Monday 8 March 2021

തിമിംഗിലത്തിന്റെ വയറ്റിൽ ഒരു പ്രവാചകൻ

 

നീനവ എന്ന രാജ്യത്തിലെ (ഇന്നത്തെ ഇറാഖിലെ മുസോൾ നഗരത്തിനു സമീപ പ്രദേശം) ജനങ്ങളെ ധാർമികതയിലേക് നയിക്കാൻ അല്ലാഹു ﷻ നിയോഗിച്ച പ്രവാചകനായിരുന്നു യൂനുസ് നബി(അ)... 

അല്ലാഹുﷻവിന്റെ കല്പന പ്രകാരം അദ്ദേഹവും അനുയായികളും ജറുസലേമിൽനിന്ന് നീനവ നഗരത്തിലേക്ക് യാത്രതിരിച്ചു. ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ ഒട്ടകപ്പുറത്തായിരുന്നു യാത്ര. 

അങ്ങനെ രണ്ടാം ദിവസം വൈകുന്നേരത്തോടെ അവർ നീനവയിലെത്തിചേർന്നു. അവിടെ മലഞ്ചെരുവിലെ ഒരു ഗുഹയിൽ അവർ താമസമാക്കി. ഗുഹയ്ക്ക് ചുറ്റും തഴച്ചുവളർന്നുനിന്നിരുന്ന ചെടികളിൽനിന്ന് പഴങ്ങൾ ശേഖരിച്ച് അവർ വിശപ്പുതീർത്തു. തൊട്ടടുത്ത ഉറവയിൽ നിന്ന് അവർ ദാഹം മാറ്റാനും മറ്റുമായി വെള്ളം കൊണ്ടുവന്നു.

നീനവയിൽ പ്രബോധനം തുടങ്ങുന്നത് ആദ്യം അവിടത്തെ ജനങ്ങളെ മനസ്സിലാക്കിയ ശേഷം മതിയെന്ന് യൂനുസ് നബി(അ)ഉം അനുചരന്മാരും തിരുമാനിച്ചു.

അങ്ങനെ യൂനുസ് നബി(അ) ഒരു യാചകന്റെ വേഷമണിഞ്ഞു തെരുവിൽ ഭിക്ഷയാചിക്കാൻ ഇറങ്ങി...

അദ്ദേഹം നീനവയിലെ തെരുവീഥികളിൽ ദിവസങ്ങളോളം അലഞ്ഞുനടന്നു. ആ നാട്ടിലെ ജനങ്ങളെയും അവരുടെ  ജീവിതരീതിയേയും ധാർമികബോധത്തെയും കുറിച്ചു നന്നായി മനസ്സിലാക്കി.

ഒരു ദിവസം അദ്ദേഹം  പിച്ചച്ചട്ടിയുപേക്ഷിച്ച് ജനങ്ങളോട്  അവരുടെ ഭാഷയിൽ സംസാരിച്ചു.

"സുഹൃത്തുക്കളെ.., ഞാൻ ഒരു യാചകന്റെ വേഷത്തിൽ കുറച്ചു നാളുകളായി ഈ നഗരം ഒട്ടാകെ ചുറ്റിസഞ്ചരിക്കുകയായിരുന്നു. ഈ നഗരം സാംസ്കാരികമായി ഏറെ അധ:പതിച്ചിരിക്കുന്നുവെന്നും ഇവിടെ ധാർമികമൂല്യങ്ങളുടെ ഒരംശം പോലുമില്ലെന്നും എന്റെ സഞ്ചാരത്തിനിടയിൽ എനിക്കു മനസ്സിലായി. ഇവിടെ മനുഷ്യത്വം അസ്തമിച്ചു തുടങ്ങിയിരിക്കുന്നു. അതിനാൽ ഈ നഗരത്തെ നമുക്ക് പുതുതായി കെട്ടിപ്പടുക്കണം."

യാചകന്റെ സംസാരം കേൾക്കാൻ വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടി. തങ്ങളുടെ നഗരത്തെക്കുറിച്ച് മോശമായ അഭിപ്രായം പറഞ്ഞ ആ യാചകനു നേരെ ജനക്കൂട്ടം രോഷംപൂണ്ടു. അവരുടെ നിർബന്ധത്തിനു മുന്നിൽ താനൊരു പ്രവാചകനാണെന്നും തന്റെ പേര് യൂനുസ് നബി(അ) എന്നാണെന്നും അദ്ദേഹത്തിന് ജനങ്ങളോടു  വെളിപ്പെടുത്തേണ്ടിവന്നു.

യൂനുസ് നബി(അ) തുടർന്നു. "നിങ്ങളെല്ലാവരും അല്ലാഹുﷻവിൽ വിശ്വസിച്ച് അവന്റെ ആജ്ഞക്കനുസൃതമായി ജീവിക്കണം. അവനെയല്ലാത്ത മറ്റാരെയും നിങ്ങൾ അനുസരിക്കരുത് "

കൂട്ടത്തിൽനിന്ന് ഒരാൾ ചോദിച്ചു. "അപ്പോൾ രാജാവിനെയോ..?"

"രാജാവ് മനുഷ്യ വർഗ്ഗത്തിൽപെട്ടതാണ്. രാജാവിനെയും സൃഷ്ടിച്ചത് അല്ലാഹുﷻവാണ്. അതിനാൽ രാജാധിരാജനായ അല്ലാഹുﷻവിനെ മാത്രമേ നാം അനുസരിക്കാവൂ..."

ഇത് പറഞ്ഞു തീരും മുമ്പ് രാജാവിന്റെ ഭടന്മാർ യൂനുസ് നബി(അ)നെ മർദ്ദിച്ച് ബോധരഹിതനാക്കി. അവർ അദ്ദേഹത്തെയെടുത്ത് രാജാവിന്റെ മുന്നിൽ ഹാജരാക്കി...

ബോധം തിരിച്ചുകിട്ടിയ യൂനുസ് നബി(അ)നോട് രാജാവ് അപ്രകാരം സംസാരിച്ചതിന്റെ കാരണം തിരക്കി.

"എന്നെ അല്ലാഹു ﷻ അതിനു നിയോഗിച്ചതുകൊണ്ട്." എന്നായിരുന്നു യൂനുസ് നബി(അ)ന്റെ മറുപടി.

യൂനുസ് നബി(അ)നെ ഭ്രാന്തനെന്ന് മുദ്രകുത്തിയ രാജാവിനെ സത്യനിഷേധിയെന്നു അദ്ദേഹം വിശേഷിപ്പിച്ചു. കുപിതനായ രാജാവ് യൂനുസ് നബി(അ)നെ ഇരുട്ട് നിറഞ്ഞ ജയിലിലടച്ചു. നബി അല്ലാഹുﷻവിനോട് ഉള്ളുരുകി പ്രാർത്ഥിച്ചു. 


ഒരു ദിവസം നീനവ രാജാവിന്റെ പ്രധാനമന്ത്രി യൂനുസ് നബി(അ) കിടന്നുറങ്ങുന്ന ജയിലറ സന്ദർശിച്ചു. ഇരുണ്ട മുറിയിൽ നിന്ന്‌ പുറത്തേക്കൊഴുകിയ അപൂർവ പ്രകാശധോരണി കണ്ട് പ്രധാനമന്ത്രി ആശ്ചര്യചകിതനായി. അദ്ദേഹം യൂനുസ് നബി(അ)നെ തന്റെ അരികിൽ ക്ഷണിച്ചിരുത്തി. 

"എന്താണ് അങ്ങയിൽനിന്നു പുറപ്പെടുന്ന ഈ പ്രകാശധോരണിയുടെ രഹസ്യം..?" പ്രധാനമന്ത്രി സാകൂതം ചോദിച്ചു...

"ഇതു സത്യത്തിന്റെ വെളിച്ചമാണ്. പ്രപഞ്ചകർത്താവായ അല്ലാഹുﷻവിനെ അറിയുക എന്നതാണ് പരമമായ സത്യം. ഈ സത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരുടെ മനസിൽ ഈ വെളിച്ചം എന്നും നിലനിൽക്കും". യൂനുസ് നബി (അ) വിശദീകരിച്ചു. 

അല്ലാഹുﷻവിന്റെ അനന്തമായ ശക്തിയെക്കുറിച്ചു പല കാര്യങ്ങളും യൂനുസ് നബി (അ) പ്രധാനമന്ത്രിയെ പറഞ്ഞുകേൾപ്പിച്ചു. അവസാനം പ്രധാനമന്ത്രി ഉറക്കെ പ്രഖ്യാപിച്ചു...

"മഹാനായ യൂനുസ് നബി(അ)ന്റെ രക്ഷിതാവിൽ ഞാൻ വിശ്വസിക്കുന്നു."

തനിക്കൊരു പുതിയ ശിഷ്യനെ കിട്ടിയതിൽ യൂനുസ് നബി (അ) സന്തോഷിച്ചു...

പ്രധാനമന്ത്രിയുടെ മനംമാറ്റത്തെക്കുറിച്ചറിഞ്ഞ രാജാവ്  അദ്ദേഹത്തെ ജയിലിലടച്ചു. യൂനുസ് നബി(അ)ന്റെ കൂടെ തുറുങ്കിൽ കഴിയുന്നത് അപൂർവഭാഗ്യമായി കരുതി അദ്ദേഹം അതിൽ സന്തോഷിച്ചു. 

പ്രധാനമന്ത്രിയുടെ പ്രതികരണം കേട്ട് രാജാവ് പരിഭാന്തനായി..!!

 അദ്ദേഹം ഉടനടി മറ്റു മന്ത്രിമാരെ വിളിച്ചുവരുത്തി ചർച്ചനടത്തി. ബുദ്ധിമാനായ പ്രധാനമന്ത്രിയെ വശീകരിച്ച വ്യക്തി സാധാരണക്കാരൻ ആയിരിക്കില്ലെന്ന് രാജാവ് അവസാനം സമ്മതിച്ചു.

യൂനുസ് നബി(അ) മറ്റുള്ളവരെക്കൂടി വശത്താക്കുന്നതിനു മുമ്പ് അദ്ദേഹത്തെ വെറുതെ വിടുകയാണ് ഉചിതമെന്ന് രാജാവിനു തോന്നി. 

യൂനുസ് നബി(അ)നെ രാജാവിന്റെ മുന്നിൽ ഹാജരാക്കി. അദ്ദേഹം മറ്റുപ്രതികളെപ്പോലെ രാജാവിനെ താണുവണങ്ങുകയുണ്ടായില്ല. അല്ലാഹുﷻവിന്റെ മുന്നിൽ മാത്രമേ മുട്ടുമടക്കൂ എന്നത് യൂനുസ് നബി(അ)ന്റെ ആദർശങ്ങളിൽ പെട്ടതായിരുന്നു. 

രാജാവ് പറഞ്ഞു: "നമ്മുടെ മന്ത്രിമാരുടെ അഭിപ്രായം മാനിച്ചു കൊണ്ട് നിന്നെ നാം വെറുതെ വിടുന്നു. എന്നാൽ നീയിനി നിന്റെ ആശയങ്ങൾ ഈ നാട്ടിൽ പ്രചരിപ്പിക്കാൻ പാടില്ല. ഈ ആജ്ഞ ലംഘിച്ചാൽ നിന്നെ ഞാൻ വധിക്കും."

യൂനുസ് നബി (അ) കൊട്ടാരത്തിൽ നിന്ന്‌ നടന്ന് തന്റെ അനുയായികൾ താമസിക്കുന്ന മലഞ്ചെരുവിൽ എത്തിചേർന്നു. ദീർഘനാളുകൾക്ക് ശേഷം നബിയെ കണ്ട അനുയായികൾ അദ്ദേഹത്തെ ആലിംഗനം ചെയ്തു അവരുടെ ആഹ്ലാദം അറിയിച്ചു...

അന്ന് രാത്രി ഉറങ്ങുമ്പോൾ യൂനുസ് നബി(അ)ന് സ്വപ്നത്തിൽ അരുളപ്പാടുണ്ടായി. എന്തു ബുദ്ധിമുട്ട് സഹിച്ചും നീനവയിൽ തന്നെ തന്റെ പ്രബോധനം തുടരണം എന്ന് അല്ലാഹു ﷻ കല്പിച്ചിരിക്കുന്നു.

 അനുയായികൾ തടയാൻ ശ്രമിച്ചെങ്കിലും അല്ലാഹുﷻവിന്റെ കല്പന നിറവേറ്റാൻ അദ്ദേഹം നീനവയിലേക്ക് പുറപ്പെട്ടു...

നീനവ നഗരത്തിൽ തിരിച്ചെത്തിയ യൂനുസ് നബി (അ) പ്രബോധനം ചെയ്യാൻ ആരംഭിച്ചു. അദ്ദേഹത്തെ ജനങ്ങൾ കല്ലെറിഞ്ഞു വീഴ്ത്തി. ദേഹമാസകലമേറ്റ മുറിപ്പാടുകളിൽ നിന്ന്‌ രക്തമൊഴുകിയത് കണ്ട് യൂനുസ് നബി(അ) പരിഭ്രാന്തനായി.  താൻ മരിക്കുമോ എന്ന് പോലും അദ്ദേഹം ഭയപ്പെട്ടു. ഒരൊറ്റ മനുഷ്യജീവിയും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല...

യൂനുസ് നബി (അ) തന്റെ അവശേഷിച്ച ജീവനും കൊണ്ടു അനുയായികൾ താമസിക്കുന്ന ഗുഹയിലെത്തി. ക്ഷീണവും പരിഭ്രമവും മാറിയപ്പോൾ യൂനുസ് നബി (അ) പറഞ്ഞു. "നമുക്ക് ഈ ശപിക്കപ്പെട്ട നീനവയിൽ നിന്ന്‌ സ്ഥലം വിടാം". അനുയായികൾ ഈ അഭിപ്രായത്തെ സ്വാഗതം ചെയ്തു. അവർ യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി... 


പെട്ടെന്ന് നീനവ നഗരത്തിനു മുകളിൽ കൂരിരുട്ടു വ്യാപിച്ചു. ഭയാനകമാംവിധം തുടർച്ചയായി ഇടിമുഴങ്ങി. പേടിച്ചരണ്ട  ജനക്കൂട്ടം രാജധാനിയിലെത്തി. 

യൂനുസ് നബി(അ)നെ മർദ്ദിച്ചതിന് അല്ലാഹുﷻവിന്റെ കോപമാണ് ഈ വിപത്തിനു കാരണമെന്ന് അവിടെ കൂടിയിരുന്നവർ വിശ്വസിച്ചു. അതിനാൽ അദ്ദേഹത്തെ കണ്ടുപിടിച്ച് മാപ്പിരന്നാൽ ഈ വിപത്തിൽനിന്നു രക്ഷപ്പെടാൻ കഴിയുമെന്ന് അവർ തീരുമാനിച്ചു. എന്നാൽ നബിയെ തേടിപ്പിടിക്കാനുള്ള അവരുടെ ശ്രമം വിഫലമായി.

ഭീതിദമായ ജനങ്ങൾ ഈ അവസരത്തിൽ ജയിലിൽ കഴിഞ്ഞിരുന്ന  പ്രധാനമന്ത്രിയെക്കുറിച്ചോർത്തു. അദ്ദേഹം യൂനുസ് നബി(അ)ന്റെ ഇന്നാട്ടിലെ ഏക ശിഷ്യനാണല്ലോ.

തങ്ങളെ ഈ വിപത്തിൽനിന്നു രക്ഷിക്കണമെന്നു രാജാവും പ്രജകളും ആ മഹാത്മാവിനോടു കേണപേക്ഷിച്ചു.

"നിങ്ങൾ സർവ്വശക്തനായ അല്ലാഹുﷻവിൽ പരിപൂർണ്ണമായി വിശ്വാസം അർപ്പിക്കുക. അവന്റെ സഹായത്തിനു വേണ്ടി യാചിക്കുക. അവൻ നമ്മെ രക്ഷിച്ചേക്കും. " പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവരും പ്രധാനമന്ത്രിയുടെ പ്രാർത്ഥന ഏറ്റുചൊല്ലി. ആശ്ചര്യമെന്നു പറയട്ടെ. സൂര്യൻ പ്രകാശിച്ചു. ഇടിമുഴക്കം നിലച്ചു. അന്തരീക്ഷം ശാന്തമായി.

നീനവ നഗരവാസികൾ തങ്ങളെ വിപത്തിൽനിന്നു രക്ഷിച്ച അല്ലാഹുﷻവിൽ പരിപൂർണ്ണമായും വിശ്വാസമർപ്പിച്ചു.


ഈ സമയത്ത് യൂനുസ് നബി(അ)ഉം അനുയായികളും ടൈഗ്രീസ്  നദിക്കരികിലൂടെ യാത്ര ചെയ്യുകയായിരുന്നു. കുറേ ദൂരം പിന്നിട്ടപ്പോൾ ഒരു കപ്പൽ അവരുടെ ദൃഷ്ടിയിൽ പതിഞ്ഞു. അവർ കപ്പിത്താനോട് തങ്ങളെ കൂടി കയറ്റാൻ അഭ്യർത്ഥിച്ചു. കടലിൽ നങ്കൂരമിട്ട കപ്പലിൽ എല്ലാവരും പണിപ്പെട്ട് നീന്തിക്കയറി. പക്ഷേ അവർ കപ്പലിൽ കയറിയതും കടലിൽ അലമാലകൾ ചീറിയടിക്കാൻ തുടങ്ങി. 

കപ്പൽ കാറ്റിലും കോളിലും പെട്ട്  ആടിയുലഞ്ഞു. യാത്രക്കാർ പരിഭ്രാന്തരായി..!!

യാത്ര തുടർന്ന കപ്പൽ ചീറിയടുക്കുന്ന ഒരു ചുഴിയുടെ വായിലേക്കാണ് ചെന്നുപതിച്ചത്. കപ്പൽ ചുഴിയിൽ കിടന്നു കറങ്ങി. പരിചയസമ്പന്നനായ കപ്പിത്താൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും കപ്പലിനെ വരുതിയിലാക്കാൻ അയാൾക്കായില്ല.

സംഭ്രമചിത്തരായ യാത്രക്കാർ തങ്ങളെ രക്ഷിക്കാനായി അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. എന്നിട്ടും പ്രയോജനമുണ്ടായില്ല. കപ്പൽ മുങ്ങിപ്പോവുമെന്ന് തീർച്ചയായി. കപ്പൽ ചുഴിയിൽ അകപ്പെടുന്നത് അതിൽ ഏതെങ്കിലും പാപികളുണ്ടായിരിക്കുന്നതു കൊണ്ടാണെന്നായിരുന്നു അക്കാലത്തെ വിശ്വാസം. അങ്ങനെ അവർ പ്രഖ്യപിച്ചു...

"ഏതോ ഒരു പാപി തീർച്ചയായും ഈ കപ്പലിലുണ്ട്..!" 

താൻ എന്തു പാപമാണ് ചെയ്തിരിക്കുന്നതെന്ന് ഓരോരുത്തരും മനസിൽ ആലോചിച്ചു. പക്ഷേ ആർക്കും ഒന്നും ഓർമ്മയിൽ തെളിഞ്ഞില്ല. എല്ലാവരും മൗനം പൂണ്ടു. കപ്പൽ മുങ്ങുമെന്നകാര്യം കൂടുതൽ ബലപ്പെട്ടുകൊണ്ടിരുന്നു. 

ഈ സമയത്ത് യൂനുസ് നബി (അ) ഉറക്കെ വിളിച്ചുപറഞ്ഞു: "ഞാനാണ് പാപി. കപ്പലിൽ നിന്ന്‌ എന്നെ കടലിലേക്കു വലിച്ചെറിയൂ..."

"അല്ല, താങ്കൾ പാപിയല്ലെന്ന് ഞങ്ങൾക്കറിയാം. താങ്കൾ  അല്ലാഹുﷻവിന്റെ പ്രവാചകനാണ്. ഇവിടെ കുറ്റവാളി മറ്റാരോ ആണ്."കപ്പിത്താൻ പറഞ്ഞു... 

"ഇത്രയും നല്ലൊരു വ്യക്തിയെ നമുക്ക് കടലിലെറിഞ്ഞുകൂടാ. അതിനാൽ നമുക്ക് നറുക്കിട്ടെടുക്കാം. മറ്റൊരാൾ അഭിപ്രായപ്പെട്ടു...

കപ്പിത്താൻ പാപിയെ കണ്ടെത്താനുള്ള ശ്രമത്തിൽ നറുക്കിട്ടെടുത്തു. യൂനുസ് നബി(അ)ന് തന്നെയായിരുന്നു നറുക്ക് വീണത്. അങ്ങനെ നബി പറഞ്ഞു:

"അല്ലാഹുﷻവിന്റെ കല്പനയും അനുമതിയും ഇല്ലാതെയാണ് ഞാൻ നീനവയിലെ ജനങ്ങളെ ഉപേക്ഷിച്ചു പോന്നത്. യജമാനൻ എന്നെ ഏല്പിച്ച കാര്യം നിർവഹിക്കാതെ നിരാശനായി ഒളിച്ചോടിപ്പോന്ന അപരാധിയാണ് ഞാൻ. "

അന്നത്തെ സമ്പ്രദായപ്രകാരം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി എല്ലാവരുംകൂടി യൂനുസ് നബി(അ)നെ കടലിലേക്ക് എടുത്തെറിഞ്ഞു.


യൂനുസ് നബി (അ) ഭീമാകാരനായ ഒരു തിമിംഗിലത്തിന്റെ വായിലേക്കാണ് ചെന്നുവീണത്. അങ്ങനെ തിമിംഗിലം പ്രവാചകനെ വിഴുങ്ങി. അദ്ദേഹം തിമിംഗിലത്തിന്റെ ഉദരത്തിലേക്ക് ഊളിയിട്ടു. ഒരു ജയിലറയിൽ കിടക്കുന്നതുപോലെ സുരക്ഷിതനായി അദ്ദേഹം അവിടെ കിടന്നു...

എന്നാൽ തിമിംഗിലത്തിന്റെ ഉദരത്തിലെ കനത്ത ഇരുട്ട് പ്രവാചകനെ ഭയപ്പെടുത്തി. തന്റെ അന്ത്യം അടുത്തുവെന്ന് അദ്ദേഹം കണക്കുകൂട്ടി. അദ്ദേഹത്തിന് അതിയായ വ്യസനവും ദുഃഖവും അനുഭവപ്പെട്ടു. തന്റെ യജമാനനായ അല്ലാഹുﷻവിന്റെ പ്രീതി നഷ്ടപ്പെട്ടതിലായിരുന്നു അദ്ദേഹത്തിനു ദുഃഖം. അദ്ദേഹം തന്റെ മുൻചെയ്തികളെപ്പറ്റി ചിന്തിച്ച് പശ്ചാത്തപിച്ചു. നീനവയിൽനിന്നു തിരിച്ചുപോരാൻ അല്ലാഹു ﷻ തന്നോടാജ്ഞാപിച്ചിരുന്നില്ലെന്നും അത് തോന്നിച്ചത് പിശാചായിരുന്നെന്നുംഅദ്ദേഹത്തിനു ബോധ്യമായി...

കുറേ നേരം പശ്ചാത്തപിച്ചപ്പോൾ തിമിംഗലത്തിന്റെ ഉദരത്തിൽ യൂനുസ് നബി (അ) കത്തുന്ന ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടതായി കണ്ടു. ജിബ്രീൽ (അ) എന്ന മലക്ക് മത്സ്യോദരത്തിൽ പ്രവേശിച്ചതായിരുന്നു അത്. പരസ്പരാഭിവാദനങ്ങൾക്കു ശേഷം ജിബ്രീൽ (അ) പറഞ്ഞു.

"നിങ്ങളുടെ പശ്ചാത്താപം അല്ലാഹു ﷻ സ്വീകരിച്ചിരിക്കുന്നു. നിങ്ങൾ വീണ്ടും നീനവയിലേക്ക് തന്നെ പോവുക."

മൂന്നാം ദിവസം തിമിംഗലം  സമുദ്രതീരത്തു വന്നു വായതുറന്നു യൂനുസ് നബി(അ)നെ കരയിലേക്ക് പുറംതള്ളി. 

നീനവ നഗരത്തിലെത്തിയ യൂനുസ് നബി(അ)ന് രാജാവും വിമോചിതനായ പ്രധാനമന്ത്രിയും ആഹ്ലാദചിത്തരായ  ജനങ്ങളും കൂടി ഉജ്ജലമായ വരവേൽപ് നൽകി. തന്റെ വിശ്വാസത്തെ സർവാത്മനാ പുൽകിയ ജനങ്ങളേ കണ്ട് യൂനുസ് നബി (അ) ചാരിതാർത്ഥനായി. നബി അല്ലാഹുﷻവിനെ സ്തുതിച്ചു.


ഗുണപാഠം :തെറ്റുപറ്റിയാൽ അതു സമ്മതിക്കുകയും അത് ആവർത്തിക്കുകയില്ലെന്നുറച്ച് അതിന് പശ്ചാത്തപിക്കുകയും ചെയ്യുക മഹാന്മാരുടെ ലക്ഷണമാണ്. അത്തരക്കാരെ അല്ലാഹു ﷻ ആപത്തിൽ നിന്നു രക്ഷിക്കുകയും സഹായിക്കുകയും ചെയ്യും. ഈ കഥയിൽ പ്രവാചകനായ യൂനുസ് നബി(അ)ആണ് ഇതിന് ഉത്തമോദാഹരണം.

No comments:

Post a Comment