Saturday 2 May 2020

ഇമാം മാലിക് (റ)






മഹാനായ ഇമാം മാലിക് (റ) വിന്റെ സംഭവബഹുലമായ ചരിത്രത്തിന്റെ രത്നച്ചുരുക്കമാണ്...

ഒരു വിദ്യാർത്ഥി അറിവ് നേടേണ്ടതും, ലഭിച്ച അറിവ് പഠിപ്പിച്ചു കൊടുക്കേണ്ടതും, പണ്ഡിതർ സമൂഹത്തിലെ ഏതുതരം ജനങ്ങളോടും എന്തു നിലപാട് സ്വീകരിക്കണമെന്നും, ഈ ചരിത്രം നമ്മെ പഠിപ്പിക്കും ...

പണക്കാരന്റെയും ഭരണാധിപന്റെയും മുമ്പിൽ മാത്രമല്ല, സാക്ഷാൽ ഹർബിയ്യിന്റെ മുമ്പിൽ പോലും ഓച്ചാനിച്ചു നിൽക്കുന്നവനും, ഇൽമിന്റെ മഹത്വം മനസ്സിലാക്കാത്തവനും വിജ്ഞാനത്തെ ഇകഴ്ത്തുന്നവനത്രെ ...

പുതുയുഗത്തിൽ നാം കേട്ടുകൊണ്ടിരിക്കുന്ന പല സംഭവ വികാസങ്ങളും, രാഷ്ട്രീയ വിലപേശലുകളും, ആത്മീയ വ്യാപാരവും നടത്തി തങ്ങളുടെ ബിസിനസ് രക്ഷപ്പെട്ടു കിട്ടാൻ ഇൽമിനെ പണയം വെക്കുന്ന പണ്ഡിതവേഷധാരികൾക്ക് എമ്പാടും ഗുണപാഠം ഈ ചരിത്രത്തിൽ നൽകുന്നു ...

ഇമാം മാലികുബ്നു അനസ് (റ). ഇമാമു ദാരിൽ ഹിജ്റ. ഹദീസിലും ഫിഖ്ഹിലും മഹാപണ്ഡിതൻ. വിജ്ഞാനത്തിന്റെ ശാഖകളിലെല്ലാം അവഗാഹം നടി. ഭാഷയിലും സാഹിത്യത്തിലും നൈപുണ്യം നേടി. ഇജ്തിഹാദിന്റെ കവാടം തുറന്ന്, മനുഷ്യർക്ക് ഉപകാരപ്രദമായ നിരവധി മസ്അലകൾ കണ്ടെത്തിയ മഹാനായ മുജ്തഹിദ്. ഹദീസിൽനിന്ന് ഫിഖ്ഹ് പിടിച്ചെടുക്കുക ഏറെ ശ്രമകരമാണത്. മഹാൻ അതിനുവേണ്ടി കഠിനാധ്വാനം ചെയ്തു. ഉന്നതമായൊരു ഗ്രന്ഥം ലോകത്തിന് സമർപ്പിച്ചു...
അൽ മുവത്വഅ് കാലമെത്ര കടന്നുപോയിട്ടും ആ ഗ്രന്ഥത്തിന്റെ ശോഭ കുറഞ്ഞിട്ടില്ല .. കൂടിയിട്ടേയുള്ളൂ ...

എണ്ണിയാൽ തീരാത്ത ശിഷ്യന്മാർ.. അതിപ്രഗത്ഭന്മാർ തന്നെ ആയിരക്കണക്കിൽ വരും. ഗ്രന്ഥ രചന നടത്തിയവർ നിരവധിയാണ്. ശിഷ്യന്മാരുടെ വാക്ധോരണിയും ഗ്രന്ഥങ്ങളും മാലികി മദ്ഹബിന് ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും പ്രചാരം നേടിക്കൊടുത്തു ...

നാല് മദ്ഹബുകൾ ലോകത്ത് സജീവമായി നിലനിൽക്കുന്നു. മുസ്ലിം സമൂഹത്തിന് മദ്ഹബുകൾ അനുഗ്രഹമാണ്. മദ്ഹബുകളുടെ അതിർവരമ്പുകൾക്കുള്ളിൽ അച്ചടക്കത്തോടെ ജീവിക്കണം. അതിന് നമ്മെ പ്രാപ്തരാക്കിയ നാല് മഹാന്മാരെയും നാം അടുത്തറിയണം. അവർ കാലഘട്ടത്തിന്റെ ദീപങ്ങളാകുന്നു. പ്രകാശം മങ്ങാത്ത ദീപങ്ങൾ ...

നാല് ഇമാമീങ്ങളിൽ ആദ്യം വരുന്നത് ഇമാമുൽ അഅ്ളം അബൂഹനീഫ (റ) അവർകളാകുന്നു. (ആ ചരിത്രം നമ്മൾ വായിച്ചു) മഹാനവർകളുടെ ശിഷ്യൻ ഇമാം മാലിക് (റ) ...

മാലികുബ്നു അനസ് (റ) വിന്റെ ശിഷ്യനാണ് മുഹമ്മദുബ്നു ഇദ്രീസുശ്ശാഫിഈ (റ) അവർകൾ ...

ഇമാം ശാഫിഈ (റ)വിന്റെ ശിഷ്യൻ ഇമാം അഹ്മദുബ്നു ഹമ്പൽ (റ) ...
അവർക്കിടയിൽ എത്ര ഹൃദ്യമായ ബന്ധം. അതിശയകരം തന്നെയാണ് ...

അവർക്കിടയിലെ പരസ്പര ബഹുമാനം അത് നാം അറിയുക തന്നെ വേണം ...


അനസും ആലിയയും

പുണ്യമദീന 

ആ പേര് കേൾക്കുമ്പോൾ സത്യവിശ്വാസിയുടെ മനസ്സിൽ തണുപ്പ് വീഴുന്നു ഏത് മുഅ്മിനിന്റെയും മനസ് മദീനയുമായി ബന്ധിച്ചുനിൽക്കുകയാണ്  മദീനയെക്കുറിച്ച് ഉൾപ്പുളകമുണ്ടാക്കുന്ന ഓർമകൾ ഉണരുന്നു അവിടെയാണ് പുണ്യറൗളാശരീഫ്  

നബി (സ) തങ്ങൾ റൗളാശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നു മനസ്സെപ്പോഴും അങ്ങോട്ട് പറക്കാൻ വെമ്പുന്നു മദീനയിൽ വന്നു താമസമാക്കിയ ഒരു കുടുംബത്തിലേക്ക് നമുക്കു കടന്നുചെല്ലാം 

മാലികുബ്നു അബീആമിർ അബൂആമിറിന്റെ മകൻ മാലിക് പിതാവായ അബൂആമിർ കുടുംബസമേതം യമനിലാണ് താമസം നാട്ടിലെ പൗരപ്രമുഖനാണ് അബൂആമിർ അബൂആമിറിന്റെ പിതാവ് അംറ് 
അംറിന്റെ പിതാവ് ഖുസൈൽ ഖുസൈലിന്റെ പിതാവ് അംറ് അംറിന്റെ പിതാവ് ഹാരിസ് 

ദീ അസ്ഹബ് ഗോത്രം 

മാലികുബ്നു അബീആമിർ ഒരിക്കൽ മദീനയിൽ വന്നു നബി (സ) തങ്ങളുടെ പട്ടണം മദീനത്തുന്നബി 

റൗളാശരീഫിലെത്തിയപ്പോൾ മനസ് കുളിരണിഞ്ഞു ഇശ്ഖ് നിറഞ്ഞു മദീനയിലെ മണ്ണിനോട് വല്ലാത്ത ഇഷ്ടം അപ്പോൾ മനസ് മന്ത്രിച്ചതിങ്ങനെ: 

റൗളാ ശരീഫിന്റെ നാട്ടിൽ താമസിക്കാം ഈ പുണ്യ മണ്ണിൽ കഴിയാം ഇവിടെ ജോലി ചെയ്തു ജീവിക്കാം യമിനിലേക്ക് മടങ്ങിയില്ല മദീനയിൽ തങ്ങി അധ്വാനശിലനും സൽസ്വഭാവിയുമായ മാലികിനെ എല്ലാവരും ഇഷ്ടപ്പെട്ടു എല്ലാവരും സ്നേഹം നൽകി മദീന സമാധാനത്തിന്റെ പട്ടണമാണ് റൗളാശരീഫിനോട് വല്ലാത്ത ആദരവ് പട്ടണത്തിലുള്ളവരെല്ലാം സ്വരം താഴ്ത്തിയാണ് സംസാരം പട്ടണത്തിന്റെ എല്ലാ ഭാഗത്തും ഇതുതന്നെയാണവസ്ഥ  വീടുകളിലും ഇതുതന്നെയാണ് സ്ഥിതി ഉച്ചത്തിൽ സംസാരിക്കില്ല വഴക്കടിക്കില്ല ചീത്ത പറയില്ല എല്ലാം റൗളാശരീഫിനോടുള്ള ആദരവ്  

മാലിക് എപ്പോഴും മെല്ലെ സംസാരിക്കുന്നു പുറത്തുനിന്ന് വരുന്നവർ മദീനക്കാരെ ആദരിക്കുന്നു റൗളാശരീഫിന്റെ അയൽക്കാരാണ് മദീനക്കാർ ആദരിക്കപ്പെടേണ്ടവർ തന്നെ  മാലികിന് കുടുംബം വേണം ജീവിത പങ്കാളി വേണം 

ബനൂതൈമ ഗോത്രം പ്രസിദ്ധമാണ് ആ ഗോത്രത്തിൽ സുന്ദരിയും ബുദ്ധിമതിയുമായ ഒരു ചെറുപ്പക്കാരിയുണ്ട് മാലികിന് നന്നായി ചേരും  
അന്വേഷണമായി ചർച്ചയായി തീരുമാനമായി വേണ്ടപ്പെട്ടവർ ചേർന്നു നികാഹ് നടന്നു  സന്തോഷകരമായ ദാമ്പത്യജീവിതം ഇവർക്കൊരു പുത്രൻ ജനിച്ചു കുഞ്ഞിന് അനസ് എന്നു പേരിട്ടു അനസ് വളരുകയാണ്  നല്ല ദീനീചിട്ടയിൽ വളർന്നു വരുന്നു നല്ല ബുദ്ധിശക്തിയുള്ള കുട്ടി എത്ര പെട്ടെന്നാണ് വിശുദ്ധ ഖുർആൻ പഠിച്ചത് ഖുർആൻ ആഴത്തിൽ പഠിച്ചു ആയത്തുകൾ നന്നായി വ്യാഖ്യാനിക്കും പിതാവായ മാലിക് നല്ല പണ്ഡിതനാണ് താബിഉകളിൽ പ്രധാനിയാണ് പല സ്വഹാബികളുമായി ബന്ധപ്പെട്ടിട്ടുണ്ട് അവരിൽ നിന്ന് ധാരാളം ഹദീസുകൾ പഠിച്ചിട്ടുണ്ട്  

കുട്ടിപ്രായത്തിൽ തന്നെ അനസ് പിതാവിൽ നിന്ന് ധാരാളം അറിവുകൾ നേടിയിരുന്നു  

മാലിക് മദീനയിൽ വരുന്ന കാലത്ത് ഉമർ(റ) ഖലീഫയാണ് ഇസ്ലാമിക ഭരണത്തിന്റെ സുവർണ കാലഘട്ടം ഖലീഫയുമായി അടുത്ത ബന്ധം സ്ഥാപിച്ചു  ഉമർ(റ)വിൽ നിന്ന് ധാരാളം അറിവുകൾ നേടി ഉസ്മാൻ (റ), അലി(റ),ത്വൽഹ(റ) തുടങ്ങിയവർ ഇൽമിന്റെ ബഹറുകളാണ് അവരിൽനിന്നെല്ലാം വിലപ്പെട്ട വിജ്ഞാനം നേടിയിട്ടുണ്ട്  ഇൽമിന്റെ മഹാസമുദ്രമാണ് ആഇശ(റ) നബി (സ) തങ്ങളുടെ പ്രിയപത്നി  

പഠനത്തിന് ഏറ്റവും പറ്റിയ കാലഘട്ടമാണ് കൗമാരം ആ പ്രായത്തിലുള്ള ആഇശ(റ) നബി (സ) തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു ഒരു വിദ്യാർത്ഥിനിയായി വന്നു ഭാര്യയായി വന്നു നബി (സ) തങ്ങളുടെ ജീവിതം തന്നെയാണ് പഠനവിഷയം  

നബി (സ) തങ്ങൾ ഒരു ഭർത്താവ് എന്ന നിലയിൽ എങ്ങനെ ജീവിച്ചു? പിതാവ് എന്ന നിലയിൽ എങ്ങനെ ജീവിച്ചു  

കുടുംബനാഥൻ, ഭരണകർത്താവ്,ജനനായകൻ, പടനായകൻ, ന്യായാധിപൻ, കച്ചവടക്കാരൻ തുടങ്ങിയ നിലകളിൽ എങ്ങനെ ജീവിച്ചു?അതെല്ലാം ആഇശ(റ) പഠിച്ചറിഞ്ഞു 

നബി (സ) തങ്ങളുടെ അവസാന നാളുകൾ ആഇശ(റ) യുടെ കൂടെയാണ് കഴിഞ്ഞത് ആഇശ(റ)യുടെ മാറിടത്തിൽ തല ചായ്ച്ചു കിടന്നാണ് നബി (സ) വഫാത്തായത് 

ആഇശ(റ) എല്ലാ സംഭവങ്ങളും ഓർത്തുവെച്ചു കേട്ട വാക്കുകളൊന്നും മറന്നില്ല നബി (സ) തങ്ങളുടെ വിശദമായ ചരിത്രം ആഇശ(റ) ലോകത്തിന് പറഞ്ഞു കൊടുത്തു  

മാലിക് മദിനയിൽ വന്നപ്പോൾ ഈ ചരിത്രമെല്ലാം കേട്ടു മുഅ്മിനീങ്ങളുടെ ഉമ്മ ആഇശ(റ)  ആ ഉമ്മയിൽ നിന്ന് വിജ്ഞാനം നേടാൻ വല്ലാത്ത  മോഹം കവികൾ ഉമ്മയെ വിശേഷിപ്പിച്ചത് ഇൽമിന്റെ ബഹർ എന്നാകുന്നു  പണ്ഡിതനായ മാലിക് ആ പാടിവാതിൽക്കലെത്തി പലതും ചോദിച്ചറിഞ്ഞു വേണ്ടുവോളം വിശദീകരണം കിട്ടി സംതൃപ്തനായി മടങ്ങി പല തവണ വിദ്യ തേടി ആ പടിവാതിൽക്കൽ പോയിട്ടുണ്ട്  

പിതാവ് പണ്ഡിതൻ മാതാവ് പണ്ഡിതവനിത ബന്ധുക്കൾ പണ്ഡിന്മാരും പണ്ഡിതകളും 

മാലിക് അവർകളുടെ മൂന്നു പുത്രന്മാർ ചരിത്രപ്രസിദ്ധരാണ് 1. അനസ് 2. അബൂസുഹൈൽ 3.നാഫിഅ് 

പാണ്ഡിത്യം കൊണ്ട് പ്രസിദ്ധരായ പുത്രന്മാർ കുട്ടിക്കാലത്തുതന്നെ ബുദ്ധിയും വിവേകവും വിജ്ഞാനത്തോട് അതീവ താൽപര്യവും കാണിച്ചു മാലിക് അവരെ നല്ല ശിക്ഷണം നൽകി വളർത്തി 

ഹദീസ് പണ്ഡിതൻ എന്ന നിലയിൽ മാലിക് ചരിത്രത്തിൽ പ്രസിദ്ധനാണ് നിരവധി ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് 

ഉമർ (റ), ത്വൽഹ(റ) , ആഇശ(റ), അബൂഹുറൈറ (റ),ഹസാൻ(റ) എന്നിവരിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് 

ഉസ്മാൻ (റ)വിന്റെ കാലത്ത് ഖുർആൻ പകർത്തിയെഴുതുവാൻ ചില മഹൽവ്യക്തികളെ ചുമതലപ്പെടുത്തിയിരുന്നു അവരിൽ ഒരാൾ മാലിക് ആയിരുന്നു  

ഉസ്മാൻ (റ)വിന്റെ അവസാന കാലത്തെ വിപ്ലവകാരികളുടെ അക്രമങ്ങളും മറ്റും മാലികിനെ വല്ലാതെ വേദനിപ്പിച്ചു സബഇകൾ എന്ന ദ്രോഹികൾ ഖലീഫയെ അക്രമമായി വധിച്ചു മദീന കൊള്ളയടിച്ചു  ആ ദിവസങ്ങളിൽ മാലിക് അനുഭവിച്ച ദുഃഖം എത്രയാണ് ഖലീഫയുടെ ഖബറടക്കൽ കർമത്തിൽ മാലിക് പങ്കാളിയായിരുന്നു  

ഉപ്പയുടെ പ്രയാസങ്ങളും ദുഃഖവും നേരാട്ടു കാണുകയാണ് പുത്രൻ അനസ്  ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാത്ത കാലം  

ഖലീഫ വധിക്കപ്പെടുമ്പോൾ പ്രമുഖ സ്വഹാബികൾ പലരും  മക്കത്തായിരുന്നു അവർ മദീനയിൽ തിരിച്ചെത്താറാവുമ്പോഴേക്കും വിപ്ലവകാരികൾ മദീന വിട്ടുകഴിഞ്ഞിരുന്നു  

മാലികിന്റെ സഹോദരന്മാരാണ് നാഫിഅ്, ഉവൈസ്, നവീഅ് എന്നിവർ  മൂന്നു പേരും പേരെടുത്ത പണ്ഡിതൻമാർ, മുഹദ്ദിസുകൾ അത് പണ്ഡിതന്മാരുടെ കുടുംബമായിരുന്നു 

പിതാവിന്റെ ബുദ്ധിയും, ഓർമശക്തിയും, ധൈര്യവും പാണ്ഡിത്യവും പാരമ്പര്യമായി ലഭിച്ച പുത്രനാണ് അനസ് ചരിത്രം ആ യുവാവിനെ വിളിക്കുന്നത് അനസുബ്നു മാലിക് എന്നാണ് 

മാലികിന്റെ മകൻ അനസ് 

അനസ് വളർന്നു വലുതായി വിവാഹ പ്രായമായി ഒരു പണ്ഡിത വനിതയെ ജീവിതപങ്കാളിയായി ലഭിക്കണം അന്വേഷണമായി  

അസദ് ഗോത്രത്തിലെ ഒരു പ്രമുഖനാണ് ശരീക് ശരീകിന്റെ മകൻ അബ്ദുറഹ്മാൻ അദ്ദേഹത്തിന്റെ പ്രിയ പുത്രിയാണ് ആലിയ 

അനസ്, ആലിയ 

നല്ല ചേർച്ചയുണ്ടെന്ന് കാരണവന്മാർ പറഞ്ഞു അന്വേഷണമായി ആലോചനയായി ഒടുവിൽ വിവാഹമുറപ്പിച്ചു നികാഹ് നടന്നു സൽക്കാരം നടന്നു  

ആഹ്ലാദത്തോടെ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു ഹദീസ് പണ്ഡിതന്മാരുടെ കുടുംബം  സംഭാഷണം തുടങ്ങിയാൽ ഹദീസുകൾ ഒഴുകിവരാൻ തുടങ്ങും  ഏത് കാര്യത്തിനും ഹദീസ് ഓതുന്നത് കേൾക്കാം പ്രവാചക വചനങ്ങൾ തങ്ങിനിൽക്കുന്ന വീട് ഭക്തിനിർഭരമായ അന്തരീക്ഷം  ആലിയ ആ അന്തരീക്ഷവുമായി ഇണങ്ങിച്ചേരുകയാണ് ചെവിയിൽ പ്രതിധ്വനിക്കുന്നത് തിരുനബി(സ)യുടെ വചനങ്ങൾ പെണ്ണുങ്ങളുടെ സംസാരവും ഹദീസ് സംബന്ധമായ കാര്യങ്ങൾ തന്നെ മനസ്സിലും, ചിന്തയിലും രക്തത്തിലുമെല്ലാം ഹദീസുകൾ അലിഞ്ഞുചേർന്നു 

പ്രവാചക വചനങ്ങളിലൂടെ പ്രവാചക സ്നേഹം വളർന്നു അവർണനീയമായ അനുഭൂതി 

ഇശ്ഖിന്റെ ലോകം 

ആ ലോകത്ത് സഞ്ചരിക്കുന്ന പുണ്യവനിതകൾ ആലിയ വിജ്ഞാനത്തിന്റെ കൈവഴികളിലൂടെ നീന്തിത്തുടിക്കുകയാണ് ഓരോ ദിവസവും ധാരാളം കാര്യങ്ങൾ പഠിക്കുന്നു അറിയാതെ പണ്ഡിത വനിതയായി മാറുകയാണ്  

തന്റെ പ്രിയ ഭർത്താവ് അനസ് 

ഹദീസ് വിജ്ഞാനത്തിന് വേണ്ടി നീക്കിവെക്കപ്പെട്ട ജീവിതം വിജ്ഞാനത്തിന്റെ വിശാലമായ മേഖലയിലേക്കുതന്നെ കൈ പിടിച്ചു നടത്തുന്ന പ്രിയ ഭർത്താവ്  

ഈ ദമ്പതികളിൽനിന്ന് ഒരു കുഞ്ഞ് പിറക്കാനുണ്ട് ഭൂലോകം ഹദീസ് വിജ്ഞാനംകൊണ്ടും കർമശാസ്ത്ര വിജ്ഞാനം കൊണ്ടും പ്രശോഭിതമാക്കുന്ന മഹാൻ മാലികുബ്നു അനസ് (റ)


മാലിക് എന്ന കുട്ടി

മഹത്തായ റൗളാശരീഫ് മദീനയുടെ സൗഭാഗ്യം അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം നബി (സ) തങ്ങൾക്കാകുന്നു അങ്ങനെയുള്ള നബി (സ)തങ്ങളുടെ അന്ത്യവിശ്രമ കേന്ദ്രമാണ് മഹത്തായ റൗളാശരീഫ്  അല്ലാഹുവിന്റെ ഹബീബ് പുണ്യമദീനയിൽ ജനിക്കാൻ കഴിയുന്നത് എത്ര വലിയ സൗഭാഗ്യം മദീനയിൽ ജീവിക്കുക മദീനയിലെ വെള്ളം കുടിക്കുക മദീനയിലെ പഴങ്ങൾ ഭക്ഷിക്കുക മഹാസൗഭാഗ്യം തന്നെ അനസും മാലികും ആ സൗഭാഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നു സംസാരിക്കുന്നു റൗളാശരീഫ് കാണാൻ കൊതി തോന്നും ഉടനെ പോകും കാണും  പുണ്യ നബി (സ) തങ്ങൾക്ക് സലാം ചൊല്ലും അസ്വലാത്തു വസ്സലാമു അലൈക യാ റസൂലല്ലാഹ് എന്തൊരു നിർവൃതിയാണപ്പോൾ അനുഭവപ്പെടുക ആ തിരു സന്നിധിയിൽ പോയിനിൽക്കുക അപ്പോൾ മനസ് കോരിത്തരിക്കും മഹത്തായ മസ്ജിദുന്നബവി നബി (സ) തങ്ങളുടെ വിശുദ്ധ മസ്ജിദ് പുണ്യ നബി (സ) തങ്ങളും മഹാന്മാരായ സ്വഹാബികളും കഠിനാധ്വാനം ചെയ്തു നിർമിച്ച പള്ളി പലതവണ വിപുലീകരണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട് നിർമാണ കാലത്ത് ഇത്രയൊന്നും വിശാലതയില്ല ഇവിടെ മഹാനായ ബിലാൽ മുഅദ്ദിൻ(റ) വിന്റെ ബാങ്കൊലി മുഴങ്ങിരുന്നു  ഇന്നും ബാങ്ക് മുഴങ്ങുന്നു അഞ്ചുനേരവും പള്ളി നിറഞ്ഞുകവിയുന്നു മസ്ജിദുന്നബിയിലെ നിസ്കാരം അതിന്റെ അനുഭൂതി അനസ് അത് നന്നായി അറിഞ്ഞിട്ടുണ്ട് ചരിത്രം വീണുറങ്ങുന്ന മണ്ണ് ഓരോ മണൽത്തരിക്കും എമ്പാടും കഥകൾ പറയാനുണ്ടാവും നബി (സ) തങ്ങളുടെ പുണ്യം നിറഞ്ഞ പാദം പതിഞ്ഞ മണ്ണ്  ആ പുണ്യമണ്ണിലൂടെ ഭർത്താവും ഭാര്യയും സംസാരിച്ചു നടന്നു ഭർത്താവ് പുണ്യമദീനയുടെ മഹത്വങ്ങൾ ഭാര്യക്ക് പറഞ്ഞു കൊടുത്തു  

എത്ര കേട്ടാലും മതിവരാത്ത മഹത്വങ്ങൾ ജീവിതകാലം മുഴുവൻ ഇത് കേട്ടുകൊണ്ടിരിക്കണം ആലിയായുടെ വലിയ മോഹം ബന്ധുക്കൾ ആ സന്തോഷവാർത്തയറിഞ്ഞു ആലിയ ഗർഭിണിയായിരിക്കുന്നു എല്ലാ മനസ്സുകളിലും ആഹ്ലാദം തിരനൽകി ഗർഭം ചുമക്കുക വലിയ പുണ്യകർമമാണത് ഗർഭിണി കൂടുതലായി അല്ലാഹിനെ ഓർക്കുന്നു സ്വലാത്തും ദുആകളും വർധിപ്പിക്കുന്നു പുണ്യം തനിക്കു മാത്രം പോര വയറ്റിൽ കിടക്കുന്ന കുഞ്ഞിനും വേണം കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷകൾ അത് മനസ്സിൽ പുളകമണിയിക്കുന്നു ഗർഭിണിയുടെ അവസ്ഥാവിശേഷങ്ങൾ ആലിയ പഠിച്ചിട്ടുണ്ട് പറഞ്ഞു പഠിപ്പിക്കാൻ കുടംബത്തിൽ എത്രയെത്ര പണ്ഡിത വനിതകൾ 

ഗർഭിണിയുടെ ഓരോ വേദനക്കും പ്രതിഫലമുണ്ട് ഓരോ ക്ഷമക്കും സഹനത്തിനും പ്രതിഫലം മാസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു പത്ത് മാസം കഴിഞ്ഞിട്ടില്ല വേദനയില്ല പ്രസവ ലക്ഷണങ്ങളില്ല ഒരു കൊല്ലം കഴിഞ്ഞു നാട്ടിലാകെ അതിശയം വയറ്റിലുള്ളത് അത്ഭുത ശിഷു തന്നെ  

ഒരു കൊല്ലം കൂടി കടന്നുപോയി ആലിയ ഗർഭം ധരിച്ചിട്ട് വർഷം രണ്ടായി ധാരാളം സ്വലാത്ത് ചൊല്ലുന്നു ദിക്റുകൾ പതിവായി ചൊല്ലുന്നു  വിശുദ്ധ ഖുർആൻ ധാരാളമായി ഓതുന്നു ദുആ വർധിപ്പിക്കുന്നു ഒരു വർഷം കൂടി കടന്നുപോയി മൂന്നു വർഷങ്ങൾ ഭക്തിനിർഭരമായ മൂന്നു വർഷങ്ങൾ ആലിയക്ക് പ്രസവ വേദന വന്നു  ബന്ധുക്കളെത്തി ശുശ്രൂഷിക്കാൻ ആളുകളെത്തി ഒടുവിൽ സന്തോഷവാർത്തയെത്തി  

ആലിയ പ്രസവിച്ചു ആൺകുഞ്ഞ് ഹിജ്റ 93-ലായിരുന്നു കുഞ്ഞിന്റെ ജനനം മദീനയിൽ പരന്ന വിശേഷവാർത്ത മൂന്നു വർഷം ഗർഭം ചുമന്ന ശേഷം പ്രസവിക്കപ്പെട്ട കുട്ടി കുട്ടിയെ കാണാൻ ബന്ധുക്കളും അയൽക്കാരുമെത്തി കുഞ്ഞിന് ശാരീരികമായും ചില പ്രത്യേകതകളുണ്ട് അനസിനും ആലിയാക്കും വലിയ സന്തോഷം  അനസ് കുഞ്ഞിന് പേരിടുകയാണ് ഏത് പേര്? സ്വന്തം പിതാവിന്റെ പേര് മാലിക് ചരിത്രം ആ കുഞ്ഞിനെ ഇങ്ങനെ വിളിക്കും മാലികുബ്നു അനസ് 

അനസിന്റെ മകൻ മാലിക്  

മാലിക് നല്ല ചുണക്കുട്ടിയായി വളർന്നു വന്നു ഉമ്മയുടെ വാത്സല്യം പരിശുദ്ധമായ മുലപ്പാൽ ജാഗ്രതയോടുകൂടിയ പരിചരണം  

അനസ് പ്രിയ പുത്രനെ ശ്രദ്ധയോടെ വളർത്തി ആവശ്യം പോലെ സ്നേഹവും ലാളനയും നൽകി  ആരോഗ്യമുള്ള മനസ്സും ശരീരവും അത് രണ്ടും കൊച്ചുന്നാളിൽ തന്നെ കിട്ടി  

ഒരു കഥ കേട്ടാൽ മനസ്സിലാവുന്ന പ്രായമെത്തിയാൽ കുട്ടിക്ക് ഉമ്മയും ഉപ്പയും കഥകൾ പറഞ്ഞു കൊടുക്കണം ഏത് കഥ? 

മുത്ത് മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ കഥ  

നമ്മുടെ നബിയുടെ പേര് മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ ഉമ്മ ആമിന ബീവി (റ) ഉപ്പ അബ്ദുല്ല (റ)  നമ്മുടെ നബി (സ) ജനിച്ചത് മക്കത്ത് നബി (സ) തങ്ങൾ വഫാത്തായത് മദീനത്ത് ഇതൊക്കെയാണ് കുട്ടി ആദ്യം പഠിക്കേണ്ടത് മാതാപിതാക്കളാണ് പഠിപ്പിക്കേണ്ടത് 

മാലിക് എന്ന ഓമന മകൻ വളർന്നു ഒരു കഥ കേട്ടാൽ മനസ്സിലാവുന്ന പ്രയാമായി  

കഥ കേട്ടു മുത്ത് നബി (സ) യുടെ കഥ കേട്ടത് പഠിച്ചു ഇനി മറക്കില്ല അതാണ് ബുദ്ധിശക്തി ഒരിക്കൽ കേട്ടാൽ മതി പിന്നെ മറക്കില്ല മുത്ത് നബി (സ) വഫാത്തായ നാട് മദീനയെന്ന നാട് ആ നാട് കാണാൻ എങ്ങോട്ടും യാത്ര ചെയ്യേണ്ടതില്ല ആ നാട്ടിലാണ് താൻ ജനിച്ചത് 
  
നബി (സ) മദീനയിൽ വന്നു മദീനയിൽ വഫാത്തായി ഞാൻ എവിടെനിന്നും വന്നതല്ല ഇവിടെത്തന്നെ ജനിച്ചതാണ് എത്ര സൗഭാഗ്യകരമായ ജനനം  ഗർഭിണിയായിരുന്നപ്പോൾ ഉമ്മ സ്വലാത്ത് ചൊല്ലി ധാരാളമായി ചൊല്ലി അതിന്റെ പുണ്യം കുഞ്ഞിനും കിട്ടി  

ഓർമ്മവെച്ച കാലംതൊട്ട് നബി (സ) തങ്ങളെക്കുറിച്ച് കേൾക്കുന്നു അക്കാലത്തുതന്നെ മനസ്സിൽ സ്നേഹം വന്നുപോയി പ്രായം കൂടുംതോറും സ്നേഹം വർധിച്ചു വന്നു നബി (സ)തങ്ങളോടുള്ള മുഹബ്ബത്തിലായി വളർന്നു വന്നു  കേട്ടു പഠിച്ച കാര്യങ്ങൾ ധാരാളം കണ്ടു പഠിച്ചതും ധാരാളം ഉപ്പയിൽ നിന്ന് പഠനം തുടങ്ങി അറബി അക്ഷരങ്ങളിൽ നിന്നുതന്നെ തുടങ്ങി ഓരോ അക്ഷരത്തോടും സ്നേഹം തോന്നി  വിശുദ്ധ ഖുർആനിലെ അക്ഷരമാണിത് ഇത് പഠിച്ചാൽ ഖുർആൻ പാരായണം ചെയ്യാം അക്ഷരങ്ങൾ ആവേശത്തോടെ പഠിച്ചു തീർത്തു ചെറിയ സൂറത്തുകൾ കേട്ടു പഠിച്ചിട്ടുണ്ട് ഇപ്പോൾ നോക്കി ഓതാൻ കഴിവുകിട്ടി അറബിയാണ് തന്റെ മാതൃഭാഷ വിശുദ്ധ ഖുർആൻ അറബിയിലാണ്  ആശയങ്ങൾ മനസ്സിലായിത്തുടങ്ങി പഠനത്തിന്റെ മാധുര്യം അനുഭവപ്പെട്ടു 

മസ്ജിദുന്നബവി 

നബി (സ) തങ്ങളുടെ വിശുദ്ധ മസ്ജിദ് അവിടെ പല പ്രായക്കാർക്കുള്ള ക്ലാസുകൾ നടക്കുന്നു മാലിക് കുട്ടികളുടെ ക്ലാസിൽ ചേർന്നു മിടുക്കനായ വിദ്യാർത്ഥിയായി നല്ല ആരോഗ്യം കൂർമ്മബുദ്ധി അതിശയിപ്പിക്കുന്ന ഓർമ്മശക്തി വിജ്ഞാനത്തോടുള്ള അത്യാഗ്രഹം , കഠിനാധ്വാനം ചെയ്യാനുള്ള താൽപര്യം തുടങ്ങി നിരവധി ഗുണങ്ങൾ മാലിക് എന്ന കുട്ടിയിൽ ഉസ്താദ് കണ്ടെത്തി കുട്ടിയെ നന്നായി പ്രോത്സാഹിപ്പിച്ചു  

വീട്ടിൽ ദാരിദ്ര്യത്തിന്റെ കാലം വന്നു  ഒരു ചെറിയ വാടക വീട്ടിൽ ഉമ്മയും മകനും ജീവിക്കുന്ന രംഗമാണ് ചരിത്രം നമുക്കു കാണിച്ചു തരുന്നത് ഉമ്മയും മകനും തമ്മിൽ നടക്കുന്ന ഒരു സംഭാഷണം ചരിത്രത്തിൽ നമുക്കു കാണാം  

പ്രാഥമിക പഠനം കഴിഞ്ഞു അത്യാവശ്യ വിവരങ്ങൾ പഠിച്ചു കഴിഞ്ഞു  

മകൻ പറഞ്ഞു: ഉമ്മാ.... എനിക്ക് പഠിക്കാൻ വലിയ ആഗ്രഹമുണ്ട് എന്നെ ദർസിൽ അയക്കണം 

മോനേ..... നിന്നെ പഠിപ്പിക്കാൻ എനിക്കും ആഗ്രഹമുണ്ട് പക്ഷെ ദാരിദ്ര്യം നമ്മെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണല്ലോ 

ഉമ്മാ.... എന്നെ തടയരുത് പഠിക്കാനുള്ള മോഹം മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്  

മാതൃഹദയം വേദനിച്ചു മോനെ തടയാൻ മനസ് വന്നില്ല ഉസ്താദിന് പ്രതിഫലം കൊടുക്കണം കൈവശം യാതൊന്നുമില്ല വീട്ടിലെ സാധനങ്ങൾ വിൽക്കാം വീട്ടിന്റെ മരംകൊണ്ട് നിർമിച്ച ഭാഗങ്ങൾ പൊളിച്ചു വിൽക്കാം കുറച്ചു പണം കിട്ടും അത് മകന് കൊടുക്കാം 

ഉമ്മ മകനെ കുളിപ്പിച്ചു നല്ല വസ്ത്രം ധരിപ്പിച്ചു ഭംഗിയായി തലപ്പാവ് കെട്ടിക്കൊടുത്തു  

റബീഅത്തുർറഅ് യ് (റ)  മദീനയുടെ മഹാപണ്ഡിതൻ ആ പണ്ഡിതനെ ഉമ്മക്കറിയാം തന്റെ മോൻ ആ പണ്ഡിതനിൽ നിന്ന് പഠിക്കണം അതാണ് ഉമ്മയുടെ വലിയ മോഹം തന്റെ മോന് അതിന്നവസരം ലഭിക്കണം അതിനുവേണ്ടി സർവശക്തനായ റബ്ബിനോട് ദുആ ചെയ്തു ഖൽബ് തുറന്ന പ്രാർത്ഥന 

ഉമ്മ പറഞ്ഞു: മോനേ.... മദീനയിലെ മഹാപണ്ഡിതനാണ് റബീഅ്(റ) നീ ആ മഹാനെ ചെന്ന് കാണണം ദർസിൽ ചേർക്കാൻ പറയണം ഇൽമിന്റെ എല്ലാ കൈവഴികളും അവിടെയുണ്ട് ഭാഷയും സാഹിത്യവും മഹാന്റെ കൈവശമാണ് മോൻ അവിടെ പോവണം മര്യാദ പാലിക്കണം അദബ് പഠിക്കണം ഉസ്താദിനെ നന്നായി ബഹുമാനിക്കണം വലിയ ആളുകളെ കണ്ടു പഠിക്കണം അറിവുകൾ എഴുതിയെടുക്കണം  

മോന് റബീഅ്(റ) വിനെ അറിയാം ഉസ്താദിന്റെ മഹത്വങ്ങൾ മറ്റുള്ളവർ പറയുന്നത് ധാരാളം കേട്ടിട്ടുണ്ട്  

ഉമ്മ മകനെ അനുഗ്രഹിച്ചു എല്ലാ ആശംസകളും നേർന്നു കൊണ്ട് പറഞ്ഞയച്ചു 

ഉമ്മക്ക് സലാം ചൊല്ലി മോൻ ഇറങ്ങി മാലിക് മോൻ നടന്നു പോവുന്നത് നോക്കിനിന്നു 

ഉമ്മയുടെ പ്രാർത്ഥന അതാണ് കൈമുതൽ അതുമായി നടന്നു മസ്ജിദുന്നബവിയിലേക്ക് റബീഅ്(റ) വിൽ നിന്ന് വിലപ്പെട്ട ഇൽമുകൾ ഒഴുകിവരും അവ എഴുതിയെടുക്കണം ഫലകങ്ങൾ വേണം വാങ്ങാൻ പണം വേണം അല്ലാഹു തന്നെ  സഹായിക്കും 

എല്ലാ പ്രതീക്ഷകളും അല്ലാഹുവിൽ അർപ്പിച്ചുകൊണ്ട് നടന്നു ഇൽമ് തേടിപ്പോവുന്നവൻ അല്ലാഹുവിന്റെ വഴിയിലാണ് അവന് പ്രത്യേകമായ സുരക്ഷ ലഭിക്കും 


ഇൽമിന്റെ ബഹറുകൾ

ഇമാം മാലിക്(റ)വിന്റെ വിജ്ഞാനതൃഷ്ണ കാലഘട്ടത്തെ അമ്പരപ്പിക്കുന്നതായിരുന്നു  നിരവധി മഹാപണ്ഡിതന്മാരിൽനിന്ന് പഠിച്ചിട്ടുണ്ട് വിജ്ഞാനത്തിന്റെ എല്ലാ കൈവഴികളിലൂടെയും വളരെ വേഗത്തിൽ മുന്നേറുകയായിരുന്നു  

വിശുദ്ധ ഖുർആനും നിരവധി ഹദീസുകളും മനഃപാഠമാണ് കാലം ചെല്ലുംതോറും അതിന്റെ ആശയങ്ങൾ കൂടുതൽ കൂടുതൽ തെളിഞ്ഞുവരികയാണ് ആശയങ്ങളുടെ അഗാധ തലങ്ങളിലേക്കിറങ്ങുകയാണ് 

താബിഈങ്ങളിലെ പ്രമുഖ പണ്ഡിതനാണ് അബ്ദുറഹ്മാനുബ്നു ഹുർമുസ് (റ)  

ഇമാം മാലിക് (റ) അദ്ദേഹത്തിന്റെ വിനീത ശിഷ്യനാണ് ധാരാളം കേട്ടു പഠിച്ചു കേട്ട കാര്യങ്ങൾ എഴുതിവെച്ചു ഉസ്താദിന്റെ ജീവിതം തന്നെ തുറന്നുവെച്ച ഗ്രന്ഥം പോലെയാണ് വായിച്ചു പഠിക്കാം ഉസ്താദിന്റെ ജീവിത ചിട്ടകൾ പകർത്തിയെടുത്തു  

റൗളാശരീഫിനോട് ഉസ്താദുമാർ കാണിക്കുന്ന ആദരവ് നബി (സ) തങ്ങളോടുള്ള ഇശ്ഖ് സ്നേഹം  അതാണ് വലിയ പഠന വിഷയം  ലോകമെങ്ങുമുള്ള മഹാപണ്ഡിതന്മാർ മദീനയിൽ വരുന്നു റൗളാശരീഫ് സിയാറത്ത് ചെയ്യാൻ  

ചെറുപ്പക്കാരനായ ഇമാം മാലിക് (റ) അവരിൽ പലരുമായും ബന്ധപ്പെടും അവരിൽനിന്ന് പഠിക്കും അങ്ങനെ ഉസ്താദുമാരുടെ എണ്ണം കൂടിക്കൂടിവന്നു 

അബ്ദുറഹ്മാനുബ്നു ഹുർമുസ്(റ) എന്ന പണ്ഡിതനെ ഇമാം മാലിക് (റ) വളരെയേറെ ആദരിച്ചു ഉസ്താദിന് ഖിദ്മത്ത് എടുത്തു ശിഷ്യനെ നല്ല നിലയിൽ വളർത്തിയെടുത്തു  ഗുരുശിഷ്യ ബന്ധം ചരിത്രപ്രസിദ്ധമായി സംഭവബഹുലമായ പതിമൂന്ന് വർഷങ്ങൾ ഗുരുവിന്റെയും ശിഷ്യന്റെയും ഇടയിലൂടെ കടന്നുപോയ പതിമൂന്നു വർഷങ്ങൾ  അവിസ്മരണീയമായ ആ കാലഘട്ടത്തെക്കുറിച്ച് ഇമാം മാലിക് (റ) അനുസ്മരിക്കാറുണ്ടായിരുന്നു പതിമൂന്ന് വർഷം തീരുമ്പോൾ ആ ദുഃഖസംഭവം നടന്നു  

ഹിജ്റഃ 117 അബ്ദുറഹ്മാനുബ്നു ഹുർമുസ്(റ) വഫാത്തായി മദീന ദുഃഖമൂകമായി 

ഇമാം മാലിക് (റ)വിന്റെ മനസ്സിനെ പിടിച്ചുലച്ച സംഭവം ഒരിക്കലും മറക്കാത്ത ഓർമകൾ ബാക്കിയായി  

മഹാനവർകളിൽ നിന്ന് ലഭിച്ച വിജ്ഞാനം മാലിക് (റ) വിന്റെ ജീവിതപാതയിൽ വെളിച്ചം വീശി 

കഠിനാധ്വാനവും കഷ്ടപ്പാടുകളുമായിരുന്നു മാലിക് (റ)വിന്റെ കൂട്ടുകാർ വിട്ടൊഴിഞ്ഞുമാറാത്ത കൂട്ടുകാർ താമസിക്കുന്ന വീടിന്റെ മച്ചിൻപുറം വരെ പൊളിച്ചുവിൽക്കേണ്ടിവന്നു  

ഇമാം മാലിക് (റ) വിന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഒരു ഉസ്താദിനെ പരിചയപ്പെടാം 

അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ ഉടമസ്ഥതയിലുളള ഒരടിമയായിരുന്നു നാഫിഅ്(റ) 

താബിഈ പണ്ഡിതന്മാരിൽ പ്രമുഖനായിരുന്നു നാഫിഈ(റ) അൽപം ഗൗരവ സ്വഭാവക്കാരനായിരുന്നു പെട്ടെന്ന് സമീപിക്കാൻ പേടി തോന്നും അമൂല്യമായ ഇൽമുകളുടെ കലവറയാണ് അത് നേടിയെടുക്കണം എത്ര കഷ്ടപ്പാടുകൾ സഹിച്ചും മഹാനവർകളിൽനിന്ന് വിദ്യ നേടണമെന്ന് ഇമാം മാലിക് (റ) തീരുമാനിച്ചു  

ഇമാം മാലിക് (റ) പിൽക്കാലത്ത് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: നട്ടുച്ചനേരം കത്തിപ്പടരുന്ന ചൂട് 

നാഫിഅ്(റ) വിന്റെ വീട് കുറച്ചകലെയാണ് ഉച്ചക്ക്  അദ്ദേഹം വീട്ടിൽ വരും അത് കണക്കാക്കി ഞാനും പുറപ്പെടും കടുത്ത വെയിലിൽ നടക്കും വഴിയിൽ ഒരു മരംപോലുമില്ല തണൽ ലഭിക്കാത്ത യാത്ര വീട്ടിന്നടുത്തുവരെ നടക്കും  

ഉസ്താദ് എത്തിയിട്ടുണ്ടാവില്ല ഞാൻ വീട്ടിനു സമീപം കാത്തുനിൽക്കും അവിടെയെല്ലാം നല്ല ഉഷ്ണമായിരിക്കും  
അകലെനിന്ന് ഉസ്താദ് നടന്നുവരുന്നത് കാണാം ഉസ്താദ് എന്നെ കാണാതിരിക്കാൻ വേണ്ടി ഞാനൽപംകൂടി മാറിനിൽക്കും  

ഉസ്താദ് വീട്ടിൽ പ്രവേശിക്കും ഇരിക്കും നടന്ന ക്ഷീണം തീർന്നു തുടങ്ങും  അപ്പോൾ ഞാൻ  ഉസ്താദിന്റെ മുമ്പിലേക്ക് വരും സലാം ചൊല്ലും  

ഇൽമ് തേടി വന്ന വിദ്യാർത്ഥിയെ ഉസ്താദ് കാരുണ്യത്തോടെ നോക്കും 

ഇബ്നു ഉമർ (റ) വിനെ അനുസ്മരിച്ചുകൊണ്ടാണ് നാഫിഅ്(റ) ഇൽമ് പറയുക ഓരോ വിഷയം പറയുമ്പോഴും ഇത് പതിവാണ്  

ഇന്ന വിഷയത്തിൽ ഇബ്നു ഉമർ (റ) എന്താണ് പറഞ്ഞത്? ഇമാം മാലിക് (റ)തന്റെ അറിവിൽ പെട്ട കാര്യങ്ങൾ പറയും അങ്ങനെ ആ വിഷയം അവിടെ ചർച്ചയാവും ഒരുപാട് ഇൽമുകൾ ഒഴുകിവരും 

ഇബ്നു ഉമർ (റ)തന്റെ പിതാവായ ഉമർ (റ)വിൽനിന്നാണ് ധാരാളം ഹദീസുകൾ പടിച്ചിട്ടുണ്ട് ഇബ്നു ഉമർ (റ)വിൽ നിന്ന് ആ ഹദീസുകൾ നാഫിഅ്(റ) പഠിച്ചു നാഫിഅ്(റ)വിൽ നിന്ന് ഇമാം മാലിക് (റ) ആ ഹദീസുകൾ പഠിച്ചു ഭാവി തലമുറകൾക്കു വേണ്ടി ഇമാം മാലിക് (റ) അവ റിപ്പോർട്ട് ചെയ്തു 

ഇബ്നു ശിഹാബ് എന്ന സുഹ്രി(റ)  

ആ കാലഘട്ടത്തിലെ മറ്റൊരു മഹാപണ്ഡിതൻ സുഹ്രി(റ) വിനെ പരിചയപ്പെടുത്താൻ പറയുന്ന ഒരു വചനമുണ്ട് 

സഈദുബ്നു മുസയ്യബ്(റ) വിന്റെ ശിഷ്യൻ ഉസ്താദും ശിഷ്യനും മഹാപണ്ഡിതന്മാർ  

സുഹ്രി(റ) വിന്റെ ദർസിൽ ഇമാം മാലിക് (റ) എത്തിച്ചേർന്നു ഇൽമിന്റെ പ്രവാഹം തന്നെയാണ് പിന്നെയുണ്ടായത്  

ഇമാം മാലിക് (റ ) ഒരു സംഭവം വിവരിക്കുന്നു  : 

ഒരു പെരുന്നാൾ ദിവസം ആഹ്ലാദത്തിന്റെ സുദിനം എല്ലാവരും ഒരുമിച്ചുകൂടി പെരുന്നാൾ നിസ്കാരം കഴിഞ്ഞു ഖുത്വ് ബ കഴിഞ്ഞു  

പരസ്പരം പെരുന്നാൾ ആശംസകൾ കൈമാറി എല്ലാവരും വീടുകളിലേക്കു മടങ്ങി 

ഇമാം മാലിക് (റ) അവിടെയായിരുന്നു ഇങ്ങനെ ചിന്തിച്ചു ഇന്ന് ഒഴിവുദിനമാണ് സുഹ്രി(റ) വീട്ടിൽ തന്നെ കാണും ഒന്ന് പോയി നോക്കിയാലോ 

വയറ്റിൽ വിശപ്പുണ്ട് വീട്ടിലേക്ക് പോയില്ല ഇൽമിന്റെ വിശപ്പാണ് പ്രധാനം നേരെ നടന്നു സുഹ്രി(റ) വിന്റെ വീട്ടിലേക്ക് നടന്ന ക്ഷീണവും വിശപ്പും മറന്നു ഉസ്താദിന്റെ വീട്ടിന്റെ വാതിൽക്കലെത്തി കാത്തിരുന്നു 

അകത്തുനിന്ന് ഉസ്താദിന്റെ ശബ്ദം കേട്ടു പരിചാരികയെ വിളിക്കുന്നു എന്നിട്ടിങ്ങനെ പറയുന്നു: പുറത്താരോ വന്നിട്ടുണ്ട് പോയി നോക്കിവരൂ 

പരിചാരിക പുറത്ത് വന്നുനോക്കി ഉടനെ അകത്ത് പോയി പറഞ്ഞു:

മാലിക് വന്നു നിൽക്കുന്നു  

അകത്തുവരാൻ പറയൂ 

പരിചാരിക വന്നു അകത്തേക്ക് വിളിച്ചു വളരെ വിനയത്തോടെ ഇമാം മാലിക് (റ) ഉസ്താദിന്റെ മുമ്പിലെത്തി 

ആഹാരം കഴിക്കാം 

ഇപ്പോൾ വേണ്ട 

പിന്നെന്താണ് വേണ്ടത്? 

ഹദീസുകൾ പറഞ്ഞു തന്നാൽ മതി 

എഴുതാൻ പലകകൾ കരുതിയിട്ടുണ്ടോ? 

കൊണ്ടുവന്നിട്ടുണ്ട് 

ഉസ്താദ് ഹദീസ് പറയാൻ തുടങ്ങി ഇമാം മാലിക് (റ) എഴുതിക്കൊണ്ടിരുന്നു 

ഒന്നാം ഹദീസ് പറഞ്ഞു ഹദീസിന്റെ ഉള്ളടക്കം, ശരിയായ ആശയം വ്യക്തമാക്കി 

ഹദീസ് ഇമാം മാലിക് (റ) എഴുതിയെടുത്തു നാൽപത് ഹദീസുകൾ അവയുടെ ആശയം , റിപ്പോർട്ടർമാർ പെരുന്നാൾ ദിവസം നട്ടുച്ച നേരത്തെ ക്ലാസ് കുറച്ചുകൂടി പറഞ്ഞുതന്നാലും  ഇമാം മാലിക് (റ) അപേക്ഷിച്ചു 

ഇന്നത്തേക്ക് ഇത് മതി ബാക്കി പിന്നീടൊരിക്കലാവാം ഇൻശാ അല്ലാഹ് 

ഇമാം മാലിക് (റ) സലാം ചൊല്ലി വീട്ടിൽ നിന്നിറങ്ങി വെയിൽ പരന്ന വഴിയിലൂടെ നടന്നു  

തനിക്കു കിട്ടിയ അമൂല്യ സമ്പത്തിനെക്കുറിച്ചു മാത്രമായിരുന്നു അപ്പോൾ ഇമാമിന്റെ ചിന്ത 

ഇക്കാര്യം ഇമാം തന്നെ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട് ഇമാം മാലിക് (റ) അവർകൾക്ക് ഒരു ചിന്തയുണ്ട് ഞാൻ ആരിൽനിന്ന് ഇൽമ് നേടണം? ഇൽമുള്ള എല്ലാവരെയും സമീപിക്കില്ല നല്ല ഉൾക്കാഴ്ചയോടെ ആളുകളെ മനസ്സിലാക്കും താൻ സമീപിക്കേണ്ട ആളാണെന്ന് ബോധ്യപ്പെട്ടാൽ സമീപിക്കും ചോദിക്കും  അവർ പറയുന്നത് എഴുതിയെടുക്കും എഴുതിത്തീരുമ്പോഴേക്കും മനഃപാഠമായിട്ടുണ്ടാവാം 

വിജ്ഞാനത്തിന്റെ കൈവഴികൾ രൂപപ്പെട്ടുവന്നിട്ടുണ്ട് പക്ഷെ ഗ്രന്ഥങ്ങൾ രൂപപ്പെട്ടിട്ടില്ല ഇൽമിന്റെ രേഖകളായി നിലവിലുള്ളത് ഫത് വകളാണ് 

മഹാന്മാർ നൽകിയ ഫത് വകൾ ഇമാം മാലിക് (റ) അവ ശേഖരിക്കാനുള്ള ശ്രമം തുടങ്ങി അതിന് കഠിനാധ്വാനം വേണ്ടിവന്നു ധാരാളം ദീർഘയാത്രകൾ വേണ്ടിവന്നു കുറെ ഫത് വകൾ ശേഖരിക്കാൻ കഴിഞ്ഞു പലരുടെയും കൈവശമുള്ളത് വിട്ടുകൊടുക്കില്ല പകർത്തിയെടുക്കേണ്ടിവന്നു  ആരുടെയെല്ലാം ഫത്വകൾ ശേഖരിച്ചു ചില പേരുകൾ പറയാം 

1.ഉമർ (റ) 

2.ഇബ്നു ഉമർ (റ)

3. സൈദുബ്നു സാബിത്(റ) 

4. ഉസ്മാനുബ്നു അഫ്ഫാൻ(റ)

5. അബ്ദുറഹ്മാനുബ്നു ഔഫ്(റ)

ഇവർ സ്വഹാബി പ്രമുഖന്മാർ  

ഇനിയുള്ളത് താബിഈ പണ്ഡിതൻമാർ താബിഈ പണ്ഡിതന്മാർക്ക് ധാരാളം ഫത്വകൾ പുറപ്പെടുവിക്കേണ്ടിവന്നു അവ ധാരാളമായി ശേഖരിക്കപ്പെടുകയും ചെയ്തു  

സഈദുബ്നു മുസയ്യ്ബ്(റ) , ഖാസിമുബ്നു മുഹമ്മദ് (റ), സുലൈമാനുബ്നു യാസിർ (റ) തുടങ്ങിയ താബിഈ പണ്ഡിതന്മാരുടെ സവിധത്തിലേക്ക് നിരവധിയാളുകളാണ് വന്നുകൊണ്ടുരുന്നത് ഒട്ടേറെ പ്രശ്നങ്ങളിൽ അവർക്ക് ഫത്വകൾ വേണം വളരെയേറെ ആലോചിച്ചും നിരീക്ഷിച്ചും സൂക്ഷ്മതയോടെ ഫത്വകൾ നൽകി അവയിൽ മിക്കതും മാലിക് (റ) വിന്റെ കൈവശം വന്നു ചേർന്നു  

കർമശാസ്ത്ര നിഗമനങ്ങൾ 

ഫിഖ്ഹു റഅ് യ് 

സങ്കീർണമായ ചില പ്രശ്നങ്ങൾ വന്നപ്പോൾ കർമശാസ്ത്ര പണ്ഡിതൻമാർ നൽകിയ ഫത്  വകൾ ഈ ഇനത്തിൽ വരുന്നു 

യഹ് യബ്നു സഈദ്(റ) 

റബീഅത്ത്(റ) തുടങ്ങിയ മഹാന്മാരുടെ ചില ഫത് വകൾ ഈ ഇന്നതിലുള്ളതാണ് 

ഇമാം മാലിക് (റ) അത്തരം ഫത്വകൾ വളരെ താൽപര്യത്തോടെ പഠിച്ചു 

ഇജ്തിഹാദിന്റെ കവാടം തുറക്കപ്പെടുകയായിരുന്നു ഇമാം മാലിക് (റ) വിന്റെ മുജ്തഹിദ് രംഗപ്രവേശനം ചെയ്തു 


ഇമാമുദാരിൽ ഹിജ്റ

പ്രമുഖ ഹദീസ് പണ്ഡിതൻ ഇബ്നു ശിഹാബുസ്സുഹ്രി (റ) വിന്റെ മുമ്പിൽ ഇമാം മാലിക് (റ) വിനയത്തോടെ വന്നു നിന്നു. ഹദീസ് പഠിക്കാൻ വന്നതാണ് ...

എഴുതിയെടുക്കാനുള്ള ഫലകങ്ങൾ കൊണ്ടുവന്നിട്ടില്ല. വാങ്ങാൻ കഴിഞ്ഞിട്ടില്ല. ദാരിദ്ര്യത്തിന്റെ കാലം ...

ശിഷ്യന്റെ പഠന താൽപര്യം ഗുരുവിനെ സന്തോഷിപ്പിച്ചു. ഹദീസ് പറയുമ്പോൾ പാലിക്കേണ്ട അദബുകൾ പാലിച്ചുകൊണ്ട് ഇബ്നു ശിഹാബ് (റ) സംസാരം തുടങ്ങി ...

ഒരു ഹദീസ് പറഞ്ഞു വിശദീകരിച്ചു. ഇമാം മാലിക് (റ) കേട്ടു. കേട്ടത് മനസ്സിലേക്കിറങ്ങി. ഓരോ വാക്കും മനസ്സിനെ സ്പർശിച്ചു. ഇനിയത് മനസ്സിൽ കിടക്കും. മറന്നുപോവില്ല ...

ഹദീസുകൾ പറഞ്ഞുപോവുകയാണ് ഒന്ന്, രണ്ട്, മൂന്ന്.....
അങ്ങനെ പതിനേഴ് ഹദീസുകൾ. നല്ല വിശദീകരണവും നൽകി. ഒന്നുപോലും ശിഷ്യൻ എഴുതിയെടുത്തിട്ടില്ല ...

ഇബ്നു ശിഹാബ് (റ) ചോദിച്ചു:

ഓ.... മാലിക്... ഞാൻ പറയുന്നതൊന്നും നിങ്ങൾ എഴുതിയെടുത്തിട്ടില്ല. പിന്നെ എന്റെ സംസാരം കൊണ്ട് എന്ത് പ്രയോജനം ...?

ഇമാം മാലിക് (റ) വളരെ വിനയത്തോടെ ഇങ്ങനെ അറിയിച്ചു:

അങ്ങ് ഇപ്പോൾ പഠിപ്പിച്ച പതിനേഴ് ഹദീസുകളും ഓതിക്കേൾപ്പിക്കാൻ എന്നെ അനുവദിക്കുമോ ...?

ഓതിക്കേൾപ്പിക്കുക ...

ഇമാം മാലിക് (റ) ഹദീസ് ഓതാൻ തുടങ്ങി. നിവേദകരുടെ പരമ്പരയടക്കം പറയുന്നു ...

പതിനേഴ് ഹദീസുകളും ഓതിത്തീർന്നു ...

ഉസ്താദ് അതിശയിച്ചു. എന്തൊരു ബുദ്ധി വൈഭവം. എന്തൊരു ഓർമശക്തി ...

ഉസ്താദ് സന്തോഷത്തോടെ പറഞ്ഞു: നിങ്ങൾ വിജ്ഞാനത്തിന്റെ നിറകുടമായിത്തീരും. ഉസ്താദിന്റെ ആശീർവാദം തനിക്ക് ലഭിച്ച മഹാത്മ്യം ...

മറ്റൊരിക്കൽ നാൽപത് ഹദീസുകൾ കേട്ടുപഠിച്ചു. അന്നും എഴുതിയെടുത്തില്ല. നാൽപത് ഹദീസുകൾ മനഃപാഠമാക്കി. ഉസ്താദിന് ചൊല്ലി കൊടുക്കുകയും ചെയ്തു ...

മനഃപാഠമാക്കാൻ ഇതുപോലെ പ്രാപ്തിയുള്ളവരെ കണ്ടെത്തുക പ്രയാസമാണ് ...

ധാരാളം ഹദീസുകൾ എഴുതിയെടുത്തു സൂക്ഷിച്ചിട്ടുണ്ട്. അങ്ങനെ എഴുതി സൂക്ഷിച്ച ഹദീസുകളുടെ എണ്ണം എത്രയാണെന്നറിയാമോ ..?

ഒരു ലക്ഷം ...

ഇവയും ഓർമയിലുണ്ട്. കൂടുതൽ നന്നായി പഠിക്കാൻ വേണ്ടിയാണ് എഴുതി സൂക്ഷിച്ചത്. സൂക്ഷിച്ചുവെക്കുകയെന്നതും ബുദ്ധിമുട്ടാണ്. ചെറിയ വീട്. സൗകര്യങ്ങൾ പരിമിതം. ഹദീസ് രേഖകൾ ബുദ്ധിമുട്ടിത്തന്നെ സൂക്ഷിച്ചു. എഴുതി സൂക്ഷിച്ചതിന്റെ എത്രയോ ഇരട്ടിയാണ് ഓർമയിൽ സൂക്ഷിച്ചത് ഗവേഷണം നടത്താൻ എത്രയോ ഹദീസുകൾ വേണം ...

വിശുദ്ധ ഖുർആൻ ആഴത്തിൽ പഠിച്ചു. പഠനം പിന്നെയും തുടർന്നു. എത്ര പഠിച്ചാലും തീരാത്ത മഹാസമുദ്രം ...

വിശുദ്ധ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഫിഖ്ഹ് പിടിച്ചെടുക്കുക വളരെ സാഹസികമായ ജോലിയാണത്. ഇക്കാര്യത്തിൽ തനിക്കൊരു മാതൃക ലഭിച്ചു. ആരായിരുന്നു ആ മാതൃക ...

ഇമാം അബൂഹനീഫ (റ) ...

മഹാനവർകളുടെ ദർസിൽ പഠിക്കാനവസരം കിട്ടി. ഫിഖ്ഹ് പിടിച്ചെടുക്കുന്ന രീതി മനസ്സിലാക്കി ...

ഇറാഖിൽ ജനിച്ചു വളർന്ന മഹാപണ്ഡിതനാണ് ഇമാം അബൂഹനീഫ (റ). അതീവ സൂക്ഷ്മതയോടെ ജീവിച്ചു. അപാരമായ ബുദ്ധിശക്തി. അതിശയകരമായ ഓർമശക്തി.!!
അനേക ലക്ഷം ഹദീസുകൾ ഓർമയിൽ സൂക്ഷിച്ചു സഞ്ചരിക്കുന്ന വിജ്ഞാന സാഗരം ...

കുറെ കാലം മക്കയിൽ താമസിച്ചു. മസ്ജിദുൽ ഹറാമിൽ ദർസ് നടത്തി. മദീനക്കാരും മക്കക്കാരുമായ പണ്ഡിതൻമാർ വന്നു പഠിച്ചു ...

ഹനഫീ മദ്ഹബ് വളരെ പ്രസിദ്ധമായിത്തീർന്നു. ഹദീസുകൾ വഴികാട്ടികളാണ്. ആ വഴിയിലൂടെ സഞ്ചരിച്ചാണ് മദ്ഹബുകൾ രൂപപ്പെടുത്തിയത്. ഇമാം അബൂഹനീഫ (റ) തനിക്ക് ലഭിച്ച ഹദീസുകൾ വെച്ച് മദ്ഹബ് ചിട്ടപ്പെടുത്തി ...

ഇമാം മാലിക് (റ) ലക്ഷക്കണക്കായ ഹദീസുകൾ പഠിച്ചു. അവയുടെ വെളിച്ചത്തിൽ ഒരു മദ്ഹബ് ചിട്ടപ്പെടുത്തി. അതാണ് മാലികി മദ്ഹബ് ...

ഇമാം മാലിക് (റ) മഹാപണ്ഡിനായിത്തീർന്നത് കൗമാര പ്രായത്തിൽ തന്നെയാണ്. പതിനേഴ് വയസ് തികയുംമുമ്പുതന്നെ ഇൽമിന്റെ ബഹറായിത്തീർന്നു. വിശുദ്ധ ഖുർആൻ അവഗാഹം നേടി. ഹദീസ് വിജ്ഞാനത്തിൽ മഹോന്നതനായിത്തീർന്നു തജ് വീദ് വിജ്ഞാനത്തിൽ ഒന്നാമൻ തന്നെ. ഇൽമുൽ കലാമിലും, നക്ഷത്ര ശാസ്ത്രത്തിലും സാഹിത്യത്തിലും പ്രഥമസ്ഥാനത്തുതന്നെ. അന്ന് ലഭ്യമായിരുന്ന വിജ്ഞാന ശാഖകളെല്ലാം കരസ്ഥമാക്കി തൊള്ളായിരത്തിൽ പരം പണ്ഡിതന്മാരിൽനിന്ന് ഇമാം മാലിക് (റ) വിദ്യ നേടിയിട്ടുണ്ട്. അവരിൽ മുന്നൂറ് ഉസ്താദുമാർ താബിഈ പണ്ഡിതന്മാരായിരുന്നു ...

പതിനേഴാമത്തെ വയസ്സിൽ മസ്ജിദുന്നബവിയിൽ ക്ലാസെടുക്കാൻ നിയോഗിക്കപ്പെട്ടു ...

ക്ലാസെടുക്കുക, ഫത് വ നൽകുക. ഉസ്താദുമാർ നൽകിയ നിർദേശം അതായിരുന്നു. ഇമാം മാലിക് (റ) പിൽക്കാലത്ത് ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി :

ദർസ് നടത്താനും ഫത് വ കൊടുക്കാനും എനിക്ക് പ്രയാസമായിരുന്നു. കാരണം ഞാൻ വളരെ ചെറുപ്പമായിരുന്നു. എനിക്ക് പതിനേഴ് തികയുന്നതേയുള്ളൂ പക്ഷെ, ഉസ്താദുമാർ എന്നെ വിട്ടില്ല അവർ എന്നെ നിർബന്ധിച്ചു എഴുപത് മഹാപണ്ഡിതന്മാർ എന്റെ ഉസ്താദുമാരിൽ ശ്രേഷ്ഠന്മാർ അവരെന്നോടിങ്ങനെ പറഞ്ഞു :

ദർസ് നടത്താൻ നീ യോഗ്യനാണ്. ഫത് വ കൊടുക്കാനുള്ള യോഗ്യതയും നേടിക്കഴിഞ്ഞു. ധൈര്യമായി ജോലിയിൽ പ്രവേശിക്കുക ...

തട്ടാൻ പറ്റാത്ത കൽപന ...

അവരെന്നെ പ്രോത്സാഹിപ്പിച്ചു. പ്രാർത്ഥിച്ചു. അങ്ങനെ എനിക്ക് മനസുറപ്പ് വന്നുതുടങ്ങി ...

എവിടെയാണ് ദർസ് നടത്തേണ്ടത് ...?

മസ്ജിദുന്നബവിയിൽ നബി (സ) യുടെ മസ്ജിദിൽ ...

ഓർക്കുമ്പോൾ പേടി തോന്നും. നബി (സ) യുടെ കൺമുമ്പിൽ വെച്ച് അധ്യാപനം നടത്തുക ...

നബി (സ) തങ്ങൾ സ്വഹാബികൾക്ക് ക്ലാസെടുത്തു കൊടുത്തത് ഈ പള്ളിയിലായിരുന്നു ...

നബി (സ) തങ്ങളോടുള്ള അദബ് പാലിക്കണം. പുണ്യ സ്വഹാബികളോടുള്ള അദബ് പാലിക്കണം. ശബ്ദം ഉയർന്നു പോവരുത്. ഹദീസുകൾ പഠിപ്പിക്കണം ഫിഖ്ഹ് പഠിപ്പിക്കണം അദബുകേട് വന്നുപോകരുത്. ഈ മസ്ജിദിൽ ഇരുന്നാണ് പഠിച്ചത്. ഇവിടെത്തന്നെ അധ്യാപകനുമായി ...

പഠിക്കാൻ വേണ്ടി ഈ പള്ളിയിലേക്കു പുറപ്പെടുമ്പോൾ ഉമ്മ പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട് ...

പൊന്നുമോനേ... അദബ് പഠിക്കണം. അതാണ് വലിയ കാര്യം. ഉസ്താദുമാരോട് അദബ് കാണിക്കണം അവർ പഠിപ്പിച്ചുതരുന്ന ഇൽമിനോടും അദബ് കാണിക്കണം

ആ വാക്കുകൾ മറന്നിട്ടില്ല. ഒരിക്കലും മറക്കില്ല. ഉമ്മയുടെ ഉപദേശം അത് പാലിക്കപ്പെടണം. ഉമ്മയുടെ പ്രാർത്ഥന അതാണ്. തന്റെ വിജയത്തിന്റെ അടിസ്ഥാനം ഉമ്മയുടെ തൃപ്തി. അതിൽ തന്നെയാണ് അല്ലാഹുവിന്റെ തൃപ്തി ...

മഹത്തായ റൗളാശരീഫ്
അതിനോടുള്ള ബഹുമാനം സ്നേഹം ഇശ്ഖ് ... മദീനയിലൂടെ വാഹനപ്പുറത്ത് സഞ്ചരിച്ചിട്ടില്ല. റൗളാശരീഫിനോടുള്ള ബഹുമാനമാണ് കാരണം. നബി (സ) തങ്ങളോടുള്ള ഇശ്ഖ്. ഓരോ ദിവസവും കഴിയുംതോറും അത് വളരുകയാണ്. അതിൽ ലയിച്ചുചേരുകയാണ് കുളിച്ച്, നല്ല വസ്ത്രം ധരിച്ച്, സുഗന്ധം പൂശി, സുഗന്ധം പുകച്ചു, എന്നിട്ടാണ് ഹദീസ് പറയാൻ തുടങ്ങുക സദസ് നിശബ്ദമായിരിക്കും സൂചി വീണാൽ കേൾക്കും ...

ഇമാം മാലിക് (റ) സംസാരിക്കുന്ന ശബ്ദം മാത്രം കേൾക്കാം. വളരെയേറെ ഭക്തിബഹുമാനത്തോടെ ഹദീസ് പറയുന്നു. മദീനക്കൊരു പേരുണ്ട്. ദാറുൽ ഹിജ്റഃ ...

ഇമാം മാലികുബ്നു അനസ് (റ)വിനും കിട്ടി ഒരു സ്ഥാനപ്പേര്. ഇമാമു ദാരിൽ ഹിജ്റഃ ...

ഹിജ്റഃയുടെ നാട്ടിലെ ഇമാം ...

ദർസ് തുടങ്ങിയതോടെ ഇമാമിന്റെ ഇൽമിന്റെ ആഴവും പരപ്പും വർധിക്കുകയായിരുന്നു ...

നബി (സ) തങ്ങളുടെ മഹത്തായൊരു വചനമുണ്ട് ...,

'മദീനയിലെ പണ്ഡിതനെക്കാൾ വിവരമുള്ള ഒരാളെ ലോകത്തെവിടെയും കണ്ടെത്താനാവുകയില്ല...'

ഈ വചനത്തിൽ സൂചിപ്പിച്ച മദീനയിലെ പണ്ഡിതൻ ഇമാം മാലികുബ്നു അനസ് (റ) ആകുന്നുവെന്ന് പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട് ...

ഇമാമിന്റെ പേരും പെരുമയും നാൾക്കുനാൾ വർധിക്കുകയായിരുന്നു. വിദൂര ദിക്കുകളിൽ നിന്നൊക്കെ പഠിതാക്കൾ വരാൻ തുടങ്ങി...

ഒരിക്കൽ മദീനയിൽ ഒരു സന്തോഷവാർത്ത പരന്നു. ഇമാമുൽ അഅ്ളം അബൂഹനീഫ (റ) മദീനയിൽ എത്തിയിരിക്കുന്നു. അക്കാലത്ത് ലോകം അറിയുന്ന പണ്ഡിതനാണ് ഫിഖ്ഹിന് രൂപം നൽകിയ മഹാൻ ...

ഇമാം മാലിക് (റ) മഹാനവർകളെ സ്വീകരിക്കുന്ന രംഗം മദീനക്കാർ കണ്ടു ...

ഒരു പണ്ഡിതനും ഇതുവരെ നൽകാത്ത ബഹുമാനം. ഉന്നത സ്ഥാനത്ത് മഹാനവർകളെ ഇരുത്തി. ഇമാമുൽ അഅ്ളം ഓരോ കാര്യം പറയുമ്പോഴും എത്ര വിനയാന്വിതനായിട്ടാണ്. ഇമാം മാലിക് (റ) സ്വീകരിക്കുന്നത് ഇമാമുൽ അഅ്ളമിന്റെ ശിഷ്യൻ എന്ന പദവി നേടി. ഇമാം അബൂഹനീഫയുടെ ജനനം ഹിജ്റഃ 80 ...

ഇമാം മാലികുബ്നു അനസ് (റ) വിന്റെ ജനനം ഹിജ്റഃ 93
പതിമൂന്ന് വയസിന്റെ വ്യത്യാസം ...

ഇമാം അബൂഹനീഫ (റ) വഫാത്ത് ഹിജ്റഃ 150

ഇമാം മാലിക് (റ) വാഫാത്ത് ഹിജ്റഃ 179 ...

ഇമാം അബൂഹനീഫ (റ) വിന്റെ വഫാത്തിനുശേഷം 29 കൊല്ലം ജീവിച്ചു ...

ഇമാം അബൂഹനീഫ (റ) വഫാത്തായ ദിവസം ഇമാം ശാഫിഈ (റ) ജനിച്ചു ...


അൽ മുവത്വഅ്

ഹദീസിനോട് ഇമാം മാലികുബ്നു അനസ് (റ) കാണിക്കുന്ന ബഹുമാനം  

അത്ഭുതകരമായ ബഹുമാനം തന്നെ പല പണ്ഡിതന്മാരും അതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്  

ഹദീസ് ക്ലാസിന് വേണ്ടി വരുന്ന വരവൊന്നു കാണണം  കുളിക്കുന്നു വുളൂ എടുക്കുന്നു മേന്മയുള്ള വസ്ത്രം ധരിക്കുന്നു ഗാംഭീര്യമുള്ള തലപ്പാവ് അണിയുന്നു സുഗന്ധം പൂശുന്നു സുന്ദരമായ ശരീരപ്രകൃതി ഗാംഭീര്യം തുളുമ്പുന്ന വെളുത്ത മുഖം വിലകൂടിയ തലപ്പാവ് ഭവ്യതയോടെ നടന്നു വരുന്നു ഇരിക്കാൻ പ്രത്യേക വിരിപ്പ് ആ സ്ഥലത്താണ് മുമ്പ് ഖലീഫ ഉമറുൽ ഫാറൂഖ് (റ) ഇരിക്കാറുണ്ടായിരുന്നത് നബി (സ) യുടെ മുസ്വല്ല വെക്കുന്ന സ്ഥലം  സുഗന്ധം പുകയ്ക്കും ക്ലാസ് അവസാനിക്കുംവരെ അതിന്റെ പുകയും സുഗന്ധവും കാണും  

രണ്ടു റക്അത്ത് സുന്നത്ത് നിസ്കരിക്കുന്നു പിന്നെ നീണ്ട താടി വാർന്നുവെക്കുന്നു ഭക്തിയും ബഹുമാനവും നിറഞ്ഞ വാക്കുകളിൽ സംസാരം തുടങ്ങുന്നു പുണ്യറസൂൽ(സ) തങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള തുടക്കം  

ഹദീസ് ക്ലാസ് തുടങ്ങിക്കഴിഞ്ഞു ഇനി മുഴുവൻ ശ്രദ്ധയും അതിൽ തന്നെയാണ് തിരിഞ്ഞുനോക്കുക പോലും ചെയ്യില്ല  

ഒരിൽ ഒരു തേൾ ഇഴഞ്ഞുവന്നു ഇമാമിനെ കുത്തി വേദനിച്ചു പക്ഷെ തിരിഞ്ഞുനോക്കിയില്ല അദബുകേട് ഭയന്നു ഹദീസ് വിശദീകരണം മുറിച്ചുകളയരുത് സംസാരം തുടർന്നു   തേൾ വീണ്ടും വീണ്ടും കുത്തി പതിനാറ് തവണ കുത്തി  നല്ല വിഷമുള്ള ജീവി വിഷം ശരീരത്തിൽ പടർന്നു മുഖത്തിന്റെ നിറം മാറി ശരീരം വിവർണമായി എന്നിട്ടും കടിയേറ്റ വിരൽപോലും അനക്കിയില്ല സാധാരണപോലെ എല്ലാ ആദരവോടുംകൂടി ഹദീസ് ക്ലാസ് അവസാനിപ്പിച്ചു അതിനുശേഷമാണ് വിഷത്തിനുള്ള മരുന്നിനെപ്പറ്റി ചിന്തിച്ചത് ഹദീസിനോടുള്ള അദബും ബഹുമാനവും എത്ര മഹനീയം 

ഹദീസ് ക്ലാസിൽ നൂറുക്കണക്കിനാളുകൾ പങ്കെടുക്കുന്നു മുന്നൂറും നാന്നൂറുമൊക്കെ കാണും തികഞ്ഞ നിശബ്ദത ഇമാം മാലിക് (റ) വിന്റെ വിനീത ശബ്ദം മാത്രം കേൾക്കാം  തൊട്ടപ്പുറത്ത് നബി (സ) വിശ്രമംകൊള്ളുകയാണ് എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു  

ജീവിച്ചിരിപ്പുള്ള നബി (സ) തങ്ങളോട് എത്രമാത്രമായിരുന്നു ബഹുമാനം അതുപോലെ മരണാനന്തരവും ബഹുമാനിക്കുന്നു യാതൊരു അന്തരവുമില്ല  

നബി (സ) തങ്ങളുടെ ആദരണീയ ദർബാർ  അതെന്നും സജീവമാണ്  

എല്ലാ നിയന്ത്രണങ്ങളും അവിടെത്തന്നെയുണ്ട് ആരായിരുന്നു ഇമാം മാലികുബ്നു അനസ് (റ) ? എന്തായിരുന്നു മഹാനും നബി (സ) തങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അവസ്ഥ? 

ഒരൊറ്റ കാര്യം അറിഞ്ഞാൽ മതി എല്ലാ ബന്ധവും മനസ്സിലാവും അത് പറയാം 

എല്ലാ ദിവസവും ഇമാം മാലികുബ്നു അനസ് (റ) നബി (സ) തങ്ങളെ സ്വപ്നം കാണുമായിരുന്നു 

അതാണ് സ്നേഹം ഇശ്ഖ് നിഷ്കളങ്കമായ ഇശ്ഖ്  ആ സ്വപ്നവേളയിൽ എന്തുമാത്രം സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടാവാം  

ഇമാമുൽ അഅ്ളം അബൂഹനീഫ (റ) വിന്റെയും ഇമാം മാലികുബ്നു അനസ് (റ)വിന്റെയും ഇൽമുകൾ താരതമ്യം ചെയ്യാൻ ചില പണ്ഡിതൻമാർ ശ്രമിച്ചു 

ഇൽമിൽ നീന്തിത്തുടിച്ചു നടക്കുന്നവർ അങ്ങനെയൊക്കെ ചർച്ച നടത്തി ചില വിജ്ഞാനങ്ങളിൽ ഇമാമുൽ അഅ്ളം മുന്തിനിൽക്കുന്നു ചിലതിൽ ഇമാം മാലിക് (റ) മുന്തിനിൽക്കുന്നു ആ രീതിയിലാണ് ചർച്ച പോയത് 

ഇമാമുൽ അഅ്ളം അബൂഹനീഫ (റ) വിന്റെ വഫാത്തിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ പണഡിതൻ ആരാണ്? 

ഇമാം മാലിക് (റ)  

മഹാനവർകളുടെ മനസ്സിൽ ഒരാഗ്രഹം വളർന്നു വന്നു ആഗ്രഹം സഫലീകരിക്കണം അതിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു കഠിനാധ്വാനം നടത്തിക്കൊണ്ടിരുന്നു  

ഒരു ഹദീസ് ഗ്രന്ഥം രചിക്കുക തന്റെ ജീവിതാഭിലാഷമാണത് ഹദീസ് ഗ്രന്ഥരൂപത്തിൽ ലഭ്യമല്ല പ്രഥമ ഗ്രന്ഥം ഇമാം മാലിക് (റ) വിന്റെ കൈയിലൂടെ പുറത്തുവരാൻ പോവുകയാണ് കർമശാസ്ത്രം ഹദീസിലൂടെ വിവരിക്കാൻ കഴിയണം അതാണ് ലക്ഷ്യം എല്ലാ അദബുകളും പാലിച്ചുകൊണ്ട് എഴുതിത്തുടങ്ങി നിസ്കാരത്തെക്കുറിച്ച് എഴുതിത്തുടങ്ങി  

നിസ്കാര സമയങ്ങൾ, നിസ്കാരത്തിന്റെ വിശദാംശങ്ങൾ, ശുദ്ധി, വലിയ അശുദ്ധിയും, ചെറിയ അശുദ്ധിയും, ജുമുഅഃ , റമളാനിലെ ആരാധനകൾ, ഹജ്ജുദ്, പെരുന്നാൾ എന്നിങ്ങനെ വിഷയങ്ങൾ കണ്ടെത്തി വിവരണം തുടർന്നു സുന്നത്ത് നിസ്കാരങ്ങൾ വിവരിച്ചു 

സകാത്ത്, നോമ്പ്, ഹജ്ജ് ഇവയുടെ വിശദീകരണം വിവാഹം, വിവാഹമോചനം, കുടുംബജീവിതം ഇവയെല്ലാം വിവരിച്ചെഴുതി 

സൽസ്വഭാവം, വസ്ത്രധാരണ രീതി , സ്വദഖ, വിജ്ഞാന സമ്പാദനം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ എഴുതി 

ഒരു മുസ്ലിംമിന് നേർവഴിയിൽ സഞ്ചരിക്കാൻ വേണ്ടതെല്ലാം എഴുതിത്തീർത്തു  പലതവണ വായിച്ചു മാറ്റി എഴുതണമെന്ന് തോന്നിയതെല്ലാം മാറ്റി എഴുതി ന്യൂനതകളില്ലാത്ത രചന  ഗ്രന്ഥം എഴുതിത്തീർത്തു ഇസ്ലാമിക ചരിത്രത്തിലെ മഹാസംഭവം  

അക്കാലത്ത് ജീവിച്ച പ്രശസ്തനായൊരു സൂഫിവര്യനാണ് മുഹമ്മദുബ്നു അബീ സരിയ്യിൽ അസ്ഖലാനി(റ)  

ഒരു ദിവസം ഉറങ്ങുമ്പോൾ അദ്ദേഹം നബി (സ) തങ്ങളെ സ്വപ്നം കണ്ടു  

അദ്ദേഹം പറഞ്ഞു: .....എനിക്ക് ഹദീസ് പറഞ്ഞു തന്നാലും  

നബി (സ) ഇങ്ങനെ മറുപടി നൽകി:

ഇമാം മാലികിനെ സമീപിക്കുക അവിടെനിന്ന് ഹദീസ് പഠിക്കുക 
ഹദീസ് ഓതിത്തരാൻ വേണ്ടി മൂന്നു തവണ ആവശ്യപ്പെട്ടു  മൂന്നു തവണയും ഒരേ മറുപടി പറഞ്ഞു 

അവസാനം നബി ( സ) ഇങ്ങനെ കൂടി പറഞ്ഞു:  

മാലികിന്റെ കൈവശം ഒരു നിക്ഷേപമുണ്ട്  

ഇവിടെ നിക്ഷേപം എന്നു പറഞ്ഞത് ഇമാം മാലികിന്റെ ഗ്രന്ഥമാണ് 

ഇമാം മാലിക് (റ) വിന്റെ ചിന്തയെ അലട്ടുന്ന ഒരു പ്രശ്നമുണ്ട് തന്റെ ഗ്രന്ഥത്തിന് അനുയോജ്യമായ ഒരു പേര് വെക്കണം ചിന്തിച്ചിട്ട് പേര് കിട്ടുന്നില്ല ഉറക്കം കൺപോളകളെ തഴുകി കിടന്നു ഉറങ്ങി മനോഹരമായ സ്വപ്നം വിടർന്നു  

നബി (സ) തങ്ങൾ വന്നിരിക്കുന്നു ഒരു സംഭാഷത്തിന്റെ തുടക്കമായി നബി (സ) തങ്ങൾ പറഞ്ഞു: മാലിക് മത്ത്വിഅ് ലിന്നാസി ഹാദൽ ഇൽമ 

മാലികേ നിങ്ങൾ ഈ വിജ്ഞാനത്തെ ജനങ്ങൾക്ക് സൗകര്യപ്പെടുത്തിക്കൊടുക്കുക 

മാലിക് (റ) ഉണർന്നു വലിയ സന്തോഷമായി  

മത്തിഅ് എന്ന വാക്കിൽ നിന്ന് മുവത്വഅ് എന്ന് കണ്ടുപിടിച്ചു ഗ്രന്ഥത്തിന് ഉചിതമായ പേര് കിട്ടി അൽഹംദുലില്ലാഹ്  

മുവത്വഅ് 

അങ്ങനെ പ്രഥമ ഹദീസ് ഗ്രന്ഥം പുറത്തുവന്നു  ഫിഖ്ഹും ഹദീസും സംയോജിപ്പിച്ച ഗ്രന്ഥമാണ് മുവത്വ കർമശാസ്ത്ര വിഷയങ്ങൾ തലക്കെട്ടായി കൊടുത്തു ആ വിഷയങ്ങൾക്ക് അനുയോജ്യമായ ഹദീസുകൾ ഉദ്ധരിച്ചു മുൻഗാമികളുടെ ഫത് വകളും വിധികളും നിഗമനങ്ങളുമെല്ലാം അവലംബമാക്കിയിട്ടുണ്ട്  

മാലികി മദ്ഹബ് രൂപപ്പെട്ടുവരികയാണ് അതിനു ശക്തമായ പ്രമാണങ്ങൾ വേണം സുദൃഢമായ അവലംബങ്ങൾ വേണം ധാരാളം ചർച്ചകൾ നടക്കണം പ്രതിഭാശാലികളായ ശിഷ്യന്മാർ വേണം അവർ ഗ്രന്ഥങ്ങൾ രചിക്കണം ശിഷ്യന്മാരിലൂടെ മദ്ഹബ് പ്രചരിക്കണം  

ഇമാം മാലിക് (റ) വിന്റെ വീക്ഷണങ്ങൾ പ്രമുഖ ശിഷ്യന്മാർ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചിട്ടുണ്ട് ഇവ മാലികി മദ്ഹബിന്റെ പ്രമാണങ്ങളാവുന്നു 

ഇബ്നു വഹബ് അവർകൾ ഇമാം മാലിക് (റ) വിന്റെ പ്രമുഖ ശിഷ്യനാണ് അദ്ദേഹം ക്രോഡീകരിച്ച ഗ്രന്ഥമാണ് കിതാബുൽ മുജാലസാത്ത്  

ഇബ്നു വഹബ്(റ) വിന് ഇമാം മാലിക് (റ) അയച്ച കത്തുകൾ ക്രോഡീകരിക്കപ്പെട്ടു വിജ്ഞാന വിഭവങ്ങൾ നിറഞ്ഞ കത്തുകൾ ഈ ശേഖരം 'രിസാലതുൽ ഫിൽ ഖദ്ർ'എന്ന പേരിൽ ഗ്രന്ഥമായി 

ഖാളിമാർക്ക് എഴുതിയ കത്തുകളും ക്രോഡീകരിച്ചു ഗ്രന്ഥമാക്കി അതാണ് രിസാലതുൽ ഫിൽ അഖ്ളിയ 

രിസാലതുൽ ഫിൽ ഫത് വാ മറ്റൊരു സവിശേഷ ഗ്രന്ഥമാണ് പ്രഗ്ത്ഭരായ ശിഷ്യന്മാർ വേറെയും കിതാബുകൾ രചിച്ചിട്ടുണ്ട് അവയെല്ലാം മാലികി മദ്ഹബിന്റെ പ്രമാണങ്ങളാവുന്നു  

മുഹമ്മദുബ്നു റുംഹ(റ) എന്ന മഹാൻ ഒരു  സംഭവം വിവരിക്കുന്നു:

ഞാൻ കുട്ടിയായിരുന്ന കാലം  പിതാവിന്റെ കൂടെ ഹജ്ജിന് പോയി ഹജ്ജ് യാത്രയിൽ റൗളാ സന്ദർശത്തിനായി മദീനയിലെത്തി റൗളാശരീഫിന്റെയും മിമ്പറിന്റെയും ഇടയിൽ ഞാനിരുന്നു യാത്രാക്ഷീണമുണ്ട് കുറെ കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി  

മനൃഹരമായൊരു സ്വപ്നം വിടർന്നുവന്നു നബി (സ) നടന്നുവരുന്നു എന്തൊരു സുന്ദര രൂപം എന്തൊരു സുഗന്ധം 

നബി(സ) തങ്ങളുടെ കൂടെ അബൂബക്ർ (റ) , ഉമറുൽ ഫാറൂഖ് (റ) എന്നിവരുമുണ്ട് 

കുട്ടിയായ ഞാൻ സന്തോഷത്തോടെ അവരുടെ സമീപം ചെന്നു ഞാൻ സലാം ചൊല്ലി അവർ സലാം മടക്കി 

ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ , അങ്ങ് എവിടേക്ക് പോവുന്നു?

നബി (സ) പറഞ്ഞു: മാലികിന്റെ അടുത്തേക്ക് പോവുന്നു മാലികിന്റെ പാത ശരിപ്പെടുത്തിക്കൊടുക്കണം 

ഞാൻ ഞെട്ടിയുണർന്നു വല്ലാത്ത സന്തോഷം ഞാൻ ഉപ്പയോടുകൂടി സുബ്ഹി നിസ്കാരത്തിന്റെ ഒരുക്കം തുടങ്ങി  വലിയ ജമാഅത്ത് നിസ്കാരം നടന്നു ഇനി ദർസ് തുടങ്ങുകയാണ് നൂറുക്കണക്കായ പണ്ഡിതൻമാർ സമ്മേളിച്ച അനുഗ്രഹീത സദസ് ഞാനും ഉപ്പയും സദസ്സിലിരുന്നു 

ഇമാം മാലിക് (റ) വന്നു എന്തൊരു ഗാംഭീര്യം താൻ രചിച്ച മുവത്വ എന്ന ഗ്രന്ഥം ആദ്യമായി ദർസ് നടത്തുകയാണ് മഹത്തായ മുവത്വയുടെ പ്രകാശനം  എന്തൊരു ഭക്തിബഹുമാനത്തോടെയാണ് ദർസ് ദുടങ്ങിയത് പഠിതാക്കൾ ഓരോ വാക്കും ആവേശത്തോടെ കേൾക്കുന്നു എത്ര അനുഗ്രഹീത സദസ് അറിവിന്റെ പാരാവാരം 


ശിഷ്യൻ 

ഇമാമുൽ അഅ്ളം അബൂഹനീഫ (റ) വഫാത്തായിട്ടു വർഷങ്ങൾ പലത് കടന്നുപോയിരിക്കുന്നു. ഇന്ന് ലോകം മുഴുവൻ അറിയുന്ന മഹാപണ്ഡിതൻ ഇമാം മാലിക് (റ) അവർകളാകുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഇൽമ് തേടി ധാരാളമാളുകൾ മദീനയിൽ എത്തിക്കൊണ്ടിരിക്കുന്നു ...

ഇമാം മാലിക് (റ) വിനെ കാണാനും മഹാനിൽനിന്ന് ഇൽമ് നേടാനും വേണ്ടി ഒരു കൗമാരക്കാരൻ മക്കയിൽ നിന്ന് പുറപ്പെട്ടിരിക്കുന്നു ...

... ഇമാം ശാഫിഈ (റ) ...

അന്ന് കുട്ടിയാണ്. അത്ഭുതകരമായ ഓർമശക്തിയുടെ ഉടമ. മരുഭൂമിയിലൂടെ ദീർഘയാത്ര നടത്തി. രാവുകളും പകലുകളും പലത് കടന്നുപോയി ...

യാത്രയുടെ അവസാന ദിവസം മധ്യാഹ്നം കഴിഞ്ഞു. സൂര്യൻ പടിഞ്ഞാറോട്ട് താഴ്ന്നുതുടങ്ങി. സായാഹ്നം സമീപിക്കുകയാണ് ...

... പുണ്യ മദീന ...

കൺമുമ്പിൽ തെളിയുകയാണ്. മനസ് വല്ലാതെ തുടിച്ചു. മദീനക്കാരുടെ വീടുകൾ കണ്ടുതുടങ്ങി. ഈത്തപ്പനകൾ, മുന്തിരിവള്ളികൾ ...

നടവഴികൾ.. പുണ്യറസൂൽ (സ) നടന്നുപോയ വഴികൾ ... ഓലമേഞ്ഞ കൊച്ചുവീടുകൾ, വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടികൾ, ആവേശകരമായ കളി ആയാൽപോലും ഒച്ച ഉയരില്ല. കുട്ടികളും മുതിർന്നവരുമെല്ലാം പതുക്കെ മാത്രം സംസാരിക്കുന്നു. എവിടെയും ശാന്തത. സമാധാനം. നബി (സ) തങ്ങളോടുള്ള ബഹുമാനം. ആ ബഹുമാനത്തിന് കോട്ടം തട്ടുന്നതൊന്നും ചെയ്യില്ല. മഹത്തായ റൗളാശരീഫ് ...

കണ്ണുകൾ നിറഞ്ഞൊഴുകി. ഖൽബ് തുടിച്ചു. പഠിച്ചറിഞ്ഞ ചരിത്രം ഓർമയിൽ തെളിയുന്നു... ഇൽമിന്റെ ബഹറായിരുന്ന ആഇശാ ബീവി (റ). മുഅ്മിനീങ്ങളുടെ ഉമ്മ. നബി (സ) തങ്ങളുടെ പ്രിയ പത്നി. അവരുടെ വീട്. നബി(സ) വഫാത്തായ മുറി. അവിടെയാണ് നബി (സ) തങ്ങൾ ഖബറടക്കപ്പെട്ടത്. അതാണ് റൗളാശരീഫ് ...

ഇമാം ശാഫിഈ (റ) റൗളാശരീഫിലെത്തി ഉപ്പാപ്പക്ക് സലാം ചൊല്ലി. വികാരഭരിതനായിപ്പോയി ...

മസ്ജിദുന്നബവിയിൽ റൗളാശരീഫിന് സമീപം ദർസ് നടക്കുന്നു ...

കണ്ണുകൾ കണ്ടു. വന്ദ്യരായ ഇമാമിന്റെ മുഖം. ഇമാം മാലികുബ്നു അനസ് (റ) ...

ഇൽമിന്റെ ഈ ബഹറ് കാണാൻ സൗഭാഗ്യമുണ്ടായല്ലോ ... അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ...

നൂറുകണക്കിന് പണ്ഡിതൻമാർ ദർസ് കേൾക്കുന്നു. എന്തൊരു ഗാംഭീര്യമുള്ള സദസ്. ഉസ്താദിന്റെ പതിഞ്ഞ ശബ്ദം മാത്രം കേൾക്കാം ...

കേൾവിക്കാരുടെ മനസ്സിൽ ദൃഢമായി പതിയുന്ന വിധത്തിലാണ് അവതരണം.
ഒരു ഉദാഹരണം കേൾക്കുക ...

ഇമാം മാലിക് (റ) പറയുന്നു: എനിക്ക് ഈ ഹദീസ് പറഞ്ഞുതന്നത് നാഫിഅ് (റ). അദ്ദേഹത്തിന് ഇബ്നു ഉമർ (റ) പറഞ്ഞു കൊടുത്തു. അദ്ദേഹത്തിന് റൗളാശരീഫിന്റെ ഉടമസ്ഥനായ നബി (സ) പറഞ്ഞു കൊടുത്തു ...

ഇത്രയും ദൃഢതയോടെ പറഞ്ഞു കൊടുക്കുന്നു... ഇമാം ശിഫിഈ (റ) പറയുന്നു: ഞാൻ സദസിന്റെ പിന്നിൽ പോയി ഇരുന്നു ...

ഉസ്താദ് പറയുന്ന കാര്യങ്ങൾ ശിഷ്യന്മാർ എഴുതിയെടുക്കുന്നു. എന്റെ കൈവശം എഴുതാനുള്ള സാധനങ്ങളൊന്നുമില്ല. ഞാനൊരു കൊള്ളിക്കഷ്ണമെടുത്തു തുപ്പുനീരുകൊണ്ട് കൈവെള്ളയിൽ എഴുതിക്കൊണ്ടിരുന്നു. എഴുത്തീരുമ്പോഴേക്കും ആ ഹദീസ് മനഃപാഠമായിട്ടുണ്ടാവും ...

സന്ധ്യയാവാറായി. ദർസ് നിർത്തി ആളുകൾ എഴുന്നേറ്റുപോയി. ഞാനവിടെത്തന്നെയിരുന്നു. ഉസ്താദ് എന്നെ കണ്ടു. അടുത്തേക്ക് വിളിച്ചു. മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്റെ മുഖത്തുനിന്ന് എന്തൊക്കെയോ വായിച്ചെടുത്തു ...

ഇമാം മാലിക് (റ) ചോദിച്ചു: നിങ്ങൾ ഹറമിയാണോ ...?

ശാഫിഈ (റ) : അതെ ...

മക്കക്കാരനാണോ ...?

അതെ ...

ഖുറൈശി ഗോത്രക്കാരനാണോ ...?

അതെ ...

എല്ലാം മഹത്വമുള്ളതാണ്. നിങ്ങൾ ക്ലാസിലിരുന്നപ്പോൾ ഒരു മര്യാദകേട് കാണിച്ചു ...

എന്താണാവോ ..? പറഞ്ഞുതന്നാലും ...

നിങ്ങൾ തുപ്പുനീര് ഒരു കമ്പുകൊണ്ട് തൊട്ട് കൈയിൽ കളിക്കുന്നത് കണ്ടു ...

ക്ഷമിക്കണം.. ഞാൻ കളിച്ചതല്ല. അങ്ങ് പറഞ്ഞ ഹദീസുകൾ എഴുതുകയായിരുന്നു. എഴുതാനുള്ള വസ്തുക്കളൊന്നും കൈവശമില്ല ...

ഇമാം മാലിക് (റ) പറഞ്ഞു: കൈ നീട്ടൂ... ഞാനൊന്ന് നോക്കട്ടെ ...

ശാഫിഈ (റ) കൈ നീട്ടി. അതിൽ അക്ഷരങ്ങളൊന്നും ഇല്ലായിരുന്നു.
ഇതിൽ യാതൊന്നും കാണാനില്ല. അതിൽ എഴുതിയതെല്ലാം മനസ്സിലുണ്ട് ...

ഞാൻ പറഞ്ഞ ഹദീസുകളെല്ലാം നിങ്ങൾ മനഃപാഠമാക്കി എന്നാണോ പറയുന്നത് ...

അതെ ...

എന്നാൽ ഒരു ഹദീസ് ഓതുക കേൾക്കട്ടെ ...

ശാഫിഈ (റ) ആദ്യം കേട്ട ഹദീസ് ഓതി. നല്ല സ്ഫുടമായ ഉച്ചാരണം. ആകർഷകമായ ശബ്ദം. റാവികകളുടെ പേരുകൾ സഹിതം ഓതി ...

ഉസ്താദ് അതിശയിച്ചുപോയി. ഒരു ഹദീസ് കൂടി കേൾക്കാൻ മോഹം ...

ശാഫിഈ (റ) രണ്ടാമത്തെ ഹദീസ് ഓതി... പിന്നെ മൂന്ന്, നാല്, അഞ്ച്.......

കുട്ടി ഓർമയിൽനിന്നെടുത്തു ഓതുന്നു. ഉസ്താദ് അതിശയത്തോടെ കേൾക്കുന്നു ...

ഇരുപത്തി അഞ്ചാമത്തെ ഹദീസ് ഓതി ...

അപ്പോൾ മഗ്രിബ് നിസ്കാരത്തിന്റെ ബാങ്ക് ഉയർന്നു. ഉസ്താദും ശിഷ്യനും എഴുന്നേറ്റു ...

ഈ കുട്ടി സാധാരണ കുട്ടിയല്ല.
അത്ഭുത ബാലനാണ്. ഈ കുട്ടിയിൽനിന്ന് ലോകത്തിന് നന്മ ലഭിക്കും ...

കുട്ടിയെ ആദരിക്കണം. വീട്ടിലേക്ക് ക്ഷണിക്കാം. ആഹാരം കൊടുക്കാം. കുട്ടി നേടിയ ഇൽമിനെ ആദരിക്കാം ...

പള്ളിയിൽ ആളുകൾ നിറഞ്ഞു. ഇഖാമത്ത് കൊടുത്തു. ഇമാമിന്റെ നേതൃത്വത്തിൽ നിസ്കാരം കഴിഞ്ഞു.. എന്തൊരനൂഭൂതിയായി ...

അപ്പോൾ ഉസ്താദ് വിളിച്ചു. വിനയത്തോടെ അടുത്തുചെന്നു. ഉസ്താദിന്റെ സേവകൻ സമീപത്ത് നിൽക്കുന്നു ...

ഇദ്ദേഹത്തെ നീ വീട്ടിലേക്ക് കൊണ്ടുപോവുക. നമ്മുടെ ഇന്നത്തെ അതിഥിയാണ് ...

ശാഫിഈ (റ)വിനോട് പറഞ്ഞു: ഇയാളുടെ കൂടെ വീട്ടിലേക്ക് പോയ്ക്കോളൂ ...

ഇമാം ശാഫിഈ (റ) വിന്റെ മനസ് കുളിരണിഞ്ഞു. എന്തൊരു സൗഭാഗ്യമാണിത് ...

പുണ്യമദീനയുടെ സമാദരണീയ നേതാവാണ് ഇമാം മാലിക് (റ).. അദ്ദേഹത്തിന്റെ അതിഥിയാവാൻ സൗഭാഗ്യം ലഭിച്ചിരിക്കുന്നു ...

സേവകന്റെ കൂടെ നടന്നു വീട്ടിലെത്തി. അത്യാവശ്യ സൗകര്യങ്ങളുള്ള വീട്. ഇന്ന് രാത്രി തനിക്ക് വിശ്രമിക്കാനുള്ള മുറി കാണിച്ചുതന്നു. പലതും ചിന്തിച്ചുകൊണ്ട് അവിടെയിരുന്നു. കുറെ സമയം കടന്നുപോയി ...

ഇമാം മാലിക് (റ) എത്തി. സലാം ചൊല്ലി ... ഭയവും ബഹുമാനവും കലർന്ന സ്വരത്തിൽ സലാം മടക്കി. ഇമാം അടുക്കളയിൽ പോയി ഭക്ഷണത്തളികയുമായി വന്നു. മുമ്പിൽ കൊണ്ടുവന്നു വെച്ചു ...

നല്ല രുചികരമായ ഭക്ഷണം. യാത്രാക്ഷീണമുണ്ട്. നല്ല വിശപ്പുണ്ട്. ആഹാരത്തിന് നല്ല രുചിയും. ഉസ്താദും ശിഷ്യനും ഒന്നിച്ചിരുന്നാണ് കഴിച്ചത്. രണ്ടാളും എഴുന്നേറ്റു ...

ഉസ്താദ് ശിഷ്യന്റെ കൈയിൽ വെള്ളമൊഴിച്ചുകൊടുത്തു. ശിഷ്യൻ അമ്പരന്നു. ഉസ്താദ് പറഞ്ഞു: നിങ്ങൾ അതിഥിയാണ്. ഞാൻ ആതിഥേയനുമാണ്. അതിഥിയെ ബഹുമാനിക്കണം അത് ആതിഥേയന്റെ കടമയാണ് ...

ഇമാം ശാഫിഈ (റ) പറയുന്നു: എനിക്കുവേണ്ടി നല്ല വിരിപ്പ് വിരിച്ചിരുന്നു ...

ഇശാഇനു ശേഷം ഉറങ്ങാൻ കിടന്നു. വാതിലടച്ചു കിടന്നു. പെട്ടെന്നുറങ്ങിപ്പോയി. തഹജ്ജുദിന്റെ സമയമായി. വാതിലിൽ മുട്ടു കേട്ടു ഞെട്ടിയുണർന്നു ...

ഉസ്താദിന്റെ ശബ്ദം കേട്ടു ...

അസ്വലാത്ത് ..... അസ്വലാത്ത്

റഹ്മകുമുല്ലാഹ് ....

നിസ്കാരം നിസ്കാരം ...

അല്ലാഹു നിങ്ങൾക്ക് റഹ്മത്ത് ചെയ്യട്ടെ ...

ഞാൻ പിടഞ്ഞെണീറ്റു. ധൃതിയിൽ വാതിൽ തുറന്നു. ഉസ്താദ് മുമ്പിൽ നിൽക്കുന്നു. കൈയിൽ ഒരു പാത്രം. പാത്രത്തിൽ വെള്ളം ...

എനിക്ക് വുളൂ എടുക്കാനുള്ള വെള്ളം. എനിക്ക് വല്ലാത്ത ലജ്ജ തോന്നി ...

ഇമാം മാലിക് (റ) : ഒട്ടും വിഷമിക്കേണ്ട. ഇതെല്ലാം എന്റെ കടമയാണ്...

ഞാൻ ദിനചര്യകൾ കഴിഞ്ഞു വന്നു. വുളൂ എടുത്തു. തഹജ്ജുദ് നിസ്കരിച്ചു ദുആ ഇരന്നു ...

സുബ്ഹിയുടെ ബാങ്ക് മുഴങ്ങി ...

ഉസ്താദും ശിഷ്യനും പള്ളിയിലേക്ക് നടന്നു. സുബ്ഹി നിസ്കരിക്കാൻ മസ്ജിദുന്നബവിയിൽ വലിയ ജനക്കൂട്ടം സന്നിഹിതരായിട്ടുണ്ട് ...

ഇമാം മാലിക് (റ)വിന്റെ നേതൃത്വത്തിൽ സുബ്ഹി നിസ്കാരം നടന്നു ...

നിസ്കാരാനന്തരം ആളുകൾ പതിവു ദിക്റുകളിലും സ്വലാത്തുകളിലും മുഴുകി. ഔറാദുകളിൽ ലയിച്ചു. ഒരേ ഇരുപ്പ് ഇരിക്കുന്നു. മുറാഖബ ...

സൂര്യനുദിക്കുംവരെ ആ ഇരിപ്പ് തുടർന്നു. പിന്നെ എഴുന്നേറ്റു. അപ്പോൾ വെയിൽ പരന്നു കഴിഞ്ഞിരുന്നു. ദർസിന്റെ സമയമായി ...

സദസ്സിൽ നൂറുക്കണക്കിനാളുകൾ തിങ്ങിനിറഞ്ഞു. ശാഫിഈ (റ)വും കൂട്ടത്തിലിരുന്നു. ഇനി മണിക്കൂറുകളോളം ദർസ് തുടരും ...

സുഗന്ധം പുകയുന്നു. റൗളാശരീഫിന്റെ ചുറ്റുപാടും സുഗന്ധം പരന്നു. ഗാംഭീര്യമുള്ള മുഖഭാവത്തോടെ ഇമാം മാലിക് (റ) എത്തി ...


ഇൽമിനോട് ആദരവ്

സ്വന്തമായി വീടില്ല ഒരു വീട് സ്വന്തമായി വേണമെന്ന ആഗ്രഹവുമില്ല അതെല്ലാം പരലോകത്ത് മതി  

ലോകപ്രശസ്ത പണ്ഡിതൻ ഇമാം മാലികുബ്നു അനസ് (റ) വിന്റെ നിലപാട് അതായിരുന്നു 

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)  അവർകളുടെ വീട് ഇമാം മാലിക് (റ) വാടകക്കെടുത്തു അവിടെ താമസമാക്കി വീട് ഇങ്ങനെ അറിയപ്പെട്ടു  ദാറു അബ്ദുല്ലാഹിബ്നു മസ്ഊദ് അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ വീട് ചരിത്രം അങ്ങനെയാണ് പറയുന്നത് സ്വന്തമായി വീട്ടുപേരില്ലാത്ത മഹാൻ പ്രപഞ്ച ത്യാഗം  അതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു ഇമാം മാലിക് (റ) പല നാടുകളിൽനിന്നും ആളുകൾ വരും ഇമാമിന്റെ വീട് അന്വേഷിക്കും നാട്ടുകാർ ഇങ്ങനെ മറുപടി പറയും ദാറു അബ്ദുല്ലാഹിബ്നു മസ്ഊദ് 

ഒരിക്കൽ നാട് ഭരിക്കുന്ന അമീർ മഹ്ദി ഇമാമിനെ കണ്ടു മുട്ടി സംഭാഷണം നടത്തി സംസാരത്തിനിടയിൽ അമീർ മഹ്ദി ചോദിച്ചു:  നിങ്ങൾക്ക് സ്വന്തമായി വീടുണ്ടോ? 

ഇനിയൊരു ഉപചോദ്യം വരാത്തവിധത്തിലുള്ള മറുപടിയാണ് ഇമാം നൽകിയത്  

സ്വന്തമായി വീടില്ല ഒരു മനുഷ്യന്റെ നസബ് (വംശപരമ്പര) ആണ് അവന്റെ വീട് എന്ന് ഹദീസിൽ വന്നിട്ടുണ്ട് റബീഅത്തുബ്നു അബ്ദിറഹ്മാൻ(റ) ഉദ്ധരിച്ച ഹദീസാണിത് അങ്ങനെ നോക്കിയാൽ ഐശ്വര്യം നിറഞ്ഞ വീടുണ്ട്  

അമീർ മഹ്ദിക്ക് വീട് സംബന്ധമായി മറ്റൊരു ചോദ്യം ചോദിക്കാൻ പഴുത് കിട്ടിയില്ല 

ഇമാം മാലിക് (റ ) വിന് ധാരാളം പാരിതോഷികങ്ങൾ വരും അവയെല്ലാം പാവപ്പെട്ടവർക്ക് ദാനം ചെയ്യും മദീനയിൽ എത്തുന്ന സാധനങ്ങൾ കുന്നുകൂടിക്കിടക്കും ഇമാം അതിലേക്ക് നോക്കില്ല  

ഒരിക്കൽ നല്ലകുതിരകൾ വന്നു ഏത് കുതിരയെ വേണമെങ്കിലും ഇമാമിനെടുക്കാം പക്ഷെ എടുത്തില്ല അവയുടെ ഭംഗി ആസ്വദിക്കാൻ പോലും നിന്നില്ല  

ഇമാം ശാഫിഈ(റ) അന്നവിടെയുണ്ടായിരുന്നു ചന്തമുള്ള ഒരു കുതിരയെ ഇമാം ശാഫിഈ (റ) പ്രത്യേകം ശ്രദ്ധിച്ചു നല്ല ഖുറാസാനിക്കുതിര ഉസ്താദിന് ഈ കുതിര നന്നായി ചേരും ഇമാം ശാഫിഈ (റ) വന്ദ്യഗുരുവിനോട് പറഞ്ഞു 

നോക്കൂ....എന്തൊരു ഭംഗിയുള്ള ഖുറാസാനി കുതിര അങ്ങ് ഇതിനെ സ്വീകരിച്ചാലും  

വന്ദ്യഗുരു സ്വീകരിച്ചില്ല ഖുറാസാനി കുതിരയെ ഇമാം ശാഫിഈ (റ)വിന് നന്നായി ഇഷ്ടപ്പെട്ടുവെന്ന് ഗുരുവിന് മനസ്സിലായി 

ഇമാം മാലിക് (റ) ഇങ്ങനെ പറഞ്ഞു:

ഈ കുതിരയെ ഞാൻ നിങ്ങൾക്ക് സമ്മാനമായി നൽകുന്നു  

ഇമാം ശാഫിഈ (റ) പിന്നെയും പറഞ്ഞു നോക്കി ഇവിടെയുള്ള ഏതെങ്കിലും ഒരു കുതിയെ അങ്ങ് സ്വീകരിച്ചാലും യാത്രക്ക് ഉപകരിക്കുമല്ലോ 

ഇമാം മാലിക് (റ) പറഞ്ഞതിങ്ങനെ:  ലോകാനുഗ്രഹിയായ റസൂലുല്ലാഹി(സ) അന്ത്യവിശ്രമം കൊള്ളുന്ന ഈ പുണ്യമദീനയിൽ ഞാൻ ഒരു മൃഗത്തിന്റെ കുളമ്പുകൊണ്ട് ചവിട്ടിക്കുകയോ? എനിക്ക് ലജ്ജ തോന്നുന്നു  

അമീറുൽ മുഅ്മിനീൻ ഹാറൂൻ റശീദ്  അക്കാലത്തെ ഖലീഫയാണ് അദ്ദേഹം ഒരിക്കൽ മദീനയിൽ വന്നു റൗളാശരീഫിൽ എത്തി  

എവിടെയും ഇമാം മാലിക് (റ)വിനെക്കുറിച്ചാണ് സംസാരം എത്ര ആദരവോടെയാണ് ആളുകൾ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നത് 

ഇമാമിന്റെ മഹാപാണ്ഡിത്യം ഇമാമിന്റെ അതിശയകരമായ ക്ലാസുകൾ മുവത്വ എന്ന കിതാബിന്റെ മഹത്വം  എല്ലാം ഖലീഫ കേട്ടറിഞ്ഞു അദ്ദേഹം ഇങ്ങനെ ചിന്തിച്ചു ഇമാം മാലികിനോട് എന്റെ താമസസ്ഥലത്ത് വരാൻ കൽപിക്കാം അദ്ദേഹം മുവത്വ എന്ന കിതാബുമായി വരട്ടെ തന്നെ പഠിപ്പിക്കട്ടെ മുവത്വയുടെ ഗ്രന്ഥകാരനിൽ നിന്ന് നേരിട്ട് കേട്ട് പഠിക്കാൻ ഖലീഫക്കു മോഹം  

ഖലീഫ ഒരു ദൂതനെ അയച്ചു ഇമാം മാലിക് (റ) വിന്റെ സമീപത്തേക്ക്  

ദൂതൻ വന്നു ഇമാമിനെ കണ്ടു വിവരം പറഞ്ഞു ഇമാമിന് വല്ലാത്ത നിരാശ തോന്നി  

മുവത്വയുമായി താൻ പോവുക ഖലീഫയുടെ താമസസ്ഥലത്തേക്ക് എന്നിട്ട് മുവത്വ ഖലീഫക്ക് ഓതിക്കൊടുക്കുക എന്തൊരു നാണംകെട്ട പണിയാണത്  

ഇമാം ദൂതനോട് ഇത്രമാത്രം  പറഞ്ഞു:

വിജ്ഞാനം തേടി ആളുകൾ വരണം ആളുകളെത്തേടി വിജ്ഞാനം വരില്ല  

ദൂതൻ മടങ്ങിപ്പോയി വിവരം പറഞ്ഞു ഖലീഫയുടെ ക്യാമ്പിൽ നിരാശ പരന്നു അവിടെ പണ്ഡിതന്മാർ പലരുണ്ട് അവർ ഖലീഫയെ ആദരിച്ച് ഖലീഫക്കൊപ്പം സഞ്ചരിക്കുന്നു അതൊരു പദവിയായിക്കാണുന്നു 

ഇമാം എന്താ ഇങ്ങനെ? 

അവിടെ ചർച്ച തുടങ്ങി ചൂടുപിടിച്ച ചർച്ച ഇത് വലിയ നാണക്കേടായിപ്പോയി ഇത് പുറത്തറിയും ബാഗ്ദാദിൽ വിവമെത്തും നാണക്കേട് നാടാകെ വ്യാപിക്കും  ഖലീഫ വിളിച്ചിട്ട് ഇമാം വന്നില്ല ഇമാമിനെക്കാണാൻ ഖലീഫ അങ്ങോട്ട് ചെല്ലണം ഈ വാർത്തയാണല്ലോ നാട്ടുകാർ അറിയാൻ പോവുന്നത്   

സംഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ മഹാൻ വന്നു കയറി എല്ലാവർക്കും അതിശയം  

ഇമാം മാലികുബ്നു അനസ് (റ)  സലാം ചൊല്ലി കടന്നുവന്നു ഖലീഫ ബഹുമാനപൂർവം ഇമാമിനെ സ്വീകരിച്ചിരുത്തി  

ഇമാം മാലിക് (റ) സംസാരം തുടങ്ങി ഓരോ വാക്കും അവർ കൗതുകപൂർവം ശ്രദ്ധിച്ചു കേട്ടു 

അമീറുൽ മുഅ്മിനീൻ  

എന്റെ വന്ദ്യഗുരുവാണ് ഇമാം സുഹ്രി(റ) മഹാൻ എനിക്കൊരു ഹദീസ് പഠിപ്പിച്ചുതന്നു സൈദുബ്നു സാബിത്(റ) റിപ്പോർട്ട് ചെയ്ത ഹദീസ്  

സൈദുബ്നു സാബിത്(റ) പറഞ്ഞു: 

ഞാൻ നബി(സ) തങ്ങളുടെ എഴുത്തുകാരനായിരുന്നു വഹ് യ് ഇറങ്ങിയാൽ ആ വചനങ്ങൾ എഴുതുന്ന ജോലി 

ഒരിക്കൽ നബി (സ) എന്നോട് ഇങ്ങനെ എഴുതാൻ കൽപിച്ചു  

സത്യവിശ്വാസികളിൽ ചിലർ വീട്ടിലിരുന്നു ചിലർ യുദ്ധക്കളത്തിലാറങ്ങി യുദ്ധം ചെയ്തു രണ്ടുകൂട്ടരും സമമാവുകയില്ല  

ഈ വചനം എഴുതുമ്പോൾ സ്വഹാബിവര്യനായ ഇബനു ഉമ്മി മക്തൂം(റ) സമീപത്തുണ്ട് അദ്ദേഹത്തിന് കാഴ്ചയില്ല യുദ്ധം ചെയ്യാനാവില്ല അദ്ദേഹം സങ്കടത്തോടെ ചോദിച്ചു: 

അല്ലാഹുവിന്റെ ദൂതരേ..... 

എന്റെ അവസ്ഥയെന്താണ്? എനിക്ക് കാഴ്ചയില്ല യുദ്ധത്തിന് പോയില്ല വീട്ടിലിരുന്നു യുദ്ധത്തിന് പോവാതെ വീട്ടിലിരുന്ന പരാജിതരിൽ ഞാനും പെട്ടുപോകുമോ?

എന്തൊരു സങ്കടകരമായ ചോദ്യം 

ഈ ചോദ്യത്തിനുത്തരം കിട്ടണം അല്ലാഹുവിൽനിന്ന് കിട്ടണം കാത്തിരുന്നു നിശബ്ദരായി  

വഹ് യിന്റെ  ലക്ഷണം കണ്ടുതുടങ്ങി വല്ലാത്ത ഭാരം ബോധക്ഷയം പോലെ ഒരവസ്ഥ അൽപനേരം ആ അവസ്ഥ തുടർന്നു  

മുഖത്ത് സന്തോഷം വന്നു ആശ്വാസം  

നബി (സ) കൽപിച്ചു സൈദ് ഇങ്ങനെ എഴുതുക; ബുദ്ധിമുട്ടുള്ള സത്യവിശ്വാസികൾ ഒഴികെ 

ഗൈറു ഉലിള്ളറരി 

അന്ധനായ ഉമ്മിമക്തൂമിന് സന്തോഷമായി 

ഇമാം മാലിക് (റ) തുടർന്നു പറഞ്ഞു: 
അമീറുൽ മുഅ്മിനീൻ  അയ്യായിരം കൊല്ലത്തെ വഴിദൂരമുള്ള സ്ഥാനത്തുനിന്നാണ് ജിബ്രീൽ (അ) വന്നത് 

ജിബ്രീൽ (അ)അനുഗമിക്കുന്ന മലക്കുകളും അവിടെനിന്നാണ് വരുന്നത് അവരാണ് വിജ്ഞാനം കൊണ്ടുവന്നത് അവർ കൊണ്ടുവന്ന ഒരക്ഷരത്തിന്റെ വിലപോലും കണക്കാക്കാൻ നമുക്കാവില്ല  

വിലമതിക്കാനാവാത്ത വിജ്ഞാനം 

അതിന്റെ പദവി സൂക്ഷിക്കാൻ ഞാൻ ബാധ്യസ്ഥനാണ് വിജ്ഞാനത്തിന്റെ പ്രതാപവും മാന്യതയും ഞാൻ പരിഗണിച്ചു  

അമീറുൽ മുഅ്മിനീൻ , അങ്ങയും അത് പരിഗണിക്കണം അപ്പോൾ അങ്ങയെ അല്ലാഹു ഉയർത്തും പ്രതാപവാനാക്കും വിദ്യയുടെ പദവിയെ അങ്ങ് അവഗണിച്ചാൽ അല്ലാഹു താങ്കളെ അവഗണിക്കും നിന്ദ്യനാക്കുകയും ചെയ്യും സൂക്ഷിക്കുക 

ഇമാം മാലിക് (റ) വിന്റെ പ്രകമ്പനംകൊള്ളിക്കുന്ന വാക്കുകൾ സദസ് ഞെട്ടിപ്പോയി 

ആ വാക്കുകൾ ഹാറൂൻ റശീദിന്റെ മനസ്സിൽ തട്ടി അദ്ദേഹം പറഞ്ഞു: വന്ദ്യരായ ഇമാം താങ്കൾ പറഞ്ഞതെല്ലാം കേട്ടു നമുക്കും മുവത്വ പഠിക്കണം നാം താങ്കളുടെ വീട്ടിൽ വരാം  

സദസ്സിലുള്ളവർ അമ്പരന്നുപോയി ഖലീഫ ഇമാമിന്റെ വീട്ടിലേക്ക് പോവാനൊരുങ്ങുന്നു ഒരു വിദ്യാർത്ഥിയായിട്ട്  

ഖലീഫ യാത്രയായി ഇമാമിന്റെ വീട്ടിലേക്ക് ഖലീഫക്ക് ഊഷ്മള സ്വീകരണം ഇരിക്കാൻ മുന്തിയ ഇരിപ്പിടം നൽകി സ്വീകരണ സംഭാഷണങ്ങൾ കഴിഞ്ഞു ക്ലാസ് തുടങ്ങാറായി  

ഇമാം പറഞ്ഞു: 

അമീറുൽ മുഅ്മിനീൻ  ഹദീസിനെ ബഹുമാനിക്കണം ഹദീസ് പഠിക്കാൻ വരുന്നവർ വളരെയേറെ താഴ്മ കാണിക്കേണ്ടതുണ്ട്  

ഖലീഫക്ക് കാര്യം മനസ്സിലായി അദ്ദേഹം ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റു  നിലത്ത് താഴ്മയോടെ ഇരുന്നു  

ക്ലാസ് തുടങ്ങി ഓരോ വാക്കും ഖലീഫയുടെ മനസിന്റെ അടിത്തട്ടിലേക്കിറങ്ങി ഖലീഫയുടെ മുഖഭാവമാണ് എല്ലാവരും ശ്രദ്ധിക്കുന്നത് ഇൽമിന്റെ പ്രകാശം മനസ്സിൽ തിളക്കമുണ്ടാക്കി വളരെ ശ്രദ്ധാപൂർവം ഇമാമിന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്നു  

ഇമാമിന്റെ ധീരത  ഇമാമിന്റെ ദൃഢമനസ്കത ഇൽമിനോടുള്ള പ്രതിബദ്ധത അവ ആരെയും അതിശയിപ്പിക്കും അതാണിവിടെ സംഭവിച്ചത് 


ഇമാമിന്റെ കത്ത്

ഇമാം മാലികുബ്നു അനസ് (റ) ഹദീസിനോട് കാണിച്ച ആദരവ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്  

ഒരു ശിഷ്യൻ വീട്ടിലേക്കു വരുന്നു ഒരു ഹദീസിനെക്കുറിച്ചുള്ള സംശയം തീർക്കാനാണ് വരുന്നത് ശിഷ്യൻ വന്ന കാര്യം പറയും  

ഉടനെ ഇമാം മാലിക്(റ) കുളിക്കും നല്ല വസ്ത്രം ധരിക്കും സുഗന്ധം പൂശും സുഗന്ധം പുകയ്ക്കും എന്നിട്ടാണ് ഹദീസിനെക്കുറിച്ച് സംസാരിക്കുക 

ഓരോ ഹദീസിനോടും അത്രക്ക് ബഹുമാനമാണ് നബി (സ) തങ്ങളുടെ പേര് കേട്ടാൽ മുഖം വിവർണമാകും വർണിക്കാനാവാത്ത ബഹുമാനം  

ഖുലഫാഉർറാശിദുകൾ  

ആദ്യത്തെ നാല് ഖലീഫമാർ  

ഇമാം മാലിക് (റ) അവരെ വല്ലാതെ ആദരിച്ചു സംസാരത്തിൽ അവരുടെ വാക്കുകളും ചര്യകളും ഉദ്ധരിക്കും കേൾവിക്കാർക്ക് അവരോട് ആദരവ് ഉണ്ടായിത്തീരണം ആ രീതിയിലായിരിക്കും സംസാരം  

ഖലീഫ ഹാറൂൻ റശീദിനെ ഒരിക്കൽ നന്നായി ഉപദേശിച്ചു ഉമറുൽ ഫാറൂഖ് (റ) വിന്റെ ചര്യകൾ പിൻപറ്റണമെന്നായിരുന്നു ഉപദേശം 

ഉമറുൽ ഫാറൂഖ് (റ) ജനങ്ങളുടെ വിനീത സേവകനായിരുന്നു ഒരിക്കൽ ഒരു കൊച്ചു കുടിലിൽ ചെന്നു അടുപ്പിൽ തീ ഊതിക്കത്തിക്കാൻ പ്രയാസപ്പെടുന്ന ദുർബലരായ വീട്ടുകാരെയാണ് കണ്ടത് ആഹാരം പാകം ചെയ്യാൻ അടുപ്പിൽ കലം വെച്ചിട്ടുണ്ട് തീ ശരിക്കു കത്തുന്നില്ല   

ഖലീഫ കുനിഞ്ഞിരുന്നു അടുപ്പിൽ തീ ഊതിക്കത്തിച്ചു ഖലീഫയുടെ നീണ്ട താടിരോമങ്ങൾക്കിടയിലൂടെ പുക പുറത്തേക്കു വന്നുകൊണ്ടിരുന്നു  

ഹാറൂൻ റശീദിന്റെ മനസിൽ ആ രംഗം തെളിഞ്ഞു വരുന്നു ഖലീഫയുടെ താടി രോമങ്ങൾക്കിടയിലൂടെ വരുന്ന പുക വളരെ പാവപ്പെട്ട മനുഷ്യരുടെ ചെറ്റപ്പുരയിലെ അടുപ്പിൽ നിന്നുയരുന്ന പുക 

കേട്ടുനിൽക്കുന്നവരുടെ  കണ്ണുകൾ നിറഞ്ഞു പോയി ഉപദേശത്തിന്റെ ശൈലി ഇതായിരുന്നു  

ആർക്കെങ്കിലും ആ സംസാരം കേട്ടാൽ മതിവരുമോ? 

മറ്റൊരിക്കൽ ഒരു സംഭവമുണ്ടായി ഹാറൂൻ റശീദിനെ കാണാൻ വേണ്ടി ഇമാം  മാലിക് (റ) വന്നു ഹൃദ്യമായ സ്വീകരണം നൽകി ഇരിക്കാൻ പറഞ്ഞു  

ഇമാം ഇരുന്നില്ല അവിടെ ചതുരംഗം കളിക്കുന്ന കളങ്ങളുള്ള പലക കണ്ടു അത് എടുത്തുമാറ്റാൻ ഇമാം ആവശ്യപ്പെട്ടു  

എടുത്തുമാറ്റി ഇമാം ഇരുന്നു 

മുവത്വ എന്ന കിതാബ് പ്രസിദ്ധമായി പണ്ഡിത്മാർക്ക് പ്രിയപ്പെട്ട ഗ്രന്ഥം ഖലീഫ ഹാറൂൻ റശീദിനും ഏറെ പ്രിയങ്കരം അദ്ദേഹം ഇങ്ങനെ ചിന്തിച്ചു;

ജനങ്ങൾ ഈ ഗ്രന്ഥം  വായിക്കണം അതിലെ ഇൽമുകൾ പഠിക്കണം അതിന് വഴിയൊരുക്കണം എങ്ങനെ?  
മുവത്വയുടെ ഏതാനും കോപ്പികൾ കഅ്ബാശരീഫിൽ വെക്കുക ആളുകൾ അതെടുത്തു വായിക്കട്ടെ കാര്യങ്ങൾ മനസ്സിലാക്കട്ടെ നല്ല വഴിയിൽ ജീവിക്കട്ടെ പക്ഷെ, ഇമാമിന്റെ സമ്മതം കിട്ടണം സമ്മതപ്രകാരമേ അത് ചെയ്യാൻ പറ്റുകയുള്ളു  

സമ്മതം കിട്ടാതിരിക്കുമോ? ഇത് നല്ല കാര്യമല്ലേ? എത്ര കഷ്ടപ്പെട്ട് രചിച്ച ഗ്രന്ഥമാണിത് അത് കൂടുതൽ ജനങ്ങൾക്ക് പ്രയോജനപ്പെടട്ടെ അതിൽ സന്തോഷമല്ലേ ഉണ്ടാവുക 

ഇമാം മാലികുബ്നു അനസ് (റ) വിനെ വിവരം അറിയിച്ചു പ്രതികരണം മറച്ചായിരുന്നു മുവത്വ കഅ്ബാ  ശരീഫിൽ വെക്കുകയും അത് നോക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക അതിൽ പറയുന്നത് പിൻപറ്റി ജീവിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകുക  ഇതാണ് ഖലീഫയുടെ പദ്ധതി 

ഈ പദ്ധതി ഇമാം അംഗീകരിച്ചില്ല അതിന്റെ കാരണവും ഖലീഫയെ അറിയിച്ചു ബുദ്ധിമണ്ഡലത്തെ തട്ടിയുണർത്തുന്ന മറുപടി കിട്ടി ആ മറുപടി ഇതായിരുന്നു:

മുജ്തഹിദുകളായ ധാരാളം പണ്ഡിതന്മാർ പൊതുരംഗത്തുള്ള കാലമാണിത് അവർ ഹദീസ് പണ്ഡിതരും ഫിഖ്ഹ് പണ്ഡിതരുമാണ് അവർ ജനങ്ങൾക്ക് ദീൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു മുജ്തഹിദുകൾക്കിടയിൽ ശാഖാപരമായ കാര്യങ്ങളിൽ അഭിപ്രായ  വ്യാത്യാസങ്ങളുണ്ടാവും ജനങ്ങൾ ഏത് മുജ്തഹിദിനെ പിൻപറ്റുന്നോ അവരെ പിൻപറ്റിക്കൊള്ളട്ടെ എന്നെ പിൻപറ്റാനാഗ്രഹിക്കുന്നവർ അങ്ങനെ ചെയ്തുകൊള്ളട്ടെ എല്ലാവരും എന്റെ അഭിപ്രായത്തെ പിൻപറ്റണമെന്ന് പറയുന്നത് ശരിയല്ല  എല്ലാ മുജ്തഹിദുകളുടെ ശ്രമവും വിലപ്പെട്ടതാണ് പ്രശംസനീയമാണ് ഞാൻ കാരണം അവരുടെ ശ്രമങ്ങളുടെ മഹത്വം ജനങ്ങൾക്കിടയിൽ കുറയാൻ ഇടവരരുത്  

ഖലീഫ ഹാറൂൻ റശീദ് കാര്യങ്ങൾ വ്യക്തമായി മനമനസ്സിലാക്കി മുവത്വ പ്രദർശിപ്പിക്കാനുളള ശ്രമത്തിൽ നിന്ന് പിൻമാറി  

ഖലീഫ ഹാറൂൻ റശീദ് ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന താരമാണ് ബുദ്ധിമാനായ രാജാവ് എന്നു പറയാം നന്മ ഇഷ്ടപ്പെട്ടു നല്ലത് കേട്ടാൽ ഉൾക്കൊള്ളും ചുറ്റും നിൽക്കുന്നത്  മുഖസ്തുതിക്കാരാണ് മനഷ്യനല്ലേ, അതിൽ വീണുപോകും 

മുഖസ്തുതി പാടുന്ന കവികൾ അവരുടെ കവിതകൾ സാഹിത്യഭംഗികൊണ്ട് സുന്ദരമാണ് ഖലീഫയുടെ മനസ്സിനെ തൊട്ടുണർത്തും പാരിതോഷികങ്ങൾ നൽകും കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന വൻതുകകൾ  ഇത് കാണുന്ന മറ്റു കവികൾ രാജാവിനെ അതിനേക്കാൾ നന്നായി സ്തുതിച്ചുകൊണ്ട് കവിതയെഴുതും അവർക്കും കിട്ടും സമ്മാനം  കൊട്ടാരം കവികൾ എന്നൊരു വിഭാഗം തന്നെ അക്കാലത്തുണ്ടായിരുന്നു തമാശ പറഞ്ഞു രാജാവിനെ സന്തോഷിപ്പിക്കാൻ മറ്റൊരു കൂട്ടർ ഉള്ളതും ഇല്ലാത്തതുമെല്ലാം പറയും ഒരുതരം മിമിക്രി  

രാജാവിനെ സന്തോഷിപ്പിക്കുക ചിരിപ്പിക്കുക പാരിതോഷികങ്ങൾ നേടുക ഇതാണ് ലക്ഷ്യം   

മറ്റൊരു വിഭാഗം കൊട്ടാരം പണ്ഡിതന്മാർ ഫത് വ നൽകലാണ് ജോലി ഭരാണാധികാരികൾക്ക് സന്തോഷം നൽകുന്ന ഫത് വകൾ നൽകും  

പിന്നെയുള്ളത് മന്ത്രിമാർ,ഉന്നത ഉദ്യോഗസ്ഥർ,പട്ടാള മേധാവികൾ,പൗരപ്രമുഖന്മാർ തുടങ്ങിയവരാണ് അവരിൽ അധികപേരുടെയും നോട്ടം ഖജനാവിലേക്കാണ് ഇവരെല്ലാവരുംകൂടി ഖലീഫയെന്ന രാജാവിനെ വഴിതെറ്റിക്കുകയാണ്  വിവിധ വിഭാഗങ്ങൾ തമ്മിൽ അസൂയയും പോരും നിലനിൽക്കുന്നു ഓരോ വിഭാഗത്തിന്റെയും ഉള്ളിലുള്ളവർ തമ്മിൽ തന്നെ അസൂയയും പോരും ശത്രുതയും നിലനിൽക്കുന്നു ഓരോ വ്യക്തിയും ചിന്തിക്കുന്നതിങ്ങനെയാണ് രാജാവിന്റെ സ്നേഹവും, വിശ്വാസവും,സഹായവും തനിക്ക് കിട്ടണം മറ്റുള്ളവർക്ക് രാജാവിന്റെ കോപവും ശത്രുതയും കിട്ടണം അവർക്ക് കടുത്ത ശിക്ഷ ലഭിക്കണം നീണ്ട കാലത്തേക്ക് ജയിലിലടക്കണം അല്ലെങ്കിൽ വധിക്കണം  

തനിക്ക് നിരന്തരം പാരിതോഷികങ്ങൾ കിട്ടിക്കൊണ്ടിരിക്കണം തന്നോടുള്ള രാജാവിന്റെ സ്നേഹത്തിന് ഒരിക്കലും കുറവ് വരരുത് 

ഇതെല്ലാം ഇമാം മാലിക് (റ) നല്ലതുപോലെ മനസ്സിലാക്കി രാജാവിനെ നേരിൽ കണ്ട് ഉപദേശിക്കാൻ പ്രയാസമാണ് കൊട്ടാരത്തിൽ പോവണം 

സന്ദർഭം നോക്കണം അവിടെയാണെങ്കിൽ ഇപ്പറഞ്ഞ  ആളുകളൊക്കെയുണ്ടാവും സംസാരിക്കാൻ പറ്റില്ല  

ഒരു കാര്യം ചെയ്യാം ഒരു കത്തെഴുതാം എല്ലാ കാര്യങ്ങളും വിശദീകരിച്ച് നീണ്ട ഒരു കത്ത് രാജാവിന് സൗകര്യം പോലെ വായിച്ചു മനസ്സിലാക്കാം  കത്ത് രാജാവിന് ഇഷ്ടപ്പെടുമോ?  കത്ത് വായിച്ച് രാജാവിന് കോപം വരുമോ? കോപം വന്നാൽ എന്തും സംഭവിക്കാം  

ചാട്ടവാറടി, ജയിൽ, കൊല എന്തുമാവാം അതൊന്നും ഓർത്തു പിൻമാറാൻ പറ്റില്ല തന്റെ കടമ നിർവഹിക്കണം  

ഇമാമിന്റെ നീണ്ട കത്ത് ചരിത്രപ്രസിദ്ധമാണ് വളരെ പ്രസക്തവുമാണ് എല്ലാഭരണാധികാരികളും വായിച്ചറിയേണ്ട കത്ത്  കത്തിലെ ചില സുപ്രധാന സംഗതികൾ മാത്രം ഇവിടെ സൂചിപ്പിക്കാം  

ഒരു മുസൽമാന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതം എങ്ങനെയായിരിക്കണം ?

അതാണ് കത്തിൽ വിവരിക്കുന്നത് വിശുദ്ധ ഖുർആൻ ആയത്തുകളുടെയും ഹദീസുകളുടെയും വെളിച്ചത്തിൽ വിവരിക്കുന്നു 

പരലോക ജീവിത വിജയം ലക്ഷ്യമാക്കി മനുഷ്യൻ ജീവിക്കണം നന്മ ചെയ്യാൻ കിട്ടുന്ന ഒരു സന്ദർഭവും പാഴാക്കിക്കളയരുത് തിന്മയിലേക്ക് അടുക്കരുത് അതിന്റെ വാതിലുകൾ തുറക്കരുത് മനസ്സിൽ അഹങ്കാരം പാടില്ല നാക്കിൽ നിന്നുതിർന്നുവീഴുന്ന വാക്കുകളിലും അഹങ്കാരം പാടില്ല പ്രവർത്തനങ്ങളിലും അഹങ്കാരം പാടില്ല അക്രമം അരുത് നാവുകൊണ്ടും  കൈകൊണ്ടും അക്രമിക്കരുത് അക്രമത്തെ പ്രോത്സാഹിപ്പിക്കരുത് അക്രമിയെ സഹായിക്കരുത്  

അനാവശ്യ സംസാരം പാടില്ല ആവശ്യമുള്ളത് മാത്രം സംസാരിക്കുക അല്ലെങ്കിൽ മൗനമവലംബിക്കുക സംസാരം പെരുപ്പിച്ചാൽ പാപങ്ങൾ വർധിക്കും അല്ലാഹു ഇഷ്ടപ്പെടുന്നത് സംസാരിക്കുക അല്ലാഹുവിന്റെ കോപം വിളിച്ചു വരുത്തുന്ന സംസാരം ഉപേക്ഷിക്കുക തന്നെ വേണം സംസാര വൈഭവം മഹത്തായ അനുഗ്രഹമാണ് നന്മയുള്ള കാര്യങ്ങളിൽ മാത്രം അതുപയോഗപ്പെടുത്തുക  

അധികം ചിരിക്കരുത് വിഡ്ഢികളാണ് അധികം ചിരിക്കുന്നത് ചിരിപ്പിക്കാൻ  വേണ്ടി മാത്രമുള്ള സംസാരം വേണ്ട മനസ്സിന് ആശ്വാസവും സന്തോഷവും നൽകുന്നത് സംസാരിക്കാം മനസ്സിലെ സന്തോഷം പ്രകടിപ്പിക്കാൻ പൊട്ടിച്ചിരിക്കണമെന്നില്ല മന്ദഹസിച്ചാൽ മതി ചുണ്ടിലെ പുഞ്ചിരി ആരും ഇഷ്ടപ്പെടും  അത് മാഞ്ഞുപോകരുത്  

സജ്ജനങ്ങളോടുള്ള സഹവാസം വർധിപ്പിക്കണം ആ സഹവാസത്തിലൂടെ ഒരുപാട് നന്മകൾ കൈവരും അവരിൽ നിന്ന് വിദ്യകൾ ഒഴുകിവരും ഇലാഹിയ്യായ ഇൽമിന്റെ പ്രകാശം അവരിൽനിന്ന് കിട്ടും  ആരിഫീങ്ങൾ, ഔലിയാക്കൾ, ഉഖ്റവിയ്യായ ആലിമീങ്ങൾ എന്നിവരുമായുള്ള സഹവാസം വേണം  

പാവപ്പെട്ടവർ , യാത്രക്കാർ, വിദേശികൾ , കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം നയിക്കുന്നവർ ഇവരോടെല്ലാം കരുണ കാണിക്കണം രോഗികളെ സന്ദർശിക്കണം ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കണം 

കുടുംബബന്ധം പവിത്രമായി സൂക്ഷിക്കണം മുഖസ്തുതി സ്വയം പറയരുത് മറ്റുള്ളവരെ പറയാൻ അനുവദിക്കരുത് മുഖസ്തുതിക്കാരെ ഓടിക്കണം  

നബി (സ) പറഞ്ഞിരിക്കുന്നു 

വൃദ്ധന്മാരോട് സാദൃശ്യമുള്ള യുവാക്കളാണ് നിങ്ങളിൽ ഗുണവാന്മാർ യുവക്കളോട് സാദൃശ്യമുള്ള വൃദ്ധന്മാർ ഗുണമുള്ളവരല്ല ചീത്തയാണ്  

മൗനമവലംബിക്കുന്നതാണ് അഭികാമ്യം 

മസ്ജിദിൽ വെച്ച് ശബ്ദമുണ്ടാക്കരുത് അമലുകൾ പാഴായിപ്പോവും 

ഇഹലോകത്തിന്റെ ആഢംബരങ്ങൾ ഉപേക്ഷിക്കുക അല്ലെങ്കിൽ അത് നിങ്ങളെ വഞ്ചിക്കും കത്ത് തുടരുകയാണ് 


വിനയം


ഇമാം മാലികുബ്നു അനസ് (റ) നിരവധി കാര്യങ്ങൾ കത്തിൽ എഴുതി കത്ത് വായിച്ചു കഴിയുമ്പോൾ ഖലീഫയുടെ പ്രതികരണം എന്തായിരിക്കും? അതിനെക്കുറിച്ചു ചിന്തിച്ചില്ല താൻ തന്റെ ദൗത്യം നിർവഹിക്കുകയാണ് ചെയ്യേണ്ട കാര്യം ചെയ്യുന്നു അതുമാത്രം  

കത്ത് പൂർത്തീകരിക്കാൻ കൊടുത്തയച്ചു 

ഇമാം മാലിക് (റ)വിന്റെ കത്താണെന്നറിഞ്ഞപ്പോൾ ഖലീഫ ആദരവോടെ സ്വീകരിച്ചു ആകാംക്ഷയോടെ വായന തുടങ്ങി വരികളിലൂടെ നയനങ്ങൾ നീങ്ങി മനസ്സിളകിമറിഞ്ഞു  വിലമതിക്കാനാവാത്ത ഉപദേശങ്ങൾ ഇതൊക്കെ അനുസരിക്കാൻ തന്നെക്കൊണ്ടാവുമോ ?  ഇതുപോലെയുള്ള ഒരു ഉപദേശം നൽകാൻ ഒരു കൊട്ടാര പണ്ഡിതൻ ധൈര്യപ്പെടുമോ ? ഇമാം മാലിക് (റ) അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത് ഇദ്ദേഹമാണ് യഥാർത്ഥ പണ്ഡിതൻ  ഖലീഫയുടെ  പ്രതിഫലം ആഗ്രഹിച്ചു ചെയ്ത പണിയല്ല അല്ലാഹുവിന്റെ പ്രതിഫലം മോഹിച്ചു ചെയ്തതാണ് ഇതൊരു ദൗത്യനിർവഹണമാണ് 

കത്തു വായിച്ചു തീർത്തു മനസ്സിൽ വെളിച്ചം പരന്നു ഖലീഫ ഇങ്ങനെ കൽപിച്ചു: 

ഈ കത്ത് സ്വർണലിപികളിലാക്കുക വരും തലമുറകൾക്കുവേണ്ടി സൂക്ഷിച്ചുവെക്കുക 

ഇമാം മാലിക് (റ) വിന്റെ ഖ്യാതി വർധിക്കുകയാണ് അദ്ദേഹത്തെ ഒരു നോക്കു കാണാൻ വേണ്ടി വിദൂര ദിക്കുകളിൽനിന്നൊക്കെ ആളുകൾ വരാൻ തുടങ്ങി  

സന്ദർശകർ ഇമാമിന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി എത്ര ചൈതന്യവത്തായ മുഖം രാജാവിനെക്കാൾ ഗാംഭീര്യം ശാന്ത സുന്ദരം ഒറ്റനോട്ടത്തിൽ മനസിൽ പതിയും മാഞ്ഞുപോവില്ല  

നീണ്ട താടി മാറിടം വരെ താഴ്ന്നുകിടക്കുന്നു വട്ടത്താടി വെട്ടിയൊതുക്കിയ മീശ തിളക്കമുള്ള കണ്ണുകൾ കനത്ത തലപ്പാവ് പിരടിയിലേക്ക് താഴ്ന്നുകിടക്കുന്ന വാലുള്ള തലപ്പാവ് ആകർഷകമായ വസ്ത്രധാരണ രീതി  

പടിവാതിൽക്കൽ ആളുകൾ തടിച്ചുകൂടും എന്തിനുവേണ്ടി പണം കിട്ടാനല്ല  ഒരു നോട്ടം പതിഞ്ഞുകിട്ടാൻ മഹാന്റെ അനുഗ്രഹത്തിന്റെ ഒരു നോട്ടം തന്റെ മുഖത്ത് പതിയണം അതാണ് ഓരോരുത്തരുടെയും മനസ്സിലെ മോഹം  ഒരു നോട്ടം മതി അനുഗ്രഹമായി ആളുകൾക്കു തൃപ്തിയായി സന്തോഷത്തോടെ തിരിച്ചുപോയ്ക്കൊള്ളും രാജാവിനോടുള്ളതിനേക്കാൾ ബഹുമാനം ഇമാമിനോടാണ് അതാണ് ജനങ്ങളുടെ അവസ്ഥ  

യഹ് യബ്നു ശുഅ്ബ എന്ന പണ്ഡിതൻ രേഖപ്പെടുത്തുന്നു: 
ഹിജ്റഃ  144-ൽ ഞാൻ മദീന സന്ദർശിച്ചു ഞാൻ ഇമാം മാലിക് (റ) വിനെ  കണ്ട് അതിശയിച്ചുപോയി എന്തൊരു ഗാംഭീര്യമുള്ള മുഖം അദ്ദേഹത്തിനു ചുറ്റും വലിയൊരാൾക്കൂട്ടമുണ്ട് അവരിൽ നിരവധി പണ്ഡിതന്മാരുണ്ട് നിശബ്ദരായി ഇരിക്കുന്നു എന്തൊരു അച്ചടക്കം 

ഇമാം ശാഫിഈ (റ) പറയുന്നു:

ഞങ്ങൾ കിതാബിലെ പേജുകൾ മറിക്കുന്ന ശബ്ദം പോലും പുറത്ത് കേൾപ്പിച്ചിരുന്നില്ല ഉസ്താദിനോട് അത്രക്ക് ബഹുമാനമായിരുന്നു ആദരവുകേട് വന്നുപോകുമോയെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു ഇത്രയേറെ ആദരവ് ലഭിക്കാൻ കാരണമെന്ത് ? 

നബി (സ) തങ്ങളോട് ഇമാം മാലിക്(റ) കാണിച്ച ആദരവ് തന്നെ കാരണം 

നബി (സ) തങ്ങളോടുള്ള  ആദരവ് കാരണം മദീനയിൽ വാഹനപ്പുറത്ത് സഞ്ചരിച്ചിട്ടില്ല തിരുസുന്നത്തിനോട് കാണിച്ച ബഹുമാനം എല്ലാവരെയും അതിശയിപ്പിച്ചു 

നബി (സ) തങ്ങൾ നടന്നുപോയ വഴികളിലൂടെ ഇമാം നടന്നു തന്റെ പാദങ്ങൾ പതിയുന്ന മണൽത്തരികൾ അവിടെ നബി (സ) തങ്ങളുടെ പുണ്യം നിറഞ്ഞ പാദങ്ങൾ പതിഞ്ഞിട്ടുണ്ട്  നബി (സ)തങ്ങളുടെ പാദങ്ങൾ വെച്ച മണ്ണിൽ താൻ ചെരിപ്പിട്ട് ചവിട്ടുകയോ? 
മര്യാദകേടായിപ്പോവുമോ?  പുണ്യമദീനയിലെ വഴികളിൽ നടക്കാൻപോലും പേടി രാത്രി ഉറങ്ങാൻ കിടന്നാൽ നബി (സ) സ്വപ്നത്തിൽ വരും സുന്ദര വദനം പ്രകാശമുള്ള പുഞ്ചിരി മറക്കാനാവില്ല നിമിഷനേരത്തേക്ക് പോലും 

വലിയ സദസ്സുകളിൽ പ്രസംഗിക്കും നബി (സ) തങ്ങളെക്കുറിച്ച് വിശദീകരിക്കും സംസാരിച്ചു തുടങ്ങുമ്പോഴേക്കും നിറം പകർച്ചയാവും ശരീരം ചുളുങ്ങും ഇമാം എന്തോ പ്രയാസം അനുഭവിക്കുകയാണെന്ന് സദസ്സിന് തോന്നും അവരും പ്രയാസപ്പെടും  

നബി (സ) തങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോഴേക്കും അവസ്ഥകൾ വല്ലാതെ മാറുന്നു ചിലർ ഇമാം മാലിക് (റ ) വിനോട് ചോദിച്ചു:

എന്താണ് ഈ അവസ്ഥാമാറ്റത്തിന് കാരണം? 

ഇമാം മാലിക് (റ) ഇങ്ങനെ മറുപടി നൽകി: 

ആ സന്ദർഭങ്ങളിൽ എനിക്കുണ്ടാവുന്ന ദർശന വിശേഷം വിവരണാധീതമാണ് ആ ദർശന വിശേഷം നിങ്ങൾക്കുണ്ടായാൽ നിങ്ങളുടെ അവസ്ഥയും മാറും ഉറക്കിലും ഉണർച്ചയിലും വിശേഷ ദർശനം 

ഒരിക്കൽ ഇമാം ഇങ്ങനെ പറഞ്ഞു:

ചവിട്ടി നടക്കുന്ന മണ്ണിനെ നോക്കൂ മണ്ണ് വിനയം കാണിക്കുന്നു താഴ്മ കാണിക്കുന്നു പണ്ഡിതരും , പാമരരും ,വിനയമുള്ളവരും, ധിക്കാരികളും മണ്ണിൽ നടക്കുന്നു മണ്ണ് താഴ്മയോടെ കിടന്നു കൊടുക്കുന്നു ആരോടും ഒരു പ്രതിഷേധവുമില്ല 

താഴ്മ കാണിക്കുന്ന മണ്ണിന് അല്ലാഹു ഉന്നത പദവി നൽകി ശുദ്ധമായ മണ്ണുകൊണ്ട് തയമ്മം ചെയ്യാം മണ്ണുകൊണ്ട് മനുഷ്യൻ മുഖം തടവുന്നു മണ്ണിന് പദവി ലഭിച്ചു നിങ്ങൾ താഴ്മ കാണിക്കുക അല്ലാഹു നിങ്ങളുടെ പദവികൾ ഉയർത്തിത്തരും 

എത്രമേൽ താഴ്മ കാണിക്കുന്നുവോ അത്രമേൽ പദവികൾ ഉയർത്തപ്പെടും  

ഹദീസ് ക്ലാസിനു വേണ്ടിയുള്ള ഒരുക്കം പല മഹാന്മാരും വിവരിച്ചിട്ടുണ്ട്  

കുളിക്കും മെച്ചപ്പെട്ട വസ്ത്രം ധരിക്കും സുഗന്ധം പൂശും രണ്ട് റക്അത്ത് നിസ്കരിക്കും വളരെ വിനയത്തോടെ സദസ്സിൽ പ്രവേശിക്കും ആമുഖമായി കുറച്ചു സംസാരിക്കും  ഹദീസ് കേൾക്കാനിരിക്കുന്നവർ  അവർ നബി(സ) തങ്ങളുടെ തിരുസന്നിധിയിലിരിക്കുകയാണെന്ന് ധരിക്കണം മര്യാദകേട് കാണിക്കരുത് ഉറക്കെ സംസാരിക്കരുത് അത് മര്യാദകേടാണ് സ്വരം താഴ്ത്തണം നല്ലത് മൗനം 

ഖലബുബ്നു അംറ്(റ) എന്ന പണ്ഡിതൻ പറയുന്നു: ഇമാം മാലിക് (റ) വിനെ കാണാനായി ഞാൻ മദീനാ പള്ളിയിൽ ചെന്നു ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മദീനക്കാരുടെ ഖാരിഅ് ആയ ഇബ്നു ഖുസൈൻ വന്നു ഒരു കുറിപ്പ് ഇമാമിനെ ഏൽപിച്ചു ഇമാം അത് നോക്കി വികാരാധീനനായി കുറിപ്പ് സൂക്ഷിച്ചു വെച്ചു  

ഇനിയുമവിടെ നിൽക്കുന്നത് ശരിയല്ലെന്ന് തോന്നി ഞാൻ എഴുന്നേറ്റു കുറിപ്പിൽ എന്താണെന്നറിയാനുള്ള ആകാംക്ഷ സ്വാഭാവികം ചോദിക്കുന്നത് മര്യാദയല്ലെന്നും തോന്നി ഉടനെ ഇമാം കുറിപ്പ്  വായിച്ചുനോക്കാനായി എന്നെ ഏൽപിച്ചു ഞാൻ വായിച്ചു വിസ്മയിച്ചുപോയി 

അതിൽ ഖാരിഅ് ഇങ്ങനെ എഴുതിയിരുന്നു  

ഇന്നലെ രാത്രി ഞാൻ നബി (സ) തങ്ങളെ സ്വപ്നത്തിൽ കണ്ടു നബി(സ) തങ്ങൾ മസ്ജിദിൽ എത്തിയിരിക്കുന്നു എന്ന് ജനങ്ങൾ സംസാരിക്കുന്നു കേട്ടപാടെ ഞാൻ പള്ളിയിലേക്കോടി പള്ളിയിലെത്തി നബി (സ) തങ്ങളെ കണ്ടു പരമാനന്ദത്തിൽ ലയിച്ചു  

പൗർണമിയെ വെല്ലുന്ന മുഖം എന്തൊരു പ്രകാശം ജനങ്ങൾ ചുറ്റുംകൂടി താഴ്മയോടെ അപേക്ഷിക്കുന്നു  

അല്ലാഹുവിന്റെ റസൂലേ...ഞങ്ങൾക്ക് എന്തെങ്കിലും കൽപിച്ചരുളിയാലും  

നബി (സ) ഇങ്ങനെ അരുൾ ചെയ്തു 

ഈ മിമ്പറിന് താഴെ ഒരു നിധിയുണ്ട് അതെടുത്ത് നിങ്ങൾക്ക് തരാൻ ഇമാം മാലികിനെ നിയോഗിച്ചിരിക്കുന്നു  

ഇമാം എന്തായിരിക്കും തങ്ങൾ തരാൻ പോവുന്നത്? ജനങ്ങളിൽ ചിലർ ചോദിച്ചു 

നബി (സ)തങ്ങൾ കൽപിച്ചതെന്തോ അത്  തന്നെയായിരിക്കും ഇമാം തരിക 

മറ്റു ചിലർ മറുപടിയും പറഞ്ഞു  

കുറിപ്പ് വായിച്ചുതീർന്നു ഇമാം മാലിക് (റ) പൊട്ടിക്കരഞ്ഞു  ഇൽമിന്റെ വിലമതിക്കാനാവാത്ത മുത്തുകൾ അതിന്റെ വിതരണക്കാരനാണ് ഇമാം 

ലെയ്സുബ്നു സഹൽ(റ)  അദ്ദേഹത്തിന്റെ പ്രാർത്ഥന എല്ലാവരെയും അമ്പരപ്പിക്കുകതന്നെ ചെയ്തു 

അല്ലാഹുവേ...എനിക്കേറ്റവും പ്രിയപ്പെട്ടവൻ ഇമാം മാലികുബ്നു അനസ് (റ) ആകുന്നു അദ്ദേഹത്തിന് ദീർഘായുസ് നൽകേണമേ.....എന്റെ ആയുസിന്റെ ഒരു ഭാഗം അദ്ദേഹത്തിന് നൽകേണമേ അങ്ങനെ ഇമാമിന്റെ ആയുസ് ദീർഘിപ്പിക്കേണമേ.... 

ഇമാമിനോടുള്ള നിഷ്കളങ്ക സ്നേഹം സ്വന്തം ആയുസിന്റെ ഭാഗം തരാൻ തയ്യാർ   നബി (സ)തങ്ങളോടുള്ള ഇമാമിന്റെ സ്നേഹം ആ സ്നേഹം ഇമാമിനെ എല്ലാവർക്കും പ്രിയപ്പെട്ടവനാക്കി  ശപിക്കപ്പെട്ട ഇബ്ലീസ്(ല.അ) അവന്റെ കൂട്ടുകാരായ മനുഷ്യർ അവർക്കു മാത്രം ഇമാമിനെ ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല അവർ പരാജിതർ  

ഒരിക്കൽ സുഫ് യാനുസൗരി(റ) എന്ന മഹാൻ ഇമാം മാലിക് (റ)വിനെ കാണാൻ വീട്ടിൽ വന്നു സലാം ചൊല്ലി വീട്ടിൽ പ്രവേശിച്ചു  ഇമാം സ്വീകരിച്ചിരുത്തി  

സുഫ് യാനുസൗരി(റ) പറഞ്ഞു:

ഓ....അബാ അബ്ദില്ലാ.....ഞാൻ ഈ രാത്രിയിൽ റസൂൽ(സ) തങ്ങളെ സ്വപ്നത്തിൽ കണ്ടു നബി (സ) തങ്ങൾ തന്റെ കൈവിരലിൽ കിടന്നു മോതിരം ഊരി ഇമാം മാലികിന്റെ വിരലിൽ ഇട്ടുതരുന്നതായി ഞാൻ സ്വപ്നത്തിൽ കണ്ടു  

ഇമാം ഇതു കേട്ട ഉടനെ പൊട്ടിക്കരയാൻ തുടങ്ങി  

നബി (സ) തന്നോട് കാണിക്കുന്ന കാരുണ്യം അവർണനീയമാണത് കൂടുതൽ സംസാരിക്കാൻ നിന്നില്ല  ഇമാമിന്റെ ദീർഘായുസിനുവേണ്ടി പ്രാർത്ഥിച്ചു സുഫ് യാന സൗരി(റ) വീട്ടിൽ നിന്നിറങ്ങി  
നിരവധി മഹത്തുക്കൾ സ്വപ്നം കണ്ടു  
നബി (സ) തങ്ങളെയും ഇമാം മാലിക് (റ)വിനെയും സ്വപ്നം കണ്ടു ഇമാം മാലിക് (റ) വിന്റെ മഹത്വം വ്യക്തമാക്കുന്ന സ്വപ്നങ്ങൾ 


പണ്ഡിത ജ്യോതിസ്

ഏറ്റവും നല്ല പണ്ഡിതനിൽനിന്ന് വിജ്ഞാനം നേടാൻ വേണ്ടി ആളുകൾ വാഹനപ്പുറത്ത് പുറപ്പെടും മദീനയിലെ പണ്ഡിതനെക്കാൾ വലിയൊരു പണ്ഡിതനെ അവർ കണ്ടെത്തിക്കുകയില്ല ഇതൊരു നബിവചനമാണ് 

ആ പണ്ഡിതനാണ് മാലികുബ്നു അനസ് (റ)  ആ സത്യം ലോകമറിഞ്ഞു പിന്നെ വൈകിയില്ല വാഹനപ്പുറത്തേറി പുറപ്പെടുകയായി ഇൽമ് തേടിയെത്തുന്നവരുടെ വൻ തിരക്ക് അനുഭവപ്പെട്ടു അപ്പോഴും മദീനക്കാർക്ക് മുൻഗണന നൽകി അവർ റൗളാശരീഫിന്റെ അയൽക്കാരാകുന്നു പരിഗണന അർഹിക്കുന്നവരാണ്  അല്ലാഹുവിന്റെ തൃപ്തി പൊരുത്തം തന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ലക്ഷ്യം അതു മാത്രമാണ് മറ്റൊരു ലക്ഷ്യമില്ല തന്റെ മനസും ശരീരവും അവതന്നെ വഞ്ചിക്കുമോ? പേരും പെരുമയും വരുമ്പോൾ മനസിൽ ആനന്ദത്തിന്റെ ചലനങ്ങളുണ്ടാവുമോ? വല്ലാത്ത പേടി തോന്നി ശരീരത്തിന്റെ ഇഛകൾ അവ തന്നെ എങ്ങൊട്ട് നയിക്കും? തന്റെ വാക്കിലും പ്രവർത്തിയിലും ഇഖ്ലാസ്വ്  ഉണ്ടോ? ഇല്ലേ? വെപ്രാളത്തോടെ ചിന്തിച്ചു  

മുവത്വാഅ് എന്ന ഗ്രന്ഥത്തിന്റെ രചന പൂർത്തിയായപ്പോൾ കരൾ പിടഞ്ഞുപോയി ഈ ഗ്രന്ഥത്തിന്റെ രചനയിൽ തനിക്ക് ഇഖ്ലാസ്വ് (ആത്മാർഥത) ഉണ്ടോ? അതോ സ്വാർത്ഥത കലർന്നിട്ടുണ്ടോ?

ഇമാം മാലിക് (റ) ഇങ്ങനെ പ്രഖ്യാപിച്ചു: 

ഈ ഗ്രന്ഥത്തിന്റെ രചനയിൽ എനിക്കുള്ള ഇഖ്ലാസ്വ് പരിശോധിക്കണം ഇഖ്ലാസ്വ് ഉണ്ടെങ്കിൽ ഗ്രന്ഥം നിലനിൽക്കണം ഇഖ്ലാസ്വ് ഇല്ലെങ്കിൽ ഈ ഗ്രന്ഥം എനിക്കു വേണ്ട 

ഇഖ്ലാസിന്റെ പരിശോധന എങ്ങനെയാണ്? 

മുവത്വ എന്ന ഗ്രന്ഥം വെള്ളത്തിലിടുക ഇഖ്ലാസ്വ് ഉണ്ടെങ്കിൽ വെള്ളം നനയില്ല ഇഖ്ലാസ്വ് ഇല്ലെങ്കിൽ കിതാബ് നനയും,നശിക്കും 

എത്ര കാലത്തെ കഠിനാധ്വാനം  അതാരെങ്കിലും വെള്ളത്തിലിടുമോ? ഇമാം മാലിക് (റ) വിന്റെ ശക്തമായ ഈമാൻ നാമിവിടെ കാണുന്നു  

കിതാബ് വെള്ളത്തിലിട്ടു കിതാബ് നനഞ്ഞില്ല അല്ലാഹു അക്ബർ  

ഇമാം മാലിക് (റ)വിന്റെ ആത്മാർത്ഥതയിൽ സംശയത്തിന്റെ ഒരു കണികപോലും ഇല്ല 

ഇമാം ശാഫിഈ (റ) പ്രഖ്യാപിച്ചു:

അല്ലാഹുവിന്റെ കിതാബിനു ശേഷം ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ ഗ്രന്ഥം മുവത്വ ആണെന്ന കാര്യത്തിൽ സംശയമില്ല  അതെ അതാണ് സത്യം  

ഔജസുൽ മസാലിക് എന്ന ഗ്രന്ഥത്തിൽ ഒരു പണ്ഡിത വനിതയുടെ അഭിപ്രായം ഉദ്ധരിച്ചിരിക്കുന്നു അത് ഇപ്രകാരമാകുന്നു : 

പ്രസവിക്കാൻ കിടക്കുന്ന സ്ത്രീ അവർ വളരെ ബുദ്ധിമുട്ടുകയാണ് ഈ വിഷമഘട്ടത്തിൽ മുവത്വ ഗ്രന്ഥം ഗർഭിണിയുടെ തലഭാഗത്ത് കൊണ്ടുവന്നു വെച്ചാൽ പ്രസവം എളുപ്പമായിത്തീരും പരീക്ഷിച്ചറിഞ്ഞ വസ്തുതയാണിത് 

ദുനിയാവിന്റെയും ആഖിറത്തിന്റെയും കാര്യത്തിൽ ഉപകാരപ്രദമായ ഗ്രന്ഥം 

ഖലീഫ ഹാറൂൻ റശീദ് ഓതിക്കേട്ടു ഉള്ളടക്കം മനസ്സിലാക്കി വളരെ സന്തോഷവാനായി ഇമാം മാലിക് (റ) വിന് വിലപ്പെട്ട സമ്മാനങ്ങൾ നൽകി നല്ലയിനം ഖുറാസിനി കുതിരകളും ധാരാളം പണവും ഖലീഫയുടെ സന്തോഷത്തിനുവേണ്ടി ഇമാം പാരിതോഷികങ്ങൾ സ്വീകരിച്ചു  

അവയിൽ ഒരു കുതിരയെപ്പോലും ഇമാം ഉപയോഗിച്ചില്ല എല്ലാം ആവശ്യക്കാർക്ക് സമ്മാനിച്ചു അവയിലൊന്ന് ഇമാം ശാഫിഈ (റ) വിനും കിട്ടി ധനം സ്വദഖ ചെയ്തു ഒന്നും ബാക്കിവെച്ചില്ല 
ഒരിക്കൽ ഖലീഫ ഹാറൂൻ റശീദ് മദീനയിൽ വന്നു ഏതാനും ദിവസം താമസിച്ചു തിരിച്ചു  പോവാൻ ഒരുങ്ങിയപ്പോൾ ജനങ്ങൾ തടിച്ചുകൂടി വമ്പിച്ച യാത്രയയപ്പ്  ഖലീഫയെ സ്തുതിക്കുന്ന ഗാനങ്ങൾ പാടി ചിലർ ഖലീഫയെ വാഴ്ത്തി പ്രസംഗിച്ചു 

അപ്പോൾ ഇമാം മാലിക് (റ) നടന്നുവന്നു ഖലീഫയോട് ചോദിച്ചു:

താങ്കൾക്ക് ഏത് തരത്തിലുള്ള യാത്രയയപ്പാണ് വേണ്ടത് ഇക്കാണുന്നത് പോലുള്ള യാത്രയയപ്പ് വേണോ? അതോ ഹദീസിൽ പറഞ്ഞത് പോലുള്ള യാത്രയയപ്പ് വേണോ?

ഖലീഫ പറഞ്ഞു:ഹദീസിൽ പറഞ്ഞത് പോലുള്ള യാത്രയയപ്പ് മതി 

ഉടനെ ഇമാം ഖലീഫയെ ആശീർവദിച്ചുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു: 

അല്ലാഹു താങ്കളുടെ ദീനും അമലുകളും നന്നാക്കിത്തരട്ടെ യാത്ര സുഖകരമാവട്ടെ എല്ലാ മംഗളങ്ങളും ആശംസിച്ചുകൊള്ളുന്നു 

ഖലീഫ ഹാറൂൻ റശീദ് ഒരാഗ്രഹം കൂടി അറിയിച്ചു ഇമാം മാലിക് (റ) തന്റെ കൂടെ വരണം ഇറാഖിൽ ക്ലാസെടുക്കാം പ്രസംഗിക്കാം പ്രവർത്തിക്കാം എല്ലാ സൗകര്യങ്ങളും ചെയ്തുതരാം 

ഇമാം മാലിക് (റ) ഇങ്ങനെ മറുപടി നൽകി:

നബി (സ) തങ്ങളുടെ ഒരു വചനം കേൾപ്പിക്കാം 

തീച്ചൂളയിലിട്ട് ഇരുമ്പ് പഴുപ്പിച്ചാൽ അതിലെ കറകൾ പോവും അതുപോലെയാണ് മദീനയിലെ താമസം മദീനയിൽ വന്നു താമസിച്ചാൽ പാപത്തിന്റെ കറകൾ ഇല്ലാതാവും  

മദീനയുടെ മഹത്വമാണ് ഇപ്പറഞ്ഞത് താങ്കൾക്ക് എന്നോട് വിരോധം തോന്നരുത് ഇത്രയേറെ സമ്മാനങ്ങൾ നൽകിയിട്ടും കൂടെ വരാൻ സന്നദ്ധനാവുന്നില്ലല്ലോ എന്നും ചിന്തിക്കരുത്  

എനിക്ക് മദീനയെക്കാൾ ഇഷ്ടപ്പെട്ട ഒരു സ്ഥലമില്ല ഭൂമി മുഴുവനായിത്തന്നാലും എനിക്കു വേണ്ട മദീന മതി എനിക്കെന്റെ മദീന മതി 

ജഅ്ഫറുബ്നു സുലൈമാൻ  

ഇമാം മാലിക് (റ) വിനോട് ക്രൂരത കാണിച്ച ഭരണാധികാരി ജഅ്ഫറിന് അനുകൂലമായ ഫത് വ വേണം ഇമാം അങ്ങനെയൊരു ഫത് വ നൽകണം  

ഇമാം കേട്ടപാടെ നിരസിച്ചു 
ഇസ്ലാമിന്റെ വിധി മാറ്റിമറിക്കാൻ എന്നെ കിട്ടില്ല 

ഇമാമിന്റെ ധൈര്യം ഭരണാധികാരിയെ രോഷാകുലനാക്കി മർദ്ദനം തുടങ്ങി എത്ര മർദ്ദിച്ചിട്ടും ഇമാം വാക്കു മാറ്റിയില്ല  ഇമാമിന്റെ ഇരു കൈകളും പിടിച്ചു തിരിച്ചുകളഞ്ഞു കുഴ തെറ്റിപ്പോയി കൈകൾ പൊക്കാൻ വയ്യാത്ത നിലയിലായി  ഓരോ അടി കിട്ടുമ്പോഴും ഇമാം ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു  അല്ലാഹുവേ ഇവരോട് പൊറുക്കേണമേ....വിവരമില്ലാത്തവരാണ് 

കിങ്കരന്മാർ ഇമാമിന്റെ ദേഹമാസകലം അടിച്ചു പൊട്ടിച്ചു വൃണമായി വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി ആളെ കണ്ടാൽ തിരിച്ചറിയാൻ പ്രയാസം  

ചിലർ ഇമാമിനെ കാണാൻ വന്നു അവരോട് ഇമാം പറഞ്ഞു: ഞാൻ തന്നെയാണിത് അനസിന്റെ മകൻ മാലിക്  

നബി (സ) യുടെ ഹദീസുകൾക്കനുസരിച്ചു ഞാൻ വിധി പറഞ്ഞു അതിന് കിട്ടിയ സമ്മാനമാണിത് മുഖസ്തുതി പാടി നടക്കുന്നവർക്ക് സുഖജീവിതം സത്യം പറഞ്ഞാൽ പീഡനം തന്നെ കാണാൻ വന്ന പലരോടും ഇമാം ഇതുതന്നെ പറഞ്ഞു ചിലർ പ്രതികാരം ചെയ്യുന്നതിനെക്കുറിച്ച് സൂചിപ്പിച്ചു ഇമാം അതിനോട് യോജിച്ചില്ല 

എന്നെ മർദ്ദിച്ചത് നബി (സ) തങ്ങളുടെ കുടുംബ പരമ്പരയിൽ പെട്ട ഒരാളാണ് ആ പരിഗണന വെച്ച് ഞാൻ അദ്ദേഹത്തിന് പൊറുത്തുകൊടുത്തിരിക്കുന്നു അന്ത്യനാളിൽ അദ്ദേഹത്തിനെതിരെ ഒരാരോപണവും  ബാക്കിയുണ്ടാവില്ല 

ജനങ്ങൾ സ്തബ്ധരായിപ്പോയി 

എന്തൊരു ഹൃദയവിശാലത ഔദാര്യം നബികുടുംബത്തോടുള്ള പ്രിയം  

ഇബ്നു ഖല്ലി ഖാൻ ഇങ്ങനെ രേഖപ്പെടുത്തി:

ഈ സംഭവത്തിനു ശേഷം ഇമാമിന്റെ വ്യക്തിത്വം കൂടുതൽ പ്രകാശിതമായി ഇൽമിന്റെ നക്ഷത്രം വെട്ടിത്തിളങ്ങി ഇമാം ശാഫിഈ (റ ) പ്രസ്താവിച്ചു:

ഇമാം മാലിക് (റ) വും സുഫ് യാൻ (റ) വും ഇല്ലായിരുന്നുവെങ്കിൽ ഹിജാസ് അജ്ഞതയുടെ അന്ധകാരത്തിൽ പെട്ടുപോകുമായിരുന്നു 

ഹമ്മാദുബ്നു സൈദ് (റ) എന്ന പണ്ഡിതനെ കാണാൻ ഒരു പ്രമുഖൻ വന്നു ഒരു കുടുങ്ങിയ  മസ്അലയുമായിട്ടാണ് വന്നത് ചോദ്യം കേട്ടപാടെ ഹമ്മാദ് പറഞ്ഞു: 

നിങ്ങൾ ഇമാം മാലിക് (റ)വിനെ ചെന്നു കാണുക സംശയനിവാരണം അവിടെയാണ് നടക്കുക 

പിൽക്കാലത്ത് ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും മാലികി മദ്ഹബ് പ്രചരിച്ചു ഇമാം മാലിക് (റ) വിന്റെ ശിഷ്യൻന്മാരാണ് നിരവധി രാജ്യങ്ങളിൽ മദ്ഹബ് പ്രചരിപ്പിച്ചത് അവരിൽ ചിലരുടെ പേരുകൾ പറയാം  

അബ്ദുല്ലാഹിബ്നു വഹബ്(റ)

ഇബ്നു ഖാസിം(റ) 

അബ്ദുല്ലാഹിബ്നു അബ്ദിൽ ഹകം(റ)

അസ്ബഅ്(റ) 

മുഹമ്മദിബ്നു അബ്ദില്ല(റ) 

ഇബ്നു സിയാദ്(റ) 

യഹ് യബ്നു സഈദ്(റ) 

അബൂഇസ്ഹാഖ്(റ) 

അബ്ദുറഹ്മാനുബ്നു മഹ്ദി(റ)

ഹുസൈനുബ്നു വലീദ്(റ) 

ഇബ്നു മുബാറക്(റ) 

ഇമാം സൗരി(റ) 

ലൈസുബ്നു സഅ്ദ്(റ) 

യഹ് യബ്നു അയ്യൂബ്(റ) 

അതിപ്രഗത്ഭരായ ശിഷ്യന്മാർ തന്നെ ആയിരക്കണക്കിൽ വരും ഇമാം ശാഫിഈ (റ) പ്രമുഖ ശിഷ്യനാണ്  

ഇമാം മാലിക് (റ)വിന്റെ ഉസ്താദുമാരിൽ മുന്നൂറ് പേർ താബിഉകളിൽ പെട്ടവരായിരുന്നു സ്പെയിൻ മുസ്ലിംകൾ മാലിക് മദ്ഹബ് പിൻപറ്റിയിരുന്നു 

ഉസ്താദുമാരിൽ ചിലർ:

സൈദുബ്നു അസ്ലം(റ), സ്വാലിഹുബ്നു കൈസാൻ(റ) , അബ്ദുല്ലാഹിബ്നു ദീനാർ(റ), യഹ് യബ്നു സഈദ്(റ) , ഹിശാമുബ്നു ഉർവ(റ) ,ജഅ്ഫർ സ്വാദിഖ്(റ) , സഹ്ലുബ്നു അബീസ്വാലിഹ്(റ) 

ഇമാമിന്റെ പുത്രർ യഹ് യാ ഹദീസ് പണ്ഡിതനായിരുന്നു ഫാത്വിമ എന്ന പുത്രി പണ്ഡിത വനിതയായിരുന്നു അബ്ദുല്ല എന്ന പുത്രനും പണ്ഡിതനായിരുന്നു ഉപ്പ വീട്ടിൽ വെച്ച് ക്ലാസെടുക്കുമ്പോൾ ഫാത്വിമ (റ) വാതിലിന് പിന്നിലുണ്ടാവും ശിഷ്യൻമാൻ മുവത്വ വായിക്കുമ്പോൾ തെറ്റിയാൽ ഫാത്വിമ തിരുത്തിക്കൊടുക്കും 


എന്നും സത്യത്തിനൊപ്പം ...

മാലികുബ്നു അനസ് (റ) മാലികി മദ്ഹബിന്റെ ഇമാം. ഫിഖ്ഹിന്റെ അഗാധ തലങ്ങൾ കണ്ടെത്തിയ മഹാപണ്ഡിതൻ. ഇമാമിന്റെ കർമശാസ്ത്ര സരണി. അതാണ് മാലികി മദ്ഹബ് ...

മാലികി മദ്ഹബിന്റെ ഒന്നാം പ്രമാണം വിശുദ്ധ ഖുർആൻ. കർമശാസ്ത്രം രൂപപ്പെടുത്തിയെടുക്കാൻ ഉപയോഗപ്പെടുത്തിയ പ്രമാണങ്ങൾ പലതുണ്ട്. ഏറ്റവും ശക്തമായ പ്രമാണങ്ങൾ വിശുദ്ധ ഖുർആൻ ...

പല കാര്യങ്ങളെക്കുറിച്ചും വ്യക്തമായ വിധികൾ ഇമാം വിശുദ്ധ ഖുർആനിൽ നിന്ന് സ്വീകരിച്ചു. വിധികൾ വ്യക്തമാവാതെ വരുമ്പോൾ ഹദീസിനെ ആശ്രയിക്കും. ആ വിഷയത്തെക്കുറിച്ച് ഹദീസിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടാവും. ആശയങ്ങൾ വളരെ വ്യക്തമല്ല എന്ന് വന്നാൽ മറ്റു പ്രമാണങ്ങൾ നോക്കും ...

ഹദീസ് വിജ്ഞാനം മദ്ഹബ് രൂപപ്പെടുത്തുന്നതിന് സഹായകമായി. മുവത്വയുടെ രചന തന്നെ മികച്ച ഉദാഹരണമാണ്...

മദീനക്കാരുടെ നടപടികൾ ...

അതിന് ഇമാം വലിയ പ്രാധാന്യം നൽകി. വഹ് യ് ഇറങ്ങിയ പ്രദേശമാണ് മദീന ...

ആ ദിവ്യ വചനങ്ങൾ എഴുതിവെക്കപ്പെട്ടു. ആ രേഖകൾ സൂക്ഷിക്കപ്പെട്ടത് മദീനയിൽ തന്നെ...

വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയവർ ധാരാളമുണ്ടായിരുന്നു. നബി (സ) തങ്ങളുമായി ഏറ്റെവുമടുത്ത് ബന്ധപ്പെടാൻ കഴിഞ്ഞത് മദീനക്കാർക്കാണ്. അവർ എല്ലാദിവസവും പ്രവാചകനെ കണ്ടു...

നബി (സ) തങ്ങൾ അവരുടെ ഇമാമായിരുന്നു. ആ ഇമാമിന്റെ പിന്നിൽ അവർ നിസ്കരിച്ചു. ദുആകൾക്ക് ആമീൻ പറഞ്ഞു ...

നബി (സ) തങ്ങൾ പറഞ്ഞ വചനങ്ങൾ മദീനക്കാരാണ് കൂടുതൽ കേട്ടത്. മദീനക്കാരിൽ നിന്നാണ് മറ്റു നാട്ടുകാർ നബിവചനങ്ങൾ കേട്ടത് ...

നബി (സ) യുടെ ചലനങ്ങൾ കണ്ടതും മദീനക്കാർ തന്നെ. സംശയം ചോദിക്കാൻ അവർക്കാണ് കൂടുതൽ അവസരങ്ങൾ കിട്ടിയത് ...

മദീനക്കാരുടെ ജീവിത മാതൃകകൾ അവ ശക്തമായ പ്രമാണമാണെന്ന് ഇമാം മാലിക് (റ) ഉറപ്പിച്ചു. വിശുദ്ധ ഖുർആനും തിരുസുന്നത്തും മദീനക്കാരുടെ ജീവിത ചര്യകളും പ്രമാണങ്ങളായി എടുത്തപ്പോൾ മദ്ഹബിന്റെ രൂപീകരണം എളുപ്പമായിത്തീർന്നു ...

ഇമാം മാലിക് (റ) മദീനക്കാരനാണ്. മദീനക്കാരുടെ ചര്യകൾ പിൻപറ്റിയാണ് ജീവിച്ചത്. മദീനക്കാരുടെ ചിട്ടകളും ചര്യകളും വിശുദ്ധ ഖുർആനിനോടും ഹദീസിനോടും കൂടുതൽ യോജിച്ചതാണെന്ന് മനസ്സിലാക്കി ...

മദീനത്തുന്നബിയ്യി
നബി (സ) യുടെ മദീന ...

മദീനക്കാർ ശുദ്ധമായ മനസ്സുള്ളവരാണ്. കളങ്കം വരാൻ സാധ്യത കുറഞ്ഞവർ. സമാധാന പ്രിയരാണ്. ശാന്തരാണ്. നബി (സ) തങ്ങൾ അരികിലുണ്ട് എന്ന ബോധമുള്ളവരാണ്. അങ്ങനെയുള്ള ഒരു ജനതയുടെ ജീവിത മാതൃകകൾ തന്നെയാണ് ദീൻ ...

സ്വഹാബികളുടെ ഫത് വകൾ
അതാണ് മാലികി മദ്ഹബിന്റെ നാലാം പ്രമാണം. ഓരോ സാഹചര്യത്തിൽ നൽകപ്പെട്ട ഫത് വകൾ. ഫത് വകളിലുള്ളത് വിജ്ഞാനമാണ്. വിശുദ്ധ ഖുർആനും തിരുസുന്നത്തും അവലംബമാക്കി നൽകപ്പെട്ട ഫത് വകൾ. മാലികി മദ്ഹബിന് രൂപം നൽകുന്നതിൽ ഇത്തരം ഫത് വകളും സഹായകമായി ...

ഫിഖ്ഹ് മസ് ലഖി ...

ജനന്മക്ക് പ്രാധാന്യം നൽകുന്ന കർമശാസ്ത്രം. മാലികി മദ്ഹബിനെ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ഇമാം മാലിക് (റ)വിന്റെ വീക്ഷണങ്ങൾ രേഖപ്പെടുത്തപ്പെട്ടു. അവ ഗ്രന്ഥങ്ങളാക്കിവെച്ചു. ആ ഗ്രന്ഥങ്ങൾ ഇമാമിന്റെ രചനകളായി അറിയപ്പെട്ടു. ശിഷ്യന്മാരായ എഴുത്തുകാർ ധാരാളമുണ്ട്. അവർ ബുദ്ധിജീവികളാണ്. മഹാപണ്ഡിതന്മാരുമാണ്. ഇമാമിന്റെ മജ്ലിസിൽ നിന്ന് കിട്ടിയ വിവരങ്ങൾ അവർ എഴുതിവെച്ചു. ഗ്രന്ഥങ്ങൾ രൂപപ്പെട്ടു. ആ ഗ്രന്ഥങ്ങൾ മാലികി മദ്ഹബിന്റെ അടിസ്ഥാനമായിത്തീർന്നു ...

ഇമാം മാലിക് (റ)വിന്റെ ശിഷ്യന്മാരിൽ പ്രധാനിയാണ് ഇബ്നു വഹബ്. ബുദ്ധിജീവിയും അഗാധ പണ്ഡിതനും നല്ല എഴുത്തുകാരനുമാണ്. ഇമാം മാലിക് (റ) വിന്റെ മജ്ലിസിൽ നിന്ന് കിട്ടിയ വിവരങ്ങളെല്ലാം എഴുതിവെച്ചു. അവ ഗ്രന്ഥരൂപത്തിലാക്കി. ഗ്രന്ഥത്തിന് പേര് വെച്ചു. കിതാബുൽ മുജാലസാത്ത്. മാലികി മദ്ഹബിന്റെ പ്രാമാണിക ഗ്രന്ഥമാണിത്...

രിസാലത്തുൻ ഫിൽ ഖദ്റ് ...
മറ്റൊരു പ്രസിദ്ധ ഗ്രന്ഥമാണിത്. ഇമാം മാലിക് (റ) തന്റെ ശിഷ്യനായ ഇബ്നു വഹബിന് അയച്ചുകൊടുത്ത കത്തുകളാണിവ...

മാലികി വീക്ഷണങ്ങൾ രിസാലത്തുൻ ഫിൽ അഖ്ളിയ... പ്രമുഖരായ ഖാളിമാർക്ക് ഇമാം അയച്ചുകൊടുത്ത കത്തുകൾ. അവയും ഗ്രന്ഥമായി ...

രിസാലത്തുൻ ഫിൽ ഫത് വ... ഇത് ഇമാം മാലിക് (റ) വിന്റെ മറ്റൊരു ഗ്രന്ഥം. ഇമാമിന്റെ കത്തുകളുടെ സമാഹരണം മാലികി മദ്ഹബിന്റെ വീക്ഷണങ്ങൾ ...

ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം മുവത്വ. ഫിഖ്ഹും ഹദീസും സമന്വയിപ്പിച്ച ഗ്രന്ഥം. ധാരാളം അധ്യായങ്ങളുണ്ട്. ഓരോ അധ്യായത്തിനും തലക്കെട്ട് കൊടുത്തിരിക്കുന്നു. കർമശാസ്ത്ര വിഷയങ്ങളാണ് തലക്കെട്ടായി കൊടുത്തിരിക്കുന്നത്. ആ വിഷയം വിവരിക്കാൻ ധാരാളം ഹദീസുകൾ കൊടുത്തിരിക്കുന്നു ...

മദീനാ നിവാസികളുടെ ചര്യകൾ, അഭിപ്രായങ്ങൾ, താബിഈ പ്രമുഖരുടെ അഭിപ്രായങ്ങൾ, താൻ കണ്ടിട്ടില്ലാത്ത സ്വഹാബികളുടെ അഭിപ്രായങ്ങൾ ഇവയെല്ലാം ഉൾക്കൊള്ളുന്ന ഗ്രന്ഥം ...

ഇമാമിന്റെ സൂക്ഷ്മമായ നിഗമനങ്ങൾ...

മാലികി മദ്ഹബിൽ പിൽക്കാലത്ത് ധാരാളം പണ്ഡിതൻമാർ ഉയർന്നുവന്നു. അവർ വാള്യങ്ങൾ വരുന്ന ഗ്രന്ഥങ്ങൾ രചിച്ചു. മാലികി മദ്ഹബിന് ഉറപ്പുള്ള അടിത്തറയുണ്ടായി ...

പല രാജ്യങ്ങളിലും ഔദ്യോഗിക ശരീഅത്ത് മാലികി മദ്ഹബാകുന്നു ...

നബി (സ) തങ്ങളുടെ ഉമ്മത്തിനെ (സമുദായത്തെ) ഇമാം വളരെയേറെ സ്നേഹിച്ചു. സാധാരണക്കാരനെയും ഉന്നത സ്ഥാനക്കാരനെയും നന്നാക്കാൻ ശ്രമിച്ചു. ഖലീഫയെയും ഉപദേശിച്ചു ...

ഖാളി ഇയാള് എന്ന പണ്ഡിതൻ വിഖ്യാതമായ മദാരിക് എന്ന ഗ്രന്ഥത്തിൽ ഒരു സംഭവം വിവരിക്കുന്നു ...

ഖലീഫ മദീനയിൽ വന്നു. റൗളാശരീഫ് സിയാറത്ത് ചെയ്തു ...

ഇമാം മാലിക് (റ) ഖലീഫയെ സ്വീകരിച്ചു...

നബി (സ) ഖുത്ബ നിർവഹിച്ച മിമ്പർ അവിടെ കണ്ടു. പഴയ രീതിയിൽ നിർമിച്ചതാണ്. ആഢംബരങ്ങളൊന്നുമില്ല. അതൊന്ന് അലങ്കരിക്കാൻ ഖലീഫ ആഗ്രഹിച്ചു. അക്കാര്യം ഇമാം മാലിക് (റ) വുമായി ചർച്ച ചെയ്തു ...

ഖലീഫയുടെ സന്തോഷം നേടാൻ പറ്റിയ സന്ദർഭമാണിത്. ഖലീഫയുടെ അഭിപ്രായം ശരിയാണെന്ന് പറഞ്ഞാൽ മതി തനിക്ക് വിലപ്പെട്ട പാരിതോഷികങ്ങൾ ലഭിക്കും. ഖലീഫയെ വിലക്കിയാൽ ആപത്താണ്. ശിക്ഷ ലഭിച്ചേക്കും. സത്യം പറയണം ശിക്ഷ ഭയപ്പെടരുത്. ഇമാം ആ തീരുമാനത്തിലെത്തി. ഇമാം പറഞ്ഞു:

അമീറുൽ മുഅ്മിനീൻ ...,

ഇത് നബി (സ) തങ്ങളുടെ വിശുദ്ധ മിമ്പറാണ് ഇത്. അതേ പടി നിലനിർത്തണം. ഒരു മാറ്റവും വരുത്താൻ പാടില്ല. ഈ മിമ്പറിൽ സ്വർണവും മുത്തുകളും പതിച്ച് അലങ്കരിക്കാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടാവും. അത് ചെയ്യരുത്. ഈ മിമ്പർ തനതായ രൂപത്തിൽ കാണാനാണ് തലമുറകൾ ആഗ്രഹിക്കുന്നത്. മാറ്റം വരുത്തിയാൽ തലമുറകളുടെ കോപവും ശാപവും താങ്കൾക്കുണ്ടാവും...

ഖലീഫക്ക് കോപം വന്നു. പരുഷമായി സംസാരിച്ചു. ശബ്ദം ഉയർന്നു ...

ഇമാം ഗൗരവത്തോടെ ശാസിച്ചു... ശബ്ദം ഉയർത്തരുത്. നബി (സ) തങ്ങളുടെ സാന്നിധ്യത്തിലാണ് താങ്കൾ നിൽക്കുന്നത്. ഓർമ വേണം. ശബ്ദമുയർത്താൻ പാടില്ലാത്ത പുണ്യസ്ഥലമാണിത് ...

ഖലീഫ നിശബ്ദനായി. മഖം വിവർണമായി. കുറ്റം ചെയ്തുപോയോ എന്ന ചിന്ത വന്നു. ഇമാമിന്റെ ധൈര്യം, നിഷ്കളങ്കത അവ ഖലീഫയുടെ മനസ്സിൽ തട്ടി. തനിക്ക് നേർവഴി പറഞ്ഞുതന്ന ഇമാമിനെ ഖലീഫ വാഴ്ത്തി. ഖലീഫ പറഞ്ഞു: അല്ലാഹു താങ്കൾക്ക് പ്രതിഫലം വർധിപ്പിച്ചു തരട്ടെ ...

കഅ്ബ പുനർനിർമിക്കാൻ ഖലീഫ ആഗ്രഹം പ്രകടിപ്പിച്ചു. ഇമാം സമ്മതിച്ചില്ല ...

ഇബ്രാഹിം (അ) കഅ്ബ പുനർനിർമിച്ചു.

ഖുറൈശികളുടെ കാലത്ത് വലിയ വെള്ളപ്പൊക്കമുണ്ടായി. കഅ്ബാശരീഫിന് കേടുപാടുകൾ സംഭവിച്ചു. പുതുക്കിപ്പണിയൽ അനിവാര്യമായിത്തീർന്നു. എല്ലാ തറവാട്ടുകാരും സഹകരിച്ചു. ഹലാലായ പണം മാത്രമേ കഅ്ബാ നിർമാണത്തിന് ഉപയോഗിക്കുകയുള്ളൂ എന്നവർ തീരുമാനിച്ചു. നിർമാണം പുരോഗമിച്ചു. പണി തീരുംമുമ്പെ പണം തീരും. ഇനിയെന്ത് ചെയ്യും ..?

ഹലാലായ പണം തീരാറായി. തറയുടെ ചെറിയൊരു ഭാഗം ഒഴിവാക്കുക. ബാക്കി ഭാഗം കെട്ടിയെടുക്കുക. അങ്ങനെ തീരുമാനിച്ചു ...

ആ രീതിയിൽ കഅ്ബ പുതുക്കിപ്പണിതു...

ഖുറൈശികളുടെ നിർമാണം ചരിത്രസംഭവമായി. നബി (സ) തങ്ങളുടെ കാലത്ത് കഅ്ബ അങ്ങനെത്തന്നെ നിലനിന്നു. മാറ്റം വരുത്തിയില്ല...

ഇപ്പോൾ ഖലീഫക്ക് ഒരാഗ്രഹം ...

ഇബ്രാഹിം (അ) ന്റെ കാലത്തുണ്ടായിരുന്നത് പോലെ കഅ്ബ പുതുക്കിപ്പണിയുക...

ഇമാം മാലിക് (റ)വിന്റെ മുമ്പിൽ ഖലീഫ ഈ അഭിപ്രായം വെച്ചു ...

ഇമാം മാലിക് (റ) ആ ആശയത്തെ അംഗീകരിച്ചില്ല. വളരെ ഗൗരവത്തോടെ എതിർത്തു ...

അമീറുൽ മുഅ്മിനീൻ ...,

കഅ്ബാശരീഫ് അല്ലാഹുവിന്റെ ഭവനമാണത്. അതിൽ തൊട്ടുകളിക്കരുത്. താങ്കൾ കഅ്ബ പുനർ നിർമിച്ചാൽ താങ്കളുടെ പിന്നാലെ വരുന്നവരും അതുതന്നെ ചെയ്യും. കഅ്ബ പൊളിക്കലും കെട്ടലും ഒരു വിനോദമായിത്തീരും. താങ്കൾ അതിന് തുടക്കമിടരുത് ...

ഖലീഫക്ക് കാര്യം മനസ്സിലായി. അദ്ദേഹം ആ ശ്രമത്തിൽനിന്ന് പിന്മാറി. ചരിത്രം അത് രേഖപ്പെടുത്തിവെച്ചു ...


വിടവാങ്ങി

മസ്ജിദുന്നബവി  ഇമാം മാലിക് (റ) വിന് അതുമായുള്ള ബന്ധം ആ ബന്ധം ലോകപ്രസിദ്ധമാണ് അത് ചരിത്രത്തിന്റെ ഭാഗമാണ് ഇമാം പുണ്യമദീനയിൽ പിറന്നു അവിടെ വളർന്നു മസ്ജിദുന്നബവിയിൽ ഇമാമായി  പ്രശസ്തനായ മുദരിസായി അവിടെ വന്ന് ഓതിപ്പഠിച്ചുപോയ ശിഷ്യന്മാരുടെ എണ്ണം പതിനായിരക്കണക്കിൽ വരും ആ ശിഷ്യന്മാരിലൂടെ ഇൽമിന്റെ പ്രകാശം ലോകമെങ്ങും എത്തിച്ചേർന്നു 

ഇമാം വാർദ്ധക്യത്തിലേക്ക് നീങ്ങുകയാണ് ചിട്ടകളിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി അഞ്ച് നേരത്തെ നിസ്കാരത്തിനും ജനാസ നിസ്കാരങ്ങൾക്കും കൃത്യമായി എത്തിയിരുന്നു  ഇപ്പോൾ നിസ്കാരത്തിന് വരും നിസ്കരിച്ച ഉടനെ വീട്ടിൽ പോകും ദർസിന്റെ സമയം കുറച്ചു കൊണ്ടു വരുന്നു എത്രയോ മണിക്കൂറുകൾ തുടർച്ചയായി സംസാരിച്ച ഇമാമാണ് അനേക ജനങ്ങൾ കേട്ടുപഠിച്ചു അതിനുള്ള അവസരം വിരളമായിരിക്കുന്നു ദിവസങ്ങൾ നീങ്ങി പള്ളിയിലേക്കുള്ള വരവ് പിന്നെയും കുറഞ്ഞു ചില നിസ്കാരങ്ങൾക്ക് ഇമാം എത്തുകയില്ല ആളുകൾക്ക് ആശങ്കയായി  ഇമാമിനെന്തുപറ്റി ? അതിനുത്തരം ആരുടെയും കൈവശമില്ല ചില ദിവസങ്ങളിൽ ദർസ് ഇല്ല ശിഷ്യൻമാർ വീട്ടിൽ ചെല്ലും അത്യാവശ്യമായത് ഓതിക്കൊടുക്കും പ്രമുഖ ശിഷ്യന്മാർ ദർസിന്റെ ചുമതലയേറ്റു ഇമാം പള്ളിയിലേക്കുള്ള വരവ് നിർത്തി ജനമനസ്സുകളിൽ ആശങ്ക വളർന്നു  പള്ളിയിൽ ഇഖാമത്ത് കൊടുക്കുമ്പോൾ ജനങ്ങൾ ആകാംക്ഷയോടെ നോക്കും ഇമാം വരുന്നുണ്ടോ?  
ചുമതല നൽകപ്പെട്ട ആളായിരിക്കും നിസ്കാരം നയിക്കുക മദീനയിൽ അടക്കിപ്പിടിച്ച സംസാരം ഇമാമിന് സുഖമില്ല കിടപ്പിലാണ് അങ്ങനെയൊരു വാർത്ത നാട്ടിൽ പരന്നു പ്രമുഖ ശിഷ്യൻമാർ വന്നു അവർ ഇമാമിനെ സമീപിച്ചു വളരെ വിനയത്തോടെ ചോദിച്ചു:

രോഗം എങ്ങനെയുണ്ട്?

ഇമാമിന്റെ മുഖത്ത് ഗൗരവം പരന്നു  ഇമാം മെല്ലെപ്പറഞ്ഞു : എന്റെ അന്ത്യം അടുത്തുവരികയാണെന്ന് തോന്നുന്നു ചില കാര്യങ്ങൾ  നിങ്ങളോട് പറയേണ്ടതുണ്ട് കുറച്ചു കാലമായി ഞാൻ രോഗിയാണ് രോഗം വരിക ക്ഷമിക്കുക അത് നല്ല കാര്യമാണ് എല്ലാവരോടും രോഗവിവരം പറയുന്നതെന്തിന്? എന്റെ അസുഖം മൂത്രവാർച്ചയാണ് മൂത്രം ഇറ്റിപ്പോകും നിയന്ത്രണം കിട്ടില്ല അശുദ്ധിയായാൽ പള്ളിയിൽ നിൽക്കാൻ പറ്റില്ല ഞാനിങ്ങ് പോരും അസുഖം കൂടി പള്ളിയിലേക്കുള്ള വരവ് നിന്നു മരണാസന്നനാകുമ്പോൾ മാത്രം   ഈ രഹസ്യം വെളിവാക്കാമെന്ന് ഞാൻ കരുതി 

ശിഷ്യന്മാർ ഞെട്ടിപ്പോയി ഉസ്താദിന്റെ ക്ഷമ കുറെകാലമായി പൊതുപരിപാടിയിൽ നിന്നൊക്കെ മാറി നിൽക്കുകയാണ് വീട്ടിൽത്തന്നെ കഴിഞ്ഞുകൂടി അപ്പോഴും ഇജ്തിഹാദ് തുടരുന്നു  നിരവധി മസ്അലകൾ കണ്ടെത്തി അവ രേഖപ്പെടുത്തി ചിലപ്പോൾ ഉൽക്കണ്ഠ പ്രകടിപ്പിക്കും കരച്ചിലോടെ ദുആ ചെയ്യും 
അല്ലാഹുവേ....എന്റെ പഠനം എന്റെ ഗവേഷണം ഇജ്തിഹാദ് എവിടെയെങ്കിലും തെറ്റ് പറ്റിപ്പോയിട്ടുണ്ടാകുമോ? 

നീണപഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ശേഷമാണ് ഒരു വിധി  രേഖപ്പെടുത്തിയതിനെതിരായി വല്ലതും കിട്ടിയാൽ ഉടനെ തിരുത്തും 

മുജ്തഹിദുകളായ പണ്ഡിതന്മാർ നിരവധിയുള്ള കാലമാണിത് അവർ കണ്ടെത്തിയത് താൻ അംഗീകരിക്കുന്നു ജനങ്ങൾ  അതിനെ പിൻപറ്റിക്കൊള്ളട്ടെ തന്റെ നിഗമനങ്ങൾ ശരിയാണെന്ന് തോന്നുന്നവർ അത് പിൻപറ്റിക്കൊള്ളട്ടെ എത്ര വിശാലമായ കാഴ്ചപ്പാട് 

എന്റെ രോഗം കാരണം എനിക്ക് പള്ളിയിൽ വരാൻ ബുദ്ധിമുട്ടായി  അതിൽ ദുഃഖമുണ്ട് ശുദ്ധിയില്ല ആ അവസ്ഥയിൽ പള്ളിയിൽ എത്താൻ എന്നെക്കൊണ്ടാവില്ല ഇത്രയും കാലം ഞാൻ സൂക്ഷ്മത പാലിച്ചു 

അല്ലാഹു തന്ന രോഗം അതിനെക്കുറിച്ചു മനുഷ്യരോട് ഞാൻ പരാതി പറയില്ല  എന്റെ ഇഹലോകത്തെ ജീവിതം അവസാനിക്കാറായി അതുകൊണ്ടാണ് ഞാൻ ഇക്കാര്യം ഇപ്പോൾ വെളിവാക്കിയത് അല്ലെങ്കിൽ അഭ്യൂഹങ്ങൾ പരക്കും അതിന്നവസരം കൊടുക്കരുത് ഇമാം മാലികുബ്നു അനസ് (റ) ശരീഅത്തും ത്വരീഖത്തും  മുറുകെപ്പിടിച്ചു ജീവിച്ച മഹാനാണ്  

മുഅ്മിനായി മരിക്കാൻ ഇവ രണ്ടും അനിവാര്യമാണെന്ന് മഹാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്റെ പ്രശസ്തമായൊരു വചനം ഇങ്ങനെയാകുന്നു: 

ഒരാൾ ശരീഅത്ത് അംഗീകരിച്ചു ത്വരീഖത്ത് സ്വീകരിച്ചില്ല എങ്കിൽ അവൻ ഫാസിഖ് ആവുന്നു ഒരാൾ ത്വരീഖത്ത് സ്വീകരിച്ചു ശരീഅത്ത് ഉപേക്ഷിച്ചു എങ്കിൽ അവൻ നിരീശ്വരവാദിയാണ് ഒരാൾ ശരീഅത്തും ത്വരീഖത്തും ഉൾക്കൊണ്ടാൽ അവൻ യാഥാർത്ഥ്യം കൈവരിച്ചു 

തൻവീറുൽ ഖുലൂബ് എന്ന ഗ്രന്ഥത്തിൽ നിന്ന് പലരും ഉദ്ധരിച്ചിട്ടുണ്ട് 

ഗുരുവര്യനായ ഇമാം മാലികുബ്നു അനസ് (റ)വിനെക്കുറിച്ച് ശിഷ്യൻ ശാഫിഈ (റ) പറയുന്നു: 

ഉലമാക്കളുടെ കൂട്ടത്തിൽ ഇമാം മാലിക് (റ) ഒരു താരമാകുന്നു  

അബൂമിസ്അബ്(റ) പറഞ്ഞു: ഇമാം മാലിക് (റ) ഇങ്ങനെ പറയുകയുണ്ടായി: 

ഫത് വ നൽകാൻ ഞാൻ യോഗ്യനാണെന്ന് എഴുപത് ഗുരുവര്യന്മാർ സാക്ഷ്യപ്പെടുത്തിയ ശേഷമല്ലാതെ ഞാൻ ഫത് വ നൽകിയിട്ടില്ല  

പ്രഗത്ഭരായ ശിഷ്യന്മാർ വന്നുകൊണ്ടിരിക്കുന്നു ഗുരുവിന്റെ രോഗവിവരമറിഞ്ഞു വരികയാണ് 

ഹിജ്റഃ 179 റബീഉൽ അവ്വൽ 14 ഞായർ  പ്രഭാതം വരാറായി രാത്രിയുടെ അവസാന ഭാഗം ഒരു രാത്രി മുഴുവൻ ആളുകൾ ഉൽക്കണ്ഠയോടെ കഴിയുകയായിരുന്നു  മാലികി മദ്ഹബ് രൂപപ്പെട്ടുകഴിഞ്ഞു മഹാപണ്ഡിതന്മാരായ ശിഷ്യന്മാർ അത് രോകം മുഴുവൻ എത്തിക്കും സഫലമായ ഒരു പുരുഷായുസ് അതിന്നിവിടെ വിരാമം വീഴുകയാണ് കിഴക്കൻ ചക്രവാളത്തിൽ ചുവപ്പ് കണ്ടുതുടങ്ങി പ്രഭാതം വിടരുകയാണ് പൂർണ ഈമാനിലായി ഇമാം വിടചൊല്ലുകയാണ് തൗഹീദിന്റെ സുന്ദരവചനം ഖൽബിലും നാവിലും അതുമാത്രം  പണ്ഡിത താരം കണ്ണടച്ചു ഇമാം മാലികുബ്നു അനസ് (റ) വഫാത്തായി മദീന ദുഃഖമൂകമായി എത്രയെത്ര സമുന്നത വ്യക്തിത്വങ്ങൾ ഈ മണ്ണിൽ വഫാത്തായിരിക്കുന്നു ഓരോ മരണവും ദുഃഖമാണ് ജീവിച്ചിരിക്കുന്നവർക്കാണ് ദുഃഖം വഫാത്തായവർ ആഹ്ലാദത്തോടെയാണ് പോയത് 

ലോകാനുഗ്രഹിയായ മുത്ത് മുഹമ്മദ് മുസ്തഫ (സ) തങ്ങൾ വഫാത്തായത് ഈ പുണ്യമദീനയിലാണ് മദീന ഞെട്ടിവിറച്ചുപോയ ദിവസം  

ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) ,രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് (റ), മൂന്നാം ഖലിഫ ഉസ്മാനുബ്നു അഫ്ഫാൻ (റ) തുടങ്ങിയവർ ഈ പുണ്യമദീനയിൽ തന്നെയാണ് വഫാത്തായത് അവരുടെ വിയോഗത്തിന്റെ ദുഃഖഭാരം ഏറ്റുവാങ്ങിയ മദീന പിന്നെ എത്രയെത്ര സ്വഹാബികൾ  അവരിവിടെ ജീവിച്ചു ഈ മണ്ണിനെ വല്ലാതെ സ്നേഹിച്ചു ഇവിടെ വഫാത്തായി പുണ്യമണ്ണിൽ തന്നെ അന്ത്യവിശ്രമം കൊള്ളുന്നു 
ജന്നത്തുൽ ബഖീഅ് സ്വഹാബികൾ അന്ത്യവിശ്രമം കൊള്ളുന്ന ഖബറിസ്ഥാൻ അവിടെ പുതിയ ഖബർ കുഴിക്കുന്നു ഖബറിന്റെ ഉടമ വൈകാതെ എത്തിച്ചേരും മദീനയുടെ പണ്ഡിതൻ വിജ്ഞാനത്തിന്റെ പ്രകാശഗോപുരം ഇമാം മാലിക്(റ) 

ആ മരണവാർത്ത  കേട്ട് വിതുമ്പുകയാണ് മദീന മസ്ജിദുന്നബവിയും പരിസരവും ജനനിബിഢം അന്ത്യയാത്ര പറയാൻ തടിച്ചുകൂടിയവർ കുളിപ്പിച്ചു കഫൻ ചെയ്തു ജനാസ നിസ്കാരത്തിൽ വമ്പിച്ച ജനാവലി പങ്കെടുത്തു മയ്യിത്തുകട്ടിലുമായി ജനാവലി ജന്നത്തുൽ ബഖീഇലേക്ക് നീങ്ങി ഖബറടക്കൽ കർമം തുടങ്ങി മണ്ണിൽ നിന്നു വന്നവർ മണ്ണിലേക്ക് മടങ്ങുന്നു മദീനയുടെ മഹാപണ്ഡിതൻ ഓർമയായി നാളുകൾക്കു ശേഷം ഒരു സംഭവം നടന്നു  

ഫുളൈലുബ്നു ഇയാള് (റ) പറയുന്നു: 

ഒരു രാത്രി ഞാൻ നല്ല ഉറക്കത്തിലാണ് സ്വർഗം സ്വപ്നം കാണുന്നു ഞാൻ സ്വർഗത്തിലെ മനോഹരമായ വഴികളിലൂടെ നടക്കുന്നു എത്ര ആനന്ദകരമായ കാഴ്ചകൾ  ഒരു കൊട്ടാരം കണ്ടു കുറെ മുമ്പ് മരിച്ചുപോയ  സൈദുബ്നു അസ്ലം എന്ന കൂട്ടുകാരൻ അവിടെ നിൽക്കുന്നു ഒരു നീണ്ട തൊപ്പി ധരിച്ചിട്ടുണ്ട്  

ഞങ്ങൾ തമ്മിൽ സംഭാഷണം നടന്നു സംഭാഷണത്തിനിടയിൽ ഞാൻ ചോദിച്ചു: 

വന്ദ്യരായ ഇമാം മാലിക് (റ) എവിടെ? 

സൈദ് പറഞ്ഞു: മഹാൻ ഇവിടെയല്ല അദ്ദേഹം ഉന്നത പദവിയിലാണ് മീതെയാണ് വളരെ മീതെ സമുന്നതമായ സ്വർഗത്തിൽ മേൽപോട്ട് ചൂണ്ടിക്കാണിച്ചുകൊണ്ടാണിത് പറഞ്ഞത് ആഹ്ലാദത്തോടെ ചൂണ്ടിക്കാണിക്കുന്നതിനിടയിൽ തൊപ്പി താഴെ വീണു  

ഇത് ഒരു സ്വപ്നത്തിന്റെ കഥ പല മഹാന്മാരും സ്വപ്നം കണ്ടിട്ടുണ്ട്  

സ്വർഗത്തിൽ ഇമാം മാലിക് (റ) വിന് ലഭിച്ച സമുന്നത സ്ഥാനം കണ്ട് അത്ഭുതപ്പെട്ടുപോയി  ഇമാം ശാഫിഈ (റ ) വിന്റെ പിതാവിന്റെ സഹോദരിയും പുണ്യവനിതയുമായ ആഇശ(റ) സ്വപ്നം കണ്ടു  

ലോകത്തിലെ ഏറ്റവും വലിയ ജ്ഞാനി മരണപ്പെട്ടിരിക്കുന്നു പിറ്റേന്ന് വിവരം എല്ലാവരും അറിഞ്ഞു പലയിടത്തും അന്വേഷണമായി ഒടുവിൽ വിവരം കിട്ടി സ്വപ്നം കണ്ട രാത്രിയുടെ അവസാനത്തിലാണ് ഇമാം മാലിക് (റ) വഫാത്തായത്  ഇമാമിന്റെ വസ്വയത്ത് പോലെ സ്വന്തം വസ്ത്രത്തിലാണ് കഫൻ ചെയ്തത്  

സ്വർഗത്തിൽ വെച്ച് മഹാനവർകളെ കണ്ടുമുട്ടാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ 

ഈ ചരിത്രം നിങ്ങൾക്ക് മുമ്പിൽ എത്താൻ കാരണക്കാരായ എല്ലാവർക്കും വേണ്ടി, നിങ്ങളുടെ വിലപ്പെട്ട ദുആ കളിൽ ഉൾപ്പെടുത്തണം എന്നു കൂടി ഉണർത്തുന്നു .

No comments:

Post a Comment