Friday 15 May 2020

പൊതു അനുവാദവും (إذن عام) , ജുമുആ നിസ്‌ക്കാരവും



ഹനഫി മദ്ഹബ് അനുസരിച്ച് "إذن عام" "പൊതു അനുവാദം" എന്നുള്ള നിബന്ധന പാലിക്കപ്പെടാത്തതിനാൽ വീടുകളിലും മറ്റും ജുമാ നമസ്കാരം ശരിയാവുകയില്ല എന്ന് ചിലർ പ്രസ്താവനകൾ ഇറക്കിയിരുന്നു. അതിന്റെ വസ്തുത എന്ത് ?


നിലവിലെ സാഹചര്യത്തിൽ 4 ൽ കുറയാത്ത  ചെറു സംഘങ്ങളായി തിരിഞ്ഞ് പല സ്ഥലങ്ങളിലായി ഒരുമിച്ചു കൂടുന്നതിന് തടസ്സമില്ലാത്ത സ്ഥലങ്ങളിൽ, (രോഗം സ്ഥിരീകരിക്കാത്ത, പടരാനിടയില്ലാത്ത സ്ഥലങ്ങളിൽ) അത്തരത്തിൽ ഒരുമിച്ച്കൂടി പള്ളികളിലും അല്ലാത്ത മദ്റസ, കട മുറികൾ വീട് പോലുള്ള സ്ഥലങ്ങളിലും ജു:മുആ നടത്താവുന്നതാണ്. നടത്തിയാൽ ശരിയാകുന്നതുമാണ്.


ചിലർ, സർക്കാരിൻറെ ഭാഗത്ത് നിന്നും ആളുകൾ ഒരുമിച്ചു കൂടുന്നതിനുള്ള അനുവാദമില്ലല്ലോ? അപ്പോൾ “പൊതു അനുവാദം ഉണ്ടായിരിക്കുക” എന്ന നിബന്ധന പാലിക്കപ്പെടാത്തതിനാൽ ജു:മുആ നടത്തൽ ശരിയാവുകയില്ല. എന്ന് പറയുന്നുണ്ട്.


മറുപടി:- ഇവിടെ പൊതു അനുവാദം ഉണ്ടായിരിക്കുക, ജനങ്ങളെ തടയാതിരിക്കുക എന്നതുകൊണ്ടുള്ള ഉദ്ദേശം, നമസ്കരിക്കുന്നതിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള തടയൽ ഇല്ലാതിരിക്കുക എന്നതാണ്.

സർക്കാർ  രോഗം പകരാതിരിക്കാൻ വേണ്ടി ആളുകൾ ഒരുമിച്ചു കൂടുന്നതിനെയാണ് തടയുന്നത് അല്ലാതെ അവർ ഒരിക്കലും നമസ്കരിക്കുന്നതിനെ തടയുന്നില്ല. ഇത്തരത്തിൽ നമസ്കാരത്തെ ലക്ഷ്യം വെച്ച് കൊണ്ടുള്ളതല്ലാത്ത തരത്തിലുള്ള അനുവാദം നൽകാതിരിക്കലും, തടയലും  ജു:മുഅ നടത്തുന്നതിന്  തടസ്സം സ്രിഷ്ടിക്കുന്നില്ല. കാരണം 'പൊതു അനുവാദം' എന്നുള്ള നിബന്ധന ആദ്യകാലഘട്ടം മുതൽ തന്നെ ഫുഖഹാക്കൾക്കിടയിൽഅഭിപ്രായ വ്യത്യാസമുള്ള കാര്യമാണ്. മാത്രമല്ല ഫിഖ്ഹിൻറെ ഗ്രന്ഥങ്ങളിൽ ഇത്

ظاهر الرواية

(മുഹമ്മദ് (റ) എഴുതിയ അഞ്ചു ഗ്രന്ഥങ്ങളിലെ മസ്അലകൾ) ന്റെകൂട്ടത്തിൽ ചർച്ചചെയ്യപ്പെടുന്നില്ല

نوادر الروايات - ന്റെ കൂടെയാണ് പരാമർശിക്കപ്പെടുന്നത്.ഹനഫി മദ്ഹബിൽ

ظاهر الرواية - കൾക്കാണ് പരിഗണന കൂടുതൽ നൽകേണ്ടത് എന്നകാര്യം ഇതിനോട്  ചേർത്ത് വായിക്കേണ്ടതാണ്. അതുകൊണ്ടുതന്നെയാണ് ഹിദായയുടെ മുസന്നിഫ് അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ ഈ നിബന്ധനയെക്കുറിച്ച് പരാമർശിക്കാത്തത്. അ തുപോലെ സറഹ്സി (റഹ്:അ) ഉസ്താദ് അല്ലാമ സുഅ്ദി (റഹ്:അ) പോലുള്ള പ്രഗൽഭ പണ്ഡിതരും ഈ നിബന്ധനയെ കുറിച്ച് പരാമർശിക്കുന്നില്ല. ശേഷമുള്ള متن ആയി കണക്കാക്കപ്പെടുന്ന ഗ്രന്ഥങ്ങൾ എഴുതിയ ഫുഖഹാക്കളെല്ലാം അവരുടെ ഗ്രന്ഥങ്ങളിൽ ഈ നിബന്ധന ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും അല്ലാമാ ഷാമി (റഹ്:അ) പോലുള്ള ശേഷം വന്ന പ്രധാനപ്പെട്ട ഫുഖഹാക്കളിൽ  പലരും  “ഈ നിബന്ധന അഥവാ 'നമസ്കാരത്തിന് വരുന്നവർക്ക് തടസ്സം ഇല്ലാതിരിക്കുക എന്നത്' പാലിക്കപ്പെടേണ്ടത്, ഒരു നാട്ടിൽ ഒരു സ്ഥലത്ത് മാത്രം ജു:മുആ നടത്തപ്പെടുന്ന സാഹചര്യത്തിലാണ്, ഒരു നാട്ടിൽ തന്നെ പല സ്ഥലങ്ങളിൽ ജുമാ നടത്തുമ്പോൾ ഈ നിബന്ധന പാലിക്കേണ്ട ആവശ്യമില്ല.” എന്ന് പറയുന്നവരാണ്.

ഇനി ഒരു  നാട്ടിൽ തന്നെ പല സ്ഥലങ്ങളിൽ ജു:മുആ നടത്തുമ്പോഴും ഈ നിബന്ധന ബാധകമാണ് എന്ന് പറയുന്ന ഫുഖഹാക്കളുടെ അടുക്കൽ തന്നെ നമസ്കാരത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള തടയൽ ആയിരുന്നാലാണ് പ്രശ്നമുളളൂ. മറ്റേതെങ്കിലും കാരണത്തിന്റെ പേരിലാണ് പൊതു അനുവാദം തടയപ്പെടുന്നത് എങ്കിൽ ജു:മുആ നടത്തുന്നതിന് കുഴപ്പമില്ല എന്നുള്ളതാണ്. അതായത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉള്ളത് പോലുള്ള പകർച്ചവ്യാധി രോഗം പകരാതിരിക്കാനോ അല്ലെങ്കിൽ  ജു:മുആ നടത്തപ്പെടുന്ന നാട്ടിൽ പട്ടാളത്തിന്റെ പരിശീലനങ്ങളും മറ്റും  നടക്കുന്ന സ്ഥലമായതുകൊണ്ട് അത് ചോരാതിരിക്കാൻ വേണ്ടി ചാരന്മാരെയും മറ്റും തടയുക എന്ന ലക്ഷ്യത്തിൽ മറ്റ് നാടുകളിൽ ഉള്ളവർ നാട്ടിലേക്ക്  വരാതെ (നാട്ടിലുള്ളവർക്ക് നമസ്കരിക്കാൻ വരുന്നതിന് തടസ്സമില്ലാത്ത രൂപത്തിൽ) ആ നാട്ടിലേക്കുള്ള പ്രധാനകവാടം അടച്ചിടുന്നു  എങ്കിൽ നാട്ടിലുള്ളവർക്ക് അവിടെ ജു:മുആ നമസ്കരിക്കുന്നതിന് കുഴപ്പമില്ല. ഇവിടെ പൊതു അനുവാദം എന്നുള്ള നിബന്ധന നഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ജു:മുഅ നടത്തൽ അനുവദനീയമാണ്.

അതുപോലെ എയർപോർട്ടുകളിൽ എയർപോർട്ടുകളുടെ സുരക്ഷക്ക് വേണ്ടി അതിലേക്കുള്ള പ്രവേശനകവാടം ക്ലോസ് ചെയ്യാറുണ്ട്. ഇത് നമസ്കാരത്തെ തടയുക എന്ന ലക്ഷ്യത്തിന്റെ പേരിൽ അല്ലാത്തത് കൊണ്ട് എയർപോർട്ടിന്റെ ഉള്ളിൽ ജു:മുഅ നടത്തുന്നതിന് കുഴപ്പമില്ല അനുവദനീയമാണ്. (ജയിലിൽ ജു:മുഅ നടത്തലും  ഇത് പോലെ തന്നെയാണ്.)

ഇത്തരത്തിൽ

مولانا تقي عثمانى 

പോലുള്ള ആനുകാലിക പണ്ഡിതന്മാർ ഈ നിബന്ധനയെ  മുൻനിർത്തി ഇത്തരം തടസ്സങ്ങൾ ഉണ്ടെങ്കിലും ജു:മുഅ നടത്തൽ അനുവദനീയമാണ് എന്ന് ചർച്ച ചെയ്യുന്നുണ്ട്.

(فقهى مقالات31__38. )ഭാഗം4 (مولانا تقي عثمانى)


ഒരു നാട്ടിൽ പല സ്ഥലങ്ങളിൽ ജു:മുഅ നടത്തപ്പെടുമ്പോഴും പൊതു അനുവാദം വേണമെന്ന് പക്ഷം ഉള്ള ഫുഖഹാക്കളാണ് കൂടുതലും. അതുകൊണ്ട് എല്ലാവർക്കും വരാവുന്ന തരത്തിലുള്ള അനുവാദം നാം കൊടുക്കണം.അത് നമസ്കാര സ്ഥലത്തേക്കുള്ള വാതിൽ തുറന്നിടുന്നതിലൂടെ സാധ്യമാണ്. (അതായത് ന ആരേയും പ്രത്യേകിച്ച് തടയുന്നുമില്ല. എന്നാൽ പരസ്യമായി എല്ലാവരേയും നമസ്കാരത്തെ കുറിച്ച് അറിയിക്കുന്നുമില്ല.)

ചുരുക്കത്തിൽ  നിലവിലെ സാഹചര്യത്തിൽ 4 ൽ കുറയാത്ത  ചെറു സംഘങ്ങളായി തിരിഞ്ഞ് പല സ്ഥലങ്ങളിലായി ഒരുമിച്ചു കൂടുന്നതിന് തടസ്സമില്ലാത്ത സ്ഥലങ്ങളിൽ, (രോഗം സ്ഥിരീകരിക്കാത്ത, പടരാനിടയില്ലാത്ത സ്ഥലങ്ങളിൽ) അത്തരത്തിൽ ഒരുമിച്ചുകൂടി പള്ളികളിലും അല്ലാത്ത മദ്റസ, കട മുറികൾ വീട് പോലുള്ള സ്ഥലങ്ങളിലും ജു:മുഅ നടത്താവുന്നതാണ്. അത്തരം സാഹചര്യമോ സൗകര്യമോ ഇല്ലാത്തവർ ളുഹ്ർ നമസ്കരിക്കേണ്ടതുമാണ്.

No comments:

Post a Comment