Sunday 22 March 2020

പരദൂഷണം അനന്തര ഫലങ്ങൾ






ഇമാം നവവി (റ) പറയുന്നു: പ്രായപൂര്‍ത്തിയെത്തിയ വിവേകമുള്ള ഓരോ വ്യക്തിയും ഉപകാരപ്രദമല്ലാത്ത സകല സംസാരങ്ങളില്‍ നിന്നും തന്റെ നാവിനെ സൂക്ഷിക്കേണ്ടതുണ്ട്. സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യുന്നതില്‍ പ്രത്യേകിച്ച് വിത്യാസമൊന്നുമില്ലാത്ത ഒരു കാര്യമാണെങ്കില്‍ പോലും അത് സംസാരിക്കാതെ നാവിനെ പിടിച്ചു വെക്കലാണ് സുന്നത്ത്. കാരണം അത്തരത്തിലുള്ള സംസാരം പിന്നീട് വെറുക്കപ്പെട്ട സംസാരങ്ങളിലേക്കും നിഷിദ്ധമായ സംസാരങ്ങളിലേക്കും കൊണ്ടെത്തിക്കും. സാധാരണ അങ്ങനെയാണ് സംഭവിക്കാറുള്ളത്. സുരക്ഷിതമായിടത്ത് നിന്നാല്‍ അതിന് തുല്യമായി മറ്റൊന്നും തന്നെയില്ല.(അല്‍ അദ്കാര്‍)

“സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റകരമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെ പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചു പറയുകയും അരുത്. തന്‍റെ സഹോദരന്‍ മരിച്ചു കിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുനവനും കരുണാനിധിയുമാകുന്നു.”
.
(സൂറ.ഹുജുറാത്ത്: 12)


അല്ലാഹു ചോദിക്കുന്നു: സ്വന്തം സഹോദരന്റെ ചേതനയറ്റ ശരീരം തിന്നാന്‍നിങ്ങളാരെങ്കിലും താല്‍പര്യം കാണിക്കുമോ? (ഖുര്‍ആന്‍).

സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.(ഖു൪ആന്‍ :49/6)

സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്‌) എത്ര ചീത്ത. വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.(ഖു൪ആന്‍  :49/11)


“അബൂ ഹുറൈറ (റ) വില്‍ നിന്ന് നിവേദനം; നബി (സ) പറഞ്ഞു; ഗീബത്ത് (പരദൂഷണം) എന്താണ് എന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു; അല്ലാഹുവിനും റസൂലിനും അറിയാം. 
“നിന്‍റെ സഹോദരനെ സംബന്ധിച്ച് അവന്‍ വെറുക്കുന്ന കാര്യം പറയലാണത്. ആരോ ചോദിച്ചു; ഞാന്‍ പറയുന്ന കാര്യം എന്‍റെ സഹോദരനില്‍ ഉണ്ടെങ്കിലോ? നബി (സ) പറഞ്ഞു; നീ പറയുന്നത് അവനില്‍ ഉണ്ടെങ്കില്‍ നീ അവനെ സംബന്ധിച്ച് പരദൂഷണം പറഞ്ഞിരിക്കുന്നു. അവനില്‍ അത് ഇല്ലെങ്കില്‍ നീ കളവ് പറഞ്ഞിരിക്കുന്നു.” 


അബൂഹുറൈറ(റ) പറയുന്നു: “ഒരിക്കല്‍ഞങ്ങളുടെ സദസ്സില്‍നിന്ന് നബി(സ്വ) എഴുന്നേറ്റു. അതുകണ്ട് പതിവനുസരിച്ച് ഞങ്ങളും എഴുന്നേറ്റു. ഒരാള്‍മാത്രം അപ്പോഴും ഇരിക്കുന്നത് കണ്ട് ചിലര്‍പറഞ്ഞു: ഹോ! മൂപ്പര്‍ക്കെന്താണാവോ ഇത്ര ആവതില്ലായ്മ? ഇതു കേട്ടപാടെ നബി(സ്വ) പറഞ്ഞു: നിങ്ങള്‍സ്വന്തം സുഹൃത്തിന്റെ മാംസം തിന്നുന്നു. അവനെ ഗീബത്ത് പറയുന്നു.’


പരദൂഷകര്‍ ചീഞ്ഞ ശവം തിന്നുക..!!

നബി(സ്വ) പറയുന്നു: നിങ്ങളിലൊരുത്തന്‍ ഒരു മുസ്ലിമായ സ്‌നേഹിതന്റെ മാംസം ഭക്ഷിക്കുന്നതിനേക്കാളും(പരദൂഷണം പറയുക) ഉത്തമം ദുര്‍ഗന്ധം ഭവിക്കുന്ന ശവം തിന്ന് വയര്‍ നിറക്കലാണ്‌.

 مساوئ الأخلاق للخرائطي ( المتوفي : 327هـ )
                        
ഖൈസ് ബ്‌നു അബീ ഹാസിന്‍ എന്ന മഹാന്‍ പറയുന്നു: അംറ് ബ്‌നുൽ  ആസ്(റ) ചത്ത് കിടക്കുന്ന ഒരു കോവര്‍ കഴുതയുടെ അരികിലൂടെ നടക്കുകയാണ്. അതിന്റെ വയര്‍ വീര്‍ത്ത് പൊട്ടി ദുര്‍ഗന്ധം വമിക്കുന്നുണ്ട്. മഹാനവര്‍കള്‍ അവിടെ നിന്നു. എന്നിട്ടു പറഞ്ഞു:അല്ലാഹുവാണ് സത്യം, ആരെങ്കിലും തന്റെ സ്‌നേഹിതനെ  കുറ്റം പറയുന്നതിനേക്കാളും നല്ലത് ഈ കോവര്‍ കഴുതയെ തിന്ന് വയറ് നിറക്കലാണ്.

 مساوئ الأخلاق للخرائطي ( المتوفي : 327هـ )


ഇമാം നവവി- റഹിമഹുല്ലാഹ് - പറഞ്ഞു: (എന്തെങ്കിലും) സംസാരിക്കുവാന്‍ ഉദ്ദേശിച്ചവന്‍,അത് സംസാരിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് തന്‍റെ മനസില്‍ ഉറ്റാലോചിക്കുന്നത് അനിവാര്യമാണ്. അതിന്‍റെ നന്‍മ വ്യക്തമായാല്‍  സംസാരിക്കുക. അല്ലെങ്കില്‍ മിണ്ടാതിരിക്കുക. (ശറഹു മുസ്‌ലിം)

ഒരു മുസ്‌ലിമിനെ ഭക്ഷിക്കുന്നതിനേക്കാള്‍ (പരദൂഷണം പറയുന്നതിനേക്കാള്‍)  നല്ലത് ചത്ത കോവര്‍ കഴുതയുടെ മാംസം ഭക്ഷിക്കലാണെന്നു  നബി(സ) പറഞ്ഞതായി അംറബ്നു ആസ്വ് (റ) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

സ്വന്തം ന്യൂനതകളെയും ദൌര്‍ബല്യങ്ങളെയും കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുക എന്നതാണ് പരദൂഷണ മനോഭാവത്തില്‍ നിന്ന് രക്ഷ നേടാനുള്ള വഴി. തന്റെ ന്യൂനത എന്താണെന്ന് തിരിച്ചറിയുന്നവന്‍ അപരന്റെ  ന്യൂനതകള്‍ അന്വേഷിച്ചു പരക്കം പായുകയോ പ്രചരിപ്പിക്കുകയോ ഇല്ല. പ്രവാചകന്‍(സ) പറഞ്ഞു: തന്റെ ന്യൂനതകള്‍ അന്വേഷിച്ചു നടന്നതിനാല്‍ ജനങ്ങളുടെ ന്യൂനതകള്‍ വിസ്മരിച്ച വ്യക്തിക്ക് ഭാവുകങ്ങള്‍." (ബൈഹഖി)

കൂട്ടുകാരന്റെ കുറ്റങ്ങളും കുറവുകളും പറയണമെന്ന് ആഗ്രഹിക്കുമ്പോള്‍ നിന്റെ കുറ്റങ്ങളും കുറവുകളും നീ ചിന്തിക്കുക. (ഇബ്നു അബീ ദുന്‍യ)

ഒരാളുടെ കുറവുകൾ പോലും നമ്മൾ ചിന്തിക്കാനും , മറ്റുള്ളവരോട് അതിനെപ്പറ്റി പറയാനും തുനിയണ്ട.

ആഇശ (റ) പറയുന്നു: "ഒരിക്കല്‍ ഞാന്‍ പ്രവാചകന്റെ സന്നിധിയില്‍ വെച്ച് ഒരാളുടെ അംഗവിക്ഷേപങ്ങള്‍ അഭിനയിച്ചു  കാണിക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു. ഒരു മനുഷ്യനെയും ഇപ്രകാരം അനുകരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. എനിക്ക് ഇന്നയിന്ന മേന്മകളെല്ലാം ലഭിക്കുകയാണെങ്കില്‍  പോലും" (അബൂ ദാവൂദ് - തിര്‍മുദി)

നബി(സ്വ) പറഞ്ഞു: കുത്തിപറയുന്നവനും ശാപവാക്കുകള്‍ പറയുന്നവനും വൃത്തികെട്ട മ്ലേച്ച വാക്കുകള്‍ പറയുന്നവനും വിശ്വാസിയല്ല.(ബുഖാരി റഹ്)

ആയിശ(റ) പറയുന്നു : ഞാന്‍ നബിയോട് (സ്വ) പറയുകയുണ്ടായി: ഇന്നയിന്ന സ്വഭാവമുള്ള സ്വഫിയ്യയില്‍ നിന്ന് താങ്കള്‍ക്ക് മതിയായില്ലേ, അവള്‍ കുറിയവളാണല്ലോ? അപ്പോള്‍ നബി (സ്വ) പറഞ്ഞു: നീ പറഞ്ഞ പദം സമുദ്രത്തില്‍ ഒഴുക്കുകയാണെങ്കില്‍ അത് മുഴുവനും ചീത്തയാകാന്‍ അത് മതിയാകുന്നതാണ്.(അബൂദാവൂദ് റഹ്)

തെറ്റ് ചെയ്തതിന്റെ പേരില്‍ ഒരാള്‍ തന്റെ സഹോദരനെ പരിഹസിച്ചാല്‍ ആ തെറ്റ് അയാളും ആവര്‍ത്തിച്ചിട്ടല്ലാതെ അള്ളാഹു അയാളെ മരിപ്പിക്കുകയില്ല. (തിര്‍മുദി)

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:  നബി (സ്വ) ചോദിച്ചു: 'പാപ്പരായവര്‍ ആരാണെന്ന് അറിയുമോ?' സ്വഹാബികള്‍ പറഞ്ഞു: 'പണവും വിഭവങ്ങും ഇല്ലാത്തവനാണ് പാപ്പരായവന്‍.' നബി(സ്വ) പറഞ്ഞു: 'എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഒരുനാണ്, നമസ്‌കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷേ, അവന്‍ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി അപവാദം പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും. മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവര്‍ക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്തുകൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തില്‍ തള്ളപ്പെടും' (മുസ്‌ലിം റഹ് ).

"അല്ലാഹുവിന്റെ പ്രവാചകന്‍ അരുളി: പരദൂഷണം വ്യഭിചാരത്തേക്കാള്‍ വലിയ കഠിനമായ കുറ്റമാണ്. "! ആളുകള്‍ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ, പരദൂഷണം എന്ത് കൊണ്ടാണ് വ്യഭിചാരത്തേക്കാള്‍ കഠിനമായ കുറ്റമാകുന്നത്"?  തിരുമേനി(സ) അരുളി : "ഒരു മനുഷ്യന്‍ വ്യഭിചരിച്ചാല്‍ അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കും. എന്നാല്‍ പരദൂഷകന് അവന്‍ ആരെ കുറിച്ച് പരദൂഷണം പറഞ്ഞുവോ അയാള്‍ വിട്ടു കൊടുക്കുന്നത് വരെ അല്ലാഹു പൊറുത്തു കൊടുക്കുകയില്ല."


ആരെങ്കിലും ഇങ്ങോട്ട് ചീത്ത വിളിച്ചാല്‍ ക്ഷമിക്കലാണ് ശ്രേഷ്ടവും കരണീയവും. അപ്പോള്‍ മലക്കുകള്‍ ചീത്ത പറയുന്നവനെ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യും: തിരിച്ചും ചീത്ത വിളിച്ചാലോ? സദസ്സ് ഭാഗ്യശൂന്യമായി മലക്കുകള്‍ പിരിഞ്ഞു പോകും. എന്നാല്‍ നാവിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഒരാളുടെ ഇഹപര സൌഭാഗ്യങ്ങളെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ളവന്‍ നല്ലതു പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. (ബുഖാരി/മുസ്‌ലിം റഹ്)

“ഹുദൈഫ (റ)ല്‍ നിന്ന് നിവേദനം; നബി (സ) പറയുന്നത് ഞാന്‍ കേട്ടു. ഏഷണി പറഞ്ഞു നടക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.”

“അനസുബ്നു മാലിക് (റ) ല്‍ നിന്നും നിവേദനം; അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു; ഉന്നതനും പ്രതാപവാനുമായ എന്‍റെ രക്ഷിതാവ് എന്നെയും കൊണ്ട് മിഅ്റാജ് നടത്തിയ വേളയില്‍ ഒരു സമൂഹത്തിന്‍റെ അരികിലൂടെ കടന്നുപോയി. അവര്‍ക്ക് ലോഹം കൊണ്ടുള്ള നഖങ്ങളുണ്ട്. അവര്‍ അതുകൊണ്ട് അവരുടെ മുഖവും നെഞ്ചും മാന്തിക്കൊണ്ടിരിക്കുന്നുണ്ട്. അപ്പോള്‍ ജിബ്‌രീലിനോട് അവര്‍ ആരാണെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ജിബ്‌രീല്‍ (അ) പറഞ്ഞു; അവര്‍ ജനങ്ങളുടെ മാംസം തിന്നുന്നവരും (പരദൂഷണം പറയുന്നവരും) ജനങ്ങളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചവരുമാകുന്നു.” 

മൂസാ നബി(അ)ക്ക് ബോധനം നല്‍കവെ അല്ലാഹു പറഞ്ഞു: ഗീബത്തില്‍നിന്ന് പശ്ചാതാപ വിവശനായി മൃതിയടഞ്ഞവന്‍പോലും ഏറ്റവും അവസാനമേ സ്വര്‍ഗത്തിലെത്തൂ. ഗീബത്ത് തൊഴിലാക്കി കാലം കഴിച്ചവന്‍ഏറ്റവും ആദ്യം നരകത്തിലെത്തുകയും ചെയ്യും.

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു : താന്‍ കേട്ടതെല്ലാം പറഞ്ഞു നടക്കുക എന്നത് തന്നെ ഒരാളില്‍ മതിയായ പാപമാണ് (മുസ്ലിം റഹ് )

നബി (സ്വ) പറഞ്ഞു: ആരെങ്കിലും ഒരു മുസ്ലിമായ മനുഷ്യന്റെ മാംസം തിന്നുകയാണെങ്കില്‍ തീ൪ച്ചയായും അല്ലാഹു അവനെ നരകത്തില്‍ നിന്ന് അതുപോലെ തീറ്റിക്കുന്നതാണ്. (അബൂദാവൂദ് റഹ്)

ആധ്യാത്മ പുരുഷനായ ഇബ്റാഹീമുബ്നുല്‍അദ്ഹമിനെ ഒരാള്‍വിരുന്നിന് ക്ഷണിച്ചു. മഹാന്‍ക്ഷണം സ്വീകരിച്ച് സ്ഥലത്തെത്തി. അപ്പോള്‍സദസ്സിലുള്ളവര്‍ അവിടെയില്ലാത്ത ഒരാളെക്കുറിച്ച് പരദൂഷണം പറയുകയായിരുന്നു. അതുകണ്ട് അദ്ദേഹം പറഞ്ഞു: “വല്ലാത്തൊരു നാശം! ഒരു സഹോദരനെ ഗീബത്ത് പറയുന്ന വേദിയിലാണല്ലോ ഞാനീ വന്നിരിക്കുന്നത്. എന്റെ കാലദോഷം.’ ഉടന്‍അവിടംവിട്ട ശൈഖ് മൂന്നു ദിവസം പിന്നെ ഭക്ഷണം കഴിച്ചതുപോലുമില്ല.

ഗീബത്ത് പറയുന്നവന്റെ ഉപമ മിന്‍ജനിഖ് (കല്ലും മറ്റും ദൂരത്തേക്ക് എറിയാനുപയോഗിക്കുന്ന ഉപകരണം) സ്ഥാപിച്ച് സ്വന്തം സുകൃത ഫലങ്ങള്‍കിഴക്കും പടിഞ്ഞാറും എയ്ത് തീര്‍ക്കുന്നവനെപ്പോലെയാകുന്നു.

അന്ത്യദിനത്തില്‍ഒരാള്‍ഹാജരാകും. നന്മതിന്മള്‍രേഖപ്പെടുത്തിയ കിതാബില്‍നോക്കുോള്‍ ഒരു നന്മയും ദൃശ്യമാകില്ല. അപ്പോള്‍അയാള്‍ പരിതപിക്കും. എന്റെ നിസ്കാരങ്ങളെവിടെ, നോമ്പുകളെവിടെ, സുകൃതങ്ങളെവിടെ? അയാള്‍ക്കിങ്ങനെ മറുപടി കിട്ടും: നിന്റെ കര്‍മഫലങ്ങളെല്ലാം പരദൂഷണം നശിപ്പിച്ചു കളഞ്ഞു. ജനങ്ങളെ ദൂഷ്യം പറഞ്ഞ് നടക്കുകയായിരുന്നില്ലേ നീ.

പരദൂഷണത്തിനിരയായ സത്യവിശ്വാസിക്ക് അതു കാരണം തന്റെ പാപങ്ങളില്‍നിന്ന് പകുതി പൊറുക്കപ്പെടുമെന്നാണ് പ്രമാണം. പരലോകത്ത് ഗ്രന്ഥങ്ങള്‍വലതുകൈയില്‍ഏറ്റുവാങ്ങുന്ന ചിലര്‍ അവ പരിശോധിക്കുമ്പോൾ ഇഹലോകത്ത് വെച്ച് ചെയ്യാത്ത കുറേ നന്മകളുടെ കണക്കുകള്‍ കണ്ടമ്പരക്കും. അവര്‍ക്ക് ഇങ്ങനെ മറുപടി കിട്ടും: ഇതൊക്കെ നിന്നെക്കുറിച്ച് ഗീബത്ത് പറയപ്പെട്ടതിനു പകരമായി കിട്ടിയതാകുന്നു.

ഹസനുല്‍ബസ്വരി(റ)ന്റെ അരികില്‍ഒരാള്‍വന്നു പറഞ്ഞു: ഗുരോ, ഒരാള്‍അങ്ങയെ ഗീബത്ത് പറയുന്നതായി കേള്‍ക്കാനിടവന്നു. മഹാന്‍ഉടനെ ഒരു സഞ്ചി നിറയെ മധുര പലഹാരമെടുത്ത് ഗീബത്ത് പറഞ്ഞ മനുഷ്യന് കൊടുത്തയച്ചു. അയാളോടിങ്ങനെ പറയാന്‍ഭൃത്യനെ ഏല്‍പിക്കുകയും ചെയ്തു: “നിങ്ങള്‍നിങ്ങളുടെ വിലപിടിപ്പുള്ള കര്‍മഫലങ്ങള്‍ എനിക്കു വെറുതെ തന്നതായി അറിയാന്‍കഴിഞ്ഞു. അതിന്നു പകരമായി ഇതു സ്വീകരിച്ചു സംതൃപ്തനാവുക.’

ജുനൈദ്(റ) പറയുന്നു: ഞാന്‍ബഗ്ദാദിലൊരു ജനാസ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അപ്പോള്‍അവിടെയൊരു ഫഖീര്‍ പ്രത്യക്ഷപ്പെട്ടു. ആളുകളോട് യാചിച്ചുനീങ്ങുന്ന അയാളെ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍പറഞ്ഞു: വല്ല തൊഴിലുമെടുത്ത് ജീവിച്ചാല്‍ ഇയാള്‍ക്കെത്ര നന്നു.’

മയ്യിത്ത് നിസ്കാരവും അനുബന്ധ കര്‍മങ്ങളും കഴിഞ്ഞ് ഞാന്‍വീട്ടിലെത്തി. രാത്രി വിര്‍ദുകള്‍കഴിഞ്ഞ് ഉറങ്ങാന്‍കിടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ഒരു സംഘമാളുകള്‍ പകലില്‍കണ്ട ഫഖീറിനെ വലിയൊരു സുപ്രയില്‍കിടത്തി കൊണ്ടുവരുന്നതായി സ്വപ്ന ദര്‍ശനമുണ്ടായി. അവര്‍എന്റെ മുന്നില്‍അയാളെ കിടത്തി ഇങ്ങനെ കല്‍പ്പിച്ചു: “ഇതാ, ഇദ്ദേഹത്തിന്റെ ഇറച്ചി ഇനിയും തിന്നുകൊള്‍ക, നിങ്ങള്‍ ഇയാളെ ഗീബത്ത് പറഞ്ഞില്ലേ.’

ആദ്യം പരിഭ്രമിച്ചെങ്കിലും എനിക്കു കാര്യം ബോധ്യമായി. ഞാന്‍പറഞ്ഞു: “ഞാനിദ്ദേഹത്തെ ഗീബത്ത് പറഞ്ഞിട്ടില്ലല്ലോ, മനസ്സില്‍വിചാരിക്കുക മാത്രമല്ലേ ചെയ്തുള്ളൂ.’ അപ്പോള്‍അവര്‍പറഞ്ഞു: “ശരിയാണ്. പക്ഷേ, നിങ്ങളെപ്പോലെ ആത്മീയ മണ്ഡലത്തില്‍ വിരാജിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല അത്തരം മനോവിചാരങ്ങള്‍. അതിനാല്‍വേഗം പോയി അയാളോട് പൊരുത്തം വാങ്ങൂ.’

ഞെട്ടിയുണര്‍ന്ന ഞാന്‍അയാളെ തേടിയിറങ്ങി. പല വഴികളും താണ്ടി അവസാനം ഫഖീറിനെ കണ്ടെത്തി. വെള്ളത്തില്‍ വീണുകിടക്കുന്ന ചീര ഇലകള്‍ശേഖരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍സലാം ചൊല്ലിയപ്പോള്‍, എടുത്തടിച്ച പോലെ അദ്ദേഹം പറഞ്ഞു: “അബുല്‍ഖാസ്വിം, തിരിച്ചുപോവുക.’ ഞാന്‍പറഞ്ഞു: എന്റെ പ്രശ്നം പരിഹൃതമാകാതെ പോകാന്‍കഴിയില്ല.’ അപ്പോള്‍അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “അല്ലാഹു മാപ്പാക്കിത്തരട്ടെ.


ഇബ്‌നു അബി ദുന്‍യയും ഇമാം ത്വബറാനിയും ഇമാം അബൂ നുഅയ്മും റിപ്പോര്‍ട്ട് ചെയ്യുന്നഹദീസ്, നാലു കൂട്ടര്‍ നരകക്കാര്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടിനു പുറമെ  മറ്റുള്ളവരെ അവർ ബുദ്ധിമുട്ടിക്കും. അവര്‍ എന്റെ നാശമേ എന്നു പറയും, ഒരു മനുഷ്യനെ തീകട്ടയാലുള്ള പെട്ടിക്കുള്ളിൽ ബന്ധിക്കപ്പെട്ടിട്ടുണ്ട്, മറ്റൊരു മനുഷ്യൻ അവന്റെ കുടലുകളെ വലിച്ചു കൊണ്ടിരിക്കുന്നു. മറ്റൊരു മനുഷ്യന്‍ അവന്റെ വായയിലൂടെ രക്തവും ചീഞ്ചലവും ഒലിക്കുന്നു, മറ്റൊരു മനുഷ്യന്‍ അവന്റെ ‍ മാംസം ഭക്ഷിക്കുന്നു. അപ്പോള്‍ ഒരു കൂട്ടര്‍ ഇവരുടെ അവസ്ഥ അന്വേഷിക്കും. തീക്കട്ടയാലുള്ള പെട്ടിയിൽ ബന്ധിക്കപ്പെട്ട ആളോട് ചോദിക്കപ്പെട്ടപ്പോള്‍ മറുപടി പറയപ്പെട്ടു: മരണപ്പെട്ടപ്പോൾ ജനങ്ങളുടെ സമ്പത്ത് അവന്റെ പിരടിയിലുണ്ടായിരുന്നു.(ജനങ്ങളുടെ സമ്പത്ത് കൈവശമുണ്ടായിരുന്നു.) സ്വന്തം കുടൽ വലിക്കുന്ന ആളോട് ചോദിക്കപ്പട്ടപ്പോൾ പറഞ്ഞു: അദ്ദേഹംമൂത്രമെത്തുന്ന സ്ഥലം വേണ്ട പോലെ പരിഗണിക്കാറില്ലായിരുന്നു,

വായയിലൂടെ രക്തലും ചീഞ്ചലവും ഒലിക്കുന്ന ആളോട് ചോദിക്കപ്പെട്ടപ്പോള്‍ മറുപടി ലഭിച്ചു: അദ്ദേഹം
തന്റെ മോശപ്പെട്ട  വാചകത്തിലേക്ക് നോക്കി രസമുള്ളതായി എണ്ണുമായിരുന്നു. സ്വന്തം മാംസം ഭക്ഷിക്കപ്പെടുന്ന ആളോട് ചോദിക്കപ്പെട്ടപ്പോള്‍ അറിഞ്ഞു: അദ്ദേഹം പരദൂഷണം കൊണ്ട് ജനങ്ങളെ മാംസം ഭക്ഷിക്കുകയും ഏഷണി പറഞ്ഞു നടക്കുന്ന ആളുമായിരുന്നു.

അവലംബം:
( الزواجر عن اقتراف الكبائر / ابن حجر الهيتمي  )



മുഅ്മിനില്‍ നിന്ന് ലഭിക്കുന്ന വിഹിതങ്ങള്‍

യഹ് യ ബ്‌നു മുആദ് എന്നവര്‍ പറയുന്നു:
നിന്നില്‍ നിന്ന് മുഅ്മിനിന്‍ ലഭിക്കുന്ന വിഹിതംമൂന്ന് കാര്യങ്ങളാകട്ടേ

1. നീ അവന് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്.

2. നീ അവനെ സന്തോഷിപ്പിക്കുന്നില്ലെങ്കിലും അവനെ ടെന്‍ഷനടിപ്പിക്കരുത്.

3. നീ അവനെ പുകഴ്ത്തുന്നില്ലെങ്കിലും അവനെ ആക്ഷേപിക്കരുത്.

    ( بريقة محمودية )


പരദൂഷണം കേട്ട് 3 ദിവസം ഭക്ഷണം ഉപേക്ഷിച്ച മഹാന്‍

ഇബ്രാഹീമ് ബ്‌നു അദ്ഹം തങ്ങളെ ഒരു സദ്യയിലേക്ക് ക്ഷണിക്കപ്പെട്ടു. മഹാനവര്‍കള്‍ ക്ഷണം സ്വീകരിച്ച് സദ്യയില്‍ പങ്കെടുത്തു. അവിടെ കൂടിയ ആളുകള്‍ ആ സദ്യയില്‍ പങ്കെടുക്കാത്ത ഒരാളെ കുറിച്ച് പരദൂഷണം പറഞ്ഞു: അദ്ദേഹം കനമുള്ള മനുഷ്യനാണ്. ഇതു കേട്ട് ഇബ്നു അദ്ഹം തങ്ങള്‍ ബേജാറിലായി ആളുകളെ കുറ്റം പറയുന്ന സദസ്സിലേക്കാണല്ലോ എന്നെ ക്ഷണിക്കപ്പെട്ടത്. മഹാനവര്‍കള്‍ അവിടെ നിന്ന് ഇറങ്ങി. പിന്നീട് 3 ദിവസം മഹാനവര്‍കള്‍ ഭക്ഷണം കഴിച്ചില്ല. 

( بريقة محمودية )

പരദൂഷകന്റെ ഉപമ

ചില മഹാന്മാര്‍ പറഞ്ഞു: ജനങ്ങളെ പരദൂഷണം പറയുന്നവന്റെ ഉപമ, പഴകാലത്തെ പീരങ്കിയെ നാട്ടി നിറുത്തി, അവന്റെ നന്മകള്‍ പടിഞ്ഞാര്‍ ഭാഗത്തേക്കും കിഴക്കു ഭാഗത്തേക്കും എറിയുന്നു. അഥവാ ഖുറാസാനിക്കാരെനയും ഹിജാസുകാരനെയും തുര്‍ക്കിക്കാരനെയും പരദൂഷണം പറഞ്ഞ് അവന്റെ നന്മകള്‍ വീതം ചെയ്യുകയാണ്. അങ്ങനെ അവന്‍ അവിടെ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ അവന്റെ പക്കല്‍ ഒരു നന്മയും ശേഷിക്കുന്നില്ല. (ഇതാണ് ഉപമ)          

( بريقة محمودية )


കൂട്ടുകാരെ പരദൂഷണം പറയരുത്

മഹാനായ സല്‍മാനുല്‍ ഫാരിസ്(റ) രണ്ട് പേരോട് കൂടെ യാത്ര ചെയ്യുകയാണ്. അവര്‍ക്ക് സേവനം ചെയ്യുകയും അവരുടെ ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു മഹാനവര്‍കള്‍. ഒരു ദിവസം സല്‍മാന്‍(റ) ഉറങ്ങി. തന്റെ രണ്ട് കൂട്ടുകാരും മഹാനവര്‍കളെ അന്വേഷിച്ചിട്ടും കണ്ടില്ല. അവര്‍ ഒരു ടെന്റ് നിര്‍മ്മിച്ചു. ശേഷം അവര്‍ പറഞ്ഞു: സല്‍മാന്‍ തയ്യാര്‍ ചെയ്ത ഭക്ഷണം കഴിക്കാനും നിര്‍മ്മിച്ചുണ്ടാക്കിയ ടെന്റിലേക്ക് വരാനുമല്ലാതെ വേറെ ഒരു ലക്ഷ്യവുമില്ല. അങ്ങനെയിരിക്കെ സല്‍മാന്‍(റ) വന്നപ്പോള്‍ അവര്‍ മഹാനവര്‍കളെ നബി(സ്വ)യുടെ അടുക്കലേക്ക് പറഞ്ഞയച്ചു. 

നബിതങ്ങളുടെ അടുത്ത് നിന്ന് കൂട്ടാന്‍ കൊണ്ടുവരാനാണിത്. ഇക്കാര്യം നബിയെ അറിയിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: അവര്‍ രണ്ടും പേരും കൂട്ടാന്‍ തിന്നിട്ടുണ്ടല്ലോ. സല്‍മാന്‍(റ) വീണ്ടും കൂട്ടുകാരുടെ അടുത്ത് ചെന്ന് നബിതങ്ങള്‍ പറഞ്ഞ വിവരം അറിയിച്ചു. അവർ രണ്ടു പേരും നബിതങ്ങളുടെ അടുത്ത് ചെന്നു പറഞ്ഞു: ഞങ്ങള്‍ ഇവിടെ ഇറങ്ങിയത് മുതല്‍ ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല നബിയേ.. അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ സല്‍മാനെ കുറിച്ച് പറഞ്ഞത് കൊണ്ട്  കൂട്ടാനാക്കിയല്ലോ?
അതിനു ശേഷമാണ്, നിങ്ങളില്‍ ആരെങ്കിലും മയ്യിത്തായ സ്‌നേഹിതന്റെ മാംസം കഴിക്കാന്‍ ഇഷ്ടപ്പെടുന്നുവോ എന്ന ആശയം പറയുന്ന ആയത്ത് ഇറങ്ങിയത്.  

 (الحجرات - 12 )  
( الدر المنثور / الإمام السيوطي )

(ജീവിത കാലത്ത്  ഒരുത്തനെ ഗീബത്ത് പറയൽ മരണ ശേഷം അവന്റെ  മാംസം ഭക്ഷിക്കുന്നത് പോലെയാണ്)



പരദൂഷകര്‍ ശിക്ഷിക്കപ്പെടുന്ന ദിനത്തിനായി കാത്തിരിക്കുക

സുലൈമ്ബ്‌നു ജാബിര്‍ എന്നവര്‍ നബി(സ്വ)യുടെ അടുക്കല്‍ ചെന്നു പറഞ്ഞു: എനിക്ക് നന്മ പഠിപ്പിച്ചു തരണം, അതു മുഖേനെ അല്ലാഹു തആലയുടെ അടുക്കല്‍ നിന്ന് എനിക്ക് ഉപകാരം കിട്ടണം. നബി(സ്വ) പറഞ്ഞു;

നല്ല കാര്യത്തില്‍ നിന്ന് ഒന്നും നീ നിസാരമായി കാണരുത്. വെള്ളം ആവശ്യപ്പെടുന്നവന്റെ പാത്രത്തില്‍ നിന്റെ ബക്കറ്റില്‍ നിന്ന് വെള്ളം ചൊരിച്ച് കൊടുക്കുന്നത് പോലും നീ നിസാരമായി കാണരുത്. നല്ല പുഞ്ചിരിയോടെ  നിന്റെ സ്‌നേഹിതനെ കാണുന്നതും നീ നിസാരമായി കാണരുത്, മാത്രമല്ല അവന്‍ പിരിഞ്ഞു പോയാല്‍ അവനെ പരദൂഷണം പറയുകയും ചെയ്യരുത്."

(ذم الغيبة والنميمة / ابن أبي الدنيا )


ഖാലിദിനി റബഇയ്യ്(റ)പള്ളിയില്‍ കടന്നപ്പോള്‍ ഒരു കൂട്ടം ജനങ്ങള്‍ അവിടെ ഇരുന്ന് സംസാരിക്കുന്നുണ്ട്. അവരുടെ കൂട്ടത്തില്‍ മഹാനവര്‍കള്‍ ഇരുന്നു. അവരുടെ ചർച്ചക്കിടയിൽ ഒരു മനുഷ്യനെ പറ്റി ചര്‍ച്ച വന്നു. മഹാനവര്‍കള്‍ ആ മനുഷ്യനെ പറ്റി കുറ്റം പറയേണ്ടെന്ന് പറഞ്ഞ് ആ ചര്‍ച്ച മാറ്റി. സംസാരം മറ്റു വിഷയങ്ങളിലേക്ക് കടന്നു. പിന്നീടെപ്പെഴോ സംസാരം വീണ്ടും ആ മനുഷ്യനിലേക്ക് തന്നെയായി. അറിയാതെ മഹാനവര്‍കളും ആ മനുഷ്യനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കാളിയായി. 

അന്നു രാത്രി മഹാനവര്‍കള്‍ സ്വപ്‌നത്തില്‍, ആ മനുഷ്യന്റെ കോലത്തിലുള്ള ഒരു കറുത്ത രൂപത്തെ കണ്ടു. വളരെ നീളമുണ്ടതിന്. മാത്രമല്ല വെളുത്ത മരത്തിന്റെ പാത്രത്തില്‍ പന്നിയുടെ മാംസം കൊണ്ട് വന്ന് ആ രൂപം മഹാനവര്‍കളോട് അത് ഭക്ഷിക്കാന്‍ കല്‍പ്പിച്ചു. മഹാനവര്‍കള്‍ പന്നിയിറിച്ചി തിന്നുകയോ എന്നു പറഞ്ഞത് അത് നിരസിച്ചു. അപ്പോള്‍ ആ രൂപം എന്റെ പിരടി പിടിച്ചു കല്‍പ്പിച്ചു: തിന്ന്.. നിര്‍ബന്ധിപ്പിച്ചു കൊണ്ട് മഹാനനവര്‍കളുടെ വായില്‍ ആ മാംസം തേച്ചു. മഹാനവര്‍കള്‍ അറുപ്പോടെ വയറ്റിലേക്കിറക്കാതെ വായിലിട്ട് ചുഴറ്റി. പെട്ടെന്ന് മഹാനവര്‍കള്‍ ഉറക്കില്‍ നിന്നെഴുന്നേറ്റു. പിന്നീട് മഹാനവര്‍കള്‍ പറഞ്ഞു: പിന്നീട് 30 രാത്രിയും പകലും ഞാന്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോഴൊക്കെയും ആ പന്നി മാംസത്തിന്റെ ചവര്‍പ്പ് രുചി എന്റെ വായിലുണ്ടായിരുന്നു.  

(ذم الغيبة والنميمة / ابن أبي الدنيا )

ചുരുക്കത്തില്‍, ഖാലിദ്(റ)നെ പോലോത്ത വലിയ മഹാന്മാരുടെ പക്കലില്‍ നിന്ന് അശ്രദ്ധ പൂര്‍വ്വം പരൂദഷണം എത്തിയപ്പോള്‍, അവര്‍ക്ക് അതില്‍ നിന്ന് തൗബ ചെയ്ത് മടങ്ങാന്‍ അല്ലാഹു ദുനിയാവില്‍ നിന്ന് തന്നെ ശിക്ഷ കൊടുത്തതാണ്. എന്നാല്‍ നമ്മള്‍ എത്ര പേരെ പരദൂഷണം പറഞ്ഞിട്ടുണ്ടാകും. അതിന്റെ വിപത്ത് ഇപ്പോള്‍ നമുക്ക് അനുഭവപ്പെട്ടില്ലെങ്കിലും നാളെ പരലോകത്ത് വെച്ച് നമ്മെ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.  അല്ലാഹു നമ്മുടെ എല്ലാ ദോഷങ്ങളും പൊറുത്തു തരുമാറാകട്ടേ-ആമീന്‍.


പരദൂഷകരുടെ നന്മകൾ മായ്ക്കപ്പെടുന്ന ദിനം

അബൂ ഉമാമ (റ) നെ ഉദ്ധരിച്ച് പറയുന്ന ഹദീസ്, നബി(സ്വ) പറഞ്ഞു:
ഒരു അടിമക്ക് ഖിയാമത്ത് നാളിൽ അവന്റെ നന്മ തിന്മകളെഴുതിയ ഏടുകൾ നൽകപ്പെടും. അതിൽ എല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിലേക്ക് നോക്കുമ്പോൾ അവൻ ചെയ്യാത്ത ഒരുപാട് നന്മകളുണ്ടാകും. ആ സമയം അവൻ പറയും: ഈ കാണുന്ന നന്മകളൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ. അപ്പോൾ അല്ലാഹു പറയും: നിന്നെ ജനങ്ങൾ പരദൂഷണം പറഞ്ഞപ്പോൾ എഴുതിയതാണ്.

മറ്റൊരു അടിമക്ക് അവന്റെ നന്മ തിന്മകളെഴുതിയ കിതാബ് നൽകപ്പെടുമ്പോൾ ആവലാതി പറയും: ഇന്നാലിന്ന  സമയത്ത് ഇന്നാലിന്ന നന്മ ഞാൻ ചെയ്തിട്ടുണ്ടല്ലോ?.  അല്ലാഹു പറയും: നീ ജനങ്ങളെ പറഞ്ഞ കാരണത്താൽ അത് മായ്ക്കപ്പെട്ടതാണ്."

( مساوي الأخلاق للخراءطي ( ت : 327 )


നബി(സ്വ) സ്വഹാബത്തിനോട് ചോദിച്ചു: "മുഫ്ലിസ്( പാപ്പരത്തം ഉള്ളവൻ) ആരാണെന്ന് അറിയോ? അവർ പറഞ്ഞു:   യാ റസൂലുള്ളാ ഞങ്ങളിലെ  മുഫ് ലിസീങ്ങൾ ദിർഹവും ചരക്കുകളും ഇല്ലാത്തവരാണ്. നബി(സ്വ) പറഞ്ഞു: എന്റെ ഉമ്മത്തിലെ മുഫ് ലിസ്, ഖിയാമത്ത് നാളിൽ അവൻ അവന്റെ നിസ്കാരമായും നോമ്പുമായും സകാത്തുമായും വരും. മാത്രമല്ല അവൻ ഇന്നാലിന്ന വ്യക്തിയെ ചീത്തപറഞ്ഞിട്ടും ഇന്നാലിന്ന  ആളുടെ മേൽ വ്യഭിചാരോപണം നടത്തിയിട്ടും ഇന്നാലിന്ന ആളുടെ സ്വത്ത് അപഹരിച്ചിട്ടുമാണ്  അവൻ വരുന്നത്. മാത്രമല്ല, ഇന്നാലിന്ന ആളുടെ രക്തം ചൊരിച്ചിട്ടുണ്ട്, ഇന്നാലിന്ന ആളെ അടിച്ചിട്ടുമുണ്ട്. അവൻ അവിടെ ഇരിക്കും. അപ്പോൾ ഓരോരുത്തർ വന്നു പകരമായി അവന്റെ നന്മകൾ ചോദിക്കും. ഓരോരുത്തർക്കും തന്റെ നന്മകൾ കൊടുമ്പോഴേക്കും അവന്റെ ന ന്മകൾ തീർന്നു പോകും. അപ്പോൾ ബാക്കി നന്മ കൊടുക്കാനുള്ളവരുടെ തിന്മകൾ അവന്റെ അക്കൗണ്ടിലാകും. അതോടെ അവനെ നരകത്തിലേക്ക് വലിച്ചു കൊണ്ടു പോകുന്നതാണ്."
(صحيح مسلم )


പരദൂകർഷകർക്ക് മുസ്ലിമായി മരിക്കാൻ  സാധിക്കില്ല..!!

മഹാനരായ ഇബ്റാഹീമുബ്നു അദ്ഹം തങ്ങൾ പറയുന്നു: ഞാൻ ലബനാനിന്റെ പർവ്വതത്തിൽ അല്ലാഹുവിന്റെ ധാരാളം ഔലിയാക്കളുമായി സഹവസിച്ചിട്ടുണ്ട്. അവർ എന്നോട് വസിയ്യത്ത് ചെയ്തു: "നീ ദുനിയാവിന്റെ ആളുകളിലേക്ക് മടങ്ങുമ്പോൾ അവർക്കു 4 കാര്യങ്ങൾ കൊണ്ടു നീ ഉപദേശം ചെയ്യുക.

1. ആരെങ്കിലും തീറ്റ അധികരിപ്പിച്ചാൽ ഇബാദത്തിന്റെ രസം അവന് എത്തിക്കുകയില്ല.

2. ആരെങ്കിലും അമിതമായി ഉറങ്ങിയാൽ അവന്റെ വയസ്സിൽ ബറകത്ത് എത്തിക്കുകയില്ല.

3. ആരെങ്കിലും(അല്ലാഹു വിന്റെ വജ്ഹിനല്ലാതെ) ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതിനെ തേടിയാൽ അല്ലാഹുവിന്റെ തൃപ്തി അവൻ പ്രതീക്ഷിക്കേണ്ട.

4. ആരെങ്കിലും അനാവശ്യം കൊണ്ടും  പരദൂഷണം കൊണ്ടും
 സംസാരം അധികരിപ്പിച്ചാൽ ദുനിയാവിൽ നിന്ന് മുസ്ലിമായി മരിക്കാൻ അവനു സാധിക്കില്ല.

( منهاج العابدين  - الإمام الغزالي )


പരദൂഷണം: സ്വഭാവ ദൂഷ്യത്തിന്റെ അടയാളം

പരദൂഷണം പറയുന്നത് ഒരു സത് സ്വഭാവിക്ക് ചേര്‍ന്ന പണിയല്ല. സ്വഭാവ മോശത്തിന്റെ കാരണങ്ങളില്‍ ഒന്നാണ് പരദൂഷണം.

ഉമര്‍ബ്‌നു ഖതാബ്(റ) പറയുന്നു: "അല്ലാഹുവിന്റെ ദിക്‌റ് വര്‍ദ്ധിപ്പിച്ചോളൂ അത് ശമനമാണ്. ജനങ്ങളെ പരദൂഷണം പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കണം അത് രോഗമാണ്."

(الزواجر / ابن حجر الهيتمي )


സൈനുദ്ധീന്‍ മഖ്ദൂം (റ) പറയുന്നു: അബ്ദുല്ലാഹിബ്‌നുൽ മുബാറക്(റ)ന്റെ അടുക്കല്‍ വെച്ച് ആരോ പരദൂഷണം പറഞ്ഞു. ആ സന്ദര്‍ഭത്തില്‍ മഹാനവര്‍കള്‍ പറഞ്ഞു:

ഞാന്‍ ആരെങ്കിലും പരദൂഷണം പറയുകയാണെങ്കില്‍ എന്റെ മാതാപിതാക്കളെയാണ് പരദൂഷണം പറയുക. എന്റെ നന്മ ലഭിക്കാൻ ഏറ്റവും ബന്ധപ്പെടേണ്ടത് അവരാണല്ലോ (ആരെയാണോ പരദൂഷണം പറയുന്നത് അവർക്ക് പരദൂഷണം പറയുന്നവന്റെ നന്മ ലഭിക്കും),

ചില സലഫു സ്വാലിഹീങ്ങള്‍ പറയുന്നു: സ്വീകാര്യമായ ഹജ്ജിനേക്കാളും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഒരു മുസ്ലിമായ സഹോദരനെ പരദൂഷണം പറയുന്നതിൽ നിന്നും മാറിനിൽക്കുന്നതാണ്.

  ( مرشد الطلاب )

അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്‌നു ഖതാബ്(റ) പറയുമായിരുന്നു, "ഒരു മനുഷ്യനില്‍ ഒമ്പത് നല്ല സ്വഭാവങ്ങളും ഒരു മോശപ്പെട്ട സ്വഭാവവും ഉണ്ടാകും. ആ മോശപ്പെട്ട ഒന്ന് സത് സ്വഭാവമായ ഒമ്പത് എണ്ണത്തിനെയും അതിജയിക്കും. അതു കൊണ്ട് നാവിനു പറ്റുന്ന വീഴ്ചകളെ നിങ്ങൾ സൂക്ഷിക്കുക.."

( تنبيه المغترين  , ص : 180  / الإمام الشعراني  )


No comments:

Post a Comment