Wednesday 24 March 2021

ഖബറിൽ കണ്ട അത്ഭുതങ്ങൾ

 

ചിരിയുടെ രഹസ്യം

ശൈഖ് ഇസ്മാഈലുൽ ഹള്റമി (رضي الله عنه) ഒരു ഖബർസ്ഥാനിലൂടെ നടന്നുപോകുമ്പോൾ പൊട്ടക്കരഞ്ഞു.. ശേഷം ചിരിക്കുകയും ചെയ്തു..

ഇതുകണ്ട് ശിഷ്യൻമാർ അത്ഭുതപരതന്ത്രരായി അവർ ചോദിച്ചു...

അങ്ങ് എന്തിനാണ് കരയുകയും ചിരിക്കുകയും ചെയ്തത്??.

ശൈഖ്: ഈ ഖബറിലെ മനുഷ്യനെ മലക്കുകൾ കഠിനമായി ശിക്ഷിക്കുന്നത് കണ്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട് الله വിനോട് ആവലാതി ബോധിപ്പിച്ചു.. ഉടനെ അയാൾക്ക് ശുപാർശ ചെയ്യാൻ الله എനിക്ക് അനുമതി നൽകി.. തന്മൂലം ആ മനുഷ്യൻ ശിക്ഷയിൽ നിന്നും മുക്തനായി.  ആശ്വാസത്തിന്റെ നെടുവീർപ്പിടുന്നതും, ചിരിക്കുന്നതും ഞാൻ കണ്ടു. അപ്പോഴാണ് ഞാൻ ചിരിച്ചത്...


മർദ്ദിതന്റെ കൂടെ

അബൂഉമാമതുശ്ശിബ് ലി (رضي الله عنه) പറഞ്ഞു: മരണപ്പെട്ട ഒരു മനുഷ്യനെ ഖബറിൽ വെച്ചപ്പോൾ മലക്കുകൾ വന്ന് ഒരു ദണ്ഡ് കൊണ്ട് അവന്റെ തലക്ക് അടിച്ചു. അപ്പോൾ ആ മനുഷ്യന്റെ അവയവങ്ങൾ പൊട്ടിത്തകർന്നു...

ഞാൻ നിസ്കരിച്ചു. നോമ്പ് നോറ്റു. സകാത് കൊടുത്തുവീട്ടി. പിന്നെ എന്തിനാണ് എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത് എന്നയാൾ ചോദിച്ചപ്പോൾ മലക്കുകൾ പറഞ്ഞു:

നീ ഒരു വഴിയിലൂടെ പോകുമ്പോൾ അക്രമത്തിനു വിധേയനായ ഒരാൾ നിന്നോട് സഹായം തേടുകയും നീ സഹായിക്കാതെ പോവുകയും ചെയ്തില്ലേ?..  മൂത്രമൊഴിച്ച് ശരിക്കും ശുദ്ധിയാക്കാതെ നീ നിസ്കരിക്കുകയും ചെയ്തില്ലേ?.. ഈ തെറ്റു കൾക്കാണ് ഈ ശിക്ഷ...


മണ്ണിന് കസ്തൂരി ഗന്ധം

മുഹമ്മദ് ബ്നു ശുറഹ്ബീൽ പറയുന്നു: ഒരാൾ സഅദ് (رضي الله عنه) വിന്റെ ഖബറിന്റെ പുറത്തുള്ള മണ്ണടുത്ത് കയ്യിൽ വെച്ചപ്പോൾ കസ്തൂരി വാസന അതിൽ നിന്നും വമിക്കാൻ തുടങ്ങി...

മറ്റൊരു ദിവായത്തിൽ ഇങ്ങനെയുണ്ട്: മണ്ണ് കസ്തൂരി ഗന്ധമായ വിവരം നബി (صلّی الله عليه وسلّم) തങ്ങളോട്  പറഞ്ഞപ്പോൾ അവർ سبحان الله എന്നാവർത്തിച്ച് പറയുകയും, സന്തോഷത്തിന്റെ ലക്ഷണം അവരുടെ മുഖത്ത് പ്രകടമാവുകയും ചെയ്തു...


പോറലേൽക്കാത്ത മൃതശരീരം

ജാബിർ (رضي الله عنه) പറയുന്നു: "എന്റെ പിതാവിനേയും, മറ്റൊരു ശഹീദായ അംറുബ്നു ജമൂഹിനേയും (رضي الله عنه) ഒരു ഖബറിലായിരുന്നു അടക്കം ചെയ്തിരുന്നത്.. പിന്നീട് എനിക്കത് അൽപ്പം വിഷമമായി.  പുതിയൊരു ഖബറിൽ അവരെ മറവുചെയ്യാനായി ഞാൻ ഖബർ തുറക്കുകയും മൃതദേഹം എടുത്ത് പുതിയ ഖബറിൽ മറവ് ചെയ്യുകയും ചെയ്തു.. ആറ് മാസം കഴിഞ്ഞിട്ടും അവരുടെ ശരീരത്തിന് യാതൊരു വ്യത്യാസവും സംഭവിച്ചിരുന്നില്ല..

ഇബ്നുസഅദിന്റെ രിവായത്തിൽ ഇങ്ങനെ കാണാം: അബ്ദുല്ലാ (رضي الله عنه) യുടെ  മുഖത്ത് യുദ്ധത്തിൽ ഒരു മുറിവേറ്റിരുന്നു.. മുറിവിൽ കൈവെച്ചുകൊണ്ടാണ് ശഹീദായത്.  ഖബർ തുറന്നു.. കൈവെച്ച സ്ഥലത്തുനിന്നും ഉയർത്തിയപ്പോൾ രക്തം ധാരധാരയായി പ്രവഹിക്കാൻ തുടങ്ങി.. കൈ വീണ്ടും അവിടെ വെച്ചപ്പോൾ രക്തം നിലക്കുകയും ചെയ്തു.. മുഖംമറക്കുന്ന ഒരു പുതപ്പായിരുന്നു അവരുടെ കഫൻ. കാലിൽ പുല്ല് വെച്ചുകെട്ടുകയായിരുന്നു.. ഇത് രണ്ടിനും യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല...

പിന്നീട് മുആവിയ (رضي الله عنه) യുടെ കാലത്ത് മദീനയുടെ പല ഭാഗങ്ങളിലും മണ്ണ് കീറി കുഴികളുണ്ടാക്കാൻ അദ്ദേഹം ഉത്തരവിട്ടു.. ഉഹ്ദ് മൈതാനിയിൽ നിന്നും ബന്ധപ്പെട്ടവർ അവരവരുടെ കുടുംബക്കാരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാൻ മുആവിയ (رضي الله عنه) ആജ്ഞാപിച്ചു...

ജാബിർ (رضي الله عنه) പറയുന്നു: നാൽപ്പത്തിനാല് വർഷം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും പിതാവിന്റെ ഖബർ തുറന്നു.. അപ്പോഴും  യാതൊരു വ്യത്യാസവും സംഭവിച്ചിരുന്നില്ല.. കൈ മുറിവിൽത്തന്നെ വെച്ചുകൊണ്ടിരുന്നു. കൈ ഉയർത്തിയപ്പോൾ രക്തം വീണ്ടും പ്രവഹിച്ചുതുടങ്ങി. കഫൻപുടവക്കും യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല.


അശരീരി

ഇബ്നു അബ്ബാസ് (رضي الله عنه) വിനെ ഖബറടക്കിക്കൊണ്ടിരിക്കുമ്പോൾ അവിടെ കൂടിയിരുന്നവരെല്ലാം ഒരശരീരി കേട്ടു...   "യാ അയ്യതുഹന്നഫ്സുൽമുത്വ്  മഇന്ന"  തുടങ്ങുന്ന ഖുർആൻ വചനങ്ങളായിരുന്നു അത്... ('ഹേ, സമാധാനമടഞ്ഞ ആത്മാവേ!- )

يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ

ഖബറിൽ നിന്നും മറുപടി

ഫാത്വിമ ഖുസാഇയ്യ പറയുന്നു: ഞാനൊരിക്കൽ ഹംസ (رضي الله عنه) യുടെ ഖബർ സന്ദർശിക്കാനായി പോയി. ഞാൻ ഖബറിന്നരികിൽ നിന്നുകൊണ്ട്  ''അസ്സലാമു അലൈകും യാ അമ്മ റസൂലില്ലാഹ്"  എന്ന് പറഞ്ഞപ്പോൾ അവർ സലാം മടക്കുന്നതായി ഞാൻ കേട്ടു.. ഇതുപോലെ ശൈഖ് മഹ്മൂദ് കുർദിയും മഹാനവർകൾക്ക് സലാം ചൊല്ലിയപ്പോൾ സലാം മടക്കുന്നതായി കേട്ടുവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു...


ഖബറിൽ നിന്നും രക്തം

മുആവിയ (رضي الله عنه) യുടെ ഭരണകാലത്ത് മദീനയുടെ പലഭാഗങ്ങളിലും നീർച്ചാലുകൾ കുഴിക്കാൻ ഉത്തരവിട്ടു. അതിലൊന്ന് ഹംസ (رضي الله عنه) അന്ത്യവിശ്രമം കൊള്ളുന്ന ഉഹ്ദിനരികിലൂടെയുമുണ്ടായിരുന്നു. അശ്രദ്ധമൂലം ഒരാളുടെ മൺവെട്ടി ഹംസ (رضي الله عنه) യുടെ കാലിൽ തട്ടി. ഉടൻതന്നെ രക്തം ധാരധാരയായി പ്രവഹിക്കാൻ തുടങ്ങി. ഹംസ (رضي الله عنه) ഖബറടക്കപ്പെട്ട് 46 വർഷങ്ങൾക്ക് ശേഷമായിരുന്നു ഈ സംഭവം...


ഖബറിൽ ഖുർആൻ പാരായണം

ഹസ്രത്ത് ത്വൽഹതുബ്നു ഉബൈദില്ലാഹ് (رضي الله عنه) പറയുന്നു: ഞാൻ എന്റെ കൃഷിഭൂമിയായ ഗാബത്തിലേക്ക് പോവുകയായിരുന്നു... സന്ധ്യയായപ്പോൾ ഞാൻ വഴിയിലെ അബ്ദുല്ല (رضي الله عنه) യുടെ ഖബറിനടുത്ത് കിടന്നു...

 രാത്രി അൽപ്പം കഴിഞ്ഞപ്പോൾ ഖബറിൽ നിന്നും മധുരിമയാർന്ന ഖുർആൻ പാരായണം  കേട്ടുതുടങ്ങി. ഇത്രയും ശ്രവണ സുന്ദരമായൊരു ഖിറാഅത്ത് ഞാൻ മുമ്പ് കേട്ടിരുന്നില്ല...

ഈ വിവരം മദീനയിൽ വന്ന് നബി (صلّی الله عليه وسلّم) തങ്ങളോട്  പറഞ്ഞപ്പോൾ അവർ പറഞ്ഞു: " ത്വൽഹാ, (رضي الله عنه);; നിനക്കറിഞ്ഞുകൂടെ, الله രക്തസാക്ഷികളുടെ ആത്മാവുകൾ മാണിക്യത്തിന്റേയും, മരതകത്തിന്റേയും കിനാദികളിൽ വെച്ചിരിക്കുകയാണ്. ഈ കിനാദികൾ സ്വർഗപ്പൂങ്കാവനങ്ങളിലാണ് കെട്ടിത്തൂക്കിയിരിക്കുന്നത്. രാത്രി സമയങ്ങളിൽ ആത്മാവുകൾ അതിൽ നിന്നും പുറപ്പെട്ട് അവരുടെ ശരീരങ്ങളിൽ പ്രവേശിക്കുന്നു. പകൽ ആ കിനാദികളിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യുന്നു...


ഖബർ മാറ്റം.

ബസ്വറക്കടുത്ത് വെള്ളം കയറ്റിറക്കമുള്ള സ്ഥലത്തായിരുന്നു ത്വൽഹ (رضي الله عنه) യെ ഖബറടക്കിയിരുന്നത്. അതിനാൽ ഖബർ ഇടക്കിടെ വെള്ളത്തിൽ മുങ്ങാറുണ്ടായിരുന്നു..

മഹാനവർകൾ സ്വപ്നത്തിലായി ഒരാളോട് തന്റെ ഖബർ മാറ്റാനായി ആജ്ഞാപിച്ചുകൊണ്ടേയിരുന്നു.. സ്വപ്നം കണ്ടയാൾ ഈ വിവരം അബ്ദുല്ലാഹിബ്നു അബ്ബാസ് (رضي الله عنه) വിനോട് പറഞ്ഞു: അബ്ദുല്ലാ (رضي الله عنه) പതിനായിരം ദിർഹം കൊടുത്ത് ഒരാളിൽ നിന്ന് അൽപ്പം സ്ഥലം വാങ്ങി അതിൽ ഖബർ കുഴിച്ച് ത്വൽഹ (رضي الله عنه) വിനെ പഴയ ഖബറിൽ നിന്നും പുറത്തെടുത്തു..

വർഷം കുറേ കഴിഞ്ഞിരുന്നുവെങ്കിലും അവരുടെ ശരീരത്തിന്  യാതൊരു തകരാറും സംഭവിച്ചിരുന്നില്ല..


ശഹീദ്

ചരിത്രം കാതോർത്തിരുന്ന രാത്രി.. നാളെയാണ് ഉഹ്ദ് യുദ്ധം!!     അബ്ദുല്ല (رضي الله عنه) ഓമന പുത്രനായ ജാബിർ (رضي الله عنه) വിനെ വിളിച്ചു..

മോനേ... നാളെ നടക്കുന്ന യുദ്ധത്തിൽ ഞാനായിരിക്കും ആദ്യമായി ശഹീദാവുക.. നീയാണ് എന്റെ ഭാവി പ്രതീക്ഷ..

അബ്ദുല്ല (رضي الله عنه) മകനുവേണ്ട ഉപദേശനിർദേശങ്ങൾ കൊടുത്തു.. ആ പ്രവചനം പുലർന്നു. യുദ്ധത്തിൽ ആദ്യമായി ശഹീദായത് അബ്ദുല്ല (رضي الله عنه) ആയിരുന്നു..

ജാബിർ (رضي الله عنه) മരണാനന്തര മുറകൾക്കു നേതൃത്വം നൽകി. പിതാവിന്റേയും, മറ്റൊരാളിന്റേയും ശരീരങ്ങൾ ഒരേ ഖബറിൽ അടക്കം ചെയ്തു.. ജാബിർ (رضي الله عنه) വിന് മനസ്സമാധാനം ലഭിച്ചില്ല. പിതാവിന്റെ ശരീരം മാറ്റി മറവ് ചെയ്യണം. മഹാൻ ആത്മഗതം ചെയ്തു...

ആറുമാസങ്ങൾക്ക് ശേഷം ആ തിരുശരീരം പുറത്തെടുത്തു. ആ ശരീരത്തിൽ അൽപം പോലും പോറലേറ്റിട്ടില്ലായിരുന്നു, ചെവിയിൽ ഒരടയാളം വീണതല്ലാതെ...


ഖബർവാസിയോട് സംസാരം

ഒരിക്കൽ ഉമർ (رضي الله عنه) ഒരു യുവാവിന്റെ ഖബറിനരികിൽ ചെന്ന്കൊണ്ട് ചോദിച്ചു: " അല്ലയോ യുവാവേ,, الله വിന്റെ സാന്നിധ്യം ഭയപ്പെടുന്നവർക്ക് ഇരു സ്വർഗങ്ങളുമുണ്ടെന്ന് الله ഖുർആനിൽ അറിയിച്ചിരിക്കുന്നുവല്ലോ..   നിനക്കത് ലഭിച്ചോ "?...

അപ്പോൾ സൽകർമ്മിയായിരുന്ന ആ യുവാവ് ഉമർ (رضي الله عنه) വിന്റെ പേര് വിളിച്ചുകൊണ്ട് ഉച്ചത്തിൽ രണ്ടുപ്രാവശ്യം ഇങ്ങനെ പറഞ്ഞു:

അതെ; ആ രണ്ട് സ്വർഗങ്ങളും നാഥൻ എനിക്ക് നൽകിയിരിക്കുന്നു...


നശിക്കാത്ത ശരീരം

വലീദുബ്നു അബ്ദിൽ മലികിന്റെ ഭരണകാലത്ത് റൗളാ ശരീഫിന്റെ ചുമർ പൊളിഞ്ഞു വീഴുകയുണ്ടായി.. ഖലീഫയുടെ കൽപ്പനപ്രകാരം പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കെ തറക്കടിയിൽ ഒരു കാൽ ദ്യശ്യമായി. ഇത് കണ്ട് ജനങ്ങളാകെ പരിഭ്രമിച്ചു...

പ്രവാചകരുടെ (صلّی الله عليه وسلّم) തൃപ്പാദമായിരിക്കും അതെന്നാണ് പലരും കരുതിയത്. പക്ഷേ,, ഉർവതുബ്നു സുബൈർ (رضي الله عنه) ഇത് കണ്ടപാടേ തിരിച്ചറിഞ്ഞു.   അദ്ദേഹം സത്യം ചെയ്തുകൊണ്ട് പറഞ്ഞു: ഇത് പ്രവാചക പുംഗവരുടെ (صلّی الله عليه وسلّم) തൃപ്പാദമല്ല..  അമീറുൽ മുഅ്മിനീൻ ഉമർ (رضي الله عنه) വിന്റേതാണ്...

ഇത് കേട്ടപ്പോൾ ജനങ്ങൾക്കൽപ്പം ആശ്വാസമായി. പരിഭ്രമം നീങ്ങി...


ഖബറിനകത്ത് നിന്നും ലഭിച്ച കുട്ടി

ഉമറുബ്നുൽ ഖത്വാബ് (رضي الله عنه) വിന്റെ ഭരണം നടക്കുന്ന കാലം.. ജനങ്ങളിൽ നിന്നുള്ള പരാതി കേൾക്കുന്നതിനും, തീർപ്പു കൽപ്പിക്കുന്നതിനും വേണ്ടി ജനസമക്ഷത്തിൽ ഇരിക്കുകയായിരുന്നു..  ആ സന്ദർഭത്തിൽ വഴിയിലൂടെ  പിരടിയിൽ ഒരു പിഞ്ചുകുട്ടിയേയും എടുത്ത് ഒരു യുവാവ് നടന്ന് പോയത്...

ആ കാഴ്ച കണ്ട ഖലീഫ ഉമർ (رضي الله عنه) വിന്റെ ഹൃദയത്തിൽ സന്തോഷം ആറാടി. അവിടുന്ന് കൂടി നിൽക്കുന്നവർ കേൾക്കേ ഉച്ചത്തിൽ പറഞ്ഞു:

ആ പോവുന്ന ഉപ്പയേയും, മകനേയും പോലെയുള്ള ഒരാളെ ഞാൻ അറബികളിൽ കണ്ടിട്ടില്ല. എന്തൊരു സ്നേഹമാണ് ആ പിതാവിന് മകനോടുള്ളത്...

ഖലീഫയുടെ ഈ വാക്കുകൾ ശ്രവിച്ച ആ യുവാവ് അവിടുത്തെ മുമ്പിലേക്ക് വന്നു.  എന്നിട്ട് പറഞ്ഞു:

ഓ മഹാനവർകളേ,, സ്രഷ്ടാവ് തന്നെ സത്യം..  ഈ മകനെ അവന്റെ ഉമ്മ മരണപ്പെട്ട ശേഷം പ്രസവിച്ചതാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിച്ച അമീറുൽ മുഅ്മിനീനും ജനങ്ങളും അത്ഭുതത്തോടെ ആ യുവാവിലേക്ക് മിഴികൾ ഉയർത്തി...

അദ്ദേഹം തുടർന്നു: ഒരു ഘട്ടത്തിൽ എനിക്ക് ഇവന്റെ ഉമ്മയേയും ഉപേക്ഷിച്ച് കൊണ്ട് യുദ്ധത്തിന് പോവേണ്ടിവന്നു.. പൂർണ്ണ ഗർഭിണിയായ അവളെ ഉപേക്ഷിച്ച് പോവാൻ എനിക്ക് വിഷമം ഉണ്ടായി..  യുദ്ധം വളരെ നിർബന്ധമായത് കൊണ്ട് ഞാൻ പുറപ്പെടാൻ തീരുമാനിച്ചു.. പുറപ്പെടുന്നതിന് മുമ്പ് അവളോട് ഞാൻ പറഞ്ഞു: നിന്റെ വയറ്റിൽ കിടക്കുന്ന ഈ കുട്ടിയെ الله വിൽ സൂക്ഷിക്കാൻ ഞാൻ ഏൽപ്പിച്ചിരിക്കുന്നു...

അനന്തരം ഒരു സൈന്യത്തിന്റെ കൂടെ ഞാനും യുദ്ധത്തിന് പോയി.. ദിവസങ്ങൾ കൊഴിഞ്ഞ് വീണുകൊണ്ടിരുന്നു.. യുദ്ധം കഴിഞ്ഞ് ഓരോരുത്തരും സ്വഭവനങ്ങളിലേക്ക് തിരിച്ചു. എന്റെ ഭവനത്തിലെത്തിയപ്പോൾ വളരെ ദുഃഖകരമായ ഒരു വാർത്തയാണ് ശ്രവിക്കാൻ കഴിഞ്ഞത്.. ഗർഭിണിയായ എന്റെ പ്രിയതമ എന്നേയും വിട്ട് പോയിരിക്കുന്നു.. ദുഃഖവും മനസ്സിൽ പേറി ഞാൻ എകാന്തനായി ജീവിതം കഴിച്ചു കൊണ്ടിരുന്നു...

ഒരു രാത്രിയിൽ ജന്നത്തുൽ ബഖീഇന്റെ സമീപം എന്റെ പിതൃവ്യനോട് കൂടെ ഇരിക്കുമ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി.. ആരോരുമില്ലാതെ മൂകത തളം കെട്ടി കിടക്കുന്ന ജന്നത്തുൽ ബഖീഇന്റെ ഇരുളിൽ നിന്നും ഒരു പ്രഭ കത്തിജ്വലിക്കുന്നു. അതിശക്തിയായ വെളിച്ചം. ഞാൻ എന്റെ പിതൃസഹോദരന് അത് കാട്ടിക്കൊടുത്തുകൊണ്ട് ചോദിച്ചു: എന്താണ് ആ കാണുന്നതെന്ന് അങ്ങേക്ക് അറിയാമോ?.. അദ്ദേഹം ഞങ്ങൾക്ക് അറിയില്ല എന്ന് പറഞ്ഞു.. എല്ലാ ദിവസവും രാത്രി ഇരുൾ മൂടിയാൽ ഞങ്ങൾ അത് ദർശിക്കാറുണ്ട്. ആ വെളിച്ചം ഒരു സ്ത്രീയുടെ ഖബറിൽ നിന്നാണ് പുറപ്പെടുന്നത്. ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയ ഞാൻ അധികമൊന്നും അദ്ദേഹത്തോട് ചോദിച്ചില്ല...

ദിവസങ്ങൾ പിന്നിട്ടു.. ഏകദേശം പാതിരയോട് അടുത്ത സമയം ആരും കാണാതെ ഒരു പിക്കാസുമെടുത്ത് ബഖീഇന്റെ ഉള്ളിലേക്ക് ഞാൻ പ്രവേശിച്ചു. പ്രഭ ജ്വലിച്ചുകൊണ്ടിരുന്ന ആ സ്ത്രീയുടെ ഖബറ് ലക്ഷ്യമാക്കി നീങ്ങി. അതിന്റെ അടുത്തെത്തിയപ്പോൾ എനിക്ക് ദർശിക്കാൻ കഴിഞ്ഞത് അത്ഭുതകരമായ മറ്റൊരു കാഴ്ചയാണ്...

ആ ഖബറ് രണ്ടു പിളർപ്പായി കിടക്കുന്നു. അതിന്റെ ഉള്ളിൽ നിന്നാണ് ആ പ്രഭ ഉയർന്നത്. ഞാൻ ഒന്നുകൂടി ആ ഖബറിനടുത്തേക്ക് നീങ്ങി.  ഉടനെ ഒരു വിളിയാളം കേട്ടു...

അല്ലാഹു വിനെ സൂക്ഷിക്കാൻ ഏൽപ്പിച്ച മനുഷ്യാ...!! നീ സൂക്ഷിക്കാൻ ഏൽപ്പിച്ചത് പിടിക്കുക. ഈ അശരീരി പൂർത്തിയാകുന്നതിന് മുമ്പ് ബബറിൽ നിന്നും ഒരു പിഞ്ചുപൈതൽ ഉയർന്നു വരുന്നു. ഞാൻ അതിനെ രണ്ടുകരങ്ങളും നീട്ടിവാങ്ങി.. ഉടനെ ആ ഖബർ അടയുകയും ചെയ്തു...

അദ്ദേഹം തുടരുന്നു: ആ കുട്ടിയാണ് എന്റെ ചുമലിൽ ഇരിക്കുന്ന കുട്ടി. ഞാൻ യുദ്ധത്തിന് പോകുന്ന സന്ദർഭത്തിൽ ഈ കുട്ടിയുടെ ഉമ്മയേയും  الله വിനെ ഏൽപ്പിച്ചിരുന്നെങ്കിൽ അവളേയും എനിക്ക് തിരിച്ചു കിട്ടുമായിരുന്നു.. ഇത്രയും  പറഞ്ഞ് അദ്ദേഹം നെടുവീർപ്പിട്ടു...


ഖബറിൽ നിന്നും അപ്രത്യക്ഷമായ മയ്യിത്ത്

ബഹ്റൈനിലെ രാജാവ് മുൻദിറുബ്നുസാവയുടെ സമീപത്തേക്ക് നബി (صلّی الله عليه وسلّم) ഒരു സംഘത്തെ അയച്ചു.. അവരുടെ നേതാവായി നിയോഗിക്കപ്പെട്ടത് ഗലാഅ്ബ്നു ഹള്റമി (رضي الله عنه) വിനേയായിരുന്നു. സൈന്യം ശത്രുക്കളുടെ രാജ്യവും ലക്ഷ്യം വെച്ച് പുറപ്പെട്ടു...

സ്വഹാബത്തിൽ നിന്ന് ചിലർ പറയുന്നു: ഗലാഅ്ബ്നു ഹള്റമി (رضي الله عنه) വിനോടൊപ്പമുള്ള ആ യാത്രയിൽ മൂന്ന് അത്ഭുതങ്ങൾ ദർശിക്കാൻ കഴിഞ്ഞു.. യാത്ര തുടർന്നുകൊണ്ടിരുന്ന ഞങ്ങൾ ശക്തിയായ വെയിലിൽ പെട്ട് തളർന്നു. ദാഹം സഹിക്കാനാവാത്ത ഒരവസ്ഥയിലേക്ക് ഞങ്ങളെത്തിയപ്പോൾ ഗലാഅ്ബ്നു ഹള്റമി (رضي الله عنه) വിനെ സമീപിച്ച് സങ്കടം പറഞ്ഞു...

മഹാൻ രണ്ട് റക്അത്ത് നിസ്കരിച്ചു. പ്രാർത്ഥന ആരംഭിച്ചു. തൽസമയം ആകാശത്തുനിന്ന് ഒരു മേഘകൂടാരം ഞങ്ങളുടെ ഭാഗത്തേക്ക് ഒഴുകിവന്നു. അത് മഴവർഷിച്ചു. ഞങ്ങൾ ധാരാളം വെള്ളം കുടിക്കുകയും ആവശ്യമുള്ളത് ശേഖരിക്കുകയും ചെയ്തു. പിന്നീട് ഞങ്ങൾ ഒരു തീരത്ത് വന്നണഞ്ഞു.. ആ നദിയും കടന്ന് അപ്പുറത്തെത്തിയാൽ മാത്രമേ ഞങ്ങൾക്ക് ശത്രുക്കളെ കണ്ടെത്താൻ സാധിക്കൂ.. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയ ഗലാഅ്ബ്നു ഹള്റമി (رضي الله عنه)  ഞങ്ങളോട് പറഞ്ഞു:

നിങ്ങൾ ബിസ്മിയും ചൊല്ലി കുതിരകളെ വെള്ളത്തിലിറക്കുക. ഞങ്ങൾ അദ്ദേഹം കൽപ്പിച്ചത് പോലെ പ്രവർത്തിച്ചു. അത്ഭുതം!!   അതാ ഞങ്ങളുടെ കുതിരകൾ വെളളത്തിന് മുകളിലൂടെ നീങ്ങുന്നു.. ആ കുതിരകൾക്കുള്ള കാൽ കുളമ്പുകൾ മാത്രമേ വെള്ളസ്പർശനമേറ്റ് നനയുന്നുള്ളൂ.. യാതൊരു പ്രയാസവും കൂടാതെ നദിയുടെ മറുകരയിൽ പ്രവേശിച്ചു...


പിന്നീട് ശത്രുക്കളുമായി ഘോരയുദ്ധം തുടങ്ങി. ആ യുദ്ധത്തിൽ ശത്രുക്കളെ പരാജയപ്പെടുത്തി ഞങ്ങൾ സ്വരാജ്യത്തിലേക്ക് തന്നെ യാത്ര തിരിച്ചു. വഴിമദ്ധ്യേ ആ നദി വീണ്ടും ഞങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു. മുമ്പ് പ്രവർത്തിച്ചത്പോലെ ബിസ്മിയും ചൊല്ലി കുതിരകളെ വെള്ളത്തിലിറക്കി.  അപ്പോൾ ഞങ്ങളുടെ കുതിരകളുടെ കുളമ്പുകൾ താഴേക്ക് താഴ്ന്നുപോവുകയോ, മുന്നോട്ട് ഗമിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്തില്ല. നദിയുടെ മുകളിലൂടെ ഞങ്ങൾ മുന്നോട്ട് ഗമിച്ചു...

അല്ലാഹുവിന്റെ തീരുമാനമെന്ന് പറയാം. ഗലാഅ്ബ്നു ഹള്റമി (رضي الله عنه) ആ വെള്ളത്തിന്റെ മുകളിൽ വെച്ച് ഈ ലോകത്തോട് എന്നന്നേക്കുമായി വിട പറഞ്ഞു.. ആ മഹാനുഭാവന്റെ തിരിച്ചുവരാത്ത ആ യാത്ര ഞങ്ങളെ അത്യധികം ദുഃഖത്തിലാഴ്ത്തി. കരയിൽ വന്നണഞ്ഞ ഞങ്ങൾ അദ്ദേഹത്തിന്റെ ശരീരം മറവ് ചെയ്യാനുള്ള ഒരുക്കങ്ങൾ ചെയ്തു.. മണലുകൾ നിറഞ്ഞ ഒരു സ്ഥലത്ത് അദ്ദേഹത്തിന് വേണ്ടി ഒരു ഖബർ കുഴിച്ചു. ആ പുണ്യശരീരത്തെ ഖബറിൽ വെച്ചു...

പിന്നീട് അവിടെ നിന്ന് ഞങ്ങൾ നാട് ലക്ഷ്യംവെച്ച് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒരു യുവാവ് ഞങ്ങളെ സമീപിച്ചുകൊണ്ട് ചോദിച്ചു: ഓ ജനങ്ങളേ,, ഇത് ആരുടെ ഖബറാണ്?.. ഞങ്ങൾ പറഞ്ഞു: ഇത് ഗലാഅ്ബ്നു ഹള്റമി (رضي الله عنه) യുടെ ഖബറാണ്..  അയാൾ ഞങ്ങളോട് പറഞ്ഞു: ഈ സ്ഥലത്ത് അദ്ധേഹത്തെ നിങ്ങൾ മറമാടരുത്. വന്യമൃഗങ്ങളുടെ ശല്യം അധികരിച്ച ഒരു പ്രദേശമാണിത്. അവ അദ്ധേഹത്തിന്റെ ശരീരം പുറത്തെടുത്ത് ബുദ്ധിമുട്ടുണ്ടാക്കും...

വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഞങ്ങൾ അദ്ധേഹത്തിന്റെ ശരീരം പുറത്തെടുക്കാൻ തീരുമാനിച്ചു. അങ്ങനെ അദ്ധേഹത്തിന്റെ ഖബറിന്റെ മുകളിൽനിന്ന് മണ്ണ് നീക്കി അടിക്കല്ലുകൾ പുറത്തെടുത്തു...

ഖബറിനകത്തെ കാഴ്ച കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. അദ്ധേഹത്തിന്റെ ശരീരം ഖബറിൽ കാണുന്നില്ല.. എന്നാൽ ഖബറിന്റെ ഉള്ളിലൂടെ കണ്ണെത്താദൂരത്തോളം പ്രകാശപൂരിതമായ ഒരു വഴി ഞങ്ങൾ ദർശിച്ചു. പിന്നെ ആലോചിച്ചുനിൽക്കാതെ ഖബർ മൂടി.നിർമല മനസ്കരായി ഞങ്ങൾ നാടിനെ ലക്ഷ്യമാക്കി നീങ്ങി...


പെട്ടിയിൽ സൂക്ഷിച്ചു വെച്ച ജഡം

അതാഉൽ ഹുറാസാനി പറയുന്നു: ബനൂ ഇസ്റാഈല്യരിൽ നാൽപതോളം വർഷം ഭരണം നടത്തിയ ഒരു മനുഷ്യനുണ്ടായിരുന്നു...

ഒരവസരത്തിൽ അദ്ധേഹത്തിന് ശക്തിയായ രോഗം പിടിപ്പെട്ടു. അദ്ദേഹം ചിന്തിച്ചു. ഈ അസുഖത്തിൽ എന്റെ മരണം സംഭവിക്കാൻ സാധ്യതയുണ്ട്. കൂടുതൽ ചിന്തിച്ചു നിന്നില്ല...

അയാൾ തന്റെ അനുയായികളെ വിളിച്ച് വസ്വിയ്യത്ത് ചെയ്തു.. ഞാൻ ഈ രോഗത്തിൽ മൃതിയടയാൻ സാധ്യതയുണ്ട്. ഞാൻ മൃതിയടഞ്ഞാൽ എന്റെ ശരീരം എത്രയും വേഗം മറവ് ചെയ്യരുത്..  മറിച്ച്,, നിങ്ങളുടെ അടുക്കൽ തന്നെ ഭദ്രമായി അഞ്ചോ, ആറോ, ദിവസങ്ങൾ സൂക്ഷിച്ച് വെക്കണം. അതിന് ശേഷം എന്റെ ശരീരത്തിൽ നിന്ന് സംശയവും, പരിഭ്രാന്തിയും പരത്തുന്ന വല്ല അവസ്ഥകളും നിങ്ങൾക്ക് അനുഭവപ്പെട്ടാൽ നിങ്ങളിൽ നിന്ന് ഒരാൾ അതിനെ സംബന്ധിച്ച് വിളിച്ച് ചോദിക്കുക...

രാജാവിന്റെ ഈ വാക്കുകൾ ശ്രവിച്ച പ്രജകൾ തലകുലുക്കി സമ്മതിച്ചു. ദിവസങ്ങൾ കഴിഞ്ഞു.. ഒരു ദിവസം അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.. സാധാരണ ജനങ്ങൾ മരിച്ചാൽ ഖബർ കുത്തുകയും, അതിലവരെ മറമാടുകയും ചെയ്യും. എന്നാൽ രാജാവിന്റെ ജഡം ഒരു  പെട്ടിയിലാക്കി സൂക്ഷിച്ചു വെച്ചു.  മൂന്നുദിവസങ്ങൾ കഴിഞ്ഞു. നാലാമത്തെ ദിവസം ആ ജഡത്തിൽ നിന്ന് ശക്തിയായ ദുർഗന്ധം വമിക്കാൻ തുടങ്ങി. ജനങ്ങൾ പരിഭ്രാന്തിയിലായി. വളരെ ദുർഗന്ധമുള്ള വാസന...

അവരിൽ നിന്ന് ഒരാൾ എഴുന്നേറ്റ് നിന്ന് വിളിച്ചു ചോദിച്ചു: ഓ മനുഷ്യാ,,  എന്താണീ വാസന?..  ഉടനെ ആ പെട്ടിയിൽ നിന്നും الله വിന്റെ കൽപ്പന പ്രകാരം അയാൾ സംസാരിക്കാൻ തുടങ്ങി...

ഓ ജനങ്ങളേ!!  ഞാൻ നിങ്ങളിൽ നാൽപതോളം വർഷം ഭരണം നടത്തി. എന്റെ ശരീരത്തിൽ നിന്ന് വമിക്കുന്ന ഈ ശക്തിയായ ദുർഗന്ധം കാരണം എന്നെ നിങ്ങൾ സംശയ മനസ്സോടേയും, പരിഭ്രാന്തിയുള്ള മിഴികളോടേയും വീക്ഷിക്കുന്നു.. ഇതിനുള്ള കാരണം,, ഞാൻ ഭരണം നടത്തുന്ന സമയം രണ്ട് യുവാക്കൾ ഒരു കേസുമായി എന്റെ സമീപത്ത് വന്നു. അതിൽ ഒരാളോടെനിക്ക് ഏറ്റവും പ്രിയവും, സ്നേഹവുമുണ്ടായിരുന്നു.. അവന്റെ വാദം കേൾക്കുന്ന സമയത്ത് മറ്റവന്റെ വാദം കേൾക്കുന്നതിനേക്കാൾ ചെവികൾ അവനിലേക്ക് അടുപ്പിച്ച് പിടിച്ചു. ആ കാരണത്താൽ الله ആ ചെവിക്കുള്ളിൽ ചീഞ്ഞ് നാറുന്ന ഒരു വ്രണത്തെ നൽകിയിരിക്കുന്നു.. അതിൽ നിന്നും വമിക്കുന്ന ദുർഗന്ധമാണ് നിങ്ങൾക്ക് അനുഭവപ്പെടുന്നത്...

ഇത്രയും പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരം വീണ്ടും  നിശ്ചലമായി.


രക്ഷക്കെത്തിയ ഖുർആൻ

ഹസനുബ്നു ദിനാർ പറയുന്നു: സാബിത്തുൽ ബുന്നാനിയും ഒരു യുവാവും എന്നോട് പറഞ്ഞു: ഒരിക്കൽ അവർ മുത്റഫ്ബ്നു  അബ്ദുല്ലാഹി സഈരിയെ സന്ദർശിച്ചു. അദ്ധേഹം രോഗശയ്യയിലായിരുന്നു. അവരവിടെ എത്തിയപ്പോൾ ബോധരഹിതനായിട്ടാണ് കാണാൻ കഴിഞ്ഞത്..

അദ്ദേഹത്തിന്റെ തലയുടെ ഭാഗത്ത് നിന്നും, ശരീരത്തിന്റെ  മധ്യഭാഗത്ത് നിന്നും, കാൽ ഭാഗത്ത് നിന്നും ഒരു പ്രകാശം പൊട്ടിവിടർന്ന് മുകളിലേക്ക് ഉയർന്നു.. ഇതുകണ്ട ജനങ്ങൾ അൽഭുത സ്തബ്ധരായി നിന്നു...

കുറച്ച് കഴിഞ്ഞപ്പോൾ മുതറഫ്  എഴുന്നേറ്റിരുന്നു.  അവർ അദ്ദേഹത്തോട് ചോദിച്ചു: ഓ മുതറഫ്, അങ്ങേയ്ക്ക് എന്താണ് സംഭവിച്ചത്.. ഞങ്ങളെ അത്ഭുതപ്പെടുത്തിയ ആ പ്രകാശം നിങ്ങൾ അറിഞ്ഞിരുന്നുവോ?. അവർ അദ്ധേഹത്തോട് വിവരങ്ങൾ പറഞ്ഞു...

മുതറഫിന്റെ മറുപടി: ഓഹോ,, അത് നിങ്ങളും അറിഞ്ഞിരുന്നോ... അതെ, അവർ മറുപടി നൽകി. അദ്ധേഹം പറഞ്ഞു...

അത് സൂറത്തു സജദയാണ്... അതിന്റെ ആദ്യഭാഗം എന്റെ തലയുടെ ഭാഗത്ത് നിന്നും, മധ്യഭാഗം എന്റെ ശരീരത്തിന്റെ മധ്യഭാഗത്ത് നിന്നും, അതിന്റെ അവസാന ഭാഗം എന്റെ കാൽഭാഗത് നിന്നും ഒരു പ്രഭയായ് ആകാശത്തിലേക്ക് ഉയർന്നത് എനിക്ക് ശുപാർശ ചെയ്യാൻ വേണ്ടിയാണ്.. എന്നോട് കൂടെ സൂറത്ത് തബാറക മാത്രമേയുള്ളൂ... ആ സൂറത്ത് എന്നെ കാത്ത് സൂക്ഷിക്കുന്നതാണ്.. ഇവ ദിവസവും ഞാൻ നിർവ്വഹിക്കാറുണ്ടായിരുന്നു. ഇതു പറഞ്ഞു തീർന്നപ്പോഴേക്കും മുത്റഫിന്റെ ശരീരം വീണ്ടും നിശ്ചലമായി...


ഭൂമിയിൽ നിന്നും ഉയർന്നു  വന്ന കഴുതത്തല.

മുജാഹിദ് (رضي الله عنه) പറയുന്നു: ഞാൻ ഒരാവശ്യാർത്ഥം ഒരു രാജ്യം ലക്ഷ്യം വെച്ച് യാത്ര പുറപ്പെട്ടു.. വയലുകളും, നദികളും, കുറ്റിക്കാടുകളും താണ്ടി യാത്ര തുടർന്നു.. വഴിയോരത്തിലൂടെ നടന്നുനീങ്ങവെ ഒരത്ഭുതം കണ്ട് ഞെട്ടിത്തരിച്ചുപോയി...

വഴിയുടെ ഒരു വശത്ത് ഭൂമിയിൽ നിന്നും ഒരു കഴുതത്തല ഉയർന്ന് വരുന്നു.. സമീപത്തുള്ള ഒരു കുടിലിന്റെ നേരെ നോക്കി അത് മൂന്ന് വട്ടം കരഞ്ഞു. പിന്നീട് അതിന്റെ തല താഴോട്ട് തന്നെ വലിഞ്ഞ് പോവുകയും ചെയ്തു...

വിസ്മയവും, പരിഭ്രാന്തിയും പിടികൂടിയ ഞാൻ എന്താണതിന്റെ യാഥാർത്ഥ്യമെന്നറിയാനുള്ള ആഗ്രഹവുമായി നടന്ന് ഉദ്ധേശിച്ച ആളെ കണ്ട് മുട്ടിയപ്പോൾ ഒറ്റ നോട്ടത്തിൽ തന്നെ എന്റെ പരിഭ്രാന്തി അയാൾക്ക് മനസ്സിലായി. അദ്ദേഹം ചോദിച്ചു:

ഓ മുജാഹിദ് (رضي الله عنه), നിങ്ങൾക്കെന്താണ് പറ്റിയത്? ആകെ പരിഭ്രാന്തിയിലായിരിക്കുന്നുവല്ലോ?..

ഞാൻ അദ്ധേഹത്തിന് വഴിയിൽ വെച്ച് കണ്ട ആ അത്ഭുത സംഭവം വിവരിച്ച് കൊടുത്തു..  അയാൾ എന്നോട് ചോദിച്ചു: ഓ മുജാഹിദ് (رضي الله عنه).. നിങ്ങൾക്കറിയുമോ അതെന്താണെന്ന്?..  ആകാംക്ഷയേടെ ഇല്ലെന്ന് ഞാൻ തലയാട്ടി. അദ്ദേഹം എനിക്ക് വിവരിച്ച് തന്നു...

അത് ഒരു കുട്ടിയുടെ കരച്ചിലാണ്.. ആ കാണുന്ന കുടിലിൽ താമസിക്കുന്നത് അവന്റെ ഉമ്മയാണ്. ആ ഉമ്മയോട് കൂടെ അവൻ വസിച്ചുകൊണ്ടിരുന്ന വേളയിൽ ഉമ്മ അവനോട് വല്ലതും പറഞ്ഞാൽ അവൻ ഉമ്മയെ ചീത്തവിളിക്കുകയും, നീ കഴുതയാണ് എന്നുരുവിട്ട് ആ മാതാവിന്റെ മുഖത്ത് നോക്കി കഴുത കരയും പ്രകാരം മൂന്നുവട്ടം കരയുകയും ചെയ്തിരുന്നു.. അവൻ മരിച്ചപ്പോൾ ആ കുഴിയിലാണ് അവനെ മറമാടിയത്. അതിനു ശേഷം ഒരു ദിവസവും ഒഴിഞ്ഞുപോകാതെ മറമാടിയ ആ സമയം ആഗതമാകുമ്പോൾ കഴുതയുടെ രൂപത്തിൽ ഒരു തല മുകളിലേക്ക് ഉയർന്ന് വരികയും ആ ഉമ്മ താമസിക്കുന്ന കുടിലിന്റെ ഭാഗത്തേക്ക് തിരിഞ്ഞുനിന്ന് അലറി കരയുകയും അതിനു ശേഷം ഭൂമിയിലേക്ക് തന്നെ താണുപോവുകയും ചെയ്യുന്നു..


ശഹീദ് സലാം മടക്കുന്നു

ഇത്വാഫുബ്നു ഖാലിദിന്റെ പിതൃവ്യൻ പറയുന്നു: ഹംസ (رضي الله عنه) വിന്റെ ഖബറിനടുക്കൽ ഞാൻ ചെന്നു. അതിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി നിന്ന് ഞാൻ നിസ്കരിച്ചു. സലാം പറഞ്ഞു. എന്തൊരത്ഭുതം!! അതാ ഭൂമിയുടെ അടിയിൽ നിന്നും സലാം മടക്കുന്ന ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞു..

ഭൂമിയുടെ ഉള്ളിൽ നിന്നും ഉയർന്ന ആ ശബ്ദം എന്റെ മനസ്സിൽ അത്ഭുതവും, ആശ്ചര്യവും ഉളവാക്കി. ഞാനെന്റെ ശരീരത്തിലേക്ക് നോക്കി. ശരീരത്തിലെ രോമങ്ങൾ മുഴുവനും എടുത്തു പിടിച്ചതായി കണ്ടു...


ഖബറിൽ നിന്നും ശബ്ദം

കുൽസുമ്ബ്നു ഹുസിബ് പറയുന്നു:ഒരിക്കൽ ഞാൻ യാത്ര പോകവെ ജാഹിലിയ്യാ കാലത്തുള്ള ഒരു ഖബറിന്റെ സമീപത്തെത്തി. അവിടെ നിന്ന് ഒരു കാഴ്ച കണ്ടു ഞാൻ അത്ഭുതപ്പെട്ടു!!.  ഒരു ഖബറിൽ നിന്ന് ഒരു മനുഷ്യൻ പുറത്ത് വരുന്നു.. അവന്റെ കഴുത്തിൽ തീയിനാലുള്ള ഒരു കവചം ചാർത്തപ്പെട്ടിരിക്കുന്നു. എന്റെ കൈയ്യിലുള്ള വെള്ളപ്പാത്രം നോക്കി അവൻ ഉറക്കെ ചോദിച്ചു. ഓ സഹോദരാ..!  നിന്റെ കൈയ്യിലുള്ള വെള്ളത്തിൽ നിന്ന് അൽപം എനിക്ക് തരുമോ?..

അവൻ ഇത്രയും പറഞ്ഞപ്പോഴേക്കും മറ്റൊരു മനുഷ്യൻ ഖബറിൽ നിന്നും പുറത്ത് ചാടി. അയാൾ അതിവേഗത്തിൽ മുന്നോട്ട് വന്ന് എന്നോട് വിളിച്ച് പറഞ്ഞു: അവന് വെള്ളം നൽകരുത്. അവൻ സത്യനിഷേധിയായ മനുഷ്യനാണ്. അതിന് ശേഷം അവനെ പിടിച്ചു വലിച്ച് ഖബറിന്റെ ഉള്ളിലേക്ക് താഴ്ത്തി. രണ്ടുപേരും അപ്രത്യക്ഷമായി...

അപ്പോഴേക്കും രാത്രി വളരെ ഇരുട്ടിയിരുന്നു.. ആ ദിവസം എവിടെയെങ്കിലും രാപാർക്കുക. അതിരാവിലെ യാത്ര തുടരുക എന്ന് ഞാൻ തീരുമാനിച്ചു. ആ ഖബർസ്ഥാനിയുടെ അടുത്ത് തന്നെ താമസിക്കുന്ന ഒരു വൃദ്ധയുടെ വീട്ടിലേക്ക് ഞാൻ ചെന്നു. ഇന്ന് രാത്രി ഞാൻ ഇവിടെ താമസിക്കട്ടെയോ എന്ന് ചോദിച്ചു: അവർ സമ്മതം മൂളി..

രാത്രി കുറച്ചുകൂടി മുന്നോട്ട് നീങ്ങി. ഏകദേശം പാതിരയോടടുത്തിരിക്കും, അപ്പോഴതാ ഖബർസ്ഥാനിയുടെ ഭാഗത്ത് നിന്നൊരു ശബ്ദം. മൂത്രം, മൂത്രത്തിന്റെ കാര്യം ഭയങ്കരം തന്നെ.. തോൽ പാത്രം, തോൽപാത്രത്തിന്റെ കാര്യം ഭയങ്കരം തന്നെ...

അദ്ദേഹത്തിന് കാര്യം മനസ്സിലായില്ല. അയാൾ ശ്രദ്ധിച്ച് ശ്രവിച്ചു. ആ ഖബറിൽ നിന്ന് തന്നെയാണല്ലോ അത്?..

തൽസമയം അയാൾ വൃദ്ധയെ വിളിച്ചുണർത്തി കാര്യമന്വേഷിച്ചു. അവർ പറഞ്ഞു: ആ ശബ്ദം എന്റെ ഭർത്താവിന്റെ ഖബറിൽ നിന്നാണ്.. അദ്ദേഹത്തിന്റെ ശബ്ദമാണ് നിങ്ങൾ കേൾക്കുന്നത്...

അയാൾ ജീവിച്ചിരിക്കുന്ന കാലത്ത് മൂത്രമൊഴിച്ചതിന് ശേഷം വേണ്ടതുപോലെ ശുദ്ധിയാക്കിയിരുന്നില്ല.. ഇത് കാണുമ്പോൾ ഞാൻ അദ്ദേഹത്തോട് പറയും: ഓ ഭർത്താവേ, നിങ്ങളുടെ ഈ പ്രവൃർത്തി വളരെ മോശമാണ്. ഒട്ടകങ്ങൾപോലും മൂത്രമൊഴിക്കുന്ന സന്ദർഭത്തിൽ അവകളുടെ കാലിലും മറ്റും മൂത്രം ആവാതിരിക്കാൻ അവ കാലുകൾ അകറ്റി നിർത്താറുണ്ട്. എന്നാൽ എന്റെ ഈ രീതിയിലുള്ള ഉപദേശങ്ങളൊന്നും അദ്ദേഹം സ്വീകരിച്ചില്ല...

പിന്നീട് അദ്ദേഹം മരിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ ശരീരം ഖബറിൽ മറമാടി. അന്നുമുതൽ രാത്രിയിൽ ഖബറിൽ നിന്ന് ഈ ശബ്ദം കേൾക്കും. ഇത്രയും കേട്ട ഞാൻ ചോദിച്ചു:  നിങ്ങളുടെ ഭർത്താവ്  തോൽ പാത്രം, തോൽ പാത്രത്തിന്റെ കാര്യം ഭയങ്കരം തന്നെ എന്ന് പറയുന്നത് കേട്ടല്ലോ,, എന്താണതിന്റെ യഥാർത്ഥ്യം...

വൃദ്ധ പറഞ്ഞു: അത് മറ്റൊന്നുമല്ല. ഒരവസരത്തിൽ അദ്ദേഹത്തിനടുക്കൽ ദാഹിച്ചവശനായ ഒരു മനുഷ്യൻ വന്നു. അയാൾ എന്റെ ഭർത്താവിനോട് അൽപം വെള്ളം ചോദിച്ചു.. എന്റെ ഭർത്താവ് വെളളമില്ലാത്ത ഒരു തോൽ പാത്രം അദ്ദേഹത്തിന് നൽകിക്കൊണ്ട് പറഞ്ഞു: ഇതാ, ഇത് പിടിക്കൂ.. ആ മനുഷ്യൻ സന്തോഷത്തോടെ അത് വാങ്ങി. വെള്ളം കുടിക്കുവാൻ വേണ്ടി ആ പാത്രം അയാൾ വായിലേക്ക് ഉയർത്തി. എന്നാൽ വെള്ളമില്ലാത്ത ആ പാത്രത്തിൽ നിന്ന് എങ്ങനെ അദ്ദേഹത്തിന് വെള്ളം ലഭിക്കും...

ആ സാധു ദാഹജലം ലഭിക്കാതെ അദ്ദേഹത്തിന്റെ മുമ്പിൽ പിടഞ്ഞു വീണുമരിച്ചു..  പിന്നീട് ഭർത്താവിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഖബറിൽ നിന്ന് ഇപ്രകാരം വിളിച്ച് പറയുന്നത് കേൾക്കാറുണ്ട്...

പിന്നീട് ഈ സംഭവം കുൽസും നബി (صلّی الله عليه وسلّم) യോട് വിവരിച്ചപ്പോൾ അവിടുന്ന് ഒറ്റക്ക് യാത്ര പോവുന്നത് വിലക്കുകയുണ്ടായി...


ഖബർവാസിയുടെ മരണ വേദന


നബി (صلّی الله عليه وسلّم) പറയുന്നു: നിങ്ങളെനിക്ക് ബനൂഇസ്റാഈലുകാരെ സംബന്ധിച്ച് പറഞ്ഞു തരിക.. അവരിൽ നിരവധി അത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ട്. തുടർന്ന് നബി (صلّی الله عليه وسلّم) വിവരിക്കാൻ തുടങ്ങി...

ബനൂഇസ്റാഈലുകാരിലെ ചിലർ ഒരു ശ്മശാനത്തിലൂടെ നടന്ന് പോകുമ്പോൾ അവർ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പറയാൻ തുടങ്ങി: രണ്ട് റക്അത്ത് നിസ്കരിച്ച ശേഷം ഈ മഖ്ബറയിൽ മറമാടപ്പെട്ട ഒരു വ്യക്തിയെ അവന്റെ മരണത്തെ സംബന്ധിച്ച് ചോദിക്കുവാൻ വേണ്ടി നമുക്ക് പുറപ്പെടീച്ചുതരാൻ നാഥനോട് പ്രാർത്ഥിക്കാം.. അപ്രകാരം അവർ ചെയ്തു...

പെട്ടെന്നതാ ഒരു ഖബ്റിൽ നിന്ന് വെളുപ്പും കറുപ്പും ഇടകലർന്ന ഒരു മനുഷ്യന്റെ തല ഉയർന്നു വരുന്നു.. അവന്റെ നെറ്റിത്തടത്തിൽ സുജൂദിന്റെ അടയാളമുണ്ട്. അവർ വല്ലതും അവനോട് ചോദിക്കുന്നതിന് മുമ്പ് അവൻ ഇങ്ങോട്ട് പറഞ്ഞു:

ഓ സമൂഹമേ, നിങ്ങൾ എന്നെക്കൊണ്ട് എന്താണ് പ്രവർത്തിക്കുന്നത്. ഞാൻ മരിച്ചിട്ട് ഇന്നേക്ക് നൂറ് വർഷമായി. മരണത്തിന്റെ വേദന ഇപ്പോഴും വിട്ടുമാറിയിട്ടില്ല,, ഞാൻ ഏത് അവസ്ഥയിലായിരുന്നോ ആ അവസ്ഥത്തിലേക്ക് തന്നെ എന്നെ മടക്കുവാൻ الله വിനോട് നിങ്ങൾ പ്രാർത്ഥിക്കുക...


ഖബറിൽ നിന്നും അമ്പ്

ഗലാഉബ്നു അബ്ദുൽ കരീമിൽ യമാമി പറയുന്നു:  എന്റെ പരിചയത്തിലുള്ള ഒരു യുവാവിന് വളരെ സ്നേഹവും, വാൽസല്യവുമുള്ള സഹോദരനെ الله കനിഞ്ഞു നൽകിയിരുന്നു. ആ സഹോദരന്മാർ പരസ്പരം സ്നേഹത്തോടും, സൗഹാർദ്ദത്തോടും വസിച്ചുകൊണ്ടിരുന്നു.. എന്റെ പരിചയത്തിൽപ്പെട്ട ആ യുവാവ് മരണപ്പെട്ട വിവരം ഞാനറിഞ്ഞു. തന്റെ സഹോദരന്റെ പെട്ടെന്നുള്ള മരണം ആ യുവാവിനെ ദുഃഖത്തിലാഴ്ത്തി. അയാളുടെ ശരീരം മറമാടി...

ജനങ്ങളെല്ലാം പിരിഞ്ഞു പോയി. ആ സഹോദരൻ അവിടെത്തന്നെ നിന്നു. എല്ലാവരും വിദൂരതയിലേക്ക് മറഞ്ഞെന്ന് ഉറപ്പായപ്പോൾ അയാൾ തന്റെ ചെവി സഹോദരന്റെ ഖബറിലേക്ക് അടുപ്പിച്ച് പിടിച്ചു.. ഖബറിന്റെ ഉള്ളിൽ നിന്ന് ചില സംസാരങ്ങൾ കേൾക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു...  ആരോ ചിലർ തന്റെ സഹോദരനോട് ചോദിക്കുന്നു:  ആരാണ് നിന്റെ റബ്ബ്?.  ഉടനെ സഹോദരന്റെ മറുപടി: എന്റെ റബ്ബ് الله വാണ്...   വീണ്ടും ചോദ്യങ്ങൾ ഉയരുന്നു. സഹോദരൻ മറുപടി പറയുന്നു...

പെട്ടെന്ന് ഖബറിൽ നിന്നും ഒരു അമ്പ് അദ്ധേഹത്തിന്റെ അടുക്കലേക്ക് ഉയർന്ന് വന്നു. അതുകൂടി കണ്ടപ്പോൾ ആ യുവാവിന്റെ ശരീരത്തിന്റെ നിറം തന്നെ മാറിപ്പോയി.. ഭയത്താൽ അവൻ ഞെട്ടിത്തരിച്ചു നിന്നു.. അപ്പോഴും അദ്ധേഹത്തിന് ഖബറിൽ നിന്ന് ചോദ്യവും മറുപടിയും വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നു...


ഖബറിൽ നിന്ന് മറുപടി


അബുൽ ഹസൻ അലിയ്യുബ്നുൽ ലഹീതി സിറാനി പറയുന്നു: ഒരിക്കൽ ഞാൻ ശൈഖ് അബ്ദുൽ ഖാദർ (رضي الله عنه) വിനോടൊപ്പം മഅ്റൂഫുൽ ഖർഹിയുടെ ഖബർ സന്ദർശിച്ചു.

ശൈഖവർകൾ മഅ്റൂഫുൽ ഖർഹിയുടെ ഖബറിന്റെ ഭാഗത്തേക്ക് തിരിഞ്ഞ് സലാം പലഞ്ഞു. ശേഷം, ഓ മഅ്റൂഫുൽ ഖർഹി,  നിങ്ങൾ എന്നേക്കാൾ ഒരു പടി ഉയരത്തിലാണ് നിലകൊള്ളുന്നത്. അബുൽ ഹസൻ അലിയ്യ് തുടരുന്നു: മറ്റൊരിക്കൽ ഞാൻ വീണ്ടും അദ്ദേഹത്തോട് കൂടെ മഅ്റൂഫുൽ ഖർഹിയുടെ ഖബർ സിയാറത്ത് ചെയ്യാൻ പുറപ്പെട്ടു...

അവിടെയെത്തിയ ശൈഖ് (رضي الله عنه) മഅ്റൂഫുൽ ഖർഹിക്ക് സലാം പറഞ്ഞ ശേഷം, ഓ മഅ്റൂഫുൽ ഖർഹി! ഞാൻ നിങ്ങളേക്കാൾ രണ്ടുപടി ഉയരത്തിലാണ് നിലകൊള്ളുന്നത് എന്നുപറഞ്ഞു: ഉടനെ ഖബറിൽ നിന്ന് ഖർഹി മറുപടി പറഞ്ഞു: ഓ അബ്ദുൽ ഖാദർ ! (رضي الله عنه) നിങ്ങൾ എന്റെ കാലത്തുള്ള എല്ലാവരുടേയും നേതാവാണ്...


സന്തോഷവാർത്ത

അഹ്മദുൽ കബീർ രിഫാഈ (رضي الله عنه) വിന്റെ വഫാത്തിന് ശേഷം ആ പുണ്യാത്മാവിനോട് ഏറ്റവും പ്രിയവും ബഹുമാനവുമുള്ളതിനാൽ   പല പ്രാവശ്യം അദ്ദേഹത്തിന്റെ ഖബറിങ്കൽ സിയാറത്തിനുവേണ്ടി ശൈഖ് ഫാറൂസി പോവാറുണ്ടായിരുന്നു.. ഒരവസരത്തിൽ സിയാറത്തിന് വന്ന അദ്ധേഹം ശൈഖ് (رضي الله عنه) വിന്റെ ഖബറിന്റെ സമീപത്തെത്തിയപ്പോൾ അതിനകത്തുനിന്ന് വലിയ ശബ്ദത്തിൽ വിളിച്ച് പറയുന്നത് കേട്ടു. ഓ ഫാറൂസീ!! നിങ്ങളുടെ ആവശ്യങ്ങൾ വീട്ടപ്പെട്ടിരിക്കുന്നു...


വിജയ പരാജയം പറയുന്നു

ഉമറുബ്നുൽ ഖത്വാബ് (رضي الله عنه) ഒരിക്കൽ ജന്നത്തുൽ ബഖീഇന്റെ സമീപത്ത് കൂടെ നടന്ന് പോകുമ്പോൾ  ഖബറാളികൾക്ക് സലാം ചൊല്ലി. ശേഷം പറഞ്ഞു: നിങ്ങൾ വിട്ടുപിരിഞ്ഞതിന് ശേഷം ഞങ്ങളിലുള്ള വാർത്ത പറയട്ടയോ?.. നിങ്ങളുടെ ഭാര്യമാരെ വിവാഹം ചെയ്യപ്പെട്ടിരിക്കുന്നു..  നിങ്ങൾ പണിതുയർത്തിയ വീടുകളിൽ മറ്റുള്ളവർ വസിച്ചിരിക്കുന്നു..  നിങ്ങളുടെ സമ്പത്തുകൾ വീതിച്ചെടുക്കപ്പെട്ടിരിക്കുന്നു...

അപ്പോൾ ഖബറുകളുടെ ഭാഗത്തുനിന്ന് ഒരു ശബ്ദം മുഴങ്ങിക്കേട്ടു.. ഓ ഉമറുബ്നുൽ ഖത്വാബ് (رضي الله عنه) ഭൗതിക ലോകം വിട്ടുപിരിഞ്ഞ ശേഷമുള്ള ഞങ്ങളുടെ വാർത്ത നിങ്ങൾ ശ്രവിക്കുക..  ഭൗതിക ജീവിതത്തിൽ ആഖിറത്തിലേക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ വിഹിതം ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു.. പ്രവർത്തിക്കാതെ പിന്തിച്ചുവെച്ചതിന്റെ പരാജയം ഞങ്ങൾ അറിഞ്ഞിരിക്കുന്നു...


ഖബറിലെ വിവരങ്ങൾ

സഈദുബ്നു മുസയ്യബ് (رضي الله عنه) പറയുന്നു: ഒരിക്കൽ അലി (رضي الله عنه) വിനോട് കൂടെ മദീനാ ഖബർസ്ഥാനിയിലേക്ക് പുറപ്പെട്ടു. അലി (رضي الله عنه) ഖബർ നിവാസികൾക്ക് സലാം പറഞ്ഞ ശേഷം വിളിച്ചു ചോദിച്ചു: നിങ്ങളുടെ വർത്തമാനങ്ങൾ ഞങ്ങൾക്കു പറഞ്ഞു തരിക. തൽസമയം അവരിൽ നിന്ന് സലാം മടക്കുന്ന ശബ്ദവും ഇപ്രകാരം പറയുന്നതും കേൾക്കാൻ കഴിഞ്ഞു..

ഓ അമീറുൽ മുഅ്മിനീൻ,, ഞങ്ങൾ ഭൗതിക ലോകം വിട്ടുപിരിഞ്ഞ ശേഷം അവിടെയുള്ള വിവരങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരിക.. അലി (رضي الله عنه) പറഞ്ഞു: നിങ്ങളുടെ ഭാര്യമാരെ കല്യാണം കഴിപ്പിക്കപ്പെടുകയും, സമ്പത്ത് വീതിക്കപ്പെടുകയും, പിഞ്ചോമനകളെ യതീമുകളുടെ കൂട്ടത്തിൽ ഗണിക്കപ്പെടുകയും, വീടുകളിൽ ശത്രുക്കൾ താമസക്കാരാക്കുകയും ചെയ്തിരിക്കുന്നു. ഇതാണ് ഞങ്ങളുടെ വാർത്ത..

നിങ്ങളുടെ വിശേഷണങ്ങൾ പറഞ്ഞു തരിക: അപ്പോൾ ഖബറിൽ നിന്ന് ഒരു മയ്യിത്ത് വിളിച്ച് പറയാൻ തുടങ്ങി. ഞങ്ങളുടെ കഫൻ പുടവകൾ നശിച്ചു. മുടികൾ കൊഴിഞ്ഞു. തോലുകളെല്ലാം  മുറിഞ്ഞുപോയി. കണ്ണിന്റെ കൃഷ്ണമണികൾ കവിൾത്തടത്തിലൂടെ ഒലിച്ചിറങ്ങി. മൂക്കുകളിൽ ചലവും ചീഞ്ചലവും നിറഞ്ഞ് താഴോട്ടിറങ്ങി. ആഖിറത്തിലേക്ക് പ്രവർത്തിച്ച സൽപ്രവർത്തികളുടെ ഉപകാരം ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു.. പ്രവർത്തിക്കാതെ നീട്ടിവെച്ചവയുടെ പരാജയം ഞങ്ങൾ അറിഞ്ഞിരിക്കുന്നു. അമലുകൾക്ക് പകരമായി ഞങ്ങൾക്കിവിടെ പ്രതിഫലം നൽകപ്പെടുന്നു...


പള്ളി പരിപാലനം

നബി (صلّی الله عليه وسلّم) യുടെ കാലത്ത് മദീനയിൽ പളളി അടിച്ച് വാരുകയും, പരിപാലിക്കുകയും ചെയ്യുന്ന സ്ത്രീ ഉണ്ടായിരുന്നു. അവൾ ഇഹലോകം വെടിഞ്ഞു..

ജനങ്ങൾ അവളെ ഖബർസ്ഥാനിയിൽ മറമാടി. എന്നാൽ അവൾ മരിച്ച വിവരം നബി (صلّی الله عليه سلّم) തങ്ങൾ അറിഞ്ഞിരുന്നില്ല. ഒരിക്കൽ നബി  (صلّی الله عليه وسلّم) തങ്ങൾ അവളുടെ ഖബറിനരികിലൂടെ പോകുമ്പോൾ കൂടെയുള്ള സ്വഹാബത്തിനോട് ചോദിച്ചു...

ഓ സ്വഹാബാ٫٫٫ ഈ ഖബ്റ് ആരുടേതാണ്?

ഓ നബിയേ (صلّی الله عليه وسلّم)  അത് ഉമ്മുൽ മുൽജൻ എന്ന സ്ത്രീയുടെ ഖബ്റാണ്...

നബി (صلّی الله عليه وسلّم) തങ്ങൾ ചോദിച്ചു: അവളല്ലായിരുന്നുവോ പള്ളി പരിപാലന കർമ്മങ്ങളുമായി ബന്ധപ്പെട്ടിരുന്നത്?..  അവർ: അതെ..

അവരിൽ നിന്ന് ഈ വാർത്ത മനസ്സിലാക്കിയ നബി (صلّی الله عليه وسلّم) തങ്ങൾ സ്വഹാബത്തിനേയും കൂട്ടി അവളുടെ മേൽ മയ്യിത്ത് നിസ്കാരം നിർവ്വഹിച്ചു. സലാം വീട്ടിയ ശേഷം അവളുടെ ഖബറിലേക്ക് തിരിഞ്ഞു നിന്ന് ചോദിച്ചു: ഓ സ്ത്രീ, ഏത് ജോലിയാണ് ഏറ്റവും ഗുണകരവും മഹത്വവുമുള്ളതായി നീ അറിഞ്ഞിരിക്കുന്നത്?

ഉടനെ സ്വഹാബത്ത് ചോദിച്ചു: ഓ നബിയേ (صلّی الله عليه وسلّم) മരിച്ചുപോയ അവൾ നിങ്ങൾ പറയുന്നത് എങ്ങനെ കേൾക്കാനാണ്. നബി (صلّی الله عليه وسلّم) തങ്ങളുടെ മറുപടി: നിങ്ങൾ എങ്ങനെയാണ് കേൾക്കുന്നത്, അതിലും വ്യക്തമായി അവൾക്ക് കേൾക്കാൻ കഴിയും...

നബി (صلّی لله عليه وسلّم) തങ്ങൾ പറഞ്ഞു തീർന്നതും ഖബറിൽ നിന്നും അവളുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞു... സ്രഷ്ടാവിന്റെ വീട് സംരക്ഷിക്കുകയും, അത് പരിപാലിക്കുകയും ചെയ്യുക എന്ന ജോലിയാണ് ഏറ്റവും മഹത്വമുള്ളതും, ഗുണകരമായതായും  ഞാൻ അറിഞ്ഞിരിക്കുന്നത്...


മുഖത്ത് ലഭിച്ച അടി

മർശദുബ്നു ഹൂശിബ് പറയുന്നു: ഒരവസരത്തിൽ ഞാൻ യൂസുഫ്ബ്നു ഉമറിന്റെ സമീപത്തിരിക്കുമ്പോൾ അവിടെയുണ്ടായിരുന്ന ഒരു യുവാവിനെ ഞാൻ ശ്രദ്ധിച്ചു.. അദ്ധേഹത്തിന്റെ മുഖത്തിന്റെ ഒരു ഭാഗം എന്തോ പ്രഹരമേറ്റ് ഇരുമ്പ്പോലെ ഉറച്ചിരിക്കുന്നു. ഞാൻ ചെന്നിരുന്ന ഉടനെ യൂസുഫുബ്നു ഉമർ അദ്ധേഹത്തെ നോക്കി പറഞ്ഞു: ഓ മനുഷ്യാ,,, നിങ്ങൾ നിങ്ങളുടെ ചരിത്രം മർശദിന് വിവരിച്ച് കൊടുക്കുക. അയാൾ പറയാൻ തുടങ്ങി....

ഒരു രാത്രി ഒരു വ്യക്തിക്ക് വേണ്ടി ഞാൻ ഖബർ കുഴിച്ചു. ഖബർ പൂർത്തിയായ ശേഷം അവന്റെ മയ്യിത്ത് അതിൽ മറമാടി.  ജനങ്ങളെല്ലാം പിരിഞ്ഞ് പോയി. ഞാൻ മാത്രം ഖബറിന്റെ സമീപത്ത് അവശേഷിച്ചു. പെട്ടെന്ന് അവിടെ ഒട്ടകങ്ങളെ പോലെ വലിപ്പമുള്ള രണ്ട് വെളുത്ത പക്ഷികൾ പറന്നു വന്നു. അവ ഖബറിന്റെ സമീപത്തിരുന്നു. പിന്നീട് മണ്ണ് നീക്കി ഒന്ന് ഖബറിന്റെ ഉള്ളിലേക്ക് ഇറങ്ങിപ്പോയി. മറ്റൊന്ന് ഖബറിന്റെ സമീപത്ത് നിലയുറപ്പിച്ചു. ഞാൻ പതുക്കെ ഖബറിന്റെ അടുക്കലേക്ക് അടുത്തുനിന്നു.അപ്പോൾ ഖബറിൽ നിന്ന് ഇപ്രകാരം ശ്രവിക്കാൻ കഴിഞ്ഞു...

ഓ മനുഷ്യാ...,  നീ ജീവിതകാലത്ത് മനോഹരമായ വസ്ത്രങ്ങളണിഞ്ഞ് പൊങ്ങച്ചവും കാണിച്ച് നടക്കാറില്ലായിരുന്നുവോ?..

മയ്യിത്തിന്റെ മറുപടി: അതെ, ഞാൻ ദുർബലനാണ്. പറഞ്ഞു തീർന്നതും ശക്തമായ മർദ്ധനത്തിന്റെ ധ്വനി മുഴങ്ങിക്കേട്ടു. വീണ്ടും ചോദ്യം ഉയരുന്നു. മർദ്ദനം ആവർത്തിക്കുന്നു. പെട്ടെന്ന് അത് ഖബറിൽ നിന്നും തല ഉയർത്തി. തൽസമയം എന്നെ കണ്ടു. എന്റെ മുഖത്തേക്ക് അത് തുറിച്ചുനോക്കി. ഞാൻ ഭയപ്പെട്ട് സതംഭിച്ചുപോയി...

ഈയവസരത്തിൽ അത് തന്റെ കൂട്ടുകാരനെ നോക്കി പറഞ്ഞു: അവൻ എവിടെയാണ് ഇരിക്കുന്നതെന്ന് നോക്ക്.. തുടർന്ന് എനിക്കെതിരിൽ അത് പ്രാർത്ഥിക്കുകയും എന്റെ മുഖത്തിന് നേരെ ആഞ്ഞടിക്കുകയും ചെയ്തു. അടിയുടെ ആഘാതത്താൽ ഞാൻ ബോധരഹിതനായി വീണു. നേരം പുലർന്നപ്പോഴാണ് എനിക്ക് ബോധം തിരിച്ചുകിട്ടിയത്. അപ്പോൾ എന്റെ മുഖം ഈ അവസ്ഥയിലായി മാറിയതാണ്.. അയാൾ പറഞ്ഞു പൂർത്തിയാക്കി...


കോലം മറിക്കപ്പെട്ട മനുഷ്യൻ

നബി (صلّی الله عليه وسلّم) വളരെയധികം ഓമനിച്ച് പോറ്റി വളർത്തിയ മഹാനാണ് ഹസൻ (رضي الله عنه) പലപ്പോഴും അവിടുന്ന് ഹസൻ (رضي الله عنه) വിനേയും, ഹുസൈൻ (رضي الله عنه) വിനേയും തന്റെ പിരടിയിൽ ചുമന്ന് നടക്കാറുണ്ടായിരുന്നു...

ഒരിക്കൽ ഹസൻ (رضي الله عنه) വിനെ തന്നിലേക്ക് ചേർത്ത് പിടിച്ച് അവിടുന്ന് പ്രാർത്ഥിച്ചു. الله  വേ, ഇവനെ ഞാൻ ഇഷ്ടപ്പെടുന്നു. അതിനാൽ നീയും അവനെ ഇഷ്ടപ്പെടേണമേ...  കാലചക്രം കറങ്ങിക്കൊണ്ടിരുന്നു. ഹസൻ (رضي الله عنه) ഒരു യുവാവായി മാറി.ആയിടയ്ക്ക് ദുഷ്ടനായ യസീദിന്റെ പ്രോൽസാഹനങ്ങൾക്ക് അടിമപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ജഹ്ദലത്ത് ഹസൻ (رضي الله عنه) വിന് വിഷം കൊടുത്ത് വധിച്ചുകളഞ്ഞു...

ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിനെ വധിച്ചുകളയാൻ ആ ദുഷ്ടയ്ക്ക് ഒരു മനഃപ്രയാസവുമുണ്ടായിരുന്നില്ല. വധത്തിന് ശേഷം യസീദ് അവന്റെ ഉടമ്പടി പ്രകാരം ഒരു ലക്ഷം ദിർഹം അവൾക്ക് കൊടുത്തയച്ചു. പക്ഷേ, ഞാൻ നിന്നെ വിവാഹം ചെയ്തുകൊള്ളാമെന്ന ഉടമ്പടിയിൽ നിന്ന് അയാൾ സ്വയം മാറിനിന്നു. അതിന് കാരണം വിവരിച്ച് അവൻ അവൾക്ക് എഴുതി. ഹസന് (رضي الله عنه) പകരമായി നിന്നെ തൃപ്തിപ്പെടാൻ ഒരിക്കലും സാധിക്കുകയില്ല. അല്ലെങ്കിലും ഹസനെ (رضي الله عنه) പോലെ നിർമല മനസ്കനായ ഒരു മനുഷ്യനെ വധിക്കാൻ മനഃപ്രയാസം അനുഭവപ്പെടാത്ത നിന്നെ എങ്ങനെ തൃപ്തിപ്പെടാൻ കഴിയും. ഇത്രയും പറഞ്ഞ് അയാൾ ആ വാഗ്ദാനത്തിൽ നിന്ന് തടിയൂരി...

ഹസൻ (رضي الله عنه) നബി (صلّی الله عليه وسلّم) യുടെ മകളുടെ മകനായിരുന്നുവെങ്കിലും സ്വന്തം മകനെപ്പോലെ കണ്ട് നബി (صلّی الله عليه وسلّم) അദ്ദേഹത്തെ സ്നേഹിക്കുകയും, താലോലിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ആ പുണ്യാത്മാവിന്റെ ശരീരം നിന്ദിക്കുവാൻ ശ്രമിച്ചവർക്ക് തക്കതായ ശിക്ഷ ലഭിക്കുക തന്നെ ചെയ്തിട്ടുണ്ട്...

ഒരിക്കൽ വളരെ ദുഷ്ടനായ ഒരു മനുഷ്യൻ ഹസൻ (رضي الله عنه) ന്റെ ഖബറിന്റെ സമീപം വന്ന് അതിന്റെ മുകളിൽ കാഷ്ടിച്ചുവെച്ചു. എന്നാൽ ആ നിമിഷം മുതൽ അവന്റെ സംസാരത്തിനും, പ്രവർത്തനങ്ങളിലും മാറ്റം സംഭവിച്ചു...

അവസാനം അവൻ മുഴുഭ്രാന്തനായി മാറി. കൂടാതെ നായ കുരക്കുന്നതുപോലെ ഒരു ശബ്ദം അവനിൽ നിന്ന് കേൾക്കാറുണ്ടായിരുന്നു...


കൊലയാളിക്കുള്ള ശിക്ഷ

ഇസ്മത്തുൽ ഉബാദാനി പറയുന്നു:ഒരു ദിവസം ഞാൻ ആളൊഴിഞ്ഞ പ്രദേശത്തിലൂടെ യാത്ര പോകുമ്പോൾ ഒരു കുന്നിന്റെ മുകളിൽ ഒരു മന്ദിരം കണ്ടു. ഞാൻ അതിന്റെ സമീപത്തേക്ക് ചെന്നു. അതിനകത്ത് ഒരു പണ്ഡിതൻ ഇരിക്കുന്നുണ്ട്. ഞാൻ അദ്ധേഹത്തിന്റെ സമീപത്ത് ചെന്ന് ചോദിച്ചു: ഓ മഹാനേ, ഈ സ്ഥലത്ത് വെച്ച് നിങ്ങൾ കണ്ട ഏറ്റവും വലിയ അൽഭുതം ഏതാണ്?..

എന്റെ ചോദ്യം കേട്ട അദ്ധേഹം എനിക്കൊരു സംഭവം വിവരിച്ചുതന്നു. ഒരു ദിവസം ഞാൻ ഇവിടെ ഇരിക്കുമ്പോൾ ആകാശത്ത് നിന്ന് ഒരു വലിയ വെളുത്ത പക്ഷി പറന്ന് ഈ ഭാഗത്തേക്ക് വന്നിരുന്നു. ആ കാണുന്ന കല്ലിന്റെ മുകളിൽ അത് സ്ഥാനം ഉറപ്പിച്ചു. പിന്നീട് ഞാൻ നോക്കി നിൽക്കെ അത് ഒരു മനുഷ്യന്റെ തലയെ വായിലൂടെ പുറത്തേക്ക് തുപ്പി. പിന്നീട് കാലുകളും തണ്ടൻ കാലുകളും. അവസാനം ഒരു മനുഷ്യന്റെ എല്ലാ അവയവങ്ങളും അത് പുറത്തേക്ക് തുപ്പിക്കൊണ്ടിരുന്നു. പുറത്ത് വീണുകിടക്കുന്ന അവയവങ്ങൾ പരസ്പരം ഒന്ന് മറ്റൊന്നിനോട് കൂടിച്ചേർന്ന് ഒരു പരിപൂർണ്ണ മനുഷ്യനായിത്തീർന്നു...

അപ്പോൾ അവൻ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ആ പക്ഷി തന്റെ മൂർച്ചയേറിയ ചുണ്ടുകളെ കൊണ്ട് അവനെ ആഞ്ഞുകൊത്തി. ഓരോ കൊത്തുകളേൽക്കുമ്പോഴും അവന്റെ ശരീരം രണ്ടുകഷ്ണങ്ങളായി വേർതിരിഞ്ഞു. അവസാനം ആ അവയവങ്ങൾ പക്ഷി കൊത്തി വിഴുങ്ങുകയും ചെയ്തു...

ഈ കാഴ്ച ദിവസങ്ങളോളം ഞാൻ കണ്ടു. ഈ സംഭവം ശരീരങ്ങൾക്ക് മരണശേഷം ഒരു പുനഃർജീവിതമുണ്ടെന്ന് എനിക്ക് വ്യക്തമാക്കിത്തരികയും, എനിക്ക് അല്ലാഹു വിലുള്ള  അചഞ്ചലമായ വിശ്വാസം ഒന്നുകൂടി ദൃഢമാക്കുകയും ചെയ്തു...

ഇതിന്റെ യാഥാർത്ഥ്യമെന്തെന്നറിയാനുള്ള ആഗ്രഹം എന്റെ മനസ്സിൽ കുടിയേറി. ഒരു ദിവസം ധൈര്യം സംഭരിച്ച് ഞാൻ ആ പക്ഷിയുടെ സമീപത്തേക്ക് ചെന്ന് ചോദിച്ചു: സ്രഷ്ടാവ് തന്നെ സത്യം !!  ഇതിന്റെ യാഥാർത്ഥ്യം എനിക്ക് പറഞ്ഞുതരണം...

ഉടനെ ആ പക്ഷി അറബി ഭാഷയിൽ സംസാരിക്കുവാൻ തുടങ്ങി. തെറ്റുകൾ പ്രവർത്തിച്ച ശരീരങ്ങളെ കൊണ്ട് ഏൽപ്പിക്കപ്പെട്ട സ്രഷ്ടാവിന്റെ മലക്കുകളിൽ നിന്നുള്ള ഒരു മലക്കാണ് ഞാൻ. ഇത്രയും കേട്ടപ്പോൾ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ആ മനുഷ്യനെ നോക്കി ഞാൻ ചോദിച്ചു: ഓ മനുഷ്യാ, നിന്റെ ചരിത്രം എന്താണ്?.  നീ ആരാണ്?...

അവൻ മറുപടി നൽകി: ഞാനാണ് നാലാം ഖലീഫ അലി (رضي الله عنه) വിനെ വധിച്ച അബ്ദുർറഹ്മാനുബ്നു മുൽജിൻ.. ഞാൻ അദ്ധേഹത്തെ വധിച്ചുകളയുകയും, എന്റെ റൂഹ് الله വിന്റെ സമക്ഷത്തിങ്കൽ വെളിവാകുകയും ചെയ്തപ്പോൾ അവൻ എനിക്ക് എന്റെ ഉമ്മ പ്രസവിച്ചത് മുതൽ ഞാൻ അലി (رضي الله عنه) വിനെ വധിച്ച് കളയുന്നത് വരെയുള്ള നൻമയും, തിന്മയും നൽകിയ ഒരു കടലാസ് എനിക്ക് നൽകിയിരുന്നു.. കൂടാതെ ഈ മലക്കിനെ ഖിയാമത്ത് നാൾ വരെ എന്നെ ശിക്ഷിക്കുവാൻ ഏൽപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്. നിങ്ങൾ കണ്ടപ്രകാരം എന്നെ പ്രവർത്തിക്കുന്നു...

ഇത്രയും പറഞ്ഞ് ചാടി രക്ഷപ്പെടാൻ ശ്രമിച്ച അവനെ പക്ഷി വീണ്ടും കൊത്തി കഷ്ണങ്ങളാക്കി വിഴുങ്ങിക്കളഞ്ഞു.. പിന്നെ അത് പറന്നുപോയി...


ഒരു അൽഭുത കാഴ്ച

ഉമറുൽ ഫാറൂഖ് (رضي الله عنه) വിന്റെ സമീപത്ത് ഒരു മനുഷ്യൻ കടന്നു വന്നു. അദ്ദേഹത്തിന്റെ തലമുടിയിൽ നിന്നും, താടിയിൽ നിന്നും പകുതി രോമങ്ങൾ നരച്ചിരുന്നു. അദ്ദേഹത്തെ കണ്ടയുടൻ  ഉമർ (رضي الله عنه) ചോദിച്ചു: നിങ്ങൾക്ക് എന്താണ് സംഭവിച്ചത്?..

അദ്ദേഹം പറഞ്ഞു: ഞാൻ ശ്മശാനത്തിലൂടെ രാത്രിയിൽ നടന്ന് പോകുമ്പോൾ ശ്മശാനത്തിന്റെ ഒരു ഭാഗത്തേക്ക് നോക്കി. അപ്പോൾ ഭയത്താൽ ഞാൻ ഞെട്ടി വിറച്ചുപോയി...

ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ തീയിനാലുള്ള ചാട്ടവാറുകൊണ്ട് അടിക്കുന്നു.. ഓരോ അടി ഏൽക്കുമ്പോഴും തലമുടി മുതൽ കാൽ ഭാഗം വരെ തീയാൽ ജ്വലിക്കുന്നു...

എന്നെ കണ്ടപ്പോൾ മർദ്ദനം ഏൽക്കുന്ന ആ  മനുഷ്യൻ വിളിച്ചുപറഞ്ഞു: ഓ മനുഷ്യാ,, എന്നെ രക്ഷിക്കൂ... അപ്പോൾ അവനെ മർദ്ദിക്കുന്ന വ്യക്തി വിളിച്ചു പറഞ്ഞു: നിങ്ങൾ ഇയാളെ സഹായിക്കരുത്. കാരണം ഇയാൾ സത്യനിഷേധിയാണ്...

ഇത്രയും കേട്ടപ്പോൾ കാര്യം പിടികിട്ടിയ ഉമർ (رضي الله عنه) അദ്ദേഹത്തോട് പറഞ്ഞു: ഇത് കൊണ്ടാണ് ഹബീബായ റസൂൽ (صلّی الله عليه وسلّم) രാത്രിയിൽ ഒറ്റക്ക് യാത്ര പോകൽ വെറുത്തത്...


തേങ്ങിക്കരച്ചിൽ

ഒരിക്കൽ ഒരാൾ തന്റെ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ മഗ് രിബ് ബാങ്കിന്റെ ധ്വനികൾ പള്ളിയിൽ നിന്ന് മുഴങ്ങിക്കേൾക്കാൻ തുടങ്ങി. ഒരു ഖബറിന്റെ സമീപത്തെത്തിയ അദ്ദേഹം അവിടെ നിന്ന് നിസ്കാരം നിർവ്വഹിച്ചു, അവിടെത്തന്നെ ഇരുന്നു...

അപ്പോൾ സമീപത്തുള്ള ഖബറിൽ നിന്ന് ആരോ തേങ്ങിക്കരയുന്നത് അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞു.. ആ മയ്യിത്ത് ഇപ്രകാരം വിലപിക്കുന്നു.. "എന്റെ നാശമേ,, ഞാൻ നിസ്കാരം നിർവ്വഹിക്കാറുണ്ടായിരുന്നു..  നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു". ഖബറാളിയുടെ ഈ വിലാപം കേട്ട് യാത്രക്കാരൻ പേടിച്ച് വിറക്കാൻ തുടങ്ങി. അവിടെ നിൽക്കാൻ അദ്ദേഹത്തിന് ധൈര്യം വന്നില്ല. അയാൾ ജോലി സ്ഥലത്തേക്ക് തന്നെ യാത്രയായി...

ദിവസങ്ങൾക്ക് ശേഷം നാട്ടിലേക്ക് യാത്ര തിരിച്ച അദ്ധേഹം ആ ശ്മശാനനത്തിന്റെ സമീപത്തെത്തിയപ്പോൾ ചക്രവാളത്തിൽ സൂര്യൻ അസ്തമിച്ചു. അയാൾ മഗ് രിബ് നിസ്കാരം നിർവ്വഹിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ശ്രവിച്ച ശബ്ദത്തിന് വേണ്ടി കാതോർത്തു.. തൽസമയം അദ്ദേഹത്തിന്റെ ശ്രവണ പുടങ്ങളിൽ ഖബറിൽ നിന്നുള്ള തേങ്ങിക്കരച്ചിലും, വിലാപങ്ങളും കേട്ടു...

അത് വിലപിക്കുന്നു: "എന്റെ നാശമേ,, ഞാൻ നിസ്കരിച്ചിരുന്നു, നോമ്പ് അനുഷ്ഠിച്ചിരുന്നു".. ആ ശബ്ദം യാഥാർത്ഥ്യമാണെന്ന് അദ്ധേഹത്തിന് മനസ്സിലായി. പിന്നെ അവിടെ നിന്ന് തന്റെ വീട്ടിലേക്ക് മടങ്ങിയ അയാൾക്ക് മനസ്സിൽ അനുഭവപ്പെട്ട ഭയത്തിന്റെ കാരണത്താൽ രണ്ടു മാസത്തോളം ശക്തമായ പനി പിടിപെട്ട് കിടക്കേണ്ടി വന്നു...


പ്രാർത്ഥന ആഗ്രഹിക്കുന്നു

മുൻകാല പണ്ഡിതന്മാരിൽ ചിലർ ഒരു ഖബർസ്ഥാനിയിലൂടെ നടക്കുമ്പോൾ ഖബർ വാസികൾക്കുവേണ്ടി അവർ പ്രാർത്ഥിച്ചു. തൽസമയം ഒരു വിളിയാളം കേട്ടു...

ഓ മഹാത്മാക്കളേ,, നിങ്ങൾ ഇവർക്ക് വേണ്ടി സ്രഷ്ടാവിനോട് പ്രാർത്ഥിക്കുക. കാരണം?  ഇവരിൽ പ്രയാസം അനുഭവിക്കുന്നവരും, വിഷമത്തിൽ അകപ്പെട്ടവരും ഉണ്ട്. നിങ്ങളുടെ പ്രാർത്ഥന ഇവർക്ക് ഒരു മുതൽക്കൂട്ടായിരിക്കും...


ഖബറിൻമേൽ ചവിട്ടരുത്

ഒരിക്കലൊരാൾ ഖബറിന്റെ മുകളിൽ ചവിട്ടി നിന്നു...

പെട്ടെന്ന് ഖബറിൽ നിന്നൊരു ശബ്ദം കേൾക്കുന്നു.. എന്നെ ബുദ്ധിമുട്ടിക്കാതെ ഒന്ന് മാറി നിൽക്കൂ മനുഷ്യാ,.. ഇതുകൊണ്ടാണ് മഹാനായ മുഖൈമിറിനെ പോലുള്ള പണ്ഡിതർ പറഞ്ഞത് ഒരു കുന്തത്തിന്റെ മുനയിൽ ചവിട്ടി എന്റെ കാലിൽ ദ്വാരം വീഴുന്നതിനേക്കാൾ എനിക്ക് പ്രയാസമുള്ള കാര്യമാണ് ഒരു ഖബറിന്റെ മുകളിൽ ചവിട്ടുക എന്നത്...


ഖബർമാന്തിയ കള്ളൻ

ഖബർ മാന്തി ജീവിതം നയിക്കുന്ന യുവാവ് ഒരു അനുഭവം വിവരിക്കുന്നു: ഒരിക്കൽ അദ്ദേഹത്തിന്റെ നാട്ടിൽ ഒരു സ്ത്രീ മരണപ്പെട്ടു. ഈ വാർത്തയറിഞ്ഞ യുവാവ് ജനങ്ങളോട് കൂടെ അവിടെ ആഗതമായി. മയ്യത്ത് കുളിപ്പിച്ച ശേഷം അവർ സ്ത്രീയുടെ മയ്യത്ത് നിസ്കരിക്കുവാൻ ആരംഭിച്ചു. അയാളും അവരോട് കൂടെ നിസ്കാരത്തിൽ പങ്കെടുത്തു. പിന്നീട് അവളെ ഒരു ഖബർസ്ഥാനിയിൽ മറമാടി. എല്ലാവരും തിരിച്ചുപോയി..

ആ രാത്രി ഏകദേശം പാതിരയോട് അടുത്തിരിക്കാം. ആ മനുഷ്യൻ കയ്യിൽ ഒരു പിക്കാസുമായി ഖബർസ്ഥാനിലേക്ക് പുറപ്പെട്ടു. അയാൾ അവളുടെ ഖബറിന്റെ മുകളിലുള്ള മണ്ണ് നീക്കി. പിന്നീട് മൂട് കല്ല് എടുത്ത് മാറ്റി ഖബറിലേക്ക് നോക്കി.  ആ മനുഷ്യൻ ഞെട്ടിപ്പോയി. അതാ അവൾ സംസാരിക്കുന്നു...

സുബ്ഹാനല്ലാഹ്...  ദോഷം പൊറുക്കപ്പെട്ടവളുടെ കഫൻപുടവ ദോഷം പൊറുക്കപ്പെട്ടവൻ മോഷ്ടിക്കുകയോ?..  ഉടനെ അയാൾ അത്ഭുതത്തോടെ ചോദിച്ചു: ഓ സ്ത്രീ,, നീ എന്താണ് ഈ പറയുന്നത്..   നിനക്ക് ദോഷം പൊറുക്കപ്പെട്ടിരിക്കാം.. പക്ഷേ,, എന്റെ ദോഷം എങ്ങനെയാണ് പൊറുക്കപ്പെടുന്നത്?...

അവൾ പറഞ്ഞു: الله എനിക്കും, എന്റെ മേൽ മയ്യിത്ത് നിസ്കരിച്ച മുഴുവൻ മുസ്‌ലിമീങ്ങൾക്കും പൊറുക്കപ്പെട്ടിരിക്കുന്നു.. നീ എന്റെ മേൽ മയ്യിത്ത് നിസ്കരിച്ചിട്ടുണ്ടല്ലോ?..

അവളിൽ നിന്ന് ഈ മറുപടി കേട്ട യുവാവിന്റെ ഹൃദയത്തിൽ പശ്ചാത്താപത്തിന്റെ കിരണങ്ങൾ ഉയർന്നു.. പിന്നീട് അവളുടെ കഫൻപുടവ അഴിക്കുവാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല.. ആ ഖബർ ആദ്യത്തേത് പോലെ തന്നെ അയാൾ മൂടി ഖബർസ്ഥാനിയിൽ നിന്നും തിരിച്ചുപോന്നു ആ യുവാവ് നല്ല ജീവിതം നയിച്ചു...


ഖബറിൽ നിന്ന് ശിഷ്യന്റെ സംസാരം

ഒരു ശിഷ്യൻ തന്റെ ഗുരുവിനടുത്ത് വന്നുകൊണ്ട് പറഞ്ഞു: ഓ ഉസ്താദേ,,  നാളെ ളുഹർ നിസ്കാരശേഷം ഞാൻ ഈ ലോകത്ത് നിന്ന് വിടപറയും. അതിനാൽ ഈ ദീനാറുകൾ നിങ്ങൾ എന്നിൽ നിന്നും സ്വീകരിക്കുക.. അതിൽ നിന്ന് പകുതി എനിക്കുവേണ്ടി ഖബർ കുഴിക്കുവാനും, പകുതി എന്റെ കഫൻ പുടവകൾക്കും മറ്റ് ആവശ്യങ്ങൾക്കും ചെലവഴിക്കുക..  ശേഷം അദ്ധേഹം സ്ഥലം വിട്ടു...

പിറ്റേദിവസം ളുഹർ ബാങ്ക് വിളിക്കാൻ സമയമായപ്പോൾ അയാൾ വന്ന് ത്വവാഫ് ചെയ്ത് അൽപ ദൂരത്തേക്ക് മാറി നിന്നു. അവിടെ മരിച്ച് വീണു.. അദ്ധേഹത്തെ ഖബറിൽ വെച്ചപ്പോൾ അത്ഭുതം!!  അതാ അദ്ധേഹത്തിന്റെ മിഴികൾ തുറക്കുന്നു. ഉടനെ അയാളുടെ ഉസ്താത് അദ്ധേഹത്തോട് ചോദിച്ചു...

ഓ മകനേ,,  നീ മരിച്ച ശേഷം വീണ്ടും ജീവിതത്തിലേക്ക് തന്നെ വന്നതാണോ?..

ഉടനെ ഖബറിൽ നിന്നും അദ്ധേഹത്തിന്റെ മറുപടി: ഉസ്താദേ,,  ഞാൻ സ്രഷ്ടാവിനെ സ്നേഹിക്കുന്നവനാണ്. സ്രഷ്ടാവിനെ സ്നേഹിക്കുന്ന എല്ലാവരും ജീവിച്ചിരിക്കുന്നവരാണ്...


ഖബർവാസിക്ക് മാപ്പ്


അബൂയൂസുഫുൽ ഉസൂലിയ്യ് പറയുന്നു: ഒരിക്കൽ ഞാൻ പ്രശസ്ത പ്രപഞ്ച ത്യാഗിയായ ഇബ്റാഹീമുബ്നു അദ്ഹം (رضي الله عنه) വിന്റെയടുക്കൽ ചെന്നു. അദ്ധേഹം എനിക്കൊരനുഭവം വിവരിച്ച് തന്നു. ഞാൻ ആ മഖ്ബറയുടെ അടുത്ത് നിൽക്കുമ്പോൾ ശൈഖ് ഖുളൈബിന്റെ ഖബർ പൊട്ടിപ്പിളരുന്നത് കണ്ടു...

അദ്ധേഹം ഖബറിൽ നിന്ന് എന്നോട് പറഞ്ഞു: ഓ ഇബ്റാഹീം (رضي الله عنه)٫٫  നിങ്ങൾക്ക് വേണ്ടി റബ്ബ് എന്നെ ജീവിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്ക് വല്ലതും ചോദിക്കാനുണ്ടെങ്കിൽ ചോദിക്കുക...

ഞാൻ ചോദിച്ചു: നിങ്ങളുടെ സ്ഥിതി എന്താണ്?.  الله നിങ്ങളെ എന്ത് ചെയ്തു?.

അദ്ധേഹം മറുപടി നൽകി: എന്റെ ചീത്ത പ്രവർത്തനവുമായി ഞാൻ റബ്ബിനെ കണ്ടുമുട്ടിയപ്പോൾ അവൻ എന്നോട് പറഞ്ഞു: ഓ ഖുളൈബ്,, നിന്നിൽ നിന്നുണ്ടായ മൂന്ന് കാര്യങ്ങൾ കാരണമായി നിനക്ക് ഞാൻ മാപ്പ് ചെയ്തിരിക്കുന്നു..

1: ഞാൻ സ്നേഹിച്ചവനെ നീ സ്നേഹിച്ചിരുന്നു...

2: നിന്റെ ശരീരത്തിൽ ഹറാമിനാലുള്ള ഒരു ഭക്ഷണ പാനീയവും നീ കയറ്റിയിട്ടില്ല...

3: നീ ഖുളൈബ് ആണ് (അദ്ധേഹത്തിന്റെ താടി മൈലാഞ്ചികൊണ്ട് ചായം പൂശിയിരുന്നു)...

അതിനാൽ നരകം കൊണ്ട് നിന്നെ ശിക്ഷിക്കലിനെ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇത്രയും പറഞ്ഞ ശേഷം അദ്ധേഹത്തിന്റെ ഖബർ  സ്വയം കൂടിവന്നു...

അബൂയൂസുഫുൽ ഉസൂലിയ്യ് പറയുന്നു: അനന്തരം ഇബ്റാഹീമുബ്നു അദ്ഹം (رضي الله عنه) എന്നോട് പറഞ്ഞു: ഓ ഉസൂലിയ്യ്, നീ സ്രഷ്ടാവിന് തഖ് വ ചെയ്ത് ജീവിക്കുന്നവനാവുക. എന്നാൽ അവൻ നിനക്കും ഈ രീതിയിലുള്ള അത്ഭുതങ്ങൾ കാണിച്ച് തരും...


ഉമ്മയുടെ പ്രാർത്ഥന


ഇമാം ഖുശൈരി (رضي الله عنه) പറയുന്നു: അബൂഅലിയ്യു ദഖാഖി പറയുന്നത് ഞാൻ കേട്ടു...

ഒരവസരത്തിൽ അബൂഅംറുൽ ബൈക്കൻദി ഒരു തെരുവിലൂടെ നടന്നു പോകുമ്പോൾ ഒരു കാഴ്ച കണ്ടു. ഒരു തെമ്മാടിയായ യുവാവിനെ കുറേ ആളുകൾ വലിച്ചിഴക്കുന്നു.  അവന്റെ മാതാവ് കരഞ്ഞുകൊണ്ട് അവരോട് പറയുന്നു: ഒരു പ്രാവശ്യം കൂടി എന്റെ മകന് നിങ്ങൾ മാപ്പ് കൊടുക്കണം. ഇനി അവനിൽ നിന്ന് ഇത്തരം പ്രവർത്തനം ഉണ്ടാവുകയില്ല. ഇത് കേട്ടുകൊണ്ട് അദ്ദേഹം മുന്നോട്ട്തന്നെ യാത്ര തുടർന്നു...

മറ്റൊരു ദിവസം അദ്ദേഹം ആ ഉമ്മയെ വഴിയിൽ വെച്ച് കണ്ടു. മകന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ചോദിച്ചു: ഉടനെ ആ സ്ത്രീ പറഞ്ഞു:

ഓ മഹാനരേ,, എന്റെ മകൻ മരിച്ചുപോയി. മരിക്കുന്നതിന് മുമ്പ് അവൻ എന്നോട് വസ്വിയ്യത്ത് ചെയ്തിരുന്നു. ഓ ഉമ്മാ,, ഞാൻ മരിച്ചാൽ നമ്മുടെ അയൽക്കാരെ മരണവാർത്ത അറിയിക്കരുത്..  അവർ എന്റെ മേൽ അസഭ്യങ്ങൾ വിളിച്ച് പറയാൻ സാധ്യതയുണ്ട്. എന്നെ മറമാടിക്കഴിഞ്ഞാൽ അല്ലാഹു വിനോട് എനിക്ക് വേണ്ടി ശുപാർശ ചെയ്യണം...

ഉമ്മ തുടരുന്നു: ഞാൻ അപ്രകാരം പ്രവർത്തിച്ചു. അവന്റെ മരണവാർത്ത അയൽക്കാരെ അറിയിക്കുകയോ, ജനങ്ങളെ വിളിച്ചുകൂട്ടുകയോ ചെയ്തില്ല. അവന്റെ മയ്യത്ത് ഖബറിൽ വെച്ച ശേഷം ഞാൻ സ്രഷ്ടാവിനോട് മനസ്സുരുകി പ്രാർത്ഥിച്ചു...

കുറച്ച് സമയം കഴിഞ്ഞപ്പോൾ ഖബറിന്റെ സമീപത്ത് നിന്ന് ഞാൻ പിൻതിരിഞ്ഞ് നടക്കുവാൻ ഒരുങ്ങി. അപ്പോൾ, ഉമ്മാ നിങ്ങൾ പോയിക്കൊള്ളൂ... ഔദാര്യവാനായ സ്രഷ്ടാവ് എനിക്ക് പൊറുത്ത് തന്നിരിക്കുന്നു എന്ന് അവന്റെ ഖബറിൽ നിന്നും കേൾക്കാൻ കഴിഞ്ഞു..  ഇത്രയും പറഞ്ഞ് ആ ഉമ്മ തന്റെ വാക്കുകൾ അവസാനിപ്പിച്ചു... 


ഖബറിൽ നിന്നും ഉപദേശം

ശൈഖ് അബ്ദുൽ ഇഫാർ പറയുന്നു: ഒരിക്കൽ ഫക്കീർ എന്ന യുവാവിനെ സംബന്ധിച്ച് ഇപ്രകാരം പറയുകയുണ്ടായി..

അയാൾ മറ്റൊരു യുവാവിനൊപ്പം ഖുറാഫയിലുള്ള ഒരു സ്ഥലത്തെത്തിയപ്പോൾ ഫഖീർ ആ യുവാവിനോട് കൂടെ ഒരു തെറ്റായ പ്രവർത്തനം നടത്താൻ ഉദ്ധേശിച്ചു. എന്നാൽ കൂടെയുണ്ടായിരുന്ന യുവാവ് സമ്മതിച്ചില്ല. അയാൾ പറഞ്ഞു: الله വാണെ സത്യം!!  ഈ സ്ഥലത്ത് വെച്ച് ഞാൻ തെറ്റ് ചെയ്യുവാൻ സമ്മതിക്കുകയില്ല. കാരണം? മുമ്പ് ഞാൻ ഈ സ്ഥലത്ത് വെച്ച് ആ തെറ്റ് പ്രവർത്തിച്ചപ്പോൾ ഇവിടെ നിന്നും ഒരു ഖബറ് പൊട്ടിപ്പിളർന്നു. അതിനുള്ളിൽ കിടന്ന ഒരു മയ്യിത്ത് എന്നോട് വിളിച്ച് പറഞ്ഞു: നീ الله വിൽ ലജ്ജിക്കുന്നില്ലയോ മനുഷ്യാ...


സൂറതുൽ മുൽകിന്റെ പ്രാധാന്യം

ഇബ്നു അബ്ബാസ് (رضي الله عنه) പറയുന്നു: ചില സ്വഹാബികൾ ഒരിക്കൽ ഒരു സ്ഥലത്ത് തമ്പ് കെട്ടി. അതിന്റെ അടിയിൽ ഒരു മഹാന്റെ ഖബർ സ്ഥിതിചെയ്തിരുന്ന വിഷയം അവർ അറിഞ്ഞിരുന്നില്ല.

കുറച്ച് കഴിഞ്ഞപ്പോൾ ഭൂമിയുടെ അടിയിൽ നിന്ന് ആരോ "സൂറത്ത് മുൽക് " പാരായണം ചെയ്യുന്നത് അവർക്ക് കേൾക്കാൻ കഴിഞ്ഞു: അപ്പോഴാണ് അവർക്ക് കാര്യം മനസ്സിലായത്...

ഈ സംഭവം നബി (صلّی الله عليه وسلّم) യോട് പറഞ്ഞു: അവിടുന്ന് പറഞ്ഞു: ആ സൂറത്ത് ഖബർ ശിക്ഷയെ തടയുകയും, മയ്യിത്തിനെ രക്ഷിക്കുകയും ചെയ്യുന്നതാണ്...


ഖബറിൽ നിന്ന് നിസ്കാരം

വളരെയധികം സൂഷ്മജീവിതം നയിച്ച ഒരു മഹാവ്യക്തിയാണ് സാബിത്തുൽ ബുന്നാനി (رضي الله عنه)   സ്രഷ്ടാവായ الله വിന് ആരാധനയർപ്പിക്കുന്നതിൽ അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചിരുന്നു. ഒരു രാപ്പകൽ കൊണ്ട് വിശുദ്ധ ഖുർആൻ മുഴുവൻ  ഓതിത്തീർക്കും.  നിത്യവും നോമ്പ് അനുഷ്ഠിക്കും...

ഞാൻ മരിച്ചാലും ഇബാദത്തിൽ എനിക്ക് മുഴുകണമെന്ന ആഗ്രഹം കൊണ്ടായിരിക്കാം ഒരിക്കൽ ഉമൈദു തൗലിയോട് അദ്ധേഹം ഇപ്രകാരം ചോദിച്ചത്.. ഓ ഉമൈദ്,,  മരണശേഷം അമ്പിയാക്കളല്ലാതെ ഖബറിൽ വെച്ച് നിസ്കരിക്കുന്നതായി കണ്ട വല്ലവരും നിങ്ങളുടെ അറിവിൽ ഉണ്ടോ?.. 

അദ്ധേഹം ഇല്ലെന്ന് മറുപടി നൽകി. അതിനു ശേഷം കൂടുതൽ സമയത്തും അദ്ധേഹം ഇങ്ങനെ പ്രാർത്ഥിക്കുന്നത് കേൾക്കാമായിരുന്നു. الله വേ!!  ഖബറിൽ വെച്ച് ആർക്കെങ്കിലും നിസ്കരിക്കാൻ സമ്മതം നൽകിയിട്ടുണ്ടെങ്കിൽ എന്നേയും അതിൽ നീ പെടുത്തണമേ!!!

അദ്ധേഹം മരിച്ചപ്പോൾ കൂട്ടുകാർ ആ പുണ്യ ശരീരവും വഹിച്ചു ഖബർസ്ഥാനിയിലേക്ക് നീങ്ങി. ജുബൈർ (رضي الله عنه) പറയുന്നു: ഞാനും, ഉമൈദ് തൗലിയും കൂടി അദ്ധേഹത്തിന്റെ ശരീരം ഖബറിൽ വെച്ചശേഷം മൂടുകല്ലുകൾ ശരിപ്പെടുത്തുന്നതിൽ ഒരു കല്ല് ഖബറിലേക്ക് വീണു.  അപ്പോൾ അദ്ധേഹം ഖബറിൽ നിസ്കരിക്കുന്നത് ഞാൻ കണ്ടു...

പ്രഭാത സമയത്ത് അദ്ധേഹത്തിന്റെ ഖബറിനരികിലൂടെ നടന്ന് പോകുന്ന ജനങ്ങൾക്ക് ഖബറിൽ നിന്നും വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന ശബ്ദം കേൾക്കാമായിരുന്നു.


സ്നേഹിതർ

ഒരു ഗ്രാമത്തിൽ വളരെയധികം സ്നേഹത്തോടെ ജീവിച്ചു പോന്ന രണ്ട് യുവാക്കളുണ്ടായിരുന്നു. അവർ രണ്ടുപേരും പരസ്പരം വിട്ടുപിരിയാത്ത കൂട്ടുകാരും.. ഒരാൾക്ക് വന്നെത്തുന്ന വിഷമത്തിൽ രണ്ടുപേരും ഒരുപോലെ വിഷമവും, ദുഃഖവും ഉള്ളവരുമായിരുന്നു..  ഒരിക്കൽ അവരിലൊരാൾ ഒരു യാത്രപോയി. സുദീർഘമായ യാത്രക്കുശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ തന്റെ സഹോദരൻ മരണപ്പെട്ടു എന്ന വാർത്തയാണ് അദ്ധേഹം കേട്ടത്. അയാൾ തന്റെ സഹോദരന്റെ ഖബറിനടുത്തുവെച്ച് തേങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. ഏഴുമാസത്തോളം ഈ പ്രവൃർത്തി തുടർന്നു ...

ഒരു ദിവസം സഹോദരന്റെ ഖബറിനടുത്തെത്തിയപ്പോൾ ഖബറിൽ നിന്നും ഇപ്രകാരം സംസാരിക്കുന്നത് അയാൾ കേട്ടു ...

സ്വന്തം ശരീരത്തിന്റെ ആവശ്യത്തിനല്ലാതെ കരയുന്ന മനുഷ്യാ !! നീ നിന്റെ ഈ കരച്ചിൽ നിർത്തി സ്വന്തം ശരീരത്തിന് വേണ്ടി നന്മ പ്രവർത്തിക്കുവാൻ ശ്രമിക്കുക.. നീ ആരുടെ മേലിലാണോ കരയുന്നത് അവന്റെ മാർഗത്തിൽ നീയും പ്രവേശിക്കും. തീർച്ച٫٫

ശബ്ദം കേട്ട് ആ മനുഷ്യൻ തിരിഞ്ഞുനോക്കി. പിറകിൽ ആരേയും കണ്ടില്ല. അദ്ധേഹം പേടിച്ചുപോയി. പിന്നീട് ശക്തിയായ പനി പിടിപെട്ട അദ്ധേഹം മൂന്നാമത്തെ ദിവസം മരണപ്പെടുകയും, തന്റെ സഹോദരന്റെ ഖബറിനു സമീപത്ത് മറമാടുകയും ചെയ്തു...

മയ്യിത്തിന്റെ വേവലാതി

മുഹമ്മദുബ്നു അബാസുൽ വുറാഖ് പറയുന്നു: ഒരിക്കൽ ഒരു വ്യക്തി തന്റെ മകനോട് കൂടെ യാത്ര പോകുമ്പോൾ ഇഹലോകവാസം വെടിഞ്ഞു. മകൻ പിതാവിന്റെ ശരീരം ഒരു വലിയ വൃക്ഷത്തിന്നടിയിൽ മറവ് ചെയ്ത ശേഷം അവിടെ നിന്നും നടന്ന് നീങ്ങി. പിന്നീടൊരിക്കൽ അയാൾ തന്റെ പിതാവിന്റെ ഖബർ സ്ഥാനിയിലൂടെ പോവുകയായിരുന്നു. സൂര്യൻ അസ്തമിച്ചിട്ട് സമയം ഒരുപാട് കഴിഞ്ഞിരുന്നു. തന്റെ പിതാവിനെ ഓർക്കുവാനോ, അദ്ധേഹത്തിന് സലാം പറയുവാനോ, അയാൾ തുനിഞ്ഞില്ല.. അപ്പോൾ പിതാവിന്റെ ഖബർ നിന്നിരുന്ന ഭാഗത്തുനിന്നും വേവലാതി ബോധിപ്പിച്ച് ആരോ വിളിച്ചു പറയുന്ന ശബ്ദം അയാൾ കേട്ടു...


റൗളയിൽ നിന്ന് ബാങ്ക് വിളി

സഈദ്ബ്നു അബ്ദുൽ ആസ് (رضي الله عنه) പറയുന്നു: മദീനയിൽ വളരെ ഉഷ്ണം പിടികൂടിയ വേളയിൽ മദീനാ പള്ളിയിൽ ബാങ്ക് വിളിക്കാനും, ഇഖാമത്ത് കൊടുക്കാനും ആരും ഇല്ലാത്ത ഒരവസ്ഥ നേരിട്ടു.. സഈദുബ്നു മുസയ്യബ് (رضي الله عنه) ജമാഅത്ത് പതിവാക്കുന്ന ഒരാളായിരുന്നു.. ബാങ്കിന്റെ സമയം പ്രവേശിക്കുമ്പോൾ പള്ളിയിലേക്ക് കയറി വരുന്ന സഈദ്ബ്നു മുസയ്യബ് (رضي الله عنه) വിന് നബി (صلّی الله عليه وسلّم) തങ്ങളുടെ റൗളയിൽ നിന്ന് ബാങ്കിന്റെ വിളിയാളം കേൾക്കാൻ കഴിഞ്ഞു.


ഖുർആൻ പാരായണം

നബി (صلّی الله عليه وسلّم) തങ്ങൾ സ്വാലിഹായ മനുഷ്യൻ എന്ന് വ്യക്തമാക്കിയ പുണ്യവാനാണ് അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنه)..  തന്റെ പിതാവ് ഉമർ (رضي الله عنه) വിന് ഒരിക്കലും ദുഷ്പേര് ഉണ്ടാക്കുകയോ, ആ മനസ്സിനെ കളങ്കപ്പെടുത്തുകയോ ചെയ്യാത്ത സൂക്ഷ്മ ശാലിയായ യുവാവാണവർ.. നബി (صلّی الله عليه وسلّم) യുടെ സുന്നത്തുകൾ പ്രാവർത്തികമാക്കിയിരുന്നു..  അതിനാൽ "മുത്തബിഅ ്സ്സുന്ന" (സുന്നത്തിനെ പിൻപറ്റിയവർ) എന്ന അപരനാമത്തിൽ അദ്ധേഹം അറിയപ്പെട്ടു...

ചില സ്വഹാബികൾ പറഞ്ഞതു കാണാം.. അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنه) വിനെ പോലെ സൂക്ഷമതയുള്ള ഒരാളേയും ഞാൻ ദർശിച്ചിട്ടില്ല. പാതിരാ സമയത്ത് എഴുന്നേറ്റ് നിസ്കരിക്കലും, വിശുദ്ധ ഖുർആൻ ധാരാളം പാരായണം ചെയ്യലും അദ്ധേഹത്തിന്റെ പതിവാണ്. അതുകൊണ്ട് തന്നെ അദ്ധേഹത്തിന്റെ മരണ ശേഷം ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നു...

ഒരിക്കൽ ത്വൽഹത്തുബ്നു അസ്ദ് (رضي الله عنه) അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنه) വിന്റേയും ഇബ്നുഹിറാമി (رضي الله عنه) ന്റേയും ഖബ്റുകളുടെ സമീപത്ത് രാപാർക്കുകയായിരുന്നു. ഒരു ഖബ്റിൽ നിന്ന് മനോഹരമായ രീതിയിൽ വിശുദ്ധ ഖുർആൻ പാരായണം കേൾക്കുന്നു. . അദ്ധേഹം പറയുന്നു: ഇത്രയും മനോഹരമായി വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് ഞാൻ കേട്ടിട്ടില്ല...

പിന്നീട് ഈ വിവരം നബി (صلّی الله عليه وسلّم) യുടെ മുമ്പിൽ പോയി പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു:  ഓ ത്വൽഹാ (رضي الله عنه),, ആ ഓത്ത് അബ്ദുല്ല (رضي الله عنه) യുടേതാണ്. നിനക്കറിയാമോ,, الله تعالی മരിച്ചവരുടെ റൂഹുകളെ യാക്കൂത്തിനാലും, ഗോമേതകത്തിനാലും പണികഴിപ്പിച്ച വിളക്കുകളിലാക്കി അവ സ്വർഗ്ഗത്തിന്റെ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്നു. അങ്ങനെ രാത്രിയായാൽ അവരുടെ ശരീരത്തേക്ക് തന്നെ അതിനെ മടക്കുകയും, നേരം പുലരുന്നത് വരെ അത് അവരിൽ തന്നെ നിലകൊള്ളുന്നതുമാണ്.


തുറിച്ച് നോക്കുന്ന മയ്യിത്ത്

ശൈഖ് അബൂഅലിയ്യ് പറയുന്നു: പ്രശസ്ത സൂഫിവര്യൻ ഫഖീഹ് മരണപ്പെട്ടു. ആ പുണ്യശരീരം മറവ് ചെയ്യാൻ ഞങ്ങൾ മഖ്ബറയിലേക്ക് കൊണ്ടുപോയി. മറവ് ചെയ്യാനുള്ള സമയമടുത്തപ്പോൾ ആ ശരീരം ഖബറിനടുത്തേക്ക് എടുത്ത് വെച്ചു. ശേഷം കഫൻപുടവ അഴിച്ച് അദ്ദേഹത്തിന്റെ മുഖം മണ്ണിനോട് ചേർത്ത് വെച്ചു. ഏകാന്ത ജീവിതത്തിൽ الله അവർക്ക് റഹ്മത്ത് ചെയ്യാൻ വേണ്ടിയാണ് ഇങ്ങിനെ പ്രവർത്തിച്ചത്. അപ്പോൾ ഞാനൊരത്ഭുതം കണ്ടു...

അദ്ദേഹം കണ്ണ് തുറന്ന് എന്നെ നോക്കുന്നു. അവിടുന്ന് എന്നോട് പറഞ്ഞു: ഓ അബൂഅലിയ്യ്,, എന്നെ നല്ലത്പോലെ അറിഞ്ഞ الله വിന്റെ മുന്നിൽ എന്നെ നീ നിസാരപ്പെടുത്തേണ്ടതില്ല...

ഉടനെ ഞാൻ അദ്ധേഹത്തോട് ചോദിച്ചു: അങ്ങ് മരണപ്പെട്ടില്ലായിരുന്നുവോ?, അതോ, മരണശേഷം വീണ്ടും ജീവിച്ചതാണോ?..

അല്ലാഹുവിനെ സ്നേഹിക്കുന്ന എല്ലാവരും ജീവിച്ചിരിക്കുന്നവരാണ്. തീർച്ചയായും നാളെ എന്റെ സ്ഥാനം കൊണ്ട് നിന്നെ ഞാൻ സഹായിക്കുക തന്നെ ചെയ്യും. ഇത്രയും പറഞ്ഞ് അദ്ദേഹം അടങ്ങി...


സലാം മടക്കുന്നു

പ്രശസ്ത മഹതി ഫാത്തിമത്തുൽ ഹുസാഇയ്യത്ത് പറയുന്നു: ഒരിക്കൽ ഞാൻ കുറേ ശുഹദാക്കളുടെ ഖബറിന്റെ സമീപത്തെത്തി. കൂടെ എന്റെ സഹോദരിയുമുണ്ട്.   ഞാൻ അവളോട് പറഞ്ഞു: നീ മുന്നോട്ട് വരിക. നമുക്ക് ഹംസ (رضي الله عنه) വിന്റെ ഖബറിന്റെ സമീപത്തേക്ക് പോയി അവിടുത്തോട് സലാം പറയാം.  ഹംസ (رضي الله عنه) വിന്റെ ഖബറിന്റെ സമീപത്ത് ചെന്നു. സലാം പറഞ്ഞു; അപ്പോൾ ആ ഖബറിൽ നിന്നും സലാം മടക്കുന്ന ശബ്ദം ഞങ്ങൾ കേട്ടു.

അനുഭവം വിവരിക്കുന്നു

യഹ് യബ്നു മുഈൻ പറയുന്നു: ഖബർ കുഴിച്ച് ജീവിതം നയിച്ചിരുന്ന ഒരു മനുഷ്യൻ എനിക്ക് ഒരു ശ്മശാനം ചൂണ്ടിക്കാണിച്ച് കൊണ്ട് പറഞ്ഞു: ആ കാണുന്ന ഖബർസ്ഥാനിയിൽ നിന്നും എനിക്കുണ്ടായ രണ്ട് അനുഭവങ്ങൾ ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം...

ഒരിക്കൽ ഞാൻ ആ ഖബർസ്ഥാനിയിൽ ഏകനായി നിൽക്കുമ്പോൾ ഒരു ഖബറിൽ നിന്ന് രോഗികൾ കരയുന്ന പ്രകാരമുള്ള കരച്ചിൽ കേട്ടു. മറ്റൊരു ദിവസം ആ ഖബർസ്ഥാനിയിൽ നിൽക്കുമ്പോൾ പള്ളിയിൽ നിന്ന് ബാങ്കിന്റെ വിളിയാളം ഉയർന്ന് കേൾക്കാൻ തുടങ്ങി. അപ്പോൾ ഒരു ഖബറിനുള്ളിൽ നിന്നും ആ  ബാങ്കിന് മറുപടി നൽകുന്നത് ഞാൻ കേട്ടു...


മയ്യിത്തിന്റെ തൽഖീൻ.

അബുൽ മുഈറത്ത് പറയുന്നു: മുആഫ്ബ്നു ഇമ്രാനെ പോലെയുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. കാരണം?  എന്റെ സഹോദരൻമാരിൽ നിന്ന് ചിലർ ഒരിക്കൽ എന്നോട് പറഞ്ഞു: മുആഫുബ്നു ഇമ്രാന്റെ മരണ ശേഷം അദ്ധേഹത്തെ ഖബറിൽ കൊണ്ടുപോയി വെച്ചു. തൽഖീൻ ചൊല്ലിക്കൊടുക്കുന്ന വ്യക്തി അദ്ധേഹത്തിന് തൽഖീൻ ചൊല്ലിക്കൊടുക്കുവാൻ തുടങ്ങി. ഉടനെ തൽഖീൻ ചൊല്ലിക്കൊടുക്കുന്നവർക്ക് അതേപോലെ അദ്ധേഹവും തിരിച്ച് ചൊല്ലിക്കൊടുക്കുന്നത് അവർ കേട്ടിരുന്നുവത്രേ...


സ്വർഗ്ഗവാസിയുടെ സംസാരം.

ശാഫിഈ മദ്ഹബിലെ പ്രശസ്ത പണ്ഡിതൻ മുഹിബ്ബുത്വിബ്രി (رضي الله عنه) ഒരിക്കൽ ഇസ്മാഈലുൽ ഹള്മി (رضي الله عنه) നോട് കൂടെ ഒരു ഖബർസ്ഥാനിയുടെ അടുത്ത് നിൽക്കുകയായിരുന്നു. അദ്ധേഹം മുഹിബ്ബുത്വിബ്രി (رضي الله عنه) നോട് ചോദിച്ചു:

മരിച്ചവർ സംസാരിക്കുമെന്നതിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?...

അദ്ധേഹം : അതെ. ഹള്റമി (رضي الله عنه) പറഞ്ഞു: എന്നാൽ ഞാൻ നിങ്ങളോട് പറയട്ടെ. ഈ കാണുന്ന ഖബർ നിവാസി അതിൽ നിന്ന് എന്നോട് പറഞ്ഞു: ഞാൻ സ്വർഗ്ഗത്തിലെ മണിമാളികകളിൽ സുഖമായി വസിക്കുന്ന ആളാണ്...


ഖബറിൽ നിന്നും കേട്ടത്.


യസീദ്ബ്നു സുറൈഹുൽ ഹൈസമി ഒരിക്കൽ ഒരു ഖബറിനരികിലൂടെ നടന്നു. ഖബർ വാസികളെ സന്ദർശിക്കലായിരുന്നു ലക്ഷ്യം...

ഒരു ഖബറിൽ നിന്നും ഇപ്രകാരം പറയുന്നത് അദ്ധേഹം കേട്ടു...

ഇന്ന് നിങ്ങൾ ഞങ്ങളെ സന്ദർശിക്കുന്നു. എന്നാൽ ഒരു കാലത്ത് ഞങ്ങളും നിങ്ങളെപ്പോലെയായിരുന്നു. ഇപ്പോൾ അവിടെ അടിച്ച് വീശുന്ന ശീതളക്കാറ്റ് നിങ്ങൾക്ക് ലഭിക്കുകയില്ല. ഞങ്ങളിൽ നിന്ന് ഒരാളും നിങ്ങളുടെ അടുക്കലേക്ക് മടങ്ങിയെത്തുകയില്ല. ഇത് ഞങ്ങളുടെ വസതിയാണ്. നിങ്ങളും ശേഷം ഇവിടേക്ക് വന്ന് ചേരും. ഇത്രയും പറഞ്ഞ് ആ ശബ്ദം നിലച്ചു.


ശഅ്ബാൻ

എന്റെ അയൽവാസിയായ ഒരാൾ മരണപ്പെട്ടു. അങ്ങനെയിരിക്കെ അയാളെ സ്വപ്നത്തിൽ ദർശിച്ചു. ഞാൻ ചോദിച്ചു: എന്താണ് നിങ്ങളുടെ അവസ്ഥ?
ചോദിച്ചതും അദ്ദേഹം വിശദീകരിക്കാൻ തുടങ്ങി.ഞാൻ ഖബറിൽ ഭയാനകരമായ അവസ്ഥയിലായിരുന്നു.ചോദ്യങ്ങൾക്കൊന്നും മറുപടി പറയാനാകാതെ എന്റെ നാവ് കുഴഞ്ഞു.അപ്പോഴേക്കും മലക്കുകൾ എന്നെ ശിക്ഷിക്കാനായി അടുത്തേക്ക് വന്നു. പൊടുന്നനെ ഒരു സുന്ദരനായ വ്യക്തി എന്റെയും മലക്കുകളുടെയും ഇടയിൽ മറയായി നിന്നു. ഇത്രയും സൗന്ദര്യമുള്ള ഒരാളെ ഞാൻ മുമ്പൊരിക്കലും കണ്ടിട്ടില്ല.
ഞാൻ ആകാംക്ഷയോടെ ചോദിച്ചു:നിങ്ങൾ ആരാണ്?

ഞാനൊരു മലക്കാണെന്ന് മറുപടി കിട്ടി.എന്നോടായി ആ മലക്ക് പറഞ്ഞു: താങ്കൾ ദുനിയാവിൽ വെച്ച് നബി തങ്ങളുടെ മേൽ ഒരുപാട് സ്വലാത്ത് ചൊല്ലുന്ന വ്യക്തി ആയിരുന്നില്ലേ? അതിനു പ്രത്യുപകാരം എന്ന നിലയ്ക്കാണ് അല്ലാഹു എന്നെ സൃഷ്ടിച്ചത്. റബ്ബിന്റെ അനുമതിയോടെ ഇവിടെയുള്ള എല്ലാ പ്രയാസങ്ങളിൽ നിന്നും ഞാൻ നിങ്ങളെ രക്ഷപ്പെടുത്തും.മാത്രമല്ല ഞാൻ നിങ്ങളെ സ്വർഗത്തിൽ എത്തിക്കുകയും ചെയ്യും.
ഔലിയാക്കളിൽ പ്രമുഖനായ ഇമാം ശിബ്‌ലി(റ)ന്റെ അനുഭവമാണിത്.
(ماذا فى الشعبان ٤٣)

എന്റെ മാസമെന്ന് തിരുനബി(സ)പ്രത്യേകം എടുത്തു പറഞ്ഞ ശഅ്ബാനിൽ സ്വലാത്ത് വർധിപ്പിക്കേണ്ടതാണ്. സ്വലാത്ത് ചൊല്ലണമെന്ന കല്പനയുള്ള ആയത്ത് ഇറങ്ങിയതും ഈ മാസത്തിലാണ്.

നബി(സ)പറഞ്ഞു: പരലോകത്ത് എന്നോട് ഏറ്റവും അടുത്തവർ എന്റെ മേൽ കൂടുതൽ സ്വലാത്ത് ചൊല്ലുന്നവരാണ്.ജീവിതത്തിലെ നീറുന്ന പ്രശ്നങ്ങൾക്കും പരലോകത്തെ പതറുന്ന ഘട്ടങ്ങളിലും സ്വലാത്ത് അത്ഭുതകരമായ രക്ഷയാണ്.

മേൽസൂചിപ്പിച്ച സംഭവം അതിനൊരുദാഹരണമാണ്.

മുൻഗാമികൾ ചെയ്ത നന്മയുടെ ഫലമാണല്ലോ നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന സുഖങ്ങൾ പലതും.അത്പോലെ 
ഒരാൾ സ്വലാത്ത്  വർധിപ്പിക്കുന്ന കാരണത്താൽ അയാൾക്കും അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും പ്രത്യേക അനുഗ്രഹങ്ങൾ അല്ലാഹു നൽകുമെന്ന് ഹുദൈഫ്(റ)റിപ്പോർട്ട് ചെയ്തിട്ടുണ്ട്
(الدر المنضود ١٧٨)


കടപ്പാട് : ഇത് എഴുതിയ വ്യക്തിയോട് 

No comments:

Post a Comment