Sunday 28 March 2021

ഭാര്യ അന്യയാണോ?


ഭാര്യയെ തൊട്ടാൽ 'വുളൂഅ്' മുറിയുമെന്നു പറയുന്നു. "അന്യ സ്ത്രീ പുരുഷൻമാരുടെ തൊലി തമ്മിൽ ചേർന്നാലാണല്ലോ” വുളൂഅ് മുറിയുക. അങ്ങനെയെങ്കിൽ ഭാര്യ അന്യയാണോ? അന്യയാണെങ്കിൽ ഭാര്യക്കു ഭർത്താവിന്റെ ഔറത്തും നേരെ വിപരീതവും കാണാൻ പറ്റുമോ? ഒരു വിശദീകരണം? ഇതിന്റെ വിധി എല്ലാ മദ്ഹബിലും ഒരു പോലെയാണോ?


തൊട്ടാൽ 'വുളൂഅ്' മുറിയുന്ന വിധിയിൽ 'അന്യസ്ത്രീ'യെന്നാൽ 'കെട്ടുബന്ധം നിഷിദ്ധമാകുന്ന ബന്ധമില്ലാത്തവൾ' എന്നാണുദ്ദേശ്യം. ഭാര്യ ഈ അർത്ഥത്തിൽ 'അന്യ'യാണല്ലോ. ഭാര്യയെ സ്പർശിച്ചാൽ വുളൂഅ് മുറിയുകയും ചെയ്യും. ഇതാണു ശാഫിഈ മദ്ഹബ്.

എല്ലാ മദ്ഹബുകളും തൊട്ടാൽ വുളൂഅ് മുറിയുന്ന നിയമത്തിൽ ഒരു പോലെയല്ല. എന്നാൽ, ഭാര്യയെ മാത്രം തൊട്ടാൽ വുളൂഅ് മുറിയില്ലെന്നും ഇതര സ്ത്രീകളെ തൊട്ടാൽ വുളൂഅ് മുറിയുമെന്നും നാലു മദ്ഹബിൽ ഒന്നിലും നിയമമില്ല. സ്ത്രീയെ തൊടുന്നതു കൊണ്ടു വുളൂഅ് മുറിയുന്ന പ്രശ്നമില്ലെന്നാണു ഹനഫീ മദ്ഹബ്. ഇതിൽ ഭാര്യയടക്കം അന്യസ്ത്രീകളെല്ലാം ഒരു പോലെയാണ്. പ്രായം തികഞ്ഞ പുരുഷൻ, സാധാരണയിൽ കണ്ടാലാശിക്കപ്പെടുന്ന സ്ത്രീയെ ദർശന സുഖം ഉദ്ദേശിച്ചു കൊണ്ടോ അനുഭവിച്ചു കൊണ്ടോ സ്പർശിച്ചാൽ മാത്രം വുളൂഅ് മുറിയുമെന്നും ഇല്ലെങ്കിൽ മുറിയില്ലെന്നുമാണു മാലികീ മദ്ഹബ്. അന്യസ്ത്രീയെയും കെട്ടുബന്ധം നിഷിദ്ധമായ ബന്ധുസ്ത്രീകളെയുമെല്ലാം കാമ വികാരത്തോടെ തൊട്ടാൽ വുളൂഅ് മുറിയുമെന്നാണു ഹമ്പലീ മദ്ഹബ്. അൽ അൻവാറുസ്സാത്വിഅ: നോക്കുക.


നജീബ് ഉസ്താദ് മമ്പാട് -പ്രശ്നോത്തരം: 1/81

No comments:

Post a Comment