Monday 8 March 2021

ഖാബീലും ഹാബീലും

 

ആദം നബി(അ)മിന്റെയും ഹവ്വ ബീവി(റ)യുടെയും മക്കളാണ് ഖാബീലും ഹാബീലും. ഹവ്വ ബീവി(റ)യുടെ കന്നിപ്രസവത്തിൽ ഖാബീലും അവന്റെ സഹോദരി ഇഖ്ലിമയും ജനിച്ചു. രണ്ടാം തവണ ഹവ്വ ബീവി (റ) ഹാബീലിനേയും അവന്റെ സഹോദരി ലബൂദയെയും പ്രസവിച്ചു...

സൗമ്യനായ ഹാബീൽ വെണ്ണപോലെ ഹൃദയമുള്ളവനും സൽസ്വഭാവിയുമായിരുന്നു. ഖാബീലാവട്ടെ കരിങ്കല്ലുപോലെ കഠിനഹൃദയമുള്ളവനുമായിരുന്നു. 

അവരുടെ സഹോദരിമാരും വ്യത്യസ്‌തകളായിരുന്നു. ഇഖ്‌ലിമയോളം അഴകുള്ളവളായിരുന്നില്ല ലബൂദ.

ഖാബീലിന്റെയും ഹാബീലിന്റെയും ബാല്യകാലം. ഇരുവരും വേട്ടക്കാരനും ഇരയുമായി കളിക്കുകയായിരുന്നു. കളികളിൽ എപ്പോഴും ഖാബീലിന്റെ ഭാഗം വേട്ടക്കാരന്റെതായിരുന്നു. ഹാബീലിന് ഇരയുടേതും. കളിക്കുമ്പോൾ ഖാബീൽ തന്റെ കൈയിലുള്ള മരക്കൊമ്പുകൊണ്ട്  ഹാബീലിനെ തല്ലും. ആദ്യമൊക്കെ ഹാബീൽ ചിരിക്കുമെങ്കിലും വേദന സഹിക്കവയ്യാതാവുമ്പോൾ അവൻ ഉറക്കെ നിലവിളിക്കും. അപ്പോൾ അവരുടെ പിതാവായ ആദം നബി(അ) ഓടിയെത്തി ഇരുവരെയും വേർപെടുത്തി സാന്ത്വനിപ്പിക്കും. 

ഹാബീലിന്റെ പരുക്കുകൾ  തടവിക്കൊണ്ട് ആദം നബി(അ) ഖാബീലിനെ ഉപദേശരൂപേണ ശകാരിക്കും. "നീയെന്താണ് ഇത്ര ക്രൂരനായത്..? ഒരേ മാതാവിന്റെ മക്കളല്ലേ നിങ്ങൾ. ഒരേ മണ്ണിൽ ഒത്തൊരുമയോടെ ജീവിക്കേണ്ട സഹോദരന്മാർ. സ്നേഹമാണ് നിങ്ങളെ കൂട്ടിയിണക്കേണ്ടത്. നിങ്ങൾക്കിടയിൽ വെറുപ്പുണ്ടാവരുത്..."

ഖാബീൽ ഒന്നും മിണ്ടാതെ നിൽക്കുമ്പോൾ, രണ്ടുപോരോടും പൊറുക്കണം എന്നപേക്ഷിക്കുകയായിരിക്കും ഹാബീൽ. യുവാവായപ്പോഴും തരംകിട്ടുമ്പോഴൊക്കെ ഖാബീൽ ഹാബീലിനെ മർദ്ദിക്കുമായിരുന്നു. അപ്പോഴൊക്കെ ഹാബീൽ ക്ഷമിക്കുകയായിരുന്നു പതിവ്.

മക്കൾ പ്രായപൂർത്തിയായപ്പോൾ അവരെ വിവാഹം ചെയ്തുകൊടുക്കുവാൻ ആദം നബി(അ) തീരുമാനിച്ചു. ഭൂമിയിൽ വേറെ മനുഷ്യകുലം നിലവിലില്ലാതിരുന്നതിനാൽ സ്വന്തം മക്കളെ തമ്മിൽ വിവാഹം കഴിപ്പിക്കാൻ അദ്ദേഹം നിർബന്ധിതനായി...

ഒരു ആൺകുട്ടിക്ക് മറ്റേ ആൺകുട്ടിയുടെ കൂടെ ജനിച്ച പെൺകുട്ടി എന്നതായിരുന്നു ക്രമം.

ഈ ക്രമമനുസരിച്ച് ഹാബീൽ വിവാഹം ചെയ്യേണ്ടത് ഖാബീലിന്റെ കൂടെ ജനിച്ച ഇഖ്‌ലീമയെയായിരുന്നു. ഖാബീൽ ലബൂദയെയും.

എന്നാൽ സൗന്ദര്യം കൂടിയ ഇഖ്‌ലീമയെ ഇണയാക്കണമെന്നായിരുന്നു ഖാബീലിന്റെ മോഹം. ഹാബീൽ അവളെ വിവാഹം ചെയ്യുന്നത് അയാൾ ഇഷ്ടപ്പെട്ടില്ല.

"ഇല്ല. എനിക്ക് ഇഖ്ലീമയെ തന്നെ വേണം. ലബൂദയെ ഞാൻ വിവാഹം കഴിക്കില്ല. ഞാനും ഇഖ്ലീമയും

ഒരേ വയറ്റിൽ ജനിച്ചു വളർന്നവരാണ്. അതിനാൽ എനിക്കാണ് അവളിൽ കൂടുതൽ അവകാശമുള്ളത്." ഖാബീൽ വാശിയോടെ പിതാവിന്റെ മൂന്നിൽവെച്ച് അലറി.

കൂടെ ജനിച്ച സഹോദരിയെ വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെടുത്താൻ ആദം നബി(അ) ശ്രമിച്ചു. പക്ഷേ ഖാബീൽ പിടിവാശി ഉപേക്ഷിച്ചില്ല.

ആദം നബി(അ) ഈ പ്രശ്നത്തിന് ഒരു പരിഹാരം നിർദ്ദേശിച്ചു. “നിങ്ങളിരുവരും അല്ലാഹുﷻവിന് വഴിപാടു നൽകുക. ആരുടെ വഴിപാടാണോ അല്ലാഹു ﷻ സ്വീകരിക്കുന്നത് അവനായിരിക്കും ഇഖ്ലീമയുടെ വരൻ."

അല്ലാഹുﷻവിന് വഴിപാട് അർപ്പിക്കുന്ന ദിവസം വന്നുചേർന്നു. ഹാബീൽ കാലിവളർത്തുകാരനായത്കൊണ്ട് ധാരാളം നാൽകാലികളുണ്ടായിരുന്നു. അങ്ങനെ തന്റെ നാൽകാലിക്കൂട്ടത്തിൽനിന്ന് ഏറ്റവും നല്ല ആടിനെ കൊണ്ടുവന്നു. അതിനെ അയാൾ മലമുകളിൽ വെച്ചു. എന്നിട്ട് വഴിപാട് സ്വീകരിക്കാനായി അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു.

ഖാബീലിന്റെ തൊഴിൽ കൃഷിയായിരുന്നു. അത്യാർത്തിക്കാരനും പിശുക്കനുമായ ഖാബീൽ പാകമാകാത്ത ധാന്യങ്ങൾ  വഴിപാടായി അർപ്പിച്ചു. അയാൾ മനസ്സിൽ ഉറപ്പിച്ചിരുന്നു. അല്ലാഹു ﷻ തന്റെ വഴിപാട് സ്വീകരിച്ചാലും ഇല്ലെങ്കിലും ഇഖ്‌ലീമയെ തനിക്കു തന്നെ സ്വന്തമാക്കണം എന്ന്. എങ്കിലും ഖാബീൽ മനസില്ലാമനസ്സോടെ അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു.

വഴിപാടിന്റെ ഫലമറിയാനായി രണ്ടു സഹോദരൻമാരും ദൂരെ മാറിനിന്നു.

പെട്ടെന്ന് ആകാശത്തുനിന്ന് പുകയില്ലാത്ത അഗ്നി ഇറങ്ങിവന്ന് ഹാബീലിന്റെ വഴിപാട് ഭക്ഷിച്ചു. വഴിപാട് അല്ലാഹു ﷻ സ്വീകരിച്ചു എന്നായിരുന്നു അതിനർത്ഥം. ഹാബീൽ അല്ലാഹുﷻവിനെ സ്തുതിച്ചു. 

ഈ സംഭവം എരിതീയിൽ എണ്ണ ഒഴിച്ചാലെന്ന പോലെ ഖാബീലിന്റെ മനസ്സിൽ പ്രതികാരവാഞ്ഛ വളർത്തി. അവന്റെ കുടിലമസ്തിഷ്കത്തിൽ ക്രൂരമായ ചിന്തകൾ കാടുകയറി. ഹാബീലിനെ ഇല്ലാതാക്കണം. എങ്കിലേ ഇഖ്‌ലീമയെ തനിക്ക് കിട്ടൂ.

അവൻ പറഞ്ഞു: "ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും."

ഹാബീൽ അവനെ ഉപദേശിക്കാൻ നോക്കി. ഖാബീലിനോട് പറഞ്ഞു: "ഭയഭക്തിയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു ﷻ ദുആ സ്വീകരിക്കുകയുള്ളൂ." ഖാബീൽ ഇതൊന്നും ചെവികൊണ്ടില്ല. 

ഹാബീൽ ശാന്തസ്വരത്തിൽ വീണ്ടും  പറഞ്ഞു. എന്നെ കൊല്ലാൻ വേണ്ടി എന്റെ നേരെ നീ കൈ നീട്ടിയേക്കാം. എന്നാലും നിന്നെ കൊല്ലാൻ വേണ്ടി നിന്റെ നേരെ ഞാൻ കൈ നീട്ടുകയില്ല. ലേകരക്ഷിതാവായ അല്ലാഹുﷻവിനെ തീർച്ചയായും ഞാൻ ഭയപ്പെടുന്നു. കൊലപാതകം അതീവ ഗുരുതരമാണെന്ന് ഹാബീൽ സഹോദരനെ ഓർമിപ്പിക്കുന്നു. ഹാബീൽ ഇത്രകൂടിപ്പറഞ്ഞു:

"കൊലപാതകത്തിന്റെ കുറ്റം നിനക്കുണ്ട്. എന്റെ കുറ്റവും നീ ഏറ്റെടുക്കണം. രണ്ട് കുറ്റങ്ങളുമായി നീ മടങ്ങിക്കൊള്ളുക." അത് കേട്ടിട്ടും ഖാബീലിന്ന് കുലുക്കമില്ല. കൊലനടത്തിയേ അടങ്ങൂ എന്ന വാശി...

ഇബ്ലീസിന്റെ ചതിയിൽ പെട്ടുപോയ ഖാബീലിന്ന് ആ ഉപദേശങ്ങളൊന്നും ഫലം ചെയ്തില്ല. ഹാബീലിനെ എങ്ങനെ ഇല്ലാതാക്കും എന്നത് മാത്രമായിരുന്നു ഖാബീലിന്റെ ചിന്ത മുഴുവനും. അതിനായി ഒരവസരം കാത്തിരുന്നു അയാൾ. 

ഒരിക്കൽ കാട്ടിലൂടെ നടക്കുകയായിരുന്നു ഖാബീൽ. അതാ ഒരു തണൽമരം. അതിന്ന് താഴെ ഒരാൾ വിശ്രമിക്കുന്നു. ചെന്നുനോക്കി. ഹാബീൽ തന്നെ... ഇത് തന്നെ നല്ല അവസരം. കണ്ണടച്ച് കിടക്കുകയാണ്.

ചെറിയ മയക്കം. യാത്രാക്ഷീണം കൊണ്ടായിരിക്കും...

ആദ്യത്തെ കൊലപാതകം നടക്കാൻ പോവുന്നു. ആദ്യ പിതാവിന്റെ മൂത്ത പുത്രൻ കൊലപാതകിയാവാൻ പോവുന്നു. ഇബ്ലീസ് കണ്ട് രസിക്കുന്നു. ഖാബീൽ ഭാരം കൂടിയ കല്ല് കൊണ്ടുവന്നു. അയാൾ ആ കല്ല്  കൈകളിൽ പൊക്കിപ്പിടിച്ചു. നിഷ്കളങ്കനായ ഹാബീലിന്റെ മനോഹരമായ ശിരസ്സിൽ ശക്തമായി ഇടിച്ചു. ശിരസ്സ് തകർന്നു പോയി. രക്തം ചിതറി വീണു. കളങ്കമില്ലാത്ത പുത്രൻ വധിക്കപ്പെട്ടു...


ലോകത്തെ ആദ്യത്തെ കൊല..!!

വിജനമായ പ്രദേശം വിറങ്ങലിച്ചു നിന്നു. അപ്പോൾ ശൈത്വാൻ പൊട്ടിച്ചിരിച്ചു.. 

 സഹോദരന്റെ ചലനങ്ങൾ നിലച്ചു. ഇനിയെന്ത്..? ചേതനയറ്റ ശരീരം എന്ത് ചെയ്യണം..? അറിയില്ല.  ഹാബീലിന്റെ ജീവനില്ലാത്ത ശരീരവുമായി ഖാബീൽ നടന്നു. നാല്പത് ദിവസം കടന്നു പോയി. ആകെ പരവശനായി. ക്ഷീണിതനായി. അപ്പോൾ അയാൾ ആ കാഴ്ചകണ്ടു. കാട്ടുമൃഗങ്ങളും പക്ഷികളും തമ്മിലുള്ള പോരാട്ടം. ചിലപക്ഷികൾ പോരാട്ടത്തിൽ ചത്തു...

ഒരു കാക്ക താഴ്‌ന്നു പറന്നു വരുന്നത് ഖാബീൽ കണ്ടു. കാക്കയുടെ പ്രവർത്തനം കൗതുകത്തോടെ നോക്കിനിന്നു. ചുണ്ട് കൊണ്ട് ഭൂമിയിൽ കൊത്തുന്നു. മണ്ണ് നീക്കുന്നു. കുറെക്കഴിഞ്ഞപ്പോൾ ഒരു കുഴിയുണ്ടായി. ചത്ത പക്ഷിയെ കടിച്ചു വലിച്ചുകൊണ്ട് വന്നു. കുഴിയിലിട്ടു മൂടി. സംസ്കരണം പൂർത്തിയായി. കാക്ക പറന്നകന്നു...

അപ്പോൾ ഖാബീൽ സ്വയം പറഞ്ഞു...

"കാക്കയുടെ വിവരം പോലും തനിക്കില്ലാതെ പോയെല്ലോ..?!"

സഹോദരനെ വധിച്ചത് കാരണം ഞാൻ ഈ കാക്കക്ക് തുല്യനായിപ്പോയി. വേണ്ടിയിരുന്നില്ല എന്ന തോന്നൽ. ഖാബീൽ ഭൂമിയിൽ വലിയൊരു കുഴിയുണ്ടാക്കി. സഹോദരന്റെ മയ്യിത്ത് അതിലിട്ട് മൂടി. കുറ്റബോധത്തോടെ അയാൾ നടന്നുനീങ്ങി... 


ഗുണപാഠം :എടുത്ത് ചാട്ടവും ക്ഷമ ഇല്ലായ്മയും അല്ലാഹു ﷻ ഇഷ്ടപ്പെടില്ല. അത്തരം ആളുകളുടെ ദുആ അല്ലാഹു ﷻ സ്വീകരിക്കുകയും ഇല്ല. കൂടാതെ സഹോദരങ്ങൾ ഒത്തൊരുമയോടെയും സ്നേഹത്തോടെയും ജീവിച്ചില്ലെങ്കിൽ അതിന്റെ ഫലം  ദുരന്തമായിരിക്കുമെന്ന ഗുണപാഠം കൂടി ഈ കഥ നൽകുന്നു...

No comments:

Post a Comment