പതിവുപോലെ ലുഖ്മാനുൽ ഹഖീം(റ) തന്റെ യാത്ര ആരംഭിച്ചു. ആകാശത്തിലെ പറവകൾ വിതക്കുന്നില്ല, കൊയ്യുന്നില്ല എന്നു പറഞ്ഞതുപോലെ ആഹാരത്തിനു വേണ്ട കരുതൽ ധനം പോലും മഹാനവർകളുടെ കൈവശമുണ്ടായിരുന്നില്ല. ഉടുത്തിരുന്ന ഒരു പരുക്കൻ വസ്ത്രം മാത്രമായിരുന്നു ആകെയുള്ള സമ്പാദ്യം.  ദുനിയാവെന്ന ചിന്ത അശേഷമില്ലാതെ ആ മഹാത്മാവ് ഗമനം തുടങ്ങി. പെട്ടെന്നു പിറകിൽ നിന്നും ഒരു വിളി, ലുഖ്മാൻ(റ) തിരിഞ്ഞു നോക്കി. 'വല്ലതും തരണേ '.

ഒരു ഭിക്ഷക്കാരന്റെ സ്വരമായിരുന്നു അത്. ലുഖ്മാൻ(റ) ആകെ വിഷമിച്ചു. നീട്ടുന്ന കൈകളെ തട്ടിക്കളയുക എന്നത് ഒരു സത്യവിശ്വാസിയുടെ ലക്ഷണമല്ല. പക്ഷെ എന്തു ചെയ്യും. അയാൾക്ക് കൊടുക്കാൻ ഒരു ചില്ലിക്കാശുപോലും തന്റെ കൈവശമില്ല. എന്തെങ്കിലും സാധനം കൊടുക്കാമെന്നു വെച്ചാലും അതും അസാധ്യം. കാരണം ഉടുതുണിയല്ലാതെ മറ്റൊന്നും തന്റെ കൈവശമില്ല. ഇനിയെന്തു ചെയ്യും. ഖിന്നനായി നിൽക്കുന്ന ലുഖ്മാനവർകളുടെ ഭാവം യാചകനിൽ കൗതുകം ജനിപ്പിച്ചു. പ്രലോഭിച്ചാൽ ഇയാളിൽ നിന്നും വല്ലതും കിട്ടാൻ സാധ്യതയുണ്ടെന്ന് ആ ഭിക്ഷക്കാരൻ മനസ്സിലാക്കി. അയാളൊരു യുക്തി പ്രയോഗിച്ചു. 'അല്ലാഹുവിന്റെ പേരിൽ ഞാൻ ചോദിക്കുന്നു. വല്ലതും തരണേ'.

അതുകേട്ട ലുഖ്മാനി(റ)ന്റെ ഹൃദയം പിടച്ചു. ഭിക്ഷക്കാരൻ  അല്ലാഹുവിന്റെ പേര് പറഞ്ഞാണ് യാചിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ പേര് പറഞ്ഞ് ചോദിക്കുന്നവരെ വെറുതെ വിടുന്നത് ഒരിക്കലും ഉചിതമല്ല. പക്ഷെ തന്റെ കയ്യിലൊന്നുമില്ലല്ലോ എന്ന ചിന്ത മഹാനവർകളെ അലോസരപ്പെടുത്താൻ തുടങ്ങി. മനസ്സില്ലാ മനസ്സോടെ ലുഖ്മാൻ(റ) യാചകനോട് പറഞ്ഞു: 'സുഹൃത്തെ, ക്ഷമിക്കുക എന്റെ കൈവശം താങ്കൾക്കു തരാൻ ഒന്നുമില്ല.' പക്ഷെ ഭിക്ഷക്കാരൻ പിന്തിരിയാനുള്ള സൻമനസ്സ് കാണിച്ചില്ല. 'സർവ്വശക്തനായ റബ്ബുൽ ഇസ്സത്തിന്റെ പരിശുദ്ധനാമത്തിലാണ് ഞാൻ ചോദിക്കുന്നത്, വല്ലതും തരണേ'.

         അതു കേട്ടപ്പോൾ ലുഖ്മാനവർകൾക്കു സഹിക്കാനായില്ല. മഹാൻ യാചകനോടടുത്തു ചെന്നു ഇപ്രകാരം പറഞ്ഞു:

 'സുഹൃത്തെ, എന്റെ കൈവശം ഒന്നുമില്ലെന്നു ഞാൻ പല തവണ പറഞ്ഞു കഴിഞ്ഞു. ഇനിയും എന്നെ ബുദ്ധിമുട്ടിക്കാനാണ് ഭാവമെങ്കിൽ എനിക്കൊന്നേ പറയാനുള്ളൂ. എന്റെ ഈ ശരീരം നിനക്കെടുക്കാം. ഇതാ ഈ നിമിഷം മുതൽ ഞാൻ നിന്റെ അടിമയാണ്.' ഭിക്ഷക്കാരന്റെ ഉദ്ദേശവും മറിച്ചായിരുന്നില്ല. അവന് സന്തോഷമായി.അവൻ തനിക്ക് കിട്ടിയ അടിമയെ വലിച്ചുകൊണ്ട് മുന്നോട്ടു നീങ്ങി. ലുഖ്മാനുൽ ഹഖീമി(റ)നു ഇനി സ്വന്തമായൊരു അഭിപ്രായമില്ല. യാചകൻ പറയുന്നതെന്തോ അതൊക്കെയും അനുസരിക്കാൻ അടിമയായ താൻ ബാധ്യസ്ഥനാണ്. യാചകൻ മുന്നോട്ട് നടക്കാനാണ് കൽപ്പിച്ചത്. താനിതാ മുന്നോട്ടു നടക്കുന്നു. മഹാൻ അല്ലാഹുവിനെ സ്തുതിച്ചു. യാചകന്റെ ചാട്ടവാറടിയേറ്റു  പുളഞ്ഞു നടക്കുന്നതിനിടയിൽ ഭിക്ഷക്കാരൻ പകൽ കിനാവ് കാണുന്നുണ്ടായിരുന്നു. എത്ര എളുപ്പത്തിലാണ് കാര്യം സാധിച്ചത്. ശക്തനായ ഒരു നീഗ്രോ അടിമയെ തെല്ലും പാടുപെടാതെ കൈവശം ലഭിച്ചിരിക്കുന്നു. മാർക്കറ്റിലെത്തിയാൽ ഈ അടിമക്ക് നല്ല ഡിമാന്റായിരിക്കും. പറയുന്ന വില കിട്ടും. ഇതോടു കൂടി തന്റെ വിഷമങ്ങളെല്ലാം തീരും. ഒരു പക്ഷെ യാചന തന്നെ അവസാനിപ്പിക്കാം.

യാചകൻ ആകാശക്കോട്ടകൾ കെട്ടി ലുഖ്മാനുൽ ഹഖിനെ(റ)യും കൊണ്ട് മാർക്കറ്റിലെത്തിച്ചേർന്നു.


 കന്നുകാലി ചന്തകൾ നമുക്ക് സുപരിചതമാണല്ലോ. കാലികളെ തെളിച്ചു കൊണ്ടുവരുന്നു. നിരനിരയായി നിർത്തുന്നു. വിലപേശുന്നു, വിൽക്കുന്നു. ഇടയിൽ ദല്ലാളുകൾ അവരുടെ പങ്ക് നിർവ്വഹിക്കുന്നു. എന്നാൽ നമുക്ക് പരിചിതമല്ലാത്ത ഒരു കാര്യമാണിവിടെ നടക്കുന്നത്.മനുഷ്യവിൽപ്പന. അതെ പഴയകാലങ്ങളിൽ അത്തരം അടിമച്ചന്തകൾ സർവ്വസാധാരണമായിരുന്നു. യുവാക്കളെ ജോലിയെടുപ്പിക്കാനും യുവതികളെ കാമപൂർത്തി വരുത്താനും പണം കൊടുത്തു വിലക്കു വാങ്ങുന്ന സമ്പ്രദായം.


 അത്തരമൊരു വിൽപ്പന കേന്ദ്രത്തിലേക്കാണ് ലുഖ്മാനവർകളെ കൊണ്ടുപോയത്. ലുഖ്മാനെ(റ) പലരും വന്നു നോക്കി. പലരും വില പറഞ്ഞു. കൂടുതൽ വില കിട്ടട്ടെ എന്ന് കരുതി യാചകൻ കാത്തിരുന്നു. അങ്ങനെയിരിക്കെ മറ്റൊരാൾ വന്നു. നൂറ്റിപ്പത്തു സ്വർണ്ണ നാണയങ്ങൾ കൊടുത്തു യാചകനിൽ നിന്ന് ലുഖ്മാനുൽ ഹഖീമി(റ)നെ അയാൾ വാങ്ങി. സ്വർണ്ണ നാണയങ്ങൾ എണ്ണുന്നതിനിടയിൽ അതിന്റെ കിലുക്കം കേട്ട് ലുഖ്മാനവർകൾക്കു ചിരി വന്നു. ആ ചിരി കണ്ടപ്പോൾ അടിമ തന്നെ പരിഹസിക്കുകയാണോ എന്ന് പുതിയ യജമാനന് തോന്നിപ്പോയി. അയാൾ കോപത്തോടെ ചോദിച്ചു: 'നീയെന്താ ആളെ പരിഹസിക്കുകയാണോ, വെറുതെ നിന്ന് ചിരിക്കുന്നത്?'


         അതുകേട്ട ലുഖ്മാനവർകൾ വളരെ വിനയാന്വിതനായ് കൊണ്ട് പറഞ്ഞു: 'ഒരിക്കലുമല്ല, എന്റെ താൽക്കാലിക യജമാനൻ താങ്കളാണെന്നെനിക്കറിയാം. അതു കൊണ്ടു തന്നെ ധിക്കാരപരമായ ഒരു നടപടിയും എന്നിൽ നിന്നുണ്ടാവുകയില്ല. നശ്വരമായ ഈ ദുനിയാവിൽ നാണയങ്ങൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചോർത്ത് എനിക്ക് ചിരി വന്നു പോയതാണ്. ക്ഷമിക്കുക '. കന്നുകാലികളെ നടത്തിക്കൊണ്ടു പോകുമ്പോൾ ചാട്ടവാറു കൊണ്ടുള്ള അടിസർവ്വസാധാരണമാണല്ലോ. അതുപോലെ തന്നെ അക്കാലത്ത് അടിമകളെ നടത്തിക്കൊണ്ടു പോകുമ്പോഴും നല്ല ചാട്ടവാറടി പ്രയോഗം യജമാനന്മാർ നടത്തിയിരുന്നു. പുതിയ യജമാനൻ ലുഖ്മാനവർകളെ ചാട്ടവാറു കൊണ്ടു പ്രഹരിച്ചു. അതികഠിനമായ വേദന അനുഭവപ്പെട്ടിട്ടും മഹാനവർകൾ ഒരു പ്രതിഷേധവും പ്രകടിപ്പിച്ചില്ല. പ്രതിഷേധ പ്രകടനം തന്റെ യജമാനന്റെ വെറുപ്പിനിടയാക്കുമെന്ന് ലുഖ്മാനവർകൾക്കറിയാമായിരുന്നു. 

അതു കൊണ്ട് വ്യഥകൾ അടക്കിവെച്ച് മഹാൻ മുഖത്ത് പ്രസന്നത വരുത്തി. അടി കിട്ടുമ്പോഴെല്ലാം ചുണ്ടിൽ ചിരി വിടർന്നു. തന്റെ അടിമക്ക് കിറുക്ക് പിടിച്ചിട്ടുണ്ടോ എന്ന് യജമാനൻ സംശയിച്ചു. അയാളുടെ കോപം ശതഗുണീഭവിച്ചു. പക്ഷെ ലുഖ്മാനുൽ ഹഖീമി(റ)ന് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല. മഹാനവർകൾ വീണ്ടും വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി
  ചിരിക്കുന്നതിനനുസരിച്ച് യജമാനനു ദേഷ്യം മുറുകി. ദേഷ്യം മുറുകുന്നതിനനുസരിച്ച് അടിയുടെ എണ്ണവും ശക്തിയും കൂടി. പക്ഷെ അപ്പോഴും ലുഖ്മാനി(റ)ൽ നിന്ന് ചിരി തന്നെയാണ്. യജമാനൻ ചിന്തിച്ചു. ഇവനെ അടിച്ചിട്ടു കാര്യമില്ല. കാര്യമായ എന്തെങ്കിലും തകരാറ് സംഭവിച്ചിട്ടുണ്ടാകും. എങ്കിലും ഇവനോട് നേരിട്ടു ചോദിക്കുക തന്നെ എന്നു വിചാരിച്ച് അയാൾ ലുഖ്മാനുൽ ഹഖീമി(റ)നോടു ഇപ്രകാരം ചോദിച്ചു.  'ഹേ അടിമേ, അടികൊണ്ടാൽ സാധാരണ അടിമകൾ കരയുകയോ, അതല്ലെങ്കിൽ പ്രതിഷേധം പ്രകടിപ്പിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ നീ മാത്രം അതിനു വിപരീതമായി പ്രവർത്തിക്കുന്നു. 

നീ ചിരിക്കാനുള്ള കാരണമെന്താ? നിനക്കു വല്ല മാനസിക വിഭ്രാന്തിയും പിടിപെട്ടുവോ?' അതു കേട്ട് ലുഖ്മാൻ(റ) പറഞ്ഞു: 'എന്റെ താൽക്കാലിക യജമാനാ, എനിക്ക് ബുദ്ധിഭ്രമമൊന്നും സംഭവിച്ചിട്ടില്ല. ചിരിക്കുന്നതു അങ്ങയുടെ അഭീഷ്ടത്തിനെതിരാണെങ്കിൽ ഈ നിമിഷം ഞാനത് നിർത്തിക്കളയാം. അങ്ങ് എന്റെ ശരീരത്തിൽ മർദ്ദനമേൽപ്പിക്കുമ്പോൾ എനിക്കതിൽ ഒരു വൈമനസ്യവുമില്ല എന്നറിയിക്കുന്നതിനു വേണ്ടിയാണ് ഞാൻ ചിരിച്ചത്. അതല്ലാതെ മറ്റ് ദുരുദ്ദേശമൊന്നും എന്റെ ചിരിയിലില്ല. വെളുക്കാൻ തേച്ചത് പാണ്ഡായി എന്ന അവസ്ഥയിലാണ് സംഗതിയുടെ കിടപ്പെങ്കിൽ അങ്ങു ക്ഷമിക്കണം. ഇനിയൊരിക്കലും ഈ ചിരി ഞാനാവർത്തിക്കുകയില്ല.'

             അടിമയുടെ വാക്കുകൾ കേട്ടപ്പോൾ യജമാനന്റെ തെറ്റിദ്ധാരണ അൽപ്പമൊന്നു നീങ്ങി. അയാൾ വീണ്ടും ചോദിച്ചു: എടോ അടിമേ, നിന്നെ കൊണ്ട് എന്തുപകാരമാണ് എനിക്കു ലഭിക്കുക? നിനക്ക് അറിയാവുന്ന ജോലികൾ എന്തൊക്കെയുണ്ട്?




താങ്കൾ കല്പിക്കുന്ന ഏതു ജോലിയും ചെയ്യാൻ ഞാൻ സന്നദ്ധനാണ്. '
അതല്ല ചോദിച്ചത്. നിന്റെ മുൻ പരിചയത്തെക്കുറിച്ചാണ്. ഏതു ജോലിയാണ് നീ മുമ്പ് ചെയ്തു ശീലിച്ചത്? നിനക്ക് തോട്ടം നനച്ചു ശീലമുണ്ടോ? ചക്കാട്ടി എണ്ണയെടുത്ത് പരിചയമുണ്ടോ? മരങ്ങളിൽ കയറാൻ കഴിവുണ്ടോ?'

താങ്കൾ പറയുന്ന ഒരു ജോലിയും ഞാൻ ശീലിച്ചിട്ടില്ല. എങ്കിലും പറയുന്നതെന്തും അശേഷം മടി കൂടാതെ ഞാൻ ചെയ്തു കൊള്ളാം.'
അടിമയുടെ വാക്കു കേട്ടപ്പോൾ യജമാനന്റെ മനസ്സിൽ വീണ്ടും സംശയങ്ങൾ കുമിഞ്ഞു കൂടി. ഒരു ജോലിയും ചെയ്തു ശീലമില്ലാത്ത ഈ അടിമയെ കൊണ്ടു പോയാൽ തനിക്കൊരു ഉപകാരവും സിദ്ധിക്കുകയില്ല. അവനു തിന്നാൻ കൊടുക്കുന്ന പണം നഷ്ടത്തിൽ കലാശിക്കാനാണ് സാധ്യത. അതിലും ഭേദം ഈ അടിമയെ ഇവിടെ വെച്ചു തന്നെ മറ്റാർക്കെങ്കിലും വിൽക്കുന്നതായിരിക്കും. ഇപ്രകാരം മനസ്സിൽ കണക്കു കൂട്ടികൊണ്ട് അയാൾ വാണിഭച്ചന്തയിലേക്ക് തന്നെ തിരിച്ചു നടന്നു.

ലുഖ്മാനുൽ ഹഖീമി(റ)നെ വീണ്ടും വിൽപ്പനച്ചരക്കായ് നിർത്തിയിരിക്കുകയാണ്. മഹാന്റെ ഹൃദയത്തിൽ ഭൗതികസൗഖ്യങ്ങളെ കുറിച്ചുള്ള ഒരു ചിന്തയും ഇല്ലാത്തതു കൊണ്ട് ഈ വിഷമതകളൊന്നും തന്നെ ക്ലേശകരമായി അനുഭവപ്പെട്ടില്ല.

തന്റെ തത്വചിന്തകളൊന്നും പ്രായോഗിക ജീവിതത്തിൽ വെളിപ്പെടുത്തിക്കൂടാ എന്ന് മഹാനവർകൾക്ക് മനസ്സിലായി. കേവലം ഒരു ജാഹിലിനെപ്പോലെ അഭിനയിക്കുകയേ നിർവ്വാഹമുള്ളൂ. അല്ലാത്തപക്ഷം താനാരാണെന്ന് ജനങ്ങൾ മനസ്സിലാക്കും. അത് തന്റെ സ്വൈരജീവിതത്തിന് പ്രതിബന്ധമായി ഭവിക്കും. അതു കൊണ്ട് ഇനി എന്തു തന്നെ സംഭവിച്ചാലും തന്നിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടാവുകയില്ലെന്ന് ലുഖ്മാൻ(റ) മനസ്സുകൊണ്ടുറപ്പിച്ചു. പലരും ലുഖ്മാ(റ)ന് വില പറഞ്ഞ കൂട്ടത്തിൽ നല്ലൊരു സംഖ്യ ലാഭം പറഞ്ഞയാൾക്ക് കച്ചവടമുറപ്പിച്ചു. മാറിവന്ന യജമാനന്റെ കൽപ്പന പ്രകാരം അയാളോടൊന്നിച്ച് ലുഖ്മാനുൽ ഹഖീം(റ) നടന്നു.


മനോഹരമായൊരു മണിമന്ദിരത്തിലാണവർ ചെന്നെത്തിയത്. അതു തന്റെ പുതിയ യജമാനന്റെ വീടാണെന്നു ലുഖ്മാനവർകൾ മനസ്സിലാക്കി. അടിമകൾക്ക് യജമാനൻമാരുടെ സുഖസൗകര്യങ്ങളൊന്നും ആസ്വദിക്കാനുള്ള അവകാശമില്ല. അന്നുരാത്രി തൊഴുത്തിന്റെ വരാന്തയിലാണ് മഹാന് ഉറങ്ങാൻ ഇടം കിട്ടിയത്. വൃത്തിയുള്ള ഒരു ചാക്ക് വിരിച്ച് അതിൽ ഇബാദത്തുകളിൾ മുഴുകിക്കൊണ്ട് കഴിച്ചുകൂട്ടി. പുലരുന്നതുവരെ ഇടതടവില്ലാതെ നിസ്കരിച്ചു. നിദ്ര എന്താണെന്നു പോലുമറിയാതെ സർവ്വശക്തനായ അല്ലാഹുവിന് സുജൂദുകൾ ചെയ്ത് ആനന്ദനിർവൃതിയടഞ്ഞു.

        പലരുവോളം നിദ്രാവിഹീനനായി ആരാധനയിൽ മുഴുകിയെങ്കിലും അതിന്റെ ക്ഷീണമൊന്നും മഹാൻ പ്രകടിപ്പിച്ചില്ല.


 യജമാനൻ പറയുന്ന ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ ലുഖ്മാനവർകൾ പ്രത്യേകം ശ്രദ്ധിച്ചു. മുമ്പു ചെയ്തു പരിചയമില്ലാത്ത ജോലികളായിരിന്നിട്ടുപോലും അൽപ്പം പോലും വീഴ്ച വരുത്താതെ വളരെ വൃത്തിയോടുകൂടി നിർവ്വഹിച്ചു. എല്ലാവരും സുഖസുഷുപ്തിയിൽ ലയിക്കുന്ന ഏകാന്തതയിലാണ് ലുഖ്മാനവർകൾ ആരാധനകൾ നിർവ്വഹിച്ചിരുന്നത്. തന്റെ പ്രവർത്തനങ്ങൾ ആരുടെയും ദൃഷ്ടിയിൽ പെടരുതെന്ന് മഹാനവർകൾക്ക് നിർബന്ധമുണ്ടായിരുന്നു. എങ്കിലും ഒരു ദിവസം അത് സംഭവിച്ചു.സുബ്ഹിയോടടുത്ത സമയം സുജൂദിൽ വീണു കിടക്കുകയായിരുന്നു മഹാനവർകൾ. പെട്ടെന്ന് എവിടെ നിന്നെന്നറിയില്ല യജമാനൻ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. 'ലുഖ്മാൻ' ആ അട്ടഹാസം കേട്ട് കൊട്ടാരമാകെ വിറച്ചു. ലുഖ്മാനുൽ ഹഖീം(റ) കണ്ണ് തുറന്നു യജമാനനെ നോക്കി.

ലുഖ്മാനുൽ ഹഖീമി(റ)നു യജമാനനിൽ നിന്ന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് ഒട്ടും വേവലാതി ഉണ്ടായിരുന്നില്ല. താൻ ആരാണെന്നും അത് കണ്ടുപിടിക്കപ്പെടുമോ എന്നുള്ളതുമായിരുന്നു മഹാന്റെ ഭയം. എങ്കിലും ഒട്ടും കൂസലില്ലാതെ എഴുന്നേറ്റു നിന്നു. ' ലുഖ്മാനെ, നീ ഇവിടെ എന്തു ചെയ്യുകയായിരുന്നു?' യജമാനൻ നല്ല ഉച്ചത്തിൽ തന്നെ ചോദിച്ചു. 

ഞാൻ വെറുതെ ഇരിക്കുകയായിരുന്നു'.

എന്ത്? നീയൊരു അടിമയല്ലെ. നിനക്കു വെറുതെയിരിക്കാൻ അവകാശമുണ്ടോ?' എന്ന ചോദ്യവും ചാട്ടവാറു കൊണ്ടുള്ള അടിയും ഒന്നിച്ചായിരുന്നു.

യജമാനാ, അങ്ങ് എന്നെ ഏൽപ്പിച്ച ജോലികളെല്ലാം ഞാൻ ഒന്നൊഴിയാതെ ചെയ്തു തീർത്തിട്ടുണ്ട്. ഇനിയും ഏത് ജോലി ഏൽപ്പിച്ചാലും ഞാൻ അതു നിർവ്വഹിക്കാൻ തയ്യാറുമാണ്.' അടിയുടെ ന്യായവാദം അയാളെ കൂടുതൽ രോഷാകുലനാക്കി. ചാട്ടവാറു കൊണ്ടുള്ള പ്രഹരത്തിന് ഊക്കുകൂടി. വേദന കൊണ്ട് പുളഞ്ഞിട്ടും ലുഖ്മാൻ(റ) ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. അടികൊണ്ട ഭാഗത്തെല്ലാം തൊലിയുരിഞ്ഞുപൊട്ടി ചുടുചോര ഒഴുകുന്നുണ്ടായിരുന്നു. 

ഇതെന്ത് നീതി റബ്ബേ' മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിമകൾ. പക്ഷെ ഇവിടെയിതാ ഒരടിമ മറ്റൊരടിമയുടെ മേൽ യജമാനൻ ചമയുന്നു. വെറുതെ കുറ്റാരോപണം നടത്തി ശിക്ഷിക്കുന്നു. പക്ഷെ ശിക്ഷയേൽക്കുന്ന ആ മഹാത്മാവിന് ഒരു പരാതിയുമില്ല. ഇതെല്ലാം താൻ അനുഭവിക്കണമെന്ന ഭാവമായിരുന്നു മഹാനവർകൾക്ക്. ഐഹിക ശിക്ഷകളെ നിസ്സാരമായി പരിഗണിക്കാൻ സാധിക്കുന്നവനുമാത്രമേ പാരത്രിക വിജയം കൈവരിക്കാനാവുകയുള്ളൂ എന്ന ചിന്തയുള്ളവർക്ക് പരാതിക്കും പരിഭവത്തിനും സമയമെവിടെ. ക്രൂരനായ യജമാനന്റെ കണ്ണിൽ ചോരയില്ലാത്ത ഈ പ്രവർത്തനങ്ങളെല്ലാം മാളികയുടെ മട്ടുപ്പാവിൽ ഇരുന്നു കൊണ്ട് അയാളുടെ മൂത്ത മകൾ കാണുന്നുണ്ടായിരുന്നു.ബാപ്പ അടി നിർത്തുന്നില്ലെന്നു കണ്ടപ്പോൾ അവൾ ഓടി താഴെയിറങ്ങി. ബാപ്പയുടെയുടെയും ലുഖ്മാനി(റ)ന്റെയും ഇടയിൽ നിന്ന് കൊണ്ട് പറഞ്ഞു: 'അരുത്, ബാപ്പ ഇനിയിവനെ തല്ലരുത് '.

അതെന്താ, ഇവൻ നമ്മുടെ അടിമയല്ലെ മോളെ'.
സാധാരണ അടിമകളെ പോലെയല്ല ഇവൻ. എന്ത് ഭാരിച്ച ജോലി ഏൽപ്പിച്ചാലും ഒരു മടിയും കൂടാതെ ചെയ്തു തീർക്കും.' 

         'ഓ! നിനക്ക് അത്രക്കങ്ങ് ഇഷ്ടമായെങ്കിൽ അവനെ വിവാഹം കഴിക്കുന്നതാണ് നല്ലത്. ഒരു ശുപാർശക്കാരി വന്നിരിക്കുന്നു.' അതിനു ശേഷം അയാൾ വീടിനുള്ളിലേക്ക് പോയി. ബാപ്പയുടെ വാക്കുകൾ അവളുടെ ഹൃദയത്തിലെവിടെയോ ഉടക്കി. ദൃഢഗാത്രനായ ആ അടിമയെ കണ്ട നാൾ മുതൽക്കു തന്നെ അവളുടെ മനസ്സിൽ അടിമയോട് ഒരു പ്രത്യേകത തോന്നിയിരുന്നു. ബാപ്പ കളിയാക്കി പറഞ്ഞതാണെങ്കിലും ആ അടിമയെ ഭർത്താവായി അവൾ സങ്കൽപ്പിച്ചു നോക്കി. ഖൽബിൽ മധുരാനുഭൂതികൾ പടർന്നു. അവളിൽ ഗാഢമായൊരു പ്രണയം മൊട്ടിടുകയായിരുന്നു. ലുഖ്മാനുൽ ഹഖീം(റ) ഉറക്കത്തിൽ പോലും ചിന്തിക്കാത്ത കാര്യം ആ പ്രഭുകുമാരി മനസ്സിൽ താലോലിക്കാൻ തുടങ്ങുകയായിരുന്നു.
  മകളുടെ ഇടപെടലിനെ തുടർന്ന് യജമാനൻ പിൻവാങ്ങി. രക്തമൊലിച്ചുകൊണ്ട് ലുഖ്മാൻ(റ) തന്റെ കീറച്ചാക്കിൽ കുനിഞ്ഞിരുന്നു. മനസ്സിൽ നൊമ്പരവുമായി യജമാനപുത്രി മഹാനവർകളെ സമീപിച്ചു കൊണ്ട് ചോദിച്ചു:'ഹേ നിങ്ങൾക്ക് ശരീരമാകെ ചോരയൊലിക്കുന്നുണ്ടല്ലോ? മുറിവുകൾ നല്ല വേദനയുണ്ടോ?' ആ സുന്ദരിപ്പെണ്ണിന്റെ മധുര സ്വരം ലുഖ്മാനുൽ ഹഖീമി(റ)ൽ ഒരു വികാരവും ഉണർത്തിയില്ല. അവളുടെ സാന്ത്വനം മഹാനവർകൾക്ക് ഏശിയില്ല. എങ്കിലും സാമാന്യ മര്യാദക്കെന്നവണ്ണം മഹാൻ പറഞ്ഞു: 'സഹോദരി, എന്നെ മർദ്ദിച്ചത് എന്റെ താൽക്കാലിക യജമാനനാണ്. അദ്ദേഹത്തിന്റെ മർദ്ദനങ്ങൾ എത്ര കഠിനമായാലും സഹിക്കേണ്ടത് എന്റെ ബാധ്യതയാണ്.'

         'എങ്കിലും എന്റെ ബാപ്പ ചെയ്തത് തീരെ ശരിയായില്ല. ഇത്രയധികം ക്രൂരനാകാൻ അദ്ദേഹത്തിനെങ്ങനെ കഴിഞ്ഞു.'

         'ഭവതി, സ്വന്തം പിതാവിനെ ഒരിക്കലും ആക്ഷേപിച്ചു സംസാരിക്കരുത്. അർഹതപ്പെട്ടതു മാത്രമേ എനിക്കു ലഭിച്ചിട്ടുള്ളൂ.'

       'താങ്കളുടെ മുറിവുകളിൽ മരുന്നു പുരട്ടിത്തരുവാൻ എന്നെ അനുവദിക്കാമോ?'

        'ഞാനൊരു യുവാവ്, നീയൊരു യുവതി. നാം തമ്മിൽ പരസ്പരം സ്പർശനം പാടില്ല.'

          ' ഞാൻ പറയുന്നത് അനുസരിക്കാൻ ബാധ്യതയുള്ള അടിമയാണ് നീ എന്നോർക്കണം.'

         ' ന്യായമായ എന്തും ഞാൻ അനുസരിക്കും'. ആ യുവതിക്ക് ലുഖ്മാനുൽ ഹഖീമി(റ)നോടുള്ള സ്നേഹം കൂടുകയാണ് ചെയ്തത്. മറ്റേതു അടിമയാണെങ്കിലും ഈ അവസരം വിനിയോഗിക്കും. യജമാന പുത്രിയോടൊത്തു സ്വർഗ്ഗീയ സുഖമനുഭവിക്കാനുള്ള അസുലഭ സന്ദർഭം പാഴാക്കാൻ ധൈര്യം കാണിച്ച ഈ അടിമ സാധാരണക്കാരനല്ലെന്നു അവളുടെ അന്തരംഗം മന്ത്രിച്ചു
.
          'യുവതീ, നീയെന്തറിയുന്നു. പരിശുദ്ധദീനിന്റെ സകല സംഹിതകളും മന:പാoമാക്കിയ മഹാനായ ലുഖ്മാനുൽ ഹഖീമാ(റ)ണ് നിന്റെ മുന്നിലിരിക്കുന്ന ഈ അടിമ. വൈദ്യശാസ്ത്രത്തിനു അജ്ഞാതമായ പല ചികിത്സകളും വശത്താക്കിയ മഹത്വത്തിനുടമായാണ് ഈ മനുഷ്യൻ. വേണമെങ്കിൽ സ്വന്തം ശരീരത്തിലെ മുറിപ്പാടുകൾ ഒരു തലോടൽ കൊണ്ട് മായ്ച്ചുകളയുവാൻ കെൽപ്പുള്ള ഭിഷഗ്വരനാണ് ഈ യുവാവ്. എല്ലാം മറച്ചുവെച്ച് ഭൗതിക മൂശയിലിട്ട് സ്വന്തം ശരീരത്തെ ഊതിക്കാച്ചിയെടുക്കാനുള്ള ബദ്ധപ്പാടിലാണ് ആ മഹാനുഭാവൻ'.

മനസ്സിൽ ലുഖ്മാനുൽ ഹഖീമി(റ)നോടുള്ള അഭിനിവേശം അരക്കിട്ടുറപ്പിച്ചു കൊണ്ടാണ് യജമാനന്റെ മൂത്തമകൾ തന്റെ അറയിലേക്ക് മടങ്ങിപ്പോയത്. തന്റെ ഹൃദയാഭിലാഷം നിറവേറ്റാനുള്ള അവസരത്തിനുവേണ്ടി കാതോർത്തു നിൽക്കുകയാണവൾ. 

ഒരിക്കൽ യജമാനൻ ഒരു വിദേശയാത്രക്കൊരുങ്ങി. തന്റെ മണിമാളികയും കൃഷിയിടങ്ങളും പുതിയ അടിമയെ ഏല്പിച്ചാണയാൾ പോയത്. കൊട്ടാരത്തിന്റെ പ്രവേശന കവാടം ഒരിക്കലും തുറന്നിടരുതെന്ന് അയാൾ ലുഖ്മാന്(റ) നിർദ്ദേശം നൽകി. തന്റെ മൂന്നു പുത്രിമാരെയും സൂക്ഷിച്ചു കൊള്ളണമെന്നും യാതൊരു കാരണവശാലും അവരെ പുറത്തേക്കെങ്ങും പറഞ്ഞയക്കരുതെന്നും യജമാനൻ പ്രത്യേകം മുന്നറിയിപ്പു നൽകി. ബാപ്പ പോയതോടെ പെൺകുട്ടികൾ മൂന്നും ലുഖ്മാനുൽ ഹഖീമി(റ)ന്റെ അടുത്തെത്തി. അതിൽ ഇളയവൾ പറഞ്ഞു: 'ഹേ അടിമേ, ഈ പടിവാതിൽ ഒന്നു തുറന്നു തരൂ.ഞങ്ങൾക്കൊന്നു പുറത്തു പോകണം.'  ലുഖ്മാനുൽ ഹഖീം(റ) അവരോട് വളരെ വിനയസ്വരത്തിൽ പ്രതിവചിച്ചു.

       'എന്റെ യജമാനന്റെ പ്രിയപ്പെട്ട പുത്രിമാരാണ് നിങ്ങൾ മൂന്നുപേരുമെന്നെനിക്കറിയാം. പക്ഷെ യജമാനന്റെ നിർദ്ദേശത്തിനു വിപരീതമായി നിങ്ങളെ പുറത്തു വിടാൻ ഞാൻ ഒരുക്കമല്ല. ദയവു ചെയ്ത് നിങ്ങൾ അകത്തു പോകണം.' അടിമയുടെ വാക്കുകളിൽ അവർ ഒട്ടും ന്യായം കണ്ടില്ല. നേരേ മറിച്ച് വെറും ധിക്കാരമായിട്ടാണ് അനുഭവപ്പെട്ടത്. കൂട്ടത്തിൽ രണ്ടാമത്തെ മകൾ പറഞ്ഞു.

         'എടോ അടിമേ, നിന്റെ യജമാനന്റെ മക്കളാണ് ഞങ്ങളെന്നല്ലേ നീ പറഞ്ഞത്. എങ്കിൽ ഞങ്ങളെയും അനുസരിക്കണം. വേഗം കതകു തുറന്ന് തരണം.'

         'പൊന്നുപെങ്ങളേ യജമാനൻ പ്രത്യേകം കൽപ്പിച്ചു പോയതാണ്, ഒരു കാരണവശാലും നിങ്ങളെ പുറത്തേക്ക് വിടരുതെന്ന്. അതിനു വിപരീതമായി പ്രവർത്തിക്കുന്നത് വിശ്വാസവഞ്ചനയല്ലെ. അതൊരിക്കലും ഞാൻ ചെയ്യുകയില്ല.'

            'ഞങ്ങൾക്കാ ഗെയിറ്റൊന്നു തുറന്നു തന്നാൽ നിന്റെ യജമാനൻ അതറിയാൻ പോകുന്നില്ല.' ഇത്തവണ അഭിപ്രായം പറഞ്ഞത് മൂത്തവളാണ്. അതിന് ലുഖ്മാനുൽ ഹഖീമി(റ)ന്റെ മറുപടി ഇപ്രകാരമായിരുന്നു. 

         'സഹോദരീ, എല്ലാം കാണുന്ന എന്റെ മഹോന്നതനായ യജമാനൻ ഉണ്ട്. അവന്റെ മുമ്പിൽ ഒന്നും ഒളിച്ചുവെക്കാൻ സാധ്യമല്ല. ഞാൻ ആ യജമാനനെ ഭയപ്പെടുന്നു.'

അതാരാണ് എല്ലാം കാണുന്ന യജമാനൻ?'
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു.'

ഓ ലുഖ്മാനുൽ ഹഖീമിനെ പോലും കവച്ചുവെക്കുന്ന ദൈവഭക്തി.' അവരുടെ പ്രതികരണം കേട്ടപ്പോൾ ലുഖ്മാനി(റ)ന്റെ ഉള്ളൊന്നു പിടഞ്ഞു.താൻ ലുഖ്മാനുൽ ഹഖീമാണെന്നറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി. 'റബ്ബേ കാക്കണേ'. മഹാൻ ആത്മഗതം ചെയ്തു

യജമാനന്റെ പുത്രിമാരിൽ മൂത്തവൾ മാത്രം അടിമയുടെ വാക്കുകൾ കേട്ട് പിന്തിരിയാനൊരുങ്ങി. എന്നാൽ ഇളയ രണ്ടു പെൺകുട്ടികളും ലുഖ്മാനുൽ ഹഖീമി(റ)ന്റെ നേരെ തിരിഞ്ഞു: 'എടോ, താൻ വാതിൽ തുറന്നു തരുന്നുണ്ടോ?' അവർ അവസാനവാക്കെന്നോണം ചോദിച്ചു. 'ഇല്ല, എനിക്കതിനു സാധ്യമല്ല.' പറഞ്ഞു തീർന്നതും പെൺകുട്ടികൾ ലുഖ്മാനെ(റ) മർദ്ദിക്കാൻ തുടങ്ങി. 

മൂത്തവൾ കഴിയുന്നത്ര തടയാൻ നോക്കിയെങ്കിലും അവർ പിന്തിരിഞ്ഞില്ല. മർദ്ദനം കൊണ്ട് മഹാനവർകളുടെ ശിരസ്സ്പൊട്ടി. രക്തം ധാരധാരയായി ഒഴുകി. പക്ഷെ അതെല്ലാം സഹിച്ച് സർവ്വശക്തനായ അല്ലാഹുവിനെ സ്മരിച്ച് ലുഖ്മാൻ(റ) ഒരേയിരിപ്പു തുടർന്നു. പെൺകുട്ടികളോട് മഹാനവർകൾക്ക് ഒരു വെറുപ്പും തോന്നിയില്ല. ഇതെല്ലാം താൻ അനുഭവിക്കേണ്ടതാണല്ലൊ എന്ന ചിന്തയായിരുന്നു മഹാന്. ഒടുവിൽ എപ്പോഴോ പെൺകുട്ടികൾ പിൻവാങ്ങി. അതുവരെയും മഹാൻ പ്രതികരിക്കാതെ മർദ്ദനങ്ങൾ സഹിച്ചു കൊണ്ടിരുന്നു.

നാളുകൾ ചിലതു കഴിഞ്ഞു. വിദേശയാത്ര കഴിഞ്ഞു യജമാനൻ തിരിച്ചെത്തി. തന്നെ ഏൽപ്പിച്ച കാര്യങ്ങൾ കൃത്യമായി നിർവ്വഹിച്ചതിൽ ലുഖ്മാനുൽ ഹഖീം(റ) അല്ലാഹുവിന് സ്തുതികളർപ്പിച്ചു. യജമാനന്റെ മൂത്ത പുത്രിയുടെ ശല്യം മഹാന് ഇടക്കിടെ അനുഭവപ്പെട്ടു. ആ യുവാവിനെ അവൾ മനസ്സിൽ വെച്ചാരാധിച്ചു. അടിമയെ എങ്ങനെയെങ്കിലും വശപ്പെടുത്തി തന്റെ ഇംഗിതം നിറവേറ്റാൻ അവൾ കൊതിച്ചു. പലവിധ പ്രലോഭനങ്ങളുമായി അവൾ മഹാനവർകളെ സമീപിക്കും. പക്ഷെ അതിൽ നിന്നെല്ലാം ലുഖ്മാൻ(റ) ഒഴിഞ്ഞു മാറി. 

ചിലപ്പോൾ മധുര പലഹാരങ്ങളുമായിട്ടായിരിക്കും അവളുടെ വരവ്. വളരെ അനുനയ സ്വരത്തിലായിരിക്കും സംസാരം. അതൊന്നും ഫലിക്കുന്നില്ലെന്നു കണ്ടാൽ ചുവടുമാറ്റിച്ചവിട്ടും. 'നീ എന്റെ അടിമയാണ്. ഞാൻ ആവശ്യപ്പെടുന്നതെന്തും നിറവേറ്റിത്തരുവാൻ നീ ബാധ്യസ്ഥനാണ് '. എന്നുള്ള നിലക്ക് അധികാര സ്വരം പുറപ്പെടുവിക്കും. ലുഖ്മാനുൽ ഹഖീം(റ) അതിനു വഴങ്ങുന്നില്ലെന്നു കാണുമ്പോൾ ഭീഷണിയുടെ സ്വരമായിരിക്കും ആ യുവതി മുഴക്കുക.




ഹേ അടിമേ, ഞാൻ നിന്നെ അഗാധമായി സ്നേഹിക്കുന്നു. ഈ ഏകാന്തതയിൽ നമുക്കൊന്നു ചേരാം. ആ സൗഭാഗ്യ പറുദീസയിൽ നമുക്ക് ആനന്ദസാമ്രാജ്യം പണിയാം.'

യജമാനപുത്രി, നിന്റെ അഭീഷ്ടത്തിനു വഴങ്ങാൻ എനിക്കു സാധിക്കുകയില്ല. പാപത്തിലേക്കു വഴുതി വീഴുന്നതിൽ നിന്നു അല്ലാഹുവിനോട് ഞാൻ കാവലിനെ ചോദിക്കുന്നു.'

എടോ അടിമേ, നിന്റെ നിഷേധാത്മക നിലപാട് എന്റെ കലിയിളക്കുകയാണ്. നോക്കൂ നീയെന്നെ അനുസരിക്കാൻ തയ്യാറില്ലെങ്കിൽ ഒരുപാട് പ്രത്യാഘാതങ്ങൾ സഹിക്കാൻ ഒരുങ്ങി നിൽക്കുക.'

മരണം തന്നെ സംഭവിച്ചാലും അരുതാത്ത കാര്യത്തിനു ഞാൻ കൂട്ടുനിൽക്കുകയില്ല.'

ഇങ്ങനെ പല പ്രാവശ്യം ആയജമാനത്തിപ്പെണ്ണ് നിരാശയായി മടങ്ങി.

യജമാനനുവേണ്ടി അടിമവേല ചെയ്തു കൊണ്ട് ലുഖ്മാനുൽ ഹഖീം(റ) നാളുകൾ നീക്കി. ഒഴിവു സമയങ്ങളിൽ മഹാൻ തന്റെ യഥാർത്ഥ യജമാനനായ അല്ലാഹുവിന് ആരാധനകളർപ്പിച്ചു കൊണ്ട് റബ്ബിലേക്ക് കൂടുതൽ അടുത്തു കൊണ്ടിരുന്നു. 

അങ്ങനെയിരിക്കെ ആ മണിമാളികയിൽ ഒരു സംഭവമുണ്ടായി. അവിടെയുള്ള ഒരു വേലക്കാരി വീണു കഴുത്തൊടിഞ്ഞു. നിലക്കാത്ത രക്തപ്രവാഹം. വിദഗ്ദരായ വൈദ്യൻമാർ എത്തിച്ചേർന്നു. പലവിധ മരുന്നുകൾ പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. നിമിഷങ്ങൾക്കകം ആ സ്ത്രീ മരണപ്പെടുമെന്ന് വൈദ്യന്മാർ വിധിയെഴുതി. ഇതെല്ലാം കണ്ട് കൊണ്ട് ലുഖ്മാനുൽ ഹഖീം(റ) ഒരു മൂലയിൽ ഒതുങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഇവിടെ ശങ്കിച്ചു നിന്നിട്ടു കാര്യമില്ല. ജീവകാരുണ്യ പ്രവർത്തനം അനിവാര്യമായിത്തീർന്നിരിക്കുന്നു എന്നു മനസ്സിലാക്കിയ മഹാനവർകൾ പെട്ടെന്നു അടുത്തുള്ള കാട്ടിലേക്കോടി. ചില പച്ചമരുന്നുകൾ പറിച്ചു കൊണ്ടുവന്നു. 

           എല്ലാവരും പരാജയപ്പെട്ട അവസരത്തിൽ ആ അടിമയുടെ പരീക്ഷണം മുഖ്യഭിഷഗ്വരൻമാർക്കെല്ലാം ചിരിക്കു വകനൽകുന്നതായിരുന്നു. ആയുസ്സ് ബാക്കിയുണ്ടെങ്കിൽ തിരിച്ചെടുക്കാൻ കഴിവുള്ള പ്രഗത്ഭമതികൾക്കൊന്നും കഴിയാത്തത് ഈ അടിമക്ക് സാധിക്കുമെന്നോ? അവനതാ പറയുന്നു പരീക്ഷിച്ചു നോക്കട്ടെയെന്ന്. എങ്കിലും മുങ്ങിച്ചാകാൻ പോകുന്നവന് പുൽക്കൊടി എന്നു പറഞ്ഞതുപോലെ ലുഖ്മാനുൽ ഹഖീമിന്റെ ചികിത്സ ഒന്നു പരീക്ഷിച്ചു നോക്കാം എന്ന് ആ യജമാനൻ കരുതി. 

സമ്മതം കിട്ടിയ ഉടനെ പച്ചിലച്ചാറ് ഒടിഞ്ഞ കഴുത്തിലും മുറിവിലും പുരട്ടി. അത്ഭുതം! ഒന്നും സംഭവിക്കാത്തതുപോലെ ആ യുവതി എഴുന്നേറ്റിരുന്നു. മുറിവിന്റെ ഒരു കലപോലും കാണുന്നുണ്ടായിരുന്നില്ല. അവിടെ കൂടിയിരുന്നവരെല്ലാം അത്ഭുതം കൊണ്ട് മിഴിച്ചിരുന്നു പോയി. പരിസരബോധം വന്നപ്പോൾ അവരെല്ലാം ആ അടിമയെ വളഞ്ഞു. നിനക്കീ മരുന്നെവിടെ നിന്നു കിട്ടി? ആരാണീ വൈദ്യോപദേശം തന്നത്? ഇത്തരം ചോദ്യങ്ങൾ കൊണ്ടവർ മഹാനവർകളെ വീർപ്പുമുട്ടിച്ചു. ലുഖ്മാനുൽ ഹഖീമി(റ)ന്റെ മനസ്സിൽ ഭീതിയുടെ കനലാട്ടമുണ്ടായി. തന്റെ ഉള്ളുകള്ളികൾ വെളിപ്പെടുമോ എന്നുള്ളതായിരുന്നു മഹാനവർകളുടെ ഭയത്തിനു കാരണം. എങ്കിലും യാതൊരു ഭാവഭേദവും പുറത്തു കാണിക്കാതെ മഹാനവർകൾ പറഞ്ഞു: 'ഈ ഔഷധം വഴിയിൽ വെച്ച് എനിക്കൊരാൾ തന്നതാണ് '.

ഭിഷഗ്വരൻമാരും സാധാരണക്കാരും അവിടെ കൂടിയിരുന്ന ജനങ്ങൾ മുഴുവനും ആശ്ചര്യഭരിതരായി ലുഖ്മാനുൽ ഹഖീമി(റ)നെത്തന്നെ നോക്കി നിൽക്കുകയയാണ്. വാസ്തവത്തിൽ അത് ലുഖ്മാനുൽ ഹഖീമാ(റ)ണെന്ന് അവർക്കാർക്കും അറിയുകയില്ലല്ലോ. വെറുമൊരു നീഗ്രോ അടിമ. അയാളിൽ നിന്ന് ഇത്തരമൊരു സിദ്ധിയുണ്ടാകുമെന്ന് വിശ്വസിക്കാൻ മാത്രം മഠയരല്ലല്ലോ അവിടെ കൂടിയിരുന്നവർ. ഒരു പക്ഷെ ഈ അടിമക്ക് മരുന്ന് പറിച്ചു കൊടുത്തത് സാക്ഷാൽ ലുഖ്മാനുൽ ഹഖീമാ(റ)ണെങ്കിലോ. എങ്കിൽ മഹാനവർകളെ ഈ അടിമ വിട്ടു കളഞ്ഞല്ലോ. എല്ലാവർക്കും അടിമയോടായി ദേഷ്യം. നീയെന്തിനാ ആ ദിവ്യപുരുഷനെ വെറുതെ വിട്ടത്? ഇത്ര മാത്രം മഹത്വമുള്ള ഒരാൾ നമ്മുടെ നാട്ടിലുണ്ടായാൽ അതിന്റെ ഐശ്വര്യം പറയാനുണ്ടോ? ആ മഹാൻ ഇപ്പോൾ എവിടെയാണുള്ളത്? ലുഖ്മാൻ(റ) ഒട്ടും പതറിയില്ല. മഹാൻ പറഞ്ഞു: 'എനിക്ക് മരുന്നു തന്നയുടനെ അയാൾ അപ്രത്യക്ഷനായി '. 

എടോ മഠയാ, നിനക്കദ്ദേഹത്തെ കൂട്ടി കൊണ്ടുവരാമായിരുന്നില്ലെ. അല്ലെങ്കിലും ഇത്തരം വിവരംകെട്ട അടിമകൾക്ക് മഹാത്മാക്കളുടെ കഴിവിനെ കുറിച്ചും ബഹുമതിയെക്കുറിച്ചും എന്തറിയാനാണ്.' ലുഖ്മാനുൽ ഹഖീം(റ) അവരുടെ പ്രതികരണങ്ങളെല്ലാം കേട്ട് മൗനം പാലിച്ചു. ഏതെങ്കിലും രൂപത്തിൽ താനാരാണെന്ന് അവർ മനസ്സിലാക്കിയാൽ പിന്നെ ഈ ഏകാന്തതയും മാനസിക സൗഖ്യവുമെല്ലാം നഷ്ടപ്പെടും. അതിനിടയാവരുത് എന്നു മാത്രമേ മഹാൻ ആഗ്രഹിച്ചിരുന്നുള്ളു. അതുകൊണ്ടാണ് ആ രീതിയിൽ സംസാരിക്കേണ്ടി വന്നത്.

ഭയപ്പെട്ടതു പോലെ ഒന്നും സംഭവിച്ചില്ല. ലുഖ്മാനുൽ ഹഖീമി(റ)നെ ഒരുപാട് പഴിച്ചെങ്കിലും വേലക്കാരിപ്പെണ്ണിന്റെ ജീവൻ രക്ഷിച്ചതിന്റെ പേരിൽ മഹാനെ അവർ ഉപദ്രവിക്കാതെ വിട്ടു. പതിവുപോലെ അന്നും ജോലികളെല്ലാം കഴിഞ്ഞ ശേഷം ലുഖ്മാൻ(റ) തൊഴുത്തിന്റെ വരാന്തയിൽ ഏകനായി അല്ലാഹുവിന് ഇബാദത്തുകൾ ചെയ്തു കൊണ്ടിരുന്നു. ഒരപരിചിതൻ മഹാനെ സമീപിച്ചു.

ഹേ ലുഖ്മാൻ, താങ്കൾക്ക് ഈ ജീവിതം മടുത്തുവോ?'
ഇല്ല, മടുപ്പ് എനിക്കൊട്ടും ബാധിച്ചിട്ടില്ല'.

      'ദുരിത പൂർണ്ണമായ ഈ ജീവിതം ഒന്നവസാനിപ്പിച്ചു കിട്ടിയെങ്കിൽ എന്നു താങ്കളാഗ്രഹിക്കുന്നുണ്ടോ?'

ഒരിക്കലുമില്ല. ഈ ജീവിതം ദുരിതപൂർണ്ണമായി എനിക്കു തോന്നിയിട്ടില്ല.'

       'എങ്കിൽ പത്ത് കൊല്ലം കൂടി താങ്കൾ ഈ നിലയിൽ തുടരണമെന്നാണ് റബ്ബിന്റെ തീരുമാനം.'

       'അല്ലാഹുവിന്റെ വിധി എന്തുതന്നെയായാലും അതെനിക്ക് മധുരതരമായ ഒരനുഭവമാണ്.'

പത്ത് കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും താങ്കൾ ആരാണെന്ന് വെളിപ്പെടുത്തരുത്. വെളിപ്പെടുത്തിയാൽ ഈ ദുരിതമെന്ന പരീക്ഷണം താങ്കൾക്കന്യമാകും. ദുനിയാവിലെ സൗഭാഗ്യങ്ങൾ അനുഭവിക്കേണ്ടി വരും'.

ഇല്ല, അല്ലാഹുവിന്റെ അനുമതിയുണ്ടാകുന്നതുവരെ ഞാനാരാണെന്നു വെളിപ്പെടുത്തുകയില്ല.' അത് കേട്ട ആഗതൻ തിരിച്ചു പോയി. അല്ലാഹുവിന്റെ കൽപ്പനയനുസരിച്ച് ലുഖ്മാനുൽ ഹഖീമി(റ)ന്റെ സാന്നിദ്ധ്യത്തിലെത്തിയ ഒരു മലക്കായിരുന്നു അത്

യജമാനന്റെ മൂത്ത മകളെക്കൊണ്ടുള്ള ശല്യം കൂടി വന്നു. സുന്ദരിയായ ആ പെണ്ണ് ഈ അടിമയിൽ ആകൃഷ്ടയാവാൻ കാരണമെന്തായിരിക്കും? ഒരു ദിവസം അനുജത്തിമാരെല്ലാം വെളിയിലെവിടെയോ പോയ തക്കം നോക്കി അവൾ അണിഞ്ഞൊരുങ്ങി. പട്ടുവസ്ത്രങ്ങളും കനകാഭരണങ്ങളും അണിഞ്ഞപ്പോൾ അവളുടെ സൗന്ദര്യം പതിൻമടങ്ങ് വർദ്ധിച്ചു. 




ആരോഗ്യമുള്ള ഏതു ചെറുപ്പക്കാരനും ഈ സന്ദർഭത്തിൽ അവളെ കണ്ടാൽ സ്വന്തമാക്കാൻ കൊതിക്കുക തന്നെ ചെയ്യും. ഈ വേഷത്തിൽ തന്നെ അടിമ കണ്ടാൽ അവൻ തന്റെ അഭീഷ്ടം സാധിപ്പിച്ചു തരാൻ തയ്യാറാകുമെന്ന് ആ യുവതിക്കു തോന്നി. അവൾ അടിമയെ തന്റെ അറയിലേക്ക് വിളിപ്പിച്ചു. പെണ്ണിന്റെ ദുരുദ്ദേശ്യമൊന്നും ലുഖ്മാനുൽ ഹഖീമി(റ)നു മനസ്സിലായില്ല. താനൊരടിമ. യജമാനന്റെ മകൾ വിളിച്ചാൽ പോകണം. അതു കൊണ്ട് പോകുന്നു. അടിമ അറയിലെത്തിയപ്പോൾ ആ സുന്ദരി വശ്യമനോഹരമായ രീതിയിൽ കുണുങ്ങിച്ചിരിച്ചു. അവളുടെ വേഷത്തിലേക്കോ ഭാവത്തിലേക്കോ ലുഖ്മാ(റ)ന്റെ മിഴികൾ ചിന്തിച്ചില്ല. നിഷിദ്ധമായത് കാണാനുള്ള കണ്ണ് മഹാന് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. വിലക്കപ്പെട്ടത് കേൾക്കാനുള്ള ശ്രവണശക്തി മഹാനിൽ നിന്നും എടുത്തുകളയപ്പെട്ടിരുന്നു. പെണ്ണിന്റെ ചാപല്യങ്ങളിലേക്കൊന്നും ശ്രദ്ധ കൊടുക്കാതെ ലുഖ്മാൻ(റ) ചോദിച്ചു:

എന്തിനാണ് എന്നെ വിളിപ്പിച്ചത് ?'

നീ ഈ മുറിയൊന്ന് വൃത്തിയാക്ക്.' മുറി വൃത്തിയാക്കുന്നതിനിടയിൽ അവളുടെ മിഴികൾ മഹാനെ കഴുകനെപ്പോലെ കൊത്തിവലിക്കാൻ തുടങ്ങി. 

അടിമയെ നോക്കും തോറും അവളുടെ അഭിനിവേശം ആളിപ്പടരാൻ തുടങ്ങി. ഒരു നിമിഷം മുറി വൃത്തിയാക്കുന്ന ലുഖ്മാനെ(റ) അവൾ കേറിപ്പിടിച്ചു. മൃദുലമായ ആ സ്പർശനം വാളുകൊണ്ടതു പോലെയാണ് ലുഖ്മാന്(റ) അനുഭവപ്പെട്ടത്. മഹാൻ ഒരൊറ്റ കുടയൽ. ആ സുന്ദരിപ്പെണ്ണ് അതാ കിടക്കുന്നു ദൂരെ. അവളുടെ ശരീരമാകെ മുറിഞ്ഞ് ചോരയൊഴുകുന്നു. നിമിഷനേരം കൊണ്ട് പെണ്ണ് അബോധാവസ്ഥയിലായി. 

ലുഖ്മാൻ(റ) തെല്ലും ശങ്കിച്ചു നിന്നില്ല. പച്ചിലകൾ പറിച്ചെടുത്ത് പിഴിഞ്ഞ് അവളുടെ മുറിവുകൾ സുഖപ്പെടുത്തി. യുവതി പൂർണ്ണാരോഗ്യത്തോടു കൂടി എഴുന്നേറ്റിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾക്ക് ഒരു കുറ്റബോധവുമുണ്ടായില്ല എന്നതാണ് കഷ്ടമായത്. അവൾ പറഞ്ഞു: 'എടോ അടിമേ, നിന്നെ ഞാൻ വെറുതെ വിടുകയില്ല. ഇപ്പോൾ നിനക്ക് പോകാം. മറ്റൊരവസരത്തിൽ എന്റെ അഭീഷ്ടം നീ നിറവേറ്റിത്തരണം. അല്ലാത്തപക്ഷം നിന്നെ ഞാൻ നാണക്കേടിലാക്കും.' രക്ഷപ്പെട്ടതു ഭാഗ്യം എന്നു നിനച്ച് ലുഖ്മാൻ(റ) അവിടെ നിന്നും ഇറങ്ങിയോടി.

എന്തെല്ലാം പരീക്ഷണങ്ങൾ. എത്രയെത്ര പ്രതിബന്ധങ്ങൾ. ഏതെല്ലാം മർദ്ദനമുറകൾ. ഒക്കെയും ക്ഷമിച്ചും സഹിച്ചും കഴിഞ്ഞുകൂടുകയാണ് ലുഖ്മാനുൽ ഹഖീം(റ). രാത്രി മുഴുവൻ നിന്ന് നമസ്കരിക്കും. ഇടയിൽ എപ്പോഴെങ്കിലുമൊന്ന് മയങ്ങിയെങ്കിലായി. അത്തരം ഒരു മയക്കത്തിൽ മഹാനവർകൾ മനോഹരമായൊരു കിനാവു കണ്ടു. മനോഹരമായ ഒരു പറുദീസയിലാണിപ്പോൾ ലുഖ്മാൻ(റ). മനോജ്ഞമായ മണിസൗധങ്ങൾ തലഉയർത്തി നിൽക്കുന്നു. തറയിൽ ചിതറിക്കിടക്കുന്നത് നവരത്നങ്ങളാണ്. സുഖകരമായ ഒരു കാലാവസ്ഥ. പറവകളുടെ കളകൂജനം. അരുവികൾ കളകളാരവം മുഴക്കിക്കൊണ്ടിരിക്കുന്നു. മധുരിതഫലവർഗ്ഗങ്ങൾ എങ്ങും വിളഞ്ഞു നിൽക്കുന്നു. എന്ത് ആഗ്രഹിക്കുന്നുവോ അത് ക്ഷണനേരം കൊണ്ട് മുന്നിലെത്തുന്നു. കൽപ്പനകൾ കാത്തു ചുറ്റും നിൽക്കുന്ന ലലനാമണികൾ. 'ഹാ! എന്തൊരു അത്ഭുതം. എന്തൊരു സൗഖ്യം. ഈ സൗഖ്യങ്ങളെല്ലാം തനിക്കുള്ളതാണ്.' മദിപ്പിക്കുന്ന സുഗന്ധവാഹിയായ കാറ്റ് അളകങ്ങളെ തലോടി.

കിനാവിൽ ഏറ്റവും അതിശയിപ്പിക്കുന്ന മറ്റൊരു കാര്യവും കൂടി ലുഖ്മാനവർകൾ ദർശിക്കാനിടയായി. അതി മനോഹരമായൊരു കനകവിഗ്രഹം. സൗന്ദര്യ ധാമങ്ങൾ അതു തേച്ചുമിനുക്കുകയാണ്. ലുഖ്മാൻ(റ) അവരോട് അതിന്റെ കാരണമാരാഞ്ഞു. അവർ പറഞ്ഞു. ' അങ്ങയുടെ രൂപമാണിത്. ഈ രൂപത്തെ തേച്ചുമിനുക്കുന്നത് ഞങ്ങൾ വർഷങ്ങളോളം തുടരും.' മഹാനവർകളുടെ മനസ്സിൽ വസ്തുതകൾ ഉരുത്തിരിഞ്ഞ് വന്നു. മഹാൻ അല്ലാഹുവിന് സുജൂദ് ചെയ്തു. സ്വപ്നത്തിൽ നിന്നുണർന്നപ്പോൾ വീണ്ടും സർവ്വശക്തനെ സ്തുതിക്കുകയും അവനു ഇബാദത്തുകൾ വർദ്ധിപ്പിക്കുകയും ചെയ്തു. 

അടിമയായി ജീവിക്കുകയാണെങ്കിലും കിട്ടുന്ന അവസരമെല്ലാം മഹാൻ പാവപ്പെട്ട രോഗികളെയും മറ്റും ചികിത്സിക്കാൻ ഉപയോഗപ്പെടുത്തിയിരുന്നു. ഒരു ദിവസം ജോലികളെല്ലാം തീർത്ത് അങ്ങാടിയിൽ പോയി തിരിച്ചു വരുമ്പോഴാണ് ഒരു ദീനവിലാപം മഹാന്റെ കർണ്ണപുടങ്ങളിൽ പതിച്ചത്. 'ഓടി വരണേ, എന്നെ കൊല്ലുന്നേ'. ശബ്ദം കേട്ട ഭാഗം ലക്ഷ്യമാക്കി ലുഖ്മാനവർകൾ ഓടിച്ചെന്നു. അവിടെ ഒരാൾക്കൂട്ടമാണ് മഹാന്റെ ദൃഷ്ടിയിൽ പെട്ടത്. മഹാനവർകൾ അരികത്തൊരിടത്ത് മാറി നിന്ന് അവിടെ നടക്കുന്ന സംഭവങ്ങൾ മനസ്സിലക്കി. ദേവപ്രീതിക്കായി മനുഷ്യനെ ബലിയർപ്പിക്കുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. അത്തരമൊരു മനുഷ്യബലിക്കുള്ള ഒരുക്കമാണ് ലുഖ്മാനവർകൾ അവിടെ കണ്ടത്. ഒരു കൗമാരപ്രായക്കാരനെയാണ് ബലിക്കല്ലിൽ നിർത്തിയിരിക്കുന്നത്. ആ ബാലൻ കാറിക്കരഞ്ഞുകൊണ്ട് സഹായാഭ്യർത്ഥന നടത്തുകയാണ്. ഈ അവസാന നിമിഷത്തിലെങ്കിലും ആരെങ്കിലും വരും, തന്നെ രക്ഷപ്പെടുത്തും എന്ന പ്രത്യാശയുടെ തിളക്കം ആ കുട്ടിയുടെ കണ്ണുകളിൽ ലുഖ്മാനുൽ ഹഖീം(റ) വായിച്ചെടുത്തു.

വേനലും, മഞ്ഞും മഴയുമായി വർഷങ്ങൾ പലതും പൊഴിഞ്ഞു വീണു. പരീക്ഷണങ്ങൾ ഒരുപാട് അനുഭവിച്ച ലുഖ്മാനുൽ ഹഖീമി(റ)നു തന്റെ യഥാർത്ഥ ജീവിതത്തിലേക്കു തിരിച്ചു വരാനുള്ള സന്ദർഭമായി. അതും ഒരു പരീക്ഷണത്തിലൂടെ തന്നെ എന്നാണ് രക്ഷിതാവ് തീരുമാനിച്ചത്. യജമാനന്റെ മൂത്തപുത്രി വികാരവിവശയായ കണ്ണുകളുമായി ലുഖ്മാനുൽ ഹഖീമി(റ)നെ സമീപിച്ചു. അവൾ ലുഖ്മാനവർകളോട് പ്രണയാഭ്യർത്ഥന നടത്തി. ഇത്രകാലം അവളിൽ നിന്നും അകന്നു രക്ഷപ്പെട്ട മഹാന് ഇനിയും അത് അസാധ്യമായി തോന്നിയില്ല. 'ഹേ സുന്ദരീ പോകൂ. സുമുഖനായ ഒരു യുവാവിനെ വിവാഹം കഴിച്ചു നിന്റെ ആഗ്രഹങ്ങൾ നിറവേറ്റൂ. എന്നെ എന്റെ വഴിക്കു വിടൂ.' 

ഹേ അടിമേ, നിന്നിൽ അനുരുക്തയായിക്കഴിഞ്ഞ എനിക്ക് മറ്റൊരു പുരുഷന്റെ സാമീപ്യം പത്ഥ്യമായി തോന്നുന്നില്ല. ഞാൻ വിരലൊന്നു ഞൊടിച്ചാൽ ഒന്നല്ല ഒരായിരം യുവകോമളൻമാരെ എനിക്കു കിട്ടും. അതെല്ലാം ഒഴിവാക്കി കൊണ്ടാണ് ഞാൻ നിന്നെത്തേടിയെത്തിയത്. ഇനിയും എന്റെ ക്ഷമ പരീക്ഷിക്കാൻ തുനിയരുത്.' ലുഖ്മാനവർകൾ എന്തു ന്യായവാദങ്ങൾ ഓതിയിട്ടും കാമാന്ധയായ ആ യുവതി ഒരടി പിറകോട്ടു വെക്കാൻ തയ്യാറായില്ല. മഹാനെ ബലാൽക്കാരമായി തന്നിലേക്കടിപ്പിക്കാനാണ് അവൾ തുനിഞ്ഞത്. ഇനിയൊരു രക്ഷയുമില്ലെന്നു കരുതി മഹാനവർകൾ ബഹളം വെച്ച് ആളെക്കൂട്ടാൻ ഒരുങ്ങി. പക്ഷെ വെളുക്കാൽ തേച്ചത് പാണ്ഡായി എന്നു പറഞ്ഞതുപോലെ ആ ബഹളം വെക്കലും മഹാന് വിനയായി ഭവിക്കുകയായിരുന്നു. 

ആളുകൾ ഓടിക്കൂടുന്നത് കണ്ടപ്പോൾ ആ യുവതി അടവു മാറ്റി. സ്ത്രീകളിൽ അന്തർലീനമായിക്കിടക്കുന്ന കുതന്ത്രചിന്ത അവളുടെ തുണക്കെത്തി. അവൾ തന്റെ വസ്ത്രം വലിച്ചു കീറി. നഖം കൊണ്ട് കവിളിൽ ചോരപ്പാടുകളുണ്ടാക്കി. 'ഓടി വരണേ എന്നെ ഈ അടിമ ഉപദ്രവിക്കുന്നേ'. യജമാനപുത്രി അത്യുച്ഛത്തിൽ വിളിച്ചു പറഞ്ഞു. പിന്നെ പൂരം പറയാനുണ്ടോ. ഓടിക്കൂടിയവരെല്ലാം തങ്ങളുടെ കൈകരുത്ത്  ലുഖ്മാനവർകൾക്കു നേരേ പ്രയോഗിച്ചു. 

ദുഷ്ടൻ, ഉണ്ടചോറിനു നന്ദി കാണിക്കാത്തവൻ, സ്വന്തം യജമാനന്റെ മോളെ ബലാത്സംഗം ചെയ്യാൻ ഇവനെങ്ങിനെ ധൈര്യം വന്നു. ഇപ്രകാരം പറയുകയും അതോടൊപ്പം മഹാനവർകളെ കടുത്ത പ്രഹരമേൽപ്പിക്കുകയും ചെയ്തു. ഒരു പാട് മർദ്ദനങ്ങളേറ്റ ലുഖ്മാനുൽ ഹഖീ(റ) അവശനായി. ശരീരമാകെ പൊട്ടിയും മുറിഞ്ഞും നിലക്കാത്ത രക്തപ്രവാഹം തന്നെ. എഴുന്നേൽക്കാൻ പോലും ശേഷിയില്ലാതെ മഹാൻ തറയിൽ കിടന്നു. 'അല്ലാഹു അഹദ്' എന്ന ആത്മമന്ത്രം മാത്രം ആ മഹാപുരുഷന്റെ നാവിൽ നിന്നും ഉതിർന്നു കൊണ്ടിരുന്നു. നാട്ടുകാരുടെ കലിയടങ്ങിയില്ല. അവർ മർദ്ദനം തുടർന്നു കൊണ്ടേയിരു

സത്യം പറഞ്ഞാൽ യജമാനന്റെ മൂത്തപുത്രി ലുഖ്മാനുൽ ഹഖീമി(റ)നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. താൻ ഖൽബിൽ ആരാധിച്ചിരുന്ന കനകവിഗ്രഹത്തെ നാട്ടുകാർ തല്ലിയുടക്കുന്നതു കണ്ടപ്പോൾ അവളുടെ ഹൃദയം വിങ്ങിപ്പൊട്ടി. വാസ്തവത്തിൽ പിടിക്കപ്പെടുമെന്നു കണ്ടപ്പോൾ സ്ത്രീ സഹജമായ ഒരടവ് പ്രയോഗിക്കുക മാത്രമാണവൾ ചെയ്തത്. പക്ഷെ അതിത്രത്തോളം ഗൗരവകരമാവുമെന്ന് ചിന്തിച്ചില്ല. ഇനിയും സത്യം തുറന്നു പറഞ്ഞില്ലെങ്കിൽ ആ പാവത്തെ അവരെല്ലാം ചേർന്ന് തല്ലിക്കൊല്ലുമെന്ന് ആ യുവതി ഭയപ്പെട്ടു. അതിനനുവദിച്ചു കൂടാ, എന്തു സംഭവിച്ചാലും ശരി സത്യം തുറന്നു പറയുകതന്നെ എന്നവൾ തീരുമാനിച്ചു. 

നിർത്തൂ, അയാൾ നിരപരാധിയാണ്.' അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. കലികൊണ്ട് കണ്ണു കാണാതായ നാട്ടുകാർ ആദ്യം അവളുടെ വാക്കുകൾ ഗൗനിച്ചില്ല. പക്ഷെ അവൾ ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി ശക്തമായ ഭാഷയിൽ സത്യം വെളിപ്പെടുത്തി. ആ നിരപരാധിയെ തല്ലിച്ചതച്ചതിൽ അവർക്കെല്ലാം കുറ്റബോധം തോന്നി. കുറ്റബോധം രോഷാഗ്നിയായി ആ യുവതിയുടെ നേർക്കു പടർന്നു. ചാട്ടവാറുകൾ യജമാനപുത്രിയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ടാക്കി. മുറിവിന്റെ വേദനയിലുപരി തന്റെ കാമുകൻ രക്ഷപ്പെട്ടതിലുള്ള ആത്മസംതൃപ്തിയായിരുന്നു അവളുടെ മനസ്സിൽ.

സ്വന്തം പിതാവും വീട്ടുകാരും നാട്ടുകാരുമെല്ലാം ആ പെണ്ണിനു നേർക്കു തിരിഞ്ഞപ്പോൾ ലുഖ്മാൻ(റ) അവശനാണെങ്കിലും കൈകൾ വീശി അവരെ വിലക്കി. ഏതോ പച്ചില പറിച്ചു കൊണ്ടുവരുവാൻ മഹാൻ പ്രയാസപ്പെട്ടു പറഞ്ഞു. ആരോ പച്ചില കൊണ്ടുവരികയും നിമിഷങ്ങൾക്കകം അതു കുത്തിപ്പിഴിഞ്ഞു മുറിവുകളിൽ പുരട്ടി. യുവതിക്കും പുരട്ടാൻ കൊടുത്തു. ലുഖ്മാനുൽ ഹഖീം(റ) പൂർണ്ണ ആരോഗ്യവാനായി എഴുന്നേറ്റിരുന്നു. 

യുവതിയുടെ ശരീരത്തിലെയും മുറിവുകളെല്ലാം അപ്രത്യക്ഷമായി. കൂടി നിന്നിരുന്നവർ അത്ഭുതം തുടിക്കുന്ന കണ്ണുകളുമായി മിഴിച്ചു നിന്നു.

താങ്കൾ ആരാണ്? മഹാനായ ലുഖ്മാനുൽ ഹഖീമി(റ)നു മാത്രം സാധിക്കുന്ന സിദ്ധിയാണല്ലോ അങ്ങിവിടെ കാണിച്ചത്.' കൂട്ടത്തിലാരോ ചോദിച്ചു. ഇവിടെ സത്യം വെളിപ്പെടുത്താനുള്ള സന്ദർഭമാണ്. അല്ലാഹുവിന്റെ പരീക്ഷണം അവസാനിച്ചിരിക്കുന്നു. അല്ലാഹുവിൽ നിന്ന് അനുമതി ലഭിച്ചിരിക്കുന്നു. ലുഖ്മാനുൽ ഹഖീം(റ) ആ ജനക്കൂട്ടത്തെ നോക്കി ഉരുവിട്ടു. 'ഞാൻ തന്നെയാണ് ലുഖ്മാനുൽ ഹഖീം.'




ആ ജനങ്ങളുടെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങൾ വിശദീകരിക്കാൻ പ്രയാസം. 'ലുഖ്മാനുൽ ഹഖീം' ആ നാമം കേൾക്കുമ്പോൾ അവർ പുളകിതരാകാറുണ്ട്. ആ മഹാനെ ഒന്ന് നേരിൽ കണ്ടിരുന്നെങ്കിൽ എന്നു പലവുരു കൊതിച്ചിട്ടുണ്ട്. മഹാന്റെ ഉപദേശങ്ങൾ കേൾക്കാൻ കാതുകൾ ത്രസിച്ചിട്ടുണ്ട്. ആ ചികിത്സ ലഭിക്കാൻ രോഗമനുഭവപ്പെടുമ്പോഴെല്ലാം ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഈ രൂപത്തിലാണല്ലൊ തങ്ങൾക്ക് ലുഖ്മാനവർകളെ കണ്ടെത്താൻ കഴിഞ്ഞത്. എല്ലാവരും കൂടി മത്സരിച്ചു തല്ലിച്ചതച്ചത് ആ പൂമേനിയായിരുന്നല്ലോ. 

എല്ലാവരും ഭത്സനം ചൊരിഞ്ഞു തുപ്പിയത് ആ പൂമുഖത്തേക്കായിരുന്നല്ലോ. ഓർക്കും തോറും അവരുടെ മനസ്സ് നടുങ്ങി. ഇത്രയും കാലം ലുഖ്മാനുൽ ഹഖീമി(റ)നെ നേരിൽ കാണാൻ കൊതിച്ചു നടന്നവർ ഇപ്പോൾ മഹാനു നേരേ നോക്കാൻ മടിക്കുകയാണ്. പടച്ചവനേ ഞങ്ങൾ ഇത്രമാത്രം പാപികളായിത്തീർന്നല്ലോ. 

ആ ജനത വിലപിച്ചു. പക്ഷെ ലുഖ്മാനവർകൾക്ക് ഒരു ചാഞ്ചല്യവുമില്ല. ഇതെല്ലാം താൻ അനുഭവിക്കേണ്ടതു തന്നെ. ഈ മനുഷ്യർ അതിനൊരു നിമിത്തമായി എന്നു മാത്രം. അതായിരുന്നു ആ മഹാന്റെ ഉൾഗതി.

ലുഖ്മാനുൽ ഹഖീമി(റ)നെ ഇതുവരെയും അടിമയാക്കി വെച്ച് കഠിന ജോലി ചെയ്യിച്ച യജമാനന്റെ  കാര്യമായിരുന്നു കഷ്ടം. വെറും നിസ്സാര കാരണങ്ങൾ മതി ചാട്ടവാറുകൊണ്ട് പ്രഹരിക്കാൻ. അങ്ങനെ എത്രയെത്ര പ്രഹരങ്ങളാണ് അയാൾ ലുഖ്മാനുൽ ഹഖീമി(റ)നെ ഏൽപ്പിച്ചത്. അന്നൊന്നും തന്റെ മുന്നിലുള്ള അടിമ മഹാനായ വലിയ്യാണെന്ന് സ്വപ്നത്തിൽ പോലും അയാളോർത്തില്ല. ഇപ്പോൾ ഈ നിമിഷം അയാൾക്ക് പശ്ചാത്താപം തോന്നി. 

അയാൾ മഹാനവർകളോട് പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പിന്നപേക്ഷിച്ചു. ലുഖ്മാനവർകൾ യജമാനനോട് ഒരു വെറുപ്പും പ്രകടിപ്പിച്ചില്ല. അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. യജമാന പുത്രിയുടെ മാനസികവ്യാപാരങ്ങൾ മഹാനവർകൾ വായിച്ചറിയുന്നുണ്ടായിരുന്നു. ഒരു വിവാഹം തന്റെ ജീവിതത്തിൽ വിധിക്കപ്പെട്ടതാണ്. തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഈ യുവതിയെത്തന്നെ വിവാഹം കഴിക്കാം എന്ന് മഹാനവർകൾ മനസ്സുകൊണ്ട് തീരുമാനിച്ചു.

യൂസുഫ് നബി(അ)യെ കണ്ടമുതൽക്കു തന്നെ നബിയിൽ അനുരക്തയായ സുലൈഖാബീവിയുടെ കഥ നമുക്കറിയാം. ഈ യുവതിയുടെയും കഥ മറിച്ചായിരുന്നില്ല. ഒരുപാട് ആശിച്ചു. പ്രലോഭനങ്ങൾ കൊണ്ടു വശത്താക്കാൻ നോക്കി, നടന്നില്ല. ഒടുവിൽ തികച്ചും നിനച്ചിരിക്കാത്ത ഒരവസരത്തിൽ ഇതാ ലുഖ്മാനുൽ ഹഖീം(റ) തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. 

ആ യുവകുസുമങ്ങളുടെ വിവാഹം സമംഗളം നടന്നു. നാട്ടുകാർക്കെല്ലാം സന്തോഷമായി. ലുഖ്മാനവർകളെ കാണാനും രോഗങ്ങൾക്ക് പ്രതിവിധി കാണാനും ധാരാളം പേർ ദൈനംദിനം അവിടെ എത്തിച്ചേർന്നുകൊണ്ടിരുന്നു. ഒട്ടധികം മാറാവ്യാധികൾ മഹാനവർകളുടെ നിസ്സാരമെന്നു തോന്നിക്കുന്ന മരുന്നുകളാൽ സുഖപ്പെട്ടു. പക്ഷെ ആ നാട്ടുകാരുടെ സൗഭാഗ്യം അധികകാലം നിലനിന്നില്ല. സർവ്വശക്തന്റെ കൽപ്പന ആ നാട് വിട്ടു പോകാനായിരുന്നു. ദിവ്യബോധനത്തിലൂടെ ലുഖ്മാനുൽ ഹഖീം(റ) അത് മനസ്സിലാക്കി. 

മഹാൻ പിന്നീടവിടെ നിന്നില്ല. നാട്ടുകാരെല്ലാം ഒന്നിച്ചാവശ്യപ്പെട്ടിട്ടും അവിടെ നിന്നു പുറപ്പെടുക തന്നെ ചെയ്തു. യാത്ര പുറപ്പെടുമ്പോൾ ലുഖ്മാനുൽ ഹഖീമി(റ)ന്റെ കൂടെ മഹാന്റെ പ്രിയ പത്നിയുമുണ്ടായിരുന്നു. ഒരുപാട് പരീക്ഷണങ്ങൾക്കു ശേഷം മഹാനവർകൾ ഇണയാക്കിയ ആ യുവസുന്ദരി.

നോർദി എന്ന രാജ്യത്താണ് ലുഖ്മാനുൽ ഹഖീം(റ) എത്തിച്ചേർന്നത്. 

ലോകമാകെ ബഹുമാനിക്കുന്ന മഹാൻ. അല്ലാഹുവിന്റെ പൊരുത്തത്തിന് പാത്രീഭൂതനായ വലിയ്യ്. മഹാൻ നോർദിയിലെത്തിയ വിവരമറിഞ്ഞു ആൾക്കൂട്ടം ഓടിയടുത്തു. പലവിധ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർ ലുഖ്മാനവർകളുടെ സന്നിധിയിലെത്തി രോഗശമനം വരുത്തി സംതൃപ്തരായി തിരിച്ചുപോയി. വർഷങ്ങളോളം അടിമത്വത്തിൽ കഴിഞ്ഞിട്ടും ലുഖ്മാനുൽ ഹഖീമി(റ)ന്റെ നാമം ജനമനസ്സുകളിൽ നിന്ന് അകന്നു പോയിരുന്നില്ല. അവർ ആ മഹൽ സൂഫി എവിടെയെന്നന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. കാലങ്ങൾ സഞ്ചരിച്ച് മഹാന്റെ സമീപമെത്താൻ ആളുകൾ മത്സരിച്ചു. 

നോർദിയിലെ ഭരണാധികാരിയായിരുന്നു ലുഖ്മാനവർകൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്നത്. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ തന്നെയായിരുന്നു മഹാനവർകളുടെ താമസം., പലദേശങ്ങളിൽ നിന്നായി ഒട്ടനേകം ആളുകൾ അവിടെയെത്തി. പലരും ലുഖ്മാനവർകളുടെ ശിഷ്യത്വം സ്വീകരിച്ചു. ആ ഭരണാധികാരിയും ലുഖ്മാനവർകളെ വളരെയധികം സ്നേഹിക്കുകയും മഹാനവർകൾക്കു ശിഷ്യപ്പെടുകയും ചെയ്തു.

കൊട്ടാരത്തിൽ അനുദിനം വരുന്ന ജനങ്ങളെ ഉൾക്കൊള്ളാതെ വന്നു. ലുഖ്മാനുൽ ഹഖീമി(റ)നു സ്വതന്ത്രമായി ഇരുന്ന് ഇബാദത്തുകൾ ചെയ്യുവാനും ചികിത്സ നടത്തുവാനും ഗവേഷണങ്ങളിലൂടെ പുതിയ മരുന്ന് കണ്ടു പിടിക്കുവാനും മറ്റൊരു താവളം അത്യാവശ്യമായി വന്നു. ഈ വസ്തുത മനസ്സിലാക്കിയ രാജാവ് കടലോരത്ത് വിശാലമായ കെട്ടിടങ്ങൾ നിർമ്മിച്ചു ലുഖ്മാനവർകൾക്കു സമ്മാനിച്ചു. ചുറ്റും മതിലുകൾ കെട്ടി ഒരു കോട്ട പോലെ പണിതുയർത്തിയ ആ കെട്ടിടങ്ങളിൾ ചികിത്സക്കും ഗവേഷണത്തിനും പ്രത്യേകം പ്രത്യേകം സൗകര്യങ്ങളുണ്ടായിരുന്നു. ഒരു പക്ഷെ ലോകത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജും പരീക്ഷണശാലയും ഇതായിരിക്കുകയില്ലെന്നാരു കണ്ടു.മഹാനവർകൾ ആ കോട്ടയിലേക്ക് താമസം മാറ്റി. 

ഒട്ടധികം ഗവേഷണ വിദ്യാർത്ഥികൾ അവിടെ വന്നു താവളമടിച്ചു. ദൈനംദിനം വന്നു മടങ്ങുന്ന രോഗികളുടെ നിര വളരെ കൂടുതലായിരുന്നു. കൂടാതെ നിത്യ സന്ദർശകരായി രാജാവും മറ്റു പല പ്രമുഖരും അവിടെ എത്തിച്ചേരുക പതിവായിരുന്നു. ആത്മ സംസ്ക്കരണമായിരുന്നു ലുഖ്മാനവർകൾ തന്റെ ശിഷ്യൻമാർക്ക് പരിശീലിപ്പിച്ചിരുന്നത്. കേവലം ശാരീരിക ചികിത്സക്കുള്ള പഠനമല്ല മഹാൻ നടത്തിയിരുന്നത്. ഭൗതികാവശ്യങ്ങൾക്കു വേണ്ടി എത്തിച്ചേരുന്നവരെ തിരിച്ചറിയുകയും മടക്കി അയക്കുകയും ചെയ്യുന്നത് അവിടെ നിത്യസംഭവമായിരുന്നു.

ലുഖ്മാനുൽ ഹഖീം(റ) തന്റെ ശിഷ്യഗണങ്ങൾക്ക് ആത്മീയ കാര്യങ്ങൾ ഉപദേശിച്ചു കൊടുത്തു. 'ഭൗതിക സുഖ സൗഖകര്യങ്ങൾ വെറും ക്ഷണികമാണ്. അതിൽ ആകൃഷ്ടരായി വെറുതെ ജീവിതം നശിപ്പിച്ചു കളയരുത്. ഏതു പരീക്ഷണങ്ങളും പതറാതെ അതിജീവിക്കാൻ കഴിയണം.' വിദ്യാർത്ഥികളെ മാനസികമായി സംസ്കരിച്ചെടുത്തതിനു ശേഷം മാത്രമേ മഹാൻ ശാരീരിക രോഗങ്ങൾക്കുള്ള ചികിത്സകൾ അഭ്യസിപ്പിച്ചിരുന്നുള്ളൂ. ലുഖ്മാനുൽ ഹഖീമി(റ)ന്റെ ചികിത്സകൾ അധികവും സുലഭമായ പച്ചിലകൾ കൊണ്ടായിരുന്നു. അത്തരം പച്ചിലകളുടെ ഔഷധഗുണങ്ങൾ മനസ്സിലാക്കാനുള്ള ഗവേഷണവും അവിടെ തുടർന്നുകൊണ്ടിരുന്നു.

നോർദി രാജാവ് ലുഖ്മാനുൽ ഹഖീമി(റ)ന്റെ നിത്യ സന്ദർശകനായിരുന്നു. മഹാൻ നൽകുന്ന ഉപദേശങ്ങൾ രാജാവ് ശ്രദ്ധാപൂർവ്വം കേൾക്കും. പക്ഷെ ഒരു കാര്യത്തിൽ അദ്ദേഹത്തിനു വിയോജിപ്പുണ്ടായി. ദേഹേച്ഛകളെ കടിഞ്ഞാണിടുന്ന കാര്യത്തിൽ മാത്രം. ഭൗതിക സുഖങ്ങൾ എന്തു കൊണ്ട് അനുഭവിച്ചു കൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേഹം. 

നിദ്രാവിഹീനങ്ങളായ രാത്രികളാണ് ലുഖ്മാനവർകൾ നിർദ്ദേശിച്ചത്. ഉറങ്ങുന്നതിനു പകരം ആരാധനകളിൽ മുഴുകി ശരീരത്തെ സംസ്കരിച്ചെടുക്കുക. എന്നാൽ രാജാവിനു ഉറക്കമിളച്ചിരിക്കാൻ തീരെ സാധിക്കുന്നില്ല. അത്തരം കഠിന പരിശീലനങ്ങൾ ഒന്നും കൂടാതെത്തന്നെ ആത്മാവിനെ സംസ്കരിച്ചെടുക്കുവാൻ അല്ലാഹുവിന് കഴിയുകയില്ലെ എന്ന സംശയവും രാജാവിനുണ്ടായിരുന്നു. രാജാവിന്റെ ഉള്ളിലിരുപ്പ് മനസ്സിലാക്കി ലുഖ്മാനുൽ ഹഖീം(റ) ഒരു തന്ത്രം പ്രയോഗിച്ചു. 

രാജാവ് ജോലിക്കാരിലൊരുവനെ വയലിൽ ഗോതമ്പുനടാൻ ഏൽപ്പിച്ചിരുന്നു ലുഖ്മാനവർകൾ ആ വേലക്കാരനെ വിളിച്ചു ഇപ്രകാരം പറഞ്ഞു: 'സുഹൃത്തെ, താങ്കൾ വയലിൽ ഗോതമ്പു നടുന്നതിനു പകരം ഇപ്രാവശ്യം കടല വിത്തുകൾ ന‌ടണം. രാജാവിൽ നിന്നും താങ്കൾക്ക് ഒരു ഭവിഷ്യത്തുമേൽക്കാതെ ബാക്കി ഞാൻ കൈകാര്യം ചെയ്തു കൊള്ളാം.' ലുഖ്മാനുൽ ഹഖീമി(റ)ൽ പൂർണ്ണ വിശ്വാസമുള്ള ആ വേലക്കാരൻ മഹാന്റെ നിർദ്ദേശപ്രകാരം കടല വിത്ത് കൃഷി ചെയ്തു. ദിവസങ്ങൾ നീങ്ങി. വയലിൽ കടലച്ചെടികൾ തലപൊക്കി, കഥയറിയാതെ രാജാവ് മിഴിച്ചു നിന്നു.

രാജാവിനു കലിയിളകി. അദ്ദേഹം ഭൃത്യനെ വിളിപ്പിച്ചു. 'ഞാൻ ഗോതമ്പു വിതക്കാൻ പറഞ്ഞിട്ട് ഇവിടെ കാണുന്നത് കടലയാണല്ലോ. ഈ തെറ്റിനു നിനക്ക് തക്കതായ ശിക്ഷ  നൽകുന്നുണ്ട്.' അതുകേട്ട് അവിടെയുണ്ടായിരുന്ന  ലുഖ്മാനുൽ ഹഖീം(റ) പറഞ്ഞു.' തിരുമേനീ, ഈ വേലക്കാരനെ വെറുതെ ശിക്ഷിക്കരുത്. അവൻ വിതച്ചത് ഗോതമ്പുതന്നെയാണ്. പക്ഷെ മുളച്ചത് കടലയായിപ്പോയെന്ന് മാത്രം.'

എന്ത്! ഗോതമ്പ് വിതച്ചിട്ട് കടലമുളക്കുകയോ, അസംഭവ്യം.'
ഇതിലെന്താണിത്ര അസംഭവ്യമായിട്ടുള്ളത്.'

പ്രകൃതി വിരുദ്ധമായ കാര്യമാണിത്.'

അപ്പോൾ തിരുമേനിയല്ലെ പറഞ്ഞത് ആത്മാവിനെ സംസ്കരിച്ചെടുക്കാതെ മനുഷ്യനെ അല്ലാഹു സംസ്കരിച്ചെടുക്കുമെന്ന്.' രാജാവിനു കാര്യം മനസ്സിലായി. ലുഖ്മാനവർകൾ തന്നെ പരീക്ഷിക്കാൻ വേണ്ടി ചെയ്ത വേലയാണിതെന്ന് അദ്ദേഹം ഉറപ്പിച്ചു. തനിക്ക് തെറ്റുപറ്റിപ്പോയെന്നറിഞ്ഞ രാജാവ് മഹാനവർകളോട് മാപ്പിന്നപേക്ഷിച്ചു. അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങിയ രാജാവ് മഹാനവർകളുടെ എല്ലാ ഉപദേശങ്ങളും അക്ഷരംപ്രതി അനുസരിക്കാൻ തയ്യാറായി.

ലുഖ്മാനുൽ ഹഖീമി(റ)നെപ്പോലെ മഹാന്റെ പല ശിഷ്യന്മാരും ഉന്നതശീർഷരായി. പല അത്ഭുത ചികിത്സാ മുറകളും അവർ പ്രയോഗിച്ചു. ഉടലും ശരീരവും വരെ വേർപ്പെട്ടു രണ്ടായിപ്പോയാൽ ചില പ്രത്യേകതരം പച്ചിലകൾ കുത്തിപ്പിഴിഞ്ഞ് അതിന്റെ നീരുകൊണ്ടു ചേർത്തു വെച്ചൊട്ടിച്ചു പൂർവ്വസ്ഥിതിയിലാക്കുവാൻ അവർക്കും സാധിക്കുമായിരുന്നു. ഒരിക്കൽ ഇതുപോലൊരു ചികിത്സക്കിടയിൽ ഒരു ശിഷ്യനു അബദ്ധം പിണഞ്ഞു. ഉടലിന്മേൽ ശിരസ്സ് ഒട്ടിക്കുന്നതിനിടയിൽ അതിന്റെ ഭാഗം മാറിപ്പോയി. ഇപ്പോൾ അയാളെ കണ്ടാൽ ഏതു അരസികനും ചിരിച്ചു മണ്ണുകപ്പിപ്പോകും. കാരണം കണ്ണും, മൂക്കും, വായയുമെല്ലാം പിറകുവശത്താണ്. മുൻ ഭാഗത്തേക്ക് നടന്നു പോകാൻ വയ്യ. കാരണം കണ്ണുകൾ പിൻഭാഗത്താണല്ലോ. അയാളെ കണ്ടവരെല്ലാം പൊട്ടിച്ചിരിച്ചു. ചെയ്ത ചികിത്സ തിരിച്ചെടുക്കാൻ ആ ശിഷ്യനു കഴിഞ്ഞില്ല. പിൻതലയൻ ലുഖ്മാനുൽ ഹഖീമി(റ)ന്റെ സന്നിധിയിലെത്തി ആവലാതി പറഞ്ഞു. മഹാനവർകൾ അവനെ തന്റെ ശിഷ്യഗണങ്ങളിൽ ഉൾപ്പെടുത്തി. ആത്മാവ് സംസ്കരിക്കപ്പെട്ടപ്പോൾ തന്റെ വൈരൂപ്യം ഒരു വിഷമമായി അയാൾക്കനുഭവപ്പെട്ടതേയില്ല.

തിളച്ചുരുകുന്ന മണലിൽ ഒരു പാവം ഫഖീർ. ലുഖ്മാനുൽ ഹഖീ(റ)മും ശിഷ്യൻമാരും ഒരു സഞ്ചാരത്തിനിടയിലാണ് അയാളെ കണ്ടുമുട്ടിയത്. മെലിഞ്ഞൊട്ടി എല്ലും തോലുമായ ആ മനുഷ്യരൂപത്തിന്റെ സമീപത്തേക്ക് ലുഖ്മാനവർകൾ നടന്നടുത്തു. 'വെള്ളം, വെള്ളം' അയാൾ ദയനീയമായി യാചിച്ചു. പെട്ടെന്നു ശിഷ്യൻമാർ വെള്ളവുമായെത്തി. മഹാനവർകൾ അത് ഫഖീറിന്റെ വായിലൊഴിച്ചു കൊടുത്തു. അൽപം ആശ്വാസമായെന്നു തോന്നിയപ്പോൾ ലുഖ്മാനവർകൾ ചോദിച്ചു: 'ഈ ചുട്ടുപൊള്ളുന്ന മണലിൽ ഇങ്ങനെ കിടക്കുന്നതെന്തിനാണ് '
.
ഞാൻ മൗത്തിനെ പ്രതീക്ഷിക്കുകയാണ്.'
മരണവും ജീവിതവും അല്ലാഹുവിന്റെ കൈകളിലല്ലേ. അത് ആഗ്രഹിക്കാൻ മനുഷ്യനെന്തവകാശം.'

ഐഹിക ജീവിതം വെറുമൊരു ഉറക്കമാണ് സുഹൃത്തെ. ഈ ഉറക്കത്തിൽ നിന്ന് ഒന്നുണരണമെന്ന് ആശിച്ചു പോയി.'

അതിരിക്കട്ടെ താങ്കളുടെ അഭിലാഷമെന്താണ്.'

എനിക്ക് നോർദിയിലെത്തി മഹാനായ ലുഖ്മാനുൽ ഹഖീമി(റ)നെ ഒന്നു കണ്ടതിനു ശേഷം മരിച്ചാൽ കൊള്ളാമെന്നുണ്ട്.'

 എങ്കിൽ ഈ മരുന്ന് കഴിക്കൂ. താങ്കളുടെ അഭിലാഷം ഞാൻ നിറവേറ്റിത്തരാം.'
അതിന് നിങ്ങൾ ലുഖ്മാനുൽ ഹഖീമിനെ കണ്ടിട്ടുണ്ടോ?'

        'അയാളെ കണ്ടിട്ടെന്തു കാര്യം.' ലുഖ്മാനവർകളുടെ ഈ മറുപടി ആ ഫഖീറിന് തീരെ പിടിച്ചില്ല.

        'എടോ താനെന്തു പറഞ്ഞു. അല്ലാഹു ബഹുമാനിച്ചവരെ കുറിച്ച് നിന്ദ്യമായി സംസാരിക്കുകയോ. പോകൂ എന്റെ മുമ്പിൽ നിന്ന്. നിന്നെ എനിക്കിനി കാണണ്ട. ഇതിലും ഭേദം മറ്റെവിടെയെങ്കിലും നോക്കുന്നതാണ്.' ഫഖീറിന്റെ ഫൽസനം കേട്ടപ്പോൾ ശിഷ്യന്മാർക്ക് സഹിച്ചില്ല. അവർ പറഞ്ഞു: 'അരുത്, താങ്കളുടെ മുമ്പിൽ നിൽക്കുന്നത് നിങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ലുഖ്മാനുൽ ഹഖീമെന്നവരാണ്.' അതുകേട്ട മാത്രയിൽ ഫഖീറിന്റെ മുഖം വികസിച്ചു. ആനന്ദം ആ മിഴികളിൽ നിറഞ്ഞുനിന്നു.' യാ അള്ളാ' എന്ന മഹത് വചനം മുഴക്കിക്കൊണ്ട് അദ്ദേഹം ഒന്നു പിടഞ്ഞു. 'ലാ ഇലാഹ ഇല്ലള്ളാ' എന്ന പരിശുദ്ധ കലിമ ഉച്ചരിച്ച് ആ ഫഖീർ അന്ത്യം വരിച്ചു. മഹാനവർകളും ശിഷ്യൻമാരും കൂടി മയ്യിത്തിന്റെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു.

ലുഖ്മാനുൽ ഹഖീം(റ) ശിഷ്യഗണങ്ങളുമായി പല സ്ഥലങ്ങളിലും സഞ്ചരിക്കുക പതിവായിരുന്നു. തന്റെ അഭിവന്ദ്യ ഗുരുവിനെ കണ്ടെത്താത്തതിൽ മഹാനവർകൾക്ക് മനസ്താപമുണ്ടായിരുന്നു. അന്ത്യസമയത്ത് ഞാൻ നിന്റെ സന്നിധിയിൽ എത്തുമെന്ന് വാക്കു തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യമടുത്തിട്ടില്ലാത്തതു കൊണ്ടായിരിക്കാം ഇതുവരെ നേരിൽ കാണാത്തത് . എങ്കിലും ഗുരുവര്യനെ ഒരു നോക്കു കാണാൻ മഹാനവർകളുടെ മനം തുടിച്ചു. പതിവു പ്രകാരമുള്ള യാത്രയിൽ ഒരു വയോധികനെ അവർ കണ്ടുമുട്ടി. ദേഹം മുഴുവനും വ്രണം കൊണ്ടു മൂടിയിരുന്നു. മുറിവുകളിൽ പുഴുക്കളും കൃമികളും അള്ളിപ്പിടിച്ചിരിക്കുന്നു. ചോരയും ചലവും കൊണ്ട് ഒരു തരം നാറ്റം പുറപ്പെടുന്നു. മുറിവുകളിൽ നിറയെ ഉറുമ്പുകൾ പൊതിഞ്ഞിരിക്കുന്നു. നിരങ്ങി നിരങ്ങി ആ രൂപം അടുത്തു വരികയാണ്. വികൃതമായ കോലമാണെങ്കിലും ഗുരുനാഥനെ ലുഖ്മാനവർകൾ തിരിച്ചറിഞ്ഞു. മഹാൻ ഓടിച്ചെന്ന് ആവയോവൃദ്ധനെ ആലിംഗനം ചെയ്തു.

അങ്ങ് ഇത്രയും വിഷമിച്ച് നിരങ്ങി നീങ്ങുന്നതെങ്ങോട്ടാണ് ?'

ഞാൻ നിനക്കൊരു ഉറപ്പു നൽകിയിരുന്നില്ലെ, അവസാന നിമിഷം നിന്റെ അരികിലെത്തിക്കൊള്ളാമെന്ന്.'

എങ്കിലും ഈ ദുരവസ്ഥയിൽ ഇങ്ങനെ ഒരു യാത്ര.'

ശരീരത്തിന്റെ ദുരവസ്ഥ ആരു വകവെക്കാനാണ്. ഇനിയും ഭൗതിക കാര്യങ്ങളിലുള്ള നിന്റെ അങ്കലാപ്പ് മാറിയില്ലെന്നോ?'

ഗുരുഭൂതരെ, ഞാനെന്റെ മനസ്സിനെ സംസ്കരിച്ചെടുത്തിട്ടുണ്ട്. എങ്കിലും അങ്ങയുടെ ഈ ദുര്യോഗം എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.'

ലുഖ്മാനെ, നിന്റെ മനസ്സ് ഭൗതികങ്ങളെക്കുറിച്ച് ചിന്തിച്ച് വേദനപ്പെടുകയാണെങ്കിൽ നിന്നോടുള്ള എന്റെ ബന്ധം ഇവിടെ വെച്ചവസാനിക്കുമെന്നോർക്കുക.'

ലുഖ്മാനുൽ ഹഖീം(റ) ലജ്ജിച്ചു തലതാഴ്ത്തി. എങ്കിലും ഗുരുവിന് അൽപ്പം മരുന്നു നൽകി അദ്ദേഹത്തിന്റെ ശരീരത്തിലെ വ്രണങ്ങൾ നശിപ്പിച്ചു കളയുവാനുള്ള ആഗ്രഹം പേടിച്ചു കൊണ്ടാണെങ്കിലും തുറന്നു പറഞ്ഞു.അതു കേട്ട ഗുരുനാഥൻ ലുഖ്മാനവർകൾക്കു നേരേ ആക്രോശിച്ചു. ' ലുഖ്മാനേ, ഇനിയും ഇത്തരം വില കുറഞ്ഞ വാചകങ്ങൾ പ്രയോഗിക്കാൻ നീ ഒരുങ്ങുകയാണെങ്കിൽ നീ മാപ്പർഹിക്കുകയില്ലെന്നോർത്തോ.' ലുഖ്മാനുൽ ഹഖീം(റ) ഗുരുവിനോട് മാപ്പു ചോദിച്ചു.

ഗുരുവിനു നോർദിയിലെത്തണം. അവിടെ വെച്ചായിരിക്കും അദ്ദേഹത്തിന്റെ അന്ത്യം. ഭൗതികമായ ഒരു സുഖസൗകര്യങ്ങളും അനുഭവിക്കാൻ അദ്ദേഹം തയ്യാറല്ലെന്ന് ലുഖ്മാനവർകൾക്ക് അറിയാം. എങ്കിലും ധൈര്യം സംഭരിച്ച് മഹാൻ ചോദിച്ചു: 'അങ്ങ് ഇതുപോലെ ഇഴഞ്ഞിഴഞ്ഞ് നോർദിയിലെത്താൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. ഈ വാഹനത്തിൽ കയറൂ. അങ്ങയെ ഞങ്ങൾ അവിടെ കൊണ്ടു ചെന്നിറക്കാം.' ലുഖ്മാനുൽ ഹഖീമി(റ)ന്റെ അഭ്യർത്ഥന കേട്ടപ്പോൾ ആ സൂഫിവര്യന്റെ കണ്ണുകളിൽ കോപാഗ്നി ആളിപ്പടരുന്നതുപോലെ തോന്നി. എങ്കിലും ക്ഷമയവലംബിച്ച് അദ്ദേഹം പറഞ്ഞു.

ലുഖ്മാനെ, ഭൗതിക ബന്ധങ്ങളിൽ നിന്നും അകന്നു ജീവിക്കുന്നവനാണ് ഞാൻ. ഭൗതിക സുഖസൗകര്യങ്ങൾ എനിക്ക് വെച്ച് നീട്ടാനൊരുങ്ങുന്ന നിന്നെ വിട്ടു ഞാൻ ഈ നിമിഷം മടങ്ങിപ്പോകും.'

ഗുരോ, അരുത് അങ്ങയുടെ കൽപ്പന പോലെ ഞാൻ പ്രവർത്തിക്കാം.'
ശരി എങ്കിൽ ഈ നിമിഷം എന്നെ വിട്ടു പോകൂ.'
അപ്പോൾ അങ്ങ്.....'

ഞാൻ നോർദിയിലെത്തിച്ചേരും, എന്റെ വാഗ്ദത്തം ഞാൻ പാലിക്കും.' പിന്നെ ലുഖ്മാനവർകൾ അവിടെ നിന്നില്ല. മഹാൻ ശിഷ്യഗണങ്ങളൊത്ത് മുന്നോട്ട് നടന്നു. ശിഷ്യൻമാർ ആ വയോധികൾ ആരെന്നറിയാതെ മിഴിച്ചു നിൽക്കുകയായിരുന്നു. തങ്ങളുടെ ഗുരു വളരെ ആദരവോടു കൂടി സംസാരിച്ചു നിൽക്കുന്നതു കണ്ടപ്പോൾ തന്നെ ആൾ ചില്ലറക്കാരനല്ലെന്നു അവർ മനസ്സിലാക്കിയിരുന്നു. അവരുടെ ജിജ്ഞാസ അണപൊട്ടിയൊഴുകി.

         'ഗുരോ അങ്ങ് വളരെയധികം ആദരവോടെ സംസാരിച്ച ആ വയോധികൻ ആരാണ്. അവർ കൂട്ടത്തോടെ ചോദിച്ചു.



          'അത് എന്റെ ഗുരുവാണ്.' അതു കേട്ട ശിഷ്യൻമാർക്കെല്ലാം ഉണ്ടായ ആശ്ചര്യത്തിനു അളവില്ലായിരുന്നു. അവർ ചോദിച്ചു.

           'അങ്ങയുടെ ഗുരുനാഥൻ മഹാനായൊരു സൂഫീ വര്യനല്ലെ. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ശരീരം മുഴുവൻ ഇങ്ങനെ വ്രണം കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നത്‌.'

       'ശിഷ്യൻമാരെ, അതൊരു മറയാണ്. മഹാൻ ബഹുജനശല്യം ഭയപ്പെടുന്നു. അതിനു മറയിടുവാനാണ് ഈ വ്രണങ്ങൾ'

        'ബഹുമാന്യരെ അദ്ദേഹമെന്താണ് ഇങ്ങനെ മുട്ടുകാലിൽ ഇഴഞ്ഞു നടക്കുന്നത്. ഈ വാഹനങ്ങളിലൊന്നിൽ കയറിയിരുന്നാൽ നമ്മൾക്ക് അദ്ദേഹത്തെ ഉദ്ദിഷ്ടദിക്കിലെത്തിക്കാമല്ലോ.'

       'ഭൗതികമായ ഒരു സുഖസൗകര്യങ്ങളും സ്വീകരിക്കാൻ അദ്ദേഹം തയ്യാറില്ല. നിങ്ങൾ ഈ വാഹനങ്ങളുമായി  മുന്നിൽ പോവുക. എന്റെ ഗുരുനാഥൻ മുട്ടിൽ ഇഴഞ്ഞു നടക്കുമ്പോൾ വാഹനത്തിൽ പോകാൻ എന്റെ മനസ്സനുവദിക്കില്ല. ഞാനും അതേ പ്രകാരം മുട്ടിൽ ഇഴഞ്ഞു നടന്നു വരാം.' ലുഖ്മാനുൽ ഹഖീമി(റ)ന്റെ ശിഷ്യൻമാർ അതിനു തയ്യാറായില്ല. അവർ ഗുരുവിനോടൊപ്പം മുട്ടിൽ ഇഴഞ്ഞു നീങ്ങി.     

ലുഖ്മാനുൽ ഹഖീ(റ)മും ശിഷ്യൻമാരും നോർദി ലക്ഷ്യമാക്കി മുട്ടിൽ ഇഴഞ്ഞു നീങ്ങുന്നതു കണ്ട് ഒരുപാട് ആളുകൾ അതനുകരിച്ചു. 

ആയിരക്കണക്കിനാളുകൾ തന്റെ കൂടെ ഇഴഞ്ഞു നീങ്ങാനെത്തിയതു കണ്ട് ലുഖ്മാനവർകൾ അമ്പരന്നു. മഹാൻ അവരോട് പിരിഞ്ഞു പോകാൻ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ജാഥ നീങ്ങിക്കൊണ്ടേയിരുന്നു. ഒടുവിൽ മഹാനവർകൾ അവരോട് പറഞ്ഞു: 'നിങ്ങൾ ഇവിടെ നിൽക്കുക. എന്റെ ഗുരുനാഥൻ ഇതേപോലെ ഇഴഞ്ഞുനീങ്ങിവരുന്നുണ്ട്. മഹാന് തണലായി ഇഴഞ്ഞു നീങ്ങിക്കൊള്ളുക. ഒരു കാരണവശാലും ഞാൻ നിർദ്ദേശിച്ചതുകൊണ്ടാണ് നിങ്ങളിതു ചെയ്യുന്നതെന്ന് ഗുരുവര്യൻ അറിയാൻ പാടില്ല.' ജനം അതു സമ്മതിച്ചു. അങ്ങനെ അവർ രണ്ടു സംഘമായി. ലുഖ്മാനവർകളും സംഘവും കുറച്ചു മുന്നിലായി നീങ്ങി. ഗുരുനാഥനും സംഘവും പിറകിലും.രണ്ടു സമയങ്ങളിലായി രണ്ടു സംഘവും നോർദിയിലെത്തിച്ചേർന്നു.

         ഗുരു എത്തിച്ചേർന്നാൽ അദ്ദേഹത്തിനു വിശ്രമിക്കാൻ പ്രത്യേക സ്ഥലം ലുഖ്മാനവർകൾ തയ്യാറാക്കിയിരുന്നു. പക്ഷെ ഗുരുനാഥൻ ആ നടപടിയെ വിമർശിക്കുകയാണുണ്ടായത്. വീണ്ടും അവിവേകം പ്രകടിപ്പിച്ചതിന് മഹാനവർകൾ ഗുരുനാഥനോട് ക്ഷമ ചോദിച്ചു. മഹാനായ ആ സൂഫിവര്യൻ വെറും തറയിൽ കിടന്നു. തനിക്ക് അന്ത്യവിശ്രമത്തിനുള്ള സ്ഥലം പെട്ടെന്ന് തയ്യാറാക്കാൻ അദ്ദേഹം ശിഷ്യനോട് കൽപ്പിച്ചു. ഖൽബിൽ നിറയുന്ന നൊമ്പരം പുറത്തു കാണിക്കാതെ ലുഖ്മാനവർകൾ ഗുരുവിനു വേണ്ടി ഖബറൊരുക്കി. പിന്നെ അധികം താമസിച്ചില്ല. ശുദ്ധജലം ആവശ്യപ്പെട്ടു. അതുകൊണ്ട് വുളൂ ചെയ്തു. അൽപ്പം കുടിച്ചു. അനന്തരം 'ലാ ഇലാഹ ഇല്ലള്ളാ' എന്ന വിശുദ്ധ വചനം ഉച്ചരിച്ച് ഗുരുവര്യൻ അന്ത്യശ്വാസം വലിച്ചു. തയ്യാർ ചെയ്യപ്പെട്ട ഖബ്റിൽ തന്നെ അദ്ദേഹത്തെ മറവു ചെയ്തു.

ലുഖ്മാനുൽ ഹഖീമി(റ)ന്റെ ശിഷ്യന്മാരുടെ പ്രസിദ്ധിയും നാടെങ്ങും പരന്നു. തന്റെ ശിഷ്യൻമാർക്കിടയിൽ ഒരു നേതാവിനെ ഒരു നേതാവിനെ തെരഞ്ഞെടുക്കാൻ മഹാൻ ആഗ്രഹിച്ചു. ആരെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് ചിന്തിച്ചപ്പോൾ രണ്ടുപേരാണ് മനസ്സിൽ ഓടിയെത്തിയത്. രണ്ടു പേരും അഗ്രഗണ്യൻമാരു തന്നെ. ഇബാദത്തു കൊണ്ടും വിജ്ഞാനംകൊണ്ടും സ്വഭാവ മഹിമകൊണ്ടും മൂസയും ദാവൂദും ഒരേ തട്ടിൽ നിൽക്കുന്നു. ഇവരിൽ ആരെ തെരഞ്ഞെടുക്കും. ഒടുവിൽ മഹാൻ ഒരു വഴി കണ്ടെത്തി. 

രണ്ടു ശിഷ്യൻമാരെയും അരികിൽ വിളിച്ചു പറഞ്ഞു: 'പ്രിയപ്പെട്ട ശിഷ്യൻമാരെ നിങ്ങളുടെ ഈ ഇബാദത്തുകൾ കൊണ്ടൊന്നും നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ പോകുന്നില്ല.' അതു കേട്ടപ്പോൾ മൂസക്കു വലിയ സങ്കടമായി. അദ്ദേഹം അന്നപാനീയങ്ങൾ ഉപേക്ഷിച്ചു കിടന്നു കരച്ചിൽ തന്നെ. ഒരു ദിവസം മുഴുവനും ഇതു തുടർന്നു. എന്നാൽ ദാവൂദ് ഒട്ടും വ്യാകുലപ്പെട്ടില്ല. അദ്ദേഹം ഇബാദത്തുകൾ തുടർന്നു കൊണ്ടേയിരുന്നു. 'ഞാൻ ആരാധന ചെയ്യുന്നത് സർവ്വശക്തനായ അല്ലാഹുവിന് വേണ്ടിയാണ്. അല്ലാതെ നരകമോ, സ്വർഗ്ഗമോ കാംക്ഷിച്ചല്ല.' എന്നതായിരുന്നു അദ്ദേഹത്തിന്റെ മനോഭാവം. ലുഖ്മാനവർകൾ രണ്ടു പേരുടെയും അവസ്ഥ മനസ്സിലാക്കി. നേതാവായി തെരഞ്ഞെടുക്കാൻ അർഹൻ ദാവൂദാണെന്ന് കണ്ടെത്തി. മഹാൻ വീണ്ടും രണ്ടു ശിഷ്യൻമാരെയും അരികിൽ വിളിച്ചു കൊണ്ടു പറഞ്ഞു: 

'പ്രിയപ്പെട്ട ശിഷ്യന്മാരെ, നിങ്ങൾ സ്വർഗ്ഗത്തിൽ കടക്കുകയില്ല എന്നല്ല ഞാൻ ഇന്നലെ പറഞ്ഞതിന്റെ സാരം. നിങ്ങളുടെ ഇബാദത്തു കൊണ്ട് മാത്രം സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്നാണ്. 

സ്വർഗ്ഗ പ്രവേശനം നടക്കണമെങ്കിൽ അല്ലാഹുവിന്റെ അനുഗ്രഹം വേണം. അല്ലാഹുവിന്റെ അനുഗ്രഹമില്ലാതെ ഒരു ജീവിത സൗഭാഗ്യവും നമുക്ക് ലഭിക്കുകയില്ല. എന്റെ വാക്കുകൾ കേട്ടിട്ട് യാതൊരു ചാഞ്ചല്യവുമില്ലാതെ ഇബാദത്തുകളിൽ മുഴുകിയ ദാവൂദ് മൂസയേക്കാൾ ഒരു പടി മുന്നിട്ടു നിൽക്കുന്നു.മൂസ കരഞ്ഞു നേരം കഴിക്കുകയായിരുന്നുവല്ലോ. ഞാൻ നടത്തിയത് ഒരു പരീക്ഷണമായിരുന്നു. ഈ പരീക്ഷണത്തിൽ ദാവൂദ് വിജയിച്ചിരിക്കുന്നു. ദാവൂദിനെ ഞാൻ എന്റെ ശിഷ്യൻമാർക്കിടയിലെ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നു.'

ശിഷ്യൻമാർക്ക് സന്തോഷമായി. മൂസ തന്റെ മനസ്സിന്റെ ദൗർബല്യത്തെക്കുറിച്ച് ബോധവാനായി. അതുകൂടാതെ മറ്റൊരു പരീക്ഷണം കൂടി അവർക്കിടയിൽ ലുഖ്മാനവർകൾ നടത്തിയിരുന്നു. അതിലും വിജയം ദാവൂദിന് തന്നെയായിരുന്നു. അതൊരു പതിവു സഞ്ചാരത്തിനിടയിലായിരുന്നു. 

വിജനമായ ഒരു സ്ഥലത്ത് മഹാനവർകളും ശിഷ്യൻമാരും എത്തിച്ചേർന്നു. യാത്രാ ക്ഷീണം കൊണ്ട് അവരെല്ലാം ദാഹവിവശരായിത്തീർന്നിരുന്നു. ശിഷ്യൻമാർ അവിടെയെല്ലാം വെള്ളത്തിനു വേണ്ടി പരതി. അപ്പോഴാണ് ഒരു കിണർ അവരുടെ ദൃഷ്ടിയിൽ പെട്ടത്. കിണറ്റിൽ വെള്ളമുണ്ട്. പക്ഷെ കോരിയെടുക്കാനുള്ള ഒരു സംവിധാനവുമില്ല. ലുഖ്മാനവർകൾ ഒട്ടും സംശയിക്കാതെ ബിസ്മി ചൊല്ലി കിണറിനു മുകളിൽ കൈ നീട്ടി. വെള്ളം ഉയർന്നു വന്നു. മഹാൻ ദാഹം തീരുവോളം കുടിച്ചു. പിന്നീട് ദാവൂദും അപ്രകാരം തന്നെ വെള്ളം കുടിച്ചു. മൂസ വെള്ളത്തിനു വേണ്ടി കൈ നീട്ടിയെങ്കിലും വെള്ളം ഉയർന്നു വന്നില്ല. ലുഖ്മാനവർകൾ പറഞ്ഞു: 'മൂസാ നിന്റെ ഹൃദയത്തിൽ സംശയത്തിന്റെ ചെറിയൊരു പാട കെട്ടിക്കിടന്നിരുന്നു. അതാണ് വെള്ളം ഉയർന്നു വരാതിരുന്നത്.' മൂസ പശ്ചാത്തപിച്ചു. ദൃഢമാനസനായി വീണ്ടും കൈ നീട്ടിയപ്പോൾ വെള്ളം ഉയർന്നു വന്നു. അദ്ദേഹവും മതിയാകുന്നതുവരെ കുടിച്ചു. ഈ സംഭവത്തിൽ നിന്നും നേതാവാകാൻ യോഗ്യൻ ദാവൂദ് തന്നെയെന്നു തെളിഞ്ഞു.

ഭൗതിക സുഖങ്ങളെ ത്യജിച്ച് ആത്മാവിനെ കീഴടക്കി ജീവിക്കുന്ന സൂഫിവര്യൻമാർക്ക് അസാധ്യമായതൊന്നുമില്ല. അത്തരം മികവ്പരീക്ഷ ലുഖ്മാനവർകൾ തന്റെ ശിഷ്യൻമാരിൽ പലപ്രാവശ്യം നടത്തിയിരുന്നു. ഒരവസരത്തിൽ മഹാനവർകൾ കുറെ ശിഷ്യൻമാർക്ക് വെള്ളത്തിനു മുകളിൽ നടക്കുവാൻ നിർദ്ദേശം നൽകി. ഒരു സംശയവും കൂടാതെ ആ ശിഷ്യൻമാർ വെള്ളത്തിനു മുകളിലൂടെ നടന്നു. പാറപ്പുറത്തു കൂടെ നടക്കുന്ന അനുഭവമാണ് അവർക്കുണ്ടായത്. പക്ഷെ ഒരു ശിഷ്യൻ മാത്രം കാലുവെച്ച മാത്രയിൽ വെള്ളത്തിലേക്കാണ്ടു പോയി. നീന്തിക്കയറിയ അയാളോട് ലുഖ്മാനവർകൾ ചോദിച്ചു: നീ എന്തുകൊണ്ട് ഇവിടെ പരാജയപ്പെട്ടു. അടുത്ത കാലത്ത് എന്തെങ്കിലും ഒരു തെറ്റ് നിന്നിൽ നിന്നുണ്ടായിട്ടുണ്ടോ ?. 

ശിഷ്യൻ എത്ര ആലോചിച്ചിട്ടും ഒരു തെറ്റും ചെയ്തതായി ഓർമ്മ വന്നില്ല. എങ്കിലും കൊല്ലത്തിലൊരു പ്രാവശ്യം ഉമ്മയെ കാണാൻ പോകുന്ന പതിവ് ഇപ്രാവശ്യം തെറ്റിച്ചിരിക്കുന്നു. അതായിരിക്കുമോ കാരണം. അയാൾ സംശയിച്ചു. അക്കാര്യം ഗുരുവിനോട് തുറന്നു പറഞ്ഞു. മഹാനവർകൾ പറഞ്ഞു: 'തെറ്റ് അതു തന്നെയാണ്. മാതാപിതാക്കളെ വേദനിപ്പിച്ചതുകൊണ്ടാണ് നിന്റെ മാനസിക സിദ്ധി നഷ്ടമായത്. ഉടൻ പോയി ഉമ്മായോട് മാപ്പ് പറയൂ. അവരുടെ തൃപ്തി ലഭിച്ചിട്ട് തിരിച്ചു വന്നാൽ മതി.' ആ ശിഷ്യൻ കുറ്റബോധത്തോടെ ഉമ്മായെ തേടിപ്പോയി. മാതാവിനോട് മാപ്പ് പറഞ്ഞ് അവരെ തൃപ്തിപ്പെടുത്തി തിരിച്ചെത്തി.

വർഷം തോറും ലുഖ്മാനവർകൾ മക്കയിൽ മഹൽയോഗത്തിൽ അദ്ധ്യക്ഷസ്ഥാനമലങ്കരിക്കാൻ എത്തിച്ചേരുക പതിവായിരുന്നു. രാത്രിയായിരിക്കും യാത്ര. ശിഷ്യൻമാരെല്ലാം ഇബാദത്തിലും നിദ്രയിലും ലയിച്ച അവസരത്തിൽ പതിവുപോലെ ആ വർഷവും മഹാനവർകൾ മക്കയിലേക്കു പുറപ്പെട്ടു. എന്നാൽ പ്രഥമ ശിഷ്യനായ ദാവൂദ് മഹാന്റെ പിന്നാലെ കൂടി. 

നീയെന്തിനാണ് എന്റെ കൂടെ വരുന്നത്.'

എനിക്ക് അങ്ങയുടെ കൂടെ വന്നാൽ എന്തെങ്കിലും കൂടുതൽ പഠിക്കാമല്ലോ.'
പിന്നെ മഹാനവർകൾ എതിർപ്പൊന്നും പറഞ്ഞില്ല. അവർ നേരേ സമുദ്രത്തിലെത്തി. തിരമാലകൾക്കു മുകളിൽ കയറി നിന്നു. മിന്നൽ പിണർ കണക്കെ തിരമാല ചലിച്ചു. നിമിഷങ്ങൾക്കകം അവർ മക്കയിലെത്തി. ലുഖ്മാനവർകൾ ശിഷ്യനോടു പറഞ്ഞു. 'ആദ്ധ്യാത്മികമായ ഒരു കൂടിച്ചേരലിലാണ് എനിക്ക് പങ്കെടുക്കാനുള്ളത്. അവിടെ നിനക്കു കടന്നു ചെല്ലാൻ അനുവാദമില്ല. അതു കൊണ്ട് ഒരു പ്രത്യേക സ്ഥലം കാണിച്ചു തരാം. അവിടെ ഇരുന്നാൽ മതി.' 

അവിടെയെങ്ങും കനത്ത വെളിച്ചം പരന്നു. ഒരു വലിയ ഹാളും പ്രവേശന കവാടവും ഒരു ദ്വരപാലകനും അവിടെ ദൃശ്യമായി. ലുഖ്മാനവർകളുടെ നിർദ്ദേശപ്രകാരം പാറാവുകാരാൻ ദാവൂദിന് ഒരു ഇരിപ്പിടം തയ്യാറാക്കി കൊടുത്തു.ദാവൂദ് ഇരിക്കുന്ന സ്ഥലത്തു നിന്നു നോക്കിയാൽ അകത്തു നടക്കുന്ന കാര്യങ്ങൾ കാണാം. ഒരുയർന്ന പീഠത്തിൽ ലുഖ്മാനവർകൾ ഇരിക്കുന്നു.

ലുഖ്മാനുൽ ഹഖീമി(റ)നു ചുറ്റും നിരത്തിയ ഇരിപ്പിടങ്ങളിൽ ദിവ്യ തേജസു വിളയാടുന്ന മഹോന്നതർ മഹാനവർകളുടെ വാക്കുകൾ ശ്രവിക്കാനെന്നവണ്ണം ഇരിക്കുകയാണ്.ദാവൂദ് നബി(അ) വഫാത്താകുകയും മകൻ സുലൈമാൻ നബി(അ) തൽസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത കാലഘട്ടമായിരുന്നു അത്. ആ വിവരങ്ങൾ ലുഖ്മാനവർകൾ സഭയിൽ അറിയിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു. അവിടെ സഭാംഗങ്ങൾക്ക് കുടിക്കാൻ നൽകിയ പാനീയം ഒരു ചഷകത്തിലാക്കി ദാവൂദിനു നൽകി. മധുരതരവും രുചികരവുമായ അത്തരമൊരു പാനീയം ജീവിതത്തിലൊരിക്കലും ദാവൂദ് കുടിച്ചിട്ടുണ്ടായിരുന്നില്ല. അത്ഭുതം, ആ മധുര പാനീയം കുടിച്ചു കഴിഞ്ഞപ്പോൾ ദാവൂദ് അറിയാതെ നിദ്രയിലേക്ക് വഴുതി വീണു. ഉറക്കത്തിൽ നിന്നുണർന്നപ്പോൾ നേരം പരപരാ വെളുക്കുന്നതേയുള്ളു. കടലോരത്ത് വിജനമായ ഒരു സ്ഥലത്താണ് ദാവൂദ് കിടക്കുന്നത്. പരിസര ബോധമുണ്ടാവാൻ കുറെ നിമിഷങ്ങൾ വേണ്ടിവന്നു.

       എന്ത്? താനെവിടെയാണ് കിടക്കുന്നത്? ആ സമ്മേളന നഗരി എവിടെ? തന്റെ ഗുരുനാഥനും മറ്റുള്ളവരും എവിടെ? ഒന്നും കാണുന്നില്ല. പിന്നിൽ നീണ്ടു പരന്നു കിടക്കുന്ന മണൽത്തിട്ട. മുന്നിൽ അറ്റം കാണാത്ത കടൽ. പടച്ചവനെ ഇതെന്തത്ഭുതം! എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് അടിയുറച്ചു വിശ്വസിച്ച ദാവൂദ് ഒട്ടും നിരാശനായില്ല. അദ്ദേഹം അംഗശുദ്ധി വരുത്തി ആ മണൽത്തിട്ടയിൽ ഇബാദത്തിലേർപ്പെട്ടു. നിമിഷങ്ങൾ മണിക്കൂറുകളായി ഓടിയകലുന്നത് ദാവൂദ് അറിഞ്ഞില്ല. അർക്കൻ തലക്കു മുകളിൽ കത്തി ജൂലിച്ചു നിൽക്കുകയാണ്. ഒരാൾ തോളിൽ തട്ടിയപ്പോഴാണ് ദാവൂദിനു പരിസര ബോധമുണ്ടായത്. നോക്കുമ്പോൾ കടലിലതാ ഒരു കപ്പൽ. ഒരപരിചിതൻ ദാവൂദിനെ കപ്പലിൽ കയറാൻ ക്ഷണിക്കുകയാണ്. 

ലുഖ്മാനവർകളുടെ നിർദ്ദേശപ്രകാരമാണ് അവർ ദാവൂദിനെ വിളിക്കുന്നത്. ഒട്ടും സംശയിക്കാതെ ദാവൂദ് അപരിചിതനോടൊപ്പം നടന്നു കപ്പലിൽ കയറി. യാത്രയിൽ ഒരുപാട് ചിന്തകൾ ദാവൂദിന്റെ മനസ്സിൽ മുളപൊട്ടി. എന്തുകൊണ്ട് താൻ ഉറങ്ങിപ്പോയി. എന്തു കൊണ്ട് അവിടെ നടന്നതൊന്നും കാണാൻ സാധിച്ചില്ല. തന്റെ പ്രിയപ്പെട്ട ഗുരുനാഥൻ കൂടെ കൊണ്ടു പോകാതിരുന്നത് എന്തുകൊണ്ടാണ്. ഇത്തരം സംശയങ്ങൾ മനസ്സിലൊതുക്കുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ. 

ഗുരുവിനോടൊപ്പമുള്ള യാത്രയിൽ കണ്ണു ചിമ്മി തുറക്കുന്നതിനു മുമ്പ് മക്കയിലെത്തിയതാണ്. എന്നാൽ തിരിച്ചുള്ള യാത്രയിൽ ഒരു മാസം കൊണ്ടാണ് നോർദിയിലെത്താൻ കഴിഞ്ഞത്. കപ്പലിറങ്ങിയ പാടെ ദാവൂദ് ഗുരുനാഥന്റെ സമീപത്തേക്കോടി. ലുഖ്മാനവർകൾ പറഞ്ഞു: 'പ്രിയശിഷ്യാ, ഇതു നിനക്കൊരു പാഠമാകട്ടെ. ഒരിക്കലും അർഹതപ്പെടാത്ത സ്ഥലത്ത് എത്തിച്ചേരാൻ കൊതിക്കരുത്.' ദാവൂദിനു തെറ്റു മനസ്സിലായി. അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങി. ദാവൂദിനുണ്ടായ അനുഭവം മറ്റു ശിഷ്യൻമാരിലും അത്ഭുതമുളവാക്കി.

ലുഖ്മാനുൽ ഹഖീമി(റ)ന് ഒരു പുത്രനുണ്ടായിരുന്നു. ബുദ്ധിമാനും സൽഗുണ സമ്പന്നനുമായ ആ മകന് മഹാനവർകൾ ഒരുപാട് നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി. ആ ഉപദേശങ്ങൾ പിൽക്കാലത്ത് അനർഘ മുത്തുകളായി സജ്ജനങ്ങൾ സൂക്ഷിച്ചു വെച്ചു, ജീവിതത്തിൽ പകർത്തി. വിശുദ്ധ ഖുർആനിൽ ഒരു അധ്യായം തന്നെ ആ ഉപദേശങ്ങൾക്കു വേണ്ടി അല്ലാഹു കാഴ്ചവെച്ചു.

         ലുഖ്മാനവർകളും മകനും കൂടി യാത്രയിൽ ഒരു വനത്തിലെത്തി.അവിടെ ഏകനായി ഒരു മനുഷ്യൻ നിൽക്കുന്നത് അവരുടെ ദൃഷ്ടിയിൽ പെട്ടു . രണ്ടു പേരും അങ്ങോട്ടടുത്തു ചെന്നു. അവിടെ കണ്ട കാഴ്ച വിചിത്രമായിരുന്നു. കുറെ വെളളിനാണയങ്ങൾ കൂമ്പാരമായി കിടക്കുന്നു. അതിനു കാവൽ നിൽക്കുകയാണ് ആ മനുഷ്യൻ.മഹാനവർകളെ കണ്ടമാത്രയിൽ അയാൾ പറഞ്ഞു: 'താങ്കളുടെ കൈവശം വല്ല പത്രവുമുണ്ടോ? എങ്കിൽ താങ്കൾക്കും ഈ വെള്ളിനാണയത്തിൽ നിന്നൊരു പങ്ക് തരാം.' ലുഖ്മാനവർകൾ ചോദിച്ചു: 'ഈ നാണയങ്ങൾ നിങ്ങളുടേതാണോ?'

        'അതെ'

നിങ്ങൾക്കെങ്ങനെ ഈ കാട്ടിൽ നാണയങ്ങളുണ്ടായി?'

സത്യം പറയാമല്ലോ. ഞാൻ വിറകു ശേഖരിക്കാൻ വന്നതാണ്. ആ സമയത്ത് കണ്ടെത്തിയതാണ്. ഞാൻ കണ്ടെത്തിയത് കൊണ്ട് ഞാൻ തന്നെയാണ് ഇതിന് അവകാശി.' മഹാനവർകൾ പുഞ്ചിരിച്ചു. അയാൾ വീണ്ടും പറഞ്ഞു: 'ഈ നാണയങ്ങൾ ഇവിടെ നിന്നും കടത്താൻ എന്നെ സഹായിച്ചാൽ ഞാൻ താങ്കൾക്ക് അർഹമായ പങ്ക് തരാം.' ലുഖ്മാനവർകൾ ഒന്നും ഉരിയാടാതെ തിരിഞ്ഞു നടന്നു. പിതാവിന്റെ പ്രവർത്തനത്തിൽ മകന് വിസ്മയം തോന്നി. ആരെങ്കിലും ഇത്രയധികം നാണയങ്ങൾ വെറുതെ കിട്ടുമെന്നു കണ്ടാൽ ഉപേക്ഷിക്കുമോ? അതായിരുന്നു മകന്റെ സംശയം. അത് പിതാവിനോട് നേരിട്ടു തന്നെ ചോദിച്ചു. അപ്പോൾ മഹാനവർകൾ പറഞ്ഞു: 'മകനെ നീ ഒരുപാട് മനസ്സിലാക്കാനുണ്ട്. ഞാൻ അത് തിരസ്കരിച്ചതിന്റെ പൊരുൾ മടക്കയാത്രയിൽ നിനക്ക് ബോധ്യമാകും.'

            മഹാനവർകളും പുത്രനും നിർദ്ദിഷ്ട യാത്ര കഴിഞ്ഞ് തിരിച്ചു പോന്നു.വെള്ളിനാണയങ്ങൾ കണ്ട സ്ഥലത്തെത്തിയപ്പോൾ അവിടെ വെള്ളിക്കൂമ്പാരത്തിനു മുകളിൽ തളം കെട്ടി നിൽക്കുന്ന ചോരയിൽ കുളിച്ച് ആ മനുഷ്യൻ മരിച്ചു കിടക്കുന്നു. കുറച്ചപ്പുറത്തായി വെട്ടേറ്റ് മറ്റൊരു മനുഷ്യനും മൃതിയടഞ്ഞു കിടക്കുന്നു. മഹാനവർകൾ മകനോട് പറഞ്ഞു: 'നമുക്ക് ശേഷം മറ്റൊരു മനുഷ്യൻ അവിടെ വന്നു. അവർ തമ്മിൽ നാണയങ്ങൾക്കു വേണ്ടി കലഹിച്ചു വെട്ടി മരിച്ചു. ആ നാണയത്തിൽ പങ്കുപറ്റിയിരുന്നുവെങ്കിൽ നമ്മുടെ സ്ഥിതിയും മറിച്ചാകുമായിരുന്നില്ല.' പിതാവിന്റെ വാക്കുകൾ കേട്ടപ്പോൾ മകന് തന്റെ സംശയം അസ്ഥാനത്തായിരുന്നുവെന്ന് ബോധ്യമായി. പിൽക്കാലത്ത് പിതാവിൽ നിന്നും ഉപദേശങ്ങൾ നുകർന്ന് മഹാനായ പുത്രൻ ഔന്നത്യത്തിന്റെ പടവുകളേറി. ലുഖ്മാനുൽ ഹഖീമി(റ)ന്റെ ജീവിത ചരിത്രത്തിൽ നിന്നും അടർത്തിയെടുത്ത ഏടുകൾ തൽക്കാലം ഇവിടെ സമാപിക്കുന്നു.


No comments:

Post a Comment