Monday 29 March 2021

അബ്ബാസ് ഇബ്നു അബ്ദിൽ മുത്വലിബ് (റ)

 

നബി ﷺ അബ്ബാസ്(റ)വിനെ കുറിച്ച് പറയുമായിരുന്നു: “ഇത് എന്റെ പിതാക്കളിലെ അവശേഷിപ്പാകുന്നു.'' നബിﷺയും പിതൃവ്യനായ അബ്ബാസ്(റ)വും ഏകദേശം സമപ്രായക്കാരായിരുന്നു. അവർ ബാല്യകാലത്ത് ഇണപിരിയാത്ത കൂട്ടുകാരുമായിരുന്നു. 

കഅബാലയത്തിന്ന് ആദ്യമായി പട്ടാട ചാർത്തിയത് അബ്ബാസ്(റ)വിന്റെ മാതാവായിരുന്നു. ബാലനായ അബ്ബാസ് (റ) ഒരിക്കൽ നാടുവിട്ടുപോയി. ദുഃഖിതയായ മാതാവ് പുത്രനെ തിരിച്ചു കിട്ടാൻ വേണ്ടി നേർച്ചയാക്കിതായിരുന്നുവത്രെ പ്രസ്തുത പട്ടാട. 

ചെറുപ്പത്തിലെ ബുദ്ധിമാനും സമർത്ഥനും നിപുണനുമായിരുന്ന അദ്ദേഹം ഖുറൈശികളിൽ ആദരണീയനായിരുന്നു. തന്റെ ബന്ധുമിത്രാദികളുടെ കഷ്ടതകൾ കണ്ടറിഞ്ഞു സാമ്പത്തികവും ശാരീരികവുമായ സേവനം നിർവ്വഹിക്കുന്നതിൽ അബ്ബാസ് (റ) മുൻപന്തിയിലായിരുന്നു. ദാരിദ്ര്യം പേടിക്കാതെ ധർമ്മം ചെയ്യുന്ന ധർമ്മിഷ്ഠൻ കൂടിയായിരുന്നു അദ്ദേഹം!

മക്കാവിജയം വരെ തന്റെ ഇസ്ലാമിക വിശ്വാസം അദ്ദേഹം രഹസ്യമാക്കി വെച്ചു.  ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ ആദ്യകാലത്ത് അദ്ദേഹം പ്രതിരോധത്തിന്ന് ഒരുമ്പെട്ടില്ല.

നബിﷺയുടെ സേവകനായിരുന്ന അബുറഫീഅ് (റ) പറയുന്നു: “ഞാൻ അബ്ബാസ്(റ)വിന്റെ അടിമയായിരുന്നു. ഞങ്ങളുടെ വീട്ടിൽ ഇസ്ലാമിന്റെ സന്ദേശം നേരത്തെ തന്നെ വന്നെത്തി. അബ്ബാസ്(റ)വും ഉമ്മുൽ ഫദലും ഞാനും ഉടനെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അബ്ബാസ് (റ) തന്റെ വിശ്വസം മറച്ചുവെക്കുകയാണ് ചെയ്തിരുന്നത്. ഖുറൈശികൾക്ക് അബ്ബാസ്(റ)വിന്റെ നിലപാടിനെക്കുറിച്ച് സംശയമില്ലാതിരുന്നില്ല. എങ്കിലും അദ്ദേഹത്തിനു നേരെ അത് പ്രകടിപ്പിക്കുവാൻ അവർ അശക്തരായിരുന്നു. 

ബദർ യുദ്ധം ആസന്നമായപ്പോൾ അബ്ബാസ്(റ)വിനെ സംബന്ധിച്ച് അത് ഒരു പരീക്ഷണഘട്ടമായിരുന്നു. ഖുറൈശികളുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം യുദ്ധത്തിന്ന് പുറപ്പെട്ടു.

യുദ്ധം നിർണായക ഘട്ടത്തിലെത്തിയപ്പോൾ നബി ﷺ തന്റെ അനുയായികളോടിങ്ങനെ പറഞ്ഞു: “ബനൂഹാശിമിൽ പെട്ടവരും അല്ലാത്തവരുമായ ചിലർ നിർബന്ധിതരായാണ് യുദ്ധത്തിന്ന് പുറപ്പെട്ടിരിക്കുന്നത്. അവർക്ക് നമ്മെ എതിർക്കണമെന്ന് ആഗ്രഹമില്ല. അത്തരക്കാരെ കണ്ടുമുട്ടിയാൽ നിങ്ങൾ വധിക്കരുത്. 

അബുൽ ബുഖ്രിയ്യുബ്നു ഹിശാമിനെയും അബ്ബാസിനെയും നിങ്ങൾ വധിക്കരുത്. അവർ നിർബന്ധിച്ച് ഇറക്കപ്പെട്ടവരാകുന്നു.''

നബിﷺക്ക് തന്റെ പിതൃവ്യനോട് അളവറ്റ സ്നേഹമായിരുന്നു. ബദർ യുദ്ധത്തിൽ മുസ്ലിംകൾ ബന്ധനസ്ഥരാക്കിയ ശത്രുക്കളുടെ കൂട്ടത്തിൽ അബ്ബാസ് (റ) വും ഉണ്ടായിരുന്നു. അർദ്ധരാത്രിയിൽ ബന്ധനസ്ഥരുടെ പാളയത്തിൽ നിന്ന് പിതൃവ്യന്റെ ദീനരോദനം കേട്ട് നബി ﷺ അസ്വസ്ഥനായി.

 സന്തോഷകരമായ ഒരു വിജയത്തിന്ന് ശേഷവും അസ്വസ്ഥനായി കാണപ്പെട്ട നബിﷺയോട് അനുയായികൾ കാരണമന്വേഷിച്ചു.

നബി ﷺ പറഞ്ഞു: “ഞാൻ അബ്ബാസിന്റെ ദീനരോദനം കേൾക്കുന്നു.''

അനുയായികളിലൊരാൾ അബ്ബാസ് (റ) വിന്റെ ബന്ധനം അഴിച്ചുകൊടുത്തു. അയാൾ മടങ്ങിവന്നു നബിﷺയോട് പറഞ്ഞു: ഞാൻ അബ്ബാസിന്റെ കയർ അഴിച്ചു കൊടുത്തിരിക്കുന്നു. നബി ﷺ പറഞ്ഞു: "അത് പോരാ, എല്ലാവരുടെയും കെട്ടുകൾ അഴിച്ചുകൊടുക്കുക.'' 

അങ്ങനെ ബന്ധനങ്ങൾ അഴിക്കപ്പെട്ടു.

തന്റെ മുമ്പിൽ ഹാജറാക്കപ്പെട്ട പിതൃവ്യനോട് നബി ﷺ പറഞ്ഞു:

“അബ്ബാസ്, നിനക്കും നിന്റെ സഹോദരപുത്രൻ ഉബൈലിനും ഉത്ബത്തുബ്നു അംറിന്നും നീ മോചനദ്രവ്യം നൽകി നിങ്ങൾ വിമുക്തരാവുക. നീ സമ്പന്നനാണല്ലോ.''

നിരുപാധികം വിമുക്തനാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹം നബിﷺയോട് പറഞ്ഞു; “നബിയേ, ഞാൻ മുസ്ലിമായിരുന്നു. ജനങ്ങൾ എന്നെ നിർബന്ധിച്ചിറക്കിയതാണ്!''

നബി ﷺ അത് വകവെച്ചുകൊടുത്തില്ല. അദ്ദേഹം മോചനദ്രവ്യം നൽകി വിമുക്തനാവുകയാണ് ചെയ്തത്.

സുപ്രസിദ്ധമായ രണ്ടാം അഖബാ ഉടമ്പടിക്ക് വേണ്ടി മദീനക്കാരായ എഴുപത്തഞ്ചുപേർ അടങ്ങുന്ന ഒരു പ്രതിനിധി സംഘം ഹജ്ജ്കാലത്ത് മക്കയിലെത്തി. 

നബിﷺയെ അവർ മദീനയിലേക്ക് സ്വാഗതം ചെയ്തു. പ്രസ്തുത സംഭവത്തിന്ന് അവർ കളമൊരുക്കിയത് വളരെ രഹസ്യമായിട്ടായിരുന്നു.

  നിശ്ചിത സ്ഥലത്തേക്ക് നബിﷺയുടെ കൂടെ അബ്ബാസ്(റ)വും പുറപ്പെട്ടു. നബിﷺക്കു വേണ്ടി അദ്ദേഹം അവിടെവെച്ചു സംസാരിക്കുകയും ചെയ്തു. 

ഈ സംഭവത്തിന്ന് ദൃക്സാക്ഷിയായിരുന്ന കഅബുബ്നുമാലിക് (റ) പറയുന്നു: “ഞങ്ങൾ നിശ്ചിത സ്ഥലത്ത് നബിﷺയെ പ്രതീക്ഷിച്ച് നേരത്തെ ചെന്നിരുന്നു. നബി ﷺ സദസ്സിലേക്ക് ആഗതനായി. കൂടെ പിതൃവ്യൻ അബ്ബാസ്(റ)വുമുണ്ടായിരുന്നു. അബ്ബാസ് (റ) ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി: 

ഖസ്റജ് ഗോത്രക്കാരെ, മുഹമ്മദിനെ (ﷺ) നിങ്ങൾക്കറിയാമല്ലോ. അവനിന്ന് (ﷺ) ധാരാളം ശത്രുക്കളുണ്ട്. അവരിൽ നിന്ന് ഞങ്ങൾ അവനെ (ﷺ) സംരക്ഷിക്കുന്നു. അവൻ (ﷺ) സ്വന്തം നാട്ടിലും ജനതയിലും മാന്യനും അഭിമാനിയുമാകുന്നു. ഇന്നവൻ (ﷺ) നിങ്ങളുടെ നാട്ടിലേക്ക് പ്രയാണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങൾ അവനെ (ﷺ) ക്ഷണിച്ച് കൊണ്ടുപോയതിന്നു ശേഷം സംരക്ഷണം നൽകുകയും ശത്രുക്കളിൽ നിന്ന് അഭയം നൽകുകയും ചെയ്താൽ വളരെ നല്ലത്. നേരെ മറിച്ച് ശത്രുക്കൾക്ക് വിട്ട് കൊടുക്കുകയും നിന്ദിക്കുകയും ചെയ്യുന്നുവെങ്കിൽ ഇപ്പോൾ തന്നെ അവനെ (ﷺ) പാട്ടിന് വിടുന്നതായിരിക്കും നല്ലത്.

 അനന്തരം അബ്ബാസ് (റ) അൻസാരികളോട് അവരുടെ യുദ്ധപാരമ്പര്യം വിശദീകരിക്കാൻ ആവശ്യപ്പെട്ടു. ദീർഘവീക്ഷണമുള്ള അബ്ബാസ് (റ) വിന് ഇസ്ലാമിന്റെ ദുർഘട ഭാവിയെക്കുറിച്ച് ബോധമുണ്ടായിരുന്നു.

ഖുറൈശികൾ അവരുടെ പാരമ്പര്യമതം കൈവെടിയുകയോ പുതിയ മതത്തിന്ന് നേരെ സഹിഷ്ണുത കാണിക്കുകയോ ചെയ്യുകയില്ലെന്നും ഇസ്ലാം ഉത്തരോത്തരം വളർച്ചയിലേക്ക് കുതിക്കുമെന്നും ഇത്തരുണത്തിൽ പരസ്പരം യുദ്ധം അനിവാര്യമായിത്തീരുന്നതാണെന്നും അദ്ദേഹംമനസ്സിലാക്കി.

  അൻസാരികൾ അവരുടെ രണപാടവം വിശദീകരിക്കാൻ തുടങ്ങി. അബ്ദുല്ലാഹിബ്നു അംറ് (റ) പറഞ്ഞു; “ഞങ്ങൾ യുദ്ധപാരമ്പര്യമുള്ളവരാണ്. ഞങ്ങളുടെ പ്രാതലും വ്യായാമവും യുദ്ധമാകുന്നു. പൂർവ്വപിതാക്കളിൽ നിന്ന് അനന്തരമായി ഞങ്ങൾക്ക് ലഭിച്ചതാണത്. ആവനാഴി തീരുന്നതുവരെ ഞങ്ങൾ അസ്ത്രം പ്രയോഗിക്കും. അത് കഴിഞ്ഞാൽ വാളെടുക്കും, രണ്ടിലൊരാളുടെ കഥ കഴിയുന്നത് വരെ അത് പ്രയോഗിക്കും.''

അബ്ബാസ് (റ) പറഞ്ഞു: “ശരി, നിങ്ങൾ യോദ്ധാക്കൾ തന്നെ. നിങ്ങൾ കവചം ഉപയോഗിക്കാറുണ്ടോ?'' അബ്ദുല്ലാഹിബ്നു അംറ് (റ) പറഞ്ഞു: “അതെ, ഞങ്ങൾക്ക് ശരീരം മൂടിനിൽക്കുന്ന കവചമുണ്ട്.”


ഹിജ്റ എട്ടാം വർഷം മക്ക മുസ്ലിംകൾക്ക് അധീനപ്പെട്ടു. ഇസ്ലാമിന്റെ അടിക്കടിയുള്ള വളർച്ച അംഗീകരിക്കാൻ തയ്യാറില്ലാത്ത അർദ്ധദ്വീപിലെ ഹമാസിൻ, സഖീഫ്, നസർ, ജുശം എന്നീ ഗോത്രക്കാർ ഇസ്ലാമിനെതിരെ പടക്ക് പുറപ്പെട്ടു. പ്രസ്തുത സമരം ഹുനൈൻ എന്ന പേരിൽ അറിയപ്പെടുന്നു. 

മുസ്ലിംകൾക്ക് അതിതീക്ഷ്‌ണമായ പരീക്ഷണത്തിന് വിധേയമായ ഈ സമരത്തിൽ നബിﷺയോടൊപ്പം കാലിടറാതെ രണാങ്കണത്തിൽ നിലയുറപ്പിച്ച ചുരുക്കം ചിലരിൽ അബ്ബാസ് (റ)വും പുത്രൻ ഫദ്ൽ(റ)വും ഉണ്ടായിരുന്നു. 

ഈ യുദ്ധത്തെക്കുറിച്ച് പരിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു: “വളരെ യുദ്ധങ്ങളിൽ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. നിങ്ങളുടെ ആധിക്യം നിങ്ങളെ സന്തുഷ്ടരാക്കിയ (ഹുനൈൻ യുദ്ധദിവസം ഒന്ന് ഓർത്തുനോക്കൂ) നിങ്ങളുടെ ആധിക്യമാവട്ടെ, ഒരു പ്രകാരത്തിലും നിങ്ങൾക്ക് ഒട്ടും ഉപകരിച്ചതുമില്ല. വിശാലമായ ഭൂമി നിങ്ങൾക്ക് ഇടുങ്ങിയതായി തോന്നി. നിങ്ങൾ പിന്തിരിഞ്ഞോടി. പിന്നീട് പ്രവാചകനും അവന്റെ അനുയായികൾക്കും അല്ലാഹു സഹായമിറക്കിക്കൊടുത്തു. നിങ്ങൾക്ക്
കാണാൻ കഴിയാത്ത ഒരു സൈന്യത്തെ അവൻ ഇറക്കുകയും അവിശ്വാസികളെ ശിക്ഷിക്കുകയും ചെയ്തു. അതാണ് അവിശ്വാസികൾക്കുള്ള ശിക്ഷ.''
   
മുസ്ലിംകൾ ശത്രുസൈന്യത്തെ പ്രതീക്ഷിച്ചു പർവ്വതപ്രാന്തത്തിൽ നിലയുറപ്പിച്ചു. ശത്രുക്കളാവട്ടെ, അവരെ മറികടന്നു പതിയിരിക്കുന്നുണ്ടായിരുന്നു. തക്കം നോക്കി അവർ മുസ്ലിം സൈന്യത്തിന്റെ മേൽ ചാടിവീണു.

ഓർക്കാപ്പുറത്തേറ്റ പ്രഹരം അവരുടെ അണിതകർത്തു കളഞ്ഞു. വളരെ പേർ പിന്തിരിഞ്ഞോടി. 

നബിﷺയുടെ സാന്നിധ്യത്തിൽ അബൂബക്കർ (റ), ഉമർ (റ), അലി(റ), അബ്ബാസ് (റ), ഫദൽ(റ), ജഅഫറുബ്നു ഹാരിസ് (റ), റബീഅത്ത്(റ), ഉസാമ (റ) പോലെയുള്ളവർ മാത്രമേ അവശേഷിച്ചിരുന്നുള്ളു.
  
ധീരയായ ഒരു മഹിളാരത്നമായിരുന്ന ഉമ്മുസുലൈമി(റ)ന്റെ ചരിത്രം ഇവിടെ പ്രസക്തമാകുന്നു. ഊരിപ്പിടിച്ച കഠാരിയുമായി പൂർണ്ണഗർഭിണിയായ അവർ തന്റെ ഭർത്താവായ അബൂത്വൽഹ(റ)വിന്റെ ഒട്ടകപ്പുറത്ത് കയറി നബിﷺയുടെ അടുത്തേക്ക് കുതിച്ചു. 

ഇളകിക്കൊണ്ടിരുന്ന അവരുടെ വയർ ഒരു പുതപ്പിന്റെ കഷ്ണം കൊണ്ട് അവർ കെട്ടിമുറുക്കിയിരുന്നു! അവരെ കണ്ടപ്പോൾ നബി ﷺ സുസ്മേരവദനനായിക്കൊണ്ട് ചോദിച്ചു. “ആരിത്! ഉമ്മുസുലൈമയോ?'' .

അവർ പറഞ്ഞു; “അതെ, പിന്തിരിഞ്ഞ് ഓടുന്ന നമ്മുടെ ആൾക്കാരോട് ശത്രുക്കളോടെന്നപോലെ ഞാൻ യുദ്ധം ചെയ്യും! അവർ അതർഹിക്കുന്നു.''
 
ധൈര്യവതിയായ ആ മഹിളാരത്നത്തെ നബി ﷺ സമാധാനിപ്പിച്ചു: “നമുക്ക് അല്ലാഹു ﷻ തുണയുണ്ട്. അവൻ ഉത്തമനും മതിയായവനുമാകുന്നു.”

മുസ്ലിം സൈന്യം ഭയചകിതരായി പിന്തിരിഞ്ഞ് ഓടിയപ്പോൾ അബ്ബാസ് (റ) നബിﷺയുടെ അടുത്ത് തന്നെയുണ്ടായിരുന്നു. മരണത്തിന്റെ കറുത്ത മുഖം അവരെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു. നബി ﷺ അവരോട് ഉച്ചത്തിൽ വിളിച്ചുപറയാൻ ആഞ്ജാപിച്ചു. 

അതികായനും വലിയ ശബ്ദമുള്ള ആളുമായിരുന്നു അദ്ദേഹം. പിന്തിരിഞ്ഞോടുന്ന സൈന്യത്തെ അദ്ദേഹം ഉച്ചത്തിൽ വിളിച്ചു: “അൻസാരികളേ! അഖബാ ഉടമ്പടിയുടെ ആൾക്കാരെ!''

അബ്ബാസ്(റ)വിന്റെ ശബ്ദം കർണ്ണങ്ങളിൽ ചെന്നലച്ച മുസ്ലിം സൈന്യം ഒന്നടങ്കം “ലബ്ബൈക്ക് ലബ്ബൈക്ക്' എന്ന് ആർത്തു വിളിച്ചുകൊണ്ട് തിരിച്ചുവന്നു. അതോടെ സമരരംഗം ചൂടായി. മുസ്ലിംകൾ ആധിപത്യം പുലർത്താൻ തുടങ്ങി. ശത്രുക്കൾ അരിഞ്ഞു വീഴ്ത്തപ്പെട്ടു. ലാത്തയുടെ പടയാളികൾ പരാജിതരായി!


ഉമർ (റ) വിന്റെ ഭരണകാലത്ത് ഒരിക്കൽ കഠിനമായ ക്ഷാമം ബാധിച്ചു. ഒരു തുള്ളി കുടിനീരു ലഭിക്കാതെ പക്ഷിമൃഗാദികൾ ചത്തൊടുങ്ങാൻ തുടങ്ങി. 

നാശത്തിന്റെ വർഷം എന്നർത്ഥം വരുന്ന "ആമുഅ്റമാദ്' എന്ന പേരിലാണ് പ്രസ്തുത വർഷം അറിയപ്പെട്ടിരുന്നത്.
   
ജനങ്ങൾ ഖലീഫയുടെ നേതൃത്വത്തിൽ "ഇസ്തിസ്ഖാഅ്' നമസ്കാരത്തിനു (മഴക്കുവേണ്ടി പ്രാർത്ഥിക്കുന്ന പ്രത്യേക നമസ്കാരം) മൈതാനത്തിലേക്ക് പുറപ്പെട്ടു. കൂട്ടത്തിൽ അബ്ബാസ്(റ)വും ഉണ്ടായിരുന്നു.
   
ഖലീഫാ ഉമർ (റ) അബ്ബാസ്(റ)വിന്റെ വലതുകൈ ആകാശത്തിലേക്ക് ഉയർത്തിപിടിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: “നാഥാ, നിന്റെ പ്രവാചകൻ (ﷺ) ഞങ്ങളോടൊപ്പമുണ്ടായിരുന്നപ്പോൾ അദ്ദേഹത്തെ ഇടനിർത്തി ഞങ്ങൾ
മഴക്കുവേണ്ടി പ്രാർത്ഥിച്ചിരുന്നു. ഇന്നിതാ ഞങ്ങൾ നിന്റെ പ്രവാചകന്റെ പിതൃവ്യനെ ഇടനിർത്തുന്നു. ഞങ്ങൾക്കു നീ മഴ നൽകേണമേ..
 
അനന്തരം അബ്ബാസ് (റ)വിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടന്നു. ജനങ്ങൾ പിരിഞ്ഞുപോകുന്നതിനു മുമ്പുതന്നെ ആകാശം മേഘാവൃതമായി. മഴ ചൊരിഞ്ഞു.

ഹിജ്റ 32-ൽ റജബ് 14ന് വെള്ളിയാഴ്ച്ച അബ്ബാസ് (റ) മദീനയിൽ നിര്യാതനായി. ഖലീഫ ഉസ്മാൻ (റ) വിന്റെ നേതൃത്വത്തിൽ മയ്യിത്ത് നമസ്കാരം നിർവ്വഹിച്ചു. ബഖീഇൽ മറവുചെയ്യുകയും ചെയ്തു.



ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

No comments:

Post a Comment