Friday 20 March 2020

കയ്യുറ ധരിച്ചു നിസ്കരിക്കുന്നതിന്‍റെ ഇസ്ലാമിക വിധി എന്താണ്? നിസ്കാരത്തിന് കോട്ടം തട്ടുമോ?



സുജൂദ് ചെയ്യുമ്പോള്‍ നിലത്ത് വെക്കല്‍ നിര്‍ബന്ധമായ അവയവങ്ങള്‍ (1)നെറ്റി (2)രണ്ട് കാല്‍മുട്ടുകള്‍ (3)രണ്ടുകൈകളുടെയും പള്ളഭാഗം(4)കാല്‍വിരലുകളുടെ പള്ളകള്‍ എന്നിവയാണ്.


സുജൂദില്‍ മൂക്ക് നിലത്ത് വെക്കല്‍ ശക്തിയായ സുന്നത്താണ്. നിര്‍ബന്ധമില്ല.


മേല്‍പറയപ്പെട്ട അവയവങ്ങളില്‍ നിന്നൊക്കെ നിലത്ത് വെക്കാന്‍ സാധ്യമാകുന്ന അല്‍പം ഭാഗം നിലത്ത് വെക്കുക മാത്രമേ വേണ്ടൂ. നിലത്ത് തട്ടിക്കാന്‍ പ്രയാസമുള്ള കാല്‍ വിരലുകള്‍, നെറ്റിയുടെ മുഴുവന്‍ ഭാഗം എന്നിവയൊന്നും പ്രയാസപ്പെട്ട് നിലത്ത് വെക്കാന്‍ ശരീഅത്ത് ആവശ്യപ്പെടുന്നില്ല.


മേല്‍പറയപ്പെട്ട നിലത്ത് വെക്കേണ്ട അവയവങ്ങളില്‍ നെറ്റി മാത്രമേ ഒരു മറയും കൂടാതെ നേരിട്ട് തുറന്ന അവസ്ഥയില്‍ നിലത്ത് വെക്കല്‍ നിര്‍ബന്ധമുള്ളൂ. നിര്‍ബന്ധമായും നിലത്ത് വെക്കേണ്ട മറ്റു അവയവങ്ങളൊന്നും ഒരു മറയും കൂടാതെ തുറന്ന അവസ്ഥയില്‍ നിലത്ത് തട്ടിക്കണമെന്ന് നിര്‍ബന്ധമില്ല.


എന്നാല്‍ കൈപള്ളകള്‍ തുറന്ന അവസ്ഥയില്‍ നിലത്ത് തട്ടിക്കല്‍ സ്ത്രീക്കും പുരുഷനും സുന്നത്താണ്. കാല്‍വിരലുകളുടെ പള്ളകള്‍ തുറന്ന അവസ്ഥയില്‍ നിലത്ത് തട്ടിക്കല്‍ പുരുഷന്‍മാര്‍ക്ക് സുന്നത്താണ്. സ്ത്രീക്ക് കാല്‍പാദം തുറന്നുവെച്ചാല്‍ ഔറത്ത് വെളിവാകുന്നതിനാല്‍ കാല്‍പാദം മറക്കല്‍ നിര്‍ബന്ധമാണ്.


കാല്‍മുട്ട് തുറന്ന അവസ്ഥയില്‍ നിലത്ത് മുട്ടിച്ചാല്‍ സത്രീയുടെ ഔറത്ത് വെളിവാകുന്നതിനാല്‍ അവള്‍ക്കത് ഹറാമും പുരുഷന്‍ കാല്‍മുട്ട് തുറന്ന് നിലത്ത് തട്ടിച്ചാല്‍ ഔറത്ത് വെളിവാകാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാല്‍ അവനത് കറാഹത്തുമാണ്.


ചുരുക്കത്തില്‍ കയ്യുറ ധരിച്ചു നിസ്കരിക്കുന്നത് കൊണ്ട് സുജൂദിന് ഭംഗം വരുന്നില്ല. തുറന്നു വെക്കല്‍ സുന്നത്തേ ഉള്ളൂ.


മറുപടി നൽകിയത് :  മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment