Tuesday 12 May 2020

നോമ്പും മുദ്ദും




ഒരു മുദ്ദ് അരി ഇന്നത്തെ തൂക്കമനുസരിച്ച് എത്ര വരും?

അതു കൃത്യമായി പറയാൻ കഴിയില്ല. അരിയുടെ ഭാരവും വലിപ്പവും വ്യത്യാസമാകുന്നതനുസരിച്ച് തൂക്കത്തിൽ വ്യത്യാസം വരും.

കേരളത്തിലെ പണ്ഡിത മഹത്തുക്കൾ അംഗീകരിച്ച മുദ്ദ് പാത്രം ഇന്നു ലഭ്യമാണ്. അതിൽ വിവിധയിനം അരികൾ അളന്നു തൂക്കിയാൽ തൂക്കത്തിലുള്ള വ്യത്യാസം ഏവർക്കും ബോധ്യപ്പെടും

മുദ്ദ് പാത്രത്തിൽ അരി അളന്നു നൽകിയാൽ കൃത്യ അളവു നൽകാം.

ഭാരം കുറഞ്ഞ അരി തൂക്കമനുസരിച്ച് സുമാർ 600 ഗ്രാം ഉണ്ടാകാറുണ്ട്. ഭാരമുള്ള അരി 700 ഗ്രാം വരെ ഉദ്ദേശം ഉണ്ടാകാറുണ്ട്. അപ്പോൾ തൂക്കം കണക്കാക്കി നൽകുന്നവർ  700 ഗ്രാം എന്ന കണക്കിൽ കൊടുക്കുന്നത് സൂക്ഷ്മതമാണ്.


ലിറ്റർ കണക്ക്


ഒരു മുദ്ദ് അരി 800  മില്ലി ലിറ്റർ വരുമെന്നാണ് പണ്ടു മുതൽക്കെ പറഞ്ഞു വരാറുള്ളത്.നാലു മുദ്ദാണല്ലോ ഒരു സ്വാഉ :ഈ കന്നക്കനുസരിച്ച് ഒരു സ്വാഉ എന്നത്  മൂന്നു ലിറ്ററും ഇരുനൂറ് മില്ലി ലിറ്ററും വരും. നമ്മുടെ മദ്റസ പുസ്തകത്തിലും 3 .200 എന്ന കണക്കാണു പഠിപ്പിക്കപ്പെടുന്നത്.

എന്നാൽ ഇന്നു ചില പണ്ഡിത മഹത്തുക്കൾ ഒരു മുദ്ദ് എന്നത് 765 മില്ലി ലിറ്ററാണെന്നു തെളിവു നിരത്തി പറയാറുണ്ട്. ആ അടിസ്ഥാനത്തിൽ ഒരു സ്വാഉ എന്നത് 3.O60  ലിറ്റർ ഉണ്ടാകും.


ശമനം പ്രതീക്ഷിക്കാത്ത രോഗം ,വാർധക്യം എന്നിവ മൂലം നോമ്പനുഷ്ഠിക്കാൻ സാധിക്കാത്തവർ എന്തു ചെയ്യും?

അവർക്കു നോമ്പ് നിർബന്ധമില്ല.അവർക്കു ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യവസ്തു (നമ്മുടെ നാട്ടിൽ അരി) ഫിദ് യ നൽകലാണു നിർബന്ധം. (തുഹ്ഫ: ശർവാനി: 3/339)

പ്രസ്തുത മുദ്ദുകൾ മുന്തിച്ചു നൽകാമോ? 

ഓരോ ദിവസത്തെയും മുദ്ദുകൾ ആ ദിവസത്തിൻ്റെ പകലിലോ രാത്രിയിലോ നൽകാവുന്നതാണ്. മുന്തിച്ചു നൽകാവതല്ല.

ഓരോ ദിവസത്തെ മുദ്ദും ഓരോ ദിവസവും നിർബന്ധമാകുന്നുണ്ടെങ്കിലും മുദ്ദ് അപ്പപ്പോൾ കൊടുത്തു വീട്ടൽ നിർബന്ധമില്ല. പിന്തിക്കാവുന്നതാണ്. പിന്തിപ്പിച്ചതിൻ്റെ പേരിൽ മുദ്ദ് ഖളാ ആവുകയോ കുറ്റം ചെയ്തവർ ആകുകയോ ഇല്ല. പിന്നീട് കൊടുത്തു വീട്ടിയാലും മതി.

റമളാൻ മാസം കഴിഞ്ഞതിനു ശേഷം ഒരു മാസത്തെ മുദ്ദ് ഒന്നിച്ചു നൽകിയാലും മതി.

പ്രസ്തുത മുദ്ദ് നൽകാതെ മരണപ്പെട്ടാൽ അവകാശികൾ മയ്യിത്തിൻ്റെ സ്വത്തിൽ നിന്നു എടുത്തു കൊടുക്കൽ നിർബന്ധമാണ്.

എത്ര വർഷം മുമ്പുള്ള മുദ്ദ് ആണെങ്കിലും ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ഭക്ഷ്യവസ്തു നൽകിയാൽ മതി. വർഷങ്ങൾ കൂടുന്നതു കൊണ്ട് പ്രസ്തുത മുദ്ദിൻ്റെ എണ്ണം കൂടുകയില്ല.(ശർവാനി: തുഹ്ഫ: ശർവാനി 3/339 ,340,446))


നിത്യരോഗം ,വാർദ്ധക്യം എന്നിവ മൂലം നോമ്പ് ഒഴിവാക്കിയവർക്ക് നോമ്പ് പിടിക്കാനുള്ള ആരോഗ്യം തിരിച്ചു ലഭിച്ചാൽ സാധിക്കാത്ത കാലത്തെ നോമ്പ് ഖളാ വീട്ടൽ നിർബന്ധമുണ്ടോ?
         
ഇല്ല. കാരണം അന്നവർക്ക് നോമ്പ് നിർബന്ധമില്ലായിരുന്നു, പ്രത്യുത ഫിദ് യയായിരുന്നു നിർബന്ധം.ഫിദ് യ: നൽകി യിട്ടില്ലങ്കിലും നോമ്പ് ഖളാ വീട്ടൽ നിർബന്ധമില്ല (ഇബ്നു ഖാസിം 3/340 ഫത്ഹുൽ മുഈൻ))

നോമ്പ് നിർബന്ധമില്ലാത്ത നിത്യരോഗിയും വൃദ്ധനും ഫിദ് യ നിർബന്ധമായ സമയം അതു നൽകാൻ കഴിയാത്ത ഫഖീറാണങ്കിലോ?

ഫിദ് യ ഉത്തരവാദിത്വത്തിൽ നിന്നു ഒഴിവാകും. ഫിത്ർ സകാത്തിൻ്റെ ബാധ്യത ഒഴിവാകും പോലെ . ഇക്കാര്യം ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ വിവരിച്ചിട്ടുണ്ട്.പിന്നീട് ആവതുണ്ടായാലും നൽകൽ നിർബന്ധമില്ല.(തുഹ്ഫ:ശർവാനി: 3/340, )

ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണ മാണിത്.

എന്നാൽ ഫഖീറിൻ്റെ ഉത്തരവാദിത്വത്തിൽ സ്ഥിരമാകും. പിന്നീട് ആവതുണ്ടായാൽ നൽകൽ നിർബന്ധമാകുമെന്നാണ് ഇമാം റംലി (റ), ഇമാം ഖത്വീബുശിർബീനി (റ) എന്നിവരുടെ വീക്ഷണം (ശർവാനി: 3/340 ,ഇഖ്തിലാഫുൽ മശാഇഖ്)


നോമ്പ് നിർബന്ധമുള്ളവൻ അതു ഖളാ ആക്കിയാൽ വേഗത്തിൽ ഖളാ വീട്ടണോ?

കാരണം കൂടാതെ ഖളാ ആക്കിയവൻ വേഗത്തിൽ ഖളാ വീട്ടൽ നിർബന്ധമാണ്. (ഖളാഇൻ്റെ കുറ്റം ലഭിക്കുന്നതാണ്.) (കാരണത്തോടെ ഖളാ ആക്കിയവൻ അടുത്ത റമളാനിൻ്റെ മുമ്പ് ഖളാ വീട്ടിയാൽ മതി.) (നി ഹായ: മുഗ് നി ,തുഹ്ഫ: ശർവാനി:3/434)

കാരണം കൊണ്ട് റമളാൻ നോമ്പ് കളാ ആക്കിയവർ ഖളാഇനു സൗകര്യപ്പെടും മുമ്പ് മരണപ്പെട്ടാലോ?
 
അവർ കുറ്റക്കാരാവുകയില്ല. പ്രസ്തുത നോമ്പ് അവകാശികൾ നോറ്റുവീട്ടുകയോ മുദ്ദ് നൽകുകയോ വേണ്ട (തുഹ്ഫ: 3/435)


ഖളാ ആക്കിയവർ വീട്ടാൻ സൗകര്യപെട്ടശേഷം അടുത്ത മളാനിൻ്റെ മുമ്പ് തന്നെ മരണപ്പെട്ടാൽ കുറ്റക്കാരാകുമോ?

അതേ ,കുറ്റക്കാരാവും  അനന്തര സ്വത്തിൽ നിന്നു അവകാശികൾ ഫിദ് യ നൽകണം. (ഒരു നോമ്പിനു ഒരു മുദ്ദ്. ) (തുഹ്ഫ: 3/435)

മുദ്ദ് നൽകാതെ അവകാശികൾ നോമ്പ് ഖളാ വീട്ടിയാൽ പോരെ?

അതേ , അങ്ങനെയുമാവാം. (തുഹ്ഫ: 3/ 437)

മയ്യിത്തിൻ്റെ പേരിൽ മുദ്ദ് നൽകൽ ,അല്ലെങ്കിൽ നോമ്പ് അനുഷ്ഠിക്കൽ എന്നിവ അന്യർക്കു ചെയ്യാമോ?

വലിയ്യിൻ്റ (രക്ഷാകർത്താവ്) സമ്മതത്തോടെ ചെയ്യാം (തുഹ്ഫ: 3/435 ,438)


ഒരാൾക്ക് റമളാൻ നോമ്പ്  നഷ്ടപ്പെട്ടു.തുടർന്നു വർഷങ്ങളോളം ഖളാഇനു സൗകര്യപ്പെടാതെ രോഗിയായി. പിന്നീട് രോഗം സുഖപ്പെട്ടു. ഖളാ വീട്ടി. അവൻ മുദ് നൽകണോ?

നൽകേണ്ടതില്ല.കാരണം കൂടാതെ പിന്തിച്ചാലാണ് മുദ്ദ് നിർബന്ധമാകുക (തുഹ്ഫ: 3/445)

ഖളാഇനു സൗകര്യം ഉണ്ടായിട്ടും അടുത്ത റമളാൻ വരെ ഖളാ വീട്ടാതിരുന്നാലോ?

നോമ്പ് ഖളാ വീട്ടുന്നതിനോടൊപ്പം ഓരോ നോമ്പിനും ഓരോ മുദ് വീതം ( 800 മില്ലി ലിറ്റർ) ഭക്ഷ്യവസ്തു നൽകുകയും വേണം. വർഷങ്ങൾ കൂടുന്നതനുസരിച്ച് മുദ്ദിൻ്റെ എണ്ണം വർദ്ദിക്കും.(തുഹ്ഫ: 3/446)

പ്രസ്തുത മുദ്ദ് സമയമമാൽ ഉടൻ നൽകൽ നിർബന്ധമാണോ?

അതേ ,പിന്തിക്കൽ ഹറാമാണ്.( ശർവാനി: 3)

പത്തു വർഷം മുമ്പുള്ള റമളാൻ നോമ്പ് ഖളാ വീട്ടുന്നവർ ഒരു നോമ്പിനു തന്നെ പത്തു മുദ് നൽകണം.

പത്തു വർഷം കഴിഞ്ഞതിൻ്റെ ശേഷം അവൻ ഖളാ വീട്ടാതെ മരിച്ചാൽ ഓരോ നോമ്പിനും പതിനൊന്ന് മുദ്ദ് നൽകണം.പത്ത് മുദ് പിന്തിച്ചതിൻ്റെ പേരിലും ഒരു മുദ് നോമ്പിനു പകരവും. നോമ്പ് അവകാശികൾ അനുഷ്ഠിക്കുകയാണെന്നിൽ നോമ്പിൻ്റെ മുദ്ദ് ഒഴിവാകും.(തുഹ്ഫ: 3/446)

ഈ വിവരിച്ച മുദ്ദുകൾ ആർക്കാണു നൽകേണ്ടത്?

ഫഖീർ ,മിസ്കീനിനു മാത്രം. സകാത്തു വാങ്ങാൻ അർഹതയുള്ള മറ്റു ആറു വിഭാഗത്തിനു നൽകാവതല്ല.(തുഹ്ഫ:: 3/446)

ഒരാൾക്കു നിർബന്ധമായ എല്ലാ മുദ്ദുകളും ഒരു വ്യക്തിക്കു തന്നെ നൽകാമോ?

അതേ ,നൽകാം.(തുഹ്ഫ: 3/446)

പ്രസ്തുത മുദ്ദുകൾ മറ്റു നാട്ടിലേക്ക് കൊണ്ട് പോയി കൊടുക്കാമോ?

അതേ ,കൊടുക്കാവുന്നതാണ്. നാടുവിട്ടുകൊടുക്കാൻ പാടില്ലന്നത് സകാത്തിൻ്റെ പ്രത്യേകതയാണ്.( ശർവാനി: 3/446)


ഗർഭിണിയും മുലയൂട്ടുന്നവളും റമളാൻ നോമ്പ് ഒഴിവാക്കിയാൽ നോമ്പ് ഖളാ വീട്ടിയാൽ മാത്രം മതിയോ❓

അവർ അവരുടെ ശരീരത്തിൻ്റെ കാര്യത്തിൽ മാത്രം ഭയന്നു നോമ്പ് ഒഴിവാക്കിയാലും സ്വശരീരത്തിൻ്റെ കാര്യത്തിലും കുട്ടിയുടെ കാര്യത്തിലും ഭയന്നു നോമ്പ് ഒഴിവാക്കിയാലും നോമ്പ് ഖളാ വീട്ടിയാൽ മാത്രം മതി.

എന്നാൽ കുട്ടിയുടെ കാര്യത്തിൽ മാത്രം ഭയന്നു നോമ്പ് ഒഴിവാക്കിയാൽ ഖളാഇനു പുറമെ ഓരോ നോമ്പിനും ഓരോ മുദ്ദും നിർബന്ധമാകും (തുഹ്ഫ: 3/442)

കുട്ടി മുലകൊടുക്കുന്ന സ്ത്രീയുടെത് അല്ലെങ്കിലോ❓

എന്നാലും മുകളിൽ വിവരിച്ച നിയമം തന്നെയാണ് (ശർവാനി: 3/441)


വ്യഭിചാരം കൊണ്ട് ഗർഭം ധരിച്ചവളാണങ്കിലോ❓

എന്നാലും വിവരിച്ച നിയമത്തിനു മാറ്റമില്ല (ശർവാനി: 3/441)


മുല കുടിക്കുന്ന കുട്ടി ഒന്നിലധികം ഉണ്ടെങ്കിലോ❓

എത്ര കുട്ടികൾ ഉണ്ടെങ്കിലും നിയമത്തിനു മാറ്റമില്ല.(ശർവാനി: 3/442)


നോമ്പ് പിടിച്ചാൽ സ്വശരീരത്തിനു ബുദ്ധിമുട്ടു വരുമെന്ന് എങ്ങനെയാണ് തീരുമാനിക്കുക❓


നീതിത്വമുള്ള ഒരു മുസ്ലിം ഡോക്ടർ പറയൽ കൊണ്ട് (ശർവാനി: 3/441)

ഗർഭിണിക്കും മുലയൂട്ടുന്നവൾക്കും നിർബന്ധമാകുന്ന മുദ്ദ് ഭർത്താവിൻ്റെ ബാധ്യതയാണോ❓


അല്ല. ഗർഭിണിക്കും മുലയൂട്ടുന്നവൾക്കും അവരുടെ സ്വത്തിൽ നിന്നാണ് നിർബന്ധ ബാധ്യത (ശർവാനി: 3/442)


മറ്റൊരാളെ ഹലാക്കിൽ നിന്നു രക്ഷിക്കാൻ വേണ്ടി നോമ്പ് മുറിക്കേണ്ടി വന്നാൽ  മുറിച്ചവനു ഖളാഇൻ്റ പുറമെ ഫിദ് യ(മുദ്) നിർബന്ധമുണ്ടോ❓ 

അതേ ,നിർബന്ധമാണ് .(തുഹ്ഫ: 3/443)


ഖളാഇൻ്റെ പുറമെ മുദ്ദ് നിർബന്ധമാകാനുള്ള കാരണം❓


മറ്റൊരാളുടെ കാരണത്തിനു വേണ്ടിയാണ് നോമ്പ് മുറിച്ചതെന്നതാണ് കാരണം. ഗർഭിണി ,മുലയൂട്ടുന്നവൾ എന്നിവർക്കും മുദ്ദ് നിർബന്ധമാകുന്ന വേളയിൽ ഈ കാരണം ഉണ്ട് (തുഹ്ഫ: 3/443)

മുദ്ദുകൾ നൽകേണ്ടത് ഫഖീർ ,മിസ്കീനിനാണല്ലോ. മൂന്നു മുദ്ദ് നിർബമായവർ ഒന്നര മുദ്ദ് ഒരാൾക്കും മറ്റേ ഒന്നര മറ്റൊരാൾക്കും നൽകിയാൽ പരിഗണിക്കപ്പെടില്ലന്നു പറയപ്പെടുന്നുണ്ടല്ലോ. വസ്തുതയെന്ത്?


ഓരോ മുദ്ദും പരിപൂർണമായ ഫിദ് യ യാണ്. അതു ചുരുക്കിയാൽ ഫിദ് യ: യായി പരിഗണിക്കില്ല അപ്പോൾ ഒന്നര മുദ്ദ് നൽകിയാൽ അവിടെ ഒരു മുദ്ദ് പരിഗണിക്കും അര പരിഗണിക്കില്ല.

റമളാൻ മാസം കഴിഞ്ഞ ശേഷം  ഒരു മാസത്തെ മുദ്ദുകൾ ഒരുമിച്ച് വാങ്ങി ഒന്നിലധികം ഫഖീറിനു നൽകുമ്പോൾ അര മുദ്ദും മുക്കാൽ മുദ്ദും  വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പൂർണമായ മുദ്ദുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. (തുഹ്ഫ: 3/446 ,നിഹായ :3/198 , മുഗ്നി 2 / 177)

മുദ്ദുകൾ മുഴുവനും ഒരു വ്യക്തിക്കു നൽകലോ  ഓരോ മുദ്ദും വിവിധ വ്യക്തികൾക്കു നൽകലോഏറ്റവും നല്ലത്❓

ഓരോ മുദ്ദും ഓരോരോ വ്യക്തികൾക്കു നൽകലാണു ഏറ്റം പുണ്യം.

ഒരു മിസ്കീനിനു പത്തു ദിവസം വിശപ്പടക്കാൻ ഭക്ഷണം കൊടുക്കുന്നതിനേക്കാൾ പുണ്യം പത്ത് മിസ്കീൻ മാർക്ക് വിശപ്പടക്കാൻ ഭക്ഷണം കൊടുക്കലാണ്.

ഒരാളുടെ പ്രാർത്ഥനയേക്കാൾ മഹത്വമാണ് ഒന്നിലധികം വ്യക്തികളുടെ പ്രാർത്ഥന ( ഹാശിയത്തുന്നിഹായ :3/198)


എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment