Sunday 7 March 2021

പ്രവൃത്തികളുടെ പിന്നിലെ പൊരുൾ


ഒരു ദിവസം മൂസ്സാനബി (അ) അനുയായികളോട് പ്രസംഗിച്ചു

കൊണ്ടിരിക്കുമ്പോൾ ശ്രോതാക്കളോടു ചോദിച്ചു:

“അല്ലാഹു ﷻ കഴിഞ്ഞാൽ പിന്നെ ഭൂമിയിൽ ഇന്ന് ഏറ്റവും അറിവുള്ളവൻ ആര്..?"

സദസ്യർക്ക് ഉത്തരം മുട്ടിയപ്പോൾ നബി പറഞ്ഞു: “അതു ഞാൻ തന്നെ.''

സദസ്യരെല്ലാം ആ അഭിപ്രായത്തെ തലകുലുക്കി സമ്മതിച്ചു.

ബാഹ്യജ്ഞാനത്തെ സംബന്ധിച്ചിടത്തോളം അതു സത്യമായിരുന്നു. എന്നാൽ ആന്തരികജ്ഞാനത്തെ സംബന്ധിച്ച് അദ്ദേഹം മറന്നുപോയി.


ബാഹ്യജ്ഞാനവും ആന്തരികജ്ഞാനവും യോജിക്കുമ്പോഴേ പരിപൂർണജ്ഞാനമാവൂ... ഇക്കാര്യത്തെപ്പറ്റി മൂസ്സാനബി(അ)നെ ബോധ്യപ്പെടുത്താൻ അല്ലാഹു ﷻ തീരുമാനിച്ചു. ഇതനുസരിച്ച് മൂസ്സാനബി(അ)ന് ഒരു വഹ്യ് (ദിവ്യബോധനം) ലഭിച്ചു: 

“ഹേ മൂസ്സാ, നീ ബ്രഹ്മജ്ഞാനത്തിൽ നിപുണനായ ഖിള്റിനെ അന്വേഷിച്ചു പുറപ്പെടുക. പോകുമ്പോൾ ഒരു മത്സ്യം കൂടെ കരുതുക. മത്സ്യം എവിടെവെച്ചു അപ്രത്യക്ഷമാകുന്നുവോ, അവിടെ ആ മഹാത്മാവിനെ നീ കണ്ടുമുട്ടും."

മൂസ്സാനബി (അ) തന്റെ ഭൃത്യനോടുകൂടി യാത്രതിരിച്ചു. രണ്ടു കടലുകൾ കൂടിച്ചേരുന്ന സ്ഥലം ലക്ഷ്യംവെച്ചായിരുന്നു യാത്ര.  

അല്ലാഹുﷻവിന്റെ ആജ്ഞാനുസൃതം ഒരു മത്സ്യത്തെ ഭൃത്യൻ തന്റെ പാത്രത്തിൽ സൂക്ഷിച്ചിരുന്നു.

ദീർഘനേരം യാത്രചെയ്തിട്ടും ഖിള്ർ നബി(അ)നെ കണ്ടുമുട്ടിയില്ല.

അപ്പോഴാണ് മത്സ്യത്തിന്റെ കാര്യം ഓർമ്മ വന്നത്. പാത്രത്തിൽ

മത്സ്യത്തെ നോക്കിയപ്പോൾ കണ്ടില്ല. മത്സ്യം എവിടെയോ ചാടിപ്പോയിരിക്കുന്നു! അവർ മടങ്ങിപ്പോയി വഴിയിൽ മത്സ്യത്തെ അന്വേഷിച്ചു നടന്നു. മത്സ്യം ചാടിപ്പോയ സ്ഥലം മൂസ്സാനബി (അ) കണ്ടുപിടിച്ചു. അവിടെ വെച്ച് മഹാത്മാവായ ഖിള്ർ നബി(അ)നെ അദ്ദേഹം കണ്ടുമുട്ടി.

രണ്ടു മഹാത്മാക്കളും പരസ്പരം അഭിവാദ്യം ചെയ്തു.

“മഹാത്മാവേ, അങ്ങ് ബ്രഹ്മജ്ഞാനിയാണല്ലോ, അതെനിക്കും

പഠിപ്പിച്ചു തന്നുകൂടേ? ബ്രഹ്മജ്ഞാനം ആർജിക്കാൻ ഞാൻ അങ്ങയുടെ കൂടെ വരുന്നതിൽ വിരോധമുണ്ടോ?” മൂസ്സാനബി (അ) ചോദിച്ചു.

"വിരോധമൊന്നുമില്ല. പക്ഷേ നിങ്ങളും ഞാനുമായി യോജിച്ചുപോകുമെന്നു തോന്നുന്നില്ല. കാരണം നമ്മളുടെ ജ്ഞാനങ്ങൾ തമ്മിൽ അന്തരമുണ്ട്,” ഖിള്ർ നബി (അ) പറഞ്ഞു.

“ഇല്ല, ഞാൻ നിങ്ങളുടെ ഒരു പ്രവൃത്തിയെയും എതിർക്കില്ല.

അല്ലാഹുﷻവിന്റെ അനുഗ്രഹത്താൽ ഞാൻ എല്ലാം ക്ഷമിച്ചുകൊള്ളാം."

“എങ്കിൽ വിരോധമില്ല. എന്റെ കൂടെ പോരുക. പക്ഷേ, ഒരു കാര്യം, എന്നെ ഒരു കാര്യത്തിലും ചോദ്യംചെയ്തു പോകരുത്.

അത്തരം പ്രവൃത്തികളുടെ രഹസ്യം ഞാൻ നിങ്ങളോടു വെളിപ്പെടുത്തുന്നതുവരെ..."

"ശരി, സമ്മതിച്ചു. നിങ്ങളെ ഞാൻ വിമർശിക്കുകയില്ല."

രണ്ടു മഹാത്മാക്കളും ഒന്നിച്ചു യാത്രതിരിച്ചു. ഖിള്ർ നബി(അ)മുമായി നടത്തിയ സംഭാഷണത്തിന്റെ ഫലമായി ഏറ്റവും വലിയ ജ്ഞാനി താൻ തന്നെയാണെന്ന് അഹങ്കരിച്ചതിന്റെ പൊള്ളത്തരം മൂസ്സാനബി(അ)ന് ബോധ്യപ്പെട്ടു. ഇതിനുവേണ്ടിയാണ് അല്ലാഹു ﷻ തന്നെ ഇദ്ദേഹവുമായി സംഗമിക്കാൻ ഇടയാക്കിയതെന്ന് മൂസ്സാനബി(അ)ന് മനസ്സിലായി.

അവർ കടൽക്കരയിലൂടെ നടന്നുപോകുമ്പോൾ ഒരു കപ്പൽ

അവരുടെ ദൃഷ്ടിയിൽപെട്ടു. ഖിള്ർ നബി (അ) അങ്ങോട്ടുചെന്ന് കപ്പിത്താനോടു ചോദിച്ചു:

“ഞങ്ങളെയും കപ്പലിൽ കയറ്റാമോ..?'

“പണം തന്നാൽ കയറ്റാം.”

“അതിന് ഞങ്ങളുടെ കൈവശം പണമില്ലല്ലോ.”

“എങ്കിൽ ഒരു നിവൃത്തിയുമില്ല."

“ഞങ്ങളെയും കയറ്റിക്കൊണ്ടു പോകൂ. അല്ലാഹു ﷻ നിങ്ങൾക്ക് അതിന് പ്രതിഫലം നൽകും."

ദൈവഭക്തനായ കപ്പിത്താൻ രണ്ടുപേരെയും കപ്പലിൽ കയറ്റി

യാത്രതുടങ്ങി. കപ്പൽ നടുക്കടലിൽ എത്തിയപ്പോൾ ഖിള്ർ നബി (അ) കപ്പലിന്റെ അടിയിലെ നിലയിലേക്കു ചെന്നു. മൂസ്സാനബി (അ) അദ്ദേഹത്തെ പിന്തുടർന്നു. ഖിള്ർ നബി ആരും കാണാതെ കപ്പലിന്റെ 3 പലകയിൽ ഒരു വിടവുണ്ടാക്കിയത് അദ്ദേഹം കണ്ടുപിടിച്ചു. വെള്ളം കപ്പലിലേക്ക് കുറേശ്ശയായി കടക്കാൻ തുടങ്ങി. ഇതുകണ്ട് ഭയന്നു പോയ മൂസ്സാനബി (അ) അദ്ദേഹത്തെ എതിർത്തു.


“എന്തു മഹാപാപമാണ് ഈ ചെയ്യുന്നത്? നമ്മെ സൗജന്യമായി യാത്രചെയ്യാൻ അനുവദിച്ചതിന് നൽകുന്ന പ്രതിഫലമാണോ ഇത്? അല്ലാഹു പൊറുക്കുമോ ഇത്?”

“നിങ്ങളെനിക്കു വാക്കുതന്നതല്ലേ ഞാൻ ചെയ്യുന്നതിനെയൊന്നും നിങ്ങൾ എതിർക്കുകയില്ലെന്ന്. അതുകൊണ്ടല്ലേ എന്റെ കൂടെ പോരാൻ ഞാൻ നിങ്ങൾക്ക് അനുവാദം തന്നത്..?"

“എങ്കിലും ഇതല്പം കടുപ്പമായിപ്പോയി.''

“എന്റെ പ്രവൃത്തിയുടെ രഹസ്യം വെളിപ്പെടുന്നതുവരെ അതിനെപ്പറ്റി ഒന്നും ചോദിക്കരുതെന്ന് ഞാൻ മുന്നറിയിപ്പുതന്നത് മറന്നു പോയോ? എന്റെ പ്രവൃത്തികൾ നിങ്ങൾക്കു ക്ഷമിക്കാനാകില്ലെന്നും ഞാൻ താക്കീതു ചെയ്തിരുന്നുവല്ലോ..?"

മൂസ്സാ നബി (അ) തന്റെ വാഗ്ദത്തം ഓർത്തു ക്ഷമിച്ചു. അതിൽ എന്തെങ്കിലും രഹസ്യം കാണുമെന്ന് അദ്ദേഹം വിശ്വസിച്ച് മൗനം പാലിച്ചു...

കപ്പലിൽ കുറേശ്ശേയായി വെള്ളം കയറുന്നുണ്ടെന്നു മനസ്സിലാക്കിയ കപ്പിത്താൻ കപ്പൽ അതിവേഗം കരയ്ക്കടുപ്പിച്ചു. യാത്രക്കാരെല്ലാം ഇറങ്ങിപ്പോയി.


മൂസ്സാനബിയും (അ) ഖിള്ർ നബിയും (അ) കരവഴി യാത്രതുടർന്നു. വഴിയിൽ മനോഹരനായ ഒരു ബാലൻ കളിച്ചുകൊണ്ടിരിക്കുന്നത് ഖിള്ർ നബി (അ) കണ്ടു. ഉടനെ അദ്ദേഹം ആ ബാലനുനേരെ കുതിച്ചുചെന്ന് അവനെ കൊന്നു. ഞെട്ടിവിറച്ച മൂസ്സാനബി (അ) ധാർമികരോഷത്താൽ അലറി: "ഇതെന്തു കാടത്തം! നിരപരാധിയായ ഒരു പിഞ്ചുബാലനെ കൊല്ലാൻ നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ..?"

“നിങ്ങളോടു ഞാൻ പണ്ടേ പറഞ്ഞതല്ലേ എന്റെ പ്രവൃത്തികൾ കണ്ടു ക്ഷമിച്ചുനില്ക്കാൻ നിങ്ങൾക്കു കഴിയില്ലെന്ന്? ഇതാവർത്തിച്ചാൽ എന്റെ കൂടെ വരാൻ നിങ്ങളെ ഞാൻ അനുവദിക്കില്ല."

അപ്പോഴാണ് താൻ ഖിള്ർ നബിക്കു (അ) കൊടുത്ത വാക്കിനെപ്പറ്റി മൂസ്സാനബി (അ) വീണ്ടും ഓർത്തത്. പിഞ്ചുബാലനെ വധിച്ചതിലും എന്തെങ്കിലും രഹസ്യമുണ്ടാകുമെന്ന് സമാധാനിച്ചുകൊണ്ട് അദ്ദേഹം വീണ്ടും ഖിള്ർ നബി(അ)മിനോടു മാപ്പിരന്നു. ഇനിയത് ആവർത്തിക്കുകയില്ലെന്നും അദ്ദേഹം ഉറപ്പുകൊടുത്തു.

അവർ യാത്ര തുടർന്ന് അൻതാഖിയ എന്ന സ്ഥലത്തെത്തി.

വിശപ്പും ദാഹവും മൂലം ഇരുവരും നന്നേ അവശരായിക്കഴിഞ്ഞിരുന്നു.

നാട്ടുകാരോട് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ആരും സഹായിച്ചില്ല...

ഇനി ഒരടിനടക്കാൻ വയ്യ എന്ന നിലവന്നപ്പോൾ അവർ ഒരു മരത്തണലിൽ വിശ്രമിക്കാനിരുന്നു. അവിടെ വലിയൊരു മൺമതിൽ ഇടിഞ്ഞുപൊളിഞ്ഞു കിടപ്പുണ്ടായിരുന്നു. ഉടനെ ഖിള്ർ നബി (അ) പിടഞ്ഞഴുന്നേറ്റ് ആ പൊളിഞ്ഞ മതിൽ നന്നാക്കാൻ തുടങ്ങി. അദ്ദേഹം ക്ഷീണത്തെ ഒട്ടും വകവെച്ചില്ല.


ദാഹത്താൽ പൊരിയുന്നവർക്ക് ഒരു തുള്ളി പച്ചവെള്ളം പോലും നൽകാത്ത നാട്ടുകാരുടെ മതിൽ, വിശപ്പു സഹിച്ചുകൊണ്ട് എന്തിനു സൗജന്യമായി നന്നാക്കിക്കൊടുക്കണം എന്ന ധാർമിക രോഷം മൂസ്സാനബി(അ)നെ സ്വാഭാവികമായും പിടിച്ചുലച്ചു. അദ്ദേഹം ഖിള്ർ നബി(അ)നെതിരെ കയർത്തുകൊണ്ട് തട്ടിക്കയറി.

“മതി, നമുക്ക് വേർപിരിയാം. താങ്കൾ വീണ്ടും നിബന്ധന ലംഘിച്ചിരിക്കുന്നു,'' ഖിള്ർ നബി (അ) സംയമനത്തോടെ പറഞ്ഞു.

“ഇത്തവണകൂടി ക്ഷമിക്കണം. വിശപ്പ് മൂർധന്യാവസ്ഥയിലെത്തിയപ്പോൾ ഞാൻ എല്ലാം വിസ്മരിച്ചു പോയതാണ്. ഇനി ഞാൻ നിങ്ങളെ എതിർക്കുകയില്ല."

"ഒരു രക്ഷയുമില്ല. നിങ്ങൾക്ക് എന്റെ പ്രവൃത്തികളിൽ ക്ഷമിക്കാൻ സാധ്യമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ഞാൻ മുമ്പേ പറഞ്ഞതാണല്ലോ. ഇനിയും മാപ്പുതരാൻ നിവൃത്തിയില്ല.''

“എങ്കിൽ നമ്മൾ തമ്മിൽ കണ്ടുമുട്ടിയതിൽ ഇതുവരെ താങ്കൾ ചെയ്ത പ്രവൃത്തികളുടെ പൊരുൾ ഒന്നു പറഞ്ഞുതരാമോ, മഹാത്മാവേ..?''


“പറയാം. ഞാൻ ബ്രഹ്മജ്ഞാനിയാണ്. എന്നാൽ താങ്കൾക്ക്ദൃ ശ്യജ്ഞാനമേയുള്ളൂ. അതിനാലാണ് നിങ്ങൾക്ക് എന്റെ കൃത്യങ്ങളോടു പൊരുത്തപ്പെടാനാവാത്തത്."

“അപ്പോൾ ബ്രഹ്മജ്ഞാനികൾക്ക് എന്തും ചെയ്യാമെന്നാണോ..?”

“അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ."

“അപ്പോൾ നമ്മേ സൗജന്യമായി കയറ്റിയ ആ കപ്പൽ നിങ്ങൾ കേടുവരുത്തിയതോ..?"

“അതു ദ്രോഹമായിരുന്നില്ല, ഉപകാരമായിരുന്നു. ആ കപ്പൽ കരയ്ക്കടുക്കാതെ യാത്ര തുടർന്നിരുന്നെങ്കിൽ അതിലുള്ള യാത്രക്കാരോടുകൂടി അതു നശിച്ചുപോകുമായിരുന്നു. കപ്പലിനെ കൊള്ളയടിക്കാനായി വലിയൊരു സംഘം കടൽക്കൊള്ളക്കാർ അപ്പോൾ കടലിലുണ്ടായിരുന്നു. ബ്രഹ്മജ്ഞാനം മൂലമാണ് ഞാനത് അറിഞ്ഞത്. കപ്പലിനെയും യാത്രക്കാരെയും രക്ഷിക്കുകയായിരുന്നു ഞാൻ.''


മൂസ്സാ നബി (അ) വിസ്മയാധീനനായി. അദ്ദേഹം തന്റെ അറിവില്ലായ്മയിൽ ഖേദം പ്രകടിപ്പിച്ചു. പക്ഷേ ഇനിയും സംശയം അവശേഷിക്കുകയാണ്. മൂസ്സാനബി (അ) ചോദിച്ചു:

“അങ്ങ് നിരപരാധിയും നിഷ്കളങ്കനുമായ ആ പിഞ്ചുബാലനെ വധിക്കാനെന്തായിരുന്നു കാരണം..?"

“ആ കുട്ടിയുടെയും അവന്റെ മാതാപിതാക്കളുടെയും നന്മയ്ക്കു വേണ്ടിയാണ് ഞാനവനെ കൊന്നത്. മാതാപിതാക്കൾ അല്ലാഹുﷻവിൽ നിസീമമായ ഭക്തിയുള്ളവരാണ്. ആ ബാലൻ വളർന്നുവലുതായാൽ അക്രമിയും ദുർമാർഗിയുമായിത്തീരുമെന്ന് ബ്രഹ്മജ്ഞാനംമൂലം ഞാൻ മനസിലാക്കി. മാത്രമല്ല, നാസ്തികനായിത്തീരുമെന്നുറപ്പുള്ള ആ ബാലന്റെ മാതാപിതാക്കളുൾപ്പെടെ നിരവധി ആൾക്കാർ അധർമകാരികളായിത്തീരുമെന്ന് അല്ലാഹു ﷻ എന്നെ അറിയിച്ചു. അതുകൊണ്ടാണ് ഞാനവനെ കൊന്നത്."


ഖിള്ർ നബി (അ)ന്റെ വിശദീകരണത്തിൽ തൃപ്തനായ മൂസ്സാനബി (അ) സംശയനിവാരണാർത്ഥം ഒരു ചോദ്യംകൂടി ഉന്നയിച്ചു: “മഹാത്മാവേ,നമ്മോട് ഒരു ദയയും കാണിക്കാതിരുന്ന ആ അൻതാഖിയക്കാരുടെ മതിൽ അങ്ങ് വിശപ്പും ദാഹവും കണക്കിലെടുക്കാതെ നന്നാക്കിക്കൊടുത്തതിന്റെ പൊരുൾകൂടി പറഞ്ഞുതരാമോ..?”

“എനിക്കവരോട് വെറുപ്പ് തോന്നാതിരിക്കാനുള്ള കാരണം

ഞാൻ ആദ്യം പറയാം. സാധാരണ യാചകരുടെ മര്യാദ പാലിക്കാത്തതുകൊണ്ടാണ് അവർ നമുക്ക് ഭക്ഷണം തരാതിരുന്നത്. കാൽ പിടിച്ചപേക്ഷിക്കുകയോ കഷ്ടപ്പാടുകൾ വിവരിക്കുകയോ ചെയ്തിരുന്നെങ്കിൽ അവർ നമുക്കെന്തെങ്കിലും തരുമായിരുന്നു. അങ്ങനെ നാം ചെയ്യാത്തപക്ഷം അവരോടു പകവെച്ചു പുലർത്തേണ്ടതില്ല. മാത്രമല്ല, നമുക്ക് അധ്വാനിച്ചു ജീവിക്കാനുള്ള ശാരീരിക ശക്തിയുമുണ്ട്.


ഇനി മതിൽ കെട്ടിക്കൊടുത്തതിന്റെ രഹസ്യം പറയാം. ആ മതിൽ രണ്ട് അനാഥബാലന്മാരുടേതാണ്. ആ കുട്ടികളുടെ പിതാവ് മരിക്കുന്നതിനു മുമ്പ് അയാൾ തന്റെ സമ്പാദ്യമെല്ലാം ഒരുക്കൂട്ടി ആ മതിലിനടിയിൽ കുഴിച്ചിട്ടിരുന്നു. തന്റെ കുട്ടികൾക്ക് അർഹതപ്പെട്ട സ്വത്ത് അന്യാധീനപ്പെട്ടുപോകുമെന്ന ഭയത്താലാണ് അയാൾ അപ്രകാരം ചെയ്തത്. കുട്ടികൾക്ക് അയാൾ എഴുതിവെച്ച ഒസ്യത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു: “നിങ്ങൾക്ക് പ്രായപൂർത്തിയായാൽ നമ്മുടെ മതിലിന്റെ കല്ലുകൾ എല്ലാം പൊളിച്ചെടുത്ത് പള്ളിയിലേക്ക് നൽകണം. ഇതു നിങ്ങളുടെ കൈകൊണ്ടുതന്നെ ചെയ്യണം. നിങ്ങളുടെ പിതാവിന്റെ ഈ അന്ത്യാഭിലാഷം നിങ്ങൾ നിറവേറ്റണം." ആ മതിൽ പൊളിഞ്ഞുകിടക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ അതിനടിയിലുള്ള നിധി പുറത്തുവരുന്നതു തടയാൻ വേണ്ടിയാണ് ഞാൻ മതിൽ നന്നാക്കിയത്. ഇനി നിങ്ങൾക്ക് സംശയം ദൂരീകരിക്കണമെന്നുണ്ടെങ്കിൽ, മടക്കയാത്രയിൽ ആ കുട്ടികളെ വളർത്തുന്ന ആളെക്കണ്ടാൽ അയാൾ നിങ്ങൾക്ക് ആ ഒസ്യത്ത് കാണിച്ചുതരും. അപ്പോൾ കാര്യങ്ങളെല്ലാം വ്യക്തമാവും.


ഖിള്ർ നബി (അ) പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ മൂസ്സാനബി (അ) തന്റെഅല്പജ്ഞാനത്തിൽ പശ്ചാത്തപിച്ചു. തന്നെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ അവസരം നൽകിയ അല്ലാഹുﷻവിനെ മൂസ്സാനബി (അ) സ്തുതിച്ചു.


ഗുണപാഠം : നാം എല്ലാം അറിയുന്നവരാണെന്ന് അഹങ്കരിക്കുന്നതിൽ അർത്ഥമില്ലെന്നും നമുക്ക് അറിയാത്ത പല കാര്യങ്ങളും മറ്റുള്ളവർക്ക് അറിയാമെന്നും അവരുടെ ജ്ഞാനത്തിന്റെ മുന്നിൽ നാം നിസാരന്മാരാണെന്നും ഈ കഥകളിലൂടെ നാം മനസ്സിലാക്കുന്നു. മഹാന്മാരുടെ പ്രവൃത്തികളുടെ പിന്നിൽ എന്തെങ്കിലുമൊരു പൊരുൾ എപ്പോഴും ഉണ്ടായിരിക്കുമെന്നതും ഈ കഥയുടെ ഗുണപാഠമാണ്. 

No comments:

Post a Comment