Thursday 14 March 2019

വുളൂഅ്‌ ചെയ്യുമ്പോള്‍ വെള്ളം കൂടുതല്‍ ഉപയോഗിക്കുനതിന്റെ വിധി എന്താണ് ? കാല്‍ കഴുകുമ്പോള്‍ കാലിന്റെ അടി ഭാഗവും കഴുകേണ്ടതല്ലേ ? എനിക്ക് വുളൂഅ്‌ ചെയ്യാന്‍ കുറെ വെള്ളം വേണ്ടിവരുന്നു. എന്താണ് വിധി ...?



വുളൂഅ്‌ ചെയ്യുമ്പോള്‍ നിര്‍ബന്ധമായ മുഴുവന്‍ അവയവങ്ങളും പൂര്‍ണ്ണമായി കഴുകി എന്ന് ഉറപ്പ് വരുത്തേണ്ടത് നിര്‍ബന്ധമാണ്. അതിന് വേണ്ടി എത്ര വെള്ളവും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ വെള്ളം പരമാവധി കുറച്ച് ഉപയോഗിച്ചുകൊണ്ട് വുളൂഅ്‌ ചെയ്യാനാണ് ശീലിക്കേണ്ടത്. അമിതമായ ഉപയോഗം ഒരു കാര്യത്തിലും ഇസ്ലാം അനുവദിക്കുന്നില്ല. ഒരു മുദ്ദ് വെള്ളം (ഏകദേശം 800 മി.ലിറ്റര്‍) കൊണ്ടാണ് പ്രവാചകര്‍ (സ്വ)വുളൂഅ്‌ ചെയ്യാറുണ്ടായിരുന്നതെന്നും ഒരു സ്വാഅ് (ഏകദേശം 3.2 ലിറ്റര്‍) കൊണ്ടാണ് കുളിക്കാറുണ്ടായിരുന്നതെന്നും ഇമാം മുസ്ലിമും മറ്റു പണ്ഡിതരും നിവേദനം ചെയ്ത പല ഹദീസുകളിലും ഗ്രന്ഥങ്ങളിലും കാണാം...

ജാബിര്‍ (റ) വിനോട് ഒരിക്കല്‍ നിര്‍ബന്ധ കുളിയുടെ വെള്ളത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഒരു സ്വാഅ് മതി എന്ന് പറയുകയും അന്നേരം എനിക്ക് അത് തികയുന്നില്ലെന്ന് പറഞ്ഞ ഒരുത്തനോട് അദ്ദേഹം ദേഷ്യപ്പെട്ട്, നിന്നേക്കാള്‍ പൂര്‍ണ്ണനും കൂടുതല്‍ മുടിയുള്ളവരുമായിരുന്ന പ്രവാചകര്‍ (സ)ക്ക് അത് മതിയായിരുന്നുവെന്ന് പറഞ്ഞതും ഗ്രന്ഥങ്ങളില്‍ കാണാം. കടലില്‍ നിന്ന് വുളൂഅ്‌ ചെയ്യുകയാണെങ്കില്‍ പോലും മൂന്നില്‍ കൂടുതല്‍ പ്രാവശ്യം അവയവങ്ങള്‍ കഴുകല്‍ കറാഹത്താണ് എന്ന കര്‍മ്മശാസ്ത്രനിയമവും ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്...

No comments:

Post a Comment