Monday 8 March 2021

നബിﷺയെ രക്ഷിച്ച ചിലന്തി


യമൻനാടിന്റെ തെക്കുഭാഗത്തു സ്ഥിതിചെയ്തിരുന്ന സൗർ ഗുഹയിൽ ഒരു ചിലന്തി പാർത്തിരുന്നു. പർവ്വതങ്ങൾ നിറഞ്ഞ ആ പ്രദേശത്ത് വന്യമൃഗങ്ങൾപോലും വരാറില്ലായിരുന്നു. ആ മലയിലെ ഗുഹയുടെ സർവാധികാരിണിയായി വിലസുകയായിരുന്നു ആ ചിലന്തി. തലമുറയായി കൈമാറി ലഭിച്ചതായിരുന്നു ചിലന്തിക്ക് ആ ഗുഹ...

ഒരു ഉഷ്ണദിനത്തിൽ ചിലന്തി തന്റെ പട്ടുനൂലിൽ മേൽതട്ടിൽ നിന്നു താഴോട്ടു തുങ്ങുകയായിരുന്നു. ആ സമയത്ത് അലൗകികമായ ഒരു ശബ്ദം കേട്ട് ചിലന്തി ഞെട്ടിത്തിരിഞ്ഞു: "ഈ ഗുഹയിൽ അല്ലാഹുﷻവിന്റെ ഏതു സൃഷ്ടിയാണ് താമസിക്കുന്നത്..?" 

ചിലന്തിക്കു മനസ്സിലായി അത്‌ അല്ലാഹുﷻവിന്റെ മലക്കുകളിൽ പെട്ട ഒരു മഹാത്മാവിന്റെ ശബ്ദമാണെന്ന്. 

ചിലന്തി താൻ ആരാണെന്നു പരിചയപ്പെടുത്തി...

"ഗുഹാമുഖത്തേക്കു വരൂ..", മലക്ക്  ആജ്ഞാപിച്ചു.

പട്ടുനൂലിനിടയിലൂടെ ചിലന്തി പ്രത്യക്ഷപ്പെട്ടു...

മലക്ക് പറഞ്ഞു: “കുറച്ചു കഴിഞ്ഞാൽ ഈ ഗുഹയിൽ പാർക്കാൻ അല്ലാഹുﷻവിന്റെ രണ്ടു മഹാത്മാക്കൾ വരും. ഭൂമിയിൽ അല്ലാഹുﷻവിന്റെ അവസാനത്തെ പ്രവാചകൻ മുഹമ്മദ് നബിﷺയും അദ്ദേഹത്തിന്റെ ഉറ്റതോഴനായ അബൂബക്കർ സിദ്ധീഖ് (റ)വും. മൂന്നു ദിവസം റസൂലിനും (ﷺ) സുഹൃത്തിനും നീ കാവലിരിക്കേണ്ടിവരും.

ചിലന്തി ആശ്ചര്യപ്പെട്ടുകൊണ്ടു ചോദിച്ചു:  “വിജനമായ ഈ ഗുഹയിൽ വരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണെന്നു പറഞ്ഞാൽ കൊള്ളാം..."

"അവിശ്വാസികളായ ഗോത്രങ്ങൾ അദ്ദേഹത്തിന്റെ രക്തത്തിനുവേണ്ടി ദാഹിച്ചുനടക്കുകയാണ്. അങ്ങനെ അല്ലാഹുﷻവിന്റെ തീരുമാനപ്രകാരം മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്‌റ പുറപ്പെട്ടിരിക്കുകയാണ്

അദ്ദേഹം. ശത്രുക്കൾ അവരുടെ പിന്നാലെയുണ്ട്. അതിനാൽ നിതാന്ത ജാഗ്രത പുലർത്തുക. റസൂലും (ﷺ) കൂട്ടുകാരനും വന്നുകഴിഞ്ഞാൽ ഗുഹാമുഖത്ത് നിന്റെ വലകൊണ്ട് കഴിയുന്നതും വേഗം വീടു നിർമ്മിക്കുക."

“ഉത്തരവ്," മലക്കിനോട്‌ ആദരവോടെ ചിലന്തി പറഞ്ഞു.

പെട്ടെന്ന് പ്രവാചകൻ ﷺ അബൂബക്കർ (റ) വിനോടൊപ്പം ഗുഹയിൽ പ്രവേശിച്ചു. നബിﷺയെയും കൂട്ടുകാരനെയും സ്വാഗതം ചെയ്ത ചിലന്തി, ഗുഹാമുഖത്ത് വീടുനെയ്യാൻ തുടങ്ങി...

നിമിഷങ്ങൾക്കകം മനോഹരമായ ഒരു വല കൊണ്ട് ആ ഗുഹാമുഖം മൂടി.

രക്തദാഹികളായ അവിശ്വാസികൾ റസൂലിനെയും (ﷺ) അവരുടെ കൂട്ടുകാരനെയും അന്വേഷിച്ചു ഗുഹാമുഖത്തെത്തി. അവരുടെ വാളുകളുടെ വെട്ടിത്തിളക്കം ചിലന്തി കണ്ടു. ശത്രുക്കളിലൊരുവൻ പറഞ്ഞു:

“ഈ ഗുഹയ്ക്കകത്ത് ആരെങ്കിലും പ്രവേശിച്ചിട്ടുണ്ടെങ്കിൽ ഈ ചിലന്തിവല പ്രവേശനകവാടത്തിൽ ഇങ്ങനെ അവശേഷിക്കുകയില്ല.”

ഇതുകേട്ടപ്പോൾ ചിലന്തിക്ക് ചിരിവന്നു. അപ്പോൾ അടക്കിപ്പിടിച്ച സ്വരത്തിൽ അബൂബക്കർ (റ) പ്രവാചകനോട് (ﷺ) പറയുന്നത് ചിലന്തി കേട്ടു: 

“ശത്രുക്കളിലാരെങ്കിലും കാൽച്ചുവട്ടിലേക്ക് നോക്കിയാൽ നമ്മളെ കണ്ടതുതന്നെ..."

 “ദുഃഖിക്കേണ്ട അബൂബക്കർ. നമ്മോടൊപ്പം അല്ലാഹുﷻവുണ്ട് " 

 നബി ﷺ ആശ്വസിപ്പിച്ചു...

ചിലന്തിവല മൂടിയ ഗുഹയ്ക്കകത്ത് ആരുമില്ലെന്നു കരുതി ശ്രതുക്കൾ പിന്തിരിഞ്ഞുപോയി. പ്രവാചകനെയും (ﷺ) സുഹൃത്തിനെയും സംരക്ഷിക്കാൻ കഴിഞ്ഞതിൽ ചിലന്തി സന്തോഷിച്ചു...


ഗുണപാഠം :സത്യത്തിനുവേണ്ടി പൊരുതുന്നവരോടൊപ്പം പ്രകൃതിയിലെ ജീവികൾപോലും ഉണ്ടാകുമെന്ന് ഈ കഥ സൂചിപ്പിക്കുന്നു. അത്തരക്കാരെ ആപൽഘട്ടങ്ങളിൽ സഹായിക്കുന്നതിന് അല്ലാഹു ﷻ എപ്പോഴും ഒരു വഴി കാണിച്ചുകൊടുക്കാതിരിക്കില്ല എന്ന ഒരു പാഠം ഈ കഥയിലൂടെ തരുന്നുണ്ട്._*

 

No comments:

Post a Comment