Thursday 11 March 2021

അസ്ഹാബുൽ കഹ്ഫ്


റോമിലെ ഉന്നത കുടുംബങ്ങളിൽപ്പെട്ട ചില യുവാക്കന്മാർക്ക് വളരെക്കാലം ഒരു ഗുഹയിൽ വസിക്കേണ്ടതായി വന്നു. അതിനാൽ അവർ ഗുവാനിവാസികൾ എന്ന പേരിൽ വിശ്രുതരായി ഭവിച്ചു. ഈസാ നബി (അ) യുടെ അനുയായികളായിരുന്ന ഈ യുവാക്കന്മാർ ആരാധനയിലും , ഭക്തിയിലും എത്രയോ ദൃഡതയോടു കൂടി വർത്തിച്ചിരുന്നു. ആദം നബി (അ) ഭൂമിയിൽ വന്ന് ഏകദേശം 5800 കൊല്ലം കഴിഞ്ഞപ്പോൾ ഈസാ നബി (അ) യുടെ അനുയായികളിൽ വിഗ്രഹാരാധന കടന്നു കൂടി. 

ക്രിസ്ത്യാനികള്‍ ഒരു കാലത്തു ദുര്‍മ്മാര്‍ഗ്ഗത്തില്‍ മുഴുകിപ്പോകുകയും, അവര്‍ക്കിടയില്‍ വിഗ്രഹാരാധന പടര്‍ന്നുപിടിക്കുകയുമുണ്ടായി. അന്നു് ‘ദഖ്-യാനൂസ്’ (Decius – دقيانوس) എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. അയാള്‍ ജനങ്ങളെ വിഗ്രഹാരാധന ചെയ്‌വാന്‍ നിര്‍ബ്ബന്ധിച്ചുവന്നു.

രാജാക്കന്മാരും , വിഗ്രഹാരാധനയ്ക്ക് പ്രോത്സാഹനം നൽകി. പണ്ഡിതപാമര ഭേതമന്യേ ജനങ്ങൾ വിഗ്രഹാരാധനയിൽ ഔൽസുക്യം പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ യഥാർത്ഥ വിശ്വാസികൾക്ക് സ്വഗൃഹങ്ങളെയും, ദേശങ്ങളെയും വിട്ട് പാലായനം ചെയ്യുകയല്ലാതെ ഗത്യന്തരമില്ലെന്നു വന്നു.  

റോമിലെ അക്കാലത്തെ രാജാവ് ദുഷ്ടനും , ദുർമോഹിയും , വിഗ്രഹാരാധകനുമായിരുന്നു. ദക്കിയാനൂസ് എന്ന് പേരായ ഈ രാജാവ് ആ രാജ്യത്ത് മുഴുവൻ വിഗ്രഹാരാധന നടപ്പിൽ വരുത്തുവാനായി ഒരു വിളംബരം പ്രഖ്യാപിച്ചു.വിഗ്രഹാരാധനയിൽ അനുഭാവമില്ലാത്തവരെ ബന്ധിച്ച് അയാൾ പല വിധത്തിലും ഉപദ്രവിക്കാൻ തുടങ്ങി. 

മുസ്‌ലിംകൾ തർസൂസ് എന്ന് വിളിച്ചു വന്നിരുന്ന അഫ്‍സൂസു പട്ടണത്തിൽ യഥാർത്ഥ മതവിശ്വാസികളായിരുന്ന കുറെ യുവാക്കന്മാർ ഉണ്ടായിരുന്നു. പ്രസ്തുത പട്ടണം റോമിന്റെ ഉത്തര ഭാഗത്ത് സ്ഥിതിചെയ്തിരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുക , നിസ്ക്കാരം , വൃതം , ദാന ധർമ്മങ്ങൾ തുടങ്ങിയ സൽക്കർമ്മങ്ങൾ അവർ യഥായോഗ്യം നിറവേറ്റിയിരുന്നു.മതകാര്യങ്ങളിൽ ദൃഢവ്രതക്കാരായിരുന്ന ഈ യുവാക്കന്മാരെപ്പറ്റി ഏതോ ഒരാൾ രാജാവിന് അറിവ് കൊടുത്തു.

രാജാവ് ഇവരെ വരുത്തി. നിങ്ങൾ ആരെയാണ് ആരാധിക്കുന്നതെന്നു അവരോടു ചോദിച്ചു.
 
ഞങ്ങൾ ഞങ്ങളുടെ സൃഷ്ടാവായ നാഥനെ ആരാധിക്കുന്നു.ഈസാ നബിയുടെ (അ) മതത്തിൽ സ്ഥിരമായി നിൽക്കുന്നവരാണ് ഞങ്ങൾ എന്നവർ മറുപടി നൽകി.

ഈ മറുപടി രാജാവിന് തീരെ ദഹിച്ചില്ല. നിങ്ങൾ ഇന്നുമുതൽ ഞങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കണം എന്ന് രാജാവ് ഖണ്ഡിതമായി കൽപ്പിച്ചു.

ഖുർആനിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: "നാം അവരുടെ ഹൃദയങ്ങളെ സ്ഥിരതയുള്ളതാക്കി. അവർ എഴുന്നേറ്റു നിന്ന് പറഞ്ഞു: ആകാശങ്ങളുടെയും , ഭൂമിയുടെയും അധിനാഥനാകുന്നു ഞങ്ങളുടെ നാഥൻ. അവനെയല്ലാതെ മറ്റൊരാരാധ്യനെ ഞങ്ങൾ വിളിക്കുകയില്ല. (അങ്ങനെ വിളിച്ചാൽ) നിശ്ചയമായും ഞങ്ങൾ തെറ്റായ വാക്ക് പറഞ്ഞവരായിത്തീരും".

ആ യുവാക്കൾ തന്റെ കൽപ്പനയ്ക്ക് കീഴൊതുങ്ങാത്തതിനാൽ കുപിതനായ രാജാവ് അവരുടെ വസ്ത്രാഭരണാദികളെ പിടിച്ചെടുക്കാൻ ആജ്ഞാപിച്ചു. അനന്തരം അയാൾ ഇപ്രകാരം പറഞ്ഞു. " ബുദ്ധിക്ക് പാകതവരാത്ത യുവാക്കളായ നിങ്ങൾക്ക് ഞാൻ മൂന്നു ദിവസത്തെ അവധി നിശ്ചയിച്ചിരിക്കുന്നു. അതിനകം നിങ്ങൾ വിഗ്രഹാരാധനയെപ്പറ്റി നല്ലതുപോലെ പഠിച്ച് നിങ്ങളുടെ മനംമാറ്റം എന്നെ അറിയിക്കണം .

ഞാൻ അല്പദിവസം ഇവിടെ ഉണ്ടായിരിക്കുകയില്ല. യാത്ര കഴിഞ്ഞു തിരിച്ചു വരുമ്പോൾ നിങ്ങളിൽ നിന്നും ഞാൻ ആഗ്രഹിക്കുന്ന സന്തോഷ വാർത്ത കേട്ടാൽ തൃപ്തനാകും. അല്ലെങ്കിൽ ഈ നാട്ടിലുള്ളവർ വിഗ്രഹങ്ങളെ ആരാധിക്കുമ്പോലെ നിങ്ങളും ആരാധിക്കേണ്ടതായി വരും. ഇപ്പോൾ നിങ്ങൾക്ക് നല്ലൊരു സന്ദർഭമാണ് ഒത്തുവന്നിരിക്കുന്നത്. സമയത്തെ വ്യർത്ഥമാക്കാതെ പ്രവൃത്തി തുടങ്ങുക. എന്റെ കല്പനകൾക്ക് യാതൊരു വീഴ്ചയും വരുത്തരുത് .

അവർ സ്വഗൃഹങ്ങളിലേക്ക് മടങ്ങി. എന്തായാലും ആ ദുഷിച്ച മാർഗ്ഗത്തിലേക്ക് പോവുകയില്ലെന്നവർ പ്രതിജ്ഞയെടുത്തു. രാജാവ് മടങ്ങി വന്നാൽ നമ്മൾ വിഗ്രഹാരാധനയിലേക്ക് അടുക്കുന്നില്ല എന്നറിഞ്ഞാൽ നമ്മെ ഉപദ്രവിക്കാൻ വഴിയുണ്ട്. അവസാനം ആ നാട് വിടാൻ അവർ തീരുമാനമെടുത്തു. രാജാവ് മടങ്ങി വരുന്നതിനു മുൻപായി മറ്റാരുമറിയാതെ അവർ സ്വഗൃഹങ്ങൾ വിട്ടു യാത്രയാരംഭിച്ചു.

തങ്ങളുടെ നാടായ ‘എഫെസൂസു്’ – അല്ലെങ്കില്‍ ‘തര്‍സൂസ്’ – (أفسوس أو طرسوس) എന്ന പട്ടണം  വിട്ടുപോയി. അടുത്തുള്ള ‘നീഖായൂസ്’ (نيخايوس) മലയിലെ ഒരു ഗുഹയെ അഭയം പ്രാപിച്ചു. 

(((തുര്‍ക്കിയുടെ പടിഞ്ഞാറെ കടല്‍ക്കരയില്‍, സ്മിര്‍ണാ (إزمير) യില്‍നിന്നു 40-50 നാഴിക അകലെ സമുദ്രത്തില്‍ നിന്നു ഏതാണ്ടു മൂന്നു നാഴിക ദൂരത്തു – സ്ഥിതി ചെയ്തിരുന്ന ഒരു പ്രധാന റോമന്‍ പട്ടണമായിരുന്നു എഫെസൂസ് (Ephesus). അവിടെ ഒരു കുന്നിന്മേല്‍ വമ്പിച്ച ഒരു ആരാധനാ സ്ഥലവും, മലഞ്ചെരിവില്‍ 24,000 ആളുകള്‍ക്കു ഇരിക്കാവുന്ന ഒരു രംഗസ്ഥലവും ഉണ്ടായിരുന്നുപോല്‍. ഖലീഫാ വാഥിഖിന്റെ (الواثق) കാലത്തു അയക്കപ്പെട്ട ഒരു നിരീക്ഷണസംഘം അവിടെ, ‘അസ്ഹാബുല്‍ കഹ്ഫി’ന്റേതാണെന്നു അനുമാനിക്കപ്പെടുന്ന ഗുഹയും മറ്റും കണ്ടതായി പറയപ്പെടുന്നു. ‘തര്‍സൂസ്’ തുര്‍ക്കിയുടെ തെക്കേ കടലോരപ്രദേശത്തു കിഴക്കോട്ടു നീങ്ങിനില്‍ക്കുന്നു))). 


വഴിമദ്ധ്യേ ഒരു ആട്ടിടയനും ഇവരുടെ സംഘത്തിൽ ചേർന്നു. അദ്ദേഹത്തോടൊപ്പം ഒരു നായയും ഉണ്ടായിരുന്നു. 

അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആ നായ അവരോട് പറഞ്ഞു : "അല്ലാഹുവിനെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കും. നിങ്ങളെല്ലാവരും ആ കാണുന്ന പർവ്വതത്തിൽ കയറി ഒളിച്ചിരിക്കുക: ഞാൻ കാവൽ നിന്ന് കൊള്ളാം.

അവർ ആ പർവ്വതത്തിൽ കയറി , അവിടെ കണ്ട ഒരു ഗുഹയിൽ അവർ വിശ്രമാർതഥം ഇരുന്നു .ആ നായ അവർക്ക് കാവലും നിന്നു. (നായ ഇടയന്റെ വക തന്നെയാണെന്ന് ഇബ്നു അബ്ബാസ് (റ) അഭിപ്രായപ്പെട്ടിരിക്കുന്നു.

അവർ അഭയം പ്രാപിച്ച പർവ്വതം പട്ടണത്തിൽ നിന്നും അധികം വിദൂരത്തല്ലായിരുന്നു. ഈ സംഘത്തിൽ ഉൾപ്പെട്ടവരുടെ പേരുകൾ ഇപ്രകാരമാണ്.

തംലീഖ
മക്സലമീനാ 
മർന്നൂസ്
മർബൂസ് 
ശാദിയൂസ്
ഇടയന്റെ പേര് മാർത്തൂസ്‌ എന്നും അവന്റെ കൂടെയുള്ള നായുടെ പേര് ഖിത്മീർ എന്നും പറയപ്പെടുന്നു .

അവര്‍ക്കു ഗൂഢമായി ഭക്ഷണപാനീയങ്ങള്‍ കൊണ്ടുവന്നിരുന്നത് അവരില്‍ ഒരാളായ ‘തംലീഖാ’ (تمليخا) ആയിരുന്നു.


ഒരിക്കൽ നജ്‌റാൻ നിവാസികളായ ചില ക്രിസ്ത്യാനികൾ നബി (صلّی الله عليه وسلّم) യെ സന്ദർശിച്ചു. സന്ദർഭവശാൽ അവർ ഗുഹയിൽ വസിച്ചിരുന്നവരെപ്പറ്റിയും നബി (صلّی الله عليه وسلّم) യോട് സംസാരിക്കുകയുണ്ടായി.അവരിൽ യാക്കൂബ് എന്ന് പേരുള്ള ഒരാൾ , ഗുഹാ നിവാസികൾ മൂന്നുപേർ മാത്രമായിരുന്നുവെന്നും നാലാമത്തേത് അവരുടെ നായ ആയിരുന്നുവെന്നും നബി (صلّی الله عليه وسلّم) യോട്  പറഞ്ഞതായി യഹൂദന്മാർ പ്രസ്ഥാപിച്ചിരിക്കുന്നു.

ആഖീബ് എന്നൊരു ക്രൈസ്തവൻ ഗുഹയിൽ വസിച്ചിരുന്നവരെപ്പറ്റി അവർ അഞ്ചു പേരാണെന്നും ആറാമതായി അവരുടെ നായയുമുണ്ടെന്നു പ്രസ്ഥാവിച്ചിട്ടുണ്ട്. 

എന്നാൽ മുസ്ലീങ്ങളുടെ അഭിപ്രായം ഇപ്രകാരമാകുന്നു : ഗുഹയിൽ വസിച്ചവർ ഏഴു പേരാകുന്നു , എട്ടാമതായി അവരുടെ ശുനകനുമുണ്ട്..


ഗുഹാവാസികളുടെ എണ്ണത്തെസംബന്ധിച്ചു ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന തര്‍ക്കങ്ങളെപ്പറ്റി അല്ലാഹു പറയുന്നു:-

سَيَقُولُونَ ثَلَٰثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًۢا بِٱلْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّىٓ أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَآءً ظَٰهِرًا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا


(ഗുഹാവാസികള്‍) മൂന്നാളാണ്, അവരില്‍ നാലാമത്തേതു അവരുടെ നായയാണ്‌ എന്നും അവര്‍ (ഒരു വിഭാഗം ആളുകള്‍) പറയും; അഞ്ചാളുകളാണ്. ആറാമത്തേതു അവരുടെ നായയാണ്‌ എന്നും അവര്‍ [ഒരു വിഭാഗം] പറയും; അദൃശ്യകാര്യത്തില്‍ ഊഹപ്രകടനം നടത്തുകയത്രെ (അവര്‍ ചെയ്യുന്നത്)!ഏഴുപേരാണ് എട്ടാമത്തേതു അവരുടെ നായയുമാണ് എന്നും [മറ്റൊരു വിഭാഗം] പറയുന്നു. (നബിയേ!) പറഞ്ഞേക്കുക: 'അവരുടെ എണ്ണത്തെക്കുറിച്ചു എന്റെ രക്ഷിതാവു ശരിക്കറിയുന്നവനാകുന്നു; അല്പം ആളുകളല്ലാതെ അവരെക്കുറിച്ചു അറിയുന്നതല്ല.' എന്നിരിക്കെ, അവരുടെ വിഷയത്തില്‍ പ്രത്യക്ഷതരത്തിലുള്ള ഒരു തര്‍ക്കമല്ലാതെ നീ തര്‍ക്കിക്കരുത്; അവരുടെ കാര്യത്തില്‍ അവരില്‍ (ജനങ്ങളില്‍ ഒരാളോടും തീരുമാനമാവശ്യപ്പെടുകയും ചെയ്യരുത്.

ഗുഹാവാസികളുടെ എണ്ണം മൂന്നാണ്, അഞ്ചാണ്, നായ നാലാമതാണ്, ആറാമതാണ്, എന്നിങ്ങിനെയുള്ള ഭിന്നാഭിപ്രായങ്ങളും, തര്‍ക്കങ്ങളും ജനങ്ങള്‍ക്കിടയില്‍ നടമാടിയിരുന്നു. ഈ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചതിനെത്തുടര്‍ന്നു, അതെല്ലാം അദൃശ്യകാര്യങ്ങളില്‍ ലക്ഷ്യമില്ലാതെ ഊഹപ്രകടനം – അഥവാ അന്ധകാരത്തിലെ അസ്ത്രപ്രയോഗം (رَجْمًا بِالْغَيْبِ) – ആണെന്നു അല്ലാഹു പറയുന്നു. അതോടൊപ്പം, അവര്‍ ഏഴുപേരും ഏട്ടാമത്തേതു നായയുമാണെന്ന വേറെ ഒരു അഭിപ്രായം ഉദ്ധരിക്കുന്നു. അതിനുശേഷം അവരുടെ എണ്ണം അല്ലാഹുവിനു നല്ലവണ്ണം അറിയാം (رَّبِّي أَعْلَمُ بِعِدَّتِهِم) എന്നും, ചുരുക്കം ചിലര്‍ക്കല്ലാതെ അവരെപ്പറ്റി അറിയുകയില്ല (مَّا يَعْلَمُهُمْ إِلَّا قَلِيلٌ) എന്നും പറയുന്നു. ഇതില്‍നിന്നു, ഗുഹാവാസികളുടെ എണ്ണം ഏഴും, ഏട്ടാമത്തേതു നായയുമാണെന്ന അഭിപ്രായം ശരിയാണെന്നും, ആ അഭിപ്രായക്കാര്‍ കുറച്ചേ ഉണ്ടായിരുന്നുള്ളുവെന്നും മനസ്സിലാക്കുന്നതില്‍ തെറ്റില്ല. 

‘ഞാന്‍ ആ കുറഞ്ഞ ആളുകളില്‍ പെട്ടവനാണ്’ എന്നു ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഏതായാലും ഖുര്‍ആന്‍ അവരുടെ എണ്ണം ഇത്രയാണെന്നു ഖണ്ഡിതമായി പ്രസ്താവിച്ചിട്ടില്ല. ബലപ്പെട്ട ഹദീസിലും അതുകാണുന്നില്ല.

അവരുടെ എണ്ണം എത്രയായിരുന്നുവെന്നതല്ല ഇവിടെ ചിന്താവിഷയം; അവര്‍ വരിച്ച ത്യാഗം എന്തായിരുന്നുവെന്നതാണ്. ഇത്തരം സംഗതികളില്‍, തര്‍ക്കങ്ങളോ, ചുഴിഞ്ഞന്വേഷണമോ നടത്തുന്നതു പാഴ്വേലയായിരിക്കും. മനുഷ്യന്റെ അറിവിനപ്പുറമുള്ള അദൃശ്യ കാര്യങ്ങളെപ്പറ്റി ഊഹിച്ചു പറയുന്നതു ശരിയല്ല. അല്ലാഹുവില്‍നിന്നു ലഭിക്കുന്ന അറിവല്ലാതെ അവയില്‍ പ്രയോജനപ്പെടുകയില്ല. വിശദാംശങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തുകയല്ല – ഗുണപാഠങ്ങളെപ്പറ്റി ചിന്തിച്ചു മനസ്സിലാക്കുകയാണ് – നാം ചെയ്യേണ്ടത്.

ദഖ്-യാനൂസ് രാജാവ് കുറച്ചു ദിവസം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയപ്പോൾ വിഗ്രഹാരാധനയിലേക്ക് തിരിച്ചുവരണമെന്ന് താൻ കല്പിച്ചിരുന്ന യുവാക്കൾ നാട്ടിൽ നിന്നും പോയതായി അറിഞ്ഞു. ഒരിക്കല്‍ ‘തംലീഖാ’ ഭക്ഷണം വാങ്ങാൻ വെളിയില്‍ പോയി മടങ്ങിവന്നപ്പോള്‍, രാജാവു തിരിച്ചു വന്നിട്ടുണ്ടെന്നും, തങ്ങളെപ്പറ്റി അന്വേഷണം നടത്തുന്നുണ്ടെന്നും വിവരം കൂട്ടുകാരെ അറിയിച്ചു. ഒരു ദിവസം ‘തംലീഖാ’ പട്ടണത്തിൽ വന്നപ്പോൾ രാജാവും , പരിവാരങ്ങളും തങ്ങളെ ഏതു വിധേനയും കണ്ടുപിടിക്കാനുള്ള മാർഗ്ഗങ്ങൾ ആരായുന്നതായി മനസ്സിലാക്കി.അദ്ദേഹം ഭക്ഷണവുമായി വേഗം മടങ്ങി.

തങ്ങൾ ഏതു നിമിഷവും പിടിക്കപ്പെട്ടേക്കാം എന്നവർ മനസ്സിലാക്കി. അവർ രക്ഷിതാവായാ അല്ലാഹുവിൽ അചഞ്ചലമായ വിശ്വാസമർപ്പിച്ച് ആരാധനയിൽ മുഴുകി.

അവർ ഇപ്രകാരം പ്രാർത്ഥിച്ചു: രക്ഷിതാവേ ! ഞങ്ങളെ നീ അനുഗ്രഹിക്കേണമേ ! ശത്രുക്കളിൽ നിന്നും ഞങ്ങൾക്ക് നീ രക്ഷ നൽകേണമേ ! 

അല്ലാഹു അവരുടെ പ്രാർത്ഥന സ്വീകരിച്ചു എന്ന വിശ്വാസത്തോടെ അവർ നിദ്രയിലാണ്ടു. അല്ലാഹു അവര്‍ക്കു ഒരു ഉറക്കു നല്‍കി എന്ന് പറയുന്നതാണ് അതിന്റെ വാസ്തവം .

രാജാവിന് ഇവരെപ്പറ്റി വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ അവരുടെ പിതാക്കളെ ഭീഷണിപ്പെടുത്തുകയായി. ഒടുക്കം അവര്‍ തങ്ങളുടെ മക്കളെപ്പറ്റി വിവരം കൊടുക്കാൻ നിര്‍ബ്ബന്ധിതരായി.ഉടനെ രാജാവ് ആ പർവ്വതത്തിലെത്തി.അയാൾ പല സ്ഥലങ്ങളും പരിശോധിപ്പിച്ചു. ഒടുവിൽ ആ ഗുഹ കണ്ടു പിടിക്കുകയും, ഉറങ്ങിക്കിടക്കുന്ന ആ യുവാക്കളെ അകത്താക്കിക്കൊണ്ടു ഗുഹാമുഖം അടച്ചു കളയാൻ ഉത്തരവിടുകയും ചെയ്തു.ഇവർ ഇവിടെക്കിടന്നു മരിക്കണം എന്ന് പറഞ്ഞുകൊണ്ട് രാജാവ് തിരിച്ചു പോയി.

എന്നാൽ രാജാവിന്റെ കൂട്ടത്തിൽ നിന്നും സത്യ വിശ്വാസികളായ രണ്ടു പേർ ഗുഹയ്ക്കുള്ളിലുള്ളവരുടെ സ്ഥിതിയെപ്പറ്റി ഒരു പലകയിലെഴുതി ആരും കാണാതെ ആ ഗുഹാമുഖത്ത് സ്ഥാപിച്ചു.‘ബൈദറൂസും’, ‘റൂനാസും’ (بيدروس و روناس) എന്നവരായിരുന്നു ഇവര്‍.

ഗുഹ സ്ഥിതി ചെയ്തിരുന്നത് ഏതു രാജ്യത്തായിരുന്നുവെന്നു ക്വുര്‍ആന്‍ പ്രസ്താവിച്ചിട്ടില്ല. ഈലിയാ (ايلية) എന്ന ബൈത്തുല്‍ മുഖദ്ദസ്സില്‍ ആണെന്നും, മൗസുലിനടുത്തു നീനുവായിലാണെന്നും, റോമായിലാണെന്നും മറ്റും പല അഭിപ്രായങ്ങള്‍ കാണാം.

ഈ ഗുഹ പർവ്വതത്തിന്റെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്തിരുന്നു.സൂര്യ രശ്‌മി തട്ടാത്ത ഒരു വിശാല ഭൂ ഭാഗമായിരുന്നു അത്.മഞ്ഞോ , മഴയോ അവിടെ സ്പർശിച്ചിരുന്നില്ല.

അല്ലാഹു പറയുന്നു :  

وَتَرَى ٱلشَّمْسَ إِذَا طَلَعَت تَّزَٰوَرُ عَن كَهْفِهِمْ ذَاتَ ٱلْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ ٱلشِّمَالِ وَهُمْ فِى فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ ءَايَٰتِ ٱللَّهِ ۗ مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُۥ وَلِيًّا مُّرْشِدًا

സൂര്യന്‍ ഉദിക്കുമ്പോള്‍ അവരുടെ ഗുഹവിട്ടു വലത്തോട്ടു ചാഞ്ഞുപോകുന്നതായും, അസ്തമിക്കുമ്പോള്‍ അതവരെ മുറിച്ചു കടന്നു ഇടത്തോട്ടു പോകുന്നതായും നിനക്കു കാണാം; അവരാകട്ടെ അതില്‍നിന്നുള്ള ഒരു വിശാല സ്ഥലത്തുമാകുന്നു. അതു (എല്ലാം) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അല്ലാഹു ആരെയെങ്കിലും നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നതായാല്‍ അവനാണ് നേര്‍മ്മാര്‍ഗ്ഗം സിദ്ധിച്ചവന്‍; അവന്‍ ആരെയെങ്കിലും ദുര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നതായാല്‍ അവന് നേര്‍ വഴി നല്‍കുന്ന യാതൊരു ബന്ധുവേയും നീ കണ്ടെത്തുന്നതുമല്ലതന്നെ. (സൂറത്തുല്‍ കഹ്ഫ് 17)

(((സൂര്യന്‍, രാവിലെ വലത്തോട്ടും, വൈകുന്നേരം ഇടത്തോട്ടും തെറ്റിപ്പോകുമെന്നും, അങ്ങനെ ഗുഹയില്‍ കിടക്കുന്നവരെ വെയിലിന്റെ ശല്യം ബാധിക്കുകയില്ലെന്നും ഈ വചനത്തില്‍ നിന്നു വ്യക്തമാണ്. അപ്പോള്‍ ഗുഹയുടെ കിടപ്പ് തെക്കുവടക്കായിരിക്കുമെന്നും, ഗുഹാമുഖം മിക്കവാറും വടക്കോട്ടായിരിക്കുമെന്നും കരുതാവുന്നതാകുന്നു. കാരണം, മേല്‍ പറഞ്ഞ ഏത് അഭിപ്രായം നാം എടുത്താലും, ഭൂമദ്ധ്യരേഖയില്‍ നിന്ന് ഏറെക്കുറെ 30 ഡിഗ്രിയോ അതിലധികമോ വടക്കായിരുന്നു ആ രാജ്യമെന്നു തീര്‍ച്ചയാണ്. സൂര്യനാകട്ടെ, വടക്കേ അയനത്തിലും തെക്കേ അയനത്തിലും 23½ ഡിഗ്രി മാത്രമേ നീങ്ങുകയുള്ളു. ഗുഹാമുഖം വടക്കോട്ടല്ലാതാകുന്ന പക്ഷം, പകലില്‍ കുറച്ചു സമയമെങ്കിലും വെയില്‍ അതിനുള്ളില്‍ പ്രവേശിക്കേണ്ടതാണ്. ഏതായാലും, ഗുഹയെപ്പറ്റി കൂടുതല്‍ വല്ലതും അറിയുന്നതില്‍ നമുക്ക് വല്ല പ്രത്യേക പ്രയോജനവും ഉണ്ടായിരുന്നുവെങ്കില്‍, അല്ലാഹു അത് എടുത്തു പറയുമായിരുന്നു. അതില്ലാത്ത സ്ഥിതിക്ക് നാം കൂടുതല്‍ ആരായേണ്ടതില്ല. والله أعلم)))

ഗുഹയിൽ ശുദ്ധവായു യഥേഷ്ടം പ്രവേശിച്ചിരുന്നതിനാൽ നിദ്രയിൽ ലയിച്ചിരുന്നവർക്ക് ശാരീരികമായ അസ്വാസ്ഥ്യങ്ങളൊന്നും സംഭവിച്ചില്ല. അവരുടെ നിദ്ര ഒരു അത്ഭുതരീതിയിലായിരുന്നു. സുഷുപ്തിയിലെന്നപോലെ അവരുടെ നയനങ്ങൾ വിടർന്നിരുന്നു. ആറുമാസത്തിലൊരിക്കൽ അവർ വശം തിരിഞ്ഞു കിടന്നിരുന്നതായി അബൂഹുറൈറ (رضي الله عنه) നിവേദനം ചെയ്തിട്ടുണ്ട്.

അല്ലാഹു പറയുന്നു :  

وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ ٱلْيَمِينِ وَذَاتَ ٱلشِّمَالِ ۖ وَكَلْبُهُم بَٰسِطٌ ذِرَاعَيْهِ بِٱلْوَصِيدِ ۚ لَوِ ٱطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا

(നീ അവരെ കണ്ടിരുന്നുവെങ്കില്‍,-) അവര്‍ ഉണര്‍ന്നു കിടക്കുന്നവരാണെന്നു നീ ധരിച്ചുപോകുന്നതാണ്; അവരാകട്ടെ, ഉറങ്ങുന്നവരുമാകുന്നു; നാം അവരെ വലത്തോട്ടും, ഇടത്തോട്ടും മറിച്ചിട്ടുകൊണ്ടുമിരിക്കുന്നു; അവരുടെ നായ, ഗുഹാമുഖത്തു അതിന്റെ രണ്ടു മുഴങ്കൈകളും നീട്ടിവെച്ചിരിക്കുകയാണ്. അവരെ നീ എത്തിനോക്കിക്കണ്ടിരുന്നുവെങ്കില്‍, ഓടി രക്ഷപ്പെടുന്നതിനായി അവരില്‍നിന്നും നീ പിന്തിരിഞ്ഞു പോകുകയും, അവര്‍ നിമിത്തം നീ ഭയനിര്‍ഭരനായിത്തീരുകയും ചെയ്യുമായിരുന്നു! (സൂറത്തുല്‍ കഹ്ഫ് 18)

(((അവര്‍ ഗുഹയില്‍ കിടക്കുന്നത് ഒരാള്‍ നോക്കിക്കാണുന്നപക്ഷം, അവര്‍ ഉണര്‍ന്നുകിടക്കുകയാണെന്ന് അയാള്‍ക്കു തോന്നിപ്പോകുകയും, പേടിച്ചോടുകയും ചെയ്തേക്കും. എന്തോ ആവശ്യാര്‍ത്ഥം കുറച്ചു യുവാക്കള്‍ അവിടെ വിശ്രമിക്കുന്നു, ഒരു കൂറ്റന്‍ നായ പടിവാതുക്കല്‍ പാറാവുമുണ്ട്, എന്ന ഒരു പ്രതീതിയായിരിക്കും അയാള്‍ക്ക് അനുഭവപ്പെടുക. അവരുടെ കര്‍ണ്ണപുടങ്ങളെ അല്ലാഹു അടച്ചിട്ടുണ്ടെങ്കിലും, സാധാരണ ഉറങ്ങിക്കിടക്കുന്നവരില്‍ ഉണ്ടാകാറുള്ള മറ്റു യാതൊരു മാറ്റവും അവരില്‍ കാണപ്പെടുമായിരുന്നില്ല. ഇടക്കിടെ അവര്‍, ചരിഞ്ഞും മറിഞ്ഞും കിടക്കുകയും ചെയ്തിരുന്നു.)))

ഗുഹാവാസം ചെയ്ത ശുനകന് സ്വർഗ്ഗലബ്‌ധിയുണ്ടാകുമെന്ന് ഒരു നിവേദനത്തിൽ പറഞ്ഞു കാണുന്നു. മഅ്ദാനിന്റെ പുത്രനായ ഖാലിദാണ് ഈ നിവേദകൻ. മുഹമ്മദ് നബി (صلّی الله عليه وسلّم) യുടെ ശരീഅത്ത് പ്രകാരം നായയെ വളർത്തുന്നത് കൃഷിയെയും , കന്നുകാലികളെയും സംരക്ഷിക്കുന്നതിനും , വേട്ടയ്ക്കും മാത്രമായിട്ടാണെങ്കിൽ അനുവദനീയമാകുന്നു. " നായയെ വളർത്തുന്ന വീടുകളിൽ റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കുകയില്ലെന്ന്" അബൂതൽഹത്തിന്റെ നിവേദനത്തിൽ പ്രസ്താവിച്ചിട്ടുള്ളത് , മേൽപ്പറഞ്ഞ സംഗതികൾക്കായല്ലാതെ നായയെ വളർത്തുന്ന വീടുകളെപ്പറ്റിയാകുന്നു.

സ്വഹീഹ് മുസ്ലിമിൽ ഇബ്നു അബ്ബാസ് (رضي الله عنه) ഇൽ നിന്ന് താഴെപ്പറയുന്ന പ്രകാരം ഒരു നിവേദനം ചേർത്തിരിക്കുന്നു. "ഒരു ദിവസം നബി (صلّی الله عليه وسلّم) പ്രഭാത നിസ്ക്കാരം നിർവഹിച്ച ശേഷം ദുഃഖിതനായി ഇരിക്കുന്നത് കണ്ടിട്ട് ഭാര്യയായ മൈമൂന (رضي الله عنها) കാരണം തിരക്കി. നബി (صلّی الله عليه وسلّم) തങ്ങൾ മറുപടി പറഞ്ഞു. കഴിഞ്ഞ രാത്രി ജിബ്‌രീൽ (അ) എന്നെ വന്നു കാണാമെന്ന് വാഗ്‌ദത്തം ചെയ്തിരുന്നു. എന്നാൽ അപ്രകാരം വന്നു കണ്ടില്ല . ജിബ്‌രീൽ (അ) വാഗ്‌ദത്തലംഘനം വരുത്തുകയില്ലെന്നുള്ളത് നിശ്ചയമാണ്.ജിബ്‌രീൽ (അ) പുറത്ത് വന്നു നോക്കിയിട്ട് തിരിച്ചുപോയിരിക്കണം എന്ന് ഞാൻ കരുതുന്നു.കാരണം രാത്രിയിൽ എന്റെ ഹൃദയത്തിൽ ഒരു പട്ടികുട്ടിയെക്കുറിച്ചുള്ള വിചാരം ഉണ്ടായിരുന്നതായിരിക്കണം. ഞാൻ കിടന്നിരുന്ന സ്ഥാനത്തിന് താഴ് ഭാഗത്ത് അത് വന്നു കിടന്നിരുന്നു. ജിബ്‌രീലിന്റെ (അ) വരവിനു അത് തടസ്സമാകുമെന്നു വിചാരിച്ച് അതിനെ അവിടെ നിന്ന് മാറ്റാൻ ഞാൻ പറഞ്ഞു. ശേഷം അത് കിടന്ന സ്ഥലത്ത് കുറച്ചു വെള്ളം കുടയുകയും ചെയ്തു.പ്രഭാതത്തിൽ ജിബ്‌രീൽ (അ) വന്നപ്പോൾ നിങ്ങൾ രാത്രിയിൽ വരുമെന്ന് വാഗ്‌ദത്തം ചെയ്തിരുന്നല്ലോ , എന്ന് ഞാൻ ചോദിച്ചു.ജിബ്‌രീലിന്റെ (അ) മറുപടി , പട്ടിയോ പട്ടിയുടെ രൂപമോ ഉള്ള സ്ഥലങ്ങളിൽ ഞാൻ പ്രവേശിക്കുകയില്ല എന്നായിരുന്നു.ഈ ഹദീസിൽ നിന്നും കൃഷിയുടെ സംരക്ഷണത്തിനായിട്ടല്ലാതെ നായയെ വളർത്തുന്നത് അനുവദനീയമല്ലെന്നു വ്യക്തമാകുന്നു.

അബൂഹുറൈറ (رضي الله عنه) ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു. മുഹമ്മദ് നബി (صلّی الله عليه وسلّم) ഒരിക്കൽ അൻസാരികളിൽപ്പെട്ട ഒരാളിന്റെ വീട്ടിൽ പോയി. അതുകണ്ട മറ്റു ചിലർ ചോദിച്ചു: അങ്ങ് അയാളുടെ വീട്ടിൽ പോകുന്നു. ഞങ്ങളുടെ വീടുകളിൽ വരുന്നില്ല , അത് ഞങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ് ? നബി (صلّی الله عليه وسلّم) പറഞ്ഞു: ' നിങ്ങളുടെ വീടുകളിൽ നായ ഉള്ളത് കാരണമാണ് ഞാൻ വരാതിരിക്കുന്നത്. അവർ ചോദിച്ചു , അങ്ങയുടെ വീട്ടിൽ പൂച്ചയുണ്ടല്ലോ? നബി (صلّی الله عليه وسلّم) അവരുടെ ചോദ്യത്തിന് ഇപ്രകാരം മറുപടി പറഞ്ഞു: പൂച്ചയും , പട്ടിയും ഒരു പോലെയല്ല. പട്ടി എപ്പോഴും മലിനതയിലാണ് കഴിയുന്നത്, പൂച്ച അപ്രകാരമല്ല. അതുകൊണ്ടാണ് നായയുള്ള വീടുകളിൽ മലക്കുകൾ പ്രവേശിക്കാതിരിക്കുന്നത്. മലക്കുകളുടെ പ്രകൃതമുള്ള നബിമാരും നായയുള്ള വീട്ടിൽ പ്രവേശിക്കുകയില്ല.


സഈദ്ബ്നു ജുബൈർ (റ) നിവേദനം ചെയ്തിരിക്കുന്നു: ഒരിക്കൽ ഇബ്നു അബ്ബാസ് (رضي الله عنه) , മുആവിയ (رضي الله عنه) യും സൈന്യത്തോടൊന്നിച്ചു റോമിലേക്ക് യാത്ര തിരിച്ചു. വഴിമധ്യേ ഈ ഗുഹ കാണുകയും ഒന്ന് തുറന്നു നോക്കിയാൽ കൊള്ളാമായിരുന്നു എന്നവർ അഭിപ്രായപ്പെടുകയും ചെയ്തു.ഗുഹയെ തുറക്കുന്നത് വിരോധിച്ചിരിക്കുന്നു എന്ന് ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞു. ആ സ്ഥലം കണ്ടാൽ ഭയമാകും എന്നുള്ളത് ശെരിയാണോ എന്ന് പരിശോധിക്കാൻ മുആവിയ (رضي الله عنه) ആളുകളെ അയച്ചു. അവർ ഗുഹയുടെ സമീപത്തേക്ക് സമീപിച്ചപ്പോൾ അപ്രതീക്ഷിതമായി ശക്തമായൊരു കാറ്റ് വീശി.എല്ലാവരും ഭയപ്പെട്ട് അവിടെ നിന്നും ഓടിപ്പോയി.


കാലം അങ്ങിനെ കഴിഞ്ഞു. ദഖ്-യാനൂസിന്റെ ഭരണവും പേരുമെല്ലാം കാലയവനികക്കുള്ളില്‍ മറഞ്ഞുപോയി.അയാളുടെ പ്രതാപവും , ഐശ്വര്യവുമെല്ലാം മണ്ണോട് ചേർന്നു.

പിന്നീട് ഏകദേശം 300 വർഷങ്ങൾക്കു ശേഷം ബൈദറൂസ് എന്നു പേരുള്ള ഒരു രാജാവുണ്ടായി. 68 കൊല്ലത്തോളം ഭരണം നടത്തിയ അദ്ദേഹം, അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ആളായിരുന്നു. പ്രജകളിലാകട്ടെ, വിശ്വാസികളും, അവിശ്വാസികളുമുണ്ട്.

ഒരു ദിവസം അദ്ദേഹത്തിന്റെ രാജസദസ്സിൽ "മരിച്ചവരെ വീണ്ടും ജീവിപ്പിക്കാൻ സാധിക്കുമോ" എന്ന പ്രശ്നം വാദവിഷയമായി.പണ്ഡിതന്മാർ അതിന്റെ സാധ്യതയെ യുക്തിയുക്തം സമർത്തിച്ചിട്ടും രാജാവിന് സംശയം വിട്ടകലുന്നില്ല.അങ്ങനെ സാധിക്കില്ല എന്നായിരുന്നു ബൈദറൂസ് രാജാവിന്റെ ദൃഢമായ വിശ്വാസം.ജനങ്ങള്‍ക്കു പരലോക ജീവിതത്തെക്കുറിച്ചു ബോധമുണ്ടാകത്തക്ക ഒരു ദൃഷ്ടാന്തം വെളിപ്പെട്ടു കാണുവാന്‍ അദ്ദേഹം ആഗ്രഹിക്കുകയും, അതിനായി അല്ലാഹുവോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു.അങ്ങനെ അദ്ദേഹത്തിന്റെ ദുആ അല്ലാഹു സ്വീകരിക്കുകയും ഗുഹാ നിവാസികളെ ഉണർത്തുകയും ചെയ്തു.

അല്ലാഹു പറയുന്നു:

فَضَرَبْنَا عَلَىٰٓ ءَاذَانِهِمْ فِى ٱلْكَهْفِ سِنِينَ عَدَدًا

അങ്ങനെ കുറെയേറെ വര്‍ഷങ്ങള്‍ ആ ഗുഹയില്‍ വെച്ച് നാം അവരുടെ കര്‍ണ്ണപുടങ്ങളെ അടച്ചു (ഉറക്കിക്കളഞ്ഞു). (ഖു൪ആന്‍:18/11)


ഒരു ആട്ടിടയന്‍ – തന്റെ ആടുകള്‍ക്കു ഒരു താവളം ശരിപ്പെടുത്തേണ്ടുന്ന ആവശ്യാര്‍ത്ഥം – ആ ഗുഹാമുഖത്ത് ചെന്ന് പഴയ ഭിത്തിക്കെട്ട് പൊളിക്കുകയുണ്ടായി. അപ്പോഴായിരുന്നു ശതവര്‍ഷങ്ങളായി ഉറങ്ങിക്കിടന്നിരുന്ന ആ യുവാക്കള്‍ ഉണര്‍ന്നത്. അവര്‍ എഴുന്നേറ്റിരുന്നു പ്രാര്‍ത്ഥനാ നമസ്കാരങ്ങള്‍ നടത്തുകയായി.

അവർ ഉണർന്ന ശേഷം അവർ എത്ര നാൾ ഇങ്ങനെ കഴിച്ചു കൂട്ടി എന്നവർ അന്യോന്യം ചോദിക്കുകയുണ്ടായി. ഒരു മുഴുവന്‍ ദിവസമെന്നും, കുറച്ചു നേരമെന്നും മറ്റും പല അഭിപ്രായങ്ങള്‍ അവര്‍ പറഞ്ഞു. കാരണം രാവിലെയാണ് അവർ അതിനുളളിൽ പ്രവേശിച്ചത്. പകലിന്റെ മൂന്നാം യാമത്തിൽ അവർ ഉണരുകയും ചെയ്തു. അതിനാൽ അവരിൽ ചിലർ ഞങ്ങൾ ഒരു ദിവസം താമസിച്ചു എന്ന് പറഞ്ഞു. സൂര്യൻ അസ്തമിച്ചിട്ടില്ലായിരുന്നതിനാൽ കുറച്ചു സമയമേ നമ്മൾ താമസിച്ചിട്ടുള്ളു എന്ന് മറ്റു ചിലർ അഭിപ്രായം പറഞ്ഞു. ഇപ്രകാരം അഭിപ്രായങ്ങൾ പുറപ്പെടുവിച്ചവരൊഴികെയുള്ളവർ അവരുടെ നഖങ്ങളും , മുടിയും വളർന്നിരിക്കുന്നത് കണ്ട് നാം വളരെക്കാലം ഇവിടെ വസിച്ചിരിക്കണം എന്നുള്ള വിചാരത്തോടുകൂടി നിങ്ങളുടെ റബ്ബ് മാത്രമേ അതിനെപ്പറ്റി അറിയുന്നുള്ളു എന്ന് പറഞ്ഞു.

‘അല്ലാഹുവിനറിയാം; ഏതായാലും, ഒരാള്‍ പുറത്തുപോയി നമ്മുടെ കയ്യിലുള്ള വെള്ളികൊടുത്തു ഭക്ഷണപദാര്‍ത്ഥം വാങ്ങിക്കൊണ്ടു വരട്ടെ’ എന്നായി. പതിവ് പ്രകാരം തംലിഖാ തന്നെ പുറപ്പെട്ടു. ദഖ്യാനൂസ് രാജാവിനെ ഭയന്ന് വളരെ കാത്തും സൂക്ഷിച്ചും കൊണ്ടു അദ്ദേഹം അങ്ങാടിയില്‍ വന്നു. വഴിയില്‍ വെച്ച് മസീഹിന്റെ (ഈസാനബിയുടെ) നാമം കേള്‍ക്കുവാന്‍ ഇട വന്നതില്‍ അയാള്‍ക്ക് ആശ്ചര്യം തോന്നി. തനിക്ക് സ്ഥലം മാറിപ്പോയോ? അതോ താന്‍ സ്വപ്നം കാണുകയാണോ? എന്നൊക്കെ അയാള്‍ സംശയിച്ചുപോയി.എന്നാൽ പട്ടണത്തിന്റെ പ്രവേശന ദ്വാരത്തിൽ എത്തിയതോടു കൂടി ആ സംശയം ഒട്ടകന്നു എങ്കിലും ആ സ്ഥലത്തിനും കാര്യമായ വ്യത്യാസങ്ങൾ സംഭവിച്ചിരുന്നതിനാൽ ഈ സ്ഥലമേതാണെന്ന് ഒരാളോട് അദ്ദേഹം ചോദിക്കുകയുണ്ടായി.ഇത് അഫ്‍സൂസ് പട്ടണമാണെന്ന് അദ്ദേഹം മറുപടി നൽകി.

അനന്തരം തംലിഖാ ഒരു റൊട്ടിക്കടയിൽ ചെന്ന് റൊട്ടി ആവശ്യപ്പെട്ടു. ഈ അവസരത്തിൽ ആ കടയുടെ മുന്നിൽ നിന്നിരുന്ന രണ്ടു പേർ എന്തോ കാര്യത്തിന് ഒരാൾ അല്ലാഹുവിനെക്കൊണ്ടും ഒരാൾ ഈസാ നബിയെക്കൊണ്ടും സത്യവാചകം പറയുന്നത് കേട്ടു. അയാൾ റൊട്ടിക്ക്‌ വില കൊടുത്തു പോകാൻ ഒരുങ്ങി. കുരുടനായിരുന്ന കച്ചവടക്കാരൻ തംലിഖാ കൊടുത്ത നാണയങ്ങൾ തടവി നോക്കിയപ്പോൾ എന്തോ അപാകത തോന്നുകയും , മറ്റുള്ളവരെ വിളിച്ചു കാണിക്കുകയും ചെയ്തു.ആ നാണയം അവർക്ക് അപരിചിതമായിരുന്നു. അയാള്‍ ആശ്ചര്യപ്പെട്ടു. പലരും അതു തിരിച്ചും മറിച്ചും നോക്കി.

‘ഇതു പണ്ടുണ്ടായിരുന്ന ദഖ്യാനൂസിന്റെ കാലത്തെ നാണയമാണല്ലോ! തനിക്ക് എവിടെ നിന്നാണ് നിക്ഷേപം കിട്ടിയത്? എന്ന് അവര്‍ ചോദിച്ചു. ഒരുപക്ഷെ ഖജനാവിൽ നിന്നും ഇദ്ദേഹം മോഷ്ടിച്ചതായിരിക്കാം എന്ന അഭിപ്രായവും അവിടെ വന്നു.പിന്നീടു അവര്‍ അദ്ദേഹത്തെ ആ നാട്ടിലെ ന്യായാധിപന്‍മാരുടെ അടുക്കല്‍ കൊണ്ടുപോയി.ചോദ്യം ചെയ്യലിൽ തന്റെ രാജ്യം ഇത് തന്നെയാണെന്നും തന്റെ പിതാവിന്റെയും , പിതാമഹന്മാരുടെ പേരുകൾ ഇന്നതാണെന്നും അവരോടു പറഞ്ഞു.കൂടാതെ തന്റെ മുൻപുള്ള അവസ്ഥകൾ അവരോടു വിവരിക്കുകയും ചെയ്തു.

ഇപ്പോഴത്തെ രാജാവ് ആരാണെന്നും , അദ്ദേഹത്തെപ്പറ്റി ഒന്നും എനിക്കറിഞ്ഞുകൂടാ . ഞങ്ങൾ കുറെ ചെറുപ്പക്കാർ ഇവിടുത്തെ രാജാവിനെ ഭയന്ന് ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. അവിടെ കിടന്നുറങ്ങി. എഴുന്നേറ്റപ്പോൾ ആഹാരം വാങ്ങാൻ ഇറങ്ങിയതാണ്. മറ്റൊന്നും എനിക്കറിയില്ല. നിങ്ങൾ എന്റെ കൂടെ വന്നാൽ എന്റെ കൂട്ടുകാരെക്കൂടെ പരിചയപ്പെടുത്താം .

പട്ടണത്തിലെ രണ്ടു ന്യായാധിപന്മാർ ഇദ്ദേഹത്തോടൊപ്പം പുറപ്പെട്ടു. ഈ ന്യായാധിപന്‍മാരുടെ പേരുകള്‍ ‘അരിയൂസ്’ എന്നും, ‘ത്വന്‍ത്വിയൂസ്’ (اريس رطنطيوس) എന്നും ആയിരുന്നു.ഇവർ തങ്ങളുടെ ഗുഹക്കഭിമുഖമായി വരുന്നത് കണ്ട് തംലീഖായെ രാജ കിങ്കരന്മാർ പിടിച്ചുപോയി എന്ന ഭയത്താൽ കൂട്ടുകാർ ഗുഹക്കകത്തേക്ക് ഭയത്തോടെ അല്ലാഹുവിലേക്ക് കരങ്ങൾ ഉയർത്തി.

ന്യായാധിപർ ഗുഹക്കരികിൽ എത്തിയപ്പോൾ ഗുഹയില്‍ പണ്ട് നിക്ഷേപിക്കപ്പെട്ടിരുന്ന ചെമ്പുപെട്ടിയിലെ പലകകള്‍ അവര്‍ കാണുകയും, അതില്‍ നിന്നു കാര്യം മനസ്സിലാവുകയും ചെയ്തു. അവര്‍ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടു രാജാവിനെ വിവരം അറിയിച്ചു.

കൂടെ വന്നവർ ഗുഹാ നിവാസികളെ കണ്ട് ആശ്ചര്യപ്പെട്ടു. അവരുടെ വസ്ത്രങ്ങൾക്ക് യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല. ഗുഹാനിവാസികൾ ദഖ്യാനൂസിനെ പറ്റി വന്നവരോട് ചോദിച്ചു. അയാളുടെ കാലം കഴിഞ്ഞിട്ട് വർഷങ്ങളായെന്നും , ഇപ്പോഴത്തെ രാജാവ് സത്യവിശ്വാസിയും , ഭയഭക്തിയുമുള്ള ആളാണെന്നും അവർ അറിയിച്ചു.

അത്ഭുതപരവശനായ രാജാവ് പരിവാരസമേതം ഗുഹയുടെ അടുക്കല്‍ വന്ന് യുവാക്കളെ സന്ദര്‍ശിച്ചു. ആശ്ചര്യവും സന്തോഷവും നിമിത്തം, അല്ലാഹുവിന് സുജൂദില്‍ വീഴുകയും, യുവാക്കളെപ്പിടിച്ച് ആലിംഗനം ചെയ്കയും ചെയ്തു. പിന്നീടു യുവാക്കള്‍ തങ്ങളുടെ സ്ഥാനത്തേക്ക് മടങ്ങുകയും അവിടെ വെച്ചു മരണമടയുകയുമുണ്ടായി. അവരെ പെട്ടിയില്‍ മറവ് ചെയ്യുവാനും, അവിടെ ഒരു ആരാധനാസ്ഥലം പണിയുവാനും രാജാവ് ഏര്‍പ്പാടും ചെയ്തു.


മറ്റൊരു അഭിപ്രായമനുസരിച്ച് ബാക്കി ഭാഗം ഇപ്രകാരം ഗ്രഹിക്കാം.

അക്കാലത്ത് ആ രാജ്യത്തെ ജനങ്ങൾ രണ്ടു കക്ഷിയായി തിരിഞ്ഞിരുന്നു. പരലോകത്ത് എല്ലാവരെയും ജീവിപ്പിക്കുമെന്നുള്ള ഒരു കൂട്ടരുടെ വാദത്തെ മറു കൂട്ടർ ശക്തിയായി എതിർത്തിരുന്നു. വിവാദങ്ങൾ മുറയ്ക്ക് നടന്നു. രാജാവിന് ഇരുകൂട്ടരെയും സമാധാനിപ്പിക്കുക സുഖകരമല്ലാതായി. ഏതെങ്കിലും കക്ഷിയിൽ നിന്ന് ബലമായ തെളിവ് ലഭിച്ചാൽ അത് അല്ലാഹുവിന്റെ തീർച്ചയാണെന്നു സ്ഥാപിച്ചു രാജാവ് വിചാരിച്ചുകൊണ്ടിരുന്നു.ഈ അവസരത്തിലാണ് ഗുഹാ നിവാസികളെപ്പറ്റിയുള്ള വാർത്ത പരന്നത്.

രാജാവും ഇവരെ സന്ദർശിക്കാൻ പോയിരുന്നു. അവരിൽ ഓരോരുത്തരോടും വളരെ നേരം സംസാരിച്ചു. രാജാവ് യാത്രക്കൊരുങ്ങിയപ്പോൾ ഗുഹാനിവാസികൾ അദ്ദേഹത്തിനുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അധികം താമസിയാതെ നിദ്രപ്രാപിക്കുകയും ചെയ്തു. അദ്ദേഹം അവരുടെ ദേഹത്ത് വസ്ത്രങ്ങൾ പുതപ്പിക്കുകയും ഓരോരുത്തരെയും വെള്ളിയും , സ്വർണ്ണവും കൊണ്ടുള്ള പെട്ടികളിൽ കിടത്തുകയും ചെയ്തിട്ട് രാജാവ് തിരിച്ചു മടങ്ങി.

അന്നുരാത്രി ഗുഹാനിവാസികൾ പറയുന്നതായി രാജാവ് സ്വപ്നം കണ്ടു. "ഞങ്ങളെ സ്വർണ്ണവും , വെള്ളിയും കൊണ്ടല്ല സൃഷ്ടിച്ചത് , മണ്ണിൽ നിന്നാണ്, അതിനാൽ ഞങ്ങളെ മണ്ണിൽ തന്നെ കിടത്തുക" . രാജാവ് പിറ്റേന്ന് വീണ്ടും ഗുഹയിൽ പ്രവേശിക്കുകയും പെട്ടികളിൽ നിന്നും എടുത്ത് മണ്ണിലേക്ക് കിടത്തുകയും ചെയ്തു.അനന്തരം ആർക്കും ഭയമുണ്ടാകുന്ന ഒരു സ്ഥാനമായി അല്ലാഹു അതിനെ മാറ്റി.

ജനങ്ങൾ പഴയ തർക്കം തുടർന്നുകൊണ്ടേ ഇരുന്നു.

അല്ലാഹു പറയുന്നു:

وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوٓا۟ أَنَّ وَعْدَ ٱللَّهِ حَقٌّ وَأَنَّ ٱلسَّاعَةَ لَا رَيْبَ فِيهَآ

അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ (ജനങ്ങള്‍) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ (ഗുഹാവാസികളെ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. (ഖു൪ആന്‍:18/21)

ഗുഹയിൽ വസിച്ചിരുന്നവർ ഏക ദൈവമായ അല്ലാഹുവിനെ ആരാധിക്കുന്നവരായിരുന്നു. ഏതു നബിയുടെ ശരീഅത്തിനെ അവർ സ്വീകരിച്ചുവെന്ന് ഖണ്ഡിതമായി പറയാൻ പറ്റുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. 

ചില ചരിത്ര ഗ്രന്ഥങ്ങളിൽ ഇപ്രകാരം കാണാൻ കഴിയും: അക്കാലത്തുണ്ടായിരുന്ന ഒരു ക്രിസ്തീയ രാജാവും , ഒരു ഇസ്ലാം മത വിശ്വാസമുള്ള രാജാവും കൂടിയാണ് തംലീഖയോടൊപ്പം ഗുഹയിൽ പോയത്. ഗുഹയ്ക്ക് സമീപം എത്തിയപ്പോൾ തംലീഖാ മുൻകൂട്ടി ഗുഹയിൽ പ്രവേശിച്ചു.
രണ്ടു പേർ നമ്മെ കാണാൻ വരുന്നുണ്ടെന്നുള്ള വിവരം കൂട്ടുകാരെ അറിയിച്ചു. അപ്പോൾ അവർ ഇങ്ങനെ പ്രാർത്ഥിച്ചു: "രക്ഷിതാവേ ! ഞങ്ങളെ നീ മരിപ്പിക്കുക , ഞങ്ങളുടെ രഹസ്യം ആരും അറിയാതിരുക്കുമല്ലോ.

പ്രാർത്ഥന ഉടൻ സ്വീകരിക്കപ്പെടുകയും ഗുഹയുടെ വാതിൽ സ്വയം അടയുകയും ചെയ്തു. കൂടെ വന്നവർ പ്രസ്തുത ഗുഹയുടെ ഉഭയ പാർശ്വങ്ങളിലും തുരന്ന് ഉള്ളിൽ പ്രവേശിക്കാൻ വേണ്ട ശ്രമങ്ങളും നടത്തി. എന്നാൽ ആ പ്രവൃത്തി ക്ഷിപ്രസാധ്യമല്ലെന്ന് അച്ചിരേണ അവർക്ക് ബോധ്യമായി.അങ്ങനെ അവിടെ നിന്നും അവർ പിന്മാറി.

ഗുഹാവാസികൾ ഏക ഇലാഹിൽ വിശ്വസിച്ചവരായിട്ടാണ് മരണപ്പെട്ടത്. അതിനാൽ ഞാൻ ഇവിടെ ഒരു മസ്ജിദ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു, എന്ന് ഇസ്ലാം മത വിശ്വാസിയായ രാജാവ് പറഞ്ഞു. ക്രിസ്തീയ രാജാവ് ഇതിനെ എതിർത്തു. അവർ മരണപ്പെട്ടത് ക്രിസ്ത്യാനികളായാണ് അതിനാൽ ഇവിടെ പണിയേണ്ടത് ഒരു ചർച്ചാണ്. ഈ രാജാക്കന്മാരുടെ തർക്കത്തിന്റെ ഫലമായി ഒരു ഘോര സമരം നടന്നു. അതിൽ മുസ്ലിം രാജാവ് വിജയിക്കുകയും ഗുഹക്ക് സമീപം അദ്ദേഹം ഒരു മസ്ജിദ് പണിയുകയും ചെയ്തു.

അല്ലാഹു പറയുന്നു:

 إِذْ يَتَنَٰزَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا۟ ٱبْنُوا۟ عَلَيْهِم بُنْيَٰنًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ ٱلَّذِينَ غَلَبُوا۟ عَلَىٰٓ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا

അവര്‍ അന്യോന്യം അവരുടെ (ഗുഹാവാസികളുടെ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അവര്‍ (ഒരു വിഭാഗം) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക-അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം. (ഖു൪ആന്‍:18/21)


ഭരണവും നാടും എതിരായിട്ടും അവ൪ വിരലില്‍ എണ്ണാവുന്നവ൪  മാത്രമായിട്ടും അല്ലാഹു അവരെ സംരക്ഷിച്ചു. ഉറങ്ങുന്നേടത്തുവരെ സംരക്ഷണം.എണ്ണമല്ല മനസ്സിലെ വിശ്വാസം തന്നെയാണ് റബ്ബിന്റെ സഹായത്തിന്റെ മാനദണ്ഡം. അസ്ഹാബുൽ കഹ്ഫിന്റെ സംഭവത്തെ കുറിച്ച് ഇമാം നാസിര്‍ അസ്സഅദി (റ) പറയുന്നത് കാണുക:

في هذه القصة، دليل على أن من فر بدينه من الفتن، سلمه الله منها. وأن من حرص على العافية عافاه الله ومن أوى إلى الله، آواه الله، وجعله هداية لغيره، ومن تحمل الذل في سبيله وابتغاء مرضاته، كان آخر أمره وعاقبته العز العظيم من حيث لا يحتسب 

ഫിത്നയിൽ നിന്ന് തന്റെ ദീനുമായി ഒരാൾ ഓടി രക്ഷപ്പെട്ടാൽ അല്ലാഹു ആ ഫിത്നയിൽ നിന്നയാളെ രക്ഷിക്കും, ആഫിയത്ത് ആഗ്രഹിച്ചവന് അല്ലാഹു അത് നൽകും, അല്ലാഹുവിലേക്ക് അഭയം തേടിയവന് അവൻ അഭയം നൽകുകയും മറ്റുള്ളവർക്ക് ഒരു മാർഗദർശിയായി അവനെ മാറ്റുകയും ചെയ്യും, അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ച് അവന്റെ മാർഗത്തിൽ പ്രയാസങ്ങൾ സഹിക്കുന്ന വർക്ക് അവരറിയാത്ത രീതിയിൽ അവസാനം പ്രതാപം നൽകും എന്നിങ്ങനെയുള്ള കാര്യങ്ങൾ ഈ കഥയിൽ നിന്ന് നമുക്ക് ലഭിക്കും.


അസ്ഹാബുൽ കഹ്ഫിന്റെ ഗ്രാമം

ഗുഹാവാസികളുടെ പ്രദേശവും അവരൊളിച്ചിരുന്ന ഗുഹയും എവിടെയാണെന്ന് വ്യക്തമായി രേഖപ്പെട്ടിട്ടില്ലെങ്കിലും ചരിത്രവും പശ്ചാത്തലവും സാഹചര്യവുമനുസരിച്ച് സ്ഥലനിര്‍ണയത്തില്‍ വ്യത്യസ്താഭിപ്രായമാണുള്ളത്. ഇങ്ങനെ ചരിത്രവുമായി പൊരുത്തപ്പെടുന്ന സ്ഥലങ്ങളില്‍ പ്രസിദ്ധമാണ് അഫ്ശീന്‍ പട്ടണം. തുര്‍ക്കിയുടെ തലസ്ഥാന നഗരിയായ അങ്കാറയില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള അഫ്ശീന്‍ പട്ടണത്തിന്‍റെ അഞ്ച് കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗമാണ് പ്രസ്തുത ഗുഹ സ്ഥിതി ചെയ്യുന്നത്.

അസ്വ്ഹാബുല്‍ കഹ്ഫിന്‍റേതായി ചരിത്ര ഗ്രന്ഥങ്ങളില്‍ വന്ന പേരുകള്‍ അവിടെയുള്ള കുട്ടികള്‍ക്ക് നാമകരണം ചെയ്യുന്ന പതിവ് പ്രസ്തുത അഭിപ്രായത്തിന് സ്വീകാര്യത നല്‍കുന്നതായി മനസ്സിലാക്കാം. യംഖീലാ, മകസ്ലീനാ, ഷാദനൂസ് തുടങ്ങിയ പേരുകളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഈ പ്രദേശത്ത് മാത്രമേ ഇത്തരം പേരുകള്‍ കാണുകയുള്ളൂവെന്നതും മറ്റൊരു വസ്തുതയത്രെ.

ആരെയും അത്ഭുതപ്പെടുത്തുന്ന ചില കല്ലുകള്‍ പ്രസ്തുത ഗുഹയുടെ സമീപമുള്ള പര്‍വത്തില്‍ കാണാം. ഒറ്റനോട്ടത്തില്‍ അതെല്ലാം കല്ലുകളല്ല; ആടുകളാണെന്നേ തോന്നൂ. ആട്ടിന്‍കല്ലുകള്‍ എന്ന പേരിലാണ് അവ അറിയപ്പെടുന്നത്. മലയില്‍ ആടുകളെ മേയ്ക്കുന്ന ഇടയന്‍ ഗുഹാവാസികളോടൊപ്പം ചേരുകയും തന്‍റെ ആടുകളെല്ലാം കല്ലുകളായി മാറുകയാണ് ചെയ്തതെന്നുമാണ് അഫ്ശീന്‍കാരുടെ വിശ്വാസം.

ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ വഹബുബിന്‍ മുനബ്ബഹ് (മരണം ഹി. 728,732 ലാണെന്നും അഭിപ്രായമുണ്ട്), മുഹമ്മദ് ബിന്‍ ഇസ്ഹാഖ് (മരണം ഹി. 767), ത്വിബ്രി, സമശ്ഖരി, ബൈളാവി, ഇബ്നുകസീര്‍ തുങ്ങിയവര്‍ ഗുഹാവാസികളുടെ ഗുഹ അഫ്സൂസ് പട്ടണത്തില്‍ കാണാമെന്ന് പറഞ്ഞിരിക്കുന്നു. ത്വറസൂസ് പട്ടണത്തിലാണ് ഗുഹ എന്ന് ഇമാം ഫഖ്റുദ്ദീന്‍ റാസി പറഞ്ഞിട്ടുണ്ടെങ്കിലും ചരിത്രകാരന്മാരില്‍ പ്രമുഖരും പണ്ഡിതരുമെല്ലാം ഒന്നാമത്തെ അഭിപ്രായത്തിനാണ് ശക്തി പകരുന്നത്. ഇബ്നുല്‍ അസീര്‍ തന്‍റെ അല്‍കാമില്‍ ഫിത്താരീഖിലും, കമാലുദ്ദീന്‍ ഇബ്നുല്‍ അദീം, അബൂ ലിഫ്ദാ, ഇബ്നു ഖല്‍ദൂന്‍ തുടങ്ങിയവരുമെല്ലാം ഒന്നാം അഭിപ്രായത്തെ ശരിവെക്കുകയാണ് ചെയ്യുന്നത്.

അഫ്സൂസിലാണെന്നാണ് പ്രബല അഭിപ്രായമെങ്കില്‍ അഫ്സൂസ്, അഫ്ശീശ് ആയതെങ്ങനെയെന്ന് പരിശോധിക്കല്‍ അനിവാര്യമായി വരുന്നു. അഫ്ശീന്‍ എന്നതിന് പുരാതന ഗ്രീക്ക് ഉല്‍പത്തിയില്‍ അറാബിയൂസ് എന്നും അറബി ഉല്‍പത്തിയില്‍ അഫ്സൂസ് എന്നും കാണാം.

സല്‍ജൂഖികളുടെ കാലത്തായിരുന്നു അഫ്ശീന്‍ എന്ന പേര് ലഭിച്ചത്. സല്‍ജൂഖികളുടെ കാലഘട്ടത്തിലെ ഒരു യോദ്ധാവിന്‍റെ നാമമാണ് അഫ്ശീന്‍ എന്നത്. അദ്ദേഹം മുഖേനയാണ് ആ പട്ടണത്തിന് അഫ്ശീന്‍ എന്ന പേര് വന്നത്.

ഗുഹയുടെ പാര്‍ശ്വങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അസ്വ്ഹാബുല്‍ കഹ്ഫ് കോളേജ് എന്ന പേരില്‍ ഒരു സ്ഥാപനവും അതിനടുത്തുണ്ട്. പതിമൂന്നാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍-സല്‍ജൂഖി കാലഘട്ടത്തില്‍-സുല്‍ത്താന്‍ ഖസിര്‍ ഒന്നാമന്‍റെ കാലത്ത് മര്‍ഇശിലെ ഗവര്‍ണറായിരുന്ന നുസ്റത്തുദ്ദീന്‍ ഹസന്‍ ബകിന്‍റെ ഭരണകാലത്താണ് ഇതിന്‍റെ ചില ഭാഗങ്ങള്‍ നിര്‍മിക്കപ്പെട്ടത്. കോളേജിന്‍റെ കവാടത്തിലെ ലിഖിതങ്ങള്‍ ഈ അഭിപ്രായത്തെ ദൃഢീകരിക്കുന്നുണ്ട്. ഹിജ്റ വര്‍ഷം അറുനൂറ് റമളാന്‍ പന്ത്രണ്ടിനാണ് നിര്‍മിക്കപ്പെട്ടതെന്നും പ്രസ്തുത ലിഖിതത്തില്‍ കാണാം.

ഗുഹയുടെ കവാടത്തിന്‍റെ മുന്നിലാണ് പള്ളി നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പുരാതന ശില്‍പകലാ ചാരുത പള്ളിയില്‍ ദര്‍ശിക്കാം. കിഴക്ക് ഭാഗത്താണ് പള്ളിയുടെ കവാടം. പള്ളിയുടെ മധ്യേ മൂന്നു തൂണുകളുണ്ട്. അവിടെയുള്ള രണ്ട് സുശിരങ്ങളില്‍ ഒന്ന് കിഴക്ക് ഭാഗത്തും മറ്റൊന്ന് ഗുഹയിലേക്ക് നോക്കാന്‍ സൗകര്യപ്രദമായ രൂപത്തിലുമാണ്. ഗുഹയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു അരുവിയുണ്ട്. അഫ്ശീന്‍ നിവാസികള്‍ സംസം എന്നാണ് പ്രസ്തുത വെള്ളത്തിന് വിളിച്ച പേര്. ഏതു കാലാവസ്ഥയിലും നല്ല തണുപ്പായിരിക്കും അതിലെ വെള്ളം. അല്ലാഹുവില്‍ സര്‍വം സമര്‍പ്പിച്ച ഇഷ്ട ദാസന്മാരായ ഗുഹാവാസികളുമായി ബന്ധപ്പെട്ടത് എന്ന നിലക്ക് ബറകത്തിന് വേണ്ടി ജനങ്ങള്‍ വെള്ളം കുടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു.

തദ്ദേശീയരും സന്ദര്‍ശകരുമായ നിരവധി പേര്‍ പള്ളിയില്‍ നിസ്കാരത്തിനെത്തുന്നു. പ്രത്യേകിച്ച് വെള്ളിയാഴ്ച ജുമുഅക്ക്.

ഇതിന്‍റെ എഴുപത് മീറ്റര്‍ അകലെയായി അഗതിമന്ദിരമുണ്ട്. ഇതിലെ ചില മുറികള്‍ യാത്രക്കുപയോഗിക്കുന്ന കുതിര, ഒട്ടകങ്ങള്‍ തുടങ്ങിയവയെ ബന്ധിക്കാനുള്ളതാണ്.

ഉസ്മാനിയ്യ ഭരണകാലത്ത് അസ്വ്ഹാബുല്‍ കഹ്ഫ് അശ്ശരീഫ് എന്നായിരുന്നു  കെട്ടിടങ്ങളടങ്ങിയ ഈ സമുച്ചയത്തിന്‍റെ പേര്. അക്കാലത്ത് പത്തൊമ്പത് തൊഴിലാളികള്‍ സേവനം ചെയ്തിരുന്നു. ഇമാം, വാങ്ക് വിളിക്കുന്നവന്‍, ആശ്രമത്തിലെ ഗുരു, ശുചീകരണക്കാര്‍, വെളിച്ചം കത്തിക്കുന്നവര്‍ തുടങ്ങിയ തസ്തികകളിലായിരുന്നു നിയമനങ്ങള്‍. ഒരാള്‍ സ്ഥിരമായി അസ്വ്ഹാബുല്‍ കഹ്ഫിന്‍റെ പേരില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഗുഹ. പള്ളിയെയും ഗുഹയെയും വേര്‍തിരിക്കുന്ന കവാടത്തിലൂടെ ഗുഹയില്‍ കടന്നാല്‍ മുന്‍ഭാഗത്ത് വിശാലമായൊരു സ്ഥലമുണ്ട്. ഗുഹയ്ക്ക് രണ്ടു കവാടങ്ങളുണ്ട്. ഗുഹക്കുള്ളില്‍ താഴ്ന്നതും ഉയര്‍ന്നതും വലിയതുമായ പാറക്കല്ലുകള്‍ കാണാം. ഒരാള്‍ക്ക് ശരിയായി അതിനുള്ളില്‍ നില്‍ക്കാന്‍ കഴിയില്ല. വിവിധ വലിപ്പത്തിലുള്ള കല്ലുകള്‍ കാരണമാണ് നില്‍ക്കാന്‍ കഴിയാത്തത്.

ചുരുക്കത്തില്‍ വിശ്വാസികളില്‍ അനന്യമായ സ്വാധീനം നേടിയ ഗുഹാവാസികളുടെ ചരിത്രവും അവരുടെ സ്മാരകമായി ഇന്ന് നിലനില്‍ക്കുന്ന സ്ഥാപനങ്ങളും ആധുനികന് പാഠവും പ്രതിസന്ധികള്‍ക്കിടയില്‍ സഹനം കൈവെടിയാതിരിക്കാനും അല്ലാഹുവില്‍ തവക്കുലാക്കാനുമുള്ള പ്രചോദനവും കൂടിയാണ്’-

No comments:

Post a Comment