Tuesday 5 May 2020

ലൈലത്തുൽ ഖദ്ർ - അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന പുണ്യ രാവ്




بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ (1) وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ (2) لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ (3) تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ (4) سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ (5


1.നിശ്ചയമായും, നാം ഇതിനെ [ഖുര്‍ആനെ] ‘ലൈലത്തുല്‍ഖദ്‌റി’ല്‍ [നിര്‍ണയത്തിന്‍റെ രാത്രിയില്‍] അവതരിപ്പിച്ചിരിക്കുന്നു.

2. ‘ലൈലത്തുല്‍ഖദ്‌ര്‍’ എന്നാലെന്താണെന്ന് നിനക്കു എന്തറിയാം?!

3. ‘ലൈലത്തുല്‍ഖദ്‌ര്‍’ ആയിരം മാസത്തേക്കാള്‍ ഉത്തമമാകുന്നു.

4. മലക്കുകളും,‘റൂഹും’ [ആത്മാവും] അവരുടെ റബ്ബിന്‍റെ ഉത്തരവ് പ്രകാരം അതില്‍ ഇറങ്ങി വരുന്നു; എല്ലാ കാര്യത്തെ സംബന്ധിച്ചും.

5. സമാധാനശാന്തിയത്രെ അതു! പ്രഭാതോദയം വരേക്കുമുണ്ടായിരിക്കും!


ലൈലത്തുല്‍ ഖദ്‌റിനെ പരാമര്‍ശിച്ച് അല്ലാഹു ഒരദ്ധ്യായം തന്നെ അവതരിപ്പിച്ചു. സൂറത്തുല്‍ ഖദ്ര്‍ എന്ന അഞ്ച് സൂക്തങ്ങളുള്ള 97-ാം അധ്യായം. പ്രസ്തുത സൂറത്തിന്റെ ആശയ സംഗ്രഹം: നിശ്ചയം, നാം ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലതുല്‍ ഖദ്ര്‍ എന്താണെന്നാണു തങ്ങള്‍ മനസിലാക്കിയത്. ലൈലതുല്‍ ഖദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ പവിത്രമാണ്. മലക്കുകളും ആത്മാവും (ജിബ്‌രീല്‍) അവരുടെ രക്ഷിതാവിന്റെ അജ്ഞാനുസരണം സകല വിധികളുമായി ആരാവില്‍ ഇറങ്ങും. പ്രഭാതോദയം വരെ ആ രാവ് രക്ഷയാണ്.”

വിശുദ്ധ ഖുര്‍ആന്‍ രണ്ടവതരണമുണ്ട്. ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് പ്രഥമ ആകാശത്തിലെ ബൈതുല്‍ ഇസ്സയിലേക്ക് ഇറക്കിയതാണ് ഒന്നാം ഘട്ട അവതരണം. ഇത് ലൈലതുല്‍ ഖദ്‌റിലായിരുന്നു. ഒറ്റ ഗഡുവായായിരുന്നു ഈ അവതരണം. പിന്നീട് സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് 23 വര്‍ഷങ്ങളിലായി ജിബ്‌രീല്‍ (അ) നബി (സ) ക്ക് ഓതിക്കൊടുത്തതാണ് രണ്ടാമത്തെ അവതരണം. ഇതിന്റെ തുടക്കവും ലൈലതുല്‍ ഖദ്‌റിലാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  (സ്വവി. 4/319, 320)


‘ഖദ്ര്‍ എന്ന അറബി പദത്തിനര്‍ഥം ‘നിര്‍ണയിക്കുക’, ‘കണക്കാക്കുക’ എന്നൊക്കെയാണ്. അപ്പോള്‍ ലൈലത്തുല്‍ ഖദ്ര്‍ എന്നതിന് നിര്‍ണയത്തിന്റെ രാത്രി എന്ന് അര്‍ഥം പറയാം. കാരണം, ഒരു ലൈലത്തുല്‍ ഖദ്ര്‍ മുതല്‍ അടുത്ത ലൈലത്തുല്‍ ഖദ്ര്‍ വരെയുള്ള ജനനം, മരണം, ഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളും അല്ലാഹു മലക്കുകള്‍ക്ക് വേര്‍തിരിച്ച് വെളിവാക്കിക്കൊടുക്കുന്ന രാത്രിയാണത്. ‘ബഹുമാനം’, ‘മഹത്വം’ എന്നീ അര്‍ഥങ്ങളും ‘ഖദ്ര്‍’ എന്ന പദത്തിനുണ്ട്. അപ്പോള്‍ മഹത്വത്തിന്റെ രാവ്, ബഹുമാനത്തിന്റെ രാവ് എന്നൊക്കെയാകും ലൈലത്തുല്‍ ഖദ്ര്‍ എന്നതിന്റെ അര്‍ഥം.

എടുത്തു പറയേണ്ട മറ്റൊരു സവിശേഷത, ലൈലത്തുല്‍ ഖദ്‌റില്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും എന്നതാണ്. പ്രസ്തുത രാത്രിയുടെ മഹത്വവും മലക്കുകളുടെ സാന്നിധ്യവും തന്നെ കാരണം. ലൈലത്തുല്‍ ഖദ്‌റിനെ തുടര്‍ന്ന് വരുന്ന പകലിനും മഹത്വമുണ്ട്.


ആയിരം മാസത്തേക്കാൾ ശ്രേഷ്ഠം എന്ന് ഖുർആൻ പരിചയപ്പെടുത്തിയ നിർണ്ണിത രാവ്.മുസ്‌ലിം ലോകം ഒന്നടങ്കം ആ രാവിനായി കൊതിക്കുന്നു .

എല്ലാ വർഷത്തിലും റമളാൻ മാസത്തിൽ ആ രാവ് നമ്മളിലേക്ക് ആഗതമാകുന്നു.

ഏകദേശം 83 വർഷവും 4 മാസവും . മൂവായിരം രാവും മൂവായിരം പകലും ഇടതടമില്ലാതെ നാഥനിലേക്കു ആരാധന അർപ്പിച്ച മഹത്തായ പ്രതിഫലം ലഭിക്കുമെന്ന് നമ്മൾ പഠിച്ച ആ രാവ് .

ഈ കാലഘട്ടത്തിൽ ഒരു മനുഷ്യൻ 80 വയസ്സ് വരെ ജീവിച്ചിരിക്കുക എന്നത് തന്നെ വലിയ ഭാഗ്യമായി കണക്കാക്കുന്നു. അത്രയും ജീവിച്ചിരുന്നാൽ തന്നെ എത്ര വർഷം നമുക്ക് ഇബാദത്തിലായി കഴിയാൻ സാധിക്കും. ഈ സമയങ്ങളിൽ എത്രയോ വർഷങ്ങൾ നമ്മുടെ വെറുതെ പാഴാകുന്നു.

ഉറക്കത്തിനു വേണ്ടി ഒരു ദിവസം 6 മണിക്കൂറിലധികം ഒരു മനുഷ്യൻ ചുരുങ്ങിയത് ചിലവഴിക്കുന്നു. കളി തമാശകൾ, അനാവശ്യ ചർച്ചകൾ കൂടാതെ മറ്റു പല കാര്യങ്ങൾക്കായി നമ്മുടെ ദിവസങ്ങൾ വെറുതെ പാഴാകുകയാണ് . ഒപ്പം ഓരോ നിമിഷം കഴിയുന്തോറും കബറിലേക്കുള്ള നമ്മുടെ അടുപ്പം കൂടുന്നു എന്ന് .

പറഞ്ഞു വരുന്നത് ആ നിർണ്ണിത രാവ് നമുക്ക് ലഭിക്കുക എന്ന് പറയുന്നത് ഒരു മുസ്ലിമിനെ സംബന്ധിച്ചെടത്തോളം സ്വപ്നത്തിൽ പോലും ലഭിക്കാത്ത അനുഗ്രഹങ്ങളാണ് നാളെ ആഖിറത്തിൽ ആ രാവിന്റെ പേരിൽ മാത്രം കാത്തിരിക്കുന്നത്.പക്ഷെ എല്ലാവർക്കും ഈ രാവിന്റെ പ്രതിഫലം ലഭിക്കില്ല എന്നതാണ് ഇതിനു കാരണം.അത് ലഭിക്കാൻ റബ്ബ് തമ്പുരാന്റെ അപാരമായ അനുഗ്രഹങ്ങൾ നമ്മളിലേക്ക് ചൊരിയണം എന്ന് സാരം .

റൂഹുൽ അമീൻ മലക്ക് ജിബ്‌രീൽ (അ) ഭൂമിയിലേക്ക് ഇറങ്ങിവരുമെന്നു ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞ രാവാണിത്. ഈ രാവിൽ അല്ലാഹുവിനു മാത്രമറിയുന്ന അജ്ഞാതമായ നിഗൂഢമായ അനുഗ്രങ്ങൾ ഈ രാവ് ലഭിച്ചവർക്ക് പെയ്തിറങ്ങുമെന്നു അല്ലാഹുവിന്റെ ഹബീബ് (സ) തങ്ങൾ അരുൾ ചെയ്തിട്ടുണ്ട് .

സൂറത്തുല്‍ ഖദ്‌റിന്റെ ആശയം ഇതാണ്: ‘പ്രസ്തുത രാവില്‍ അല്ലാഹുവിന്റെ അനുമതിയോടെ മാലാഖമാരും ജീബ്‌രീല്‍(അ) മും ഭൂമിയിലേക്കിറങ്ങും. പ്രഭാതം പൊട്ടിവിടരുന്നത് വരെ അത് സമാധാനമായിരിക്കും.’

അല്ലാഹുവിന്റെ അനുമതിയോടെ വാനലോകത്ത് നിന്ന് ഇറങ്ങിവരുന്ന മലക്കുകളുടെ നേതാവ് ജിബ്‌രീല്‍(അ) ആയിരിക്കും. മരിച്ചവരുടെ ആത്മാവുകള്‍ അന്ന് ഭൂമിയില്‍ ഇറങ്ങിവരുമെന്നും ഖുര്‍ആന്‍ പഠിപ്പിച്ച ‘റൂഹ് ഇറങ്ങിവരു’മെന്നതുകൊണ്ട് വിവക്ഷ അതാണെന്നും ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു. അതുകൊണ്ടു തന്നെയാണ് മരിച്ച ബന്ധുക്കളുടെ ഖബര്‍ സിയാറത്ത് അന്ന് ചെയ്തുപതിവുള്ളത്. അവര്‍ക്കു വേണ്ടി പ്രാര്‍ഥന നടത്തുന്നതും.

റമളാനിന്റെ അവസാന പത്തിൽ നിങ്ങളാ രാവിനെ തിരഞ്ഞു കൊള്ളുക . ഇന്നാലിന്ന രാത്രിയാണ് എന്ന് വ്യക്തമാക്കി തന്നിട്ടില്ല . കൂടാതെ അവസാന പത്തിലെ ഒറ്റയായ രാവിനെ നിങ്ങൾ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ചു കൊള്ളുക എന്നുള്ള വചനവും മുസ്ലിം ഉമ്മത്തു ആ രാവുകൾക്കു കൂടുതൽ പ്രാമുഖ്യം നൽകുന്നു

ലൈലത്തുൽ ഖദ്റിനെ 27 ആം രാവെന്നു പലരും വിളിക്കുന്നു . പക്ഷെ ആർക്കും യാതൊരുറപ്പുമില്ല ആ രാത്രി തന്നെയാണ് ലൈലത്തുൽ ഖദ്ർ എന്നുള്ളത്. പിന്നെ എന്ത് കൊണ്ട് അങ്ങനെ വിളിക്കുന്നു എന്ന് ചോദിച്ചാൽ പല മഹാന്മാരായ മുൻഗാമികളും റമളാനിന്റെ 27 ആം രാവിൽ ലൈലത്തുൽ ഖദ്റിന്റെ അനുഗ്രഹം ലഭിക്കാൻ സാധ്യത കൂടുതലാണ് എന്ന് അവരുടെ കിതാബുകളിലൂടെ നമുക്ക് വ്യക്തമാക്കി തരുന്നു .

ഇരുപത്തിയേഴാം രാവാണ് ലൈലത്തുല്‍ ഖദ്ര്‍ ആകാന്‍ കൂടുതല്‍ സാധ്യതയുള്ളതെന്ന് നിരവധി പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആനില്‍ തന്നെ വ്യംഗ്യമായി അതിലേക്ക് സൂചനയുണ്ടെന്ന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു അബ്ബാസ്(റ) പറയുന്നു. ഉമര്‍(റ) ഒരിക്കല്‍ ഇബ്‌നു അബ്ബാസ്(റ)വിനോട് ചോദിച്ചു: ‘ലൈലത്തുല്‍ ഖദ്ര്‍ ഏത് രാവില്‍ സംഭവിക്കുമെന്നാണ് താങ്കളുടെ അഭിപ്രായം?’. മഹാനവര്‍കള്‍ പറഞ്ഞു: ‘ഇരുപത്തിയേഴാം രാവില്‍’.

ഇമാം മുസ്നി, ഇബ്നു ഖുസൈമ, ഇമാം നവവി(റ) തുടങ്ങിയവര്‍ ഓരോ വര്‍ഷവും മാറിമാറി വരും എന്ന അഭിപ്രായക്കാരാണ്.

ലൈലത്തുല്‍ ഖദ്ര്‍ എല്ലാ വര്‍ഷവും ഒരേ രാവ് തന്നെയാകണമെന്നില്ലെന്നും അത് വര്‍ഷം തോറും മാറി മാറി വരുന്നതാണെന്നുമാണ് ഇമാം നവവി (റ) അടക്കമുള്ള ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം.

മേല്‍പ്പറഞ്ഞ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഇമാം ഗസ്സാലി(റ)വും മറ്റും പറയുന്നു: ‘ റമസാനിലെ ഒന്നാം ദിനം നോക്കി നമുക്ക് ലൈലത്തുല്‍ ഖദ്‌റിനെ മനസ്സിലാക്കാവുന്നതാണ്. റമസാന്‍ ഒന്ന് ഞായറാഴ്ചയോ ബുധനാഴ്ചയോ ആയാല്‍ ലൈലത്തുല്‍ ഖദ്ര്‍ ഇരുപത്തിയൊന്‍പതാം രാവായിരിക്കും. തിങ്കളാഴ്ചയായാല്‍ 21-ാം രാവ്, ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ആയാല്‍ ഇരുപത്തയേഴാം രാവ്, വ്യാഴാഴ്ചയായാല്‍ ഇരുപത്തിയഞ്ചാം രാവ്, ശനിയാഴ്ച ഒന്ന് വന്നാല്‍ ഇരുപത്തി മൂന്നാം രാവ് എന്നിങ്ങനെയായിരിക്കും ലൈലത്തുല്‍ ഖദ്ര്‍ സംഭവിക്കുക.


ഈ രാത്രി ഏതെന്നു വ്യക്തമാക്കാത്തതിന്റെ മറ്റൊരു കാരണം , അലസൻമാരായ പലരും ആ രാവ് മനസ്സിലായാൽ ആ രാവ് മാത്രം പ്രതീക്ഷിച്ചു കർമ്മങ്ങളിൽ മുഴുകും . മറ്റു ദിവസങ്ങൾ അലസമായി വിട്ടു കളയുകയും ചെയ്തേക്കാം.

നമുക്ക് ലൈലതുല്‍ ഖദ്ര്‍ എന്നാണെന്നതിന് ഖണ്ഡിതമായ ഒരു തീരുമാനം കുറിക്കല്‍ പ്രയാസമാണ്. നാല്‍പതില്‍പരം അഭിപ്രായങ്ങള്‍ ഇതില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഓരോ വര്‍ഷവും റമളാന്‍ അവസാനത്തെ പത്ത് ദിവസങ്ങളില്‍ ഒറ്റയായ ഏതെങ്കിലും ഒരു ദിവസത്തിലാകും എന്നതാണ് ഏറ്റവും പ്രബലം. ഉമറുബ്നുല്‍ ഖത്വാബ്(റ), ഇബ്നു അബ്ബാസ്(റ), ഉബയ്യ്ബ്നു കഅബ്(റ) എന്നീ സ്വഹാബികളും കൂടുതല്‍ പണ്ഡിതന്മാരും ഇരുപത്തി ഏഴിന്റെ രാത്രിയിലാണ് എന്ന പക്ഷക്കാരാണ്.

ഇതിന്റെ മാനദണ്ഡമായി അവര്‍ പറയുന്നു: ലൈലതുല്‍ ഖദ്ര്‍ എന്ന പദം മേല്‍ പറഞ്ഞ സൂറത്തില്‍ മൂന്ന് പ്രാവശ്യമാണ് പറഞ്ഞിട്ടുള്ളത്. ലൈലതുല്‍ ഖദ്ര്‍ എന്ന പദത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. അതിനാല്‍ മൂന്ന് പ്രാവശ്യം പറഞ്ഞതിന്റെ ആകെ അക്ഷരങ്ങള്‍ ഇരുപത്തിയേഴാണ്.

പ്രശസ്ത സ്വൂഫിവര്യന്‍ അബൂയസീദുല്‍ ബിസ്ത്വാമി(റ) മൂന്ന് പ്രാവശ്യം ലൈലതുല്‍ ഖദ്റിനെ നേരിട്ടിട്ടുണ്ട്. ഇത് മൂന്നും ഇരുപത്തി ഏഴിനാണ്.

ആ രാവ് ഏതെന്നു വ്യക്തമാകാത്ത നിലയ്ക്ക് പ്രതിഫലം ആഗ്രഹിക്കുന്നവർ റമളാനിന്റെ എല്ലാ രാവിനെയും ജീവിപ്പിക്കാൻ പരമാവധി പരിശ്രമിക്കും.അത് വഴി ആ രാവിനെ അവർക്കു എത്തിപ്പിടിക്കാനാകും. അലസന്മാർക്കു ആ രാവും അലസതയിൽ തന്നെ കഴിഞ്ഞു പോകുകയും ചെയ്യും .

ലൈലത്തുല്‍ ഖദ്‌റിന്റെ ദിവസം കൃത്യമായി നബി(സ) തങ്ങള്‍ക്ക് വിവരം നല്‍കപ്പെട്ടിരുന്നു. പക്ഷേ, അത് സഹാബികളെ അറിയിക്കുന്നതിനായി അവിടുന്ന് പുറത്തിറങ്ങിയപ്പോള്‍ യാദൃച്ഛികമായി രണ്ട് സഹാബികള്‍ തര്‍ക്കിക്കുന്നത് കാണാനിടയായി. തര്‍ക്കത്തിന് പരിഹാരം നിര്‍ദേശിച്ച് ഒത്തുതീര്‍പ്പാക്കിയപ്പോഴേക്കും നിശ്ചിത ദിവസം നബി(സ) തങ്ങള്‍ക്ക് മറപ്പിക്കപ്പെടുകയായിരുന്നു. സാമ്പത്തികമായ എന്തോ ഇടപാടിന്റെ വിഷയത്തില്‍ കഅ്ബുബിന് മാലിക്(റ), അബ്ദുല്ലാഹിബിന് അബീഹദ്‌റദ്(റ) എന്നിവര്‍ തമ്മിലായിരുന്നു തര്‍ക്കം. തര്‍ക്കവും കുഴപ്പവും കാരണം, ഗുണകരമായ പല വിജ്ഞാനങ്ങളും നഷ്ടപ്പെടാമെന്ന പാഠമാണ് ഈ സംഭവം നമുക്ക് നല്‍കുന്നത്.

ഉബാദത്(റ) പറയുന്നു: ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന് ഞങ്ങളെ അറിയിക്കുന്നതിനായി നബി(വീട്ടില്‍ നിന്ന്) പുറത്തുവന്നു. അപ്പോഴതാ മുസ്‌ലിംകളില്‍ പെട്ട രണ്ട് പേര്‍ തര്‍ക്കിക്കുന്നു. നബി(സ) പറഞ്ഞു: ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ച് നിങ്ങള്‍ക്ക് വിവരം നല്‍കാനാണ് ഞാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. അപ്പോള്‍ രണ്ട് പേര്‍ തമ്മില്‍ വഴക്കുണ്ടായി. അത് കാരണം, ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന വിജ്ഞാനം ഉയര്‍ത്തപ്പെട്ടു. ഒരുപക്ഷേ, അത് (നിശ്ചിത ദിവസമാണെന്ന അറിവ് ലഭിക്കാത്തത്) നിങ്ങള്‍ക്ക് ഗുണകരമായേക്കാം. അതുകൊണ്ട് നിങ്ങള്‍ 25, 27, 29 രാവുകളില്‍ അതിനെ അന്വേഷിച്ചുകൊള്ളുക. (ബുഖാരി, മുസ്‌ലിം റഹ്)


ഒരിക്കൽ ആയിഷ ബീവി (അ) ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ (സ) ലൈലത്തുൽ ഖദ്ർ ഇന്ന രാതിയാണെന്നു എനിക്ക് ബോധ്യപ്പെട്ടാൽ ഞാൻ എന്ത് ചെയ്യണം

عن عائشة رضي الله عنها قالت، قلت يا رسول الله أرأيت إن علمت اي ليلة ليلة القدر ما اقول فيها ؟

قال : قولي "اللهم إنك عفو تحب العفو فأعف عني"

‘അല്ലാഹുവേ, നീ കൂടുതല്‍ മാപ്പ് നല്‍കുന്നവനാണ്. എനിക്ക് നീ മാപ്പ് നല്‍കേണമേ’ എന്ന അര്‍ഥം വരുന്ന പ്രാര്‍ഥന ചൊല്ലാനാണ് നബി ആഇശാ ബീവിയോട് നിര്‍ദേശിച്ചത്.


നബി(സ) പറയുന്നു: ‘ആരെങ്കിലും ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി നിന്ന് നിസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ എല്ലാ(ചെറു) ദോഷങ്ങളും പൊറുക്കപ്പെടുന്നതാണ്.’ പ്രസ്തുത രാവിലെ ജമാഅത്ത് നിസ്‌കാരത്തിനും വലിയ പവിത്രതയുണ്ട്. റമസാന്‍ മുഴുവന്‍ മഗ്‌രിബും ഇശാഉം ജമാഅത്തായി നിസ്‌കരിച്ചാല്‍ ലൈലത്തുല്‍ ഖദ്‌റിന്റെ പ്രതിഫലത്തിന്റെ ഗണ്യമായ ഒരു ഭാഗം അവന് ലഭിക്കും.

എടുത്തു പറയേണ്ട മറ്റൊരു സവിശേഷത, ലൈലത്തുല്‍ ഖദ്‌റില്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും എന്നതാണ്. പ്രസ്തുത രാത്രിയുടെ മഹത്വവും മലക്കുകളുടെ സാന്നിധ്യവും തന്നെ കാരണം. ലൈലത്തുല്‍ ഖദ്‌റിനെ തുടര്‍ന്ന് വരുന്ന പകലിനും മഹത്വമുണ്ട്.


‘സലാം’ അഥവാ, സമാധാനമാണ് ലൈലത്തുല്‍ ഖദ്‌റിന്റെ മറ്റൊരു പ്രത്യേകത. അന്ന് ആകാശലോകത്ത് നിന്ന് (അല്ലാഹുവിന്റെ പ്രത്യേക) ശാന്തിയും സമാധാനവും അനുഗ്രഹവും വര്‍ഷിക്കും. വാനലോകത്ത് നിന്ന് ഇറങ്ങിവരുന്ന മലക്കുകള്‍ സത്യവിശ്വാസികള്‍ക്ക് സലാം പറഞ്ഞുകൊണ്ടിരിക്കും. പ്രഭാതം വരെ അത് തുടരും.

ഒരു വര്‍ഷം ഭൂമിയില്‍ നടപ്പില്‍ വരുത്താനായി അല്ലാഹു മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ മലക്കുകള്‍ക്ക് വെളിപ്പെടുത്തുകയും അവരെ ഏല്‍പ്പിക്കുകയും ചെയ്യുന്ന രാവ് കൂടിയാണ് ലൈലത്തുല്‍ ഖദ്ര്‍. ഇത് ബറാഅത്ത് രാവിലാണെന്നും അഭിപ്രായമുണ്ട്.

ലൈലത്തുൽ ഖദ്റിന്റെ അടയാളങ്ങൾ 

ആ ദിവസത്തിൽ ചൂട് , തണുപ്പ് , മേഘം , മഴ , കാറ്റ് ഇവകളൊന്നും ഉണ്ടാകുന്നതല്ല . നക്ഷത്രങ്ങളെക്കൊണ്ട് ശൈത്താന്മാരെ എറിയപ്പെടുന്നതുമല്ല.സൂര്യൻ ഉദിച്ചാൽ അധികവും , ശക്തവുമായ കിരണങ്ങൾ ഉണ്ടാകുന്നതല്ല. കാരണം ആകാശത്തു നിന്ന് ഇറങ്ങുന്നതും , കയറുന്നതുമായ മലക്കുകളുടെ പ്രകാശത്താൽ മങ്ങലുണ്ടാകുന്നു. 

ശുഅബി (റ) പറയുന്നു : സ്വഭാവത്തിൽ അന്നത്തെ പകൽ ആ ദിവസത്തെ രാത്രിപോലെയാകുന്നു. 

ലൈലതുല്‍ ഖദ്‌റില്‍ നായകളുടെ കുരയും കഴുതകളുടെ അലര്‍ച്ചയും വിരളമായിരിക്കും. കടല്‍ വെള്ളത്തില്‍ അമ്ലസാന്ദ്രത ലഘുവായിരിക്കും. ജീവജാലങ്ങള്‍ അല്ലാഹുവിന് അവരുടെ പ്രകൃതിയില്‍ ദ്ക്‌റും സാംഷ്ടാംഗവും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും കാണാം. മറ്റു ദിനങ്ങളെ പോലെ അന്നത്തെ സൂര്യോദയം പിശാചിന്റെ കൊമ്പുകള്‍ക്കിടയിലൂടെയായിരിക്കില്ല. (സ്വാവി 4/322)


നാല് കൂട്ടർക്ക് ഈ രാവിൽ അനുഗ്രഹങ്ങളെ ലഭിക്കില്ല 

നിത്യം കള്ളുകുടിക്കുന്നവൻ 

മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവൻ 

രക്ത ബന്ധം മുറിക്കുന്നവൻ 

തന്റെ സഹോദരനോട് മൂന്നു ദിവസത്തിൽ കൂടുതൽ പിണങ്ങി ഇരിക്കുന്നവൻ


ലൈലതുല്‍ ഖദ്ര്‍ ലഭിക്കാത്തവര്‍

ഖദ്ര്‍ രാവിന്റെ പുണ്യത്തെക്കുറിച്ച് ആലൂസി ഉദ്ധരിക്കുന്നതിങ്ങനെ. അന്ന് അല്ലാഹുവിന്റെ കാരുണ്യത്തെ ജിബ്‌രീല്‍ (അ) ഓഹരി ചെയ്യും. ജീവിച്ചിരിപ്പുള്ള വിശ്വാസികള്‍ക്കെല്ലാം വിഹിതം നല്‍കിയാലും അത് ശേഷിക്കും. അപ്പോള്‍ ജിബ്‌രീല്‍ അല്ലാഹുവിനോട്, നാഥാ ബാക്കിയുള്ള റഹ്മത് എന്തു ചെയ്യണമെന്നന്വേഷിക്കും. മുഹമ്മദ് നബി (സ)യുടെ സമുദായത്തില്‍ നിന്ന് മരണപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കാന്‍ ആജ്ഞലഭിക്കും. അവര്‍ക്ക് വീതിച്ച ശേഷവും അത് അവശേഷിക്കും. ജിബ്‌രീല്‍ മുന്‍ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ അവിശ്വാസികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അല്ലാഹു കല്‍പിക്കും. അങ്ങനെ ആ രാവില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ വിഹിതം ലഭിച്ച അമുസ്‌ലിംകളാണ് പിന്നീട് സത്യവിശ്വാസികളായി മരണപ്പെടുന്ന സൗഭാഗ്യവാന്മാര്‍. (റൂഹുല്‍ മആനി 30/196).

ബൈഹഖി, ഇബ്‌നുഹിബ്ബാന്‍ ഉദ്ധരിച്ച ഹദീസില്‍ ലൈലതുല്‍ ഖദ്ര്‍ ലഭിക്കാത്ത നാലു വിഭാഗത്തെ പരിചയപ്പെടുത്തുന്നത് കാണാം. സുദീര്‍ഘമായ ഒരു ഹദീസില്‍ നബി (സ) പറയുന്നു. ”പ്രഭാതമായാല്‍ തിരിച്ചുപോകാന്‍ സമയമായി എന്ന് മലക്കുകളോട് ജിബ്‌രീല്‍ (അ) പറയും. അവര്‍ തയ്യാറായിനില്‍ക്കും. എന്നിട്ടവര്‍ ജിബ്‌രീലിനോടാരായും. ‘മുഹമ്മദ് (സ)യുടെ സമുദായത്തിന്റെ കാര്യത്തില്‍ അല്ലാഹു എന്താണു തീരുമാനിച്ചത്.?’ ജിബ്‌രീലിന്റെ മറുപടി ഈ രാവില്‍ അല്ലാഹു അവര്‍ക്ക് കാരുണ്യം വര്‍ഷിച്ചിരിക്കുന്നു. എല്ലാവര്‍ക്കും മാപ്പു നല്‍കാനും തീരുമാനിച്ചിരിക്കുന്നു. 

നാലു വിഭാഗങ്ങള്‍ക്കൊഴികെ ഹദീസ് ശ്രവിച്ച സ്വഹാബികള്‍ നബി (സ)യോട് ചോദിച്ചു. ഭാഗ്യഹീനരായ അവര്‍ ആരാണ് റസൂലേ? നബി (സ) പറഞ്ഞു: സ്ഥിരമായി മദ്യപിക്കുന്നവര്‍, മാതാപിതാക്കളെ പീഡിപ്പിക്കുന്നവര്‍, കുടുംബ ബന്ധം വിച്ഛേദിക്കുന്നവര്‍, കാപട്യവും കുശുമ്പും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍, എന്നിവരാണ് ആ നാലു വിഭാഗക്കാര്‍.”


മലക്കുകളും , റൂഹുകളും ഇറങ്ങും എന്ന് പറഞ്ഞതിലുള്ള അഭിപ്രായങ്ങൾ  

14 ലോളം അഭിപ്രായങ്ങൾ പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്

1) ജിബ്‌രീൽ (അ) ഇറങ്ങുമെന്നാണ് . കാരണം ഒരുമ്മ പ്രസവിക്കാതെ തന്നെ "കുൻ" നീ ഉണ്ടാകുക , എന്ന വാക്കിനാൽ ഉണ്ടായത് കാരണം ജിബ്‌രീൽ (അ) നു റൂഹ് എന്ന് നാമകരണം ചെയ്യപ്പെട്ടു  

2) റൂഹ് എന്ന് പറഞ്ഞാൽ അർശിന്‌ താഴ്ഭാഗത്തുള്ള ഒരു മാലിക്കിന്റെ നാമമാകുന്നു. ആ മലക്കിന്റെ






സൂറത്തിന്റെ അവതരണ പശ്ചാത്തലം 









ഇബ്നു അബ്ബാസ്(റ)നെ തൊട്ട് നിവേദനം. ജിബ്രീല്‍ നബി സന്നിധിയില്‍ വന്ന് ഒരു ദാസനെ സംബന്ധിച്ച് ഉണര്‍ത്തി. ശംഊനുല്‍ ഗാസി എന്നാണ് അദ്ദേഹത്തിന്റെ നാമം. സംഭവം ഇപ്രകാരമാണ്. ഒരു ഒട്ടകത്തിന്റെ താടിയെല്ലുമായി മാത്രം ആയിരം മാസത്തോളം ദീനിന്റെ വിരോധികളുമായി ഏറ്റുമുട്ടി. ശത്രുപക്ഷം പല ഗൂഢ തന്ത്രങ്ങളും മെനഞ്ഞെങ്കിലും അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതിന് പോംവഴി ആരാഞ്ഞ ശത്രുക്കള്‍ അദ്ദേഹത്തിന്റെ ഭാര്യയെ സമീപിച്ചു. ആ സ്ത്രീയോട് പറഞ്ഞു: നിന്റെ ഭര്‍ത്താവിനെ കൊന്നാല്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ നിനക്ക് നല്‍കാം. പാരിതോഷികത്തില്‍ അവള്‍ക്ക് ആഗ്രഹം ഉണ്ടെങ്കിലും തന്റെ നിസ്സഹായത വെളിവാക്കി. അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ എനിക്ക് സാധ്യമാവുകയില്ല.

എങ്കില്‍ നീ ഞങ്ങളെ സഹായിക്കണം. ശരി. ഇതാ ഈ കയറ് കൊണ്ട് ശംഊന്‍ ഉറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് തരണം. ഞങ്ങള്‍ കൊന്നുകൊള്ളാം. അപ്രകാരം അവള്‍ തീരുമാനിച്ചു. ഉറങ്ങിക്കൊണ്ടിരിക്കുന്ന ശംഊനിന്റെ കൈകാലുകള്‍ കെട്ടിമുറുക്കി കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ഉണര്‍ന്നു.

ആരാണ് എന്നെ ബന്ധനസ്ഥനാക്കുന്നത്?

കാപട്യം നിറഞ്ഞ പുഞ്ചിരിയുമായി അവള്‍ പറഞ്ഞു: ഞാന്‍ നിങ്ങളുടെ ആരോഗ്യം പരിശോധിക്കുകയാണ് തുടര്‍ന്ന് ശംഊന്‍ തന്റെ രണ്ടു കൈകള്‍ വീശിയപ്പോള്‍ ആ വടം കഷ്ണങ്ങളായി മുറിഞ്ഞു. ശത്രുക്കള്‍ അവള്‍ക്ക് പിന്നീട് നല്‍കിയത് ചങ്ങലയായിരുന്നു. അത് ഉപയോഗിച്ച് ശംഊനിനെ ബന്ധനസ്ഥനാക്കി കൊണ്ടിരിക്കെ അദ്ദേഹം ഉണര്‍ന്നു. ഈ അവസരത്തിലും വഞ്ചന ഉള്ളിലൊതുക്കി അവള്‍ പഴയ മറുപടി തന്നെ പറഞ്ഞു. ശംഊന്‍ ഒന്ന് നിവര്‍ന്നപ്പോള്‍ ചങ്ങലയും പൊട്ടിത്തെറിച്ചുപോയി. എന്നിട്ട് ആ സ്ത്രീയോട് പറഞ്ഞു. ഞാന്‍ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരില്‍ പെട്ടവനാണ്. എന്നെ പരാജയപ്പെടുത്താന്‍ എന്റെ ശിരസ്സിലുള്ള മുടികള്‍ക്കല്ലാതെ ഭൂമിയിലുള്ള മറ്റൊരു വസ്തുവിനും കഴിവില്ല. ഇത് മനസ്സിലാക്കിയ അവള്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന ശംഊനിന്റെ ശിരസ്സില്‍ നിന്ന് ഏതാനും മുടികള്‍ കരസ്ഥമാക്കി. പിന്നീട് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന ശംഊന്‍ കണ്ടത് തന്റെ കൈകാലുകള്‍ മുടികളുപയോഗിച്ച് കെട്ടിയ കാഴ്ചയാണ്.

ആരാണ് എന്നെ കെട്ടിയത്?

അവളുടെ മറുപടി പഴയതില്‍ നിന്നും വ്യത്യാസമില്ല. നിങ്ങളുടെ ശക്തി പരിശോധിക്കാന്‍ ഞാനാണ് കെട്ടിയത്. ഉടനെ കെട്ട് പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. അവസരം നഷ്ടപ്പെടുത്താതെ അവള്‍ ശത്രുക്കള്‍ക്ക് വിവരം നല്‍കി. ശംഊനിനെ വകവരുത്താന്‍ തീരുമാനിച്ചു. ആവേശത്തോടെ അവര്‍ ഓടിയടുത്തു. അദ്ദേഹത്തെ കൊണ്ട് പോയി കെട്ടിടത്തിന്റെ തൂണുമായി ചേര്‍ത്തുകെട്ടി. ശംഊനിന്റെ ചെവി, കണ്ണ്, ചുണ്ട്, നാവ്, കൈകാലുകള്‍ മുതലായവയെല്ലാം ഛേദിക്കപ്പെട്ടു. ശത്രുക്കള്‍ കെട്ടിടത്തിലിരുന്ന് സന്തോഷം പങ്കുവെക്കുകയാണ്. വേദനയില്‍ പുളയുന്ന ശംഊനിന് നാഥന്റെ സന്ദേശം ലഭിച്ചു: “നിങ്ങള്‍ ഉദ്ദേശിക്കുന്നത് ആവശ്യപ്പെടാം.’

ശംഊന്‍ നാഥനോട് പ്രാര്‍ത്ഥിച്ചു: നാഥാ! ഈ കെട്ടിടത്തിന്റെ തൂണ് ചലിപ്പിക്കാനുള്ള ആരോഗ്യം നല്‍കിയാലും. അല്ലാഹു പ്രാര്‍ത്ഥന സ്വീകരിച്ചു. സന്തോഷം പങ്കിട്ടുകൊണ്ടിരിക്കുന്ന ശത്രുക്കളുടെ തലക്ക് മീതെ കെട്ടിടം പൊളിഞ്ഞുവീണു. അതില്‍ പെട്ട് ശംഊനിന്റെ ഭാര്യയടക്കം എല്ലാവരും നശിച്ചു. അത്ഭുതകരമാം വിധം ശംഊനിനെ നാഥന്‍ രക്ഷിച്ചു. മാത്രമല്ല, ശത്രുക്കള്‍ മുറിച്ചുമാറ്റിയ അവയവങ്ങളെല്ലാം അദ്ദേഹത്തിന് തിരിച്ചുനല്‍കി. വീണ്ടും ആയിരം മാസം കൂടി അദ്ദേഹം ജീവിച്ചു. രാത്രിയില്‍ നിസ്കാരവും പകല്‍ മുഴുവന്‍ വ്രതാനുഷ്ഠാനത്തിലുമായാണ് ജീവിച്ചത്.

ചരിത്രം ശ്രവിച്ച സ്വഹാബികളുടെ നയനങ്ങളില്‍ നിന്ന് കണ്ണുനീര്‍ ഒലിക്കാന്‍ തുടങ്ങി. ആയുസ്സിന്റെ ദൈര്‍ഘ്യം കുറഞ്ഞ ഞങ്ങള്‍ക്ക് ഇതുപോലോത്ത പ്രതിഫലം കരസ്ഥമാക്കാന്‍ കഴിവില്ലല്ലോ എന്ന വിഷമമാണ് അവരെ പിടികൂടിയത്. ഇതിന് ഒരു പരിഹാരമെന്നോണമാണ് ഈ പുണ്യരാത്രിയെ ഈ സമുദായത്തിന് നാഥന്‍ നല്‍കിയത്.


ലൈലത്തുൽ ഖദ്ർ രാത്രിയിൽ മലക്കുകൾ ഭൂമിയിൽ എങ്ങനെ ഇറങ്ങും 








മലക്കുകളുടെ ഇറക്കം

ലൈലതുല്‍ ഖദ്‌റിന്റെ സവിശേഷതകളിലൊന്നായി ഖുര്‍ആന്‍ സുവിശേഷമറിയിക്കുന്നത് വാനലോകവാസികളായ മാലാഖമാരുടെ ഭൗമലോകത്തേക്കുള്ള ആഗമനത്തെ കുറിച്ചാണ്. ആരാണ് മലക്കുകള്‍? പ്രകാശം കൊണ്ടാണ് മലക്കുകളെ അല്ലാഹു സൃഷ്ടിച്ചത്. സ്ത്രീ- പുരുഷ- ലിംഗവിശേഷണങ്ങള്‍ക്ക് അതീതരും അമാന്യമല്ലാത്ത ഏത് രൂപം സ്വീകരിക്കാനും കഴിയുന്നവരുമാണ് അവര്‍. അല്ലാഹു അജ്ഞാപിച്ചതെന്തും അവര്‍ അനുസരിക്കും. അതിനെതിരില്‍ പ്രവര്‍ത്തിക്കുകയുമില്ല. അന്നപാനം, വികാര-വിസര്‍ജന കര്‍മങ്ങളെ തൊട്ടെല്ലാം ശുദ്ധരുമാണവര്‍.

മലക്കുകളുടെ ഇറക്കത്തെ കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എന്തു പറയുന്നുവെന്നു നോക്കാം. ശൈഖ് അഹ്മദ്ബ്‌നു മുഹമ്മദുസ്വാവി (റ) പറയുന്നു. ”മലക്കുകള്‍ കൂട്ടം കൂട്ടമായി ഇറങ്ങിവരും. ഒരു വിഭാഗം ഇറങ്ങിവരുമ്പോള്‍ നേരത്തെ വന്നവര്‍ വാനലോകത്തേക്കു മടങ്ങും. ഹദീസുകളില്‍ കാണാം. ലൈലതുല്‍ ഖദ്‌റില്‍ സിദ്‌റതുല്‍ മുന്‍തഹാ വാസികളായ മാലാഖമാര്‍ ഇറങ്ങിവരും. അവരുടെ കൂടെ ജിബ്‌രീലു(അ)മുണ്ടാവും. വിശിഷ്ടങ്ങളായ നാലു പതാകകള്‍ ജിബ്‌രീല്‍ വഹിക്കുന്നുണ്ടാവും. അതിലൊന്ന് നബി (സ)യുടെ റൗളയില്‍ നാട്ടും. രണ്ടാമത്തേത് ഫലസ്ഥീനിലെ ബൈതുല്‍ മുഖദ്ദസിന്റെ മുകളിലും. മൂന്നാമത്തേത് മസ്ജിദുല്‍ ഹറാമിന്റെ മുകളിലും നാലാമത്തേത് തൂരിസീനാ പര്‍വ്വതത്തിലുമാണ് നാട്ടുക. വിശ്വാസികള്‍ താമസിക്കുന്ന വീടുകള്‍ കുന്നൊഴിയാതെ ജിബ്‌രീല്‍ (അ) സന്ദര്‍ശിക്കുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യും. മദ്യാപാനി, കുടുംബ ബന്ധം മുറിച്ചവര്‍, പന്നിമാംസംഭോജി എന്നിവര്‍ക്ക് ജിബ്‌രീല്‍ സലാം ചൊല്ലുകയില്ല. (സ്വാവി 4/321)

ഇമാം റാസി (റ) കഅ്ബ് (റ)നെ ഉദ്ധരിച്ച് വിശദീകരിക്കുന്നതിങ്ങനെ: സിദ്‌റതുല്‍ മുന്‍തഹാ നിവാസികളായ മലക്കുകളെല്ലാം മുഅ്മിനീങ്ങള്‍ക്ക് സ്‌നേഹവും കാരുണ്യവും ചൊരിഞ്ഞു കൊണ്ട് ജിബ്‌രീലുമൊത്ത് ലൈലതുല്‍ ഖദ്‌റില്‍ ആഗതമാവും. ഭൂമിയിലെമ്പാടും അല്ലാഹുവിന് സുജൂദും റുകൂഉം ചെയ്ത് കൊണ്ട് വിശ്വാസികള്‍ക്കായി അവര്‍ പ്രാര്‍ഥിക്കും. ജിബ്‌രീല്‍ (അ) എല്ലാ വിശ്വാസികളുടെയും കരം ചുംബിക്കുകയും ജിബ്‌രീലിന്റെ ഹസ്തദാനം ലഭിച്ചവരുടെ ശരീരം ആനന്ദ തുന്ദിലമണിയുകയും ചെയ്യും. അവരുടെ ഹൃത്തടം ആര്‍ദ്രമാവുകയും നയനങ്ങള്‍ ഈറനണിയുകയും ചെയ്യും.

ലൈലതുല്‍ ഖദ്‌റിനെ ഭൂമിയിലെ വിശ്വാസികള്‍ എങ്ങനെ ആരാധനകള്‍കൊണ്ട് ധന്യമാക്കായെന്ന് മലക്കുകള്‍ തിരിച്ച് ചെല്ലുമ്പോള്‍ സിദ്‌റതുല്‍ മുന്‍തഹാ അന്വേഷിക്കും. അതിനെ വരവേറ്റ ഓരോ സ്ത്രീയുടെയും പുരുഷന്റെയും നാമങ്ങളും പിതൃനാമങ്ങളും അടക്കം മലക്കുകള്‍ വ്യക്തമാക്കും. ഈ വിവരമറിയുമ്പോള്‍ സ്വര്‍ഗം പ്രാര്‍ത്ഥിക്കും. ”അല്ലാഹുവേ, അവരെ എത്രയും പെട്ടെന്ന് എന്നിലേക്ക് പ്രവേശിപ്പിക്കേണമേ യെന്ന്. അപ്പോള്‍ മലക്കുകള്‍ പറയും ആമീന്‍.” (റാസി 32/34).

മലക്കുകള്‍ക്കൊപ്പം റൂഹ് ഇറങ്ങും എന്ന് പ്രസ്തുത സൂറത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടല്ലോ. എന്താണ് റൂഹ്? ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യത്യസ്തങ്ങളായ പരാമര്‍ശങ്ങള്‍ ഇതിനെ കുറിച്ച് നടത്തിയിട്ടുണ്ട്. ലൈലതുല്‍ ഖദ്‌റില്‍ മാത്രം അവതരിക്കുന്ന ഒരു കൂട്ടം മലക്കുകളാണെന്നും മലക്കുകളല്ലാത്ത സ്വര്‍ഗ്ഗീയ സേവകരായ പ്രത്യേക സൃഷ്ടികളാണെന്നും ഈസാനബി (അ)യാണെന്നും ഖുര്‍ആന്‍ തന്നെയാണെന്നും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമാണെന്നുമെല്ലാം അഭിപ്രായമുണ്ട്. സത്യവിശ്വാസികളുടെ ആത്മാക്കളാണെന്നും ചില വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. ജിബ്‌രീല്‍ (അ) ആണെന്നാണ് മറ്റൊരു പക്ഷം. മലക്കുകളുടെ നേതാവായ ജിബ്‌രീലിന്റെ മഹത്വം കാരണമാണ് അല്ലാഹു പേര്‍ എടുത്തു പറഞ്ഞത് എന്നെല്ലാം മുഫസ്സിരീങ്ങള്‍ പറഞ്ഞിട്ടുണ്ട്.

അല്ലാമാ സ്വാവി (റ) ഉദ്ധരിച്ച മറ്റൊരു വിശദീകരണം: ഭീമാകാരരൂപിയായ, അര്‍ശിനു താഴെയുള്ള ഒരു മലക്കാണ് റൂഹ്. അതിന്റെ പാദങ്ങള്‍ ഏഴു ഭൂമിക്കടിവരെ നീളുന്നു. ആയിരം തലകളുണ്ടതിന്. ഓരോന്നും ഭൂഗോളത്തേക്കാള്‍ വലുതത്രെ. ഓരോ ശിരസ്സിലും ആയിരം മുഖങ്ങള്‍, ഓരോ മുഖത്തും ആയിരം വായകള്‍, ഓരോ വായയിലും ആയിരം വീതം നാവുകളും, അവയെല്ലാം അല്ലാഹുവിന് തസ്ബീഹ്, തഹ്മീദ്, തംജീദുകളില്‍ മുഴുകും. ഓരോ നാവിന്റെയും ദിക്‌റുകളുടെ ഭാഷ മറ്റുള്ളവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും. ആ മലക്ക് തസ്ബീഹ് ചൊല്ലാന്‍ തുടങ്ങിയാല്‍ ഏഴാകാശങ്ങളിലെ മറ്റുമലക്കുകള്‍ സുജൂദില്‍ വീഴും; ഈ മലക്കിന്റെ വായകളില്‍ നിന്നുള്ള പ്രകാശ ജ്വാലകള്‍ തങ്ങളെ നശിപ്പിക്കുമെന്ന് പേടിച്ച്. പ്രഭാത- പ്രദോഷങ്ങളിലേ ഈ മലക്ക് തസ്ബീഹ് ഉരുവിടാറുള്ളു. ഈ മഹോന്നതനായ മലക്ക് ഖദ്‌റിന്റെ രാവില്‍ ഇറങ്ങിവരും. എന്നിട്ട് നോമ്പനുഷ്ടിച്ച മുഹമ്മദ് നബി (സ)യുടെ സമൂഹത്തിനുവേണ്ടി പൊറുക്കലിനെ തേടും. അതിന്റെ നാവുകളെല്ലാം ഉപയോഗിച്ചുതന്നെ. പ്രഭാതോദയം വരെ റൂഹ്എന്ന ഈ മലക്ക് ഇപ്രകാരം പ്രാര്‍ത്ഥനാ നിമഗ്നനായിരിക്കും. (സ്വാവി 4/321)


ഈ രാത്രിക്ക് വിധി നിര്‍ണയ രാവ് എന്ന പേരു ലഭിച്ചതിന് പണ്ഡിതന്‍മാര്‍ പല കാരണങ്ങളും പറഞ്ഞിട്ടുണ്ട്. ഇബ്‌നു അബ്ബാസ് (റ) വിന്റെ വിശദീകരണം ഈ രാവിലാണ് മാനവരാശിക്ക് വര്‍ഷാവര്‍ഷമുള്ള വിധിയും വിഹിതവും അല്ലാഹു നിര്‍ണയിക്കുന്നതെന്നാണ്. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനമായ തഫ്‌സീര്‍ ഖുര്‍തുബിയില്‍ കാണാം. ജീവജാലങ്ങളുടെ ഒരു വര്‍ഷത്തേക്കുള്ള പ്രായം, ഭക്ഷണം, തുടങ്ങിയവ ക്ലിപ്തമാക്കുന്നത് ഈ രാത്രിയിലാണ്. (ഖുര്‍തുബി 20/116) 

ഇക്‌രിമ (റ) പറയുന്നു. ലൈലതുല്‍ ഖദ്‌റിലാണ് കഅ്ബാലയ തീര്‍ഥാടനം നടത്തുന്ന ഹാജിമാരുടെയും അവരുടെ പിതാക്കളുടെയും പേരുകള്‍ വരെ നിര്‍ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക. (റാസി 32/28).

ഇമാം റാസി (റ) പറയുന്ന മറ്റൊരുകാരണം:-
ഖദ്ര്‍: എന്ന പദത്തിന് തിങ്ങിനിറഞ്ഞ എന്നൊരര്‍ത്ഥം കൂടിയുണ്ട്. ഈ രാവില്‍ മലക്കുകള്‍ വാനലോകത്തുനിന്നിറങ്ങിവന്ന് ഭൂഗോളത്തില്‍ നിറയുന്നു. ഇക്കാരണത്താലാണ് പ്രസ്തുതനാമകരണം.

സല്‍മാന്‍ (റ) പറയുന്നു. ”ശഅ്ബാന്‍ മാസത്തിന്റെ ഒടുവില്‍ നബി (സ) ഉത്‌ബോധിപ്പിച്ചു. ജനങ്ങളേ, നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നണഞ്ഞിരിക്കുന്നു. ആ മാസത്തില്‍ ഒരു രാവുണ്ട്. ആയിരം മാസത്തേക്കാള്‍ നന്മനിറഞ്ഞതാണത്.” (ഇബ്‌നു ഖുസയ്മ, ഇബ്‌നു ഹിബ്ബാന്‍).

ബൈഹഖിയും, ഇബ്‌നു ഖുസയ്മയും ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: അബൂശൈഖ് (റ) നിവേദനം. ”ഹലാലായ ഭക്ഷണം കൊണ്ട് റമളാനില്‍ നോമ്പുകാരനെ നോമ്പുതുറപ്പിക്കുന്നവനു റമളാന്‍ രാവുകള്‍ മുഴുക്കെ മലക്കുകള്‍ പ്രാര്‍ഥിക്കുന്നതും ലൈലത്തുല്‍ ഖദ്‌റില്‍ ജിബ്‌രീല്‍ (അ) അവന്റെ കരം ചുംബിക്കുന്നതുമാണ്.” ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം നിഷേധിക്കപ്പെട്ടവര്‍ പരാജിതനാണെന്ന് ബൈഹഖിയും നസാഇയും ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ കാണാം.

”നിങ്ങള്‍ റമളാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക. അതില്‍ തന്നെ ഇരുപത്തൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച്, രാവുകളില്‍” (ബുഖാരി) ഉബാദത്ബ്‌നു സ്വാമിതില്‍ നിന്ന് ബൈഹഖി, അഹ്മദ് തുടങ്ങിയവര്‍ രേഖപ്പെടുത്തിയ ഹദീസില്‍ ഇരുപത്തിയൊന്‍പതാം രാവിലും റമളാന്റെ അവസാനരാവിലും പ്രതീക്ഷിക്കുമെന്ന് കൂടി കാണാം. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) പറയുന്നു. ”ലൈലതുല്‍ ഖദ്‌റിനെപ്പറ്റി നബി (സ) യോടു ചോദിച്ചപ്പോള്‍ അത് എല്ലാ റമളാന്‍ മാസത്തിലുമാണെന്നായിരുന്നു അവിടുന്നു മറുപടി പറഞ്ഞത്.” (അബൂദാവൂദ്, ത്വബ്‌റാനി).

അബൂഹ്‌റെയ്‌റ (റ) പറയുന്നു: ”ഞങ്ങള്‍ നബി (സ)യുടെ അടുക്കല്‍ വെച്ച് ലൈലതുല്‍ ഖദ്‌റിനെക്കുറിച്ച് സംവദിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്നു ചോദിച്ചു. ഇനി ഈ മാസത്തില്‍ എത്രയുണ്ട് ബാക്കി? ഞങ്ങള്‍ പ്രതിവചിച്ചു. ഇരു പത്തിരണ്ട് ദിനങ്ങള്‍ കഴിഞ്ഞു. അപ്പോള്‍ നബി (സ) പറഞ്ഞു. ഇരുപത്തിരണ്ട് ദിവസം കഴിഞ്ഞു. ഇനി ഏഴുദിനങ്ങള്‍ കൂടി ബാക്കിയുണ്ട്. അതില്‍ ഇരുപത്തിയൊമ്പതാമത്തെ രാവില്‍ നിങ്ങള്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുക.” ഈ ഹദീസ് ഇമാം സ്വയൂഥി (റ) പ്രബലപ്പെടുത്തിയിട്ടുണ്ട്. (ദുര്‍ദുല്‍ മന്‍സൂര്‍ 6/372).

അവസാനപത്തല്ലാത്ത മറ്റു രണ്ടു പത്തുകളിലാണ് ലൈലത്തുല്‍ ഖദ്ര്‍ എന്ന് സൂചിപ്പിക്കുന്ന ഹദീസുകളും കാണാം. ഒന്നിങ്ങനെ: ഇബ്‌നു അബ്ബാസ് (റ) ല്‍ നിന്ന് നിവേദനം. ”ഒരാള്‍ നബി (സ) യോട് പരിഭവം പറഞ്ഞു. തിരുനബിയെ, ഞാനൊരു പടു വൃദ്ധനാണ്. എനിക്ക് കൂടുതല്‍ നിസ്‌കാരത്തിനൊന്നും ആവതില്ല. അതുകൊണ്ട് ലൈലതുല്‍ ഖദ്‌റില്‍ ഉള്‍പ്പെടാന്‍ അതെന്നാണെന്ന് നിര്‍ണയിച്ചു തന്നാലും. നബി (സ) പറഞ്ഞു. നിങ്ങള്‍ ഏഴാമത്തെ രാവ് സജീവമാക്കുക.” (ത്വബ്‌റാനി, ഇബ്‌നുജറീര്‍, ബൈഹഖി).

സൈദ്ബ്‌നു അര്‍ഖമിനോട് ഈ രാവിനെ കുറിച്ചാരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് റമളാന്‍ പതിനേഴാം രാവാണെന്നാണ്. കാരണം ഖുര്‍ആന്‍ അവതരിച്ചതും ബദ്‌റില്‍ മുസ്‌ലിംകളും മുശ്‌രിക്കുകളും ഏറ്റുമുട്ടി സത്യം വിജയിച്ചതും അന്നാണെന്നാണ്. ആദിനത്തില്‍ സംശയിക്കേണ്ടെന്നും ഉപേക്ഷവരുത്തരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിട്ടുണ്ട്. 

ഇമാം മാലിക് (റ)ന്റെ അഭിപ്രായം ലൈലതുല്‍ ഖദ്ര്‍ വര്‍ഷത്തില്‍ എപ്പോഴുമാകാമെന്നും പ്രത്യേകിച്ച് റമളാനില്‍, അതുതന്നെ അവസാനപത്തില്‍ ആകാമെന്നാണ്. ഇമാം അബൂഹനീഫ (റ) ഇമാം ശാഫിഈ (റ) എന്നിവര്‍ റമളാനില്‍ മാത്രമാണ് ആ രാവെന്നും അവസാനപത്തിലാവാന്‍ ഏറെ സാധ്യതയുണ്ടെന്നുമുള്ള അഭിപ്രായക്കാരാണ്.


27-ാം രാവിന്റെ തെളിവ്‌

ഖുര്‍ആനില്‍ നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ്വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ലൈലതുല്‍ ഖദ്ര്‍ റമളാന്‍ 27-ാം രാവില്‍ ആകാനുള്ള സാധ്യത ഏറെയാണ്. മുസ്‌ലിം ലോകം യുഗങ്ങളായി പ്രസ്തുത ദിവസത്തിന് പ്രാധാന്യം നല്‍കി ആരാധനകളിലും ഇഅ്തികാഫിലുമായി കഴിയുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ”ഇരുപത്തിയേഴാം രാവാണ് മുസ്‌ലിം ലോകം ലൈലതുല്‍ ഖദ്‌റായി പൂര്‍വകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് ഭൂരിഭാഗം ജ്ഞാനികളുടെ വീക്ഷണവും.” (തര്‍ശീഹ്, 1/168,  റാസി 32/30).

ഇരുപത്തി ഏഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്നതിന് ഇബ്‌നു അബ്ബാസ് (റ) വിശുദ്ധഖുര്‍ആനില്‍ നിന്ന് കണ്ടെത്തിയ സൂചനകളിലൊന്ന് ഇങ്ങനെ. ലൈലതുല്‍ ഖദ്ര്‍ പ്രതിപാദിച്ച സൂറത്തില്‍ മുപ്പത് വാക്കുകളാണുള്ളത്. റമളാന്റെ ആകെ ദിനങ്ങളുടെ എണ്ണം പോലെ. അതില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രത്യേകമായി സുചിപ്പിക്കുന്നത് 27-ാമത്തെ പദമാണ്. പവിത്രമായ ആ രാവ് 27 നാണെന്നതിന് ഇതില്‍ സൂചനയുണ്ട്.

മറ്റൊരിക്കല്‍ ലൈലതുല്‍ ഖദ്‌റിനെകുറിച്ച് ഉമര്‍ (റ) വിന്റെ നേതൃത്വത്തില്‍ സ്വഹാബികള്‍ ഒരു ചര്‍ച്ച നടത്തുകയായിരുന്നു. ഇബ്‌നു അബ്ബാസ് (റ)വും അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം പറഞ്ഞു. ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്.
പ്രസ്തുത സൂറത്തില്‍ ലൈലതുല്‍ ഖദ്ര്‍ എന്ന വാചകം അല്ലാഹു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈ ഒമ്പത് അക്ഷരങ്ങളെ മൂന്നില്‍ ഗുണിക്കുമ്പോള്‍ ഇരുപത്തേഴ് എന്ന ഫലം ലഭിക്കുന്നു. (9×8=27) 27-ാം രാവിലാണ് പവിത്രമായ ഖദ്ര്‍ എന്നതിന് ഇതും ഒരു സൂചനയാകാം.
പ്രവാചക വചനങ്ങളില്‍ ഖദ്‌റിന്റെ രാവ് റമളാന്‍ 27 ആണെന്ന് വ്യക്തമാക്കുന്ന ധാരാളം പരാമര്‍ശങ്ങള്‍ കാണാം. 

അബൂഹുറൈറ (റ) പറയുന്നു. ”ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ ഖദ്ര്‍ സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ നബി (സ) ചോദിച്ചു. ചന്ദ്രന്‍ ഒരു തളികയുടെ അര്‍ദ്ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മ്മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്? അബുല്‍ ഹസന്‍ പറയുന്നു. 27-ാം രാവാണ് ഇവിടെ ഉദ്യേശിച്ചത്. ഉപര്യുക്ത രൂപത്തില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക അന്നാണല്ലോ! (മുസ്‌ലിം)

ഇബ്‌നു ഉമര്‍ (റ) വില്‍ നിന്ന് നിവേദനം: നബി തിരുമേനി (സ) പറഞ്ഞു. നിങ്ങള്‍ ഇരുപത്തിയേഴാം രാവില്‍ ലൈലതുല്‍ ഖദ്‌റിനെ കാത്തിരിക്കുക. സിര്‍റുബ്‌നു ഹുബൈശി (റ) ല്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു സംഭവം: അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരിക്കല്‍ ഉബയ്യുബ്‌നു കഅ്ബി(റ)നോട് ചോദിച്ചു. വര്‍ഷം മുഴുവന്‍ ആരാധനകളില്‍ മുഴുകുന്നവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ ലഭിക്കുമെന്ന് നിങ്ങളുടെ സഹോദരന്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറയുന്നുണ്ടല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അബീ അബ്ദുര്‍റഹ്മാന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ. ലൈലതുല്‍ ഖദ്ര്‍ റമളാനിന്റെ അവസാന പത്തിലാണെന്നും അതു തന്നെ 27-ാം രാവിലാണെന്നതും അദ്ദേഹത്തിനറിയാം. പക്ഷെ, ജനങ്ങള്‍ ആ ദിവസം മാത്രം തിരക്കു കൂട്ടാതിരിക്കാനായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചിരിക്കുക. പിന്നെ അദ്ദേഹം, ലൈലതുല്‍ ഖദ്ര്‍ 27-ാം രാവിലാണെന്ന് സത്യം ചെയ്തു പ്രഖ്യാപിച്ചു. 

അപ്പോള്‍, ഞാന്‍ അദ്ദേഹത്തോടാരാഞ്ഞു. ഏ അബല്‍ മുന്‍ദിര്‍, നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ തറപ്പിച്ചു പറയുന്നത്. അദ്ദേഹം പറഞ്ഞു: തിരുനബി (സ) ഞങ്ങള്‍ക്കു പഠിപ്പിച്ചു തന്ന ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തില്‍, അല്ലെങ്കില്‍ കിരണങ്ങളില്ലാതെയായിരിക്കും അന്നത്തെ സൂര്യോദയം എന്ന തെളിവിനാലും (മുസ്‌ലിം, അബൂദാവൂദ്, അഹ്മദ്, തുര്‍മുദി, ഇബ്‌നു ഹിബ്ബാന്‍, നസാഇ)ഉമര്‍ (റ)ഹുദൈഫതുല്‍ യമാന്‍ (റ) ഇബ്‌നു അബ്ബാസ് (റ), ഉബയ്യുബ്‌നുകഅ്ബ് (റ) സ്വഹാബിമാരും അനേകം പണ്ഡിതന്‍മാരും ഇരുപത്തിയേഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്ന അഭിപ്രായക്കാരാണ്.


കണ്ടാല്‍ പരസ്യമാക്കരുത് !

വിശ്വാസികളില്‍ നിന്ന് അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ അവന്‍ വെളിപ്പെടുത്തുന്നതാണ്. വിശുദ്ധഹദീസുകളും സജ്ജനങ്ങളുടെ വെളിപ്പെടുത്തലുകളും ഈ വസ്തുത സ്ഥിരീകരിക്കുന്നുണ്ട്. ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ (6/461) വ്യക്തമാക്കിയതാണിത്. എന്നാല്‍ തനിക്കനുഭവേദ്യമായ ആ അനുഗ്രഹം വെളിപ്പെടുത്തുക മൂലം ഉള്‍നാട്യം, അഹങ്കാരം തുടങ്ങി മനുഷ്യസഹജവും പൈശാചിക പ്രേരണയും മൂലമുള്ള ദുര്‍ഗുണങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. 

ഇത് കൊണ്ടാണ് ലൈലതുല്‍ ഖദ്ര്‍ വെളിപ്പെട്ടവര്‍ അത് പരസ്യമാക്കാതിരിക്കല്‍ സുന്നത്താണെന്ന് ഇമാം നവവി (റ)യടക്കമുള്ളവര്‍ രേഖപ്പെടുത്തിയത്. ഹാവിയുടെ രചയിതാവിനെ ഉദ്ധരിച്ച് ഇമാം നവവി (റ) മറ്റൊരിടത്ത് പറയുന്നു. ലൈലതുല്‍ ഖദ്ര്‍ വെളിപ്പെട്ടവര്‍ക്ക് അത് മറച്ചുവെക്കല്‍ സുന്നത്തുണ്ട്. ഐഹികവും പാരത്രികവുമായ കാര്യങ്ങള്‍ക്ക് വേണ്ടി തികഞ്ഞ ആത്മാര്‍ഥതയോടെയും ദൃഢനിശ്ചയത്തോടെയും അവന്‍ പ്രാര്‍ഥിക്കണം. മതത്തിനും പരലോകത്തിനും വേണ്ടിയുള്ളതായിരിക്കണം അവന്റെ പ്രാര്‍ത്ഥനകളിലഖിലവും. (6/451).


ലൈലത്തുൽ ഖദ്ർ മറച്ചു വെക്കാൻ പല കാരണങ്ങൾ

1 - അങ്ങനെ പലതും അല്ലാഹു ﷻ മറച്ചു വെച്ചിട്ടുണ്ട് . അല്ലാഹുവിന്റെ പൊരുത്തം ഇബാദത്തിൽ മറച്ചു വെച്ചു . എല്ലാ ഇബാദത്തിലും താൽപര്യമുണ്ടാകാൻ

അല്ലാഹുവിന്റെ കോപം പാപത്തിൽ മറച്ചു വെച്ചു . എല്ലാ പാപങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ

പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയം മറച്ചു വെച്ചു എല്ലാ സമയത്തും പ്രാർത്ഥിക്കാൻ

ഇസ്മുൽ അഅ്ളമിനെ മറച്ചു വെച്ചു . എല്ലാ ഇസ്മുകളെയും ബഹുമാനിക്കാൻ

മരണസമയം മറച്ചു വെച്ചു . എപ്പോഴും പേടിയോടെ ജീവിക്കാൻ . ഇങ്ങനെ പല കാര്യങ്ങളും അല്ലാഹു മറച്ചു വെച്ചിട്ടുണ്ട്

2 - പ്രസ്തുത രാത്രി എന്നാണെന്ന് വ്യക്തമാക്കിത്തന്നു എന്ന് സങ്കൽപ്പിക്കുക . അതിൽ ഒരാൾ നന്മ ചെയ്താൽ അയാൾക്ക് 1000 മാസത്തെ പ്രതിഫലം ലഭിക്കും . തെറ്റു ചെയ്താൽ 1000 മാസത്തെ കുറ്റവും ലഭിക്കും . കാരണം ലൈലത്തുൽ ഖദ്റാണെന്ന് അറിഞ്ഞാണല്ലോ അവൻ തെറ്റ് ചെയ്തത് . അപ്പോൾ അവൻ കൂടുതൽ ശിക്ഷക്ക് വിധേയനാകേണ്ടി വരും . അടിമയെ ശിക്ഷിക്കേണ്ട എന്ന അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ് വ്യക്തമാക്കി തരാതിരുന്നത് . കാരണം വിവരമില്ലാതെ തെറ്റു ചെയ്യുന്നതിനേക്കാൾ കൂടുതൽ പ്രശ്നം വിവരമുള്ളതോട് കൂടെ തെറ്റു ചെയ്യുന്നതാണല്ലോ !

ഒരിക്കൽ നബി ﷺ തങ്ങൾ പള്ളിയിൽ ഉറങ്ങുന്ന ഒരാളെ കണ്ടപ്പോൾ സയ്യിദിനാ അലി كرم اللّٰه وجهه തങ്ങളോട് പറഞ്ഞു : യാ അലീ , അയാളെ വിളിച്ചുണർത്തി വുളൂഅ് ചെയ്യാൻ പറയൂ . അലി كرم اللّٰه وجهه അയാളെ വിളിച്ചുണർത്തി . ശേഷം നബി ﷺ തങ്ങളോട് ചോദിച്ചു : യാ റസൂലല്ലാഹ് ﷺ , അവിടുന്ന് നന്മകളിലേക്ക് ഉളരിപ്പിക്കുന്നവരാണല്ലോ ! പിന്നെ എന്തേ അയാളെ ഉണർത്താൻ എന്നോട് കൽപ്പിച്ചത് ! മുത്തു നബി  ﷺ പറഞ്ഞു : അയാൾ നിങ്ങളുടെ കൽപ്പനക്ക് തടസ്സം നിന്നാൽ അത് സത്യനിഷേധമാകില്ല . (ഒരു പക്ഷെ) അയാൾ തടസ്സം നിൽക്കുകയാണെങ്കിൽ അയാളുടെ കുറ്റം ലഘൂകരിക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത് . നബി  ﷺ തങ്ങളുടെ കാരുണ്യം ഇപ്രകാരമാണെങ്കിൽ പിന്നെ അല്ലാഹുവിന്റെ കാരുണ്യം നീ ഇതിനോട് ചേർത്തി വായിച്ചോ..

3 - ഇബാദത്ത് ചെയ്യുന്നതിൽ കഠിന പരിശ്രമം നടത്താൻ . അപ്പോൾ ആ കഠിന പരിശ്രമത്തിന്റെ പ്രതിഫലവും അവനു ലഭിക്കുമല്ലോ..!

4 - ഏതു ദിവസമാണെന്ന് ഉറപ്പില്ലാത്തതിനാൽ ലൈലത്തുൽ ഖദ്ർ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അടിമകൾ എല്ലാ രാത്രിയിലും ഇബാദത്തിൽ കഠിനപരിശ്രമം നടത്തും . അപ്പോൾ അല്ലാഹു ﷻ മലക്കുകളോട് അവരെക്കുറിച്ച് മേന്മ പറയും : ഈ മനുഷ്യരെ കുറിച്ചായിരുന്നോ നാശമുണ്ടാക്കുന്നവരെന്നും രക്തം ചൊരിക്കുന്നവരെന്നും നിങ്ങൾ പറഞ്ഞിരുന്നത് ! ലൈലത്തുൽ ഖദ്റാണെന്ന ഊഹത്തിന്റെ പേരിൽ മാത്രം ഇവർ ഇത്രയും കഠിനപരിശ്രമം നടത്തുമെങ്കിൽ  ലൈലത്തുൽ ഖദ്ർ എന്നാണെന്ന് ഞാനവർക്ക് അറിയിച്ചു കൊടുത്താൽ അവരുടെ ഇബാദത്ത് എങ്ങനെയുണ്ടാകും ! അപ്പാഴാണ് അല്ലാഹു ﷻ പറഞ്ഞ വാക്കിന്റെ രഹസ്യം അവർക്ക് മനസ്സിലാകുക

إِنِّى أَعْلَمُ مَالاَ تَعْلَمُونَ - البقرة : ٣٠

നിങ്ങൾക്ക് അറിയാത്തത് എനിക്കറിയാം

[تفسير الرازى : ٣٢/٢٨]



മുകളിൽ പറഞ്ഞതിൽ നിന്നെല്ലാം ലൈലത്തുൽ ഖദ്ർ എന്ന നിർണ്ണിത രാത്രിയുടെ പ്രതിഫലങ്ങൾ എത്രത്തോളമുണ്ടന്നു ചെറിയൊരു വിവരണം കിട്ടി എന്ന് പ്രതീക്ഷിക്കുന്നു . ഈ രാവ് നഷ്ടപ്പെട്ടാൽ എത്രമാത്രം ഇബാദത്തുകളുടെ പ്രതിഫലമാണ് നഷ്ടമാകുന്നത് . യഥാർത്ഥ വിശ്വാസികളെ  സംബന്ധിച്ച് അത് ചിന്തിക്കാൻ പോലും പറ്റുന്ന കാര്യമല്ല . 

റമളാനിന്റെ എല്ലാ ദിവസങ്ങളിലും ഖുർആൻ പാരായണം , നിസ്‌കാരങ്ങൾ , ദിക്കിറുകൾ , ദാന ധർമ്മങ്ങൾ , മറ്റു സ്വാലിഹായ അമലുകൾ ചെയ്തു മുന്നോട്ട് പോകുക . നമ്മുടെ ഇഖ്‌ലാസ് അനുസരിച്ചു നാഥൻ അതിനു പ്രതിഫലവും , ലൈലത്തുൽ ഖദിരിൽ ഇബാദത്ത് കൊണ്ട് ആ രാത്രിയെ ജീവിപ്പിച്ചാൽ മഹത്തായ അനുഗ്രങ്ങളും അവൻ ഒട്ടും കുറയാതെ തന്നു നമ്മളെ പൊതിയും.

എല്ലാവർഷത്തെയും ലൈലത്തുൽ ഖദ്റിന്റെ ഖൈറാത്തുകളെ കിട്ടിയ കൂട്ടത്തിൽ അല്ലാഹു നമ്മെയും നമ്മുടെ മാതാപിതാക്കളെയും , ഗുരുനാഥന്മാരെയും , ബന്ധു മിത്രാതികളെയും , ലോക മുസ്ലിം ഉമ്മത്തിനെയും , മറ്റു ദുആ കൊണ്ട് വസിയ്യത്തു ചെയ്തവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ 

No comments:

Post a Comment