Tuesday 12 May 2020

ആഇശ (റ)




നമ്മുടെ ഉമ്മ, ഉമ്മുൽ മുഅ്മിനീൻ

സത്യവിശ്വാസികളുടെ മാതാവ് ഹള്റത്ത് ആഇശ (റ). മുസ്ലിം സമൂഹം അവരോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. എല്ലാ മുസ്ലിംകളും അവരുടെ മക്കളാകുന്നു. മക്കൾ ഉമ്മയെ സ്നേഹപൂർവ്വം ഓർക്കണം. മക്കൾ ഉമ്മയെ അറിയണം, നന്നായറിയണം. എങ്കിൽ മാത്രമേ മനസ്സിൽ സ്നേഹത്തിന്റെ ഉറവ ഒഴുകുകയുള്ളൂ...

ആഇശ (റ) ഒരതിശയ വനിതയായിരുന്നു. നബി (സ)തങ്ങളുടെ വിശദമായ ജീവചരിത്രം ലോകത്തിന് പറഞ്ഞു കൊടുത്തത് ആഇശ (റ)ആകുന്നു. വിശുദ്ധ ഖുർആന്റെ ആഴം അറിഞ്ഞ പണ്ഡിത വനിതയായിരുന്നു. ഓരോ ആയത്തിനെക്കുറിച്ചും അവർക്ക് വളരെ വിശദമായി വിവരിക്കാൻ കഴിഞ്ഞിരുന്നു. ചില ആയത്തുകളെ കുറിച്ച് ആഇശ (റ) നബി (സ) തങ്ങളോട് പലതവണ ചോദിച്ച് എല്ലാ വിശദാംശങ്ങളും മനസ്സിലാക്കിവെച്ചിരുന്നു. ഹദീസുകൾ അവർക്ക് ജീവിതാനുഭവങ്ങളായിരുന്നു. വേണ്ടത്ര വിശദാംശങ്ങളോടെ ഹദീസുകൾ റിപ്പോർട്ട് ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും കർമ്മശാസ്ത്രം രൂപപ്പെടുത്തിയെടുത്ത പണ്ഡിത വനിതയായിരുന്നു ആഇശ (റ)...

ഫിഖ്ഹ് സംബന്ധമായ സംശയങ്ങളുമായി വന്നവർക്കെല്ലാം സംശയ നിവാരണം വരുത്തിക്കൊടുത്തു. അറബ് ഗോത്രങ്ങളുടെ വംശാവലി നന്നായി പഠിച്ചിരുന്നു. അറബി ഭാഷാ സാഹിത്യം നന്നായി കൈകാര്യം ചെയ്തു. പ്രതിഭാ സമ്പന്നയായ കവയത്രിയായിരുന്നു ആഇശ (റ). ഇമ്പമുള്ള കവിതകൾ ധാരാളം രചിച്ചിട്ടുണ്ട്. വെെദ്യശാസ്ത്രം നന്നായി പടിച്ചിരുന്നു. നല്ലൊരു അധ്യാപികയായിരുന്നു. വനികൾക്കും കുട്ടികൾക്കും വേണ്ടി നിരവധി ക്ലാസുകൾ നടത്തിയിരുന്നു. അവരെല്ലാം പിൽക്കാലത്ത് പേരെടുത്ത പണ്ഡിതന്മാരും പണ്ഡിത വനിതകളുമായിത്തീർന്നു ...

അതിശയകരമായ ഓർമ്മശക്തിയുടെ ഉടമയായിരുന്നു. ഒരിക്കൽ കേട്ടാൽമതി പിന്നെ മറന്നുപോവില്ല. അവരുടെ മുറിയിൽ ജിബ്രീൽ (അ) വന്നിട്ടുണ്ട്. സലാം ചൊല്ലിയിട്ടുണ്ട്. അവരുടെ വിരിപ്പിൽ നബി (സ) ഇരിക്കുമ്പോൾ വഹ്യ്യ് ഇറങ്ങിയിട്ടുണ്ട്. മറ്റാർക്കുമില്ലാത്ത സവിശേഷതകൾ. വിശുദ്ധ ഖുർആൻ വചനം ഇറങ്ങിയാൽ ഉടനെ ആഇശ (റ)ക്ക് അത് ലഭിക്കും. അവരത് പഠിക്കും. എല്ലാ അർത്ഥസാരങ്ങളും പഠിച്ചുവെക്കും. ഇറങ്ങിയ സാഹചര്യം പ്രത്യേകം ഓർത്തു വെക്കും. എഴുതിവെക്കുകയും ചെയ്യും ...

എഴുത്തും വായനയും അറിയുന്നവർ വളരെ ചുരുങ്ങിയ കാലം. അവർക്കിടയിലെ പണ്ഡിത വനിതയായിരുന്നു ആഇശ (റ). പഠനത്തിന് ഏറ്റവും പറ്റിയ കാലം ബാല്യദശയാകുന്നു. ആ പ്രായത്തിൽ ആഇശ (റ) പ്രവാചകരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ഭാര്യയായിവന്നു ...

ഭർത്താവിന്റെ ജീവിതമായിരുന്നു ഭാര്യയുടെ പഠന വിഷയം. മിടുമിടുക്കിയായ വിദ്യാർത്ഥിനി. രാവും പകലും പ്രവാചക ജീവിതം പഠിക്കുകയായിരുന്നു. നബി (സ) പട നയിച്ച് രണാങ്കണത്തിലേക്ക് പോയപ്പോൾ കൂടെ യാത്ര ചെയ്തു യാത്രാനുഭവങ്ങൾ എല്ലാ വിശദാംശങ്ങളോടും കൂടി ലോകത്തിന് പറഞ്ഞു കൊടുത്തു. യുദ്ധരംഗങ്ങൾ നേരിൽ കണ്ടു. ചില പ്രത്യേക സാഹചര്യങ്ങളിൽ രണാങ്കണത്തിലേക്കിറങ്ങിച്ചെന്നു. മുറിവേറ്റുവീണ ഭടന്മാരെ പരിചരിച്ചു. ആഇശ (റ) ധീരവനിതയായിരുന്നു. നബി (സ) തങ്ങളുടെ വഫാത്തിനുശേഷം വിപത്തുകൾ നിറഞ്ഞ പല സാഹചര്യങ്ങളെയും നേരിടേണ്ടി വന്നു. അമ്പരപ്പിക്കുന്ന ധീരതയോടെ മുമ്പോട്ട് ഗമിക്കുന്നതാണ് ലോകം കണ്ടത്. ഭീതിയുടെ നേരിയ നിഴൽപോലും കണ്ടില്ല ...

കുഴപ്പം സൃഷ്ടിക്കാനും മുസ്ലിം സമൂഹത്തിന്റെ ശക്തി തകർക്കാനും വന്ന കക്ഷികളെ അവർ ശക്തമായ ഭാഷയിൽ ആക്ഷേപിച്ചു. നാശത്തിന്റെ നാളങ്ങൾ ഊതിക്കെടുത്തി സിദ്ദീഖിന്റെ മകൾ സിദ്ദീഖഃ എന്ന പേരിൽ പ്രസിദ്ധയായി. അവരുടെ ഔദാര്യശിലം പരക്കെ അറിയപ്പെട്ടു. കിട്ടുന്നതെല്ലാം ആവശ്യക്കാർക്കു നൽകും. പകൽ ദാനം ചെയ്യുമ്പോൾ രാത്രി പട്ടിണിയാകുമെന്ന കാര്യം ഓർക്കില്ല. ഒന്നും ബാക്കിവെക്കാതെ നൽകും. യത്തീമുകളുടെയും വിധവകളുടെയും അഭയ കേന്ദ്രമായിരുന്നു അവരുടെ ഭവനം. എത്രയോ യത്തീമുകളെ അവർ പോറ്റിവളർത്തി. അവർ പണ്ഡിതരും ധീരയോദ്ധാക്കളുമായി വളർന്നു. സത്യത്തിന്റെയും ധർമ്മത്തിന്റെയും നീതിയുടെയും കാവലാളുകളായി മാറി.

ത്യാഗബോധത്തോടെ ആഇശ (റ)സേവനം തുടർന്നു. എന്നിട്ടവർക്കെന്താണ് പകരം കിട്ടിയത്...? ഉമ്മായെന്ന സ്നേഹമൂറുന്ന വിളി. ആഇശ (റ) പ്രസവിക്കാത്ത ഉമ്മയാണ്. അവർക്ക് പോറ്റുമക്കൾ ഒരുപാടുണ്ട്. അവരുടെ ഉമ്മയെന്ന വിളി പെറ്റുമ്മയുടെ നിർവൃതിയാണ് അവർക്ക് നൽകിയത് ...

ഉമ്മബാപ്പമാർ മക്കളുടെ പേര് ചേർത്തു വിളിക്കപ്പെടുന്ന കാലം. മക്കളുടെ പേര് ചേർത്ത് വിളിക്കുന്നത് അഭിമാനമായി കരുതുന്ന കാലം. ഇതിന് കുൻയത്ത് എന്നു എന്നു പറയുന്നു. അക്കാലത്ത് ആഇശ (റ) നബി (സ)തങ്ങളോട് ചോദിച്ചു:

"ആരുടെ പേരോട് ചേർത്താണ് എനിക്കൊരു കുൻയത്ത് ലഭിക്കുക ...? "
" നിന്റെ സഹോദരിയുടെ പുത്രൻ അബ്ദുല്ലയോട് ചേർത്ത് കുൻയത്ത് സ്വീകരിക്കുക " നബി (സ) നിർദ്ദേശിച്ചു...

അങ്ങനെ ഉമ്മു അബ്ദില്ല എന്ന പേരും കിട്ടി. മക്കളെ അതിരറ്റ് സ്നേഹിച്ച ഉമ്മ പ്രവാചക സ്നേഹത്തിൽ അലിഞ്ഞുചേർന്ന ജീവിതം. ആ ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളാണ് തുടർന്നുള്ള ഭാഗങ്ങളിൽ വരുന്നത്. വനിതാ ലോകത്തിന്റെ അഭിമാനഭാജനമാണ് ആഇശ (റ). വനിതകളുടെ വിമോചകയാണവർ. വനിതകൾക്ക് ഇത്രയും മഹത്തായ സേവനം ചെയ്ത മറ്റൊരു നായികയെ കണ്ടെത്തുക പ്രയാസം തന്നെയാണ്...

പിൽക്കാല കവികൾ അവരെ പാടിപ്പുകഴ്ത്തി. നമ്മുടെ ഉമ്മ  ഇൽമിന്റെ ബഹറാകുന്നു. എത്ര അർത്ഥവത്തായ പദപ്രയോഗം. ആ ബഹറിലേക്ക് ഒന്നെത്തിനോക്കാൻ നമുക്ക് ആത്മാർത്ഥമായൊരു ശ്രമം നടത്താം ... 

അതിശയിപ്പിക്കുന്ന കുട്ടി

നബി (സ) തങ്ങൾക്ക് നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ചിട്ട് നാല് വർഷം കഴിഞ്ഞു. മതപ്രബോധനം വളരെ പ്രയാസങ്ങൾ സഹിച്ച് നടത്തിക്കൊണ്ടിരിക്കുന്നു. ആദ്യമായി ഇസ്ലാംമതം സ്വീകരിച്ചത് നബി (സ)യുടെ ഭാര്യ ഖദീജ (റ) ആയിരുന്നു. പിന്നീട് അബൂബക്കർ (റ) ഇസ്ലാം മതം സ്വീകരിച്ചു. സൈദ് (റ), അലി (റ) തുടങ്ങി പലരും അക്കാലത്ത് തന്നെ ഇസ്ലാം മതം സ്വീകരിച്ചു ...

പ്രയാസങ്ങൾ നിറഞ്ഞ നാലു വർഷങ്ങൾ കടന്നുപോയി. അപ്പോൾ അബൂബക്കർ സിദ്ദീഖ് (റ) വിന്റെ വീട്ടിൽ ഒരു വിശേഷ സംഭവമുണ്ടായി. സിദ്ദീഖ് (റ)വിന്റെ ഭാര്യ ഉമ്മു റൂമാൻ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ആ പെൺകുഞ്ഞാണ് ലോകം എക്കാലവും അതിശയത്തോടെ ഓർക്കുന്ന ആഇശ (റ). എണ്ണത്തിൽ കുറഞ്ഞ മുസ്ലിംകൾക്ക് ആഹ്ലാദം നൽകിയ വാർത്തയായിരുന്നു അത് ...

ഉമ്മു റൂമാൻ നേരത്തെ മറ്റൊരാളുടെ ഭാര്യയായിരുന്നു. പൗരപ്രമുഖനായ അബ്ദുല്ലാ അസ്ദിയുടെ ഭാര്യ. സ്നേഹവും സന്തോഷവും നിറഞ്ഞ ദാമ്പത്യ ജീവിതമായിരുന്നു. ഏറെക്കാലം നീണ്ടുനിന്നില്ല അബ്ദുല്ലാ അസ്ദി രോഗം വന്നു മരണപ്പെട്ടു. ഉമ്മുറൂമാൻ വിധവയായി ...

കുറെ കാലം കഴിഞ്ഞ് അബൂബക്കർ (റ) അവരെ വിവാഹം കഴിച്ചു. ഈ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ടായി. ഒരു മകനും ഒരു മകളും.
അബ്ദുറഹ്മാനും ആഇശയും ...

ആഇശ ജനിക്കുമ്പോൾ വീട്ടിൽ ഇസ്ലാമിക അന്തരീക്ഷമാണ് നില നിൽക്കുന്നത്. ശിർക്കിന്റെയോ കുഫ്റിന്റെയോ നിഴൽപോലും അവിടെയില്ല. ഈമാനിന്റെ പ്രകാശം പരന്ന അന്തരീക്ഷം. ആ പ്രകാശത്തിലാണ് ആഇശ ജനിച്ചത്. ആദ്യമായി കേൾക്കുന്നത് തൗഹീദിന്റെ ശബ്ദം. ഏകനായ ഇലാഹ് അള്ളാഹു അവന്റെ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ). ഓർമ്മവെച്ചുവരുമ്പോൾ ആഇശ അതാണ് കേൾക്കുന്നത്. വീട്ടിലെന്നും ഒരു വിരുന്നുകാരൻ വരും. ഉപ്പായുടെ ഉറ്റ ചെങ്ങാതി. അതിസുന്ദരമായ രൂപം. ഒരിക്കൽ കണ്ടാൽ മറക്കില്ല. മനസ്സിൽ നിന്ന് മാഞ്ഞുപോവാത്ത രൂപം...

ഓർമ്മ വെച്ച നാൾ മുതൽ ആഇശ (റ)യുടെ കുരുന്നു മനസ്സിൽ ആ രൂപമുണ്ട്. അതാണ് അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ). കേട്ടപ്പോൾ അതിശയം തോന്നി... കണ്ണും, മൂക്കും, ചെവിയും, പുരികവും, നെറ്റിയും നോക്കിക്കണ്ടു. എല്ലാം മനസ്സിൽ പതിഞ്ഞു. മനോഹരമായ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരി. ചിരിക്കുമ്പോൾ പുറത്ത് കാണാവുന്ന മനോഹരമായ പല്ലുകൾ. നബിയെ കൊച്ചുന്നാളിൽ തന്നെ വല്ലാതെ ഇഷ്ടമായി ...

ആഇശ വളരുകയാണ്. ശൈശവം വിടപറയാറായി. ബാല്യത്തിലേക്കു കടക്കാൻ സമയമായി വരുന്നു. വല്ലാത്ത ബുദ്ധികൂർമ്മത. ബുദ്ധിപരമായ ചോദ്യങ്ങൾ മുതിർന്നവരെ നന്നായി ചിന്തിപ്പിക്കും. നല്ല വികൃതിയാണ്. കളിയിൽ നല്ല താൽപര്യം. പാവകൾ കിട്ടണം. സമയപ്രായക്കാരായ കുട്ടികൾ അയൽവീടുകളിൽ നിന്ന് വരും. കുറെ കുട്ടികൾ ഒന്നിച്ചിരുന്നു കളിക്കും. പാവവെച്ചുള്ള കളി. ഊഞ്ഞാൽ ആടൽ ഇവയാണ് പ്രധാന വിനോദം. കുട്ടികൾ കൂടുമ്പോൾ ഒച്ചയും ബഹളവും ഉയരും. അപ്പോഴായിരിക്കും നബി (സ)തങ്ങൾ വന്നു കയറുക. ഉടനെ കുട്ടികൾ കളി നിർത്തും. നിശബ്ദരാകും. പാവകൾ ഒളിപ്പിച്ചു വെയ്ക്കും ...

'' ആഇശാ കളി തുടർന്നോളൂ '' നബി (സ) പറയും ...

വീണ്ടും പാവകൾ നിരന്നു. ചിറകുകളുള്ള ഒരു പാവ കണ്ടു. ആ പാവയെ ചൂണ്ടി നബി (സ) ചോദിച്ചു

'' ആഇശാ ... ഇതെന്താണ് ...? ''
'' അതൊരു കുതിര...''
''കുതിരയോ ... കുതിരക്ക് ചിറകുണ്ടാകുമോ...?''
''പിന്നല്ലാതെ ... സുലൈമാൻ നബി (അ)യുടെ കുതിരക്ക് ചിറകുണ്ടായിരുന്നില്ലേ...?''

നബി (സ) അത് കേട്ട് ചിരിച്ചു പോയി ...

സുലൈമാൻ നബി (അ) ന്റെ ചരിത്രം ആ പ്രായത്തിൽ തന്നെ ആഇശ (റ) ക്കറിയാമായിരുന്നു. മകളുടെ കളിതമാശകളിൽ മാതാപിതാക്കൾ അലിഞ്ഞുചേർന്നു. നർമ്മം ആസ്വദിച്ചു. മകളുടെ ബുദ്ധികൂർമ്മത അവരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. കേട്ട കാര്യങ്ങൾ ഓർത്തവെച്ചു പറയും ...

നബി (സ) യുടെ ആദ്യ ഭാര്യയാണ് ഖദീജ (റ).
ഖദീജ (റ)യെ വിവാഹം കഴിക്കുമ്പോൾ നബി (സ)യുടെ വയസ്സ് ഇരുപത്തഞ്ച്. ഖദീജ (റ)യോടൊപ്പം ഇരുപത്തഞ്ച് വർഷം ജീവിച്ചു. ആൺമക്കളും പെൺമക്കളും ജനിച്ചു. ആൺമക്കളെല്ലാം മരിച്ചു പോയി. പെൺമക്കൾ ബാക്കിയായി. ഇരുപത്തഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിക്കുമ്പോൾ നബി (സ)തങ്ങൾക്ക് പ്രായം അമ്പത് വയസ്സ്. നബി (സ)തങ്ങൾക്ക് അമ്പത് വയസ്സായപ്പോൾ ഖദീജ (റ) മരണപ്പെട്ടു ...

നബി (സ)തങ്ങളുടെ അഭയമായിരുന്നു ഖദീജ (റ). അവരുടെ വിയോഗം കടുത്ത ദുഃഖം നൽകി. അറബികൾക്കിടയിൽ വിവാഹത്തിന് പ്രായം ഒരു തടസ്സമായിരുന്നില്ല. പ്രായം കൂടിയ സ്ത്രീയെ പ്രായം കുറഞ്ഞ പുരുഷൻ വിവാഹം ചെയ്യും. പ്രായം കൂടിയ പുരുഷൻ വളരെ പ്രായം കുറഞ്ഞ പെൺകുട്ടിയെ വിവാഹം ചെയ്തെന്നു വരും. അവരുടെ ശാരീരിക പ്രകൃതിയും സാമൂഹിക ബോധവും അവയെല്ലാം സാധ്യമാക്കിയിരുന്നു ...

നബി (സ)തങ്ങളേക്കാൾ പതിനഞ്ച് വയസ്സ് പ്രായക്കൂടുതലുണ്ടായിരുന്നു ഖദീജ (റ)ക്ക്. ഭാര്യയുടെ മരണം നബി (സ)ക്ക് കടുത്ത ദുഃഖവും ഏകാന്തതയും നൽകി. ഈ ദുഃഖം അനുയായികൾ മനസ്സിലാക്കി ഒരു പുനർവിവാഹത്തെക്കുറിച്ചു അവർ ചിന്തിച്ചു. ഉസ്മാനുബ്നു മള്ഊനിന്റെ ഭാര്യ ഖൗലത്ത് നബി (സ)യെ കാണാൻ വന്നു. രണ്ടാം വിവാഹത്തെ കുറിച്ചു സംസാരിച്ചു. സ്നേഹപൂർവ്വം സമ്മർദ്ദം ചെലുത്തി. നബി (സ) എതിർത്തില്ല ...

'' വിധവകളുണ്ട് ... കന്യകകളുണ്ട് ... ആരെ വേണമെങ്കിലും വിവാഹം ചെയ്യാം '' ഖൗലത്ത് പറഞ്ഞു ...

'' ആരാണവർ...?'' നബി (സ) ചോദിച്ചു ...

''സംഅയുടെ മകൾ സൗദ വിധവയാണവർ. അബൂബക്കറിന്റെ മകൾ ആഇശ കന്യകയാണ് ...''

നബി (സ) എതിർപ്പ് പ്രകടിപ്പിച്ചില്ല. നിറഞ്ഞ പ്രതീക്ഷയോടെയാണ് ഖൗലത്ത് സലാം പറഞ്ഞ് ഇറങ്ങിപ്പോയത് ...

മദീനയിലേക്ക്




നബി (സ) ഒരു സ്വപ്നം കണ്ടു ...

മലക്കുകൾ ഒരു സമ്മാനവുമായി വരുന്നു. പട്ടിൽ പൊതിഞ്ഞ വിലപിടിപ്പുള്ള സാധനം.

''ഇതെന്താണ് ...?'' നബി (സ) ചോദിച്ചു...

''താങ്കളുടെ പത്നി'' - മലക്കുകളുടെ മറുപടി ...

പട്ടുവസ്ത്രം മുഖത്തു നിന്ന് നീക്കിയപ്പോൾ അത് ആഇശയായിരുന്നു. മകളെ നബി (സ) തങ്ങൾക്ക് വിവാഹം ചെയ്തു കൊടുക്കാൻ സിദ്ദീഖ് (റ)വിനും ഉമ്മുറൂമാനും സന്തോഷമേയുള്ളൂ ...

ആഇശക്ക് അന്ന് പ്രായം ആറ് വയസ്സ്. നല്ല മാനസിക വളർച്ചയുണ്ട്. അതിന്നനുസരിച്ച് ശാരീരിക പുഷ്ടിയും. കൂട്ടുകാരികളോടൊപ്പം കളിക്കുകയായിരുന്നു. ഒരാൾ വന്നു അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അന്ന് നിക്കാഹ് നടന്നു. കുട്ടിയായ ആഇശ അതൊന്നുമറിഞ്ഞില്ല ...

പിൽക്കാലത്ത് തന്റെ വിവാഹത്തെക്കുറിച്ച് ആഇശ (റ) ഇങ്ങനെ പ്രസ്താവിച്ചു


എന്റെ വിവാഹം നടന്ന വിവരം അന്ന് ഞാൻ അറിഞ്ഞിരുന്നില്ല. കൂട്ടുകാരികളോടൊപ്പം പുറത്തിറങ്ങി കളിക്കാൻ പോവുന്നത് ഉമ്മ വിലക്കി. ഉമ്മ കല്യാണം കഴിഞ്ഞ കാര്യമൊക്കെ പറഞ്ഞു മനസ്സിലാക്കിത്തന്നു ...

നബി (സ) അഞ്ഞൂറ് ദിർഹം മഹറ് നൽകിയാണ് ആഇശ (റ) യെ വിവാഹം ചെയ്തത് എന്നാണ് ചില രേഖകളിലുള്ളത്. ഭർത്താവിന്റെ വീട്ടിലേക്ക് പോയില്ല. മാതാപിതാക്കളോടൊപ്പം തന്നെയാണ് താമസം. മൂന്നു വർഷങ്ങൾ ഈ നിലയിൽ കടന്നുപോയി ...

മക്കയിൽ മുസ്ലിംകൾ ക്രൂരമായി മർദ്ദിക്കപ്പെടുകയാണ്. നാട്ടിൽ ജീവിക്കാൻ വയ്യാത്ത അവസ്ഥ. കുറെ മുസ്ലിംകൾ കുടുംബസമേതവും അല്ലാതെയും മക്കവിട്ട് അബ്സീനിയായിലേക്ക് പോയി. അബൂബക്കർ (റ)വും മക്ക വിട്ടു. ഈ യാത്രയെക്കുറിച്ച് ആഇശ (റ) പിൽക്കാലത്ത് വിവരിച്ചതിങ്ങനെയാണ് ...

മക്കയിൽ നിന്ന് കാൽനടയായി അഞ്ചു ദിവസം സഞ്ചരിച്ചാൽ ബർക്കുൽ ഗിമാദ് എന്ന സ്ഥലത്തെത്താം. അബൂബക്കർ (റ) ബർക്കുൽ ഗിമാദിൽ എത്തി. അവിടെ വെച്ച് മാന്യനായ ഒരു സുഹൃത്തിനെ കണ്ടുമുട്ടി. മക്കക്കാരനായ സുഹൃത്തിന്റെ പേര് ഇബ്നുദ്ദഗ്ന എന്നായിരുന്നു ...

''താങ്കൾ എവാടെ പോകുന്നു ...?'' ഇബ്നുദ്ദഗ്ന ചോദിച്ചു ... അബൂബക്കർ (റ) മക്കയിലെ അനുഭവങ്ങൾ വിവരിച്ചു ...

താങ്കളെപ്പോലുള്ളവർ നാടുവിട്ടുപോവരുത്. അത് നാട്ടിന്റെ നിർഭാഗ്യമാണ്. താങ്കൾക്ക് ഞാൻ സംരക്ഷണം നൽകാം. മക്കയിലേക്ക് മടങ്ങാം. ഇബ്നുദ്ദഗ്ന സ്നേഹപൂർവം നിർബന്ധിച്ച് അബൂബക്കർ (റ)വിനെ മക്കയിലേക്ക് കൊണ്ടുവന്നു. ഈ യാത്രയിൽ ആഇശയും മറ്റ് കുടുംബാംഗങ്ങളും കൂടെയുണ്ടായിരുന്നുവെന്നാണ് ചില ചരിത്രകാരന്മാരുടെ നിഗമനം ...

മക്കയിലെ മർദ്ദനങ്ങൾ വർദ്ധിക്കുകയാണ്. പലരും മദീനയിലേക്ക് പോയിക്കഴിഞ്ഞു. ആഇശ (റ) ഹിജ്റയെക്കുറിച്ച് നൽകുന്ന വിവരണം ഇങ്ങനെയാകുന്നു ... നബി (സ) തങ്ങൾ എല്ലാ ദിവസവും വീട്ടിൽ വരും. ചില ദിവസങ്ങളിൽ രാവിലെ വരും. മറ്റു ചില ദിവസങ്ങളിൽ വൈകുന്നേരം വരും. ഉപ്പയെ കാണും കാര്യങ്ങൾ സംസാരിക്കും ...

എല്ലാവരും മക്കവിട്ട് മദീനയിലേക്ക് പോവുകയാണ്. നബി (സ) തങ്ങൾക്ക് ഹിജ്റയുടെ അനുമതി കിട്ടണം. അതിന് കാത്തിരിക്കുകയാണ്. ഒരു ദിവസം പതിവില്ലാത്ത നേരത്ത് നബി (സ)തങ്ങൾ വന്നു. ഞാനും സഹോദരി അസ്മയും ഉപ്പയോടൊപ്പം ഇരിക്കുകയായിരുന്നു. 

നബി (സ) അൽപം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ...

'' അബൂബക്കർ ... ആളുകളെ മാറ്റിനിർത്തൂ, ചിലത് സംസാരിക്കാനുണ്ട് ...''
ഉപ്പ ഇങ്ങനെ മറുപടി നൽകി ...

'' അള്ളാഹുവിന്റെ റസൂലേ .... ഇവിടെ അന്യരാരുമില്ല കയറിവന്നാലും ...''
നബി (സ) അകത്തു വന്നു. ഹിജ്റ പോകാൻ അനുമതി വന്നതായി അറിയിച്ചു. കുടുംബാംഗങ്ങൾ ഉൽക്കണ്ഠാകുലരായി. ഉപ്പ പോവുകയാണ്. കുടുംബാംഗങ്ങളെ മുഴുവൻ ശത്രുക്കളുടെ കൺമുമ്പിൽ വിട്ടേച്ചുകൊണ്ടാണ് പോവുന്നത്... 

ആഇശ (റ), അസ്മ (റ) എന്നിവരും മറ്റു കുടുംബാംഗങ്ങളും യാത്രയുടെ ഒരുക്കങ്ങൾ തുടങ്ങി. ദീർഘ യാത്രയാണ് ശത്രുക്കൾ നോക്കിയെത്തും. അവരുടെ പിടിയിൽ പെടരുത്. ഭക്ഷണം, വെള്ളം, വസ്ത്രങ്ങൾ എല്ലാം ഒരുക്കി. ആ രാത്രിയിലാണ് നബി (സ) യെ വധിക്കാൻ ശത്രുക്കൾ പ്ലാനിട്ടിരുന്നത്. വാൾമുനകളുടെ മധ്യത്തിലൂടെ നബി (സ)തങ്ങൾ ഇറങ്ങി വന്നു. നേരെ അബൂബക്കർ (റ)വിന്റെ വീട്ടിലെത്തി. യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു ...

നബി (സ) തങ്ങളും അബൂബക്കർ (റ) വും ഇറങ്ങി. കനത്ത ഇരുട്ടിലേക്ക് നീങ്ങി. ഭീതിപ്പെടുത്തുന്ന രാത്രി. എല്ലാം അല്ലാഹുവിൽ അർപ്പിച്ചുകൊണ്ടുള്ള യാത്ര ...

കുടുംബാംഗങ്ങൾ ആകാംക്ഷാഭരിതരാണ്. മണിക്കൂറുകൾ കടന്നു പോയി. നേരം പുലർന്നു. ശത്രുക്കൾക്ക് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായി. അവർ കോപാകുലരായി. വളരെ വേഗം അവർ ആ സത്യം മനസ്സിലാക്കി. പ്രവാചകനും, അബൂബക്കർ (റ)വും മക്ക വിട്ടിരിക്കുന്നു. പിന്നെ തിരച്ചിലായി നെട്ടോട്ടമായി. അവരെ കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടു. അസ്വസ്ഥത നിറഞ്ഞ രാപ്പകലുകൾ... മക്ക ഇളകിമറിയുകയാണ്. ആഇശയും സഹോദരങ്ങളും ഉൽക്കണ്ഠയോടെ ദിവസങ്ങൾ തള്ളി നീക്കി ...

നുബുവ്വത്തിന്റെ പതിനാലാം വര്‍ഷം റബീഉൽ അവ്വൽ പന്ത്രണ്ട്. നബി (സ)തങ്ങളും അബൂബക്കർ (റ)വും മദീനയിലെത്തി. നബി (സ) തങ്ങൾ തന്റെ കുടുംബാംഗങ്ങളെ കൊണ്ടുവരാനായി സൈദുബ്നു ഹാരിസ്, അബൂറാഫിഹ് എന്നിവരെ മക്കയിലേക്കയച്ചു. നബി (സ)യുടെ പുത്രിമാർ മദീനയിലെത്തി. ഭാര്യ സൗദ (റ)യുമെത്തി ...

അബൂബക്കർ (റ)വിന്റെ മകൻ അബ്ദുല്ലയുടെ സംരക്ഷണയിൽ ഉമ്മയും രണ്ട് പുത്രിമാരും മദീനയിലെത്തിച്ചേർന്നു. ശത്രുക്കളുടെ കണ്ണിൽ പെടാതെ വളരെ സാഹസികമായി യാത്ര ചെയ്താണ് അവർ എത്തിച്ചേർന്നത് ...

വീട്

മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ വന്നവരെ മുഹാജിറുകൾ എന്നു വിളിക്കുന്നു. മുഹാജിറുകളെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്ത മദീനയിലെ മുസ്ലിംകളെ അൻസാറുകൾ എന്നു വിളിക്കുന്നു. അൻസാറുകളും മുഹാജിറുകളും ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നു ...
മസ്ജിദുന്നബവിയുടെ നിർമ്മാണം. എല്ലാവരും നിർമ്മാണത്തൊഴിലാളികളായി മാറിയിരിക്കുന്നു. സമുന്നത സ്വഹാബികൾ മണ്ണിൽ പണിയെടുക്കുന്നു. പള്ളി ഉയർന്നു വന്നു. വളരെ ലളിതമായ മസ്ജിദ്. ആദ്യഘട്ടത്തിൽ മേൽപ്പുരപോലും ഇല്ലായിരുന്നു. വാതിലുകളില്ല. പഴയ കമ്പിളി തൂക്കിയിട്ടു. പള്ളിയോട് ചേർന്നാണ് താമസിക്കാനുള്ള മുറികൾ പണിതത്. നീളവും വീതിയും കുറഞ്ഞ മുറികൾ. ഉയരമുള്ള ഒരാൾ കൈപൊക്കിയാൽ മേൽപ്പുരയിൽ തട്ടും. അതാണ് നബികുടുബം താമസിക്കുന്ന വീട്. നബിപുത്രിമാരായ ഉമ്മു കുൽസൂം (റ), ഫാത്വിമ (റ) എന്നിവർ അവിടെ താമസമാക്കി. നബി (സ)യുടെ ഭാര്യ സൗദയും അവിടെയുണ്ട്...

ഹാരിസുബ്നു ഖസ്റജ് കുടുംബക്കാർ താമസിക്കുന്ന പ്രദേശത്താണ് ആഇശയും ബന്ധുക്കളും എത്തിച്ചേർന്നത്. അവിടെ ഒരു വീട് സൗകര്യപ്പെടുത്തി താമസം തുടങ്ങി. മദീനയിലെത്തി എട്ട് മാസത്തോളം ആഇശ (റ) അവിടെ താമസിച്ചു. ഇതിന്നിടയിൽ ഉപ്പാക്കും മകൾക്കും കഠിനമായ രോഗം പിടിപെട്ടു. ആദ്യം ഉപ്പ കിടന്നു മറ്റുള്ളവർ പരിചരിച്ചു. രോഗം കഠിനമായ ഘട്ടത്തിൽ മരണത്തെക്കുറിച്ച് അബൂബക്കർ (റ) പാട്ടുപാടി. മനസ്സിൽ തട്ടിയ ശോകഗാനം. നബി (സ) രോഗശമനത്തിനുവേണ്ടി പ്രാർത്ഥിച്ചു. ക്രമേണ രോഗം മാറി...

അപ്പോഴേക്കും ആഇശ (റ) കിടന്നു. രോഗം കലശലായി. ശരീരം മെലിഞ്ഞു. മുടികൾ കൊഴിഞ്ഞുപോയി. മക്കയിൽ നിന്ന് വന്ന പലർക്കും രോഗം പിടിപെട്ടു. മദീനയിലെ കാലാവസ്ഥ തീരെ പിടിക്കുന്നില്ല.
നബി (സ) മദീനയിൽ നല്ല കാലാവസ്ഥ വരാൻ വേണ്ടി പ്രാർത്ഥിച്ചു. മദീനക്കാരുടെ ഐശ്വര്യത്തിനുവേണ്ടിയും പ്രാർത്ഥന നടത്തി. അത് കാരണമായി മദീന മുഹാജിറുകൾക്ക് ഏറെ പ്രിയപ്പെട്ടതായിത്തീർന്നു. ആഇശ (റ)യുടെ രോഗം മാറി. ക്ഷീണം കുറഞ്ഞു. പഴയ പ്രസരിപ്പ് തിരിച്ചു വന്നു ...

മദീനയിലെ പുതിയ കൂട്ടുകാരികൾ. അവരോടൊപ്പം ഊഞ്ഞാലാടിക്കളിക്കാം. ഹിജ്റ വന്നതിനുശേഷമുള്ള ശവ്വാൽമാസം. ശവ്വാൽ മസത്തിലെ ഒരു പകൽ ആഇശ (റ) കൂട്ടുകാരികളോടൊപ്പം ഊഞ്ഞാലാടിക്കളിക്കുകയായിരുന്നു. ആഇശാ.... വേഗം വരൂ ഉമ്മയുടെ വിളി. എന്തിനാണാവോ ഉമ്മഇങ്ങനെ വിളിക്കുന്നത് ...? കിതച്ചുകൊണ്ട് ഓടിച്ചെന്നു ... 

ഉമ്മമകളുടെ മുഖം കഴുകി. മുടി ചീകിയൊതുക്കി തട്ടംനേരെയാക്കി അകത്തേക്ക് കൊണ്ടു പോയി...

അകത്ത് കുറെ പെണ്ണുങ്ങൾ ഇരിക്കുന്നു. അവൻ ആഇശയെ ഹൃദ്യമായി സ്വീകരിച്ചു. ആശംസകൾ നേർന്നു. ആലിംഗനം ചെയ്തു. അവർ ആഇശയെ പുതുവസ്ത്രങ്ങൾ ധരിപ്പിച്ചു. നവവധുവിനെ അണിയിച്ചൊരുക്കി. വരന്റെ വീട്ടിലേക്ക് കൊണ്ടുപോവാൻ വന്ന അൻസാരി വനിതകളായിരുന്നു അവർ...

അൽപം കഴിഞ്ഞപ്പോൾ നബി (സ)ആ വീട്ടിലെത്തി. ഒരു ഗ്ലാസ് പാൽ നൽകി നബി (സ)തങ്ങളെ സ്വീകരിച്ചു. നബി (സ) പാൽ അൽപം കുടിച്ചു. ഗ്ലാസ് ആഇശ (റ)ക്കു നേരെ നീട്ടി. നാണംകൊണ്ട് കൈ നീട്ടി വാങ്ങാൻ കഴിയുന്നില്ല... റസൂലുല്ലാഹി (സ) യുടെ സമ്മാനം സ്വീകരിക്കൂ ... ഒരു കൂട്ടുകാരി പ്രോത്സാഹിപ്പിച്ചു. ആഇശ (റ)ഗ്ലാസ് വാങ്ങി അൽപം കുടിച്ചു. കൂട്ടുകാരികൾക്കും കൊടുക്കൂ ... നബി (സ) പറഞ്ഞു ...

കൂട്ടുകാരികൾ അൽപാൽപം കുടിച്ചു. അൻസാരി വനിതകൾ മണവാട്ടിയെ ഇറക്കിക്കൊണ്ട് പോയി. വരന്റെ വീട്ടിലേക്ക്. മസ്ജിദുന്നബവിയോട് ചേർന്നുള്ള മുറിയിലാണ് നവവധുവിന്റെ താമസം. മസ്ജിദിന്റെയും വീടിന്റെയും അതിർത്തി ഒരു ചുമർ മാത്രം. ആ ചുമരിൽ ഒരു വാതിലുണ്ട്. നബി (സ) വീട്ടിൽ നിന്ന് മസ്ജിദിലേക്കു പോവുന്നത് ആ വാതിലിലൂടെയാണ്. വീട്ടിൽ നിന്ന് കൈ നീട്ടിയാൽ പള്ളി. പള്ളിയിൽ നിന്ന് കൈ നീട്ടിയാൽ വീട് ...

ഒരു ഗ്ലാസ് വെള്ളം വേണമെങ്കിൽ പള്ളിയിൽ നിന്ന് വിളിച്ചു പറയാം. ആഇശ (റ)ക്ക് വെള്ളം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ നബി (സ) യുടെ കൈയിലേക്ക് കൊടുക്കാം.

പള്ളിയിൽ ഇഹ്തികാഫ് ഇരിക്കുമ്പോൾ നബി (സ) ശിരസ് വീട്ടിലേക്ക് നീട്ടിക്കൊടുക്കും. ആഇശ (റ) മുടി ചീകിക്കൊടുക്കും. മുറിയുടെ ചുമർ മണ്ണുകൊണ്ടായിരുന്നു. ഈത്തപ്പനത്തടിയും ഓലയും കൊണ്ടായിരുന്നു മേൽപ്പുര കെട്ടിയത്. വാതിലിൽ ഒരു കമ്പിളി തൂക്കിയിരുന്നു ...

വീട്ടിൽ എന്തൊക്കെ സാധനങ്ങളാണുണ്ടായിരുന്നത് ... ?

ഒരു പായ, ഒരു മുക്കാലിപ്പലക, ഒരു വിരിപ്പ്, മരത്തൊലി നിറച്ച തലയിണ, ധാന്യപ്പൊടി സൂക്ഷിക്കാനുള്ള മൺപാത്രം, കാരക്ക സൂക്ഷിക്കാൻ ഒരു പാത്രം, ഒരു വെള്ളപ്പാത്രം, വെള്ളം കുടിക്കാനുള്ള കോപ്പ കഴിഞ്ഞു അവിടത്തെ സാമഗ്രികൾ. എത്രയോ ദിവസങ്ങൾ വിളക്ക് കത്തിക്കാതെ കഴിഞ്ഞുപോയിട്ടുണ്ട്. എണ്ണയുണ്ടാവില്ല. അടുപ്പിൽ തീ കത്തിക്കാത്ത ദിവസങ്ങളും ധാരാളം. വേവിക്കാൻ ഒന്നും കാണില്ല. എവിടെ നിന്നെങ്കിലും ആഹാരം കൊണ്ടുവന്നാൽ കഴിക്കും. ചിലപ്പോൾ പാൽ കിട്ടും. അന്നത്തെ ആഹാരം അതുതന്നെ. ഈത്തപ്പഴം കിട്ടിയാൽ അന്നത്തേക്ക് അതു മതി. ദാരിദ്ര്യം കൊടികൊത്തി വാഴുന്ന കാലം...

ആഇശ (റ) ആ സാഹചര്യവുമായി ഇണങ്ങിച്ചേർന്നു ...

വിദ്യാർത്ഥിനി

ഭാര്യയും ഭർത്താവും, ആഇശാ ബീവിയും നബി (സ)യും, അവർ തമ്മിലുള്ള പൊരുത്തവും സ്നേഹവും ചരിത്ര താളുകളിൽ അവ സ്ഥാനം പിടിച്ചിരിക്കുന്നു ...

വീട്ടിൽ വിളക്കില്ല. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നു. കൈകൾ കൂട്ടി മുട്ടും. രണ്ടു പേരും ഒരേ കഷ്ണത്തിൽ പിടിക്കും. ആഇശ (റ) കടിച്ചു വെച്ച എല്ലിൻ കഷ്ണം നബി (സ) എടുത്തു കടിക്കും. ഒരേ ഗ്ലാസിൽ നിന്ന് രണ്ട് പേരും വെള്ളം കുടിക്കും. കുട്ടിക്കളികൾ മാറാത്ത വധുവാണ് ആഇശ (റ) ...

കുട്ടികൾക്ക് കഥ കേൾക്കാൻ എന്തൊരിഷ്ടമാണ്. ആഇശ (റ)ക്ക് കഥ കേൾക്കണം. നല്ല കഥകൾ കേൾക്കാൻ കാതു കൂർപ്പിച്ചു കാത്തിരിക്കും. നബി (സ) കഥ പറഞ്ഞുകൊടുക്കും. ഒരിക്കൽ ഖുറാഫയുടെ കഥ പറഞ്ഞുകൊടുത്തു. ആരാണ് ഖുറാഫ ...?

ഗദ്റാ ഗോത്രക്കാരൻ. വാചാലമായി സംസാരിക്കും ആളുകൾ കേട്ടിരിക്കും ...

ഒരിക്കൽ ഖുറാഫയെ ജിന്ന് പിടിച്ചുകൊണ്ടുപോയി. ജിന്നുകളുടെ വാസസ്ഥലം. എന്തെല്ലാം അത്ഭുതങ്ങളാണ് കണ്ടത്. കുറെ കഴിഞ്ഞ് ജിന്ന് അയാളെ തിരിച്ചു കൊണ്ടുവന്നുവിട്ടു. ആളുകൾ ഖുറാഫയുടെ ചുറ്റും കൂടി. അയാൾ സംഭവങ്ങൾ വർണ്ണിച്ചു പറയാൻ തുടങ്ങി. പലതും വിശ്വസിക്കാൻ പറ്റുന്നില്ല. എങ്കിലും കേൾക്കാൻ രസമുണ്ട്. പിന്നീട് ആളുകളെ ആകർഷിക്കാൻ വേണ്ടി പൊടിപ്പും തൊങ്ങലും വെച്ചു അയാൾ കഥപറയാൻ തുടങ്ങി. അങ്ങനെ നാട്ടിൽ ഒരു ചൊല്ല് തന്നെയുണ്ടായി ... ഖുറാഫയുടെ വാർത്ത മാനം പോലെ ... എന്തെങ്കിലും അത്ഭുത സംഭവങ്ങളുടെ വർണ്ണന കേൾക്കുമ്പോൾ ആളുകൾ പറയും : ഇത് ഖുറാഫയുടെ വാർത്തയാണ്. കാലക്രമത്തിൽ ഖുറാഫാത്ത് എന്ന പ്രയോഗം വന്നു ...

നബി (സ) ഇടക്കൊക്കെ താമശ പറയും ചിരിക്കും. പൊട്ടിച്ചിരിയില്ല മന്ദഹാസം. പുഞ്ചിരി ചിലപ്പോൾ പല്ലുകൾ പുറത്ത് കാണുംവിധം ചിരിക്കും ...
പള്ളിയിലേക്ക് ധാരാളം ആളുകൾ വരും. നബി (സ) തങ്ങൾ അവർക്ക് ക്ലാസെടുത്തുകൊടുക്കും. ആഇശ (റ) വീട്ടിലിരുന്ന് അതെല്ലാം കേട്ടു പഠിക്കും. സംശയങ്ങൾ മനസ്സിൽ വെക്കും. നബി (സ) യോട് പിന്നീട് ചോദിച്ച് മനസ്സിലാക്കും. എല്ലാ ദിവസവും സന്ദർശകരുണ്ടാവും. സംസാരവും നടക്കും. എല്ലാം ആഇശ (റ) പഠിക്കും. ഒന്നും വിട്ടുപോവില്ല. വളരെ വേഗത്തിൽ പണ്ഡിതയായി മാറുകയാണ് ...

എഴുത്തും വായനയും അറിയുന്നവർ വളരെ കുറവായിരുന്നു. ഖുറൈശികളിൽ പതിനേഴ് പേർക്ക് മാത്രമാണ് എഴുത്തും വായനയും അറിയുന്നത്. പതിനേഴിൽ ഒരാൾ സ്ത്രീയായിരുന്നു. അവരുടെ പേര് ശിഫ എന്നായിരുന്നു ...

ശിഫ എന്ന വനിതയിൽ നിന്ന് എഴുത്തും വായനയും പഠിക്കാൻ നബി (സ) തങ്ങൾ ഭാര്യമാരെ ഉപദേശിച്ചിരുന്നു. കിട്ടാവുന്നത്ര വിദ്യ നേടാൻ ആഇശ (റ) ശ്രമിച്ചിരുന്നു. ഹഫ്സ (റ), ഉമ്മുസലമ (റ) എന്നിവരും ശിഫയിൽ നിന്ന് പഠിച്ചിട്ടുണ്ട് ...

അബൂബക്കർ (റ) നല്ലൊരു കവിയായിരുന്നു. മനസ്സിൽ തട്ടുന്ന ധാരാളം വരികൾ രചിച്ചിട്ടുണ്ട്. പിതാവിൽ നിന്ന് ഈ വാസന മകൾക്കും കിട്ടി ...

അക്കാലത്തെ മറ്റൊരു പ്രധാന വിജ്ഞാന ശാഖയായിരന്നു ഗോത്ര ചരിത്രം. അബൂബക്കർ (റ)വിന്റെ ഗോത്ര ചരിത്ര വിജ്ഞാനം വളരെ പ്രസിദ്ധമായിരുന്നു. ഈ കഴിവ് അതുപോലെ മകൾക്കും കിട്ടി. പിന്നെ ആ അറിവ് വികസിപ്പിച്ചെടുക്കുകയും ചെയ്തു. വൈദ്യശാസ്ത്രമായിരുന്നു ആഇശ (റ) ക്ക് ഇഷ്ടപ്പെട്ട മറ്റൊരു വിജ്ഞാന ശാഖ. മനുഷ്യ ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾ. അവയുടെ കാരണങ്ങൾ. രോഗം വരാതെ കഴിക്കാനുള്ള മാർഗ്ഗങ്ങൾ. മുൻകരുതലുകൾ. ഓരോ രോഗത്തിനും പ്രകൃതി വെച്ചിട്ടുള്ള ചികിത്സകൾ. ഇവയൊക്കെ ഇഷ്ടപ്പെട്ട പഠന വിഷയങ്ങളായിരുന്നു ...

ഇസ്ലാമിലെ ആഹാരക്രമം. ആരോഗ്യം നിലനിർത്തും. രോഗത്തെ അകറ്റി നിർത്തും. വ്യായാമവും ആരോഗ്യവും തമ്മിലുള്ള ബന്ധം. തൊഴിലും ആരോഗ്യവും ബന്ധപ്പെട്ടുകിടക്കുന്നു. ആരോഗ്യമുള്ള ശരീരവും മനസ്സും ലഭിക്കാൻ വൃത്തി വേണം. വൃത്തി ഈമാനിന്റെ ഭാഗമാണ്. ഈ രംഗത്ത് ആഇശ (റ) മികച്ച ഗവേഷണവും പഠനവും നടത്തി. മനുഷ്യരുടെ മാനസിക പ്രശ്നങ്ങൾക്കും ശമനം നടത്തി. ധാരാളം സ്ത്രീകൾ നബി (സ)യെ കാണാൻ വരും. സംശയ നിവാരണത്തിനാണ് വരിക. വരുന്നവർ ആഇശ (റ)യുടെ സഹായം തേടും. ആഇശ (റ) അവരെ നബിസന്നിധിയിലെത്തിക്കും. സംശയം നിവാരണം വരുമ്പോൾ ആഇശ (റ)ക്ക് അതിൽ നിന്നൊരു നല്ല പാഠം കിട്ടിയിരിക്കും ...

ജിഹാദിന്റെ പുണ്യം വിവരിക്കുന്നത് കേട്ടു. ധർമ്മ യുദ്ധത്തിന്റെ പ്രതിഫലം വളരെ വലുതാണ്. കേട്ടപ്പോൾ വല്ലാത്ത ആവേശം വന്നു. ആഇശ (റ) നബി(സ)യോട് ചോദിച്ചു :

'' അല്ലാഹുവിന്റെ റസൂലേ സ്ത്രീകളെങ്ങനെ ജിഹാദിൽ പങ്കെടുക്കും ...? ''
നബി (സ) ഇങ്ങനെ മറുപടി നൽകി ...

'' സ്ത്രീകളുടെ ജിഹാദ് ഹജ്ജ് ആകുന്നു...'' എല്ലാ കൊല്ലവും ഹജ്ജ് ചെയ്യണമെന്ന് അവർ മനസ്സിൽ കരുതി. അങ്ങനെ ജിഹാദിന്റെ പ്രതിഫലം നേടണം...
''വിവാഹ വേളയിൽ വധുവിന്റെ സമ്മതം വേണ്ടേ ... ?'' ആഇശ (റ)ചോദിച്ചു ...
''അതെ'' - നബി (സ) പറഞ്ഞു ...

'' നാണംകൊണ്ട് നവവധു ഒന്നും പറയില്ല...'' ആഇശ (റ) പറഞ്ഞു ...
''മൗനം സമ്മതമായി പരിഗണിക്കാം...''

'' അയൽവാസിയെ ആദരിക്കണം. ധാരാളം അയൽവാസികളുണ്ടെങ്കിലോ ? ആരെയാണ് കൂടുതൽ ആദരിക്കുക...? ''

നബി (സ) ഇങ്ങനെ മറുപടി നൽകി ...

'' ആരുടെ വാതിലാണോ നിന്റെ വാതിലിനോട് കൂടുതൽ അടുത്തിരിക്കുന്നത് അവരെ കൂടുതൽ പരിഗണിക്കുക ...''

ആഇശ (റ) പഠിക്കുകയാണ്. പ്രത്യേക സമയമില്ല. ഏത് നേരവും പഠനം തന്നെ. നബി (സ)യുടെ കർമ്മങ്ങൾ, വചനങ്ങൾ, ചിന്തകൾ എല്ലാം നിരീക്ഷിക്കുന്നു, പഠിക്കുന്നു, വിദ്യ വളരുന്നു ...

ജീവിതം പഠനത്തിനു വേണ്ടി

ആഇശ (റ) യുടെ വിജ്ഞാന വളർച്ചക്ക് നബി (സ)തങ്ങളുടെ ഉപദേശങ്ങൾ വളരെയേറെ സഹായകമായിട്ടുണ്ട്. രാത്രിയിലും പകലിലുമായി എന്തുമാത്രം ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണവർക്ക് ലഭിച്ചിട്ടുള്ളത്.

ഒരിക്കൽ നബി (സ) തങ്ങൾ ഉപദേശിച്ചു :

ആഇശാ നിസ്സാര കുറ്റങ്ങളും സൂക്ഷിക്കണം. അല്ലാഹുവിന്റെ സന്നിധിയിൽ അതിനെക്കുറിച്ചും വിചാരണ ചെയ്യപ്പെടും ...

ഈ ഉപദേശം ആഇശ (റ) വളരെ ഗൗരവത്തിലെടുത്തു. വാക്കിലും പ്രവർത്തിയിലും സൂക്ഷ്മത പുലർത്തി.

ഒരിക്കൽ നബി (സ) തങ്ങളും ആഇശ (റ)യും കൂടി ഒട്ടകപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. ഒട്ടകം അതിവേഗം നടക്കാൻ തുടങ്ങി. ആഇശ (റ) അസ്വസ്ഥയായി. ഏതോ ഒരു ശാപവാക്ക് അവരുടെ വായിൽ നിന്ന് പുറത്തുവന്നു. നബി (സ) ഇങ്ങനെ പറഞ്ഞു:

നമുക്ക് ഒട്ടകത്തെ തിരിച്ചയക്കാം. ശാപം കിട്ടിയ ഒട്ടകം നമ്മുടെ കൂടെ വേണ്ട ...

അത് കേട്ട് ആഇശ (റ) യുടെ മനസ്സിളകിപ്പോയി. ഒരു ജീവിയെയും ശപിക്കരുതെന്ന പാഠം അവർ പഠിച്ചു. പറഞ്ഞുപോയ ശാപവാക്ക് ഓർത്തു അവർ പലതവണ ഖേദിച്ചു കണ്ണീരൊഴുക്കി...

ഒരു യാചകൻ ഭിക്ഷ ചോദിച്ചു വന്നു വീട്ടിനു മുമ്പിൽ വന്നുനിന്നു കൈ നീട്ടി. ആഇശ (റ) യുടെ നിർദേശപ്രകാരം നിസ്സാരമായ സംഖ്യ നൽകപ്പെട്ടു...
അപ്പോൾ നബി (സ) പറഞ്ഞു :

ആഇശാ എണ്ണിനോക്കി കൊടുക്കരുത്. എണ്ണി നോക്കിക്കൊടുത്താൽ അല്ലാഹു നിനക്കും എണ്ണിനോക്കിയാവും തരിക ...

പിന്നീട് അവർ ഉള്ളതെല്ലാം ദാനം ചെയ്യുന്നവരായിത്തീർന്നു. അതിശയകരമായ ദാനശീലം...

ഒരിക്കൽ അവരുടെ ഏതോ ഒരു സാധനം കള്ളൻ കൊണ്ടുപോയി. ഉടനെയവർ കള്ളനെ ശപിച്ചുകൊണ്ട് പ്രാർത്ഥിച്ചു. 

നബി (സ) ഇങ്ങനെ ഉപദേശിച്ചു:

അത് അവന്റെ പാപം കുറക്കും. നിന്റെ പുണ്യവും കുറച്ചുകളയും. കുറ്റം ചെയ്തവനെ ശപിക്കരുത്. അപ്പോൾ അവന് തക്കതായ ശിക്ഷ കിട്ടും. ക്ഷമിച്ചതിന് വലിയ പുണ്യവും കിട്ടും. ഈ പാഠം ആഇശ (റ) അന്ന് പഠിച്ചു...

എന്ത് പറഞ്ഞ് കൊടുത്താലും ചെറുപ്പക്കാരിയായ ആഇശ (റ) ക്ക് മനസ്സിലാവും. അവരത് ഉൾക്കൊള്ളും. നടപ്പിൽ വരുത്തും. ഇക്കാര്യം നബി (സ) തങ്ങൾക്ക് നന്നായിട്ടറിയാം. അതുകൊണ്ട് കഴിയാവുന്നത്ര കാര്യങ്ങൾ ആഇശ (റ)യെ പഠിപ്പിക്കാൻ നബി (സ) തങ്ങൾ ശ്രമിച്ചു ...

ആഇശ (റ) പഠിക്കണം. പഠിച്ചു പണ്ഡിതയായിത്തീരണം. ഭാവിയിൽ അവരുടെ വിജ്ഞാനം ലോകത്തിന് ഉപകാരപ്പെടും. അവരിൽ നിന്ന് വിജ്ഞാനത്തിന്റെ പ്രകാശം നാനാ ദിക്കിലേക്കും വ്യാപിക്കും. ആ പ്രകാശം ശക്തമായിരിക്കണം. ആഇശ (റ) നന്നായി പഠിച്ചാലേ പ്രകാശം ശക്തമാവുകയുള്ളൂ. ഇതൊക്കെ നബി (സ) തങ്ങൾക്കറിയാം. അതുകൊണ്ട് ആഇശ (റ)ക്ക് വിദ്യ നൽകുന്നതിൽ നബി (സ) തങ്ങൾ പ്രത്യേക താൽപര്യം കാണിച്ചു. മറ്റ് ഭാര്യമാരെ പഠിപ്പിച്ചാൽ ഇത്രത്തോളം പ്രയോജനം ലഭിക്കില്ല. അവരെയും ധാരാളം പഠിപ്പിച്ചു. അവരെക്കൊണ്ടും പ്രയോജനമുണ്ടായി. ആഇശ (റ)യുടെ വിജ്ഞാനമാണ് കൂടുതൽ ഫലപ്രദമാവുക. ഇങ്ങനെയുള്ള നിരവധി ഗുണങ്ങൾ ആഇശ (റ)യെ നബി (സ)ക്ക് ഏറ്റവും പ്രിയപ്പെട്ടവളാക്കിത്തീർത്തു ...

പ്രമുഖ സ്വഹാബിവര്യൻ അംറുബ്നുൽ ആസ് (റ) നബി (സ) തങ്ങളോട് ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ അങ്ങ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ആരെയാണ് ...?

ഉടനെ മറുപടി വന്നു: ആഇശയെ. 

പുരുഷന്മാരെ സംബന്ധിച്ചാണ് ഞാൻ ചോദിച്ചത് ...
നബി (സ)മറുപടി ഇങ്ങനെയായിരുന്നു...

ആഇശയുടെ പിതാവിനെ ... ഈ സംഭാഷണം വളരെ പ്രസിദ്ധമായിത്തീർന്നു. പിതാവും പുത്രിയും ഇരുവരും നബി (സ)യുടെ പ്രത്യേകമായ പരിഗണനക്കും പ്രീതിക്കും പാത്രമായിത്തീർന്നു...

കളികളിലും വിനോദങ്ങളിലും ആഇശ (റ)ക്ക് താൽപര്യമുണ്ടായിരുന്നു. ഈ താൽപര്യം നബി (സ)തങ്ങൾ അംഗീകരിച്ചു. അതിന് സൗകര്യം ചെയ്തു കൊടുത്തു. ആഇശ (റ) യുടെ സംരക്ഷണയിൽ ഒരു അൻസാരി പെൺകുട്ടി വളരുന്നുണ്ടായിരുന്നു. അവളുടെ വിവാഹം നിശ്ചയിച്ചു. ആഇശ (റ)യുടെ നേതൃത്വത്തിലാണ് വിവാഹം നടക്കുന്നത്. വളരെ ലളിതമായ വിവാഹം. കല്യാണ ദിവസം നബി (സ) ആഇശ (റ)യോട് ചോദിച്ചു ...

എന്താ പാട്ടും രാഗവുമൊന്നുമില്ലേ... ?

കല്യാണദിവസം പാട്ടുപാടുന്നത് ആഇശ (റ) ക്ക് ഇഷ്ടമാകുമെന്ന് കണ്ടാണ് നബി (സ) അങ്ങനെ പറഞ്ഞത് ...

ഒരു പെരുന്നാൾ ദിവസം നാടാകെ ആഹ്ലാദത്തിലാണ്. പുത്തനുടുപ്പുകൾ അണിഞ്ഞ് അത്തറു പൂശി എല്ലാവരും സന്തോഷത്തിലാണ്. അപ്പോൾ കായികാഭ്യാസ പ്രകടനം തുടങ്ങി. നബി (സ) അത് കണ്ടുനിന്നു. തൊട്ടു പിന്നിൽ ആഇശ (റ)വന്നു നിന്നു. ആഇശ (റ)ക്ക് മറയായി നിന്ന് കൊടുക്കുകയായിരുന്നു. ആഇശ (റ)കണ്ട് മതിയായി മടങ്ങിപ്പോയി. അപ്പോൾ നബി (സ) തങ്ങളും മടങ്ങി ...

അടിമപ്പെൺകൊടിമാർ രാഗത്തിൽ പാട്ട് പാടും. ആഇശ (റ) കൗതുകത്തോടെ കേട്ടിരിക്കും. പാടിയവർക്ക് സമ്മാനം നൽകും...

മകൾ ഭർത്താവിനോട് അമിതമായ സ്വാതന്ത്ര്യമെടുക്കുന്നുണ്ടോയെന്ന് അബൂബക്കർ (റ)വിന് സംശയം ...

ഒരിക്കൽ അബൂബക്കർ (റ) ആ വീട്ടിലേക്ക് കയറിവന്നു. മകൾ നബി (സ)തങ്ങളോട് സംസാരിക്കുന്നു. മകളുടെ സംസാരം അതിര് വിടുകയാണെന്ന് അബൂബക്കർ (റ)വിന് തോന്നി ...

മകളോട് കോപം വന്നു മകളെ അടിക്കാൻ കൈ പൊക്കി. പെട്ടെന്ന് നബി (സ)തടഞ്ഞു. ആഇശ (റ) രക്ഷപ്പെട്ടു. അബൂബക്കർ (റ) മടങ്ങിപ്പോയി ...

അതിന് ശേഷം നബി (സ) ആഇശ (റ)യോട് പുഞ്ചിരിയോടെ ചോദിച്ചു, ആഇശാ നിന്നെ ഞാൻ എങ്ങനെയാണ് രക്ഷപ്പെടുത്തിയെടുത്തത് ...? ആഇശ (റ) വിന് നബി (സ)തങ്ങളോടുള്ള സ്നേഹം വിവരണങ്ങൾക്കധീതമാണ്...

നബി (സ)യുടെ മുഖം വാടിക്കണ്ടാൽ ആഇശ (റ)വ്യസനിക്കും എപ്പോഴും സന്തോഷവാനായിക്കാണണം. ശാന്തനായിരിക്കണം. ചോദിക്കാനും പറയാനും പറ്റിയ അവസ്ഥയിലായിരിക്കണം. ഏറ്റവും നല്ല ഭർത്താവായിത്തന്നെ നബി (സ) തങ്ങൾ അന്ത്യം വരെ ജീവിച്ചു ...

എല്ലാം നബി (സ)ക്കു വേണ്ടി

നബി (സ)തങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക. നബി (സ)ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഉപേക്ഷിക്കുക. ഇതായിരുന്നു ആഇശ (റ)യുടെ സ്വഭാവം ...

ആഇശ (റ) ഒരു മനുഷ്യ സ്ത്രീയാണ്. അബദ്ധങ്ങൾ സംഭവിക്കാം. തെറ്റാണെന്ന് ബോധ്യം വന്നാൽ ഉടനെ തിരുത്തും. വന്നുപോയ അബദ്ധത്തെക്കുറിച്ചോർത്തു പശ്ചാത്തപിക്കും ...

ആഇശ (റ) ഗോതമ്പ് കിട്ടിയാൽ കഴുകിയുണക്കും, പൊടിക്കും, മാവ് കുഴച്ച് റൊട്ടിയുണ്ടാക്കും. നബി (സ) തങ്ങൾ വരുമ്പോൾ ആഹാരം വിളമ്പും.ഒന്നിച്ചിരുന്ന് കഴിക്കും ...

നബി (സ)തങ്ങളുടെ വസ്ത്രങ്ങൾ അലക്കും. ഉണക്കിയെടുത്ത് മടക്കി വെക്കും. വുളുവിനുള്ള വെള്ളം എടുത്തുവെക്കും. വെള്ളപ്പാത്രം അടുത്ത് കൊണ്ടുവന്ന് വെക്കും. തലമുടി ചീകിക്കൊടുക്കും. സുഗന്ധം പൂശിക്കൊടുക്കും. ഉറങ്ങാൻ നേരത്ത് വെള്ളവും മിസ് വാക്കും എടുത്തു വെക്കും. ഉറങ്ങാനുള്ള വിരിപ്പ് ശരിയാക്കി വിരിക്കും. ഭക്തിനിർഭരമായ അന്തരീക്ഷം നിലനിർത്തും...

വീട്ടിൽ വരുന്ന വിരുന്നുകാരെ പരിചരിക്കും. നബി (സ) ബലിയറുക്കാൻ നിർത്തിയ ഒട്ടകങ്ങൾക്ക് താലി കെട്ടികൊടുക്കും. ഏതെല്ലാം രീതിയിൽ നബി (സ) തങ്ങൾക്ക് സേവനം ചെയ്യാൻ കഴിയുമോ ആ വിധത്തിലെല്ലാം ചെയ്തു. അതിനുള്ള ഒരവസരവും പാഴാക്കിയില്ല ...

നബി (സ)യുടെ എല്ലാ കൽപനകളും അനുസരിച്ചു. എല്ലാ ഉപദേശങ്ങളും സ്വീകരിച്ചു. എല്ലാ നിർദേശങ്ങളും മാനിച്ചു. അവിടുത്തെ സംതൃപ്തിക്കുവേണ്ടി സ്വജീവിതം പൂർണമായി സമർപ്പിച്ചു ...

ഒരിക്കൽ നബി (സ) തങ്ങൾ ആഇശ (റ) യുടെ വീട്ടിലേക്ക് വരികയായിരുന്നു. വാതിലിൽ ഒരു പുതിയ വിരി തൂങ്ങുന്നുണ്ട്. നബി (സ)ക്ക് പുതിയ വിരി ഇഷ്ടപ്പെടുമെന്നാണ് ആഇശ (റ) കരുതിയിരുന്നത്. നബി (സ) നടന്നുവരുന്നത് പ്രതീക്ഷിച്ചിരുന്നു. നബി (സ) വിരിയിലേക്ക് നോക്കി. മുഖത്ത് വെറുപ്പ് പ്രകടമായി വീട്ടിലേക്ക് കടന്നില്ല പിന്നോട്ട് മാറി. ആഇശ (റ) അസ്വസ്ഥയായി. ബദ്ധപ്പാടോടെ ചോദിച്ചു അല്ലാഹുവിന്റെ റസൂലേ എനിക്ക് എന്തെങ്കിലും തെറ്റ് പറ്റിപ്പോയെങ്കിൽ ക്ഷമിക്കണം എന്ത് തെറ്റാണ് സംഭവിച്ചുപോയത് ...?

ആഇശാ രൂപങ്ങളുള്ള വീട്ടിൽ മലക്കുകൾ കടക്കുകയില്ല. കേൾക്കേണ്ട താമസം ആഇശ (റ) വിരി മാറ്റിക്കളഞ്ഞു. അത്ര വേഗതയിലാണ് തെറ്റു തിരുത്തൽ ...

വീട്ടിൽ വെച്ച് നബി (സ) ഉച്ചരിക്കാറുള്ള ഒരു വചനം, നബി പത്നിമാരെ വല്ലാതെ ചിന്തിപ്പിച്ചു. ഭൗതിക വിരക്തിയിലേക്ക് അവരെ എത്തിച്ച വചനമാണത് അതിന്റെ ആശയം ഇങ്ങനെയാകുന്നു ...

രണ്ട് താഴ് വരകൾ നിറയെ സമ്പത്തുണ്ടായാലും മനുഷ്യൻ മൂന്നാമത്തേത് കൊതിക്കും. കൊതി തീരില്ല. മണ്ണ് അല്ലാതെ അവന്റെ വായ നിറയ്ക്കുകയില്ല. അല്ലാഹു പറയുന്നു: നിസ്കാരം നിലനിർത്താനും സക്കാത്ത് കൊടുക്കാനുമാണ് നാം സമ്പത്ത് നൽകിയത്. ആരെങ്കിലും അല്ലാഹുവിലേക്ക് മടങ്ങിയാൽ അല്ലാഹു അവനിലേക്കും മടങ്ങും. നിരവധി തവണ നബിപത്നിമാർ ഈ വചനം കേട്ടു. അതിന്റെ ആശയം പൂർണമായി മനസ്സിലാക്കി മനുഷ്യന്റെ ആർത്തിയെക്കുറിച്ച് നന്നായറിഞ്ഞു. അവർ അതിൽ നിന്ന് മോചിതരായി ...

നബി (സ)യും ആഇശ (റ)യും ഒന്നിച്ചു നിന്നു നിസ്കരിക്കും. നബി (സ) ഇമാം. ആഇശ (റ) മഹ്മൂം. രാത്രിയുടെ അവസാന യാമത്തിലാണ് ഈ നിസ്കാരം. മസ്ജിദിൽ നിന്ന് ഇശാ നിസ്കരിച്ചശേഷമാണ് നബി (സ) വരിക. ഉറങ്ങുന്നതിനു മുമ്പ് ദന്തശുദ്ധി വരുത്തും. രാത്രിയുടെ മൂന്നിൽ രണ്ട് ഭാഗം കഴിഞ്ഞാൽ ഉറക്കം വിട്ടെഴുന്നേൽക്കും. ആഇശ (റ) കൂടെ എഴുന്നേൽക്കും. ഉറങ്ങിപ്പോയാൽ നബി (സ) വിളിച്ചുണർത്തും. ഇരുവരും നിസ്കരിക്കും. തഹജ്ജുദ് നിസ്കാരത്തിൽ നീണ്ട സൂറത്തുകൾ ഓതും. അൽബഖറ, ആലുഇംറാൻ, നിസാഹ് തുടങ്ങിയ സൂറത്തുകൾ ആയത്തുകളുടെ അർത്ഥം നന്നായി മനസ്സിലാക്കിക്കൊണ്ടുള്ള ഭക്തി നിർഭരമായ പാരായണം. ഓരോ വചനവും ആഇശ (റ)യുടെ മനസ്സിന്നടിത്തട്ടിലേക്ക് ഇറങ്ങിപ്പോവും. ആത്മീയ നിർവൃതിയോടെ ഉന്നതമായ അവസ്ഥയിലായിരിക്കും അവരപ്പോൾ ...

ഒരു ദിവസം ആഇശ (റ) ഗോതമ്പ് പൊടിച്ച് മാവ് ശരിയാക്കിവെച്ചു. നബി (സ) വരുമ്പോൾ റൊട്ടിയുണ്ടാക്കാമെന്ന് വെച്ചു കാത്തിരുന്നു.
നബി (സ) വന്നു നിസ്കരിക്കാൻ തുടങ്ങി. ആഇശ (റ) മറ്റേതോ കാര്യം ശ്രദ്ധിച്ചു...

അയൽപക്കത്തെ ആട് കയറിവന്നു പാത്രത്തിൽ മാവ് കണ്ടു. ആടിന് ഉത്സാഹം വർദ്ധിച്ചു. ധൃതിയിൽ നടന്നുവന്നു പാത്രത്തിൽ തലയിട്ടു മാവ് നക്കിനോക്കി രുചിയറിഞ്ഞു. പെട്ടെന്ന് എല്ലാം നക്കിത്തിന്നു തീർത്തു പാത്രം കാലിയാക്കി. ആഇശ (റ) കടന്നു വന്നു രംഗം കണ്ടു സങ്കടവും കോപവും വന്നു ആടിനെ നന്നായിട്ടൊന്നു പൊട്ടിച്ചുകൊടുക്കാൻ തോന്നി. ആടിനെ അടിക്കാൻ തുനിഞ്ഞപ്പോൾ അത് വിലക്കിക്കൊണ്ട് നബി (സ) പറഞ്ഞു ...

ആഇശാ വേണ്ട അയൽവാസിയെ ബുദ്ധിമുട്ടിക്കരുത് ...

അത് കേട്ട് ആഇശ (റ) പിൻവാങ്ങി. ദുഃഖം അടക്കി വിശന്ന വയറോടെ കിടന്നു ...
പട്ടും സ്വർണവും സ്ത്രീകൾക്ക് ധരിക്കാം. 

എന്നാൽ നബിപത്നിമാർ സർണാഭരണങ്ങളും പട്ടുവസ്ത്രങ്ങളും ഉപേക്ഷിച്ചു ...
ആഇശ (റ) ഒരിക്കൽ സ്വർണ വള ധരിച്ചു.

നബി (സ) തങ്ങൾ അത് കണ്ടപ്പോൾ ഇങ്ങനെ ഉപദേശിച്ചു...

വെള്ളിയുടെ രണ്ട് വളകളുണ്ടാക്കി അതിന് കുങ്കുമ വർണ്ണം പിടിപ്പിക്കുക. വളരെ ലളിതമായ ജീവിതമാണവർ തിരഞ്ഞെടുത്തത്. വസ്ത്രം, ഭക്ഷണം, ആഭരണം, ഭവനം എല്ലാം വളരെ ലളിതം...

പരലോകത്തിനു വേണ്ടി ഐഹിക സുഖങ്ങൾ ത്യജിച്ച മഹതികൾ ചില സന്ദർഭങ്ങളിൽ ആഭരണം ധരിച്ചതായി പറയപ്പെട്ടിട്ടുണ്ട് ...

മാല വീണുപോയി

ഹിജ്റ അഞ്ചാം വർഷത്തിൽ നടന്ന ഒരു യുദ്ധത്തെക്കുറിച്ചാണ് ഇനി പറയുന്നത്...

ആഇശ (റ) നബി (സ) തങ്ങളോടൊപ്പം താമസം തുടങ്ങിയിട്ട് നാല് വർഷത്തോളമായി. സംഭവബഹുലമായ വർഷങ്ങൾ. അപ്പോഴേക്കും അവർ നേടിയ വിദ്യകൾ പറഞ്ഞു തീർക്കാനാവില്ല. മുസ്ലിം സമൂഹത്തിന്റെ അഭിമാനമായി മാറി ആ ചെറുപ്പക്കാരിയായ പണ്ഡിത വനിത...

സത്യവിശ്വാസികൾ അവരെ വല്ലാതെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. ഇതൊന്നും ഇഷ്ടപ്പെടാത്ത ഒരു വിഭാഗം മുസ്ലിംകൾക്കിടയിൽ തന്നെയുണ്ടായിരുന്നു. പ്രത്യക്ഷത്തിൽ അവർ മുസ്ലിംകൾ തന്നെ. നിസ്കാരവും, നോമ്പും, ഖുർആൻ പാരായണവുമെല്ലാം നടത്തുന്നവരാണ്. എല്ലാ രംഗത്തും അവരുണ്ട്. അവർ ഇസ്ലാമിന്റെ ശത്രുക്കളാണ്. എന്നാൽ പ്രത്യക്ഷ ശത്രുക്കളല്ല. മുസ്ലിംകളും ശത്രുക്കളും തമ്മിൽ ഒരു യുദ്ധം നടന്നാൽ അക്കൂട്ടർ എവിടെ നിൽക്കും ...? മുസ്ലിംകളുടെ കൂടെ നിൽക്കും. മുസ്ലിംകളോടൊപ്പം നിന്ന് പടപൊരുതും. ശത്രുക്കൾക്ക് ജയിക്കാനുള്ള വഴി തുറന്നു കൊടുക്കുകയും ചെയ്യും. അക്കൂട്ടരുടെ പേരാണ് മുനാഫിഖുകൾ.

കപടവിശ്വാസികൾ. സമൂഹത്തിലെ ഉന്നതന്മാർക്കെതിരെ അപവാദ പ്രചരണം നടത്തി അവരെ മാനസികമായി പീഡിപ്പിക്കുകയെന്നത് മുനാഫിഖുകളുടെ പ്രധാന പരിപാടിയാണ് ...

ആഇശ (റ) വിനെതിരിൽ അപവാദ പ്രചരണം നടത്താൻ മുനാഫിഖുകൾക്ക് ഒരവസരം കിട്ടി. മൂന്നുപേരെ ഒരേ സമയം മാനസികമായി പീഡിപ്പിക്കാൻ മുനാഫിഖുകൾ പദ്ധതി തയ്യാറാക്കി. ആഇശ (റ), പിതാവ് അബൂബക്കർ (റ), ഭർത്താവ് മുഹമ്മദ് മുസ്തഫ (സ) എന്നിവരെ ഉന്നംവെച്ചാണ് അപവാദ പ്രചരണം നടത്തിയത്...

ഹിജ്റ അഞ്ചാം വർഷം നടന്ന യുദ്ധത്തെത്തുടർന്നാണ് അപവാദ സംഭവം അരങ്ങേറുന്നത്. ബനൂ മുസ്തലഖ് ഗോത്രവുമായിട്ടാണ് യുദ്ധം നടന്നത്. നജ്ദിന്ന് സമീപമുള്ള പ്രദേശത്ത് വെച്ചായിരുന്നു യുദ്ധം. മുനാഫിഖുകളുടെ ഒരു വലിയ സംഘം തന്നെ ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു...

ഇത്തവണ യുദ്ധത്തിനു പോവുമ്പോൾ കൂടെപ്പോവാനുള്ള അവസരം കിട്ടിയത് ആഇശ (റ) വിന്നാണ്. അവർ തന്റെ സഹോദരി അസ്മാഇന്റെ മാല വാങ്ങി കഴുത്തിലിട്ടു. അതിന്റെ നൂല് വളരെ ദുർബലമായിരുന്നു. അന്ന് പതിനാല് വയസ്സുള്ള പെൺകുട്ടിയാണവർ ...

ആഇശ (റ) ക്ക് സഞ്ചരിക്കാൻ ഒരു ഒട്ടകം ഒരുക്കി. അതിൽ ഒരു കൂടാരം ഘടിപ്പിച്ചു. ഒട്ടകക്കാരൻ അത് താഴെ വെക്കും. പർദ്ദ ധരിച്ചുകൊണ്ട് ആഇശ (റ) അതിൽ വന്നു കയറിയിരിക്കും. ഒട്ടകക്കാരൻ കൂടാരം എടുത്ത് ഒട്ടകപ്പുറത്ത് ബന്ധിക്കും. യാത്ര തുടരും. ആഇശ (റ) വളരെ മെലിഞ്ഞ പെൺകുട്ടിയാണ്. തൂക്കം കുറവാണ്. കൂടാരത്തിൽ അവരുണ്ടോ ഇല്ലേയെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. നബി (സ) തങ്ങളും സംഘവും യുദ്ധഭൂമിയിലെത്തി. മുനാഫിഖുകൾ പല പ്രശ്നങ്ങളും സൃഷ്ടിക്കാൻ നോക്കി, വിജയിച്ചില്ല...

യുദ്ധം ജയിച്ചു മടക്കയാത്ര തുടങ്ങി. മുനാഫിഖുകൾ മുഹാജിറുകളെയും അൻസാറുകളെയും തമ്മിൽ തെറ്റിക്കാൻ പല ശ്രമങ്ങളും നടത്തി. അബ്ദുല്ലാഹിബ്നു ഉബയ്യ് ആണവരുടെ നേതാവ്.

അബ്ദുല്ലാഹിബ്നു ഉബയ് ഇങ്ങനെ പ്രഖ്യാപിച്ചു :

ഞങ്ങൾ മദീനയിലെത്തിയാൽ മാന്യതയുള്ളവർ നീചനെ അവിടെ നിന്ന് പുറത്താക്കും ...

നബി (സ) തങ്ങളെയും മുഹാജിറുകളെയും അയാൾ നിശിതമായി വിമർശിച്ചു. ചിലർ അയാളുടെ കെണിയിൽ വീണുപോയി. മുനാഫിഖുകളാണ് സ്വയം മാന്യന്മാരെന്ന് വിശേഷിപ്പിച്ചത്. നബി (സ)യെപ്പറ്റി തരംതാണ രീതിയിലാണ് അബ്ദുല്ലാഹിബ്നു ഉബയ്യ് സംസാരിച്ചത്. അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ മകൻ ഇതിന്നെതിരെ പ്രതികരിച്ചു...

നിങ്ങൾ നീചനാണെന്നും മുഹമ്മദ് നബി (സ) മാന്യനാണെന്നും പ്രഖ്യാപിക്കാതെ ഞാൻ നിങ്ങളെ വിടില്ല. നബി (സ) തങ്ങൾ മുനാഫിഖുകളുടെ നേതാവിനെ ഉപദ്രവിക്കാൻ സമ്മതിച്ചില്ല. വെറുതെ വിട്ടു. നബി (സ) അൻസാറുകളെ നല്ല ഉപദേശം നൽകി സമാധാനിപ്പിച്ചു ...

യുദ്ധത്തിനുശേഷമുള്ള മടക്കയാത്ര ഒരു മൈതാനിയിലെത്തി വിശ്രമിച്ചു. ഒട്ടകക്കാർ ആഇശ (റ) യുടെ കൂടാരം താഴെ വെച്ചു. ആഇശ (റ) മലമൂത്ര വിസർജ്ജനത്തിന്നായി അൽപം ദൂരത്തേക്ക് നടന്നുപോയി. തിരിച്ചു വന്നപ്പോൾ മാല കാണാനില്ല. അതന്വേഷിച്ചു വീണ്ടും പോയി. അമ്പരപ്പ് കാരണം ആരോടും വിവരം പറഞ്ഞില്ല. ആഇശ (റ)യുടെ കൂടാരം ഒട്ടകപ്പുറത്ത് എടുത്തു വെച്ചു. അവർ അതിൽ ഇല്ലെന്ന് ഒട്ടകക്കാർക്ക് മനസ്സിലായില്ല. നബി (സ) തങ്ങളും സംഘവും പുറപ്പെട്ടു കഴിഞ്ഞു. ആഇശ (റ) മാലയും തിരഞ്ഞു നടന്നു കുറെ സമയം നീണ്ടുപോയി. ഒടുവിൽ മാല കിട്ടി. പരിഭ്രമത്തോടെ ധൃതിയിൽ നടന്നു വന്നു നോക്കുമ്പോൾ മൈതാനം വിജനമാണ്. എല്ലാവരും പോയിക്കഴിഞ്ഞു...

ഇനിയെന്ത് ചെയ്യും...? താൻ കൂടെയില്ലെന്ന് അവർ എപ്പോഴാണ് മനസ്സിലാക്കുക ...? മനസ്സിലാക്കിയാൽ ആരെങ്കിലും തിരിച്ചു വരും. അതുവരെ ഇവിടെ കാത്തിരിക്കാം. ആഇശ (റ) മൂടിപ്പുതച്ചു അവിടെത്തന്നെയിരുന്നു. മനസ്സ് വല്ലാതെ പിടഞ്ഞു. നിരാശയും ദുഃഖവും ക്ഷീണവും അവരെ പൊതിഞ്ഞു. അവർ തളർന്ന് നിലത്തിരുന്നുപോയി ...

വിശുദ്ധ വചനങ്ങൾ

പട്ടാളം കടന്നുപോയി കുറെ കഴിഞ്ഞ ശേഷം ഒരു സൈനികൻ പിന്നാലെ സഞ്ചരിച്ചുവരും. മുമ്പേ പോയവർ വല്ലതും മറന്നുവെച്ചു പോയിട്ടുണ്ടെങ്കിൽ അവയെടുക്കാനും, ആരെങ്കിലും കൂട്ടംതെറ്റിപ്പോയിട്ടുണ്ടെങ്കിൽ അവരെ സഹായിക്കാനുമായിട്ടാണ് അങ്ങനെയൊരാളെ നിയോഗിക്കുന്നത്. ഇത്തവണ പിന്നാലെ വരാൻ നിയോഗിക്കപ്പെട്ടത് സഫ്വാനുബ്നു മുഅത്വൽ (റ) എന്ന സ്വഹാബിയാകുന്നു...


അദ്ദേഹം സഞ്ചരിച്ചു വരുമ്പോൾ വഴിയിൽ ഒരാൾ ഇരിക്കുന്നത് കണ്ടു. അടുത്തു വന്നു നോക്കി ഇതൊരു സ്ത്രീയാണല്ലോ... ? ഇവരെ ഞാൻ നേരത്തെ കണ്ടിട്ടുണ്ടല്ലോ ഇതാര് ...? 

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ അതിശയത്തോടെ വിളിച്ചു പറഞ്ഞുപോയി. നബി (സ) തങ്ങളുടെ ഭാര്യ ആഇശ (റ) ആണല്ലോ എന്തു പറ്റി ...?

എങ്ങനെ ഇവിടെ പെട്ടു...?

ആഇശ (റ) സംഭവം വിവരിച്ചു ...

സാരമില്ല ഈ ഒട്ടകപ്പുറത്ത് കയറിയിരുന്നോളൂ ... ഞാൻ ഒട്ടകത്തെ തെളിച്ചു കൊണ്ട് നടന്നുകൊള്ളാം. ആഇശ (റ) ഒട്ടകപ്പുറത്ത് കയറിയിരുന്നു. ഒട്ടകം നീങ്ങി മണിക്കൂറുകൾ കടന്നു പോയി. അകലെ സൈന്യത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. അടുത്ത വിശ്രമസ്ഥലം. ആഇശ (റ) സഞ്ചരിച്ച ഒട്ടകത്തെ കണ്ടു. കൂടാരം താഴെയുണ്ട്. ആഇശ (റ) ഒട്ടകപ്പുറത്ത് നിന്നിറങ്ങി. അപ്പോഴാണ് ആളുകൾ സംഭവമറിയുന്നത് വിശ്രമം കഴിഞ്ഞു വീണ്ടും യാത്ര ... എല്ലാം സാധാരണപോലെ ...

എന്നാൽ അപ്പോൾ മുനാഫിഖുകളുടെ ബുദ്ധി നന്നായി പ്രവർത്തിക്കുകയായിരുന്നു. ഒരു അപവാദ കഥ അവർ രൂപപ്പെടുത്തി. ചെറുപ്പക്കാരനായ സഫ്വാനുബ്നു മുഅത്വൽ, ചെറുപ്പക്കാരിയായ ആഇശ അവർ മരുഭൂമിയിലൂടെ ഇത്രയും ദൂരം ഒന്നിച്ചു സഞ്ചരിച്ചു. അതിന്നിടയിൽ അവിഹിത സംഭവങ്ങൾ നടന്നു. ഇതാണവർ മെനഞ്ഞെടുത്ത കഥ ...

സംഘം മദീനയിലെത്തി. ആഇശ (റ) വീട്ടിലെത്തി പതിവുപോലെ കാര്യങ്ങൾ നീങ്ങി. കപട വിശ്വാസികളുടെ പ്രചാര വേലകളൊന്നും അവരറിഞ്ഞില്ല. കപട വിശ്വാസികൾ നാട്ടിലാകെ പ്രചാരണം നടത്തി. സർവ്വ കോണുകളിലും അപവാദ കഥയെത്തി. ആഇശ കളങ്കപ്പെട്ടു. നബി (സ) കഥ കേട്ടു സങ്കടപ്പെട്ടു. അബൂബക്കർ (റ)വും ഭാര്യയും കേട്ടു ദുഃഖിതരായി. ആഇശ (റ)യോട് ആരും ഒന്നും പറഞ്ഞില്ല. അവർ ഒന്നുമറിഞ്ഞില്ല...

ആയിടക്ക് ആഇശ (റ)വിന് രോഗം വന്നു കിടപ്പിലായി. രോഗം വന്നാൽ നബി (സ) കൂടുതൽ പരിഗണിക്കും. കൂടുതൽ സ്നേഹം കിട്ടും അതൊരാശ്വാസമാണ്. ഇത്തവണ അതുണ്ടായില്ല. വരും സലാം ചൊല്ലും സുഖവിവരം അന്വേഷിക്കും ഉടനെ പോകും. എന്താണിങ്ങനെ ഒരു മാറ്റം ... ? ഒന്നും മനസ്സിലാവുന്നില്ല ...?

ഉമ്മു മിസ്തഹ് എന്ന സ്വഹാബി വനിതയോടൊപ്പം ഒരു ദിവസം വീട്ടിൽ നിന്ന് ആഇശ (റ) പുറത്തിറങ്ങി. കുറച്ചു ദൂരം നടന്നപ്പോൾ ഉമ്മു മിസ്ത്വഹ് (റ) തുണി തടഞ്ഞുവീഴാൻ പോയി. അവരുടെ വായിൽ നിന്ന് ഒരു ശാപ വാക്ക് പുറത്ത് വന്നു. മിസ്തഹ് നശിക്കട്ടെ ...

ആഇശ (റ) ഞെട്ടിപ്പോയി. അവർ ഉൽക്കണ്ഠയോടെ ചോദിച്ചു ...
നിങ്ങൾ സ്വന്തം മകനെ ശപിക്കുകയാണോ ? മിസ്തഹ് ബദറിൽ പങ്കെടുത്ത സ്വഹാബിയല്ലേ ... ?

മോളേ അവന്റെ ദുഷ്പ്രവർത്തികൾ മോളറിഞ്ഞില്ലേ...?
ഇല്ല ഞാനൊന്നുമറിഞ്ഞില്ല ...

മോളെപ്പറ്റി നാട്ടിൽ പരന്ന കഥകളൊന്നുമറിയില്ലേ ... ?
ഇല്ല. എന്ത് കഥകൾ ...?

ഉമ്മു മിസ്തഹ് സംഭവങ്ങൾ പറഞ്ഞു കൊടുത്തു. ആഇശ (റ) തളർന്നു പോയി. നബി (സ)യുടെ അകൽച്ചയുടെ കാരണം മനസ്സിലായി. മാതാപിതാക്കളുടെ അടുത്തേക്ക് പോവുന്നതാണ് നല്ലത്. നബി (സ) തങ്ങൾ വന്നപ്പോൾ സമ്മതം ചോദിച്ചു. സമ്മതം കിട്ടി. ആഇശ (റ) മാതാപിതാക്കളുടെ സമീപത്തെത്തി. മാതാപിതാക്കൾ നാട്ടിൽ നടന്ന സംഭവങ്ങൾ തന്നെ അറിയിക്കാത്തതിൽ ആഇശ (റ) രോഷംകൊണ്ടു...

കപടവിശ്വാസികൾ ആഹ്ലാദംകൊണ്ട് തുള്ളിച്ചാടുകയാണ്. അപവാദ കഥ പ്രചരിപ്പിക്കുന്നതിൽ ചില മുസ്ലിംകളും പെട്ടുപോയി. മൂന്നു പേർ പ്രസിദ്ധരാണ്. ഹസ്സാനുബ്നു സാബിത് (റ), മിസ്തഹ്ബ്നു അസാസ് (റ), ഹംന ബിൻത് ജഹ്ശ് (റ) ...

ഇസ്ലാംമതത്തെ കവിതകൊണ്ട് ശക്തിപ്പെടുത്തിയ കവിയാണ് ഹസ്സാനുബ്നു സാബിത് (റ) ...

ബദറിൽ പങ്കെടുത്ത പ്രമുഖരിൽ പെട്ട സ്വഹാബിയാണ് മിസ്തഹ് (റ) ... പ്രവാചക പത്നി സൈനബിന്റെ സഹോദരിയാണ് ഹംന (റ)... ഇവരും അപവാദ പ്രചരണത്തിൽ പെട്ടുപോയി. അത് നബി (സ)തങ്ങളെയും സിദ്ദീഖ് (റ)വിനെയും മറ്റും കൂടുതൽ വിഷമിപ്പിച്ചു. നബി (സ) പലരോടും ആഇശ (റ)യെപ്പറ്റി അഭിപ്രായം ആരാഞ്ഞു...

ഉസാമ (റ) പറഞ്ഞു: അങ്ങയുടെ ഭാര്യയെപ്പറ്റി നല്ലതല്ലാത്തതൊന്നും എനിക്കറിയില്ല ..

ഭൃത്യയുടെ മറുപടി ഇങ്ങനെ:

തട്ടാൻ തങ്കത്തെ അറിയുംപോലെ ഞാനവരുടെ പരിശുദ്ധി അറിയും ...
ഹംനയുടെ സഹോദരി സൈനബ് (റ) പറഞ്ഞു :

ആഇശയിൽ നന്മയല്ലാതെ ഞാനൊന്നുമറിയില്ല ...

ആഇശ (റ)യോടൊപ്പം യാത്ര ചെയ്ത യുവ സ്വഹാബി സഫ്വാൻ (റ) വും വളരെ വിഷമത്തിലായി. തന്റെ പേര് ചേർത്താണല്ലോ പരിശുദ്ധയായ ആഇശ (റ)ക്കെതിരെ കപടവിശ്വാസികൾ അപവാദം പ്രചരിപ്പിക്കുന്നത് ഇതെങ്ങനെ സഹിക്കും ...?

മദീന കലങ്ങിമറിയുകയാണ് ...

രണ്ട് കുടുംബങ്ങളെ വിഷമിപ്പിക്കുക. അതാണ് കപട വിശ്വാസികൾ ലക്ഷ്യംവെച്ചത്. അതിവിടെ സംഭവിച്ചു കഴിഞ്ഞു. രണ്ട് കുടുംബങ്ങളല്ല അനേക കുടുംബങ്ങൾ വിഷമിക്കുകയാണ്. സത്യം പുലരുക തന്നെ ചെയ്യും. കാത്തിരിക്കേണ്ടിവരും അതാണിവിടെ സംഭവിക്കുന്നത് ...

ഒരു ദിവസം നബി (സ) തങ്ങൾ ആഇശ (റ)വിനെ കാണാൻ വന്നു. നബി (സ)ഇങ്ങനെ പറഞ്ഞു:

ആഇശാ നീ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പശ്ചാത്തപിക്കൂ ... അല്ലാഹു അത് സ്വീകരിക്കും. അല്ലെങ്കിൽ അല്ലാഹു തന്നെ നിന്നെ ശുദ്ധീകരിക്കും ...

ആഇശ (റ)ക്ക് വാക്കുകളില്ല. കരയാൻ കണ്ണുനീരില്ല. മറുപടി പറയാൻ മാതാപിതാക്കളോട് ആംഗ്യം കാണിച്ചു. അവർക്ക് ഒന്നും ഉരിയാടാൻ കഴിഞ്ഞില്ല. ക്ഷമ ഭംഗിയായ ക്ഷമ അതാണ് തനിക്ക് നല്ലത് ...
യൂസുഫ് നബി (അ)ന്റെ പിതാവിന്റെ ക്ഷമയാണെനിക്ക് നല്ലത് അതിന് തുല്യമാണെന്റെ അവസ്ഥ ...

ഏറെക്കഴിയുംമുമ്പുതന്നെ നബി (സ) തങ്ങളിൽ വഹ് യിന്റെ ലക്ഷണങ്ങൾ കണ്ടു. സൂറത്തു നൂറിലെ ചില ആയത്തുകൾ അവതരിച്ചു. അവയുടെ സാരം ഇങ്ങനെയാകുന്നു ...

ഏറ്റവും ദുഷിച്ച ആ കള്ളവാർത്ത കെട്ടിയുണ്ടാക്കിയവർ നിങ്ങളിൽപെട്ട ഒരു കൂട്ടർ തന്നെയാകുന്നു. അത് നിങ്ങൾക്ക് ദോഷമാണെന്ന് വിചാരിക്കരുത്. പക്ഷെ അത് നിങ്ങൾക്ക് അവരിൽ ഒരോരുത്തരും താൻ ചെയ്ത തെറ്റിന്റെ ശിക്ഷ അനുഭവിക്കും. അതിന്റെ നേതൃത്വം ഏറ്റെടുത്തവന് കഠിന ശിക്ഷ ലഭിക്കുന്നതാണ് ...(24:11)

നിങ്ങൾ ആ വ്യാജവാർത്ത കേട്ടപ്പോൾ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാർ സ്വന്തം ആളുകളെക്കുറിച്ച് എന്തുകൊണ്ട് നന്മ വിചാരിച്ചില്ല ? ഇത് വ്യക്തമായ ഒരു വ്യാജ വൃത്താന്തമാണ് എന്ന് എന്തുകൊണ്ട് പറഞ്ഞില്ല ?(24:12)

അത് പറഞ്ഞുണ്ടാക്കിയവർ എന്തുകൊണ്ടതിന് നാല് സാക്ഷികളെ കൊണ്ടുവന്നില്ല ? സാക്ഷികളെ കൊണ്ടുവരാതിരുന്നപ്പോൾ അല്ലാഹുവിന്റെ നിയമത്തിൽ അവർ കളവ് പറഞ്ഞവർ തന്നെയാണ് (24:13)

ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങൾ ഏതൊന്നിൽ പ്രവേശിച്ചുവോ അത് കാരണം വമ്പിച്ച ശിക്ഷ നിങ്ങളെ പിടികൂടുമായിരുന്നു (24:14)

നിങ്ങൾ അത് നാക്കിൽ നിന്ന് നാക്കിലേക്ക് പകരുകയും തീരെ അറിവില്ലാത്ത ഒരു കാര്യം സ്വന്തം വായകൊണ്ട് പറയുകയും ചെയ്ത സന്ദർഭത്തിൽ (ആ ശിക്ഷ പിടികൂടുമായിരുന്നു) നിങ്ങൾ ഇതൊരു നിസ്സാര കാര്യമെന്ന് വിചാരിക്കുന്നു വാസ്തവത്തിലത് അല്ലാഹുവിങ്കൽ ഗൗരവമേറിയതാണ് (24:15)

നമുക്കിതിനെക്കുറിച്ച് സംസാരിക്കാൻ പാടില്ല. അല്ലാഹുവേ നീ പരിശുദ്ധൻ ഇത് വമ്പിച്ചൊരു കള്ളക്കഥ തന്നെയാണ് എന്ന് അത് കേട്ടപ്പോൾ എന്തുകൊണ്ട് നിങ്ങൾ പറഞ്ഞില്ല ?(24:16)

ഇതുപോലുള്ളത് ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ വേണ്ടി നിങ്ങളെ അല്ലാഹു ഉപദേശിക്കുന്നു. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ (24:17)

ആഇശ (റ)ക്കെതിരെ അപവാദ പ്രചരണം നടത്തിയവർക്ക് ശക്തമായ താക്കീത് നൽകുന്ന വിശുദ്ധ ഖുർആൻ വചനങ്ങൾ.

നിസ്സാര മട്ടിൽ സംഭവത്തെ കണ്ടവർക്കും സംസാരിച്ചവർക്കും മറ്റുള്ളവരെ അറിയിച്ചവർക്കുമെല്ലാം താക്കീത് നൽകപ്പെട്ടിട്ടുണ്ട് ...

നിഷ്കളങ്കരായ സ്ത്രീകളെപ്പറ്റി അപവാദം പറയുന്നവർക്ക് വിശുദ്ധ ഖുർആൻ ഇങ്ങനെ താക്കീത് നൽകുന്നു ...

പതിവ്രതകളും തെറ്റുകുറ്റങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരുമായ സത്യവിശ്വിസിനികളെക്കുറിച്ച് വ്യാജാരോപണം നടത്തുന്നവർ ഇഹലോകത്തും പരലോകത്തും ശപിക്കപ്പെട്ടിരിക്കുന്നു. അവർക്ക് കഠിന ശിക്ഷയുണ്ട് (24:23)

അബൂബക്കർ സിദ്ദീഖ് (റ) വളരെയേറെ സന്തുഷ്ടനായിത്തീർന്നു. തന്റെ മകളുടെ കാര്യത്തിൽ വിശുദ്ധ വചനങ്ങൾ അവതരിച്ചു. മകൾ പരിശുദ്ധയാണെന്ന് സാക്ഷ്യപ്പെടുത്തപ്പെട്ടിരിക്കുന്നു. സിദ്ദീഖിന്റെ കുടുംബത്തിന്റെ സൗഭാഗ്യം അതിശയകരം തന്നെയെന്ന് ആളുകൾ പറയാൻ തുടങ്ങി ...

ഹസ്സാൻ (റ) ആഇശ (റ)യെ പ്രശംസിച്ചുകൊണ്ട് കവിതകളെഴുതി. വിമർശകരെല്ലാം നിശ്ബ്ദരായി. എല്ലാവരും ആഇശ (റ)യെ സ്നേഹിച്ചു. അവരുടെ പാണ്ഡിത്യവും ബുദ്ധിശക്തിയും പ്രശംസിക്കപ്പെട്ടു. നബി (സ)തങ്ങൾക്ക് ആഇശ (റ)കൂടുതൽ പ്രിയപ്പെട്ടവളായിത്തീർന്നു. സഹപത്നിമാർക്കിടയിലും അവരുടെ സ്ഥാനം വളർന്നു. മനസ്സിലെ പ്രയാസങ്ങൾ തീർന്നപ്പോൾ ആഇശ (റ) തന്റെ പഠനം തുടർന്നു...
വിദ്യയുടെ ആഴത്തിലേക്കിറങ്ങിച്ചെന്നു ...

ആശ്വാസം

സമയം അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.

നബി (സ) തങ്ങൾ ഒരു യാത്രയിലാണ്. വലിയൊരു സംഘം കൂടെയുണ്ട്. ഇത്തവണയും ആഇശ (റ) കൂടെ സഞ്ചിരിക്കുന്നു. കഴുത്തിൽ പഴയ മാലയും തൂങ്ങിക്കിടക്കുന്നു...

ദാത്തുൽ ജൈശ് എന്ന സ്ഥലത്തെത്തി. അവിടെയെത്തിയപ്പോൾ മാല കാണാനില്ല. നൂലറ്റ് മാല വീണുപോയി. പഴയ അനുഭവം ഓർമ്മവന്നു. മാല തിരയാൻ തുനിയാതെ നബി (സ)തങ്ങളെ വിവരമറിയിച്ചു. സംഘം അവിടെ താവളമടിച്ചു. ഒരാളെ മാല തിരയാൻ അയച്ചു. നബി (സ)തങ്ങൾ ആഇശ ബീവി (റ)യുടെ മടിയിൽ തലവെച്ചു കിടന്നു ഉറങ്ങിപ്പോയി. സമയം കടന്നുപോയി. സുബ്ഹി ആവാറായി. പരിസരത്തെങ്ങും വെള്ളമില്ല. ആളുകൾക്ക് വെള്ളം വേണം വുളൂ എടുക്കണം സ്വുബ്ഹി നിസ്കരിക്കണം. വെപ്രാളം പടർന്നു പിടിക്കുകയാണ്. പ്രഭാതം വരവായി.. ആളുകൾ അബൂബക്കർ സിദ്ദീഖ് (റ)വിന്റെ ചുറ്റും കൂടി പരാതി പറഞ്ഞു. നിങ്ങളുടെ മകൾ കാരണം ആളുകളെല്ലാം വലിയ ബുദ്ധിമുട്ടിലായിരിക്കുന്നു ...

സഹിക്കാനാവുന്നില്ല. മകളോടുള്ള കോപം മനസ്സിൽ നിറഞ്ഞു. നേരെ ആഇശ (റ)യെ നോക്കി നടന്നു. അടിക്കാനുള്ള ആവേശത്തിലാണ്. മകളുടെ അടുത്തെത്തി ശബ്ദമുയർത്താൻ പറ്റാത്ത അവസ്ഥ. നബി (സ) തങ്ങൾ മടിയിൽ തലവെച്ചുറങ്ങുന്നു. ശബ്ദം താഴ്ത്തി രോഷം പ്രകടിപ്പിച്ചു ...

നിന്റെ മാല കാരണം ആളുകളെല്ലാം ബുദ്ധിമുട്ടിലായില്ലേ ? അത്രയും പറഞ്ഞ് ചെറിയൊരു അടിയുംകൊടുത്ത് തിരിഞ്ഞു നടന്നു. ആഇശ (റ) വലിയ ഉൽക്കണ്ഠയിലാണ്. വായ്പ വാങ്ങിയ മാലയാണ്. അതുകൊണ്ടാണ് നഷ്ടപ്പെട്ടപ്പോൾ ഇത്രയും ബേജാറ്. ആളുകളുടെ ബുദ്ധിമുട്ട് കണ്ട് മനസ്സ് പിടയുന്നു. സ്വുബ്ഹിയുടെ സമയമെത്തിയിരിക്കുന്നു വെള്ളമില്ല. താൻ കാരണം ഇത് സംഭവിച്ചോ ? എങ്ങനെ സഹിക്കും ? പെട്ടെന്ന് നബി (സ)തങ്ങൾ ഉണർന്നു എഴുന്നേറ്റിരുന്നു. പരിഭ്രമിച്ചു നിൽക്കുന്ന ജനങ്ങളെ കണ്ടു വെള്ളമില്ലാത്ത അവസ്ഥ നബി (സ)തങ്ങളുടെ മുഖഭാവം മാറി. വഹ്യ്യ് വരുമ്പോഴുള്ള അവസ്ഥ ജിബ്രീൽ (അ)എത്തിക്കഴിഞ്ഞു ...

വിശുദ്ധ ഖുർആൻ വചനം അവതരിച്ചു. നിസാഹ് സൂറത്തിലെ വചനം അതിന്റെ ആശയം ഇങ്ങനെ:

നിങ്ങൾ രോഗികളോ യാത്രക്കാരോ മലമൂത്ര വിസർജ്ജനം ചെയ്തു വന്നവരോ സ്ത്രീകളെ സ്പർശിച്ചവരോ ആവുകയും നിങ്ങൾക്ക് വെള്ളം കിട്ടാതിരിക്കുകയുമാണെങ്കിൽ നല്ല ശുദ്ധമായ മണ്ണ് എടുക്കുക. എന്നിട്ട് മുഖവും കൈകളും തടവുക. അല്ലാഹു മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമാകുന്നു ...

നബി (സ) തങ്ങൾ ഖുർആൻ വചനം ഓതിക്കേൾപ്പിച്ചു. വെപ്രാളത്തിന്റെ മേഘപാളികൾ എത്ര പെട്ടെന്നാണ് നീങ്ങിപ്പോയത് ...

ആരാധനാ രൂപങ്ങൾ ജിബ്രീൽ (അ) നബി (സ)തങ്ങളെ പഠിപ്പിക്കുന്നു. നബി(സ)തങ്ങൾ സ്വഹാബികളെ പഠിപ്പിക്കുന്നു. അവരിൽ നിന്ന് ലോകം പഠിപ്പിക്കുന്നു ...

സ്വഹാബികൾ തയമ്മം ചെയ്തു പ്രഭാത നിസ്കാരം നിർവഹിച്ചു. ആശ്വാസമായി. പറഞ്ഞറിയിക്കാനാവാത്ത ആശ്വാസവും സന്തോഷവും. ആ സന്തോഷത്തോടെ അവർ അബൂബക്കർ (റ)വിനെ സമീപിച്ചു ...

അബൂബക്കർ താങ്കളുടെ കുടുംബത്തെ അല്ലാഹു വല്ലാതെ അനുഗ്രഹിച്ചിരിക്കുന്നു. അഭിനന്ദനങ്ങളുടെ പ്രവാഹം ...

അബൂബക്കർ (റ) മകളെ സമീപിച്ചു. ഓമന മോളേ നീയെത്ര ഭാഗ്യവതിയാണ്. നീ കാരണം മുസ്ലിമീങ്ങൾക്ക് എത്ര വലിയ ആശ്വാസമാണ് ലഭിച്ചത്...

യാത്ര പുറപ്പെടുകയാണ്. ഒട്ടകങ്ങളെ തയ്യാറാക്കി നിർത്തി. ഒട്ടകം കിടന്ന സ്ഥലത്ത് നിന്ന് മാല കിട്ടി. അതും ആശ്വാസമായി. അല്ലാഹു എത്ര കാരുണ്യവാൻ അവൻ തന്നോടെന്തുമാത്രം കരുണ കാണിക്കുന്നു. ആഇശ (റ) യുടെ ഖൽബ് കൃതജ്ഞതാനിർഭരമായി...

അൽഹംദുലില്ലാഹ് ...

സർവ്വ സ്തുതിയും അല്ലാഹുവിന്നാകുന്നു ...

മാല നഷ്ടപ്പെട്ടതും, തുടർന്നുള്ള അപവാദ പ്രചരണങ്ങൾ നടന്നതുമൊക്കെ ഹിജ്റ അഞ്ചാം വർഷത്തിലായിരുന്നു. ആ വർഷത്തിൽ നടന്ന ചില സംഭവങ്ങൾകൂടി പറയാം ...

മുസ്ത്വലഖ് യുദ്ധം. ജൂതന്മാർക്കെതിരെ നടന്ന യുദ്ധം. യുദ്ധത്തിൽ മുസ്ലിംകൾ ജയിച്ചു. അറുനൂറോളം ജൂതന്മാരെ തടവുകാരാക്കി. വമ്പിച്ച സ്വത്തും കിട്ടി.  ജൂതഗോത്രത്തലവന്റെ പേര് പറയാം ... ഹാരിസുബ്നു അബീസിറാർ. തടവുകാരുടെ കൂട്ടത്തിൽ ഈ ഗോത്രത്തലവന്റെ മകളും പെട്ടു. സുന്ദരിയും ബുദ്ധിമതിയുമായ ജുവൈരിയ്യ. ജൂത സംസ്കാരവും ജീവിത ശൈലിയും മാത്രമെ ജുവൈരിയ്യക്ക് പരിചയമുള്ളൂ. തന്റെ ഭർത്താവ് മുസാഫിബ്നു സഫ്വാൻ ആയിരുന്നു. ജൂത യോദ്ധാവും മുസ്ലിം ശത്രുവും ആയിരുന്നു. അദ്ദേഹം മുസ്ലിംകളെ കുറിച്ചു പറയുന്നത് കേട്ടിട്ടുണ്ട്. അദ്ദേഹം യുദ്ധത്തിൽ പങ്കെടുത്തു കൊല്ലപ്പെട്ടു. താനിതാ തടവുകാരിയുമായി. തന്റെ ഭർത്താവ് മനസ്സിലാക്കിവെച്ചതൊന്നും ശരിയായിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു...

മുസ്ലിംകൾ തടവുകാരിയായിരുന്നവരോട് എത്ര മാന്യമായിട്ടാണ് പെരുമാറുന്നത്. ഗോത്രത്തലവന്റെ മകളെന്ന പരിഗണനയുമുണ്ട്.  മുസ്ലിംകളുടെ വിശ്വാസം, ആചാരങ്ങൾ, സംസാര രീതി, ഖുർആൻ പാരായണം, ജീവിത വിശുദ്ധി, പെരുമാറ്റത്തിലെ മയം, വിനയം, ലാളിത്യം, ഭക്ഷണ ക്രമം എല്ലാം ജുവൈരിയ്യയെ വല്ലാതെ ആകർഷിച്ചു...  

പ്രവാചകനോടുള്ള സ്നേഹം അതവരെ അത്ഭുതപ്പെടുത്തി. ഒരു ജനതയും ഒരു നേതാവിനെ ഇതുപോലെ സ്നേഹിച്ചിട്ടില്ല. ഇസ്ലാം മഹത്തായ ആശയം തന്നെ.  ഇത് തന്നെയാണ് വിജയത്തിന്റെ മാർഗ്ഗം. മദീനയിലെത്തി ജുവൈരിയ്യ സന്തോഷവതിയാണ്. അവരുടെ പിതാവ് ഹാരിസുബ്നു അബീസിറാർ നബി (സ)യെ കാണാൻ വന്നു. അയാൾ ഇങ്ങനെ ബോധിപ്പിച്ചു ...

ഞങ്ങൾ മാന്യതയുള്ളവരാണ്. നിങ്ങളിൽ നിന്ന് മാന്യമായ പ്രതികരണം പ്രതീക്ഷിക്കുന്നു. എന്റെ മകളെ അടിമയായി വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പണം തന്ന് മോചിപ്പിക്കാം. എന്നിട്ട്  എന്റെ കൂടെ കൊണ്ടുപോവാനാഗ്രഹിക്കുന്നു. അനുവാദം തന്നാലും ...

നബി (സ) ഇങ്ങനെ പ്രതികരിച്ചു :

ജുവൈരിയ്യായുടെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ. ആ പ്രതികരണം അയാൾക്കിഷ്ടപ്പെട്ടു. സന്തോഷത്തോടെ മകളെ സമീപിച്ചു ...

അടിമകളെ ഓഹരി ചെയ്തപ്പോൾ ജുവൈരിയ്യായെ കിട്ടിയത് സാബിത് ബ്നു ഖൈസ് (റ) എന്ന സ്വഹാബിക്കായിരുന്നു. അദ്ദേഹത്തിൽ നിന്ന് ജുവൈരിയ്യ മോചിക്കപ്പെട്ടു. ഇപ്പോൾ ജുവൈരിയ്യ സ്വതന്ത്ര സ്ത്രീയാണ്. അവർ പിതാവിനോടിങ്ങനെ പറഞ്ഞു ... 

ഞാൻ മദീനയിൽ മുസ്ലിംകൾക്കിടയിൽ ഒരു മുസ്ലിമായി ജീവിക്കാനാഗ്രഹിക്കുന്നു. കേട്ടവർക്കെല്ലാം സന്തോഷമായി. പിതാവ് ചിന്താകുലനായി. സ്വഹാബികളിൽ ചിലർ ഇങ്ങനെ അഭിപ്രായപ്പെട്ടു ...

ജുവൈരിയ്യ ഒരു സാധാരണക്കാരിയല്ല. രാജകുമാരിയാണ്. ഗോത്രത്തലവന്റെ മകളാണ്. അവർക്കു ഭർത്താവായി വരാൻ ഏറ്റവും യോഗ്യൻ നബി (സ)തങ്ങൾ തന്നെയാകുന്നു.  ഈ വാക്കുകൾ ജുവൈരിയ്യായെയും പിതാവിനെയും സന്തോഷിപ്പിച്ചു. ആ വിവാഹം നടന്നു. ജുവൈരിയ്യ നബിപത്നിയായി. ഒട്ടും വൈകാതെ ജുവൈരിയ്യായുടെ പിതാവ് ഇങ്ങനെ പ്രഖ്യാപിച്ചു:  

ഞാനിപ്പോൾ പ്രവാചക പത്നിയുടെ പിതാവാണ്. ഏറ്റവും അഭിമാനകരമായ സ്ഥാനം. ഇനിയൊട്ടും വൈകിക്കൂടാ.... ഞാനിതാ ഇസ്ലാം മതം സ്വീകരിക്കുന്നു ... ആരാധനക്കർഹൻ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് അവന്റെ റസൂൽ ആണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു... 

ഇതറിഞ്ഞപ്പോൾ അറുനൂറോളം വരുന്ന തടവുകാരും ഇസ്ലാം മതം വിശ്വസിച്ചു. ഗോത്രമൊന്നാകെ ഇസ്ലാമിലേക്ക് വന്നു. എല്ലാം ആഇശ (റ) കാണുന്നു. അനുഭവിക്കുന്നു. പിൽക്കാലം ചരിത്രം പറയുന്നു...  ജുവൈരിയ്യായുടെ ആദ്യ ദർശനം ആഇശ (റ)വിന് മറക്കാനാവാത്ത അനുഭവം തന്നെ.  എത്ര ഭംഗിയുള്ള സ്ത്രീ. ജൂതന്മാരുടെ കൊട്ടാരത്തിലെ രാജകുമാരി. എത്ര ആഢംബരം നിറഞ്ഞ ജീവിതം. ഐശ്വര്യം കളിയാടുന്ന കൊട്ടാരം. സമ്പൽസമൃദ്ധമായ നാട്. ആ സമൃദ്ധിയുടെ മധ്യത്തിലാണ് ജനിച്ചു വളർന്നത്. വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചു ആഭരണങ്ങളണിഞ്ഞു തോഴികൾക്കൊപ്പം ആടിപ്പാടി നടന്നു. ആ രാജകുമാരിയിതാ തന്റെ സമീപമെത്തിയിരിക്കുന്നു. എല്ലാ ആഢംബരങ്ങളും കൈവെടിഞ്ഞു. എല്ലാ സുഖങ്ങളും ഒഴിവാക്കി. സത്യവിശ്വാസികളുടെ മാതാവായി മാറിയിരിക്കുന്നു. എന്തൊരു മാറ്റം എന്തൊരു സൗഭാഗ്യം അവർ തമ്മിൽ പെട്ടെന്നിണങ്ങി..  

ആഇശ (റ)യുടെ സാമീപ്യവും സൗഹൃദവും ജുവൈരിയ്യയെ ആഹ്ലാദം കൊള്ളിച്ചു. എന്തൊരു പാണ്ഡിത്യം അതിൽ നിന്നുള്ള വെളിച്ചമാണ് തനിക്കാവശ്യം. ഇരുട്ടു നിറഞ്ഞ ഇന്നലെകൾ അവ പോയ് മറഞ്ഞു. ഇന്നാണ് വെളിച്ചമെത്തിയത്. ഉമർ (റ)വിന്റെ മകൾ ഹഫ്സ (റ)ഇവിടെയുണ്ട്. ഹിജ്റ മൂന്നാം വർഷം നബി (സ)യുടെ ഭാര്യയായിവന്നു. അവരും പണ്ഡിത വനിതയാണ്. അവരെയും ജുവൈരിയ്യ (റ) ഇഷ്ടപ്പെട്ടു. ഹഫ്സയും ആഇശയും പട്ടിണിയും ത്യാഗവും പാണ്ഡിത്യവും ഇബാദത്തുകളും ഔദാര്യശീലവും ക്ഷമയും അവയെല്ലാം ജുവൈരിയ്യ അതിശയത്തോടെ നോക്കി കണ്ടു ... 

അവയെല്ലാം തന്റെ ജീവിതത്തിലുമുണ്ടാവണമെന്ന് അവരാഗ്രഹിച്ചു. ത്യാഗത്തിന്റെ ഏടുകളായി മാറി അവരുടെ ജീവിതം

രോഗം വന്നു

ആഇശ (റ) ഹിജ്റ ഒന്നാം വർഷത്തിൽ നബി (സ)തങ്ങളുടെ ജിവിതത്തിലേക്ക് കടന്നു വന്നു. ഇവിടെ ഇതാ ഒരു പതിറ്റാണ്ട് പൂർത്തിയാവാറാവുന്നു. ആറാം വയസ്സിൽ തന്നെ നിക്കാഹ് നടന്നിരുന്നു. ഒമ്പതാം വയസ്സിൽ പ്രവാചകനോടൊപ്പം താമസം തുടങ്ങി. ഒരു പതിറ്റാണ്ട് കാലത്തെ പഠനം അളന്നു കണക്കാക്കാനാവാത്ത വിദ്യകളാണ് നേടിയത്...

ആദ്യകാലത്ത് സ്വഹാബികളുടെ എണ്ണം വളരെ കുറവായിരുന്നു. പിന്നെ ആയിരങ്ങളായി വർധിച്ചു. മാറ്റങ്ങളുടെയും വിജയങ്ങളുടെയും കാലം വന്നു. അനുയായികൾ പതിനായിരക്കണക്കിലായി. നബി (സ) തങ്ങൾക്ക് വിശ്രമ ജീവിതം ഉണ്ടായിട്ടില്ലെന്ന് ആഇശ (റ)ക്ക് നന്നായറിയാം ...

യുദ്ധ പരമ്പരകൾ തന്നെ നടന്നു. അവസാനംവരെയും അത് തുടർന്നു. ഭരണ പരിഷ്കാരങ്ങളുടെ കാലഘട്ടം. സാമൂഹിക നിയങ്ങൾ ആവിഷ്കരിക്കൽ, നടപ്പാക്കൽ ഭരണകൂടത്തിന്റെ വിജയകരമായ പ്രവർത്തനങ്ങൾ, വിശുദ്ധ ഖുർആൻ അവതരണം പൂർത്തിയായി. എല്ലാം ആഇശ (റ) അറിയുന്നു. നബി (സ) തങ്ങൾ തന്റെ അനുയായികളെ ആദ്യം പഠിപ്പിച്ചത് തൗഹീദ് ആകുന്നു...

ഏകനായ അല്ലാഹു അവന്റെ ദൂതൻ മുഹമ്മദ് (സ) ആ വിശ്വാസം മനുഷ്യമനസ്സുകളിൽ നന്നായി ഉറപ്പിച്ചു. അതിനുശേഷം നിസ്കാരം പരിശീലിപ്പിച്ചു. നോമ്പും സക്കാത്തും പിന്നെ പഠിപ്പിച്ചു. ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ഹജ്ജ് പരിശീലിപ്പിച്ചത്. ആഇശ (റ)യും മറ്റു ഭാര്യമാരും അതിന് സാക്ഷിയായി. തുടർന്നുള്ള കൊല്ലങ്ങളിൽ ആഇശ (റ)ഹജ്ജ് ചെയ്തു കൊണ്ടിരുന്നു. അറഫായിലെ വിടവാങ്ങൽ പ്രസംഗം മതം പൂർണ്ണമായി എന്ന പ്രഖ്യാപനം ...

അതറിഞ്ഞപ്പോൾ അബൂബക്കർ (റ)വിന്റെ പൊട്ടിക്കരച്ചിൽ. പിതാവിന്റെ സങ്കടം മകളെ വേദനിപ്പിച്ചു. ഉപ്പയെന്തിന് സങ്കടപ്പെട്ടു കരയുന്നു ...? ഒടുവിൽ കാരണമറിഞ്ഞു. മതം പൂർത്തിയായാൽ പിന്നെ നബി (സ)യുടെ ആവശ്യമില്ല. വൈകാതെ നബി (സ) യാത്രയാവും. സഹിക്കാനാവാത്ത വാക്കുകൾ. ആഇശ (റ) ചിന്താകുലയായി മാറി...

പ്രവാചകനോടൊത്തുള്ള ജീവിതത്തിന് ഒരു പതിറ്റാണ്ട് പ്രായം തികഞ്ഞിട്ടില്ല. പ്രവാചകന്റെ ജീവിത പങ്കാളിയായത് ഒമ്പതാം വയസ്സിൽ. ഇപ്പോൾ താൻ പതിനെട്ടാം വയസ്സിലാണ്. യൗവ്വനം കൊതിച്ചിടുന്ന പ്രായം. ഈ പ്രായത്തിൽ താൻ വിധവയാവുക. അതാണോ സംഭവിക്കാൻ പോവുന്നത്.

അല്ലാഹുവിന്റെ വിധിയിൽ സമാധാനിക്കുക. മുസ്ലിം സമൂഹം വളർന്നു വികസിച്ചിരിക്കുന്നു. അവരുടെ എണ്ണം ഇപ്പോൾ ലക്ഷക്കണക്കിൽ വരും. അവർ പ്രവാചകനെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. കെട്ടുറപ്പുള്ള സമൂഹം...

ശത്രുക്കളുടെ ശത്രുതയും വർദ്ധിക്കുന്നു. പഴയ ശത്രുക്കളല്ല ഇന്നുള്ളത്. ലോക ശക്തികൾ ശത്രുക്കളാണ്. അവർ മുസ്ലിംകളുടെ വളർച്ച ഭയപ്പെടുന്നു. അതിർത്തി പ്രദേശങ്ങൾ ഭീഷണിയിലാണ്. 

സമൂഹത്തിനകത്ത് കപടവിശ്വാസികൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പുതുവിശ്വാസികൾ അവർ എണ്ണത്തിൽ വളരെ വലുതാണ്. അവരുടെ വിശ്വാസം ദൃഢമായിട്ടില്ല. അവരെ വഴിതെറ്റിക്കാൻ ശ്രമങ്ങൾ നടക്കുന്നു. മുനാഫിഖുകളും ജൂതന്മാരും പുതുവിശ്വാസികളെ ചൂഷണം ചെയ്യാനും വഴിതെറ്റിക്കാനും നന്നായി ശ്രമിക്കുന്നു. മുസ്ലിം രാജ്യത്തിന്റെ അതിർത്തികൾ വികസിച്ചുകൊണ്ടിരിക്കുന്നു. അതിന്നിടയിൽ പ്രവാചകൻ വിടവാങ്ങിയാൽ ...?

ആഇശ (റ)ക്ക് തലവേദന വന്നു. പെട്ടെന്ന് ശമിക്കുമെന്ന് കരുതി, ശമനം വന്നില്ല കൂടിക്കൂടി വന്നു ... 

ഹാ....എന്റെ ശിരസ്സ് 

വേദനകൊണ്ട് പുളയുന്നു. ആ രംഗം കണ്ടു കൊണ്ട് നബി (സ)തങ്ങൾ കയറി വന്നു. ആശ്വാസ വചനങ്ങൾ മൊഴിഞ്ഞു. അൽപം കഴിഞ്ഞപ്പോൾ നബി (സ) സ്വന്തം ശിരസ്സിൽ കൈവെച്ചു ...

ഹാവൂ...എന്റെ ശിരസ്സ്

നബി (സ)തങ്ങൾക്ക് തലവേദന തുടങ്ങി. അതായിരുന്നു അന്ത്യരോഗത്തിന്റെ ആരംഭം. ഹിജ്റ പതിനൊന്നിന് സഫർ മാസത്തിന്റെ അന്ത്യം. അന്ന് മൈമൂന (റ) യുടെ വീട്ടിലാണ് താമസിക്കേണ്ടത്. അവിടേക്ക് പോയി. അവിടെ രോഗിയായി കിടന്നു. ആരോഗ്യകാലത്തെന്നപോലെ രോഗിയായപ്പോഴും ഓരോ ദിവസം ഓരോ ഭാര്യയോടൊപ്പമാണ് താമസിച്ചത്. നാളെ ഞാൻ എവിടെയായിരിക്കും ...?

എല്ലാ ദിവസവും നബി (സ) ചോദിച്ചുകൊണ്ടിരുന്നു. ഈ ചോദ്യത്തെക്കുറിച്ചു എല്ലാ ഭാര്യമാരും കൂടി ചിന്തിച്ചു. ആഇശയോടൊപ്പം ചേരാനുള്ള ദിവസം അന്വേഷിക്കുകയാണോ ...? എങ്കിൽ രോഗം ഭേദമാകുംവരെ അവിടെയാവട്ടെ. ഭാര്യമാർ തീരുമാനപ്പെട്ടു...

അവശനായിത്തീർന്ന പ്രവാചകനെ ആഇശ (റ)യുടെ വീട്ടിലെത്തിച്ചു. മസ്ജിദിലേക്കു പോവാനാവുന്നില്ല. നിസ്കാരത്തിന് നേതൃത്വം നൽകാനാവുന്നില്ല. നിന്റെ ഉപ്പയെ വിളിക്കൂ ഇമാമായി നിസ്കരിക്കട്ടെ നബി (സ) തങ്ങൾ ആഇശ (റ)യോട് പറഞ്ഞു. ആദ്യമൊക്കെ നിരസിച്ചു. പിതാവ് ലോല മനസ്കനാണെന്ന് പറഞ്ഞു നോക്കി. വീണ്ടും നിർബന്ധിച്ചപ്പോൾ വിളിച്ചു കൊണ്ടു വന്നു ...

നിസ്കാര സമയമായി. ബിലാൽ (റ)വിന്റെ ശ്രവണസുന്ദരമായ ബാങ്ക് മുഴങ്ങി. അതീവ ദുഃഖിതനായി അബൂബക്കർ സിദ്ദീഖ് (റ) നിസ്കാരത്തിന് ഇമാമായി നിന്നു.

പിതാവിന്റെ അനിയന്ത്രിതമായ തേങ്ങലിന്റെ ശബ്ദം മകൾ കേട്ടു. നിയന്ത്രിക്കാനാവുന്നില്ല. ആഇശ (റ) പൊട്ടിക്കരഞ്ഞുപോയി ...

പിതാവ് പോയി

ദിവസങ്ങൾ കടന്നു പോയി. രോഗം കൂടിക്കൂടിവന്നു. മദീനയിലാകെ ദുഃഖം പടർന്നു. എല്ലാ മുഖങ്ങളിലും ഉൽക്കണ്ഠ നബി (സ)തങ്ങളുടെ ദിവസങ്ങൾ അവസാനിക്കുകയാണ്. ഇത് അവസാനത്തെ ദിവസം...

നേർത്ത ആശ്വാസം തോന്നി. രോഗത്തിന് ആശ്വാസമുണ്ടെന്ന വാർത്ത മസ്ജിദിൽ നിന്ന് പുറത്തേക്കൊഴുകി. എല്ലാവർക്കും ആശ്വാസത്തിന്റെ നെടുവീർപ്പ്. ആശ്വാസം നീണ്ടുനിന്നില്ല. രോഗം മൂർച്ചിച്ചു നബി (സ)തങ്ങൾ ശിരസ്സ് വെച്ച ഭാഗത്ത് ആഇശ (റ)വന്നിരുന്നു. നബിതങ്ങൾക്ക് വല്ലാത്ത പ്രയാസം. കിടക്കാനും ഇരിക്കാനും പറ്റുന്നില്ല. ആഇശ (റ)സ്നേഹപൂർവ്വം നബി(സ)യെ പിടിച്ചുയർത്തി തന്റെ മാറിലേക്ക് ചരിഞ്ഞിരിക്കുകയാണിപ്പോൾ...

ആഇശ (റ) യുടെ സഹോദരൻ അബ്ദുറഹ്മാൻ കടന്നുവന്നു. കൈയിൽ ഒരു മിസ്വാക്കുമായാണ് വന്നത്. നബി (സ)അതിലേക്ക് നോക്കി അതാവശ്യമുണ്ടെന്ന് ആഇശ (റ)മനസ്സിലായി. ആഇശ (റ)മിസ്വാക്കു വാങ്ങി പല്ലുകൊണ്ട് ചതച്ച് പാകപ്പെടുത്തി നബി (സ)തങ്ങൾക്ക് നൽകി. നബി (സ) തങ്ങൾ പല്ല് തേച്ചു സംതൃപ്തനായി. തന്റെ ഉമിനീർ നബി (സ) തങ്ങളുടെ വായിലായി അവർ അഭിമാനത്തോടേ ഓർത്തു. പിൽക്കാലത്ത് അനുസ്മരിച്ചു...

ആഇശ (റ) കരഞ്ഞു പ്രാർത്ഥിക്കുകയാണ്. രോഗം ഭേദമായിക്കിട്ടാനുള്ള പ്രാർത്ഥന. തന്റെ കൈകളുടെ മീതെ നബി (സ) തങ്ങളുടെ കൈകൾ. പെട്ടെന്ന് നബി (സ) തങ്ങളുടെ കൈകൾ അയഞ്ഞു ...

അല്ലാഹുമ്മ...അർറഫീഖുൽ...അഹ്ലാ....

അന്ത്യ നിമിഷങ്ങൾ, അന്ത്യവചനങ്ങൾ. മുഖഭാവങ്ങൾ എല്ലാം ആഇശ (റ) കണ്ടു. അനുഭവിച്ചു. പതിനെട്ടു വയസ്സുള്ള ചെറുപ്പക്കാരി മുമ്പ് മരണം കണ്ടിട്ടില്ല. ഇപ്പോഴിതാ തന്റെ കൺമുമ്പിൽ മരണം. കണ്ണുകളടഞ്ഞു ശ്വാസം നിലച്ചു. ആഇശ (റ) യുടെ നിയന്ത്രണം വിട്ടു. കരച്ചിൽ പൊട്ടിപ്പോയി. ശിരസ്സ് കട്ടിലിൽ വെച്ചു. ആഇശ (റ)എഴുന്നേറ്റു. ഖൽബ് പൊടിയുന്ന വേദനയോടെ സ്ത്രീകളുടെ സമീപത്തേക്കോടി. ആരെയൊക്കെയോ കെട്ടിപ്പിടിച്ചു കരഞ്ഞു...

സ്വഹാബികൾ ഓടിക്കൂടി. വിവരം പുറത്തേക്കൊഴുകി. അന്ത്യപ്രവാചകൻ വഫാത്തായിരിക്കുന്നു. മദീനയുടെ ചലനം നിലച്ചത് പോലെയായി. ആഇശ (റ) നേരത്തെ ഒരു സ്വപ്നം കണ്ടിരുന്നു. തന്റെ വീട്ടിൽ മൂന്നു ചന്ദ്രൻ (ഖമറുകൾ) പൊട്ടിവീണു. സ്വപ്ന വിവരം പിതാവിനോട് പറയുകയും ചെയ്തിരുന്നു. ആ മുറിയിൽ നബി (സ) തങ്ങളുടെ ശരീരം ഖബറടക്കപ്പെട്ടു. ഖമറുകളിൽ ഒന്നാമത്തേത് ഇതാകുന്നു. ഏറ്റവും മഹത്വമുള്ളതും ഇത് തന്നെയാകുന്നു. മറ്റ് രണ്ട് ഖമറുകൾ അബൂബക്കർ (റ), ഉമർ (റ) എന്നിവരാണെന്ന് പിൽക്കാല ചരിത്രം തെളിയിച്ചു ...

നബി (സ) വഫാത്തായി. റൗളാശരീഫിൽ അന്ത്യവിശ്രമം. നബിപത്നിമാർ സത്യവിശ്വാസികളുടെ ഉമ്മമാർ അവർ ഉമ്മമാരായിത്തന്നെ ജീവിച്ചു. സ്വന്തം പിതാവിനെ, മകൾ അതീവ ദുഃഖിതനായി ആഇശ (റ) പ്രവാചകനോടൊപ്പം തന്നെ അതേ മുറിയിൽ കഴിഞ്ഞു. മുസ്ലിം സമൂഹം തന്റെ പിതാവിനെ ഖലീഫയായി തിരഞ്ഞെടുത്തു. പിതാവിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. മുസ്ലിം സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നു. കർമ്മഭാരത്തിന്റെ വിഷമങ്ങൾ സഹിക്കുന്ന പിതാവ്. നബി (സ) വഫാത്തായ ദിവസം അവരുടെ വീട്ടിൽ ഭക്ഷ്യവസ്തുക്കളായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല...

മുഹ്മിനീങ്ങളുടെ മാതാക്കളുടെ ജീവിതത്തിന്നാവശ്യമായത് ഖലീഫ കൊടുത്തയക്കും. കിട്ടിയാലുടെനെ ദാനം ചെയ്യും. പിന്നെ അധിക നാളും പട്ടിണി തന്നെ. നാട്ടിന്റെ നാനാഭാഗങ്ങളിൽ നിന്ന് വരുന്ന വാർത്തകൾ ആഇശ (റ)വിനെ അസ്വസ്ഥയാക്കി. കള്ളപ്രവാചകന്മാരുടെ അരങ്ങേറ്റം. അവർക്കു ലഭിക്കുന്ന പിൻബലം. അവർക്കെതിരെ ഒന്നാം ഖലീഫയെടുത്ത നിലപാടുകൾ. യുദ്ധ പരമ്പരകൾ. നിണം പരന്ന മണൽത്തരികൾ വിശ്വാസം രൂഢമൂലമാവാത്ത നിരവധിയാളുകൾ അവർ സക്കാത്തിനെ നിഷേധിച്ചു. പ്രവാചകൻ പോയില്ലേ ? ഇനിയെന്ത് സക്കാത്ത് ? പലരും സക്കാത്ത് കൊടുക്കുന്നത് നിർത്തി. സിദ്ദീഖ് (റ) കർശന നടപടികളുമായി രംഗത്തെത്തി...

സക്കാത്ത് നിഷേധികൾക്ക് പിടിച്ചുനിൽക്കാനായില്ല. അവർ സക്കാത്ത് നൽകാമെന്ന് സമ്മതിച്ചു. അതിർത്തി പ്രദേശങ്ങളിൽ ഘോരയുദ്ധങ്ങൾ നടന്നു. നിരവധി സ്വഹാബികൾ വധിക്കപ്പെട്ടു. ഒന്നാം ഖലീഫയുടെ ഭരണം ദീർഘകാലം ഉണ്ടായില്ല. എല്ലാ വെല്ലുവിളികളും ഒതുക്കി ക്രമസമാധാനനില തൃപ്തികരമാക്കി. രണ്ട് കൊല്ലത്തെ വിജയകരമായ ഭരണം. ഹിജ്റ പതിമൂന്ന് അബൂബക്കർ (റ) രോഗശയ്യയിലായി. നബി (സ)വഫാതായത് ഏത് ദിവസമായിരുന്നു ? അബൂബക്കർ (റ) മകളോട് ചോദിച്ചു. തിങ്കളാഴ്ച ആഇശ (റ) മറുപടി നൽകി...

ഇന്ന് ഏതാണ് ദിവസം ... ?

തിങ്കളാഴ്ച ആഇശ (റ) ദുഃഖത്തോടെ പറഞ്ഞു. മകൾക്ക് എല്ലാം വ്യക്തമായി. പിതാവ് പോവുകയാണ്. ആ രാത്രിയിൽ അബൂബക്കർ (റ)വഫാത്തായി. അതേ മുറിയിൽ ഖബർ ഒരുങ്ങി. നബി (സ)യുടെ ചുമലിനു നേരെ ശിരസ്സ് വരും വിധം ഒന്നാം ഖലീഫ ഖബറടക്കപ്പെട്ടു. രണ്ടാമത്തെ ചന്ദ്രൻ ഇതാകുന്നു. തന്റെ ഭർത്താവ് തന്റെ പിതാവ് ഇരുവരും തന്റെ മുറിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. പർദ്ദയില്ലാതെതന്നെ അവരവിടെ വരും...

ഉമർ (റ) രണ്ടാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ഭരണ പരിഷ്കാരങ്ങളുടെ കാലം വന്നു. മുസ്ലിം രാജ്യാതിർത്തി വളരെയേറെ വികസിച്ചു ...

ഖലീഫ വധിക്കപ്പെട്ടു

ഉമർ (റ) വിന്റെ ഭരണകാലം അത്ഭുതകരമായ ഭരണ പരിഷ്കാരങ്ങളുടെ കാലഘട്ടമായിരുന്നു. ലോകമെങ്ങും അവർ ചർച്ച ചെയ്യപ്പെട്ടിരുന്നു. പെൻഷൻ പദ്ധതി ആവിഷ്കരിച്ചുകൊണ്ടാണ് ഖലീഫ ലോകത്തെ അത്ഭുതപ്പെടുത്തിയത്. മുഴുവൻ പ്രജകൾക്കും വാർഷിക പെൻഷൻ പ്രഖ്യാപിക്കപ്പെട്ടു...

ഏറ്റവുമാദ്യം പെൻഷൻ പ്രഖ്യാപിച്ചത് ഉമ്മഹാത്തുൽ മുഹ്മിനീങ്ങൾക്കായിരുന്നു. അന്നത്തെ നാണയങ്ങളുടെ കണക്ക് വെച്ചാണ് പ്രഖ്യാപനം നടത്തിയത്. ഉമ്മഹാത്തുൽ മുഹ്മിനീങ്ങൾക്ക് പന്ത്രണ്ടായിരം നാണയങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. ബദർ യുദ്ധത്തിൽ പങ്കെടുത്തവർ നന്നായി പരിഗണിക്കപ്പെട്ടു. നബി (സ)തങ്ങളുമായുള്ള കുടുംബബന്ധവും പരിഗണിക്കപ്പെട്ടു. ഉമ്മഹാത്തുൽ മുഹ്മിനീങ്ങൾക്ക് ഖലീഫ ഇടക്കിടെ പാരിതോഷികങ്ങൾ അയക്കുമായിരുന്നു. അവർ ഒരു വിധത്തിലും ബുദ്ധിമുട്ടരുത് എന്ന് ഖലീഫ ആഗ്രഹിച്ചിരുന്നു ...

കിട്ടുന്നതെല്ലാം ദാനം ചെയ്യുന്ന സ്വഭാവമായിരുന്നു അവർക്ക്. ദാരിദ്ര്യം അവരിൽ നിന്ന് വിട്ടകന്ന് പോയില്ല ...

ഇസ്ലാമിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. ആഇശ (റ) അത് നോക്കിക്കാണുകയാണ് ...

ഉമറുൽ ഫാറൂഖ് (റ) വിനെ ഒരു ശത്രു ഇരുളിൽ മറഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. മാരകമായ വെട്ടേറ്റ് ഖലീഫ അവശനായിപ്പോയി...

ഖലീഫക്ക് ഒരു അന്ത്യാഭിലാഷമുണ്ടായിരുന്നു. നബി (സ)തങ്ങളോടൊപ്പം അന്ത്യവിശ്രമം കൊള്ളണം. ആഇശ (റ)യുടെ മുറിയാണത്. അവിടെ ഖബറടക്കം ചെയ്യണമെങ്കിൽ ആഇശ (റ)യുടെ സമ്മതം വേണം ...

ആസന്ന മരണനായിക്കിടക്കുന്ന ഖലീഫ മകനെ വിളിച്ച് ഇങ്ങനെ ഉപദേശിച്ചു: നീ ആഇശയുടെ വീട്ടിൽ പോവുക. സലാം ചൊല്ലുക. എന്നിട്ട് അവിടെ എന്നെ ഖബറടക്കാൻ സമ്മതമാണോ എന്നന്വേഷിക്കുക ...

മകൻ ആഇശ (റ)യുടെ വീട്ടിലെത്തി സലാം ചൊല്ലി. പിതാവിന്റെ അന്ത്യാഭിലാഷം അറിയിച്ചു. ആഇശ (റ)ഇങ്ങനെ അറിയിച്ചു ...
ആ സ്ഥലം ഞാൻ എനിക്കുവേണ്ടി കരുതിവെച്ചതായിരുന്നു. അമീറുൽ മുഹ്മിനീൻ ആവശ്യപ്പെട്ടതുകൊണ്ട് ഞാൻ ആ സ്ഥലം അദ്ദേഹത്തിന് നൽകുന്നു ...
മകൻ തിരിച്ചെത്തി. പിതാവിനെ വിവരമറിയിച്ചു. പിതാവ് ഇങ്ങനെ ഉപദേശിച്ചു ...

എന്റെ ജനാസ അവിടെ എത്തിയ ശേഷം ഒന്നുകൂടി അന്വേഷിക്കണം. സമ്മതം തരികയാണെങ്കിൽ മാത്രം അവിടെ ഖബറടക്കണം ...

വമ്പിച്ച ജനാവലി. ഉമറുൽ ഫാറൂഖ് (റ) വിന്റെ ജനാസയുമായി റൗളാശരീഫിലെത്തി. ആഇശ (റ)വിന്റെ പൂർണ സമ്മതത്തോടുകൂടി അവിടെ ഖബറടക്കപ്പെട്ടു...

മൂന്നാം ഖലീഫയായി ഉസ്മാനുബ്നു അഫ്ഫാൻ (റ) തിരഞ്ഞെടുക്കപ്പെട്ടു ...

അറബികൾക്കിടയിലെ ആദരണീയനായ നേതാവാണദ്ദേഹം. ഉദാരമതിയായ ധനികൻ. തനിക്കുള്ളതെല്ലാം ഇസ്ലാമിനുവേണ്ടി ചെലവഴിക്കാൻ സന്നദ്ധനായ ത്യാഗിവര്യൻ. മുനാഫിഖുകൾ ഇക്കാലത്താണ് സജീവമായി രംഗത്തു വന്നത്. സാമൂഹിക ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർ വിദഗ്ധമായി കരുക്കൾ നീക്കി...

പ്രമുഖരായ ധാരാളം സ്വഹാബികൾ ജീവിച്ചിരുന്ന കാലം. ആദ്യത്തെ രണ്ട് ഖലീഫമാരും പ്രധാന കാര്യങ്ങൾ വരുമ്പോൾ പ്രമുഖ സ്വഹാബികളുമായി ചർച്ച നടത്തുമായിരുന്നു. പല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടത് പ്രമുഖരുമായുള്ള കൂടിയാലോചനകളിലൂടെയാണ് ...

ഉസ്മാൻ (റ)വിന്റെ ഭരണത്തിന്റെ പകുതിവരെയും ഈ നില തുടർന്നു. പിന്നീട് ഉയർന്നുവന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടന്നു. ഇസ്ലാമിന്റെ സാമൂഹിക ഭദ്രത തകർക്കാൻ വേണ്ടി തക്കം പാർത്തു നടന്ന ഒരു യഹൂദിയായിരുന്നു ഇബ്നു സബ. ഇസ്ലാമിനെ പുറത്തു നിന്ന് തകർക്കാൻ കഴിയില്ലെന്ന് ബോധ്യമായി. എന്നാൽ ഇസ്ലാമിന്നകത്ത് കയറി തകർക്കാമെന്ന് കരുതി ഇബ്നു സബാ ഇസ്ലാം മതം സ്വീകരിച്ചു ...

ചെറുപ്പക്കാരായ മുസ്ലിംകളുമായി ചങ്ങാത്തം കൂടി. വിഷലിപ്തമായആശയങ്ങൾ അവർക്കു നൽകി. ഇസ്ലാം മതത്തിലേക്ക് സമീപകാലത്ത് കടന്നു വന്ന നവമുസ്ലിംകളെ എളുപ്പത്തിൽ വഴിതെറ്റിക്കാൻ കഴിഞ്ഞു. സബഇകൾ എന്നൊരു വിഭാഗം രൂപംകൊണ്ടു...

ഖലീഫയുടെ പോരായ്മകൾ കണ്ടെത്തുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുകയാണവർ. ഒരു വിഭാഗം ആളുകൾ ഖലീഫയെ വെറുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തി ...

ഹജ്ജ് കാലം വന്നു. പ്രമുഖരെല്ലാം മക്കയിലേക്ക് പോയി. ഇബ്നു സബാ രൂപം കൊടുത്ത ഗ്രൂപ്പിൽ ആയിരക്കണക്കിൽ അംഗങ്ങളായി ...

കൂഫ-ബസറ-ഈജിപ്ത് എന്നീ പ്രദേശങ്ങൾ അവരുടെ കേന്ദ്രങ്ങളായി വളർന്നു. മൂന്നിടത്തുനിന്നും ആയിരംപേർ വീതം ഹിജാസിലേക്ക് പുറപ്പെട്ടു. ഹജ്ജിന് പോവുന്നു എന്നു പറഞ്ഞുകൊണ്ടാണ് പുറപ്പാട്. അവർ മദീനയിൽ വന്നു തമ്പടിച്ചു. അപകടം അടുത്തുവരികയായിരുന്നു...

അലി (റ)വും തലമുതിർന്ന നേതാക്കളും വിപ്ലവകാരികളെ നിർബന്ധിച്ചു പറഞ്ഞയച്ചു. കുറെ ദൂരം പോയശേഷം അവർ വീണ്ടും മദീനയിൽ തിരിച്ചെത്തി. ഹജ്ജിനുവേണ്ടി ആഇശ (റ)മക്കത്തെത്തിക്കഴിഞ്ഞിരുന്നു. മൂന്ന് ആഴ്ചയോളം വിപ്ലവകാരികൾ ഖലീഫയെ തടഞ്ഞുവെച്ചു. ഒടുവിൽ അത് സംഭവിച്ചു. മഹാനായ ഖലീഫയെ ധിക്കാരികൾ വധിച്ചു. മുസ്ലിം ലോകം തേങ്ങിക്കരഞ്ഞു...

നാട്ടിലാകെ ബഹളമായി. ഖലീഫയുടെ ഘാതകരെ പിടികൂടണം. ശിക്ഷിക്കണം...
അലി (റ) നാലാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു ...

ഒരു വിഭാഗം അതംഗീകരിച്ചില്ല. സാഹചര്യം മോശമാവുകയാണ്. ഖലീഫയുടെ വധത്തെക്കുറിച്ചറിഞ്ഞ് ഹാജിമാർ ഞെട്ടി. ആഇശ (റ)ഏറ്റവും വലിയ പ്രതിസന്ധിയിലായത് ഈ ഘട്ടത്തിലായിരുന്നു ...

യുദ്ധം വേണ്ട

ഉസ്മാൻ (റ) വധിക്കപ്പെട്ടതോടെ മദീന ഇളകിമറിയാൻ തുടങ്ങി. ഖലീഫയുടെ ഘാതകരെ ഉടനെ പിടിച്ചു ശിക്ഷിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ഖബീലക്കാർ രംഗത്തുവന്നു ...

അലി (റ) നാലാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. വളരെ മോശമായ ഒരു സാഹചര്യത്തെയാണ് അദ്ദേഹത്തിന് നേരിടേണ്ടിയിരുന്നത്. ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാനാവാത്ത അവസ്ഥ. മുനാഫിഖുകൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ശ്രമിക്കുന്നു. അവരിൽ പലരും അലി (റ)വിന്റെ സൈന്യത്തിൽ ചേക്കേറിയിരിക്കുന്നു. ക്രമസമാധാനനില മെച്ചപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പ് വരുത്തുക. അതിനുശേഷം ഖലീഫയുടെ ഘാതകരെ പിടികൂടാം. 

കലങ്ങിമറിഞ്ഞ അന്തരീക്ഷത്തിൽ അവരെ പിടികൂടുക പ്രയാസമാണ് ...

ഇതിന്നെതിരെ മറ്റൊരു വിഭാഗം ശബ്ദമുയർത്തി. ഖലീഫയുടെ രക്തത്തിന് പ്രതികാരം ചെയ്യുക. അത് കഴിഞ്ഞു മതി മറ്റേത് കാര്യവും ...

സമുന്നത സ്വഹാബിവര്യന്മാരായ ത്വൽഹ (റ), സുബൈർ (റ)എന്നിവർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു നോക്കി. വിപ്ലവകാരികൾ അവരുടെ വാക്കുകൾ ഗൗനിച്ചില്ല. ഖലീഫയുമായി ചേർന്ന് മുന്നോട്ട് പോവാനും കഴിഞ്ഞില്ല ...

ത്വൽഹ (റ), സുബൈർ (റ)തുടങ്ങിയ മഹാന്മാരെല്ലാം വിപ്ലവകാരികളുടെ നോട്ടപ്പുള്ളികളായിരുന്നു. ഖലീഫയെ കൊന്നവർക്ക് ഇവരൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല ...

ആഇശ (റ)യെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കണം. മുസ്ലിം സമൂഹത്തിൽ ശാന്തിയും സമാധാനവും ഉണ്ടാക്കാൻ അവർക്കു മാത്രമേ കഴിയൂ... ഇരുവരും ധൃതിയിൽ മക്കയിലേക്ക് തിരിച്ചു. ഇതിന്നിടയിൽ ആഇശ (റ) മക്കയിൽ നിന്ന് മദീനയിലേക്ക് തിരിച്ചു കഴിഞ്ഞിരുന്നു. അവർ വഴിയിൽ വെച്ച് കണ്ടുമുട്ടി. മദീനയിലെ ഭീകരമായ അന്തരീക്ഷം വിവരിച്ചു. ഇപ്പോൾ മദീനയിൽ പ്രവേശിക്കുന്നത് ഗുണകരമാവില്ലെന്ന് തോന്നി മക്കയിലേക്ക് മടങ്ങി. മക്കയിൽ ജനങ്ങൾ ധാരാളമായി തടിച്ചുകൂടിയിട്ടുണ്ട്. അവർ പരിഭ്രാന്തരാണ്. എന്ത് ചെയ്യണമെന്നറിയില്ല. അവർ ഭയം കാണുന്നത് ആഇശ (റ)യിൽ മാത്രമാണ് ...

തടിച്ചു കൂടിയ ജനങ്ങൾക്കു മുമ്പിൽ ആഇശ (റ) വിശുദ്ധ ഖുർആനിലെ ആയത്ത് ഓതി സംസാരിച്ചു ...

ആയത്തിന്റെ ആശയം ഇങ്ങനെ :

സത്യവിശ്വാസികളിൽ പെട്ട രണ്ട് വിഭാഗക്കാർ തമ്മിൽ പോരാട്ടം നടന്നാൽ, അവർക്കിടയിൽ മൈത്രിയുണ്ടാക്കാൻ ശ്രമിക്കുക. പിന്നെയും അവരിൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അക്രമിക്കുകയാണെങ്കിൽ അക്രമികളോട് നിങ്ങൾ പൊരുതുക. അവർ അല്ലാഹുവിന്റെ കൽപനയിലേക്ക് മടങ്ങുന്നതുവരെ. അവർ മടങ്ങുന്നപക്ഷം ഇരുവിഭാഗക്കാർക്കുമിടയിൽ മൈത്രി പുനസ്ഥാപിക്കുക ...

ഈ ആശയം വരുന്ന ആയത്ത് ഓതിയ ശേഷം ആഇശ (റ) പറഞ്ഞു :

ഈ ഖുർആൻ വചനത്തെ അവഗണിക്കുന്നവരെപ്പോലെ മോശപ്പെട്ട മറ്റൊരു ജനതയുണ്ടാവില്ല. 

സത്യവിശ്വാസികൾ ഭിന്നിച്ചിരിക്കുന്നു. അവർക്കിടയിൽ മൈത്രി സ്ഥാപിക്കണം. അതാണ് ഏറ്റവും വലിയ ആവശ്യം. അതെങ്ങനെ കഴിയും ...?
എങ്ങോട്ട് പുറപ്പെടണം ...?

ചർച്ചകൾ നീണ്ടു. ഒടുവിൽ ബസ്വറയിലേക്ക് പുറപ്പെടാമെന്ന് തീരുമാനിച്ചു. ബനൂ ഉമയ്യ വംശത്തിൽ പെട്ട ധാരാളമാളുകൾ കൂട്ടത്തിൽ ചേർന്നു. ഇവർ അലി (റ)വിനെതിരായിരുന്നു. മൈത്രിയുടെ സന്ദേശമൊന്നും അവർ ഉൾക്കൊണ്ടില്ല. ആഇശ (റ) യുടെ സംഘത്തിൽ ഇവർ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു...

ആഇശ (റ)യും ഒരു വൻ സംഘവും ബസ്വറയിലേക്ക് പുറപ്പെട്ടതായി മദീനയിൽ വിവരം ലഭിച്ചു. ഊഹാപോഹങ്ങൾ ധാരാളം പ്രചരിച്ചു. പലരും തെറ്റിധരിച്ചു. നാം മദീനയിലിരുന്നാൽ പറ്റില്ല ബസ്വറയിലേക്ക് പുറപ്പെടണം അങ്ങനെ അഭിപ്രായപ്പെട്ടവർ നിരവധിയാണ് ...

അലി (റ) സമാധാനവും മൈത്രിയും ആഗ്രഹിക്കുന്നു ...

എല്ലാവരും ഖലീഫയെ അംഗീകരിക്കണം. എന്നാലല്ലേ മൈത്രി വരികയുള്ളൂ. ആഇശ (റ)എന്തിനാണ് ബസ്വറയിലേക്ക് പുറപ്പെട്ടത് ...?

നീണ്ട ആലോചനക്കു ശേഷം അലി (റ) ബസ്വറയിലേക്ക് പുറപ്പെട്ടു. ആഇശ (റ)യുടെ സൈന്യത്തിലും അലി(റ)യുടെ സൈന്യത്തിലും കുഴപ്പക്കാരുണ്ടായിരുന്നു. പ്രശ്നങ്ങളുണ്ടാക്കി കാര്യങ്ങൾ വഷളാക്കുകയാണവരുടെ ലക്ഷ്യം ...

ആഇശ (റ) യും അലി (റ)വും സമാധാനവും മൈത്രിയുമാണ് കൊതിക്കുന്നത്. എന്നാൽ കാര്യങ്ങൾ അവർ ഇരുവരുടെയും കൈകളിൽ നിന്ന് വഴുതിപ്പോവുന്നതാണ് കാലം കണ്ടത് ...

ആഇശ (റ)യും സംഘവും ഹൗഅബ് എന്ന സ്ഥലത്തെത്തി. അവിടത്തെ നായകൾ കൂട്ടത്തോടെ ഓരിയിടാൻതുടങ്ങി. അപ്പോൾ ആഇശ (റ) ഒരു നബി വചനം ഓർത്തു...

നിങ്ങളിൽ ഒരാൾക്കുവേണ്ടി ഹൗഅബിലെ നായകൾ കുരക്കും. ആ നബിവചനം ഓർത്തു ആഇശ (റ) ഭയന്നുപോയി. അവർ പറഞ്ഞു:

നമുക്കു മടങ്ങിപ്പോവാം ...

ഉടനെ സുബൈർ (റ) പറഞ്ഞു: മടങ്ങിപ്പോവരുത്. അല്ലാഹു നിങ്ങൾ മുഖേന ജനങ്ങൾക്കിടയിൽ മൈത്രി സ്ഥാപിച്ചേക്കും ...

അലി (റ)വിന്റെ പ്രതിനിധികളായി അമ്മാറുബ്നു യാസിർ (റ), ഇമാം ഹുസൈൻ (റ) എന്നിവർ കൂഫയിലെത്തി ...

അമ്മാർ (റ) കൂഫാ ജുമാമസ്ജിദിൽ പ്രസംഗിച്ചു ...

മുസ്ലിംകളുടെ ഖലീഫ അലി (റ) ആണെന്നും, അദ്ദേഹത്തെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആഇശ (റ)യുടെ ബഹുമതികൾ എടുത്തു പറഞ്ഞു മുസ്ലിംകൾക്കിടയിൽ ഐക്യം സ്ഥാപിക്കണമെന്നും പറഞ്ഞു. പ്രസംഗം ജനങ്ങളിൽ വലിയ മതിപ്പുളവാക്കി. കൂഫയിലെ നേതാക്കൾക്ക് ആഇശ (റ)യുടെ കത്തുകൾ കിട്ടി. മൈത്രി സ്ഥാപിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയായിരുന്നു കത്തിലെ ഉള്ളടക്കം ...

ആഇശ (റ)യുടെ സംഘം ബസ്വറയിലെത്തി അവിടത്തെ പ്രമുഖന്മാരുമായി കൂടിയാലോചന നടത്തി. ഞങ്ങൾ ഒരു കുഴപ്പവും ആഗ്രഹിക്കുന്നില്ല. ഖലീഫയെ വധിച്ചവരെ ശിക്ഷിക്കണം. മൈത്രി സ്ഥാപിക്കണം. ഒരു യുദ്ധം വേണ്ട. സമാധാനത്തോടെ ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കണം ...

അലി (റ) വിന്റെ സംഘവുമെത്തി. അവരും സമാധാന ദൗത്യം തുടങ്ങി...
ഒരു കാര്യം എല്ലാവർക്കും ബോധ്യമായി. അലി (റ) യുദ്ധം കൊതിക്കുന്നില്ല.
ആഇശ (റ)യും യുദ്ധത്തിന്നില്ല ...

മടക്കയാത്ര

പല തട്ടുകളിൽ കൂടിയാലോചനകൾ നടന്നു. പല നേതാക്കളും ജനങ്ങളോട് പ്രസംഗിച്ചു. മൈത്രിയെ കുറിച്ചാണെല്ലാവരും പറഞ്ഞത്. ഉസ്മാൻ (റ)വിന്റെ ഘാതകരെ ആഇശ (റ) ആക്ഷേപിച്ചു. സൈന്യത്തിൽ നുഴഞ്ഞു കയറിയവർ സമാധാനം തകർക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു...

അലി (റ)യുടെ സൈന്യം യുദ്ധം ആരംഭിക്കുമെന്ന് ആഇശ (റ)യുടെ ക്യാമ്പിൽ പ്രചരണം നടത്തി. ആഇശ (റ)യുദ്ധം തുടങ്ങുമെന്ന് അലി (റ)വിന്റെ ക്യാമ്പിലും പ്രചരിപ്പിച്ചു. ഇത് കാരണം പലരും ആയുധമണിഞ്ഞു. പലപ്പോഴും വാഗ്വാദം നടന്നു ...

ഒരുഭാഗത്ത് സമാധാനത്തിനുവേണ്ടി നിരന്തര ശ്രമം. മറുഭാഗത്ത് യുദ്ധത്തിന്റെ ഉരസൽ. ഒന്നാം ദിവസം കുഴപ്പങ്ങളില്ലാതെ കടന്നുപോയി. രണ്ടാം ദിവസം ചില ഏറ്റുമുട്ടലുകളുണ്ടായി. ആഇശ (റ) സൈന്യത്തെ പിൻവലിച്ചു മൈതാനിയുടെ ഒരു മൂലയിലേക്കു മാറ്റി. ദിവസങ്ങൾ കഴിയുംതോറും അന്തരീക്ഷം മോശമായിക്കൊണ്ടിരുന്നു. ഏറ്റുമുട്ടലുകളും മൈത്രി സംഭാഷണങ്ങളും തുടരുന്നു. അലി (റ) തന്നെ ആഇശ (റ), ത്വൽഹ (റ), സുബൈർ (റ) എന്നിവരെ കാണാനെത്തി ...

ഉമ്മുൽ മുഹ്മിനീൻ നിങ്ങളുടെ ഉദ്ദേശ്യമെന്താണ് ? അലി (റ) വിനയപൂർവ്വം ചോദിച്ചു ...

ഖലീഫ ഉസ്മാന്റെ രക്തം ചിന്തിയവരെ ശിക്ഷിക്കുക. മൈത്രിയുടെ സന്ദേശം പ്രചരിപ്പിക്കുക ...

ഉമ്മുൽ മുഹ്മിനീൻ ഉസ്മാനെ വധിച്ചവരെ ശിക്ഷിക്കാൻ വേണ്ടി യുദ്ധം നടന്നാൽ നിരപരാധികളല്ലേ വധിക്കപ്പെടുക. ഇപ്പോൾ തന്നെ എത്ര പേർ വധിക്കപ്പെട്ടുകഴിഞ്ഞു. ഇനിയും യുദ്ധം തുടർന്നാൽ ആയിരങ്ങൾ മരിച്ചൊടുങ്ങും അത് വേണോ ... ?

എല്ലാവർക്കും കാര്യങ്ങൾ ബോധ്യമായി. യുദ്ധം വേണ്ട മടങ്ങിപ്പോവാം. ഖലീഫയെ വധിച്ചവരെ പിടികൂടി ശിക്ഷിക്കാനുള്ള നടപടി ത്വരിതപ്പെടുത്താം. നാളെ രാവിലെ സ്ഥലം വിടാൻ തീരുമാനമായി. ഉസ്മാനെ വധിച്ചവർ അവിടെയുണ്ട്. സബഇകൾ ധാരാളമുണ്ട്. ഒരു യുദ്ധം അവർക്കാവശ്യമാണ്. ഇല്ലെങ്കിൽ അവർ പിടിക്കപ്പെടും. വധിക്കപ്പെടും...

അർദ്ധരാത്രി സമയം എല്ലാവരും ഉറക്കിലാണ്. ആർക്കും യുദ്ധഭീതിയില്ല സമാധാനം പുലർന്നതിന്റെ ആശ്വാസം. ദുഷ്ടന്മാർ പല സ്ഥലത്തും തീയിട്ടു ആർപ്പുംവിളിയും തുടങ്ങി. ആയുധ പ്രയോഗം തുടങ്ങി. യുദ്ധം തുടങ്ങിയെന്ന് ഇരുകൂട്ടരും കരുതി. പിന്നെ യുദ്ധം തന്നെ കൊടുംയുദ്ധം മണിക്കൂറുകളോളം തുടർന്നു...

ത്വൽഹ (റ), സുബൈർ (റ), എന്നിവർ രംഗം കണ്ട് വല്ലാതെ സങ്കടപ്പെട്ടു. സുബൈർ (റ) കുതിരയുടെ കടിഞ്ഞാൺ പിടിച്ചു രംഗത്ത് നിന്ന് പിൻവാങ്ങി. മദീനയിലേക്ക് മടങ്ങാമെന്ന് കരുതി ...

ഇബ്നു ജർമൂസ് എന്ന ദുഷ്ടൻ രഹസ്യമായി പിൻതുടർന്നു. മലഞ്ചരിവിൽ സുബൈർ (റ) നിസ്കാരം തുടങ്ങി. സുജൂദിൽ കിടക്കുമ്പോൾ ദുഷ്ടൻ വാൾ കൊണ്ട് വെട്ടി ശിരസ്സ് വേർപ്പെട്ടുപോയി ...

ത്വൽഹ (റ)വും യുദ്ധക്കളം വിടുകയാണ്. ഇനിയും ഈ രംഗത്തിന് സാക്ഷിയാവാനാവില്ല ...

അമവി വംശജനായ മർവാൻ വിഷം പുരട്ടിയ അമ്പ് എയ്തു. ത്വൽഹ (റ) വിന്റെ കാലിൽ തറച്ചു. അതുകാരണം അദ്ദേഹം ശഹീദായി ...

ആഇശ (റ)യോടൊപ്പം വന്ന നേതാക്കൾ പലരും വധിക്കപ്പെട്ടു. സമാധാന പ്രേമികൾ അകന്നുനിന്നു. സൈന്യം ശുഷ്കിച്ചുവന്നു. വധിക്കപ്പെട്ടവർ നിരവധിയാണ്. മുറിവേറ്റവർ അതിന്റെ എത്രയോ ഇരട്ടിയാണ്. ആ നിലയിൽ യുദ്ധം അവസാനിച്ചു...

ആഇശ (റ) കടുത്ത മനോവേദനയിലായി. അലി (റ) വളരെ ബഹുമാനപൂർവം അവരെ ഹിജാസിലേക്ക് യാത്ര അയച്ചു. ദുഃഖത്തോടെ മക്കയിലെത്തി. തന്നെ സമീപിച്ച പലരോടും അവരിങ്ങനെ പറഞ്ഞു: എനിക്ക് അലി (റ)യോട് ഒരു വിരോധവുമില്ല. നേരത്തെയില്ല ഇപ്പോഴുമില്ല. അവർ ദുഃഖം സഹിക്കാതെ വരുമ്പോൾ ഇങ്ങനെ പറയുമായിരുന്നു.... ഞാനൊരു മരമായിരുന്നെങ്കിൽ, ഞാനൊരു കല്ലായിരുന്നെങ്കിൽ, പാറയായിരുന്നെങ്കിൽ ...

യുദ്ധം രംഗം ഓർമ്മ വരുമ്പോൾ അവർ കരയും. ധാരാളമായി കണ്ണീരൊഴുക്കും. അബദ്ധം പറ്റിപ്പോയി എന്നു പറഞ്ഞു വിലപിക്കും. ഏതാനും മാസങ്ങൾ മക്കയിൽ താമസിച്ചു. അപ്പോൾ ഹജ്ജ് കാലം വന്നു. പതറിയ മനസ്സോടെ കർമ്മങ്ങളിൽ പ്രവേശിച്ചു. ഓരോ ദുആയും കണ്ണീരിന്റെ അകമ്പടിയോടെയായിരുന്നു...

നാനാഭാഗങ്ങളിൽ നിന്നും ഹജ്ജിന് ധാരാളമാളുകൾ എത്തിച്ചേർന്നു. യുദ്ധത്തിനു ശേഷമുള്ള ആദ്യ ഹജ്ജ്. എല്ലാ മനസ്സുകളിലും ദുഃഖം. എല്ലാ കണ്ണുകളിലും നനവ്. ജമൽ യുദ്ധത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മകൾ. മുഹ്മിനീങ്ങളുടെ ഉമ്മ ആഇശ (റ) സത്യവിശ്വാസികൾ അവർക്കു ചുറ്റുമുണ്ട്. അവർ അധികമാരോടും സംസാരിക്കുന്നില്ല. സദാനേരവും ഇബാദത്തിൽ തന്നെ. മദീനക്കാർ കൂട്ടത്തോടെ വന്നിട്ടുണ്ട്. സ്ത്രീകളുടെ കൂട്ടം ആഇശ (റ)യെ കണ്ടു വിശേഷങ്ങൾ ചുരുക്കി പറഞ്ഞു. എവിടെയും ദുഃഖത്തിന്റെ കാർമേഘപാളികൾ...

അറഫാദിനം. എല്ലാവരും അറഫയിൽ ഒരുമിച്ചു. നബി (സ)യുടെ വിടവാങ്ങൽ പ്രസംഗം നടന്ന സ്ഥലം. ആ ശബ്ദം കാതുകളിൽ മുഴങ്ങുകയാണ്. കേട്ടവരൊന്നും അത് മറക്കില്ല മരണംവരെ. സത്യവിശ്വാസികൾ ഖൽബ് ഉരുകി പ്രാർത്ഥിക്കുന്നു. പുതിയ തലമുറക്കാർ ധാരാളം വന്നിട്ടുണ്ട്. നബി (സ)തങ്ങളെ കണ്ടിട്ടില്ലാത്തവർ. ആദ്യ ഖലീഫമാരെ കാണാത്തവർ. അവർക്ക് അനുഭവങ്ങൾ കുറവാണ്. അവർക്ക് ബദറും ഉഹ്ദും കേട്ടറിവ് മാത്രം. എല്ലാവരും അറഫായിലൂടെ കടന്നുപോയി മുസ്ദലിഫായിലേക്ക്. അവിടെ നിന്ന് മിനായിലേക്ക്. വീണ്ടും മസ്ജിദുൽ ഹറമിലെത്തി...

ആഇശ (റ)യുടെ കണ്ണുകളിൽ നനവ് വറ്റിയില്ല. ഹജ്ജിന്റെ നാളുകൾ കടന്നുപോയി. കർമ്മങ്ങൾ അവസാനിപ്പിച്ച് ഹാജിമാർ മക്കയോട് വിട ചൊല്ലിക്കൊണ്ടിരുന്നു... വിടപറയുന്ന ത്വവാഫ് അതിന്റെ തിരക്ക് കൂടി. എല്ലാം കഴിഞ്ഞ് ആഇശ (റ) മടങ്ങുകയാണ്. വിശാലമായ മരുഭൂമി. മക്കയിൽ നിന്ന് മദീനയിലേക്ക് ഒരു യാത്രകൂടി...

മദീനയിലെത്തി. പുണ്യ റൗളാശരീഫ് ... തന്റെ ഭവനം ... കാലെടുത്തുവെച്ചപ്പോൾ ...
പൊട്ടിക്കരഞ്ഞുപ്പോയി ...

അലി (റ)വിന്റെ കുടുംബം

അലി (റ)വിന്റെയും ആഇശ (റ)യുടെയും ഇടയിൽ ശത്രുതയുണ്ടായിരുന്നുവെന്ന് ദുഷ്ടന്മാർ പറഞ്ഞു പരത്തി. അതൊട്ടും ശരിയല്ല. അവർ രണ്ടു പേരും പരസ്പരം പുകഴ്ത്തിപ്പറഞ്ഞതായിട്ട് കാണാൻ കഴിയും. പരസ്പര ബഹുമാനം വർദ്ധിച്ചുവന്നതായും കാണാം ...

ആഇശ (റ) യുടെ പ്രസ്താവന കാണുക :

ഒരാൾ നബി (സ) തങ്ങളോട് ചോദിച്ചു : അങ്ങേക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൾ ആരാകുന്നു ... ?

നബി (സ) പറഞ്ഞു: ഫാത്വിമ ...

പുരുഷൻമാരിൽ ആരാണ് ...?

അവരുടെ ഭർത്താവ് അലി. അദ്ദേഹം നിസ്കാരവും നോമ്പും വളരെ കൂടുതൽ നിർവഹിക്കുന്ന ആളാകുന്നു ...

അലി (റ) വിന്റെ പാണ്ഡിത്യത്തിന്റെ ആഴം ആഇശ (റ)ക്ക് നന്നായി അറിയാമായിരുന്നു. ചില മതവിധികൾ ചോദിച്ചുവന്ന ആളുകളോട് നിങ്ങൾ അലിയോട് ചോദിക്കുക എന്നാണവർ നിർദേശിച്ചത് ...

അലി (റ)വിന്റെ ജീവിതത്തിന്റെ അവസാന ഘട്ടം വളരെയേറെ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു ...

ഒരു ദിവസം ഏതാനും ആളുകൾ ആഇശ (റ)യുടെ വീട്ടിലേക്ക് ധൃതിയിൽ വന്നു ഇങ്ങനെ അറിയിച്ചു :

അലി (റ)വിനെ ഖവാരിജുകൾ വധിച്ചു. കൂഫയിൽ വെച്ചാണ് വധിക്കപ്പെട്ടത് ...

മുഖത്ത് ദുഃഖം നിഴലിട്ടു. വധത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു ...
മുത്തുനബി (സ)യുടെ അനുയായികൾ ഇങ്ങനെയൊക്കെ ആയിപ്പോയല്ലോ ...? ഖവാരിജുകൾ സമീപകാലത്ത് രൂപപ്പെട്ട കക്ഷിയാണ്. ഇനി എത്രയെത്ര കക്ഷികൾ വരാനിരിക്കുന്നു...? 

ആപത്തുകളുടെ കാലം വരവായി ...

ആഇശ (റ) ഇങ്ങനെ പറഞ്ഞു: അല്ലാഹു അലിയെ അനുഗ്രഹിക്കട്ടെ... സന്തോഷകരമായ കാര്യങ്ങൾ നടക്കുമ്പോൾ അദ്ദേഹം പറയും. അല്ലാഹുവും അവന്റെ റസൂലും പറഞ്ഞത് സത്യം.
ഇറാഖുകാർ അദ്ദേഹത്തെ തെറ്റിധരിച്ചു. അലി (റ)വിന്റെ ഭരണം നാല് വർഷം നീണ്ടു നിന്നു ...

അലി (റ), ഫാത്വിമ (റ) , എന്നിവരെ ആഇശ (റ) വളരെയധികം സ്നേഹിച്ചിരുന്നു. കാരണം അവർ ഇരുവരും നബി(സ)ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഫാത്വിമ (റ) വീട്ടിൽ വരുമ്പോൾ നബി (സ) അവരെ എത്ര സ്നേഹപൂർവ്വമാണ് സ്വീകരിച്ചതെന്ന് ആഇശ (റ)ക്ക് നന്നായറിയാം... നബി (സ) ഏറെ സ്നേഹിച്ചവരെ ആഇശ (റ)യും ഏറെ സ്നേഹിച്ചു ...

ഇനി അവരുടെ രണ്ട് മക്കൾ ഹസൻ (റ), ഹുസൈൻ (റ). നബി (സ)യുടെ സ്നേഹഭാജനങ്ങൾ. നബി (സ)യിൽ നിന്ന് അവർക്കു ലഭിച്ച സ്നേഹവും വാത്സല്യവും അതെത്രയാണെന്ന് ആഇശ (റ)ക്കറിയാം. ആഇശ (റ) ആ കുഞ്ഞുങ്ങളെ വല്ലാതെ സ്നേഹിച്ചു ...

നബി (സ) തങ്ങൾക്ക് രോഗം വന്ന സന്ദർഭം. ഫാത്വിമ (റ)കാണാൻ വന്നു. പിതാവും മകളും കണ്ടുമുട്ടുന്ന രംഗം. ആഇശ (റ) ആ രംഗം വീക്ഷിക്കുകയാണ്. പിതാവ് മകളുടെ ചെവിയിൽ സ്വകാര്യം പറയുന്നു. മകളുടെ മുഖം വാടി. കണ്ണുകൾ നിറഞ്ഞു. കരഞ്ഞുപോയി ...

പിതാവ് മകളുടെ ചെവിയിൽ വീണ്ടും എന്തോ പറഞ്ഞു ... മകളുടെ മുഖം തെളിഞ്ഞു. ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. മനസ്സിൽ സന്തോഷം... നബി (സ) തങ്ങളുടെ വഫാത്തിനുശേഷം ഒരിക്കൽ ആഇശ (റ) ആ സംഭവത്തെക്കുറിച്ചു ചോദിച്ചു ...

ഫാത്വിമ (റ) ഇങ്ങനെ മറുപടി നൽകി:

ഉപ്പ എന്നോടിങ്ങനെ പറഞ്ഞു : ഞാൻ ഈ രോഗത്തിൽ നിന്ന് രക്ഷപ്പെടില്ല. മരണം സംഭവിക്കും. അപ്പോൾ ഞാൻ കരഞ്ഞു. ഉപ്പ രണ്ടാമത് എന്നോടിങ്ങനെ പറഞ്ഞു : നമ്മുടെ കുടുംബത്തിൽ നിന്ന് ആദ്യമായി എന്നിലേക്ക് എത്തിച്ചേരുന്ന ആൾ നീ ആയിരിക്കും. അത് കേട്ടപ്പോൾ ഞാൻ ചിരിച്ചു. ഒരിക്കലും മറക്കാനാവാത്ത വചനങ്ങൾ ...

ഇത് കേട്ട ശേഷം ഏതൊരു വികാരത്തോടെയായിരിക്കും ആഇശ (റ) ഫാത്വിമ (റ) യെ നോക്കിയിരിക്കുക ...

നബി (സ) തങ്ങളിലേക്ക് ആദ്യം ചെന്നുചേരുന്ന ബന്ധു ഫാത്വിമ (റ). മരണം പ്രതീക്ഷിച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി. പ്രതീക്ഷിച്ച മരണം അവരെ തേടിയെത്തി. ആഇശ (റ) അതിന് സാക്ഷിയായി. അലി (റ)വും മക്കളും വലിയ പരീക്ഷണങ്ങൾ നേരിട്ടു. എല്ലാം ആഇശ (റ) അറിയുന്നു...

അലി (റ) മരണപ്പെട്ട വിവരവും അറിഞ്ഞു വളരെ ദുഃഖിച്ചു. മൂത്തമകൻ ഹസൻ (റ) വലിയ പരീക്ഷണം നേരിട്ടു. മരണം ആസന്നമായപ്പോൾ അന്ത്യാഭിലാഷം അറിയിച്ചു. റൗളാശരീഫിൽ ഖബറടക്കുക ...

ഇമാം ഹുസൈൻ (റ) സമ്മതം ചോദിക്കാൻ ചെന്നു ... ആഇശ (റ) സന്തോഷപൂർവം സമ്മതിച്ചു ...

പക്ഷെ ശത്രുക്കൾ സമ്മതിച്ചില്ല. ജന്നത്തുൽ ബഖീഇൽ ഖബറടക്കി. എല്ലാറ്റിനും ആഇശ (റ) സാക്ഷിയായി ...

അലി (റ)വിന്റെ കാലശേഷം ഭരണാധികാരം അമീർ മുആവിയായുടെ കരങ്ങളിൽ വന്നുചേർന്നു. കാലം വളരെ വേഗം മാറിക്കൊണ്ടിരുന്നു. ഭരണകൂടത്തിന്റെ ആസ്ഥാനമായി ദമസ്കസ് ഉയർന്നുവന്നു. ദമസ്കസ് വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ലോകപ്രശസ്ത കേന്ദ്രമായി വളർന്നുവന്നു ...

നാഗരികതയുടെ മഹാനഗരം രൂപംകൊള്ളുകയാണ്. ഉന്നതമായ കെട്ടിടങ്ങൾ, സുഖസൗകര്യങ്ങളുള്ള സൗധങ്ങൾ, വലിയ മസ്ജിദുകൾ, ഉന്നത പഠനകേന്ദ്രങ്ങൾ, പണ്ഡിത സദസ്സുകൾ, ചർച്ചാവേദികൾ, സൈനിക കേന്ദ്രങ്ങൾ, ഭരണ പരിഷ്കാരങ്ങൾ ...

നാവികപ്പടയുടെ ആവിർഭാവം, തപാൽ വകുപ്പിന്റെ വളർച്ച, കടലിലൂടെ പടിഞ്ഞാറൻ ലോകത്തേക്ക് മുസ്ലിം നാവികപ്പട നീങ്ങി. പാശ്ചാത്യ നാടുകളിൽ ഇസ്ലാമിന്റെ സന്ദേശമെത്തി. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ...

ആ രീതിയിലുള്ള വളർച്ചയുടെ കാലഘട്ടത്തിൽ ആഇശ (റ) തന്റെ മേഖലയിൽ ഒതുങ്ങിക്കൂടി. ധാരാളം കുട്ടികളെയും സ്ത്രീകളെയും പഠിപ്പിച്ചു. ഇസ്ലാമിക വിജ്ഞാനം നൽകി വളർത്തിയെടുത്തു. അവർ പിൽക്കാല പണ്ഡിതന്മാരായിത്തീർന്നു ...

രാപ്പകലുകൾ സേവനത്തിനും ഇബാദത്തുകൾക്കുമായി മാറ്റിവെച്ചു. വിശുദ്ധ ഖുർആൻ പാരായണത്തിന് വേണ്ടി ധാരാളം സമയം ചെലവഴിച്ചു ...

അബൂയൂനുസ് (റ), ആഇശ (റ)യുടെ അടിമയാണ്. എഴുത്തും വായനയും അറിയാവുന്ന അടിമ ...

ആഇശ (റ) യുടെ നിർദേശപ്രകാരം വിശുദ്ധ ഖുർആൻ വചനങ്ങൾ ക്രമപ്രകാരം അബൂയൂനുസ് (റ) എഴുതിവെച്ചു. അങ്ങനെ വിശുദ്ധ ഖുർആന്റെ പൂർണ്ണമായ ലിഖിതരൂപം ആഇശ (റ)യുടെ കൈവശമുണ്ടായിരുന്നു ...

ഒരിക്കൽ ഇറാഖിൽ നിന്ന് ഒരു പണ്ഡിതൻ ആഇശ (റ)യെ കാണാൻ വന്നു. അവരുടെ കൈവശമുള്ള ഖുർആൻപ്രതി കാണണം അതാണാവശ്യം ...
അദ്ദേഹം ഇങ്ങനെ പറഞ്ഞു :

അറബികളും അറബികളല്ലാത്തവരും കൂടിക്കലർന്നു. വിശുദ്ധ ഖുർആൻ പാരായണത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടു. വചനങ്ങളുടെ ക്രമത്തിൽ സംശയം നേരിട്ടു. ഇവിടത്തെ ഖുർആൻ പ്രതി ഒന്നു കാണിച്ചു തരണം. എന്റെ പ്രതിയിലെ ക്രമവും നിങ്ങളുടെ പ്രതിയിലെ ക്രമവും താരതമ്യം ചെയ്തു നോക്കാനാണ് ...

ആഇശ (റ) തന്റെ പ്രതി കൊടുത്തു. ഓരോ സൂറത്തിന്റെയും ആദ്യത്തെ ആയത്ത് ഓതിക്കൊടുത്തു. വന്ന പണ്ഡിതൻ ആവശ്യമുള്ളവ എഴുതിയെടുത്തു ...
വിശുദ്ധ ഖുർആനിനെക്കുറിച്ചു സംശയം തീർക്കാൻ വന്നവർ നിരവധിയാണ്. എല്ലാവരും സംതൃപ്തരായി മടങ്ങി ...

ആഇശ (റ) ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്
 :അൽബഖറ സൂറത്തും നിസാഹ് സൂറത്തും അവതരിക്കുമ്പോൾ ഞാൻ നബി (സ) യുടെ സമീപത്തുണ്ടായിരുന്നു ...

ഹദീസിന്റെ ആധികാരിക സ്രോതസ്സ് തന്നെയാണ് ആഇശ (റ). ഒരു ഹദീസ് പറയുമ്പോൾ അതിന്റെ കാരണവും പശ്ചാത്തലവും പറയുക അവരുടെ സമ്പ്രദായമാകുന്നു. അപ്പോൾ ഹദീസ് നന്നായി മനസ്സിലാവും. നല്ല വ്യക്തതയുണ്ടാവും ...

വെള്ളിയാഴ്ച ദിവസം കുളിക്കൽ സുന്നത്താകുന്നു. നബി (സ) അങ്ങനെ കൽപിച്ചിട്ടുണ്ട് ...

വെള്ളിയാഴ്ച ജുമുഅ ദിവസമാണ്. ധാരാളമാളുകൾ ഒന്നിച്ചു ചേരും. വിയർപ്പ് ഗന്ധം മറ്റുള്ളവർക്ക് ശല്യമാവരുത്. കുളിക്കണം ഇതൊക്കെ ഒരോരുത്തരും ചിന്തിച്ചു മനസ്സിലാക്കും ...

ജുമുഅ ദിവസം കുളിക്കണമെന്ന് നബി (സ) പറഞ്ഞുവെന്നായിരിക്കും ഹദീസിലെ വചനം. പലരുടെയും റിപ്പോർട്ട് അങ്ങനെയാവും ...

ആഇശ (റ)യുടെ റിപ്പോർട്ട് കൂടുതൽ വ്യക്തവും മനസ്സിൽ തട്ടുന്നതുമായിരിക്കും. മദീനക്കു പുറത്തുനിന്ന് ജുമുഅക്ക് വന്ന ഒരാളിൽ നിന്ന് നബി (സ) ക്ക് വിയർപ്പ് നാറ്റം അനുഭവപ്പെട്ടു. ജുമുഅ ദിവസം കുളിക്കണമെന്ന് കൽപിച്ചു. അത് സുന്നത്തായി ...

ആഇശ (റ) ഈ രീതിയിൽ റിപ്പോർട്ടു ചെയ്യുന്നു. ഇവിടെ കാരണവും സാഹചര്യവും നമുക്കു കിട്ടി. നബി (സ)യുമായി അത്രയും സഹവാസമുള്ളതുകൊണ്ടാണ് അതിന് കഴിഞ്ഞത്. വിജ്ഞാനത്തിന്റെ ലോകത്ത് അവരുടെ ഔന്നിത്യം അത്ഭുതകരമായിരുന്നു ...

അന്ത്യയാത്ര

നബി (സ)യുടെ ഒരു വാക്ക് ആഇശ (റ)ക്ക് മനസ്സിലായില്ലെങ്കിൽ പലതവണ ചോദിക്കും. ശരിക്ക് മനസ്സിലാവുംവരെ ചോദിക്കും. അപ്പോഴേ മനസ്സമാധാനം വരികയുള്ളൂ. ഇതിനുള്ള സൗകര്യം ആഇശ (റ)യെപ്പോലെ മറ്റാർക്കും ലഭിച്ചിട്ടില്ല ...



ആദ്യകാല സ്വഹാബികൾ മിക്കവാറും വഫാത്തായപ്പോൾ മുസ്ലിംകൾ മതവിധികൾക്കായി സമീപിച്ചിരുന്നത് ഇവരെയായിരുന്നു.
അബ്ദുല്ലാഹിബ്നു ഉമർ (റ), അബ്ദുല്ലാഹിബ്നു അബ്ബാസ് (റ), അബൂഹുറൈറ (റ),ആഇശ (റ) ...

കഠിനമായ കുരുക്കുകൾ നിറഞ്ഞ എത്രയെത്ര മസ്അലകളാണ് ആഇശ (റ) കുരുക്കഴിച്ചുകൊടുത്തത് ... ഹദീസ് ഗ്രന്ഥങ്ങളും ചരിത്ര ഗ്രന്ഥങ്ങളും നോക്കിയ പണ്ഡിതന്മാർ വളരെ അത്ഭുതത്തോടെ ആഇശ (റ) യെ കുറിച്ച് സംസാരിക്കും ...

മഹാപണ്ഡിതനായ ഹിശാമുബ്നു ഉർവ്വത്ത് (റ) പറയുന്നു :
ഖുർആൻ അനന്തരാവകാശ നിയമങ്ങൾ, മതവിധികൾ, കവിത, അറബികളുടെ ചരിത്രം, ഗോത്രപരമ്പരകളെ കുറിച്ചുള്ള വിവരം എന്നിവയിൽ ആഇശ (റ)യെ മുൻകടക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല ...

വൈദ്യശാസ്ത്ര പരിജ്ഞാനത്തെയും പലരും പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. നബി (സ) തങ്ങൾക്ക് അവസാനത്തെ രോഗം വന്നപ്പോൾ അറേബ്യയിലെ അറിയപ്പെടുന്ന വൈദ്യന്മാരെല്ലാം അവിടെ എത്തിയിരുന്നു. അവർ പറഞ്ഞതെല്ലാം ആഇശ (റ) മനഃപാഠമാക്കി. യുദ്ധങ്ങളിൽ മുറിവ് പറ്റുന്നവരെ ചികിത്സിക്കുന്നവിധം ആഇശ (റ) മറ്റുള്ളവരെ പഠിപ്പിച്ചിരുന്നു...

അറബികളുടെ പൂർവ്വകാല ചരിത്രം ആഇശ (റ)ക്ക് നന്നായറിയാമായിരുന്നു. അതുകൊണ്ട് ഇസ്ലാം വരുത്തിയ മാറ്റങ്ങൾ നന്നായി മനസ്സിലാക്കാനും മറ്റുള്ളവർക്ക് വിശദമായി പറഞ്ഞുകൊടുക്കാനും ആഇശ (റ)ക്ക് കഴിഞ്ഞു ...

നബി(സ) തങ്ങളുടെ അന്ത്യരംഗങ്ങൾ എത്ര ഹൃദയസ്പർശിയായ രീതിയിലാണവർ അവതരിപ്പിച്ചത്. രോഗം ആരംഭിച്ചത് മുതൽ വഫാത്ത് വരെയുള്ള രംഗങ്ങൾ, ആ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ, കഫൻ ചെയ്തതിന്റെ വിശദാംശങ്ങൾ, ഖബറടക്കൽ തുടങ്ങിയവയെല്ലാം ആഇശ (റ)യിലൂടെ ലോകം അറിഞ്ഞു. അന്ത്യനാൾവരെ അറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും ...

സാഹിത്യം ഓളംതല്ലുന്ന ശൈലിയിലാണ് വിവരണം. വല്ലാത്ത ഭാഷാ ശുദ്ധിയാണ്. അത് കേട്ട പണ്ഡിതന്മാർ അക്കാര്യത്തിലുള്ള അവരുടെ അത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട് ...

എക്കാലവും അവ അത്ഭുതമായിത്തന്നെ നിലനിൽക്കും. വഹ്യ്യ് ഇറങ്ങുമ്പോൾ നബി (സ) വിയർക്കും. വിയർത്തൊലിക്കും. നെറ്റിയിൽ വിയർപ്പ് തുള്ളികൾ കാണാം. നെറ്റിയിലെ വിയർപ്പുതുള്ളികളെക്കുറിച്ച് ആഇശ (റ) പറയുന്നതിങ്ങനെയാണ് :

നെറ്റിയിൽ മുത്തുമണികൾ തിളങ്ങി. ഭാഷാസാഹിത്യസ്നേഹികളെ തട്ടിയുണർത്തുന്ന പദപ്രയോഗങ്ങൾ എത്ര തവണ കേട്ടാലും മതിവരില്ല ...

ഇസ്ലാമിന്റെ ആദ്യഘട്ടത്തിൽ വനിതകൾക്കിടയിൽ ഇസ്ലാം മതം പ്രചരിപ്പിക്കാൻ വേണ്ടി സ്വഹാബിവനിതകൾ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. ആഇശ (റ)യുടെ പ്രഭാഷണ ചാതുരി സ്ത്രീകളെ ഹഠാദാകർഷിച്ചിരുന്നു. വനിതകളുടെ സാഹിത്യക്കുറിച്ച് പിൽക്കാലത്ത് ഗ്രന്ഥങ്ങൾ തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. ആഇശ (റ) യുടെ പ്രഭാഷണങ്ങൾ എത്രയോ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് ...

സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. ആ ജീവിതത്തിന് അറുപത്തേഴ് വയസ്സായി. ഹിജ്റ വർഷം അമ്പത്തിയെട്ട്. അപ്പോൾ ആഇശ (റ) രോഗബാധിതയായി. പലരും കാണാൻ വന്നു. രോഗവിവരം തിരക്കുന്നവരോട് സുഖം തന്നെ എന്നാണവർ പറയുക ... രോഗത്തെക്കുറിച്ചുള്ള പരാതി പറയില്ല...

അമീർ മുആവിയയുടെ ഭരണം ഇരുപത് കൊല്ലം നീണ്ടുനിന്നു. അതിൽ പതിനെട്ടാം വർഷമാണിത്. രോഗം കാണാൻ വരുന്നവർ തന്നെ പ്രശംസിച്ചു സംസാരിക്കുന്നത് അവർ ഇഷ്ടപ്പെട്ടിരുന്നില്ല. ഞാൻ കല്ലായിരുന്നെങ്കിൽ, ഞാൻ കാട്ടിലെ പച്ചമരുന്നായിരുന്നെങ്കിൽ, എന്നൊക്കെയാണവർ പറയുക...

നബി (സ) തങ്ങളുടെ വഫാത്തിനുശേഷമുള്ള അഞ്ചു പതിറ്റാണ്ടുകൾ. ചരിത്ര സംഭവങ്ങൾ നിറഞ്ഞ അരനൂറ്റാണ്ടുകാലം ചരിത്രത്തിന്റെ നാൾവഴികളിലേക്ക് തിരിഞ്ഞു നോക്കി എന്തുമാത്രം സംഭവങ്ങൾക്ക് സാക്ഷിയായി...

റൗളാ ശരീഫിൽ ഒരു ഖബറിന്ന് കൂടി സ്ഥലമുണ്ട്. വേണ്ട തന്നെയവിടെ ഖബറടക്കേണ്ട. മറ്റുഭാര്യമാരോടൊപ്പം ജന്നത്തുൽ ബഖീഇൽ ഖബറടക്കിയാൽ മതി. രാത്രിയാണ് മരിക്കുന്നതെങ്കിൽ രാത്രിതന്നെ ഖബറടക്കണം. അബൂഹുറൈറ (റ) മദീനയിൽ ഗവർണറുടെ സ്ഥാനം വഹിക്കുന്നു. മഹാന്റെ നയനങ്ങൾ ആഇശ (റ)യുടെ ജീവിതം കണ്ട കണ്ണുകൾ. അദ്ദേഹം രോഗവിവരം അന്വേഷിച്ചുകൊണ്ടിരുന്നു...

റമളാൻ മാസം കടന്നു പോയ്കൊണ്ടിരിക്കുന്നു ... മസ്ജിദുന്നബവിയിൽ തറാവീഹിന് വമ്പിച്ച ജനാവലിയാണ്. റമളാൻ പതിനേഴ് ബദറിന്റെ ഓർമ്മകൾ നിറഞ്ഞ രാവ്. ആഇശ (റ) രോഗവും ക്ഷീണവും അവഗണിച്ചുകൊണ്ട് നിസ്കാരം നിർവഹിച്ചു. വിത്ർ നിസ്കരിച്ചുതീർന്നു. നബി (സ)യോടൊപ്പം വിത്ർ നിസ്കരിച്ച ഓർമ്മകൾ ...

ഇതവസാനത്തെ വിത്ർ നിസ്കാരം. ദുനിയാവിൽ കഴിയാൻ അനുവദിക്കപ്പെട്ട സമയം അവസാനിച്ചു. ഇവിടത്തെ വെള്ളവും വായുവും ഇനിയില്ല. അവയെല്ലാം തീർന്നുകഴിഞ്ഞു. ശാന്തമായ മരണം. മരണത്തിന്റെ മാലാഖയെത്തി ...

ആത്മാവ് ശാന്തമായി കടന്നുപോയി ...

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ

മദീന ദുഃഖമൂകമായി. ജനം കൂട്ടംകൂട്ടമായി വന്നു. മുമ്പൊരു രാത്രിയിലും ഇത്രയേറെ ജനങ്ങളെ മദീന കണ്ടിട്ടില്ല. കുലീന വനിതകൾ അവരെ കുളിപ്പിച്ചു. കഫൻ ചെയ്തു. സഹോദര സഹോദരിമാരുടെ പുത്രിമാർ എല്ലാറ്റിനും നേതൃത്വം നൽകി. അബൂഹുറൈറ (റ) ജനാസ നിസ്കാരത്തിന് നേതൃത്വം നൽകി...

സ്ത്രീകളുടെ നിലക്കാത്ത പ്രവാഹം. ഉമ്മ നഷ്ടപ്പെട്ട മക്കളുടെ പ്രവാഹം അണപൊട്ടിയൊഴുകുന്ന ദുഃഖം. നനയാത്ത കണ്ണുകളില്ല. വിതുമ്പാത്ത ചുണ്ടുകളില്ല. മയ്യിത്ത് ജന്നത്തുൽ ബഖീഇലേക്ക് എടുക്കുകയാണ്. അബൂബക്കർ (റ)വിന്റെ മകൻ മുഹമ്മദിന്റെ മകൻ ഖാസിം മുന്നോട്ടു വന്നു. കൂടെ വന്നത് അബൂബക്കർ (റ)വിന്റെ മകൻ അബ്ദുറഹ്മാന്റെ മകൻ അബ്ദുല്ല.
ബന്ധുക്കളായ അതീഖിന്റെ മകൻ അബ്ദുല്ല. സുബൈറിന്റെ മകൻ ഉർവത്ത് തുടങ്ങിയവർ ചേർന്നു ജനാസ കൊണ്ടുപോയി. ബന്ധുക്കളായ നിരവധിപേർ ചുമന്നു കൊണ്ടുപോവാൻ കൂടി. സഹോദരീ സഹോദരന്മാരുടെ മക്കൾ മയ്യിത്ത് ഖബറിലേക്ക് താഴ്ത്തി ... മണ്ണ് വാരിയിട്ടു ...

ജന്നത്തുൽ ബഖീഇൽ പുതിയ ഖബർ ... ജ്വലിച്ചുനിന്ന ദീപം നീങ്ങിപ്പോയി ... റൗളാശരീഫിലും വഴിയിലും ജന്നത്തുൽ ബഖീഇലും ആളുകൾ കൂട്ടം കൂടി നിന്നു. എല്ലാവരും ദുഃഖിതരാണ് ...

സത്യവിശ്വാസികളുടെ മാതാവിന്റെ വിയോഗം. അവർ ആരുടെയെല്ലാം മാതാവായിരുന്നുവോ അവരെല്ലാം ആ രാത്രിയിൽ ദുഃഖിച്ചു ... പിതാവും പുത്രിയും

അബൂബക്കർ സിദ്ദീഖ് (റ)വും ആഇശ (റ)യും നബി (സ)ക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ... അബൂബക്കർ സിദ്ദീഖ് (റ), അത് കഴിഞ്ഞാൽ ആഇശ (റ) ആളുകൾ അതോർത്തു ... ചിലർ പറഞ്ഞു ...

ആഇശ (റ)യുടെ വിജ്ഞാനത്തിന്റെ പ്രകാശം ഒരിക്കലും മങ്ങുകയില്ല. എല്ലാ വനിതകൾക്കും അവർ മാതൃകയാണ്. അവരുടെ മഹത്വം വർണ്ണിച്ച പേനകളെത്ര... അവരെ വർണ്ണിച്ചു രചിക്കപ്പെട്ട കവിതകളെത്ര...
അതെ നമ്മുടെ ഉമ്മ വിജ്ഞാനത്തിന്റെ സമുദ്രമായിരുന്നു... 

ആ സമുദ്രം എക്കാലും അലയടിച്ചുകൊണ്ടിരിക്കും... അവരെക്കുറിച്ചവർ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കട്ടെ...

അവരോടുള്ള സ്നേഹം വർദ്ധിച്ചു വരട്ടെ...

No comments:

Post a Comment