Monday 11 March 2019

മറ്റുള്ളവരുടെ ഔറത്ത് കണ്ടാല്‍ 40 ദിവസത്തെ അമല്‍ നഷ്ടപ്പെടുമോ ? നേരിട്ട് കാണുന്നതും അശ്ലീല സിനിമകളിലൂടെ കാണുന്നതും ഒരുപോലെയാണോ ? ഇത് വന്‍പാപമോ ചെറുപാപമോ



മറ്റുള്ളവരുടെ ഔറത്ത് കണ്ടാല്‍ 40 ദിവസത്തെ അമല്‍ സ്വീകരിക്കപ്പെടുകയില്ല എന്ന് എവിടെയും കാണാനായിട്ടില്ല. കള്ള് കുടിക്കല്‍, ജോത്സ്യനെ സമീപിക്കല്‍, ഹറാം ഭക്ഷിക്കല്‍ തുടങ്ങിയ പാപങ്ങള്‍ ചെയ്താല്‍ നാല്പതു ദിവസത്തെ നിസ്കാരം സ്വീകരിക്കുകയില്ല എന്ന് ഹദീസുകളില്‍ കാണാം...

മനഃപൂര്‍വ്വമല്ലാതെ മറ്റൊരാളുടെ ഔറത്ത് കണ്ടു പോകുന്നത് കുറ്റകരമല്ല. അതു പോലെ ചികിത്സ പോലെയുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ നോക്കേണ്ടി വരുന്നതും അനുവദനീയമാണ്. എന്നാല്‍ മനഃപൂര്‍വ്വം മറ്റൊരാളുടെ ഔറത്ത് നോക്കുന്നത് കുറ്റകരമാണ്. അതു തന്നെ ലൈംഗിക വികാരത്തോടെയെങ്കില്‍ കണ്ണു ചെയ്യുന്ന വ്യഭിചാരമാണ്. അശ്ലീലമായ സിനിമകളും, ചിത്രങ്ങളും കാണുന്നതും രസിക്കുന്നതും ഗൗരവമുള്ള തെറ്റുകള്‍ തന്നെയാണ്. അവ വന്‍പാപങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടിട്ടില്ലെങ്കിലും അത്തരം പ്രവണതകള്‍ വ്യഭിചാരം പോലെയുള്ള വന്‍ദോഷങ്ങളിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നു...

മാത്രമല്ല, ഇത്തരം ദൃശ്യങ്ങള്‍ കാണുന്നതിലൂടെ നമ്മുടെ ഹൃദയത്തില്‍നിന്ന് ലജ്ജ നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുകയും പിന്നീട് അശ്ലീല പ്രവര്‍ത്തനങ്ങളെ നിസ്സാരമായി കാണുകയും അങ്ങനെ വന്‍പാപങ്ങള്‍ക്കടിമയായിത്തീരുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെ ഇത്തരം സിനിമകള്‍ തുടര്‍ച്ചയായി കണ്ടാല്‍ അവന്‍ അവയില്‍ ആസക്തനാവുകയും പിന്നീട് ഈ ദുശ്ശീലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസപ്പെടുകയും ചെയ്യും. ചെറിയ ദോഷങ്ങള്‍ സ്ഥിരമായി ചെയ്താല്‍ അതു വന്‍ദോഷമായി ഗണിക്കപ്പെടുമെന്ന കാര്യം കൂടി ഗൗരവത്തോടെ ഓര്‍ത്തിരിക്കണം...

No comments:

Post a Comment