Thursday 21 May 2020

സകരിയ്യ (അ), യഹ് യ (അ)


മനുഷ്യസമൂഹത്തെ നന്മയിലേക്ക് ക്ഷണിക്കാൻ അല്ലാഹു ﷻ നിയോഗിച്ച രണ്ട് പ്രവാചകന്മാർ. പിതാവും പുത്രനും സകരിയ്യ(അ), യഹ് യ(അ). ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കാൻ തുടങ്ങിയപ്പോൾ ധിക്കാരികൾ വെല്ലുവിളിച്ചു.

സകരിയ്യ (അ) പോറ്റിവളർത്തിയ മർയം (റ) ഗർഭം ധരിച്ചു. പിതാവില്ലാതെ സ്ത്രീയിൽ നിന്ന് മാത്രം കുട്ടിയെ ജനിപ്പിക്കാൻ അല്ലാഹുﷻവിന് കഴിയും. ഇത് ബോധ്യപ്പെടുത്തിയത് മർയം ബീവി (റ) യിലൂടെ. ഈസാ (അ) ന്റെ ജനനത്തോടെ ശത്രുക്കൾ അഴിഞ്ഞാടാൻ തുടങ്ങി.

സകരിയ്യ(അ)

യഹ് യ(അ)

ഈസാ(അ)

മൂന്നു പ്രവാചകന്മാരുടെ കടുത്ത ത്യാഗത്തിനും, അത്ഭുതകരമായ ക്ഷമക്കും ഒരു കാലഘട്ടം സാക്ഷ്യം വഹിച്ചു.

യഹ് യാ (അ) മസ്ജിദിൽ നിസ്കരിച്ചു കൊണ്ടിരിക്കുന്നു. തൊട്ടടുത്തുതന്നെ പിതാവ് സകരിയ്യ (അ) നിസ്കരിക്കുന്നു. ധിക്കാരികൾ മൂർച്ചകൂടിയ ആയുധങ്ങളുമായി  മസ്ജിദിലേക്ക് ഇരച്ചുകയറിവന്നു. പുണ്യപ്രവാചകൻ യഹ് യാ(അ)നെ വധിച്ചു ശിരസ്സെടുത്തു കൊണ്ടുപോയി.

സകരിയ്യ (അ) നിസ്കാരം പൂർത്തിയാക്കിയ ശേഷം തിരിഞ്ഞു നോക്കി. വാർദ്ധക്യകാലത്ത് തനിക്കു ലഭിച്ച പുത്രന്റെ വികൃതമാക്കപ്പെട്ട ശരീരം...

കാലഘട്ടത്തെ കോരിത്തരിപ്പിച്ച ക്ഷമയുടെ ചരിത്രം.


രണ്ടു പുത്രിമാർ 

ഇസ്രാഈലികൾക്കിടയിലെ ഒരു പൗര പ്രമുഖനാണ് ഫാഖൂദ്. ഒട്ടകങ്ങളും ആട്ടിൻ കൂട്ടങ്ങളുമൊക്കെയുള്ള നല്ലൊരു തറവാട്ടുകാരൻ. അദ്ദേഹത്തിന്റെ രണ്ട് പെൺമക്കൾ ചരിത്രത്തിൽ ഇടം നേടിയവരാണ്. അവരിലൂടെ ഫാഖൂദ് സ്മരണീയനായിത്തീർന്നു...

ഒരു പുത്രിയുടെ പേര് ഇശാഅ് (ചില പണ്ഡിതന്മാർ അശ്യാഅ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്). ഇശാഅ് സുന്ദരിയും ബുദ്ധിമതിയുമാണ്. കുടുംബത്തിന്റെ ഓമനയായി വളർന്നു വന്നു. ഭാവനാ സമ്പന്നമായ മനസ്സ് കവിതയൂറുന്ന സംസാര ശൈലി. ഇശാഇനെ ജീവിത പങ്കാളിയായി ലഭിക്കുന്ന ആൾ മഹാഭാഗ്യവാൻ ആതായിരുന്നു എല്ലാവരുടെയും ചിന്ത.

ഇശാഅ് വളർന്നു. വിവാഹാലോചനകൾ വന്നു. അവരിൽ ഒരു ചെറുപ്പക്കാരൻ ശ്രദ്ധേയനായിരുന്നു. പേര് സക്കരിയ്യ. സുമുഖൻ. ബുദ്ധിമാൻ. പരിശുദ്ധമായ വംശ പരമ്പരിയിൽ പിറന്ന മഹാൻ. ഉന്നതമായ തറവാട്. എല്ലാവർക്കും ഇഷ്ടപ്പെട്ട വിവാഹാലോചന.

ഇശാഇന് സക്കരിയ്യയെ ഇഷ്ടപ്പെട്ടു. സക്കരിയ്യാക്ക് ഇശാഇനെയും. വിവാഹമുറപ്പിച്ചു. തിയ്യതി നിശ്ചയിച്ചു. ഗോത്രക്കാരുടെ അന്തസ്സിനൊത്ത വിവാഹം. ബന്ധുക്കളും നാട്ടുകാരും വന്നുകൂടി. വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിട്ടുണ്ട്. പലതരം പാനീയങ്ങൾ തയ്യാറാക്കി. അതിഥികൾ വന്നു തുടങ്ങി...

പന്തൽ നിറഞ്ഞു. കാരണവന്മാർ ഉറക്കെ സംസാരിക്കുന്നു. ആളുകൾ ചുറ്റും കൂടി കേട്ടാസ്വദിക്കുന്നു. പുതിയാപ്പിളയും കൂട്ടുകാരും വരുന്നു. പന്തലിൽ ആവേശം അലയടിച്ചുയരുന്നു. എല്ലാവരും ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേറ്റു. പുതിയാപ്പിളക്ക് സ്വാഗതം. അകമ്പടിക്കാർക്ക് സ്വാഗതം. പുതിയാപ്പിളയെ കാണാൻ തിക്കും തിരക്കും. എല്ലാ കണ്ണുകളും തിളങ്ങി. എല്ലാ മുഖങ്ങളും വികസിച്ചു. എവിടെയും ആവേശം. ആഹ്ലാദം...

അന്നത്തെ രീതിയനുസരിച്ചുള്ള നികാഹ് നടന്നു. ഒരു പണ്ഡിതൻ അതിന് നേതൃത്വം നൽകി. സാക്ഷികളായി പുമുഖന്മാർ ചുറ്റുമിരുന്നു. നാട്ടുപ്രമാണിമാർ എല്ലാറ്റിനും നേതൃത്വം വഹിച്ചു. എല്ലാവരും സന്തോഷത്തോടെ ആഹാരം കഴിച്ചു.

ഇശാഅ് സക്കരിയ്യായുടെ സഹധർമ്മിണിയായി. നവദമ്പതികളെ ആശീർവദിച്ച് അതിഥികൾ പിരിഞ്ഞുപോയി. സന്തോഷവും സമാധാനവും നിറഞ്ഞ ദാമ്പത്യജീവിതം. കുടുംബത്തിൽ നടക്കുന്ന ചടങ്ങുകൾക്കെല്ലാം അവരുടെ സാന്നിധ്യമുണ്ടാവും.

സക്കരിയ്യ അല്ലാഹുﷻവിന്റെ പ്രവാചകനായിരുന്നു. ഇസ്ലാം മതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകൻ...


ഇസ്രാഈല്യരെ യഹൂദന്മാർ എന്നു വിളിക്കുന്നു. ഇസ്ലാമിലേക്കുള്ള ക്ഷണം യഹൂദന്മാർ ഇഷ്ടപ്പെട്ടില്ല. സത്യവിശ്വാസം സ്വീകരിച്ചവർ കുറവായിരുന്നു. യഹൂദന്മാർ ശക്തമായി എതിർത്തു. എതിർപ്പുകൾ സഹിച്ചുകൊണ്ട് പ്രവാചകൻ തന്റെ ദൗത്യം തുടർന്നു. വിശ്വാസികളുടെ എണ്ണം കൂടിക്കൂടിവന്നു. എതിർപ്പിന്റെ ശക്തിയും കൂടിക്കൂടി വന്നു.

ബൈത്തുൽ മുഖദ്ദസ്. അല്ലാഹുﷻവിനെ ആരാധിക്കാൻ വേണ്ടി പണിതുയർത്തപ്പെട്ട പുണ്യ ഭവനം. സകരിയ്യ(അ)നെ മിക്കപ്പോഴും ബൈത്തുൽ മുഖദ്ദസിൽ കാണും. ആരാധനകളിൽ മുഴുകും. വേദ പാരായണം. പ്രാർത്ഥന. അവയൊക്കെ മുറക്ക് നടന്നു.

പ്രഭാത പ്രാർത്ഥനക്ക് പള്ളിയിൽ വരും. പ്രാർത്ഥനക്കുശേഷം അനുയായികൾക്ക് ഉപദേശം നൽകും. പകൽ സമയം പ്രവാചകനും അനുയായികളും പലതരം ജോലികളിൽ ഏർപ്പെടും. ഒഴിവു കിട്ടുമ്പോഴെല്ലാം പള്ളിയിൽ തന്നെ.

രാത്രിയിലെ പ്രാർത്ഥനക്കു ശേഷം വീട്ടിലേക്ക് മടങ്ങും. അത്താഴം കഴിക്കും. ഭാര്യ അത്താഴമുണ്ടാക്കി കാത്തിരിക്കുകയാവും. പകലത്തെ വിശേഷങ്ങൾ പറയും. നർമ്മസംഭാഷണം. പിന്നെ ശാന്തമായ ഉറക്കം.

ഇശാഅ് ആരാധനകളിൽ വളരെ സജീവയാണ്. താൻ പ്രവാചകന്റെ സഹധർമ്മിണിയാണ്. മറ്റ് സ്ത്രീകളെ പോലെയല്ല. ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കണം. അല്ലാഹുﷻവിന്റെ പൊരുത്തം നേടണം. ഭർത്താവിന്റെ സംതൃപ്തി. അതാണ് തന്റെ ലക്ഷ്യം. പ്രവാചകന് സേവനം ചെയ്യുക അതിൽ പരം സൗഭാഗ്യമുണ്ടോ. ഇശാഅ് സൗഭാഗ്യവതിയാണ്. സംതൃപ്തയാണ്.

ഫാഖൂദിന്റെ മറ്റൊരു മകളുടെ പേര് പറയാം. ഹന്ന. സുന്ദരിയും സൽഗുണ സമ്പന്നയുമാണ്. ബുദ്ധിമതി. ഹന്നാക്ക് വിവാഹാലോചനകൾ വരാൻ തുടങ്ങി. പല പ്രമുഖ കുടുംബങ്ങളിൽ നിന്നും ആലോചനകൾ വന്നു. ഒടുവിൽ ഒരു ചെറുപ്പക്കാരനെ തെരെഞ്ഞെടുത്തു. വേണ്ട യോഗ്യതകളെല്ലാമുള്ള യുവാവ്. പേര് ഇംറാൻ...

ഗോത്രക്കാർക്കെല്ലാം ഇംറാനെ ഇഷ്ടപ്പെട്ടു. സൽസ്വഭാവിയാണ്. ആരോഗ്യവാൻ. അദ്ധ്വാന ശീലൻ. ഹന്നയെ നന്നായി സംരക്ഷിക്കും. വിവാഹം ഉറപ്പിച്ചു. നിക്കാഹിന് തിയ്യതി നിശ്ചയിച്ചു. വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചു. വിവാഹ സുദിനം വന്നു. ആഹ്ലാദം അലയടിച്ചുയർന്നു.

വിവാഹ ചടങ്ങുകൾ ഓരോന്നായി നടന്നു. ഹന്ന ഇംറാന്റെ ജീവിത പങ്കാളിയായി. സൽകാരങ്ങളുടെ തിരക്ക് പിടിച്ച ദിവസങ്ങൾ. ശാന്തമായ ദാമ്പത്യജീവിതം. ഫാഖൂദിന്റെ വീട്ടിൽ ഇടക്കിടെ സൽകാരങ്ങളൊരുക്കും. സക്കരിയ്യായും ഇശാഉം വന്നുചേരും. ഇംറാനും ഹന്നയും വരും. പുത്രിമാരും അവരുടെ ഭർത്താക്കന്മാരും വന്നുചേർന്നാൽ പിന്നെ വീട്ടിലാകെ സന്തോഷം പൂത്തിരി കത്തും. നർമ്മ സംഭാഷണങ്ങൾ. സ്വാദുള്ള വിഭവങ്ങൾ. പിന്നെ ശാന്തമായ അന്തിയുറക്കം. അവർക്കിടയിലൂടെ കാലം കടന്നുപോയി.

ഫാഖൂദും ഭാര്യയും ഒരു സന്തോഷവാർത്തക്കു വേണ്ടി കാത്തിരുന്നു. ഇശാഅ് ഗർഭിണിയായി എന്നറിയാൻ.

ഹന്ന ഗർഭിണിയായി എന്നറിയാൻ. വർഷങ്ങൾ കടന്നുപോയി. പുത്രിമാരിൽ നിന്ന് ആ സന്തോഷവാർത്ത കേൾക്കാൻ കഴിഞ്ഞില്ല...


ഇംറാൻ കണ്ണടച്ചു 

അനുഗ്രഹീതമായ ഫലസ്തീൻ. എത്രയോ പ്രവാചകന്മാരുടെ പാദമുദ്രകൾ പതിഞ്ഞ ഭൂമി. ചരിത്ര സ്മരണകൾ അയവിറക്കുന്ന മണൽത്തരികൾ. ഒട്ടനേകം സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച കുന്നുകൾ. കുന്നുകളുടെ ചരിവുകളിൽ മേഞ്ഞുനടക്കുന്ന ആട്ടിൻകൂട്ടങ്ങൾ. മരങ്ങളുടെ ചാഞ്ഞുകിടക്കുന്ന കൊമ്പുകളിലെ ഇലകൾ തിന്നാൻ ആർത്തിയോടെ നാവ് നീട്ടുന്ന ഒട്ടകക്കൂട്ടങ്ങൾ...

അകലെ ഒരു കൊച്ചുവീടു കാണാം. ഈന്തപ്പന മടലുകൾ കൊണ്ട് മേൽപ്പുര മേഞ്ഞ ഒരു കൊച്ചുവീട്. വീട് ചെറുതെങ്കിലും നല്ല വെടിപ്പും വൃത്തിയുമുണ്ട്. വീട്ടിനകവും പുറവും നന്നായി തൂത്തുവാരി വൃത്തിയാക്കിയിട്ടുണ്ട്.

ആ വീട്ടുകാരന്റെ പേര് പറയാം. ഇംറാൻ. നാട്ടുകാർക്കിടയിലെ പ്രമുഖൻ. എല്ലാവരും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പുണ്യ പുരുഷൻ. ബൈത്തുൽ മുഖദ്ദസിലെ സേവകൻ. ഇമ്രാന്റെ വീട്ടിൽ ധാരാളം സന്ദർശകർ വരും. പലരും ഉപദേശം തേടിയാണെത്തുക. ഇംറാന്റെ വാക്കുകൾ അവർ ശ്രദ്ധയോടെ കേൾക്കും. അവർക്കാശ്വാസം ലഭിക്കും. ഇംറാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കും.

ഹന്നത്ത്, സൽഗുണ സമ്പന്നയായ സ്ത്രീ. ഇംറാന്റെ സ്നേഹ സമ്പന്നയായ ഭാര്യ. അവരുടെ വിവാഹം നടന്നിട്ട് കാലമേറെയായി. സ്നേഹവും, വിശ്വാസവും സഹകരണവും പങ്കിട്ടുകൊണ്ടവർ. പതിറ്റാണ്ടുകളായി ദാമ്പത്യജീവിതം നയിക്കുന്നു. ഐശ്വര്യം നിറഞ്ഞ ജീവിതം. സന്തോഷത്തിനും സമാധാനത്തിനും കുറവില്ല. ഒരു ദുഃഖം അവരെ പിന്തുടരുന്നു. മക്കളില്ല. ഹന്നാക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സൗഭാഗ്യം ഇത് വരെ സിദ്ധിച്ചിട്ടില്ല...

ബൈത്തുൽ മുഖദ്ദസിൽ ധാരാളം ശുശ്രൂഷകന്മാരുണ്ട്. പള്ളിപരിപാലനമാണവരുടെ ലക്ഷ്യം. പള്ളി പരിപാലനത്തിനുവേണ്ടി മാതാപിതാക്കൾ കുഞ്ഞുങ്ങളെ നേർച്ചയാക്കുന്ന പതിവുണ്ട്. ആൺകുഞ്ഞുങ്ങളെയാണ് പള്ളിയിലേക്ക് നേർച്ചയാക്കുക. വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ പള്ളിയിൽ കൊണ്ടുപോയി ഏൽപ്പിക്കും. ശുശ്രൂഷകന്മാർ കുട്ടികളെ ഏറ്റെടുത്ത് വളർത്തും. കുട്ടികൾ വളർന്നു വരുമ്പോൾ പള്ളി പരിപാലനത്തിൽ പങ്കുചേരും. കുട്ടികളുടെ മാതാപിതാക്കൾ ഇത് വലിയ അനുഗ്രഹമായിട്ടാണ് കരുതുക.

കുട്ടികളെ ഹന്നാക്ക് വളരെ ഇഷ്ടമാണ്. വീട്ടിൽ വരുന്ന സ്ത്രീകളുടെ കൈയിൽ ചിലപ്പോൾ കുഞ്ഞുങ്ങൾ കാണും. ഹന്ന ആവേശത്തോടെ അവരെ സ്വീകരിക്കും. കുഞ്ഞുങ്ങളെ എടുത്ത് ഓമനിക്കും. ഇളം കവിളുകളിൽ മുത്തം കൊടുക്കും. അവരുടെ കൊഞ്ചിക്കുഴയൽ കണ്ടാസ്വദിക്കും. ഇംറാൻ അതെല്ലാം കാണാറുണ്ട്.

തങ്ങൾക്കൊരു കുഞ്ഞിനെ ലഭിച്ചില്ലല്ലോയെന്നോർത്തു ദുഃഖിക്കാറുണ്ട്. ഒരു കുഞ്ഞിന് വേണ്ടി എത്ര കാലമായി പ്രാർത്ഥിക്കുന്നു. അല്ലാഹു ﷻ പ്രാർത്ഥന സ്വീകരിക്കില്ലേ..?

ഹന്ന ഇടക്കിടെ ബൈത്തുൽ മുഖദ്ദസിൽ പോവും. അവിടെ ചെന്നാൽ പള്ളി പരിപാലനം നടത്തുന്ന കുട്ടികളെ കാണാം. അവരെ കാണുന്നത് വല്ലാത്തൊരു സന്തോഷമാണ്. തനിക്കും ഇത് പോലൊരു കുഞ്ഞുണ്ടായിരുന്നെങ്കിൽ. മനസ്സ് വല്ലാതെ ആശിച്ചുപോവുന്നു. മാതാവാകുക. ഉമ്മയെന്ന വിളി കേൾക്കുക. അതില്ലെങ്കിൽ പിന്നെന്ത് പെൺജീവിതം...

ഒരു ദിവസം ഹന്ന യാത്ര പോയി. വെയിൽ ചൂടു പിടിച്ചു. ക്ഷീണം തോന്നി. വഴിയിൽ കണ്ട മരത്തിനു ചുവട്ടിൽ വിശ്രമിച്ചു. മരച്ചില്ലകളിൽ കിളികളുടെ ശബ്ദംകേട്ടു. ഹന്ന ശിരസ്സുയർത്തി നോക്കി. കൗതുകം നിറഞ്ഞകാഴ്ച കണ്ടു...

കിളിക്കൂട് കൂട്ടിൽ ഏതാനും പക്ഷിക്കുഞ്ഞുങ്ങൾ. തള്ളപ്പക്ഷി അവയ്ക്ക് തീറ്റകൊടുക്കുന്നു. കുഞ്ഞുങ്ങൾക്കെന്തൊരു സന്തോഷം. തള്ളപ്പക്ഷിയും ആ സന്തോഷത്തിൽപങ്കുചേരുന്നു. സന്തോഷം നിറഞ്ഞ  കുടുംബജീവിതം. അതാണ് ആ പക്ഷികൾക്ക് വിധിച്ചിട്ടുള്ളത്. തനിക്കോ..?

പിന്നെയും ബൈത്തുൽ മുഖദ്ദസിൽ പോയി. കുട്ടികളെ കണ്ടുമനം കുളിർത്തു പോയി. അല്ലാഹുﷻവിന്റെ വിശുദ്ധ ഭവനം ആ ഭവനത്തിൽ ചെന്നു നിന്നപ്പോൾ മനസ്സ് പതറി. നാവ് ഇങ്ങനെ മൊഴിഞ്ഞു: "അല്ലാഹുവേ നീ എനിക്കൊരു പുത്രനെ നൽകിയാൽ ഞാനവനെ നിന്റെ വിശുദ്ധ ഭവനത്തിന്റെ പരിപാലനത്തിനു വേണ്ടിവിട്ടുതരാം..."


അല്ലാഹുﷻവിന്റെ വിശുദ്ധ ഭവനം. ആ ഭവനത്തിൽ ചെന്നു നിന്നപ്പോൾ മനസ്സ് പതറി. നാവ് ഇങ്ങനെ മൊഴിഞ്ഞു: "അല്ലാഹുവേ നീ എനിക്കൊരു പുത്രനെ നൽകിയാൽ ഞാനവനെ നിന്റെ വിശുദ്ധ ഭവനത്തിന്റെ പരിപാലനത്തിനു വേണ്ടിവിട്ടുതരാം." ഹന്നത്തിന്റെ നേർച്ച...

ഒരു ദിവസം ഇംറാൻ വീട്ടിൽ വന്നുകയറി. ഭാര്യയുടെ മുഖം കണ്ടു. ദുഃഖം തളം കെട്ടിയ ഭവനം. "എന്ത് പറ്റി നിനക്ക്? എന്താണിത്ര ദുഃഖം..?"

കണ്ണു നിറഞ്ഞൊഴുകി. പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു. മരച്ചില്ലയിലെ കൂട്ടിൽ കണ്ട കാഴ്ച. കിളികളുടെ സന്തോഷത്തിന്റെ സ്വരം. അതിപ്പോഴും കാതിൽ അലയടിക്കുന്നു. തള്ളപ്പക്ഷിയുടെ സന്തോഷം. നിർവൃതി കേട്ടപ്പോൾ ഇംറാനും ദുഃഖിതനായി...

"ഹന്നാ... നമുക്ക് പ്രാർത്ഥിക്കാം എല്ലാ തേട്ടവും കൾക്കുന്നവൻ അല്ലാഹുﷻവാണ്."

ഭർത്താവിന്റെ വാക്കുകൾ മനസ്സിൽ ശാന്തിയുടെ ഇളം തെന്നലായി വീശി...

പാതിരാത്രിയായി മരുഭൂമി ശാന്തമായുറങ്ങി. ഹന്ന ഉണർന്നിരുന്നു. മനസ്സ് അസ്വസ്ഥമായി.

 "റബ്ബേ... എന്റെ റബ്ബേ... ഈ അബലയുടെ തേട്ടം കേൾക്കേണമേ..."

ഹന്നയുടെ കവിളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി. എന്തൊരു കരളുരുകിയുള്ള പ്രാർത്ഥന. ഇംറാൻ കറുത്തിരുണ്ട  രാത്രിയിൽ കണ്ണീരൊഴുക്കി പ്രാർത്ഥിച്ചു. ഒരു കുഞ്ഞിനു വേണ്ടിയുള്ള പ്രാർത്ഥന...

മക്കളില്ലാത്ത ദമ്പതികൾ ഒരു കുഞ്ഞിനെ കിട്ടാൻ എങ്ങനെ പ്രാർത്ഥിക്കണം..?  ഹന്ന പ്രാർത്ഥിച്ചത് പോലേ. ഇംറാൻ പ്രാർത്ഥിച്ചത് പോലെ. മനുഷ്യവർഗ്ഗം മറക്കാത്ത കരച്ചിലും തേട്ടവും. ആ തേട്ടം അല്ലാഹു ﷻ സ്വീകരിച്ചു. വാർദ്ധക്യം ബാധിച്ച ദമ്പതികളുടെ കണ്ണീരിൽ കുതിർന്ന തേട്ടത്തിന് ഫലമുണ്ടായി. ഹന്ന ഗർഭിണിയായി. ഗോത്രത്തിലാകെ സന്തോഷം പടർന്നു...

അല്ലാഹുﷻവിന്റെ അപാരമായ ഖുദ്റത്ത്. അല്ലാഹു ﷻ എന്തിനും കഴിവുള്ളവൻ. അല്ലാഹു ﷻ വൃദ്ധയെ അനുഗ്രഹിച്ചു. വൃദ്ധനായ ഭർത്താവിന്റെ മനസ്സിൽ സന്തോഷം. സമാധാനം. ദുഃഖത്തോടൊപ്പം സന്തോഷം. സന്തോഷത്തോടൊപ്പം ദുഃഖം. ഒന്നിനു ശേഷം മറ്റൊന്ന്. ചിലപ്പോൾ രണ്ടും ഒപ്പത്തിനൊപ്പം. അതാണ് ഹന്നയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്...

ഗർഭിണിയായി അത് സന്തോഷം. വാർദ്ധക്യം ബാധിച്ച ഭർത്താവിന്റെ നില ആശങ്കാജനകം. എന്തും സംഭവിക്കാം. പതിറ്റാണ്ടുകളായി ഇംറാൻ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു. എന്തൊരു മോഹമായിരുന്നു. യൗവ്വനത്തിന്റെ പ്രസരിപ്പു കാലത്തായിരുന്നു മോഹം. യൗവ്വനം കൈവിട്ടുപോയപ്പോൾ കടുത്ത ദുഃഖമായിരുന്നു. എന്നാലും പ്രതീക്ഷ കൈവെടിഞ്ഞില്ല...

അല്ലാഹുﷻവിന്റെ ഖുദ്റത്തിൽ അടിയുറച്ച വിശ്വാസം. പ്രതീക്ഷയോടെ കാത്തിരുന്നു പ്രാർത്ഥിച്ചു. ഒടുവിൽ  ഭാര്യ ഗർഭിണിയായി. ഇംറാന് സന്തോഷമായി. കാത്തിരുന്ന കുഞ്ഞ് പിറവിയെടുക്കുമ്പോൾ ഇംറാൻ ജീവിച്ചിരിക്കുമോ..?  പൊന്നോമനക്കുഞ്ഞിനെ ഒരു നോക്കു കാണാൻ ഇംറാന് കഴിയുമോ..? ഹന്ന ദിവസങ്ങളെണ്ണുകയാണ്. പ്രസവത്തിന് ഇനിയെത്ര ദിവസം വേണ്ടിവരും..?

പക്ഷെ, ഫലമുണ്ടായില്ല. ഇംറാന് രോഗം കൂടി. ചികിത്സകളൊന്നും ഫലിച്ചില്ല. ശ്വാസം നിലച്ചു. ശരീരം നിശ്ചലമായി. ഹന്നയുടെ നയനങ്ങൾ നിറഞ്ഞൊഴുകി. ഇനി പരലോകത്ത് വെച്ചു കണ്ടുമുട്ടാം...

ആളുകൾ ധാരാളം വന്നുചേർന്നു. മയ്യിത്ത് കുളിപ്പിച്ചു. വസ്ത്രത്തിൽ പൊതിഞ്ഞു. മയ്യിത്ത് കട്ടിലിൽ കിടത്തി. ആളുകൾ അതും ചുമന്ന് വഴിയിലേക്കിറങ്ങി. വീർത്ത വയറുമായി ഹന്ന നോക്കിനിന്നു. ചുണ്ടുകൾ കടിച്ചുപിടിച്ചു. ദുഃഖം കടിച്ചമർത്തി. നയനങ്ങളെ നിയന്ത്രിക്കാനായില്ല. എന്തൊരു വിങ്ങിപ്പൊട്ടൽ...

"അങ്ങേ ലോകത്ത് കാത്തിരിക്കണേ... ഞാൻ കുഞ്ഞുമായി വരാം..."

മനസ്സ് വിളിച്ചു പറഞ്ഞു...


ബൈത്തുൽ മൂഖദ്ദസ്സിൽ




ഹന്ന പ്രസവിച്ചു. ഒരു പെൺകുഞ്ഞിനെ. ഹന്ന കുഞ്ഞിന് മർയം എന്നു പേരിട്ടു. മകളുടെ മുഖം കാണുമ്പോൾ ഹന്ന എല്ലാ ദുഃഖവും മറന്നുപോവുന്നു...

ഹന്ന ഇങ്ങനെ പ്രാർത്ഥിച്ചു : "അല്ലാഹുവേ ഞാനും എന്റെ ഭർത്താവും ഒരു കുഞ്ഞിനുവേണ്ടി എത്രയോ കാലം ആശ വെച്ചുനടന്നു. ഒടുവിൽ നീ ഞങ്ങളെ അനുഗ്രഹിച്ചു. ഒരു പെൺകുഞ്ഞിനെയാണ് നീ നൽകിയത്. എന്റെ ഭർത്താവ് മരിച്ചു പോയി. പടച്ച തമ്പുരാനേ ഞാനെന്റെ നേർച്ചയെക്കുറിച്ചോർത്തു വേവലാതിപ്പെടുകയാണ്. പുത്രന്മാരെയാണ് പള്ളി പരിപാലനത്തിന് നിയോഗിക്കുക. എനിക്ക് കിട്ടിയത് പെൺകുട്ടിയാണ്. ഞാനെങ്ങനെ നേർച്ച വീട്ടും. എനിക്കൊരു മാർഗ്ഗം അറിയിച്ചുതരേണമേ...!"

അല്ലാഹു ﷻ തന്നെ കൈവെടിയുകയില്ലെന്ന ഉറച്ച വിശ്വാസമാണ് എനിക്കുള്ളത്. അവൻ തന്റെ നേർച്ച വീടാൻ മാർഗ്ഗം കാണിച്ചു തരും. ഒരു ദിവസം ഹന്നാക്ക് സ്വപ്ന ദർശനമുണ്ടായി...

"ഹന്നാ... നിന്റെ കുഞ്ഞിനെ പള്ളി പരിപാലനത്തിനു വേണ്ടി ബൈത്തുൽ മുഖദ്ദസിൽ ഏൽപിക്കുക."

ഹന്ന ഞെട്ടിയുണർന്നു. വലിയ ആശ്വാസം. മർയമിനെ പള്ളിയിൽ ഏൽപിക്കാം. ഹന്ന കുഞ്ഞിനെയുമെടുത്ത് മസ്ജിദിലെത്തി...

പള്ളി പരിപാലകന്മാർ കുഞ്ഞിനെ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. പെൺകുഞ്ഞിനെ സ്വീകരിക്കാൻ ആരും തയ്യാറായില്ല. അപ്പോൾ സകരിയ്യ (അ) വന്നു. ഹന്ന തന്റെ സ്വപ്നവിവരം വെളിപ്പെടുത്തി.

അവർ മർയമിനെ സൂക്ഷിച്ചുനോക്കി. ബർക്കത്തുള്ള കുട്ടിയാണ്. ഇതിനെ വളർത്തിയാൽ അനുഗ്രഹം ലഭിക്കും. കുഞ്ഞിനെ ഏറ്റെടുക്കാൻ എല്ലാവരും മുമ്പോട്ടുവന്നു. തർക്കമായി...

പള്ളി പരിപാലകന്മാരായ പണ്ഡിതന്മാരും സകരിയ്യ(അ) അവർകളും കൂടിയാലോചന നടത്തി. കുഞ്ഞിനെ ആർ സംരക്ഷിക്കും? ഒടുവിലവർ തന്നെ ഒരു തീരുമാനത്തിലെത്തി.

തൗറാത്ത് എഴുതാനുപയോഗിച്ച പേനകൾ അവിടെയുണ്ട്. ഒരോരുത്തരും തങ്ങളുടെ പേന ജോർദാൻ നദിയിലിടുക. ആരുടെ പേന ഉയർന്നുവരുന്നുവോ അവൻ കുഞ്ഞിനെ വളർത്തും...

എല്ലാവരും നദിക്കരയിൽ വന്നു. ഒരു ചരിത്ര സംഭവം നടക്കാൻ പോവുകയാണ്. അതിന് സാക്ഷികളാവാൻ ധാരാളം പ്രമുഖന്മാർ എത്തിയിട്ടുണ്ട്. എല്ലാ പേനകളും നദിയിലേക്കിട്ടു. പിന്നെ കാത്തിരിപ്പായി. ആരുടെ പേന പൊങ്ങിവരും..?

ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ. അതിശയം സംഭവിച്ചു. ഒരു പേന പൊങ്ങിവന്നു. സകരിയ്യാ നബി (അ)ന്റെ പേന. കുഞ്ഞിനെ വളർത്താനുളള അവകാശം സകരിയ്യ(അ)ന്. കുഞ്ഞിനെ ഏറ്റെടുത്തു. പകൽ പള്ളിയിൽ കഴിയാം. രാത്രി വീട്ടിൽ കൊണ്ടുപോവാം. അതാണ് തീരുമാനം...

ബൈത്തുൽ മുഖദ്ദസിന്റെ മുൻവശത്തായി അൽപം ഉയരത്തിൽ ഒരു മുറി സജ്ജമാക്കി. മുറിയിലേക്ക് ഒരു കോണിയിലൂടെ കയറണം. ആ മുറിയിലാണ് മർയം എന്ന കുട്ടി വളരുന്നത്. സകരിയ്യ(അ) അല്ലാതെ മറ്റാരും ആ മുറിയിലേക്ക് പ്രവേശിക്കാറില്ല...

രാത്രി സക്കരിയ്യാ(അ) കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോവും. അവിടെ ഭാര്യ ആകാംക്ഷയോടെ കാത്തിരിക്കും. കുട്ടിക്ക് ഇഷ്ടപ്പെട്ട ആഹാരങ്ങൾ ഉണ്ടാക്കിവെക്കും. കുട്ടി വീട്ടിലെത്തിയാൽ മനസ്സ് നിറഞ്ഞ വാത്സല്യത്തോടെ സ്വീകരിക്കും. എടുത്തോമനിക്കും. സ്നേഹമുത്തം കൊടുക്കും. കൂടെ കിടത്തിയുറക്കും.

ഇത്പോലൊരു കുഞ്ഞ് തനിക്കും കിട്ടിയിരുന്നെങ്കിൽ. എന്നാശിക്കും. അതിനുവേണ്ടി ദുആ ചെയ്യും. രാവിലെ കുട്ടിയെ കുളിപ്പിക്കും. നല്ല ഉടുപ്പുകൾ ധരിപ്പിക്കും. സകരിയ്യ(അ) കുട്ടിയെ പള്ളിയിൽ കൊണ്ടാക്കും.

കുട്ടി വളർന്നുവരികയാണ്. നല്ല ബുദ്ധിമതിയാണ്. സകരിയ്യ(അ) മതകാര്യങ്ങൾ പറഞ്ഞുകൊടുക്കും. ഒരിക്കൽ കേട്ടാൽ മതി, നന്നായി പഠിക്കും. ഓർമ്മിക്കും. പഠിച്ചതനുസരിച്ച് ആരാധന നടത്തും. അല്ലാഹുﷻവിനെക്കുറിച്ച് മർയം (റ) അറിഞ്ഞുതുടങ്ങി. ആ അറിവ് വർദ്ധിച്ചുകൊണ്ടിരുന്നു...


ആശ മുറിയാതെ പ്രാർത്ഥന 

ഒരു ദിവസം സകരിയ്യ(അ) മർയമിന്റെ മുറിയിലേക്ക് കടന്നു ചെന്നു. അവിടെ വിശേഷപ്പെട്ട ആഹാരം കണ്ടു. സാധാരണ കാണപ്പെടാത്ത ആഹാരം. സകരിയ്യ (അ) അത്ഭുതപ്പെട്ടു. ഇത് പലതവണ കാണാനിടയായി. വർഷക്കാലത്ത് മുറിയിൽ ചെന്നപ്പോൾ വേനൽകാലത്തെ പഴങ്ങൾ കണ്ടു. വേനൽക്കാലത്ത് വർഷക്കാലത്തെ പഴങ്ങളും കണ്ടു.

ഇതെന്തതിശയം. "മർയം നിനക്കെവിടെ നിന്ന് കിട്ടി ഈ ആഹാര സാധനങ്ങൾ?" സകരിയ്യ(അ) ചോദിച്ചു.

"ഇവയെല്ലാം അല്ലാഹുﷻവിൽ നിന്ന് ലഭിച്ചതാണ്. അല്ലാഹുﷻ അവനുദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ ഭക്ഷണം നൽകും." മർയം മറുപടി നൽകി.

ഈ മറുപടി സകരിയ്യ നബി (അ) നെ ചിന്തിപ്പിച്ചു. അല്ലാഹു ﷻ അവനുദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ നൽകും. വേനൽ കാലത്ത് വർഷക്കാലത്തെ പഴം നൽകുന്നവൻ അല്ലാഹുﷻ. വർഷക്കാലത്ത് വേനൽകാലത്തെ പഴം നൽകുന്നവൻ അല്ലാഹുﷻ.

അങ്ങനെയുള്ള അല്ലാഹുﷻവിന് തനിക്കൊരു കുഞ്ഞിനെ നൽകാൻ പ്രയാസമുണ്ടാവില്ല. അവൻ ഉദ്ദേശിക്കണം. അതിനുവേണ്ടി ഇനിയും നന്നായി പ്രാർത്ഥിക്കുക തന്നെ. സൂറത്ത് ആലു ഇംറാൻ ഇംറാന്റെയും ഹന്നയുടെയും കഥ നമുക്ക് പറഞ്ഞുതരുന്നു. ചില വചനങ്ങൾ കാണുക.

"നിശ്ചയമായും, അല്ലാഹു ആദമിനെയും നൂഹിനെയും ഇബ്രാഹിം കുടുംബത്തെയും, ഇംറാൻ കുടുംബത്തെയും ലോകരിൽ ഉൽകൃഷ്ടരാക്കി തെരഞ്ഞെടുത്തിരിക്കുന്നു." (3:33)

"ഇവരിൽ ചിലർ ചിലരുടെ സന്താനങ്ങളാകുന്നു. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു." (3:34)

ഇനി ഹന്നായുടെ നേർച്ചയെക്കുറിച്ച് പറയുന്ന വചനം കാണുക. "ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദർഭം ഓർക്കുക.  എന്റെ റബ്ബേ..! നിശ്ചയമായും എന്റെ വയറ്റിലുള്ള ശിശുവിനെ  സ്വതന്ത്രമാക്കപ്പെട്ട നിലയിൽ ഞാൻ നിനക്ക് നേർച്ച നേർന്നിരിക്കുന്നു. നീ എന്നിൽ നിന്ന് അത് സ്വീകരിക്കേണമേ..! നിശ്ചയമായും നീ തന്നെയാണ് എല്ലാം കേൾക്കുന്നവനും അറിയുന്നവനും. (3:35)

ഹന്ന പെൺകുഞ്ഞിനെ പ്രസവിച്ചു. ആൺകുട്ടികളെയാണ് പള്ളി ശുശ്രൂഷക്ക് നൽകാറുള്ളത്. ആൺകുട്ടിയെ പ്രസവിക്കുമെന്ന പ്രതീക്ഷ തെറ്റിപ്പോയി. ആ വെപ്രാളം തുടിച്ചുനിൽക്കുന്ന വചനം നോക്കൂ...

"അങ്ങനെ കുട്ടിയെ പ്രസവിച്ചപ്പോൾ അവൾ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാൻ പ്രസവിച്ചത് ഒരു പെൺകുഞ്ഞിനെയാണ്. അവൾ പ്രസവിച്ചതെന്താണെന്ന് അല്ലാഹു ﷻ നന്നായി അറിയുന്നവനാകുന്നു. ആൺകുട്ടി പെൺകുട്ടിയെപ്പോലെയല്ല. ഞാനവൾക്ക് മർയം എന്ന് പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്തതികളെയും ശപിക്കപ്പെട്ട പിശാചിൽ നിന്ന് രക്ഷിക്കാനായി നിന്നിൽ ഞാൻ അഭയം പ്രാപിക്കുന്നു." (3:36)

ഹന്നയുടെ പ്രാർത്ഥന വളരെ ശ്രദ്ധേയമാണ്. സ്വന്തം പുത്രിക്കും അവളുടെ സന്താന പരമ്പരക്കും വേണ്ടിയുള്ള പ്രാർത്ഥന. ശപിക്കപ്പെട്ട പിശാചിൽ നിന്ന് അവരെ രക്ഷിക്കണമെന്ന പ്രാർത്ഥന. പിശാചിന്റെ ഉപദ്രവത്തിൽ നിന്നുള്ള കാവലിന് വേണ്ടി നടത്തപ്പെട്ട ഈ പ്രാർത്ഥന നമുക്ക് മാതൃകയാണ്.

അല്ലാഹു ﷻ ആ പ്രാർത്ഥന സ്വീകരിച്ചു. കുഞ്ഞിനെയും സ്വീകരിച്ചു. സകരിയ്യ(അ)നെ കുട്ടിയുടെ സംരക്ഷകനാക്കുകയും ചെയ്തു. വിശുദ്ധ ഖുർആൻ പറയുന്നു.

"അങ്ങനെ മർയമിന്റെ റബ്ബ് അവളെ നല്ല നിലയിൽ സ്വീകരിക്കുകയും ഉൽകൃഷ്ടമായ രീതിയിൽ വളർത്തിക്കൊണ്ടുവരികയും ചെയ്തു. അവളുടെ പരിപാലനത്തിന് സകരിയ്യായെ ഭരമേൽപ്പിക്കുകയും ചെയ്തു." (3:37)

ഹന്നയുടെ നേർച്ചയെ അല്ലാഹു ﷻ സ്വീകരിച്ചു. മർയമിന്റെ പിതാവ് ഇംറാൻ ബൈത്തുൽ മുഖദ്ദസിലെ മുഖ്യശുശ്രൂഷകനായിരുന്നു. അദ്ദേഹം മർയം ജനിക്കുന്നതിന്റെ മുമ്പുതന്നെ മരണപ്പെട്ടു. മർയമിനെക്കൊണ്ട് വരുമ്പോൾ അവിടെ 29 ശുശ്രൂഷകന്മാരുണ്ടായിരുന്നു. അവരെല്ലാം ഇംറാന്റെ മരണത്തിൽ ദുഃഖിതരായിരുന്നു. അവരെല്ലാവരും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ സന്നദ്ധരായിരുന്നെങ്കിലും ആ ചുമതല അല്ലാഹു ﷻ ഏൽപിച്ചത് സകരിയ്യ നബി (അ) നെയായിരുന്നു.

ഹന്നയെ വളരെയേറെ സന്തോഷിപ്പിച്ച സംഗതിയായിരുന്നു അത്. മർയമിന് ആവശ്യമായ ശിക്ഷണം നൽകിയിരുന്നത് സകരിയ്യ(അ) തന്നെയായിരുന്നു. ആവശ്യമായ സാധനങ്ങളൊക്കെ എത്തിച്ചുകൊണ്ടിരുന്നതും അദ്ദേഹം തന്നെ.

ശൈത്യകാലത്തെ പഴവർഗങ്ങൾ ഉഷ്ണകാലത്തും ഉഷ്ണകാലത്തെ പഴവർഗങ്ങൾ ശൈത്യകാലത്തും കണ്ടപ്പോൾ അദ്ദേഹം ചോദിച്ച ചോദ്യവും മർയം (റ) നൽകിയ മറുപടിയും തലമുറകൾ കൈമാറി വരുന്ന വിജ്ഞാനമാണ്.

"ഇതെല്ലാം അല്ലാഹു ﷻ തരുന്നതാണ്." എന്ന മറുപടി കേട്ട് അദ്ദേഹം ആവേശഭരിതനാവുകയും തനിക്കും ഇതുപോലൊരു കുട്ടിയെ കിട്ടിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിക്കുകയും ചെയ്തു...

വിശുദ്ധ ഖുർആൻ പറയുന്നു: (മീതെ കൊടുത്ത മുപ്പത്തിയേഴാം വചനത്തിന്റെ തുടർച്ചയാണിത്) "സകരിയ്യ മിഹ്റാബിൽ അവളുടെ അടുക്കൽ പ്രവേശിക്കുമ്പോഴെല്ലാം എന്തെങ്കിലുമൊരു ഭക്ഷണം അവളുടെ അടുക്കൽ അദ്ദേഹം കാണാറുണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു : ഓ... മർയം നിനക്ക് ഇത് എവിടെ നിന്ന് കിട്ടി? അവൾ പറഞ്ഞു: ഇത് അല്ലാഹുവിങ്കൽ നിന്ന് ലഭിച്ചതാകുന്നു. നിശ്ചയമായും താനുദ്ദേശിക്കുന്നവർക്ക് അല്ലാഹു കണക്കില്ലാതെ ഭക്ഷണം നൽകുന്നതാണ്." (3:37)


സകരിയ്യ(അ)ന് 120 വയസ്സ് പ്രായമുണ്ട്. ഭാര്യക്ക് 98 വയസ്സും. ഈ പ്രായമെത്തും വരെ മക്കൾ ജനിച്ചിട്ടില്ല. ഇനി ജനിക്കുമോ? പ്രായം അനുയോജ്യമല്ല. മർയം ബീവിക്ക് അസാധാരണ മാർഗ്ഗത്തിലൂടെ ഭക്ഷണം നൽകിയ അല്ലാഹുﷻവിന് തങ്ങൾക്കൊരു കുട്ടിയെ നൽകാൻ ഒരു പ്രയാസവുമില്ല. സകരിയ്യ(അ)ന്റെ പ്രാർത്ഥനയെക്കുറിച്ച് സൂറത്ത് മർയമിൽ അല്ലാഹു ﷻ പറയുന്നത് നോക്കാം.

മുഹമ്മദ് നബി ﷺ തങ്ങളോട് അല്ലാഹു ﷻ പറയുന്നു: "താങ്കളുടെ റബ്ബ് അവന്റെ അടിയാൻ സകരിയ്യക്ക് ചെയ്ത അനുഗ്രഹത്തെക്കുറിച്ചുള്ള പ്രസ്താവനയാണിത്." (19:2)

"അദ്ദേഹം തന്റെ റബ്ബിനോട് രഹസ്യമായി പ്രാർത്ഥിച്ചപ്പോൾ." (19:3)

"അദ്ദേഹം ഇങ്ങനെ പറഞ്ഞു: എന്റെ റബ്ബേ... എന്റെ എല്ലുകൾ ബലഹീനമായിരിക്കുന്നു. ശിരസ്സ് നര വന്ന് കത്തിത്തിളങ്ങുകയും ചെയ്തിരിക്കുന്നു. എന്റെ രക്ഷിതാവേ... നിന്നോടുള്ള പ്രാർത്ഥനയിൽ ഞാൻ നിർഭാഗ്യവാനായിട്ടുമില്ല." (19:4)

"എന്റെ പിന്നാലെയുള്ള ബന്ധുക്കളെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു. എന്റെ ഭാര്യ വന്ധ്യയാണ്. നിന്റെ പക്കൽ നിന്ന് എനിക്കൊരു പിൻതുടർച്ചാവകാശിയെ നീ ദാനം തരേണമേ..." (19:5)

സകരിയ്യ(അ) വൃദ്ധനാണ്. ഇനിയൊരു കുട്ടിയുണ്ടാകാൻ സാധ്യതയില്ലെന്ന് ജനങ്ങൾ കരുതുമാറ് അത്രയും പ്രായം ചെന്നിരിക്കുന്നു. ഭാര്യ പ്രസവിക്കാത്ത വന്ധ്യയാണെന്ന് നാട്ടുകാർക്കെല്ലാം അറിയാം...

വൃദ്ധനും വന്ധ്യയും പിന്നെങ്ങനെ കുട്ടിയുണ്ടാകും..?

അല്ലാഹു ﷻ സർവ്വശക്തനാണ്. അവന് ഒരു കുട്ടിയെ നൽകാൻ പ്രയാസമില്ല. ഇതാണ് സകരിയ്യ(അ)ന്റെ വിശ്വാസം. വെറും വിശ്വാസമല്ല ദൃഢ വിശ്വാസം.

ഒരു മുഅ്മിനായ മനുഷ്യന് ഈ ദൃഢവിശ്വാസം വേണം. അതുണ്ടാവാനാണ് സകരിയ്യ(അ)ന്റെ ചരിത്രം വിശുദ്ധ ഖുർആൻ നമുക്ക് പറഞ്ഞുതരുന്നത്. സത്യവിശ്വാസി അല്ലാഹുﷻവിന്റെ അനുഗ്രഹത്തിന്റെ കാര്യത്തിൽ ആശ മുറിയാൻ പാടില്ല. ആശ വെക്കണം പ്രാർത്ഥിച്ചുകൊണ്ടിരിക്കണം.

സകരിയ്യ (അ) എത്ര കാലമായി പ്രാർത്ഥിക്കുന്നു. ഒരു കുട്ടിക്കു വേണ്ടിയുള്ള പ്രാർത്ഥന. കാലമേറെ കടന്നുപോയി. എന്നിട്ടുംആശ മുറിഞ്ഞില്ല. പ്രതീക്ഷയോടെ പ്രാർത്ഥിച്ചു. വാർദ്ധക്യം ബാധിച്ചപ്പോഴാണ് അനുഗ്രഹം വന്നത്. സത്യവിശ്വാസികൾ ഇതിൽ നിന്ന് പാഠം പഠിക്കണം.

ഹാഫിള് അബുൽ ഖാസിം തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത് സകരിയ്യ(അ)ന്റെ പിതാവ് ബർഖിയ്യാ ആണെന്നാകുന്നു. സകരിയ്യ(അ)ന്റെ പിതാവിന്റെ പേര് ദാൽ എന്നായിരുന്നുവെന്ന് ചിലർ പറയുന്നു. പിതാവിന്റെ പേര് ലദുൻ എന്നാണെന്നും അഭിപ്രായമുണ്ട്.

സുലൈമാൻ നബി (അ)ൽ ചെന്നു മുട്ടുന്ന ഒരു പരമ്പര രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിപ്രകാരമാകുന്നു.

സകരിയ്യ(അ) പിതാവ് ലദുൻ, പിതാവ് മുസ്ലിം, പിതാവ് സ്വദൂഖ്, പിതാവ് ഹശ്ബാൻ, പിതാവ് ദാവൂദ്, പിതാവ് സുലൈമാൻ, പിതാവ് സ്വദീഖ, പിതാവ് ബർഖിയാ, പിതാവ് ബൽആത്വ, പിതാവ് ബാഹൂർ, പിതാവ് ശലൂം, പിതാവ് ബഹ്ശാഫാത്വ്, പിതാവ് ഈനാമിൻ, പിതാവ് റുഹൈഇം, പിതാവ് സുലൈമാൻ (അ)...

സകരിയ്യ (അ) ന്റെ  പ്രാർത്ഥനയുടെ കഥ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കാൻ അല്ലാഹു ﷻ മുഹമ്മദ് നബി ﷺ തങ്ങളോട് കൽപ്പിക്കുകയായിരുന്നു. അല്ലാഹുﷻവിന്റെ കാരുണ്യത്തെക്കുറിച്ച് ഒരു ഘട്ടത്തിലും ആശ മുറിയരുത്. എന്ന സന്ദേശം ജനങ്ങൾക്ക് നൽകുവാനായിരുന്നു അത്.

പാതിരാത്രിയിൽ വളരെ പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പ്രാർത്ഥിച്ചതെങ്ങനെയായിരുന്നു.

"യാ റബ്ബീ... യാ റബ്ബീ... യാ റബ്ബീ...."

എന്റ റബ്ബേ എന്റെ റബ്ബേ എന്റെ റബ്ബേ

ഓരോ തവണ വിളിക്കുമ്പോഴും അല്ലാഹുﷻവിന്റെ ഭാഗത്ത് നിന്ന് മറുപടിയുണ്ടായി.

"ലബ്ബൈക്ക ലബ്ബൈക്ക ലബ്ബൈക്ക"

പ്രാർത്ഥന സ്വീകരിക്കപ്പെട്ടു. സ്വീകരിക്കപ്പെട്ടു. സ്വീകരിക്കപ്പെട്ടു.

ദാവൂദ് (അ) ഇരുമ്പ് പണി ചെയ്തിരുന്നു. ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കി വിറ്റ് അതുകൊണ്ടാണ് ജീവിച്ചിരുന്നത്. ഇരുമ്പ് ഉരുക്കാനും പല സാധനങ്ങളുണ്ടാക്കാനുമുള്ള പ്രാവീണ്യം അല്ലാഹു ﷻ അദ്ദേഹത്തിന് നൽകി.

സകരിയ്യ(അ) ആശാരിപ്പണിയിൽ പ്രാവീണ്യം നേടി. മരം കൊണ്ട് വിവിധതരം സാധനങ്ങളുണ്ടാക്കി വിൽപ്പന നടത്തി. അതിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിച്ചു.

കൈകൊണ്ട് അദ്ധ്വാനിക്കുക. അദ്ധ്വാനത്തിന്റെ ഫലം കൊണ്ട് ജീവിക്കുക, സകരിയ്യ(അ) പിൽക്കാല തലമുറകൾക്ക് നൽകുന്ന പാഠമാണിത്.

രാത്രി ശാന്തമായ ശേഷമുള്ള പ്രാർത്ഥനക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പാതിരാത്രിക്ക് ശേഷം ഉണർന്നെഴുന്നേൽക്കുക, നിസ്കരിക്കുക, അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക. ആ പ്രാർത്ഥനയുടെ കാര്യം മറ്റുള്ളവർ അറിയുന്നില്ല. അവർ ഉറക്കിലാണ്. അല്ലാഹു ﷻ ആ ദുആ ഇഷ്ടപ്പെട്ടു. ദുആയിലെ വചനങ്ങൾ മാത്രമല്ല, ആ സമയം കൂടി അല്ലാഹു ﷻ എടുത്തുപറഞ്ഞു.

പ്രാർത്ഥനയുടെ സ്വരം പ്രധാനപ്പെട്ടതാണ്. സകരിയ്യ (അ) ഉച്ചത്തിലല്ല പ്രാർത്ഥിച്ചത്. ശബ്ദം കേൾക്കാതെ പ്രാർത്ഥിച്ചു. ശബ്ദമില്ലാതെ ദിക്റ് ചൊല്ലാം. എല്ലാം അല്ലാഹു ﷻ വ്യക്തമായി അറിയും. വലിയ പ്രതിഫലം നൽകുകയും ചെയ്യും.


സന്തോഷ വാർത്ത 

സാധാരണ ദമ്പതികൾക്കുണ്ടാവുന്നത് പോലെയുള്ള ഒരാഗ്രഹമല്ല സകരിയ്യ നബി (അ)ന് ഉണ്ടായിരുന്നത്. തന്റെ ശേഷം തന്റെ ദൗത്യം ഏറ്റെടുത്തു നടത്താൻ പ്രാപ്തനായ ഒരു പിൻഗാമിയുണ്ടാവണം.

തന്റെ മുൻഗാമികൾ തൗഹീദിന്റെ സന്ദേശം പ്രചരിപ്പിച്ചു. താനും അതുതന്നെ നിർവ്വഹിച്ചു വരുന്നു. ഇനിയാര്? തന്റെ ബന്ധുക്കൾ തനിക്കു ശേഷം സത്യമതത്തെ അലങ്കോലപ്പെടുത്തുമെന്ന് അദ്ദേഹം ഭയന്നു...

എന്റ പിന്നിലുള്ള പിന്തുടർച്ചക്കാരെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു. എന്റെ ഭാര്യ വന്ധ്യയായിരിക്കുന്നു. എങ്കിലും എനിക്കൊരു മകനെ ദാനമായി തരേണമേയെന്ന് അദ്ദേഹം താണു കേണപേക്ഷിക്കുന്നു.

അതിന്റെ കാരണം വിശുദ്ധ ഖുർആൻ പറയുന്നു : "എനിക്കും യഅ്ഖൂബ് കുടുംബത്തിനും പിന്തുടർച്ചാവകാശിയായിത്തീരുന്ന (മകനെ തരേണമേ) എന്റെ റബ്ബേ നീ അവനെ (എല്ലാവരുടെയും) തൃപ്തിക്ക് പാത്രമാക്കുകയും ചെയ്യേണമേ." (19: 6)

പ്രവാചകത്വവും വിജ്ഞാനവും അനന്തരാവകാശിയായി ഏറ്റെടുക്കുന്ന ഒരു കുട്ടിയെയാണ് വേണ്ടത്.

മർയമിന് അസാധാരണ മാർഗ്ഗത്തിൽ ഭക്ഷണം ലഭിക്കുകയും ഇത് അല്ലാഹു ﷻ നൽകിയതാണെന്ന് പറയുകയും ചെയ്തപ്പോൾ സകരിയ്യ (അ) ചെയ്ത പ്രാർത്ഥന സൂറത്ത് ആലുഇംറാനിൽ ഇങ്ങനെ കാണാം.

"അവിടെ വെച്ച് സകരിയ്യ തന്റെ റബ്ബിനോട് പ്രാർത്ഥിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ നാഥാ.... നിന്റെ പക്കൽ നിന്ന് ഉൽകൃഷ്ടനായ ഒരു കുട്ടിയെ എനിക്ക് നീ നൽകേണമേ തീർച്ചയായും നീ പ്രാർത്ഥന സ്വീകരിക്കുന്നവനാകുന്നു." (3:38)

സൂറത്ത് അമ്പിയാഅ് ആ പ്രാർത്ഥന ഇങ്ങനെ വിവരിക്കുന്നു: "സകരിയ്യായെയും (ഓർക്കുക) അദ്ദേഹം തന്റെ റബ്ബിനെ വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം. എന്റെ റബ്ബേ നീ എന്നെ (പിൻതുടർച്ചക്കാരില്ലാതെ) ഒറ്റയായി വിട്ടുകളയരുതേ. നീ അനന്തരമെടുക്കുന്നവരിൽ ഉത്തമനാണ്." (21:89)

"അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകി. യഹ് യായെ അദ്ദേഹത്തിന് നാം പ്രദാനം ചെയ്യുകയും തന്റെ ഭാര്യയെ തനിക്ക് നന്നാക്കി (പ്രസവിക്കാറാക്കി ) കൊടുക്കുകയും ചെയ്തു. നിശ്ചയമായും അവർ സൽകാര്യങ്ങളിൽ ധൃതി കാണിക്കുകയും ആശിച്ചു പേടിച്ചുകൊണ്ട് നമ്മോട് പ്രാർത്ഥിക്കുകയും ചെയ്തുവന്നിരുന്നു. അവർ നമ്മോട് ഭക്തി കാണിക്കുന്നവരുമായിരുന്നു." (21:90)

സകരിയ്യ (അ) ന്റെ പ്രാർത്ഥനയുടെ ശരിയായ കാരണം നാം മനസ്സിലാക്കി. തന്റെ പൂർവ്വികർക്ക് തൗഹീദിന്റെ പ്രകാശം പരത്താൻ യോഗ്യരായ അനന്തരാവകാശികളുണ്ടായിരുന്നു. തനിക്കും അതുപോലെ ഒരനന്തരാവകാശി വേണം. മുമ്പേ പോയവരും പിന്നാലെ വന്നവരുമായ ഒരു കൂട്ടം പ്രവാചകന്മാരുടെ പേരുകൾ എടുത്തു പറഞ്ഞു കൊണ്ട് വിശുദ്ധ ഖുർആനിൽ ചില വചനങ്ങൾ കാണാം.

ഇബ്രാഹിം (അ)ന് അനന്തരാവകാശികളായി പുത്രൻ ഇസ്ഹാഖ് (അ)നെയും പൗത്രൻ യഅ്ഖൂബ് (അ)നെയും നൽകിയ കാര്യം അനുസ്മരിച്ചുകൊണ്ടാണ് തുടക്കം. കൂട്ടത്തിൽ നേരത്തെ വന്ന നൂഹ് (അ) നെയും അനുസ്മരിക്കുന്നു. പ്രളയത്തിനു ശേഷമുള്ളവരെല്ലാം നൂഹ് നബി (അ)ന്റെ സന്താന പരമ്പരയിൽ പെട്ടവരാണല്ലോ.

സൂറത്ത് അൻആമിൽ ഇങ്ങനെ കാണാം: "അദ്ദേഹത്തിന് നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും പ്രദാനം ചെയ്തു. എല്ലാവരെയും നാം നേർമാർഗ്ഗത്തിലാക്കിയിരിക്കുന്നു. മുമ്പ് നൂഹിനെയും നാം നേർമാർഗ്ഗത്തിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ സന്തതികളിൽ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നേർമാർഗ്ഗത്തിലാക്കി) അപ്രകാരം സൽഗുണവാന്മാർക്ക് നാം പ്രതിഫലം നൽകുന്നു." (6: 84)

"സകരിയ്യായെയും യഹ് യായെയും ഈസായെയും ഇൽയാസിനെയും (നേർമാർഗ്ഗത്തിലാക്കി) എല്ലാവരും സദ് വൃത്തരിൽ പെട്ടവരാകുന്നു." (6:85)

"ഇസ്മാഈലിനെയും അൽയസഇനെയും യൂനുസിനെയും ലൂത്വിനെയും (നേർമാർഗ്ഗത്തിലാക്കി) എല്ലാവരെയും ലോകരേക്കാൾ നാം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു." (6:86)

"അവരുടെ പിതാക്കളിൽ നിന്നും അവരുടെ സന്തതികളിൽ നിന്നും അവരുടെ സഹോദരങ്ങളിൽ നിന്നും (പലരേയും ശ്രേഷ്ഠരാക്കിയിരിക്കുന്നു. അവരെ നാം തിരഞ്ഞെടുക്കുകയും നേരെ ചൊവ്വായ മാർഗ്ഗത്തിലേക്ക് അവരെ നാം വഴിചേർക്കുകയും ചെയ്തിരിക്കുന്നു." (6:87)

തനിക്കൊരു പുത്രൻ വേണമെന്നും, ആ പുത്രൻ മഹാന്മാരായ പ്രവാചകന്മാരുടെ നിരയിൽ വരണമെന്നും സകരിയ്യ (അ) ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ടിരുന്നു.

ഒരിക്കൽ സകരിയ്യ (അ) മിഹ്റാബിൽ പ്രവേശിച്ചു. നിസ്കാരം തുടങ്ങി (ആരാധനാമന്ദിരം എന്നാണിവിടെ മിഹ്റാബിന്റെ ഉദ്ദേശ്യം) അപ്പോൾ മലക്കുകൾ വന്നു. അവർ സന്തോഷവാർത്തയുമായിട്ടാണ് വന്നത്.


ഒരിക്കൽ സകരിയ്യ (അ) മിഹ്റാബിൽ പ്രവേശിച്ചു. നിസ്കാരം തുടങ്ങി (ആരാധനാമന്ദിരം എന്നാണിവിടെ മിഹ്റാബിന്റെ ഉദ്ദേശ്യം) അപ്പോൾ മലക്കുകൾ വന്നു. അവർ സന്തോഷവാർത്തയുമായിട്ടാണ് വന്നത്.

"അല്ലാഹു താങ്കൾക്ക് സന്തോഷവാർത്ത അറിയിക്കുന്നു. താങ്കൾക്കൊരു പുത്രൻ ജനിക്കും. പുത്രന്റെ പേര് യഹ് യാ. മുമ്പൊരാൾക്കും അങ്ങനെ പേർ വെക്കപ്പെട്ടിട്ടില്ല. നേതാവായിത്തീരും. സർവ്വ പാപങ്ങളും തടയപ്പെട്ടവനായിരിക്കും. തെറ്റ് ചെയ്യാത്തവൻ. തെറ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്തവൻ. ഈസ നബി (അ) വരുമ്പോൾ ഒന്നാമതായി വിശ്വസിക്കുന്നത് യഹ് യ ആയിരിക്കും."

സൂറത്ത് ആലുഇംറാനിൽ ഈ സംഭവം ഇങ്ങനെ വിവരിക്കുന്നു : "അങ്ങനെ മിഹ്റാബിൽ നിസ്കരിച്ചുകൊണ്ട് നിൽക്കുമ്പോൾ അദ്ദേഹത്തോട് മലക്കുകൾ ഇങ്ങനെ വിളിച്ചു പറഞ്ഞു. നിശ്ചയമായും യഹ് യാ(എന്ന കുട്ടി) യെക്കുറിച്ചും അല്ലാഹു താങ്കൾക്ക് സന്തോഷവാർത്ത അറിയിക്കുന്നു. (ആ കുട്ടി) അല്ലാഹുവിൽ നിന്നുള്ള വചനത്തിൽ വിശ്വസിക്കുന്നവനും നേതാവും, ആത്മ നിയന്ത്രണ ശക്തി തികഞ്ഞവനും, സജ്ജനങ്ങളിൽ പെട്ട പ്രവാചകനും ആയിരിക്കും." (3:39)

അല്ലാഹുﷻവിൽ നിന്നുള്ള വചനം എന്നു പറഞ്ഞത് ഈസാ നബി (അ) നെക്കുറിച്ചാകുന്നു.

യഹ് യാ(അ) ഈസാ(അ)ൽ വിശ്വസിക്കും. ഒന്നാമനായി തന്നെ. യഹ് യാ (അ) പ്രസവിക്കപ്പെട്ട് ആറ് മാസം കഴിഞ്ഞാണ് ഈസാ(അ) ഭൂജാതനായത്.

സൂറത്ത് മർയമിൽ ഇങ്ങനെ കാണാം : "ഓ... സകരിയ്യാ.... നിശ്ചയമായും താങ്കൾക്ക് ഒരാൺ കുട്ടിയെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നു. അവന്റെ പേര് യഹ് യാ എന്നാകുന്നു. അവന്റെ പേരുള്ള ഒരാളെയും മുമ്പ് നാം ഉണ്ടാക്കിയിട്ടില്ല. (19:7)

വാർദ്ധക്യകാലത്ത് കുട്ടിയുണ്ടാകുമെന്ന് അറിഞ്ഞപ്പോൾ വലിയ അത്ഭുതമായി. ഞാൻ വൃദ്ധനാണ്. എന്റെ ഭാര്യ വന്ധ്യയുമാണ്. എനിക്കും നീ കുട്ടിയെ തരികയാണോ?

സകരിയ്യ (അ) അതിശയത്തോട ചോദിക്കുന്നത് സൂറത്ത് മർയമിൽ കാണാം : "അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ എനിക്കെങ്ങനെയാണ് ഒരു പുത്രനുണ്ടാവുക? എന്റെ ഭാര്യ വന്ധ്യയാണല്ലോ ഞാനാണെങ്കിൽ വാർദ്ധക്യം പ്രാപിച്ചിരിക്കുകയാണ്." (19:8)

ആലു ഇംറാൻ സൂറത്തിൽ ഇങ്ങനെ കാണാം: "അദ്ദേഹം ചോദിച്ചു എന്റെ റബ്ബേ.. ! എനിക്ക് എങ്ങനെയാണ് ഒരാൺകുട്ടി ഉണ്ടാവുക? എനിക്ക് വാർദ്ധക്യം വന്നെത്തിയിട്ടുണ്ട്. എന്റെ ഭാര്യയാണെങ്കിൽ വന്ധ്യയുമാണ്. അവൻ പറഞ്ഞു: കാര്യം അങ്ങനെതന്നെ. അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നതാണ്." (3:40)

അപ്പോൾ ഒരു ദൃഷ്ടാന്തം കാണിച്ചു കൊടുക്കാൻ സകരിയ്യ (അ) അല്ലാഹുﷻവിനോടപേക്ഷിച്ചു. ദൃഷ്ടാന്തം കാണിക്കുകയും ചെയ്തു. എന്താണ് ദൃഷ്ടാന്തം?

മൂന്നു ദിവസം സംസാരിക്കാൻ കഴിയില്ല. ആശയ വിനിമയമൊക്കെ ആംഗ്യ രൂപത്തിലായിരിക്കും. രാവിലെയും വൈകുന്നേരവും അനുയായികളോട് നിസ്കരിച്ചുകൊള്ളാൻ ആംഗ്യത്തിലൂടെ ആവശ്യപ്പെടുകയാണ് ചെയ്തത്.

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം : "അദ്ദേഹം പറഞ്ഞു: എന്റെ റബ്ബേ..! നീ എനിക്ക് ഒരു ദൃഷ്ടാന്തം കാണിച്ചു തരേണമേ. അല്ലാഹു ﷻ പറഞ്ഞു: താങ്കൾ മൂന്നു ദിവസം ആംഗ്യ രൂപത്തിലല്ലാതെ  ജനങ്ങളോട് സംസാരിക്കാതിരിക്കലാണ് താങ്കൾക്കുള്ള ദൃഷ്ടാന്തം. താങ്കളുടെ രക്ഷിതാവിനെ കൂടുതലായി സ്മരിക്കുകയും രാവിലെയും വൈകുന്നേരവും അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക." (3:41)

എനിക്കെങ്ങനെ കുട്ടിയുണ്ടാകുമെന്ന സകരിയ്യ (അ)ന്റെ ചോദ്യത്തിന് അല്ലാഹു ﷻ നൽകുന്ന മറുപടി സൂറത്ത് മർയമിൽ ഇങ്ങനെയാകുന്നു : "അല്ലാഹു പറഞ്ഞു:  കാര്യം അങ്ങനെ തന്നെയാണ്. താങ്കളുടെ റബ്ബ് പറയുന്നു: അത് എനിക്ക് ഒരു നിസ്സാര കാര്യമാണ്. മുമ്പ് താങ്കളെ നാം സൃഷ്ടിച്ചു. താങ്കൾ ഒരു വസ്തു ആയിരുന്നില്ലല്ലോ?" (19:9)

ഇല്ലായ്മയിൽ നിന്ന് അല്ലാഹു ﷻ വസ്തുക്കളെ സൃഷ്ടിക്കുന്നു. അവന് അതൊട്ടും പ്രയാസമുള്ള കാര്യമല്ല. ഒരു കുട്ടിയെ നൽകുന്നത് അല്ലാഹുﷻവിന് നിസ്സാര കാര്യമാണ്.

ആരാധനാ മന്ദിരത്തിൽ നിന്ന് സകരിയ്യ (അ) പുറത്തുവന്നു.  ജനങ്ങൾ അദ്ദേഹത്തെ കാത്ത്നിൽക്കുകയായിരുന്നു. പതിവുപോലെ അദ്ദേഹം എന്തെങ്കിലും സംസാരിക്കുമെന്ന് ജനങ്ങൾ കരുതി. പക്ഷേ, അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നില്ല.

വിശുദ്ധ ഖുർആൻ ഈ രംഗം വിവരിക്കുന്നു: "സകരിയ്യ പറഞ്ഞു: എന്റെ റബ്ബേ..! എന്നാൽ എനിക്ക് നീ ഒരു ദൃഷ്ടാന്തം കാണിച്ചുതരേണമേ..! അല്ലാഹു പറഞ്ഞു: മൂന്ന് ദിവസം താങ്കൾ ജനങ്ങളോട് സംസാരിക്കുകയില്ല എന്നതാണ് താങ്കൾക്കുള്ള ദൃഷ്ടാന്തം." (19:10)

"അങ്ങനെ അദ്ദേഹം മിഹ്റാബിൽ നിന്ന് പുറപ്പെട്ടു തന്റെ ജനതയുടെ അടുക്കൽ ചെന്നു. രാവിലെയും വൈകുന്നേരവും (നിങ്ങളുടെ റബ്ബിന്റെ) പരിശുദ്ധിയെ പ്രകീർത്തനം ചെയ്യുക. എന്ന് അവരുടെ നേരെ ആഗ്യം കാണിച്ചു. (സൂചന നൽകി)"  (19:11)

ഇവിടെ മിഹ്റാബ് എന്നത് നമ്മുടെ മസ്ജിദുകളിൽ കാണുന്നത് പോലുള്ള മിഹ്റാബ് അല്ല. ഇസ്രാഈല്യരുടെ മിഹ്റാബ് അവരുടെ ആരാധനാ മന്ദിരങ്ങളായിരുന്നു.

മൂന്നു ദിവസം സകരിയ്യ (അ) പ്രാർത്ഥനക്ക് നേതൃത്വം നൽകാൻ പോയില്ല. അദ്ദേഹം പ്രത്യേകമായ ആരാധനകളിൽ മുഴുകി. മനസ്സിൽ അല്ലാഹുﷻവിനെക്കുറിച്ചുള്ള ചിന്ത മാത്രം.

ഭാര്യ ഗർഭിണിയായി... ഹന്നയെപ്പോലെ ഇശാഇനും വാർദ്ധക്യത്തിൽ ഗർഭം ധരിച്ചു. സഹോദരിമാർ രണ്ട് പേരും അങ്ങനെ ചരിത്രത്തിൽ ഇടം നേടി.

പിന്നീടുള്ള നാളുകൾ വല്ലാത്ത നിർവൃതിയുടേതായിരുന്നു. ഗോത്രത്തിലെ കുലീന വനിതകളൊക്കെ ഇടക്കിടെ കാണാൻ വരും. ആഹ്ലാദം തുളുമ്പുന്ന സ്വരത്തിൽ സംസാരിക്കും. ഇശാഇനെ അഭിനന്ദിക്കും...

കേൾക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നും. ഹന്നാക്ക് വലിയ സന്തോഷം. തന്റെ സഹോദരിക്ക് കുഞ്ഞ് പിറക്കാൻ പോവുകയാണ്...

പ്രാർത്ഥനയുടെ ഫലമാണത്. കരഞ്ഞു മനസ്സുരുകി പ്രാർത്ഥിച്ചാൽ ഫലം കിട്ടും. തന്റെ കഥ തന്റെ സഹോദരിയുടെയും കഥ. ഇരുവർക്കും സ്ത്രീ സമൂഹത്തോട് പറയാനുള്ളത് അവരുടെ പ്രാർത്ഥനയുടെ ഫലസിദ്ധിയെക്കുറിച്ചാണ്.


മർയം (റ) ഗർഭിണിയായി 

സകരിയ്യ (അ)ന്റെ ഭാര്യ ആൺകുഞ്ഞിനെ പ്രസവിച്ചു. കുടുംബത്തിൽ ആഹ്ലാദം പരന്നു. സ്ത്രീകൾ കൂട്ടമായി വന്നു. കുഞ്ഞിനെ കണ്ട് സംതൃപ്തരായി. യഹ് യ അത്ഭുത ശിശുവായിരുന്നു. കാണാൻ നല്ല അഴക്. ശൈശവകാലത്ത് തന്നെ അല്ലാഹു ﷻ കുട്ടിക്ക് വിജ്ഞാനം നൽകി. ഇതല്ലേ വലിയ അതിശയം?

മാതാപിതാക്കൾ കരുതിയതിനേക്കാൾ ഉന്നതമായിരുന്നു കുട്ടിയുടെ അവസ്ഥ. അക്കാലത്ത് നിലവിലുണ്ടായിരുന്ന വേദഗ്രന്ഥം തൗറാത്ത് ആയിരുന്നു. അതിലെ വിജ്ഞാനം കുട്ടിക്ക് ലഭിച്ചു. അന്ന് കുട്ടിയുടെ പ്രായമെന്തായിരുന്നു?

രണ്ട് വയസ്സ്. രണ്ടാം വയസ്സിൽ തന്നെ വേദഗ്രന്ഥമനുസരിച്ച് ജീവിക്കാനുള്ള കൽപ്പന കിട്ടുക. ഇത് ആശ്ചര്യജനകമല്ലേ? പ്രവാചകത്വം ലഭിച്ചത് മൂന്നാം വയസ്സിലാണെന്നും ഏഴാം വയസ്സിലാണെന്നും പറയപ്പെട്ടിട്ടുണ്ട്.

യഹ് യാ (അ) കുട്ടിക്കാലത്ത് തന്നെ നബിയായി. ഈസാ(അ) നബിയായതും കുട്ടിക്കാലത്ത് തന്നെ. ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് യഹ് യാ നബിയും ഈസാ നബിയും ഒഴികെയുള്ള പ്രവാചകന്മാർക്കെല്ലാം പ്രവാചകത്വം ലഭിച്ചത് നാൽപത് വയസ്സായപ്പോഴാണെന്നാകുന്നു.

തൗറാത്ത് മുറുകെപ്പിടിക്കാൻ അല്ലാഹു ﷻ യഹ് യ(അ)നോട് കൽപ്പിച്ചു. അതിലെ വിധിവിലക്കുകൾ അനുസരിച്ചു ജീവിക്കണം. അപാകതകൾ സംഭവിക്കരുത്. വിശുദ്ധ ഖുർആൻ അരുളുന്നത് നോക്കാം :

"ഓ.... യഹ് യാ.... വേദഗ്രന്ഥം ബലമായി സ്വീകരിച്ചുകൊള്ളുക. (എന്ന് അല്ലാഹു ﷻ പറഞ്ഞു) ശൈശവ ദശയിൽ തന്നെ നാം അദ്ദേഹത്തിന് വേദവിജ്ഞാനം നൽകി." (19:12)

"നമ്മുടെ പക്കൽ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും നൽകി. അവൻ ഒരു ഭക്തനുമായിരുന്നു." (19:13)

"തന്റെ മാതാപിതാക്കളോട് ഔദാര്യം കാണിക്കുന്നവനും ആയിരുന്നു. അനുസരണയില്ലാത്ത ക്രൂരനായിരുന്നില്ല." (19:14)

യഹ് യ നബി (അ)ന്റെ ശ്രേഷ്ഠതകളാണ് ഈ വചനങ്ങളിൽ കാണുന്നത്. യഹ് യാ (അ) സ്വന്തം പിതാവിൽ നിന്ന് വളരെയേറെ കാര്യങ്ങൾ കേട്ടുപഠിച്ചു. മറ്റ് പലരിൽ നിന്നും മഹത്തായ പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്.

എപ്പോഴും മനസ്സ് നിറയെ അല്ലാഹുﷻവിനെക്കുറിച്ചുള്ള ചിന്തകളാണ്. ലൗകിക ചിന്തകളൊന്നുമില്ല. തെറ്റ് ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. മാതാപിതാക്കളോട് കരുണ കാണിക്കുന്ന കുട്ടിയാണ്. എല്ലാ സൽഗുണങ്ങളും ഒത്തിണങ്ങിയ ജീവിതം.

പിതാവും പുത്രനും പ്രവാചകന്മാർ. അവർ ഒരേ കാലത്ത് തന്നെ മതപ്രബോധനം നടത്തുന്നു. വളരെ പേർ അവരുടെ വാക്കുകൾ സ്വീകരിച്ചു. ദുരാചാരങ്ങൾ അവസാനിപ്പിച്ചു. സജ്ജനങ്ങളായി. എതിർത്തു നിന്നവരും നിരവധിയായിരുന്നു. അവർ ധിക്കാരികളും ദുർമാർഗ്ഗികളുമായിരുന്നു. അവർ സകരിയ്യ (അ)നെ വെറുത്തു. യഹ് യാ (അ) നെ വെറുത്തു.

അവരുടെ മനസ്സിലെ പക വളർന്നു. ശത്രുക്കളുടെ മനസ്സിൽ പക വളർന്നപ്പോൾ പിശാചിന് സന്തോഷമായി. ശപിക്കപ്പെട്ട പിശാച് മനുഷ്യ മനസ്സിലെ ശത്രുത ആളിക്കത്തിച്ചു. പിതാവിനെയും പുത്രനെയും വധിക്കുക അവരുടെ ചിന്ത അത്രത്തോളം വളർന്നു.

മർയം (റ) യഹ് യായെ എടുത്തോമനിച്ചു. നല്ല ഉപദേശങ്ങൾ നൽകി. അവർക്കിടയിൽ ശക്തമായ സ്നേഹബന്ധം വളർന്നുവന്നു. സകരിയ്യ (അ)നും യഹ് യ(അ)നും മദ്ധ്യത്തിലേക്ക് മറ്റൊരു കുട്ടി കൂടി വരാൻ കാലമായി.

ഈസാ (അ). ആ കുട്ടിയുടെ ജനനം വളരെ അത്ഭുതമായിരുന്നു. സർവ്വശക്തനായ അല്ലാഹു ﷻ വിശുദ്ധ ഖുർആനിലൂടെ നബി ﷺ തങ്ങളോട് സംസാരിക്കുന്നു.

"വേദഗ്രന്ഥത്തിൽ മർയമിനെക്കുറിച്ചും പ്രസ്താവിക്കുക. അവൾ തന്റെ സ്വന്തക്കാരിൽ നിന്ന് വിട്ടുമാറി കിഴക്കുഭാഗത്തുള്ള ഒരു സ്ഥലത്ത് താമസിച്ചപ്പോൾ." (19:16)

"എന്നിട്ട് അവരിൽ നിന്ന് മറയത്തക്ക് ഒരു മറ അവരുണ്ടാക്കി. അപ്പോൾ അവരുടെ അടുത്തേക്ക് നമ്മുടെ മലക്കിനെ നാം അയച്ചു. അങ്ങനെ മലക്ക് അവരുടെ മുമ്പിൽ ഒരു തികഞ്ഞ മനുഷ്യരൂപം സ്വീകരിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടു." (19:17)


മർയം ബീവി (റ) ബന്ധുക്കളിൽ നിന്ന് മാറി അൽപം അകലെ ഒരു സ്ഥലത്ത് പോയതായിരുന്നു. പോയത് കുളിക്കാൻ വേണ്ടിയായിരുന്നു എന്ന അഭിപ്രായമുണ്ട്. തലയിൽ നിന്ന് പേൻ എടുക്കാൻ വേണ്ടി പോയതായിരുന്നു എന്നും അഭിപ്രായമുണ്ട്.

പെട്ടെന്ന് മുമ്പിൽ ഒരു പുരുഷൻ പ്രത്യക്ഷപ്പെട്ടു. വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടുപോയ മർയം ബീവിക്ക് പേടി തോന്നി. ആ പുരഷനോട് മാറിപ്പോവാൻ ആവശ്യപ്പെട്ടു. അത് ജിബ്രീൽ (അ) ആയിരുന്നു

അല്ലാഹുﷻവിന്റെ കൽപ്പന പ്രകാരം വന്നതാണ്. മർയം ബീവി ഒരാൺകുഞ്ഞിനെ ഗർഭം ധരിക്കും. അതറിയിക്കാനാണ് വന്നത്.

മർയം (റ) ആശ്ചര്യപ്പെട്ടുപോയി.  താൻ വിവാഹിതയല്ല. തനിക്ക് ഭർത്താവില്ല പരിശുദ്ധയായ വനിതയാണ്. അന്യപുരുഷൻ സ്പർശിച്ചിട്ടില്ല പിന്നെങ്ങനെ തനിക്ക് കുട്ടി ജനിക്കും..?

ജിബ്രീൽ (അ) മറുപടി നൽകി : "അങ്ങനെ തന്നെ സംഭവിക്കും. അത് വിധിക്കപ്പെട്ട കാര്യമാണ്." അവർ തമ്മിൽ അൽപ നേരത്തെ സംഭാഷണം നടന്നു. ജിബ്രീൽ (അ) അവരുടെ കുപ്പായമാറിൽ ഊതി. അത് കാരണം അവർ ഗർഭിണിയായി.

സൂറത്ത് മർയമിൽ അവർ തമ്മിൽ നടന്ന സംഭാഷണം ഇങ്ങനെ കാണാം; "അവർ പറഞ്ഞു: നിശ്ചയമായും നിന്നിൽ നിന്ന് കരുണാനിധിയായ അല്ലാഹുവിൽ ഞാൻ ശരണം പ്രാപിക്കുന്നു. നീ ഒരു ഭക്തിയുള്ളവനാണെങ്കിൽ (എന്നിൽ നിന്ന് അകന്ന് പോകുക)." (19:18)

"അദ്ദേഹം പറഞ്ഞു: നിശ്ചയമായും ഞാൻ നിങ്ങളുടെ റബ്ബിന്റെ ഒരു ദൂതൻ മാത്രമാകുന്നു. പരിശുദ്ധനായ ഒരാൺകുട്ടിയെ നിങ്ങൾക്ക് പ്രദാനം ചെയ്യേണ്ടതിനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്." (19:19)

"അവർ ചോദിച്ചു: എങ്ങനെയാണ് എനിക്കൊരു ആൺകുട്ടി ജനിക്കുന്നത്? എന്നെയാണെങ്കിൽ (വിവാഹം മൂലം) ഒരു മനുഷ്യനും തൊട്ടിട്ടില്ല. ഞാൻ ഒരു വ്യഭിചാരിണി ആയിട്ടുമില്ല." (19:20)

"അദ്ദേഹം പറഞ്ഞു: കാര്യം അങ്ങനെ തന്നെയാണ്. നിങ്ങളുടെ റബ്ബ് പറയുന്നു: അത് എനിക്ക് ഒരു നിസ്സാര കാര്യമാണ്. അവനെ മനുഷ്യർക്ക് ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കൽ നിന്നുള്ള ഒരു കാരുണ്യവും ആക്കുവാൻ വേണ്ടിയുമാകുന്നു. ഇത് തീരുമാനിക്കപ്പെട്ട ഒരു കാര്യമായിരിക്കുന്നു." (19:21)

"അങ്ങനെ അവർ ആ കുട്ടിയെ ഗർഭം ധരിച്ചു. എന്നിട്ടതുമായി ദൂരെയുള്ള സ്ഥലത്ത് മാറിത്താമസിച്ചു." (19:22)

സകരിയ്യ (അ) ശ്രദ്ധാപൂർവ്വം വളർത്തി വലുതാക്കിയ പെൺകുട്ടിയാണ് മർയം ബീവി (റ). അവർ ഗർഭിണിയായിരിക്കുന്നു. എന്തായിരിക്കും പിന്നത്തെ അവസ്ഥ..?

മർയമിന്റെ സഹോദരിയും ഗർഭിണിയാണ്. മർയം ഗർഭിണിയാവുന്നതിന്റെ ആറ് മാസം മുമ്പെ അവർ ഗർഭിണിയായി. ഗർഭാവസ്ഥയിൽ കുഞ്ഞുങ്ങളുടെ ചലനങ്ങൾ അവരെ ആഹ്ലാദഭരിതരാക്കി.

സകരിയ്യ (അ)ന്റെ വീട്ടിലേക്ക് യഹൂദികൾ വന്നു. മർയമിനെപ്പറ്റി മോശമായി സംസാരിച്ചു. അവിടെ അസ്വസ്ഥത വളർന്നു വന്നു. ഹന്നായുടെ വീട്ടിലും ആളുകളെത്തി ശബ്ദമുയർത്തി സംസാരിച്ചു.

സകരിയ്യ (അ) വിഷമത്തിലായി ആളുകളോടെന്ത് പറയും..? അവർ വിമർശനം ശക്തിപ്പെടുത്തുകയാണ്. മർയം (റ) പരിശുദ്ധയാണെന്ന് സകരിയ്യ (അ)ന് നന്നായറിയാം. വീട്ടുകാർക്കുമറിയാം...

എന്നാൽ ബന്ധുക്കളിൽ പലരും അങ്ങനെയല്ല അവർ കുറ്റം പറയാൻ ഒരവസരം നോക്കി നടക്കുകയായിരുന്നു. അവർക്കിപ്പോൾ നല്ല അവസരമായി. നാട്ടിലാകെ വാർത്ത പരന്നു. ബൈത്തുൽ മുഖദ്ദസിലും, പള്ളിയുടെ പരിസരങ്ങളിലുമെല്ലാം അത് തന്നെ സംസാരം...

സകരിയ്യ (അ) നടന്നു പോവുന്നു. ശത്രുക്കൾ പരിഹസിച്ചു ചിരിക്കുന്നു. അല്ലാഹുﷻവിന്റെ പരീക്ഷണം അത് തരണം ചെയ്യാൻ അവൻ തന്നെ ധൈര്യവും ക്ഷമയും തരട്ടെ.

മർയം (റ) പള്ളിയിലേക്ക് വന്നില്ല. അവർക്ക് ആരെയും നേരിടാനുള്ള മാനസികാവസ്ഥയല്ല ഉള്ളത്. സ്ത്രീകൾ കണ്ടാൽ പലതും ചോദിക്കും. എന്ത് ഉത്തരം പറയും ? പറയാനൊന്നുമില്ല. ആരെയും കാണാതിരിക്കുക. വിജനമായ സ്ഥലത്ത് ഒറ്റക്ക് കഴിയുക. അത് മാത്രമേ നിവൃത്തിയുള്ളൂ.


കുട്ടി സംസാരിച്ചു

മർയമിന് പ്രസവ വേദന തുടങ്ങി. ഒരു ഈത്തപ്പന മരത്തിൽ ചാരിയിരുന്നു. അവർ വളരെയേറെ ദുഃഖിതയും അസ്വസ്ഥയുമായിരുന്നു. അപ്പോൾ താഴ് വരയിൽ നിന്ന് ജിബ്രീൽ (അ) വിളിച്ചു പറഞ്ഞു: "ദുഃഖിക്കേണ്ട പ്രയാസപ്പെടേണ്ട താഴ്ഭാഗത്തു കൂടി അരുവി ഒഴുകുന്നുണ്ട് വെള്ളം കുടിക്കാം. ആ ഈത്തപ്പന മരം പിടിച്ചു കുലുക്കിക്കൊള്ളുക. അപ്പോൾ പഴുത്തു പാകമായ ഈത്തപ്പഴം വീഴും. അത് പെറുക്കിത്തിന്നാം. വിശപ്പും ദാഹവും അകറ്റാം. ഭാവിയിൽ മഹാനായിത്തീരുന്ന ഒരു ശിശുവിനെയാണ് നിങ്ങൾ പ്രസവിക്കാൻ പോവുന്നത്."

വിശുദ്ധ ഖുർആൻ പറയുന്നതിങ്ങനെ: "പ്രസവ വേദന അവരെ ഒരു ഈത്തപ്പനയുടെ അടുത്തേക്ക് പോവാൻ നിർബന്ധിതയാക്കി. അവർ പറഞ്ഞു: ഹാ...ഇതിന് മുമ്പു തന്നെ ഞാൻ മരിക്കുകയും, അശേഷം വിസ്മരിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനേ..." (19:23)

"അപ്പോൾ അവരുടെ താഴ്ഭാഗത്ത് നിന്ന് വിളിച്ചു പറഞ്ഞു. വ്യസനിക്കേണ്ട നിന്റെ റബ്ബ് നിന്റെ താഴ്ഭാഗത്ത് ഒരു അരുവിയെ ആക്കിത്തന്നിരിക്കുന്നു." (19:24)

"നിന്റെ അരികിലേക്ക് (ഈത്തപ്പഴം വീണു കിട്ടുവാൻ) നീ ഈത്തപ്പന പിടിച്ചുകുലുക്കുക എന്നാൽ അത് നിനക്ക് പഴുത്ത് പാകമായ ഈത്തപ്പഴം വീഴ്ത്തിത്തരും." (19:25)

"അങ്ങനെ നീ തിന്നുകയും കുടിക്കുകയും  സന്തോഷത്താൽ കണ്ണ് കുളിർക്കുകയും ചെയ്തു കൊള്ളുക. ഇനി നീ മനുഷ്യരിൽ നിന്ന് വല്ലവരേയും കാണുകയാണെങ്കിൽ ഇങ്ങനെ പറഞ്ഞേക്കണം. പരമ കാരുണികനായ അല്ലാഹുവിന് വ്രതം അനുഷ്ഠിക്കുവാൻ ഞാൻ നേർച്ചയാക്കിയിരിക്കുന്നു. ഞാനിന്ന് ഒരു മനുഷ്യരോടും സംസാരിക്കുകയില്ല തന്നെ." (19:26)

നോമ്പ് നോൽക്കുന്നവർ സംസാരം ഉപേക്ഷിക്കുകയെന്ന സമ്പ്രദായം അക്കാലത്ത് നിലവിലുണ്ടായിരുന്നു. നോമ്പുകാരോട് ആരും സംസാരിക്കാൻ പോവില്ല.

ഇബ്നു അബ്ബാസ് (റ) പറയുന്നു: മർയം (റ) ചാരിയിരുന്നത് ഉണങ്ങിയ ഈത്തപ്പന മരത്തിലായിരുന്നു. അരുവി വറ്റി വരണ്ടതുമായിരുന്നു. ഈത്തപ്പന പെട്ടെന്ന് പച്ചയായി. പഴം കായ്ക്കുകയും ചെയ്തു. അരുവിയിൽ വെള്ളമൊഴുകി.

പ്രസവം നടന്നു. നല്ല അഴകുള്ള കുഞ്ഞ്. കുഞ്ഞിനോട് എന്തെന്നില്ലാത്ത സ്നേഹം. മാതൃസ്നേഹം വഴിഞ്ഞൊഴുകി. ഇനിയെന്ത്? എങ്ങോട്ടുപോവും? ബന്ധുക്കളുടെ അടുത്തേക്ക് മടങ്ങാം. എന്തും വരട്ടെ! സംരക്ഷകൻ അല്ലാഹുﷻവാണ്. അവന്റെ വിധി സ്വീകരിക്കാം. അവൻ തന്നെയാണ് അഭയം.

അക്കാലത്ത് ജീവിച്ച സ്വാലിഹായ മനുഷ്യനായിരുന്നു ഹാറൂൻ. അദ്ദേഹത്തിന്റെ മാതാപിതാക്കൾ അദ്ദേഹത്തിന് ഹാറൂൻ നബിയുടെ പേരിടുകയായിരുന്നു. കുഞ്ഞുങ്ങൾക്ക് പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും പേരിടുന്ന സമ്പ്രദായം അക്കാലത്തുണ്ടായിരുന്നു. ഹാറൂൻ വിജ്ഞാനത്തിലും ആരാധനയിലും മറ്റുള്ളവരെക്കാൾ മുന്നിട്ടുനിന്നിരുന്നു. മർയം ബീവിയും അങ്ങനെ തന്നെ.

ജനങ്ങൾ മർയം ബീവിയെ ഹാറൂനിന്റെ സഹോദരി എന്നു വിളിച്ചിരുന്നു. ഹാറൂനിന് തുല്യമായവൾ എന്ന അർത്ഥത്തിലുള്ള വിളി. കൈക്കുഞ്ഞുമായി വന്നപ്പോൾ ആ പേര് ചൊല്ലിയാണ് സ്ത്രീകൾ മർയം ബീവിയെ സ്വീകരിച്ചത്. പിന്നെ കരളിൽ കുത്തുന്ന വാക്കുകളിൽ സംസാരിച്ചു.

സൽസ്വഭാവത്തിലും സൽകർമ്മങ്ങളിലും നീ ഹാറൂനെപ്പോലെയായിരുന്നുവല്ലോ? പിന്നെ നീ എങ്ങനെ ഈ ദുഷ്പ്രവൃത്തി ചെയ്തു? നിന്റെ മാതാപിതാക്കൾ നല്ലവരായിരുന്നുവല്ലോ..?

"ഞാൻ നോമ്പുകാരിയാണ്. ഈ കുഞ്ഞിനോട് സംസാരിക്കൂ..." ഇത്രയുമാണ് മർയം ബീവിക്ക് ആളുകളെ അറിയിക്കാനുള്ളത്.



"എന്ത്? കുഞ്ഞിനോട് ചോദിക്കുകയോ? എങ്ങനെ?"

ഒരു തൊട്ടിൽ കെട്ടി കുഞ്ഞിനെ കിടത്തി. ആളുകൾ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ ഉറ്റുനോക്കി. അപ്പോൾ കുഞ്ഞ് സംസാരിച്ചു.

"ഞാൻ അല്ലാഹുﷻവിന്റെ അടിമയാകുന്നു. എനിക്കവൻ വേദം നൽകി. എന്നെ അവൻ പ്രവാചകനാക്കി."

ആളുകൾ സ്തബ്ധരായി നിന്നുപോയി. കുഞ്ഞെന്താണ് പറഞ്ഞത്? എനിക്ക് അല്ലാഹു ﷻ വേദഗ്രന്ഥം നൽകി. എന്നെ അവൻ പ്രവാചകനാക്കിയിരിക്കുന്നു.

അല്ലാഹുﷻവിന്റെ പ്രവാചകനാണോ ഈ കിടക്കുന്നത്? എങ്കിൽ ഈ സമുദായം ആദരിക്കപ്പെട്ടിരിക്കുന്നു. സകരിയ്യ (അ) അല്ലാഹുﷻവിനെ വാഴ്ത്തി. അല്ലാഹുﷻവിന്റെ പ്രവാചകനാണിത്. തന്റെ പിൻഗാമി.


ദുഷ്ടന്മാരുടെ സമൂഹം

സകരിയ്യ (അ)ന്റെ മനസ്സ് നിറയെ സന്തോഷം. ആശ്വാസം. തനിക്കൊരു പിൻഗാമിയില്ലാതെ പോകുമോ എന്ന ഭയമായിരുന്നു. ഒരു കുഞ്ഞിന് വേണ്ടി നിരന്തരം പ്രാർത്ഥിച്ചുക്കൊണ്ടിരുന്നു. ഒടുവിൽ പ്രാർത്ഥന സ്വീകരിക്കപ്പെട്ടു...

തന്റെ ഭാര്യ ഗർഭിണിയായി. യഹ്  യാ എന്ന മകനെ പ്രസവിച്ചു .അവനെ അല്ലാഹു ﷻ പ്രവാചകനായി നിയോഗിക്കും. ഇപ്പോഴിതാ മറ്റൊരു കുഞ്ഞ്. മർയമിന്റെ മകൻ. ആ മകന് പേര് വിളിച്ചു. ഈസാ... ഈസബ്നു മർയം.

മർയമിന്റെ മകൻ ഈസ...

യഹ് യയും ഈസായും രണ്ടും പ്രവാചകന്മാർ. തന്റെ പിൻഗാമികൾ...

യഅ്ഖൂബ് (അ)ന്റെ സന്താന പരമ്പരയാണ് ഇസ്രാഈലികൾ. അവരുടെ കൂട്ടത്തിൽ നിന്ന് ധാരാളം നബിമാർ ഉണ്ടായിട്ടുണ്ട്. നിരവധി ആരിഫീങ്ങളും, ഔലിയാക്കളും, പണ്ഡിതന്മാരും, സ്വാലിഹീങ്ങളും ഉണ്ടായിട്ടുണ്ട്...

വലിയൊരു വിഭാഗം ഇസ്രാഈലികൾ നേർമാർഗത്തിൽ നിന്നകന്നു പോയിട്ടുണ്ട്. അല്ലാഹുﷻവിന്റെ കോപം വാങ്ങിയവർ. ദുർമ്മാർഗ്ഗികൾ പെരുകിവന്നു. അവർ സകരിയ്യ (അ)നെ പരിഹസിച്ചു. ധിക്കരിച്ചു. അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

യഹ് യായെയും ഈസായെയും അവർ വെറുതെ വിട്ടില്ല. അല്ലാഹുﷻവെ ഈ കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കേണമേ. ക്രൂരന്മാരായ യഹൂദികൾ ഇവരെ ഉപദ്രവിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. സകരിയ്യ (അ)ന്റെ ശത്രുക്കൾ മർയമിനെ പരിഹസിച്ചു പൊട്ടിച്ചിരിക്കാൻ തുടങ്ങി.

വിവാഹം കഴിച്ചിട്ടില്ലാത്ത മർയം ഒരു കൈക്കുഞ്ഞുമായി കടുന്നു വന്നപ്പോൾ അവർക്കതൊരു തമാശയുള്ള കാഴ്ചയായിരുന്നു. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനോട് സംസാരിക്കാൻ പറഞ്ഞപ്പോൾ കൂടുതൽ തമാശയായി. തമാശകൾ നീണ്ടുനിന്നില്ല. കുഞ്ഞു സംസാരിച്ചു.

വിശുദ്ധ ഖുർആൻ പറയുന്നു: "അനന്തരം അവൾ കുഞ്ഞിനെ എടുത്തുകൊണ്ട് തന്റെ ആളുകളുടെ അടുക്കൽ ചെന്നു. അവർ പറഞ്ഞു: ഓ....മർയം....അത്യാശ്ചര്യകരമായ ഒരു കാര്യം നീ ചെയ്തിരിക്കുന്നു." (19:27)

"ഓ... ഹാറൂന്റെ സഹോദരീ.... നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുർനടപ്പുകാരിയുമായിരുന്നില്ല." (19:28)

"അപ്പോൾ അവൾ കുട്ടിയുടെ നേരെ ചൂണ്ടിക്കാണിച്ചു. ജനങ്ങൾ ചോദിച്ചു: തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനോട് ഞങ്ങൾ എങ്ങനെ സംസാരിക്കും?" (19:29)

"(തൊട്ടിലിൽ കിടക്കുന്ന കുട്ടി) പറഞ്ഞു: തീർച്ചയായും ഞാൻ അല്ലാഹുﷻവിന്റെ അടിമയാകുന്നു. എനിക്ക് അവൻ വേദഗ്രന്ഥം നൽകുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു." (19:30)

"ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ അനുഗ്രഹീതനാക്കിയിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം നിസ്കാരം നിർവ്വഹിക്കാനും സകാത്ത് കൊടുക്കാനും അവൻ എന്നോട് കൽപ്പിച്ചിരിക്കുന്നു." (19:31)

"എന്നെ അവൻ എന്റെ മാതാവിന് ഗുണം ചെയ്യുന്നവനും ആക്കിയിരിക്കുന്നു. അവൻ എന്നെ നിർഭാഗ്യവാനായ ക്രൂരനാക്കിയില്ല." (19:32)

"ഞാൻ ജനിച്ച ദിവസവും മരണമടയുന്ന ദിവസവും ഞാൻ വീണ്ടും ജീവനോടെ എഴുന്നേൽക്കപ്പെടുന്ന ദിവസവും എനിക്ക് സമാധാനം ഉണ്ടായിരിക്കും." (19:33)

"അതാണ് മർയമിന്റെ മകൻ ഈസാ(അ). ഇത് സത്യമായ വാക്കാണ്. ഇതിലാണ് അവർ ഭിന്നിക്കുന്നത്." (19:34)

പിതാവില്ലാതെ കുഞ്ഞ് പിറക്കുക. ആ കുഞ്ഞ് തൊട്ടിലിൽ കിടന്നു സംസാരിക്കുക. എന്തൊരത്ഭുതം. മാതാവും പിതാവും അല്ലാഹുﷻവിന്റെ ദൃഷ്ടാന്തങ്ങൾ തന്നെ.

സകരിയ്യാ(അ)നെയും യഹ് യാ(അ)നെയും ഈസാ(അ)നെയും മർയം (റ)യെയും യഹൂദരിൽ ശക്തമായൊരു വിഭാഗം എതിർത്തു. സത്യമത പ്രബോധനം തടസ്സപ്പെടുത്താൻ ഏതറ്റം വരെ പോകാനും അവർ തയ്യാറാണ്. വേണ്ടിവന്നാൽ കൊന്നുകളയാനും.

പണവും പദവിയുമുള്ള ഒരു വലിയ സമൂഹം. അവരെന്ത് വിചാരിച്ചാലും നാട്ടിൽ നടക്കും. അവർ തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘങ്ങളുണ്ട്. ഒരാളെ കൊന്നു കളഞ്ഞാൽ ആരും ചോദിക്കാനില്ല. ധിക്കാരികൾ. തൗറാത്തിന്റെ ആളുകളാണെന്ന് പറയും. എന്നാൽ തൗറാത്തിൽ പറഞ്ഞതൊന്നും അനുസരിക്കില്ല. ദുർനടപടിക്കാരാണ്. ആരുടെയും ഉപദേശം അവർക്കാവശ്യമില്ല. തങ്ങളുടെ വാക്കുകൾ എല്ലാവരും അനുസരിച്ചുകൊള്ളണം. എതിർക്കാൻ പാടില്ല. എതിർത്താൽ സഹിക്കില്ല. എതിർക്കുന്നവരെ വെച്ചേക്കില്ല...

സകരിയ്യ (അ) അവരുടെ മുമ്പിൽ വന്നു. അവരെ ഉപദേശിച്ചു. "ജനങ്ങളേ..! നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുക. തൗറാത്തിലെ വിധികൾ അനുസരിക്കുക. നിങ്ങൾ താന്തോന്നികളായി ജീവിക്കരുത്. നിങ്ങൾ ഭൂമിയിൽ ധിക്കാരം കാണിക്കരുത്."

അവരുടെ മുഖം കറുത്തു. ഉപദേശം ഒട്ടും ഇഷ്ടപ്പെട്ടില്ല. ചിലർ കണ്ണുരുട്ടി അക്ഷമ പ്രകടിപ്പിച്ചു. ചിലർ പിന്തിരിഞ്ഞു നടന്നു. ഇത് പലതവണ ആവർത്തിച്ചു. ദുഷ്ടന്മാരുടെ മനസ്സ് മാറിയില്ല. വളരെ കുറച്ച് പേരുടേതൊഴികെ. ദുഷ്ട മനസ്സുകൾ കൂടുതൽ കടുത്തുവന്നു. അവരുടെ മനസ്സ് നിയന്ത്രിക്കുന്നത് ശപിക്കപ്പെട്ട ഇബ്ലീസാണ്. പിശാചുക്കളാണ് അവരുടെ തോഴന്മാർ.

അവർ സകരിയ്യ (അ)നെ വെറുത്തു. സകരിയ്യ (അ)മുമായി ബന്ധപ്പെട്ട ഏതിനെയും വെറുത്തു. സകരിയ്യ (അ)ന്റെ സംരക്ഷണയിൽ വളരുന്ന മർയമിനെ വെറുത്തു. ഈസാ(അ) എന്ന കൊച്ചുകുഞ്ഞിനെ വെറുത്തു. യഹ് യ(അ) എന്ന കുഞ്ഞിനെയും വെറുത്തു. ആ കുടുംബത്തെ ഒന്നാകെ വെറുത്തു.

തങ്ങളുടെ താൽപര്യങ്ങൾക്കെല്ലാം ആ കുടുംബം എതിരാണ്. അവർ ജീവിച്ചിരിക്കുന്നത് തങ്ങൾക്ക് ഭീഷണിയാണ്. തങ്ങളെക്കാൾ വലിയ നേതാക്കളായി അവർ വളർന്നു വരാൻ പാടില്ല. ദുഷ്ടന്മാരുടെ ചിന്ത വല്ലാതെ വഴിതെറ്റാൻ തുടങ്ങി...


മിസ്വിറിലേക്ക് 

ദുഷ്ടന്മാർ അസ്വസ്ഥരായി. കുട്ടി സംസാരിച്ചിരിക്കുന്നു. തൊട്ടിലിൽ കിടക്കുന്ന കുട്ടി. നാട്ടുകാർ അതിശയത്തോടെ നോക്കിനിന്നു. നാട്ടിലാകെ അതാണിപ്പോൾ സംഭാഷണ വിഷയം.

ഇവൻ അപകടകാരിയാണ്. ഇവൻ വളർന്നാൽ കുഴപ്പമാണ്. ദുഷ്ടന്മാർ ശബ്ദമുയർത്തി സംസാരിച്ചു. 

"ഇത് സിഹ്റാണ്. മാരണമാണ്. തൊട്ടിലിൽ കിടക്കുന്ന കുട്ടി സംസാരിച്ചുവെന്നത് വെറും ജാലവിദ്യയാണ്." അല്ലാഹു ﷻ നൽകിയ മുഅ്ജിസത്തിനെ അവർ പരിഹസിച്ചു. പരസ്യമായി ധിക്കരിച്ചു...

സത്യവിശ്വാസികൾ അത് കേട്ട് ദുഃഖിച്ചു. സകരിയ്യ (അ) അസ്വസ്ഥനായി. ധിക്കാരികൾ കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അവർ കുഞ്ഞിനെ വധിക്കാൻ പരിപാടി തയ്യാറാക്കുകയാണ്. കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും..? 

ധിക്കാരികൾ കടുത്ത പ്രയോഗങ്ങൾ തുടങ്ങി. "മർയം പരിശുദ്ധയല്ല വ്യഭിചാരം ചെയ്ത സ്ത്രീയാണ്. പാപം ചെയ്തവളാണ്. പിതാവില്ലാതെ കുട്ടി ജനിച്ചുവെന്ന് പറയുന്നത് കളവാണ്. ആശാരിപ്പണിക്കാരനായ ജോസഫാണ് കുട്ടിയുടെ പിതാവ്." 

"ജോസഫ് (യൂസുഫ്) ഒരു നല്ല മനുഷ്യനാണ് അദ്ദേഹത്തെപ്പറ്റി അപവാദം പറയരുത്." സകരിയ്യ (അ)ന്റെ പ്രതികരണം അതായിരുന്നു...

ധിക്കാരികൾ ഇങ്ങനെ മറുപടി നൽകി. "ജോസഫും മർയമും അവിഹിത ബന്ധം പുലർത്തി. സന്താനം ജനിച്ചു. പ്രവാചകനാണെന്ന് പറയുന്ന സകരിയ്യ കുറ്റവാളിയായ ജോസഫിനെ പരിശുദ്ധനാക്കുന്നു. സകരിയ്യായും നല്ലവനല്ല, ആരെയും ഞങ്ങൾ വെറുതെ വിടാൻ പോവുന്നില്ല."

സകരിയ്യ (അ) ശാന്തമായി സംസാരിച്ചു. "അല്ലാഹു ﷻ ആദം നബിയെ എങ്ങനെ സൃഷ്ടിച്ചുവെന്ന് നിങ്ങൾ ചിന്തിക്കുക. മാതാവും പിതാവുമില്ലാതെ സൃഷ്ടിച്ചു. ഹവ്വാ ബീവിയെ എങ്ങിനെ സൃഷ്ടിച്ചു? ചിന്തിച്ചുനോക്കുക? ആദം നബിയിൽ നിന്ന് ഹവ്വായെ സൃഷ്ടിച്ചു. ആദം നബിയുടെ വാരിയെല്ലിൽ നിന്ന്. ഉമ്മയില്ല...

ഈസാ നബിയെ അല്ലാഹു ﷻ ഒരു സ്ത്രീയിൽ നിന്ന് സൃഷ്ടിച്ചു. പുരുഷനില്ലാതെ. സ്ത്രീയിൽ നിന്ന് മാത്രം കുഞ്ഞിനെ സൃഷ്ടിക്കാൻ അല്ലാഹുﷻവിന് ഒരു പ്രയാസവുമില്ല. ഈ കുഞ്ഞ് അല്ലാഹുﷻവിന്റെ ദൃഷ്ടാന്തമാണ്. നിങ്ങൾ നല്ലത് പോലെ ചിന്തിക്കുക."

ധിക്കാരികളുടെ ചിന്ത മറ്റൊരു വഴിക്കാണ് പോയത്. ഈ കുഞ്ഞിനെ എങ്ങനെ വധിച്ചു കളയാം. സകരിയ്യ (അ) മർയമിനെ സമീപിച്ചു. സ്വകാര്യമായി ഉപദേശിച്ചു.

"മോളേ ഈ ധിക്കാരികൾ എന്ത് സാഹസത്തിനും തയ്യാറാണ്. അവർ ഈ കുഞ്ഞിനെ വധിച്ചുകളയാൻ ഒരുങ്ങുകയാണ്. എനിക്കവരെ എതിർത്തുതോൽപ്പിക്കാൻ കഴിയുമോ? മോളൊരു കാര്യം ചെയ്യണം. കുഞ്ഞുമോനെയും കൊണ്ട് നാട് വിടണം. മറ്റൊരു മാർഗ്ഗവുമില്ല." 

മർയം സങ്കടത്തോടെ ചോദിച്ചു:

"ഞങ്ങളെങ്ങോട്ടു പോവും?"

"മിസ്റിലേക്ക്. അവിടെ രഹസ്യമായി താമസിക്കാൻ പറ്റിയ സ്ഥലങ്ങളുണ്ട്. ഉടനെ പുറപ്പെടണം. ശത്രുക്കളറിയാതെ സ്ഥലം വിടണം."

പിന്നെ യാത്രയെക്കുറിച്ചായിരുന്നു ചിന്ത. ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും നാട് വിടേണ്ടിവന്നിരിക്കുന്നു. കൊലക്കത്തി തലക്കു മുകളിൽ തൂങ്ങിയാടുന്നു. യാത്രയിൽ വേണ്ട ആഹാര സാധനങ്ങൾ, വസ്ത്രങ്ങൾ, വെള്ളം എല്ലാം ശേഖരിച്ചു. വളരെയടുത്ത ചില ബന്ധുക്കൾ മാത്രം വിവരമറിയും. മറ്റാരെയും അറിയിച്ചില്ല...

ധിക്കാരികൾ രഹസ്യ യോഗം ചേരുന്നു. കുഞ്ഞിനെ വധിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുന്നു. അപ്പോൾ മർയം (റ) കുഞ്ഞിനെയും കൊണ്ട് മിസ്റിലേക്ക് നീങ്ങുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ വാർത്ത നാടാകെ പരന്നു. മർയമിനെയും കുഞ്ഞിനെയും കാണാനില്ല. ധിക്കാരികളുടെ കോപം വർദ്ധിച്ചു...

സകരിയ്യ (അ) അധിക നേരവും പള്ളിയിൽ തന്നെ കഴിച്ചുകൂട്ടി. ആരാധനകളിൽ മുഴുകി. സംസാരം വളരെ കുറവാണ്. ദിക്റുകളും ദുആയും വർദ്ധിപ്പിച്ചു.


സകരിയ്യ (അ) അധിക നേരവും പള്ളിയിൽ തന്നെ കഴിച്ചുകൂട്ടി. ആരാധനകളിൽ മുഴുകി. സംസാരം വളരെ കുറവാണ്. ദിക്റുകളും ദുആയും വർദ്ധിപ്പിച്ചു. ഭക്തജനങ്ങൾ രാവിലെയും വൈകുന്നേരവും പള്ളിയിൽ തടിച്ചു കൂടും. സകരിയ്യ (അ) പ്രാർത്ഥനക്ക് നേതൃത്വം നൽകും. വേണ്ട ഉപദേശങ്ങൾ നൽകും.

"സഹോദരന്മാരേ, ഈ ലോകം നശ്വരമാണ്. ഈ ഭൂമിയും ആകാശവും സൂര്യനും ചന്ദ്രനുമെല്ലാം നശിക്കും. പരലോക ജീവിതമാണ് ശാശ്വതം. അവിടെ വിജയം വരിക്കണം. അതിന്നു വേണ്ടി ഇവിടെ ത്യാഗം സഹിക്കണം. ഈ ലോകം മുഅ്മിനീങ്ങൾക്ക് അത്ര സുഖകരമാവില്ല. ഇത് പരീക്ഷണങ്ങളുടെ ലോകമാണ്. പല പ്രയാസങ്ങളും നേരിടേണ്ടിവരും. ശപിക്കപ്പെട്ട ഇബ്ലീസ് മുഅ്മിനീങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. അവൻ നമ്മുടെ ശത്രുക്കളോടൊപ്പമുണ്ട്. ശപിക്കപ്പെട്ടവൻ അവരെ നയിക്കുന്നു...

അല്ലാഹുﷻവിന്റെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടണം. അതിന് നന്നായി പ്രാർത്ഥിക്കുക. ദിക്റുകൾ വർദ്ധിപ്പിക്കുക. ക്ഷമ മുറുകെ പിടിക്കുക. അല്ലാഹു ﷻ മുഅ്മിനീങ്ങളെ സഹായിക്കും. ആ ബോധം എപ്പോഴും വേണം. ആ പ്രതീക്ഷ വേണം. ആശ മുറിയരുത്." 

മനസ്സിൽ തട്ടുന്ന ഉപദേശം. ആ വാക്കുകൾ സത്യവിശ്വാസികളുടെ മനസ്സ് തൊട്ടുണർത്തി. അവർ ആവേശഭരിതരായി. ത്യാഗസന്നദ്ധരായി. ഏത് പരീക്ഷണത്തെയും നേരിടാൻ ധൈര്യമുണ്ട്. ക്ഷമ, അതാണവരുടെ പരിച. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ക്ഷമിക്കുക. അവരുടെ ക്ഷമയും സഹനവും എക്കാലത്തെയും മുസ്ലിംകൾക്ക് മാതൃകയാണത്. 

മർയം (റ) കുഞ്ഞിനോടൊപ്പം മിസ്റിലെത്തി. സംസ്കാരത്തിന്റെ കളിത്തൊട്ടിലായ ഈജിപ്ത്. അവിടെയാണ് ഈസാ(അ)ന്റെ കുട്ടിക്കാലം കടന്നുപോയത്. ഒരു വീട്ടിൽ താമസം. മർയമിന്റെ സാന്നിധ്യം അവിടെയുള്ളവർ വലിയ അനുഗ്രഹമായി കരുതി...

പെണ്ണുങ്ങൾക്ക് മർയം (റ) പ്രകാശം ചൊരിയുന്ന വിളക്കു പോലെയായിരുന്നു. എത്രയെത്ര പെണ്ണുങ്ങളുടെ മനസ്സിലെ ഇരുട്ടകറ്റാൻ അവരുടെ വാക്കുകൾക്ക് കഴിഞ്ഞു. വിജ്ഞാനത്തിന്റെ പ്രഭയും ശക്തിയും അവരറിഞ്ഞത് മർയം(റ) യിൽ നിന്നാകുന്നു. ഏറെ നേരവും മർയം (റ) ഇബാദത്തിലായിരുന്നു... 

അല്ലാഹുﷻവിലേക്ക് എങ്ങനെ അടുക്കാം? അവന്റെ പ്രീതി എങ്ങനെ നേടാം? അതിന്നുള്ള വഴി മർയം (റ) പെണ്ണുങ്ങൾക്ക് പറഞ്ഞുകൊടുത്തു. ആ മാർഗത്തിലൂടെ അവർ സഞ്ചരിച്ചു. അവരൊക്കെ പുണ്യവതികളായിത്തീർന്നു.

അനുഗ്രഹീതമായ ദിനങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ഈസാ (അ) അവിടത്തെ കുട്ടികളോടൊപ്പം ഓടിക്കളിച്ചും രസിച്ചും വളർന്നു. ഈസാ (അ) മറ്റ് കുട്ടികളെപ്പോലെയല്ല. കളിയിൽ അമിത താൽപര്യമില്ല. ഒന്നിലും വലിയ രസം കാണിക്കില്ല. കുട്ടികളോടൊപ്പം കഴിയും, തമാശ കാണിക്കും...

കളിക്കുന്നതിനിടയിൽ ഈസാ(അ) തന്റെ കൂട്ടുകാരനോടിങ്ങനെ പറയുന്നു:

"കൂട്ടുകാരാ... ഇന്ന് രാവിലെ നിന്റെ ഉമ്മ നിനക്ക് വിളമ്പിത്തരുന്നത് മധുരപ്പം ആയിരിക്കും." 

കൂട്ടുകാരൻ വീട്ടിലേക്കോടുന്നു. മുറ്റത്തെത്തുമ്പോൾ വിളിച്ചു പറയുന്നു: "ഉമ്മാ എനിക്ക് മധുരപ്പം വിളമ്പിത്തരൂ..." 

ഉമ്മ അത്ഭുതത്തോടെ ചോദിക്കുന്നു :

"മോനേ... ഞാൻ മധുരപ്പം ചുടുന്ന കാര്യം നീയെങ്ങനെ അറിഞ്ഞു? നിന്നോടാര് പറഞ്ഞു തന്നു..?"

കുട്ടി സന്തോഷത്തോടെ മറുപടി പറയുന്നു :

"ഈസബ്നു മർയം"  

വീട്ടുകാർക്കെല്ലാം അതിശയം. ഈസാ (അ) കൂട്ടുകാരോടെല്ലാം ഇങ്ങനെ പലതും പറയും. പറഞ്ഞതെല്ലാം അത്പോലെ സംഭവിക്കും. ഈസാ (അ) കൂട്ടുകാർക്കിടയിലെ മഹാത്ഭുതം. വെറുതെ ചറപറ സംസാരിക്കില്ല. കുറച്ചു സംസാരിക്കും. പറയുന്നത് അർത്ഥപൂർണ്ണമായ വാക്കുകൾ. സ്വയം പറയുകയല്ല. അല്ലാഹു ﷻ തോന്നിപ്പിക്കുന്നു. അങ്ങനെ തോന്നലുണ്ടാകുമ്പോൾ പറയുന്നു. പറയുന്നത് തെറ്റില്ല. അങ്ങനെ തന്നെ സംഭവിക്കും...

അപ്പോഴും ശത്രുക്കൾ അന്വേഷണത്തിലാണ്. മർയമിനെയും ഈസായെയും കണ്ടെത്തണം. അവരുടെ ശ്രമം വിജയിച്ചില്ല. തിരച്ചിൽ തുടർന്നു കൊണ്ടേയിരുന്നു. 

മർയം ബീവി (റ) യുടെ പദവി അല്ലാഹു ﷻ നാൾക്കുനാൾ ഉയർത്തുകയായിരുന്നു. പിൽക്കാലത്ത് നടന്ന ഒരു സംഭവം പറയാം...

ഒരിക്കൽ മുഹമ്മദ് നബി ﷺ തങ്ങൾ ഭൂമിയിൽ നാലു വരകൾ വരച്ചു. എന്നിട്ട് സ്വഹാബികളോട് ചോദിച്ചു :

"ഇതെന്താണെന്നറിയാമോ..?" 

"അല്ലാഹുﷻവിനും അവന്റെ റസൂലിന്നുമറിയാം (ﷺ)."

സ്വഹാബികൾ മറുപടി പറഞ്ഞു...

നബി ﷺ വിശദീകരിച്ചു... 

"സ്വർഗ്ഗാവകാശികളായ സത്രീകളിൽ ഏറ്റവും ശ്രേഷ്ഠരായ നാല് പേരാകുന്നു. ഖുവൈലിദിന്റെ മകൾ ഖദീജ (റ), മുഹമ്മദിന്റെ മകൾ ഫാത്വിമ (റ), ഇംറാന്റെ മകൾ മർയം (റ), ഫിർഔനിന്റെ ഭാര്യ ആസിയ (റ)..." 

സ്വഹാബികൾ ആശ്ചര്യത്തോടെ കേട്ടുനിന്നു. മർയമിന്റെ മഹത്വം ലോകമറിഞ്ഞു...


രണ്ട് യുവാക്കൾ 

ഈസാ(അ) വളർന്നു വലുതായി. നല്ല യുവാവായി. ആകർഷകമായ ശരീരഘടന. ആരും നോക്കിനിന്നുപോകും. ശാന്ത ഗംഭീരമായ മുഖഭാവം. ആകർഷകമായ കണ്ണുകൾ. മനോഹരമായ ചുണ്ടുകൾ. അതിനൊത്ത പല്ലുകൾ...

അല്ലാഹുﷻവിന്റെ കൽപ്പന വന്നു. ഫലസ്തീനിലേക്ക് മടങ്ങുക. രഹസ്യജീവിതത്തിന്റെ കാലം കഴിഞ്ഞു. ഇനി പരസ്യ പ്രബോധനത്തിന്റെ കാലമായി. ധിക്കാരികളായ ജനതയെ അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കുക. അതാണ് തന്റെ ദൗത്യം. മർയം (റ) യോടൊപ്പം ഈസാ(അ) നാട്ടിൽ മടങ്ങിയെത്തി.

അബൂ സർഅത് അദ്ദിമിശ്ഖി ഇങ്ങനെ രേഖപ്പെടുത്തുന്നു: റമളാൻ മാസം പതിനെട്ട് കഴിഞ്ഞപ്പോൾ ഇസാ(അ)ന് അല്ലാഹു ﷻ ഇഞ്ചീൽ എന്ന വേദഗ്രന്ഥം ഇറക്കിക്കൊടുത്തു. മൂസാ(അ)ന് തൗറാത്ത് ഇറക്കിയതും, ദാവൂദ് നബി(അ)ന് സബൂർ ഇറക്കിയതും, മുഹമ്മദ് നബി ﷺ തങ്ങൾക്ക് ഖുർആൻ ഇറക്കിയതും വിശുദ്ധ റമളാൻ മാസത്തിലാകുന്നു. ദാവൂദ് (അ) ന് സബൂർ ഇറങ്ങി ആയിരത്തി അമ്പത് കൊല്ലം കഴിഞ്ഞാണ് ഇഞ്ചീൽ ഇറങ്ങിയത്.

ഇബ്നുജരീർ തന്റെ ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇഞ്ചീൽ ഇറങ്ങുമ്പോൾ ഈസാ(അ)ന് മുപ്പത് വയസ്സ് പ്രായമായിരുന്നു. ആകാശത്തേക്ക് ഉയർത്തപ്പെടുമ്പോൾ മുപ്പത്തിമൂന്ന് വയസ്സും.

അല്ലാഹു ﷻ ഈസാ നബി(അ)നോട് ഇങ്ങനെ കൽപ്പിച്ചു: "ഓ.. ഈസാ.... ഈ വേദഗ്രന്ഥം ശക്തിയോടെ മുറുകെപ്പിടിക്കുക. ഈ ജനതക്ക് ഇഞ്ചീൽ വായിച്ചുകൊടുക്കുക. വിശദീകരിച്ചു പറഞ്ഞുകൊടുക്കുക."

ഈസാ(അ) ഇഞ്ചീൽ എന്ന വേദഗ്രന്ഥവുമായി രംഗത്തേക്ക് വന്നു. ഇഞ്ചീൽ പാരായണം ചെയ്തു. അത് വ്യാഖ്യാനിക്കാൻ തുടങ്ങി. സത്യവിശ്വാസം കൈക്കൊള്ളാൻ ജനങ്ങളോടാവശ്യപ്പെട്ടു.

"ഹേ...ജനങ്ങളേ..! അല്ലാഹു ﷻ ഏകനാകുന്നു. അവനല്ലാതെ ഒരു രക്ഷിതാവില്ല. അവനെ മാത്രം നിങ്ങൾ ആരാധിക്കുക. ഞാൻ അല്ലാഹുﷻവിന്റെ റസൂലാകുന്നു. ഇത് അല്ലാഹു ﷻ എനിക്ക് ഇറക്കിത്തന്ന വേദഗ്രന്ഥം. ഇഞ്ചീൽ. ജനങ്ങളെ നിങ്ങൾ സാക്ഷ്യം വഹിക്കുവിൻ. അല്ലാഹു ﷻ ഏകനാണെന്ന് സാക്ഷ്യം വഹിക്കുവിൻ. ഈസാബ്നു മർയം അല്ലാഹുﷻവിന്റെ അടിയനും പ്രവാചകനുമാണെന്ന് നിങ്ങൾ സാക്ഷ്യം വഹിക്കുവിൻ. ഇഞ്ചീൽ അല്ലാഹുﷻവിന്റെ വേദഗ്രന്ഥമാണെന്നതിന് നിങ്ങൾ സാക്ഷികളാകുവിൻ."

ഈസാ(അ) പ്രതീക്ഷയോടെ ആൾക്കൂട്ടത്തെ നോക്കി. സക്ഷികളാവാൻ ആരും മുമ്പോട്ടു വരുന്നില്ല. പലരും സംശയിച്ചു നിൽക്കുന്നു. ധിക്കാരികൾ കോപത്തോടെ പല്ല് ഞെരിക്കുന്നു. അന്തരീക്ഷത്തിൽ വല്ലാത്ത പിരിമുറുക്കം. സംഘർഷത്തിന്റെ മേഘങ്ങൾ അടിഞ്ഞുകൂടുകയാണ്. അപ്പോൾ അത്യധികം സുമുഖനായൊരു ചെറുപ്പക്കാരൻ. ധീരമായി മുമ്പോട്ടു വന്നു. എന്നിട്ടുറക്കെ പ്രഖ്യാപിച്ചു.

"അല്ലാഹു ﷻ ഏകനാണെന്നും ഈസ ബ്നു മർയം അല്ലാഹുﷻവിന്റെ ദൂതനാണെന്നും, ഇഞ്ചീൽ അല്ലാഹുﷻവിന്റെ വേദഗ്രന്ഥമാണെന്നും ഞാനിതാ സാക്ഷ്യം വഹിച്ചുകൊള്ളുന്നു."


ആൾക്കൂട്ടം ആ ചെറുപ്പക്കാരനെ കാണാൻ തല ഉയർത്തി നോക്കി ആരാണാ ധീരൻ..? അത് സകരിയ്യാ നബി(അ) ന്റെ മകൻ യഹ് യ(അ) ആയിരുന്നു.

ധിക്കാരികളുടെ കോപം വർദ്ധിച്ചു. ഈസയെയും യഹ് യയെയും വെറുതെവിടില്ല. അവർ പരസ്യമായി പ്രഖ്യാപിച്ചു. ജനങ്ങളെ പ്രവാചകന്മാർക്കെതിരെ തിരിച്ചുവിടാൻ അവർ പല അടവുകൾ പ്രയോഗിച്ചു. കള്ളക്കഥകൾ പലതും പടച്ചുണ്ടാക്കി. പൊടിപ്പും തൊങ്ങലും വെച്ചു നാട്ടിലാകെ പറഞ്ഞു പരത്തി. നാടാകെ ഇളകി മറിഞ്ഞു. എതിർപ്പുകൾ, പരിഹാസം, വെല്ലുവിളികൾ അതെല്ലാം അവഗണിച്ചുകൊണ്ട് പ്രവാചകന്മാർ മതപ്രചരണം നടത്തിക്കൊണ്ടിരുന്നു...

ഈസയും യഹ് യയും. അവർ അടുത്ത ബന്ധുക്കൾ. ഇശാഅ്, ഹന്നത്ത് അവർ സഹോദരിമാർ. ഇശാഇന്റെ മകൻ യഹ് യാ(അ). ഹന്നായുടെ മകൾ മർയം(റ). അവരുടെ മകൻ ഈസാ(അ). ഇതാണ് അവർ തമ്മിലുള്ള കുടുംബബന്ധം. അല്ലാഹുﷻവിന്റെ പ്രവാചകന്മാർ എന്ന നിലക്കുള്ള ബന്ധം വളരെ ശക്തമാണ്.

അവർ ഒന്നിച്ചു സഞ്ചരിക്കും. അല്ലാഹുﷻവിന്റെ പ്രീതി മാത്രമാണവരുടെ ലക്ഷ്യം. ഭൂമിയാണവരുടെ വിരിപ്പ്. ആകാശം അവരുടെ മേൽപ്പുര. ഈസാ(അ) കമ്പിളി വസ്ത്രം ധരിക്കും.

യഹ് യ(അ) പരുക്കൻ വസ്ത്രം ധരിക്കും. തീരെ മിനുസമില്ലാത്ത രോമം കൊണ്ടുള്ള വസ്ത്രം.

രണ്ടാളുടെ കൈയിലും ദീനാറോ ദിർഹമോ കാണില്ല. അവരുടെ കൈവശം അടിമകളോ വേലക്കാരികളോ ഇല്ല. അന്തിയുറങ്ങാൻ ഒരിടമില്ല. രാത്രിയാവുമ്പോൾ അവർ എവിടെയാണോ എത്തിയത് അവിടെ കിടന്നുറങ്ങും.

മിക്കപ്പോഴും യഹ് യാ(അ)ന്റെ ഭക്ഷണം മരങ്ങളുടെ ഇലയായിരിക്കും. അല്ലാഹുﷻവിന്റെ വനം. വനത്തിലെ മരം. അതിന്റെ ഇല അല്ലാഹുﷻവിന്റെ വകയാണ്. അല്ലാഹുﷻവിന്റെ അടിയന് അത് ഹലാലാണ്. അനുവദനീയം. അതുകൊണ്ട് ഇല തിന്നുന്നു...

ആരെങ്കിലും ആഹാരം നൽകിയാൽ അത് കഴിക്കാൻ ഭയമാണ്. ഭക്ഷണം ഹലാലാണോ? ഹറാമാണോ? ആ ഭയം കാരണം പലപ്പോഴും ഭക്ഷണം ഉപേക്ഷിക്കും.

പിതാവ് സകരിയ്യ (അ) അല്ലാഹുﷻവിന്റെ പ്രവാചകനാണ്. ജനങ്ങളെ ഉപദേശിക്കും. ഉപദേശം കേൾക്കാൻ വന്നുകൂടുന്നവർക്കിടയിൽ യഹ് യ (അ) പോയിരിക്കും.

ഒരിക്കൽ പിതാവ് ഇങ്ങനെ ഉപദേശിച്ചു: "അല്ലാഹു ﷻ സ്വർഗ്ഗവും നരകവും സൃഷ്ടിച്ചു. അല്ലാഹുﷻവിന്റെ സജ്ജനങ്ങൾക്കാണ് സ്വർഗ്ഗം. പാപികൾക്കാണ് നരകം. നരകശിക്ഷയെ ഭയപ്പെട്ടുകൊള്ളുക. എങ്ങനെ നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടാം? ജനങ്ങളെ... ചെയ്തുപോയ പാപങ്ങളെക്കുറിച്ചോർത്തു കരയുക. കരഞ്ഞു പ്രാർത്ഥിക്കുക. കരഞ്ഞു പശ്ചാത്തപിക്കുക. കണ്ണീര് കൊണ്ടല്ലാതെ രക്ഷയില്ലെന്ന് മനസ്സിലാക്കിക്കൊള്ളുക."

യഹ് യ(അ) അത് കേട്ടു തേങ്ങിത്തേങ്ങിക്കരഞ്ഞു. പിന്നെ കരച്ചിലിന് ശമനമില്ല.

പിതാവിന്റെ ഉപദേശം മറക്കാനാവുന്നില്ല. കണ്ണീർകണങ്ങൾ നിയന്ത്രിക്കാനാവുന്നില്ല. കവിളുകളിൽ കണ്ണീർചാലുകൾ. അവ അടയാളം സൃഷ്ടിച്ചു. മനോഹരമായ കവിളുകളിൽ കണ്ണീരൊഴുകിയ ചാലുകൾ കാണാമായിരുന്നു...


അഞ്ച് വചനങ്ങൾ

ഈസാ(അ) യഹ്‌യാ (അ) കൂടെ നടക്കുകയാണ്. അവരുടെ സംഭാഷണത്തിലൂടെ ഒഴുകിവരുന്നത് വിജ്ഞാനത്തിന്റെ വിലപ്പെട്ട മുത്തുകളാണ്. സംഭാഷണത്തിനിടയിൽ ഈസാ(അ) ചോദിച്ചു..

"അഞ്ച് വചനങ്ങൾ അറിയിക്കാൻ അല്ലാഹു ﷻ താങ്കളോട് കൽപ്പിച്ചിട്ടുണ്ടല്ലോ? താങ്കളത് നിർവ്വഹിച്ചോ..?"

യഹ്‌യ (അ) അതിന്നൊരുങ്ങുകയായിരുന്നു. പറയാൻ പറ്റിയ സന്ദർഭം കിട്ടണമല്ലോ? അതിനുവേണ്ടി അൽപം കാത്തിരുന്നതാണ്. അല്ലാഹുﷻവിന്റെ അഞ്ച് വചനങ്ങൾ  അത് വളരെ ഗൗരവത്തോടെ ജനങ്ങളെ അറിയിക്കണം. അതനുസരിച്ച് പ്രവർത്തിക്കാൻ ജനങ്ങളോടാവശ്യപ്പെടണം. ആലോചിച്ചുനിൽക്കുന്നതിനിടയിൽ ഈസാ(അ)ന്റെ അടുത്ത ചോദ്യം വന്നു.

"അല്ലാഹുﷻവിന്റെ അഞ്ച് കലിമത്തുകൾ താങ്കൾ ജനങ്ങളെ അറിയിക്കുന്നോ? അതോ ഞാൻ അറിയിക്കണോ..?"

യഹ്‌യ (അ) ഇങ്ങനെ മറുപടി നൽകി : "ഇക്കാര്യത്തിൽ താങ്കളെന്നെ മുൻകടന്നുകളയുമെന്ന് ഞാൻ ഭയപ്പെടുന്നു. എങ്കിൽ എന്റെ കാര്യം നഷ്ടം തന്നെ. ഞാൻ തന്നെ അറിയിക്കാം. അല്ലാഹു ﷻ തുണക്കട്ടെ..!"

യഹ്‌യ (അ) ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു എന്നിട്ട് വിളിച്ചു പറഞ്ഞു: "ജനങ്ങളെ..! എല്ലാവരും ബൈത്തുൽ മുഖദ്ദസിലേക്ക് വരിക. ചില ഗൗരവമുള്ള കാര്യങ്ങൾ നിങ്ങളെ അറിയിക്കാനുണ്ട്. എല്ലാവരും ബൈത്തുൽ മുഖദ്ദസിൽ സമ്മേളിക്കുക."

ആളുകൾ കൂട്ടത്തോടെ വരാൻ തുടങ്ങി. പള്ളി തിങ്ങി നിറഞ്ഞു. വമ്പിച്ച സദസ്സിനു മുമ്പിൽ യഹ്‌യ (അ) വന്നുനിന്നു. അദ്ദേഹം സംസാരം തുടങ്ങി. "അല്ലാഹു ﷻ അഞ്ച് കാര്യങ്ങൾ നിങ്ങളോട് കൽപ്പിക്കുന്നു. നിങ്ങൾ അതനുസരിച്ച് കർമങ്ങൾ നിർവഹിക്കണം."

ജനങ്ങൾ അഞ്ച് കാര്യങ്ങൾ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരുന്നു. യഹ്‌യ (അ) തുടർന്നു...

"ഒന്നാമത്തെ കാര്യം നിങ്ങൾ അല്ലാഹുﷻവിനെ മാത്രം ആരാധിക്കണം. അതിൽ ആരെയും പങ്ക് ചേർക്കരുത്. അത് ശിർക്കാണ്. ശിർക്ക് മഹാപാപമാകുന്നു. അല്ലാഹു ﷻ നിങ്ങളെ സൃഷ്ടിച്ചു. നിങ്ങൾക്ക് വായുവും വെള്ളവും നൽകി. കണക്കില്ലാത്ത അനുഗ്രഹങ്ങൾ നൽകി. നിങ്ങൾ അവന്ന് നന്ദി ചെയ്യണം.

ശിർക്കെന്ന് പറഞ്ഞാലെന്താണ്..? അനുഗ്രഹങ്ങൾ അല്ലാഹുﷻവിൽ നിന്ന് സ്വീകരിക്കുക നന്ദി  മറ്റാർക്കെങ്കിലും നൽകുക അതെങ്ങനെ ശരിയാവും..?

ഞാനൊരു ഉദാഹരണം പറയാം. നിങ്ങൾ നിങ്ങളുടെ സ്വന്തം പണം നൽകി ഒരടിമയെ വാങ്ങി. ആ അടിമയുടെ ജോലിയുടെ കൂലി മറ്റൊരാൾ കൊണ്ടുപോയാൽ നിങ്ങൾ സഹിക്കുമോ..? അങ്ങനത്തെ ഒരടിമയുണ്ടാവാൻ നിങ്ങളാരെങ്കിലും ആഗ്രഹിക്കുമോ..?

സദസ്സിന് നന്നായി മനസ്സിലാകും വിധം ഏക ദൈവ വിശ്വാസം (തൗഹീദ്) പഠിപ്പിച്ചു. ബഹുദൈവ  വിശ്വാസം (ശിർക്ക്) അതോടൊപ്പം തന്നെ പഠിപ്പിച്ചു. ഏറ്റവും ലളിതമായ ഒരു ഉദാഹരണത്തിലൂടെ ആളുകൾക്ക് കാര്യം ബോധ്യപ്പെട്ടു.

യഹ്‌യ (അ) ഇങ്ങനെ തുടർന്നു. ഇനി രണ്ടാമത്തെ കാര്യം പറയാം. നിങ്ങൾ നിസ്കാരം കൃത്യമായി നിർവ്വഹിക്കണം. നിങ്ങൾ നിസ്കാരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവൻ നിങ്ങൾക്ക് നേരെയാണ് നോക്കുന്നത്. നിങ്ങളുടെ മനസ്സ് അവന് നേരെയായിരിക്കണം. മനസ്സ് മറ്റൊന്നിലേക്കും തിരിഞ്ഞുപോവരുത്. നിങ്ങളുടെ മനസ്സ് അവന് നേർക്കുനേരെ ആയിരിക്കുമ്പോഴെല്ലാം അവന്റെ നോട്ടം നിങ്ങൾക്കു നേരെ ആയിരിക്കും. അവന്റെ നോട്ടം എങ്ങോട്ടും തെറ്റിപ്പോവുകയില്ല. നിസ്കാരത്തിൽ പൂർണ്ണമായ മനസ്സാന്നിധ്യം വേണം.

മൂന്നാമത്തെ കാര്യം വ്രതം അനുഷ്ഠിക്കലാകുന്നു. നോമ്പെടുക്കുന്നവന്റെ ഉദാഹരണം കസ്തൂരിയുമായി പോകുന്നവന്റെ ഉദാഹരണമാകുന്നു. കസ്തൂരി വെച്ച സഞ്ചിയുടെ എല്ലാ ഭാഗത്തും സുഗന്ധം കാണും. നോമ്പുകാരന്റെ വായയുടെ സുഗന്ധം അല്ലാഹുﷻവിന്റെയടുക്കൽ കസ്തൂരിയെക്കാൾ നല്ല സുഗന്ധമാവുന്നു.

നാലാമത്തെ കാര്യം സ്വദഖ (സകാത്ത്) ആകുന്നു.

അഞ്ചാമത്തെ കാര്യം അല്ലാഹുﷻവിന് വേണ്ടി ധാരാളം ദിക്റ് ചൊല്ലുക എന്നതാകുന്നു.

ദിക്റിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഞാനൊരു ഉദാഹരണം പറയാം. ഒരു മനുഷ്യനെ അയാളുടെ ശത്രുക്കൾ പിന്തുടരുന്നു. അവരുടെ പിടിയിൽ പെടാതിരിക്കാൻ കഴിയാവുന്നത്ര വേഗതയിൽ ഓടുന്നു. പിടികിട്ടി കിട്ടിയില്ല എന്ന മട്ടിലാണ് ഓട്ടം. അപ്പോൾ ശക്തമായ ഒരു കോട്ട കണ്ടു. അയാൾ ആ കോട്ടയിൽ അഭയം തേടി ഇനി പേടിക്കാനില്ല.

നാമെല്ലാം അഭയം തേടിയുള്ള ഈ ഓട്ടത്തിലാണ്. ആരാണ് നമ്മെ ഓടിക്കുന്ന ശത്രു. ശപിക്കപ്പെട്ട ഇബ്ലീസ്. നാം പിടികൊടുക്കാതെ ഓടുകയാണ്. നമുക്ക് ഒരു കോട്ടയിൽ അഭയം തേടണം. ഏതാണ് ആ കോട്ട..?

നാം ചൊല്ലിയ ദിക്റുകൾ. അതുകൊണ്ട് ധാരാളം ദിക്റുകൾ ചൊല്ലുക. അത് നിങ്ങളെ രക്ഷിക്കുന്ന കോട്ടയാണെന്ന് മനസ്സിലാക്കുക. യഹ്‌യ (അ)ന്റെ വിശദീകരണം പലരുടെയും മനസ്സിന്റെ അടിത്തട്ടിലേക്ക് കടന്നുചെന്നു ചലനങ്ങൾ സൃഷ്ടിച്ചു.

പ്രസംഗം കേട്ട് പുറത്തിറങ്ങിയവരിൽ ഒരു വിഭാഗം വിമർശനം തുടങ്ങി. അത് വരെ ഭക്തിയോടെയിരുന്ന പലരും അവരുടെ വലയിൽ കുടുങ്ങി.

ഒരിക്കൽ യഹ്‌യ (അ) നെ കാണാതായി. പലപ്പോഴും ജനങ്ങളിൽ നിന്നകന്ന് പോവാറുണ്ട്. മരുഭൂമിയിൽ ഒറ്റക്കിരുന്ന് കരഞ്ഞുപ്രാർത്ഥിക്കും. പിന്നെ തിരിച്ചു വരും. മാതാപിതാക്കൾ മകനെ തേടിപ്പോകും അന്വേഷിച്ചു കണ്ടെത്തും അതാണ് പതിവ്.

ഇത്തവണയും സകരിയ്യ (അ) അന്വേഷിച്ചു നടന്നു. മൂന്നു ദിവസം അന്വേഷിച്ചു. മരുഭൂമിയിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ചു. ഒരു ഖബർ കണ്ടു. ഖബറിൽ ഇറങ്ങി നിന്ന് ഒരാൾ കരയുന്നു. എന്തൊരു കരച്ചിൽ.

"മോനേ..." സകരിയ്യ (അ) നീട്ടിവിളിച്ചു.

"എന്താണ് മോനേ ഇത്? മൂന്നു ദിവസമായി ഞാൻ മോനെ അന്വേഷിച്ചു നടക്കുകയാണ് എന്തൊരു കരച്ചിലാണിത്..?"

"ഉപ്പ... ഉപ്പ പറഞ്ഞിട്ടില്ലേ? കണ്ണീര് കൊണ്ടല്ലാതെ പാപങ്ങൾ പൊറുക്കപ്പെടുകയില്ല നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാവില്ല എന്നൊക്കെ."

"മോനേ...കരഞ്ഞോളൂ ഉപ്പ പറഞ്ഞത് ശരിയാണ്."

താൻ തന്നെ കുഴിച്ച ഖബറിൽ ഇറങ്ങിനിന്ന് കരഞ്ഞുപ്രാർത്ഥിക്കുന്ന മകനെ കണ്ടപ്പോൾ പിതാവും കരഞ്ഞുപോയി.

അല്ലാഹുﷻവിനോടുള്ള സ്നേഹം അതാണ് വിശുദ്ധമായ മഹബ്ബത്ത്. അല്ലാഹുﷻവിനോട് മഹബ്ബത്ത് വന്നവർക്ക് ഉറങ്ങാൻ കഴിയില്ല. അല്ലാഹുﷻവിന്റെ തൃപ്തിക്കും സാമീപ്യത്തിനും വേണ്ടി അവർ പ്രവർത്തിച്ചു. കൊണ്ടിരിക്കും പ്രതീക്ഷിച്ചുകൊണ്ടിരിക്കും. ഉറങ്ങി സമയം കളയില്ല...

അല്ലാഹുﷻവിനോടുള്ള മഹബ്ബത്ത് കൊണ്ട് മനസ്സ് നിറഞ്ഞവരായിരുന്നു സകരിയ്യ (അ), യഹ്‌യ (അ), ഈസാ (അ), മർയം (റ) എന്നിവർ ഇശാഅ്, ഇംറാൻ, ഹന്നത്ത് എന്നിവരും...


അല്ലാഹുﷻവിന്റെ തന്ത്രം

അല്ലാഹുﷻവിൽ നിന്ന് വളരെയേറെ അനുഗ്രഹങ്ങൾ ലഭിച്ച പ്രവാചകനാണ് ഈസാ(അ). അല്ലാഹുﷻവിന്റെ യഥാർത്ഥ പ്രവാചകനാണെന്ന് അദ്ദേഹം ജനങ്ങളോട് പ്രഖ്യാപിച്ചപ്പോൾ അവർ അതിനുള്ള തെളിവുകൾ അന്വേഷിച്ചു. അമാനുഷിക കർമ്മങ്ങൾ കാണാൻ അവർക്ക് ധൃതിയായി.

കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി എന്നിട്ടതിന് ജീവൻ നൽകി. അത് കണ്ടപ്പോൾ യഹൂദന്മാർ പറഞ്ഞു. വല്ലാത്ത ജാലവിദ്യ തന്നെ.

അന്ധനായി ജനിച്ചവരെയും വെള്ളപ്പാണ്ടുകാരെയും സുഖപ്പെടുത്തി. അപ്പോൾ യഹൂദന്മാർ പറഞ്ഞു: "ഇത് വൈദ്യശാസ്ത്രം പഠിച്ച ആർക്കും ചെയ്യാവുന്നതാണ്."

മരിച്ചവരെ ജീവിപ്പിച്ചു. "ഇത് വലിയ മാരണം തന്നെയാണെന്നവർ പറഞ്ഞു."

നിങ്ങൾ ഭക്ഷിച്ചതെന്താണെന്നും വീട്ടിൽ നിങ്ങളെ കാത്തിരിക്കുന്ന ഭക്ഷണം എന്താണെന്നും ഞാൻ പറയാം. അതും മാരണമാണെന്ന് പറഞ്ഞൊഴിഞ്ഞു. എന്തൊക്കെ കാണിച്ചിട്ടും ദുഷ്ട മനസ്സുള്ളവർ വിശ്വസിച്ചില്ല.

അല്ലാഹു ﷻ ഈസാ(അ)ന് തത്വജ്ഞാനം നൽകി. തൗറാത്തും ഇഞ്ചീലും പഠിപ്പിച്ചു. അതെല്ലാം പഠിച്ച് വളരെ പണ്ഡിതോചിതമായി സംസാരിച്ചു. എന്നിട്ടും ഫലമില്ല.

വിശുദ്ധ ഖുർആൻ പറയുന്നു: "ജിബ്രീൽ (അ) മർയം (റ) വിനോട് പറയുന്നു, അദ്ദേഹത്തിന് അല്ലാഹു ﷻ എഴുത്തും തത്വജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിച്ചുകൊടുക്കുകയും ഇസ്രാഈല്യരിലേക്കുള്ള ഒരു ദൂതനായി അദ്ദേഹത്തെ അയക്കുകയും ചെയ്തു. (അവരോട് അദ്ദേഹം ഇങ്ങനെ പറയും) നിങ്ങളുടെ അടുക്കൽ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവും കൊണ്ട് തന്നെയാണ് ഞാൻ വന്നിട്ടുള്ളത്. നിശ്ചയമായും പക്ഷിയുടെ ആകൃതിപോലുള്ള ഒന്ന് കളിമണ്ണ് കൊണ്ട് ഞാൻ നിങ്ങൾക്കുവേണ്ടി നിർമ്മിക്കുകയും എന്നിട്ട് അതിൽ ഊതുകയും ചെയ്യും. അപ്പോൾ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരുന്നതാണ്." (3:48, 49)

"ഞാൻ അന്ധനായി ജീവിച്ചവനെയും വെള്ളപ്പാണ്ടുക്കാരനെയും സുഖപ്പെടുത്തുകയും, മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും. അല്ലാഹുവിന്റെ അനുമതിയോടു കൂടി. നിങ്ങൾ ഭക്ഷിക്കുന്നതും വീടുകളിൽ സൂക്ഷിക്കുന്നതും നിങ്ങൾക്കു ഞാൻ പറഞ്ഞു തരാം. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ, നിങ്ങൾക്കിതിൽ വലിയ ദൃഷ്ടാന്തമുണ്ട്." (3:49)

ഈസാനബി(അ) ജനിക്കുന്നതിന് മുമ്പ് ജിബ്രീൽ (അ) മർയം ബീവി (റ)യെ അറിയിച്ച വിവരങ്ങളാണിതെല്ലാം. അവയെല്ലാം അതുപോലെ സംഭവിച്ചു.

ഈസാ(അ) യഹൂദരോട് പറഞ്ഞു: "നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതുകൊണ്ട് അവനെ നിങ്ങൾ ആരാധിക്കുക. ഇതാണ് നേരായ മാർഗ്ഗം." (3:51)

വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്തിട്ടും വളരെ കുറഞ്ഞ ആളുകൾ മാത്രമേ ഈസാ(അ)നെ നബിയായി അംഗീകരിച്ചുള്ളൂ. ശക്തമായ ഭൂരിപക്ഷം ഈസാ നബിയെ ദൗത്യത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്.

പരമാവധി ശ്രമിച്ചു. ജനങ്ങളിൽ നിന്ന് സത്യനിഷേധം മാത്രം പ്രകടമായി. ആ സന്ദർഭത്തിൽ ഈസാ നബി (അ)ന്റെ നിരാശയും പ്രയാസവും എത്രയായിരിക്കും..?

മഹാനായ പ്രവാചകൻ ആ അവസരത്തിൽ ഒരു ചോദ്യം ചോദിക്കുന്നു. വല്ലാത്തൊരു ചോദ്യമാണത്...


വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്തിട്ടും വളരെ കുറഞ്ഞ ആളുകൾ മാത്രമേ ഈസാ(അ)നെ നബിയായി അംഗീകരിച്ചുള്ളൂ. ശക്തമായ ഭൂരിപക്ഷം ഈസാ നബിയെ ദൗത്യത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്.

പരമാവധി ശ്രമിച്ചു. ജനങ്ങളിൽ നിന്ന് സത്യനിഷേധം മാത്രം പ്രകടമായി. ആ സന്ദർഭത്തിൽ ഈസാ നബി (അ)ന്റെ നിരാശയും പ്രയാസവും എത്രയായിരിക്കും..?

മഹാനായ പ്രവാചകൻ ആ അവസരത്തിൽ ഒരു ചോദ്യം ചോദിക്കുന്നു. വല്ലാത്തൊരു ചോദ്യമാണത്.

"അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന കാര്യത്തിൽ എന്നെ സഹായിക്കാനാരുണ്ട്..?"

പന്ത്രണ്ട് പേർ മുമ്പോട്ടു വന്നു. അവർ പറഞ്ഞു: "താങ്കളെ സഹായിക്കാൻ ഞങ്ങളുണ്ട്.

ഇവർ സഹായികൾ എന്ന് അർത്ഥമുള്ള ഹവാരികൾ എന്ന പേരിൽ അറിയപ്പെടുന്നു...

വിശുദ്ധ ഖുർആൻ ആ രംഗം ഇങ്ങനെ അവതരിപ്പിക്കുന്നു: "അവരിൽനിന്ന് സത്യനിഷേധം ബോധ്യമായപ്പോൾ ഈസാ(അ) ചോദിച്ചു: അല്ലാഹുവിങ്കലേക്ക് (ക്ഷണിക്കുന്നതിൽ) എന്നെ സഹായിക്കാൻ ആരുണ്ട്..?

അപ്പോൾ ഹവാരികൾ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാകുന്നു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ അല്ലാഹുവിനെ പൂർണമായും  അനുസരിച്ചവരാണെന്ന് താങ്കൾ സാക്ഷ്യം വഹിച്ചാലും." (3:52)

ശത്രുക്കൾ ശക്തന്മാരാണ് അവർ തങ്ങളെ വെറുതെ വിടില്ല. തങ്ങളെ കുരിശിൽ തറച്ചു കൊല്ലാൻ പോലും അവർ മടിക്കില്ല. അതെല്ലാം നന്നായി മനസ്സിലാക്കിക്കൊണ്ട് ഹവാരികൾ അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുന്നു. വികാരഭരിതമായ പ്രാർത്ഥന വിശുദ്ധ ഖുർആനിൽ കാണാം.

"ഞങ്ങളുടെ രക്ഷിതാവേ..! ഞങ്ങൾ നീ അവതരിപ്പിച്ചതിൽ വിശ്വസിക്കുകയും നിന്റെ ദൂതനെ പിൻപറ്റുകയും ചെയ്തിരിക്കുന്നു. അതിനാൽ സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിൽ നീ ഞങ്ങളേയും രേഖപ്പെടുത്തേണമേ." (3:53)

ഇത്രയുമായപ്പോൾ യഹൂദന്മാർ ഗൂഢാലോചന നടത്തി. ആ ഗൂഢാലോചന ഈസാ(അ)നെ പിടികൂടാനും കുരിശിൽ തറച്ചുകൊല്ലാനുമായിരുന്നു. അല്ലാഹു ﷻ ആ ഗൂഢാലോചന പരാജയപ്പെടുത്താൻ ഗൂഢതന്ത്രം പ്രയോഗിച്ചു. ഈസാ നബി (അ)നെ ആകാശത്തിലേക്കുയർത്തുക എന്ന തന്ത്രം.

വിശുദ്ധ ഖുർആൻ പറയുന്നു: "അവർ ചില ഗൂഢതന്ത്രങ്ങൾ പ്രയോഗിച്ചു. അല്ലാഹുവും ചില ഗൂഢതന്ത്രങ്ങൾ പ്രയോഗിച്ചു. അല്ലാഹു തന്ത്രം പ്രയോഗിക്കുന്നവരിൽ ഉത്തമനാകുന്നു." (3:54)

അല്ലാഹു ﷻ പറഞ്ഞ സന്ദർഭം ഓർക്കുക: "ഓ.. ഈസാ... നിശ്ചയമായും നിന്നെ നാം പിടിക്കുകയും എന്റെ അടുക്കലേക്ക് ഉയർത്തുകയും സത്യനിഷേധികളിൽ നിന്ന് ശുദ്ധീകരിക്കുകയും  ചെയ്യുന്നതാണ്. നിന്നെ പിൻപറ്റിയവരെ നിഷേധിച്ചവരെക്കാൾ ലോകവസാനം വരെ ഞാൻ മേലെയാക്കുകയും ചെയ്യുന്നതാണ്. പിന്നീട് നിങ്ങളുടെ മടക്കം എന്റെയടുക്കലേക്ക് തന്നെയാണ്. അപ്പോൾ പരസ്പരം ഭിന്നിച്ച വിഷയത്തിൽ നിങ്ങൾക്കിടയിൽ ഞാൻ തീർപ്പ് കൽപ്പിക്കുന്നതാണ്." (3:55)

എല്ലാറ്റിനും സാക്ഷികളായി രണ്ട് പ്രവാചകന്മാർ അവിടെയുണ്ട്.

സകരിയ്യ (അ) യഹ്‌യ (അ). യഹൂദികളുടെ കണ്ണിൽ പെടാതെ കഴിയുകയായിരുന്നു ഈസാ(അ). അദ്ദേഹത്തെ പിടിച്ചുകൊടുക്കാമെന്ന് വാക്ക് പറഞ്ഞു ഒരാൾ കൈക്കൂലി വാങ്ങിയിരുന്നു.

പിടികിട്ടിയില്ല.

ഈസാ(അ)നെ അല്ലാഹു ﷻ ആകാശത്തേക്ക് ഉയർത്തി. രൂപസാദൃശ്യമുള്ള ഒരാളെ യഹൂദികൾ കുരിശിൽ തറച്ചു കൊന്നു. യഹൂദികൾ നാട്ടിലാകെ അഹങ്കാരത്തോടെ പറഞ്ഞു നടന്നു: ഞങ്ങൾ ഈസായെ കുരിശിൽ തറച്ചുകൊന്നു. അടുത്ത ഊഴം സകരിയ്യായും യഹ്‌യായുമാകുന്നു...

ശത്രുക്കൾ കൂടുതൽ പരാക്രമം കാണിക്കാൻ തുടങ്ങി. സകരിയ്യ (അ) മലമുകളിൽ കയറി താമസിച്ചു. ശത്രുക്കളുടെ കണ്ണിൽ പെടാതെ കഴിഞ്ഞുകൂടി. ആരാധനകൾ നിർവ്വഹിക്കാനും മറ്റും വളരെ ബുദ്ധിമുട്ടിലായി...



പ്രവാചകന്മാർ രക്തസാക്ഷികളായി

മുഹമ്മദ് നബി ﷺ തങ്ങൾ മിഅ്റാജിന്റെ രാത്രിയിൽ ആകാശങ്ങൾ കടന്നുപോയി. പല പ്രവാചകന്മാരെ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു.

സകരിയ്യ (അ)നെ കണ്ടുമുട്ടി സംഭാഷണം നടത്തി: "അൽ ബിദായത്തു വന്നിഹായ" എന്ന ഗ്രന്ഥത്തിൽ ആ സംഭാഷണത്തിന്റെ ഭാഗം കൊടുത്തിട്ടുണ്ട്.

യഹ്‌യ (അ)ന്റെ വധത്തെക്കുറിച്ച് സകരിയ്യ (അ) വിവരിക്കുകയാണ്. യഹ്‌യ അതിസുന്ദരനായ യുവാവായിരുന്നു. മുഖത്തിന്റെ ഭംഗി അവർണ്ണനീയം തന്നെ. അല്ലാഹുﷻവിനെ ഭയന്നു ജീവിച്ചു.

ഇസ്രാഈല്യരുടെ രാജാവിന് ഒരു ഭാര്യയുണ്ടായിരുന്നു. പരപുരുഷ ബന്ധമുള്ള ഒരു വൃത്തിക്കെട്ട സ്ത്രീ യഹ്‌യയുമായി ബന്ധപ്പെടണമെന്ന് അവൾ ആഗ്രഹിച്ചു. ക്ഷണിച്ചു.

ഒരു തെറ്റും ചെയ്യാത്ത യഹ്‌യ. തെറ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത യുവാവ്. അവളെ അവഗണിച്ചു. അവൾക്കത് സഹിക്കാനായില്ല. അവളുടെ മനസ്സിൽ പ്രതികാരത്തിന്റെ അഗ്നി ജ്വലിച്ചു. യഹ്‌യയുടെ രക്തത്തിന് വേണ്ടി അവൾ ദാഹിച്ചു...

കൊല്ലത്തിലൊരിക്കൽ അവർക്കൊരു ഉത്സവമുണ്ട്. അന്ന് രാജാവ് എഴുന്നള്ളും. ജനങ്ങളെല്ലാം വന്നുചേരും. ഉത്സവ ദിവസമായി...

രാജ്ഞി വളരെ ഉത്സാഹത്തോടെ വന്നു. രാജാവിനെ അലങ്കാര വസ്ത്രങ്ങൾ ധരിപ്പിച്ചു. നന്നായി ഒരുക്കി. രാജ്ഞിയുടെ പ്രത്യേക താൽപര്യവും സ്നേഹ പ്രകടനവുമൊക്കെ കണ്ടപ്പോൾ രാജാവിന് എന്തെന്നില്ലാത്ത സന്തോഷം.

രാജാവ് രാജ്ഞിയോട് പറഞ്ഞു: "എനിക്ക് തൃപ്തിയായി. ഇപ്പോൾ നിനക്കെന്ത് വേണമെങ്കിലും എന്നോട് ചോദിക്കാം. ചോദിച്ചോളൂ... ഞാൻ തരും.  ഇത്തരം സന്ദർഭങ്ങളിൽ മുമ്പ് നീ ചോദിച്ചതൊന്നും ഞാൻ തരാതിരുന്നിട്ടില്ല. ചോദീക്കൂ..."

"ഞാനെന്ത് ചോദിച്ചാലും തരുമോ..?"

"തീർച്ചയായും തരും ചോദിക്കൂ?"

"എനിക്ക് യഹ്‌യയുടെ തല വേണം. രക്തവും വേണം."

രാജാവ് ഞെട്ടിപ്പോയി..!! പാരവശ്യത്തോടെ അദ്ദേഹം പറഞ്ഞു: "അത് പറ്റില്ല; അതല്ലാത്ത മറ്റെന്തും നിനക്ക് ചോദിക്കാം."

"മറ്റൊന്നും എനിക്കാവശ്യമില്ല."

"നീ എന്നെ ബുദ്ധിമുട്ടിലാക്കരുത്. ഇതല്ലാത്ത മറ്റെന്തും ഞാൻ തരാം."

"മറ്റൊന്നും എനിക്ക് ചോദിക്കാനില്ല എനിക്ക് യഹ്‌യായുടെ തലയും രക്തവും വേണം. ശരീരത്തിൽ നിന്ന് തല അറുത്തെടുത്തു കൊണ്ടു വരണം. എന്റെ മുമ്പിൽ കൊണ്ടുവന്നു വെക്കണം."

രാജാവ് സംസാരിക്കാൻ പ്രയാസപ്പെട്ടു. രാജ്ഞി ഗൗരവത്തിൽ പറഞ്ഞു: "അങ്ങ് വാക്ക് പാലാക്കണം."

രാജാവ് പട്ടാളക്കാരെ വിളിച്ചു കൽപ്പന നൽകി. "യഹ്‌യായുടെ തല ഒരു തളികയിൽ വെച്ച് കൊണ്ടുവരിക."

ഇസ്രാഈല്യർക്ക് ഇതിൽ പരം സന്തോഷമുണ്ടോ..? അവർ അമിതമായ ആവേശത്തോടെ ഓടി. ആരാധനാ മന്ദിരം. മിഹ്റാബിൽ യഹ്‌യ (അ) നിസ്കരിക്കുന്നു.  അദ്ദേഹത്തിന്റെ തൊട്ടടുത്ത് നിന്ന് സകരിയ്യ (അ) നിസ്കരിക്കുന്നു. വളരെ കുറഞ്ഞ ആളുകളെ അവിടെയുള്ളൂ...

മൂർച്ചയുള്ള ആയുധങ്ങളുമായി ശത്രുക്കൾ ഓടിക്കയറി വന്നു. അവർ രാജകൽപ്പന നടപ്പിലാക്കി. യഹ്‌യായെ ആഞ്ഞുവെട്ടി.

പുണ്യ പ്രവാചകന്റെ ശരീരം രക്തത്തിൽ കുളിച്ച് മറിഞ്ഞുവീണു. അവർ ശിരസ്സ് മുറിച്ചെടുത്തു തളികയിൽ വെച്ചു. തളികയിൽ രക്തവും നിറച്ചു. അതുമായി കൊട്ടാരത്തിലേക്ക് പോയി...

സകരിയ്യ (അ) നിസ്കാരം പൂർത്തിയാക്കി.  മകൻ കൊല്ലപ്പെട്ടിട്ടും തിരിഞ്ഞുനോക്കിയില്ല. ഒരു പ്രാവാചകന്റെ ക്ഷമ. അതിശയകരമായ ക്ഷമ.

തളിക കൊട്ടാരത്തിലെത്തി. രാജ്ഞി ഉമ്മാദിനിയായി ഓടിയെത്തി. ആവേശത്തോടെ തലയിൽ സ്പർശിച്ചു. അവൾ എടുത്തടിച്ചത് പോലെ വീണു. ക്രൂരമായ മരണം സംഭവിച്ചു. രാജാവും കൊട്ടാരവാസികളും നശിച്ചു. ക്രൂരമായ ശിക്ഷ അവരെ ബാധിച്ചു...

പിറ്റേന്ന് ഇസ്രാഈലികൾ ആർത്തട്ടഹസിച്ചു കൊണ്ടുവന്നു. "സകരിയ്യായുടെ റബ്ബ് സകരിയ്യായോട് കോപിച്ചിരിക്കുന്നു നമുക്കവനെ വകവരുത്താം വരൂ.... എല്ലാവരും ആയുധങ്ങളുമായി വരൂ..."

ഒരു വലിയ കൂട്ടം ആയുധങ്ങളുമായി ഓടിവരുന്നു. അവരുടെ ആരവം സകരിയ്യ (അ) കേട്ടു. തന്നെ വധിക്കാനാണവർ വരുന്നത്. സകരിയ്യ (അ) ഓടി സർശക്തിയുമെടുത്ത് ഓടി. ഒരു വലിയ മരത്തിന്റെ  സമീപത്തെത്തി. ഒന്നു തിരിഞ്ഞു നോക്കി. ആൾക്കൂട്ടം ഇങ്ങെത്താറായി. അവരുടെ മുമ്പിൽ ശപിക്കപ്പെട്ട ഇബ്ലീസ്...

മരം നടുവെ പിളർന്നു..!!

"ഇങ്ങോട്ട് കയറിക്കോളൂ..." മരം പറഞ്ഞു

ചിന്തിച്ചു നിൽക്കാൻ സമയമില്ല. ഇബ്ലീസ് കുതിച്ചുപാഞ്ഞുവരുന്നു. സകരിയ്യ (അ) മരത്തിനകത്തേക്ക് കയറി. കയറുന്നതിനിടയിൽ ഇബ്ലീസ് ഉടുപ്പിൽ പിടിച്ചു. മരം പൂർവ്വസ്ഥിതിയിലായി. സകരിയ്യ നബി (അ) നെ കാണാനില്ല. പക്ഷെ, ഉടുപ്പിന്റെ ഒരു ഭാഗം പുറത്ത് കാണുന്നുണ്ട്. ഇബ്ലീസ് വിളിച്ചു പറഞ്ഞു  സകരിയ്യ ഇതിനകത്തുണ്ട്. ഉടുപ്പിന്റെ അറ്റം കണ്ടില്ലേ..?

"ഒരു വാൾ കൊണ്ടുവരൂ... മരം ഈർന്നു മുറിക്കൂ..."

വാൾ കൊണ്ടു വന്നു. ആളുകൾ ചുറ്റും കൂടി. ആരവം മുഴക്കി. വാൾകൊണ്ട് മരം ഈർന്നുമുറിച്ചു. സകരിയ്യ (അ)ന്റെ ശരീരം പിളർക്കപ്പെട്ടു. രക്തം പരന്നൊഴുകി. പുണ്യ പ്രവാചകൻ രക്തസാക്ഷിയായി...

സകരിയ്യ (അ)ന്റെയും യഹ്‌യ (അ) ന്റെയും വധത്തെക്കുറിച്ച് പല ഗ്രന്ഥകാരന്മാരും വിവരിച്ചിട്ടുണ്ട്. ബൈത്തുൽ മുഖദ്ദസിൽ വെച്ചാണ് യഹ്‌യ (അ) വധിക്കപ്പെട്ടതെന്ന് അഭിപ്രായമുണ്ട്. ജീറൂൻ മസ്ജിദിൽ വെച്ച് വധിക്കപ്പെട്ടു എന്നും അഭിപ്രായമുണ്ട്.

പ്രസിദ്ധമായ ഒരു വചനം ഇങ്ങനെയാകുന്നു. ബൈത്തുൽ മുഖദ്ദസിന് സമീപമുള്ള പാറക്കെട്ടുകളിൽ വെച്ച് എഴുപത് നബിമാർ വധിക്കപ്പെട്ടിട്ടുണ്ട്. യഹ്‌യ (അ) അവരിൽ പെടുന്നു.


ചില റിപ്പോർട്ടുകൾ 

യഹ്‌യാ (അ) ന്റെ വധത്തെക്കുറിച്ച് വന്ന മറ്റൊരു റിപ്പോർട്ട് ഇങ്ങനെയാകുന്നു. ഇവിടെയും വധത്തിന്റെ കാരണക്കാരൻ ഇസ്രാഈല്യരുടെ രാജാവ് തന്നെ. കാരണം മറ്റൊരു വിധത്തിലാണ് പറയപ്പെടുന്നത്.

രാജാവിന്റെ ഭാര്യക്ക് ഭർത്താവിൽ ജനിച്ച സുന്ദരിയായ മകൾ. അവളെ ഭാര്യയാക്കണമെന്ന് രാജാവിന് വല്ലാത്ത ആഗ്രഹം. ദുർനടപ്പുകാരിയായ ഭാര്യക്കും അത് സന്തോഷമായിരുന്നു. തന്നെപ്പോലെ മകളും കൊട്ടാരത്തിലെ ആഢംബരങ്ങൾ ആസ്വദിച്ചു റാണിയായി വാഴട്ടെ..! കൊട്ടാരവാസികൾ ഇക്കാര്യത്തിൽ രാജാവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഒരിക്കൽ രാജാവ് യഹ്‌യാ(അ)നെ സമീപിച്ചു തന്റെ ആഗ്രഹം അറിയിച്ചു. യഹ്‌യ (അ) പറഞ്ഞു: ആ യുവതിയെ താങ്കൾ വിവാഹം ചെയ്യാൻ പാടില്ല. ഇത് കേട്ട് രാജാവ് ചിന്താധീനനായി. വിവരം ഭാര്യയോട് പറഞ്ഞു.

ഭാര്യ നേരത്തെ തന്നെ പ്രതികാരത്തിന് ദാഹിച്ചു നടക്കുകയായിരുന്നു. അവൾ ഒരു പദ്ധതി ആസൂത്രണം ചെയ്തു. മകളെ വിളിച്ചു ഇങ്ങനെ ഉപദേശിച്ചു.

"നീ നന്നായി വസ്ത്രം ധരിക്കണം. ആഭരണങ്ങളെല്ലാം അണിയണം. പരിമളം പൂശണം. അപ്സരസ്സിനെപ്പോലെ വരണം. രാജാവിനെ മുറിയിലേക്ക് ക്ഷണിച്ചുകൊണ്ട് പോയി മദ്യം നൽകണം. മദ്യപിച്ച് മദോന്മത്തനായി രാജാവ് നിന്നെ പിടിക്കാൻ വരും.

നീ ഒഴിഞ്ഞുമാറി നിൽക്കണം. വീണ്ടും മദ്യം നൽകണം. നീ കൂടെ കുടിക്കണം. നീ കൂടി മദ്യപിക്കുമ്പോൾ അദ്ദേഹത്തിന് ആവേശം വർദ്ധിക്കും. അദ്ദേഹം പ്രേമവിവശനായി വരുമ്പോൾ നീ ഇങ്ങനെ പറയണം.

"ഞാൻ അങ്ങേക്ക് വഴങ്ങാം ഒരു കാര്യം ചെയ്തു തരണം."

അപ്പോൾ അദ്ദേഹം പറയും. "എന്ത് വേണം പറയൂ... എന്ത് വേണമെങ്കിലും ചെയ്തു തരാം. നിനക്ക് വേണ്ടി എന്തും ചെയ്യാം."

അപ്പോൾ നീ പറയണം "എനിക്ക് യഹ്‌യായുടെ തലയും രക്തവും വേണം."

മകൾ മാതാവിനെ അനുസരിച്ചു. നന്നായി അണിഞ്ഞൊരുങ്ങി. രാജാവിനെ മുറിയിലേക്ക് കൊണ്ടുവന്നു. നന്നായി മദ്യം നൽകി. അവളും കുടിച്ചു. അവളെ വാരിപ്പുണരാൻ രാജാവ് ശ്രമിച്ചു

"നിൽക്കൂ ഞാനൊരു കാര്യം പറയട്ടെ..! അത് സാധിപ്പിച്ചു തന്നാൽ പിന്നെ ഈ ശരീരം നിങ്ങൾക്കുള്ളതാണ്."

അവളുടെ ആവശ്യം എന്താണെന്നറിയാൻ രാജാവിന് തിടുക്കമായി. "പറയൂ പ്രിയേ നിനക്കെന്ത് വേണം..?"

"ഒരേയൊരു സാധനം അത് മാത്രമാണെന്റെ ആവശ്യം..?"

"പറയൂ വേഗമാവട്ടെ..!"

"മഹാരാജാവേ..! എനിക്ക് വേണ്ടത് യഹ്‌യായുടെ തലയും രക്തവുമാണ്."

മദ്യം തലക്കുപിടിച്ച അവസ്ഥയിലും രാജാവ് ഞെട്ടി. ഇതല്ലാതെ മറ്റെന്ത് വേണമെങ്കിലും ആവശ്യപ്പെടാം. ഇല്ല ഇതല്ലാതെ മറ്റൊന്നും ആവശ്യമില്ല. അവളുടെ മുഖം വാടുന്നതും കണ്ണുകൾ നിറയുന്നതും രാജാവ് കണ്ടു. അദ്ദേഹത്തിന് സഹിക്കാനായില്ല ഒടുവിൽ രാജ കൽപ്പന വന്നു...

"യഹ്‌യായെ കൊന്ന് തലയും രക്തവും കൊണ്ടുവരിക..!!"

യഹൂദന്മാർ ആയുധങ്ങളുമായി ഓടി. പരിശുദ്ധമായ മസ്ജിദിൽ നിസ്കരിക്കുകയാണ് യഹ്‌യാ(അ). നിസ്കാരം തീർന്നില്ല അതിനു മുമ്പെ വെട്ടി വീഴ്ത്തി. തലയറുത്തു തളികയിൽ വെച്ചു കൊണ്ടുപോയി.

കൊട്ടാരത്തിലെത്തി

തല രാജാവിനോട് സംസാരിച്ചു.

"രാജാവേ ആ സ്ത്രീ താങ്കൾക്ക് അനുവദനീയമല്ല."

രാജാവ് ഭയന്നു. സ്ത്രീകൾ ഭയന്നു..!!

പുറത്ത് നിന്നൊരു രാജാവെത്തി. വമ്പിച്ച സൈന്യവുമായിട്ടാണ് വന്നത്.

അമ്പിയാക്കളെ വധിച്ചതിനുള്ള ശിക്ഷ യുദ്ധത്തിന്റെ രൂപത്തിലാണ് വന്നത്. ഘോരയുദ്ധം നടന്നു. രാജാവും കൊട്ടാര നിവാസികളും സത്യനിഷേധികളായ ധിക്കാരികളുമടക്കം എഴുപത്തയ്യായിരം പേരാണ് യുദ്ധത്തിൽ വധിക്കപ്പെട്ടത്...


യഹ്‌യാ(അ) ന്റെ വധത്തിന്റെ കാരണക്കാരായ രാജാവും രാജ്ഞിയും മകളും ജീവിച്ചിരുന്നത് ദമസ്കസിലായിരുന്നു. എന്നും അഭിപ്രായമുണ്ട്. അവിടെ വധത്തിന്റെ കാരണമായി പറയുന്നത് മറ്റൊരു സംഭവമാണ്.

രാജാവിന്റെ പുത്രിയെ മറ്റൊരു രാജാവിന്റെ മകൻ വിവാഹം ചെയ്തു. ആ വിവാഹ ബന്ധം ഏറെനാൾ നീണ്ടു നിന്നില്ല. വിവാഹ മോചനം നടന്നു.

വധുവിന്റെ മാതാവായ രാജ്ഞിക്ക് ഇതിൽ കടുത്ത നിരാശയുണ്ടായി. തകർന്ന ബന്ധം വീണ്ടും ഇണക്കിച്ചേർക്കണമെന്ന് രാജ്ഞി കൊതിച്ചു. അതിനുള്ള ശ്രമം നടത്തി. വരൻ അതിനു തയ്യാറായി. വധുവിനെ തിരിച്ചെടുത്തു കൊള്ളാം. രാജ്ഞിക്ക് ആശ്വാസമായി.

അപ്പോൾ ഒരു പ്രശ്നം? മൊഴി മൂന്നും ചൊല്ലിയിട്ടുണ്ട്. നിലവിലുള്ള മതവിധിയനുസരിച്ച് തിരിച്ചെടുക്കാൻ പറ്റില്ല. രാജാകുമാരന് രാജകുമാരിയെ ഭാര്യയാക്കണമെങ്കിൽ ഇനിയെന്ത് വേണം..?

രാജകുമാരിയെ ഒരാൾ വിവാഹം ചെയ്യണം. അവർ ഭാര്യഭർത്താക്കന്മാരായി ജീവിക്കണം. എന്നിട്ടയാൾ രാജകുമാരിയെ വിവാഹമോചനം നടത്തണം. എന്നാൽ രാജാകുമാരിയെ ഭാര്യയായി വീണ്ടും സ്വീകരിക്കാം.

രാജ്ഞി രാജാവിനെ ഇങ്ങനെ ഉപദേശിച്ചു: "അതൊക്കെ വലിയ പൊല്ലാപ്പാണ് മതവിധിയൊന്നു മാറ്റിയാൽ മതി. രാജകുമാരന് രാജകുമാരിയെ ഭാര്യയായി സ്വീകരിക്കാൻ പറ്റും. എന്ന ഒരു ഫത് വ (മതവിധി) യഹ്‌യാ നബിയിൽ നിന്ന് വാങ്ങിയാൽ മതി."

അത് നല്ല ഒരാശയം തന്നെ. രാജാവ് ആവശ്യപ്പെട്ടാൽ ആരാണ് മതവിധി മാറ്റാത്തത്? മാറ്റിക്കിട്ടും. വേദഗ്രന്ഥത്തിൽ സൗകര്യം പോലെ മാറ്റിത്തിരുത്തലുകൾ വരുത്തുന്ന കാലമാണിത്. യഹ്‌യാ(അ) മാറ്റം വരുത്തിയാൽ ആരും ഒന്നും പറയുകയില്ല.

പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. നിലവിലുള്ള മതവിധി അങ്ങനെ തന്നെ നിലനിർത്തണം. അതാണ് യഹ്‌യ (അ)ന്റെ വിധി. രാജകുമാരിയോട് യഹ്‌യ (അ) ഇങ്ങനെ പറഞ്ഞു: "നിന്നെ വേറെ ഒരാൾ വിവാഹം ചെയ്യണം. എന്നിട്ട് അയാൾ നിന്നെ ഒഴിവാക്കണം. എന്നാൽ മാത്രമേ നിനക്ക് രാജകുമാരന്റെ ഭാര്യയായിരിക്കാൻ പറ്റുകയുള്ളൂ."

ഈ വിധി കേട്ട് രാജകുമാരി ക്ഷോഭിച്ചു. രാജകുമാരിയുടെ മാതാവിനാണ് കൂടുതൽ കോപം. ഈ വിധി പ്രഖ്യാപിച്ച യഹ്‌യ ഇനി ജീവിച്ചിരിക്കരുത്. കൊന്നുകളയണം. ഭാര്യയും മകളും രാജാവിനെ നിർബന്ധിച്ചു.

രാജാവ് വഴങ്ങി. രാജ കൽപ്പന വന്നു.

"യഹ്‌യായെ കൊന്ന് ശിരസ്സും രക്തവും കൊണ്ടുവരിക..!"

യഹൂദിപ്പോരാളികൾ ആയുധങ്ങളുമായി കുതിച്ചുചെന്നു. ജീറൂൻ മസ്ജിദിൽ നിസ്കരിക്കുകയായിരുന്നു യഹ്‌യ (അ). അദ്ദേഹത്തെ വധിച്ചു ശിരസ്സും രക്തവുമായി വന്നു. ശിരസ്സ് ദമസ്കസ് കൊട്ടാരത്തിലെത്തി.

രാജകുമാരിയാണ് ശിരസ്സ് വെച്ച പാത്രം സ്വീകരിച്ചത്. അപ്പോൾ ശിരസ്സ് വിളിച്ചു പറഞ്ഞു. നിനക്ക് അവനെ വിവാഹം ചെയ്യാൻ കഴിയില്ല. പാടില്ല. മറ്റൊരാൾ നിന്നെ വിവാഹം ചെയ്തു മൊഴി ചെല്ലാതെ..!!

രാജകുമാരി ഭയന്നുവിറച്ചു. പിന്നെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ദമസ്കസ് മുതൽ ബൈത്തുൽ മുഖദ്ദസ് വരെ രക്തമൊഴുകി. എഴുപത്തയ്യായിരം പേർ വധിക്കപ്പെട്ട യുദ്ധം.

എത്രയോ നൂറ്റാണ്ടുകൾക്കു ശേഷം നടന്ന ഒരു സംഭവം ചരിത്രകാരനായ വാഖിദി പറഞ്ഞതായി ചില ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ദമസ്കസിലെ മസ്ജിദിന്റെ നിർമ്മാണം നടന്നുവരുന്നു. തൂണുകൾ നിർമ്മിക്കാൻ വേണ്ടി കുഴിയെടുക്കുന്നു. അപ്പോൾ ഒരു ഗുഹ കണ്ടു. ഗുഹയിൽ ഇരുട്ട്.

ഖലീഫയെ വിവരമറിയിച്ചു. ഖലീഫയും പ്രമുഖന്മാരും വന്നു. വെളിച്ചവുമായി ഗുഹയിൽ പ്രവേശിച്ചു. സമ ചതുരാകൃതിയിൽ ഒരു പെട്ടി. നൂറ്റാണ്ടുകൾ പഴക്കമുള്ള പെട്ടി. വളരെ സൂക്ഷ്മതയോടെ അത് തുറന്നു. പെട്ടിയിൽ യഹ്‌യാ(അ)ന്റെ ശിരസ്സ്...

തൊലിക്കോ മുടിക്കോ ഒരു കേടുമില്ല. അപ്പോൾ മുറിച്ചെടുത്ത ശിരസ്സ് പോലെയുണ്ട്. വളരെ ബഹുമാനപൂർവ്വം അത് ഖബറടക്കി. അതിന്റെ സ്മാരകം പോലെ മസ്ജിദ് പണിതുയർത്തി...


അനുഗ്രഹം നേടിയവർ 

യഹ്‌യാ (അ) വധിക്കപ്പെട്ടു.

സകരിയ്യ (അ) വധിക്കപ്പെട്ടു. രണ്ടുപേരും രക്തസാക്ഷികളായി. രക്തസാക്ഷിയുടെ മകൻ രക്തസാക്ഷി. അവരുടെ ഘാതകന്മാരും സഹായികളും നിന്ദ്യരായി. ശപിക്കപ്പെട്ട മരണമാണവർക്ക് വിധിക്കപ്പെട്ടത്. പ്രവാചകന്മാരെ വധിച്ചവരുടെ ശിക്ഷ...

പിൽക്കാല സമൂഹങ്ങൾ പുണ്യപ്രവാചകന്മാരെക്കുറിച്ചും അവരെ വധിച്ച ധിക്കാരികളെക്കുറിച്ചും ചർച്ച ചെയ്തു കൊണ്ടിരുന്നു. തലമുറകൾ തലമുറകൾക്ക് കൈമാറി വന്ന ചരിത്രം. എക്കാലത്തും അത് സജീവ ചർച്ചയായി നിലനിന്നു.

അന്ത്യപ്രവാചകനായി മുഹമ്മദ് നബി ﷺ തങ്ങൾ വന്നു. അല്ലാഹു ﷻ ജിബ്രീൽ (അ) എന്ന മലക്ക് മുഖേന സകരിയ്യാ നബി (അ) ന്റെയും യഹ്‌യാ (അ) ന്റെയും ചരിത്രം മുഹമ്മദ് നബി ﷺ തങ്ങൾക്ക് അറിയിച്ചുകൊടുത്തു.

യഹൂദികൾ ഊറ്റം കൊള്ളുന്നു. തങ്ങൾ ഈസായെ കുരിശിൽ തറച്ചുകൊന്നു എന്നു പറഞ്ഞ് ഊറ്റം കൊള്ളുന്നു. വിശുദ്ധ ഖുർആൻ അതിനെ ഖണ്ഡിച്ചു. ഈസാ (അ) നെ അല്ലാഹു ﷻ ഉയർത്തുകയാണ് ചെയ്തത്. ശത്രുക്കൾക്ക് പിടികിട്ടിയിട്ടില്ല.

മറ്റൊരു വിഭാഗം ഈസാ(അ)നെ ദൈവപുത്രൻ എന്നു വിളിച്ചു. ദൈവത്തിനു പുത്രനില്ല. ഭാര്യയില്ല. പെൺമക്കളുമില്ല. ഈസാ (അ) ദൈവ പുത്രനാണെന്ന വാദത്തെ വിശുദ്ധ ഖുർആൻ ഖണ്ഡിക്കുന്നു.

"ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന് ഒരിക്കലും അനുയോജ്യമല്ല. അവനെത്ര പരിശുദ്ധൻ. ഒരു കാര്യം തീരുമാനിച്ചാൽ അതിനോട് ഉണ്ടാകുക എന്നു പറയുക മാത്രമാണവൻ ചെയ്യുന്നത്. അപ്പോൾ അതുണ്ടാകുന്നു." (19:35)

എല്ലാ ധിക്കാരികളെയും അല്ലാഹുﷻവിന്റെ മുമ്പിൽ ഹാജറാക്കപ്പെടും. അന്നവർക്ക് എന്തൊരു കാഴ്ചയും കേൾവിയുമായിരിക്കും. ആയുസ്സ്കാലത്ത് ചെയ്ത സകല അക്രമങ്ങളും അവർക്ക് ബോധ്യപ്പെടും. ആ വിചാരണ ദിവസത്തെക്കുറിച്ച് പ്രവാചകന്മാർ എല്ലാ സമൂഹങ്ങളെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്.

പക്ഷേ, ധിക്കാരികൾ അതെല്ലാം അവഗണിച്ചു. അവർ പരലോകത്ത് എത്തുമ്പോൾ വലിയ ഖേദത്തിലായിരിക്കും. ചെയ്തതെല്ലാം അവർ കാണും. സത്യമായി അനുഭവിക്കും. വിശുദ്ധ ഖുർആൻ പറയുന്നു.

"നമ്മുടെ അടുക്കൽ വരുന്ന ദിവസം അവർക്ക് എന്തൊരു കാഴ്ചയും കേൾവിയുമാണുണ്ടായിരിക്കുക. പക്ഷേ, ഇന്ന് അക്രമികൾ വ്യക്തമായ ദുർമാർഗ്ഗത്തിലാകുന്നു." (19:38)

മുഹമ്മദ് നബി ﷺ തങ്ങളോട് അല്ലാഹു ﷻ കൽപ്പിച്ചു. "ധിക്കാരികളായ ആളുകൾക്ക് നല്ല മുന്നറിയിപ്പ് നൽകുക. ഇന്ന് അവർ അശ്രദ്ധയിലാണ്. തോന്നിയതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. വിചാരണ ദിവസത്തെ മറക്കുന്നു. അല്ലാഹുവിന്റെ കൽപ്പനകൾ ധിക്കാരത്തോടെ തള്ളിക്കളയുന്നു. ശരീരത്തിന്റെ ആഗ്രഹങ്ങൾക്കു പിന്നാലെ പോവുന്നു. ഇത് നെടും ഖേദത്തിന് വഴിവെക്കും. അന്ന് ഖേദിച്ചിട്ട് കാര്യമില്ല. ഇന്ന് ഖേദിക്കണം."


മുഹമ്മദ് നബി ﷺ തങ്ങളോട് അല്ലാഹു ﷻ കൽപ്പിച്ചു. "ധിക്കാരികളായ ആളുകൾക്ക് നല്ല മുന്നറിയിപ്പ് നൽകുക. ഇന്ന് അവർ അശ്രദ്ധയിലാണ്. തോന്നിയതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. വിചാരണ ദിവസത്തെ മറക്കുന്നു. അല്ലാഹുവിന്റെ കൽപ്പനകൾ ധിക്കാരത്തോടെ തള്ളിക്കളയുന്നു. ശരീരത്തിന്റെ ആഗ്രഹങ്ങൾക്കു പിന്നാലെ പോവുന്നു. ഇത് നെടും ഖേദത്തിന് വഴിവെക്കും. അന്ന് ഖേദിച്ചിട്ട് കാര്യമില്ല. ഇന്ന് ഖേദിക്കണം."

ഇത് എക്കാലത്തെയും ജനങ്ങൾക്ക് ബാധകമാണ് സകരിയ്യ (അ), യഹ്‌യ (അ), മർയം (റ), ഈസാ (അ) എന്നിവരുടെ ചരിത്രം പറഞ്ഞ ശേഷം വിശുദ്ധ ഖുർആൻ ഇക്കാര്യം കൂടി ഓർമ്മപ്പെടുത്തുന്നു.

"(ഓ,നബിയേ) നെടും ഖേദത്തിന്റെ ദിവസത്തെ എല്ലാ കാര്യങ്ങളിലും വിധി നൽകപ്പെടുന്ന ദിവസത്തെപ്പറ്റി അവർക്ക് താങ്കൾ മുന്നറിയിപ്പ് നൽകുക. അവർ(ഇന്ന്) അശ്രദ്ധയിലാണ്. അവർ സത്യത്തിൽ വിശ്വസിക്കുന്നില്ല. (19:39)

ആരും ഭൂമിയിൽ സ്ഥിരമായി താമസിക്കില്ല. ആരും ഇവിടെ അവശേഷിക്കില്ല. എല്ലാ ധിക്കാരങ്ങളും അക്രമങ്ങളും കുറച്ചു കാലത്തേക്കുമാത്രം. പിന്നെ എല്ലാവരും വിധിക്കു കീഴടങ്ങും. കീഴടങ്ങാത്തവർ ആരുണ്ട്? ഒരാളെയും കാണാനില്ലല്ലോ? എല്ലാവരുടെയും മടക്കം എങ്ങോട്ട്?

സർവ്വശക്തനായ അല്ലാഹുﷻവിലേക്ക്. അവനിലേക്കാണ് മടക്കം തീർച്ച.

പിതാക്കൾ മരിക്കുമ്പോൾ അവരുടെ സമ്പാദ്യം മക്കൾ അനന്തരമെടുക്കുന്നു. സന്താന പരമ്പര അവസാനിച്ചാൽ പിന്നാർക്കാണ് അനന്തരാവകാശം? അല്ലാഹുﷻവിന്...

ആദ്യം ഭൂമി അവന്റേതായിരുന്നു. പിന്നെ മനുഷ്യർ വന്നു ഭൂമി അനന്തരമാക്കി. ഇത് എന്റെ വകയാണ് എന്ന് വീമ്പിളക്കി നടന്നു. ഒടുവിൽ ഒന്നുമില്ലാതെ മരിച്ചുപിരിഞ്ഞു. ഒടുവിൽ ഒരു സത്യം അവശേഷിക്കുന്നു. ഭൂമിയുടെ യഥാർത്ഥ അനന്തരാവകാശി അല്ലാഹു ﷻ മാത്രം.

വിശുദ്ധ ഖുർആൻ വചനം നോക്കൂ... "നിശ്ചയമായും ഭൂമിയെയും അതിലുള്ളവരെയും നാം തന്നെ അനന്തരാവകാശമായി എടുക്കുന്നതാണ്. നമ്മുടെ അടുക്കലേക്ക് തന്നെ അവർ മടക്കപ്പെടുകയും ചെയ്യും."(19:40)

സകരിയ്യ (അ), യഹ്‌യ (അ), ഈസ(അ), എന്നീ പ്രവാചകന്മാരുടെ ചരിത്രം പറയുമ്പോൾ നാം ഓർത്തിരിക്കേണ്ട വസ്തുതയാണത്. സ്വഹാബികളുടെ സദസ്സുകളിൽ ഈ പ്രവാചകന്മാർ അനുസ്മരിക്കപ്പെടുമായിരുന്നു.

ഒരിക്കൽ ഏതാനും സ്വഹാബികൾ നബിമാരുടെ ശ്രേഷ്ഠതകൾ പറയുകയായിരുന്നു. ഒരാൾ ഖലീലുല്ലാഹി ഇബ്രാഹിം (അ)ന്റെ മഹത്വങ്ങൾ വർണ്ണിച്ചു. മറ്റൊരാൾ കലീമുല്ലാഹി മൂസാ(അ)ന്റെ നേട്ടങ്ങൾ വാഴ്ത്തിപ്പറഞ്ഞു. മൂന്നാമതൊരാൾ റൂഹുല്ലാഹി ഈസാ(അ)നെ പുകഴ്ത്തി പറഞ്ഞു.

അങ്ങോട്ട് കടന്നുവന്ന നബി ﷺ തങ്ങൾ അതെല്ലാം കേട്ടു സന്തോഷിച്ചു. എന്നിട്ടിങ്ങനെ ചോദിച്ചു : “ശഹീദ് ബ്നു ശഹീദ് എവിടെ?

രക്തസാക്ഷിയുടെ മകൻ രക്തസാക്ഷിയെവിടെ?“

സകരിയ്യ (അ)ന്റെ മകൻ യഹ്‌യ (അ)നെപ്പറ്റി എന്താ ഒന്നും പറയാത്തത് എന്നാണ് ചോദ്യം. ഇത്രയും കൂടി കൂട്ടിച്ചേർത്തു

“പരുക്കൻ കമ്പിളി വസ്ത്രം ധരിക്കുകയും. മരത്തിന്റെ ഇല ഭക്ഷിക്കുകയും. പാപങ്ങൾ വന്നുപോകുമോ എന്ന് ഭയന്ന് സൂക്ഷ്മതയോടെ ജീവിക്കുകയും ചെയ്ത യഹ്‌യബ്നു സകരിയ്യയെ അനുസ്മരിക്കാത്തതെന്ത്?”

ഹസൻ (റ), ഹുസൈൻ(റ) എന്നിവർ സ്വർഗ്ഗത്തിലെ യുവാക്കളുടെ നേതാക്കളാകുന്നു. മറ്റു  രണ്ട് നേതാക്കളായി യഹ്‌യ (അ), ഈസാ (അ) എന്നിവർ സ്വർഗത്തിലെത്തും.

ഈസാ(അ) പറഞ്ഞു: "യഹ്‌യാ... താങ്കൾ എനിക്ക് വേണ്ടി പാപമോചനത്തിന് പ്രാർത്ഥിക്കൂ. താങ്കൾ എന്നെക്കാൾ ഉത്തമൻ (ഖൈർ ഉള്ളവൻ) ആകുന്നു.

യഹ്‌യ (അ) ന്റെ മറുപടി "ഈസാ... താങ്കൾ എനിക്ക് വേണ്ടി പാപമോചനം തേടൂ. താങ്കളാണ് എന്നെക്കാൾ ഖൈറ് ഉള്ളവൻ."

എന്തൊരു വിനയം. എക്കാലത്തെയും സത്യവിശ്വാസികൾ മാതൃകയാക്കേണ്ട വിനയം. സകരിയ്യ (അ) യഹ്‌യ (അ), ഈസ (അ), മർയം (റ), ഇശാഅ്(റ), ഹന്ന(റ), ഇംറാൻ(റ)... എല്ലാവരും അനുഗ്രഹീതരായി നമ്മെയും അല്ലാഹു ﷻ അനുഗ്രഹീതരുടെ കൂട്ടത്തിൽ പെടുത്തട്ടെ..

ആമീൻ യാ റബ്ബൽ ആലമീൻ

സകരിയ (അ)ന്റെയും യഹ് യാ (അ)ന്റെയും ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ ...

ആമീൻ യാ റബ്ബൽ ആലമീൻ

ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

No comments:

Post a Comment