Thursday 21 March 2019

നൂഹ് നബി (അ)







ലാമക് - ശംഹാ ദമ്പതികൾ

മാനവ ചരിത്രത്തിൽ ഉയർന്നുനിൽക്കുന്ന മഹാപുരുഷനാണ് നൂഹ് നബി(അ)...

ശൈഖുൽ അമ്പിയാ

അങ്ങനെയാണ് നൂഹ് നബി (അ)നെ കാലം വിളിച്ചത് ...  നജിയുല്ലാഹ്

കാലം നൂഹ് നബി (അ)ന് നൽകിയ മറ്റൊരു സ്ഥാനപ്പേര്. മഹാപ്രളയത്തിൽ എല്ലാം നശിച്ചു. സകല ജീവികൾക്കും മരണം സംഭവിച്ചു. കപ്പലിൽ പ്രവാചകന്റെ മൂന്നു മക്കളുണ്ടായിരുന്നു, അവരിൽ നിന്നാണ് പിന്നെ മനുഷ്യ വർഗം വളർന്നു വന്നത്. ആ മനുഷ്യ വർഗ്ഗത്തിന്റെ പിതാവാണ് നൂഹ് നബി  (അ)...

ആദ്യപിതാവായ ആദം നബി (അ) കാലയവനികക്കുള്ളിൽ മറഞ്ഞു വഫാത്തായി മണ്ണിലേക്കു മടങ്ങി.

ഭാര്യ ഹവ്വാബീവിയും അങ്ങേ ലോകത്തേക്കു പോയി. ഹവ്വ ഉമ്മ ബീവി (റ) ആദ്യത്തെ ഉമ്മൂമ്മ. അറബിയിൽ പറഞ്ഞാൽ ജദ്ദത്ത്. അറേബ്യാ പുണ്യഭൂമിയിൽ ഖബറടക്കപ്പെട്ടു. ജദ്ദത്തിന്റെ ഖബറുള്ള പ്രദേശം ജദ്ദത്ത് എന്നറിയപ്പെട്ടു. പിന്നെയത് ലോകപ്രസിദ്ധമായ മഹാനഗരമായി വളർന്നു. മിനിറ്റുകൾവെച്ച് വിമാനങ്ങൾ പറന്നിറങ്ങുകയും പറന്നുയരുകയും ചെയ്യുന്ന വിശാലമായ എയർപോർട്ട് വന്നു ...


വർഷം തോറും അനേകലക്ഷം ഹാജിമാർ വന്നിറങ്ങുന്ന ജിദ്ദാനഗരം. വർഷം മുഴുവൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉംറക്കു വേണ്ടി സത്യവിശ്വാസികൾ ഒഴുകിയെത്തുന്ന മഹാനഗരം. ഉമ്മൂമ്മയുടെ ഓർമ്മ നിലനിർത്തുന്ന വിസ്മയ ലോകം...

ആദം നബി (അ)വഫാത്തായ ശേഷം പത്ത് തലമുറകൾ കടന്നുപോയി. അപ്പോഴാണ് നൂഹ് നബി (അ)ന്റെ ജനനം. നൂഹ് നബി (അ)നെ ആദം നബി (അ)ന്റെ പത്താമത്തെ പൗത്രനായി ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് പിതൃപരമ്പര ഇങ്ങനെ വരും ...

1 നൂഹ്  (അ). 2 ലാമക്. 3 മുതവശ് ലിഹ്. 4 നൂഹ് (ഇദ്രീസ് (അ). 5 യറൂദ്ദ്. 6 മഹ്ലായിൽ. 7 ഖയ്നൽ. 8 ൺനൂഷ്. 9 ശീസ് (അ). 10 ആദം (അ) ...

ഇനി നമുക്ക് നൂഹ് നബി (അ)ന്റെ കുടുംബത്തിലേക്ക് പോവാം...
കൃഷിയും കാലി വളർത്തലും നന്നായി നടക്കുന്ന ഗ്രാമം. അധ്വാന ശീലരായ ജനത സ്നേഹിച്ചും സഹകരിച്ചും ജീവിച്ചു പോവുന്നു. അവർക്കിടയിലെ ഒരുന്നത വ്യക്തിയാണ് ലാമക് ...

നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ. മുതവശ് ലിഹിന്റെ ഓമന പുത്രൻ. മകൻ വളർന്നു വലുതായിരിക്കുന്നു. അവനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം.

മാതാപിതാക്കൾ മകന്റെ വിവാഹക്കാര്യം ചർച്ച ചെയ്തു. കുടുംബത്തിലെ മുതിർന്നവർ വധുവിനെ അന്വേഷിച്ചു. ലാമകിന് പറ്റിയ വധുവിനെ കണ്ടെത്തി. പൗരപ്രമുഖനായ ആനൂഷിന്റെ പ്രിയ പുത്രി ശംഹാ...

ഗോത്രക്കാർക്കെല്ലാം സന്തോഷമായി. പറ്റിയ വധുവിനെ കണ്ടെത്തിയ സന്തോഷം. ഗോത്രത്തിലുള്ളവരെല്ലാം മുസ്ലിംകളാണ്. മതവിധികൾ പാലിക്കുന്നവർ. ഇദ്രീസ് (അ)പഠിപ്പിച്ചതനുസരിച്ചാണവർ ജീവിക്കുന്നത്. അല്ലാഹു കൽപിച്ചതെല്ലാം അനുഷ്ഠിക്കുന്നു. വിരോധിച്ചതെല്ലാം ഒഴിവാക്കുന്നു. വിവാഹം അല്ലാഹു കൽപിച്ച കാര്യമാണ്. അതിന് ചില വിധികളും ചിട്ടകളുമുണ്ട്. പണ്ഡിതന്മാർ അതെല്ലാം ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കും. ജനങ്ങൾ അനുസരിക്കും ...

വിധികളും ചിട്ടകളും സൂക്ഷ്മതയോടെ പാലിച്ചുകൊണ്ടുള്ള വിവാഹമാണ് ഗോത്രത്തിൽ നടക്കാൻ പോവുന്നത്. വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചു. കേമമായിത്തന്നെ സദ്യയൊരുക്കി. ലാമക് പുതിയാപ്പിളയായി ഒരുങ്ങി. കുലീന വ്യക്തികൾ പങ്കെടുത്ത സദസ്സ്. പണ്ഡിതന്മാരുടെ കാർമികത്വം, വിധിപോലെ കർമ്മങ്ങൾ നടന്നു ...

ആനൂഷ് തന്റെ മകൾ ശംഹായെ ലാമകിന്റെ ഇണയാക്കിക്കൊടുത്തു.
രുചികരമായ ആഹാര സാധനങ്ങളും മധുര പാനീയങ്ങളും  പഴ വർഗ്ഗങ്ങളും വിളമ്പി ഇഷ്ടപ്പെട്ട സദ്യ...

ലാമക്കും ശംഹായും ജീവിത പങ്കാളികളായി. ഉല്ലാസം നിറഞ്ഞ യൗവ്വനം. വിശാലമായ മരുഭൂമിയും അതിലെ മണൽക്കുന്നുകളും അവരെ വരവേറ്റു. പാറക്കൂട്ടങ്ങൾ നിറഞ്ഞ മലകളും അവയിലെ മുൾച്ചെടികളും കാട്ടുപൂക്കളും നവദമ്പതികൾക്ക് ആശംസകൾ നേർന്നു. മഞ്ഞുതുള്ളികൾ ഇറ്റ് വീഴുന്ന പ്രഭാതങ്ങൾ അവരെ ആഹ്ലാദം കൊള്ളിച്ചു ...

കൂട്ടുകാരോടൊപ്പം നായാട്ടിന് പുറപ്പെടുന്ന ലാമകിനെ, പ്രിയ പത്നി നിറപുഞ്ചിരിയോടെ യാത്രയാക്കി. കളിയും ചിരിയും നിറഞ്ഞ രാപ്പകലുകൾ കടന്നുപോയ്ക്കൊണ്ടിരുന്നു. മാസങ്ങൾ കൊഴിഞ്ഞുവീണപ്പോൾ ശംഹാക്ക് ഒരു കാര്യം ബോധ്യമായി. താൻ ഗർഭിണിയാണ്. ദാമ്പത്യം ഐശ്വര്യപൂർണമായിരുന്നു. സമയമെത്തിയപ്പോൾ കുഞ്ഞ് പിറന്നു...

കാലം അവർക്ക് പല സന്താനങ്ങളെ നൽകി. ലാമക് ശംഹാ ദമ്പതികൾക്ക് പിറന്ന ഓമന മകനാണ് നൂഹ് നബി (അ)...

നൂഹ് നബി (അ)ന്റെ മാതാവിനെ ചിലർ സാഖാ യെന്ന് വിളിക്കുന്നു. നൂഹ് നബി (അ)ന്റെ മാതാവ് കാമിലിന്റെ മകൾ ഫനിയൂസയാണെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. ഉമ്മായുടെ പേര് മിൻജൽ ആയിരുന്നുവെന്ന് രേഖപ്പെടുത്തിയവരുമുണ്ട്. ചരിത്രകാരനായ കൽബിയുടെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം ആദം നബി (അ) - നൂഹ്  നബി (അ) ഇവർക്കിടയിൽ പത്ത് പിതാക്കന്മാരുണ്ടായിരുന്നു. പരമ്പരയായി വരുന്ന പത്ത് പേരും സത്യവിശ്വാസികൾ (മുഹ്മിൻ) ആയിരുന്നു...

നൂഹ് എന്നത് പിന്നീട് കിട്ടിയ പേരാണ്. ആദ്യത്തെ പേര് യശ്ക്കൂർ ആയിരുന്നുവെന്നാണ് ഒരഭിപ്രായം ...

നൂഹ് നബി (അ)ന്റെ പേര് ലാമക് എന്നും ലമക് എന്നും എഴുതിക്കാണുന്നു. ലാം എന്ന അക്ഷരത്തിന് ശേഷം അലിഫ് ചേർത്തിയും ചേർത്താതെയും എഴുതിക്കാണുന്നു...

മാതാപിതാക്കൾ തങ്ങളുടെ കുട്ടിയെ ലാളിച്ചു വളർത്തി. വീട്ടിലെ സംശുദ്ധമായ ചുറ്റുപാട് കുട്ടിയിൽ വിശുദ്ധ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായകമായി...

സത്യം പറയാൻ ശീലിച്ചു. ഏതവസ്ഥയിലും സത്യം മുറുകെപ്പിടിക്കാനുള്ള ആത്മധൈര്യം കൈവന്നു. അധ്വാനശീലം, വിശ്വസ്ഥത സഹാനുഭൂതി, സ്നേഹം എന്നീ ഗുണങ്ങൾ കുട്ടിക്കാലത്ത് തന്നെ ശക്തി പ്രാപിച്ചു ...

നീലാകാശവും, അവിടെ ഉദിച്ചുയരുകയും സമയമെത്തുമ്പോൾ അസ്തമിച്ചു പോവുകയും ചെയ്യുന്ന സൂര്യനും ചന്ദ്രനും, നക്ഷത്രങ്ങളും കുട്ടിയെ ആകർഷിച്ചു. അതിനു പിന്നാലെ അതിസൂക്ഷ്മമായ ആസൂത്രണം, അതേക്കുറിച്ചോർത്ത് കുട്ടി അതിശയപ്പെട്ടു ...


ഹാബീലിന്റെ അന്ത്യം




സുദീർഘമായൊരു കാലഘട്ടം ജനങ്ങളെ ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ച മഹാപ്രവാചകനായിരുന്നു നൂഹ് നബി (അ)...

എത്രയാണ് ആ കാലഘട്ടത്തിന്റെ ദൈർഘ്യം?.

തൊള്ളായിരത്തി അമ്പത് കൊല്ലം. എന്നിട്ട് വിശ്വസിച്ചതോ...? കുറച്ചു പേർ മാത്രം. ക്രൂരന്മാരുടെ സമൂഹം. ദുഷ്ടന്മാർ. അവർ നബിയെ പരിഹസിച്ചു. ചീത്ത വിളിച്ചു. രോഷം കൊണ്ടു കല്ലെറിഞ്ഞു, അടിച്ചു വീഴ്ത്തി. നൂഹ് നബി (അ)ബോധം കെട്ടു വീണുപോയി...

ഇത്രയും ക്രൂരതയുള്ള സമൂഹം ആര് ...? അവർ ആരുടെ പിൻഗാമികൾ...?
അവർ ഖാബീലിന്റെ പിൻഗാമികൾ.

ആരാണ് ഖാബീൽ ...?

ആദം നബി (അ)ന്റെ പുത്രൻ. ലോകത്തെവിടെയെങ്കിലും ഒരാൾ അന്യായമായി കൊല ചെയ്യപ്പെട്ടാൽ ആ കൊലപാതകത്തിന്റെ പാപഭാരത്തിന്റെ ഒരു ഭാഗം ഖാബീലിന് ലഭിക്കും...

എന്താ കാരണം?

ആദ്യത്തെ കൊലപാതകം നടത്തിയത് ഖാബീൽ ആകുന്നു ...

കൊലപാതകം കൊടും പാപമാകുന്നു. ആ പാപം ഇവിടെ സ്ഥാപിച്ചത് ഖാബീൽ...

നൂഹ് നബി (അ)ന്റെ ചരിത്രത്തിലേക്ക് പ്രവേശിക്കും മുമ്പ് ആ കൊലപാതക സംഭവം പറയേണ്ടി വന്നിരുക്കുന്നു...

ആദം നബി (അ) ന്റെ സന്താനങ്ങൾ ഇരട്ടകളായി പ്രസവിക്കപ്പെട്ടു. ഒരാൺകുഞ്ഞും ഒരു പെൺകുഞ്ഞും. അവർ വളർന്നുവരും, അവർ സഹോദരങ്ങളായി കഴിയും ...

ഒരു പ്രസവത്തിലെ ആൺകുട്ടി, മറ്റൊരു പ്രസവത്തിലെ പെൺകുട്ടിയെ വിവാഹം ചെയ്യും. അതാണ് അക്കാലത്തെ വിവാഹത്തിന്റെ മതവിധി. ഒരേ പ്രസവത്തിലെ ആണും പെണ്ണും വിവാഹം ചെയ്യാൻ പാടില്ല. അത് തെറ്റാണ്. ഖാബീൽ ഈ തെറ്റ് ചെയ്തു ...

ഖാബീലിന്റെ സഹോദരനാണ് ഹാബീൽ. ഹാബീൽ തെറ്റ് ചെയ്തില്ല ...

ഹവ്വ (റ) ഹാബീലിനെയും ലബൂദയെയും ഒന്നിച്ചു പ്രസവിച്ചു. മറ്റൊരു പ്രസവത്തിൽ ഖാബീലിനെയും ഇക്ലീമയെയും പ്രസവിച്ചു. നാലുപേരും വളർന്നു പ്രായപൂർത്തിയെത്തി വിവാഹ പ്രായമായി. അപ്പോൾ ആദം നബി (അ) ഇങ്ങനെ പ്രഖ്യാപിച്ചു...

ഹാബീൽ ഇക്ലീമയെ വിവാഹം ചെയ്യട്ടെ... ഖാബീൽ ലബൂദയെ വിവാഹം ചെയ്യട്ടെ... ഖാബീലിന് ഈ നിർദ്ദേശം ഇഷ്ടപ്പെട്ടില്ല. അയാൾ ഇങ്ങനെ പ്രഖ്യാപിച്ചു.

അത് പറ്റില്ല. ഇക്ലിമയെ ഞാൻ കെട്ടും. ലബൂദയെ എനിക്ക് വേണ്ട ...

എന്താ കാര്യം...?

ഇക്ലീമ അതിസുന്ദരിയാണ്. ലബൂദക്ക് അത്രത്തോളം സൗന്ദര്യമില്ല. ആദം നബി (അ) എതിർത്തു. ഖാബീൽ വകവെച്ചില്ല. ഖാബീലിന്റെ മനസ്സിൽ അസൂയ വളർന്നു. ഹാബീലിനെ എങ്ങനെയെങ്കിലും നശിപ്പിക്കണം... പക്ഷെ എങ്ങനെ...?
ഒരു മനുഷ്യനെ ഇല്ലാതാക്കുന്നതെങ്ങനെ...? അതറിയില്ല... മനസ്സിൽ പകയും വെറുപ്പും വളർന്നു ...

ശപിക്കപ്പെട്ട ഇബ്ലീസ് സന്തോഷിച്ചു. ഖാബീലിനെക്കൊണ്ട് തെറ്റ് ചെയ്യിക്കാൻ പറ്റിയ സന്ദർഭം. മനുഷ്യ വേഷത്തിൽ ഇബ്ലീസ് പുറപ്പെട്ടു... കൈയ്യിൽ ഒരു പക്ഷി ...

ഖാബീൽ എന്തൊക്കെയോ ചിന്തിച്ചിരിക്കുകയാണ്. ഒരു മനുഷ്യൻ വന്നു മുമ്പിൽ നിന്നു. കൈയ്യിൽ പക്ഷി. അയാൾ പക്ഷിയെ ഒരു കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. ഖാബീൽ നോക്കിക്കണ്ടു. കൊല... കൊല ...തലക്കടിച്ചു കൊല്ലാം. തലക്കടിച്ചാൽ ജീവൻ പോകും. സഹോദരനെ കണ്ടപ്പോൾ ഖാബീൽ കോപത്തോടെ പലതും വിളിച്ചു പറഞ്ഞു :

നിന്നെ വെറുതെ വിടില്ല. നിന്നെ ഞാൻ കൊല്ലും...

ഹാബീൽ ശാന്തനായി മറുപടി പറഞ്ഞു :സഹോദരാ നീ എന്തിനെന്നോട് ശത്രുത പുലർത്തുന്നു. കുറ്റം ചെയ്താൽ ശിക്ഷ കിട്ടും. എന്നെകൊന്നാൽ ആ പാപം നീ സഹിക്കണം. എന്റെ കണക്കിൽ വല്ല പാപവുമുണ്ടെങ്കിൽ അതും നീ സഹിക്കണം ...

ഹാബീൽ സഹോദരനെ പിന്തിരിപ്പിക്കാൻ നോക്കി. ഉപദേശങ്ങളൊന്നും ഫലം ചെയ്തില്ല...

ആദം നബി (അ) രണ്ട് മക്കളെയും വിളിച്ചു സംസാരിച്ചു. വിധിയനുസരിച്ച് ഇക്ലീമയെ ഹാബീൽ വിവാഹം ചെയ്യണം. ഹാബീലിന് ഇക്ലീമയെ വളരെ ഇഷ്ടമാണ്. ഖാബീൽ ഇക്ലീമയെ വിട്ടുകൊടുക്കാൻ തയാറായില്ല. ഒടുവിൽ പിതാവ് തന്നെ ഒരു മാർഗം നിർദ്ദേശിച്ചു ...

രണ്ടു പേരും ഖുർബാൻ നടത്തുക. അല്ലാഹു ആരുടെ ഖുർബാൻ സ്വീകരിക്കുന്നുവോ അവൻ ഇക്ലീമയെ വിവാഹം ചെയ്യട്ടെ ...

ഇത് കേട്ടപ്പോൾ ഹാബീൽ പറഞ്ഞു :

ഞാൻ അല്ലാഹുവിന്റെ വിധി സ്വീകരിക്കും ഞാൻ ഖുർബാൻ നടത്താൻ തയ്യാറാണ് ...

ഹാബീൽ ആടുകളെ വളർത്തി ജീവിക്കുന്ന ആളാണ്. തന്റെ കൈവശം ധാരാളം ആടുകളുണ്ട്. ഒരാടിനെ ഖുർബാൻ കൊടുക്കാൻ തയ്യാറായി.
നല്ലൊരാടിനെ കൊണ്ടുവന്നു പർവ്വതത്തിൽ വിട്ടു.

ഖാബീൽ കർഷകനാണ്. ഗോതമ്പ് വയലുകളുടെ ഉടമയാണ്. ഒരു പിടി ഗോതമ്പ് വൈക്കോൽ കൊണ്ടുവന്ന് പർവ്വതത്തിൽ വെച്ചു. ആകാശത്ത് നിന്ന് പുകയില്ലാത്ത അഗ്നി ഇറങ്ങിവരണം. ഖുർബാൻ നൽകിയ വസ്തുവിനെ കൊണ്ടുപോവണം. അപ്പോൾ ഖുർബാൻ സ്വീകരിക്കപ്പെട്ടതായി കണക്കാക്കും. ഇതാണ് അക്കാലത്തെ രീതി...

ആളുകൾ നോക്കി നിന്നു. ആകാശത്ത് നിന്ന് അഗ്നിയിറങ്ങി. ആടിനെ കൊണ്ടുപോയി. ഹാബീലിന്റെ ഖുർബാൻ സ്വീകരിക്കപ്പെട്ടു. ഖാബീലിന്റേത് തിരസ്ക്കരിക്കപ്പെട്ടു...

ഹാബീൽ ഇക്ലിമയെ വിവാഹം കഴിക്കട്ടെ ആദം നബി (അ)വിധിച്ചു...
ഖാബീൽ എതിർത്തു. ഖുർബാൻ തിരസ്കരിക്കപ്പെട്ടാലും ഞാൻ ഇക്ലീമയെ വിട്ടുതരില്ല ...

ഒരുദിവസം ഹാബീൽ വനത്തിൽ പോയി. പോയ കാര്യങ്ങൾ നിർവ്വഹിച്ചു തിരിച്ചു വന്നു. ക്ഷീണം തോന്നി ഒരു മരണത്തണലിൽ വിശ്രമിച്ചു. മെല്ലെ കണ്ണുകൾ അടഞ്ഞു. നേർത്ത മയക്കം, ഉറങ്ങിപ്പോയി. ഖാബീൽ അതുവഴി വന്നു, ഉറങ്ങുന്ന ഹാബീൽ...

പക്ഷിയെ തലക്കടിച്ചു കൊന്ന സംഭവം ഓർമ്മ വന്നു. പിന്നെ താമസിച്ചില്ല. വലിയൊരു കല്ലു ചുമന്നു കൊണ്ടുവന്നു ഹാബീലിന്റെ സമീപത്തെത്തി, കല്ല് ഉയർത്തിപ്പിടിച്ചു പിന്നെ ശക്തിയായി തലയിലേക്കിട്ടു. തല പിളർന്നു രക്തമൊഴുകി. ഹാബീൽ അന്ത്യശ്വാസം വലിച്ചു. ഭൂമിയിൽ ആദ്യത്തെ കൊലപാതകം നടന്നു...


അസൂയ വരുത്തിയ വിപത്ത് 

അറേബ്യയിലെ യഹൂദികൾക്ക് നബി(സ) തങ്ങളോട് അസൂയ ഉണ്ടായിരുന്നു അസൂയ അവരുടെ മനസ്സിൽ നിറഞ്ഞു എത്ര തെളിവുകൾ നിരത്തിയിട്ടും അവർ സത്യവിശ്വാസം കൈക്കൊള്ളാൻ തയ്യാറായില്ല ശത്രുത വർദ്ധിച്ചു കൊണ്ടിരുന്നു വാസ്തവത്തിൽ അസൂയയാണ് മനുഷ്യനെ ദുഷിച്ച അവസ്ഥയിൽ എത്തിക്കുന്നത് ഈ സന്ദർഭത്തിൽ ഖാബീലിന്റെ അസൂയയെക്കുറിച്ച് യഹൂദികൾക്ക് സത്യസന്ധമായ രീതിയിൽ പറഞ്ഞു കൊടുക്കാൻ അല്ലാഹു കൽപിക്കുന്നു ഖാബീലിനെക്കുറിച്ച് യഹൂദികൾക്കും ക്രിസ്ത്യാനികൾക്കും ചില വിവരങ്ങളൊക്കെയുണ്ടായിരുന്നു പല അബദ്ധങ്ങളും കടന്നുകൂടിയ കഥകൾ.

യഥാർത്ഥ സംഭവം അല്ലാഹു വിവരിക്കുന്നു സൂറത്ത് മാഇദയിലെ ഈ വിവരണം ശ്രദ്ധിക്കുക

നബിയേ അവർക്ക് ആദമിന്റെ രണ്ട് പുത്രന്മാരുടെ വൃത്താന്തം യാഥർത്ഥമായ രീതിയിൽ ഓതിക്കൊടുക്കുക അതായത് അവർ രണ്ടാളും ഒരു ഖുർബാൻ (ബലി കർമം ) നടത്തിയ സന്ദർഭം എന്നിട്ട് അവരിൽ ഒരാളിൽ നിന്ന് അത് സ്വീകരിക്കപ്പെട്ടു മറ്റേ ആളിൽ നിന്ന് സ്വീകരിക്കപ്പെട്ടതുമില്ല അവൻ (ഖാബീൽ ) പറഞ്ഞു : നിശ്ചയം നിന്നെ ഞാൻ കൊലപ്പെടുത്തും അവൻ (ഹാബീൽ ) പറഞ്ഞു : തഖ്വ്വ (ഭയഭക്തി സൂക്ഷ്മത ) യുള്ളവരിൽ നിന്നേ അല്ലാഹു സ്വീകരിക്കൂ (5:30)

എന്നെ കൊലപ്പെടുത്തുവാൻ വേണ്ടി എന്റെ നേരെ നിന്റെ കൈ നീ നീട്ടിയാൽ തന്നെ നിന്നെ കൊലുപ്പെടുത്താവൻ വേണ്ടി നിന്റെ നേരെ എന്റെ കൈ ഞാൻ നീട്ടുന്നതല്ല നിശ്ചയമായും ഞാൻ ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു (5:31)

നിശ്ചയമായും ഞാൻ എന്റെ കുറ്റവും നിന്റെ കുറ്റവും കൊണ്ട് നീ മടങ്ങുവാൻ (രണ്ട് കുറ്റവും നീ ഏറ്റെടുക്കുവാൻ ) ഉദ്ദേശിക്കുന്നു അങ്ങനെ നീ നരകത്തിന്റെ ആൾക്കാരിൽ പെട്ടവനായിത്തീരാൻ അതാണ് അക്രമികളുടെ പ്രതിഫലം (5:32)

എന്നിട്ട് അവന്റെ സഹോദരനെ കൊല്ലുന്നതിന് അവന്റെ (ഖാബീലിന്റെ ) മനസ്സ് വഴങ്ങിക്കൊടുത്തു അങ്ങനെ അവൻ സഹോദരനെ കൊല ചെയ്തു അവൻ നഷ്ടക്കാരിൽ പെട്ടവനായിത്തീർന്നു (5:33)

ഖാബീൽ ആദ്യത്തെ ഘാതകനാണ് പല ദുഷ്ടന്മാർക്കും ഇത് മാതൃകയായി ദുഷ്ടന്മാരും അഹങ്കാരികളും ഖബീലിനെ മാതൃകയാക്കി അവർ പലരേയും കൊന്നു എല്ലാ കൊലപാതകങ്ങളുടെയും ഒരംശം ഖാബീലിന്നുണ്ട്

ഇസ്രാഈൽ സമൂഹത്തോട് അല്ലാഹു പറഞ്ഞു :

ഒരു മനുഷ്യനെ അകാരണമായി കൊന്നാൽ അവൻ മനുഷ്യരെ മുഴുവൻ കൊന്നവനെപ്പോലെയായി ഒരു മനുഷ്യനെ ജീവിപ്പിച്ചാൽ അവൻ മനുഷ്യരെ മുഴുവൻ ജീവിപ്പിച്ചപ്പോലെയായി

ഖാബീലിന്റെ അവസ്ഥയെന്തായി ?

മനുഷ്യരെ മുഴുവൻ കൊന്നവനെപ്പോലെയായി വധത്തിൽ നിന്ന് സഹോദരനെ രക്ഷിച്ചിരുന്നെങ്കിൽ ? എല്ലാ മനുഷ്യരെയും രക്ഷിച്ചത് പോലെയാകുമായിരുന്നു.

സഹോദരന്റെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ ഖാബീൽ അത് ചുമന്ന് കൊണ്ട് നടന്നു നാൽപ്പത് നാൾ അങ്ങനെ കടന്നുപോയി അപ്പോൾ ഖാബീൽ ഒരു കാഴ്ച കണ്ടു അതിശയം കൊണ്ടു വാ പൊളിച്ചു പോയി ചത്ത പക്ഷിയെ കുഴിച്ചിടുന്ന രംഗം കണ്ടു ദുഷ്ട മൃഗങ്ങളും പക്ഷികളും തമ്മിൽ ഏറ്റുമുട്ടി പക്ഷി ചത്തു പക്ഷിയെ മറവ് ചെയ്യണം ഒരു കാക്ക കൊക്കുകൊണ്ട് മണ്ണിൽ കുഴിയുണ്ടാക്കി ആ കുഴിയിൽ ചത്ത കാക്കയെ ഇട്ടു മണ്ണിട്ട് മൂടി ഖാബീൽ കാക്കയിൽ നിന്ന് പാഠം പഠിച്ചു വലിയൊരു കുഴിയുണ്ടാക്കി സഹോദരന്റെ മൃതദേഹം അതിലിട്ട് മൂടി പ്രശ്നം തീർന്നു.

ഞാൻ ഈ കാക്കക്ക് തുല്യനായിപ്പോയി സഹോദരനെ കൊന്നില്ലായിരുന്നുവെങ്കിൽ ഈ അവസ്ഥ വന്നു ചേരുമായിരുന്നില്ല ഖാബീൽ അങ്ങനെ പറഞ്ഞു ഖേദിച്ചു.

നബി (സ)തങ്ങൾ സ്വഹാബികളെ ഇങ്ങനെ ഉപദേശിച്ചു നിങ്ങൾ അസൂയ വെക്കരുത് അസൂയാലു ശപിക്കപ്പെട്ടവനാകുന്നു നിങ്ങൾ മനസ്സിലാക്കുക അല്ലാഹു ഹാബീലിന്റെ ഖുർബാൻ സ്വീകരിച്ചു ഖാബീലിന്റെ ഖുർബാനിനെ തള്ളിക്കളഞ്ഞു എത്ര വേഗതയിലാണ് അത് ചെയ്തത് അസൂയ വരുത്തിയ വിന വിശുദ്ധ ഖുർആൻ പറയുന്നു :

അപ്പോൾ ഭൂമിയിൽ മാന്തിക്കുഴിച്ചു നോക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു തന്റെ സഹോദരന്റെ നഗ്ന ജഢം മറവ് ചെയ്യുന്നതെങ്ങനെയെന്ന് അവന് കാണിച്ചു കൊടുക്കാൻ വേണ്ടി അവൻ പറഞ്ഞു : എന്റെ കഷ്ടമേ ഞാൻ ഈ കാക്കയെപ്പോലെ ആയിരിക്കുന്നു അങ്ങനെ എന്റെ സഹോദരന്റെ നഗ്ന ജഢം മറവ് ചെയ്യുവാൻ എനിക്ക് കഴിയാതായിപ്പോയോ? അങ്ങനെ അവൻ ഖേദക്കാരിൽ പെട്ടവനായിപ്പോയി (5:34)

ചരിത്രത്തിലെ ആദ്യത്തെ കൊലപാതകവും ആദ്യത്തെ മറമാടലും നടന്നു ഇക്കാരണത്താൽ ഇസ്രാഈലികളുടെ കാര്യത്തിൽ ഇങ്ങനെയൊരു നിയമം വന്നു ഖുർആൻ പറയുന്നു :

അക്കാരണത്താൽ ഇസ്രാഈൽ സന്തതികളുടെ മേൽ നാം രേഖപ്പെടുത്തി ഒരു ദേഹത്തിനെ കൊലചെയ്തതിനോ അല്ലെങ്കിൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിനോ പകരമല്ലാതെ ആരെങ്കിലും ഒരു ദേഹത്തെ കൊലപ്പെടുത്തിയാൽ അവൻ മനുഷ്യരെ മുഴുവൻ കൊലചെയ്തത് പോലെയാകുന്നു

ആരെങ്കിലും ഒരു ദേഹത്തെ ജീവിപ്പിക്കുന്നതായാൽ അവൻ മനുഷ്യരെ മുഴുവൻ ജീവിപ്പിച്ചത് പോലെയാകുന്നു (5:35)

ഖാബീൽ വളരെക്കാലം ജീവിച്ചു വലിയൊരു പരമ്പരയുണ്ടായി ദുഷ്ട ജനങ്ങൾ

ഒടുവിൽ രോഗം വന്നു കിടപ്പിലായി മരണം ആസന്നമായി അപ്പോൾ ശപിക്കപ്പെട്ട ഇബ്ലീസ് വന്നു ഇങ്ങനെ പറഞ്ഞു : നിങ്ങൾ അഗ്നിയെ ആരാധിക്കുക എങ്കിൽ വിജയം വരിക്കാം ഖാബീൽ അഗ്നിയെ ആരാധിച്ചു അവന്റെ അനന്തരാവകാശികളായ ജനങ്ങളും അഗ്നിയെ ആരാധിച്ചു ഇബ്ലീസ് പറഞ്ഞതെല്ലാം അവർ വിശ്വസിച്ചു.

അങ്ങനെ അഗ്നിയാരാധന തുടങ്ങി ലൈംഗിക അരാജകത്വമാണ് ആ സമൂഹത്തിൽ പിന്നെ അരങ്ങേറിയത് വകതിരിവില്ലാത്ത ജീവിതം ഖാബീൽ സന്തതികൾ അല്ലാഹുവിന്റെ തൃപ്തിയിൽ നിന്നകറ്റപ്പെട്ടു. ഖാബീൽ നിന്ദ്യനായി മരണപ്പെട്ടു. ഇബ്ലീസ് ആ സമൂഹത്തെ തെറ്റിൽ നിന്ന് തെറ്റിലേക്ക് നയിച്ചു.

നൂഹ് (അ)ന്റെ കാലത്ത് ജീവിച്ച ജനങ്ങൾ രണ്ട് വിഭാഗക്കാരായിരുന്നു ഒന്ന് ഖാബീൽ സന്താന പരമ്പര ഇവർ ദുഷിച്ച ജനതയായിരുന്നു. രണ്ടാമത്തെ വിഭാഗം ശീസ് നബി (അ)ന്റെ പിൻതുടർച്ചക്കാരായിരുന്നു ആദം (അ)ന്റെ സന്താനങ്ങളിൽ ഖാബീൽ ഒഴികെയുള്ളവരെ പരമ്പരകൾ ഈ വിഭാഗത്തിൽ പെടുന്നു ഇവർ നല്ല മനുഷ്യരായിന്നു ആദ്യ തലമുറകൾ മരണമടഞ്ഞതോടെ ഇബ്ലീസ് അവരേയും വഴിതെറ്റിക്കാൻ തുടങ്ങി.

ശീസ് (അ)ന്റെ പിൻഗാമികളിലെ പുരുഷന്മാർ വലിയ സുന്ദരന്മാരായിരുന്നു ഖാബീൽ പരമ്പരയിലെ സ്ത്രീകൾ അതീവ സുന്ദരികളുമായിരുന്നു ഇത് കാരണം ചില വിപത്തുകൾ വന്നുപെട്ടു ഇബ്ലീസ് ഒരു സുന്ദര പുരുഷന്റെ വേഷത്തിൽ ഖാബീലുകാരുടെ ഗ്രാമത്തിൽ വന്നു താമസമാക്കി അവൻ ഒരു സംഗീതോപകരണം നിർമ്മിച്ചു മധുരമായ രംഗം പുറപ്പെടുവിക്കുന്ന കുഴൽ കുഴൽവിളി തുടങ്ങിയപ്പോൾ ആളുകൾ തടിച്ചുകൂടി സുന്ദരികളുടെ വലിയ സദസ്സ് രൂപംകൊണ്ടു അവർക്ക് സംഗീതം കേൾക്കണം വീണ്ടും വീണ്ടും കുഴൽ വിളി ഉയർന്നു.



കൊല്ലത്തിലൊരിക്കൽ ഉത്സവം നടത്തണമെന്ന് ഇബ്ലീസ് നിർദ്ദേശിച്ചു.

എല്ലാവരും അംഗീകരിച്ചു ഉത്സവത്തിന് തിയ്യതി നിശ്ചയിച്ചു ശീസ് വിഭാഗത്തിൽ പെട്ടവരേയും ക്ഷണിച്ചു ചില പുരുഷന്മാർ ഉത്സവത്തിനു വന്നു.

തീറ്റി , കുടി , ആട്ടം , പാട്ട്., ഉത്സവം പൊടിപൊടിച്ചു സ്ത്രീ പുരുഷ മേളം തന്നെ ശിസ് വിഭാഗത്തിലെ കോമളന്മാരും ഖാബീൽ വിഭാഗത്തിലെ സുന്ദരിമാരും കൈകോർത്തു പാതിരാവ് വരെ ആടിപ്പാടി പിന്നെ നിയന്ത്രണങ്ങളെല്ലാം വിട്ടു ഉത്സവം കാമകേളിയായിമാറി പിന്നെയത് നിത്യ സംഭവമായി മാറി മതമൂല്യങ്ങൾ ചോർന്നുപോയി കുത്തഴിഞ്ഞ ജീവിതം തുടങ്ങി ഈ ദുഷിച്ച ജനതയിലേക്കാണ് നൂഹ് (അ) നിയോഗിക്കപ്പെട്ടത് പ്രവാചകന്റെ ഉപദേശങ്ങൾ അവർ ഇഷ്ടപ്പെട്ടില്ല ഓരോ വാക്കും അവരെ ദോഷം കൊള്ളിച്ചു അവർക്ക് വേണ്ടത് കുത്തഴിഞ്ഞ ജീവിതമാണ് കൊല്ലം തോറുമുള്ള ഉത്സവം കെങ്കേമമായി.


അഞ്ചു ബിംബങ്ങൾ

ഇതിന്നിടയിൽ അവർ ബിംബാരാധനയും തുടങ്ങിയിരുന്നു അതിന് വഴിയൊരുക്കിയതും ഇബ്ലീസ് തന്നെ അതിനുമുണ്ട് ഒരു ചരിത്രം.

ഇദ്രീസ് നബി (അ)ന് അഞ്ച് മക്കളുണ്ടായിരുന്നു സൽസ്വഭാവികൾ ,പണ്ടിതന്മാർ,ആരാധനയിൽ മുഴുകി ജീവിച്ചവർ ,ജനസേവകർ ,സ്നേഹസമ്പന്നർ അവർ ജനങ്ങളെ സ്നേഹിച്ചു അവരെ ഉപദേശിച്ചു നല്ല കാര്യങ്ങളിൽ അവരെ സഹായിച്ചു. ജനങ്ങളൾ അവരെ വല്ലാതെ സ്നേഹിച്ചു അവർക്കു വേണ്ടി എന്ത് ത്യാഗം ചെയ്യാനും ജനം തയ്യാർ അവർ നന്നായി ആരാധന നടത്തി.

അവരോടൊപ്പം ആരാധനയിൽ പങ്കെടുക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു ജനങ്ങൾക്ക് സന്തോഷമായി ജനങ്ങൾക്ക് എപ്പോഴും അവരെ കണ്ടുകൊണ്ടിരിക്കണം. അവരുടെ സംസാരം കേൾക്കണം, അവരെ പിരിഞ്ഞിരിക്കാൻ മനസ്സ് വരുന്നില്ല. ജനങ്ങൾ ആരാധനകളിൽ അതീവ തൽപരരായി മാറിഅങ്ങനെയായിരിക്കെ അഞ്ച് പേരിൽ ഒരാൾ മരണപ്പെട്ടു ജനങ്ങൾക്ക് സഹിക്കാനാവാത്ത ദുഃഖം വന്നു നാല് പേർ അവരെ സമാധാനിപ്പിച്ചു.

ഒരാൾ പോയാലും നാല് പേരുണ്ടല്ലോ എന്നവർ ആശ്വസിച്ചു കാലം ആരെയും വെറുതെ വിടില്ല സമയമെത്തുമ്പോൾ മരിച്ചു പിരിയണം നാട്ടിൽ പലരും മരിക്കുന്നു. ഇദ്രീസ് (അ)മരിച്ചുപോയില്ലേ ?ആ ദുഃഖം ജനം സഹിച്ചില്ലേ ?

പിന്നെയും മരണങ്ങൾ സംഭവിച്ചു ഇദ്രീസ് (അ)ന്റെ എല്ലാ മക്കളും മരിച്ചു പോയി ഇതെങ്ങനെ സഹിക്കും ? നബി പോയി അഞ്ച് മക്കളും പോയി ആളുകൾ പല സ്ഥലത്തായി കൂട്ടംകൂടിയിരിക്കുന്നു. മരിച്ചു പോയവരെക്കുറിച്ച് പറഞ്ഞ് കരയാൻ തുടങ്ങി. പരേതരുടെ ഗുണങ്ങൾ ഓരോരുത്തരും പറയാൻ തുടങ്ങി.

ശപിക്കപ്പെട്ട ഇബ്ലീസ് അവരോടൊപ്പം കൂടി ദുഃഖത്തിൽ പങ്കെടുത്തു. ഇബ്ലീസ് അവരെ പലതും പറഞ്ഞു ആശ്വസിപ്പിക്കും. എല്ലാവർക്കും ഇബ്ലീസ് വളരെ വേണ്ടപ്പെവനായി. അവന്റെ വാക്കുകൾക്ക് ആളുകൾ വില കൽപ്പിച്ചു തുടങ്ങി ഒരു ദിവസം ഇബ്ലീസ് ഇങ്ങനെ പറഞ്ഞു

മരിച്ചുപോയ മഹാന്മാരോടുള്ള നിങ്ങളുടെ സ്നേഹം വളരെ വലുതാണ് അവരെ കാണാതെ നിങ്ങൾ ദുഃഖിക്കുകയാണ്. നിങ്ങളുടെ ദുഃഖം തീർക്കാൻ ഒരു വഴിയുണ്ട്. നിങ്ങൾക്കവരെ എപ്പോഴും കണ്ടു കൊണ്ടിരിക്കാം അതെങ്ങനെ എല്ലാവരും കൂടി ചോദിച്ചു

പറയാം കേട്ടോളൂ ഞാൻ അവരുടെ പ്രതിമയുണ്ടാക്കാം അപ്പോൾ നിങ്ങൾക്കവരെ എപ്പോഴും കാണാമല്ലോ. അതൊരു നല്ല കാര്യമായി അവർക്ക് തോന്നി. ഇബ്ലീസ് പ്രതിമകളുണ്ടാക്കി അഞ്ച് അതേ പോലെയുണ്ട്. ജനങ്ങൾ എല്ലാ ദിവസവും അവയെ കാണും അതൊരാശ്വാസമാണ്. പ്രതിമകളെ അലങ്കരിക്കാനും ആഭരണം ധരിപ്പിക്കാനും ഇബ്ലീസ് പറഞ്ഞു. അവരതനുസരിച്ചു അവരുടെ മുമ്പിൽ ചെന്ന് സങ്കടം പറയാനും ആവലാതികൾ ബോധിപ്പിക്കാനും ഇബ്ലീസ് അവരെ പ്രേരിപ്പിച്ചു പറഞ്ഞതെല്ലാം അനുസരിച്ചു.

അവയോട് പ്രാർത്ഥിക്കാൻ പറഞ്ഞു ഒടുവിൽ ആരാധിക്കാനും പറഞ്ഞു ജനങ്ങൾ അതും അനുസരിച്ചു

വയസ്സന്മാർ മരിച്ചു പോയി പുതിയ തലമുറ വന്നു അവർക്ക് ഇദ്രീസ് നബിയെ അറിയില്ല നബിയുടെ അധ്യാപനങ്ങളിറയില്ല. അല്ലാഹുവിനെക്കുറിച്ചും കാര്യമായിട്ടൊന്നും അറിയില്ല. ഇളം തലമുറ ജനിച്ചത് തന്നെ ബിംബാരാധനയുടെ അന്തരീക്ഷത്തിലേക്കാണ് ഇബ്ലീസ് ഒരു ജനവിഭാഗത്തെ വഞ്ചിച്ചു തൗഹീദിൽ നിന്ന് അവരെ ശിർക്കിലേക്ക് കൊണ്ടുപോയി.

ഇദ്രീസ് (അ)ന്റെ അഞ്ച് പുത്രന്മാർ ഇവരായിരുന്നു

1.വദ്ദ് 

2.സുവാഹ് 

3.യഗൂസ് 

4യഊഖ് 

5 നസ്റ്

ഇപ്പോൾ ഇവ അഞ്ച് വിഗ്രഹങ്ങളുടെ പേരാണ് ഇബ്നു ജരീർ ഈ വിഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്, ആദം (അ)ന്റെയും നൂഹ് (അ)ന്റെയും ഇടക്കുള്ള കാലത്ത് ജീവിച്ച സ്വാലിഹീങ്ങളായിരുന്നു ഇവരെല്ലാം

ഇബ്നു അബ്ബാസ് (റ)പറയുന്നു :നൂഹ് നബി (അ)ന്റെ ജനതയുടെ ഈ ബിംബങ്ങൾ പിൽക്കാലത്ത് അറബികളുടേതായി മാറി ഇക്രിമ (റ),- ളഹാക് (റ), ഖത്താദ (റ) മുഹമ്മദ്ബ്നു ഇസ്ഹാഖ് (റ) എന്നിവരെല്ലാം ഇതേ കാര്യം പറഞ്ഞിട്ടുണ്ട്

ഇബ്നു അബീഹാത്തിം ഇങ്ങനെ രേഖപ്പെടുത്തി :
വദ്ദ്, യഗൂസ്, യഊഖ്, സുവാഹ് , നസ്റ് ഇവർ ആദം നബി (അ)ന്റെ മക്കളാകുന്നു ഇവരിൽ ഏറ്റവും ഉന്നതൻ വദ്ദ് ആയിരുന്നു

ഇബ്നു അബീ ഹാത്തിം രേഖപ്പെടുത്തുന്നു;

വദ്ദ് എന്ന സ്വാലിഹായ മരുഷ്യൻ മരിച്ചു ബാബൽ എന്ന നാട്ടിൽ ഖബറടക്കി. ദുഃഖിതരായ ജനത ഖബറിനു ചുറ്റുമിരുന്നു സങ്കടപ്പെട്ടു കരഞ്ഞു. ഇബ്ലീസ് മനുഷ്യ വേഷത്തിൽ വന്നു ഞാൻ നിങ്ങൾക്കു ഈ മനുഷ്യന്റെ രൂപമുണ്ടാക്കിത്തരാമെന്ന് പറഞ്ഞു. വദ്ദിന്റെ പ്രതിമ നിർമ്മിച്ചു. ആളുകൾ അതിന്റെ ചുറ്റും കൂടി ഓരോ വീട്ടുകാർക്കും ഓരോ പ്രതിമ നിർമ്മിച്ചു കൊടുത്തു. ഓരോ വീട്ടിലും കാലാന്തരത്തിൽ ബിംബാരാധന തുടങ്ങി. തലമുറകൾ അതിനെ ആരാധിച്ചുവന്നു. വദ്ദ് എന്ന പദത്തിന് സ്നേഹം എന്നർത്ഥം സ്നേഹത്തിന്റെ പ്രതീകമായി ഇത് വാഴ്ത്തപ്പെട്ടു

ലോകത്ത് ആരാധിക്കപ്പെട്ട ആദ്യത്തെ ബിംബം വദ്ദ് ആകുന്നു. ഉമ്മു ഹബീബ (റ) ഉമ്മു സലമ (റ) എന്നിവർ നബി (സ)തങ്ങളോട് ഒരു സംഭവം വിവരിക്കുന്നു

ഞങ്ങൾ അബ്സീനിയായിൽ ആയിരുന്നപ്പോൾ ഒരു കനീസ (ആരാധനാലയം) കണ്ടു മരിയ്യഃ എന്നായിരുന്നു അതിന്റെ പേര് അവിടെ ചില രൂപങ്ങൾ ഞങ്ങൾ കണ്ടു

നബി (സ)പറഞ്ഞു : അവരുടെ കൂട്ടത്തിൽ സ്വാലിഹായ മനുഷ്യൻ മരിച്ചാൽ അദ്ദേഹത്തിന്റെ രൂപം ഉണ്ടാക്കിവെക്കും അതുണ്ടാക്കുന്നവരാണ് അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ദുഷിച്ചവർ ഖിയാമം നാളിൽ അവരായിരിക്കും ഏറ്റവും ദുഷിച്ചവർ.

വദ്ദ് പുരുഷ രൂപത്തിലുള്ള വിഗ്രഹമാണ് ലോകം സ്നേഹത്തിൽ നിന്നു ആരംഭിച്ചു എന്ന സന്ദേശം വദ്ദ് നൽകുന്നു എന്ന് പ്രചരിപ്പിക്കപ്പെട്ടു

സുവാഹ് സ്ത്രീ രൂപത്തിലുള്ള വിഗ്രഹമാണ് ലോകത്തിന്റെ ഉത്ഭവം നിലനിൽപ് എന്നിവ സ്ത്രീയെ ആശ്രയിച്ചിരിക്കുന്നു. എന്ന സന്ദേശം സുവാഹ് നൽകുന്നു ഗ്രഹഭരണം ,കുടുംബ കാര്യങ്ങൾ എന്നിവ സുവാഇനോട് പറയും.

യഗൂസ് കുതിരയുടെ രൂപത്തിലുള്ള വിഗ്രഹം ദുഃഖത്തിൽ നിന്ന് മോചനം നേടാൻ ഈ വിഗ്രഹത്തെ സമീപിക്കും ദുഃഖിതരുടെ വലിയ കൂട്ടം യഗൂസിന്റെ മുമ്പിൽ കാണും.

യഊഖ് സിംഹ രൂപത്തിലുള്ള ബിംബം ആപത്തുകൾ തടയാനുള്ള കഴിവ് ഇതിനുണ്ടെന്ന് ആളുകൾ വിശ്വസിച്ചു.

നസ്റ് പരുന്തിന്റെ രൂപമുള്ള ബിംബം ശക്തിയുടെ പ്രതീകമാണ് ദൈവശക്തിയാണ് ലക്ഷ്യമിട്ടത്.

കാലാന്തരത്തിലാണ് വിഗ്രഹങ്ങൾക്ക് രൂപമാറ്റങ്ങൾ സംഭവിച്ചത് സ്വാലിഹീങ്ങളായ അഞ്ച് പുരുഷന്മാരുടെ രൂപമാറ്റങ്ങളാണ് ഈ രൂപത്തിൽ മാറിയത്.

നൂഹ് നബി (അ)ന്റെ കാലത്തുണ്ടായ മഹാപ്രളയത്തിൽ ഈ വിഗ്രഹങ്ങൾ മണ്ണിന്നടിയിൽ പെട്ടു. പിൽക്കാലത്ത് ഇബ്ലീസ് അവ പുറത്തെടുത്ത് അറബികൾക്ക് നൽകി.

ഇബ്നു അബ്ബാസ് (റ) പറയുന്നു :

ആദം നബി (അ)ന്റെ ശരീരം ഇന്ത്യയിലെ ഒരു മലയിൽ ഖബറടക്കപ്പെട്ടു. മുസ്ലിംകൾ ഖബർ സന്ദർശിച്ചുകൊണ്ടിരുന്നു. മുസ്ലിംകളല്ലാത്തവർ ഖബറിന്നടുത്ത് വന്നിരുന്നില്ല. അനുവദിക്കപ്പെട്ടില്ല മുസ്ലിംകളല്ലാത്ത വിഭാഗത്തോട് ഇബ്ലീസ് പറഞ്ഞു : ഞാൻ നിങ്ങൾക്ക് വിഗ്രഹങ്ങളുണ്ടാക്കിത്തരാം ഖബറിന്നടുത്തേക്ക് പോവേണ്ട. അഞ്ച് വിഗ്രഹങ്ങൾ ഉണ്ടാക്കിക്കൊടുത്തു ഇന്ത്യക്കാർ അവയെ ആരാധിച്ചു വന്നു.

മഹാപ്രളയ കാലത്ത് മണ്ണിന്നടിയിലായ ബിംബങ്ങളെ ദീർഘ കാലത്തിനുശേഷം ഇബ്ലീസ് പുറത്തെടുത്തു ദൗമത്തുൽ ജൻദലിലെ കൽബ് ഗോത്രക്കാർക്ക് വദ്ദ് എന്ന ബിംബങ്ങൾ നൽകി.

സബഇൽ നിന്നുള്ള മുറാദ് ഗോത്രക്കാർക്ക് യഗൂസ് ബിംബം കിട്ടി ആഹ്ലാദത്തോടെ ഏറ്റു വാങ്ങി.

യഊഖിനെ കിട്ടിയത് ഹംദാൻകാർക്ക് നസ്റിനെ ഹംയർകാർക്ക് കിട്ടി.

ഖാബീലിന്റെ വിഗ്രഹവും നിർമ്മിക്കപ്പെട്ടു ഖാബീൽ പാരമ്പര്യമുള്ളവർ അതിനെ ആരാധിച്ചു ബിംബാരാധന വളരെ ശക്തമായി ധാരാളം ബിംബങ്ങൾ നിർമ്മിക്കപ്പെട്ടു ശിർക്കിന്റെ ആധിപത്യമായി ഇങ്ങനെയൊരു കാലം മുമ്പുണ്ടായിട്ടില്ല ഈ വിഭാഗത്തെ തൗഹീദിലേക്കു ക്ഷണിക്കാൻ അല്ലാഹു നൂഹ് നബി (അ)യെ നിയോഗിച്ചു ബിംബാരാധകർ ശക്തമായ പ്രതിരോധം തീർത്തു.

നേർമാർഗത്തിലേക്കു വരിക 




സന്മാർഗത്തിൽ നിന്ന് ബഹുദൂരം അകന്നുപോയ ഒരു ജനതയിലേക്കാണ് നൂഹ് നബി (അ) നിയോഗിക്കപ്പെട്ടത്. ആദം (അ) ആദ്യ പിതാവാണ് പിന്നീട് പിറന്ന തന്റെ സന്താനങ്ങളെ ഉപദേശിച്ചു നന്നാക്കുകയായിരുന്നു. തന്റെ ദൗത്യം ശീസ് (അ) ഇദ്രീസ് (അ) എന്നിവർക്കും നല്ല മനുഷ്യരെ അഭിമുഖീകരിച്ചാൽ മതിയായിരുന്നു.

എന്നാൽ നൂഹ് നബി(അ)ന്റെ അവസ്ഥ അതല്ല ശക്തമായ എതിർപ്പിന്റെ മുമ്പിലേക്കാണ് വരുന്നത്. ജനങ്ങളെ സന്മാർഗത്തിലേക്ക് ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട ആദ്യ പ്രവാചകൻ എന്ന് നൂഹ് നബി (അ)വിശേഷിക്കപ്പെട്ടു. നൂഹ് നബി (അ)താനുമായി വളരെ അടുപ്പമുള്ള ആളുകളോട് സ്വകാര്യമായി സംസാരിച്ചു. സർവ്വ ലോകങ്ങളും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹു ഏകനാകുന്നു. ആരാധനക്കർഹൻ അവൻ മാത്രം തന്നെ അവൻ പ്രവാചകാനി നിയോഗിച്ചിരിക്കുന്നു ഞാൻ പറയുന്നത് വിശ്വസിക്കുക. അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവന് പങ്കുകാരില്ല പലരോടും പറഞ്ഞു നോക്കി ആർക്കും വിശ്വാസം വരുന്നില്ല പറഞ്ഞ് പറഞ്ഞ് സംഗതി പരസ്യമായി അതോടെ രൂക്ഷമായ എതിർപ്പും തുടങ്ങി.

വിശുദ്ധ ഖുർആനിലെ എഴുപത്തി ഒന്നാം അധ്യായത്തിന്റെ പേര് സൂറത്തു നൂഹ് എന്നാകുന്നു ഈ അധ്യായത്തിൽ നൂഹ് (അ) നേരിട്ട ശക്തമായ എതിർപ്പുകൾ കാണാം ശത്രുക്കൾക്കെതിരെ അദ്ദേഹം നടത്തിയ പ്രാർഥന കേട്ടാൽ മനസ്സിലാക്കാം ശത്രുതയുടെ കാഠിന്യം അല്ലാഹു നൂഹ് (അ)നോട് കൽപ്പിച്ചു നീ നാന്റെ ജനതക്ക് ശക്തമായ താക്കീത് നൽകുക വേദനാജനകമായ ശിക്ഷ വന്നു ഭവിക്കുന്നതിന് മുമ്പായി ജനങ്ങൾക്ക് താക്കീത് നൽകുക

ഈ ആശയം അവതരിപ്പിച്ചുകൊണ്ടാണ് സൂറത്ത് നൂഹ് ആരംഭിക്കുന്നത് ആ ഭാഗം കാണുക :

നിശ്ചയമായും നാം നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് റസൂലായി അയച്ചു നിന്റെ ജനതക്ക് വേദനയേറിയ വല്ല ശിക്ഷയും വരുന്നതിന് മുമ്പായി നീ അവരെ താക്കീത് ചെയ്യണം (71:1) അദ്ദേഹം പറഞ്ഞു : എന്റെ ജനങ്ങളെ നിശ്ചയമായും ഞാൻ നിങ്ങൾക്ക് വ്യക്തമായ ഒരു താക്കീതുകാരനാകുന്നു (71:2)നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവീൻ അവനെ സൂക്ഷിക്കുകയും ചെയ്യുവീൻ എന്നെ അനുസരിക്കുകയും ചെയ്യുവീൻ (71:3)

നൂഹ് (അ)ന്റെ പ്രബോധന പ്രവർത്തനങ്ങളുടെ തുടക്കം അങ്ങനെയായിരുന്നു.

അല്ലാഹുവിനെ ആരാധിക്കുക ആരാധന അവനു മാത്രം ഈ ബിംബങ്ങളെയെല്ലാം കൈവെടിയുക എന്ത് പറയുമ്പോഴും ഏതൊരു കാര്യം ചെയ്യുമ്പോഴും അല്ലാഹുവിനെ സൂക്ഷിക്കുക. ജീവിത്തിലുടനീളം സൂക്ഷ്മത വേണം ശാന്തമായി ചിന്തിക്കണം ഞാൻ അല്ലാഹുവിന്റെ ദൂതനാകുന്നു അതുകൊണ്ട് നിങ്ങൾ എന്നെ അനുസരിക്കണം നിങ്ങളുടെ ജീവിത രീതി മാറ്റണം ഇന്ന് നിങ്ങൾ ശിർക്കിൽ മുങ്ങിക്കിടക്കുകയാണ് ശിർക്കിൽ നിന്ന് മോചനം നേടണം തൗഹീദിലേക്ക് വരണം അങ്ങനെ നിങ്ങൾ ചെയ്താൽ നിങ്ങളുടെ പാപങ്ങൾ അല്ലാഹു പൊറുത്തു തരും. അവന്റെ അനുഗ്രഹത്താൽ നിങ്ങളെ പ്രവേശിപ്പിക്കും.

ഈ ജീവിതം ശാശ്വതമല്ല ഒരു നിശ്ചിത പരിധിവരെ മാത്രം മനുഷ്യന് ജീവിതമുള്ളൂ സമയമെത്തിയാൽ ദുനിയാവിൽ നിന്ന് മാറിപ്പൊയ്ക്കൊള്ളണം ആരെയും പിന്തിച്ചിടുകയില്ല സൂറത്തു നൂഹിൽ ഇങ്ങനെ കാണാം.

എന്നാലവൻ നിങ്ങൾക്കു നിങ്ങളുടെ പാപങ്ങൾ പൊറത്തു തരുന്നതാണ് നിർണയിക്കപ്പെട്ട ഒരവധി വരെ അവൻ നിങ്ങളെ പിന്തിച്ചുതരുന്നതുമാണ്

നിശ്ചയമായും അല്ലാഹുവിന്റെ അവധി വന്നാൽ അത് പിന്തിക്കപ്പെടുന്നതല്ല നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ 71:4)

എതിർപ്പുകൾ വകവെക്കാതെയുള്ള പ്രബോധനം സ്വീകര്യമായും പരസ്യമായും പ്രബോധനം നടത്തി രാത്രിയിലും പകലിലും നടത്തി ജനം രോഷാകുലരായി മാറി. ചിലർ ഭീഷണിപ്പെടുത്തി. ഈ വക സംസാരം നിർത്തണം. ഞങ്ങൾ ബിംബങ്ങളെ ആരാധിക്കും. ഞങ്ങൾ ഇന്നത്തെപ്പോലെ തന്നെ ജീവിക്കും. നീ അത് ചോദ്യം ചെയ്യരുത് ഇത് നിനക്കുള്ള താക്കീതാണ് സംസാരം നിർത്തിയില്ലെങ്കിൽ നിന്നെ ഞങ്ങൾ ശരിപ്പെടുത്തിക്കളയും ധിക്കാരത്തിന്റെ ഭാഷയിലാണ് സംസാരം.

നൂഹ് (അ) അവരുടെ താക്കീത് അവഗണിച്ചു. വീണ്ടും വീണ്ടും അല്ലാഹുവിലേക്ക് ക്ഷണിച്ചു. ആ ജനത നൂഹ് (അ)നെ കയ്യേറ്റം ചെയ്തു മർദ്ദിച്ചു. അവവശനായി നിലത്തു വീണു ബോധം കെടുംവരെ പ്രഹരിച്ചു.

ദുഷ്ടന്മാർ പിരിഞ്ഞുപോയി അവശനായ പ്രവാചകൻ കണ്ണുകൾ തുറന്നു ചുറ്റും നോക്കി. അല്ലാഹുവിനെ വാഴ്ത്തി ദാഹജലം പാനം ചെയ്തു. അവശതയോടെ വീട്ടിലേക്കു മടങ്ങി ആ പോക്ക് നോക്കി ദുഷ്ടന്മാർ പരിഹസാച്ചിരി മുഴക്കി സൂറത്ത് ഹൂദിലെ വാക്കുകൾ നോക്കാം.

നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി (അദ്ദേഹം പറഞ്ഞു ) നിശ്ചയമായും ഞാൻ നിങ്ങൾക്ക് സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു (11:25)

നിങ്ങൾ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത് വേദയേറിയ ഒരു ദിവസത്തെ ശിക്ഷയെ നിങ്ങളുടെ മേൽ ഞാൻ ഭയപ്പെടുന്നു (11;26)

അപ്പോൾ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രധാനികൾ പറഞ്ഞു :ഞങ്ങളെപ്പൊലെയുള്ള ഒരു മനുഷ്യനായിട്ടല്ലാതെ നിന്നെ ഞങ്ങൾ കാണുന്നില്ല ഞങ്ങളുടെ പ്രഥമ വീക്ഷണത്തിൽ ഞങ്ങളേക്കാൾ താഴ്ന്ന നിലവാരത്തിലുള്ളവരല്ലാതെ നിന്നെയാരും പിൻപറ്റിയതായി ഞങ്ങൾ കാണുന്നുമില്ല ഞങ്ങളേക്കാൾ നിങ്ങൾക്ക് വല്ല ശ്രേഷ്ഠതയും ഉള്ളതായി ഞങ്ങൾ കാണുന്നുമില്ല എന്നാൽ നിങ്ങളെ വ്യാജം പറയുന്നവരായാണ് ഞങ്ങൾ കരുതുന്നത് (11:27)

ആ ജനതയുടെ മനോഭാവം മേൽ വചനത്തിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം

ഏതാനും ആളുകൾ നൂഹ് (അ)ൽ വിശ്വസിച്ചു അവർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് നൂഹ് (അ)നെ ഒരു സാധാരണ മനഷ്യനായി അവർ കാണുന്നു. അവരുടെ കൂട്ടത്തിൽ അവരെപ്പോലെ ജീവിക്കുന്നു. ഒരു പ്രത്യേകതയും കാണുന്നില്ല. പ്രവാചകനെയും അനുയായികളെയും കുറിച്ച് ഒരു കാര്യം അവർ ഉറപ്പിച്ചു പറയുന്നു :

അവർ കള്ളം പറയുന്നവരാണ്. നൂഹ് (അ)പറഞ്ഞതെല്ലാം അവർ കളവാക്കി തള്ളിക്കളഞ്ഞു. സത്യത്തെ കളവായി ചിത്രീകരിക്കുക എന്നിട്ടതിനെ ശക്തിയായി നേരിടുക ഈ നിലപാടാണ് ആ സമൂഹം സ്വീകരിച്ചത്.
എന്തൊരവസ്ഥയാണിത് ? ഈ അവസ്ഥയുടെ പിരിമുറുക്കം പ്രവാചകന്റെ വാക്കുകളിൽ കാണാം

ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ്. അക്കാര്യം സത്യമാണ്. നിങ്ങളിൽ നിന്നൊരാളെ നിങ്ങളുടെ പ്രവാചകനായി നിയോഗിച്ചത്. നിങ്ങൾക്ക് അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹമാണ്. ആ അനുഗ്രഹത്തെയാണോ നിങ്ങൾ തള്ളിക്കളയുന്നത്? സത്യം കാണാൻ നിങ്ങൾക്ക് കഴിയാത്തതെന്ത് ? അന്ധന്മാരെപ്പോലെയായിപ്പോയോ നിങ്ങൾ? എനിക്കെങ്ങനെ നിങ്ങളെ നിർബന്ധിക്കാൻ കഴിയും ? നിങ്ങൾ വെറുക്കുന്ന ഒരു കാര്യം ചെയ്യാൻ ഞാൻ നിങ്ങളെ എങ്ങനെ നിർബന്ധിക്കും ?

വിശുദ്ധ ഖുർആൻ പറയുന്നു : അദ്ദേഹം പറഞ്ഞു : എന്റെ ജനങ്ങളേ നിങ്ങൾ എന്നോട് പറയുക :ഞാൻ എന്റെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു വ്യക്തമായ തെളിവോട് കൂടിയായിരിക്കുകയും എനിക്ക് അവന്റെ പക്കൽ നിന്നുള്ള ഒരു അനുഗ്രഹത്തെ അവൻ നൽകുകയും എന്നിട്ട് നിങ്ങൾക്കത് കാണാതെ പോവുകയും ചെയ്താൽ (നാമെന്ത് ചെയ്യും? ) നിങ്ങൾ അതിനെ വെറുക്കുന്നവരായിരിക്കെ അതിനെ അടിച്ചേൽപിക്കുവാൻ നമുക്കു കഴിയുമോ? (11:28)

നൂഹ് (അ)അവർക്ക് ശക്തമായ താക്കീത് നൽകിക്കൊണ്ടിരുന്നു. ഇത് സത്യമാണ്, ഇത് അനുഗ്രഹമാണ്, നിങ്ങൾ ഞാൻ പറയുന്നത് വിശ്വസിക്കുക. നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക,അവനോട് സഹായം ചോദിക്കുക. ചെയ്തുപോയ പാപങ്ങൾക്ക് പശ്ചാത്തപിക്കുക. അവൻ നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കും. സത്യമാർഗത്തിൽ നിന്നകന്ന് പോവരുത്.

ആളുകൾ കല്ലുകൾ വലിച്ചെറിഞ്ഞു നൂഹ് (അ)ന് നേരെ ശക്തമായ കല്ലേറ് കല്ലുകൾ ശരീരത്തിൽ തട്ടി മുറിവുകളുണ്ടായി. രക്തമൊഴുകി വല്ലാതെ വേദനിച്ചു നൂഹ് (അ)ഇങ്ങനെ പ്രാർത്ഥിച്ചു :എന്റെ റബ്ബേ വിവരമില്ലാത്ത ജനതയാണ് അവർ ചെയ്യുന്നതെന്താണ് അവർക്കറിയില്ല പൊറുത്തു കൊടുക്കേണമേ

തന്റെ ജനത ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും നൂഹ് (അ) തക്കതായ മറുപടി നൽകിക്കൊണ്ടിരുന്നു.

സത്യസന്ദേശ പ്രചാരണം കൊണ്ട് ധനസമ്പാദന ഉദ്ദേശിക്കുന്നില്ല.അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കുകയെന്നത് വളരെ പ്രയാസമുള്ള ജോലിയാണ് അതിന് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. പ്രതിഫലം നൽകേണ്ടവൻ അല്ലാഹു മാത്രം പ്രതിഫലം ആ പ്രതിഫലം മാത്രമാണ് പ്രതീക്ഷിക്കുന്നത്.

തന്നെ പിൻപറ്റുന്നത് വെറും സാധാരണക്കാരാണെന്നാണ് മറ്റൊരു ആരോപണം ഇതിനും ശരിയായ മറുപടി നൽകുന്നു.

നിങ്ങളുടെ കണ്ണിൽ അവർ നിസ്സാരന്മാരായിരിക്കാം അവർ അല്ലാഹുവിൽ വിശ്വസിച്ചവരാണ് അവർ മുസ്ലിംകളാണ് നിങ്ങളുടെ സൗഹൃദം ലഭിക്കാൻ വേണ്ടി ഞാനവരെ ആട്ടിയോടിക്കുകയില്ല. ഞാനവരെ ആട്ടിയോടിച്ചാൽ അല്ലാഹു എന്നോട് കോപിക്കില്ലേ ? പിന്നെ എന്നെയാര് സഹായിക്കും? എനിക്കെവിടെയാണഭയം ?

വിശുദ്ധ ഖുർആൻ വചനം നോക്കൂ

എന്റെ ജനങ്ങളേ ഇതിന് പ്രതിഫലമായി യാതൊരു ധനവും നിങ്ങളോട് ഞാൻ ആവശ്യപ്പെടുന്നില്ല എന്റെ പ്രതിഫലം അല്ലാഹുവിങ്കൽ മാത്രമാകുന്നു സത്യത്തിൽ വിശ്വസിച്ചവരെ ആട്ടിയോടിക്കുന്നവനല്ല ഞാൻ തീർച്ചയായും അവരുടെ രക്ഷിതാവിനെ അവർ കണ്ടുമുട്ടുന്നവരാണ് പക്ഷെ ഒരു മൂഢ ജനതയായിട്ടാണ് നിങ്ങളെ ഞാൻ കാണുന്നത് (11:29)

എന്റെ ജനങ്ങളെ ഞാൻ അവരെ ആട്ടിയോടിച്ചാൽ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുവാൻ തക്കവണ്ണം എന്നെ സഹായിക്കുന്നതാരാകുന്നു ? അപ്പോൾ നിങ്ങൾ ആലോചിച്ചു നോക്കുന്നില്ലേ (11:30)

നൂഹ് (അ)പിന്നെയും പിന്നെയും ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു.

അല്ലാഹു ഏകനാണെന്നാണ് ഞാൻ പറയുന്നത് അവൻ എന്നെ ദൂതനായി അയച്ചുവെന്നാണ് ഞാൻ പറയുന്നത് അത് വിശ്വസിക്കാൻ എന്താണ് പ്രയാസം? വിശ്വസിക്കാൻ പറ്റാത്തതായി ഞാനൊന്നും പറയുന്നില്ല. അല്ലാഹുവിന്റെ ഖജനാവുകൾ എന്റെ കൈവശമാണെന്ന് ഞാൻ പറയുന്നില്ല. ഞാൻ അദൃശ്യ കരങ്ങൾ അറിയുമെന്ന് നിങ്ങളോട് പറയുന്നില്ല. അല്ലാഹു അറിയിച്ചു തരുന്ന കാര്യങ്ങൾ ഞാനറിയുന്നു നിങ്ങൾക്കറിയാത്ത പലതും എന്നെ അവൻ അറിയിക്കും.

ഞാനൊരു മനുഷ്യനാണ്, മലക്കല്ല. ഞാനൊരു മലക്കാണെന്ന് ഞാൻ പറയില്ല. എന്നെ പിൻപറ്റിയവർ നിങ്ങളുടെ ദൃഷ്ടിയിൽവളരെ നിലവാരം കുറഞ്ഞവരാണ്. അവരുടെ ഹൃദയത്തിലാണ് ഭയഭക്തി അതാർക്കും അറിയാൻ കഴിയില്ല. അതാണ് തഖ്വ്വ തഖ്വ്വയുള്ളവരെ അല്ലാഹു പദവികൾ നൽകി അനുഗ്രഹിക്കും.

അവരുടെ മനസ്സറിയുന്നവൻ അല്ലാഹു മാത്രം. സത്യവിശ്വാസം കൈകൊണ്ടവരെ ഞാൻ അവഗണിക്കുകയോ? എങ്കിൽ ഞാൻ അക്രമികളിൽ പെട്ടുപോവും ഇല്ല ഞാനവരെ കൈവെടിയില്ല.

വിശുദ്ധ ഖുർആൻ പറയുന്നതിങ്ങനെ : അല്ലാഹുവിന്റെ ഖജാനകൾ എന്റെ അടുക്കലാണെന്നോ ഞാൻ അദൃശ്യ കാര്യങ്ങൾ അറിയുമെന്നോ നിങ്ങളോട് ഞാൻ പറയുന്നില്ല ഞാനൊരു മലക്കാണ് എന്നും നിങ്ങളോട് ഞാൻ പറയുന്നില്ല നിങ്ങളുടെ ദൃഷ്ടിയിൽ നികൃഷ്ടരായി കാണുന്നവർക്ക് അല്ലാഹു യാതൊരു നന്മയും കൈവരുത്തിക്കൊടുക്കുകയില്ല എന്നും ഞാൻ പറയുകയില്ല അവരുടെ ഹൃദയങ്ങളിലുള്ളതിനെ സംബന്ധിച്ച് അല്ലാഹു ഏറ്റവും അറിയുന്നവനാണ് നിശ്ചയമായും അപ്പോൾ (മേൽ പ്രകാരം പറഞ്ഞാൽ ) ഞാൻ അക്രമികളിൽ പെട്ടവനായി പോകുന്നതാണ് (11:31)

തന്റെ ജനത ബഹുദൈവ വിശ്വാസവുമായി മുമ്പോട്ട് പോയി അത് കണ്ടപ്പോൾ ദുഃഖം തോന്നി നൂഹ് നബി (അ)അവരെ വീണ്ടും ഉപദശിച്ചു

സൂറത്തുൽ മുഹ്മിനൂൻ പറയുന്നത് കേൾക്കൂ : നിശ്ചയമായും നൂഹ് നബിയെ തന്റെ ജനതയുടെ അടുക്കലേക്ക് നാം അയച്ചു എന്നിട്ട് അദ്ദേഹം അവരോട് പറഞ്ഞു : എന്റെ ജനങ്ങളെ നിങ്ങൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക അവനല്ലാതെ വേറെ യാതൊരു ഇലാഹും ഇല്ല എന്നിരിക്കെ അവനെ നിങ്ങൾ ഭയപ്പെടുന്നില്ലേ ? (23:23)

ഇത് കേട്ടപ്പോൾ അവരുടെ നേതാക്കൾ രംഗത്തിറങ്ങി. സാധാരക്കാരായ ജനങ്ങൾ അവരുടെ ചുറ്റും കൂടി. ജനസമൂഹത്തോട് നേതാക്കൾ പ്രസംഗിച്ചതിങ്ങിനെ :

ഈ മനുഷ്യനെന്ത് പറ്റിപ്പോയി നോക്കൂ. അയാൾ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രം. നിങ്ങളെക്കാൾ കൂടുതലായി ഇയാൾക്കൊരു യോഗ്യതയുമില്ല. യോഗ്യതയുണ്ടെന്ന് അയാൾ നടിക്കുകയാണ്. അല്ലാഹു നമ്മിലേക്ക് ഒരു ദൂതനെ അയക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ഒരു മലക്കിനെ തന്നെ അയക്കുമായിരുന്നു. ഇയാളെപ്പോലെ ഒരാളെയാണോ ദൂതനായി അയക്കേണ്ടത്?

ഇതു പോലൊരു സംഭവം ഇതിന് മുമ്പ് നാം കേട്ടിട്ടുമില്ല ഇയാൾക്ക് ഭ്രാന്ത് പിടിച്ചെന്നാണ് തോന്നുന്നത് ഇയാളുടെ രോഗം കൂടുന്നുണ്ടോയെന്ന് നമുക്കു കാത്തിരുന്നു കാണാം നേരത്തെ വ്യാജനെന്ന് വിളിച്ചു ഇപ്പോൾ ഭ്രാന്തനെന്ന് വിളിച്ചു

വിശുദ്ധ ഖുർആൻ പറയുന്നു : അപ്പോൾ തന്റെ ജനതിൽ പെട്ട സത്യനിഷേധികളായ നേതാക്കൾ (അനുയായികളോട് ) പറഞ്ഞു :ഇയാൾ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു നിങ്ങളെക്കാൾ യോഗ്യനാകണമെന്ന് വിചാരിച്ചിരിക്കുകയാണ് ഇയാൾ

അല്ലാഹു (ഒരു ദൂതനെ അയക്കാൻ )ഉദ്ദേശിച്ചിരുന്നുവെങ്കിൽ മലക്കുകളെ ഇറക്കുമായിരുന്നു നമ്മുടെ പൂർവ്വ പിതാക്കളിൽ ഇതിനെപ്പറ്റി യാതൊന്നും നാം കേട്ടിട്ടില്ല (23:24)

ഇയാൾ ഭ്രാന്ത് പിടിപ്പെട്ട ഒരു മനുഷ്യൻ മാത്രമാണ് അതിനാൽ ഇയാളുടെ കാര്യത്തിൽ കുറച്ചു കാലം വരെ നിങ്ങൾ കാത്തിരിക്കുക (23:25) 

പരിഹാസവും വെല്ലുവിളിയുമെല്ലാം നിറഞ്ഞ വാക്കുകൾ ആരും നൂഹിന്റെ പ്രസംഗം കേൾക്കരുത് ജനങ്ങളെ ബുദ്ധിപരമായി തടയുക അതാണ് അടുത്ത പരിപാടി നൂഹ് നബി (അ)സംസാരിക്കാൻ തുടങ്ങിയാൽ ആളുകൾ പിരിഞ്ഞു പോകും കേട്ടുപോവരുത് കേട്ടാൽ ചിന്തിക്കും അത് വേണ്ട


നിഷേധികൾ




നേതാക്കൾ സാധാരണ ജനങ്ങളെ നൂഹ് (അ) നെതിരെ ഇളക്കിവിടുകയാണ്. ഇങ്ങനെയൊരു നബി വരുമെന്ന് നമ്മുടെ പൂർവ്വികരിൽ നിന്ന് നാം കേട്ടിട്ടില്ല. ഇത് വിചിത്രമായ പുതിയ വാദം തന്നെ ഇവന് ഭ്രാന്ത് പിടിച്ചിരിക്കുന്നു.

സ്വബോധമുള്ള ഒരാൾ ഇങ്ങനെയൊന്നും പറയില്ല നമുക്ക് കുറച്ചു കാലം കാത്തിരിക്കാം. കുറിച്ചു കഴിയുമ്പോൾ അസുഖം മാറിയേക്കും. അങ്ങനെ നമുക്കു പ്രതീക്ഷിക്കാം. ജനങ്ങളെ നൂഹ് (അ) യിൽ നിന്നകറ്റാനുള്ള അടവുകളാണിതെല്ലാം ഭ്രാന്ത് പിടിച്ചവന്റെ സംസാരം ആരെങ്കിലും ശ്രദ്ധിക്കുമോ? നൂഹ് നബി (അ) വളരെ മഹത്തായ കാര്യങ്ങൾ ജനങ്ങളോട് സംസാരിക്കുന്നു. ജനം ചിരിച്ചു തള്ളിക്കളയുന്നു. വകതിരിവില്ലാത്തവന്റെ അർത്ഥമില്ലാത്ത വർത്തമാനമെന്നനിലയിൽ തള്ളുന്നു എന്തൊരവസ്ഥയാണിത് നിസ്സഹായനായിത്തീർന്ന നൂഹ് (അ) അല്ലാഹുവിനോട് സഹായം തേടുന്നു

വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ;

അദ്ദേഹം പറഞ്ഞു : എന്റെ രക്ഷിതാവേ ഇവരെന്നെ നിഷേധിച്ചിരിക്കുന്നത് കൊണ്ട് നീ എന്നെ സഹായിക്കേണമേ (23:26)

സമൂഹത്തിലെ ധനികന്മാരും സ്വാധീനമുള്ളലരും നേതാക്കളും ഒറ്റക്കെട്ടായി നിന്ന് ഒരു മനുഷ്യനെ ആക്രമിക്കുന്നു ഒറ്റപ്പെടുത്തുന്നു സാമൂഹിക ദ്രോഹിയായും നിന്ദ്യനായും മുദ്രകുത്തുന്നു ഭ്രാന്തനാണെന്ന് വിളിക്കുന്നു ജനങ്ങൾ ഈ വർഗ്ഗത്തിന്റെ വാക്കുകൾ വിശ്വസിക്കുന്നു ഈ അവസ്ഥയിലെത്തിയപ്പോൾ നൂഹ് (അ)ചെയ്ത പ്രാർത്ഥനയാണ് നാം മീതെ കണ്ടത്

സാഹചര്യം എത്ര പ്രതികൂലമായാലും ദൗത്യത്തിൽ നിന്ന് പിന്തിരിയാൻ പറ്റില്ല മുമ്പോട്ട് തന്നെ പോവണം. നൂഹ് നബി (അ) ദൃഢമാനസമുള്ള പ്രവാചകനാണ്. ദൗത്യവുമായി ദൃഢമായി മുമ്പോട്ടു നീങ്ങി അല്ലാഹുവിലേക്ക് ക്ഷണിച്ചു ബിംബങ്ങളെ തള്ളിപ്പറഞ്ഞു. പൂർവ്വാധികം ശക്തിയോടെ അതോടെ എതിർപ്പിനും ശക്തി കൂടി. കണ്ടിടത്ത് വെച്ചു കല്ലെറിഞ്ഞു. ദേഹോപദ്രവം ചെയ്തു മർദ്ദിച്ചവശനാക്കി. നൂഹ് (അ) പ്രാർത്ഥിച്ചു എന്റെ റബ്ബേ ഈ നിഷിധികൾക്കെതിരെ എന്നെ സഹായിക്കേണമേ

നൂഹ് (അ)തന്റെ ജനതയോട് ഇങ്ങനെ പ്രഖ്യാപിച്ചു. എന്നെ കാണുന്നത് തന്നെ നിങ്ങൾക്ക് സഹിക്കുന്നില്ല. നിങ്ങൾക്കിടയിലുള്ള എന്റെ നിർപ് നിങ്ങളെ അസ്വസ്ഥരാക്കുന്നു. എന്റെ ഉപദേശവും നിങ്ങൾക്ക് സഹിക്കുന്നില്ല. നിങ്ങളെന്നെ വെറുക്കുന്നു.

ഒരു കാര്യം നിങ്ങൾ ഓർക്കുക, ഞാൻ എന്റെ കാര്യം അല്ലാഹുവിൽ ഭാരമേർപിച്ചിരിക്കുന്നു. നിങ്ങൾക്കുമുമ്പിൽ കീഴടങ്ങുന്ന പ്രശ്നമേയില്ല. നിങ്ങൾക്ക് എനിക്കെതിരിൽ എന്ത് തീരുമാനവും സ്വീകരിക്കാം. നിങ്ങളുടെ കൂട്ടുകാരെയെല്ലാം വിളിച്ചു കൂട്ടിക്കോളൂ. എനിക്കെതിരിൽ എന്ത് നടപടി സ്വീകരിക്കമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം പെട്ടന്നായിക്കൊള്ളട്ടെ താമസിപ്പിക്കേണ്ട.

സൂറത്ത് യൂനിസിൽ ഇക്കാര്യമാണ് പറയുന്നത് അത് കാണുക :(നബിയേ) നൂഹ് നബിയുടെ ചരിത്രം താങ്കളുടെ ജനതക്ക് വിവരിച്ചുകൊടുക്കുക അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം അദ്ദേഹം പറഞ്ഞു. നിങ്ങൾക്കിടയിലുള്ള എന്റെ നിൽപും അല്ലാഹുവിന്റെ ലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ടുള്ള എന്റെ സദുപദേശവും നിങ്ങൾക്ക് വലിയ വിഷമമായി തോന്നുന്നുണ്ടെങ്കിൽ ഞാനിതാ അല്ലാഹുവിൽ ഭാരമേർപിച്ചിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ പങ്കുകാരോട് കൂടി നിങ്ങളുടെ കാര്യം തീരുമാനിച്ചുകൊള്ളുക. പിന്നീട് നിങ്ങളുടെ കാര്യങ്ങളിൽ നിങ്ങൾക്ക് യാതൊരു അവ്യക്തതയും ഉണ്ടാവരുത് പിന്നെ എന്റെ നേരെ അത് നടപ്പിൽ വരുത്തുക എനിക്ക് നിങ്ങൾ താമസം തരേണ്ട (10:71)

ഇനി നിങ്ങൾ പിൻതിരിഞ്ഞു പോവുകയാണെങ്കിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ആവശ്യപ്പെട്ടിട്ടില്ല ഞാൻ എന്റെ പ്രതിഫലം അല്ലാഹുവിങ്കൽ മാത്രമാണ് ഞാൻ മുസ്ലിമീങ്ങളിൽ പെട്ടിരിക്കണമെന്ന് എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നു (10;72)

ഒരു സമൂഹത്തെയാണ് നൂഹ് (അ) വെല്ലുവിളിച്ചിരിക്കുന്നത്. ഞാനെന്റെ കാര്യം അല്ലാഹുവിൽ ഭാരമേൽപിച്ചുകഴിഞ്ഞു. നിങ്ങൾക്ക് യോഗം ചേരാം. എന്നെ എതിർക്കുന്ന എല്ലാവരേയും പങ്കെടുപ്പിക്കാം. എന്നിട്ട് നന്നായി ആലോചിച്ച് വ്യക്തമായ തീരുമാനമെടുക്കാം. ഒരു അവ്യക്തതയും ബാക്കി വരാത്ത തീരുമാനം എന്നിട്ട് നടപ്പാക്കാം. ഒട്ടും സമയം നീട്ടിക്കൊണ്ട് പോവേണ്ടതില്ല. ഞാൻ മുസ്ലീംമായി ജീവിക്കും. സംശയം വേണ്ട. നിങ്ങളുടെ ആദർശത്തിലേക്ക് മടങ്ങുമെന്ന് ഒരു പ്രതീക്ഷയും വേണ്ട.

ആ ജനതയെ ഇളക്കി മറിച്ച പ്രഖ്യാപനം അവർ കൂടുതൽ പ്രകോപിതരായി മാറി അവർ രോഷാകുലരായി വിളിച്ചു പറഞ്ഞു; നൂഹേ നിന്നെ ഞങ്ങൾ എറിഞ്ഞു കൊല്ലും ഇനി നമുക്ക് സൂറത്തു ശുഅറാഇലെ വചനങ്ങൾ നോക്കാം

നൂഹ് നബിയുടെ ജനത മുർസലുകളെ നിഷേധിച്ചു (26:105)

നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ എന്ന് അവരുടെ സഹോദരൻ നൂഹ് അവരോട് ചോദിച്ച സന്ദർഭത്തിൽ (26:106) 

നിശ്ചയമായും ഞാൻ നിങ്ങൾക്കുള്ള വിശ്വസ്ഥനായ ദൂതൻ ആകുന്നു (26:107)

അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ (26/106)

അതിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവായ അല്ലാഹുവിങ്കൽ മാത്രമാകുന്നു (26:107)

അതുകൊണ്ട് നിങ്ങൾ അല്ലുഹിനെ നിങ്ങൾ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ (26;108)

അവർ ചോദിച്ചു ഈ നിസ്സാരന്മാരായ ആളുകൾ നിന്നെ പിൻതുടർന്നിരിക്കെ ഞങ്ങൾ നിന്നെ വിശ്വസിക്കുകയോ ? (26:111)

അദ്ദേഹം പറഞ്ഞു അവരുടെ പ്രവർത്തിയെപ്പറ്റി എനിക്കെന്തറിവാണുള്ളത് (26:112)

അവരെ വിചാരണ ചെയ്യുവാനുള്ള ഉത്തരവാദിത്വം എന്റെ രക്ഷിതാവിന് മാത്രമാകുന്നു നിങ്ങൾ കാര്യബോധമുള്ളവരായിരുന്നെങ്കിൽ (26:113)

ഞാൻ സത്യവിശ്വാസികളെ ആട്ടിക്കളയുന്നവനല്ല (26:114)

ഞാൻ പ്രത്യക്ഷമായ ഒരു താക്കീതുകാരൻ മാത്രമാണ് (26;115)

അവർ പറഞ്ഞു നൂഹേ ഇതിൽ നിന്ന് വിരമിക്കുന്നില്ലെങ്കിൽ നീ എറിഞ്ഞു കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടവനായിത്തീരും (26:116) 

അദ്ദേഹം പറഞ്ഞു : എന്റെ രക്ഷിതാവേ നിശ്ചയമായും എന്റെ ജനത എന്നെ നിഷേധിച്ചു കളഞ്ഞിരിക്കുന്നു (26;117)


സ്രഷ്ടാവിനെ മറക്കരുത് 




നൂഹ് നബി (അ) തന്റെ തീരുമാനം പ്രഖ്യാപിച്ചു തൊട്ടു പിന്നാലെ തന്റെ ജനത അവരുടെ തീരുമാനവും പ്രഖ്യാപിച്ചു.

നൂഹേ നീ ഇതവാനിപ്പിക്കുക. നിശബ്ദനാവുക അല്ലെങ്കിൽ നിന്നെ എറിഞ്ഞു കൊല്ലും. വധഭീഷണിയാണ് ഉയർന്നിരിക്കുന്നത് വിട്ടുവീഴ്ചയില്ല. നീക്കുപോക്കില്ല ,സമന്വയമില്ല.

ഇനി തീരുമാനം അല്ലാഹുവിൽ നിന്നുണ്ടാവണം. നൂഹ് (അ)ഈ ഘട്ടത്തിൽ നടത്തിയ പ്രാർഥന ഹൃദയസ്പർശിയായിരന്നു കാലത്തെ കോരിത്തരിപ്പിച്ച പ്രാർത്ഥനയാണത് രണ്ട് കാര്യമാണ് നൂഹ് (അ) അല്ലാഹുവിനോട് ചോദിച്ചത്.

അല്ലാഹുവേ എനിക്കും ഈ ജനതക്കുമിടയിൽ വ്യക്തമായ വിധി ഉണ്ടാക്കേണമേ എന്നെയും എന്നോടൊപ്പമുള്ള സത്യവിശ്വാസികളെയും നീ രക്ഷപ്പെടുത്തേണമേ സൂറത്തു ശുഅറാഇൽ ആ പ്രാർഥന കാണാം മുഹമ്മദ് നബി (സ) തങ്ങളെ ഖുറൈശികൾ കളവാക്കി വ്യാജനെന്നു വിളിച്ചു അപ്പോൾ ദിവ്യ വചനങ്ങളിറങ്ങി പണ്ട് നൂഹ് (അ) നെ സ്വന്തം ജനത വ്യാജനെന്ന് വിളിച്ചിട്ടുണ്ട് ഭ്രാന്തനെന്നും വിളിച്ചു.

സൂറത്തുൽ ഖമർ പറയുന്നത് കാണുക

നൂഹിന്റെ ജനത ഇവരുടെ മുമ്പ് വ്യാജമാക്കുകയുണ്ടായി അങ്ങനെ അവർ നമ്മുടെ അടിയാനെ വ്യാജമാക്കുകയും ഭ്രാന്തൻ എന്നുപറയുകയും ചെയ്തു അദ്ദേഹം വിലക്കപ്പെടുകയും ചെയ്തു (54:9)

അപ്പോൾ അദ്ദേഹം തന്റെ റബ്ബിനെ വിളിച്ചു പ്രാർഥിച്ചു ഞാൻ പരാജിതനാണ് ആകയാൽ നീ സഹായിക്കേണമേ (54:10)

നൂഹ് (അ)ന്റെ ത്യാഗം ആരെയാണ് കോരിത്തരിപ്പിക്കാത്തത് ? വല്ലാത്ത സഹനം അത്ഭുതകരമായ ക്ഷമ എത്ര കാലം ? ദുഷ്ടരായ ജനങ്ങളുടെ ഇടയിൽ എത്ര കാലമാണ് അദ്ദേഹം ത്യാഗം സഹിച്ചത്? തൊള്ളായിരത്തി അമ്പത് കൊല്ലം എന്തൊരു ദൈർഘ്യമേറിയ കാലം ഇബ്നു അബ്ബാസ് (റ)വിന്റെ റിപ്പോർട്ട് അനുസരിച്ച് നാൽപ്പത് വയസ്സായപ്പോൾ പ്രവാചകത്വം ലഭിച്ചു.

അതിനുശേഷം തൊള്ളായിരത്തി അമ്പത് കൊല്ലം ജനങ്ങൾക്കിടയിൽ ഇസ്ലാം മത പ്രചരണം നടത്തി. മഹാ പ്രളയത്തിനു ശേഷം അറുപത് കൊല്ലം കൂടി ജീവിച്ചു.

സൂറത്ത് അൻകബൂത്തിൽ ഇങ്ങനെ കാണാം : നിശ്ചയമായും നൂഹ് നബിയെ സ്വജനതയുടെ അടുത്തേക്ക് നാം അയച്ചു എന്നിട്ടദ്ദേഹം അവർക്കിടയിൽ തൊള്ളായിരത്തി അമ്പത് കൊല്ലം ജീവിച്ചു അപ്പോൾ അക്രമികളായിരിക്കെ വെള്ളപ്പൊക്കം അവരെ പിടികൂടി (29:14)

തൊള്ളായിരത്തി അമ്പത് കൊല്ലത്തെ പ്രബോധനം ഒമ്പതര നൂറ്റാണ്ടു കാലത്തെ ക്ഷമ തലമുറകൾ അമ്പരപ്പോടു കൂടിയാണ് നൂഹ് (അ)ന്റെ ചരിത്രം കേട്ടത്. ശിക്ഷയെ കുറിച്ച് മുന്നറിയിപ്പ് നൽകി ജനങ്ങൾ അത് പരിഹസിച്ചു തള്ളി. ആ ജനത നന്നാവുമെന്ന പ്രതീക്ഷ അസ്തമിച്ചു. ഇവർ സത്യസന്ദേശത്തിന്റെ ശത്രുക്കളാണ്. ഇവർ ഭൂമിയിൽ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തോളം സത്യം പ്രചരിപ്പിക്കാനാവില്ല .അത് ബോധ്യമായി ഈ ജനത നശിക്കണം.

അതിനുവേണ്ടി നൂഹ് (അ)പ്രാർത്ഥിച്ചു : അല്ലാഹുവേ ദീർഘകാലം ഞാനെന്റെ ജനതയെ വിളിച്ചു രാത്രിയിലും പകലിലും വിളിച്ചു അവർ ചെവിക്കൊണ്ടില്ല. ഞാൻ വിളിക്കുംതോറും അവർ അകന്നകന്നുപോയി. എന്റെ വാക്കുകൾ കേൾക്കാതിരിക്കാൻ വേണ്ടി അവർ ചെവിയിൽ വിരൽ തിരുകിക്കയറ്റി.എന്തൊരു ജനത.

അല്ലാഹുവേ ഇവർ നാശം വിതയ്ക്കും ഇവർ ഒരു കാലത്തും നന്നാവാൻ പോവുന്നില്ല. ഇവരുടെ സന്താനങ്ങളും നന്നാവില്ല. അല്ലാഹുവേ ഈ സമൂഹത്തെ നീ നശിപ്പിച്ചു കളയേണമേ ഒരൊറ്റയാളെപ്പോലും ബാക്കിവെക്കാതെ നശിപ്പിക്കേണമേ ഇവർ ദുഷ്ട സന്തതികളെ സൃഷ്ടിക്കും അത് തടയണേ തമ്പുരാനേ....

നൂഹ് നബി(അ)ന്റെ ഉത്ബോധനവും പ്രാർത്ഥനയും ആ ജനത പരിഹസിച്ചു. തള്ളി വേദനാജനകമായി ശിക്ഷ വരുമെന്ന മുന്നറിയിപ്പും പരിഹസിച്ചു തള്ളി സൂറത്ത് നൂഹ് ലോകത്തെ നടുക്കിയ ആ പ്രാർഥന ഉദ്ധരിക്കുന്നത് കാണുക.

അദ്ദേഹം പറഞ്ഞു : എന്റെ റബ്ബേ നിശ്ചയമായും എന്റെ ജനതയെ ഞാൻ രാവും പകലും വിളിച്ചു (71:5)

എന്നിട്ട് എന്റെ വിളി അവർക്ക് ഓടിപ്പോകാനല്ലാതെ മറ്റൊന്നും വർദ്ധിപ്പിച്ചിട്ടില്ല (71:6)

നീ അവർക്കു പൊറുത്തു കൊടുക്കുവാൻ വേണ്ടി ഞാൻ അവരെ വിളിക്കുമ്പോഴൊക്കെയും അവർ തങ്ങളുടെ കാതുകളിൽ വിരലുകൾ ഇട്ട് പൊത്തിക്കളയുകയും തങ്ങളുടെ വസ്തങ്ങളെ മീതെയിട്ട് മൂടിപ്പുതക്കുകയും ചെയ്യുകയാണ് അവർ ശഠിച്ചു നിൽക്കുകയും കടുത്ത അഹംഭാവം നടിക്കുകയും ചെയ്യുന്നു (71:7)

നൂഹ് (അ)പറയുന്നത് കേൾക്കാതിരിക്കാൻ വേണ്ടി ആ ജനത കാതുകളിൽ വിരലുകളിട്ടു വസ്ത്രംകൊണ്ട് തല മൂടി എന്തൊരു മനുഷ്യർ
നൂഹ് (അ)പറയുന്നത് കേൾക്കുക പിന്നെ ഞാനവരെ ഉറക്കെ വിളിച്ചു (71:8)

പിന്നെ ഞാൻ അവരോട് (എന്റെ വിളി ) പരസ്യമാക്കുകയും സ്വകാര്യമാക്കി രഹസ്യമാക്കുകയും ചെയ്തു (71:9)

അങ്ങനെ ഞാൻ പറഞ്ഞു : നിങ്ങൾ നിങ്ങളുടെ റബ്ബിനോട് പാപമോചനം തേടുവീൻ നിശ്ചയമായും അവർ വളരെയേറെ പൊറുക്കുന്നവനാകുന്നു (71:10)
എന്നാൽ നിങ്ങൾക്കവൻ ആകാശത്തെ മഴയെ സമൃദ്ധമായി വർഷിപ്പിച്ചു തരുന്നതാണ് (71:11)

സ്വത്തുക്കളും മക്കളും കൊണ്ട് നിങ്ങളെ അവൻ പോഷിപ്പിക്കുകയും ചെയ്യും നിങ്ങൾക്ക് തോട്ടങ്ങളുണ്ടാക്കിത്തരികയും നിങ്ങൾക്ക് അരുവികളുണ്ടാക്കിത്തരികയും ചെയ്യും (71:12) 

ആ ജനതയുടെ ദുഷ് ചെയ്തികൾ കാരണം ചെറിയ പരീക്ഷണങ്ങൾ വന്നു തുടങ്ങിയിരുന്നു. മഴ വർഷിക്കാതെയായി. കടുത്ത ജലക്ഷാമം നേരിട്ടു. കൃഷികൾ നശിച്ചു. ജനങ്ങൾ ബുദ്ധിമുട്ടിലായി. ഇതിനെല്ലാം കാരണക്കാരൻ നൂഹ് ആണെന്നായിരുന്നു അവരുടെ വാദം.

സന്താനങ്ങൾ ജനിക്കാതെയായി. അപ്പോൾ നൂഹ് നബി (അ)അവരോടിങ്ങനെ പറഞ്ഞു : നിങ്ങൾ ഒരുപാട് പാപം ചെയ്തവരാണ് നിങ്ങൾ അല്ലാഹുവിനോട് മാപ്പപേക്ഷിക്കുക. അവൻ പൊറുത്തുതരും. അവൻ മഴ വർഷിപ്പിച്ചു തരും. കൃഷി വർദ്ധിപ്പിക്കും ,തോട്ടങ്ങൾ തരും ,സന്താനങ്ങളെ നൽകും.

പക്ഷെ ഇതൊന്നും അവർ ചെവിക്കൊണ്ടില്ല. നിങ്ങളെ സൃഷ്ടിച്ച് രൂപപ്പെടുത്തിയ അല്ലാഹുവിനെ നിങ്ങൾ എന്തുകൊണ്ട് വണങ്ങുന്നില്ല. നിങ്ങൾ നിർമ്മിച്ച ബിംബങ്ങളെ എന്തിന് വണങ്ങുന്നു? നിങ്ങളെ അല്ലാഹു ഘട്ടം ഘട്ടമായി സൃഷ്ടിച്ചു. ഇന്ദ്രിയം ,രക്തപിണ്ഡം ,മാംസക്കട്ട ,മനുഷ്യരൂപം ,എന്നിങ്ങനെ പല ഘട്ടങ്ങളിലായി അല്ലാഹു നിങ്ങളെ വളർത്തി.

പൂർണ ശിശുവായി നിങ്ങൾ ജനിച്ചു. ജനിച്ചത് ശിശുവായിട്ടാണ് പിന്നെ ബാല്യം ,കൗമാരം ,യൗവ്വനം വാർധക്യം എന്നീ ഘട്ടങ്ങൾ എന്നിട്ടും അല്ലാഹുവിന് ഒരു മഹത്വവും കാണുന്നില്ലേ ? സൂറത്തു നൂഹിൽ ഈ ചോദ്യം കാണുക

നിങ്ങൾക്കെന്തു പറ്റി? അല്ലാഹുവിന് ഒരു മഹത്വവും നിങ്ങൾ കാണുന്നില്ലേ (7:13)

വിവിധ ദശകളിലായി അവൻ നിങ്ങളെ സൃഷ്ടിച്ചു (71:14)

സ്വന്തം ശരീരത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചോദ്യങ്ങളാണിവ. അതിനുശേഷം പ്രപഞ്ചത്തിലെ അത്ഭുതകരമായ സൃഷ്ടികളെക്കുറിച്ച് ചിന്തിക്കാൻ പറയുന്നു. ഏഴ് ആകാശങ്ങൾ എന്തൊരതിശയം ഒന്നിന് മീതെ ഒന്നായി അവ നിലകൊള്ളുന്നു. ആരാണവ സൃഷ്ടിച്ചത് ? ഓർക്കൂ ചിന്തിക്കൂ ഏഴ് ആകാശങ്ങൾ പടിച്ചത് അല്ലാഹുവാണ് വിളക്കുപോലെ പ്രകാശിക്കുന്ന സൂര്യൻ അത് നമുക്ക് ചൂടും വെളിച്ചവും തരുന്നു മനോഹര രൂപമുള്ള ചന്ദ്രൻ ചന്ദ്രനെ അല്ലാഹു പ്രകാശമാക്കി പരന്നൊഴുകുന്ന നിലാവെന്ത് അഴകാണ് സൂറത്ത് നൂഹിൽ പറയുന്നു;

നിങ്ങൾ കണ്ടില്ലേ ? (ഒന്നിനു മീതെ ഒന്നായി ) അടുക്കുകളായനിലയിൽ ഏഴ് ആകാശങ്ങളെ എങ്ങനെയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് ? (71:15)

അവയിൽ ചന്ദ്രനെ അവൻ ഒരു പ്രകാശമാക്കുകയും സൂര്യനെ ഒരു വിളക്കാക്കി വെക്കുകുയും ചെയ്തിരിക്കുന്നു (71:16)

അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിന്റെ ഉദാഹരണമാണ് മനുഷ്യൻ എത്ര മനോഹര സൃഷ്ടി മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇക്കാര്യം നൂഹ് നബി (അ)ന്റെ ജനതയുടെ ശ്രദ്ധയിൽ പെടുത്തി

അല്ലാഹു നിങ്ങളെ ഭൂമിയിൽ നിന്ന് (മണ്ണിൽ നിന്ന് )സൃഷ്ടിച്ചിരിക്കുന്നു (71;17)

ഒരു നിശ്ചിത കാലം മനുഷ്യൻ ഭൂമിയിൽ ജീവിക്കുന്നു പിന്നെ മണ്ണിലേക്കു തന്നെ മടങ്ങുന്നു വീണ്ടും അവന് ജീവൻ നൽകി പരലോകത്ത് ഹാജരാക്കുന്നു അവിടെ നന്മ തിന്മകൾ പരിശോധിക്കുന്നു ഇക്കാര്യങ്ങളെല്ലാം നൂഹ് (അ)ന്റെ ജനതയുടെ ശ്രദ്ധയിൽ പെടുത്തി പിന്നീട് അവൻ നിങ്ങളെ മണ്ണിലേക്ക് തന്നെ മടക്കുകയും (അനന്തരം അതിൽ നിന്നുതന്നെ) പുറത്ത് കൊണ്ടുവരികയും ചെയ്യും (71:18)

അല്ലാഹു ഭൂമിയെ നിങ്ങൾക്ക് ഒരു വിരിപ്പ് ആക്കിത്തന്നിരിക്കുന്നു (71:19)

അതിലെ വിശാലമായ മാർഗ്ഗങ്ങളിൽ പ്രവേശിക്കുവാൻ (71:20)

സ്വന്തം ശരീരത്തെക്കുറിച്ചു പറഞ്ഞു. ആകാശത്തെക്കുറിച്ച് പറഞ്ഞു. ഭൂമിയെക്കുറിച്ച് പറഞ്ഞു. ഒരു ഫലവുമില്ല. അല്ലാഹു നൽകിയ ധനം ജനങ്ങളെ വഴി പിഴപ്പിക്കാൻ അവർഉപയോഗിച്ചു. അല്ലാഹു അവർക്ക് ധാരാളം സന്താനങ്ങളെ നൽകി .അവർ തങ്ങളുടെ സ്വാധീനവും ശക്തിയും നൂഹ് (അ)നെതിരെ പ്രയോഗിച്ചു.

അപ്പോൾ നൂഹ് (അ)പറഞ്ഞ കാര്യം സൂറത്ത് നൂഹിൽ കാണാം നൂഹ് പറഞ്ഞു : എന്റെ റബ്ബേ നിശ്ചയമായും അവർ എന്റെ കൽപ്പന ലംഘിക്കുകയും ധനവും സന്താനങ്ങളും നിമിത്തം നഷ്ടം മാത്രം വർദ്ധിപ്പിച്ച ചില ആളുകളെ പിൻപറ്റുകയും ചെയ്തു (71;21) 

വളരെ വലിയ കുതന്ത്രങ്ങൾ അവർ പ്രയോഗിക്കുകയും ചെയ്തു (71:22)


ഇനിയാരും വിശ്വസിക്കില്ല


ധനവും. സന്താനങ്ങളും,സ്ഥാനമാനങ്ങളും,സ്വാധീനമുള്ളവർ ഈ ഘട്ടത്തിൽ ജനങ്ങളോടെന്താണ് കൽപിച്ചത് ? ജനങ്ങളേ നിങ്ങൾ വിഗ്രഹങ്ങളെ ഉപേക്ഷിക്കരുത് അവയെ ആരാധിച്ചുകൊണ്ടിരിക്കുക. നൂഹ് പറയുന്ന റബ്ബിനെ വേണ്ട വിഗ്രഹങ്ങൾ മതി വദ്ദ്, സുവാഹ്, യഗൂസ് ,യഊഖ്, നസ്റ് എന്നിവയെ ഒരു കാരണവശാലും കൈവെടിയരുത്.

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം

അവർ പറഞ്ഞു : നിങ്ങളുടെ ദൈവങ്ങളെ നിങ്ങൾ കൈവിടരുത് വദ്ദ് സുവാഹ് യഗൂസ് യഊഖ് നസ്റ് എന്നിവയെ കൈവിടരുത് (71:23) 

തന്റെ ജനതയുടെ കാര്യത്തിൽ ഏറ്റവും നിരാശനായിക്കൊണ്ട് നൂഹ് (അ) പ്രാർത്ഥിച്ചു : റബ്ബേ അവർ പിഴച്ചുപോയി വളരെപ്പേരെ അവർ പിഴപ്പിക്കുകയും ചെയ്തു അവർ വഴികേടിലാണ് നന്നാവുമെന്ന യാതൊരു പ്രതീക്ഷയുമില്ല. അവരുടെ സഞ്ചാരം വഴികേടിലൂടെയാണ്.

വിശുദ്ധ ഖുർആൻ നൂഹ് (അ)ന്റെ വാക്കുകൾ ഉദ്ധരിക്കുന്നു നിശ്ചയമായും അവർ വളരെയാളുകളെ പിഴപ്പിച്ചു കളഞ്ഞിരിക്കുന്നു അക്രമികൾക്ക് വഴികേടല്ലാതെ നീ വർദ്ധിപ്പിക്കരുതേ (71:24)

ഇത്രയും കടുത്ത പരീക്ഷണങ്ങളിലൂടെയാണ് തൊള്ളായിരത്തിഅമ്പത് കൊല്ലങ്ങൾ കടന്നുപോയത്. ജനങ്ങൾക്ക് പശ്ചാത്തപിച്ചു മടങ്ങാൻ എത്രയെത്ര അവസരങ്ങൾ നൽകപ്പെട്ടു. അവർ അതൊന്നും ഉപയോഗപ്പെടുത്തിയില്ല. അവരുടെ ചിന്ത നേർവഴിക്കു വന്നതേയില്ല. സാധാരണക്കാരെ അവർ തടഞ്ഞു നിർത്തി. പിഴച്ച മാർഗ്ഗത്തിലേക്ക് അവരെ തിരിച്ചു വിട്ടു.

സാധാരണക്കാർക്കും അല്ലാഹു ബുദ്ധി നൽകിയിട്ടുണ്ട്. ചിന്താശക്തി നൽകിയിട്ടുണ്ട്. അവരും നൂഹ് (അ)ന്റെ വാക്കുകൾ കേട്ടിട്ടുണ്ട് അവരും നേർവഴിയിൽ വന്നില്ല. സംഘടിത ശക്തിയോട് ചേർന്നു നിൽക്കാനായിരുന്നു അവർക്കും താത്പര്യം. പശ്ചാത്താപത്തിന്റെ വാതിൽ അടയുകയാണ്. കൊടും പരീക്ഷണം വരാറായി .നൂഹ് (അ)ന്റെ ഉപദേശങ്ങളെല്ലാം ആ ജനത തള്ളിക്കളഞ്ഞു.

എന്നിട്ടും ഉപദേശം തുടർന്നുകൊണ്ടിരുന്നു ഒടുവിൽ ജനങ്ങളുടെ നേതാക്കൾ ഇങ്ങനെ പറഞ്ഞു : നൂഹേ നീ ഞങ്ങളോട് തർക്കിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി. നീ പറയുന്നതൊന്നും ഞങ്ങൾ സ്വീകരിക്കില്ല. നിന്റെ വാക്കുകളിൽ ഞങ്ങൾക്കു വിശ്വാസമില്ല ശിക്ഷ വരുമെന്ന് നീ പറയാൻ തുടങ്ങിയിട്ട് വളരെ കാലമായി. ഇതുവരെ ശിക്ഷ വന്നില്ല. ഇനിയെന്നാണത് വരിക ? നീ അതൊന്ന് വേഗത്തിൽ കൊണ്ടുവാ.....

ആളുകൾ അങ്ങനെ പറയാനും ചിരിക്കാനും തുടങ്ങി കത്തിപ്പടരുന്ന പരിഹാസം സൂറത്ത് ഹൂദിലെ വചനങ്ങൾ കാണുക: അവർ പറഞ്ഞു നൂഹേ നീ ഞങ്ങളോട് തർക്കിച്ചു അങ്ങനെ ഞങ്ങളോടുള്ള തർക്കം നീ വളരെ വർദ്ധിപ്പിച്ചു നീ ഞങ്ങളോട് താക്കീത് ചെയ്ത ശിക്ഷ കൊണ്ടു വരൂ നീ സത്യം പറയുന്നവനാണെങ്കിൽ (11:32)

ധിക്കാരം എല്ലാ പരിധിയും വിട്ടിരിക്കുന്നു ക്ഷമിക്കുകയല്ലാതെ എന്തു ചെയ്യും? ക്ഷമയോടെ നൽകിയ മറുപടി ഖുർആനിൽ കാണാം അദ്ദേഹം പറഞ്ഞു അല്ലാഹു മാത്രമാണ് അത് കൊണ്ടുവരിക അവൻ ഉദ്ദേശിച്ചാൽ നിങ്ങൾ അവനെ അശക്തനാക്കുന്നവരുമല്ല (11:33)

അല്ലാഹു ഉദ്ദേശിക്കുമ്പോൾ ശിക്ഷ വരും അതിനെ തടുക്കാൻ നിങ്ങൾക്കാവില്ല. അവന്റെ ശക്തി ജയിക്കും. അവനെ ജയിക്കാൻ നിങ്ങൾക്കാവില്ല. ആ വാക്കുകൾ അവർ പരിഹസിച്ചു തള്ളി. നൂഹ് (അ) ന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. നിങ്ങൾക്ക് ഉപദേശം നൽകാൻ ഞാൻ ഉപദേശിച്ചാൽ നിങ്ങൾക്കത് ഉപകരിക്കുകയില്ല നിങ്ങളെ വഴിപിഴവിലക്കാൻ അല്ലാഹു ഉദ്ദേശിച്ചിരിക്കുകയാണെങ്കിൽ.

അവൻ നിങ്ങളുടെ റബ്ബ് ആകുന്നു അവനിലേക്ക് തന്നെ നിങ്ങൾ മടങ്ങപ്പെടുകയും ചെയ്യും (11:34)

എത്രമനോവേദനയോടെയാണിത് പറഞ്ഞത്. അല്ലാഹുവാണ് നിങ്ങളുടെ റബ്ബ് അവനിലേക്ക് നിങ്ങൾ മടക്കപ്പെടും. ഇതാണല്ലോ പറഞ്ഞത് ആ വസ്തുതയും അവർ പരിഹസിച്ചു തള്ളി.

നൂഹ് (അ) തുടരുന്നു ഞാൻ കെട്ടിച്ചമച്ചുണ്ടാക്കിപ്പറയുകയാണെന്നാണോ. നിങ്ങൾ ധരിക്കുന്നത് കെട്ടിച്ചമച്ചാൽ ആ കുറ്റം എന്റേതാണ് ഞാൻ കെട്ടിച്ചമച്ചിട്ടില്ല. പറഞ്ഞതെല്ലാം പരമ സത്യമാണ്. നിങ്ങൾ കുറ്റംചെയ്തുകൊണ്ടിരിക്കുന്നു. അതിൽ നിന്ന് ഞാനൊഴിവാണ്. നിങ്ങളുടെ കുറ്റത്തിൽ എനിക്കൊരു ബാധ്യതയുണ്ട്. അതിന്റെ ശിക്ഷ നിങ്ങൾ തന്നെ അനുഭവിക്കുക.

വിശുദ്ധ ഖുർആൻ വചനം നോക്കൂ അല്ലെങ്കിൽ അവർ പറയുന്നുവോ? അദ്ദേഹം കെട്ടിച്ചമച്ചതാണെന്ന്

പറയുക ഞാൻ കെട്ടിച്ചമച്ചതാണെങ്കിൽ കുറ്റം എനിക്കായിരിക്കും നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കുറ്റത്തിൽ നിന്ന് ഞാൻ ഒഴിവായവനുമാണ് (11:35)

ഒടുവിൽ നൂഹ് നബി (അ)ന് ദിവ്യസന്ദേശം വന്നു. വിശ്വസിച്ചവർ വിശ്വസിച്ചു ഇനിയാരും വിശ്വസിക്കാൻ പോവുന്നില്ല. അതുകൊണ്ട് അവർ ചെയ്യുന്ന കുറ്റങ്ങളെ കുറിച്ചോർത്ത് സങ്കടപ്പെടേണ്ടതില്ല.

സൂറത്ത് ഹൂദിൽ അത് കാണാം

നൂഹിന് വഹ്യ്നൽകപ്പെട്ടു നിന്റെ ജനങ്ങളിൽ നിന്ന് വിശ്വസിച്ചുകഴിഞ്ഞവരല്ലാതെ ഇനിയാരും വിശ്വസിക്കുന്നതേയല്ല ആകയാൽ അവർചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത് (11:36)

നൂഹ് (അ)ന് അല്ലാഹുവിന്റെ പക്കൽ നിന്ന് കൽപന വന്നു. നീ കപ്പൽ നിർമ്മിക്കുക നാം നിർദ്ദേശിക്കുന്നതനുസരിച്ചു. നീ കപ്പൽ നിർമ്മിക്കണം. ഓരോ ഘട്ടത്തിലും നിനക്ക് ദിവ്യ സന്ദേശം കിട്ടിക്കൊണ്ടിരിക്കും. ഇതിന്റെ മുമ്പ് ഭൂമിയിൽ കപ്പൽ നിർമ്മിച്ചിട്ടില്ല. ആരും കപ്പൽ കണ്ടിട്ടില്ല. അതുകൊണ്ട് എല്ലാ നിർദ്ദേശവും അല്ലാഹു നൽകിക്കൊണ്ടിരുന്നു.

ഖുർആൻ പറയുന്നു;

നമ്മുടെ ദൃഷ്ടിയിലായും നമ്മുടെ വഹ്യ്അനുസരിച്ചും നീ കപ്പൽ നിർമ്മിക്കുക അക്രമം കാണിച്ചവരുടെ കാര്യത്തിൽ നീ എന്നോട് ഒന്നും തന്നെ പറയരുത് തീർച്ചയായും അവർ മുക്കി നശിപ്പിക്കപ്പെടുന്നവരാകുന്നു (11:37)

കപ്പലിന്റെ നിർമ്മാണം തുടങ്ങി ആളുകൾ അത് കണ്ടു അതും പരിഹാസത്തിന് കാരണമായി പൊട്ടിച്ചിരികളും കമന്റടിയും തുടങ്ങി.




കപ്പൽ

അതെന്താണ് ?

എന്താണതിന്റെ ആകൃതി ? ആർക്കും അതൊന്നുമറിയില്ലز അല്ലാഹുവിന്റെ നിർദ്ദേശമനുസരിച്ച് പണി തുടങ്ങിز ആ ജനതക്ക് പരിഹസിക്കാൻ കിട്ടിയ സന്ദർഭം കപ്പൽ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഓരോ സംഘങ്ങൾ വരും. പരിഹസിക്കും, ആർത്തു ചിരിക്കും.

ഒരു ഭ്രാന്തൻ പണിയായിട്ടാണവർ അതിനെ കണ്ടത്. പരിഹാസം അസഹ്യമായപ്പോൾ നൂഹ് നബി (അ)പറഞ്ഞു : നിങ്ങൾ പരിഹസിച്ചുകൊള്ളൂ ഒരു ദിവസം വരും അന്ന് ഞങ്ങൾ നിങ്ങളെയും പരിഹസിക്കും അത് മറ്റൊരു തമാശയായിട്ടാണാവർക്ക് തോന്നിയത്. അവർ പൊട്ടിച്ചിരിച്ചു പിന്നെയും പിന്നെയും ചിരിച്ചു വിശുദ്ധ ഖുർആൻ അക്കാര്യം പറയുന്നു :

അദ്ദേഹം കപ്പൽ നിർമ്മിച്ചുകൊണ്ടിരിക്കുന്നു അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് ഓരോ സംഘവും അദ്ദേഹത്തിന്റെ സമീപത്തുകൂടി നടക്കുമ്പോഴൊക്കെയും അവർ അദ്ദേഹത്തെ പരിഹസിക്കും അദ്ദേഹം പറഞ്ഞു : ഞങ്ങളെ നിങ്ങൾ പരിഹസിക്കുന്നുവെങ്കിൽ നിങ്ങൾ പരിഹസിക്കുന്നത് പോലെ നിശ്ചയമായും ഞങ്ങൾ നിങ്ങളെയും ഒരിക്കൽ പരിഹസിക്കും (11:38) 

കടുത്ത പരിഹാസ പദങ്ങളാണവർ ഉപയോഗിച്ചിരുന്നത്. ഇതുവരെ പ്രവാചകനായിരുന്നു ഇപ്പോൾ ആ പണി നിർത്തി ആശാരിപ്പണി തുടങ്ങിയിരിക്കുകയാണ്. അങ്ങനെ മനസ്സ് വേദനിപ്പിക്കുന്ന ചില പ്രയോഗങ്ങൾ നടത്തി കേട്ടു. സഹിച്ചു ഇടക്ക് മറുപടിയും നൽകി. ഈ പരിഹാസമൊക്കെ നിൽക്കും ശിക്ഷ വരും അത് തടയാൻ ഒരു ധിക്കാരിക്കും കഴിയില്ല. ധിക്കാരത്തിന്റെ ആധിപത്യം തീരാറായി നൂഹ് (അ) അതറിഞ്ഞിട്ടുണ്ട്.

നൂഹ് (അ)ന്റെ വാക്കുകൾ ഖുർആനിൽ എടുത്തു പറയുന്നു: എന്നാൽ വഴിയെ അറിയാം : ആർക്കാണ് അപമാനകരമായ ശിക്ഷ വരികയെന്നും ആരുടെ മേലാണ് അത് ഇറങ്ങി നിലനിൽക്കുകയെന്നും (11:39) 

അപമാനകരമായ ശിക്ഷ ഇറങ്ങാൻ പോവുന്നു ആരുടെ മേലാണ് അതിറങ്ങുക എവിടെയൊക്കെയാണത് നിലനിൽക്കുക ? ഇവയെല്ലാം വൈകാതെ അറിയാം. ഇതൊന്നും പക്ഷെ അവരുടെ ഖൽബ് തുറപ്പിച്ചില്ല. കപ്പൽ നിർമ്മിക്കാൻ ധാരാളം പലകകൾ വേണം വൻ വൃക്ഷം മുറിച്ച് പലകകളുണ്ടാക്കി. അവ ബന്ധിപ്പിക്കാൻ വലിയ ആണികളുണ്ടാക്കി ഖുർആൻ പറയുന്നു;

പലകകളും ആണികളും ഉള്ള ഒന്നിന്മേൽ (കപ്പലിൽ ) അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു (54:13) 

കപ്പൽ നിർമ്മാണത്തിന് വേണ്ടി കൂടുതലായി ഉപയോഗിച്ചത് പലകകളും ആണികളുമായിരുന്നു.

കപ്പലിന്റെ നിർമ്മാണത്തെക്കുറിച്ച് ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു.

ജിബ്രീൽ (അ) സൈത്തൂൽ മരത്തിന്റെ തൈയുമായി നൂഹ് (അ)നെ സമീപിച്ചു. തൈ നൽകി ഇങ്ങനെ പറഞ്ഞു : ഇതിനെ നട്ടു വളർത്തുക. ആ തൈ നല്ല രീതിയിൽ നട്ടു വളർത്തി. വൻവൃക്ഷമായി നാൽപ്പത് വർഷങ്ങൾ കടപന്നുപോയി. വൃക്ഷത്തിന് നാൽപ്പത് വർഷം പഴക്കമുണ്ട്. അപ്പോൾ അത് മുറിച്ച് കപ്പലുണ്ടാക്കുവാൻ കൽപ്പന വന്നു. നൂഹ് (അ) വൃക്ഷം മുറിച്ചു പലകകളുണ്ടാക്കി ആണിയുണ്ടാക്കി. കപ്പൽ നിർമ്മാണത്തിനാവശ്യമായ സാമഗ്രികളെല്ലാം ശേഖരിച്ചു. 

പൗരമുഖ്യന്മാരും സിൽബന്തികളും വരാൻ തുടങ്ങി പരിഹസിച്ചു ചിരിക്കാൻ തുടങ്ങി. ഇയാൾ ഇത്രയും കാലം നബിയാണെന്ന് പറഞ്ഞു പ്രസംഗിച്ചു നടന്നു. ഇപ്പോൾ പ്രസംഗം നിർത്തി ആശാരിപ്പണി തുടങ്ങി. ശരിക്കും ഒരു ഭ്രാന്തൻ തന്നെ. വലിയ കപ്പൽ നിർമ്മിച്ചു. മൂന്നു തട്ടുള്ള കപ്പൽ.

ആദ്യത്തെ തട്ടിൽ മനുഷ്യർക്കാവശ്യമായ ആഹാര സാധനങ്ങളും ഉപകരണങ്ങളും ശേഖരിച്ചുവെച്ചു. ഒരു കൊല്ലത്തേക്കു വേണ്ട ആഹാര സാധനങ്ങൾ വെച്ചു. മൂന്നാം തട്ടിലാണ് മൃഗങ്ങളെ ശേഖരിച്ചത്. എല്ലാതരം ജീവികളിൽ നിന്നും ഓരോ ഇണകളെ ശേഖരിച്ചു. കപ്പലിന്റെ മേൽക്കൂര മരത്തടികൊണ്ടായിരുന്നു. വെളിച്ചം കിട്ടാൻ കിളിവാതിലുകൾ.

നൂഹ് (അ)ന്റെ കൈവശം രണ്ട് രത്നങ്ങളുണ്ടായിരുന്നു. സമയം കണക്കാക്കാൻ ഇവ സഹായിച്ചു. ഇവ നോക്കി സമയം മനസ്സിലാക്കി നിസ്കാരം നിർവ്വഹിച്ചിരുന്നു. കപ്പലിന്റെ പണി പത്തൊമ്പത് മാസം തുടർന്നു.

ജുമുഅ ദിവസം കപ്പൽ പൂർത്തിയായി. അല്ലാഹുവിന്റെ കൽപനപ്രകാരം എല്ലാം സജ്ജമാക്കിക്കഴിഞ്ഞു. കപ്പൽ കരയിൽ തന്നെ കപ്പലുണ്ടാക്കാൻ കണ്ട സ്ഥലം,? എന്നു ചോദിച്ചു പരിഹസിച്ചു ഇതെന്ത് തമാശ ? കപ്പൽ കടലിൽ ഇറക്കുന്നില്ലേ ? ജനങ്ങൾ പരിഹസിച്ചു ചിരിച്ചു. ചിരി ഉച്ചത്തിലായി.

ഇതെങ്ങനെ വെള്ളത്തിലെത്തിക്കും ? അല്ലാഹുവേ കപ്പൽ എപ്പോഴാണ് വെള്ളത്തിൽ ഇറക്കുക. ജനങ്ങളുടെ പരിഹാസവും ചിരിയും ഉച്ചത്തിലായപ്പോൾ നൂഹ് (അ) വിഷമത്തോടെ ചോദിച്ചു.

അല്ലാഹുവിന്റെ കൽപന ഇങ്ങനെയായിരുന്നു. അടുപ്പിൽ നിന്ന് വെള്ളം പൊട്ടി ഒഴുകുമ്പോൾ സത്യവിശ്വാസികൾക്ക് സമാധാനമായി അടുപ്പിൽ നിന്ന് ഉറവ് പൊട്ടും അത് ശിക്ഷയുടെ വരവാണ്. 

പരിഹാസം പാരമ്യതയിലെത്തി ജനങ്ങൾ ആർത്തു ചിരിക്കുകയാണ്. നൂഹ് (അ)ന്റെ ഭാര്യയും ഒരു മകനും കപ്പലിൽ കയറാൻ കൂട്ടാക്കിയില്ല. അവരും പരിഹാസക്കാരുടെ കൂടെയാണ്. മറ്റു സന്താനങ്ങൾ അവരുടെ ഭാര്യമാർ , അടിമ സ്ത്രീകൾ, സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാർ, പക്ഷികളുടെയും, മൃഗങ്ങളുടെയും ,ജീവികളുടെയും ഇണകൾ എന്നിവയാണ് കപ്പലിലുള്ളത്.

കപ്പലിൽ എൺപത് മനുഷ്യരാണുള്ളത് കപ്പലിലെ ജോലിക്കാർ എല്ലാ പണികളും ജാഗ്രതയോടെ ചെയ്തുകൊണ്ടിരിക്കുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കുറച്ചു റൊട്ടികൾ കൂടി ചുട്ടെടുക്കാനുണ്ട്. നൂഹ് നബി (അ)ന്റെ മക്കൾ ചുട്ടുകൊണ്ടിരിക്കുന്നു. പെട്ടെന്ന് ജോലി തീർക്കണം ശിക്ഷയിറങ്ങാൻ സമയമായെന്ന തോന്നൽ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരുതരം ഉൽക്കണ്ഠ.

അടുപ്പിൽ തീ ആളിക്കത്തുന്നുണ്ട്. എന്തൊരു ചൂട്. റൊട്ടി വേഗം വേഗം ചുട്ടെടുക്കുന്നു. പെട്ടെന്നാണത് സംഭവിച്ചത്. ഞെട്ടിപ്പോയി വെള്ളം അടുപ്പിൽ നിന്ന് വെള്ളം പൊട്ടിപ്പുറപ്പെടുന്നു .സാധാരണ ഉറവ പോലെയല്ല കുത്തിയൊലിച്ചു വരുന്നു. റൊട്ടി ചുട്ടുകൊണ്ടിരുന്നവർ കൈയിലൊതുങ്ങുന്ന സാധനങ്ങളുമായി കപ്പലിലേക്ക് കുതിച്ചു. കാത്തിരുന്ന നിമിഷങ്ങൾ സമാഗതമായിരിക്കുന്നു. ആകാശം കറുത്തിരുണ്ടു. പേടിപ്പെടുത്തുന്ന ആകാശം ഭയപ്പെടുത്തുന്ന ശബ്ദത്തിൽ മഴ തുടങ്ങി. അന്നുവരെ കണ്ടിട്ടില്ലാത്ത അതിശക്തമായ മഴ.

നോക്കുന്നേടത്തെല്ലാം വെള്ളം. ജലവിതാനം ഉയരുകയാണ്. ഈ സമയത്ത് നൂഹ് (അ)മകൻ കൻആനെ വിളിച്ചു മോനേ.... ഈ കപ്പലിൽ കയറിക്കൊള്ളൂ നബി പറഞ്ഞു വേണ്ട ഞാൻ കയറില്ല കൻആൻ നിഷേധിച്ചു. 

മോനേ.. . ഇത് പ്രളയമാണ് കപ്പലിൽ കയറിയവർക്ക് മാത്രമാണ് രക്ഷ ഇല്ല. ഞാൻ കയറില്ല വെള്ളപ്പൊക്കം. എനിക്ക് പ്രശ്നമല്ല. ഞാൻ ആ വലിയ മലയിൽ കയറി രക്ഷപ്പെടും. മോനേ ഒരു മലയും ബാക്കിയാവില്ല. എവിടെയും രക്ഷയില്ല. എല്ലാ മലകളും വെള്ളത്തിലായിത്തീരും. വെള്ളം ഇളകി മറിഞ്ഞുവന്നു. അത് പിതാവിന്റെയും മകന്റെയുമിടയിൽ മറ സൃഷ്ടിച്ചു.

അവരകന്നുപോയി. വെള്ളം കൻആനെ വലിച്ചു കൊണ്ടുപോയി. ഭൂമിയിൽ നിന്ന് പൊട്ടിയൊലിക്കുന്ന വെള്ളത്തിന്റെ ശക്തി കൂടി. മഴ കൂടുതൽ ശക്തിയോടെ പെയ്തിറങ്ങാൻ തുടങ്ങി. രണ്ട് തരം വെള്ളം അവ പരസ്പരം കണ്ടു ഒന്നിച്ചു ചേർന്നു രൗദ്രഭാവം കൊണ്ടു സംഹാര താണ്ഡവം തുടങ്ങി. എല്ലാം തല്ലിത്തകർത്തു വൻ തിരമാലകൾ ആഞ്ഞടിക്കുന്നു അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു :

അപ്പോൾ കോരിച്ചൊരിയുന്ന മഴവെള്ളം കൊണ്ട് ആകാശ കവാടങ്ങൾ നാം തുറന്നു (54:11)

ഭൂമിയിൽ ഉറവകൾ നാം പൊട്ടിയൊലിപ്പിക്കുകയും ചെയ്തു നിശ്ചയിക്കപ്പെട്ട ഒരു വമ്പിച്ച കാര്യത്തിനു വേണ്ടി ആ വെള്ളം കൂട്ടിമുട്ടി (54:12)

വൻ മരങ്ങൾ കട പുഴകി വീണു. ധനികരുടെ വലിയ വീടുകൾ നിലംപൊത്തി. ധിക്കാരികൾ വെള്ളത്തിൽ മുങ്ങി. ആരോഗ്യമുള്ളവർ നീന്തിക്കൊണ്ടിരുന്നു. കര കാണാത്ത വെള്ളം ഒരു നീന്തൽക്കാരനും രക്ഷയില്ല. അംബരചുബികളെന്ന് വിശേഷിപ്പിക്കപ്പെട്ട വൻ മലകൾ ഇപ്പോൾ വെള്ളത്തിന്നടിയിലാണ്.

ജലവിതാനത്തിൽ ഒരേയൊരു കപ്പൽ അതിന്റെ ചലനത്തെക്കുറിച്ച് അല്ലാഹു പറയുന്നു :

നമ്മുടെ സംരക്ഷണത്തിൽ അത് സഞ്ചരിക്കുന്നു നിഷേധിക്കപ്പെട്ട ആൾക്കുള്ള ഒരു പ്രതികാര നടപടിയായിരുന്നു അത് (54:14)

സത്യസന്ദേശവുമായി വന്നപ്പോൾ നൂഹ് (അ)നെ ആ ജനത നിഷേധിക്കുകയാണല്ലോ ചെയ്തത്. അതിനുള്ള പ്രതികരണമാണിത് തന്റെ ദൂതനെ നിഷേധിച്ചവരോട് അല്ലാഹു പ്രതികാരം ചെയ്യുന്നു.

ലോകത്ത് ആദ്യമായി നിർമ്മിക്കപ്പെട്ട ആ കപ്പലിന്റെ അവശിഷ്ടങ്ങൾ ഇന്നും അറാറത്ത് പർവ്വതത്തിന്റെ മുകളിലുണ്ടെന്ന് ചില ഗവേഷകന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് .

പിൽക്കാലക്കാർക്ക് ഒരു ദൃഷ്ടാന്തമാണ്. ആ കപ്പൽ അല്ലാഹു പറയുന്നതിങ്ങനെയാണ് നിശ്ചയമായും അതിനെ നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചു എന്നാൽ ചിന്തിച്ചു പാഠം പഠിക്കുന്നവരായി ആരെങ്കിലുമുണ്ടോ ? (54:15)

അപ്പോൾ എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിത്തീർന്നു (54:16)

ചരിത്രഗവേഷകന്മാരും പുരാവസ്തു ഗവേഷകന്മാരും നൂഹ് (അ) ന്റെ കപ്പലിന്റെ അവശിഷ്ടങ്ങൾ അന്വേഷിക്കുന്നുണ്ട്. ഒരു സംഘം പുരാവസ്തു ഗവേഷകന്മാർ അറാറത്ത് പർവ്വതത്തിന്റെ ചരിവിൽ പതിനാലായിരം അടി ഉയരത്തിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വാർത്ത ഉണ്ടായിരുന്നു.

സൂറത്ത് നൂഹിൽ ഇങ്ങിനെ കാണാം

തങ്ങളുടെ തെറ്റുകളാൽ തന്നെ അവർ വെള്ളത്തിൽ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവർ അഗ്നിയിൽ പ്രവേശിപ്പിക്കപ്പെടുകയുമുണ്ടായി. അപ്പോൾ അല്ലാഹുവിനെ കൂടാതെയുള്ള ഒരു സഹായിയെയും തങ്ങൾക്കവർ കണ്ടെത്തിയില്ല (71:25)

മഹാപ്രളയവും നൂഹ് (അ)ന്റെ കപ്പലും ലോക ജനതയെ എക്കാലവും വിസ്മയിപ്പിച്ച മഹാസംഭവങ്ങളാകുന്നു സൂറത്ത് ഹൂദിൽ ഇങ്ങനെ കാണാം

അങ്ങനെ നമ്മുടെ കൽപ്പന വരികയും അടുപ്പ് (ഉറവ പൊട്ടി) തിളച്ചു മറിയുകയും ചെയ്തപ്പോൾ നാം പറഞ്ഞു : എല്ലാവസ്തുക്കളിൽ നിന്നും രണ്ട് (വീതം )ഇണകളെയും നിന്റെ വീട്ടുകാരെയും നീ അതിൽ കയറ്റിക്കൊള്ളുക ആർക്കെതിൽ (ശിക്ഷയുടെ) വാക്ക് മുൻകടന്നുപോയിട്ടുണ്ടോ അവരൊഴികയുള്ള വിശ്വാസികളെയും (കയറ്റിക്കൊള്ളുക )

അദ്ദേഹത്തോടൊപ്പം അൽപം ആളുകല്ലാതെ വിശ്വസിച്ചിട്ടില്ല (11:40)

അദ്ദേഹം അവരോട് പറയുകയും ചെയ്തു നിങ്ങൾ അതിൽ കയറിക്കൊള്ളുവീൻ അല്ലാഹുവിന്റെ നാമത്തിലാണ് അതിന്റെ സഞ്ചാരവും അതിന്റെ നിറത്തവും (നങ്കൂരമിടലും) നിശ്ചയമായും എന്റെ റബ്ബ് വളരെ പൊറുക്കുന്നവനും കരുണാനിധിയും തന്നെയാകുന്നു (11:40)

വെള്ളം ഭയാനകമായ കാഴ്ചയായി മാറി. വെള്ളമല്ലാതെ മറ്റൊന്നും കാണാനില്ല. മലകളെപ്പോലെ ആർത്തിരമ്പി വരുന്ന തിരമാലകൾ വിശുദ്ധ ഖുർആൻ ആ രംഗം വിവരിക്കുന്നു

അവരെയും വഹിച്ചുകൊണ്ട് കപ്പൽ മലപോലുള്ള തിരമാലകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് നൂഹ് തന്റെ മകനെ അവൻ അകലെയുള്ള ഒരു സ്ഥലത്തായിരുന്നു വിളിച്ചു പറഞ്ഞു : എന്റെ കുഞ്ഞു മകനെ ഞങ്ങളോടൊപ്പം കപ്പലിൽ കയറിക്കൊള്ളുക നീ അവിശ്വാസികളുടെ കൂട്ടത്തിൽ ആയിപ്പോവരുത് (11:42)

തന്റെ മകൻ അവിശ്വാസിയായിപ്പോവുന്നത് നൂഹ് (അ)ന്ന് സഹിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് കപ്പലിൽ കയറാൻ പറഞ്ഞത് മകന്റെ മറുപടി ഖുർആനിൽ കാണാം.

അവൻ പറഞ്ഞു : വെള്ളത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്തുന്ന വല്ല മലയിലേക്കും അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു അല്ലാഹുവിന്റെ കൽപനയിൽ നിന്ന് അവന്റെ കരുണ ചെയ്തവർക്കല്ലാതെ ഇന്ന് രക്ഷ നൽകുന്ന ഒന്നുമില്ല. അവർ രണ്ടാൾക്കുമിടയിൽ തിരമാല മറയിടുകയും ചെയ്തു. അങ്ങനെ അവൻ മുക്കി നശിപ്പിക്കപ്പെട്ടവരിൽ ആയിത്തീരുകയും ചെയ്തു (11:43)

മകൻ വെള്ളത്തിൽ മുങ്ങി നശിച്ചു നൂഹ് നബി (അ)ന് വല്ലാത്ത ദുഃഖം വന്നു തന്റെ മകന്റെ കാര്യത്തിൽ പ്രാർഥന നടത്താൻ നൂഹ് (അ) തീരുമാനിച്ചു. റബ്ബേ എന്റെ മകൻ എന്റെ സ്വന്തക്കാരനാണല്ലോ ? നീതിമാനായ റബ്ബേ എന്റെ സ്വന്തക്കാരെ കപ്പലിൽ കയറ്റാൻ നീ പറഞ്ഞതാണല്ലോ എന്റെ മകനെ രക്ഷപ്പെടുത്തേണമേ.

അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് വളരെ ഗൗരവത്തിലുള്ള പ്രതികരണമാണുണ്ടായത്

അവൻ നിന്റെ സ്വന്തക്കാരനല്ല. നല്ലതല്ലാത്ത പ്രവർത്തി ചെയ്യുന്നവനാണവൻ അറിവില്ലാത്ത കാര്യങ്ങൾ സംസാരിച്ച് നീ വിഡ്ഢികളിൽ പെട്ടുപോവരുത്.

നൂഹ് (അ) കാര്യം മനസ്സിലിക്കി ഉടനെ ഖേദിച്ചു മടങ്ങുകയും ചെയ്തു.

ഈ സംഭവം ഖുർആനിൽ കാണാം

നൂഹ് തന്റെ റബ്ബിനെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു : എന്റെ റബ്ബേ നിശ്ചയമായും എന്റെ മകൻ എന്റെ വീട്ടുകാരിൽ (സ്വന്തക്കാരിൽ )പെട്ടവനാകുന്നു നിന്റെ വാഗ്ദാനം യതാർത്ഥമായിട്ടുള്ളതുമാകുന്നു. നീ വിധികർത്താക്കളിൽ ഏറ്റവും വലിയ വിധികർത്താവാകുന്നു (11:45)

അവൻ (റബ്ബ് ) പറഞ്ഞു : നിശ്ചയമായും അവൻ നിന്റെ വീട്ടുകാരിൽ (സ്വന്തക്കാരിൽ) പെട്ടവനല്ല അവൻ നന്നല്ലാത്ത ഒരു പ്രവർത്തിക്കാരൻ ആകുന്നു അതുകൊണ്ട് നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് നീ ചോദിക്കരുത് നീ (അറിവില്ലാത്ത ) വിഡ്ഢികളുടെ കൂട്ടത്തിലായിത്തീരുമെന്നതിനാൽ ഞാൻ നിന്നെ ഉപദേശിക്കുകയാണ് (11:46)

അദ്ദേഹം പറഞ്ഞു : എന്റെ റബ്ബേ എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ചോദിക്കുന്നതിനെ തൊട്ട് ഞാൻ നിന്നോട് ശരണം തേടുന്നു നീ എനിക്ക് പൊറുത്തുതരികയും എന്നോട് നീ കരുണ ചെയ്യുകയും ചെയ്യാത്ത പക്ഷം ഞാൻ നഷ്ടക്കാരിൽ പെട്ടവനായിത്തീരും (11:47)

അറിവില്ലാത്ത കാര്യം ചോദിച്ചുപോയതിൽ നൂഹ് (അ)ക്കുണ്ടായ കടുത്ത ദുഃഖമാണ് നാമിവിടെ കണ്ടത് സൂറത്ത് ശുഅറാഇലെ വചനങ്ങൾ ഇങ്ങനെയാകുന്നു അപ്പോൾ അദ്ദേഹത്തെയും കൂടെയുള്ളവരെയും നിറയ്ക്കപ്പെട്ട കപ്പലിൽ നാം രക്ഷപ്പെടുത്തി (26:119)

പിന്നെ ബാക്കിയുള്ളവരെ അതിനു ശേഷം നാം വെള്ളത്തിൽ മുക്കിക്കൊല്ലുകയും ചെയ്തു (26:120)

നിശ്ചയമായും അതിൽ ഒരു വലിയ ദൃഷ്ടാന്തമുണ്ട് പക്ഷെ അവരിൽ അധികമാളുകളും വിശ്വസിക്കുന്നവരായിട്ടില്ല (26;121)

നബി(സ)തങ്ങൾ മക്കാ മുശ്രിക്കുകളോട് നൂഹ് (അ)നെക്കുറിച്ചു സംസാരിച്ചു. വാസ്തവത്തിൽ മക്കയിലെ മുശ്രിക്കുകൾക്ക് ആ ചരിത്രം ഒരു പാഠമാവേണ്ടതായിരുന്നു.നൂഹ് (അ)ന്റെ ജനത ആരാധിച്ച അതേ ബിംബങ്ങളെ അവരും ആരാധിക്കുന്നു. ചരിത്രമറിഞ്ഞിട്ടും അവരിലധികപേരും വിശ്വാസികളായില്ല.

സുദീഘമായ കാലഘട്ടത്തിലെ കഷ്ടപ്പാടുകൾക്ക് ശേഷം നൂഹ് (അ)നെ അല്ലാഹു രക്ഷപ്പെടുത്തി. സ്വന്തക്കാരോടൊപ്പം കപ്പലിൽ കയറാനും അതിൽ സ്ഥാനമുറപ്പിച്ച ശേഷം അല്ലാഹുവിനെ സ്തുതിക്കാനും കൽപന കിട്ടി

സൂറത്തുൽ മുഹ്മിനൂൻ അക്കാര്യം വ്യക്തമാക്കുന്നു

അങ്ങനെ താങ്കളും കൂടെയുള്ളവരും കപ്പലിൽ സ്ഥാനമുറപ്പിച്ചുകഴിഞ്ഞാൽ ഇങ്ങനെ പറയുക : അക്രമികളായ ജനതയിൽ നിന്ന് നമ്മെ രക്ഷിച്ച അല്ലാഹുവിനാണ് എല്ലാ സ്തുതിയും (23:28)

എന്റെ രക്ഷിതാവേ അനുഗ്രഹീതമായ ഒരു താവളത്തിൽ എന്നെ ഇറക്കിത്തരേണമേ നീ ഇറക്കിത്തരുന്നവരിൽ ഏറ്റവും ഉത്തമനാണ് എന്ന് പ്രാർത്ഥിക്കുകയും ചെയ്യുക (23:29)

അല്ലാഹുവിനോട് എങ്ങനെ പ്രാർത്ഥിക്കണമെന്ന് അവൻ തന്നെ നൂഹ് (അ)നെ പഠിപ്പിച്ചു. അതുപോലെ പ്രാർഥന നടത്തി. ഏറ്റവും അനുയോജ്യമായ കേന്ദ്രത്തിൽ തന്നെയാണ് കപ്പൽ ചെന്ന് നിന്നത്. തൊള്ളായിരത്തി അമ്പത് കൊല്ലത്തെ ജീവിതം കടുത്ത പരീക്ഷണമായിരുന്നു. അതിന്റെ അന്ത്യത്തിൽ പ്രളയമുണ്ടായി. നൂഹ് നബി (അ) അനുയായികളോടൊപ്പം കപ്പലിൽ രക്ഷപ്പെട്ടു. കപ്പലിൽ കയറിയതോടെ പരീക്ഷണം അവസാനിച്ചോ ഇല്ല.

കപ്പലിൽ ഇരുന്നും പ്രാർഥന തുടരണം പരീക്ഷണങ്ങൾ ഇനിയും വരും ക്ഷമിക്കണം അല്ലാഹുവുമായി ഏറ്റവുമടുത്തവർ നബിമാരാകുന്നു അവർക്കാണ് കടുത്ത പരീക്ഷണങ്ങളും അല്ലാഹുവിന്റെ ഔലിയാക്കന്മാരും നല്ല പരീക്ഷണം നേരിടുന്നവരാണ് നൂഹ് നബി (അ)ന്റെ ചരിത്രം എല്ലാവർക്കും പാഠാമാണ്

അല്ലാഹു പറയുന്നു :

നിശ്ചയമായും ഈ സംഭവത്തിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട് നാം മനുഷ്യരെ പരീക്ഷിക്കുന്നവൻ തന്നെയാകുന്നു (23:30)

പ്രളയത്തിൽ ആ സമൂഹം തകർന്നുപോയി പിന്നീട് മറ്റൊരു സമൂഹത്തെ അല്ലാഹു വളർത്തിയെടുത്തു

പിന്നീട് അവർക്കു ശേഷം മറ്റൊരു തലമുറയെ നാം സൃഷ്ടിച്ചു (23:31)

ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു :

നാൽപത് ദിവസം തുടർച്ചയായി മഴ പെയ്തു നാൽപ്പത് ദിവസം കൊണ്ട് ഭൂമിയിൽ ജലം പൊങ്ങി പിന്നെ മലകളും അവയ്ക്കു മുകളിലെ മരങ്ങളും വെള്ളത്തിന്നടിയിലായി വെള്ളത്തിന് ചൂടുണ്ടായിരുന്നു കപ്പലിൽ മൃഗങ്ങളെ കയറ്റിയപ്പോൾ അവസാനം കയറിയത് കഴുതയായിരുന്നു. ഇബ്ലീസ് കഴുതയുടെ വാലിൽ പിടിച്ചു നിൽക്കുകയായിരുന്നു കഴുതയെ കപ്പലിലേക്ക് വലിച്ചു കയറ്റിയപ്പോൾ ഇബ്ലീസും അകത്തെത്തി


നൂഹ് നബി(അ) ന്റെ കൂടെ കപ്പലിൽ കയറിയവർ എത്രയായിരുന്നു,? ഇബ്നു അബ്ബാസ് (റ)വിന്റെ റിപ്പോർട്ടിൽ എൺപത് പേരാണ് സ്ത്രീകൾ ഉൾപ്പെടെ എൺപത് പേർ

കഅബുൽ അഹ്ബാറിന്റെ കണക്ക് എഴുപത്തി രണ്ട് പത്ത് പേരായിരുന്നുവെന്ന് പറഞ്ഞവരുണ്ട് വെള്ളത്തിൽ മുങ്ങി നശിച്ച പുത്രന്റെ പേര് യാം എന്നായിരുന്നു വെന്ന് റിപ്പോർട്ടുകളിൽ കാണുന്നു.


ഹാം,സാം,യാഫീസ്, യാം, ആബിർ, ഇവരെല്ലാം നൂഹ് (അ) ന്റെ മക്കളാകുന്നു.

ആബിർ വെള്ളപ്പൊക്കത്തിന് മുമ്പെ മരണപ്പെട്ടു. യാം മുങ്ങി നശിച്ചു. മറ്റുള്ളവർ കപ്പലിൽ കയറി നൂഹ് നബി (അ)ന്റെ ഒരു ഭാര്യ മുങ്ങി നശിച്ചു. മൃഗങ്ങളെല്ലാം കപ്പലിൽ കയറിയപ്പോൾ പലർക്കും ആശങ്കയായി സിംഹം നമ്മുടെ കൂടെയുണ്ട്. അക്രമിക്കുമോ ? എലിക്ക് പൂച്ചയെ പേടി. വിരുദ്ധ സ്വഭാവമുള്ള ജീവികൾ എല്ലാം ഒരുമയോടെ ജീവിച്ചു.

യാം എന്ന മകനെ അഹ്ലു കിതാബുകാർ കൻആൻ എന്നു വിളിക്കുന്നു.

ഇബ്നു ജരീറും മറ്റ് ചിലരും പ്രളയത്തിന്റെ കാലം പതിമൂന്ന് മാസമാണെന്ന് പറഞ്ഞിട്ടുണ്ട്. മലമുകളിൽ നിന്ന് പതിനഞ്ച് മുഴം ഉയരത്തിൽ വെള്ളമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളിൽ കാണുന്നു. എൺപത് മുഴം എന്നും പറയപ്പെട്ടിട്ടുണ്ട് ഭൂമി മുഴുവനായും വെള്ളത്തിലായിരുന്നു. സമതലങ്ങളും താഴ്വാരകളും പർവ്വതങ്ങളും വെള്ളത്തിലായിരുന്നു. ഒരിടവും ഒഴിവില്ല ചെറുതും വലുതുമായ ഒരു ജീവിയും അവശേഷിച്ചില്ല. 

നൂഹ് (അ)ന് രണ്ട് ഭാര്യമാരുണ്ടായിരുന്നുവെന്നും അവരിൽ ഒരാൾ കപ്പലിൽ കയറിയെന്നും രേഖകൾ പറയുന്നുണ്ട്. മൂന്നു മക്കൾ കപ്പലിൽ കയറുകയും ഒരു മകൻ യാം ദൂരെ മാറി നിൽക്കുകയും ചെയ്തപ്പോൾ നൂഹ് (അ)അവനേയും കപ്പലിലേക്ക് ക്ഷണിച്ചു. വന്നില്ല കയറിയില്ല മുങ്ങി നശിച്ചു. ആ മകന്റെ ഭാര്യ കപ്പലിൽ കയറി രക്ഷപ്പെട്ടു. മുങ്ങി നശിച്ച മകൻ വളർത്തു പുത്രനാണെന്ന് പറഞ്ഞവരുണ്ട്. ഭാര്യയുടെ പുത്രനാണെന്ന് പറഞ്ഞവരുണ്ട്.

ആകാശത്ത് നിന്ന് മഴവെള്ളം കുത്തിയൊലിച്ചുകൊണ്ടിരിക്കുകയിയിരുന്നു. ഭൂമിയിൽ നിന്ന് ശക്തമായ ഉറവകളും പൊട്ടിയൊലിച്ചു കൊണ്ടിരുന്നു. അവ രണ്ടിന്റേയും സ്രാഷ്ടാവായ റബ്ബ് അവയോടിങ്ങനെ കൽപ്പിച്ചു. ആകാശമേ നിർത്തുക ഭൂമിയേ നിന്റെ വെള്ളം നീ വിഴുങ്ങുക ആകാശം അനുസരിച്ചു മഴനിലച്ചു ഭൂമിയും അനുസരിച്ചു വെള്ളം വറ്റിത്തുടങ്ങി ആദ്യം കണ്ടു തുടങ്ങിയത് പർവ്വതത്തലപ്പുകളാണ് കപ്പൽ ജൂദി പർവ്വതത്തിലേക്ക് നീങ്ങികയാണ് വിശുദ്ധ ഖുർആൻ പറയുന്നു;

പറയപ്പെട്ടു ഭൂമിയേ നിന്റെ വെള്ളം നീ വിഴുങ്ങുക ആകാശമേ നീ വിരമിക്കുക വെള്ളം വറ്റുകയും കാര്യം തീരുമാനിക്കപ്പെടുകയും ചെയ്തു അത് (കപ്പൽ ) ജൂദി മലയുടെ മേൽ ചെന്നു ഉറച്ചു നിൽക്കുകയും ചെയ്തു അക്രമികളായ ജനങ്ങൾക്ക് വിദൂരം (കാരുണ്യത്തിൽ നിന്നും അവർ എത്രയോ അകന്നുപോയി ) എന്ന് പറയപ്പെട്ടു (11:44) 

ജൂദി മല അൽജസീറയിലാണെന്ന് പറയപ്പെട്ടിട്ടുണ്ട് മൗസിലിലാണെന്നും അഭിപ്രായമുണ്ട് ഇവർക്കു സമീപമാണ് അറാറത്ത് പർവ്വതം ജൂദി തന്നെയാണ് അറാറത്ത് എന്നറിയപ്പെടുന്നു ഇങ്ങനെയല്ലാം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ഖത്താദ (റ)വിന്റെ വാക്കുകൾ പലരും ഉദ്ധരിച്ചിട്ടുണ്ട് അൽ ജസീറയിൽ പെട്ട ജൂദി മലയിൽ ഒരു ദൃഷ്ടാന്തമായിക്കൊണ്ട് നൂഹ് നബി (അ)ന്റെ കപ്പലിനെ അല്ലാഹു അവശേഷിപ്പിച്ചിരിക്കുന്നു ഈ സമുദായത്തിലെ ആദ്യ കാലക്കാർ അത് കാണുകയും ചെയ്തിരിക്കുന്നു അതിനുശഷമുണ്ടായ എത്രയോ കപ്പലുകൾ നശിച്ചു പോയിരിക്കുന്നു. സഹസ്രാബ്ദങ്ങൾ തന്നെ കടന്നുപോയിട്ടും നൂഹ് നബി(അ)ന്റെ കപ്പലിന്റെ കാര്യത്തിൽ മനുഷ്യ സമൂഹത്തിന് സജീവ താൽപര്യമാണുള്ളത് പലരും ഗവേഷണം നടത്തുകയും പല വിവരങ്ങളും പുറത്ത് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

സൂറത്ത് അമ്പിയാഇൽ ഇങ്ങനെ കാണാം

നൂഹിനെയും മുമ്പ് അദ്ദേഹം വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം ഓർക്കുക അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകി അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആൾക്കാരെയും മഹാദുഃഖത്തിൽ നിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു (21:76)

നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യജമാക്കിയ ജനങ്ങളിൽ നിന്ന് അദ്ദേഹത്തിന് നാം സഹായം (രക്ഷ) നൽകുകയും ചെയ്തു നിശ്ചയമായും അവർ ഒരു ചീത്ത ജനതയായിരുന്നു അതിനാൽ നാമവരെ കൂട്ടത്തോടെ നശിപ്പിച്ചു (21:77)





കപ്പൽ ജൂതി പർവ്വതത്തിൽ ഉറച്ചു നിൽക്കുകയാണ്. വെള്ളം വറ്റിത്തീരാൻ ഇനിയും കാലം പിടിക്കും. അല്ലാഹുവിന്റെ അനുമതി കിട്ടാതെ പുറത്തിറങ്ങാനാവില്ല. ദിവസങ്ങൾ പിന്നെയും കടന്നുപോയി .കപ്പലിന്റെ കിളിവാതിലുകൾ തുറന്നു നോക്കി. പർവ്വതങ്ങളുടെ കൊടുമുടികൾ കാണുന്നുണ്ട് .വെള്ളം താഴ്ന്നു വരികയാണ്. ഭൂമിയുടെ അവസ്ഥ അറിയണം.

അതറിയാൻ വേണ്ടി ആദ്യം കാക്കയെ അയച്ചു. തുടർന്ന് പ്രാവിനെയും അയച്ചു. കാക്ക പറന്നുപോയി ശവങ്ങൾ കണ്ടു. പറന്നിരുന്നു നേരം വൈകി അപ്പോഴാണ് പ്രാവിനെ അയച്ചത്. പ്രാവ് വൈകാതെ മടങ്ങിയെത്തി അതിന്റെ ചുണ്ടിൽ സൈത്തൂൻ ഇലയുണ്ടായിരുന്നു. കാലിൽ മണ്ണ് പറ്റിപ്പിടിച്ചിരുന്നു. അത് കണ്ടപ്പോൾ വെള്ളം വറ്റിയിട്ടുണ്ടെന്ന് മനസ്സിലായി.

കപ്പലിൽ നിന്നിറങ്ങാൻ അല്ലാഹുവിന്റെ കൽപന വന്നു. ഓ നൂഹ് താങ്കൾ ഭൂമിയിലിറങ്ങുക താങ്കൾക്ക് സലാം കൂടെയുള്ളവർക്കും സലാം നിങ്ങൾക്കും നിങ്ങളിൽ നിന്നുണ്ടാവുന്ന തലമുറകൾക്കും അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹങ്ങളും ഉണ്ടായിരിക്കും സൂറത്ത് ഹൂദിൽ ഇങ്ങനെ കാണാം.

ഓ നൂഹ് താങ്കളുടെ മേലിലും താങ്കളുടെ കൂടെയുള്ളവരിൽ നിന്ന് ഉത്ഭവിക്കുന്ന സമൂഹങ്ങളുടെ മേലിലും നമ്മിൽ നിന്നുള്ള രക്ഷയോടും അതിയായ അനുഗ്രഹങ്ങളോടും കൂടി താങ്കൾ ഭൂമിയിലേക്കിറങ്ങുക

(അവരിൽ നിന്ന് തന്നെ ഉത്ഭവിക്കുന്ന ) മറ്റ് ചില സമുദായങ്ങളാവട്ടെ അവർക്ക് നാം ക്ഷേമ ഐശ്വര്യങ്ങൾ കൈവരുത്തിക്കൊടുക്കും പിന്നീട് നമ്മിൽ നിന്നുള്ള വേദനാജനകമായ ശിക്ഷ അവരെ ബാധിക്കുകയും ചെയ്യും എന്ന് പറയപ്പെട്ടു (11:48)

കപ്പൽ നിന്ന ശേഷം നൂഹ് (അ)ന് ലഭിച്ച സന്ദേശമാണ് കപ്പലിലുള്ളവർക്കും അവരിൽ നിന്ന് ഇനിയുണ്ടാവാൻ പോവുന്ന തലമുറകൾക്കും അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹങ്ങളുമുണ്ടാവും എല്ലാ ജനവിഭാഗങ്ങൾക്കും അല്ലാഹുവിന്റെ അനുഗ്രമുണ്ടാവും. അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാത്ത കൂട്ടരും അവരിൽ നിന്നുണ്ടാവും. അവർ ഭൂമിയിൽ അക്രമവും കുഴപ്പങ്ങളും സൃഷ്ടിക്കും. അത് കാരണം അവർക്ക് വേദനാജനകമായ ശിക്ഷ അനുഭവിക്കേണ്ടിവരും.

മുഹമ്മദ് നബി (സ)തങ്ങളോ സ്വഹാബികളോ അവരുടെ കാലത്ത് ജീവിച്ചവരോ ഈ ചരിത്രം നേരത്തെ അറിഞ്ഞിരുന്നില്ല. അല്ലാഹു വഹിയ് മുഖേന അറിയിച്ചു കൊടുത്തു അപ്പോളാണവർ ചരിത്രം വ്യക്തമായി മനസ്സിലാക്കി വിശുദ്ധ ഖുർആൻ പറയുന്നു.

ഇതെല്ലാം അദൃശ്യ വാർത്തകളിൽ പെട്ടതാണ് ഇതെല്ലാം താങ്കൾക്കു നാം അറിയിച്ചു തരുന്നു ഇതിന് മുമ്പ് താങ്കളോ താങ്കളുടെ ജനതയോ ഇതറിഞ്ഞിരുന്നില്ല അതുകൊണ്ട് താങ്കൾ ക്ഷമിക്കുക അവസാനം വിജയം ഭക്തന്മാർക്കു തന്നെയാകുന്നു (11:40)

ഖുറൈശികളിൽ നിന്നുള്ള ഉപദ്രവം സഹിക്കവയ്യാതെ ഒരു സാഹചര്യത്തിലാണ് നബി (സ)ക്ക് ആശ്വാസ വചനങ്ങളെന്നോണം നൂഹ് (അ) ന്റെ ചരിത്രം അവതരിപ്പിക്കുന്നത്. തൊള്ളായിരത്തി അമ്പത് വർഷത്തെ ക്ഷമയുടെ ചരിത്രം കേട്ട് സ്വഹാബികൾ അത്ഭുതപ്പെട്ടു. ചരിത്ര വിവരണം അവരുടെ ചിന്താമണ്ഡലം തട്ടിയുണർത്തി. എന്തൊരു ക്ഷമ അതിന്റെ കോരിത്തരിപ്പിക്കുന്ന പര്യവസാനം സർവ്വശക്തനായ അല്ലാഹുവിന്റെ നാമത്തിൽ ആ സംഘം പുറത്തേക്കിറങ്ങുകയാണ്.

അവർ വിനയാന്വിതരായ് മനസ്സ് നിറയെ ഭക്തിയാണ് നന്ദിയുള്ള അടിയാർകൾ. പിറന്ന നാടെവിടെ ബന്ധുക്കളെവിടെ ? താമസിച്ച വീടുകളെവിടെ ? അവയെല്ലാം ഓർമ്മകൾ മാത്രം അക്രമികളുടെ ശൗര്യവും പരാക്രമങ്ങളും കടംകഥകളായി മാറി. പുണ്യപ്രവാചകനെ ഭ്രന്തനെന്ന് വിളിച്ച ധിക്കാരികളെവിടെ ? നൂഹ് നബി (അ ) യെ മർദ്ധിച്ചു ബോധം കെടുത്തിയ വകതിരിവില്ലാത്ത ധിക്കാരികളെവിടെ ? ഗർവ്വ് നടിച്ച ശരീരങ്ങൾ വെള്ളത്തിൽ കിടന്നു ചീഞ്ഞു കൂട്ടത്തോടെ നശിപ്പിക്കപ്പെട്ടു.

അവർ ആരാധിച്ചിരുന്ന വിഗ്രഹങ്ങൾ മണ്ണിന്നടിയിലായി. ഇത് ശുദ്ധീകരിക്കപ്പെട്ട ഭൂമി ഏകനായ റബ്ബിനെ ആരാധിക്കുന്നവർ മാത്രമേ ഇന്ന് ഈ ഭൂമിയിലുള്ളൂ. കപ്പലിലുള്ളവരാണ് ലോക ജനസംഖ്യ കൂടിവന്നാൽ എൺപത് പേർ അവരുടേതാണ് ഭൂമി അവകാശം പറയാൻ മറ്റൊരാളില്ല.


മൂന്നു പുത്രന്മാർ 

കപ്പലിൽ നിന്ന് എല്ലാവരും പുറത്ത് വന്നു ജൂദി പർവ്വതത്തിൽ നിന്ന് ചുറ്റും നോക്കി അല്ലാഹുവിന്റെ ഭൂമി മീതെ അല്ലാഹുവിന്റെ ആകാശം മെല്ലെ താഴേക്കിറങ്ങാൻ തുടങ്ങി. താഴ്വാരത്തിലേക്ക് പക്ഷികൾ അന്തരീക്ഷത്തിൽ വട്ടമിട്ട് പറന്നു. മൃഗങ്ങൾ ജൂദി പർവ്വതത്തിൽ ഓടിക്കളിച്ചു. മനുഷ്യർ താഴ്വരയിലെത്തി. അല്ലാഹുവിനെ വാഴ്ത്തി അവിടെ അവർ ഒരു ഗ്രാമം പണിതു .അതിന് സമാനൂർ (എൺപത് )എന്ന് പേരിട്ടു കപ്പലിൽ എൺപത് പേരാണല്ലോ ഉണ്ടായിരുന്നത്

ഖത്താദ (റ)വിന്റെ റിപ്പോർട്ട് പലരും ഉദ്ധരിച്ചിട്ടുണ്ട് അതിപ്രകാരമാകുന്നു

റജബ് മാസം പത്തിന് അവർ കപ്പൽ കയറി നൂറ്റി അമ്പത് ദിവസം കപ്പലിൽ കഴിഞ്ഞു ജൂദി പർവ്വതത്തിൽ കഴിഞ്ഞത് ഒരു മാസം ആശൂറാ ദിവസമാണ് അവർ കപ്പലിൽ നിന്ന് പുറത്തു വന്നത് മുഹർറം പത്തിന് അന്ന് എല്ലാവരും നോമ്പ് നോറ്റിരുന്നതായി ഇബ്നു ജരീറിന്റെയും മറ്റും വിവരണത്തിൽ കാണാം

ഇമാം അഹ്മദ് (റ)വിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം

നബി (സ)തങ്ങൾ യഹൂദികൾക്ക് സമീപത്തുകൂടി നടന്നുപോവുകയായിരുന്നു അന്ന് ആശൂറാ ദിവസമായിരുന്നു യഹൂദികൾ നോമ്പു എടുത്തിരുന്നു ഇന്നെന്താ വിശേഷം ? നോമ്പ് നോൽക്കാൻ ? യഹൂദികൾ ഇങ്ങനെ മറുപടി നൽകി

ഇന്നത്തെ ദിവസമാണ് മൂസാ(അ)നെയും ഇസ്രാഈലി സന്തതികളെയും അല്ലാഹു രക്ഷപ്പെടുത്തിയത് ശത്രുക്കളായ ഫറോവയെയും സൈന്യത്തെയും കടലിൽ മുക്കി നശിപ്പിച്ചതും ഈ ദിവസമാണ് നൂഹ് നബി (അ)ന്റെ കപ്പൽ ജൂദി പർവ്വതത്തിൽ നിലയുറപ്പിച്ചതും ഇതേ ദിവസമാണ് നൂഹ് (അ) മൂസാ (അ) എന്നിവർ നന്ദി സൂചികമായി ഈ ദിവസം നോമ്പെടുത്തിരുന്നു ഇത് കേട്ടപ്പോൾ നബി (സ)തങ്ങൾ പറഞ്ഞു : മൂസാനബിയോട് കൂടുതൽ ബന്ധപ്പെട്ടവർ ഞാനാകുന്നു ഇന്നത്തെ ദിവസം നോമ്പെടുക്കാൻ കൂടുതൽ അർഹതപ്പെട്ടവനും ഞാനാകുന്നു സ്വഹാബികളോട് നോമ്പെടുക്കാൻ നബി (സ)കൽപിക്കുകയും ചെയ്തു 

ഇന്ന് നോമ്പെടുത്തവർ അവരുടെ നോമ്പ് പൂർത്തിയാക്കുക നോമ്പില്ലാത്തവർ ഈ ദിവസത്തിന്റെ ബാക്കി ഭാഗം നോമ്പായി പൂർത്തിയാക്കുക. സ്വഹാബികൾ അതുപോലെ ചെയ്തു. എല്ലാവരും ആശൂറാ നോമ്പ് നോറ്റു.

നൂഹ് (അ)ന്റെ കപ്പലിനെക്കുറിച്ചോർത്ത് നൂഹ് (അ) മൂസാ(അ) എന്നിവർ സജീവ ചർച്ചയായി. മുഹമ്മദ്ബ്നു ഇസ്ഹാഖിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു : മഹാപ്രളയം അവസാനിച്ച ഉടനെ അല്ലാഹു കാറ്റിനെ അയച്ചു കാറ്റ് ഭൂമിയിൽ ശുദ്ധീകരണം നടത്തി കപ്പലിൽ കയറി ഏഴ് മാസവും പതിനേഴ് ദിവസവും കഴിഞ്ഞാണ് അത് ജൂദി പർവ്വതത്തിൽ വന്നു നിന്നത് അതിനു മുമ്പ് അത് മക്കയിലായിരുന്നു നാൽപ്പത് ദിവസം അത് കഅബയെ ചുറ്റിക്കൊണ്ടിരുന്നു പത്താം മസത്തിന്റെ ആദ്യ ദിവസത്തിലാണ് പർവ്വതങ്ങളുടെ കൊടുമുടികൾ കണ്ട് തുടങ്ങിയത് പിന്നെയും നാൽപ്പത് ദിവസങ്ങൾ കടന്നുപോയി അതിനുശേഷം കപ്പലിന്റെ കിളിവാതിലുകൾ തുറന്നു ഭൂമിയിൽ എന്ത് സംഭവിച്ചു എന്നറിഞ്ഞുവരാൻ വേണ്ടി കാക്കയെ പുറത്തേക്കു വിട്ടു വെള്ളത്തിന്റെ അവസ്ഥ നോക്കി മനസ്സിലാക്കിവരാനാണ് കാക്കയെ വിട്ടത് പക്ഷെ കാക്ക തിരിച്ചുവന്നില്ല പിന്നെ പ്രാവിനെ വിട്ടു പ്രാവിന് കാൽ കുത്താൻ ഇടം കിട്ടിയില്ല അത് തിരിച്ചു പറന്നുവന്നു കിളിവാതിലിന് പുറത്തേക്ക് കൈ നീട്ടി നൂഹ് (അ) പ്രാവിനെ സ്വീകരിച്ചു കപ്പലിൽ തന്നെ പ്രവേശിപ്പിച്ചു പിന്നെ ഏഴ് ദിവസങ്ങൾ കൂടി കടന്നുപോയി വീണ്ടും പ്രാവിനെ വിട്ടു അത് സൈത്തൂൻ ഇലയുമായി തിരിച്ചെത്തി വെള്ളം വളരെ താഴ്ന്നിരിക്കുന്നുവെന്ന് മനസ്സിലായി ഏഴ് ദിവസങ്ങൾ പിന്നെയും കടന്നുപോയി പ്രാവിനെ വീണ്ടും അയച്ചു ഇത്തവണ അത് മടങ്ങിവന്നില്ല വെള്ളം വറ്റിയിരിക്കുന്നുവെന്ന് മനസ്സിലായി

കപ്പലിൽ ഒരുവർഷം പൂർത്തിയായി.

രണ്ടാം വർഷത്തിലെ ഒന്നാം മാസത്തിലെ ഒന്നാം ദിവസം അവർ ഭൂമിയുടെ ഉപരിതലം കണ്ടു. കര കണ്ടു .നൂഹ് (അ) കപ്പലിന്റെ മേൽക്കൂര മാറ്റി. രണ്ടാം വർഷം രണ്ടാം മാസം ഇരുപത്തി ഏഴാം ദിവസം അല്ലാഹുവിന്റെ കൽപന പ്രകാരം നൂഹ് (അ) തന്റെ അനുയായികളോടൊപ്പം പുറത്ത് വന്നു.

നന്ദി സൂചകമായി ബലി നടത്തിയതായും റിപ്പോർട്ടുണ്ട്. ജൂദി പർവ്വതത്തിൽ നിന്നിറങ്ങി വന്ന എൺപത് പേർ ചേർന്ന് സാമാനൂൻ എന്ന ഗ്രാമം സ്ഥാപിച്ചു.

കൈവശമുള്ള ധാന്യം കൃഷി ചെയ്തു. കപ്പലിലുള്ള കാലികൾ പെറ്റു പെരുകി. പക്ഷികൾക്കും വംശവർദ്ധനവുണ്ടായി ജീവിതം പച്ച പിടിക്കുകയായി. അവരുടെ ജീവിതം ആ ഗ്രാമത്തിൽ ഒതുങ്ങിനിന്നില്ല. പല പ്രദേശങ്ങള സഞ്ചരിച്ചു.

കപ്പലിൽ വന്നവരിൽ നൂഹ് (അ)ന്റെ മൂന്ന് പുത്രന്മാർ പിൽക്കാലത്ത് ചരിത്രത്തിന് മറക്കാൻ പറ്റാത്തത്ര പ്രസിദ്ധരായിത്തീർന്നു.

മൂന്നു പുത്രന്മാർ ഒഴികെയുള്ളവർ ഏറെക്കാലം ജീവിച്ചില്ല. അടുത്തടുത്ത കാലങ്ങളിലായി മരണപ്പെട്ടു. നൂഹ് (അ)കുറെ കാലം കൂടി ജീവിച്ചു. മൂന്നു പുത്രന്മാരിൽ നിന്നാണ് പിൽക്കാല മനുഷ്യ സമൂഹം വളർന്നു വരുന്നത് സാം, ഹാം, യാഫിസ്,ഇവരാണ് പുത്രന്മാർ ഇവരെക്കുറിച്ച് ചരിത്രം ഇങ്ങനെ രേഖപ്പെടുത്തി സാം അറബികളുടെ പിതാവാകുന്നു ഹാം ഹബ്ശികളുടെ പിതാവ് യാഫിസ് റൂമിന്റെ പിതാവ്.




ഇതിന് പല വിശദീകരണങ്ങൾ വന്നിട്ടുണ്ട് റൂം എന്നത് അർറൂമുൽ അവ്വൽ (ഒന്നാം റൂം ) ആകുന്നു അത് യൂനാൻ (ഗ്രീക്ക് ) ആകുന്നു യാഫിസിൽ നിന്നുള്ള പരമ്പരയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്

നൂഹ് (അ)മകൻ യാഫിസ് മകൻ യുനാൻ മകൻ ലുബ്ത്വാ മകൻ റൂമി സാമിന് മൂന്നു പുത്രന്മാരുണ്ടായി അൽ- അറബ് , ഫാരിസ്, റൂം എന്നിവർ ഫാമിന്റെ പുത്രന്മാർ : ഖിബ്ത്വ് ,സൂഡാൻ, ബർബർ .

യാഫിസിന്റെ മക്കൾ : തുർക്ക് ,സഖാലബത് , യഹ്ജൂജ്,മഹ്ജൂജ്

നൂഹ് (അ)നെ രണ്ടാം ആദം എന്നു വിളിച്ചവരുണ്ട്. ആദം നബി (അ)ന്റെ പരമ്പര പ്രളയ കാലത്ത് അവസാനിച്ചു. പിന്നീടുള്ള മനുഷ്യർ നൂഹ് (അ)ന്റെ പരമ്പരയാണ് നൂഹ് (അ)അഭിമുഖീകരിച്ച ജനതയാണ് ബിംബാരാധനയുടെ ആളുകൾ അതിന് മുമ്പുള്ളവർ സത്യവിശ്വാസികളായിരുന്നു സത്യത്തിലേക്കു ക്ഷണിക്കുക എന്ന ദൗത്യം സാഹസികമായി നിർവ്വഹിക്കേണ്ടിവന്നത് അദ്ദേഹത്തിനാകുന്നു നൂഹ് (അ)ന് നര ബാധിച്ചിരുന്നില്ല പല്ല് കൊഴിഞ്ഞ് പോയിരുന്നില്ല ആരോഗ്യം നഷ്ടപ്പെട്ടിരുന്നില്ല അല്ലാഹു നൂഹ് നബി (അ)നെ വിശേഷിപ്പിച്ചത് നന്ദിയുള്ള അടിയൻ എന്നാകുന്നു തനിക്കു ലഭിച്ച ഭക്ഷണത്തിനും പാനീയത്തിനും വസ്ത്രത്തിനും നൂഹ് (അ) അല്ലാഹുവിനെ സ്തുതിക്കുമായിരുന്നു

നബി (സ)അരുൾ ചെയ്തു :

ഒരു അടിമ ആഹാരം കഴിച്ചു അല്ലാഹുവിനെ സ്തുതിച്ചു പാനം ചെയ്തു അല്ലാഹുവിനെ സ്തുതിച്ചു എങ്കിൽ അല്ലാഹു അവനെ തൃപ്തിപ്പെട്ടു

നൂഹ് (അ)ന്റെ നോമ്പ് വളരെ പ്രസിദ്ധമാണ് ഈദുൽ ഫിത്വർ, ഈദുൽ അള്ഹാ എന്നീ ദിവസങ്ങളല്ലാത്ത എല്ലാ നാളുകളിലും അദ്ദേഹം നോമ്പ് നോറ്റിരുന്നു നൂഹ് (അ) കാലം മുഴുവൻ നോമ്പെടുത്തു ദാവൂദ് (അ) കാലത്തിന്റെ പകുതി നോമ്പെടുത്തു ഇബ്രാഹിം (അ) മാസത്തിന്റെ മൂന്നു ദിവസം നോമ്പെടുത്തു എന്നെല്ലാം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

ഹജ്ജ് വേളയിൽ നബി (സ)തങ്ങൾ വാദി അസ്ഫാനിൽ എത്തി കൂടെയുണ്ടായിരുന്ന അബൂബക്കർ (റ)വിനോട് നബി (സ)തങ്ങൾ ചോദിച്ചു ഓ..... അബൂബക്കർ ഏതാണ് ഈ താഴ്വര ? വാദി അസ്ഫാൻ ഉടനെ മറുപടി പറഞ്ഞു നബി (സ)ഇങ്ങനെ വിശദീകരിച്ചു ഈ വാദിയിലൂടെ നൂഹ് (അ),ഹൂദ് (അ), ഇബ്രാഹീം(അ), എന്നിവർ ഒട്ടകപ്പുറത്ത് സഞ്ചരിച്ചിട്ടുണ്ട് അവരെല്ലാം ഹജ്ജ് യാത്ര നടത്തിയെന്ന് സൂചന

ധിക്കാരികളായ ജനതയെ വെള്ളത്തിൽ മുക്കി നശിപ്പിക്കുകയും അഗ്നിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്നാണ് ഖുർആനിലുള്ളത് സൂറത്ത് നൂഹിൽ പറയുന്നതിപ്രകാരമാണ്

അവരുടെ തെറ്റുകളാൽ തന്നെ അവർ മുക്കി നശിപ്പിക്കപ്പെട്ടു എന്നിട്ട് അവർ അഗ്നിയിൽ പ്രവേശിക്കപ്പെട്ടു അപ്പോൾ അവൾ തങ്ങൾക്ക് അല്ലാഹു അല്ലാതെയുള്ള സഹായികളെ കണ്ടെത്തിയില്ല (71:25)

അഗ്നിയിൽ പ്രവേശിക്കപ്പെട്ടു വെന്നത് രണ്ട് വിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്

ഈ ലോകത്ത് വെള്ളപ്പൊക്കം ഒരു ശിക്ഷയായി അവർ അനുഭവിച്ചു അതോടെ ശിക്ഷ അവസാനിച്ചിട്ടില്ല പരലോകത്ത് അഗ്നിയിൽ പ്രവേശിക്കപ്പെടും ഇതാണ് ഈ വ്യാഖ്യാനം

ഈ ലോകത്ത് വെച്ചു തന്നെ അഗ്നിയുടെ ശിക്ഷ അവർക്ക് നൽകപ്പെട്ടിട്ടുണ്ട് എന്നതാണ് രണ്ടാം വ്യാഖ്യാനം

വെള്ളവും അഗ്നിയും അവരുടെ മേൽ ശിക്ഷയായി ഇറങ്ങിز അവരുടെ ആരാധ്യ വസ്തുക്കളൊന്നും സഹായത്തിനെത്തിയില്ലز ഏകനായ റബ്ബിന് വഴങ്ങി ജീവിച്ചവർ മാത്രം വിജയിച്ചുز മഹാനായ നൂഹ് നബി (അ) നെക്കുറിച്ച് കേൾക്കുമ്പോൾ ഭൂമി മുടങ്ങിപ്പോയ പ്രളയത്തെക്കുറിച്ചാണ് ആരും ഓർക്കുകز പ്രളയത്തിലേക്ക് നയിച്ച ചില പ്രാർത്ഥനാ വചനങ്ങളുണ്ട്ز ഒരിക്കലും ആർക്കും മറക്കാനാവാത്ത വചനങ്ങൾ സൂറത്ത് നൂഹിൽ വന്ന ആ വചനങ്ങൾ കൂടി ഉദ്ധരിച്ചുകൊണ്ട് ഈ രചനക്ക് വിരാമം നൽകുകയാണ് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

സൂറത്ത് നൂഹിലെ ആറാം വചനം

നൂഹ് പറഞ്ഞു : എന്റെ റബ്ബേ അവിശ്വാസികളിൽ പെട്ട ഒരു വീട്ടുകാരനെയും ഭൂമിക്കു മീതെ നീ ബാക്കിയാക്കി വിട്ടേക്കരുതേ (71:26)

സത്യത്തിൽ വിശ്വസിക്കാത്ത ജനത വിശ്വസിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത വിഭാഗം അവർക്കു കുഞ്ഞുങ്ങളുണ്ടായാൽ അവരും സത്യത്തിന്റെ ശത്രുക്കളാകുമെന്ന കാര്യം ഉറപ്പ്

അങ്ങനെയുള്ള ഒരു മനുഷ്യ വിഭാഗം എന്തിന് ഭൂമിക്കു ഭാരമായി ജീവിക്കണം അവരിൽ ഒരാൾ പോലും അവശേഷിക്കാതെ സമൂല നാശം വരുത്തണമെന്ന് പ്രാർഥന

ആ പ്രാർഥന അങ്ങനെ തന്നെ സ്വീകരിക്കപ്പെട്ടു നടപ്പാക്കുകയും ചെയ്തു അടുത്ത വചനം നോക്കാം

നിശ്ചയമായും അവരെ നീ നശിപ്പിക്കാതെ വിട്ടേക്കുന്ന പക്ഷം അവർ നിന്റെ അടിയാന്മാരെ വഴിതെറ്റിച്ചു കളയുന്നതാണ് സത്യനിഷേധിക്കാരായ ദുർവൃത്തരെയല്ലാതെ അവർ ജനിപ്പിക്കുകയും ചെയ്യുകയില്ല (71:27)

ഈ ജനതയിൽ നിന്നുണ്ടാവുന്ന ഭാവി തലമുറകളിൽ പോലും പ്രതീക്ഷയില്ല അതുകൊണ്ട് ഒരാളെയും വിടാതെ നശിപ്പിക്കണം തൊള്ളായിരത്തി അമ്പത് കൊല്ലത്തെ നിരന്തര ശ്രമത്തിനു ശേഷമാണ് ഈ പ്രാർത്ഥന എന്നോർക്കണം

പ്രാർത്ഥിക്കുമ്പോൾ തനിക്കു വേണ്ടി ആദ്യം പറയുക പിന്നെ മാതാപിതാക്കൾക്ക് പൊറുക്കാൻ പറയുക അതിനുശേഷം അടുത്ത ബന്ധുക്കൾ അവസാനം പൊതുവായി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക അതാണ് നൂഹ് നബി (അ) ചെയ്ത രീതിയും അത് നോക്കിക്കാണുക.

എന്റെ റബ്ബേ എനിക്ക് പൊറുത്തു തരേണമേ എന്റെ മാതാപിതാക്കൾക്കും എന്റെ വീട്ടിൽ സത്യവിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവർക്കും സത്യവിശ്വാസം സ്വീകരിച്ച പുരുഷന്മാർക്കും സ്ത്രീകൾക്കും (നീ പൊറുത്തു തരേണമേ)

അക്രമകാരികൾക്ക് നാശനഷ്ടമല്ലാതെ നീ വർദ്ധിപ്പിക്കുകയും ചെയ്യരുതേ (71:27)

ഇത് നിലനിൽക്കുന്ന പ്രാർത്ഥനയാണ് അക്കാലത്തെ സത്യവിശ്വാസികൾ നൂഹ് (അ)മുമായി സഹവസിച്ചു ജീവിച്ചു എല്ലാവരും ആ വീട്ടിൽ പോവും ബന്ധപ്പെടുകയും ചെയ്തു നൂഹ് (അ)നിസ്കരിച്ച പള്ളിയിലും എല്ലാവരും എത്തിയിരുന്നു നബിയുമായുള്ള അടുത്ത ബന്ധവും നിരന്തര സഹവാസവും അവരെ നല്ലവരാക്കിത്തീർത്തു എന്റെ വീട്ടിൽ പ്രവേശിച്ചവർ എന്ന് പറഞ്ഞത് വീടിനെക്കുറിച്ചു തന്നെയാവാം അല്ലെങ്കിൽ മസ്ജിദുമാവാം ദീൻ എന്നുമാവാം കപ്പൽ എന്നുമാവാം ഇങ്ങനെയൊക്കെ വ്യാഖ്യനങ്ങൾ വന്നിട്ടുണ്ട്.

നൂഹ് (അ)ന് നാൽപത് വയസ്സായപ്പോൾ നുബുവ്വത്ത് കിട്ടി തൊള്ളായിരത്തി അമ്പത് കൊല്ലം ജനങ്ങളെ സത്യമതത്തിലേക്ക് ക്ഷണിച്ചു. വെള്ളപ്പൊക്കത്തിനു ശേഷം അറുപത് വർഷം കൂടി ജീവിച്ചു. ഇങ്ങനെയെല്ലാം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

സഹസ്രാബ്ദം കണ്ട മഹാപ്രവാചകൻ എന്തുമാത്രം അനുഭവങ്ങൾ ഇതാ ജീവിതത്തോട് വിപറയാൻ തുടങ്ങുന്നു. പുത്രനായ സമിനെ വിളിച്ചു ആവശ്യമായ ഉപദേശങ്ങൾ നൽകി.

ജിബ്രീൽ (അ)വന്നു ഒരു ചോദ്യം ചോദിച്ചു ഈ ദുനിയാവിലെ ജീവിതത്തെക്കുറിച്ചെന്ത് പറയുന്നു? ഒരു വാതിലിലൂടെ വീട്ടിൽ പ്രവേശിച്ചു മറുവാതിലിലൂടെ പുറത്ത് പോവുന്നത് പോലെ തോന്നുന്നു പത്ത് നൂറ്റാണ്ടുകൾ കണ്ട നൂഹ് (അ) കണ്ണടച്ചു ഒരു കാലഘട്ടം കടന്നുപോയി നൂഹ് (അ) മണ്ണിലേക്ക് മടങ്ങി ആ പൂർവ്വ പ്രവാചകന്റെ ഖബർ എവിടെയാണ്? കൂഫായിലെ മസ്ജിദിൽ എന്നൊരഭിപ്രായം ലുബ്നാൻ മലയിലെന്ന് മറ്റൊരഭിപ്രായം

ഇബ്നു ജരീർ ,അൽ അസ്റാഖി എന്നിവരുടെ അഭിപ്രായത്തിൽ നൂഹ് (അ)ന്റെ ഖബർ മസ്ജിദുൽ ഹറമിലാകുന്നു സത്യം മുറുകെ പിടിച്ച് മുമ്പോട്ട് പോവാനു അതുവഴി അല്ലാഹുവിന്റെ തൃപ്തി നേടാനും നമുക്ക് കഴിയണം നൂഹ് (അ)ന്റെ ചരിത്രം അതിന് പ്രചോദനമാവട്ടെ കരുത്താകട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.

*********************************************************************************

നൂഹ് നബി അ)ന്‍റെ കപ്പല്‍ യാത്ര വിശ്രുതമാണ്.ആ മഹനീയ സംഭവം ഉണ്ടായതുംനൂഹ് നബിയുടെ കപ്പല്‍ ജൂദീ പര്‍വ്വതത്തില്‍ യാത്ര അവസാനിപ്പിച്ചതും മുഹറം പത്തിനാണ്.

മഹാനായ ഇബ്നു ഹജര്‍ റ)പറയുന്നു;

ﻭﻫﻮﺍﻟﻳﻮﻡ ﺍﻟﺬﻱ ﺍﺳﺘﻮت ﻓﻴﻪ ﺍﻟﺴﻔﻴﻨﺔ ﻋﻠﻲ ﺍﻟﺠﻮﺩﻳ ﻓﺼﺎﻣﻪ ﻧﻮﺡ ﺷﻜﺮﺍ --ﻓﺘﺢ ﺍﻟﺒﺎﺭﻱ 

''ഈ ദിവസമാണ് നൂഹ് നബിയുടെ കപ്പല്‍ ജൂദി പര്‍വ്വതത്തില്‍ നങ്കൂരമിട്ടത്.അക്കാരണത്താല്‍ നൂഹ് നബി അ)അല്ലാഹുവിനോടുളള നന്ദി പ്രകടനമായി നോമ്പ് അനുഷ്ടിച്ചു''....(ഫത്ഹുല്‍ ബാരി)

നൂഹ് നബി അ)തൊളളായിരത്തി അമ്പത് വര്‍ഷം ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു..

പക്ഷേ ക്ഷണം സ്വീകരിച്ചു ഇസ്ലാമിലേക്ക് വന്നവര്‍ വളരെ തുച്ചം പേര്‍ മാത്രം..
നിരാഷനായ നൂഹ് നബി അല്ലാഹുവിനോട് ദുആ ചെയ്തു .പ്രര്‍ത്ഥന സ്വീകരിച്ച അല്ലാഹു ഒരു വലിയ കപ്പലുണ്ടാക്കാന്‍ നിര്‍ദ്ധേശിച്ചു,കപ്പലിന്‍റെ പണി പുരോഗമിച്ചു.അപ്പോഴും തന്‍റെ ജനതയിലെ അവിശ്വാസികള്‍ അദ്ധേഹത്തെ കളിയാക്കി,.

നൂഹ് അ)തന്‍റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചു.കപ്പലിന്‍റെ പണി കഴിഞ്ഞു.അല്ലാഹുവിന്‍റെ ആജ്ഞ പ്രകാരം എല്ലാ ജീവികളില്‍ നിന്നും ഓരോ ഇണയേയും തുണയേയും കപ്പലില്‍ കയറ്റി.

പക്ഷേ പാമ്പുകളേയും തേളുകളേയും മാറ്റി നിറുത്തി.ആസമയം അവര്‍ നൂഹ് നബിയുടെ അടുത്തു വന്നു ഞങ്ങളെയും കപ്പലില്‍ കയറ്റണമെന്നപേക്ഷിച്ചു.നൂഹ് നബി പറഞ്ഞു;''നിങ്ങള്‍ ഉപദ്രവകാരികളാണു.നിങ്ങളെ കപ്പലില്‍ കയറ്റില്ല.''

അവര്‍ പറഞ്ഞു;''നബിയേ അങ്ങയുടെ പേരുച്ചരിക്കുന്നവരേ ഞങ്ങള്‍ ബുദ്ധിമുട്ടിക്കില്ലന്നുറപ്പ് തരാം'

ഇമാം ബഗ്‌വീ റ)പറയുന്നു ; ആയതിനാല്‍ ആരങ്കിലും പാമ്പ്,തേള്‍ പോലെയുളള ഇഴജന്തുക്കളുടെ ബുദ്ധിമുട്ട് പേടിക്കുന്നുണ്ടങ്കില്‍ അവന്‍

ﺳﻠﺎﻡ ﻋﻠﻲ ﻧﻮﺡ ﻓﻲ ﺍﻟﻌﺎﻟﻤﻴﻦ

(സലാമുന്‍ അലാ നൂഹിന്‍ ഫില്‍ ആലമീന്‍)എന്ന ആയത്ത് ഓതികൊളളട്ടെ. ....

******************************************************************************

കടപ്പാട് : ഈ ചരിത്രം നമ്മിലേക്കെത്തിച്ചത് അലി അഷ്‌കർ ഉസ്താദ് അവറുകളാണ് . അദ്ധേഹത്തിന്റെ ധാരാളം രചനകൾ ഈ ബ്ലോഗിൽ ചേർത്തിട്ടുണ്ട് . അല്ലാഹു തആല അർഹമായ പ്രതിഫലം ഇരു ലോകത്തും അദ്ദേഹത്തിനും , കുടുംബത്തിനും , അത് പോലെ നമുക്കും നമ്മോടു ബന്ധപ്പെട്ട  എല്ലാവർക്കും ഇരു ലോകത്തും നൽകി വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ 


No comments:

Post a Comment