Tuesday 19 May 2020

ഇസ്ലാമിലെ വിവാഹം - ചില സംശയങ്ങൾ



വിവാഹശേഷം ഭാര്യ ഭര്‍തൃവീട്ടിലാണോ ഭാര്യവീട്ടിലാണോ ഇസ്‌ലാമിക നിയമപ്രകാരം താമസിക്കേണ്ടത്?

രണ്ടിലുമല്ല. ഭര്‍ത്താവിന്‍റെ സ്വന്തം വീട്ടിലാണ് താമസിക്കേണ്ടത്. അതില്ലെങ്കില്‍ വാടകവീട്ടിലെങ്കിലും താമസസൌകര്യമൊരുക്കല്‍ ഭര്‍ത്താവിന്‍റെ കടമയാണ്. എന്നാല്‍ പരസ്പരം സമ്മതമാണെങ്കില്‍ ആരുടെ വീട്ടിലും താമസിക്കാം.

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ വിവാഹത്തോടെ ഭാര്യക്ക് കൊടുക്കല്‍ നിര്‍ബന്ധമാണ്. (തുഹഫ 8/362) പലരും പാര്‍പ്പിടം കുറെ കഴിഞ്ഞാണ് കൊടുക്കുന്നത്. അതില്‍ ഭാര്യക്ക് കുഴപ്പമില്ലെങ്കില്‍ കുഴപ്പമില്ല. പല കുടുംബ പ്രശ്നങ്ങളും ഉണ്ടാകുന്നത് ഇത് ശ്രദ്ധിക്കാത്തതുകൊണ്ടാണ്.

ഒരാളുടെ ഭാര്യ മരിച്ചു. വലിയ മക്കളുണ്ട്. എങ്കിലും വേറെ വിവാഹം കഴിക്കാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചാല്‍ മക്കള്‍ക്ക് എതിര്‍ക്കാന്‍ അവകാശമുണ്ടോ?

ഇല്ലെന്ന്‍ മാത്രമല്ല വരുമാനമില്ലാത്തതുകൊണ്ട് മഹറ് കൊടുക്കാനും ആ ഭാര്യക്ക് ചെലവ് കൊടുക്കാനും കഴിയാത്തയാളാണെങ്കില്‍ മഹറ് വാങ്ങികൊടുക്കലും ചെലവിന് കൊടുക്കലും മക്കളുടെ കടമയാണ്. കാരണം ഒരു ഇണയുണ്ടാവുക എന്നത് മനുഷ്യന്‍റെ പ്രധാന ആവശ്യങ്ങളില്‍പ്പെട്ടതാണ്. (തുഹഫ 7/423)


ഇസ്‌ലാമില്‍ വിവാഹത്തിന് പ്രത്യേക മാസം ഉണ്ടോ?

ഉണ്ട്. ശവ്വാല്‍ (തുഹഫ 7/253)

ചോദ്യം: നബി(സ) ശവ്വാലിലാണോ വിവാഹിതനായത്?

അതെ. ആയിഷാബീവിയും നബി(സ)യും തമ്മിലുള്ള വിവാഹം ശവ്വാല്‍ മാസത്തിലായിരുന്നു. (തുഹഫ 7/255)

ഇരുപത്തഞ്ചുകാരനായ നബി(സ) നാല്‍പ്പതുകാരിയായ ഖദീജ(റ)യെയാണല്ലോ ആദ്യമായി വിവാഹം ചെയ്തത് അതുപോലെ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം ചെയ്യല്‍ സുന്നത്തുണ്ടോ?

ഇല്ല. തന്നെക്കാള്‍ പ്രായക്കുറവുള്ളവരെ വിവാഹം ചെയ്യലാണ് ഉത്തമം. എന്നാല്‍ പ്രായക്കൂടുതലുള്ളവരെയും വിവാഹം ചെയ്യാം.

നികാഹിന് വരുമ്പോള്‍ മഹറ് എടുക്കാന്‍ മറന്നു. എന്നാല്‍ നിക്കാഹ് സ്വഹീഹാകുമോ?

ആകും. മഹര്‍ പ്രദര്‍ശിപ്പിക്കല്‍ സുന്നത്തേയുള്ളൂ. എന്നാല്‍ ഇണ ചേരുന്നതിന്‍റെ മുമ്പ് അത് വധുവിനെ ഏല്‍പ്പിക്കല്‍ നിര്‍ബന്ധമാണ്.

നികാഹ് കഴിഞ്ഞ ഉടനെ വരന്‍ വധുവിന്‍റെ കഴുത്തില്‍ മഹര്‍ ചാര്‍ത്തുന്ന പതിവുണ്ടല്ലോ ഇത് തെറ്റല്ലേ?

തെറ്റല്ല. നികാഹോടുകൂടി പരസ്പരം കാണലും മറ്റെല്ലാ കാര്യങ്ങളും ഹലാലായി. മാല ചാര്‍ത്തലും അതില്‍പ്പെട്ടതാണ്. എന്നാല്‍ അന്യപുരുഷന്മാരായ സുഹൃത്തുക്കളെയും കൂട്ടി മഹര്‍ ചാര്‍ത്തലാണ് തെറ്റ്.

നികാഹ് പള്ളിയില്‍ വെച്ചാകുന്നത് സുന്നത്താണോ?

സുന്നത്താണ്. (തുഹഫ 7/255)

ഭര്‍ത്താവിനുവേണ്ടി ഭാര്യ കിടപ്പറയില്‍ അണിഞ്ഞൊരുങ്ങി ഭര്‍ത്താവിനെ ആകര്‍ഷിക്കണം. അതുപോലെ ഭര്‍ത്താവ്‌ ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങേണ്ടതുണ്ടോ?

ഉണ്ട്. ഇബ്നു അബ്ബാസ്(റ) പറയുന്നു: "പുരുഷന്മാരുടെ അതേ അവകാശം സ്ത്രീകള്‍ക്കുമുണ്ട്" എന്ന ആയത്തു കാരണം ഞാന്‍ എന്‍റെ ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങാറുണ്ട്. അവള്‍ എനിക്കുവേണ്ടി അണിഞ്ഞൊരുങ്ങുന്നതു പോലെ.(തുഹഫ 7/256)

ഖിബ്'ലക്ക് നേരെ കിടന്ന്‍ ഇണ ചേരുന്നതില്‍ തെറ്റുണ്ടോ?

കറാഹത്തില്ല.  (തുഹഫ 7/256)

വിവാഹം നിശ്ചയിച്ചു. നിക്കാഹ് കഴിഞ്ഞിട്ടില്ല വരന്‍ വധുവിന് മൊബൈല്‍ ഫോണ്‍, ആഭരണങ്ങള്‍ തുടങ്ങിയ സമ്മാനങ്ങളും കൊടുത്തു. പിന്നീട് ഇരുകൂട്ടരിലാരോ വിവാഹം വേണ്ടെന്നുവെച്ചു എന്നാല്‍ ആ സമ്മാനങ്ങള്‍ തിരിച്ചു വാങ്ങാമോ?

വാങ്ങാം. (ഫത്ഹുല്‍മുഈന്‍ 379)

സ്വര്‍ണ്ണം തന്നെ മഹര്‍ കൊടുക്കണമെന്നുണ്ടോ?

ഇല്ല. വില മതിക്കുന്ന എന്ത് വസ്തുക്കളും കൊടുക്കാം. നബി(സ)യുടെ പെണ്‍മക്കള്‍ക്ക് 500 ദിര്‍ഹം വെള്ളിയാണ് മഹറായി കിട്ടിയത്.
(ഫത്ഹുല്‍മുഈന്‍ 374)

എനിക്ക് മഹര്‍ വേണ്ട എന്നു പറയാന്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് അവകാശമുണ്ടോ?

ഉണ്ട്. അപ്പോള്‍ പുരുഷന് മഹര്‍ കൊടുക്കാതെ അവളെ വിവാഹം കഴിക്കാം.
(ഫത്ഹുല്‍മുഈന്‍ 267)

വിവാഹസദ്യ നല്‍കല്‍ രാത്രിയാണോ പകലാണോ ഉത്തമം?

രാത്രിയാണ് സുന്നത്ത്. (തുഹഫ 7/498, ഫത്ഹുല്‍മുഈന്‍ 267)
പണ്ട് കാലത്തൊക്കെ കല്ല്യാണം രാത്രിയായിരുന്നല്ലോ.

വിവാഹത്തിന് സദ്യ കൊടുക്കാന്‍ സാധിച്ചില്ല. എങ്കില്‍ പിന്നീട് ഒരു ദിവസം കൊടുക്കല്‍ സുന്നത്തുണ്ടോ?

തീര്‍ച്ചയായും സുന്നത്തുണ്ട്. ഇണ മരിച്ചുപോവുകയോ ത്വലാഖ് ചൊല്ലി പിരിയുകയോ ചെയതാല്‍ പോലും വിവാഹസദ്യയുടെ സുന്നത്ത് ബാക്കിയായി കിടക്കും. അത് വീട്ടുകയും ചെയ്യാം._(തുഹഫ 7/496)

നമുക്ക് സുന്നത്ത് നോമ്പ് ഉണ്ടെങ്കില്‍ ക്ഷണിച്ച വിവാഹത്തിനോ മറ്റോ നാം പങ്കെടുക്കേണ്ടതുണ്ടോ?

ഉണ്ട്. മാത്രമല്ല വീട്ടുകാരനുവേണ്ടി നോമ്പ് മുറിക്കലും ഭക്ഷണം കഴിക്കലും സുന്നത്താണ്. മുറിക്കുന്നില്ലെങ്കില്‍ അവിടെ പങ്കെടുക്കുകയും ബറകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം.(തുഹഫ 7/508)

വിവാഹ ദിവസം വരന്‍റെ കൂടെ സല്‍ക്കാരത്തിന് പോകുന്ന ചില വിരുതന്മാര്‍ തമാശക്കായി അവിടെ നിന്ന്‍ വാഴക്കുല, ഫ്രൂട്ട്സ് തുടങ്ങിയവ എടുത്തുകൊണ്ടു പോരുന്നതില്‍ തെറ്റുണ്ടോ?

ഉണ്ട്. അതിഥിയായി വരുന്ന ആള്‍ക്ക് വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാം. ഒന്നും കൊണ്ടുവരികയോ പൂച്ചക്കോ മറ്റോ ഇട്ട് കൊടുക്കുകയോ പോലും ചെയ്യാന്‍ പാടില്ല. അതിന് വീട്ടുകാരന്‍റെ സമ്മതം വേണം.(തുഹഫ 7/509)

ഭക്ഷണം ടേബിളില്‍ വെച്ചതിനുശേഷമാണോ ഇരിക്കേണ്ടത്. അതോ ഇരുന്നതിന് ശേഷമാണോ വെക്കേണ്ടത്

ഇരുന്നതിനുശേഷമാണ് ഭക്ഷണം കൊണ്ടുവെക്കേണ്ടത്. അത് ഭക്ഷണത്തോടുള്ള ബഹുമാനമാണ്. പാത്രങ്ങള്‍ എടുത്തതിനുശേഷമാണ് എണീക്കേണ്ടത്.(ഇഹ്'യാ ഉലൂമിദ്ധീന്‍ 2/36)


ഫ്രൂട്ട്സ് ഭക്ഷണത്തിന്‍റെ മുമ്പോ പിമ്പോ ഉത്തമം?

ആദ്യം ഫ്രൂട്ട്സ് പിന്നെ മാംസം പിന്നെ മധുരം ഇതാണ് ശരിയായ ക്രമം.
 (ശര്‍വാനി 7/512, ഇഹ്'യാ ഉലൂമിദ്ധീന്‍ 2/344)

വരന്‍ നികാഹില്‍ പങ്കെടുക്കാതെ പകരം വേറെ ഒരാളെ വക്കാലത്ത് ആക്കാമോ?

ആക്കാം.(തുഹഫ 5/344)

ഒരാള്‍ തന്‍റെ ഭാര്യയുടെ ഉമ്മയെ (അമ്മായിഉമ്മ) തൊട്ടാല്‍ വുളു മുറിയുമോ?

ഇല്ല.

ചോദ്യം: വിവാഹ സദ്യ നല്‍കേണ്ടതെപ്പോഴാണ്?

വിവാഹസദ്യയുടെ ഏറ്റവും ഉത്തമമായ സമയം ഭാര്യ ഭര്‍ത്താക്കന്മാര്‍ സംയോഗത്തിലേര്‍പ്പെട്ട ശേഷമാണ്. അതാണ് നബിചര്യ. നികാഹ് മാത്രം കഴിഞ്ഞ ശേഷമാണെങ്കില്‍ വിവാഹസദ്യയുടെ അടിസ്ഥാന സുന്നത്ത് മാത്രം ലഭിക്കും.(ഫത്ഹുല്‍മുഈന്‍ 378)

കല്യാണത്തിന്‍റെ വിഭവങ്ങള്‍ വിളമ്പുന്നതിന്‍റെ മുമ്പ് തന്നെ നികാഹ് നടത്തലാണ് വിവാഹസദ്യയുടെ സുന്നത്ത് ലഭിക്കാനുള്ള ഏക പോംവഴി. ചിലര്‍ ചെയ്യുന്നതുപോലെ സദ്യയും സല്‍ക്കാരവും എല്ലാം കഴിഞ്ഞ് നിക്കാഹ് നടത്തിയാല്‍ ആ സദ്യക്ക് 'വിവാഹ സദ്യ' എന്ന പുണ്യം ലഭിക്കില്ല. മിക്കയാളുകളും മനസ്സിലാക്കാത്ത ഒരു വിഷയമാണിത്.

വിവാഹം വൈകുന്നത് കാരണം മക്കള്‍ ഹറാമില്‍ വീണാല്‍ മാതാപിതാക്കള്‍ കുറ്റക്കാരാകുമോ?

ആകും.

പെണ്ണ്‍ കാണാന്‍ പോകുമ്പോള്‍ കൂടെ കൂട്ടുകാരെ കൂട്ടാമോ?

കൂടെക്കൂട്ടാം പക്ഷെ അവര്‍ക്ക് പെണ്ണിനെ കാണിച്ചുകൊടുക്കല്‍ ഹറാമാണ്.


ഒരാള്‍ക്ക് തന്റെ ഉമ്മയുടെയോ ഉപ്പയുടെയോ സഹോദരിയുടെയോ സഹോദരന്‍റെയോ മകളെ വിവാഹം ചെയ്യാന്‍ പറ്റുമോ?

പുരുഷനെ സംബന്ധിച്ചിടത്തോളം കുടുംബബന്ധത്തിലൂടെ വിവാഹം ഹറാമായവര്‍ താഴെ പറയുന്നവരാണ്, ഉമ്മ (വലിയുമ്മമാരൊക്കെ അതില്‍ പെടും), മകള്‍ (പേരമക്കളും അതില്‍ പെടും), സഹോദരിമാര്‍ (ഉമ്മയോ വാപ്പയോ ഒന്നാവയരൊക്കെ), പിതാവിന്റെ സഹോദരിമാര്‍, മാതാവിന്റെ സഹോദരിമാര്‍, സഹോദരന്റെയോ സഹോദരിയുടെയോ മക്കള്‍. ഇവരല്ലാത്ത ബന്ധുക്കളെയൊക്കെ വിവാഹം ചെയ്യാവുന്നതാണ്. ചോദ്യത്തില്‍ പറഞ്ഞ, ഉമ്മയുടെയോ ഉപ്പയുടെയോ സഹോദരിയുടെയും സഹോദരന്റെയും മകളെ വിവാഹം ചെയ്യാവുന്നതാണ്.


ഇന്ന് ഏറെ പ്രചാരത്തിലുള്ള രജിസ്റ്റര്‍ വിവാഹത്തിന്റെ വിധി എന്ത്? രക്ഷിതാവില്ലാതെ വിവാഹകര്‍മ്മം സാധുവാകുമോ?

വിവാഹം എന്നത് ഏറെ പവിത്രവും അതിലേറെ ശ്രദ്ധിക്കേണ്ടതുമാണ്. ചതിക്കുഴികളില്‍ അകപ്പെടാന്‍ ഏറെ സാധ്യതയുള്ളതാണ് ഇത്. അത് കൊണ്ട് തന്നെ എല്ലാ പഴുതുകളും അടക്കും വിധമാണ് ശരീഅത് അതിലെ നിയമങ്ങള്‍ നിര്ദ്ദേശിച്ചിട്ടുള്ളത്. ശരീഅത് പ്രകാരം, വിവാഹം ശരിയാകണമെങ്കില്‍ അഞ്ച് ഘടകങ്ങള്‍ നിര്‍ബന്ധമാണ്, ഭാര്യ, ഭര്‍ത്താവ്, ഭാര്യയുടെ രക്ഷിതാവ്, രണ്ട് സാക്ഷികള്‍, നിശ്ചിത പദങ്ങള്‍ (സീഗ).

ഇവയുണ്ടായാല്‍ ഏത് വിവാഹവും സാധുവും ഇവയില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ ആ വിവാഹം അസാധുവുമാണ്. രെജിസ്റ്റര്‍ വിവാഹത്തില്‍ സാധാരണഗതിയില്‍ രക്ഷിതാവ് ഉണ്ടാവാറില്ല, അത് കൊണ്ട് തന്നെ അത് സാധുവാകുന്നതല്ല. എന്നാല്‍ സര്‍ക്കാര്‍ നിയമമനുസരിച്ച് വിവാഹങ്ങള്‍ രെജിസ്റ്റര്‍ ചെയ്യണമെന്നാണെങ്കില്‍, മേല്‍ പറഞ്ഞ നിബന്ധനകളൊത്ത് വിവാഹം നടത്തി, ശേഷം അത് ഔദ്യോഗിക രേഖകളില്‍ രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വിവാഹ മോതിരം കൈ മാറി വിവാഹം ഉറപ്പിച്ചിട്ടുള്ള പെണ്ണിനെ, നിക്കാഹിന് മുന്‍പ്‌ മോതിരം ഇട്ടയാള്‍ (ഭാവിവരന്‍) ഫോണ്‍ ചെയ്യല്‍ അനുവദനീയമാണോ?

സ്ത്രീയുടെ ശബ്ദം ഔറത് അല്ല എന്നതാണ് പ്രബലാഭിപ്രായം. വികാരവിചാരങ്ങള്‍ ഉണ്ടാവാത്തിടത്തോളം  അത് കേള്‍ക്കുന്നതില്‍ തെറ്റില്ല. അതനുസരിച്ച് കല്യാണമുറപ്പിച്ച പെണ്‍കുട്ടിയുമായി സംസാരിക്കാവുന്നതാണ്. എന്നാലും ഇത്തരം സംഭാഷണങ്ങളും മറ്റും പതുക്കെപ്പതുക്കെ നിഷിദ്ധമായ ചിന്തകളിലേക്കും സംസാരങ്ങളിലേക്കും നയിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ആവശ്യകാര്യങ്ങള്‍ രക്ഷിതാക്കളോടോ മറ്റു ബന്ധപ്പെട്ടവരോടോ പറയാവുന്നതാണല്ലോ. അതേ സമയം, വൈകാരിക സംസാരങ്ങളും അത്തരം ചിന്തകളുണര്‍ത്തുന്ന ഏത് സംഭാഷണവും നിഷിദ്ധമാണ്. വിവാഹം ഉറപ്പിച്ചതാണെങ്കില്‍ കൂടി, നികാഹോട് കൂടി മാത്രമേ അവള്‍ ഭാര്യയാവുന്നുള്ളൂ, അത് കൊണ്ട് തന്നെ നികാഹിന് ശേഷമേ  അത്തരം സംസാരങ്ങളും കാഴ്ചയും മറ്റുമൊക്കെയും അവര്‍ക്കിടയില്‍  അനുവദനീയമാവുകയുള്ളൂ.


പെണ്‍കുട്ടിയുടെ സമ്മതമില്ലതെ വിവാഹം നടത്താന്‍ പറ്റുമോ?. പെണ്ണിന്റെ സമ്മതം ഏതു രൂപത്തിലാണ് ?

കന്യകയായ പെണ്‍കുട്ടിയെ അവളുടെ സമ്മതമില്ലാതെ പിതാവിനോ വല്യുപ്പക്കോ വിവാഹം നടത്താവുന്നതാണ്. അവര്‍ കുട്ടിയുടെ നന്മയും ഗുണവും പൂര്‍ണ്ണമായും പരിഗണിക്കുമെന്നതിനാലും കുട്ടിയേക്കാള്‍ അത് മനസ്സിലാക്കാനാവുക അവര്‍ക്കായിരിക്കും എന്നതിനാലുമാണ് അത്. എന്നാല്‍പോലും സമ്മതം തേടുന്നത് സുന്നതാണ്. എന്നാല്‍ അവര്‍ക്ക്  കുട്ടിയുമായി വിരോധമൊന്നുമില്ലാതിരിക്കുകയും വിവാഹം കഴിച്ചുകൊടുക്കുന്നത് അനുയോജ്യനായ ഭര്‍ത്താവിനായിരിക്കുകയും വേണം. ഇതല്ലാത്ത ഒരു സാഹചര്യത്തിലും പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം ശരിയാവുന്നതല്ല. കന്യകയുടെ മൌനം തന്നെ സമ്മതമായി പരിഗണിക്കുന്നതാണ്. എന്നാല്‍ കന്യകയല്ലാവത്തവള്‍ സമ്മതം വ്യക്തമായി പറയുക തന്നെ വേണം.


മുത്അതിന്‍റെ വിവാഹം ഇപ്പോള്‍ പറ്റുമോ?

ബന്ധത്തിന് പ്രത്യേക അവധി നിശ്ചയിച്ചുകൊണ്ടുള്ള നികാഹിനെയാണ് മുത്അതിന്റെ നികാഹ് എന്ന് പറയുന്നത്. അവധി എത്ര നീണ്ടതാണെങ്കിലും അത് പറഞ്ഞുള്ള നികാഹ് സാധുവല്ലെന്നാണ് കര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ പറയുന്നത്. ആയിരം വര്‍ഷമെന്ന് പറഞ്ഞാല്‍ പോലും നിഷിദ്ധം തന്നെയാണെന്ന് ഉദാഹരണമായി എടുത്തുപറയുന്നുമുണ്ട്. 

പ്രബോധനത്തിന്റെ ആദ്യകാലങ്ങളില്‍ യുദ്ധത്തിന് പോവുമ്പോള്‍ കൂടെ സ്ത്രീകളില്ലാത്തതിനാല്‍ ഇത്തരം നികാഹിന് പ്രവാചകര്‍ (സ) അനുമതി നല്‍കിയിരുന്നുവെന്ന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ വ്യക്തമായി കാണാം. ഖൈബര്‍ യുദ്ധ കാലത്താണ് അത് നിരോധിച്ചതെന്ന് അലി(റ) പറയുന്നതായി ഇമാം ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിലും കാണാവുന്നതാണ്. മുത്അത് എന്നത് ആദ്യകാലത്ത് അനുവദിക്കപ്പെട്ടിരുന്നു എന്നും പിന്നീട് ആ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടതാണെന്നുമാണ് മേല്‍പറയപ്പെട്ട ഹദീസുകളുടെ അടിസ്ഥാനത്തില്‍ പണ്ഡിതര്‍ പറഞ്ഞിരിക്കുന്നത്. ഇക്കാലത്ത് ഒരു രീതിയിലും മുത്അതിന് ന്യായീകരണില്ല. മുത്അതിന്റെ വിവാഹം കഴിച്ചുകൊണ്ട് സ്ത്രീയുമായി ബന്ധപ്പെടുന്നത് വ്യഭിചാരത്തിന് തുല്യമാണെന്ന് പണ്ഡിതര്‍ പറയുന്നതും ആ നികാഹ് ശരിയല്ലെന്നതിനാല്‍ തന്നെ.  ശിയാ വിഭാഗക്കാര്‍ അത് ഇക്കാലത്തും അനുവദനീയമാണെന്ന് പറയുന്നുണ്ട്, പക്ഷേ, അതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് മാത്രമല്ല, വ്യഭിചാരം ഹറാമാണെന്ന നിയമത്തിന് പോലും സാധുതയില്ലാത്ത വിധം മുത്അതിലൂടെ അവര്‍ക്കിടയില്‍ കാര്യങ്ങളെത്തിരിക്കുന്നുവെന്നാണ് നേരില്‍കണ്ടവര്‍ പറയുന്നത്. 


സ്നേഹിച്ചു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഇസ്‌ലാമിക വീക്ഷണം എന്താണ്? മെസ്സേജ്/ ചാറ്റിങ് അന്യ സ്ത്രീ-പുരുഷന്മാരുമായി നടത്തുന്നതിന്‍റെ വിധി?

സ്നേഹം എന്നത് പ്രവൃത്തിയല്ല, മറിച്ച് മനസ്സില്‍ സ്വയം ഉണ്ടാവുന്നതാണ്. നിഷിദ്ധമായ യാതൊരു കാരണമോ സാഹചര്യമോ ഇല്ലാതെ, ഒരു പുരുഷന്‍റെ കണ്ണ് ഒരു സ്ത്രീയില്‍ അറിയാതെ പതിയുകയും ആ പ്രഥമ ദൃഷ്ടിയില്‍ തന്നെ സ്നേഹം തോന്നുകയും ചെയ്യുന്നതില്‍ തെറ്റില്ല.  നിഷിദ്ധമായ കാര്യങ്ങള്‍ വരാത്തിടത്തോളം സ്നേഹം ഒരു തെറ്റല്ല.  

എന്നാല് നിഷിദ്ധമായ കാര്യങ്ങള് കടന്നുവന്നാല് അത് നിഷിദ്ധവുമാണ്. ഇമാം ബൈഹഖിയും ഇബ്നുമാജയും നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം, പരസ്പരം സ്നേഹിക്കുന്ന രണ്ട് പേര്‍ക്ക് നികാഹ് പോലെ (പ്രതിവിധിയായി) മറ്റൊന്നും ഞാന്‍ കാണുന്നില്ല. നിഷ്കളങ്കമായ ഇത്തരം സ്നേഹം ഉണ്ടായിപ്പോയാല്‍ നികാഹ് സാധ്യമാവുമോ എന്നാണ് ശ്രമിക്കേണ്ടത്. വിവിധ കാരണങ്ങളാല്‍ അത് സാധ്യമാവാതെ വന്നാല്‍, എത്രയും വേഗം ആ സ്നേഹചിന്ത മനസ്സില്‍ നിന്ന് നീക്കാന്‍ ശ്രമിക്കേണ്ടതാണം, അല്ലാത്ത പക്ഷം, ആരാധനാകാര്യങ്ങളിലും മറ്റു ഭൌതികജീവിതത്തിലുമെല്ലാം അതിന്‍റെ പ്രതിഫലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും, അതൊന്നും ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്ന് മാത്രമല്ല, അതിലൂടെ ആ സ്നേഹം തെറ്റായി മാറുകയും ചെയ്യും. 

സ്നേഹവിവാഹങ്ങള്‍ പലതും അവസാനം പരാജയത്തില്‍ കലാശിക്കുന്നു എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. രക്ഷിതാക്കളുടെയോ മറ്റു ഗുണകാംക്ഷികളുടെയോ ഉപദേശനിര്‍ദ്ദേശങ്ങളൊന്നും വകവെക്കാതെ സ്നേഹിച്ചുപോയ പെണ്ണിന്‍റെയോ ആണിന്‍റെയോ കൂടെ പോകുന്നത് പലപ്പോഴും ആപത്തിലേക്കും അപകടത്തിലേക്കുമാണെന്ന് ആ പ്രായത്തില്‍ പലരും മനസ്സിലാക്കുന്നില്ല, എല്ലാം തിരിച്ചറിയുമ്പോഴേക്ക് സമയം വൈകുകയും ചെയ്യുന്നു. കന്യകയായ സ്ത്രീയെ  അവളുടെ സമ്മതം പോലുമില്ലാതെ അനുയോജ്യരായവര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍  പിതാവിനും വല്യുപ്പക്കും അധികാരമുണ്ടെന്ന് പരിശുദ്ധ ശരീഅത് പറയുന്നത് പോലും, അവര്‍ വിവേകപൂര്‍വ്വം എടുക്കുന്ന തീരുമാനങ്ങളായിരിക്കും ആ പ്രായത്തിലെ കുട്ടിയുടെ അപക്വമായ തീരുമാനങ്ങളേക്കാള്‍ ഗുണകരമെന്നതിനാലാണ്. അന്യസ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള മെസേജ് - ചാറ്റിംഗ് പോലോത്തവ ഹറാം തന്നെയാണ്. 

ഗൌരവമായ ആശയക്കൈമാറ്റത്തിന് വേണ്ടി തുടങ്ങിയാല്‍ പോലും പതുക്കെപ്പതുക്കെ അത്  നിഷിദ്ധമായ ചിന്തകളിലേക്കും വിചാരങ്ങളിലേക്കും സംസാരങ്ങളിലേക്കും കൊണ്ടെത്തിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. പച്ചയായ ജീവിതത്തിലെ ദുരിതപൂര്‍ണ്ണമായ എത്രയോ അനുഭവങ്ങള്‍ ഇന്ന് അതിന് സാക്ഷിയാണ്. ആയതിനാല്‍ ആ കവാടം ആദ്യമേ അടക്കേണ്ടത് നിര്‍ബന്ധമാണ്.

മുസ്‌ലിമായ ഒരാള്‍ അമുസ്‌ലിമായ ഒരാള്‍ക്ക് തന്‍റെ മകളെ കല്യാണം കഴിച്ചു കൊടുക്കുന്നതിന്‍റെ വിധിയെന്ത്‌ ? അത് ശരിയാകുമോ?

വിവിധ മതസ്ഥര്‍ പരസ്പരമുള്ള മിശ്രവിവാഹം ഇസ്‌ലാം അനുവദിക്കുന്നില്ല. ഇതരമതസ്ഥയായ സ്ത്രീയെ മുസ്‌ലിം പുരുഷന്‍ വിവാഹം ചെയ്യുന്നതോ ഇതര മതസ്ഥനായ പുരുഷന് മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്തുകൊടുക്കുന്നതോ അനുവദനീയമല്ല, ആ നികാഹ് സാധുവാകുകയുമില്ല. ഇതര മതസ്ഥരായ രണ്ട് പേര്‍ വിവാഹം ചെയ്ത് ജീവിക്കുന്നതിനിടയില്‍ ഒരാള്‍ മാത്രം മുസ്‌ലിമായാല്‍ ഇദ്ദയുടെ കാലത്തിനിടക്ക് അപരന്‍ ഇസ്‌ലാം സ്വീകരിച്ചില്ലെങ്കില്‍ ആ ബന്ധം മുറിയുമെന്നാണ് കര്‍മ്മശാസ്ത്രം.

നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന കല്യാണത്തിനു ശേഷമുള്ള ഹണി മൂണ്‍ ട്രിപ്പിനെ കുറിച്ച് എന്താണ് അഭിപ്രായം ? യാത്ര ഫ്രെണ്ട്സുകളുടെ കൂടെ ആണെങ്കിലോ?അത് കുടുംബത്തിലെ മറ്റു കല്യാണം കഴിഞ്ഞവരുടെ കൂടെ ആണെങ്കിലോ?

യാത്രകളും അല്ലാഹുവിന്‍റെ സൃഷ്ടിജാലങ്ങളിലെ അല്‍ഭുതങ്ങള്‍ ദര്‍ശിക്കലും നല്ലത് തന്നെ. യാത്ര എന്നത് അനുവദനീയമാണെങ്കിലും, അതില്‍ പരപുരുഷന്മാര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയ മറ്റു നിഷിദ്ധ രൂപങ്ങള്‍ കടന്നുവരുന്നതോടെ അത് നിഷിദ്ധമായിത്തീരും. കൂട്ടുകാരാണെന്നതോ വിവാഹം കഴിഞ്ഞ കുടുംബക്കാരാണെന്നതോ കൊണ്ട് മാത്രം പരസ്പരം കാണലും കൂടിച്ചേരലും അനുവദനീയമാവുന്നില്ല. പരസ്പരം കാണല്‍ അനുവദനീയമായ മഹ്റമുകളോടൊപ്പമാണെങ്കില്‍ മറ്റു നിഷിദ്ധ കാര്യങ്ങളൊന്നും വരാത്ത വിധം യാത്രകള്‍ ചെയ്യാവുന്നതാണ്. ഇന്ന് സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഹണിമൂണ്‍ ട്രിപ്പുകള്‍ എന്തുകൊണ്ടും നിഷിദ്ധമാണെന്ന് തന്നെ പറയേണ്ടിവരും. ഇത്തരം യാത്രകളിലൊക്കെയും യാതൊരുവിധ ഇസ്ലാമിക രീതിയും പാലിക്കപ്പെടാത്തതും ഇതര പുരുഷരോടൊത്ത് പൂര്‍ണ്ണമായും അഴിഞ്ഞാടുന്നതുമാണ് ഇന്നത് പതിവ്. 


ഉഭയ കക്ഷി സമ്മത പ്രകാരം പരസ്പര ബാധ്യതകള്‍ ഇല്ലാത്ത വിവാഹം (മിസ്യാര്‍ വിവാഹം) അനുവദനീയമാണോ? ഇങ്ങനെയുള്ള വിവാഹങ്ങള്‍ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നോ?

മിസിയാര്‍ വിവാഹം എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഭര്‍ത്താവ് ഭാര്യക്ക് ഒരുക്കേണ്ട പല സൌകര്യങ്ങളും ഭാര്യ സ്വയം വേണ്ടെന്ന് വെച്ച് വിവാഹത്തിന് തയ്യാറാവുന്നതിനെയാണ്. 

വിവാഹത്തിന് ആവശ്യമായ മഹ്റ്, മറ്റു ചെലവുകള്‍ എന്നിവ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യമാണ് പലപ്പോഴും ഇത്തരം ചിന്തകളിലേക്കെത്തിക്കുന്നത്. ഇത്തരം കാരണങ്ങളാല്‍ യുവാക്കള്‍ പലപ്പോഴും വിവാഹം വേണ്ടെന്ന് വെക്കുകയും അതേ തുടര്‍ന്ന് പല സ്ത്രീകളും അത്തരം ചെലവുകളെല്ലാം തങ്ങള്‍ തന്നെ നോക്കിക്കൊള്ളാം എന്ന് സ്വയം സമ്മതിക്കുകയും ചെയ്തുകൊണ്ടാണ് ഇത് നടക്കുന്നത്. അതോടൊപ്പം, ചില സ്ത്രീകള്‍ക്ക് കുടുംബപശ്ചാത്തലം കാരണമായി വിവാഹശേഷവും സ്വന്തം വീട്ടില്‍ തന്നെ കഴിയേണ്ട അവസ്ഥയുണ്ടായേക്കാം. 

അപ്പോഴും ഇത്തരം ബന്ധങ്ങള്‍ നടക്കാറുണ്ട്. വിവാഹത്തിന്‍റെ ഘടകങ്ങളായ ഭാര്യ, ഭര്‍ത്താവ്, രക്ഷാകര്‍ത്താവ്, ഇടപാടിന്‍റെ വാചകങ്ങള്‍, രണ്ട് സാക്ഷികള്‍ എന്നിവ ഒത്തിണങ്ങിയാല്‍ നികാഹ് സാധുവാണെന്നതാണ് കര്‍മ്മശാസ്ത്രം. അത് കൊണ്ട് തന്നെ ഇത്തരം നിബന്ധനകളോട് നടക്കുന്നവയും മേല്‍പറഞ്ഞ ഘടകങ്ങളൊത്താല്‍ ശരിയാകുന്നതാണ്. എന്നാല്‍, അതേ സമയം, ഇത് നിരുപാധികം അനുവദനീയമാക്കിയാല്‍, സ്ത്രീകള്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിക്കാതിരിക്കുകയും അതിലൂടെ സാമൂഹ്യമായി പല പ്രശ്നങ്ങളുമുണ്ടാവാന്‍ സാധ്യതയുണ്ടാവുകയും ചെയ്യുന്നതിനാല്‍, ചില പണ്ഡിതരൊക്കെ അത് അനുവദനീയമല്ലെന്ന് പറയുന്നുണ്ട്. ഇത്തരം വിവാഹങ്ങള്‍ മുമ്പ് നടന്നതായി എവിടെയും കാണാനായിട്ടില്ല. 

വിവാഹം കഴിഞ്ഞുള്ള ആദ്യ രാത്രി വധുവിന്‍റെ വീട്ടിലാവല്‍ അല്ലെങ്കില്‍ വരന്‍റെ വീട്ടിലാവല്‍ എന്നതുമായി ബന്ധപ്പെട്ടു ശരീഅത്തില്‍ പ്രത്യേകമായി വല്ലതും ഉണ്ടോ?

വിവാഹം എന്നാല്‍ യോഗ്യരായ സാക്ഷികളുടെ സാന്നിധ്യത്തില്‍ ചില പ്രത്യേക വാക്കുകളിലൂടെ (ഏല്പിക്കലും ഏറ്റെടുക്കലും) സംഭവിക്കുന്ന ഉടമ്പടിയാണ്. പുരുഷന്‍ (വരന്‍) ആണ് ഏറ്റെടുക്കുന്നവന്‍. വരന്റെ രക്ഷിതവാണ് ഏല്പിക്കുന്നവന്‍. ആ കൃത്യം നിര്‍വ്വഹിക്കപ്പെടുന്നതോടെ, വധുവിന് ആവശ്യമായ താമസസൌകര്യമൊരുക്കേണ്ടത് വരന്റെ ബാധ്യതയാണ്. സ്വാഭാവികമായും വരന്ന് സൌകര്യപ്രദവും ശറഇന്ന് വിരുദ്ധമാവാത്തതുമായ വിധം അവന്‍ തെരഞ്ഞെടുക്കുന്നത് ഏതു സ്ഥലമാണോ അവിടെയായിരിക്കണം വധു ജീവിക്കേണ്ടത്. ആചാരപ്രകാരം ഭാര്യാവീട്ടില്‍ താമസിക്കുന്നു എന്നതോ ഭര്‍തൃ വീട്ടില്‍ താമസിക്കുന്നു എന്നതോ എതിര്‍ക്കപ്പെടേണ്ട കാര്യമല്ല. 

മകള്‍ക്ക് വിവാഹത്തിന് വേണ്ടി സ്വരൂപിക്കുന്ന സ്വർണത്തിന് സകാത് നിര്‍ബന്ധമുണ്ടോ?

വിവാഹം പോലോത്ത വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വരൂപിച്ച് വെക്കുന്നത്, ആ സമയത്ത് ധരിക്കാനുള്ള ഉദ്ദേശ്യത്തോടെയാവുകയും അത് അനുവദനീയമായ ഉപയോഗത്തിന്റെ പരിധിയില്‍ വരുകയും ചെയ്യുന്നുവെങ്കില്‍ അതില്‍ സകാത് വരുന്നതല്ല. എന്നാല്‍, ആ സമയത്തേക്കുള്ള ചെലവുകളിലേക്ക് ഒരു ബാക്കിയിരുപ്പ് ആയോ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതലോ ആണെങ്കില്‍ സകാത് നിര്‍ബന്ധമാവുകയും ചെയ്യുന്നതാണ്.

വിവാഹം കഴിക്കാതിരിക്കുന്നതിന്‍റെ വിധി എന്താണ്?.

വിവാഹം എന്നത്, അതിന് സാമ്പത്തികമായും ശാരീരികമായും സാധിക്കുന്ന, മാനസികമായി ആഗ്രഹമുള്ള വ്യക്തിക്ക് സുന്നതാണ് എന്നതാണ് ഇസ്‌ലാമിന്‍റെ കാഴ്ചപ്പാട്. ആഗ്രഹവും ശേഷിയും ഇല്ലാത്തവന് അത് കറാഹതുമാണ്.

ഷാഫി മദ്ഹബിലുള്ള പുരുഷനും ഹനഫി സ്ത്രീയും തമ്മില്‍ വിവാഹിതരായാല്‍ രണ്ടാളും ഒരു മദ്ഹബ് സ്വീകരിച്ചാല്‍ മതിയോ ?

വിവാഹം ശരിയാകണമെങ്കില്‍ രണ്ടു ഇണകളും ഒരേ മദ്ഹബുകാരാവണമെന്നില്ല. വ്യത്യസ്ത മദ്ഹബുകള്‍ പിന്തുടരുന്നവര്‍ പരസ്പരം വിവാഹിതരായാല്‍ അവര്‍ പിന്തുടര്‍ന്നു പോന്നിരുന്ന വ്യത്യസ്ത മദ്ഹബുകളായി തുടരാം. ഏതെങ്കിലും ഒരു ഇണയുടെ മദ്ഹബിലേക്ക് മാറാം. അവരണ്ടുമല്ലാത്ത മറ്റൊരു മദ്ഹബും സ്വീകരിക്കാം. എല്ലാം അനുവദനീയമാണ്.  ചെറുപ്പം മുതലേ നാം അനുവര്‍ത്തിച്ചുവരുന്ന ആരാധനകളും അനുഷ്ടാനങ്ങളും ഒരു മദ്ഹബനുസരിച്ച് പ്രവര്‍ത്തിച്ചു പോരുന്നവര്‍ക്ക് ആ മദ്ഹബിലെ വിധികളും രീതികളും നിബന്ധനകളും നന്നായി വശമുണ്ടാകും. മറ്റൊരു മദ്ഹബിലേക്ക് മാറുമ്പോള്‍ രണ്ടാമത്തെ മദ്ഹബിലെ വിധികളും രീതികളും വ്യക്തമായി പഠിക്കേണ്ടതായി വരും. അത്തരം അറിവല്ലായ്മ ഇബാദത്തുകളുടെ സാധുതയെ ബാധിക്കാന്‍ സാധ്യത കൂടുതലായതിനാല്‍ സാധാരണക്കാരയവര്‍ അവര്‍ ചെറുപ്പം മുതലേ ഏത് മദ്ഹബ് പിന്തുടര്‍ന്നാണോ വളര്‍ന്നു വന്നത് അതേ മദ്ഹബ് തന്നെ തുടരലാണ് ഉത്തമം. 

സ്ത്രീകള്‍ക്ക് ആര്‍ത്തവം ഉള്ളപ്പോള്‍ നികാഹ്, വിവാഹം പോലെയുള്ള ചടങ്ങുകള്‍ അനുവദനീയമാണോ?

സ്ത്രീകള്‍ക്ക് വലിയ ശുദ്ധി ആവശ്യമായ നിസ്കാരം, ഖുര്‍ആന്‍ പാരായണം-സ്പര്‍ശനം, ഥവാഫ് പോലോത്തവയും നോമ്പ്, ലൈംഗിക ബന്ധം എന്നിവയും മാത്രമാണ് ആര്‍ത്തവകാലത്ത് നിഷിദ്ധം. നികാഹ്, വിവാഹം പോലെയുള്ള ചുടങ്ങുകളില്‍ പങ്കെടുക്കുന്നതിനു ആര്‍ത്തവം ഒരിക്കലും തടസ്സമല്ല. പക്ഷെ ആദ്യ രാത്രിയിലെ ബന്ധപ്പെടൽ ആർത്തവം ഉള്ളതിനോട് കൂടിയായാൽ ഹറാം ആയിത്തീരും.

എത്ര വയസ് മുതല്‍ ഗര്‍ഭധാരണം ആകാം, 18 വയസ്സില്‍ ഗര്‍ഭധാരണം ഉണ്ടായാല്‍ കുഴപ്പമുണ്ടോ?

വിവാഹം, വിവാഹാനന്തര ലൈംഗിക ബന്ധം, അതുമൂലമുള്ള ഗര്‍ഭധാരണം എന്നിവക്ക് ഇസ്ലാമില്‍ ഏറ്റവും കുറഞ്ഞതോ കൂടിയതോ ആയ പരിധി നിര്‍ണ്ണയങ്ങള്‍ ഇല്ല. ഗര്‍ഭധാരണത്തിനു അവിഹിത ബന്ധങ്ങള്‍ പാടില്ല. ജീവ ഹാനി, മാരക രോഗങ്ങള്‍, ശാരീരിക വൈകല്യങ്ങള്‍ എന്നിവക്കു ഗര്‍ഭധാരണം കാരണമാകുന്നുവെങ്കില്‍, ഗര്‍ഭധാരണ ഹേതുകമാകുംവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിഷിദ്ധമാകുന്നു. അത് ഏതു പ്രായമായാലും ശരി. അതിനാല്‍ അനുവദനീയമായ രീതിയില്‍ 18 വയസ്സില്‍ ഗര്‍ഭം ധരിക്കുന്നതു കൊണ്ട് ഒരു കുഴപ്പവും ഇല്ല. 

മഹര്‍ (വിവാഹ മൂല്യം) ആര്‍ക്കാണ് കൊടുക്കേണ്ടത്? വിവാഹം ചെയുന്ന സ്ത്രീക്കോ അതോ പിതാവിനോ?

മഹ്ര്‍ ആയി ലഭിക്കുന്നത് സ്ത്രീയുടെ അവകാശവും അത് അവളുടെ സ്വത്തുമാണ്. പ്രായപൂര്‍ത്തിയും തന്‍റേടവുമുള്ള സ്ത്രീയാണെങ്കില്‍ അത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശവും അവള്‍ക്ക് തന്നെയാണ്. 


ഒരു സ്ത്രീ ഒരാളെ ഇഷ്ട്ടപ്പെട്ടു.എങ്കില്‍ വലിയ്യിന്റെ സമ്മതം ഇല്ലാതെ ,അല്ലെങ്കില്‍ വലിയ്യിനെ അറിയിക്കാതെ വിവാഹം കഴിക്കാന്‍ പറ്റുമോ ?, എങ്കില്‍ ഏതു ഖാളി യാണ് അത് നടത്തി കൊടുക്കേണ്ടത് ? ഏതെങ്കിലും നാട്ടിലെ ഏതെങ്കിലും ഖാളിക്ക് അത് നടത്തി കൊടുക്കാന്‍ പറ്റുമോ ? 

വിവാഹമെന്നത് വളരെ വിശിഷ്ടവും ഏറെ പ്രാധാന്യവുമുള്ള ഒന്നാണ്. അത് ജീവിതവും ഭാവിയുമാണ്. അത് എടുത്തു ചാട്ടമാവരുത്. ഏറെ ആലോചിച്ചും ചിന്തിച്ചും എടുക്കേണ്ട തീരുമാനങ്ങളാണ്. അതിനാല്‍ എപ്പോഴും രക്ഷിതാക്കളുടെയും ബന്ധപ്പെട്ടവരുടെയും അറിവോടും അവരുടെ സമ്മതത്തോടുമായിരിക്കാന്‍ ശ്രമിക്കണം.

വലിയ്യ് ഇല്ലാത്ത അവസ്ഥയില്‍ ഒരു സ്ത്രീയുടെ വിവാഹം നടത്തിക്കൊടുക്കേണ്ടത് ഖാദിയാണ്.  നടത്തികൊടുക്കുന്ന അവസരത്തില്‍ ആ ഖാദിയുടെ അധികാര പരിധിയിലായിരിക്കണം ആ സ്ത്രീയുടെ സാന്നിധ്യം.  വലിയ്യോ വലിയ്യിന്‍റെ വകാലതുകാരനോ രണ്ടു മര്‍ഹലക്കും അപ്പുറം വിദൂരത്താവുകയോ, അല്ലെങ്കില്‍ അവന്‍റെ അടുത്തേക്ക് എത്തിപ്പെടാന്‍ കഴിയാത്തവിധം പ്രതിബന്ധങ്ങളുണ്ടാവുകയോ, അവനെ  കുറിച്ച്  കാലങ്ങളായി ഒരു വിവരവും ഇല്ലാതിരിക്കുകയോ ചെയ്താല്‍ വലിയ്യ് ഇല്ലാത്തവളെന്ന വിധിക്കു പരിധിയില്‍ വരുന്നതാണ്. അവിടെ വലിയ്യിന്‍റെ സമ്മതവും അറിവുമില്ലാതെ തന്നെ ഖാദി നേരിട്ട് വിവാഹം ചെയ്തു കൊടുത്താല്‍ ആ വിവാഹം സാധുവാകും. പക്ഷേ, വരന്‍ വധുവിനു ശറഇല്‍ അനുയോജ്യനായിരിക്കണമെന്നും വധുവിനു പ്രായപൂര്‍ത്തിയായിരിക്കണമെന്നും നിബന്ധനയുണ്ട്.

മുജ്ബിറായ വലിയ്യ് (സമ്മതം ചോദിക്കാതെ വിവാഹം ചെയ്തു കൊടുക്കാന്‍ അധികാരമുള്ള വലിയ്യ്) പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്ത്രീക്ക് ആ സ്ത്രീ അവള്‍ക്കു നിര്‍ദ്ദേശിച്ച അനുയോജ്യനായ ഒരു വരനു വിവാഹം ചെയ്തുകൊടുക്കാന്‍ വിസമ്മതിക്കുകയും അനുയോജ്യനായ മറ്റൊരു വരനെ കണ്ടെത്താതിരിക്കുകയും ചെയ്താല്‍ ആ വിവാഹം ഖാദിക്കു നടത്തി കൊടുക്കാനുള്ള അധികാരമുണ്ട്.

അതു പോലെ മുജ്ബിറല്ലാത്ത വലിയ്യ് പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്ത്രീ ഒരാളെ തന്‍റെ വരനായി നിര്‍ദ്ദേശിച്ചാല്‍ ആ വരനു മാത്രമേ വിവാഹം കഴിച്ചു കൊടുക്കാവൂ. അതിനു വിസമ്മതിച്ചാല്‍ പകരം ഖാദിക്കു ആ വിവാഹം നടത്തിക്കൊടുക്കാനുള്ള അധികാരമുണ്ട്.

വലിയ്യില്ലാത്തിടത്ത് നീതിമാനായ ഒരാളെ തന്നെ വിവാഹം ചെയ്തു കൊടുക്കാനായി സ്ത്രീക്ക് ഏല്‍പിക്കാവുന്നതാണ്.  പക്ഷേ, ഖാദിയുണ്ടെങ്കില്‍ ഈ ഏല്‍പ്പിക്കപ്പെട്ട നീതിമാന്‍ മുജ്തിഹിദു കൂടി ആവല്‍ നിബന്ധനയാണ്.


നികാഹ് ചെയ്തു കൊടുക്കാന്‍‍‍ രക്ഷാകര്‍ത്താവിന് മറ്റൊരു ആളെ ഏല്‍പിക്കാമല്ലോ. അതു പോലെ വരന്ന്, തനിക്ക് വേണ്ടി നികാഹ് സ്വീകരിക്കാ‍ന്‍ വേറെ ആളെ ഏല്‍പിക്കാ‍ന്‍ പറ്റുമോ?

പെണ്‍കുട്ടിയുടെ രക്ഷിതാവിന്, വിവാഹം കഴിച്ചുകൊടുക്കാന്‍ മറ്റൊരാളെ ഏല്‍പിക്കാം (വകാലത് ആക്കുക) എന്നത് പോലെ, തനിക്ക് വേണ്ടി നികാഹ് സ്വീകരിക്കാന്‍ വരന്ന് മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്. അത്തരം സാഹചര്യത്തില്‍ നികാഹ് സ്വീകരിക്കുന്നവന്‍, എന്നെ ചുമതലപ്പെടുത്തി
യ ഇന്ന ആള്‍ക്ക് വേണ്ടി ഞാന്‍ നികാഹ് സ്വീകരിച്ചു എന്നാണ് പറയേണ്ടത്.

ഞാനൊരു പെണ്ണിനെ അനിസ്ലാമികമായി ബന്ധപ്പെട്ടാല്‍ എന്റെ ഭാര്യയെ വേറൊരാൾ ബന്ധപ്പെട്ടിട്ടുണ്ടാകുമെന്നു പറയുന്നത് കേട്ടു ഇതു ശരിയാണോ? 

ഒരാള്‍ ഏതെങ്കിലും സ്ത്രീയുമായി വ്യഭിചരിച്ചാല്‍, അയാളുടെ ഭാര്യയും വ്യഭിചരിച്ചവളാണ് എന്ന് കരുതാമെന്നത് വളരെ തെറ്റായ ഒരു ധാരണയാണ്.  സൂറതുന്നൂറിലെ മൂന്നാമത്തെ സൂക്തം തെറ്റായി മനസ്സിലാക്കിയതാവാം ഇങ്ങനെ ഒരു ധാരണയിലേക്ക് നയിച്ചത്. പ്രസ്തുത സൂക്തം താഴെ കൊടുക്കുന്നു.

الزَّانِي لَا يَنْكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنْكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ وَحُرِّمَ ذَلِكَ عَلَى الْمُؤْمِنِينَ

(വ്യഭിചാരി വ്യഭിചാരിണിയേയോ ബഹുദൈവ വിശ്വാസിനിയേയോ മാത്രമാണ് വിവാഹം കഴിക്കാറ്. വ്യഭിചാരിണിയെ വ്യഭിചാരിയോ മുശ്‍രികോ മാത്രമാണ് വിവാഹം ചെയ്യുക അല്ലാഹു അത് വിശ്വാസികള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു)  അഥവാ സ്വാലിഹായ ഒരു വിശ്വാസി വ്യഭിചരിക്കുന്നയാളെ ഇണയായി സ്വീകരിക്കാന്‍ തയ്യാറാവുകയില്ല.

ഈ ആയത് വിശദീകരിക്കുന്നിടത്തെല്ലാം മുഫസ്സിറുകള്‍ ഇത് ആ കാലത്തു വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കൂട്ടം അമുസ്ലും സ്ത്രീകളെ കുറിച്ചാണെന്ന്  വ്യത്യസ്ത റിപോര്‍ട്ടുകളിലൂടെയും സംഭവങ്ങളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സ്ത്രീകള്‍ തങ്ങളെ വിവാഹം ചെയ്യുന്നവര്‍ക്ക് അങ്ങോട്ട് ചെലവ് കൊടുക്കുമെന്നു വാഗ്ദാനം ചെയ്തപ്പോള്‍ ദരിദ്രരായ ചില മുസ്ലിംകള്‍ അവരെ വിവാഹം ചെയ്യുന്നതിനെ കുറിച്ചാലോചിച്ചു. ഇതിനെ കുറിച്ചാണ് അല്ലാഹു പറയുന്നത് ഇത്തരം വിവാഹം വിശ്വാസികള്‍ക്ക് ഹറാമാണെന്ന്.  മാത്രമല്ല വ്യഭിചരിച്ചയാളെ ഇണയാക്കരുതെന്ന ഇതിലെ വിധി സൂറതുന്നൂറിലെ തന്നെ സൂക്തം 32 മുഖേനെ നസ്ഖ് ചെയ്തിട്ടുമുണ്ട്.

വ്യഭിചാരിയായ ഒരാളുടെ ഇണയും വ്യഭിചാരിച്ചയാള്‍ തന്നെയായിരിക്കും എന്ന ഒരു അര്‍ത്ഥം ഈ ആയതിനില്ല.


നികാഹിന്‍റെ വാചകങ്ങള്‍ പറയുമ്പോള്‍, അത് മനസ്സില്‍ കരുതല്‍ നിര്‍ബന്ധമാണോ?

നികാഹ് പോലെയുള്ള ഇടപാടുകളില്‍  നിയ്യത്തിനു പ്രസക്തിയില്ല. നികാഹില്‍ വലിയ്യും വിവാഹം കഴിക്കുന്ന ഭര്‍ത്താവും ഉച്ചരിക്കുന്ന പദങ്ങളാണ് പരിഗണിക്കുക. ഥലാഖില്‍ വ്യംഗ്യമായ പദങ്ങളുപയോഗിച്ചാല്‍ നിയ്യത്ത് പരിഗണിക്കും. ഥലാഖില്‍ വ്യക്തമായ പദങ്ങളാണുപയോഗിച്ചെതെങ്കില്‍ നിയ്യത്തിനു യാതൊരു സ്ഥാനവുമില്ല.

കല്യാണം ഉറപ്പിച്ച പെണ്ണുമായി സംസാരിക്കാന്‍ വേണ്ടി സാക്ഷികള്‍ ഇല്ലാതെ നികാഹ് ചെയ്യാന്‍ പറ്റുമോ? 

നാലു  മദ്ഹബ് പ്രകാരവും സാക്ഷികളില്ലാത്ത നികാഹ് ശരിയാവുകയില്ല. മാലികീ മദ്ഹബനുസരിച്ച് നികാഹിന്റെ സമയത്ത് സാക്ഷികള്‍ ഹാജറാവേണ്ടതില്ലെങ്കിലും ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ലൈംഗികമായി ബന്ധപ്പെടുന്നതിന് മുമ്പ് സാക്ഷികളെ വിവരം അറിയിക്കല്‍ നിര്‍ബന്ധമാണ്. ഇമാം സുഹ്‍രി (റ) സാക്ഷികളില്ലാതെ നികാഹ് ശരിയാവുമെന്ന് പറഞ്ഞിട്ടുണ്ട്. ഇമാം മാലിക് (റ) വിന്റെയും സുഹ്‍രി (റ) വിന്റെയും അഭിപ്രായമനുസരിച്ച് നികാഹിന്റെ വിവരം മറച്ച് വെക്കണമെന്ന് വസ്വിയ്യത് ചെയ്ത് കൊണ്ടാണ് വിവാഹം നടക്കുന്നതെങ്കില്‍ വിവാഹം ശരിയാവുകയില്ല. നികാഹ് വിവരം മറച്ച് വെക്കുകയെന്ന ഉദ്ദേശമില്ലെങ്കില്‍ മാലികീ മദ്ഹബോ സുഹ്‍രി ഇമാമിനേയോ തഖ്‍ലീദ് ചെയ്യാവുന്നതാണ്.എന്നാലും ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ബന്ധപ്പെടല്‍ ഹലാലാവണമെങ്കില്‍ സാക്ഷികള്‍ നിര്‍ബന്ധമാണ്.

വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിക്ക് നികാഹിന് മുമ്പ് വരന്‍റെ വീട്ടുകാര്‍ ആഭരണം ഇട്ട് കൊടുക്കുന്നു. ഇതിന്‍റെ മതവിധി എന്താണ്.?

വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിക്ക് നികാഹിന് മുന്‍പ് വരന്‍ ആഭരണമോ മിഠായിയോ വസ്ത്രമോ മറ്റോ നല്‍കുന്നത് ഹദ്‍യയായിട്ടാണ് പരിഗണിക്കപ്പെടുക. പിന്നീട് വിവാഹം വേണ്ടെന്ന് വെച്ചാല്‍ ഈ സമ്മാനങ്ങള്‍ തിരിച്ച് വാങ്ങാവുന്നതാണ്. നികാഹ് കഴിഞ്ഞ് ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷം ത്വലാഖ് ചൊല്ലിയാല്‍ തിരിച്ച് വാങ്ങല്‍ അനുവദനീയമല്ല. ബന്ധപ്പെടുന്നതിന് മുമ്പാണെങ്കില്‍ തിരിച്ച് വാങ്ങുന്നതിന് വിരോധമില്ല.

ഹിജഡകളുടെ വിവാഹം ഇസ്ലാമില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടോ?

ഹിജഡകളുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് തരമായാണ് ഹിജഡകളെ ഇസ്‍ലാം കാണുന്നത്. ഒന്ന് പുരുഷനാണെന്ന് അടയാളങ്ങള്‍ കൊണ്ട് വ്യക്തമായ ഹിജഡകള്‍, രണ്ട് സ്ത്രീയാണെന്ന് വ്യക്തമായ ഹിജഡകള്‍, മൂന്ന് പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാത്ത ഹിജഡകള്‍. ഈ മൂന്നില്‍  പുരുഷനാണെന്ന് അടയാളങ്ങള്‍ കൊണ്ട് വ്യക്തമായവരെ പുരുഷന്‍മാരായും സ്ത്രീയാണെന്ന് വ്യക്തമായവരെ സ്ത്രീകളായും പരിഗണിക്കപ്പെടണം. പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാത്ത ഹിജഡകളുടെ വിവാഹം ഇസ്‍ലാമിക നിയമപ്രകാരം സാധുവാകുകയില്ല. 

പിതൃവ്യന്റെ മകളെ വിവാഹം കഴിക്കാമോ?

പിതൃവ്യന്റെ പുത്രി മഹ്റമല്ലാത്തത് കൊണ്ട് അവളെ വിവാഹം കഴിക്കാവുന്നതാണ്. എന്നാല്‍ അടുത്ത ബന്ധത്തിലുള്ളവരെ വിവാഹം കഴിക്കാതിരിക്കലാണ് ഉത്തമം.

ഗര്‍ഭിണിയായ സ്ത്രീയെ വിവാഹം കഴിക്കുന്നതിന്റെ വിധിയെന്ത്‌

അനുവദനീയമായ ഗര്‍ഭധാരണമാണെങ്കില്‍ അവളെ വിവാഹം കഴിക്കല്‍ അനുവദനീയമല്ല. കാരണം മുന്‍ഭര്‍ത്താവിന്റെ ഇദ്ദയിലായിരുക്കുമല്ലോ ഗര്‍ഭിണിയായ സ്ത്രീ. ഇദ്ദയുടെ അവസരത്തില്‍ വിവാഹം ചെയ്യുന്നത് ശരിയല്ല. ഗര്‍ഭിണിയുടെ ഇദ്ദ അവസാനിക്കുന്നത് പ്രസവം കൊണ്ടാണ്. വ്യഭിചാരം മുഖേനയാണ് ഗര്‍ഭം ധരിച്ചതെങ്കില്‍ അവളെ ശാഫീ മദ്ഹബ് പ്രകാരം വിവാഹം ചെയ്യുകയും സംയോഗത്തിലേര്‍പെടുകയുമാവാം. കാരണം വ്യഭിചാരത്തിന് ഇദ്ദയില്ല. എന്നാലും പ്രസവിക്കുന്നതിന് മുമ്പ് അവളെ വിവാഹം ചെയ്യുന്നത് കറാഹതാണ്. മാലികീ മദ്ഹബ് പ്രകാരം വ്യഭിചരിച്ച സ്തീയും ഇദ്ദ ഇരിക്കല്‍ നിര്‍ബന്ധമാണ്. വ്യഭിചാരം മുഖേന ഗര്‍ഭിണിയായാല്‍ അവളെ പ്രസവിക്കുന്നത് വരെ വിവാഹം ചെയ്യല്‍ ശരിയാവില്ലെന്ന് ഇമാം അബൂ യൂസുഫും ഇമാം അബൂ ഹനീഫ (റ) വും പറഞ്ഞിരിക്കുന്നു. വിവാഹം ചെയ്യല്‍ അനുവദനീയമെങ്കിലും അവളുമായി സംയോഗത്തിലേര്‍പെടല്‍ ഹറാമാണെന്ന് മറ്റൊരു വിഭാഗം പണ്ഡിതര്‍ പറഞ്ഞിരിക്കുന്നു. 

വിവാഹം കഴിഞ്ഞ് ആദ്യ രാത്രി കഴിഞ്ഞാല്‍ ബന്ധപ്പെട്ടില്ലെങ്കിലും ഇദ്ദ നിര്‍ബന്ധമാണോ ?

ശാഫിഈ മദ്ഹബ് പ്രകാരം സംയോഗമോ ഹലാലായ രൂപത്തില്‍ ഇന്ദ്രിയം സ്ത്രീയുടെ ഗുഹ്യവയവത്തില്‍ പ്രവേശിപ്പിക്കല്‍ കൊണ്ടോ ആണ് ഇദ്ദ നിര്‍ബന്ധമാവുക. ഇത്തരം പ്രവര്‍ത്തനങ്ങളില്ലാതെ സമാഗമം കൊണ്ട് മാത്രം ഇദ്ദ നിര്‍ബന്ധമാവില്ല. 

മറ്റു മദ്ഹബുകള്‍ പ്രകാരം സംയോഗം നടന്നില്ലെങ്കിലും ശരീഅത് അനുവദിച്ച രഹസ്യ സംഗമം (خلوة) കൊണ്ട് തന്നെ ഇദ്ദ നിര്‍ബന്ധമായിത്തീരുന്നതാണ്. 


ആണുങ്ങള്‍ക്ക് സ്വാലിഹത്തായ ഇണയെ കിട്ടാനും, വിവാഹം ശരിയാകാനുള്ള ദുആ പറഞ്ഞ് തരാമോ

എന്തെങ്കിലും നല്ല ആവശ്യങ്ങള്‍ ലഭിക്കാന്‍ റസൂല്‍ രണ്ട് റകഅത് നിസ്കരിക്കാന്‍ കല്‍പിച്ചിട്ടുണ്ട്. صلاة الحاجة എന്നാണ് ഈ നിസ്കാരത്തിന്റെ നാമം. ആദാബുകളൊക്കെ പാലിച്ച് വുദു ചെയ്ത് രണ്ട് റകഅത് നിസ്കരിക്കുക. ശേഷം ഹംദും സ്വലാതും ചൊല്ലി ഇങ്ങനെ ദുആ ചെയ്യുക:

لا إله إلا الله الحليم الكريم سبحان الله رب العرش العظيم الحمد لله رب العالمين أسألك موجبات رحمتك وعزائم مغفرتك والغنيمة من كل بر والسلامة من كل إثم لا تدع لي ذنبا إلا غفرته ولا هما إلا فرجته ولا حاجة هي لك رضاء إلا قضيتها يا أرحم الراحمين


പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം നടത്താമോ?

കന്യകയായ പെണ്‍കുട്ടിയെ അവളുടെ സമ്മതമില്ലാതെ പിതാവിനോ വല്യുപ്പക്കോ വിവാഹം നടത്താവുന്നതാണ്. അവര്‍ കുട്ടിയുടെ നന്മയും ഗുണവും പൂര്‍ണ്ണമായും പരിഗണിക്കുമെന്നതിനാലും കുട്ടിയേക്കാള്‍ അത് മനസ്സിലാക്കാനാവുക അവര്‍ക്കായിരിക്കും എന്നതിനാലുമാണ് അത്. എന്നാല്‍പോലും സമ്മതം തേടുന്നത് സുന്നതാണ്. എന്നാല്‍ അവര്‍ക്ക്  കുട്ടിയുമായി വിരോധമൊന്നുമില്ലാതിരിക്കുകയും വിവാഹം കഴിച്ചുകൊടുക്കുന്നത് അനുയോജ്യനായ ഭര്‍ത്താവിനായിരിക്കുകയും വേണം. ഇതല്ലാത്ത ഒരു സാഹചര്യത്തിലും പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം ശരിയാവുന്നതല്ല. കന്യകയുടെ മൌനം തന്നെ സമ്മതമായി പരിഗണിക്കുന്നതാണ്. എന്നാല്‍ കന്യകയല്ലാവത്തവള്‍ സമ്മതം വ്യക്തമായി പറയുക തന്നെ വേണം.


ജാര സന്തതിയുടെ വിവാഹം നടത്തേണ്ടത് അല്ലെങ്കില്‍ കൈ പിടിച്ചു കൊടുക്കേണ്ടത് ആര്

ഇസ്‍ലാമിക വീക്ഷണ പ്രകാരം ജാര സന്തതിക്ക് പിതാവില്ല. അതിനാല്‍ പിതാവ് മുഖേനയുള്ള കുടുംബങ്ങളും ഉണ്ടാവില്ലല്ലോ. മാതാവ് മുഖേനയുള്ള കുടുംബം നികാഹില്‍ വലിയ്യാവാന്‍ പറ്റില്ല. അത് കൊണ്ട് ജാരസന്തതി ولي ഇല്ലാത്തവളായി പരിഗണിക്കപ്പെടണം. വലിയ്യില്ലാത്തവരെ വിവാഹം ചെയ്തു കൊടുക്കേണ്ടത് പെണ്ണിന്റെ നാട്ടിലെ ഖാളിയാണ്. അവളുടെ സമ്മതത്തോടെ ഖാളി തന്റെ അധികാര പരിധിയില്‍ വെച്ച് അവളെ വിവാഹം ചെയ്തു കൊടുക്കണം. ഖാളിക്ക് കുട്ടികളുടെ സംരംക്ഷകരേയോ മറ്റു ബന്ധുക്കളേയോ ഏല്‍പിക്കുകയുമാവാം. 

ഒരു അമുസ്ലിം യുവതിയെ മുസ്ലിം ആക്കി വിവാഹം ചെയ്യാന്‍ പറ്റുമോ? അങ്ങിനെ ചെയ്താല്‍ പുണ്യം കിട്ടുമോ?

അള്ളാഹുവിന്റെ മതത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നതും ദീനിനെ കുറിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതും പുണ്യമാണ്. മാത്രമല്ല സത്യം ഗ്രഹിച്ച മുസ്‍ലിമിന്റെ ഉത്തരവാദിത്വം കൂടിയാണ് മറ്റുള്ളവര്‍ക്കും ആ സത്യം പറഞ്ഞു കൊടുക്കല്‍. വിവാഹം കഴിക്കാം അല്ലെങ്കില്‍ സമ്പത്ത് നല്‍കാം തുടങ്ങിയ ഓഫറുകള്‍ നല്‍കിയല്ല ആരെയും ഇസ്‍ലാമിലേക്ക് ക്ഷണിക്കേണ്ടത്. അങ്ങനെ നബിയോ സ്വഹാബതോ മറ്റു സലഫുകളോ ചെയ്തതായി കാണുന്നില്ല. മറിച്ച് അള്ളാഹു ഏകനാണെന്നും നബി (സ്വ) യെ സംബന്ധിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും പറഞ്ഞു മനസ്സിലാക്കിയാണ് മറ്റുള്ളവരെ സത്യത്തിലേക്ക് ക്ഷണിക്കേണ്ടത്. എല്ലാ മുസ്‍ലിം സ്ത്രീകളെയും വിവാഹം ചെയ്യാമെന്ന പോലെ പുതുതായി മുസ്‍ലിമായ സ്ത്രീയേയും വിവാഹം ചെയ്യാം. 

No comments:

Post a Comment