Friday 15 March 2019

ഇമാമോട് കൂടി നിസ്കരിക്കുമ്പോള്‍, ഫാതിഹ പൂര്‍ണ്ണമാവാന്‍ സമയം ലഭിക്കാതിരുന്നാല്‍, പൂര്‍ണ്ണമായി ഓതാതെ ഇമാമോട് കൂടെ റുകൂഇലേക്ക് പോകാമോ?



ഇമാമോട് കൂടി നിസ്കരിക്കുമ്പോള്‍ ഫാതിഹ പൂര്‍ത്തിയാക്കേണ്ടതും വേണ്ടാത്തതുമായ സമയങ്ങളുണ്ട്. മസ്ബൂഖിന്റെ (തക്ബീറതുല്‍ ഇഹ്റാമില്‍ ഇമാമിനോടൊപ്പമില്ലാത്തവന്‍) ആദ്യറക്അതില്‍ ഫാതിഹ ഓതാന്‍ ആവശ്യമായ സമയം ലഭിക്കുന്നതിന് മുമ്പായി ഇമാം റുകൂഇലേക്ക് പോയാല്‍, സമയമില്ലെന്ന് മനസ്സിലാക്കി അവന്‍ വജ്ജഹുതുവോ അഊദുവോ ഓതാതെ ഫാതിഹ കൊണ്ട് തന്നെയാണ് തുടങ്ങിയതുമെങ്കില്‍ ഫാതിഹ നിര്‍ത്തി ഇമാമിനോടൊപ്പം റുകൂഇലേക്ക് പോവണം, അത്തരം സന്ദര്‍ഭത്തില്‍ ഫാതിഹയുടെ ബാക്കി ഭാഗം ഇമാം വഹിക്കുന്നതാണ്.

മേല്‍പറഞ്ഞതില്‍, അവന്‍ ഫാതിഹ ഓതുന്നതിന് മുമ്പായി വജ്ജഹുതുവോ അഊദുവോ ഓതിയിട്ടുണ്ടെങ്കില്‍ അത്രയും സമയം ഫാതിഹയുടെ ബാക്കി ഭാഗം ഓതി ഇമാമിനോടൊപ്പം ചേരേണ്ടതാണ്. അങ്ങനെ ഓതിയ ശേഷവും ഇമാമിനെ റുകൂഇല്‍ ലഭിച്ചാല്‍ റക്അത് കിട്ടുന്നതാണ്, അല്ലാത്ത പക്ഷം (അത്രയും നേരം ഓതി റുകൂഇലേക്ക് പോയപ്പോഴേക്കും ഇമാം റുകൂഇല്‍നിന്ന് എണീറ്റാല്‍) ആ റക്അത് കിട്ടുന്നതല്ല. ഇമാമിനോടൊപ്പം ഫാതിഹക്ക് ആവശ്യമായ സമയം ലഭിച്ചിട്ടും ന്യായമായ കാരണമില്ലാതെ പിന്തിയതാണെങ്കില്‍ ഫാതിഹ മുഴുവനായും ഓതിയിട്ട് വേണം റുകൂഇലേക്ക് പോവാന്‍.. അപ്പോഴേക്കും ഇമാം റുകൂഉം ഇഅ്തിദാലും കഴിഞ്ഞെങ്കില്‍ (രണ്ട് ഫിഅ്ലിയ്യായ ഫര്‍ള് കൊണ്ട് പിന്തിയാല്‍) ആ റക്അത് നഷ്ടപ്പെട്ടതായി പരിഗണിക്കുകയും നേരെ ഇമാം എവിടെയാണോ അങ്ങോട്ട് പോകുകയും അവസാനം നഷ്ടപ്പെട്ട റക്അത് നിസ്കരിക്കുകയും വേണം.

കാരണത്തോട് കൂടെയാണെങ്കില്‍ നീണ്ട (ഇഅ്തിദാല്, സുജൂദുകള്‍ക്കിടയിലെ ഇരുത്തം അല്ലാത്തവ) മൂന്ന് ഫിഅ്ലിയ്യായ ഫര്‍ള് കൊണ്ട് വരെ പിന്താവുന്നതാണ്. അതിലപ്പുറം പിന്തിയാല്‍ (ഉദാ-ഇമാം റുകൂഉം രണ്ട് സുജൂദും കഴിഞ്ഞ് അടുത്ത റക്അതിലേക്ക് വന്നപ്പോഴും മഅ്മൂം ആദ്യ റക്അതിലെ ഫാതിഹ ഓതുകയാണെങ്കില്‍) നേരത്തെ പറഞ്ഞ പോലെ, ആ റക്അത് അവിടെ നിര്‍ത്തി ഇമാമിനോടൊപ്പം ചേരേണ്ടതും അവസാനം ആ റക്അത് നിസ്കരിക്കേണ്ടതുമാണ്.

No comments:

Post a Comment