Saturday 24 February 2018

മറ്റൊരാളെ സഹായിക്കാനായി ജമാഅത്ത് നമസ്‌ക്കാരം മുറിക്കാമോ?





ജമാഅത്തായി നമസ്‌ക്കരിച്ചു കൊണ്ടിരിക്കേ ഒരാള്‍ കുഴഞ്ഞു വീണു. അത്തരം അടിയന്തര സാഹചര്യത്തില്‍ അദ്ദേഹത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കാനായി നമസ്‌ക്കാരം മുറിക്കാന്‍ പറ്റുമോ? അങ്ങനെ മുറിക്കേണ്ടി വന്നാല്‍ നമസ്‌കാരം ബാത്വിലാവുമോ?


ഇത്തരം സാഹചര്യങ്ങളില്‍, കയ്യിളക്കുക, അയാളെ പിടിച്ച് കിടത്തുക, പോലെ ചെറിയ രൂപത്തിലുള്ള നമസ്‌കാരം ചലനങ്ങളേ ആവശ്യമായി വരൂ എന്നാണെങ്കില്‍, നമസ്‌കാരം ബാത്വിലാവാത്ത വിധം തന്നെ അതൊക്കെ ചെയ്യാവുന്നതാണ്. കുറഞ്ഞ രൂപത്തിലുള്ളതോ, വേറിട്ടതോ ആയ വിധത്തിലാണെങ്കില്‍ അത്തരം പ്രവൃത്തികള്‍ നമസ്‌ക്കാരത്തെ ബാത്വിലാക്കുകയില്ല എന്നാണ് പണ്ഡിത മതം. എന്നാല്‍ കാര്യമായ ശ്രദ്ധയും, അടിയന്തിര പരിചരണവും, ആവശ്യമുള്ളതും പെട്ടെന്ന് ഡോക്ടറുടെയടുത്ത് എത്തിക്കേണ്ടതുമൊക്കെയായ കേസാണെങ്കില്‍ ഉടന്‍ നമസ്‌ക്കാരം മുറിച്ച് അയാള്‍ക്ക് അടിയന്തരമായി ചെയ്തു കൊടുക്കേണ്ടതെല്ലാം ചെയ്തു കൊടുക്കേണ്ടതുമാണ്. അത്തരം സാഹചര്യങ്ങളില്‍ പ്രസ്തുത നമസ്‌കാരം ബാത്വിലാകുന്നതാണ് അതുകൊണ്ട് തന്നെ അത് പിന്നീട് നമസ്‌ക്കരിച്ചു വീട്ടേണ്ടതുമാണ്.

ഇമാം നവവി പറയുന്നു: അന്ധന്‍ കിണറ്റില്‍ വീഴാന്‍ പോവുക, എട്ടും പൊട്ടും തിരിയാത്ത കുട്ടി തിയ്യില്‍ വീഴാന്‍ പോവുക, അല്ലെങ്കില്‍ ഉറങ്ങുന്നവനോ, അശ്രദ്ധ നോആയവന്റ നേരെ, വല്ല ഹിംസ്ര ജന്തുക്കളോ, പാമ്പോ വരിക, അല്ലെങ്കില്‍ വല്ല അക്രമിയും കൊല്ലാന്‍ വരിക തുടങ്ങിയ സാഹചര്യം നമസ്‌ക്കരിക്കുന്നവന്‍ കാണുകയാണെങ്കില്‍ സംസാരിക്കല്‍ വാജിബാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ അവന്റെ നമസ്‌കാരം ബാത്വിലാകുമോ? ഈ വിഷയത്തില്‍ രണ്ടഭിപ്രായമുണ്ട്.... (ശറഹുല്‍ മുഹദ്ദബ്: 4/82).

നമസ്‌കാരം ബാത്വിലാവുമോ എന്നതിനെപ്പറ്റി ഇമാം നവവി തന്നെ റൗദയില്‍ പറയുന്നത് കാണുക: ഒരാള്‍ നാശത്തിന്റെ വക്കിലെത്തുകയും അങ്ങനെ അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അയാളെ ഉണര്‍ത്താനും ഉദ്ദേശിക്കുകയും സംസാരിച്ചുകൊണ്ടല്ലാതെ അതിനു സാധ്യമല്ലാതിരിക്കുകയും ചെയ്യുന്ന പക്ഷം, സംസാരിക്കല്‍ വാജിബാകുന്നതാണ്. ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രബലമായ അഭിപ്രായമനുസരിച്ച് അദ്ദേഹത്തിന്റെ നമസ്‌കാരം ബാത്വിലാകുന്നതുമാണ്. (റൗദത്തുത്വാലിബീന്‍: 1/291).

ഇവിടെ ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതിനാണ് മുന്‍ഗണന കല്‍പ്പിക്കേണ്ടത് എന്നാണ് ഇസ്‌ലാമിക ശരീഅത്ത് പഠിപ്പിക്കുന്നത്. ശാഫിഈ മദ്ഹബിലെ വളരെ പ്രഗത്ഭനായ ഇമാം ഇസ്സുബ്‌നു അബ്ദിസ്സലാം പറയുന്നു: മുങ്ങി മരിച്ചു കൊണ്ടിരിക്കുന്നവരുടെ പവിത്രമായ ജീവന്‍ രക്ഷിക്കുക എന്നത് നമസ്‌ക്കാരം നിര്‍വഹിക്കുന്നതിനേക്കാള്‍ മുന്‍ഗണനയര്‍ ഹിക്കുന്നതാണ്. കാരണം മുങ്ങിമരിക്കുന്നവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് അല്ലാഹുവിങ്കല്‍ നമസ്‌ക്കാരം നിര്‍വഹിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം. മുങ്ങി മരിക്കുന്നവനെ രക്ഷിക്കുകയും, എന്നിട്ട് നമസ്‌ക്കരിക്കുകയും ചെയ്യുക എന്ന രണ്ട് മസ്വ് ലഹത്തുക്കളും ഒരുമിച്ച് ചെയ്യാനൊക്കുമല്ലോ. അതുപോലെ നമസ്‌ക്കാരം നിര്‍വഹിക്കുന്നത് നഷ്ടപ്പെടുന്നതിലൂടെയുണ്ടാവുന്ന നഷ്ടം, ഒരു ജീവന്‍ രക്ഷിക്കുക എന്നതുതുമായി താരതമ്യമേയില്ല. (ഖവാഇദുല്‍ അഹ്കാം ഫീ മസ്വാലിഹില്‍ അനാം).

No comments:

Post a Comment