Saturday 28 March 2020

നിസ്‌കാര ശേഷമുള്ള കൂട്ടുപ്രാർത്ഥന അനുവദനീയമാണോ



ഇമാം നവവി (റ) പറയുന്നു: നിസ്കാര ശേഷം ഇമാമിനും മഅ്മൂമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും ദിക്റും ദുആഉം സുന്നത്താണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. ഇമാമിന് സുബ്ഹിയുടേയും അസ്വറിന്റേയും ശേഷം മാത്രമേ ദുആഅ് സുന്നത്തുള്ളൂ മറ്റു നിസ്കാരങ്ങളിൽ അങ്ങനെയില്ലായെന്ന ധാരണക്ക് അടിസ്ഥാനമില്ല. യഥാർത്ഥത്തിൽ എല്ലാ നിസ്കാര ശേഷവും ഇമാമിന് പ്രാർത്ഥന സുന്നത്താണ്. അങ്ങനെ ഇമാം പ്രാർത്ഥിക്കുമ്പോൾ ജനങ്ങൾക്ക് അഭിമുഖമായിട്ടായിരിക്കലും സുന്നത്താണ് ( ശറഹുൽ മുഹദ്ദബ്).


നബി (സ്വ) അരുൾ ചെയ്തു: ഇമാം മഅ്മൂമീങ്ങളെ ഉൾപ്പെടുത്താതെ സ്വന്തത്തിന് വേണ്ടി ദുആ ചെയ്താൽ അവൻ അവരെ വഞ്ചിച്ചവനാണ് (ഇബ്നു മാജ്ജഃ). ഈ ഹദീസിൽ ഉദ്ദേശിക്കപ്പെടുന്നത് ഇമാം നിസ്കാരത്തിലും നിസ്കാരത്തിന് ശേഷവും ദുആ ചെയ്യുമ്പോൾ എന്നാണ്. അതിനാൽ നിസ്കാരത്തിന് ശേഷം മഅ്മൂമീങ്ങളെ കൂടി ഉൾപ്പെടുത്തി ബഹുവചനത്തോടെ ഖുആനിലും ഹദീസിലും വന്ന ദുആകൾ കൊണ്ട് ഇമാം പ്രാർത്ഥിക്കണമെന്ന് ഇമാം ഇബ്നുൽ ജൌസി (റ) വ്യക്തമാക്കുന്നു (അൽഹിസ്നുൽ ഹസ്വീൻ)


അബ്ദുല്ലാഹി ബിനു ഉമർ (റ) റിപ്പോർട്ട് ചെയ്യുന്നു: നബി (സ്വ) സ്വുബ്ഹ് നിസ്കാര ശേഷം മഅ്മൂമീങ്ങളിലേക്ക് തിരിഞ്ഞിട്ട്  اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا എന്ന് (അവരെക്കൂടി ഉൾപ്പെടുത്തി ബഹുവചനം കൊണ്ട്) ദുആ ചെയ്തു(ത്വബ്റാനി). ചുരുക്കത്തിൽ നിസ്കാര ശേഷമുള്ള കുൂട്ടു പ്രാർത്ഥന പുതുമയുള്ളതോ ബിദ്അത്തോ അല്ല.

No comments:

Post a Comment