Tuesday 19 March 2019

പക്ഷികള്‍, മൃഗങ്ങള്‍, മല്‍സ്യങ്ങള്‍ എന്നിവയെല്ലാം സ്വൈര്യമായി വിഹരിക്കാനാണല്ലോ ഇഷ്ടപ്പെടുന്നത്. അവയെ കൂട്ടിലിട്ടു വളർത്തുന്നത് യഥാർത്ഥത്തിൽ പീഡനമല്ലേ. ഇത് അനുവദനീയമാണോ?



പക്ഷിമൃഗാദികളെ കൂട്ടിലടക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേകം നിരോധനം ഖുര്‍ആനിലോ ഹദീസിലോ വന്നിട്ടില്ലാത്തതിനാല്‍ അത് അനുവദനീയമാണെന്നാണ് പണ്ഡിതര്‍ പറയുന്നത്.

അനസ് (റ) ന്‍റെ സഹോദരനായ അബൂഉമൈര്‍ കൊച്ചുകുട്ടിയായിരുന്നപ്പോള്‍ നുഗൈര്‍ എന്ന് പേരിട്ട് ഒരു പക്ഷിയെ വളര്‍ത്തിയിരുന്നതായി കാണാം. റസൂല്‍ (സ) അബൂഉമൈറിനെ കാണുമ്പോഴൊക്കെ നുഗൈറിന്‍റെ വിശേഷം ചോദിക്കാറുണ്ടായിരുന്നെന്നും ഒരു ദിവസം അത് മരണപ്പെട്ടതിനെ തുടര്‍ന്ന് അബൂഉമൈര്‍ ദുഖിതനായിരിക്കുന്നത് കണ്ട് റസൂല്‍ (സ) സമാധാനിപ്പിച്ചതും ഹദീസുകളില്‍ കാണാം.

ഈ ഹദീസില്‍നിന്ന് മനസ്സിലാക്കാവുന്ന വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത്, റസൂല്‍ (സ) അബൂഉമൈറിനെ അങ്ങനെ ചെയ്യുന്നതില്‍നിന്ന് നിരോധിച്ചില്ലെന്നതിനാല്‍, പക്ഷികളെ കൂട്ടിലടക്കല്‍ അനുവദനീയമാണെന്ന് മനസ്സിലാക്കം എന്ന് ഫത്ഹുല്‍ബാരി പോലോത്ത ഹദീസ് വ്യാഖ്യാനങ്ങളില്‍ കാണാം.

ഒരു പൂച്ചയെ കെട്ടിയിട്ട് വേണ്ടവിധം ഭക്ഷണം കൊടുക്കാതിരുന്നതിന്‍റെ പേരില്‍ ഒരു സ്ത്രീ നരകത്തില്‍ പ്രവേശിച്ചതായി അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിലും കാണാം.

ഈ രണ്ട് ഹദീസുകളുടെയും വെളിച്ചത്തില്‍, വേണ്ടവിധം പരിപാലിക്കുകയും ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റുമെല്ലാം നല്‍കുകയും ചെയ്യുന്ന പക്ഷം, കൂട്ടിലടക്കല്‍ അനുവദനീയമാണെന്നും അല്ലാത്ത പക്ഷം, അത് കുറ്റകരമാണെന്നുമാണ് പണ്ഡിതര്‍ പറയുന്നത്.

പക്ഷികളും മൃഗങ്ങളുമൊക്കെ സ്വൈര്യവിഹാരമാണ് ആഗ്രഹിക്കുന്നത് എന്നത് നമ്മുടെ ഭാവന മാത്രമാണ്. അവര്‍ പാറിനടക്കുന്നത് ഭക്ഷണം തേടിയാണ്. അത് നാം ഒരുക്കിക്കൊടുക്കുന്നുവെങ്കില്‍, സ്വസ്ഥായി കൂട്ടിലിരുന്ന് മറ്റു ജീവികളെയൊന്നും ഭയപ്പെടാതെ അതിന് ജീവിതം കഴിക്കാമല്ലോ എന്നും ആലോചിക്കാവുന്നതാണ്. സഹജീവികളോട് കരുണ കാണിക്കാനുള്ള സന്മനസ്സ് നാഥന്‍ പ്രദാനം ചെയ്യട്ടെ.

No comments:

Post a Comment