Sunday 10 May 2020

വിത്ർ നിസ്കാരം



വിത്ർ എന്ന വാക്കിൻ്റെ അർത്ഥം?

ഒറ്റ എന്നാണർത്ഥം (ഇരട്ടയല്ല )

വിത്ർ നിസ്കാരം എത്ര റക്അത്താണ്?

ചുരുങ്ങിയത് ഒരു റക്അത്തും കൂടിയത് പതിനൊന്നു റക്അത്തു മണ്(ഫത്ഹുൽ മുഈൻ)

വിത്ർ നിസ്കാരത്തിൻ്റെ സമയം?

ഇശാ നിസ്കാരം കഴിഞ്ഞു സുബ്ഹി ൻ്റെ സമയം പ്രവേശിക്കുന്നതു വരെ (ഫത്ഹുൽ മുഈൻ)

വിത്ർ ഒരു റക്അത്തു നിസ്കരിക്കാമോ?

അതേ ,നിസ്കരിക്കൽ അനുവദനീയമാണ്. എന്നാൽ അതുخلاف الأولىയാണെന്നു പണ്ഡിതർ വിവരിച്ചിട്ടുണ്ട് (ഇആനത്ത് )

ഒരു റക്അത്ത് പതിവാക്കലോ?

പതിവാക്കൽ കറാഹത്താണ് (ഇആനത്ത് )

പതിനൊന്നു റക്അത്ത് ചേർത്തി ( ഒരു അത്തഹിയ്യാത്ത് കൊണ്ട്, അല്ലെങ്കിൽ രണ്ടു അത്തഹിയാത്ത് കൊണ്ട് ) നിസ്കരിക്കാമോ?

നിസ്കരിക്കാം. എന്നാൽ ഈ രണ്ടു റക്അത്തിൽ സലാം വീട്ടി പിരിച്ചു നിസ്കരിക്കലാണ് ഏറ്റം പുണ്യം (ഫത്ഹുൽ മുഈൻ)

ചേർത്തി നിസ്കരിക്കുന്നതിൻ്റെ വിധി?

അവസാനത്തെ മൂന്നു റക്അത്ത് അല്ലാത്തതിൽخلاف الأولى
അവസാനത്തെ മൂന്നു റക്അത്തിൽ കറാഹത്ത് (ഫത്ഹുൽ മുഈൻ)

മൂന്നു റക്അത്തിനേക്കാൾ കൂടുതൽ വിത്ർ നിസ്കരിക്കുകയാണെങ്കിൽ ആദ്യത്തെ രണ്ടു റക്അത്തിൽ സൂറത്തുൽ ഇഖ്ലാസ് ഓതൽ സുന്നത്തുണ്ടെന്നു പറയപ്പെടുന്നു. വസ്തുതയെന്ത്?

അതേ , സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ)

മറ്റു റക്അത്തുകളിലോ?

അവസാനത്തെ മൂന്നു റക്അത്തുകളിലും ആദ്യത്തെ റണ്ടു റക്അത്തുകളിലുമെല്ലാതെ പ്രത്യേക സൂറത്തുകൾ ഫുഖഹാഉ വ്യക്തമാക്കിയിട്ടില്ലന്നാണ് സയ്യിദുൽ ബക് രി (റ) വ്യക്തമാക്കിയത്.( ഇആ നത്ത്: 1/290)

വിത്റിൻ്റെ നിയ്യത്ത്?

എണ്ണം നിർണയിച്ചും നിർണയിക്കാതെയും നിയ്യത്തു ചെയ്യാം
أصلي الوتر ഞാൻ വിത്ർ നിസ്കരിക്കുന്നു.ഇങ്ങനെ കരുതുമ്പോൾ അവൻ ഉദ്ദേശിച്ച ഒറ്റ അക്കത്തിൻ്റെ മേൽ (1 - 3 - 5 - 7 - 9 - 11 ) തീരുമാനിച്ചു അത്ര റക്അത്ത് നിസ്കരിക്കാമെന്നാന്നു പ്രബല വീക്ഷണം (ഇആ നത്ത്: 1/150)

أصلي ركعتين من الوتر

വിത്റിൽ നിന്നു രണ്ടു റക്അത്ത് ഞാൻ നിസ്കരിക്കുന്നുവെന്നും നിയ്യത്ത് ചെയ്യാം. 

വിത്റ് ഒരു റക്അത്തു നിസ്കരിക്കുമ്പോൾ നിയ്യത്ത് ?

ഒരു റക്അത്തു നിസ്കരിക്കുമ്പോൾ

أصلي ركعة من الوتر

വിത്റിൽ നിന്നുള്ള ഒരു റക്അത്ത് ഞാൻ നിസ്കരിക്കുന്നു എന്നു കരുതാം (നിഹായത്തു സൈൻ: 1/101)

വിത്ർ നിസ്കാരത്തിൽ ഖുനൂത്ത് സുന്നത്തില്ലേ?

റമളാനിൻ്റെ രണ്ടാം പകുതിയുടെ വിത്റിൽ സുന്നത്തുണ്ട്. സാധാരണ സുബ്ഹിൽ ഓതുന്ന ഖുനൂത്ത് ഓതിയാൽ മതിയാകും.(ഫത്ഹുൽ മുഈൻ)

വിത്റിൽ ഖുനൂത്ത് ഒഴിവായാൽ / ഒഴിവാക്കിയാൽ മറവിയുടെ സുജൂദ് സുന്നത്തുണ്ടോ?

അതേ ,സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ) 

പ്രസിദ്ധ ഖുനൂതിൽ നിന്നു അല്പം ഒഴിവാക്കിയാലോ?

എന്നാലും സഹ് വിൻ്റെ സുജൂദ് സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ)

ഖുനൂതിൻ്റെ അവസാനത്തിൽ رب اغفر وارحم وأنت خير الراحمين
എന്നു പ്രാർത്ഥിക്കൽ സുന്നത്തുണ്ടോ?

ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണത്തിൽ സുന്നത്തില്ല. 

എന്നാൽ പ്രസ്തുത പ്രാർത്ഥനാ വാക്യം ഖുനൂതിൽ വർദ്ദിപ്പിച്ചാൽ നല്ലതാണെന്നു ഇമാം റൂയാനി (روياني ) (റ) പ്രസ്താവിച്ചിട്ടുണ്ട്.( ബിഗ് യ: പേജ്:47)

ഖുനൂതിൽ നബി(സ്വ)യുടെ കുടുംബത്തിൻ്റെയും മേൽ സ്വലാത്ത് ചൊല്ലിയ ശേഷം  رب اغفر وارحم وأنت أرحم الراحمين എന്നു ചൊല്ലൽ നല്ലതാണെന്നു (حسن)ഇമാം റൂയാനി (റ) യും മറ്റും പലരും പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞത് ഇമാം സർകശി (റ)വും മറ്റു പലരും അംഗീകരിച്ചിട്ടുമുണ്ടെന്നും ഇമാം ഇബ്നു ഹജർ(റ) ഇംദാദിൽ വിവരിച്ചിട്ടുണ്ട്.

حسن എന്നത് സുന്നത്ത് എന്നതിൻ്റെ പര്യായമാണ് (തുഹ്ഫ: 2/29

(ഖൈർ എന്നും അർഹം എന്നും വന്നിട്ടുണ്ട്)

അപ്പോൾ ഇമാം റൂയാനി (റ)വിനെ തഖ്ലീദ് ചെയ്ത് പ്രസ്തുത പ്രാർത്ഥനാ വാക്യം ഖുനൂതിൻ്റെ അവസാനം കൊണ്ടു വരാം.

ഇമാം റൂയാനി (റ) അഭിപ്രായപ്പെട്ടത് ഒഴിവാക്കിയാൽ സഹ് വിൻ്റെ സുജൂദ് സുന്നത്തുണ്ടോ?


ഇല്ല. ,സുന്നത്തില്ല

വിത്ർ നിസ്കാരത്തിൽ അവസാനത്തെ മൂന്നു റക്അത്തിൽ ഏതെല്ലാം സൂറത്തുകളാണ് ഓതേണ്ടത്?

മൂന്നിൽ ആദ്യ റക്അത്തിൽ സബ്ബിഹ് സ്മ സൂറത്ത് , രണ്ടിൽ സൂറത്തുൽ കഫിറൂനയും മൂന്നിൽ സൂറത്തുൽ ഇഖ്ലാസും മുഅവ്വിദതയ് നിയും ഓതൽ സുന്നത്താണ് (തുഹ്ഫ: 2/ 227 ഫത്ഹുൽ മുഈൻ)

പ്രസ്തുത സൂറത്തുകൾ ഓതൽ നിരുപാധികം സുന്നത്തുണ്ടോ?

ഉണ്ടെന്നാണ് ഇമാം റംലി (റ) യുടെയും ഖത്വീബുശ്ശിർബീനി (റ)യുടെയും വീക്ഷണം. എന്നാൽ മൂന്നു റക്അത്തുകളെ മുമ്പുള്ളതുമായി ചേർത്തി നിസ്കരിച്ചിട്ടില്ലെങ്കിലാണ് ഇവ ഓതൽ സുന്നത്തുള്ള തെന്നാണ് ഇമാം ഇബ്നു ഹജർ(റ) പ്രസ്താവിച്ചത്.(തുഹ്ഫ: 2/ 227) ഇതേ വീക്ഷണമാണ് ഫത്ഹുൽ മുഈനിലുള്ളതും.

വിത്ർ മൂന്നു റക്അത്തു മാത്രം നിസ്കരിക്കുകയാണെങ്കിൽ പ്രസ്തുത സൂറത്ത് ഓതൽ സുന്നത്തില്ലേ?

അതേ , സുന്നത്തുണ്ട്.(ഫത്ഹുൽ മുഈൻ)

വിത്ർ ആദ്യം മൂന്നു റക്അത്ത് നിസ്കരിച്ചാൽ പിന്നെ ബാക്കി നിസ്കരിക്കാമോ?

നിസ്കരിക്കാം.

ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണമാണിത്.എന്നാൽ അതു പറ്റില്ലെന്നും അറിവുള്ളവൻ അങ്ങനെ ചെയ്താൽ അവ സാധുവാകില്ലെന്നും അറിവില്ലാത്തവൻ ചെയ്താൽ നിരുപാധിക സുന്നത്തായി സംഭവിക്കുമെന്നാണ് ഇമാം റംലി (റ) പ്രഖ്യാപിച്ചത്.( ഇസ്മുദുൽ ഐനയ്നി പേജ്: 27)

വിതറിനു ശേഷം പ്രത്യേക ദിക്ർ സുന്നത്തുണ്ടോ?

അതേ ,سبحن الملك القدوس എന്നു മൂന്നു തവണ ചൊല്ലലും മൂന്നാം തവണ ശബ്ദം ഉയർത്തി ചൊല്ലലും സുന്നത്താണ്.(ഫത്ഹുൽ മുഈൻ)

വിത്ർ നിസ്കാര ശേഷം അന്നു രാത്രി തഹജ്ജുദോ മറ്റോ നിസ്കരിക്കൽ കറാഹത്തുണ്ടോ?

ഇല്ല. കറാഹത്തില്ല (തുഹ്ഫ: 2/ 229)

വിത്ർ നിസ്കരിക്കാൻ നേർച്ചയാക്കാമോ?

അതേ ,സുന്നത്തായ ഏതു കർമവും നേർച്ചയാക്കാം. നേർച്ചയാക്കിയാൽ നിർബന്ധമാകും ( ഫത്ഹുൽ മുഈൻ)

വിത്ർ റക്അത്തിൻ്റെ എണ്ണം കരുതാതെ   നേർച്ചയാക്കിയാൽ എത്ര റക്അത്ത് നിസ്കരിക്കണം ?

മൂന്നു റക്അത്ത് നിസ്കരിക്കേണം'.( ഹാശിയത്തുന്നിഹായ : 1/456)ശർവാനി: 2/11)
      
ഇശാ നിസ്കരിച്ച ഉടനയോ രാത്രിയുടെ അവസാനമോ വിത്ർ നിസ്കരിക്കാൻ ഉത്തമ സമയം?

രാത്രിയുടെ അവസാനം (ഫത്ഹുൽ മുഈൻ)

രാത്രിയുടെ അവസാനം വിത്റിൽ ജമാഅത്ത് നഷ്ടപ്പെട്ടാലോ?

ജമാഅത്ത് നഷ്ടപ്പെട്ടാലും രാത്രിയുടെ അവസാനമാണ് ഏറ്റം പുണ്യം (ഫത്ഹുൽ മുഈൻ) 

ഇശാഇനെ മുന്തിച്ചു ജംആക്കുമ്പോൾ മഗ് രിബിൻ്റെ സമയത്ത് വിത്ർ നിസ്കരിക്കാമോ?

അതേ ,നിസ്കരിക്കാം.(ഫത്ഹുൽ മുഈൻ)

ഖുനൂതിൽ കൈ ചേർത്തി പിടിക്കലോ അകറ്റി പിടിക്കലോ എറ്റവും നല്ലത്?

രണ്ടു രീതിയിൽ പിടിച്ചാലും സുന്നത്തിൻ്റെ പ്രതിഫലം ലഭിക്കുമെങ്കിലും കൂട്ടി പിടിക്കലാണ് ഏറ്റവും നല്ലത്.( ശർവാനി: 2/67)

ഖുനൂത്ത് പ്രാർത്ഥന കൊണ്ട് ദീർഘിപ്പിക്കാമോ?

ദീർഘിപ്പിച്ചാൽ നിസ്കാരം ബാത്വിലാകുമെന്ന അഭിപ്രായം ഉണ്ടെങ്കിലും ബാത്വിലാകില്ലെന്നതാണ് പ്രബലം.(തുഹ്ഫ: 2/86)

ചിലർ ഖുനൂതിലെ ചില പദങ്ങൾ മൂന്നു തവണ ആവർത്തിക്കുന്നത് കേൾക്കാം. അതു സുന്നത്തുണ്ടോ?

ഇല്ല. സുന്നത്തില്ല . അങ്ങനെ അവർത്തിച്ചാൽ ഖുനൂത് ലഘൂകരിക്കണമെന്നതിനു എതിരുമല്ല.(ഫതാവാ റംലി: 1/156)

നാസിലത്തിൻ്റെ ഖുനൂതിൽ കൈകളുടെ പുറം ഭാഗം മുകളിലേക്കാക്കേണ്ടത് എപ്പോൾ?


🔈 ഖുനൂതിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ ( ബിഗ് യ ,ശർവാനി: 3/78)



എം.എ.ജലീൽ സഖാഫി പുല്ലാര 

No comments:

Post a Comment