Saturday 28 March 2020

പെൺകുട്ടികൾ പ്രായപൂർത്തി ആയാൽ ,കുടുംബത്തിലെ എല്ലാവരെയും അയൽവാസികളേയും ക്ഷണിച്ചു കൊണ്ട് ഫങ്ക്ഷൻ നടത്തുന്നുണ്ട് ഇതിന്റെ ഇസ്ലാമിക വിധി എന്താണ്.

 

പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകുന്ന സമയത്ത് ആളുകളെ ക്ഷണിച്ചു വരുത്തി സൽക്കരിച്ച്  ആഘോഷിക്കുന്നത് നിർബ്ബന്ധമോ സുന്നത്തോ ആയ ഒരു ആരാധനയോ ആചാരമോ ആണെന്ന് പറയാൻ ഉതകുന്ന തെളിവുകളൊന്നും കാണപ്പെടുന്നില്ല. എന്നാൽ പെൺകുട്ടികൾ അവരുടെ ജീവിതത്തിലെ പ്രകൃതിപരമായ വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കുകയും ആദ്യമായി ഒരു പ്രത്യേക രീതിയിൽ ശാരീരികമായും മാനസികമായും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്ന ആ ദിവസത്തിൽ അവരെ സന്തോഷിപ്പിക്കുവാനും അരുടെ ശാരീരിക വേദനയും മാനസിക വ്യഥയും കുറക്കുവാനും അവരിൽ ആത്മ വിശ്വാസവും ഉത്തരവാദിത്ത ബോധവും വർദ്ധിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ട് വീട്ടിലോ മറ്റോ അനിസ്ലാമികത ഒട്ടും കലരാത്ത വിധം ഒരു സന്തോഷ മുഹൂർത്തം ഉണ്ടാക്കുന്നതിന് വിരോധവുമില്ല. കാരണം ഇസ്ലാം നിഷിദ്ധമാണെന്ന് വ്യക്തമാക്കാത്ത (അഥവാ ഖുർആൻ കൊണ്ടോ ഹദീസ് കൊണ്ടോ ഇജ്മാഅ് കൊണ്ടോ ഖിയാസ് കൊണ്ടോ നിഷിദ്ധമാണെന്ന് സ്ഥിരപ്പെടാത്ത) ഏത് കാര്യവും (അനിസ്ലാമികമായ മറ്റു കാര്യങ്ങൾ കലരാത്തതാണെങ്കിൽ അത്) അനുവദനീയമാണ് (അൽ അശ്ബാഹു വന്നളാഇർ)

എന്നാൽ പല പാശ്ചാത്യ പൌരസ്ത്യ രാജ്യങ്ങളിലും പ്രചാരത്തിലുള്ളത് പോലെ ഒരാളുടെ പ്രായപൂർത്തി അനിസ്ലാമികമായ മാമാങ്കമായി ആഘോഷിക്കുന്നത് നിഷിദ്ധമാണ്. ഉദാ:- ജപ്പാനിൽ ഇരുപത് വയസ്സിന് മുമ്പ് മദ്യപാനം പുകവലി തുടങ്ങിയ ശീലങ്ങൾ പാടില്ല. അഥവാ നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. എന്നാൽ ജപ്പാൻ സിവിൽ നിയമത്തിലെ നാലാം അനുച്ഛേദ പ്രകാരം ഇരുപത് വയസ്സാകുന്നതോടെ ഒരാൾ പ്രായം തികഞ്ഞ ലക്ഷണമൊത്ത ഒരു വ്യക്തിയായി മാറി. അതിനാൽ ഇനി മുതൽ അയാൾക്ക് മദ്യപാനവും പുകവലിയുമൊക്കെ അനുവദനീയമാകും. അതിനാൽ പല ഹറാമുകളും ഹലാലാകുന്ന ആ സമയം അവരിൽ പലരും വേണ്ടുവോളം ആസ്വദിക്കുന്നു. സമാനമായ രിതികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്.

ചുരുക്കത്തിൽ, ചോദ്യത്തിൽ പറയപ്പെട്ടത് പോലെ “ഇത്തരം ചടങ്ങുകൾ ഒഴിച്ചു കൂടാൻ പറ്റാത്തതാണ്” എന്ന തരത്തിലുള്ള സംസാരം ബോധപൂർവ്വമാണെങ്കിൽ അപകടകരമാണ്. ഒരു കാര്യം ഇസ്ലാമികമാണോ അല്ലെയോ , ഇസ്ലാമികമായി നിർബ്ബന്ധമാണോ അല്ലയോ എന്നൊക്കെ പ്രാമാണിക ഗ്രന്ഥങ്ങൾ നോക്കിയും പണ്ഡിതന്മാരോട് സംശയ നിവാരണം നടത്തിയും വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം മാത്രമേ മറ്റുള്ളവരോട് പറയാനും ആ അർത്ഥത്തിൽ അനുവർത്തിക്കാനും പാടുള്ളൂ. കാരണം ദീനുമായി ബന്ധപ്പെട്ട് ആരെങ്കിലും കളവ് പറഞ്ഞാൽ അത് മൂലം അയാൾ നരകത്തിൽ കടക്കാൻ വരേ കാരണമാകുമെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (സ്വഹീഹുൽ ബുഖാരീ). ഇവിടെ മനപ്പൂർവ്വം കളവ് പറഞ്ഞാലാണ് അല്ലാഹുവിന്റെ അടുക്കൽ ഒരാൾ കുറ്റക്കാരനാകുക, വിവരമില്ലാതെയും അറിയാതെയും കളവ് പറഞ്ഞു പോയതാണെങ്കിൽ കുറ്റക്കാരനാകുകയില്ല (അദ്കാർ). അതിനാൽ മറ്റുള്ളവർ ചെയ്യുന്നു അല്ലെങ്കിൽ പറയുന്നു എന്നത് കൊണ്ട് മാത്രം ഒരു കാര്യം ഇസ്ലാമിക ആചാരമാണ് എന്ന് വിലിയിരുത്തുന്നതിൽ ജാഗ്രത പാലിക്കേണ്ടതാണ്.  


നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

No comments:

Post a Comment