Sunday 3 May 2020

നോമ്പുകാരൻ്റെ മിസ് വാക്കും ശാഫിഈ മദ്ഹബിലെ ഭിന്നതയും



ഇമാം ഇബ്നു ഹജർ(റ) വിവരിക്കുന്നു.

ولو أكل بعد الزوال ناسيامغيرا أو نام وانتبه كره أيضا على الأوجه

നോമ്പുകാരൻ ഉച്ചക്കു ശേഷം വായ പകർച്ചയാകുന്ന വല്ലതും മറന്നു ഭക്ഷിക്കുകയോ അല്ലെങ്കിൽ ഉറങ്ങി ഉണരുകയോ ചെയ്താലും - മറ്റുള്ളവർക്കു കറാഹത്തുള്ളതുപോലെ -  ഉച്ചക്കു ശേഷം മിസ് വാക്ക് ചെയ്യൽ കറാഹത്താണ്, ഇതാണു പ്രബലം.(തുഹ്ഫ: 1/223)
 
നോമ്പുകാരനു ഉച്ചക്കുശേഷം മിസ് വാക്ക് ചെയ്യൽ നിരുപാധികം കറാഹത്ത് എന്ന വീക്ഷണമാണ് ഇമാം ഇബ്നു ഹജർ(റ) പ്രബലമാക്കിയത്.
 

ഈ വീക്ഷണമാണ് ശിഷ്യൻ ശൈഖ് മഖ്ദൂം (റ) ഫത്ഹുൽ മുഈനിൽ നോമ്പിൻ്റെ അധ്യായത്തിൽ പ്രബലമാക്കിയത്. ശൈഖ് മഖ്ദൂം (റ) വിവരിക്കുന്നത് ഇങ്ങനെ:

ويكره سواك بعد زوال وقبل غروب وإن نام أو أكل كريها ناسيا

നോമ്പുകാരനു ഉച്ചക്കു ശേഷം സൂര്യാസ്തമനത്തിനു മുമ്പായി മിസ് വാക്ക് ചെയ്യൽ കറാഹത്താണ്. ഉറങ്ങിയാലും  ദുർഗന്ധ വാസനയുള്ള വല്ലതും മറന്നു തിന്നാലും കറാഹത്തു തന്നെ. (ഫത്ഹുൽ മുഈൻ)

ഫത്ഹുൽ മുഈനിൽ ويكره سواك എന്ന വാക്ക് എടുത്തുദ്ധരിച്ച് സയ്യിദുൽ ബക് രി (റ) على المشهور المعتمد( ഇതാണു പ്രബല വീക്ഷണമായി പ്രസിദ്ധമായിട്ടുള്ളത്) എന്നു വിവരിച്ചിട്ടുണ്ട് (ഇആനത്ത്: 2/ 281)
 

ഇമാം മുഹമ്മദ് റംലി (റ) നിഹായ :യിൽ നോമ്പുകാരനു ഉച്ചക്കുശേഷം മിസ് വാ ക്ക് ചെയ്യൽ കറാഹത്താണ് എന്നു വിധി പറഞ്ഞു തുടർന്നു വിവരിക്കുന്നത് ഇങ്ങനെ:

نعم إن تغير فمه بعد الزوال بنحو نوم إستاك لإزالته كما أفتى به الوالد رحمه الله

ഉച്ചക്കുശേഷം ഉറക്കം പോലെയുള്ളതുകൊണ്ട് വായ പകർച്ചയായാൽ ആ പകർച്ച നീക്കാൻ വേണ്ടി മിസ് വാക്ക് ചെയ്യണം  ഇങ്ങനെ പിതാവ് (ശിഹാബുദ്ദീൻ റംലി) ഫത് വാ നൽകിയിട്ടുണ്ട് (നിഹായ :1/183)

അപ്പോൾ നോമ്പുകാരൻ ഉച്ചക്കു ശേഷം മിസ് വാക്ക് ചെയ്യൽ നിരുപാധികം കറാഹത്ത് എന്ന വിധി ഇമാം റംലി (റ) പറയുന്നില്ല പ്രത്യുത ,ഉറക്കം പോലെയുള്ളതുകൊണ്ട് വായ പകർച്ചയായാൽ ഉച്ചക്കുശേഷം മിസ് വാക്ക് ചെയ്യൽ സുന്നത്താണ് എന്നാണു ഇമാം റംലി (റ) വിവരിച്ചത്.


ഇമാം റംലി (റ) യുടെ വീക്ഷണം  സയ്യിദുൽ ബക് രി (റ) ഇങ്ങനെ വിവരിക്കുന്നു

وجرى الجمال الرملي تبعا لإفتاء والده على أنه يكره الإستياك حينئذ فمحل الكراهة عنده بعد الزوال إن لم يكن له سبب يقتضيه أما لو كان له ذلك كأن أكل ذا ريح كريه ناسيا أو نام وتغير فمه بذلك سن له الإستياك


നോമ്പുകാരനു ഉച്ചക്കു ശേഷം മിസ് വാക്ക് ചെയ്യൽ കറാഹത്ത് എന്നത് മിസ് വാക്കിനെ തേടുന്ന കാര്യങ്ങൾ ഇല്ലെങ്കിലാണ്. ഇങ്ങനെയാണ് ഇമാം റംലി (റ) യുടെ വീക്ഷണം. ദുർഗന്ധ വാസനയുള്ളത്  മറന്നു തിന്നുക ,ഉറക്കം എന്നിങ്ങനെയുള്ള കാരണങ്ങൾ നിമിത്തമായി വായ പകർച്ചയായാൽ നോമ്പുകാരനു ഉച്ചക്കു ശേഷവും മിസ് വാക്ക് ചെയ്യൽ സുന്നത്താണ്.
( ഇആനത്ത്: 2/ 281)


ഈ വീക്ഷണമാണ് ശൈഖ് മഖ്ദൂം ഫത്ഹുൽ മുഈനിൽ വുളൂഇൻ്റ അധ്യായത്തിൽ വിവരിക്കുന്നത്. അതിങ്ങനെ:

ويكره للصائم بعد الزوال إن لم يتغير فمه بنحو نوم

ഉറക്കം പോലെയുള്ളതു കൊണ്ട് വായ പകർച്ചയായിട്ടില്ലെങ്കിൽ നോമ്പുകാരനു ഉച്ചക്കുശേഷം മിസ് വാക്ക് ചെയ്യൽ കറാഹത്താണ് (ഫത്ഹുൽ മുഈൻ)
 

പകർച്ചയായാൽ കറാഹത്തില്ല. ഇതുവിവരിച്ചു കൊണ്ട്  സയ്യിദുൽ ബക് രി (റ) وهو خلاف الأوجه كما في التحفة (ഇതു പ്രബല വീക്ഷണത്തിനു എതിരാണ്. അക്കാര്യം തുഹ്ഫ: യിൽ ഉള്ളതു പോലെ ) ഇആനത്ത്: 1/60)


സയ്യിദുൽ ബക് രി (റ)നോമ്പിൻ്റെ അധ്യായത്തിൽ വിവരിക്കുന്നു:

വുളൂഇൻ്റെ അധ്യായത്തിൽ ശൈഖ് മഖ്ദൂം (റ) തൻ്റെ ഗുരുനാഥൻ ഇബ്നു ഹജർ(റ) (തുഹ്ഫയിൽ) പറഞ്ഞ മസ്അലക്ക് എതിരായിട്ടാണ് പറഞ്ഞിട്ടുള്ളത്. നോമ്പിൻ്റെ അധ്യായത്തിൽ  ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണവും. വുളൂഇൻ്റ അധ്യായത്തിൽ ഇമാം റംലി (റ)വിൻ്റെ വീക്ഷണവുമാണ് ശൈഖ് മഖ്ദൂം (റ) വിവരിച്ചത് - ഇതും പ്രബല വീക്ഷണമാണ് -(ഇആനത്ത്: 2/ 281)


ഇമാം റംലി (റ) പ്രബലമാക്കിയ കറാഹത്തില്ല എന്ന വീക്ഷണം തന്നെയാണ് ഖത്വീബുശ്ശിർബീനി (റ) മുഗ്നിയിലും പ്രബലമാക്കിയത്.( ശർവാനി: 1/223)


1) ഉറക്കം പോലയുള്ളതുകൊണ്ട് വായ പകർച്ചയായാൽ നോമ്പുകാരനു ഉച്ചക്കു ശേഷം മിസ് വാക്ക് ചെയ്യൽ കറാഹത്തില്ല, സുന്നത്താണ് എന്ന വീക്ഷണമാണ് ഇമാം റംലി (റ) പ്രബലമാക്കിയത്.
കറാഹത്തില്ലന്ന വീക്ഷണമാണ് ഇമാം ഖത്വീബുശ്ശിർബീനി (റ)  പ്രബലമാക്കിയതും.

എന്നാൽ കറാഹത്തുണ്ട് എന്ന വീക്ഷണമാണ് ഇമാം ഇബ്നു ഹജർ(റ) പ്രബലമാക്കിയത്.

2) രണ്ടു വീക്ഷണവും ആധികാരികമാണ്.

3) ശൈഖ് മഖ്ദൂം (റ) രണ്ടു സ്ഥലങ്ങളിലായി രണ്ടു വീക്ഷണവും നൽകി.


നോമ്പുകാരൻ്റെ വായനാറ്റം അല്ലാഹു വിൻ്റെയരികിൽ പ്രതിഫലം ലഭിക്കുന്നതാണ്. അതിനാൽ ഉറക്കം പോലെയുള്ള കാര്യം കൊണ്ട് വായ പകർച്ചയായാലും വായനാറ്റം നീക്കരുതെന്നാണ് കറാഹത്ത് എന്ന വീക്ഷണത്തിനു ന്യായം പറയുന്നത്.

എന്നാൽ ഉറക്കം പോലെയുള്ളതുകൊണ്ട് പകർച്ചയായാൽ നോമ്പു കൊണ്ടുണ്ടാകുന്ന വായനാറ്റം മറ്റു കാരണം കൊണ്ടുള്ള വായ നാറ്റവുമായി കലർന്നു.അതിനാൽ അവ മുഴുവനും നീക്കാമെന്നാണു കറാഹത്തില്ല, സുന്നത്താണ് എന്ന വീക്ഷണത്തിനു ന്യായം പറയുന്നത്.( ഇആനത്ത്: 2/ 281)


ലേഖകൻ :എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment