Monday 8 March 2021

ബൽക്കീസ് രാജ്ഞിയുടെ മനപരിവർത്തനം

 

മഹാനായ ചക്രവർത്തി എന്ന നിലയിൽ സുലൈമാൻ നബി (അ) ലോകമെങ്ങും തന്റെ കീർത്തി പരത്തിയിരുന്ന കാലം. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെയും ധാർമികനിഷ്ഠയുടെയും സൽഭരണത്തിന്റെയും മാഹാത്മ്യം കണ്ടറിഞ്ഞ് രാജാക്കൻമാർ ഓരോരുത്തരായി അദ്ദേഹത്തിനു കീഴടങ്ങിക്കൊണ്ടിരുന്നു.

സുലൈമാൻ നബി(അ)ന്റെ പരിവാരങ്ങളുടെ കൂട്ടത്തിൽ മനുഷ്യർ മാത്രമല്ല, പക്ഷികളും ജിന്നുകളുമെല്ലാം ഉണ്ടായിരുന്നു. 

സുലൈമാൻ നബി(അ)ന്റെ സൈന്യത്തിലെ രഹസ്യാന്വേഷണ വകുപ്പു മേധാവി ഒരു മരംകൊത്തിയായിരുന്നു.

കുറച്ചുനാളായി മരംകൊത്തിയെക്കുറിച്ച് ഒരു വിവരവുമില്ല. മറ്റു പക്ഷികൾക്കും മരക്കൊത്തിയുടെ തിരോധാനത്തെക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല. ശരിയായ കാരണം ബോധിപ്പിക്കാത്ത പക്ഷം താൻ പക്ഷിയെ ശിക്ഷിക്കുമെന്ന് നബി പ്രഖ്യാപിച്ചു.

അതേസമയം തന്റെ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി  പറന്നു പറന്നു തെക്കു യമൻ പർവ്വതങ്ങളിലൂടെ സഞ്ചരിച്ചു അവസാനം എത്തിച്ചേർന്നത് ഒരു രാജധാനിയുടെ അങ്കണത്തിലുള്ള ഉദ്യാനത്തിലായിരുന്നു. ശേബാ രാജ്യത്തിന്റെ റാണിയായ ബൽഖീസിന്റെ കൊട്ടാരമായിരുന്നു അത്. സൂര്യനെ ദൈവമായി ആരാധിക്കുന്ന ഒരു സമൂഹമായിരുന്നു ബൽഖീസ് രാഞ്ജിയുടേത്. 

സുലൈമാൻ നബി(അ)നേയും അദ്ദേഹത്തിന്റെ ഭരണമാഹാത്മ്യത്തെയും കുറിച്ച് ബൽക്കീസ് രാഞ്ജിക്ക് അറിവുണ്ടായിരുന്നു. നബിയെ അംഗീകരിച്ചാൽ അത്‌ തങ്ങളുടെ പൂർവികവിശ്വാസങ്ങളെ തകർക്കുമെന്നും അവർ ഭയപ്പെട്ടു.

 മരംകൊത്തി കൊട്ടാരത്തിനകത്തേക്കു പ്രവേശിച്ചു. കൊട്ടാരം ആഡംബര പ്രധാനമായിരുന്നു. അദ്ഭുതകരമായ കൊത്തുപണികളുള്ളതായിരുന്നു സിംഹാസനം. കണ്ട കാര്യങ്ങളൊക്കെ മരംകൊത്തി മനസ്സിൽ കുറിച്ചു വെച്ചു തിരികെ സുലൈമാൻ നബി(അ)ന്റെ കൊട്ടാരത്തിലേക്ക് പറന്നു.

അല്പം ഭയപ്പാടോടുകൂടിയും അങ്ങേയറ്റം വിനയത്തോടും കൂടി പക്ഷി നബിയെ സമീപിച്ചു...

ബൽക്കീസ് രഞ്ജിയെ കുറിച്ചും കൊട്ടാരത്തെക്കുറിച്ചും സൂര്യാരാധനയെക്കുറിച്ചും  സിംഹാസനത്തെക്കുറിച്ചുമെല്ലാം മരംകൊത്തി നബിക്ക് വിവരിച്ചുകൊടുത്തു.

സുലൈമാൻ നബി (അ) ഉടൻ ഒരു എഴുത്തുകോലെടുത്ത് കത്തെഴുതി...

"ശേബാറാണി ബൽഖീസിന്..,  പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുﷻവിന്റെ നാമത്തിൽ..!

നിങ്ങൾ സൂര്യനെ സൃഷ്ടാവായും ദൈവമായും ആരാധിക്കുന്നത് ഞാൻ അറിഞ്ഞു. അതു വിഡ്ഡിത്തമാണ്. അല്ലാഹു ﷻ മാത്രമാണ് ആരാധനക്കർഹൻ. അതിനാൽ സത്യമാർഗം അവലംബിക്കുക..."

കത്ത് മുദ്രവെച്ച് മരംകൊത്തിയുടെ വശംതന്നെ സുലൈമാൻ നബി (അ) ശേബാറാണി ബൽഖീസിന് കൊടുത്തുവിട്ടു. സന്ദേശവുമായി അവൻ ശേബായിലേക്ക് പറന്നു.  

കൊട്ടാരത്തിൽ രാഞ്ജിയുടെ ഉറക്കരയിൽ പ്രവേശിച്ച് മച്ചിലെ ഒരു ശില്പത്തിൽനിന്ന് സന്ദേശം അവരുടെ ശിരോഭാഗത്തേയ്ക്കിട്ടു. രാഞ്ജി സന്ദേശം തുറന്നു വായിച്ചു.

അവർ ഉടൻ തന്നെ ജനപ്രതിനിധികളുടെയും സേനാധിപതികളുടെയും മന്ത്രിമാരുടെയും ഒരു യോഗം വിളിച്ചുകൂട്ടി. കത്ത് അവർക്കെല്ലാം കാണിച്ചു കൊടുത്തുകൊണ്ടു അവർ ചോദിച്ചു...

"ആഗോളചക്രവർത്തി സുലൈമാൻ നബി (അ) നമ്മെപ്പറ്റി അറിഞ്ഞുകഴിഞ്ഞു. ഇനി നാം എന്താണു ചെയ്യേണ്ടത്? യുദ്ധം ചെയ്തു മരിക്കണോ? അതോ കീഴടങ്ങണോ..?" 

ഉപദേഷ്ടാക്കൾ പറഞ്ഞു: 

"മഹാറാണി, നാം പ്രബലന്മാരും സായുധശക്തരുമാണ്. തീരുമാനം ഭവതിക്ക് വിട്ടുതന്നിരിക്കുന്നു. ഇഷ്ടംപോലെ കല്പിച്ചാലും.”

രാഞ്ജി പറഞ്ഞു: "ഇപ്പോൾ യുദ്ധത്തിനൊരുങ്ങുന്നത് ആത്മഹത്യാപരമാണെന്നാണ് എന്റെ അഭിപ്രായം. ഉപഹാരങ്ങൾ അയച്ചുകൊടുത്ത് സുലൈമാൻ നബി(അ)നെ നമുക്ക് പരീക്ഷിച്ചു നോക്കാം."

"ഈ തീരുമാനം ഏറ്റവും ബുദ്ധിപൂർവ്വകം തന്നെ". സദസ്സ് ഏകകണ്ഠമായി അംഗീകരിച്ചു.

സദസിലെ സംഭാഷണം മറഞ്ഞിരുന്നു കേട്ട മരംകൊത്തി ഉടൻ സ്ഥലം വിട്ടു. അവൻ സുലൈമാൻ നബി(അ)ന്റെ സന്നിധിയിലെത്തി കാര്യങ്ങൾ സവിസ്തരം പ്രതിപാദിച്ചു.


സുലൈമാൻ നബി(അ)ന്റെ അടുക്കലേക്ക് ഉപഹാരങ്ങളുമായി ഒരു പ്രതിനിധിസംഘത്തെ അയയ്ക്കാനുള്ള ഏർപ്പാടുകൾ ബൽഖീസ് രാഞ്ജി ഉടനെ ചെയ്തു. സൗന്ദര്യവും ബുദ്ധിയുമുള്ള ചില അടിമസ്ത്രീകളെയും ദാസന്മാരെയും പ്രതിനിധികളായി റാണി തിരഞ്ഞെടുത്തു. സ്ത്രീയാണോ പുരുഷനാണോ എന്ന്  തിരിച്ചറിയാതിരിക്കാൻ എല്ലാവരെയും ഒരേതരം പട്ടുടയാടകളാണ് ധരിപ്പിച്ചത്...

സ്വർണത്തിന്റെ അഞ്ഞൂറ് ഇഷ്ടികകൾ, ഒരു പൊൻകിരീടം സുഗന്ധവസ്തുക്കൾ മുതലായ സമ്മാനങ്ങളും അവർവശം കൊടുത്തയച്ചു. അവരുടെ തലവൻ മുൻദിർ എന്ന വൃദ്ധൻ വശം നബിക്കു കൊടുക്കാനായി ഒരു കത്തും ഏൽപ്പിച്ചു. കത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു.

"ആഗോള ചക്രവർത്തി സുലൈമാൻ നബി(അ)ന് ശേബാറാണി ബൽഖീസ്...

പ്രഭോ, അങ്ങൊരു ചക്രവർത്തിയാണെന്നു ഞങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ദൈവദൂതൻ കൂടിയാണെന്ന കാര്യത്തിൽ ഞങ്ങൾക്കുറപ്പില്ല. എന്റെ പ്രതിനിധിസംഘത്തിന് അങ്ങ്  പ്രവാചകനാണെന്നു ബോധ്യപ്പെട്ടാൽ അത് അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. ഏതായാലും അങ്ങയോടു യുദ്ധം ചെയ്യാൻ ഞങ്ങൾ ഒരുക്കമല്ല എന്ന്, വിധേയ ബൽക്കീസ്..."

പ്രതിനിധി സംഘത്തിന് റാണി ചില നിർദ്ദേശങ്ങൾ നൽകി:

"നിങ്ങൾ സുലൈമാൻ നബിയുടെ (അ) കൊട്ടാരത്തിലെത്തിയാൽ പുരുഷന്മാരും സ്ത്രീകളും ഒരേ പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യണം. അദ്ദേഹം വിനയാന്വിതനയാൽ നിങ്ങൾ കൂടുതൽ വിനയാന്വിതരാവണം.

അഹങ്കാരം കാണിച്ചാൽ അങ്ങോട്ടും അതേപോലെ പെരുമാറണം. കാരണം, വിനയം പ്രവാചകന്റെയും ഗർവ് കപടസന്യാസിയുടെയും ലക്ഷണമാണ്. അദ്ദേഹം കപടനാണെങ്കിൽ നമുക്ക് അദ്ദേഹത്തോട് പൊരുതേണ്ടിവരും പ്രവാചകനാണെന്നു നിങ്ങൾക്കു ബോധ്യപ്പെട്ടാൽ കീഴടങ്ങിക്കൊള്ളുക..." 

ശേബാരാജ്യത്തുനിന്ന് പ്രതിനിധിസംഘം യാത്രതിരിച്ച വിവരം സുലൈമാൻ നബി (അ) അറിഞ്ഞു. നബി തന്റെ രാജധാനി മുഴുവൻ അലങ്കരിക്കാൻ കിങ്കരൻമാർക്ക് ആജ്ഞ നൽകി. ജിന്ന് വർഗം ജോലിയിൽ വ്യാപൃതരായി. രാജധാനിയിൽ നിന്നു വളരെ നാഴികകളോളം സ്വർണത്തിന്റെ ഇഷ്ടികകൾ വിരിച്ചു. അതിൽ അഞ്ഞൂറ് സ്വർണ ഇഷ്ടികകൾക്കുള്ള സ്ഥലം മാത്രം ഒഴിച്ചിട്ടു. ചുറ്റു ഭാഗവും വെള്ളിയുടെ മതിലുകൾ രൂപംകൊണ്ടു. നബിയുടെ സിംഹാസനം കൊട്ടാരത്തിന്റെ മുന്നിലെ അങ്കണത്തിലേക്ക് മാറ്റി.

അതിനുചുറ്റും നാല്പതിനായിരം പൊൻകസേരകൾ നിരന്നു. ജിന്നുകളുടെ പ്രവർത്തനഫലമായി ഒരു മായാലോകം തന്നെ അവിടെ സൃഷ്ടിക്കപ്പെട്ടു. മനുഷ്യരുടെയും ജിന്നുകളുടെയും വൻസേനാവ്യൂഹം അവിടെ അണിനിരന്നു. മൃഗങ്ങളെയും വന്യജീവികളെയും പക്ഷികളെയും അതാതു സ്ഥലത്ത് ബന്ധനസ്ഥരാക്കി നിർത്തി. 

കാഴ്ചദ്രവ്യങ്ങളുമായി ബൽക്കീസ് റാണിയുടെ പ്രതിനിധിസംഘം എത്തി. ചുറ്റുഭാഗവുമുള്ള സ്വപ്നസദൃശമായ കാഴ്ചകൾ കണ്ട് അവർ അന്തംവിട്ടുപോയി. ജിന്ന് വർഗത്തിന്റെയും വന്യമൃഗങ്ങളുടെയും ദൃശ്യം അവരിൽ വിഭ്രാന്തി സൃഷ്ടിച്ചു.

നാഴികകളോളം സ്വർണ ഇഷ്ടികകൾ വിരിച്ചത് അവരുടെ ശ്രദ്ധയിൽ പെട്ടപ്പോൾ തങ്ങൾ പാരിതോഷികമായി കൊണ്ടുവന്ന ഇഷ്ടികകൾ തുച്ഛമാണെന്ന് അവർക്കു തോന്നി. അപ്പോഴാണ് അഞ്ഞൂറ് ഇഷ്ടികകളുടെ ഒഴിവ് അവർ കണ്ടത്. തങ്ങൾ മോഷ്ടാക്കളാണെന്ന പഴി കേൾക്കേണ്ടിവരുമെന്നു ഭയന്ന് കയ്യിൽ ഉണ്ടായിരുന്ന സ്വർണഇഷ്ടികകൾ മുഴുവൻ ഒഴിവുള്ള ഭാഗത്ത് വെച്ച് വിടവടച്ചു.

സുലൈമാൻ നബി (അ) ബൽക്കീസിന്റെ പ്രതിനിധി സംഘത്തെ വളരെ സ്നേഹപൂർവ്വം സ്വീകരിച്ചു. അദ്ദേഹം തന്റെ സിംഹാസനത്തിന്റെ ചുറ്റുമുള്ള രത്നപീഠങ്ങളിലേക്ക് അവരെ ആനയിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും തിരിച്ചറിഞ്ഞു വെവ്വേറെ ഇരിപ്പിടങ്ങളിൽ കൊണ്ടുപോയി ഇരുത്തി കുശലം പറഞ്ഞു.

ഇതിനിടയിൽ ചക്രവർത്തിയുടെ സിംഹാസനത്തിനരികിൽ കെട്ടിയിട്ടിരുന്ന സിംഹം ഗർജിച്ചപ്പോൾ പ്രതിനിധി സംഘത്തിന്റെ തലവനായ മുൻദിർ ഞെട്ടിത്തരിച്ച് ബോധരഹിതനായി. അദ്ദേഹത്തിന്റെ ബോധം തെളിഞ്ഞപ്പോൾ നബി പറഞ്ഞു:

"നിങ്ങളെനിക്ക് ഉപഹാരം നല്കുകയോ! അല്ലാഹു ﷻ നിങ്ങൾ കൊണ്ടുവന്നതിനേക്കാൾ എത്രയോ ഇരട്ടി എനിക്കു നൽകിയിട്ടുണ്ട്."

സുലൈമാൻ നബി (അ) പ്രവാചകൻ തന്നെയാണെന്ന് സംഘനേതാവിനു ബോധ്യമായി. ബൽക്കീസ് റാണിക്കുള്ള മറുപടിക്കത്ത് നബി മുൻദിറിന്റെ കയ്യിൽ കൊടുത്തു:

"ബൽക്കീസ് റാണിക്ക് അല്ലാഹുﷻവിന്റെ ദൂതനും ദാസനുമായ സുലൈമാൻ നബി... 

ഭവതി അയച്ച പ്രതിനിധിസംഘം എനിക്കൊരു കത്ത് തന്നു. കൂട്ടത്തിൽ ചില പാരിതോഷികങ്ങളും. പ്രവാചകനായ എനിക്ക് പാരിതോഷികങ്ങൾ സ്വീകരിക്കേണ്ട ആവശ്യമില്ല. അതിനേക്കാൾ എത്രയോ ശ്രേഷ്ഠതരമായത് അല്ലാഹു ﷻ എനിക്ക് നൽകിയിട്ടുണ്ട്. അതിനാൽ ഞാനവ തിരിച്ചയക്കുന്നു. നിങ്ങളെല്ലാവരും എന്റെ സത്യമതം സ്വീകരിച്ചുകൊണ്ട് എന്റെ അടുക്കൽ വരണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്ന് സുലൈമാൻ നബി..."

ശേബാരാജ്യത്ത് തിരിച്ചെത്തിയ സംഘം തങ്ങളുടെ അനുഭവങ്ങളും സുലൈമാൻ നബി (അ) പ്രവാചകനാണെന്നതിനുമുള്ള ദൃഷ്ടാന്തങ്ങളും ബൽക്കീസ് റാണിയെ ധരിപ്പിച്ചു. കത്തു വായിച്ച റാണി പരിവാരസമേതം നബിയുടെ സന്നിധാനത്തിലേക്ക് പുറപ്പെട്ടു...

മാത്രമല്ല, വിവരം മുൻകൂട്ടി ഒരു പ്രത്യേക ദൂതൻ മുഖേന നബിയേ അറിയിക്കുകയും ചെയ്തു. മന്ത്രിമാരും സേനാധിപൻമാരും റാണിയുടെ തീരുമാനം അംഗീകരിച്ചു. റാണി തന്റെ സിംഹാസനം കൊട്ടാരത്തിലെ ഏഴാമത്തെ അറയ്ക്കുള്ളിൽ ഭദ്രമായി പൂട്ടിയിട്ടു പ്രത്യേക പാറാവുകാരെ നിയമിക്കുകയും ചെയ്തു.

ബൽക്കീസ് റാണി പുറപ്പെട്ടതറിഞ്ഞ സുലൈമാൻ നബി (അ) തന്റെ അനുചരന്മാരോടു പറഞ്ഞു...

"ശേബാ വർഗക്കാർ അല്പം അഹങ്കാരികളാണ്. അല്ലാഹുﷻവിന്റെ സഹായത്താൽ നമുക്കവരെ കീഴടക്കാൻ ഞൊടിയിട മാത്രമേ വേണ്ടൂ എന്ന് അവരെ നമുക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാൽ, ജനനായകരേ, അവർ മതാവലംബികളായി എന്റെ അടുക്കലെത്തും മുമ്പേ റാണിയുടെ സിംഹാസനം ഇവിടെയെത്തിക്കാൻ ആർക്കു സാധിക്കും..?"

"അങ്ങു ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കുന്നതിനു മുമ്പ് ഞാനത് ഇവിടെ എത്തിച്ചുതരാം. ജിന്ന് വർഗ്ഗത്തിൽ പെട്ട ഇഫ്രീത് പറഞ്ഞു..."

അപ്പോൾ വിജ്ഞാനം കരസ്ഥമാക്കിയ ഒരുവൻ പറഞ്ഞു:  "ഇമവെട്ടിത്തുറക്കുന്നതിനു മുൻപായി ഞാൻ ആ സിംഹാസനം ഇവിടെ എത്തിച്ചു തരാം."  

നബി അനുവാദം കൊടുത്ത അതേ  നിമിഷം ബൽഖീസ് രാഞ്ജിയുടെ സിംഹാസനം ഭദ്രമായി നബിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.

അദ്ദേഹം പറഞ്ഞു...

"ഇതെന്റെ നാഥന്റെ ഔദാര്യമാണ്. ഞാൻ കൃതഞ്ജനോ കൃതഘ്‌നനോ എന്ന് പരീക്ഷിക്കാൻ."

സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ചതായിരുന്നു ബൽഖീസ് രാഞ്ജിയുടെ സിംഹാസനം. 

പത്ത് വൻ വൃക്ഷങ്ങളുടെ ഭാരമുണ്ടായിരുന്നു സിംഹാസനത്തിന്.

സുലൈമാൻ നബി (അ) രാഞ്ജിയുടെ സിംഹാസനത്തിന് ചില മാറ്റങ്ങൾ വരുത്തി. വില പിടിച്ച രത്നങ്ങളും വൈരങ്ങളും മുത്തുകളും സ്ഥാനത്തുനിന്ന് നീക്കി മറ്റിടങ്ങളിൽ പതിപ്പിച്ചു.

കടൽതീരത്ത് ഒരു കൊട്ടാരം പണിയാൻ സുലൈമാൻ നബി (അ) ആജ്ഞാപിച്ചു. കൊട്ടാരത്തിന്റെ പകുതിഭാഗം കടലിലേക്ക് നീണ്ടുകിടക്കുന്ന രീതിയിലായിരിക്കണമത്. സ്ഫടികം പതിപ്പിച്ച നിലം, സുഗന്ധവാഹികളായ ചന്തനത്തടികൾ കൊണ്ടുള്ള ചുമരുകൾ, പളുങ്കുസ്വർണം വിളക്കിപ്പിടിപ്പിച്ച മച്ച്, മച്ചിൽ സൂര്യരശ്മികൾ പതിയുമ്പോൾ മുറി മുഴുവൻ സപ്തവർണങ്ങളാൽ പ്രതിബിംബിക്കണം. അത് വഴി സൂര്യനെ അല്ലാഹു ﷻ സൃഷ്ടിച്ചതാണെന്നും സൂര്യൻ ഭൃത്യനാണെന്നും തെളിയണം. തീൻമുറിയിൽ പ്രവേശിക്കുന്ന ആൾക്ക് ആഴക്കടലിലെ മത്സ്യങ്ങളെയും സമുദ്രജീവികളേയും സ്പഷ്ടമായി കാണാൻ കഴിയണം..."

ശേബായിൽനിന്ന് ബൽക്കീസ് റാണി എത്തിച്ചേരുന്നതിനിടയിൽ നിശ്ചിത സമയത്തു തന്നെ കൊട്ടാരം പൂർത്തിയായി. ബൽക്കീസ് റാണിയുടെ മാറ്റം വരുത്തിയ സിംഹാസനം സ്വീകരണഹാളിൽ കൊണ്ടുവെക്കാൻ സുലൈമാൻ നബി (അ) ആജ്ഞാപിച്ചു.

റാണിയും പരിവാരങ്ങളും സുലൈമാൻ നബി(അ)ന്റെ സന്നിധിയിലെത്തി. നബി അവരെ സ്വീകരിച്ചാദരിച്ചിരുത്തി. കുശലപ്രശ്നങ്ങൾക്കും സൽക്കാരത്തിനും ശേഷം ബൽഖീസ് റാണിയോട് കൊട്ടാരത്തിൽ പ്രവേശിക്കാൻ പ്രവാചകൻ പറഞ്ഞു.

സ്ഫടികം പതിച്ച കൊട്ടാരത്തിൽ കടന്ന അവർ അതു കണ്ടപ്പോൾ തടാകമാണെന്നു ധരിച്ച് കണങ്കാൽ വിവസ്ത്രമാക്കി. സുലൈമാൻ നബി (അ) അവരുടെ തെറ്റിദ്ധാരണായകറ്റി. സുലൈമാൻ നബി (അ) റാണിയുടെ സിംഹാസനം അവർക്ക് കാണിച്ചു കൊടുത്തുകൊണ്ട് ചോദിച്ചു: 

"ഇപ്രകാരമാണോ നിങ്ങളുടെ സിംഹാസനം..?"

"അതെ, അതുപോലെത്തന്നെയിരിക്കുന്നു.” റാണി പറഞ്ഞു. സിംഹാസനത്തിനു വരുത്തിയ മാറ്റങ്ങൾ അവർക്കു മനസ്സിലായില്ല. ഒരു അത്ഭുതലോകത്തിൽ വന്ന് അകപ്പെട്ടതുപോലെയായി അവർ. 

നബി അതു മനസിലാക്കി സിംഹാസനം തന്റെ കൊട്ടാരത്തിലെത്തിയത് എങ്ങനെയെന്നു വിവരിച്ചു. ഇതോടെ സുലൈമാൻ നബി (അ) ഉന്നതനായ ചക്രവർത്തി മാത്രമല്ല, മഹാനായ പ്രവാചകൻ കൂടിയാണെന്ന് റാണിക്ക് ബോധ്യപ്പെട്ടു...

ബൽഖീസ് റാണി അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. "നാഥാ, ഞാൻ ആത്മദ്രോഹം പ്രവർത്തിച്ചിരിക്കുന്നു. സുലൈമാൻ നബി(അ)നോടൊപ്പം പ്രപഞ്ചങ്ങളുടെ അധിപന് ഞാനിതാ എന്നെ സമർപ്പിച്ചിരിക്കുന്നു. അങ്ങന്നെ നേരായ മാർഗത്തിലേക്ക് നയിച്ചാലും. ഏതു ത്യാഗത്തിനും ഇവൾ തയ്യാറാണ്."

"അജ്ഞതമൂലം മനുഷ്യൻ ചെയ്യുന്ന ഏതു തെറ്റും പശ്ചാത്താപം കൊണ്ടുതന്നെ കരുണാമയനായ അല്ലാഹു ﷻ പൊറുക്കും." നബി പറഞ്ഞു.

"അല്ലാഹു ﷻ എത്ര കാരുണികൻ! അവനെത്ര സ്തുത്യർഹൻ..!"

സുലൈമാൻ നബി (അ) ബൽഖീസ് രഞ്ജിക്ക് നേർ വഴി കാണിച്ചുകൊടുത്തു. അവസാനം സത്യം അവർ കണ്ടെത്തി.


ഗുണപാഠം :അജ്ഞത മൂലം ആരും സത്യത്തെ നിഷേധിച്ചേക്കാം. എന്നാൽ സത്യം ഏതെന്നു വെളിപ്പെട്ടുകഴിഞ്ഞാൽ അത് അംഗീകരിക്കുന്നത് ഹൃദയവിശാലത കാണിക്കുന്നു. സുലൈമാൻ നബി(അ)ന്റെ പ്രവാചകത്വം ബോധ്യം വന്ന ബൽഖീസ് രാഞ്ജി ഇതിനൊരു ഉത്തമദൃഷ്ടാന്തമാണെന്ന് ഈ കഥ മനസ്സിലാക്കിത്തരുന്നു...

No comments:

Post a Comment