Saturday 16 May 2020

അലിയ്യും (റ) പത്ത് വ്യക്തികളും


പത്തു വ്യക്തികൾ അലിയ്യുബ്നു അബൂതാലിബിന്‍റെ (റ) അരികിൽ വരികയും അദ്ദേഹത്തിന്‍റെ ക്ഷമ പരീക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഒന്നാമൻ വന്നു ചോദിച്ചു: ഓ..അലീ.. അറിവാണോ ധനമാണോ ഏറ്റവും ശ്രേഷ്ഠമായത്?

അലി (റ) പറഞ്ഞു : അറിവാണ്.

ഒന്നാമൻ ചോദിച്ചു എന്താണ് അതിന് തെളിവ്?                       

അലി (റ): അറിവ് അമ്പിയാക്കളുടെ അനന്തിര സ്വത്താണ്. എന്നാൽ ധനം ഖാറൂനിന്‍റെയും ഹാമാന്‍റെയും ഫിർഔനിന്‍റെയും അനന്തിര സ്വത്താണ്. ഒന്നാമൻ പോയി ഈ കാര്യം തന്‍റെ ജനതയെ അറിയിച്ചു.

മറ്റൊരാള്‍ വന്നു ആദ്യത്തെയാൾ ചോദിച്ചതുപോലെ തന്നെ ചോദിച്ചു.
അലി (റ) പറഞ്ഞു : അറിവാണ് ശ്രേഷ്ഠമായത്.

രണ്ടാമൻ ചോദിച്ചു : എന്താണ് തെളിവ് ?

അലി (റ) പറഞ്ഞു: ധനത്തിനു നീ കാവൽ നിൽകുമ്പോൾ അറിവ് നിനക്ക് കാവൽ നില്കുന്നു.

രണ്ടാമൻ പോയി ഈ കാര്യം തന്‍റെ കൂട്ടുകാരെ അറിയിച്ചു.

മൂന്നാമൻ വന്നു ചോദിച്ചു : അഓ..അലീ..അറിവാണോ ധനമാണോ ഏറ്റവും ശ്രേഷ്ഠമായത്?

അലി (റ) പറഞ്ഞു : അറിവാണ്.

മൂന്നാമൻ ചോദിച്ചു : എന്താണ് തെളിവ്?

അലി (റ) പറഞ്ഞു : ധനത്തിന്‍റെ ഉടമക്ക് ശത്രുക്കൾ ഒരുപാട് ഉണ്ടാവും. എന്നാൽ അറിവിന്‍റെ ഉടമക്ക് മിത്രങ്ങൾ ആയിരിക്കും കൂടുതൽ.
മൂന്നാമൻ തിരിച്ചുപോയി തന്‍റെ കൂട്ടുകാരെ അറിയിച്ചു !

നാലാമൻ എണീറ്റ് അലിയോടു ചോദിച്ചു: അറിവാണോ ധനമാണോ ശ്രേഷ്ഠമായത് ?

അലി (റ) പറഞ്ഞു : അറിവാണ്.
എന്താണ് അതിന്‍റെ തെളിവ് ?

അലി (റ) : ധനം നീ വിനിയോഗിച്ചാൽ കുറഞ്ഞുപോകും. അറിവ് ചിലവഴിച്ചാൽ വർധിക്കും.

നാലാമൻ തിരിച്ചു ചെന്ന് തന്‍റെ സുഹൃത്തുക്കളെ ഇത് അറിയിച്ചു.

അഞ്ചാമൻ എണീറ്റ് ചോദിച്ചു: അലി അറിവാണോ ധനമാണോ ഏറ്റവും ശ്രേഷ്ഠമായത് ?

അലി (റ) പറഞ്ഞു : അറിവ് തന്നെയാണ്

എന്താണ് തെളിവ് ?

അലി (റ) : ധനത്തിന്‍റെ ഉടമക്ക് പിശുക്കനെന്നും മറ്റുമുള്ള പേര് വിളിക്കപ്പെടുമ്പോൾ അറിവിന്‍റെ ഉടമയെ ആദരവിന്‍റെയും ബഹുമാനത്തിന്‍റെയും പേര് വിളിക്കപ്പെടുന്നു.

അഞ്ചാമൻ തിരിച്ചുപോയി ഈ വിവരം സുഹൃത്തുക്കളെ അറിയിച്ചു.

ആറാമൻ എണീറ്റ് അലിയ്യിനോട് ചോദിച്ചു : അലി അറിവാണോ ധനമാണോ ശ്രേഷ്ഠമായത് ?

അലി (റ): അറിവാണ് ശ്രേഷ്ഠമായത്.

ആറാമൻ ചോദിച്ചു : എന്താണ് തെളിവ്?

അലി (റ): ധനം കളവു പോകുന്നതിനെ ഭയക്കണം. എന്നാൽ അറിവിന്‌ അങ്ങിനെ ഭയക്കേണ്ടതില്ല !

അയാൾ തിരിച്ചു പോയി തന്‍റെ സുഹൃത്തുക്കളെയും ഇത് അറിയിച്ചു.

ഏഴാമൻ എണീറ്റ് ചോദിച്ചു : അലീ..അറിവാണോ ധനമാണോ ശ്രേഷ്ഠമായത് ?

അലി (റ) പറഞ്ഞു : അറിവാണ് ശ്രേഷ്ഠമായത്.

ഏഴാമൻ : എന്താണ് തെളിവ്?

അലി (റ) പറഞ്ഞു : ധനം കാലം കഴിയും തോറും നശിക്കുകയും കേടുവന്നുപോകുകയും ചെയ്യുന്നു. എന്നാൽ അറിവിന് അങ്ങിനെയില്ല.
അയാൾ തിരിച്ചുപോയി തന്‍റെ സമൂഹത്തെയും ഇത് അറിയിച്ചു.


എട്ടാമൻ ഒന്നും ചോദിച്ചില്ല !

ഒൻപതാമൻ വന്നു അലിയോട് ചോദിച്ചു : അലി..അറിവാണോ ധനമാണോ ശ്രേഷ്ഠമായത്?

അലി (റ) പറഞ്ഞു : അറിവാണ് ഏറ്റവും ശ്രേഷ്ഠമായത്.

അയാൾ ചോദിച്ചു : എന്താണ് തെളിവ് ?

അലി (റ): ധനം ഹൃദയത്തെ ക്രൂരമാക്കുമ്പോൾ അറിവ് ഹൃദയത്തിനു വെളിച്ചം നൽകുന്നു. അദ്ദേഹം തിരിച്ചുപോയി തന്‍റെ സുഹൃത്തുക്കളെ ഇത് അറിയിച്ചു.

പത്താമൻ എണീറ്റ് ചോദിച്ചു :

അലീ..അറിവാണോ ധനമാണോ ശ്രേഷ്ഠമായത്?       
       
അലി (റ) പറഞ്ഞു : അറിവാണ് ശ്രേഷ്ഠമായത്.

പത്താമൻ : എന്താണ് തെളിവ്?

അലി (റ): ധനമുള്ളവൻ അഹങ്കരിക്കുകയും പൊങ്ങച്ചം കാണിക്കുകയും ചെയ്യുമ്പോൾ അറിവിന്‍റെ ഉടമ താഴ്മയുള്ളവനും വിനയമുള്ളവനും സാധുവുമായിരിക്കും.

ഇയാൾ തിരിച്ചു പോയി ഈ വിവരം സുഹൃത്തുക്കളെ അറിയിച്ചു.

അവരെല്ലാവരും വന്നു അലിയോട് (റ) പറഞ്ഞു : താങ്കൾ അറിവിന്‍റെ പട്ടണമാണ് ( മദീനത്തുൽ ഇൽമി ) എന്ന് റസൂൽ (സ) പറഞ്ഞത് സത്യമാണ്.


No comments:

Post a Comment