Thursday 28 March 2019

ഹൂദ് നബി (അ)





ഖുർആനിൽ പേർ പരാമർശിക്കപ്പെട്ട ഒരു പ്രവാചകൻ. അറേബ്യയിലെ പ്രാചീന സമുദായമായ ആദ് സമൂഹത്തിലേക്കാണ് ഇദ്ദേഹം നിയോഗിക്കപ്പെട്ടത്. ഖുർ ആനിലെ ഹൂദ് എന്ന അദ്ധ്യായത്തിന്റെ നാമം ഇദ്ദേഹത്തിൻറെ പേരിലാണ്.

ഏകദേശം ഏഴായിരം വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ ഒമാനിൽ ഉൾപെട്ട ഷിദ്രിൽ മണ്മറഞ്ഞുപോയതും 1992 ൽ ഉത്ഘനന ഗവേഷണത്തിലൂടെ മണൽ കൂനകൾ മാറ്റിയപ്പോൾ കണ്ടെത്തിയതുമായ ഉബാർ എന്ന പ്രദേശമാണ് ഹൂദ് നബിയുടെ സമുദായക്കാരായ ആദ് സമുദായം വസിച്ചിരുന്ന സ്ഥലം. ഒമാനിലെ സലാലയിൽനിന്ന് 172 കിലോമീറ്റർ മരുഭൂമിയിലൂടെ സംഞ്ചരിച്ചാൽ ഉബാറിലെത്താം .

പ്രവാചകനായ നൂഹിന്റെ പുത്രന്‍ ശേമിന്റെ ഒമ്പത് മക്കളിലൊരാളാണ് അര്‍പ്പക്ഷദ്. അദ്ദേഹത്തിന്റെ പുത്രന്‍ ശേലഹിന്റെ മകനാണ് ഹൂദ്. ശാമിന്റെ പുത്രനായ അരാമിന്റെ വംശാവലിയിലാണ് ഹൂദിന്റെ ജനനമെന്നതാണ് മറ്റൊരു നിഗമനം. (ഇബ്‌നു ജരീര്‍). ശേമിന്റെ പുത്രന്‍ ഊസിന്റെ പുത്രന്‍ ആദിന്റെ വംശവലിയിലാണ് ഹൂദെന്നും ചില വിലയിരുത്തലുണ്ട്. ഇറമിന്റെ ആളുകളാണെന്ന ഖുര്‍ആനിന്റെ പരമാര്‍ശവും ആദ് സമുദായത്തിലേക്കാണ് ഹൂദ് നബി(അ) നിയോഗിതനായതെന്ന ഖുര്‍ആനിക വിശദീകരണത്തിന്റെ അടിസ്ഥാനത്തിലുമാണ് ഈ നിഗമനങ്ങള്‍ വന്നിട്ടുള്ളത്.

ഖുര്‍ആന്‍ വിവരിക്കുന്ന പ്രവാചകന്മാരില്‍ നാല്‌പേര്‍ അറേബ്യയില്‍ ജീവിച്ചുവെന്ന് ഹദീസുകളില്‍ കാണാം. ഹൂദ്, സ്വാലിഹ്, ശുഐബ്, മുഹമ്മദ് എന്നിവരാണ് അവര്‍. ആദ്യമായി അറബി സംസാരിച്ചത് ഹൂദ് ആണെന്നും പറയപ്പെടുന്നുണ്ട്. അറേബ്യയില്‍ ധാരാളം സമൂഹങ്ങള്‍ ജീവിച്ചിരുന്നു. ആദ്, സമൂദ്, ജര്‍ഹം, ത്വസ്മ്, ജുദൈസ്, മദ്യന്‍, അബീല്‍, ഖഹ്താന്‍ എന്നിവ അവയില്‍ ചിലതാണ്.സഊദി അറേബ്യയിലെ അഹ്ഖാഫ് എന്ന പ്രദേശത്താണ് ഈ സമൂഹം നിവസിച്ചിരുന്നത്. മണ്‍കൂനയാല്‍ മൂടപ്പെട്ട ഒരു പ്രദേശമാണിത്. അമ്മാനിനും ഹദറമൗതിനുമിടിയില്‍ കടലിലേക്ക് നീങ്ങിയാണ് ഈ പ്രദേശമുള്ളത്.

ആധുനിക മനുഷ്യൻ എന്തെല്ലാം സുഖസൗകര്യങ്ങളാണ് ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ അവന്റെ സുഖസൗകര്യങ്ങൾ നാൾക്കുനാൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം നൽകിയ സർവ്വശക്തനായ അല്ലാഹുവിനോട് അവൻ കൂടുതൽ നന്ദിയുള്ളവനാവേണ്ടതാണ്.

പക്ഷെ ,അതാണോ നാം കാണുന്നത്? നന്ദിയാണോ അതോ നന്ദികേടാണോ കൂടുതൽ? നാം നമ്മോട് തന്നെ ചോദിക്കേണ്ട ചോദ്യം. ഒരോരുത്തരും അവരവരിലേക്ക് തിരിഞ്ഞുനോക്കട്ടെ. ചോദ്യം ആവർത്തിക്കട്ടെ ?നിമിഷനേരത്തേക്കെങ്കിലും നാം അങ്കലാപ്പിലായിപ്പോകും. നന്ദികേട് വന്നുപോയോ? ആരും കേൾക്കാതെ മനസ്സാക്ഷി മറുപടി പറയും. അങ്ങനെ ഇളകിക്കിട്ടിയ മനസ്സോടെ ആദ് സമൂഹത്തിന്റെ ചരിത്രം വായിക്കുക. അവർക്കൊപ്പം സഞ്ചരിക്കൂ.

മഹാനായ ഹൂദ് (അ)ന്റെ കൂടെ നടക്കൂ, എന്നിട്ടെല്ലാം അനുഭവിച്ചറിയൂ. നാം കൂടുതൽ നല്ലവരായിത്തീരും, ഇൻശാ അല്ലാഹ്. നല്ല അവസ്ഥയിലെത്തിച്ചേരാനാണ് ഈ ശ്രമം. ആ അവസ്ഥയിൽ അല്ലാഹു നമ്മെ എല്ലാവരെയും എത്തിച്ചു തരട്ടെ ആമീൻ.


ആദ് 

ഉമ്മമാർ കുട്ടികൾക്ക് മഹാപ്രളയത്തിന്റെ കഥ പറഞ്ഞു കൊടുത്തു. അതുപോലൊരു വെള്ളപ്പൊക്കം പിന്നെ ഉണ്ടായിട്ടില്ല. മുമ്പും ഉണ്ടായതായി കേട്ടിട്ടില്ല.

അല്ലാഹുവിന്റെ പ്രവാചകനായിരുന്നു നൂഹ് (അ) തൊള്ളായിരത്തി അമ്പത് കൊല്ലം ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. വളരെ കുറഞ്ഞ ആളുകൾ മാത്രമേ ഇസ്ലാം മതം സ്വീകരിച്ചുള്ളൂ. മറ്റുള്ളവർ ഒരു കാലത്തും നന്നാവുകയില്ലെന്ന് നൂഹ് (അ) കരുതി അവർക്കെതിരായി പ്രാർത്ഥിച്ചു.

അല്ലാഹു നൂഹ് നബി (അ) നോട് കപ്പലുണ്ടാക്കാൻ കല്പിച്ചു. ഒരു മലയുടെ മുകളിൽ കപ്പലുണ്ടാക്കി. വിശ്വാസികൾ അതിൽ കയറി എല്ലിവിധ പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും ഓരോ ജോഡി അതിൽ കയറ്റി മഴ തുടങ്ങി വമ്പിച്ച മഴ ഉറവകൾ പൊട്ടിയൊഴുകി. വെള്ളത്തിന്റെ വിതാനം ഉയർന്നു വന്നു. കപ്പൽ വെള്ളത്തിൽ ഒഴുകി നടന്നു. ദുർനടപ്പുകാരായ മനുഷ്യരെല്ലാം മുങ്ങിച്ചത്തുപോയി. എല്ലാ ജീവജാലങ്ങളും ചത്തു. കെട്ടിടങ്ങളെല്ലാം തകർന്നു. പിന്നെ മഴ അവസാനിച്ചു. ജലവിതാനം താഴ്ന്നുവന്നു. കപ്പൽ നിലത്തണഞ്ഞു. അതിലെ മനുഷ്യരും മൃഗങ്ങളും ഇറങ്ങി ഇതാണ് പ്രളയത്തിന്റെ കഥ.

കഥ കേട്ട് കുട്ടികൾ വിസ്മയിച്ചുപോയി. നൂഹ് നബി (അ)ന്റെ ചില പുത്രന്മാർ കപ്പലിൽ ഉണ്ടായിരുന്നു. അവരിൽ ഒരാളുടെ പേര് സാം എന്നായിരുന്നു. സാം നല്ല കുടുംബജീവിതം നയിച്ചു. മക്കളുണ്ടായി. ഒരു മകന്റ പേര് പറയാം അർഫഹശ്ദ്.

ഈ കുട്ടി വളർന്നു വന്നു സമൂഹത്തിൽ ഉന്നത സ്ഥാനം വഹിച്ചു പ്രസിദ്ധനായിത്തീർന്നു. ഉന്നത കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ചു. സന്തോഷകരമായ ദാമ്പത്യ ജീവിതം. അർഫഹശ്ദിന് പ്രസിദ്ധനായൊരു മകനുണ്ടായി. പേര് ശാലിഹ്. സമൂഹത്തിൽ വളരെയേറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു. ഇദ്ദേഹത്തിന്റെ മകനാണ് ആബിർ അദ്ദേഹം തന്നെയാണ് ഹൂദ് നബി(അ) ആബിറിന്റെ മകനാണ്. ഹൂദ്(അ) എന്ന ഒരഭിപ്രായവും നിലവിലുണ്ട്.

ഹൂദ് നബി (അ) ന്റെ വിവരങ്ങളാണ് ഇവിടെ പറയാൻ പോവുന്നത്. ആദ് ഗോത്രം വളരെ പ്രസിദ്ധമാണ്. ആ ഗോത്രത്തിലാണ് ഹൂദ് നബി(അ) പിറന്നത്. നൂഹ് (അ)ന്റെ പുത്രൻ സാമിന്റെ സന്താനപരമ്പരയിലാണ് ഹൂദ്(അ) ജനിച്ചതെന്ന് നാം മനസ്സിലാക്കി .സാമിന്റെ പുത്രൻ അർഫഹശ്ദിലൂടെ വരുന്ന പരമ്പരയിൽ അർഫഹശ്ദ് എന്ന പദത്തിന്റെ അർഥം വിളക്കിന്റെ പ്രകാശം എന്നാകുന്നു.

സാമിന്റെ മറ്റൊരു മകനാണ് ഔസ്വ്. ഇദ്ദേഹവും ഉന്നത സ്ഥാനം വഹിച്ചു. വളരെ പ്രസിദ്ധനുമായിരുന്നു ഇദ്ദേഹത്തിന്റെ പുത്രനാണ് ചരിത്രപ്രസിദ്ധനായിത്തീർന്ന് ആദ്.

ആദ് എന്ന നേതാവിന്റെ സന്താന പരമ്പര ആദ് ഗോത്രം എന്ന പേരിൽ അറിയപ്പെടുന്നു.

മറ്റൊരു രീതിയിലും പരമ്പര രേഖപ്പെടുത്തിക്കാണുന്നുണ്ട്. സാമിന്റെ പുത്രൻ ഇറമ് അദ്ദേഹത്തിന്റെ പുത്രൻ ഔസ്വ് ഔസ്വിന്റെ പുത്രൻ ആദ്.

ഇറമിന്റെ സന്താന പരമ്പര ഇറം ഗോത്രം എന്ന പേരിൽ അറിയപ്പെട്ടു. ഈ വംശത്തിൽ നിന്നു തന്നെയാണ് ആദ് ഗോത്രം ഉണ്ടാവുന്നത്. ആദ്യമുണ്ടായത് ഇറം ഗോത്രം. പിന്നീടുണ്ടായത് ആദ് ഗോത്രവുമാകുന്നു.

വമ്പിച്ച ശരീരബലത്തിന്റെ ആളുകളായിരുന്നു അവർ. കായികശക്തിയിൽ വമ്പന്മാർ. അവരോട് മല്ലിട്ടു ജയിക്കാൻ മറ്റുള്ളവർക്കാവില്ല. വലിയ പാറക്കഷ്ണങ്ങൾ അവർ ചുമന്നു കൊണ്ടുപോവും. മലമുകളിൽ വമ്പിച്ച സ്തൂപങ്ങൾ അവർ സ്ഥാപിച്ചിരുന്നു. കാണികളെ അമ്പരപ്പിക്കുന്ന കാഴ്ചയാണത് അവരുടെ ശക്തിയുടെയും പ്രതാപത്തിന്റെയും ചിഹ്നമായിരുന്നു ആ തൂണുകൾ. ഇത്തരം സ്തംഭങ്ങൾക്ക് അറബിയിൽ ഇമാദ് എന്നാണ് പറയുക.

വിശുദ്ധ ഖുർആൻ സൂറത്തുൽ ഫജ്റിൽ ഇങ്ങനെ പറയുന്നു:

'നിന്റെ രക്ഷിതാവ് ആദിനെക്കൊണട് എപ്രകാരം ചെയ്തുവെന്ന് നീ കണ്ടില്ലേ '(89:6)

'അതായത് തൂണിന്റെ ആൾക്കാരായ ഇറമ് (ഗോത്രം) '(89:7)

'(മറ്റു) രാജ്യങ്ങളിൽ അതുപോലെയുള്ളവർ സൃഷ്ടിക്കപ്പെട്ടിട്ടില്ല'(89:8)

(അങ്ങനെയുള്ള ഗോത്രം) വമ്പിച്ച തൂണുകൾ സ്ഥാപിച്ച് അതിനു മുകളിൽ ഉറപ്പുള്ള വീടുകൾ പണിയുകയെന്നതും പതിവായിരുന്നു. ഇറമുകാരും ആദുകാരും വലിയ അഹങ്കാരികളായിരുന്നു. അഹങ്കാരം വിളിച്ചറിയിക്കുന്നതായിരുന്നു അവരുടെ പാർപ്പിടങ്ങൾ. ആദ് എന്ന ഗോത്രത്തലവൻ ഒരു രാജാവായിട്ടുതന്നെയാണ് ജീവിച്ചിരുന്നത്. ആദ് ചന്ദ്രനെ ആരാധിച്ചുവെന്നാണ് രേഖകൾ പറയുന്നത്.

ഇറം ഒരു സ്ഥലപ്പേരാണെന്ന് കരുതുന്നവരുമുണ്ട്. ഇത് ഏഡന്ന് സമീപമാണെന്നും അവിടത്തെ താമസക്കാരെ ഇറമുകൾ എന്നു വിളിച്ചിരുന്നുവെന്നും കാണുന്നു.

ആദ് സമൂഹം അഹ്ഖാഫ് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഇത് യമനിലാകുന്നു. പ്രസിദ്ധമായ ഹളർമൗത്തിന് സമീപം ആദുകാരുടെ പാർപ്പിടങ്ങൾ ഇന്നും അത്ഭുതകരമായ കാഴ്ചയായി നിലനിൽക്കുന്നു. പർവ്വതങ്ങളുടെ മുകളിൽ പാറ തുരന്നുണ്ടാക്കിയ അറകളുള്ള പാർപ്പിടങ്ങൾ.




വലിയ കലാവൈഭവം അല്ലാഹു അവർക്ക് നൽകിയിരുന്നു. അതിശയകരമായ വൈഭവത്തോടെയാണ് അവർ സ്തംഭങ്ങളും പാർപ്പിടങ്ങളും നിർമ്മിച്ചിരുന്നത്. മലമുകളിലെ താമസസ്ഥലത്തേക്ക് കയറിപ്പോവാൻ അവർക്കൊരു പ്രയാസവും തോന്നിയിരുന്നില്ല. സമതലത്തിലേക്ക് ചാടിയിറങ്ങിവരാനും ഒരു ബുദ്ധിമുട്ടുമില്ല. ഏത് കൂരിരുട്ടിലും സഞ്ചരിക്കും. ശരീരബലത്തിനൊത്ത ധീരതയും അവർക്കുണ്ടായിരുന്നു. എത്ര അധ്വാനിച്ചാലും മടുപ്പില്ല, ക്ഷീണം ബാധിക്കുന്നത് വളരെ അപൂർവ്വമാണ്.

ഒട്ടകമാണ് പ്രധാന വാഹനം. അതിന്റെ പുറത്ത് കയറി വളരെ ദൂരം സഞ്ചരിക്കും നല്ല ആരോഗ്യമുള്ള ഒട്ടകങ്ങൾക്കു മാത്രമേ അവരുടെ ഭാരം താങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. വേണമെന്ന് വെച്ചാൽ ഒരൊട്ടകത്തിന്റെ മാംസം ഒരാൾ ഒറ്റക്കിരുന്ന് ഭക്ഷിക്കുകയും ചെയ്യും. അങ്ങനെയൊക്കെയായിരുന്നു അവരുടെ ആഹാരരീതി.


അനുഗ്രഹങ്ങൾ 

സൂറത്ത് ഹൂദ്

വിശുദ്ധ ഖുർആനിലെ പതിനൊന്നാം അധ്യായത്തിന്റെ പേര്.

ഇമാം ഫൈറൂസാബാദി എഴുതുന്നു: ഈ സൂറത്ത് മക്കയില്‍ അവതരിച്ചതാണെന്നത് ഏകകണ്ഠമാണ്. നൂറ്റി ഇരുപത്തിമൂന്നാണ് ഇതിലെ സൂക്തങ്ങള്‍. പദങ്ങളുടെ എണ്ണം ആയിരത്തിത്തൊള്ളായിരത്തി പതിനൊന്നും അക്ഷരങ്ങളുടേത് ഏഴായിരത്തി പതിനൊന്നും ആകുന്നു. ഖസ്വദ്ത്തു ലിനള്മി ഥബര്‍സദ് എന്ന സമുച്ചയത്തിലെ പതിമൂന്നിലൊരക്ഷരത്തിലാണ് ഇതിലെ സൂക്തങ്ങള്‍ സമാപിക്കുന്നത്. ഹൂദ് നബി(അ)യുടെ ചരിത്രം വിവരിച്ചിരിക്കുന്നതുകൊണ്ടാണ് സൂറയ്ക്ക് ''ഹൂദ്'' എന്ന് നാമകരണം ചെയ്യപ്പെട്ടത്. (ബസ്വാഇര്‍ 1:246)

ഹൂദ് (അ) അങ്ങനെ എല്ലാ ദിവസവും അനുസ്മരിക്കപ്പെടുന്നു. ആദ് സമൂഹത്തിൽ തൗഹീദിന്റെ വെളിച്ചം പരത്താൻ കഠിനാധ്വാനം ചെയ്തു. കടുത്ത ത്യാഗത്തിന്റെ ദിനരാത്രങ്ങൾ. ധിക്കാരത്തിന്റെ പ്രതീകങ്ങൾ അവക്കെതിരെ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച പ്രവാചകൻ തൗഹീദ് ശക്തിയാണ് വെളിച്ചമാണ് ഊതിക്കെടുത്താനാവില്ല. ഊതിക്കെടുത്തുമെന്ന നിർബന്ധത്തിലാണ് ആദ് സമൂഹം അവർ ശിർക്കിന്റെ കൂട്ടർ തൗഹീദും ശിർക്കും തമ്മിൽ സംഘട്ടനം ഹൂദ്(അ) സൗമ്യമായി ഉപദേശം നൽകി

'സഹോദരങ്ങളെ,

നിങ്ങൾ ഏകനായ അല്ലാഹുവിനെ ആരാധിക്കുവീൻ .അവൻ സർവ്വശക്തനാണ്. അവൻ ആകാശ ഭൂമികളെ പടച്ചു. വായുവും വെളിച്ചവും തന്നു. നിങ്ങൾക്ക് ശരീര ശക്തി നൽകി ശില്പകലകളിൽ കഴിവു നൽകി.

എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ

നിങ്ങൾ അല്ലാഹുവിനോട് നന്ദിയുള്ളവരാവുക. അവൻ സർവ്വശക്തനാണ്. അവൻ ആകാശഭൂമികളെ പടച്ചു. വായുവും വെളിച്ചവും തന്നു. നിങ്ങൾക്ക് ശരീരശക്തി നൽകി ശില്പകലകളിൽ കഴിവ് നൽകി.

എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ

നിങ്ങൾ അല്ലാഹുവിനോട് നന്ദിയുള്ളവരാവുക. നന്ദികെട്ടവരായിപ്പോവരുത്. നന്ദികെട്ടവരായിപ്പോയാൽ വേദനാജനകമായ ശിക്ഷ നിങ്ങളെ പിടികൂടും ഇതൊരു മുന്നറിപ്പാണ്.

ഹൂദ് (അ)ന്റെ വാക്കുകൾ അവർ പരിഹസിച്ചു തള്ളി.

'ഹേ.....ഹൂദ് നിനക്കെന്ത് പറ്റിപ്പോയി? നമ്മുടെ ഏതെങ്കിലും ദൈവത്തിന്റെ ശാപം നിന്നെ ബാധിച്ചുവോ ഞങ്ങൾ ശക്തരാണ് അത് നിനക്കറിയാമല്ലോ ? ഞങ്ങളെക്കാൾ കായികശക്തിയുള്ള ഒരാളെയും ഞങ്ങൾക്കറിയില്ല. നിന്റെ സർവ്വശക്തൻ ആരാണ് ? അത് പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്താൻ നോക്കണ്ട. നിന്റെ മുന്നറിയിപ്പൊന്നും ഞങ്ങൾക്കാവശ്യമില്ല. ഇത്തരം വർത്തമാനങ്ങൾ ഇനിയിവിടെ ആവർത്തിക്കരുത് ഓർമ്മവേണം '

വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു :

'ആദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ ഹൂദിനെയും (നാം അയച്ചു) അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവീൻ അവൻ അല്ലാതെ നിങ്ങൾക്ക് ഒരു ആരാധ്യനുമില്ല നിങ്ങൾ കെട്ടിച്ചമക്കുന്നവരല്ലാതെ മറ്റൊന്നും അല്ല'(11:50)

ആദ് സമൂഹത്തിന്റെ അവസ്ഥ ഈ വചനത്തിൽ നാം വ്യക്തമായി കാണുന്നു. അവർ ബിംബാരാധകരായിരുന്നു. സൂര്യൻ,ചന്ദ്രൻ, നക്ഷത്രങ്ങൾ തുടങ്ങിയ പ്രകൃതിശക്തികളെ ആരാധിച്ചിരുന്നു. ബഹുദൈവ വിശ്വാസികൾ. അവരെ ഏകദൈവ വിശ്വാസത്തിലേക്കാണ് ഹൂദ് (അ) ക്ഷണിച്ചത്

ഹൂദ് (അ) തന്റെ സമുദായത്തെ ഇങ്ങനെ അറിയിച്ചു.

'ഹേ....ജനങ്ങളേ തൗഹീദിലേക്ക് , ഏകദൈവ വിശ്വാസത്തിലേക്കാണ് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്. ഇത് മഹത്തായ കർമ്മമാണ്. പക്ഷെ ഞാൻ അതിന് നിങ്ങളിൽ നിന്നൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എന്റെ പ്രതിഫലം അല്ലാഹു നൽകും. അവനാണ് അതിന്റെ ബാധ്യത നിങ്ങൾ സത്യമാർഗ്ഗത്തിലേക്ക് വരിക, വിജയം കൈവരിക്കുക'

ഹൂദ് നബി (അ)ന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്

അല്ലാഹു ഇങ്ങനെ പറയുന്നു:

'എന്റെ ജനങ്ങളേ ഇതിന്റെ പേരിൽ നിങ്ങളോട് ഞാൻ ഒരു പ്രതിഫലവും ചോദിക്കുന്നില്ല എന്റെ പ്രതിഫലം എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്റെ മേൽ അല്ലാതെ ബാധ്യതയില്ല അപ്പോൾ നിങ്ങൾ ബുദ്ധികൊടുത്തു ഗ്രഹിക്കുന്നില്ലേ' (11:51)

മനുഷ്യരുടെ ബുദ്ധി മണ്ഡലത്തെ തൊട്ടുണർത്തുന്ന ചോദ്യമാണിത്. പക്ഷെ അവർ ചിന്തിക്കാൻ തയ്യാറല്ല. തങ്ങൾ ചെയ്തു വരുന്ന കാര്യങ്ങളിൽ ഒരു മാറ്റവും വരുത്താൻ അവർ തയ്യാറില്ല. മർക്കട മുഷ്ടിയുമായി മുമ്പോട്ടുപോവുകയാണവർ.

ഹൂദ് (അ) അവരെ പിന്നെയും ഉപദേശിച്ചു

എന്റെ ജനങ്ങളേ,

നിങ്ങൾ ഒരുപാട് പാപങ്ങൾ ചെയ്തുകൂട്ടിയവരാണ്. ആ പാപങ്ങൾ പൊറുത്തു തരാൻ വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കൂ.പാപമോചനം തേടൂ .എങ്കിൽ അവൻ നിങ്ങൾക്ക് പൊറുത്തുതരും. ചെയ്തുപോയ പാപങ്ങളെയോർത്ത് നിങ്ങൾ പശ്ചാത്തപിക്കൂ. എങ്കിൽ അവൻ നിങ്ങൾക്ക് പൊറുത്തുതരും നിങ്ങൾ ധിക്കാരികളാവാതിരിക്കൂ.

മഴ വലിയ അനുഗ്രഹമാണ്

അല്ലാഹുവാണ് മഴ വർഷിപ്പിക്കുന്നത്. അതുമൂലം നിങ്ങളുടെ കൃഷികൾ വർദ്ധിക്കുന്നു. നിങ്ങൾ ധാന്യങ്ങളും പഴവർഗ്ഗങ്ങളും ഉല്പാദിപ്പിക്കുന്നു. ഇതെല്ലാം കണ്ടിട്ടും നിങ്ങൾ അല്ലാഹുവിന് നന്ദിരേഖപ്പെടുത്തുന്നില്ലേ? നിങ്ങൾ കുറ്റവാളികളായിക്കൊണ്ട് തിരിഞ്ഞുകളയുകയാണോ? എന്റെ സഹോദരങ്ങളേ നിങ്ങളങ്ങനെ ചെയ്യരുത്. മനസ്സിൽ തട്ടുന്ന സ്വരത്തിലാണ് പ്രവാചകൻ സംസാരിക്കുന്നത് എന്നിട്ടും അവരുടെ മനസ്സലിഞ്ഞില്ല

വിശുദ്ധ ഖുർആൻ പറയുന്നു:

'എന്റെ ജനങ്ങളേ നിങ്ങൾ നിങ്ങളുടെ റബ്ബിനോട് പാപമോചനം തേടുകയും പിന്നെ അവങ്കലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുവീൻ. എന്നാൽ അവർ നിങ്ങൾക്ക് ആകാശത്തെ മഴയെ സമൃദ്ധമായി അയച്ചുതരുന്നതാണ്.

നിങ്ങളുടെ ശക്തിയിലേക്ക് അവൻ കൂടുതൽ ശക്തി നൽകി വർദ്ധിപ്പിക്കുകയും ചെയ്യും നിങ്ങൾ കുറ്റവാളികളായിക്കൊണ്ട് തിരിഞ്ഞു കളയുകയും ചെയ്യരുത് (11:52)

അഹ്ഖാഫ് എന്ന പ്രദേശം അക്കാലത്ത് ബഹുദൈവാരാധനയുടെ കേന്ദ്രമായിരുന്നു ആ പ്രദേശത്തുകാരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഹൂദ്(അ) വളരെയേറെ ശ്രമങ്ങൾ നടത്തിനോക്കി

നിങ്ങൾ അല്ലാഹുവിനെ ആരാധിക്കാൻ തുടങ്ങിയാൽ നിങ്ങളുടെ ശക്തി അല്ലാഹു ഇനിയും വർദ്ധിപ്പിച്ചുതരും ഹൂദ്(അ) പലതവണ അവരെ ഉപദേശിച്ചു നോക്കി.

തങ്ങളെക്കാൾ കയ്യൂക്കുള്ളവർ ആരുണ്ട്. ഇതായിരുന്നു അവരുടെ ചോദ്യം. പാപമോചനം തേടണം പശ്ചാത്തപിക്കണം അങ്ങനെ ചെയ്താൽ അല്ലാഹു കൂടുതൽ അനുഗ്രഹങ്ങൾ നൽകും. ഈ ലോകത്തു വെച്ചു തന്നെ അനുഗ്രഹങ്ങൾ കിട്ടും പരലോകത്ത് കണക്കില്ലാതെ കിട്ടും പ്രവാചകൻ ഉപദേശം തുടർന്നു.

ദൃഢപ്രഖ്യാപനം

ഒരിക്കൽ നബി (സ) തങ്ങൾ ഇങ്ങനെ അരുൾ ചെയ്തു.

'ആരെങ്കിലും പാപമോചനം തേടുകയെന്ന കാര്യം കൈവിടാതിരുന്നാൽ അവന് അല്ലാഹു എല്ലാ ഞെരുക്കത്തിൽ നിന്നും രക്ഷ നൽകുകയും. എല്ലാ ദുഃഖങ്ങളിൽ നിന്നും മുക്തി നൽകുകയും ചെയ്യും. കണക്കാക്കാത്ത മാർഗത്തിലൂടെ അവന് അല്ലാഹു ഉപജീവന മാർഗ്ഗം നൽകുകയും ചെയ്യും '

ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ്.

ഇക്കാര്യം തന്നെയാണ് ഹൂദ്(അ) തന്റെ ജനതയെ അറിയച്ചത് അവർ അത് സ്വീകരിച്ചില്ല ധിക്കാരപൂർവം തള്ളിക്കളഞ്ഞു അവർ ഇത്രകൂടി പറഞ്ഞു:

'ഞങ്ങൾക്ക് വ്യക്തമായ ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. നീ ഞങ്ങളുടെ ആരാധ്യവസ്തുക്കളെ തള്ളിപ്പറഞ്ഞിരിക്കുന്നു. നീ എന്തൊക്കെ പറഞ്ഞാലും ശരി, ഞങ്ങളവയെ ഉപേക്ഷിക്കുകയില്ല. നിന്റെ വാക്കുകളിൽ ഞങ്ങൾക്ക് വിശ്വാസമില്ല'

മനസ്സ് മടുപ്പിക്കുന്ന മറുപടി

എത്ര ശക്തമായ പ്രതിരോധമുണ്ടായാലും ഹൂദ്(അ) ന് പിന്തിരിയാൻ പറ്റില്ല. അല്ലാഹുവിന്റെ കല്പന അനുസരിക്കുകതന്നെ വേണം. ഹൂദ്(അ) അവരെ പിന്നേയും ഉപദേശിച്ചു കൊണ്ടിരുന്നു .അപ്പോൾ അവരും ഉപദേശം തുടങ്ങി

ഹൂദ് ,നിനക്ക് ശാപം പറ്റിപ്പോയി എന്തുചെയ്യും? നീയെന്തിന് നമ്മുടെ ആരാധ്യ വസ്തുക്കളെ തള്ളിപ്പറഞ്ഞു. ആരാധ്യവസ്തുക്കളിൽ ഏതിന്റേയോ ശാപം നിനക്ക് പറ്റിയിരിക്കുന്നു അത് നീക്കാൻ നോക്ക്.

ഹൂദ് (അ) ഇങ്ങനെ മറുപടി നൽകി

നിങ്ങൾ പലതിനേയും ആരാധിക്കുന്നു. അതിൽ എനിക്ക് പങ്കില്ല. ഞാനതിൽ നിന്നൊഴിവാണ്. ഇതിന് അല്ലാഹു സാക്ഷി, നിങ്ങളും സാക്ഷി, ഞാൻ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു അവനാണെന്റെ സംരക്ഷകൻ.

ആദ് സമൂഹം രോഷംകൊണ്ടു ഉപദേശംകൊണ്ട് യാതൊരു ഫലവുമില്ലെന്നവർക്ക് ബോധ്യമായി ബലപ്രയോഗം തന്നെ വേണ്ടിവരും

വിശുദ്ധ ഖുർആൻ വചനം കാണുക:

'അവർ പറഞ്ഞു: ഹൂദ് നീ ഞങ്ങൾക്ക് വ്യക്തമായ ഒരു തെളിവും കൊണ്ടുവന്നിട്ടില്ല നിന്റെ വാക്കിനാൽ ഞങ്ങളുടെ ആരാധ്യവസ്തുക്കളെ ഞങ്ങൾ ഉപേക്ഷിക്കുന്നവരുമല്ല ഞങ്ങൾ നിന്നെ വിശ്വസിക്കുന്നവരുമല്ല (11:53)

'ഞങ്ങളുടെ ആരാധ്യവസ്തുക്കളിൽ ചിലതിൽ നിന്ന് നിനക്ക് ചില തിന്മകൾ ബാധിച്ചിരിക്കുന്നുവെന്നല്ലാതെ ഞങ്ങൾ ഒന്നും പറയുന്നില്ല അദ്ദേഹം പറഞ്ഞു: ഞാൻ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തുന്നു നിങ്ങളും സാക്ഷ്യം വഹിച്ചുകൊള്ളുവീൻ നിങ്ങൾ പങ്ക് ചേർക്കുന്നതിൽ നിന്ന് ഞാൻ ഒഴിവായവനാണ് (11:54)

അന്തരീക്ഷം ചൂടുപിടിക്കുകയാണ്.

ഹൂദ് (അ) ദൃഢസ്വരത്തിൽ സംസാരിച്ചു. തന്റെ കാര്യത്തിൽ അവർ ഒരു പ്രതീക്ഷയും വെച്ചുപുലർത്തരുത്. താനാരാണെന്ന് അവർ ശരിക്ക് മനസ്സിലാക്കിക്കൊള്ളട്ടെ. അവരുടെ വിശ്വാസത്തിലേക്ക് താനൊരിക്കലും ചെല്ലില്ലായെന്ന് അവർ നന്നായി മനസ്സിലാക്കിക്കൊള്ളട്ടെ.
അവർ തന്നെ ഒന്നാം നമ്പർ ശത്രുവായി പ്രഖ്യാപിക്കും. തന്നെ അപായപ്പെടുത്താൻ കുടില തന്ത്രങ്ങൾ പ്രയോഗിക്കും. കൊടും ചതിനടക്കും. അവർ ഒറ്റക്കെട്ടായി തനിക്കെതിരെ അണിനിരക്കും എല്ലാം നടക്കട്ടെ അക്കാര്യം അങ്ങോട്ട് പറഞ്ഞേക്കാം.

'ഹേ....ജനങ്ങളേ നിങ്ങളെല്ലാവരുംകൂടി എനിക്കെതിരായി തന്ത്രങ്ങൾ പ്രയോഗിച്ചുകൊള്ളുക ഇനിയൊട്ടും താമസിക്കേണ്ട നിങ്ങളുടെ തന്ത്രങ്ങളെല്ലാം നടക്കട്ടെ എനിക്ക് അല്ലാഹു മതി തീർച്ചയായും അവൻ മാത്രം മതി '

ശത്രുക്കളെ അമ്പരപ്പിക്കുന്ന പ്രഖ്യാപനം.

വിശുദ്ധ ഖുർആൻ വചനം നോക്കൂ

'അവന് പുറമെ (നിങ്ങൾ ആരെയൊക്കെ വിളിച്ചു ആരാധിക്കുന്നുവോ അതിൽ നിന്നെല്ലാം ഞാൻ ഒഴിവാണ് ) അതിനാൽ നിങ്ങൾ എല്ലാവരുംകൂടി എന്നോട് തന്ത്രം പ്രയോഗിച്ചു കൊള്ളുക പിന്നെ നിങ്ങൾ എനിക്ക് താമസം നൽകേണ്ട'(11:55)

ഹൂദ് (അ) ഉപദേശം തുടർന്നു: എന്റെ റബ്ബ് ഏകനാണ്. അവൻ എന്നെ സൃഷ്ടിച്ചു നിങ്ങളെയും അവൻ തന്നെ സൃഷ്ടിച്ചു അങ്ങനെയുള്ള റബ്ബിൽ ഞാൻ ഭരമേൽപിക്കുന്നു.

എനിക്കാശ്വാസമായി ഭരമേൽപിക്കുന്നവരെ അവൻ കൈവെടിയുകയില്ല എനിക്കവൻ മതി.

വിശുദ്ധ ഖുർആൻ പറയുന്നു : 'നിശ്ചയമായും എന്റെ റബ്ബും നിങ്ങളുടെ റബ്ബുമായ അല്ലാഹുവിന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു ഒരു ജീവിയും തന്നെയില്ല അല്ലാഹു അതിനെ അടക്കി ഭരിക്കുന്നവനായിട്ടല്ലാതെ

നിശ്ചയമായും എന്റെ റബ്ബ് ചൊവ്വായ പാതയിലാകുന്നു '(11:56)

എതിർപ്പുകൾ വർദ്ധിച്ചുവരികയാണ്. എന്നിട്ടും ഉപദേശം തുടർന്നു കൊണ്ടിരുന്നു. സകല ജീവികളെയും സൃഷ്ടിച്ചത് അല്ലാഹുവാകുന്നു. അവയ്ക്ക് ആഹാരം നൽകുന്നതും അവൻ തന്നെ അവനറിയാതെ ഒരു ജീവിയും ഒരു ചലനവും നടത്തുന്നില്ല.

ഇതെല്ലാം കേട്ടിട്ടും നിങ്ങൾ തിരിഞ്ഞു കളയുകയാണോ ? അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്നും നിങ്ങൾ ഓടിയകലുകയാണോ ? എങ്കിൽ ഞാനൊരു കാര്യം പറഞ്ഞേക്കാം.

ഞാൻ എന്റെ ദൗത്യം നിർവഹിച്ചിരിക്കുന്നു. അല്ലാഹു ഏതൊരു സന്ദേശം നിങ്ങൾക്കെത്തിച്ചു തരാൻ എന്നോട് കല്പിച്ചുവോ അത് ഞാൻ എത്തിച്ചു തന്നിരിക്കുന്നു. അല്ലാഹു എല്ലാ തന്ത്രവും അറിയുന്നവനാണ്. അപാര ശക്തിയുള്ളവനാണ്. നിങ്ങൾക്കവനെ ഒന്നും ചെയ്യാനാവില്ല. നിങ്ങൾക്കു പകരം മറ്റൊരു ജനതയെ ഇവിടെ കൊണ്ടുവരാൻ അവനൊരു പ്രയാസവുമില്ല.

വിശുദ്ധ ഖുർആൻ വചനം കാണുക: ' നിങ്ങൾ തിരിഞ്ഞു കളയുകയാണെങ്കിൽ, എന്നെ നിങ്ങളിലേക്ക് ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അത് നിങ്ങൾക്ക് ഞാൻ എത്തിച്ചു തന്നിട്ടുണ്ട് എന്റെ റബ്ബ് നിങ്ങളല്ലാത്ത ഒരു ജനതയെ (നിങ്ങൾക്കു പകരം) പിന്നാലെ കൊണ്ടു വരികയും ചെയ്യും നിങ്ങൾ അവന് യാതൊരു ഉപദ്രവവും ചെയ്യുകയില്ല

നിശ്ചയമായും എന്റെ റബ്ബ് എല്ലാ വസ്തുക്കളെയും കാത്തുസൂക്ഷിക്കുന്നവനാകുന്നു(11:57)


ധിക്കാരികൾ 

ഹൂദ് നബി (അ) തന്റെ സമൂഹവുമായി നടത്തിയ സംഭാഷണം സൂറത്ത് അഅ്റാഫിൽ കൊടുത്തിട്ടുണ്ട്.

അല്ലാഹുവിനെ മാത്രം ആരാധിക്കുക അവനല്ലാതെ ഒരു ആരാധ്യനുമില്ല നിങ്ങൾ സൂക്ഷ്മത (തഖ് വ) യുള്ളവരാവുക ഇതാണ് ഹൂദ് (അ) ന്റെ ഉപദേശം.

സത്യസന്ദേശം സ്വീകരിക്കാൻ കൂട്ടാക്കാത്ത കുറെ ജനനേതാക്കന്മാരാണ് നബിയെ നേരിട്ടത്.

നീ വിഡ്ഢിയാണ് ,കള്ളംപറയുന്നവനാണ് എന്നൊക്കെയാണവർ വിളിച്ചു പറഞ്ഞത്

വിശുദ്ധ ഖുർആൻ വചനങ്ങൾ കാണുക:

'ആദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ ഹൂദിനെ (നാം അയച്ചു) അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവീൻ അവനല്ലാതെ ഒരാരാധ്യനും നിങ്ങൾക്കില്ല എന്നിരിക്കെ ,നിങ്ങൾ സൂക്ഷിക്കുന്നില്ലേ?'(7:65)

'അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് സത്യനിഷേധികളായ നേതാക്കന്മാർ പറഞ്ഞു: നിശ്ചയമായും നിന്നെ ഞങ്ങൾ ഒരുതരം വിഡ്ഢിത്തത്തിൽ കാണുന്നു തീർച്ചയായും നീ കള്ളം പറയുന്നവരിൽ പെട്ടവനാണെന്ന് ഞങ്ങൾ കരുതുകയും ചെയ്യുന്നു (7:66)

ഹൂദ് (അ) ഈ ആരോപണത്തിന് വളരെ വ്യക്തമായിതന്നെ മറുപടി നൽകി.

ഞാൻ വിഡ്ഢിയല്ല. എനിക്കൊരു വങ്കത്തരവുമില്ല. ഞാൻ നബിയാണ്, ലോകരക്ഷിതാവായ അല്ലാഹുവാണ് എന്നെ നബിയായി നിയോഗിച്ചത്.

ഞാൻ നിങ്ങളുടെ ഗുണകാംക്ഷിയാണ്, വിശ്വസ്ഥനാണ്, ഞാൻ പറയുന്ന വാക്കുകൾ നിങ്ങൾക്ക് വിശ്വസിക്കാം. ഞാൻ സത്യം മാത്രമാണ് പറയുന്നത്.

കാലാകാലങ്ങളിൽ നബിമാർ വന്നിട്ടുണ്ട്. അവർ രിസാലത്തുകൾ കൊണ്ടുവന്നിട്ടുണ്ട്. ഞാൻ രിസാലത്ത് (സന്ദേശം) കൊണ്ടുവന്നു. നിങ്ങളത് സ്വീകരിക്കുക വിജയം വരിക്കുക.

വിശുദ്ധ ഖുർആൻ വചനം ഇങ്ങനെ : ' അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ എനിക്കൊരു വിഡ്ഢിത്തവുമില്ല ഞാൻ ലോകരക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൂതനാകുന്നു (7:67)

'എന്റെ റബ്ബിന്റെ രിസാലത്തുകളെ ഞാൻ നിങ്ങൾക്ക് എത്തിച്ചു തരികയാണ് ഞാൻ നിങ്ങൾക്കുള്ള വിശ്വസ്ഥനായ ഉപദേശകനാകുന്നു (7:68)

സർവ്വശക്തനായ അല്ലാഹു ആദ് സമൂഹത്തോടു പറഞ്ഞു: നിങ്ങൾക്കു മുമ്പ് ഇവിടെ ഒരു ജനത താമസിച്ചിരുന്നു അവർ അല്ലാഹുവിന്റെ കല്പനകൾ ധിക്കരിച്ചു തോന്നിവാസികളായി നടന്നു അല്ലാഹു ഒരു പ്രവാചകനെ അവരിലേക്കയച്ചു നൂഹ് (അ)

നൂഹ് നബി (അ) പറഞ്ഞതൊന്നും അവർ വിശ്വസിച്ചില്ല ധിക്കാരികളായി ജീവിച്ചു.

അല്ലാഹു പ്രളയം വരുത്തി ധിക്കാരികളെ നശിപ്പിച്ചു .അവർക്ക് പകരം വന്ന ജനതയാണ് നിങ്ങൾ .നിങ്ങളും അവരെ പിന്തുടരുകയാണോ ? നി ങ്ങളും അവരെപ്പോലെ ധിക്കാരം കാണിക്കുകയാണോ ? നിങ്ങളെ അവൻ കൂടുതൽ ശക്തന്മാരാക്കി അയച്ചു. മറ്റുള്ളവരെക്കാൾ പൊക്കവും ശക്തിയും നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ നന്ദിയുള്ളവരാവുക. അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ ഓർക്കുക. വിജയം പ്രാപിക്കുക. നിങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒരാളെത്തന്നെയാണ് നിങ്ങളുടെ നബിയായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവിന്റെ വചനങ്ങളാണ് അദ്ദേഹം നിങ്ങളെ കേൾപ്പിക്കുന്നത് നിങ്ങൾക്കെന്താ അത്ഭുതം തോന്നുന്നുണ്ടോ ?

വിശുദ്ധ ഖുർആൻ പറയുന്നതിങ്ങനെ:

' നിങ്ങളിൽ നിന്നുതന്നെയുള്ള ഒരു പുരുഷൻ,നിങ്ങൾക്കു താക്കീത് നൽകുവാനായി നിങ്ങളുടെ റബ്ബിന്റെ സന്ദേശവുമായി നിങ്ങളിലേക്കു വന്നപ്പോൾ നിങ്ങൾ അത്ഭുതപ്പെടുകയാണോ?

നൂഹിന്റെ ജനതക്കു ശേഷം നിങ്ങളെ അവൻ പിൻഗാമികളാക്കിയിട്ടുള്ളത് നിങ്ങൾ ഓർത്തുനോക്കുവീൻ സൃഷ്ടികളിൽ വെച്ച് അവൻ നിങ്ങൾക്ക് വികാസം(പൊക്കവും ശക്തിയും) വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു അതുകൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുവീൻ നിങ്ങൾ വിജയം പ്രാപിച്ചേക്കാം'(7:69)

അല്ലാഹു നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് നന്ദിപൂർവ്വം ഓർക്കണം. അങ്ങനെയുള്ളവർക്ക് കൂടുതൽ അനുഗ്രഹങ്ങൾ ലഭിച്ചു കൊണ്ടിരിക്കും.

ശരീരത്തിൽ ഇറങ്ങിയ അനുഗ്രഹം സമ്പത്തിൽ ഇറങ്ങിയ അനുഗ്രഹം ആദ് സമൂഹക്കാർക്ക് രണ്ടും കിട്ടിയിട്ടുണ്ട്. രണ്ടിനും അവർ നന്ദിയുള്ളവരായിരിക്കണം.

നൂഹ്(അ) ന്റെ കപ്പലിൽ ഉണ്ടായിരുന്നവരുടെ പിൻഗാമികളാണ് ആദ് സമൂഹക്കാർ. പിന്നീട് അവരും വഴി തെറ്റി ബഹുധൈവാരാധന പടർന്നുപിടിച്ചു.

'ഞങ്ങളെക്കാൾ ഊക്കേറിയവർ ആരാണുള്ളത് ?' എന്നാണവർ ചോദിച്ചു കൊണ്ടിരുന്നത് അഹങ്കാരത്തിന്റെ ചോദ്യം അവരുടെ ധിക്കാരത്തെക്കുറിച്ചു വിശുദ്ധ ഖുർആൻ പറയുന്നു.

'ആദ് ഗോത്രം ഭൂമിയിൽ അഹംഭാവം കാണിച്ചു ഒരു അർഹതയുമില്ലാത്ത വിധത്തിൽ അവർ പറഞ്ഞു: ഞങ്ങളെക്കാൾ ശക്തി കൂടിയവർ ആരാണുള്ളത് ?

അവരെ സൃഷ്ടിച്ച അല്ലാഹു അവരേക്കാൾ ശക്തിയുള്ളവനാണെന്ന് അവർക്ക് കണ്ടുകൂടേ അവർ നമ്മുടെ ആയത്തുകളെ (ദൃഷ്ടാന്തങ്ങളെ) നിഷേധിക്കുകയും ചെയ്തിരിക്കുന്നു '(4:15)

അഹങ്കാരം ഒരിക്കലും മനുഷ്യനെ നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കില്ല .സജ്ജനങ്ങളുമായുള്ള സഹവാസത്തിന് അവർക്കവസരം സിദ്ധിക്കുകയില്ല. നല്ല മാർഗ്ഗത്തിൽ പ്രവേശിക്കാൻ അതു മൂലം അവർക്ക് കഴിയാതെവരുന്നു.

അഹങ്കാരം നാശത്തിലേക്കുള്ള ചൂണ്ടുപലകയാകുന്നു. എല്ലാ വിധത്തിലും അത്തരക്കാർ അധഃപതിക്കും മറ്റാരെയും തങ്ങളേക്കാൾ ഉന്നതരായി കാണാൻ അവർക്കാവില്ല.

ശക്തിയിൽ ഞങ്ങളെക്കാൾ മെച്ചപ്പെട്ടവർ ആരുണ്ട്? ഇതാണവരുടെ ചോദ്യം. വലിയ അഹങ്കാരത്തിന്റെ ചോദ്യം ശക്തി നൽകിയ അല്ലാഹുവിനെക്കുറിച്ച് അവർ ഓർത്തില്ല. അവർ അവനെ ഓർക്കണമായിരുന്നു അവന്റെ ശക്തി അംഗീകരിക്കണമായിരുന്നു അതുണ്ടായില്ല.


സത്യനിഷേധികൾ 




ആദ് സമുദായക്കാർ രാവിലെത്തന്നെ ജോലിക്കിറങ്ങി. പണിയായുധങ്ങളുമായി മലഞ്ചരിവിലേക്ക് നീങ്ങി ആ പോക്കു തന്നെ ആശ്ചര്യകരമായ കാഴ്ചയാണ്. നല്ല ഉയരമുള്ള മനുഷ്യരുടെ ഒരു വലിയ കൂട്ടം പണിയായുധങ്ങൾ ചുമലിലേറ്റിയുള്ള യാത്ര വലിയ പാറകൾ വെട്ടിയെടുക്കും. ചെത്തിമിനുക്കിയെടുക്കും മലമുകളിലേക്ക് ചുമന്നുകൊണ്ടുപോകും. സാഹസികമായ ജോലിയാണത്. മലമുകളിൽ സ്തൂപങ്ങൾ പണിയും. വളരെ അകലെനിന്ന് നോക്കിയാൽ തന്നെ സ്തൂപങ്ങൾ കാണാം. ആദ്കാരുടെ അഹങ്കാരത്തിന്റെ ചിഹ്നമായി അവ ഉയർന്നു നിൽക്കും. എന്തിന് ഇത്രയും പാടുപെട്ട് ഇവ നിർമ്മിക്കുന്നു ? ഹൂദ് നബി (അ) അവരോട് ചോദിച്ചു.

അവർക്ക് അതൊരു വിനോദമാണ് ഒരു നേരംപോക്ക് അല്ലാഹു അവർക്ക് വേണ്ടത്ര ഐശ്വര്യം നൽകിയിട്ടുണ്ട്. വയറു നിറയെ ഭക്ഷിക്കാൻ ആഹാരമുണ്ട് ഒഴിവു സമയം ധാരാളം പിന്നെ ഇതൊക്കെ ഒരു വിനോദം

ഹളർമൗത്തിന്നടുത്ത് അഹ്ഖാഫ് എന്ന പ്രദേശത്താണ് ആദ് സമുദായക്കാർ ധാരാളമായി താമസിക്കുന്നത്. അതിന് വടക്കുഭാഗത്താണ് 'റുബ്ഉ ഖാലി' എന്ന വിശാലമായ മരുഭൂമി. 

മണൽക്കുന്നുകൾ ധാരാളം കാണാം. വിജനമായിക്കിടക്കുകയാണ്. ആദ്കാരുടെ കാലത്ത് അവിടെ വെള്ളം സുലഭമായി ലഭിച്ചിരുന്നു. അരുവികൾ ഒഴുകിയിരുന്നു. തോട്ടങ്ങളും കൃഷ്സ്ഥലങ്ങളുമുണ്ടായിരുന്നു. മരുഭൂമിയുടെ മധ്യത്തിൽ അത്ഭുതകരമായ അനുഗ്രഹം. നന്ദികേട് കാട്ടിയപ്പോൾ അനുഗ്രഹങ്ങൾ നീങ്ങിപ്പോയി. അവിടുത്തെ മണൽക്കുന്നുകൾക്ക് എന്തുമാത്രം കഥകൾ പറയാൻ കാണും. ജീവനുള്ള മനുഷ്യരെയും കന്നുകാലികളെയും മണൽ മൂടിക്കളഞ്ഞ ഞെട്ടിക്കുന്ന കഥകൾ.

ശക്തമായ കൊടുങ്കാറ്റ് വന്നപ്പോൾ മണൽക്കുന്നുകൾ അവരുടെ മേൽ തകർന്നു വീണു. അവർ മണ്ണിന്നടിയിലായി. കുറേക്കാലത്തിനു ശേഷം മറ്റൊരു കൊടുങ്കാറ്റിൽ ആ മണൽക്കുന്നുകൾ ഇല്ലാതാവുന്നു. നേരത്തെ മണ്ണിൽ മൂടിപ്പോയവരുടെ അസ്ഥികൾ കാറ്റിൽ ചിതറിവീഴുന്നത് കാണാം. ഉയരുകയും തകരുകയും ചെയ്യുന്ന മണൽക്കുന്നുകൾ അവക്കിടയിലൂടെ ആദുകാരുടെ ജീവിതം ഒഴുകിപ്പോയി. ഇറാഖ് വരെയുള്ള പ്രദേശങ്ങളിൽ അവർ വ്യാപിച്ചിരുന്നതായി കണക്കാപ്പെടുന്നു. സിറിയ,ഈജിപ്ത് മുതലായ രാജ്യങ്ങളിൽ സഞ്ചരിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.

ആദുകാരുടെ മഹാസ്തംഭങ്ങൾ എല്ലാ നാടുകളിലും സംസാരവിഷയമായിരുന്നു. തങ്ങളുടെ പ്രതാപം വെളിപ്പെടുത്തുകയെന്നതിൽ കവിഞ്ഞ് മറ്റൊരു പ്രയോജനവും അതിനില്ലെന്ന് ആദുകാർക്കുതന്നെ നന്നായറിയാം.

സൂറത്ത് ശുഅറാഇൽ അല്ലാഹു പറയുന്നു :

'ആദ് സമൂഹം പ്രവാചകരെ കളിയാക്കി '(26:123)

'അവരുടെ സഹോദരൻ ഹൂദ് അവരോട് പറഞ്ഞപ്പോൾ നിങ്ങൾ സൂക്ഷ്മത (തഖ് വ) പാലിക്കുന്നില്ലേ? (26:124)

'നിശ്ചയമായും ഞാൻ നിങ്ങൾക്ക് വിശ്വസ്ഥനായ റസൂൽ (ദൂതൻ) ആകുന്നു '(26:125)

'അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവീൻ എന്നെ അനുസരിക്കുകയും ചെയ്യുവീൻ '(26:126)

'അതിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എന്റെ പ്രതിഫലം ലോകരക്ഷിതാവിന്റെ മേൽ അല്ലാതെ മറ്റാർക്കുമില്ല (എന്റെ റബ്ബ് മാത്രമാണ് എനിക്ക് പ്രതിഫലം നൽകുക)'(26:127)

'നിങ്ങൾ നേരംപോക്കിനു വേണ്ടി എല്ലാ കുന്നുകളിലും സ്തംഭങ്ങൾ നിർമ്മിക്കുകയാണോ ?(26:128)

അവർ നല്ല ഉറപ്പുള്ള വലിയ കെട്ടിടങ്ങളും ധാരാളമായി നിർമ്മിച്ചിരുന്നു. എന്നെന്നും അതിൽ താമസിക്കാൻ തീരുമാനിച്ചതുപോലെ തോന്നും. അവരുടെ നിർമ്മാണരീതി കണ്ടാൽ മരണത്തെക്കുറിച്ച് അവർ ചിന്തിക്കുന്നതേയില്ല. അല്ലാഹു അവരോട് ചോദിച്ചതിങ്ങനെയായിരുന്നു

'നിങ്ങൾ നിത്യവാസം ചെയ്തേക്കാമെന്ന ഭാവത്തിൽ വൻ കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു '(26:129)

സ്വന്തം കായബലത്തിൽ അവർക്ക് അമിതമായ വിശ്വാസമായിരുന്നു. മറ്റുള്ളവരുടെ മുമ്പിൽ അവർ കയ്യൂക്ക് കാണിച്ചു ധിക്കാരികളെയും സ്വേച്ഛാധികാരികളെയും പോലെയുള്ള കയ്യൂക്കാണവർ കാണിച്ചത്.

വിശുദ്ധ ഖുർആൻ പറയുന്നു :

'നിങ്ങൾ കയ്യൂക്ക് നടത്തുകയാണെങ്കിൽ ,നിഷ്ഠൂരന്മാരായ നിലയിൽ കയ്യൂക്ക് നടത്തുകയും ചെയ്യുന്നു '(26:130)

ശിക്ഷിക്കപ്പെടേണ്ട പല ദുർഗുണങ്ങളും നിങ്ങളിലുണ്ട്. എന്നാലും നിങ്ങൾക്ക് രക്ഷപ്പെടാൻ മാർഗമുണ്ട്. അല്ലാഹുവിനെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക. ഇതാണ് നന്നാവാനുള്ള മാർഗ്ഗം. രക്ഷയുടെ മാർഗ്ഗവും അത് മാത്രം കായബലം ഒന്നിനും പരിഹാരമല്ല.

വിശുദ്ധ ഖുർആൻ ശ്രദ്ധിക്കൂ

'അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവീൻ'(26:131)

'നിങ്ങൾക്കറിയാവുന്ന അനുഗ്രഹങ്ങൾ ചെയ്തു തന്നുകൊണ്ട് നിങ്ങളെ സഹായിച്ച അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളുക'(26:132)

'കന്നുകാലികളെയും (ആട്, മാട് ,ഒട്ടകങ്ങൾ) സന്താനങ്ങളെയും കൊണ്ട് അവൻ നിങ്ങൾക്ക് സഹായം നൽകിയിരിക്കുന്നു (26:133)

'തോട്ടങ്ങൾ കൊണ്ടും നീരുറവകൾ കൊണ്ടും (അല്ലാഹു സഹായം നൽകിയിരിക്കുന്നു (26:134)

'നിശ്ചയമായും ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേൽ ഞാൻ ഭയപ്പെടുന്നു '(26:135)

ആദ് സമൂഹം വിദൂര രാജ്യങ്ങളുമായിട്ടുവരെ വ്യാപാരബന്ധം സ്ഥാപിച്ചിരുന്നു. ഇന്ത്യ,തുർക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ വന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടുപോയിരുന്നു.

കൊട്ടാരങ്ങൾ പണിതുയർത്തി ധനവാന്മാർ അത്തരം കൊട്ടാരങ്ങളിൽ താമസിച്ചു. നിരവധി മണിമന്ദിരങ്ങളുണ്ടാക്കി .അണക്കെട്ടുകളുണ്ടാക്കി. വമ്പിച്ച അളവിൽ വെള്ളം ശേഖരിച്ചുവെച്ചു. അരുവികളിലൂടെ ഒഴുക്കി. കൃഷിസ്ഥലങ്ങൾ ജലസേചനം നടത്തി. ആവശ്യമുള്ളതിന്റെ എത്രയോ ഇരട്ടി ധാന്യം ഉല്പാദിപ്പിച്ചു. പലതരം പഴങ്ങൾ വിളയിച്ചു ധാന്യവും പഴവർഗ്ഗങ്ങളും പല രാജ്യങ്ങളിലുമെത്തിച്ചു. ഒഴിഞ്ഞുകിടക്കുന്ന ഒരു കുന്നും വെറുതെയിട്ടില്ല. അതിനു മുകളിൽ കൊട്ടാരവും സ്തൂപങ്ങളും സ്ഥാപിച്ചു. വിഗ്രഹാരാധന വളരെ ശക്തിപ്പെട്ടു. ഹൂദ് (അ)അവരെ അതിൽ നിന്ന് തടയാൻ ശ്രമിച്ചു. നന്നായി ഉപദേശിച്ചു. ശിക്ഷ വരുമെന്ന് മുന്നറിയിപ്പ് നൽകി. അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഹൂദ് നിന്റെ ശ്രമം വെറുതെയാണ്, നീ സദുപദേശം നൽകിയാലും ഇല്ലെങ്കിലും ഞങ്ങൾക്കൊരുപോലെയാണ്, ഞങ്ങൾ നിന്നെ അനുസരിക്കാൻ പോവുന്നില്ല, നീ മുന്നറിയിപ്പ് നൽകിയ ശിക്ഷയില്ലേ, അത് ഞങ്ങൾ തള്ളിക്കളയുന്നു, അങ്ങനെയൊരു ശിക്ഷ വരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല, മരണാനന്തര ജീവിതത്തെക്കുറിച്ചും നീ പറഞ്ഞു മരണാനന്തരം ഞങ്ങൾ ശിക്ഷിക്കപ്പെടുമെന്നാണ് നീ പറഞ്ഞത് അതും ഞങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നു,

ധിക്കാരം എല്ലാ പരിധികളും വിട്ടുകഴിഞ്ഞു പരലോക ജീവിതംവരെ നിഷേധിച്ചു കളഞ്ഞു അവരുടെ ധിക്കാരപൂർണ്ണമായ വചനങ്ങൾ വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നത് കാണുക :

'അവർ പറഞ്ഞു: നീ സദുപദേശം ചെയ്യലും, നീ സദുപദേശകന്മാരിൽ പെടാതിരിക്കലും ഞങ്ങൾക്ക് സമമാണ് '(26:136)

വിഗ്രഹാരാധന പൂർവ്വികന്മാരുടെ നടപടിയാണെന്ന് അവർ അവകാശപ്പെട്ടു പൂർവ്വികർ ചെയ്തതിനാൽ പുണ്യമാണെന്നും കരുതി,

വിശുദ്ധ ഖുർആൻ പറയുന്നു:

'ഇത് പൂർവ്വികന്മാരുടെ നടപടി സമ്പ്രദായം മാത്രമാകുന്നു '(26:137)

'ഞങ്ങൾ (മരണാനന്തരം) ശിക്ഷിക്കപ്പെടുന്നവരല്ലതന്നെ'(26:138)


അനുഗ്രഹങ്ങളിൽ നിന്നകറ്റപ്പെട്ടവർ 


ആദ് സമൂഹത്തിന് വമ്പിച്ച കാലാൾപടയും അശ്വസേനയും ഉണ്ടായിരുന്നു. യമൻ മുതൽ ഫലസ്തീൻ വരെ അത് വ്യാപിച്ചു കിടന്നിരുന്നു. ശത്രുക്കളെ അവർ ഹീനമായാണ് ശിക്ഷിച്ചിരുന്നത്. തങ്ങൾക്കിഷ്ടമില്ലാത്തവരെയെല്ലാം നിർദയം മർദ്ദിക്കുമായിരുന്നു. യുദ്ധത്തിൽ പിടിച്ചെടുത്ത ബന്ദികളെയെല്ലാം അടിമകളാക്കി മർദ്ദിച്ചു കഠിനമായി ജോലി ചെയ്യിച്ചു.

ആദ് സമൂഹത്തിൽ പെട്ടവർക്ക് കായിക ശേഷി കാരണം കഠിന ജോലികൾ ചെയ്യാൻ കഴിഞ്ഞിരുന്നു. മറ്റുള്ളവർക്ക് അവരെപ്പോലെ ജോലി ചെയ്യാനാവില്ല. അപ്പോൾ നിർദ്ദയം മർദ്ദിക്കും. അവരുടെ ഈ സ്വഭാവത്തെക്കുറിച്ചുള്ള ഖുർആൻ പ്രയോഗം വളരെ ശ്രദ്ധേയമാണ്

وَإِذَا بَطَشْتُمْ بَطَشْتُمْ جَبَّارِينَ) الشعراء:130)

വഇദാ ബത്വശ്ത്തും ബത്വശ്ത്തും ജബ്ബാരീൻ

( നിങ്ങൾ വല്ലവരെയും ഊക്കോടെ പിടികൂടുകയാണെങ്കിൽ നിഷ്ഠൂരന്മാരായി പിടികൂടുകയും ചെയ്യും)

ഈ സ്വഭാവമുള്ള ഒരു സമൂഹത്തിന് അല്ലാഹു നൽകാൻ പോകുന്ന ശിക്ഷ എത്ര ഭയാനകമായിരിക്കും

വിശുദ്ധ ഖുർആൻ പറയുന്നു:

'അങ്ങനെ അവർ അദ്ദേഹത്തെ നിഷേധിച്ചു അപ്പോൾ അവരെ നാം നശിപ്പിച്ചു നിശ്ചയമായും അതിൽ വലിയ ദൃഷ്ടാന്തമുണ്ട് പക്ഷെ, അവരിൽ അധികമാളുകളും വിശ്വസിക്കുന്നവരായിട്ടില്ല'(26:139)

ആദ് സമൂഹത്തെ ബാധിച്ച ദുർഗുണങ്ങൾ ഖുർആൻ വ്യാഖ്യാതാക്കൾ എടുത്തു പറയുന്നുണ്ട്.

പടുകൂറ്റൻ കെട്ടിടങ്ങളുടെ നിർമ്മാണം തങ്ങളാണ് ഏറ്റവും ഉന്നതന്മാർ എന്ന് ദ്യോതിപ്പിക്കുന്ന കെട്ടിടങ്ങൾ.

അല്ലാഹുവിനെ നിഷേധിക്കുക ,ഏക ഇലാഹിൽ വിശ്വസിക്കുന്നില്ല, ബിംബാരാധനയിൽ വലിയ താത്പര്യം, മറ്റുള്ളവരെ അതിക്രൂരമായി ശിക്ഷിച്ചു, ദുനിയാവിനോടുള്ള അടങ്ങാത്ത മോഹം, അവരുടെ മനസ്സിനെ അടക്കിഭരിച്ചു. അതുകാരണം അവർക്ക് സത്യത്തിന്റെ പ്രകാശം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ (സ) തങ്ങൾക്ക് രണ്ട് വിശേഷണങ്ങൾ പറയാറുണ്ട് 1. ബശീർ 2. നദീർ

അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ചു ജീവിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുന്ന ബശീർ.

അല്ലാഹുവിന്റെ കല്പന ധിക്കരിച്ച് ജീവിക്കുന്ന അഹങ്കാരികൾക്ക് മുന്നറിയിപ്പ് നൽകുന്ന നദീർ.

ഹൂദ് നബി (അ) ഈ രണ്ട് മാർഗ്ഗവും അവലംബിച്ചിട്ടുണ്ട്. അല്ലാഹു നൽകിയതും ,ഇനി നൽകാൻ പോകുന്നതുമായ അനുഗ്രഹങ്ങൾ വിവരിച്ചു കൊണ്ട് സന്തോഷവാർത്ത അറിയിച്ചു. കൃഷി,തോട്ടങ്ങൾ ,അരുവികൾ, നാൽക്കാലികൾ തുടങ്ങിയ അനുഗ്രഹങ്ങൾ വിവരിച്ചു.

കായികശക്തി, നിർമ്മാണ ചാതുരി എന്നിവയും വർണ്ണിച്ചു ഇവയെല്ലാം നൽകിയ അല്ലാഹുവിനെ ആരാധിക്കാൻ ഉപദേശിച്ചു അവർ ഉപദേശം തള്ളിക്കളഞ്ഞു.

അല്ലാഹു ഭയാനകമായ ശിക്ഷ ഇറക്കുമെന്ന് മുന്നറിയിപ്പ് നൽകി പരലോക ശിക്ഷയെക്കുറിച്ച് പറഞ്ഞു കൊടുത്തു അവർ അതെല്ലാം നിഷേധിച്ചു കളഞ്ഞു.

സൂറത്തുൽ മുഅ്മിനൂൻ ആദ് സമൂഹത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.

നൂഹ് (അ) ന്റെ കാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ ധിക്കാരികളായ ജനത നശിപ്പിക്കപ്പെട്ടു. അവർക്കു പകരം വന്ന ജനതയാണ് ആദ് സമൂഹം. അവരുടെ ഒരു സഹോദരനെ നബിയായി നിയോഗിച്ചുകൊണ്ട് അല്ലാഹു അവരെ അനുഗ്രഹിച്ചു.

സൂറത്തുൽ മുഅ്മിനൂന്റെ വിവരണം നോക്കൂ

'പിന്നീട് അവരുടെ ശേഷം നാം മറ്റൊരു ജനതയെ ഉൽഭവിപ്പിച്ചു'(23:31)

'എന്നിട്ട് അവരിൽ നിന്നുതന്നെയുള്ള ഒരു റസൂലിനെ നാം അയച്ചു നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുവീൻ നിങ്ങൾക്ക് അവനല്ലാതെ ഒരു ആരാധ്യനുമില്ല അതിനാൽ നിങ്ങൾ സൂക്ഷിക്കുന്നില്ലേ (എന്ന് അദ്ദേഹം പറഞ്ഞു)'(23:32)

നിങ്ങൾ അല്ലാഹുവിനെ അനുസരിച്ചു ജീവിക്കണമെന്ന് ഹൂദ് (അ) അവരോട് ഉപദേശിച്ചു അപ്പോൾ ജനനേതാക്കൾ രംഗത്തിറങ്ങി അവർ ആളുകളോടിങ്ങനെ പറഞ്ഞു:

ഇവൻ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യൻ മാത്രം. നിങ്ങൾ ഭക്ഷിക്കുന്നത് അവനും ഭക്ഷിക്കുന്നു. നിങ്ങൾ കുടിക്കുന്നത് അവനും കുടിക്കുന്നു. ഇവൻ പറയുന്നതൊന്നും നിങ്ങൾ കാര്യമായി എടുക്കേണ്ട.

ഖുർആൻ പറയുന്നത് നോക്കൂ:

'അദ്ദേഹത്തിന്റെ ജനതയിൽ നിന്ന് സത്യത്തെ നിഷേധിക്കുകയും പരലോകത്തെ കാണുന്നതിനെ വ്യാജമാക്കുകയും ,ഐഹിക ജീവിതത്തിൽ നാം സൗഖ്യം നൽകുകയും ചെയ്തിട്ടുള്ള പ്രമുഖന്മാരുടെ സംഘം പറഞ്ഞു: ഇവൻ നിങ്ങളെപ്പോലെയുള്ള മനുഷ്യൻ എന്നല്ലാതെ മറ്റൊന്നുമല്ല നിങ്ങൾ ഭക്ഷിക്കുന്നതിൽ നിന്ന് അവൻ ഭക്ഷിക്കുകയും നിങ്ങൾ കുടിക്കുന്നതിൽ നിന്ന് അവൻ കുടിക്കുകയും ചെയ്യുന്നു '(23:33)

ആ നേതാക്കന്മാർ ജനങ്ങളോട് സൂത്രം പ്രയോഗിച്ചു അവർ ചോദിച്ചു

'നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങൾ അനുസരിക്കുകയോ ? മോശം'

ഖുർആന്റെ വാക്കുകൾ കാണുക :

'നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങൾ അനുസരിക്കുകയാണെങ്കിൽ നിശ്ചയമായും അപ്പോൾ നിങ്ങൾ നഷ്ടക്കാർ തന്നെയാകുന്നു '(23:34)

നേതാക്കൾ പറഞ്ഞ മറ്റൊരു കാര്യം ഇതാകുന്നു

നിങ്ങൾ മരിച്ച് മണ്ണും എല്ലുമായി കഴിഞ്ഞിട്ട് വീണ്ടും ജീവൻ നൽകി പുറത്തുകൊണ്ടുവരുമെന്നാണിവൻ പറയുന്നത് ഇതിനെക്കുറിച്ചാണിവൻ താക്കീത് നൽകുന്നത്.

ഇല്ല,ഇല്ല ഇവൻ താക്കീത് നൽകുന്ന കാര്യം വളരെ വിദൂരം വിദൂരം.

  هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ

ഹൈഹാത്ത..... ഹൈഹാത്ത .....ലീമാ ദൂഅദൂൻ

ഖുർആൻ പറയുന്നതിങ്ങനെ: 'നിങ്ങൾ മരിച്ച് മണ്ണും എല്ലുമായിത്തീർന്നാലും നിങ്ങൾ വീണ്ടും പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്ന് ഇവൻ നിങ്ങളോട് താക്കീത് നൽകുന്നുവോ?'(23:35)

'നിങ്ങളോട് താക്കീത് നൽകപ്പെടുന്ന കാര്യം വളരെ വിദൂരം വിദൂരം (23:36)

'ജീവിതമെന്നത് നമ്മുടെ ഐഹിക ജീവിതമല്ലാതെ മറ്റൊന്നുമല്ല നാം മരിക്കുന്നു (അതിന് മമ്പെ) ജീവിക്കുന്നു നാം ഉയിത്തെഴുന്നേൽപ്പിക്കുന്നവരല്ല'(23:37)

'ഇവൻ അല്ലാഹുവിന്റെ മേൽ വ്യാജം കെട്ടിച്ചമക്കുന്ന ഒരു പുരുഷനല്ലാതെ മറ്റൊന്നുമല്ല നാം അവനെ വിശ്വസിക്കുന്നവരല്ല(23:38)

എത്രയൊക്കെ ശ്രമിച്ചിട്ടും ആ വർഗ്ഗം നന്നായില്ല വളരെ കുറച്ചു പേർ വിശ്വസിച്ചുز

ഒടുവിൽ ഹൂദ് (അ) അല്ലാഹുവിന്റെ സഹായം തേടി പ്രാർത്ഥിച്ചുز

'അദ്ദേഹം പറഞ്ഞു: റബ്ബേ ഇവർ എന്നെ കളവാക്കി അതുകൊണ്ട് നീ എന്നെ സഹായിക്കേണമേ'(23:39)

അല്ലാഹു പറഞ്ഞു: നിശ്ചയമായും അൽപകാലം കൊണ്ട് അവർ ഖേദിക്കുന്നവരായിത്തീരുന്നതാണ് (23:40)

'അങ്ങനെ നീതി മുറയനുസരിച്ച് ഒരു കഠോര ശബ്ദം അവരെ പിടികൂടി എന്നിട്ട് നാം അവരെ ചണ്ടിയാക്കി നശിപ്പിച്ചു കളഞ്ഞു ആയതിനാൽ അതിക്രമികളായ ജനത (കാരുണ്യത്തിൽ നിന്ന് വിദൂരമാക്കപ്പെട്ടു(23:41)

'പിന്നീട് അവരുടെ ശേഷം പല തലമുറകളെയും നാം ഉത്ഭവിപ്പിച്ചു '(23:42)

'ഒരു സമുദായവും തന്നെ അതിന്റെ അവധിയെ മുൻകടക്കുന്നതല്ല (അവധിക്ക്) പിന്നിലായിപ്പോകുന്നതുമല്ല'(23:43)

'പിന്നീട് നാം ദൂതന്മാരെ തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു ഓരോ സമുദായത്തിനും അതിന്റെ ദൂതൻ വരുമ്പോഴെല്ലാം അവർ അദ്ദേഹത്തെ വ്യാജമാക്കുകയാണ് ചെയ്തത് അങ്ങനെ അവരിൽ ചിലരെ ചിലരോട് നാം അനുഗമിപ്പിച്ചു (ഒന്നിനു ശേഷം ഒന്നായി നശിപ്പിച്ചു) അവരെ മുഴുവൻ നാം കഥാവിഷയങ്ങളാക്കുകയും ചെയ്തു അപ്പോൾ വിശ്വസിക്കാത്ത ജനത (കാരുണ്യത്തിൽ നിന്ന്)എത്ര വിദൂരം (23:44)


നല്ല സഹായി

ഹൂദ് (അ) നെ ചരിത്രം വളരെ നന്നായി വർണ്ണിച്ചിട്ടുണ്ട്. ഗോതമ്പ് വർണയുള്ള സുമുഖനായിരുന്നു. ശരീരത്തിൽ ധാരാളം രോമങ്ങളുണ്ടായിരുന്നു. ഉദാരമതിയും കൃപാലുവുമായിരുന്നു. ആദ് സമൂഹത്തെ രണ്ട് വിഭാഗമായി കണക്കാക്കപ്പെടുന്നു. പഴയ ആദു വംശക്കാർ പിൽക്കാലക്കാരായ ആദുകാർ.

പഴയ കാല ആദുകാരിലേക്ക് ഹൂദ് (അ) നബിയായി നിയോഗിക്കപ്പെട്ടു. അക്കാലത്ത് ആദുകാർ പതിമൂന്ന് ഗോത്രക്കാരായിരുന്നു. ഇവരുടെ രാജാവായിരുന്നു ആദ്.

ആദ് രാജാവ് ആയിരത്തി ഇരുനൂറ് കൊല്ലം ജീവിച്ചിരുന്നുവെന്ന് കാണുന്നു.

പഴയ ആദ് വംശത്തെയാണ് ഇറമ് ഗോത്രം എന്നു പറയുന്നത്. ഏഡന് സമീപമുള്ള ഇറമിൽ ഇവർ താമസിച്ചു. പല പണ്ഡിതന്മാരും ഈ വിധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പിൽക്കാല ആദുകാരുടെ വാസസ്ഥലം യമനിലെ അഹ്ഖാഫ് പ്രദേശമായിരുന്നു. ഇവരും ആദിന്റെ വംശപരമ്പര തന്നെയാണ്. രണ്ട് കൂട്ടരിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു ഹൂദ് (അ).

എൺപത് അടിവരെ ഉയരമുള്ളവർ അവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്.

ബലിഷ്ഠ ഗാത്രന്മാരായിരുന്നു. അവരുടെ ശിരസ്സ് ഗോപുരം പോലെയായിരുന്നു. ഒട്ടകമായിരുന്നു സമ്പത്ത്. ഒട്ടകങ്ങളുടെ എണ്ണം നോക്കി സാമ്പത്തിക നില കണക്കാക്കാം. ഓട്ടകത്തെ വേവിച്ച് രാവിലെയും വൈകുന്നേരവും നന്നായി ഭക്ഷിച്ചിരുന്നു. മറ്റു മൃഗങ്ങളെയും പക്ഷികളെയും ഭക്ഷിച്ചിരുന്നു. അതൊക്കെ ലഘുഭക്ഷണമായേ കണക്കാക്കിയിരുന്നുള്ളൂ.

അവരുടെ പ്രധാന ആരാധ്യദേവത അഗ്നിയായിരുന്നു. അഗ്നിദേവതയെ പ്രസാദിപ്പിക്കാൻ പ്രത്യേക വഴിപാടുകൾ നടത്തിയിരുന്നു. മഴയെ നൽകുന്ന ദേവതക്കാണ് പിന്നത്തെ സ്ഥാനം. സഞ്ചാര സമയത്ത് രക്ഷ നൽകുന്ന മറ്റൊരു ദേവതയുണ്ട് അതിനും മുഖ്യ സ്ഥാനം തന്നെ.

പ്രാവ് വളർത്തൽ പ്രധാന വിനോദമായിരുന്നു. അവയെ ഉയരത്തിൽ പറക്കാൻ പരിശീലിപ്പിക്കും. പ്രാവ് പന്തയം നടത്തും. അത് കാണാൻ നിരവധി പേർ തടിച്ചു കൂടും. അത്യാവശ്യം സാമ്പത്തിക ശേഷിയും ഒഴിവു സമയവുമുള്ള ജനങ്ങളുടെ വിനോദമാണ് പ്രാവ് വളർത്തൽ. അതിന് തീറ്റ കൊടുക്കാനും അത് പറന്നുയരുന്നത് നോക്കിരസിക്കാനും അവർ വളരെയേറെ സമയം ചെലവഴിക്കുന്നു. സ്വന്തം പ്രാവുകളുടെ മഹിമ വാഴ്ത്തിപ്പറയലും മനുഷ്യ സ്വഭാവത്തിൽ പെട്ടതാകുന്നു.

പ്രളയത്തിനു ശേഷം ബിംബാരാധന തുടങ്ങിയത് ആദ് സമൂഹക്കാരാവുന്നു. പ്രളയം കഴിഞ്ഞപ്പോൾ ഏകദൈവ വിശ്വാസികളാണ് കപ്പലിൽ നിന്നിറങ്ങിവന്നത്. അവർ നൂഹ് നബി (അ) ന്റെ സന്ദേശമനുസരിച്ചാണ് ജീവിച്ചത്.

സകല സത്യവിശ്വാസികൾക്കും വിശ്വാസിനികൾക്കും വേണ്ടി നൂഹ് (അ) പ്രാർത്ഥിച്ചിട്ടുണ്ട്. നൂഹ്(അ)ന്റെ വീട്ടിൽ സത്യവിശ്വാസികളായി വന്നവർക്കുവേണ്ടി പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ട് പ്രാർത്ഥിച്ചിട്ടുണ്ട്.

വിശുദ്ധ ഖുർആനിൽ സൂറത്തുന്നൂറിൽ ഇങ്ങനെ കാണാം: (നൂഹ് പ്രാർത്ഥിച്ചു)

'എന്റെ റബ്ബേ എനിക്കും എന്റെ മാതാപിതാക്കൾക്കും എന്റെ വീട്ടിൽ സത്യവിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവർക്കും സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും പൊറുത്തുതരേണമേ അക്രമികൾക്ക് നാശനഷ്ടമല്ലാതെ നീ വർദ്ധിപ്പിക്കുകയും ചെയ്യരുതേ (71:28)

നൂഹ്(അ)ന്റെ പ്രാർത്ഥന ലഭിച്ച അനുയായികളുടെ സന്താന പരമ്പരയിൽ ബിംബാരാധന വന്നുചേർന്നു ആദ്യം വന്നത് ആദ് സമൂഹത്തിൽ തന്നെ.

ബിംബാരാധന അവസാനിപ്പിക്കാനും ഏകദൈവ വിശ്വാസം ഉണ്ടാക്കാനുമാണ് ഹൂദ് (അ) ശ്രമിച്ചത്.

സത്യനിഷേധികൾ ജനങ്ങളെ സത്യം മനസ്സിലാക്കാൻ അനുവദിക്കുകയില്ല. അവരെ തടയും പണം കൊടുത്ത് വശത്താക്കും എല്ലാ കാലത്തും ഇത് നടന്നിട്ടുണ്ട്.

സാധാരണക്കാർ പ്രവാചകനെ കാണരുത്. പ്രവാചകൻ പറയുന്നത് കേൾക്കരുത്, ഇതാണവരുടെ ലക്ഷ്യം, പ്രവാചകൻ പറയുന്നത് കേട്ടാൽ സാധാരണക്കാർ ചിന്തിക്കും കാര്യം മനസ്സിലാക്കും, സത്യത്തിലേക്കു നീങ്ങും, ഈ അവസ്ഥ ഇല്ലായ്മ ചെയ്യണം, അതിനുവേണ്ടി അവർ പണം ചെലവഴിക്കുന്നു, ഈ വഴിയിൽ ചെലവഴിച്ച സമ്പത്ത് ഫലശൂന്യമായി ഒഴികിപ്പോയിരിക്കുന്നു.

സത്യം തന്നെയാണ് ഒടുവിൽ ജയിക്കുക. അതോടെ സത്യനിഷേധികളുടെ നാശം സംഭവിക്കും. എല്ലാം അവർക്ക് നഷ്ടം തന്നെ.

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം:

'തീർച്ചയായും സത്യനിഷേധികൾ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ആളുകളെ തടയുവാൻ വേണ്ടി തങ്ങളുടെ സ്വത്തുക്കൾ ചെലവഴിക്കുന്നു അവരത് ചെലവഴിച്ചുകൊണ്ടിരിക്കും പിന്നെ അവർക്കത് ഖേദമായിത്തീരുകയും ചെയ്യും പിന്നീട് അവർ ജയിച്ചടക്കപ്പെടുകയും ചെയ്യും സത്യനിഷേധികൾ നരകത്തിൽ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യും '(8:36)

അല്ലാഹുവിനെ കുറിച്ചു വളരെ ലളിതമായ രീതിയിൽ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കണം അതാണ് പ്രവാചകന്മാർ ചെയ്തത് അല്ലാഹുവിനെ ഇങ്ങനെ പരിചയപ്പെടുത്താം.

'നിശ്ചയമായും അല്ലാഹു-ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധികാരം അവനുള്ളതാകുന്നു അവൻ ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നു-അല്ലാഹുവിന് പുറമെ നിങ്ങൾക്ക് ഒരു കൈകാര്യകർത്താവോ സഹായകനോ ഇല്ല '(9:116)

അല്ലാഹു എല്ലാറ്റിനും കഴിവുള്ളവൻ നമുക്ക് കൈകാര്യകർത്താവായി അവൻ മതി സഹായി എന്ന നിലയിലും അവൻ മതി.


ശിക്ഷയുടെ മേഘം 






ആദ് സമൂഹത്തിന്റെ അന്ത്യഘട്ടത്തെക്കുറിച്ച് വിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു:

' നമ്മുടെ കല്പന വന്നപ്പോഴാകട്ടെ ,ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം കൊണ്ട് നാം രക്ഷിച്ചു. അതികഠിനമായ ഒരു ശിക്ഷയിൽ നിന്ന് അവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു '(11:58)

'അത് ആദ് സമുദായമാണ് അവർ തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു അവന്റെ ദൂതന്മാരോട് അനുസരണക്കേട് കാണിക്കുകയും ചെയ്തു സ്വേച്ഛാധികാരികളും ധിക്കാരികളുമായ എല്ലാവരുടെയും കൽപനകൾ അവർ പിൻപറ്റുകയും ചെയ്തു '(11:59)

'ഈ ഐഹിക ജീവിതത്തിലും പുനരുത്ഥാന ദിവസവും ശാപം അവരെ പിൻതുടർന്നു അറിയുക ആദ് സമുദായം അവരുടെ രക്ഷിതാവിനോട് നന്ദികേട് കാണിച്ചു അറിയുക ഹൂദ് നബിയുടെ ജനതയായ ആദ് സമുദായത്തിന് വമ്പിച്ച നാശം'(11:60)

ആദ് സമൂഹത്തിന് ലഭിച്ച ശിക്ഷ അതികഠിനമായിരുന്നുവെന്ന് ഈ വിശുദ്ധ വചനങ്ങളിൽ നിന്ന് മനസ്സിലാക്കാം.

ആദ് സമൂഹക്കാരുടെ ഒരു പ്രധാന വിനോദം വഴിയാത്രക്കാരെ പരിഹസിക്കുകയെന്നതായിരുന്നു. അവരുടെ കൂർത്ത മൂർച്ചയുള്ള വാക്കുകളുപയോഗിച്ചുള്ള പരിഹാസം എത്രയോ മനസ്സുകളെ മുറിവേൽപ്പിച്ചിട്ടുണ്ട്. വഴിയാത്രക്കാരെ അക്രമിക്കുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു പോന്നു. ധിക്കാരം അതിരുവിട്ടപ്പോൾ ശിക്ഷയുടെ ആദ്യലക്ഷണങ്ങൾ വന്നുതുടങ്ങി.

മഴ പെയ്യാതായി വരൾച്ച വന്നു. ഇത് കൃഷിയെ ബാധിച്ചു .അരുവികൾ വറ്റി. ജനം പരിഭ്രാന്തരായി. ആദ് സമൂഹത്തിന്റെ മുമ്പിൽ ഹൂദ്(അ) നിരന്തരം പ്രത്യക്ഷപ്പെട്ട് താക്കീത് നൽകി കൊണ്ടിരുന്നു.

'സഹോദരങ്ങളേ അല്ലാഹുവിനെ സൂക്ഷിക്കുക ശിക്ഷ വരുന്നതിനു മുമ്പ് പശ്ചാത്തപിച്ചു മടങ്ങുക'

പക്ഷെ ആര് കേൾക്കാൻ..

അവരുടെ ജീവിതം പഴയതുപോലെ തന്നെ. ആപത്ത് വരുമ്പോൾ പ്രാർത്ഥന നടത്താൻ വേണ്ടി പൂർവ്വികന്മാർ മക്കത്ത് പോകുമായിരുന്നു. ഇന്ന് കഅ്ബ നിൽക്കുന്ന സ്ഥലത്ത് അന്ന് ചുവന്ന ചെറിയ കുന്ന് ഉണ്ടായിരുന്നു. അതിൽ കയറിനിന്ന് പ്രാർത്ഥിക്കുകയാണ് പതിവ്. അതുകാരണം ആപത്തുകൾ നീങ്ങിപ്പോവും. വരൾച്ച ബാധിച്ചു നാടാകെ ദുരിതത്തിലായി. നേതാക്കൾ ഒരുമിച്ചുകൂടി. ചൂടുപിടിച്ച ചർച്ച നടന്നു. മക്കത്തേക്ക് പോകാൻ തീരുമാനമായി. പതിനേഴ് നേതാക്കന്മാരെ തിരഞ്ഞെടുത്തു. അവരുടെ നേതൃത്വത്തിൽ ഒരു വലിയ കൂട്ടം ആളുകൾ മക്കയിലേക്ക് പോവുന്നു. ഒട്ടകങ്ങളുടെ നീണ്ട നിര മരുഭൂമിയിലൂടെ നീങ്ങിപ്പോയി. നാളുകളോളം നീണ്ട യാത്ര ,അതിന്നൊടുവിൽ അവർ മക്കയിലെത്തി.

അക്കാലത്ത് മക്ക ഭരിച്ചിരുന്നത് അമാലികത്ത് വർഗത്തിൽ പെട്ട മുആവിയ എന്നോരാളായിരുന്നു. ഇദ്ദേഹം ആദ് വംശജനുമായിരുന്നു. മക്കയിലേക്ക് വന്ന സംഘത്തിൽ രണ്ട് മുസ്ലിംകളുമുണ്ടായിരുന്നു ലുക്മാൻ,മർസദ് എന്നിവർ

ആദ് സമൂഹം മുആവിയായുടെ മുമ്പിലെത്തി സങ്കടം പറഞ്ഞു അപ്പോൾ മർസദ് ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി.

'ആദ് സമൂഹമേ ഇവിടെ വന്ന് പ്രാർത്ഥിച്ചതുകൊണ്ടൊന്നും നിങ്ങളുടെ ദുരിതങ്ങൾ തീരാൻ പോവുന്നില്ല. നിങ്ങൾ ഒരു പ്രവാചകനെ തള്ളിക്കളഞ്ഞിട്ടാണ് വന്നിരിക്കുന്നത്. പ്രവാചകനെ തള്ളിക്കളഞ്ഞവരുടെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയില്ല. നിങ്ങൾ ഇവിടെ വരേണ്ട കാര്യമില്ല. പ്രവാചകനെ സമീപിക്കൂ .സങ്കടം പറയൂ അദ്ദേഹം പ്രാർത്ഥിക്കട്ടെ മഴ ലഭിക്കും അനുഗ്രഹങ്ങൾ കോരിച്ചൊരിയും '

ഇല്ല ഹൂദിനെ ഞങ്ങൾ സ്വീകരിക്കില്ല. ഞങ്ങളിവിടെ നിന്നു പ്രാർത്ഥിക്കും, കാര്യം നേടും. കുന്നിൻ മുകളിലേക്ക് കയറി. അവർ നഗ്നപാദരായി ശിരസ്സ് തുറന്നിട്ടു പ്രാർത്ഥിച്ചു. മുആവിയ ബ്നു ബക്റിന്റെ അതിഥികളായി എഴുപതോളം വരുന്ന സംഘം ഒരു മാസക്കാലം മക്കയിൽ താമസിച്ചു. മൂന്നു വർഷമായി മഴയില്ലാതെ ബുദ്ധിമുട്ടുകയാണ് ആദിന്റെ കഷ്ടപ്പാടുകളെക്കുറിച്ചു മക്കയിലെ കവികൾ പാട്ടു പാടാൻ തുടങ്ങി.

ആദിന്റെ ദൗത്യസംഘം എല്ലാം മറന്നു പ്രാർത്ഥനയിൽ മുഴുകി. പെട്ടെന്ന് മേഘങ്ങൾ പ്രത്യക്ഷപ്പെട്ടു അതുകണ്ട് ആദ് സംഘം ആഹ്ലാദം കൊണ്ടു. നമ്മുടെ പ്രാർത്ഥന സഫലമായി. മഴമേഘങ്ങൾ വന്നു അവർ ഉറക്കെ വിളിച്ചു പറഞ്ഞു. മൂന്നു മേഘങ്ങൾ നീങ്ങി വന്നു. അവരുടെ മുകളിലായി നിന്നു

വെളുത്ത മേഘം
കറുത്ത മേഘം
ചുവന്ന മേഘം

എല്ലാവരും ആകാംക്ഷയോടെ നോക്കിനിന്നു.

'ഇഷ്ടമുള്ള മേഘത്തെ തിരഞ്ഞെടുക്കാം '

ആകാശത്ത് നിന്ന് വന്ന ശബ്ദം ഏത് മേഘം വേണം? ചർച്ചയായി കറുത്ത മേഘത്തിൽ നിന്നാണ് കൂടുതൽ മഴ കിട്ടുക അത് മതി ആദുകാർ വിളിച്ചു പറഞ്ഞു. കറുത്ത മേഘം കറുത്ത മേഘം നന്നായി പ്രത്യക്ഷപ്പെട്ടു ആദുകാർ ആഹ്ലാദനൃത്തം ചവിട്ടി. ഇനി നാട്ടിലേക്ക് തിരിക്കാം. മഴ ഉടനെയുണ്ടാവും. ആദുകാരുടെ ഒട്ടകങ്ങൾ വേഗത്തിൽ സഞ്ചരിച്ചു. മേഘം കൂടെ സഞ്ചരിച്ചു കുതിരപ്പുറത്ത് കയറിയവർ മിന്നൽ വേഗത്തിൽ കുതിരയെ പായിച്ചു. സന്തോഷവാർത്ത നാട്ടിലെത്തിക്കണം കുതിര സവാരിക്കാർ അഹ്ഖാഫിലെത്തി അവരുടെ ശബ്ദം അന്തരീക്ഷത്തിലെത്തി.

'ആദുകാരേ, സന്തോഷിക്കുക നമ്മുടെ പ്രാർത്ഥന ഫലിച്ചു. മഴ മേഘം ഇതാ എത്തിയിരിക്കുന്നു ഉടനെ മഴ പെയ്യും കിണറുകളും കുളങ്ങളും വൃത്തിയാക്കിവെക്കുക. ശുദ്ധജലം ശേഖരിക്കാനുള്ള പാത്രങ്ങൾ തയ്യാറാക്കുക കൈത്തോടുകൾ അറ്റക്കുറ്റ പണി നടത്തി ജലപ്രവാഹത്തിന് സൗകര്യപ്പെടുത്തുക '

ആദുകാർ വീടുകളിൽ നിന്നിറങ്ങി വെള്ളം സംഭരിക്കാനുള്ള സ്ഥലങ്ങൾ വൃത്തിയാക്കാൻ തുടങ്ങി. മേഘം അവർക്കു മുമ്പിൽ ഉയരത്തിൽ നിൽക്കുന്നു അപ്പോൾ ഹൂദ് (അ) വിളിച്ചു പറഞ്ഞു;

ഹേ, സഹോദരന്മാരേ ഇത് അനുഗ്രഹത്തിന്റെ മേഘമല്ല. ശിക്ഷയുടെ മേഘമാണ്. ഇനിയെങ്കിലും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക ഞാൻ പറയുന്നത് വിശ്വസിക്കൂ.

ജനങ്ങൾ ആർത്തു ചിരിച്ചു പരിഹാസച്ചിരി.

ഹൂദ് നിന്റെ പോയത്തം ഇനിയും തീർന്നില്ലേ ? ഇതാ മഴ വർഷിക്കാൻ പോവുന്നു.

ഇല്ല, മഴ വീഴില്ല കൊടുങ്കാറ്റടിക്കും കൊടും ശിക്ഷ വരും നിങ്ങൾക്ക് തടുക്കാനാവില്ല.

അതൊക്കെ തടുക്കാൻ കരുത്തുള്ളവരാണ് ഞങ്ങൾ.

ഹൂദ് (അ)ന് അല്ലാഹുവിൽ നിന്ന് കൽപന വന്നു

വിശ്വാസികളെയും കൂട്ടി ഉടൻ സ്ഥലം വിടുക.

പിന്നെ വൈകിയില്ല ഹൂദ് (അ)തന്റെ അനുയായികളെയും കൂട്ടി നാട് വിട്ടുപോയി. കാർമേഘം തലക്കു മുകളിൽ നിൽക്കുന്നു. കാറ്റ് വീശി പരിചയമില്ലാത്ത കാറ്റ്. തടുത്തുനിർത്താനാവാത്ത കാറ്റ് എന്തും പറന്നുപോകും. എന്ത് ചെയ്യും? ജനങ്ങൾ പരിഭ്രാന്തരായി. ഓട്ടം തുടങ്ങി. ബലം കൂടിയ കെട്ടിടങ്ങൾ നോക്കി ഓടി. കന്നുകാലികളെ വൻ വൃക്ഷങ്ങളിൽ കെട്ടി. കുട്ടികളെ തൂണുകളിൽ മുറുക്കിക്കെട്ടി. അല്ലെങ്കിൽ പറന്നുപോവും. സ്ത്രീകളെ ഇരുമ്പു കൂടാരങ്ങളിൽ ഇരുത്തി ആ കൂടാരങ്ങൾ ഒട്ടകപ്പുറത്ത് ബന്ധിച്ചു ആജാനുഭാഹുക്കളായ മനുഷ്യർ കൈകോർത്തു പിടിച്ചു നിന്നു.

കാറ്റിന്റെ ശക്തി വർധിച്ചു.

കൈകോർത്തു പിടിച്ചു നിന്ന ആളുകളെ കാറ്റ് പറത്തിക്കൊണ്ടുപോയി.

വൻ മരങ്ങൾ വേരോടെ പിഴുതെറിയപ്പെട്ടു. ഒട്ടകങ്ങളും കൂടാരങ്ങളും പറന്നു കളിച്ചു. എവിടെയും കൂട്ട നിലവിളി. കാറ്റ് വീശിയടിച്ചു. വൻ കെട്ടിടങ്ങൾ തകർന്നുവീണു. മണൽക്കൂനുകൾ ഇടിഞ്ഞുവീണു. ഒരു ജനതയെ മണൽക്കുന്നുകൾ അടിച്ചു തകർത്തു കളഞ്ഞു. കാറ്റിനു ശമനമില്ല. ശക്തി കൂടിക്കൂടിവന്നു. ഏഴു രാത്രിയും എട്ടു പകലും തുടർച്ചയായി കാറ്റടിച്ചു. ആദുകാരുടെ നീണ്ട ശരീരങ്ങൾ ഇതാ വീണുകിടക്കുന്നു ഈത്തപ്പന മരം കടപുഴകി വീണതുപോലെ.

സൂറത്തുൽ ഖമറിൽ ഇങ്ങനെ കാണാം

'ആദ് ഗോത്രം വ്യാജമാക്കുകയുണ്ടായി എന്റെ ശിക്ഷകളും എന്റെ താക്കിതുകളും എങ്ങനെയായിത്തീർന്നു?(54:18)

'നാം അവരുടെ മേൽ മുറിഞ്ഞുപോവാതെ നിലനിൽക്കുന്ന ഒരു ദുശ്ശകുന ദിവസത്തിൽ,ഉഗ്രമായ ഒരു കാറ്റിനെ നാം അയച്ചു '(54:19)

'അത് മനുഷ്യരെ പറിച്ചെറിഞ്ഞുകൊണ്ടിരുന്നു അവർ കടപുഴകി വീണ ഈത്തപ്പന മരത്തിന്റെ മുരടുകളെന്നോണമായിരുന്നു '(54:20)

'അപ്പോൾ എന്റെ ശിക്ഷയും താക്കീതുകളും എങ്ങനെയായിത്തീർന്നു'(54:21)

അല്ലാഹുവിന്റെ താക്കീതുകൾ ഒരൽപവും തെറ്റാതെ വന്നു ഭവിച്ചു. ആദുകാരുടെ ശരീരബലം അവരെ സഹായിച്ചില്ല. കൊടുങ്കാറ്റ് വന്നപ്പോൾ അവർ ഇയ്യാം പാറ്റകളെപ്പോലെ പറന്നു നടന്നു. ഉയരമുള്ള മനുഷ്യന്മാർ തലങ്ങും വിലങ്ങും മരിച്ചു വീണു. കടപുഴകി വീണ ഈത്തപ്പന മരങ്ങൾപോലെ അഹങ്കാരത്തിന്റെ സ്തൂപങ്ങളുടെ അവശിഷ്ടങ്ങൾ അവരുടെ പ്രതാപത്തെയല്ല വിളിച്ചറിയിക്കുന്നത് അവരുടെ ബുദ്ധി ശൂന്യതയെ വിളിച്ചറിയിക്കുന്നു. ഇത്രയും അനുഗ്രഹങ്ങൾ ലഭിച്ചിട്ട് അവർക്കത് വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ ? നിർഭാഗ്യവാന്മാർ


വിളിച്ചുവരുത്തിയ ശിക്ഷ 



ശിക്ഷ കൊണ്ടുവരാൻ വേണ്ടി ആദ് സമൂഹം ഹൂദ് നബി (അ) നോട് നിർബന്ധം പിടിക്കുകയായിരുന്നു.

'നീ പറയുന്ന ശിക്ഷ പെട്ടെന്ന് കൊണ്ടുവാ ' അവർ വാശി പിടിച്ചു സംസാരിച്ചു

ഹൂദ് (അ) ശാന്തമായി ഉത്തരം നൽകി.

' വരും , ശിക്ഷ വരും കാത്തിരിക്കുക ഞാനും കാത്തിരിക്കുകയാണ്'

അവർക്ക് കാത്തിരിപ്പ് മടുത്തതുപോലെയായി

അങ്ങനെയാണ് ശിക്ഷ വന്നത് അപ്പോൾ ഹൂദ് (അ) പറഞ്ഞത് സത്യമാണെന്ന് ബോധ്യമായി.

സൂറത്ത് അഅ്റാഫിൽ ഇങ്ങനെ കാണാം: 'അവർ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും ഞങ്ങളുടെ പൂർവ്വപിതാക്കൾ ആരാധിച്ചുവന്നിരുന്ന വസ്തുക്കൾ ഞങ്ങൾ വിട്ടുകളയുവാനുമാണോ നീ ഞങ്ങളുടെ അടുക്കൽ വന്നിരിക്കുന്നത്? എന്നാൽ നീ സത്യവാദികളിൽ പെട്ടവനാണെങ്കിൽ ഞങ്ങളെ നീ ഭീഷണിപ്പെടുത്തുന്ന ആ ശിക്ഷ കൊണ്ടുവാ (ഞങ്ങളൊന്നു കാണട്ടെ) (7:70)

' അദ്ദേഹം പറഞ്ഞു : നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ശിക്ഷയും കോപവും നിങ്ങൾക്ക് സ്ഥിരപ്പെട്ടുകഴിഞ്ഞു നിങ്ങളും നിങ്ങളുടെ പൂർവ്വ പിതാക്കളും നൽകിയ ചില പേരുകളുടെ കാര്യത്തിൽ നിങ്ങൾ എന്നോട് തർക്കിക്കുന്നോ ? അത് സത്യമാണെന്നതിന് യാതൊരു തെളിവും അല്ലാഹു ഇറക്കിയിട്ടില്ല അതിനാൽ നിങ്ങൾ കാത്തിരുന്നുകൊള്ളുക ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരിൽ പെട്ടവനാകുന്നു (7:71)

'അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നമ്മുടെ അനുഗ്രഹം മൂലം നാം രക്ഷിച്ചു നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിച്ചവരുടെ മുരടുതന്നെ നാം മുറിച്ചു കളയുകയും ചെയ്തു അവർ വിശ്വസിക്കുന്നവരാകുമായിരുന്നില്ല '(7:72)

ഏഴ് രാത്രിയും എട്ടു പകലും വീശിയടിച്ച കാറ്റിൽ ആദ് സമൂഹം നശിച്ചു. നബിയും അനുയായികളും രക്ഷപ്പെട്ടു. പിൽക്കാല തലമുറകൾക്കെല്ലാം ആദിന്റെ നാശം വലിയ പാഠമാണ്. ധിക്കാരികൾ വിജയിക്കില്ല. കൽപന കേട്ടു നടന്ന സജ്ജനങ്ങളെ അല്ലാഹു രക്ഷപ്പെടുത്തി.

അറേബ്യയുടെ തെക്കൻ കടലോരപ്രദേശമാണ് അഹ്ഖാഫ്. പാറക്കുന്നുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന മണൽഭൂമി ആദിന്റെ കേന്ദ്രം എന്ന നിലയിൽ അഹ്ഖാഫ് അറിയപ്പെടുന്നു ശിക്ഷ ഇറങ്ങിയ ഭൂമി എന്ന നിലയിൽ ഭയപ്പെടുന്ന പേരാണത്.

വിശുദ്ധ ഖുർആനിൽ നാൽപത്തിആറാം അധ്യായത്തിന്റെ പേര് സൂറത്ത് അഹ്ഖാഫ് എന്നാകുന്നു.

ആ പേര് വായിക്കുമ്പോൾ തന്നെ ഒരു ഞെട്ടൽ ഉളവാകുന്നു അതിലെ ചില വചനങ്ങൾ കാണുക:

'ആദ് ഗോത്രത്തിന്റെ സഹോദരനെ (ഹൂദിനെ) ഓർക്കുക അതായത്, അഹ്ഖാഫിൽ വെച്ച് അദ്ദേഹം തന്റെ ജനതയെ താക്കീത് ചെയ്ത സന്ദർഭം അദ്ദേഹത്തിന്റെ മുമ്പും ശേഷവും പല താക്കീതുകൾ കഴിഞ്ഞുപോയിട്ടുണ്ട് നിങ്ങൾ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത് നിശ്ചയമായും ഞാൻ നിങ്ങളുടെ മേൽ വമ്പിച്ച ഒരു ദിവസത്തെ ശിക്ഷയെ ഭയപ്പെടുന്നു (എന്ന് ഹൂദ്(അ) മുന്നറിയിപ്പു നൽകി) (46:21)

'അവർ പറഞ്ഞു: ഞങ്ങളുടെ ഇലാഹുകളിൽ നിന്ന് (ആരാധ്യന്മാരിൽ നിന്ന്) ഞങ്ങളെ തിരിച്ചുവിടാൻ വേണ്ടി നീ ഞങ്ങളുടെ അടുക്കൽ വന്നിരിക്കുകയാണോ? എന്നാൽ നീ ഞങ്ങളോട് വാഗ്ദത്തം ചെയ്യുന്നത് (ശിക്ഷ) ഞങ്ങൾക്ക് കൊണ്ടുവന്നുതരിക നീ സത്യവാന്മാരിൽ പെട്ടവനാണെങ്കിൽ '(46: 22)

'അദ്ദേഹം പറഞ്ഞു: നിശ്ചയമായും അതിന്റെ അറിവ് അല്ലാഹുവിങ്കൽ മാത്രമാണ് ഞാൻ ഏതൊരു കാര്യവുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ, അക്കാര്യം നിങ്ങൾക്ക് എത്തിച്ചു തരികയാണ് പക്ഷെ വിഡ്ഢിത്തം ചെയ്യുന്ന ഒരു ജനതയായി നിങ്ങളെ ഞാൻ കാണുന്നു '(46:23)

' അങ്ങനെ അത് (ശിക്ഷ) തങ്ങളുടെ താഴ് വരകളെ അഭിമുഖീകരിച്ചുകൊണ്ട് , ഒരു മേഘമായിക്കണ്ടപ്പോൾ അവർ പറഞ്ഞു: ഇതാ നമുക്ക് മഴ നൽകുന്ന മേഘം (വന്നിരിക്കുന്നു)

അല്ല , നിങ്ങൾ യാതൊന്നിനെപ്പറ്റി ധൃതികൂട്ടിയോ അതാണത് വേദനയേറിയ ശിക്ഷ ഉൾക്കൊള്ളുന്ന ഭയാനകമായ കാറ്റ് ' (46:24)

'തന്റെ രക്ഷിതാവിന്റെ കൽപനയനുസരിച്ച് അത് എല്ലാ വസ്തുക്കളെയും തകർത്തുകളയും അങ്ങനെ അവർ തങ്ങളുടെ വാസസ്ഥലമല്ലാതെ മറ്റൊന്നും കാണപ്പെടാത്ത നിലയിലായിത്തീർന്നു കുറ്റവാളികളായ ജനതക്ക് അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു'(46:25)

സൂറത്ത് അഹ്ഖാഫിൽ ആദ് സമൂഹത്തിന് ലഭിച്ച വമ്പിച്ച ശിക്ഷയെക്കുറിച്ചു വിവരിച്ച കാര്യങ്ങളാണ് നാം കണ്ടത്.

അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങൾ കാറ്റ് വരുമ്പോൾ ആദിന് ലഭിച്ച ശിക്ഷയെക്കുറിച്ചോർത്ത് അസ്വസ്ഥനാകുമായിരുന്നു. മഴയുടെ മുന്നോടിയായി അന്തരീക്ഷം കറുത്തിരുണ്ട് വരുമ്പോൾ നബി (സ) പരിഭ്രമിക്കും. നിറമാറ്റം വരും അകത്തേക്കും പുറത്തേക്കും നടക്കും. മുമ്പോട്ടും പിന്നോട്ടും പോയും വന്നുകൊണ്ടിരിക്കും.

ഇതെന്തിന്റെ മേഘമാണ്? ശിക്ഷയുടെ മേഘമാണോ ? അനുഗ്രഹത്തിന്റെ മേഘമാണോ?

അങ്ങനെ മഴ പെയ്തു കഴിഞ്ഞാൽ നബി (സ)തങ്ങൾക്കാശ്വാസമായി വന്നത് അനുഗ്രഹത്തിന്റെ മേഘം തന്നെ

ആഇശ (റ) നിവേദനം ചെയ്യുന്നതിങ്ങനെയാകുന്നു.

ശക്തിയായ കാറ്റ് തുടങ്ങിയാൽ നബി (സ) ഇങ്ങനെ പ്രാർത്ഥിക്കുമായിരുന്നു :

(അല്ലാഹുവേ, ഇതിന്റെ ഗുണവും ഇതുൾക്കൊള്ളുന്നതിന്റെ ഗുണവും ഇത് അയക്കപ്പെട്ടതിലുള്ള ഗുണവും ഞാൻ നിന്നോട് ചോദിക്കുന്നു ഇതിന്റെ ദോഷത്തിൽ നിന്നും , ഇതുൾക്കൊള്ളുന്നതിന്റെ ദോഷത്തിൽ നിന്നും ഇത് അയക്കപ്പെട്ടതിലുള്ള ദോഷത്തിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു )

ആപൽ സൂചനകൾ കാണുമ്പോൾ ഭയപ്പെടുകയും അല്ലാഹുവിനോട് കാവൽ തേടി ദുആ ഇരക്കുകയും വേണം.

അന്ത്യപ്രവാചകരുടെ കാലത്തെ ബഹുദൈവ വിശ്വാസികൾ (മുശ്രിക്കുകൾ ) ആദ് സമൂഹത്തെപ്പോലെ മർക്കട മുഷ്ടി കാണിക്കുമായിരുന്നു. ശാരീരികവും സാമ്പത്തികവുമായ കഴിവുകളിൽ മക്കാ മുശ്രിക്കുകൾ ആദ് സമൂഹത്തെ അപേക്ഷിച്ചു വളരെ പിന്നിലായിരുന്നു. അക്കാര്യം മക്കാ മുശ്രിക്കുകളെ ഓർമ്മപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നു:

'നിങ്ങൾക്ക് നാം സൗകര്യം ചെയ്തു തന്നിട്ടില്ലാത്ത പലതിലും അവർക്ക് (ആദ് സമൂഹത്തിന് ) നാം സൗകര്യം ചെയ്തു കൊടുത്തു അവർക്ക് നാം കേൾവിയും കാഴ്ചയും ഹൃദയവും നൽകിയിരുന്നു എന്നിട്ട് , അവരുടെ കേൾവിയാകട്ടെ കാഴ്ചയാവട്ടെ ഹൃദയമാവട്ടെ അവർക്ക് ഒട്ടുംതന്നെ ഉപകരിച്ചില്ല അവർ അല്ലാഹുവിന്റെ ആയത്തുകളെ (ദൃഷ്ടാന്തങ്ങളെ) നിഷേധിച്ചുകൊണ്ടിരുന്നതിനാൽ (ഉപകരിച്ചില്ല) അവർ പരിഹസിച്ചുകൊണ്ടിരുന്നത് (ശിക്ഷ) അവരെ വലയം ചെയ്യുകയുമുണ്ടായി (46:26)

'നിശ്ചയമായും നിങ്ങളുടെ ചുറ്റുമുള്ള ചില നാടുകളെയും നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട് അവർ മടങ്ങേണ്ടതിന്നായി പല ദൃഷ്ടാന്തങ്ങളും വിവിധ രൂപത്തിൽ നാം വിവരിക്കുകയും ചെയ്തു '(46:27)

മക്കാ മുശ്രിക്കുകളെ അഭിമുഖീകരിച്ചുകൊണ്ടുള്ള ഒരു വചനമാണിത്. നിങ്ങളുടെ ചുറ്റുപാടുമുള്ള ചില രാജ്യങ്ങളെയും നശിപ്പിച്ചു എന്നാണ് പറഞ്ഞത് അവ ഏതൊക്കെയാണ്?

പ്രധാനപ്പെട്ട ചിലത് സൂചിപ്പിക്കാം.

ഒന്നാമത്തേത് ആദ് സമൂഹം തന്നെ അവർ താമസിച്ചിരുന്ന അഹ്ഖാഫ് പ്രദേശം ഹിജാസിന്റെ തെക്കു ഭാഗത്താകുന്നു.

നശിപ്പിക്കപ്പെട്ട മറ്റൊരു പ്രധാന വർഗം സമൂദ് ഗോത്രക്കാരാണ്. ഹിജാസിനും ശാമിനും ഇടയിലുള്ള ഹിജ്റിലായിരുന്നു അവരുടെ താമസം. സ്വാലിഹ് (അ)ന്റെ കൽപനകൾ ധിക്കരിച്ച് ശിക്ഷ വിളിച്ചു വരുത്തിയ വിഭാഗം.

ലൂത്വ് നബി (അ)ന്റെ ഉപദേശങ്ങൾ തള്ളിക്കളഞ്ഞ വിഭാഗമാണ് സദൂം ഗോത്രക്കാർ. സദൂം വിഭാഗം താമസിച്ചിരുന്നത് ഫലസ്തീനിലായിരുന്നു. അവരും ശിക്ഷ വിളിച്ചു വരുത്തുകയായിരുന്നു. യമനിലും മദ് യനിലും വസിച്ചിരുന്ന വിഭാഗമാണ് സബഅ് അവരും ശിക്ഷ വാങ്ങി.

ഈ വിഭാഗങ്ങളെക്കുറിച്ചെല്ലാം മക്കാ മുശ്രിക്കുകളോട് വിശുദ്ധ ഖുർആൻ സംസാരിച്ചു. അവർ നിങ്ങളെക്കാൾ ശക്തരായിരുന്നു. ആ ശക്തിയൊന്നും അല്ലാഹുവിന്റെ ശിക്ഷ വന്നപ്പോൾ ഫലം ചെയ്തില്ല. മക്കാ മുശ്രിക്കുകൾ അതിൽ നിന്ന് പാഠം പഠിക്കണം പോരാ.... അന്ത്യനാൾവരെയുള്ള എല്ലാ ധിക്കാരികളും പാഠം പഠിക്കണം


ഉത്ബത്ത് 

മക്കാ മുശ്രിക്കുകൾക്ക് താക്കീത് നൽകാൻ വേണ്ടി അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ (സ) തങ്ങളോട് അല്ലാഹു കല്പിച്ചു കഠിനമായ ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പ് നൽകുക.

ആദിനെയും സമൂദിനെയും ബാധിച്ചത് പോലുള്ള ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുക. ഇടിത്തീ (സാഇഖത്ത്) എന്ന പദമാണ് അല്ലാഹു ഉപയോഗിച്ചത്.

സൂറത്ത് ഹാമീം സജദയിൽ അത് കാണാം

'അവർ ശ്രദ്ധിക്കാതെ തിരിഞ്ഞു കളയുകയാണെങ്കിൽ (നബിയേ) പറയുക: ആദിന്റെയും സമൂദിന്റെയും ഇടിത്തീ (കഠിന ശിക്ഷ)യിനെപ്പോലെയുള്ള ഒരു ഇടിത്തീയിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു '(41:13)

ഈ വചനവുമായി ബന്ധമുള്ള പ്രസിദ്ധമായൊരു സംഭവം പറയാം.

ഇസ്ലാം മത പ്രബോധന പ്രവർത്തനങ്ങളിൽ നിന്ന് നബി (സ) തങ്ങളെ എങ്ങനെ പിന്തിരിപ്പിക്കാൻ കഴിയും? അതിനുള്ള മാർഗ്ഗമെന്ത്?

ഖുറൈശികൾ രഹസ്യമായി യോഗം ചേർന്ന് ചർച്ച നടത്തുകയാണ്

'ധാരാളം ധനം നൽകാം' ചിലർ അഭിപ്രായപ്പെട്ടു.

'നല്ല സുന്ദരിയെ ഭാര്യയാക്കി കൊടുക്കാം ' മറ്റൊരഭിപ്രായം. ഇതൊക്കെ അവൻ അംഗീകരിക്കുമോ? ചിലർക്കു സംശയം. വാചാലമായി സംസാരിക്കുന്ന ഒരാൾ പോവണം .ഈ കാര്യങ്ങൾ ആകർഷകമായി അവതരിപ്പിക്കണം. വേണ്ടത്ര ധനം നൽകാം. പത്ത് സുന്ദരികളെവരെ ഭാര്യമാരാക്കിക്കൊടുക്കാം. ഇതൊന്നു നിർത്തിക്കിട്ടിയാൽ മതി. ഇതൊക്കെ പറയാൻ ആര് പോകും? ഉത്ബത്തുബ്നു റബീഅഃ

എല്ലാവരും ആ പേര് അംഗീകരിച്ചു. എല്ലാവരുംകൂടി അദ്ദേഹത്തെ യാത്രയാക്കി. ഉത്ത്ബത്ത് ജാലവിദ്യക്കാരനാണ്. പ്രശ്നംവെക്കാനറിയാം കവിത ചൊല്ലും.

ഉത്ത്ബത്ത് വന്നു നബി (സ)യെ കണ്ടു ഉത്ത്ബത്തിന്റെ മുഖം ശ്രദ്ധിച്ചു വരവ് അത്ര പന്തിയല്ല.

മുഹമ്മദേ നീയോ നിന്റെ പിതാവായ അബ്ദുല്ലയോ ആരാണ് കൂടുതൽ ഉത്തമൻ?

നബി (സ) ഒന്നും പറഞ്ഞില്ല.

നീയോ നിന്റെ പിതാമഹനായ അബ്ദുൽ മുത്തലിബോ ഉന്നതൻ?

നബി (സ) മറുപടി പറഞ്ഞില്ല.

അവരൊക്കെ നിന്നെക്കാൾ ഉത്തമരായിരുന്നെങ്കിൽ അവരൊക്കെ ഞങ്ങളുടെ മതത്തിന്റെ ആളുകളായിരുന്നു.

ഈ ജനതയിൽ നിന്നെക്കാൾ ലക്ഷണംകെട്ട ഒരാളുമില്ല. നീ ഞങ്ങളുടെ ഐക്യം തകർത്തു. ഞങ്ങളുടെ കാര്യങ്ങൾ നീ താറുമാറാക്കി. മതത്തെ കുറ്റപ്പെടുത്തി. അറബികളുടെ മുമ്പിൽ ഞങ്ങളെ അപമാനിച്ചു. ഹേ.... മനുഷ്യാ.....നിനക്ക് ധനം ആവശ്യമാണോ? പറയൂ .....ഞങ്ങൾ ധനം ശേഖരിച്ചു നിന്നെ ധനികനാക്കിത്തരാം. നീ ഇഷ്ടപ്പെടുന്ന യുവതിയെ വിവാഹം ചെയ്തുതരാം വേണമെങ്കിൽ പത്തുപേരെ വിവാഹം ചെയ്തു തരാം

നബി (സ) ചോദിച്ചു: താങ്കൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞുവോ?

ശരി പറഞ്ഞു കഴിഞ്ഞു

എന്നാൽ ഇനി ഞാൻ പറയാം കേട്ടോളൂ

ഉത്ത്ബത്ത് ശ്രദ്ധയോടെ കേട്ടു

വിശുദ്ധ ഖുർആനിലെ നാല്പത്തി ഒന്നാം അധ്യായം ആ സൂറത്തിന് രണ്ടു പേരുണ്ട് സൂറത്ത് ഫുസ്വിലത്ത് ,സൂറത്ത് ഹാമീം സജദഃ
ബിസ്മി മുതൽ പതിമൂന്നാം വചനം വരെ ഓതി ഓരോ പദവും ഉത്തബത്തിന്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിപ്പോയി മനസ്സിൽ വല്ലാത്ത ചലനം.

ബിസ്മില്ലാഹി റഹ്മാനി റഹീം

ഹാമീം....

തൻസീലു മ്മിന റഹ്മാനി റഹീം




ഓരോ വചനങ്ങൾ മനസ്സിലേക്കിറങ്ങുമ്പോൾ ഉത്ത്ബത്ത് പുളയുകയാണ്. ഇപ്പോൾ പതിമൂന്നാം വചനം ഓതുകയാണ് കേട്ട് സഹിക്കാനാവുന്നില്ല.

അല്ലാഹു മുഹമ്മദ് നബി (സ) തങ്ങൾക്ക് വിശുദ്ധ ഖുർആൻ ഇറക്കി. അത് ശ്രദ്ധിക്കാതെ തിരിഞ്ഞു കളയുന്നവരുടെ അവസ്ഥയാണ് പറയുന്നത്. താനും അത്തരക്കാരിൽ ഒരാളാണല്ലോ എന്നാണ് ഉത്ത്ബത്ത് ചിന്തിച്ചത്.

എന്തൊക്കെയാണ് താൻ കേട്ടത്? മനസ്സിനെ ഇളക്കിമറിച്ച വചനങ്ങൾ ഏതൊക്കെയാണ്?

ഈ ഖുർആൻ

കരുണാനിധിയും പരമ കാരുണികനുമായ അല്ലാഹുവിങ്കൽ നിന്ന് അവതരിച്ചത്.

അറബി ഭാഷയിലുള്ള ഖുർആൻ.

ബോധമുള്ള ജനതക്കുവേണ്ടി വിശദീകരണമുള്ള ഗ്രന്ഥം സന്തോഷവാർത്ത അറിയിക്കുന്നതും താക്കീത് നൽകുന്നതുമായ ഗ്രന്ഥം. അധികമാളുകളും പിന്തിരിഞ്ഞു കളഞ്ഞു. ഓരോ വചനം കഴിയുംതോറും ഉത്ത്ബത്ത് തളരുകയാണ്.

ഇപ്പോഴിതാ പതിമൂന്നാം വചനം

വിശുദ്ധ ഖുർആൻ ശ്രദ്ധിക്കാതെ തിരിഞ്ഞു പോവുന്നവർക്ക് ആദിനെയും സമൂദിനെയും ബാധിച്ച ഘോര ശിക്ഷ ബാധിക്കുന്നതാണ്.

ഉത്ത്ബത്ത് ചാടിയെണീറ്റു നബി (സ)യുടെ വായ പൊത്തിപ്പിടിച്ചു മതി...മതി... ഇനി പാരായണം വേണ്ട സഹിക്കാൻ വയ്യ.

ഇത് ദൈവിക വചനങ്ങൾ തന്നെ. ഇത് മാരണമല്ല ,കവിതയല്ല ഉത്ബത്തിന്റെ മുഖഭാവം മാറുന്നത് നബി (സ) വ്യക്തമായി കണ്ടു, കൈകൾ പിന്നോട്ട് കെട്ടി നിന്ന് എല്ലാ വചനങ്ങളും ശ്രദ്ധയോടെ കേട്ടിട്ടുണ്ട്.

ഉത്ബത്ത് ഖുറൈശികളുടെ സദസ്സിലേക്ക് പോയില്ല. വീട്ടിലേക്കാണ് നടന്നത് വീട്ടിലെത്തി കാതിൽ ഖുർആൻ വചനങ്ങളുടെ സുന്ദര ശബ്ദം പ്രതിധ്വനിക്കുന്നു.

ഖുറൈശികൾ കാത്തിരുന്നു മടുത്തു അബൂജഹൽ മറ്റു നേതാക്കന്മാർ ഉത്ബത്തിന്റെ വീട്ടിലെത്തി.

ഉത്ബത്ത് അവരോടിങ്ങനെ പറഞ്ഞു:

മുഹമ്മദ് ചിലതെല്ലാം പാരായണം ചെയ്തു. ഞാനത് കേട്ടു. അത് മാരണമല്ല ജാലവിദ്യയല്ല അതുപോലുള്ളത് ഞാനിതുവരെ കേട്ടിട്ടേയില്ല. അവസാനം ആദ് -സമൂദ് ഗോത്രങ്ങൾക്ക് ലഭിച്ചതു പോലുള്ള ശിക്ഷ നമുക്കും ലഭിക്കുമെന്ന് താക്കീത് നൽകി. അപ്പോൾ ഞാനവന്റെ വായ മൂടിപ്പിടിച്ചു പാരായണം നിർത്താൻ പറഞ്ഞു അങ്ങനെയാണ് നിർത്തിയത്.

മുഹമ്മദ് കളവ് പറയില്ല നിങ്ങൾക്കത് നന്നായറിയാമല്ലോ നമുക്ക് വല്ല ശിക്ഷയും ബാധിക്കുമോ എന്നാണെന്റെ ഭയം.

മുഹമ്മദിനെ നിങ്ങൾ വെറുതെ വിട്ടേക്കുക അവന്റെ കാര്യത്തിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്.

അവന്റെ ഭാവി ശോഭനമാണ് ഭാവിയിൽ അവൻ പ്രതാപശാലിയായി മാറിയാൽ ആ പ്രതാപം നമുക്കും കൂടിയുള്ളതാണെന്ന് കരുതാം.

ആദിനും സമൂദിനും ലഭിച്ച കഠിനമായ ശിക്ഷയെക്കുറിച്ചുള്ള വചനമാണ് ഉത്ത്ബത്തിനെക്കൊണ്ട് ഇത്രയൊക്കെ പറയിച്ചത്.

ആദിന് കിട്ടിയ ശിക്ഷയെക്കുറിച്ച് ഇതേ അധ്യായത്തിൽ ഇങ്ങനെ പറയുന്നു:

അതിനാൽ , ദുശ്ശകുനം പിടിച്ച ചില ദിവസങ്ങൾ നാം അവരിൽ ഉഗ്രമായ ഒരു കാറ്റിനെ അയച്ചു ഐഹിക ജീവിതത്തിൽ തന്നെ അവർക്കു അപമാനത്തിന്റെ ശിക്ഷ ആസ്വദിപ്പിക്കാൻ വേണ്ടിയായിരുന്നു പരലോക ശിക്ഷയാവട്ടെ കൂടുതൽ അപമാനകരവും അവർ സഹായിക്കപ്പെടുകയുമില്ല' (41:16)

വിശുദ്ധ ഖുർആനിലെ അറുപത്തി ഒമ്പതാമത്തെ സൂറത്തിന്റെ പേര് അൽ-ഹാഖ്ഖ എന്നാകുന്നു

അൽ ഹാഖ്ഖ എന്ന പദത്തിന്റെ അർഥം യഥാർത്ഥ സംഭവം എന്നാകുന്നു ഖിയമം നാളിലെ സംഭവങ്ങളാണുദ്ദേശ്യം

അൽ ഹാഖ്ഖ (69:1)

മൽ ഹാഖ്ഖ

(യഥാർത്ഥ സംഭവമെന്നാലെന്താണ്?)(69:2)

വമാ അദ്റാക മൽ ഹാഖ്ഖ

യഥാർത്ഥ സംഭവം എന്താണെന്ന് നിനക്കെന്തറിയാം ? (69:3)

സമൂദും ആദും ആ ഭയങ്കര സംഭവത്തെ വ്യാജമാക്കി (69:4)

എന്നാൽ സമൂദ് ഗോത്രമാകട്ടെ അതിര് കവിഞ്ഞ സംഭവം കൊണ്ട് നശിപ്പിക്കപ്പെട്ട് (69:5)

ആദ് ഗോത്രമോ ഊക്കേറിയ ഒരു കാറ്റ് കൊണ്ടും നശിപ്പിക്കപ്പെട്ടു (69:6)

ഏഴ് രാത്രിയും എട്ട് പകലും തുടർച്ചയായി അവരിൽ അതിനെ അല്ലാഹു നിയോഗിച്ചു

അപ്പോൾ ആ ജനതയെ കട പുഴകി വീണ ഈത്തപ്പനത്തടികളെന്നപോലെ അതിൽ വീണുകിടക്കുന്നവരായി നിനക്ക് കാണാമായിരുന്നു (69:7)

ഇനി അവരുടെ വല്ല അവശിഷ്ടവും നീ കാണുന്നുണ്ടോ? (ഒന്നുമില്ല)(69:8)

ആദ് സമൂഹത്തെ നശിപ്പിച്ച കാറ്റിന്റെ ശക്തിയെക്കുറിച്ച് വർണിക്കാനാവില്ല. ഖബറുകളിലുണ്ടായിരുന്ന മൃതദേഹങ്ങളപ്പോലും കാറ്റ് പുറത്തെടുത്തു പറത്തിക്കളഞ്ഞു.

ആളുകളെ കൈ കൊട്ടി വിളിക്കുന്ന സമ്പ്രദായം നടപ്പിൽ വന്നത് ആദ് സമുദായത്തിലായിരുന്നു. ഒരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ഒരു സ്ത്രീ മേഘത്തിലേക്കു നോക്കി മേഘത്തിൽ നിന്ന് തീപ്പൊരി പറക്കുന്നത് കണ്ടു. അവർ കൈകൊട്ടി ആളുകളെ വിളിച്ചു കൂട്ടി സംഭവം പറഞ്ഞു.

'ജനങ്ങളേ ഞാൻ മേഘത്തിൽ നിന്ന് തീ പറക്കുന്നത് കണ്ടു ഹൂദ് താക്കീത് നൽകിയ ശിക്ഷയാണിത് നബിയുടെ നേരെ ഓടിച്ചെല്ലൂ പാപമോചനത്തിന് തേടൂ....

ഈ ശിക്ഷയിൽ നിന്ന് മോചനം നൽകാൻ ഹൂദ് നബിയുടെ പ്രാർത്ഥന കൊണ്ടേ കഴിയുകയുള്ളൂ.

ആദുകാർക്ക് കോപം വന്നു അവർ കോപത്തോടെ വിളിച്ചു പറഞ്ഞു: ആ സ്ത്രീക്ക് ഭ്രാന്താണ്?.

വാസ്തവത്തിൽ സ്ത്രീ പറഞ്ഞത് സത്യമായിരുന്നു.

സൂറത്തുദ്ദാരിയാത്തിൽ ഇങ്ങനെ കാണാം

'ആദ് സമുദായത്തിലുമുണ്ട് (ദൃഷ്ടാന്തം) അവരുടെ മേൽ ഒട്ടും ഗുണകരമല്ലാത്ത കാറ്റ് നാം അയച്ച സന്ദർഭം' (51:41)

'അത് ഏതൊരു സാധനത്തിന്മേൽ ചെന്നെത്തിയാലും അതിനെതുരുമ്പുപോലെ ആക്കാതെ വിട്ടുകളഞ്ഞിരുന്നില്ല' (51:42)

രൗദ്രഭാവമുള്ള കൊടുങ്കാറ്റാണ് ആദിലേക്ക് അടിച്ചുവീശി വന്നത്. ശക്തരായ മനുഷ്യന്മാർ കാലിടറി വീണു. കല്ലുകളും ചരലുകളും പറന്നുയരുന്നു. നിലത്തു വീണ മനുഷ്യരെ കാറ്റ് പൊക്കിയെടുത്തു. മൂർദ്ധാവ് ഭൂമിയിൽ തട്ടുന്ന വിധത്തിൽ തൂക്കിയടിച്ചു. അടിയുടെ ശക്തിയിൽ തല പൊട്ടിച്ചിതറി. തലച്ചോർ ചിതറിവീണു .വീണ്ടും കാറ്റ് ശരീരത്തെ പൊക്കിയടിക്കും എത്ര കഠിനമായ ശിക്ഷ തലയില്ലാത്ത ശവശരീരങ്ങൾ.


കാരുണ്യം


പ്രമുഖ സ്വഹാബിയായ അബൂദ്ദർദാഅ്(റ)വിൽ നിന്ന് സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ശാം പ്രദേശം ഇസ്ലാമിനു കീഴടങ്ങിയ കാലം നബി (സ) തങ്ങൾ വഫാത്തായി വർഷങ്ങൾക്കു ശേഷം നടന്ന സംഭവമാണ്.

ശാം സമ്പൽസമൃദ്ധമായ പ്രദേശമാണ് ആ പ്രദേശം അധീനമായതോടെ കണക്കില്ലാത്ത സമ്പത്താണ് മുസ്ലിംകൾക്കു ലഭിച്ചത്.

ക്രൈസ്തവരുടെ അധീനതയിലുള്ള വമ്പിച്ച കൃഷിസ്ഥലങ്ങളും തോപ്പുകളും അവർ കണ്ടു. വമ്പിച്ച കെട്ടിടങ്ങൾ കണ്ടു ഇതു പോലെയുള്ളത് തങ്ങൾക്കും ഉണ്ടായാൽ കൊള്ളാമെന്നവരിൽ ചിലർക്കാഗ്രഹമുണ്ടായി.

ഡമസ്ക്കസാണ് ഭരണാധികാരിയുടെ തലസ്ഥാനം ഡമസ്ക്കസിന്റെ പരിസര പ്രദേശങ്ങളിൽ മുസ്ലിംകൾ കൂറ്റൻ കെട്ടിടങ്ങൾ പണിതുയർത്തി. മുസ്ലിംകളുടെ ശ്രദ്ധയും ചിന്തയും ആ കെട്ടിടങ്ങളിലേക്ക് ആകർഷികപ്പെട്ടു. പൂന്തോട്ടങ്ങളും തോപ്പുകളും നിർമ്മിക്കപ്പെട്ടു. ഭൗതിക നേട്ടങ്ങളിൽ ജനങ്ങൾ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നത് സ്വഹാബിവര്യനായ അബൂദ്ദർദാഅ് (റ) കണ്ടു. മനസ്സ് വേദനിച്ചു ജനങ്ങളോട് ഇതിനെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം തീരുമാനിച്ചു.

ഡമസ്ക്കസിലെ മസ്ജിദിൽ മുസ്ലിംകൾ തിങ്ങിനിറഞ്ഞു. സ്വഹാബിയായ അബൂദ്ദർദാഅ് പ്രസംഗിക്കാൻ പോവുന്നു എന്നറിഞ്ഞ് എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.

അബൂദ്ദർദാഅ്(റ) പ്രസംഗം തുടങ്ങി ഗൗരവം തുടിച്ചുനിൽക്കുന്ന വാക്കുകൾ ഓരോ വാക്കും കേൾവിക്കാരുടെ മനസ്സിന്റെ അടിത്തട്ടിലേക്ക് താഴ്ന്നിറങ്ങിപ്പോവുന്നു .എക്കാലത്തേക്കുമുള്ള വാക്കുകളാണ് ഒഴുകിവരുന്നത് ഓരോ മുസ്ലിമും ആ വാക്കുകൾ ശ്രദ്ധിക്കണം.

സഹോദരന്മാരേ, നിങ്ങൾ പൂർവ്വികന്മാരുടെ ചര്യകൾ മറക്കരുത്. മറന്നാൽ പിന്നെ നാശമാണ്. തിന്നു തീർക്കാൻ കഴിയാത്തത്ര ധാന്യമാണ് നിങ്ങൾ ശേഖരിച്ചു വെക്കുന്നത്. വരുംനാളുകളിലേക്ക് വേണ്ടി നിങ്ങൾ വലിയ അളവിൽ ശേഖരണം നടത്തുന്നു.

നിങ്ങൾ വാരിവലിച്ചു ഭക്ഷിക്കുന്നു. സ്വാദേറിയ ആഹാരമാണ് നിങ്ങൾക്കിഷ്ടം. ദഹനേന്ദ്രിയങ്ങളെ വിഷമിപ്പിക്കുന്നത്രയാണ് തിന്ന് തീർക്കുന്നത് ഇതല്ല നമ്മുടെ പാരമ്പര്യം.

പടുകൂറ്റൻ ഭവനങ്ങളാണ് നിങ്ങൾ പണിയുന്നത്. നിങ്ങൾക്കതിൽ ദീർഘകാലം താമസിക്കാൻ മോഹമുണ്ട്. ആഗ്രഹിക്കുന്നത്ര കാലം അതിൽ താമസിക്കാൻ കഴിയുമെന്ന് വല്ല ഉറപ്പും കിട്ടിയിട്ടുണ്ടോ? നിങ്ങൾക്ക് മുമ്പ് പല ജനവിഭാഗങ്ങൾ ഇവിടെ കടന്നുപോയിട്ടുണ്ട്. അവർ വളരെയേറെ ധാന്യം സംഭരിച്ചുവെച്ചു. അവർക്കത് തിന്നു തീർക്കാൻ കഴിഞ്ഞില്ല.

പടുകൂറ്റൻ ഭവനങ്ങൾ പണിതുയർത്തി. കൊതി തീരുംവരെ അതിൽ താമസിക്കാനായില്ല. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്നുപോയി. അല്ലാഹു അവരെ കശക്കിയെറിഞ്ഞുകളഞ്ഞു അല്ലാഹുവിനെ അനുസരിക്കാൻ കൂട്ടാക്കാത്ത ആദ് സമൂഹത്തെക്കുറിച്ച് ചിന്തിക്കൂ.

എത്രയെത്ര മണമന്ദിരങ്ങളാണവർ പണിതുയർത്തിയത്. അവരുടെ പ്രവാചകൻ ഹൂദ് (അ) ന്റെ വാക്കുകൾ അവർ പരിഹസിച്ചുതള്ളി.

അവർ ശക്തരായിരുന്നു. ആ ശക്തിയിൽ അവർ അഹങ്കരിച്ചു. ഏഡന്റെയും അമ്മാനിന്റെയും ഇടയിലുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്ന മുഴുവൻ കാലാൾപ്പടയും അശ്വഭടന്മാരും ആദ് സമൂഹത്തിന്റെ വകയായിരുന്നു. കൊടുങ്കാറ്റു വന്നപ്പോൾ അവർക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞോ? തകർന്നു തരിപ്പണമായിപ്പോയില്ലേ?

സമ്പൽ സമൃദ്ധമായ അഹ്ഖാഫ് വിജനമായ മരുഭൂമിയായി മാറിയില്ലേ? പണ്ടവിടെ ജനവാസമുണ്ടായിരുന്നോ. എന്ന് സംശയിക്കുംവിധം അത് മാറിപ്പോയില്ലേ.

ഭൗതിക സുഖങ്ങളെയും സൗകര്യങ്ങളെയും സമീപിക്കുമ്പോൾ ഇതൊക്കെ ഓർക്കണം മറക്കരുത്.

ജനങ്ങൾ പ്രസംഗം കേട്ട് ഞെട്ടിപ്പോയി കണ്ണീരൊഴുക്കി. ആദ് സമൂഹത്തിന്റെ ചരിത്രത്തിൽ നമുക്ക് മഹത്തായ പാഠമുണ്ട്. നാം അവരുടെ ചരിത്രം അവഗണിച്ചുതള്ളരുത്. നന്നായി പഠിക്കണം സൂക്ഷ്മതയോടെ നിരീക്ഷണം നടത്തണം. ആദിന്റെ സ്വഭാവം നമ്മളിലുണ്ടോ എന്നു നോക്കണം ഉണ്ടെങ്കിൽ തിരുത്തണം.

അല്ലാഹു നമ്മെ ഓർമ്മപ്പെടുത്തുന്നതിങ്ങനെയാണ്

അങ്ങനെ അവർ (ആദ് സമൂഹം) അദ്ദേഹത്തെ (ഹൂദിനെ) നിഷേധിച്ചു അപ്പോൾ അവരെ നാം നശിപ്പിച്ചു നിശ്ചയമായും അതിൽ വലിയ ദൃഷ്ടാന്തമുണ്ട് പക്ഷെ അവരിലധികമാളുകളും വിശ്വസിക്കുന്നവരായിട്ടില്ല '(26:139)

തെറ്റുകൾ മനസ്സിലാക്കണം. പശ്ചാത്തപിച്ചു മടങ്ങണം. അപ്പോൾ അല്ലാഹു പശ്ചാത്താപം സ്വീകരിക്കും. പാപങ്ങൾ നീക്കും കരുണ ചൊരിയും അടിമകൾക്ക് വല്ലാതെ കരുണ ചെയ്യുന്നവനാണ് അല്ലാഹു.

ആദിന്റെ ചരിത്രം വിവരിച്ചശേഷം അല്ലാഹു ഇങ്ങനെ പറഞ്ഞു :

'നിശ്ചയമായും താങ്കളുടെ റബ്ബ് പ്രതാപവാനും പരമകാരുണികനും തന്നെയാകുന്നു'(26:140)

സമൂദ് വർഗ്ഗത്തിന്റെ ചരിത്രം പറഞ്ഞുതീരുമ്പോഴും അല്ലാഹു ഇങ്ങനെ തന്നെയാണ് പറയുന്നത്.

'താങ്കളുടെ റബ്ബ് പ്രതാപവാനും പരമകാരുണികനും തന്നെയാണ് '(26:159)

ലൂത്വ് നബി (അ) ന്റെ സമൂഹവും ധിക്കാരം കാണിച്ചു അവരും ശിക്ഷ ഏറ്റുവാങ്ങുകയായിരുന്നു അവരുടെ ചരിത്രം പറഞ്ഞവസാനിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു.

'നിശ്ചയമായും താങ്കളുടെ റബ്ബ് പ്രതാപവാനും പരമകാരുണികനുമാണ് '(26:175)

ഐക്കത്ത്കാർ അവരുടെ പ്രവാചകനായ ശുഐബ് നബി (അ)നെ നിഷേധിച്ചു അവരും അവസാനം ശിക്ഷ ഏറ്റുവാങ്ങി അവരുടെ ചരിത്രം പറഞ്ഞവസാനിപ്പിച്ചുകൊണ്ട് അല്ലാഹു നമ്മെ അറിയിക്കുന്നതിങ്ങനെയാണ്

'താങ്കളുടെ റബ്ബ് പ്രതാപവാനും പരമ കാരുണികനുമാണ് '(26:191)

വിശ്വാസികൾക്ക് ഏത് കാലഘട്ടത്തിലും അല്ലാഹുവിന്റെ കരുണ ലഭിക്കും പ്രതാപവാനായ റബ്ബിൽ നിന്ന് അതുതന്നെയാണ് പ്രതീക്ഷിക്കാനുള്ളത്.


ധിക്കാരിയായ ശദ്ദാദ്


അലറിവിളിക്കുന്ന കടൽ. കപ്പൽ ആടി ഉലയുകയാണ്. തിരമാലകൾ കപ്പലിനെ എടുത്തടിക്കുന്നു. അടുത്ത നിമിഷം അത് സംഭവിച്ചു. കപ്പൽ തകർന്നു തരിപ്പണമായി ചിന്നിച്ചിതറി കടലിൽ പരന്നു. ഒരു പലക അതിൽ ഒരു തള്ളയും കുഞ്ഞും ശിശുവിനെ രക്ഷിക്കാൻ വെപ്രാളപ്പെടുന്ന മാതാവ് പലക തിരമാലകൾക്കൊപ്പം ഉയരുകയും താഴുകയും ചെയ്തു കൊണ്ടിരുന്നു.

അപ്പോൾ അല്ലാഹുവിന്റെ കൽപന വരുന്നു മലക്കുൽ മൗത്ത് അസ്റാഈൽ(അ) കൽപന കേൾക്കുന്നു കടലിലെ പലകയിൽ പിടിച്ചു കിടക്കുന്ന മാതാവിന്റെ റൂഹിനെ പിടിക്കുക.

അസ്റാഈൽ(അ) നിശ്ചിത സ്ഥലത്തെത്തി. കൽപന നടത്തണം എങ്കിലും ഒരു നിമിഷം വല്ലാത്തൊരു ചിന്ത ഇളകി മറിയുന്ന കടൽ തകർന്നു പോയ കപ്പൽ പലകയിൽ പിടിച്ചു തൂങ്ങിക്കിടക്കുന്ന മാതാവ് കൂടെ ഒരു ശിശു ഈ അവസ്ഥയിൽ മതാവിന്റെ റൂഹിനെ പിടിക്കുക. കൽപന അനുസരിക്കുക. അതാണ് മലക്കിന്റെ ജോലി. റൂഹിനെ പിടിച്ചു മലക്ക് യാത്രയായി.

ഇനിയെല്ലാം റബ്ബ് നോക്കിക്കൊള്ളും. കാറ്റടിച്ചു പലക നീങ്ങി എത്രനേരം പലക കടലിൽ സഞ്ചരിച്ചു വെന്ന് അല്ലാഹുവിന്നറിയാം. ഒരു പക്ഷെ അത് ദിവസങ്ങളാവാം പലക കരക്കണഞ്ഞു ആളുകൾ പലക കരക്കു കയറ്റി കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടിരുന്നില്ല. ഒരു പ്രമാണി കുഞ്ഞിനെ ഏറ്റെടുത്തു. വലിയ വീട്ടിൽ ആഢംബരം നിറഞ്ഞ സാഹചര്യത്തിൽ കുട്ടി വളർന്നു വന്നു.

പ്രമാണിമാരുടെ മക്കളിൽ പലർക്കും കാണാറുള്ള അഹങ്കാരം ഈ കുട്ടിയിലും കാണപ്പെട്ടു. സദുപദേശങ്ങൾ നൽകിയും പ്രായത്തിനനുസരിച്ചു ലഭിക്കേണ്ട ശിക്ഷണം നൽകിയും കുട്ടിയുടെ സ്വഭാവം നന്നാക്കിത്തീർക്കാൻ ആരും ശ്രമിച്ചതുമില്ല.

സുമുഖനും ആരോഗ്യവാനുമായ ചെറുപ്പക്കാരൻ എല്ലാവരുടെയും ആകർഷണ കേന്ദ്രമായിത്തീർന്നു. കൂട്ടുകാർ എപ്പോഴും ചുറ്റും കാണും. എല്ലാവരുടെയും ഇഷ്ട നേതാവായിത്തീർന്നു പ്രമാണിയുടെ വളർത്തു പുത്രൻ.

വളർത്തു പുത്രൻ ബുദ്ധിമാനാണ്, പ്രമാണിയും ,വളർത്തു പുത്രനും സഹകരിച്ചു പ്രവർത്തിച്ചു, ധാരാളം ധനം സമ്പാദിക്കണം അതാണ് ലക്ഷ്യം, അതിന് പല കുറുക്കുവഴികളും തേടി, സ്വർണ്ണം സംഭരിച്ചു കൂട്ടിക്കൂട്ടി വെച്ചു, ഗ്രാമത്തിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറി, ആളുകൾ അവരെ അനുസരിച്ചു ജീവിച്ചു, ആഢംബരപൂർണമായ ജീവിതം ഈ വളർത്തു പുത്രനാണ് ശദ്ദാദ് ആദ് സമൂഹത്തിലെ ശദ്ദാദ്.

നല്ല മനുഷ്യരുടെ ഉപദേശങ്ങൾ ശദ്ദാദ് പലയിടത്തുവെച്ചും കേട്ടിട്ടുണ്ട്. പക്ഷെ, അവർ പറയുന്നതൊന്നും അനുസരിക്കാൻ തയ്യാറായില്ല. ധിക്കാരിയായി വളർന്നു .പിൽക്കാലത്ത് അന്നാട്ടിലെ രാജാവായിത്തീർന്നു ധാരാളം പട്ടാളക്കാർ സേവകന്മാർ വമ്പിച്ച ധനം ഇവയെല്ലാം ശദ്ദാദിന്റെ ധിക്കാരം വർദ്ധിപ്പിച്ചു. സജ്ജനങ്ങൾക്ക് അന്ത്യനാളിൽ സ്വർഗപ്രവേശനം ലഭിക്കും ഞാനിവിടെത്തന്നെ സ്വർഗം പണിതാലോ?

ശദ്ദാദ് ഭൂമിയിൽ സ്വർഗം പണിയാൻ തീരുമാനിച്ചു. സ്വർഗത്തിലെ സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തുക ശദ്ദാദിന്റെ തീരുമാനം പുറത്തുവന്നു.

മതവിശ്വാസികൾ എതിർത്തുനോക്കി വിജയിച്ചില്ല. പ്രോത്സാഹിപ്പിക്കാൻ ഒരുപാടാളുകൾ വലിയൊരു കൊട്ടാരം പണിയുക അതിനകത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കുക അതായിരുന്നു പ്ലാൻ. പറ്റിയ സ്ഥലം കണ്ടെത്തണം. അതാണ് ആദ്യം വേണ്ടത്. ഏഡൻ പ്രദേശത്തോട് ചേർന്നുള്ള വിശാലമായ സ്ഥലം അത് കൊട്ടാര നിർമ്മാണത്തിനായി തിരഞ്ഞെടുത്തു. ഹൂദ് നബി (അ) ന്റെ ഉപദേശങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ശദ്ദാദ് മുമ്പോട്ടു പോവുന്നത്.

നിപുണരായ തൊഴിലാളികളെ കണ്ടെത്തണം. അതിനുവേണ്ടി ദൂതന്മാരെ ലോകത്തിന്റെ നാനാഭാഗത്തേക്കും അയച്ചു. ദൂതന്മാർ ആയിരക്കണക്കായ വിദഗ്ധന്മാരെയാണ് ഏഡനിൽ എത്തിച്ചത്.




വമ്പിച്ച അളവിൽ സ്വർണം വേണം അതിന് വേണ്ടി സ്വർണഖനികൾ തന്നെ കണ്ടെത്തണം. വെള്ളിയും കണ്ടെത്തണം. പിന്നെ വേണ്ടത് രത്നങ്ങളാണ്. വിലപിടിപ്പുള്ള എല്ലാതരം രത്നങ്ങളും ശേഖരിക്കണം. വിവിധ തരത്തിലും വർണത്തിലുമുള്ള മുത്തുകൾ. നീണ്ടകാലത്തെ കഠിനാധ്വാനം വേണ്ടതെല്ലാം ശേഖരിച്ചു കഴിഞ്ഞു. ചുറ്റുമതിലിന്റെ പണി തുടങ്ങുകയാണ്. ആഴത്തിൽ തറ കീറി. അടിസ്ഥാനം ഭദ്രമാക്കണം. ശക്തമായ അടിത്തറയിൽ മതിലുകൾ കെട്ടി ഉയർത്തി. ഭീമാകാരമുള്ള വാതിലുകൾ, അതിൽ അതിഗംഭീരമായ കൊത്തുപണികൾ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൾ നിർമ്മിച്ചു.

'ഭൂമിയിൽ ഒരാൾക്കും നിർമ്മിക്കാൻ കഴിയാത്തത്ര ശക്തമായ കൊട്ടാരമാണ് ഞാനിവിടെ നിർമ്മിക്കാൻ പോവുന്നത്. ഞാനാണ് ശക്തൻ എന്നെക്കാൾ വലിയൊരു ശക്തൻ ഇല്ലെന്ന് നിങ്ങൾ മനസ്സിലാക്കാൻ പോവുകയാണ് '

ശദ്ദാദിന്റെ പ്രഖ്യാപനം

അഹങ്കാരികൾ ആഹ്ലാദപൂർവ്വം അത് സ്വാഗതം ചെയ്തു അടങ്ങിയൊതുങ്ങി ജീവിക്കുന്ന സത്യവിശ്വാസികൾ ശദ്ദാദിന്റെ ദുർവാശികണ്ട് നിരാശപ്പെട്ടു

ഉപദേശങ്ങൾ ഫലം ചെയ്തില്ല മുന്നറിയിപ്പുകളെല്ലാം അവഗണിക്കപ്പെട്ടു. പരലോക ജീവിതത്തെക്കുറിച്ചു കേട്ടപ്പോൾ പരിഹസിച്ചുതള്ളി. സ്വർഗനിർമ്മാണത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടു നിർമ്മാണം തുടർന്നു.

അതിവിശാലമായ കൊട്ടാരം മതിൽകെട്ടിനകത്ത് അനേകം കെട്ടിടങ്ങൾ. ഓരോന്നിലും അനേകം മുറികൾ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച പ്രത്യേക മുറികൾ. അതിമനോഹരം എന്ന് വിശേഷിപ്പിക്കാവുന്ന മൈതാനികൾ ആരും നോക്കിനിന്നുപോവുന്ന പുൽച്ചൊടികൾ ശ്രദ്ധയോടെ നട്ടുവളർത്തിയതാണ്.

സ്വർഗത്തിൽ എല്ലാതരം പഴങ്ങളുമുണ്ട്. ഇവിടെയും അതെല്ലാം വേണം പല രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന പഴവർഗ്ഗങ്ങളുടെ ചെടികൾ വളർത്തിയെടുത്തു.കൂട്ടത്തിൽ അമ്പരപ്പിക്കുന്ന കാഴ്ചകളുമുണ്ട്. കൃത്രിമ വൃക്ഷങ്ങൾ അവയുടെ ശാഖകൾ മരതകംകൊണ്ടും കായും, പൂക്കളും മികച്ച രത്നങ്ങൾക്കൊണ്ടും ആയിരുന്നു. വൃക്ഷ ശിഖരങ്ങളിൽ അനേകം പക്ഷികൾ. വിവിധതരം രത്നങ്ങളിൽ നിർമിക്കപ്പെട്ട പക്ഷികൾ മനോഹരമായ ഉദ്യാനങ്ങൾ മധ്യഭാഗത്തുകൂടി അരുവികൾ ഒഴുകുന്നു. വൃത്തിയിലും ഭംഗിയിലും നിർമ്മിക്കപ്പെട്ട തോടുകൾ വിലകൂടിയ കല്ലുകളാൽ അലങ്കരിക്കപ്പെട്ട തോടുകൾ.

തോടുകൾ കൊട്ടാരത്തിലെ മുറികളെ ബന്ധപ്പെട്ടാണ് ഒഴുകുന്നത്. തോടുകളിൽ രുചികരമായ ശീതള പാനീയങ്ങൾ ഒഴുകുന്നു. സ്വർഗത്തിലെ അരുവികളുടെ അനുകരണം. ഒരു തോട്ടിൽ മദ്യവും മറ്റൊന്നിൽ തേനും ഒഴുകുന്നു. മറ്റൊരു തോട്ടിൽ ഒഴുകുന്നത് പാല് മുറികളുടെ ചുമരുകളിൽ നിന്ന് പരിമളം വരുന്നു കസ്തൂരിയുടെയും മറ്റ് സുഗന്ധ ദ്രവ്യങ്ങളുടെയും പരിമളം വില കൂടിയ മുത്തുകളാൽ അലങ്കരിക്കപ്പെട്ട സ്തംഭങ്ങളും സ്തൂപങ്ങളും നിരവധിയുണ്ട്.

എപ്പോഴും മുത്തുകളുടെ തിളക്കം മൈതാനിയിലെ നടപ്പാതകൾ. നടപ്പാതകൾക്കു സമീപം ചോല വൃക്ഷങ്ങൾ വൃക്ഷങ്ങൾക്കു താഴെ സ്വർണത്തിന്റെയും വെള്ളിയുടെയും ഇരിപ്പിടങ്ങൾ. കൊട്ടാരത്തിലെ അലങ്കാരങ്ങൾ പറഞ്ഞാൽ തീരില്ല. മനോഹര ദീപങ്ങൾ അതിന് അവർണനീയ കൗതുകം. നിലത്തു വിരിച്ച ചവിട്ടുമെത്തകൾ പട്ടുനൂൽകൊണ്ട് അലങ്കാര വേലകൾ ചെയ്ത കമ്പളങ്ങൾ സ്വർണവും രത്നങ്ങളും അതിന്റെ അഴക് വർദ്ധിപ്പിക്കുന്നു.

കൊട്ടാരത്തിലെ ഗൃഹോപകരണങ്ങൾ കട്ടിലുകളെ എങ്ങനെ വർണിക്കും. അവയിലിട്ട മെത്തകൾ മിനുസമേറിയ പട്ടുമെത്തകൾ മെത്തയിലെ വിരിപ്പുകൾ തലയിണകൾ വിരിപ്പിലെയും തലയിണയിലെയും ചിത്രപ്പണികൾ കൊട്ടാരത്തിലെ ഇരിപ്പിടങ്ങൾ, അലമാരകൾ ,മറ്റ് ഉപകരണങ്ങൾ സ്വർണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ അലങ്കരിച്ച തീൻമുറികൾ എവിടെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ. വല്ലാത്ത പരിമിളം സ്വർഗത്തിൽ ഹൂറികളുണ്ട്. ബാലന്മാരുണ്ട്. ഇവിടെയും അത് വേണം പല രാജ്യങ്ങളിൽ നിന്നായി ബാലന്മാരെയും യുവതികളെയും കൊണ്ടുവന്നു. അവർക്ക് ധാരാളം ആഭരണങ്ങൾ നൽകി പട്ടിന്റെ ഉടുപ്പുകൾ നൽകി നന്നായി അണിയിച്ചൊരുക്കി.

ശദ്ദാദിന്റെ സ്വർഗതുല്യമായ കൊട്ടാരത്തെക്കുറിച്ച് ലോകം കേൾക്കാൻ തുടങ്ങിയിട്ട് പന്ത്രണ്ടു വർഷമായി.

ആ സ്വർഗമൊന്നു കാണാൻ ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഉൽഘാടനം ഒന്നു കഴിഞ്ഞു കിട്ടണം. അതിനുശേഷമാണ് പ്രവേശനം അനുവദിക്കുക. പന്ത്രണ്ടു വർഷം കൊണ്ട് പണി പൂർത്തിയായി ജനങ്ങളുടെ ആവേശം വർദ്ധിച്ചു. ഉൽഘാടന സുദിനം കാത്തിരിക്കുകയാണവർ. ഒടുവിൽ ആ ദിവസം ആഗതമായി. ശദ്ദാദ് വരുന്നു കൊട്ടാരത്തിന്റെ കവാടം തുറക്കാൻ. നാടാകെ ഉത്സവ പ്രതീതിയിലാണ്. ഒരു ഉത്സവത്തിനും ഈ സന്തോഷം നൽകാനാവില്ല ലോകത്തിലെ ഏറ്റവും വലിയ മണിസൗധം തുറക്കപ്പെടാൻ പോവുകയാണ് അതിന്റെ നിർമ്മാതാവിന് അനുമോദനം രാജാവ് വരുന്ന വഴികൾ ജനങ്ങൾ അലങ്കരിച്ചു.

രാജാവ് വരികയായി. പടക്കുതിരകളുടെ കുളമ്പടിശബ്ദം പട്ടാളക്കാരുടെ വമ്പൻ അകമ്പടി. എല്ലാ പ്രതാപങ്ങളുടെയും മഹാപ്രകടനം അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ. തെരുവുകളുടെ ഇരുവശവും തിങ്ങിനിറഞ്ഞ ജനക്കൂട്ടം. മഹാരാജാവ് നീണാൾ വാഴട്ടെ, ശദ്ദാദ് രാജാവ് നീണാൾ വാഴട്ടെ ,അന്തരീക്ഷം ശബ്ദമുഖരിതമായി. ഏതെല്ലാം രാജ്യങ്ങളിലെ പ്രമുഖന്മാരാണ് ആ അപൂർവ്വ ദൃശ്യത്തിന് സാക്ഷികളാവാൻ എത്തിയിരിക്കുന്നത് ?

കൊട്ടാരം കൺമുമ്പിൽ കാണുന്നു ആവേശം കത്തിപ്പടരുന്നു വൻ ജനാവലി നീങ്ങുന്നു.

കൊട്ടാരത്തിന്റെ വിശാലമായ അങ്കണം വർണ്ണത്തിലും പ്രകാശത്തിലും ലങ്കിവിളങ്കിയ മുറ്റം. കൊട്ടാരത്തിന്റെ മുൻവാതിൽ പടുകൂറ്റൻ വാതിൽ തുറക്കപ്പെട്ടു. എന്തൊരു സുഗന്ധം ശദ്ദാദ് കൊട്ടാരത്തിൽ കടക്കാൻ ഒരു കാൽ വെച്ചു കഴിഞ്ഞു.

അപ്പോൾ അവിടെ മാലാഖയെത്തി മരണത്തിന്റെ മലക്ക് അസ്റാഈൽ (അ)

അമ്പരപ്പ് ഒരു കാൽ അകത്ത് കൊട്ടാരത്തിനകത്ത് എത്തിയില്ല. കൊട്ടാരം കണ്ടില്ല. സമയം തീർന്നു. തീരാറായത് അറിഞ്ഞില്ല, അറിഞ്ഞിരുന്നെങ്കിൽ ഉൽഘാടനം ഇന്നലെ ആക്കാമായിരുന്നു. ഒരു ദിവസം ഇതിനകത്ത് താമസിക്കാമായിരുന്നു. ശദ്ദാദിന് കണക്കാക്കപ്പെട്ട ആഹാരം തീർന്നു, വെള്ളവും തീർന്നു, സമയവും തീർന്നു. താനാണ് ഏറ്റവും ശക്തൻ എന്ന് പ്രഖ്യാപിച്ചത് വെറുതെയായി. തന്നെക്കാൾ വലിയൊരു ശക്തിയില്ലെന്ന് വിളിച്ചു പറഞ്ഞത് വെറും വീമ്പിളക്കലായിപ്പോയി. തനിക്കു മുകളിൽ പരമ ശക്തനുണ്ടെന്ന് ബോധ്യമായി.

ബോധ്യമായിട്ടെന്തു കാര്യം? സമയം തീർന്നുപോയില്ലേ? ശദ്ദാദ് മരിച്ചുവീഴുന്നത് ജനങ്ങൾ കണ്ടു നിശ്ചലമായ ശവശരീരം അവരോട് പറയുംപോലെ തോന്നി ' മനുഷ്യാ, നീയെത്ര ദുർബലൻ എന്നിട്ടും നീ അഹങ്കരിക്കുന്നു നിന്റെ അഹങ്കരാത്തിനെന്തർത്ഥം ? '

മണൽകുന്നുകൾ കഥ പറയുന്നു 



ശദ്ദാദ് മരിച്ചുപോയി. തന്റെ രാജാധികാരമോ വമ്പിച്ച സമ്പത്തോ ആൾബലമോ അയാൾക്ക് തുണയായില്ല. എല്ലാവരും മരിക്കും അത് സത്യമാണ്. സൽകർമ്മങ്ങൾ ചെയ്യണം അതിന്റെ പ്രതിഫലം പൂർണമായി ലഭിക്കുന്നത് അന്ത്യനാളിൽ മാത്രമാണ്.

അന്ത്യനാളിൽ ആരാണോ രക്ഷപ്പെട്ടത് അവൻ വിജയിച്ചു. ഈ ലോകത്തെ യശസ്സും പദവികളും പലരേയും വഴിതെറ്റിച്ചു. അവർക്ക് പരലോകത്ത് യശസ്സില്ല. ഒരു പദവിയുമില്ല ഈ ലോകം ഒരു വഞ്ചനയാണ് വഞ്ചനയുടെ വേദി വഞ്ചനയിൽ പെട്ടുപോകരുത്.

വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ :

'എല്ലാ ദേഹവും മരണത്തെ രുചി നോക്കുന്നതാകുന്നു നിങ്ങളുടെ കൂലികൾ(കർമ്മഫലം) ഖിയാമത്ത് നാളിലേ നിങ്ങൾക്ക് നിറവേറ്റിത്തരപ്പെടുകയുള്ളൂ അപ്പോൾ ആര് നരകത്തിൽ നിന്ന് അകറ്റപ്പെടുകയും, സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുകയും ചെയ്തുവോ തീർച്ചയായും അവൻ വിജയിച്ചു ഐഹിക ജീവിതം വഞ്ചനയുടെ വിഭവം അല്ലാതെ മറ്റൊന്നുമല്ല (3:185)

'എല്ലാ ദേഹവും മരണം ആസ്വദിക്കുന്നതാണ് തിന്മകൊണ്ടും നന്മകൊണ്ടും നിങ്ങളെ നാം പരീക്ഷിക്കുന്നതാണ് നമ്മുടെ അടുക്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും '(21:35)

ഇഹലോക ജീവിതത്തിൽ നന്മകളും തിന്മകളും വന്നു കൊണ്ടിരിക്കും നന്മകൾ ധാരാളം നൽകി പരീക്ഷിക്കും തിന്മകളിലൂടെയും പരീക്ഷിക്കും രണ്ടു ഘട്ടങ്ങളിൽ അല്ലാഹുവിന്റെ കല്പന പാലിക്കണം അവനെ മറന്നുപോകരുത്.

എല്ലാവരും അല്ലാഹുവിങ്കലേക്ക് മടക്കപ്പെടും അക്കാര്യം എപ്പോഴും ഓർമ്മ വേണം.

ജീവിത സൗകര്യങ്ങൾ വർധിക്കുമ്പോൾ പലരും അത് മറക്കുന്നു അതിന്റെ ഉദാഹരണമാണ് ശദ്ദാദ്.

ശദ്ദാദ്, ഫിർഔൻ , ഖാറൂൻ, നംറൂദ് തിന്മയുടെ ശക്തികൾ അവരെല്ലാം ഇടക്കിടെ ചർച്ചകൾക്ക് വിധേയമാവുന്നു. പിൽക്കാല തലമുറക്കാർ അവരെ ഓർക്കണം അതിന് ചില വേദികളൾ വന്നു ചേരും ഒരു ഉദാഹരണം കാണുക:

ശദ്ദാദിന്റെ കാലശേഷം

അനേക നൂറ്റാണ്ടുകൾ കഴിഞ്ഞ് നടന്ന ഒരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ശദ്ദാദിന്റെ കൊട്ടാരം തകർന്നുവീണു മണ്ണ് മൂടിപ്പോയി. ഹള്റത്ത് മുആവിയയുടെ ഭരണകാലം.

സഹാബിയായ അബ്ദുല്ലാഹിബ്നു ഖിലാബത്ത് മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. വിശ്രമത്തിനായി ഒരിടത്തിറങ്ങി അപ്പോൾ ഒട്ടകം വിരണ്ടോടിക്കളഞ്ഞു. നോക്കെത്താവുന്ന ദൂരത്തൊന്നും ഒട്ടകത്തെ കാണാനില്ല. മരുഭൂമിയിലൂടെ അദ്ദേഹം അലഞ്ഞു തിരിഞ്ഞു നടന്നു. അദ്ദേഹം ഒരു പ്രത്യേക സ്ഥലത്തെത്തി ശക്തമായ കാറ്റു കാരണം ആ പ്രദേശത്ത് നിന്ന് മണൽ നീങ്ങിപ്പോയിരിക്കുന്നു. മണ്ണിന്നടിയിൽ തകർന്ന കെട്ടിടത്തിന്റെ ഭാഗങ്ങൾ അവ്യക്തമായിക്കാണാം. തകർന്ന ചുമരുകളിൽ വല്ലാത്ത തിളക്കം. വിലകൂടിയ രത്നങ്ങൾ. ഈ വിജന മരുഭൂമിയിൽ ഒരു കെട്ടിടമോ ? ഒരു മനുഷ്യനെയും ചുറ്റുപാടിൽ കാണാനില്ല. അനേക വർഷങ്ങളായി ഈ പ്രദേശം വിജനമാണ് പിന്നെ ഇതെങ്ങനെ സംഭവിച്ചു? ഓർമ്മകൾ പിന്നോടൊഴുകി നബി (സ) തങ്ങളുടെ വചനങ്ങൾ ഓർമ്മ വന്നു ശദ്ദാദിന്റെ കൊട്ടാരം പിൽക്കാലത്ത് അതൊരാൾ കണ്ടെത്തുമെന്ന് പറഞ്ഞിട്ടുണ്ട്.

ആ ആൾ ഞാൻ തന്നെ. മണ്ണ് അൽപം നീക്കി നോക്കി വിലമതിക്കാനാവാത്ത പലതരം രത്നങ്ങൾ, സ്വർണ്ണം , വെള്ളി കുറെ വാരിയെടുത്തു തുണിയിൽ കെട്ടി അതുമായി നടന്നു ശദ്ദാദിന്റെ കൊട്ടാരത്തിന്റെ ഭാരം തന്റെ ചുമലിൽ തൂങ്ങിക്കിടക്കുന്നു നടന്നു. നടന്നു അവശനായി ദീർഘനാളത്തെ യാത്ര ആ യാത്ര അവസാനിച്ചത് ഡമസ്ക്കസിൽ. ഡമസ്ക്കസുകാർ കഥയറിഞ്ഞു ജനം അതിശയം കൊണ്ടു പിന്നെ അബ്ദുല്ലയെത്തേടി ഓട്ടമായി. വിജനമായ മരുഭൂമിയിൽ ഇത്രയേറെ രത്നങ്ങളോ? ഹസ്രത്ത് മുആവിയ(റ) ദൂതനെ അയച്ചു അബ്ദുല്ലായെ വിളിപ്പിച്ചു

'ഞാൻ കേട്ടതൊക്കെ ശരിയാണോ?' മുആവിയ (റ) ചോദിച്ചു

'ശരിയാണ്'

'ഇതെല്ലാം എവിടെ നിന്ന് കിട്ടി?'

'ശദ്ദാദിന്റെ കൊട്ടാരത്തിൽ നിന്ന് '

കൊട്ടാരത്തിലെത്തിയ പണ്ഡിതൻമാരോട് മുആവിയ(റ) ശദ്ദാദിന്റെ കൊട്ടാരത്തെപ്പറ്റി അന്വേഷിച്ചു.

അവർ അതിന് വിശദീകരണം നൽകി.

പിൽക്കാലത്ത് ഒരാൾ ആ കൊട്ടാരം കണ്ടെത്തുമെന്ന് പറയപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീര ലക്ഷണങ്ങളും പറയപ്പെട്ടിട്ടുണ്ട്. ആ ലക്ഷണങ്ങൾ അബ്ദുല്ലയിൽ കാണുന്നുണ്ട്. പണ്ഡിതൻമാർ ആ കൊട്ടാരത്തെ വർണിച്ചു. വളരെ ശക്തമായിരുന്നു. ആ കൊട്ടാരം അതിശയകരമായ ആർഭാഢങ്ങൾ അതിനകത്തുണ്ടായിരുന്നു. ഏറ്റവും വിലകൂടിയ മുത്തുകളും വൈരക്കല്ലുകളും സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് കൊട്ടാരം അലങ്കരിച്ചിരുന്നത്.

കാലം കടന്നുപോയപ്പോൾ കൊട്ടാരം തകർന്നു മണ്ണിന്നടിയിലായിപ്പോയി. എത്ര മണൽക്കാറ്റുകൾ അതിനു മുകളിലൂടെ അടിച്ചുവീശി കൊട്ടാരം നിന്ന സ്ഥാനത്ത് മണൽകുന്നുകൾ ഉയരുകയും തകരുകയും ചെയ്തു.

ധിക്കാരികളായ ആദുകാരുടെ ദുരന്തത്തിന്റെ ചരിത്രം ആ മണൽക്കുന്നുകൾ വിളിച്ചു പറയുന്നു. അവിടെ നിന്നടിച്ചുവീശിവന്ന ചൂടുകാറ്റും ധിക്കാരികളുടെ ദുരന്തത്തിന്റെ കഥകളാണ് ലോകത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നത്.

കാറ്റ് വരുമ്പോൾ സത്യവിശ്വാസികൾ ആദ് സമൂഹത്തെ കശക്കിയെറിഞ്ഞ കൊടുങ്കാറ്റിനെ കുറിച്ചോറിക്കുന്നു.

ആധുനിക ലോകം കാറ്റിനെ വല്ലാതെ ഭയപ്പെടുന്നുണ്ട്. ലോകത്തെ ഭീതിപ്പെടുത്തുന്ന അമേരിക്ക മുട്ടുമടക്കുന്നതു കാറ്റിന്റെ മുമ്പിലാണ്. വീശിയടിക്കുന്ന കൊടുങ്കാറ്റ് അനേക നിലകളുള്ള കൂറ്റൻ കെട്ടിടങ്ങൾ തകർന്നു വീഴുന്നു.സ്വത്തുവകകൾ നശിക്കുന്നു. കാറ്റിനോടൊപ്പം വെള്ളപ്പൊക്കവും വരുന്നു. ഓരോ കാറ്റിനും ഓരോ പേരിട്ടു വിളിക്കുന്നു. പൗരസ്ത്യ ലോകവും പാശ്ചാത്യ ലോകവും ഏതു നിമിഷത്തിലും കൊടുങ്കാറ്റിന്നധീനമാവാം. ജനവാസ കേന്ദ്രങ്ങൾ ജനശൂന്യമാവാൻ നിമിഷങ്ങൾപോലും വേണ്ടി വരില്ല.

കാലം തെറ്റിവരുന്ന കാറ്റും മഴയും മനുഷ്യനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. കൃഷിയും മറ്റ് വിഭവങ്ങളും വൻതോതിൽ നശിച്ചു പോകുന്നു. രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവുന്നു. പട്ടിണി വന്നാൽ മനുഷ്യർ എന്ത് ചെയ്യാനും മടിക്കാത്ത അവസ്ഥ വരും. കാറ്റ് തണുപ്പും സുഖവും സന്തോഷവും തരുന്നു. അത് ശക്തി കൂടിയാൽ മനുഷ്യൻ ഭയന്നുപോവുന്നു. അതിശക്തിയായി ആഞ്ഞുവീശിയാൽ മഹാദുരന്തങ്ങൾ വന്നുഭവിക്കുന്നു. ആദിലേക്കിറങ്ങിയ കാറ്റ് എക്കാലവും മനുഷ്യന്റെ ഓർമ്മയിൽ വേണം. ആ ഓർമ്മ തെറ്റുകൾ ചെയ്യാതിരിക്കാൻ അവനെ പ്രേരിപ്പിക്കും.

ഹൂദ് നബി (അ) എവിടെ മരണപ്പെട്ടു? പല അഭിപ്രായങ്ങൾ കാണുന്നു. കൊടുങ്കാറ്റിനു ശേഷം മക്കയിൽ വന്നു അല്പകാലത്തിനുശേഷം വഫാത്തായി ഹറമിൽ തന്നെ ഖബറടക്കപ്പെട്ടു ഇപ്രകാരം രേഖപ്പെടുത്തിക്കാണുന്നു ഫലസ്തീൻ,ഹളർമൗത്ത് എന്നീ സ്ഥലങ്ങളും പറഞ്ഞു കാണുന്നു

ആദിന്റെയും ഹൂദ് (അ)ന്റെയും ചര്യ ആധുനിക കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്.

ആദിനു ശേഷം വന്ന സമൂഹമാണ് സമൂദ്. വർഗ്ഗം ആദുകാർക്ക് താല്പര്യം ഉയർന്ന കുന്നുകളും മലകളും മറ്റുമായിരുന്നു അവിടെ സ്തൂപങ്ങളും കെട്ടിടങ്ങളുമുണ്ടാക്കി. തങ്ങളുടെ പ്രതാപം വിളിച്ചറിയിക്കാനായിരുന്നു അവർക്കു താല്പര്യം.

സമൂദുകാർക്ക് സമതലങ്ങളും മലകളിലെ പാറകളും ഇഷ്ടമായിരുന്നു. മലമുകളിൽ നിന്ന് ആവശ്യമുള്ള സാധനങ്ങൾ സമതലങ്ങളിലേക്ക് ചുമന്നു കൊണ്ടുവന്നു. സമതലങ്ങളിൽ വമ്പിച്ച കെട്ടിടങ്ങളുണ്ടാക്കി. പാറകൾ തുരന്നു പാർപ്പിടങ്ങളുണ്ടാക്കാനും വിദഗ്ധരായിരുന്നു.

ആദ് സമൂഹം കടുത്ത ധിക്കാരം കാണിച്ചു ഹൂദ് നബി (അ) നെ ധിക്കരിച്ചു. അല്ലാഹുവിന്റെ കൽപനകളെ അവഗണിച്ചുതള്ളി ശിക്ഷ കൊണ്ടുവരാൻ പരിഹാസപൂർവം നിർബന്ധിച്ചു. ഒടുവിൽ ശിക്ഷ വന്നു ആദ് സമൂഹം നശിച്ചു.

ഒരു സമൂഹം നശിച്ചു കഴിഞ്ഞാൽ അവരുടെ സ്ഥാനത്ത് മറ്റൊരു സമൂഹത്തെ കൊണ്ടുവരികയെന്നത് അല്ലാഹുവിന്റെ ചര്യയാകുന്നു അങ്ങനെ വന്ന സമൂഹമാണ് സമൂദുകാർ.

അവർ താമസിച്ചിരുന്ന നാട്ടിന്റെ പേര് ഹിജ്ർ എന്നായിരുന്നു. മദീനയിൽ നിന്ന് സിറിയയിലേക്കു പോവുന്ന വഴിയിലാണ് ഹിജ്ർ. വിശാലമായ സമതല പ്രദേശം അവിടെ ചെറുപട്ടണങ്ങൾ വളർന്നു വന്നു .ഈ പട്ടണങ്ങളെ മദാഇനുസ്വാലിഹ് (സ്വാലിഹിന്റെ പട്ടണങ്ങൾ ) എന്ന് വിളിക്കുന്നു.

സമൂദ് ഗോത്രക്കാരോട് അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ അവരുടെ പ്രവാചകനായ സ്വാലിഹ് (അ) ഉപദേശിച്ചു.

നിങ്ങൾ ആദ് സമൂഹത്തിനുശേഷം അല്ലാഹു പകരം കൊണ്ടുവന്ന ജനവിഭാഗമാണ് നിങ്ങൾ അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കുക.

ആദ് സമൂഹം അല്ലാഹുവിനെ ധിക്കരിച്ചു അവരുടെ പ്രവാചകനെ പരിഹസിച്ചു നിന്ദിച്ചു അവരിലേക്ക് അല്ലാഹു ശിക്ഷ ഇറക്കി നിങ്ങൾ ആദിനെപ്പോലെയാകരുത്. അവർ അഹങ്കാരികളായിരുന്നു. നിങ്ങളങ്ങനെയാവരുത്. അവർ ബഹുദൈവാരാധകരായിരുന്നു നിങ്ങൾ ഏകദൈവാരാധകരാവുക അവർ നന്ദികെട്ടവരായിപ്പോയി നിങ്ങൾ നന്ദിയുള്ളവരാവുക സ്വാലിഹ് (അ) ഉപദേശം തുടർന്നു.

സൂറത്ത് അഅ്റാഫിലെ ഒരു വചനം ശ്രദ്ധിക്കുക

'ആദിന് ശേഷം നിങ്ങളെ അവൻ പിൻഗാമികളാക്കിയതും ഭൂമിയിൽ നിങ്ങൾക്കവൻ താമസ സൗകര്യം നൽകിയതും നിങ്ങൾ ഓർക്കുകയും ചെയ്യുവീൻ അതിലെ സമതലങ്ങളിൽ നിങ്ങൾ കൊട്ടാരങ്ങളുണ്ടാക്കുന്നു മലകളെ നിങ്ങൾ വീടുകളായി വെട്ടിയുണ്ടാക്കുകയും ചെയ്യുന്നു അപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുവീൻ നാശകാരികളായിക്കൊണ്ട് ഭൂമിയിൽ തെമ്മാടിത്തം പ്രവർത്തിക്കുകയും അരുത് (7:74)

പൂർവ്വികരായ സമൂഹങ്ങളുടെ ചരിത്രം വിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ വിവരിച്ചിട്ടുണ്ട് എന്തിനാണത്?.

ജീവിക്കുന്ന തലമുറ പാഠം പഠിക്കാൻ

എല്ലാം അല്ലാഹുവിൽ അർപ്പിച്ചു ജീവിക്കേണ്ടവരാണ് നാം നന്മയും തിന്മയും അവനിൽ നിന്നുള്ളതാണ് രണ്ട് സന്ദർഭങ്ങളിലും ക്ഷമിക്കാൻ കഴിയണം

അല്ലാഹുവിൽ ഭരമേൽപിച്ചു നീങ്ങുന്നവനാണ് സത്യവിശ്വാസി അവന് ചാഞ്ചല്യം പാടില്ല

അഹങ്കാരം എല്ലാ പാപങ്ങൾക്കും കാരണമായിത്തീരും അഹങ്കാരം കാണിച്ച ചില സമൂഹങ്ങളെ അല്ലാഹു പേരെടുത്തു പറയുന്നത് നോക്കൂ

'ഇവരുടെ മുമ്പുള്ളവരുടെ വൃത്താന്തം ഇവർക്ക് വന്നിട്ടില്ലെയോ? അതായത് നൂഹിന്റെ ജനതയുടെയും ആദിന്റെയും സമൂദിന്റെയും ഇബ്രാഹിമിന്റെ ജനതയുടെയും മദ് യൻ കാരുടെയും അടിമേൽ മറിഞ്ഞ രാജ്യങ്ങളുടെയും (വൃത്താന്തം)

അവർക്ക് അവരുടെ ദൂതന്മാർ വ്യക്തമായ തെളിവുകളുമായി ചെന്നു എന്നാൽ അല്ലാഹു അവരെ അക്രമിക്കുകയുണ്ടായില്ല എങ്കിലും, അവർ അവരോട് തന്നെ അക്രമം കാണിക്കുകയായിരുന്നു '(9:70)

നൂഹ് നബി (അ) ന്റെ സമൂഹത്തെപ്പറ്റിയാണ് ആദ്യം സൂചിപ്പിച്ചത് തുടർന്നു പറഞ്ഞത് ആദ് സമുദായത്തെ പറ്റിയാണ് ഹൂദ്(അ) നെ ധിക്കരിച്ച വിഭാഗം.

ഉടനെത്തന്നെ സമൂദ് വർഗത്തെപ്പറ്റി പറഞ്ഞു സ്വാലിഹ്(അ)നെ ധിക്കരിച്ച വർഗ്ഗം ഇബ്രാഹിം (അ)ന്റെ സമൂഹത്തെയും സൂചിപ്പിച്ചു.

ശുഐബ് നബി (അ) ന്റെ ജനതയാണ് മദ് യൻ നിവാസികൾ അവരും ധിക്കാരും കാണിച്ചു.

അടിമേൽ മറിക്കപ്പെട്ട ജനത ആരാണ്?

ലൂത്വ് നബി (അ) ന്റെ കാലത്ത് ജീവിച്ച ജനത സ്വവർഗ്ഗ ഭോഗികളുടെ നാട് അല്ലാഹു അടിമേൽ മുറിച്ചു കളഞ്ഞു. എല്ലാം അവർ തന്നെ വരുത്തിവെച്ച വിന. മനുഷ്യൻ അക്രമം കാണിച്ചു. അപ്പോൾ ആപത്തിറങ്ങി. അല്ലാഹു നീതിമാനാണ്. അനുഗ്രഹം ചൊരിയുന്നവൻ. മനുഷ്യൻ ഒരു നന്മ ചെയ്താൽ പത്ത് ഗുണം നൽകുന്നവൻ. ഓരോ സൽക്കർമ്മത്തിനും വമ്പിച്ച പ്രതിഫലം നൽകുന്നവൻ. അവൻ ആരോടും അനീതി കാണിക്കുന്നില്ല മനുഷ്യൻ അവനോട് തന്നെയാണ് അനീതി കാണിക്കുന്നത്.

അല്ലാഹുവിന്റെ കൽപനകൾ പാലിച്ചാൽ മനുഷ്യർക്ക് തന്നെയാണ് നേട്ടം. അവന് മനസ്സമാധാനം ലഭിക്കും. എല്ലാ നന്മകളും കൈവരുന്നതാണ് പരലോകത്ത് വമ്പിച്ച വിജയവും സിദ്ധിക്കും.

കാറ്റിനെക്കുറിച്ചുള്ള ഒരു ഖുർആൻ വചനം ഉദ്ധരിച്ചുകൊണ്ട് വിരാമം നൽകട്ടെ.

'അല്ലാഹുവാണ് കാറ്റുകളെ അയച്ചിട്ടുള്ളവൻ എന്നിട്ട് അവ മേഘം ഇളക്കിവിടുന്നു അങ്ങനെ നാം (അല്ലാഹു) അതിനെ നിർജ്ജീവമായ നാട്ടിലേക്ക് തെളിച്ചുകൊണ്ടുപോവുന്നു എന്നിട്ട് ആ ഭൂമിയെ , അത് നിർജ്ജീവമായതിനുശേഷം നാം ജീവിപ്പിക്കുന്നു ഇതുപോലെത്തന്നെയാണ് പുനരുത്ഥാനം '(35:9)

മേഘം അനുഗ്രഹമാണ് കാരണം അതിൽ മഴയുണ്ട്. ഉണങ്ങിവരണ്ട പ്രദേശത്തേക്ക് അല്ലാഹു മേഘത്തെ നയിക്കുന്നു. മഴ വർഷിക്കുന്നു. മരിച്ചതുപോലെ കിടന്ന ഭൂമിക്ക് ജീവൻ വെക്കുന്നു കൃഷി വളരുമ്പോൾ സസ്യലതാദികൾ വളരുന്നു.

ഇതോട് ചേർത്ത് പരലോക ജീവിതം സൂചിപ്പിച്ചു മനുഷ്യൻ മരിച്ചു മണ്ണടിഞ്ഞു പിന്നെ പരലോകത്ത് വീണ്ടും ഒരു ജീവിതം എല്ലായിടത്തും അല്ലാഹുവിന്റെ അനുഗ്രഹം വേണം. ഇവിടെ അനുഗ്രഹത്തിന്റെ തുടക്കമായിപ്പറഞ്ഞത് കാറ്റ് ആകുന്നു അപ്പോഴും ആദ് സമൂഹത്തിലേക്ക് വന്ന കാറ്റ് മറക്കാതിരിക്കുക .

ഹൂദു നബി (അ) ചരിത്രത്തെ കുറിച്ച് ഖുർആനിക  ആയത്തുകളുടെ വ്യാഖ്യാനങ്ങളില്‍ വ്യത്യസ്ത കഥകള്‍ ഉദ്ധരിക്കുന്നുണ്ട്. തൗബ, ഇബ്‌റാഹീം, ഫുര്‍ഖാന്‍, അന്‍കബൂത്ത്, സ്വാദ്, ഖാഫ് എന്നീ അധ്യായങ്ങളില്‍ ഇവരുടെ ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ട്.



ഹൂദ് നബി (അ) 464 വർഷക്കാലം ജീവിച്ചതായി രേഖകളിൽ കാണുന്നു .ബനൂ ആദിലേക്കു നിയുക്തനായ ആ മഹാനുഭാവന്റെ നാമം ഖുർആനിൽ 7 പ്രാവശ്യം അല്ലാഹു പരാമർശിച്ചിട്ടുണ്ട് . ഹൂദ് നബി (അ) തരീം എന്ന പ്രദേശത്തു അന്ത്യ വിശ്രമം കൊള്ളുന്നു .

*********************************************************************************
കടപ്പാട് : ഈ ചരിത്രം നമ്മിലേക്കെത്തിച്ചത് അലി അഷ്‌കർ ഉസ്താദ് അവറുകളാണ് . അദ്ധേഹത്തിന്റെ ധാരാളം രചനകൾ ഈ ബ്ലോഗിൽ ചേർത്തിട്ടുണ്ട് . അല്ലാഹു തആല അർഹമായ പ്രതിഫലം ഇരു ലോകത്തും അദ്ദേഹത്തിനും , കുടുംബത്തിനും , അത് പോലെ നമുക്കും നമ്മോടു ബന്ധപ്പെട്ട  എല്ലാവർക്കും ഇരു ലോകത്തും നൽകി വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ .

No comments:

Post a Comment