Wednesday 20 May 2020

സക്കാത്ത് - ഹനഫി മദ്ഹബിൽ



ഭാഷാർഥം - ശുദ്ധിയാക്കുക വളർത്തുക എന്നൊക്കെയാണ്. 

സാങ്കേതികാർത്ഥം പ്രത്യേകമാക്കപ്പെട്ട വ്യക്തികൾക്ക് പ്രത്യേകമാക്കപ്പെട്ട ധനം ഉടമയാക്കുന്നതിനു സക്കാത്ത് എന്ന് പറയുന്നു. 

സക്കാത്ത് നിർബന്ധമാണ് എന്നതിന്റെ ലക്ഷ്യം.


خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَاتَكَ سَكَنٌ لَّهُمْ ۗ وَاللَّهُ سَمِيعٌ عَلِيمٌ

അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്ക്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സമ്പത്തിൽ നിന്ന് താങ്കൾ വാങ്ങുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക . നിശ്ചയമായും താങ്കളുടെ പ്രാർത്ഥന അവർക്ക് ശാന്തി നൽകുന്നതാണ്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു . (സൂറത്തു തൗബ 103)


عن ابن عباس رضي الله عنهما عني النبي صلى الله عليه وسلم أنه قال إن الله لم يفرض الزكاة إلا ليطيب ما بقي من أموالكم

നബി (സ) തങ്ങൾ പറഞ്ഞു : നിങ്ങളുടെ സമ്പത്തിന്റെ ബാക്കി ശുദ്ധിയാകുവാൻ വേണ്ടിയാണ് സക്കാത്ത് അല്ലാഹു നിർബന്ധമായി കൽപ്പിച്ചത്.

يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ

നിങ്ങൾ നിസ്ക്കാരം നിലനിർത്തുകയും സക്കാത്ത് കൊടുക്കുകയും ചെയ്യുക (സൂറത്തു ബഖറ 55)


إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും നിസ്ക്കാരം മുറപോലെ നിർവഹിക്കുകയും സക്കാത്തു കൊടുക്കുകയും ചെയ്യുന്നവർക്ക് അവരുടെ രക്ഷിതാവിൽ അവരർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവർക്കു യാതൊന്നും ഭയപ്പെടേണ്ടതില്ല, അവർ ദുഃഖിക്കേണ്ടി വരികയുമില്ല. (സൂറത്തു ബഖറ 227)

ഖുർആനിൽ നിസ്‌ക്കാരത്തിനോട് സക്കാത്തിനെ യോജിപ്പിച്ചു കൊണ്ട് 82 സ്ഥലങ്ങളിൽ സ്ഥിരപ്പെടുത്തി പറഞ്ഞിട്ടുണ്ട്.

ഇസ്‌ലാമിന്റെ ഫർളുകൾ അഞ്ചെണ്ണമാണ് : അതിൽ മൂന്നാമതായി എണ്ണപ്പെട്ടത് സക്കാത്ത് കൊടുക്കലാണ്.


സക്കാത്തു കൊടുക്കാതിരുന്നാലുള്ള ശിക്ഷ 


وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّهِ

നരകാഗ്നിയിൽ വെച്ച് അവ ചുട്ടു പഴുപ്പിക്കുകയും എന്നിട്ടതുകൊണ്ട് അവരുടെ നെറ്റികളിലും , പാർശ്വങ്ങളിലും, മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോടു പറയും) നിങ്ങൾ നിങ്ങൾക്ക് വേണ്ടി തന്നെ നിക്ഷേപിച്ചു വെച്ചതാണിത്. അതിനാൽ നിങ്ങൾ നിക്ഷേപിച്ചുവെച്ചിരുന്നത് നിങ്ങൾ അനുഭവിക്കുക.  (സൂറത്തു തൗബ 34)


عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ آتَاهُ اللَّهُ مَالًا فَلَمْ يُؤَدِّ زَكَاتَهُ مُثِّلَ لَهُ مَالُهُ يَوْمَ الْقِيَامَةِ شُجَاعًا أَقْرَعَ لَهُ زَبِيبَتَانِ يُطَوَّقُهُ يَوْمَ الْقِيَامَةِ ثُمَّ يَأْخُذُ بِلِهْزِمَتَيْهِ يَعْنِي بِشِدْقَيْهِ ثُمَّ يَقُولُ أَنَا مَالُكَ أَنَا كَنْزُكَ ثُمَّ تَلَا لَا يَحْسِبَنَّ الَّذِينَ يَبْخَلُونَ الْآيَةَ 
 (صحيح  البخاري:٤٥٦٥)



അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബി ﷺ പറഞ്ഞു: "അല്ലാഹു ﷻ സമ്പത്ത് നൽകിയ ഒരാൾ അതിന്റെ സക്കാത്ത് വീട്ടിയില്ലെങ്കിൽ അന്ത്യനാളിൽ വിഷം മുറ്റിയ സർപ്പമായി അതിനെ മാറ്റപ്പെടും. അവന്റെ കഴുത്തിൽ മാലയായി അണിയിക്കപ്പെടുന്ന ആ സർപ്പത്തിന് രണ്ട് തേറ്റകൾ ഉണ്ടായിരിക്കും. അതിന്റെ വായ കൊണ്ട് ആ മനുഷ്യനെ കടിച്ചു കൊണ്ട് ആ സർപ്പം പറയും.' ഞാൻ നിന്റെ സമ്പത്താണ്. ഞാൻ നീ സൂക്ഷിച്ച് വെച്ച നിധിയാണ്.'   (സ്വഹീഹുൽ ബുഖാരി: 4565)


وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آتَاهُمُ اللَّـهُ مِن فَضْلِهِ هُوَ خَيْرًا لَّهُم ۖ بَلْ هُوَ شَرٌّ لَّهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا بِهِ يَوْمَ الْقِيَامَةِ ۗ وَلِلَّـهِ مِيرَاثُ السَّمَاوَاتِ وَالْأَرْضِ ۗ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ ﴿١٨٠

(സാരം: തന്റെ ഔദാര്യത്തില്‍ നിന്നു അല്ലാഹുﷻ നല്‍കിയതില്‍ പിശുക്കു കാണിക്കുന്നവര്‍ അതു ഗുണകരമാണെന്നു ധരിച്ചു പോകാതിരിക്കട്ടെ; പ്രത്യുത വമ്പിച്ച ദോഷമാണത്. ആ ലുബ്ധിച്ച വസ്തു അന്ത്യനാളിലവര്‍ക്ക് കണ്ഠാഭരണമായി ചാര്‍ത്തപ്പെടു. ഭുവന-വാനങ്ങളുടെ അനന്തരാവകാശം അല്ലാഹുﷻവിന്നു മാത്രമാണ്. നിങ്ങളുടെ ചെയ്തികള്‍ സൂക്ഷ്മമായറിയുന്നവനാണവന്‍.(ആലുഇമ്റാൻ: 180)



സക്കാത്തു കൊടുക്കൽ ആരുടെ മേൽ നിർബന്ധമായിത്തീരും:

താമസിക്കുന്ന ഭവനത്തിലെ അടിസ്ഥാന ആവശ്യം, യുദ്ധ ആയുധങ്ങൾ , തണുപ്പ് , ചൂട് ഇവകളെ ഉപരോധിക്കുന്ന വസ്ത്രം , വീട്ടുപകരണം എന്നിവയെല്ലാം തൊട്ട് അവശേഷിച്ച നിശ്ചിത തുകയെ ഉടമയാക്കുന്ന ബുദ്ധിയും , പ്രായപൂർത്തിയുമായ , നിസാബ് എത്തിയ എല്ലാ മുസ്ലിമിന്റെ മേലും സക്കാത്ത് നിർബന്ധമാകും.


എന്താണ് നിസാബ് എത്തിയവൻ : 

നിസാബ് എന്നാൽ സക്കാത്ത് കൊടുക്കാൻ ആവശ്യമായ സമ്പത്ത് ഒരാളിൽ എത്തിച്ചേരുന്നതിനെയാണ് നിസാബ് എന്ന് പറയുന്നത് 

പ്രാധാനമായും മൂന്ന് തരത്തിലുള്ള സാക്കാത്താണുള്ളത് . 

സമ്പത്ത് , വളർത്തു മൃഗങ്ങളിലുള്ള സക്കാത്ത് (ആട് , മാട് , ഒട്ടകം) , കൃഷി ഭൂമിയിൽ നിന്നും വിളയിച്ചെടുക്കുന്ന വസ്തുക്കളുടെ സക്കാത്ത്.

ചിലരുടെ കയ്യിൽ ധാരാളം വസ്തു വകകൾ കാണും , ഇതിനെല്ലാം സക്കാത്ത് കൊടുക്കൽ നിർബന്ധമില്ല . ഇവിടെ നിർബന്ധമുള്ളത് നാല് കാര്യങ്ങളിലാണ്.

സ്വർണ്ണം , വെള്ളി , ക്യാഷ് , കച്ചവട സാധനങ്ങൾ എന്നിവയാണത്

ഉദാഹരമായി ഒരാൾക്ക് രണ്ട് വീടുണ്ട് . ഒന്ന് താമസിക്കാൻ ഉള്ളത് , മറ്റേ വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നത് . ഇവിടെ വാടക വീടിന്റെ മൂല്യം കണക്കാക്കി സക്കാത്ത് കൊടുക്കേണ്ടതില്ല . കാരണം മുകളിൽ പറഞ്ഞ നാല് വസ്തുക്കളിൽ നിന്നും ഇത് ഒഴിവാണ്.


എപ്പോൾ നിർബന്ധമാകും 

വർഷത്തിൽ ഒരു പ്രാവശ്യം സക്കാത്തു കൊടുക്കണമെന്ന് അല്ലാഹു നിർബന്ധമായി കൽപ്പിച്ചു.

സക്കാത്ത് നിർബന്ധമായ വസ്തുക്കൾ :

സ്വർണ്ണം, വെള്ളി, വ്യാപാരസാധനങ്ങൾ , മേഞ്ഞു നടക്കുന്ന മൃഗങ്ങൾ (ആട്, മാട്, ഒട്ടകം) ഭൂമി ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ പഴ വർഗ്ഗങ്ങൾ.


കറൻസി വിഭാഗം 

ഒരാളുടെ കൈവശം 595 ഗ്രാം വെള്ളിയുടെ വിലയ്ക്ക് തുല്യമായ തുക ഒരു വർഷം ഉണ്ടായാൽ സക്കാത്തു കൊടുക്കൽ നിർബന്ധമാണ്. 

(ഇന്നത്തെ ദിവസം - 20 - 05 - 2020 ) ഒരു ഗ്രാം വെള്ളിയുടെ വില 47 .67 രൂപയാണ്. അപ്പോൾ 595 x 47.67 ആകുമ്പോൾ  28,363.65 രൂപ കയ്യിലുണ്ടെങ്കിൽ അവൻ സക്കാത്തു കൊടുക്കാൻ അർഹനായി.

ഏകദേശം 710 രൂപ സക്കാത്തായി വരും. 

100 രൂപയ്ക്കു 2.50 ശതമാനം എന്ന തോതിലാണിത് കൊടുക്കേണ്ടത്.

അങ്ങനെ വരുമ്പോൾ മുകളിൽ പറഞ്ഞ തുക കൈവശമുള്ള വ്യക്തി ഇത്രയും രൂപ സക്കാത്തായി നൽകണം.

അവന്റെ കയ്യിലുള്ള സമ്പാദ്യം കൂടുന്നതനുസരിച്ചു 2.5 ശതമാനം കണക്കാക്കി കൊടുക്കണം.


കച്ചവടത്തിലെ സക്കാത്ത് :

ഒരാൾ ഒരു വർഷം മുഴുവനും ഒരു തുക കൊണ്ട് വ്യാപാരം നടത്തി . വർഷാവസാനം അദ്ദേഹത്തിന്റെ കൈവശമുള്ള കച്ചവട സ്റ്റോക്കും ആ വർഷത്തെ മുഴുവൻ ലാഭവും കൂട്ടുമ്പോൾ 595 ഗ്രാം വെള്ളിയുടെ തുക എത്തിയിട്ടുണ്ടെങ്കിൽ 2.5% വെച്ച് സക്കാത്തു കൊടുക്കൽ നിർബന്ധമാകും.


സ്വർണ്ണം , വെള്ളി 

ഉപയോഗിക്കാത്തതും (ഷാഫി) അതിനു ഉദ്ദേശമില്ലാത്തതുമായ 85 ഗ്രാം സ്വർണ്ണമോ , 595 ഗ്രാം വെള്ളിയോ ഒരാളുടെ കൈവശം ഒരു വർഷത്തിൽ പൂർണ്ണമായും ഉണ്ടെങ്കിൽ അവ രണ്ടിൽ ഓരോന്നിന്റെയും 2.5%  (സ്വർണ്ണമെങ്കിൽ രണ്ട് ഗ്രാം 125 മില്ലി ഗ്രാമും , വെള്ളിയെങ്കിൽ 2 .5 % അതായത് 14 ഗ്രാമും 875 മില്ലി വെള്ളിയും) സക്കാത്തായി നൽകണം.


ധാന്യങ്ങൾ , പഴ വർഗ്ഗങ്ങൾ 

പഴങ്ങളിൽ ഈന്തപ്പഴം  , മുന്തിരി എന്നിവയും - ധാന്യങ്ങളിൽ അരി , ഗോതമ്പ് , ചോളം തുടങ്ങിയ സ്ഥിര ഭക്ഷണങ്ങളിലുമാണ് സക്കാത്തു നിർബന്ധമാക്കുന്നത്. (ഷാഫി)

ഈന്തപ്പഴം , മുന്തിരി എന്നിവ ഏകദേശം 653 കിലോ ഗ്രാം വരുമെങ്കിലാണ് സക്കാത്ത് നിർബന്ധമാക്കുന്നത്. ധാന്യങ്ങൾ തൊലിയോട് കൂടി 1306 കിലോ എത്തുമ്പോൾ മാത്രം സക്കാത്ത് നിർബന്ധമാകും. തൊലി ഇല്ലെങ്കിൽ 653 കിലോ ഗ്രാം എത്തിയാൽ സക്കാത്ത് നിർബന്ധമാണ്.

പഴ വർഗ്ഗങ്ങൾ , ധാന്യങ്ങൾ തുടങ്ങിയവ ഉടമസ്ഥൻ സ്വന്തം പരിശ്രമത്താൽ വളർത്തി എടുത്തതെങ്കിൽ 5 ശതമാനവും , പരിശ്രമം കൂടാതെ എങ്കിൽ 10 ശതമാനവും സക്കാത്തു കൊടുക്കണം.

പരിശ്രമം എന്ന് കൊണ്ടുള്ള ഉദ്ദേശം സ്വന്തമായി തോട്ടം നനച്ച് , വളം നൽകി മറ്റു കൃഷിക്കാവശ്യമായ രീതിയിൽ നോക്കി പരിപാലിക്കുന്നതിനെയാണ്. പരിശ്രമില്ലാത്തതു കൊണ്ടുള്ള വിവക്ഷ , ചിലപ്പോൾ അവിടെ മഴ എപ്പോഴും വർഷിക്കുന്ന പ്രദേശമാകാം , വളക്കൂറുള്ള മണ്ണാകാം ,  കൃഷികൾ നശിപ്പിക്കപ്പെടുന്ന ജീവികളുടെ ഉപദ്രവം ഇല്ലാത്ത സ്ഥലം എന്നൊക്കെ മനസ്സിലാക്കാം .


മൃഗങ്ങൾ 


ഒട്ടകം

ഒട്ടകം , പശു , ആട് എന്നിവയിൽ മാത്രം നിർബന്ധമാണ് (ഇതിൽ വർഷം തികക്കലല്ല) . ഒരു വർഷം പൂർത്തിയാകുമ്പോഴാണ് നിർബന്ധമാകുന്നത്.

അഞ്ചു മുതൽ 9 വരെ ഒട്ടകങ്ങൾ ഉള്ള ഒരാൾ ഒരു വയസ്സ് പൂർത്തിയായ ഒരാടിനെ കൊടുക്കൽ നിർബന്ധമാണ്.  

10 -14 വരെ രണ്ടാടും , 15 - 19 വരെ മൂന്ന് ആടും , 20 -24 വരെ നാല് ആടും കൊടുക്കണം.

25 എണ്ണമെത്തിയാൽ ഒരു വയസ്സ് പൂർത്തിയായ ഒരു ഒട്ടക കുട്ടിയെ നൽകണം.


പശു (കാള, പോത്ത് ഇവകൾ)

30 -39 വരെ പശുക്കളെ ഉടമയാക്കുന്ന ഒരാൾ ഒരു വയസ്സ് പൂർത്തിയായ ഒരു പശുക്കുട്ടിയും 40 -69 വരെ രണ്ടു വയസ്സ് പൂർത്തിയായ ഒരു പശുക്കുട്ടിയെയും നൽകണം. 70 പശുക്കളുണ്ടങ്കിൽ 40 ന്റെ ഒന്നും 30 ന്റെ ഒന്നും കണക്കാക്കി കൊടുക്കണം 


ആടുകൾ 

40 -120 വരെ ആടുകൾ ഉണ്ടെങ്കിൽ ഒരാടിനെ സക്കാത്തായി നൽകണം.
120 -200 വരെ രണ്ട് ആട് , 201 - 399 വരെ 4 ആട്. 400 മുതൽ ഓരോ 100 നും ഓരോ ആട് എന്ന ക്രമത്തിൽ സക്കാത്ത് നൽകേണ്ടതാണ്.


ഭൂഖനികളിലെ സക്കാത്ത് 

ഇത് രണ്ട് വിഭാഗമുണ്ട് 

ഒന്ന് : ഭൂമിക്കടിയിൽ അല്ലാഹു നിക്ഷേപിച്ചു വെച്ചിരിക്കുന്നത് (ജനം കുഴിച്ചിടൽ അല്ലാത്തത്) ഇങ്ങനെയുള്ള നിധി ലഭിച്ചാൽ അത് സ്വർണ്ണമാണെകിൽ അതിന്റെ അളവ് എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ കണക്കും , ഇനി വെള്ളിയാണെങ്കിൽ അതിന്റെ കണക്കനുസരിച്ചും കൊടുക്കണം .

രണ്ട് : മുഹമ്മദ് നബിയുടെ (സ) കാലത്തിനു മുമ്പുള്ളവർ കുഴിച്ചിട്ട നിധി ലഭിച്ചാൽ അതും മുകളിൽ പറഞ്ഞ പ്രകാരം സക്കാത്തു നിർബന്ധമാകും.

നബി (സ) യുടെ കാല ശേഷം കുഴിച്ചിട്ടിട്ടുണ്ടെങ്കിൽ ഏതു കാലക്കാരാണ് കുഴിച്ചിട്ടത് എന്നറിയാൻ കഴിയാത്ത വിധം ലഭിച്ച നിധിക്ക് സക്കാത്ത് നിർബന്ധമില്ല.


ഫിത്ർ സക്കാത്ത് 

ഒരു ഗൃഹനാഥന്‍ ആ വീട്ടിലെ അവരുടെ ഭാര്യ മക്കള്‍ തുടങ്ങിയ എല്ലാവരെയും കണക്കാക്കി നിർബന്ധമായും നൽകേണ്ടതാണ് ഫിതര്‍ സകാത്ത്. പെരുന്നാള്‍ ദിവസം ആരും തന്നെ പട്ടിണി കിടക്കാന്‍ പാടില്ല എന്നതാണ് ഇതിന്റെ് ഉദ്ദേശം .

റമളാനിൽ ഏറ്റവും ഒടുവിലത്തെയും ശവ്വാലിൽ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളിൽ ജീവിച്ചിരിക്കുന്ന വ്യക്തിയിൽ നിർബന്ധമാക്കപ്പെട്ട ദാനധർമ്മത്തിനാണ്‌ ഫിത്വർ സകാത്ത്‌ എന്ന്‌ പറയുന്നത്‌. അപ്പോൾ റമളാൻ അവസാനം ജനിക്കുന്ന കുഞ്ഞ്‌ ശവ്വാലിന്റെ ആദ്യത്തോടെ മരിച്ചാലും കുഞ്ഞിനു വേണ്ടി ഫിത്വർ സകാത്ത്‌ നോൽക്കേണ്ടി വരും.

ഒരു വ്യക്തി സ്വന്തം ശരീരത്തിനും ചിലവ്‌ കൊടുക്കാൻ നിർബന്ധമായവർക്കും അനിവാര്യവും അനുയോജ്യവുമായ വസ്ത്രം, പാർപ്പിടം, സേവകൻ, പെരുന്നാൾ രാപകലിന്‌ മതിയായ ഭക്ഷണ പാനീയങ്ങൾ,സ്വന്തം കടം എന്നിവ കഴിച്ച്‌ ഫിത്വർ സകാത്തിലേക്ക്‌ തിരിക്കാവുന്ന എന്തെങ്കിലും നേരത്തെ പറഞ്ഞ നിശ്ചിത നിമിഷങ്ങളിൽ കയ്യിലിരിപ്പുള്ളവർക്കൊക്കെയും ഫിത്വർ സകത്ത്‌ നിർബന്ധമാണ്‌

ഹനഫി മദ്ഹബ് പ്രകാരം ഫിത്ർ സക്കാത്തായി നൽകേണ്ടുന്നത് 1530 ഗ്രാം അരിയോ അതിന്റെ വിലയോ ആണ് .

No comments:

Post a Comment