Wednesday 3 March 2021

ദാരിദ്ര്യമുണ്ടാക്കുന്ന കാര്യങ്ങള്‍

 

രാത്രിയില്‍ വീടിനകത്ത് അടിച്ചു വാരിയാല്‍ ദാരിദ്ര്യമുണ്ടാകുമെന്ന് പണ്ഡിതന്മാര്‍ പറഞ്ഞതായി ഉമ്മമാര്‍ പറയുന്നു. ഇതിനു വല്ല അടിസ്ഥാനവുമുണ്ടോ? നമ്മുടെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ അങ്ങനെ വല്ലതും വിവരിച്ചിട്ടുണ്ടോ?  അത്തരം കാര്യങ്ങള്‍ ഒന്നു വിശദീകരിച്ചു തരുമോ?


പ്രശ്നത്തിലുന്നയിച്ച കാര്യങ്ങള്‍ കര്‍മ്മ ശാസ്ത്രത്തിന്‍റെ (ഫിഖ്ഹ്) വിഷയമല്ലെന്നുണര്‍ത്തുന്നു. എങ്കിലും നമ്മുടെ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാരും ഇത്തരം കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. വുളൂവിന്‍റെ വെള്ളം വസ്ത്രത്തലപ്പു കൊണ്ടു തോര്‍ത്താതിരിക്കുകയാണു നല്ലതെന്ന് വ്യക്തമാക്കിയ ശേഷം അതു ദാരിദ്ര്യമുണ്ടാക്കുന്ന കാര്യമാണെന്നു പണ്ഡിതന്മാര്‍ പറഞ്ഞതായി മുഗ്നിയെത്തൊട്ടും ബാജൂരിയെത്തൊട്ടും ശര്‍വാനി ഉദ്ധരിച്ച ശേഷം അദ്ദേഹം തുടരുന്നു: ബുജൈരിമിയില്‍ ഇങ്ങനെയുണ്ട്: ''ധനികര്‍ക്കാണു ദാരിദ്ര്യമുണ്ടാക്കുമെന്നു പറഞ്ഞത്. 

ദരിദ്രര്‍ക്ക് അതു വര്‍ദ്ധിക്കുമെന്നും മനസ്സിലാക്കാം. ഒരാള്‍ക്കു തന്‍റെ പാപങ്ങള്‍ മൂലം ഭക്ഷണം തടയപ്പെടുമെന്നു ഹദീസിലുണ്ട്. ദോഷങ്ങള്‍ പ്രത്യേകിച്ചു കളവു പറയല്‍ ഭക്ഷണം തടയപ്പെടാനുള്ള ഒരു നിമിത്തമാണെന്ന് ഈ ഹദീസു കൊണ്ട് മനസ്സിലാക്കാം. ഇതുപോലെ ദാരിദ്ര്യമുണ്ടാക്കുന്ന കാര്യങ്ങള്‍ ഇനി പറയുന്നു:  അധികമായുറങ്ങല്‍, പൂര്‍ണ്ണ നഗ്നനായുറങ്ങല്‍, ജനാബത്തോടെ തിന്നല്‍, ഭക്ഷണ സുപ്രയില്‍ വീണുപോയ ഭക്ഷണം നിസ്സാരമായി തള്ളല്‍, ഉള്ളിത്തോലുകള്‍ കരിക്കല്‍, രാത്രിയില്‍ വീടു തൂത്തുവാരല്‍, റൂമിനുള്ളില്‍ ചപ്പുചവറുകള്‍ കൂട്ടിയിടല്‍, ഗുരുതുല്യര്‍ക്കു മുമ്പില്‍ നടക്കല്‍, മാതാപിതാക്കളുടെ പേരു വിളിക്കല്‍, ചെളി വെള്ളം കൊണ്ടു കൈ കഴുകല്‍, നിസ്കാരം കാര്യമായി ഗൗനിക്കാതിരിക്കല്‍, ശരീരത്തില്‍ ധരിച്ചിരിക്കെ വസ്ത്രം തുന്നല്‍, താമസസ്ഥലത്തെ മാറാലകള്‍ നീക്കാതിരിക്കുക, പള്ളിയില്‍ നിന്നു തിടുക്കത്തില്‍ പുറത്തു പോകല്‍, അതികാലത്തു തന്നെ അങ്ങാടിയിലേക്കു പോകല്‍, അങ്ങാടിയില്‍ നിന്നു വേഗം മടങ്ങാതിരിക്കല്‍, പാത്രങ്ങള്‍ കഴുകാതെ വയ്ക്കല്‍, യാചകരുടെ ഭക്ഷണത്തുട്ടുകള്‍ വാങ്ങിക്കല്‍, വിളക്ക് ഊതിയണക്കല്‍, കെട്ടുള്ള പേന കൊണ്ടെഴുതല്‍, പൊട്ടിയ ചീര്‍പ്പു കൊണ്ട് മുടി ചീകല്‍, മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കല്‍, ഇരുന്നു കൊണ്ടു തലേക്കെട്ടു ധരിക്കല്‍, നിന്നു പാന്‍റ് ധരിക്കല്‍, ലുബ്ധത, പിശുക്കി ചെലവഴിക്കല്‍, അമിത വ്യയം ഇവയെല്ലാം ദാരിദ്ര്യത്തിനു നിമിത്തമാകുന്ന കാര്യങ്ങളാണ്''. ശര്‍വാനി 1-238.


നജീബുസ്താദ് മമ്പാട് -പ്രശ്നോത്തരം: 2/ 65

No comments:

Post a Comment