Saturday 10 March 2018

സ്വര്‍ഗീയ പണ്ഡിതരുടെ ഇമാം - മുആദുബ്നു ജബൽ (റ) ചരിത്രം





മുആദ്

പുണ്യ പട്ടണമായ യസ്രിബ് ചരിത്ര സ്മരണകൾ വീണുറങ്ങുന്ന പ്രദേശം എത്രയെത്ര കച്ചവട സംഘങ്ങൾ അതുവഴി കടന്നുപോയിരിക്കുന്നു യസ്രിബിൽ ഏതാനും ദിവസങ്ങൾ തങ്ങാതെ ഒരു കച്ചവടസംഘവും കടന്നുപോവാറില്ല

അവർ യസ്രിബിലെ വെള്ളം കുടിച്ചു അവിടത്തെ ഈത്തപ്പഴത്തിന്റെയും മുന്തിരിയുടെയും അത്തിപ്പഴത്തിന്റെയും രുചിയറിഞ്ഞു

ഔസ് ഗോത്രം
ഖസ്റജ് ഗോത്രം
യസ്രിബിന്റെ അവകാശികൾ ഈ രണ്ട് ഗോത്രങ്ങളുടെ പേരും പ്രശസ്തിയും വിദൂര ദിക്കുകളിൽ പോലും എത്തിയിരുന്നു പ്രസിദ്ധമായ തറവാടുകൾ ഓരോ ഗോത്രത്തിലുമുണ്ട് ധീരത, ഔദാര്യം,സമ്പത്ത്, അതിഥിസൽക്കാരം, പെരുമാറ്റത്തിലെ മാന്യത എന്നീ ഗുണങ്ങൾ ഒത്തിണങ്ങിയ തറവാട്ടുകാർ അങ്ങനെയുള്ള ഒരു തറവാട്ടിലേക്ക് നമുക്ക് കടന്നുചെല്ലാം പ്രതാപവും ഐശ്വര്യവും നിറഞ്ഞ തറവാട് തറവാട്ടിലെ ഇപ്പോഴത്തെ കാരണവരുടെ പേര് പറയാം

ജബലുബ്നു അംറ്
അംറിന്റെ മകൻ ജബൽ
അറബികൾ പിതാവിന്റെ പേര് ചേർത്താണ് സ്വന്തം പേര് പറയുക
ജബലിന്റെ ഉപ്പ അംറ്
അംറിന്റെ ഉപ്പ ഔസ്
ഔസിന്റെ ഉപ്പ ആഇദ്
ആഇദിന്റെ ഉപ്പ അദിയ്യ്

പിതൃപരമ്പര അങ്ങനെ നീണ്ടുപോവുന്നു ഉപ്പാപ്പമാരിൽ വളരെ പ്രസിദ്ധനായിരുന്നു ഔസ് ഔസിന് സമ്പന്നമായ സന്താന പരമ്പരയുണ്ടായി ഔസിന്റെ സന്താന പരമ്പര യസ്രിബിന്റെ ഗതി നിർണയിക്കാൻ മാത്രം ശക്തരായിത്തീർന്നു

ഖസ്റജ് ഗോത്രത്തിലെ കുടുംബങ്ങളും ശക്തരായിരുന്നു അവിടെയും ഐശ്വര്യവും വെട്ടിത്തിളങ്ങിനിന്നു

യസ്രിബിലെ മറ്റൊരു നിർണായക ശക്തിയാണു യഹൂദികൾ അവർ മികച്ച കച്ചവടക്കാരാണ് സ്വർണാഭരണ വിൽപന കേന്ദ്രങ്ങൾ തുണിത്തരങ്ങൾ വിൽക്കുന്ന കടകൾ പണമിടപാട് സ്ഥാപനങ്ങൾ ഇവയൊക്കെ യഹൂദികളുടെ ഉടമസ്ഥതയിലുണ്ട് യഹൂദികൾ വലിയ ധനികന്മാരാണ് വലിയ ഗമയിലാണ് നടപ്പ് അഹങ്കാരികളും അസൂയക്കാരുമാണ് ഔസുകാരും ഖസ്റജുകാരും വളർന്നു വരുന്നത് സഹിക്കില്ല മനസ്സിൽ അസൂയ വളരും യസ്രിബ് ഭരിക്കുന്ന രാജാക്കന്മാരാണെന്നാണ് ഭാവം പലപ്പോഴും ഔസ്-ഖസ്റജ് ഗോത്രങ്ങൾക്ക് യഹൂദികൾ പറയുന്നത് അനുസരിക്കേണ്ടിവന്നിട്ടുണ്ട്

ക്രൈസ്തവരുടെ ശക്തി കേന്ദ്രമാണ് ശാം കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ ഭാഗമാണത് ശാമിലാണ് ലോക മാർക്കറ്റ് ക്രൈസ്തവരുടെ നാട്ടിലാണ് അറബികൾ കച്ചവടത്തിനെത്തുന്നത്

മുശ്രിക്കുകളായ അറബികൾ
ദൈവവിശ്വാസികളായ ക്രൈസ്തവർ

വ്യാപാര രംഗത്ത് അവർ തമ്മിൽ നല്ല ബന്ധം കേരളത്തിലെ ഏലവും, ചുക്കും, കുരുമുളകും , മറ്റ് മലഞ്ചരക്കുകളും ശാമിലെ മാർക്കറ്റിലെത്തിക്കുന്നത് അറബി വ്യാപാരികളാണ് യൂറോപ്യൻ രാജ്യക്കാർ അവ വാങ്ങിക്കൊണ്ടുപോവുന്നു ശാമിലെ ക്രൈസ്തവർക്ക് യഹൂദികളെ വെറുപ്പാണ് കണ്ടാൽ കൊല്ലും അത്രക്ക് ശത്രുതയാണ്

എന്താ കാരണം ? യഹൂദർ യേശുവിനെ കുരിശിൽ തറച്ചു കൊന്നുവെന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു അതിന് എവിടെവെച്ചും പ്രതികാരം ചെയ്യും
യസ്രിബിൽ യഹൂദികൾ സമ്പന്നരായിത്തീരുന്നത് ക്രൈസ്തവർക്ക് സഹിക്കാൻ കഴിഞ്ഞില്ല

ഒരിക്കൽ ശാമിൽനിന്ന് ശക്തമായ ക്രൈസ്തവ സൈന്യം പുറപ്പെട്ടു സൈന്യം യസ്രിബിന് നേരെ മുന്നേറിവന്നു

ഔസ് ഗോത്രവും ഖസ്റജ് ഗോത്രവും ക്രൈസ്ത സൈന്യത്തെ സഹായിക്കുന്ന നിലപാടെടുത്തു

യഹൂദർക്ക് നേരെ ശക്തമായ ആക്രമണം നടന്നു അതൊരു കൂട്ടക്കുരുതി തന്നെയായിരുന്നു കണക്കില്ലാത്ത യഹൂദന്മാർ വധിക്കപ്പെട്ടു അവരുടെ സാമ്പത്തിക അടിത്തറ തകർന്നുപോയി പിടിച്ചു നിൽക്കാനാവാതെ പിന്മാറി യുദ്ധം കഴിഞ്ഞ് ക്രൈസ്തവ സൈന്യം തിരിച്ചു പോയി തകർന്നു തരിപ്പണമായ യഹൂദവംശം യസ്രിബിൽ ബാക്കിയായി യഹൂദ മനസ്സിൽ പക വളർന്നു ഔസിനോടും ഖസ്റജിനോടും തീർത്താൽ തീരാത്ത പക രണ്ടു ഗോത്രങ്ങളെയും തകർക്കണം അതിന് ചതി പ്രയോഗിക്കണം പുറമെ സ്നേഹം നടിക്കുക അടുത്തിടപഴകുക സമാധാനത്തോടെ വർത്തിക്കുക ഉള്ളിൽ കത്തിക്കാളുന്ന പക യഹൂദ സമൂഹം കഠിനാധ്വാനത്തിലൂടെ കരകയറാൻ ശ്രമിക്കുകയാണ് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം നമുക്ക് ജബലുബ്നു അംറിന്റെ സമീപത്തേക്ക് തന്നെ തിരിച്ചു പോകാം

ഗോത്രത്തിലെ പ്രമുഖ വ്യക്തിയാണ് പേരെടുത്ത പൊതുകാര്യ പ്രവർത്തകൻ അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയാണ് ഭാര്യ ഗർഭിണിയായാൽ ഭർത്താവിന് ഉൽക്കണ്ഠയാണ് കുഞ്ഞ് ആണോ പെണ്ണോ? അതറിയാനുള്ള ബേജാറ് ആ ബേജാറ് മനസ്സിൽ നിറഞ്ഞു നിൽക്കും കാത്തിരിപ്പിന്നന്ത്യമായി ഭാര്യ പ്രസവിച്ചു ആൺകുഞ്ഞ് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തറവാട്ടിൽ സന്തോഷം കതിർകത്തിനിന്നു

കുലീന വനിതകൾ കൂട്ടത്തോടെ വന്നു കുഞ്ഞിനെ കണ്ടു അതിശയിച്ചുപോയി എന്തൊരഴക് ... നല്ല വെളുത്ത നിറം ചെഞ്ചുണ്ടുകൾ കണ്ണുകളും മൂക്കും പുരികവും നെറ്റിയും എത്ര മനോഹരം..... കുഞ്ഞിനെ എടുത്തോമനിക്കാൻ എല്ലാവർക്കും വലിയ ആഗ്രഹം കുഞ്ഞിന് പേരിട്ടു മുആദ്

നാളുകൾ നീങ്ങി കുഞ്ഞ് വളർന്നു കൊണ്ടിരുന്നു തരിപ്പല്ലുകൾ വന്നു ചിരിക്കുമ്പോൾ എന്തൊരു പ്രകാശം മുആദ് മോൻ വളർന്നു വീട്ടിനകത്തും പുറത്തും ഓടിനടക്കുന്ന പ്രായമായി

യഹൂദികൾ ഔസ് ഗോത്രത്തിലെ യുവാക്കളോട് സ്വകാര്യം പറഞ്ഞു വിഷം വമിക്കുന്ന വാക്കുകൾ അവർ ശ്രദ്ധയോടെ കേട്ടു

പറഞ്ഞതെല്ലാം ഖസ്റജുകാരെപ്പറ്റിയാണ് ഔസ് യുവാക്കൾ ഖസ്റജുകാരെ സംശയത്തോടെ നോക്കാൻ തുടങ്ങി അവരുടെ ചലനങ്ങളോരോന്നും നിരീക്ഷിക്കാൻ തുടങ്ങി

യഹൂദികൾ ഖസ്റജുകാരോടും സ്വകാര്യം പറഞ്ഞു ഔസുകാരെപ്പറ്റി ഏഷണി പറഞ്ഞു ഖസറജുകാർ ഔസുകാരെ സംശയത്തോടെ നോക്കാൻ തുടങ്ങി
യസ്രിബിന്റെ മക്കൾ മനസുകൊണ്ടകന്നു മനസ്സകന്നപ്പോൾ സംസാരം കുറഞ്ഞു
വാക്കുകൾ പരുഷമായി

ഒരു തീപ്പൊരി വീണാൽ ആളിക്കത്തുന്ന അവസ്ഥയായി യഹൂദികൾ നന്നായി വിഷം ചീറ്റിക്കൊണ്ടിരുന്നു

വാക്കുതർക്കങ്ങൾ കൈയേറ്റത്തിൽ കലാശിച്ചു പോര് മുറുകി പക വളർന്നു
അതൊരു ആഭ്യന്തര യുദ്ധമായി മാറി പരസ്പരം നശിപ്പിച്ചു നാമാവശേഷമാക്കാനുള്ള വാശി യുദ്ധം കത്തിപ്പടർന്നു രോഷം ആളിപ്പടർന്നു

ഫലസമൃദ്ധമായ തോപ്പുകൾ കത്തിയമരുന്നു വീടുകളും വ്യാപാര സ്ഥാപനങ്ങളും കത്തിച്ചാമ്പലാകുന്നു മനുഷ്യർ പിശാചുക്കളായി വിവേകമില്ലാത്തവരായി ഒരു പട്ടണം കത്തിയമരുകയാണ്


യുദ്ധം


ജബലിന്റെ മകൻ മുആദ് - മുആദുബ്നു ജബൽ 

സുമുഖനായ ചെറുപ്പക്കാരൻ മുആദിന്റെ ബാല്യകാല സ്മരണകളിൽ നിറഞ്ഞു നിൽക്കുന്നത് ഔസ്-ഖസ്റജിന്റെ യുദ്ധരംഗങ്ങളാണ് യുദ്ധത്തിന്റെ ഭീകരമുഖം ആളുകളുടെ സംഭാഷണങ്ങളെല്ലാം യുദ്ധത്തെക്കുറിച്ചാണ് ആ വാക്കുകൾ മറക്കാനാവില്ല യുദ്ധത്തിന്റെ കെടുതികൾ ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ മുആദ് ബാല്യദശയിലാണ് കേട്ടത് മറക്കാത്ത പ്രായം വെട്ടിനശിപ്പിക്കപ്പെട്ട തോട്ടങ്ങളെക്കുറിച്ചു കേട്ടു വെട്ടേറ്റു വീണവരുടെ രോദനങ്ങൾ കേട്ടു യഹൂദികൾ മറ്റൊരു കാര്യം പറയുന്നുണ്ട് ഒരു പ്രവാചകൻ വരും അതിന്റെ സമയം എത്തിയിരിക്കുന്നു പ്രവാചകന്റെ കൂടെ ഞങ്ങളുമുണ്ടാകും നിങ്ങളെ പരാജയപ്പെടുത്തും ഈ നാട് ഞങ്ങളുടേതായിത്തീരും

ഒരു പ്രവാചകൻ വരുമെന്ന് ക്രൈസ്തവരും പറയുന്നുണ്ട് പ്രവാചകൻ അവരുടെ കൂടെയായിരിക്കുമെന്നവർ പറയുന്നു

യഹൂദരുടെ കൈവശം തൗറാത്ത് എന്ന വേദഗ്രന്ഥമുണ്ട് ക്രൈസ്തവരുടെ കൈവശം ഇഞ്ചീൽ എന്ന വേദഗ്രന്ഥമുണ്ട് രണ്ട് വേദഗ്രന്ഥങ്ങളിലും പ്രവാചകന്റെ ആഗമനം പറയുന്നുണ്ട് രണ്ട് കൂട്ടരും പ്രവാചകനെ പ്രതീക്ഷിച്ചിരിക്കുകയാണ്

ഔസുകാരുടെ കൈവശം വേദഗ്രന്ഥമില്ല ഖസ്റജുകാരുടെ കൈവശവുമില്ല അവർ ബിംബാരാധകരാണ് മുശ്രിക്കുകൾ പ്രവാചകൻ വരുമെന്ന് പലരും പറയുന്നു അതവരും കേട്ടിട്ടുണ്ട്

ഇബ്രാഹിം നബി (അ)നെപ്പറ്റി അവർ കേട്ടിട്ടുണ്ട് ഇസ്മാഈൽ(അ)നെയും കേട്ടിട്ടുണ്ട് അവരാണ് കഅ്ബാശരീഫ് പുതുക്കിപ്പണിതത് യസ്രിബിൽ നിന്ന് വർഷം തോറും ധാരാളമാളുകൾ മക്കത്ത് പോവാറുണ്ട് ഹജ്ജ് കർമം നിർവഹിക്കാൻ മുആദിന്റെ ഓർമകളിൽ ഇക്കാര്യങ്ങളെല്ലാമുണ്ട് തന്റെ കുടുംബത്തിൽ നിന്ന് എത്രയോ പേർ ഹജ്ജിന് പോയിട്ടുണ്ട് ഹജ്ജ് യാത്രാവിവരണങ്ങൾ എത്രയോ തവണ കേട്ടിട്ടുണ്ട് പുണ്യം നിറഞ്ഞ പട്ടണമാണ് മക്ക് അവിടെയാണ് കഅ്ബാ ശരീഫ് അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി പണിതുയർത്തപ്പെട്ട ആദ്യത്തെ ദിവ്യഭവനം കഅ്ബയെ ചുറ്റുക

അതാണ് ത്വവാഫ് കഅ്ബാലയത്തിനകത്ത് ബിംബങ്ങളുണ്ട് കഅ്ബാലയത്തിന് ചുറ്റുമുണ്ട് സഫാ മലയുടെ മുകളിൽ പ്രധാനപ്പെട്ടൊരു ബിംബമുണ്ട് മർവായുടെ മുകളിലുമുണ്ട് ഒരു പ്രധാനി മുആദ് മോൻ അതെല്ലാം കേട്ട് മനസ്സിലാക്കിവെച്ചിട്ടുണ്ട് മക്കയിൽ നിന്നുള്ള കച്ചവട സംഘങ്ങൾ യസ്രിബിലൂടെ കടന്നുപോവുന്നു യസ്രിബിൽ കുറെ ദിവസം തമ്പടിച്ചു താമസിക്കും മക്കക്കാർ പ്രധാനികളാണ് അവർ കഅ്ബയുടെ നാട്ടുകാരാണ് എല്ലാവരും ഹജ്ജിനെത്തുന്ന നാട്ടിലുള്ളവർ യസ്രിബുകാർ അവരെ ആദരവോടെ സ്വീകരിക്കും മറ്റു നാട്ടുകാർക്കൊന്നും ആ ആദരവ് ലഭിക്കില്ല ഹാജിമാർക്ക് ആഹാരം നൽകുന്നത് മക്കക്കാരാണ് മക്കത്തെ ഖുറൈശികൾ വെള്ളം നൽകുന്നതുമവരാണ് താമസ സൗകര്യവും നൽകും

മക്കയുടെ വലിയ നേതാവായിരുന്നു ഹാശിം അദ്ദേഹം വിവാഹം ചെയ്തത് യസ്രിബിൽ നിന്നാണ് അവരുടെ പേര് സൽമ ഹാശിമും സൽമയും എത്ര നല്ല ദമ്പതികൾ അവർക്ക് പിറന്ന പുത്രനാണ് അബ്ദുൽ മുത്തലിബ്

സൽമയുടെ ബന്ധുക്കൾ ബനുന്നജ്ജാർ വംശം യസ്രിബിലെ പ്രമുഖന്മാർ
വീണ്ടും ഹജ്ജ് കാലം വരികയാണ് യസ്രിബിൽ നിന്ന് പലരും ഹജ്ജിന് പോവാനൊരുങ്ങി ഹജ്ജിന് പോവുന്നവർ സംസം വെള്ളം കൊണ്ടുവരും അല്ലാഹു നൽകിയ അത്ഭുതജലം ഗോത്രത്തിലെ ഉമ്മമാർ സംസത്തിന്റെ കഥ പറയും കുട്ടികൾ ആകാംക്ഷയോടെ കേൾക്കും

ഹാജറാ ബീവിയുടെ കോരിത്തരിപ്പിക്കുന്ന കഥ ഇസ്മാഈൽ എന്ന കുഞ്ഞിന്റെ കഥ ആ കുഞ്ഞ് ദാഹിച്ചു കരഞ്ഞു കലിട്ടടിച്ചു അവിടെനിന്ന് വെള്ളം പൊട്ടിയൊഴുകി സംസം

കുട്ടി പ്രായത്തിൽ തന്നെ മുആദ് അതെല്ലാം കേട്ടിട്ടുണ്ട്
അബുൽ ഹൈസർ ഔസ് ഗോത്രത്തിലെ ഒരു പ്രമുഖ നേതാവാണ്
ഇയാസുബ്നു മുആദ് ഓസിലെ മറ്റൊരു പ്രമുഖൻ ഇവരുടെ നേതൃത്വത്തിൽ ഒരുകൂട്ടം യുവാക്കൾ മക്കയിൽ പോയി ഖുറൈശികളുടെ സഹായം തേടാനാണ് പോയത് ഖസ്റജുമായുള്ള യുദ്ധത്തിൽ ഖുറൈശികൾ തങ്ങളെ സഹായിക്കണം യുവാക്കളുടെ ഒരു സംഘമായിരുന്നു അത് അവർ മക്കത്തെത്തി അവരെ കാണാൻ ഒരാൾ വന്നു പരിചയപ്പെട്ടു

അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ലയുടെ മകൻ മുഹമ്മദ് നബി (സ)
ഇസ്ലാം മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ വിവരിച്ചു കൊടുത്തു ആഗതൻ അതിശയിച്ചുപോയി വിശുദ്ധ ഖുർആൻ വചനങ്ങൾ കേൾപ്പിക്കുകയും ചെയ്തു

'ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും , മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുക' നബി(സ) അവരോടാവശ്യപ്പെട്ടു

ഇയാസുബ്നു മുആദിന്റെ മനസ്സിന്റെ ഈമാനിന്റെ പ്രകാശം പരന്നു അദ്ദേഹം തന്റെ കൂടയുള്ളവരോട് പറഞ്ഞു:

' എന്റെ സുഹൃത്തുക്കളേ ഒരു പ്രത്യേക കാര്യത്തിന് വേണ്ടിയാണ് നിങ്ങളിവിടെ വന്നത് ആ കാര്യത്തെക്കാൾ എത്രയോ ഉത്തമമാണ് ഈ കേട്ട കാര്യം'

ഈ സംഘം യസ്രിബിൽ മടങ്ങിയെത്തി തങ്ങൾ കേട്ട കാര്യം മറ്റുള്ളവരോട് പറഞ്ഞു ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് പലരും അറിയാനിടയായി
ഇയാസുബ്നു മുആദ് ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞിരുന്നു സുവൈദുബ്നു അസ്വാമിത് ഔസ് ഗോത്രക്കാരുടെ പ്രമുഖ നേതാവാണ് പ്രസിദ്ധനായ കവിയാണ് ധീരനായ യോദ്ധാവ് മറ്റനേകം ഗുണങ്ങൾ ഒത്തിണങ്ങിയ നേതാവ്
'അൽ-കാമിൽ ' എന്നാണദ്ദേഹം അറിയപ്പെട്ടത് സമ്പൂർണത നേടിയവൻ എല്ലാവരുടെയും ആദരവിന്നർഹനായി

ലുഖ്മാനുൽ ഹകീമിന്റെ തത്വജ്ഞാനം രേഖപ്പെടുത്തിയത് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു അതിലെ വിലപ്പെട്ട വിവരങ്ങൾ പഠിച്ചു വെച്ചു വിവരമുള്ളവരുമായി തത്വങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും വിദ്യ നുകരാനാഗ്രഹിക്കുന്നവർ ചുറ്റും കൂടും വിദ്വാൻ എന്ന രീതിയിൽ അദ്ദേഹം ആദരണീയനാണ്

ഹജ്ജ് കാലം വന്നു ഒരു കൂട്ടം ആളുകളോടൊപ്പം സുവൈദ് മക്കയിലേക്കു പോയി

മക്കയിൽ വെച്ച് നബി (സ) തങ്ങൾ സുവൈദിനെ കണ്ടുമുട്ടി ഇസ്ലാം മത തത്വങ്ങളെക്കുറിച്ചു സംസാരിച്ചു സുവൈദ് ശ്രദ്ധാപൂർവം കേട്ടു

സുവൈദിനെ ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ചു സുവൈദ് ഇങ്ങനെ പറഞ്ഞു:

' എന്റെ പക്കലുള്ളതും താങ്കളുടെ പക്കലുള്ളതും ഒരുപോലെത്തന്നെ'
നബി (സ) ചോദിച്ചു: താങ്കളുടെ പക്കലുള്ളതെന്താണ്?
എന്റെ പക്കലുള്ളത് ലുഖ്മാന്റെ തത്വജ്ഞാനം സുവൈദ് പാരായണം ചെയ്തു
നബി (സ) പറഞ്ഞു: ഇത് ഉത്തമമായത് തന്നെ എന്നാൽ എന്റെ വശമുള്ളത് ഏറ്റവും ഉത്തമമാണ്

വിശുദ്ധ ഖുർആൻ വചനങ്ങൾ നബി (സ) പാരായണം ചെയ്തു കേൾപ്പിച്ചു
സുവൈദ് കോരിത്തരിച്ചു നിന്നുപോയി ഇത് ഇലാഹിയ്യായ വചനങ്ങൾ തന്നെ ഈമാനിന്റെ പ്രകാശം എത്തിപ്പോയി ആരാധനക്കർഹൻ അല്ലാഹു മാത്രം മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ റസൂലാകുന്നു സുവൈദ് വിശ്വസിച്ചു കഴിഞ്ഞു യസ്രിബിൽ തിരിച്ചെത്തി അപ്പോഴേക്കും യുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നു ഘോരയുദ്ധം

സുവൈദ് തന്റെ ഗോത്രത്തിന് വേണ്ടി രംഗത്തിറങ്ങി ഖസ്റജുകാർ അദ്ദേഹത്തെ വധിച്ചു കളഞ്ഞു

ബുഗാസ് യുദ്ധം

ഔസും ഖസ്റജും തമ്മിൽ നടന്ന യുദ്ധം അങ്ങനെയാണ് അറിയപ്പെട്ടത് യുദ്ധത്തിന്റെ ഗതി നിർണയിക്കാനായത് നിരവധി പേർ വധിക്കപ്പെട്ട ശേഷമാണ്

ഖസ്റജ് ഗോത്രക്കാർ ജയിച്ചു കയറി ഔസ് ഗോത്രക്കാർക്ക് യുദ്ധക്കളം വിട്ടോടേണ്ടതായിവന്നു സഹിക്കാനാവാത്ത വേദനയായി ഔസ് സൈന്യത്തെ നയിച്ചത് ധീരനായ അബൂഉസൈദ് ആയിരുന്നു 

തോറ്റോടുന്നതിനേക്കാൾ അഭികാമ്യം മരണമാണ് ധീരനായ അബൂഉസൈദ് പ്രഖ്യാപിച്ചു

ഖസ്റജുകാർ നന്നായി പരിഹസിച്ചു അതുകൂടിയപ്പോൾ അബൂഉസൈദ് പരിസരം മറന്നു അദ്ദേഹത്തിന്റെ ശബ്ദം ഉയർന്നു

ഔസ് ഗോത്രമേ.... നിങ്ങൾ ഓടിപ്പോവുകയാണോ? ഞാൻ ഓടിപ്പോവില്ല ഖസ്റജുകാർ വന്ന് എന്നെ വധിക്കട്ടെ എന്നെ ഖസ്റജുകാർക്ക് വിട്ടുകൊടുത്തിട്ട് നിങ്ങൾ ഓടിപ്പോയ്ക്കൊള്ളൂ ഞാൻ മരണം തിരഞ്ഞെടുത്തു കഴിഞ്ഞു

ഔസുകാർ ഞെട്ടി സൈന്യാധിപനെ ശത്രുക്കൾക്ക് വിട്ടുകൊടുക്കുകയോ? പിന്നെന്തിന് ജീവിക്കുന്നു? എല്ലാവരും ജീവിതമോഹം കൈവിട്ടു മരണം തിരഞ്ഞെടുത്തു പൂർവ്വാധികം ധീരതയോടെ പാഞ്ഞടുത്തു ആഞ്ഞടിച്ചു മുന്നേറി ഖസ്റജുകാരുടെ അടി പതറി പിന്നാക്കം നീങ്ങി ഔസിന്റെ ശൗര്യം കൂടി ഖസ്റജ് പിന്തിരിഞ്ഞോടി ഔസുകാർ ഖസ്റജുകാരുടെ വീടുകൾക്ക് തീയിട്ടു ഈത്തപ്പനത്തോട്ടങ്ങൾ കത്തിച്ചു ഖസ്റജിനെ നാമാവശേഷമാക്കുക അതിന്നുവേണ്ടിയാണ് ഈ മുന്നേറ്റം ഖസ്റജിന്റെ കോട്ടകൾ പിടിച്ചടക്കിക്കഴിഞ്ഞു അബൂ ലൈസുബ്നു അസ്ലത്ത് മനുഷ്യസ്നേഹിയായ നേതാവാണ് അദ്ദേഹം ഔസിന്റെ മുമ്പിൽ ചാടിവീണു 'നിർത്തൂ...നിർത്തൂ... ഈ മനുഷ്യക്കുരുതി എന്തിനാണ് നിങ്ങൾ ഖസ്റജിനെ കൊന്നൊടുക്കുന്നത് ശത്രുക്കളായ യഹൂദികളെ സന്തോഷിപ്പിക്കാനോ?

അബൂഖൈസിന്റെ ശബ്ദം ഉയർന്നു

ഔസുകാരേ....ഖസ്റജുകാരേ... നിങ്ങൾ ഒരേ മതത്തിൽപെട്ടവരല്ലേ...? സഹോദരങ്ങളല്ലേ...? യഹൂദരന്മാരല്ലേ നിങ്ങളെ വഞ്ചിച്ചത്...? പടവാളുകൾ താഴ്ന്നു കുതിരപ്പുറത്തുനിന്നും ഒട്ടകപ്പുറത്തുനിന്നും സൈനികർ താഴെയിറങ്ങി

വല്ലാത്ത ദുഃഖഭാരം ഇത്രത്തോളം വേണമെന്ന് വിചാരിച്ചിരുന്നില്ല സംഭവിച്ചുപോയി വധിക്കപ്പെട്ടവർക്ക് കണക്കില്ല അവരെയെല്ലാം ഖബറടക്കണം മരിച്ചവരുടെ എത്രയോ ഇരട്ടിയാണ് മുറിവേറ്റവർ അവരെ ചികിത്സിക്കണം

ഖസ്റജുകാരുടെ കാര്യമാണ് പരമ ദയനീയം വീടില്ല തോട്ടമില്ല വരുമാന മാർഗമില്ല ആഹാരമില്ല വിശന്നു വലഞ്ഞവർ എങ്ങോട്ടുപോവും...?

യഹൂദികളെ സമീപിക്കുകയേ വഴിയുള്ളൂ

യഹൂദികൾ കാത്തിരിക്കുകയാണ് ഖസ്റജുകാരെ അടിമകളാക്കാൻ
അടിമകളായിക്കൊള്ളാം ആഹാരം തന്നാൽ മതി ആഹാരം കിട്ടി യഹൂദികളുടെ അടിമകളായി ജീവിച്ചു

ഔസുകാരുടെ കാര്യവും ദയനീയം തന്നെ യഹൂദികളെ ആശ്രയിക്കേണ്ടിവരും
യസ്രിബിന്റെ നിയന്ത്രണം യഹൂദികളുടെ കൈയിൽ തന്നെ വന്നു ചേർന്നു അവർ വിചാരിക്കുന്നത് നടക്കും മറ്റാര് വിചാരിക്കുന്നതും നടക്കില്ല

ഇനി രക്ഷ കിട്ടണമെങ്കിൽ ഔസും ഖസ്റജും യോജിക്കണം അത് സാധ്യമാണോ? ആര് യോജിപ്പിക്കും ? ഏത് നേതാവിന്നാണത് കഴിയുക? ആർക്കും ഒരു പിടിയുമില്ല ഓരോ മനസ്സിലും അസ്വസ്ഥത വളരുകയാണ് യാതനകളുടെ നാളുകൾ വരികയാണ് അതിന്നിടയിൽ ഹജ്ജ് കാലം വന്നു അടിമകളാക്കപ്പെട്ട ഖസ്റജുകാർ ചർച്ച തുടങ്ങി ഹജ്ജിന് പോകണമോ? എങ്ങനെ പോകും? ദൈവ പ്രീതി നേടണം , ഹജ്ജിന് പോവണം അങ്ങനെ തീരുമാനമായി ഒരുകൂട്ടം ഖസ്റജുകാർ ആ കൊല്ലം ഹജ്ജിന് പോയി


മിസ്അബുബ്നു ഉമൈർ(റ) 

യുദ്ധമൂലം ഖസ്റജുകാർ ദരിദ്രരായി മാറിയിരുന്നു അങ്ങനെ പറഞ്ഞാൽ പോര അവർ യഹൂദികളുടെ അടിമകളായിത്തീർന്നിരുന്നു

കഷ്ടപ്പെട്ട യാത്രയായിരുന്നു അത് അവർ മക്കയിലെത്തി കഅ്ബാ ശരീഫിൽ നിന്ന് ഏറെ ദൂരെയല്ലാതെ തമ്പടിച്ചു അവർക്ക് ആഹാരവും വെള്ളവും കിട്ടി ആശ്വാസമായി

അവരെ കാണാൻ ഒരാളെത്തി

ആരും നോക്കി നിന്നുപോവും അത്രയേറെ ആകർഷകമാണ് ശരീര സൗന്ദര്യം നോട്ടം, ഭാവം, സംസാരം എല്ലാം എത്ര ആകർഷകം സംസാരിച്ചു തുടങ്ങി എത്ര ആകർഷകമായ സംസാരം അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങൾ ആ സംഘത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് വല്ലാത്ത അതിശയം അവർ രണ്ടുപേരും ബനുന്നജ്ജാർ വംശജരായിരുന്നു

ആരാണ് ബനൂന്നജ്ജാർ?

നബി (സ)തങ്ങളുടെ ഉപ്പ അബ്ദുല്ല എന്നവർ അബ്ദുല്ലയുടെ ഉപ്പ അബ്ദുൽ മുത്തലിബ് എന്നവർ അബ്ദുൽ മുത്തലിബിന്റെ ഉപ്പ ഹാശിം എന്നവർ ഹാശിമിന്റെ ഭാര്യ സൽമ

സൽമയുടെ തറവാട് ബനൂന്നജ്ജാർ

ഹാശിമിന്റെയും സൽമയുടെയും പുത്രനാണ് അബ്ദുൽ മുത്തലിബ് സൽമയുടെ സഹോദരന്മാർ അബ്ദുൽ മുത്തലിബിന്റെ അമ്മാവന്മാർ

ഈ അമ്മാവന്മാരുടെ പരമ്പരയിൽ പിറന്ന രണ്ട് ചെറുപ്പക്കാർ അക്കൂട്ടത്തിലുണ്ടായിരുന്നു

അവർ പ്രവാചകനെ കണ്ടു സംസാരം കേട്ടു കേട്ടതെല്ലാം വിശ്വസിച്ചു
നബി (സ) അവരോടിങ്ങിനെ പറഞ്ഞു: അല്ലാഹു ഏകനാകുന്നു അവന്ന് പങ്കുകാരില്ല മുഹമ്മദ് അവന്റെ ദൂതനാകുന്നു ഈ സത്യവചനത്തിന് നിങ്ങൾ സാക്ഷികളാവുക

അവർ അന്യോന്യം നോക്കി പരസ്പരം സംസാരിച്ചു

യഹൂദികൾ ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് പറയാറുണ്ട് പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ട് ആ പ്രവാചകൻ ഇതുതന്നെ യഹൂദികളെക്കാൾ മുമ്പെ നാം പ്രവാചകരുടെ മുമ്പിലെത്തി അല്ലാഹുവിന്റെ അനുഗ്രഹം

അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും അവർ സാക്ഷ്യം വഹിച്ചു

അവരുടെ മനസ്സിൽ ഈമാനിന്റെ പ്രകാശം അവർ ഇങ്ങനെ പ്രഖ്യാപിച്ചു:
ഞങ്ങൾ ഗോത്രത്തിന്റെ പേരിലുള്ള വർഗവികാരം കൈവെടിഞ്ഞിരിക്കുന്നു ഞങ്ങൾ ഔസിനെയും ഖസ്റജിനെയും കൈവിട്ടുകളഞ്ഞിരിക്കുന്നു
അവർക്കിടയിലുള്ളത് പോലുള്ള ശത്രുതയും , വെറുപ്പും വിരോധവും മറ്റെവിടെയും കാണുകയില്ല

അല്ലാഹുവിന്റെ റസൂലേ....അങ്ങയിലൂടെ അല്ലാഹു ഔസിനെയും ഖസ്റജിനെയും ഐക്യത്തിലെത്തിച്ചേക്കാം എങ്കിൽ താങ്കളേക്കാൾ പ്രതാപശാലിയായ മറ്റാരുമുണ്ടാവില്ല

അവർ ആവേശഭരിതരായി സംസാരിച്ചു നബി (സ) ഓതിക്കേൾപ്പിച്ച വിശുദ്ധ ഖുർആൻ വചനങ്ങൾ അവരെ നിർവൃതിയിലാഴ്ത്തി

ബനൂന്നജ്ജാർ വംശക്കാരായ രണ്ടുപേരും ഏറെ സന്തോഷവാന്മാരായിരുന്നു ഈ സന്ദേശം ഇലാഹിയ്യാണ് യസ്രിബിൽ ഇത് പ്രചരിപ്പിക്കണം അവരുടെ മനസ്സിൽ ആവേശം നിറഞ്ഞു

തിരുസന്നിധിയിൽ വെച്ചാണവർ ഇസ്ലാം മതം സ്വീകരിച്ചത് എല്ലാ വിശുദ്ധിയും കൈവരിക്കാൻ കഴിഞ്ഞു ഇനി മടങ്ങുകയാണ് യസ്രിബിലേക്ക് അല്ലാഹുവും അവന്റെ റസൂലും അതാണവരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് പൈശാചിക വികാരങ്ങളെല്ലാം മനസ്സിൽ നിന്നകന്ന് പോയിരിക്കുന്നു കുടിപ്പകയില്ല വിരോധമില്ല ശത്രുതയില്ല അസൂയയില്ല അഹംഭാവമില്ല ഉള്ളത് വിനയം ശാന്തത സാഹോദര്യം സ്നേഹം എന്തൊരു മാറ്റം മാറ്റം വീട്ടുകാരറിഞ്ഞു അയൽക്കാരറിഞ്ഞു നാട്ടുകാരറിഞ്ഞു

അവർ അന്വേഷിച്ചു എന്തുപറ്റി നിങ്ങൾക്ക്? 

മക്കയിലേക്ക് പോയത് പോലെയല്ലല്ലോ മടങ്ങിയെത്തിയത് സമൂലമായൊരു മാറ്റം വന്നിട്ടുണ്ട് എന്താണ് കാരണം?

ശരിയാണ് ഞങ്ങൾ മക്കയിലേക്ക് പോയത് വെറും മനുഷ്യരായിട്ടായിരുന്നു മടങ്ങിവന്നത് മുഅ്മിനുകളായിട്ടാണ് ഞങ്ങൾ സത്യ സാക്ഷ്യം വഹിച്ചവരാണ്

ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും ഞങ്ങൾ സാക്ഷ്യം വഹിച്ചു കഴിഞ്ഞു

ഇനി ഞങ്ങളുടെ ഹൃദയതാളം അല്ലാഹുവിന്റെയും റസൂലിന്റെയും പൊരുത്തത്തിലായിരിക്കും അവിരിഷ്ടപ്പെടാത്തൊരു ചിന്ത ഇനി ഞങ്ങൾക്കില്ല വാക്കുകളും പ്രവർത്തികളുമില്ല നിങ്ങളും സത്യ സാക്ഷ്യം വഹിക്കണം

ഇതൊരു അത്ഭുത വാർത്ത തന്നെ അത്ഭുത വാർത്ത പെട്ടെന്ന് നാട്ടിൽ പരന്നു അല്ലാഹുവും റസൂലും യസ്രിബിൽ ചൂടുള്ള വാർത്തയാണത് എല്ലാ വീടുകളിലും അത് തന്നെയാണ് ചർച്ച ഖസ്റജുകാരുടെ വീടുകളിൽ ചർച്ച നടക്കുന്നു ഔസുകാരുടെ വീടുകളിലും ചർച്ച തന്നെ ബനൂന്നജ്ജാറിൽ കൂടുതൽ താൽപര്യത്തോടെ ചർച്ച നടന്നു പ്രവാചകൻ ആഗതനായിരിക്കുന്നു

നാമാണ് പ്രവാചകനിലേക്ക് വന്നുചേരേണ്ടത് യഹൂദികളല്ല ചെറുപ്പക്കാരനായ മുആദ് യസ്രിബിൽ പ്രചരിച്ച വാർത്തകൾ കേട്ടു കൂടുതൽ കേൾക്കാനാഗ്രഹം പലരും പറയുന്നു കേൾക്കുംതോറും ആവേശം വർദ്ധിക്കുന്നു

ബിംബാരാധന പാടില്ല അത് ശിർക്കാണ് അത് വെടിയണം അല്ലാഹു ഏകനാണ് അവനാണ് സ്രഷ്ടാവ് ഈ കാണുന്ന നീലാകാശം പടച്ചതവനാണ് ഭൂമി പടച്ചതുമവനാണ് സകല ചരാചരങ്ങളെയും സൃഷ്ടിച്ചതവനാണ് മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിമകൾ

അടിമകൾ അല്ലാഹുവിന്റെ കൽപനകൾ പാലിക്കണം മുആദ് ചിന്തയിൽ മുഴുകി എത്ര മനോഹരമായ ആദർശം ഇത് തന്നെയല്ലേ മനുഷ്യനാവശ്യം
ഇസ്ലാം മതം

മുഹമ്മദ് നബി (സ) ജനങ്ങളെ ക്ഷണിക്കുന്നത് ഇസ്ലാം മതത്തിലേക്കാണ്
പക്ഷെ, ഖുറൈശികൾ?

അവർ ഇസ്ലാമിനെ എതിർക്കുന്നു ഇസ്ലാം മത വിശ്വാസികളെ മർദ്ദിക്കുന്നു ക്രൂര മർദ്ദനങ്ങൾ മുആദിന്റെ മനസ്സിൽ ഉൽക്കണ്ഠ വളർന്നു മക്കാ പട്ടണത്തിന് സമീപമുള്ള അഖബ എന്ന സ്ഥലത്തുവെച്ചാണ് നബി (സ) തങ്ങൾ യസ്രിബുകാരെ കണ്ടത്

യസ്രിബുകാർ ആറ് പേരുണ്ടായിരുന്നു അവരിൽ നിന്നാണ് നബി (സ) തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് ലഭിച്ചത് നബി (സ) തങ്ങൾക്ക് പ്രവാചകത്വം ലഭിച്ച് പതിനൊന്നാം കൊല്ലമാണ് ഈ സംഭവം നടന്നത്
ഒരു വർഷം കടന്നുപോയി

ഇത് പ്രവാചകത്വ ലബ്ധിയുടെ പന്ത്രണ്ടാം വർഷം യസ്രിബിൽ നിന്ന് പന്ത്രണ്ട് പേർ ഹജ്ജിന് പോവുന്നു കഴിഞ്ഞ വർഷം പോയ ആറ് പേരിൽ അഞ്ചുപേർ ഇത്തവണയും പോവുന്നു പുതുതായി ഏഴ് പേരും

പന്ത്രണ്ടിൽ പത്തുപേരും ഖസ്റജ് ഗോത്രക്കാരാണ് രണ്ടു പേർ ഔസ് ഗോത്രകകാരുമാണ്

അസ്അദുബ്നു സുറാറ, റാഫിഉബ്നു മാലിക്, ഉബാദത്തുബ്നു സാമിത്, അബുൽ ഹൈസമുബ്നു തൈഹാൻ എന്നിവർ അവരിൽ പ്രമുഖന്മാരായിരുന്നു

അഖബ എന്ന സ്ഥലത്തുവെച്ച് അവർ നബി(സ) തങ്ങളെ കണ്ടുമുട്ടി നബി (സ) അവരോട് സംസാരിച്ചു ആ വാക്കുകൾ അവരുടെ ഉള്ളിൽ തട്ടി വിശുദ്ധ ഖുർആൻ വചനങ്ങൾ ഓതിക്കേൾപ്പിച്ചു അവർ ദിവ്യമായ അനുഭൂതിയിൽ ലയിച്ചു

അവർ നബി (സ) തങ്ങളുമായി ബൈഅത്ത് ചെയ്തു താഴെ പറയുന്ന കാര്യങ്ങളിലായിരുന്നു ബൈഅത്ത്

അല്ലാഹുവിനോട് ഒന്നിനെനും പങ്കുചേർക്കുകയില്ല
കളവ് പറയുകയില്ല
വ്യഭിചരിക്കുകയില്ല
കുഞ്ഞുങ്ങളെ വധിക്കുകയില്ല
കുറ്റം ചെയ്യുകയില്ല
സന്മാർഗ കാര്യങ്ങളിൽ നബി (സ)യെ അനുസരിക്കും സുഖത്തിലും ദുഃഖത്തിലും സത്യവിശ്വാസം മുറുകെ പിടിക്കും ഇതാണ് ഒന്നാം അഖബ ഉടമ്പടി

ഒന്നാം അഖബ ഉടമ്പടി കഴിഞ്ഞു അവർ മടങ്ങി യസ്രിബുകാർ അവരെ കാത്തിരിക്കുകയായിരുന്നു അവർ മടങ്ങിയെത്തി ആഹ്ലാദകരമായ സ്വീകരണം മുആദ് അവരുടെ വാക്കുകൾ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു അവർ അഖബാ ഉടമ്പടിയുടെ വിശദാംശങ്ങൾ വിവരിച്ചു 

ഇസ്ലാം യസ്രിബിൽ അതൊരാവേശമായി മാറുകയാണ് അസ്അദുബ്നു സുറാറ(റ)

ഒന്നാം അഖബ ഉടമ്പടിയിൽ പങ്കെടുത്ത നേതാവ് വാചാലമായി സംസാരിക്കും അദ്ദേഹം ജനങ്ങളെ വിളിച്ചുകൂട്ടി നന്നായി പ്രസംഗിച്ചു ആശയങ്ങൾ കേൾവിക്കാരുടെ മനസ്സിലേക്കിറങ്ങിപ്പോവുന്നു മനസ്സിൽ ശക്തമായ ചലനങ്ങൾ

കേൾവിക്കാർക്കിടയിൽ മുആദുബ്നു ജബൽ എന്ന സുമുഖനായ ചെറുപ്പക്കാരനുണ്ട് മക്കയിൽ പോവാൻ വല്ലാത്ത മോഹം വന്നു മുത്ത്നബി(സ)യെ കാണാൻ കണ്ണുകൾ തുടിച്ചു

അസ്അദുബ്നു സറാറയുടെ സദസ്സിൽ ഔസുകാരും ഖസ്റജുകാരുമുണ്ട് അവർ വൈരം മറന്നു ശത്രുത പോയി ഇസ്ലാമിന്റെ വെളിച്ചം അവരെ യോജിപ്പിച്ചു

തങ്ങളെ ഇസ്ലാം മതം പഠിപ്പിക്കാൻ അനുയോജ്യനായ ഒരധ്യാപകനെ വേണം നബി (സ)തങ്ങൾക്ക് ഒരു കത്തയക്കാം ഖസ്റജ് ഗോത്രത്തിലെ നാൽപത് പ്രമുഖന്മാർ അതിൽ പേര് വെക്കണം ഔസ് ഗോത്രത്തിലെ നാൽപത് പേരും പേര് വെക്കണം കത്ത് തയ്യാറാക്കി എല്ലാവരും പേര് വെച്ചു കത്ത് മക്കയിലേക്ക് കൊടുത്തയച്ചു നബി (സ) തങ്ങൾക്ക് കത്ത് കിട്ടി 
യസ്രിബുകാരുടെ ആവശ്യം പരിഗണിച്ചു ആരെയാണ് യസ്രിബിലേക്കയക്കുക?
വിനയം,ലാളിത്യം , സംയമനം, പാണ്ഡിത്യം തുടങ്ങിയവ ഒത്തിണങ്ങിയ ആളാകണം

മുസ്അബുബ്നു ഉമൈർ(റ)

ഉന്നത തറവാട്ടിലാണ് ജനനം അതിസുന്ദരൻ ശൗര്യക്കാരിയായ ഖുനാസിന്റെ പുത്രൻ ധനികനായ കച്ചവടക്കാരൻ വിലകൂടിയ വസത്രങ്ങൾ ധരിക്കും മികച്ച സുഗന്ധദ്രവ്യങ്ങൾ പൂശിയാണ് സഞ്ചാരം മുസ്അബ് ഒരു വഴിയിലൂടെ നടന്നു പോയാൽ അവിടെ സുഗന്ധം തങ്ങിനിൽക്കും

മുസ്അബ് ഇസ്ലാമിന്റെ വിളികേട്ടുണർന്നു അദ്ദേഹം അർഖമിന്റെ വീട്ടിൽ ചെന്നു നബി (സ) തങ്ങളുടെ സദസ്സിലിരുന്നു ഉപദേശം കേട്ടു വിശുദ്ധ ഖുർആൻ വചനങ്ങൾ കേട്ടു സത്യസാക്ഷ്യം വഹിച്ചു ഈമാനിന്റെ പ്രകാശം മനസ്സിൽ കടന്നു നബി (സ)തിരുകരംകൊണ്ട് മിസ്അബിന്റെ മാറിടം തടവി മിസ്അബിന് മഹത്തായ വിജ്ഞാനം ലഭിച്ചു ചെറുപ്പക്കാരനായ പണ്ഡിതൻ ഉമ്മ മിസ്അബിനെ കെട്ടിയിട്ടു മർദ്ദിച്ചു മിസ്അബ് ഉറച്ചു നിന്നു എല്ലാം സഹിച്ചു മുഖത്തടിക്കാൻ ഉമ്മ കൈ ഓങ്ങി മുഖത്തിന്റെ സൗന്ദര്യം ഉമ്മയുടെ ധൈര്യം കെടുത്തിക്കളഞ്ഞു കൈ താഴ്ന്നു

മിസ്അബ് അബ്സീനിയായിലേക്ക് ഹിജ്റ പോയി പിന്നെ മക്കയിൽ തിരിച്ചെത്തി നബി(സ) തീരുമാനമെടുത്തു

മിസ്അബിനെ യസ്രിബിലേക്കയക്കാം യസ്രിബുകാരെ വിശുദ്ധ ഖുർആൻ പഠിപ്പിക്കുക ദീനീ ചിട്ടകൾ പഠിപ്പിക്കുക ഇസ്ലാംമത പ്രചരണം നടത്തുക
യസ്രിബിന്റെ ചരിത്രത്തിൽ മിസ്അബിന്റെ നാമം എഴുതിച്ചേർക്കാൻ പോവുകയാണ്

എന്തൊരു പദവി എത്ര വലിയ സൗഭാഗ്യം

ഇസ്ലാം മതം സ്വീകരിച്ചപ്പോൾ വലിയ മാറ്റങ്ങൾ വന്നു ചെറുപ്പക്കാരനായ മിസ്അബ്(റ) പരുക്കൻ വേഷം ധരിച്ചു ആഢംബരങ്ങൾ വലിച്ചെറിഞ്ഞു

നബി (സ) തങ്ങളുടെ പ്രതിനിധിയായി യസ്രിബിലെത്തി അസ്അദുബ്നു സറാറ(റ)വിന്റെ വീട്ടിൽ മിസ്അബ്(റ) എത്തിച്ചേർന്നു ഹൃദ്യമായ സ്വീകരണം
സുമുഖനായ മുആദുബ്നു ബബൽ(റ) വന്നു

സുമുഖനായ മിസ്അബ്(റ) വിനെ കണ്ടു

രണ്ടു പേരും ചെർപ്പക്കാർ ഇരുവർക്കും ആകർഷകമായ പെരുമാറ്റം നല്ല സംസാരം മിസ്അബ്(റ) മുആദിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചു മുആദ് ആവേശപൂർവം ക്ഷണം സ്വീകരിച്ചു സത്യസാക്ഷ്യ വചനം മൊഴിഞ്ഞു അവർ ഗുരുവും ശിഷ്യനുമായി

മുആദുബ്നു ജബൽ(റ) തന്റെ ജീവിതം ഇസ്ലാമിന് വേണ്ടി സമർപ്പിച്ചു തന്റെ രാപ്പകലുകൾ ഇസ്സാംമത പ്രചാരണത്തിനായി മാറ്റിവെച്ചു ജീവിതം ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു

മക്കയിലേക്ക്

മുആദുബ്നു ജബലി(റ)ന്റെ ആത്മീയ ഗുരുവാണ് മിസ്അബുബ്നു ഉമൈർ(റ)
യസ്രിബുകാർക്കിടയിൽ ഇസ്ലാം മതം പ്രചരിപ്പിക്കുകയെന്നതാണ് മിസ്അബി(റ)ന്റെ ദൗത്യം

ആ ദൗത്യം വിജിയിപ്പിക്കാൻ കഴിയുംവിധം സഹായിക്കുക അതാണ് മുആദി(റ)ന്റെ കടമ

എത്രയെത്ര സംഭവങ്ങൾ അരങ്ങേറി.... അതിനെല്ലാം മുആദ് (റ) സാക്ഷി

അസ്അദുബ്നു സുറാറ(റ) ഒരു ദിവസം മിസ്അബി(റ)നോട് ഇങ്ങനെ പറഞ്ഞു:
നമുക്കു ഒരു സ്ഥലം വരെ പോവാനുണ്ട് അവിടെ കുറെ മുസ്ലിംകളുണ്ട് അവരെ കാണാം ഇതുവരെ ഇസ്ലാം മതം സ്വീകരിക്കാത്ത ധാരാളം പേരുണ്ട് അവരിൽ ചിലരെ നമുക്കു കാണുകയും ചെയ്യാം

ഇരുവരും യാത്ര പുറപ്പെട്ടു സന്തോഷകരമായ യാത്ര അവർ ഉദ്ദേശിച്ച സ്ഥലത്ത് വന്നിറങ്ങി

മുശ്രിക്കുകളുടെ രണ്ട് നേതാക്കൾ അകലെനിന്നു തന്നെ അവരെ കണ്ടു
മിസ്അബ് (റ) യസ്രിബിൽ വന്നത് അവർക്ക് ഇഷ്ടപ്പെട്ടില്ല ഭീഷണപ്പെടുത്തി തിരിച്ചയക്കാമന്നാണവർ തീരുമാനിച്ചത്

ആ പ്രദേശത്തുണ്ടായിരുന്ന മുസ്ലിംകൾ മിസ്അബ്(റ)വിനെ കാണാൻ ഓടിക്കൂടി മിസ്അബ്(റ) അവരോട് സംസാരിച്ചു കൊണ്ടിരുന്നു

മുശ്രിക്കുകളായ നേതാക്കൾ ഇവരായിരുന്നു
1. സഅദുബ്നു മുആദ്
2. ഉസൈദുബ്നു ഫുളൈർ

അസ്അദുബ്നു സറാറയുടെ ബന്ധുവാണ് സഅദുബ്നു മുആദ് അതുകൊണ്ട് നേരിട്ട് ചെന്ന് എതിർക്കാൻ വിഷമമുണ്ട് അക്കാര്യം കൂട്ടുകാരനെ ഏൽപിച്ചു

സഅദ് കൂട്ടുകാരനായ ഉസൈദിനോട് പറഞ്ഞു: നോക്കൂ.... ആ രണ്ടാളുകൾ കുഴപ്പക്കാരാണ് നമ്മുടെ ആളുകളെ വഴിപിഴപ്പിക്കാൻ വന്നതാണ് മക്കത്തുനിന്ന് വന്ന ആളെ ഓടിച്ചുവിടണം അസ്അദുബ്നു സുറാറ എന്റെ ബന്ധുവാണ് ഞാൻ നേരിട്ടു ചെന്ന് പറയുന്നത് ശരിയല്ല നീ പോയി സംസാരിച്ചോളൂ

ഉസൈദ് എഴുന്നേറ്റു കുന്തവുമായി നടന്നു മിസ്അബി(റ)നെ ഭീഷണിപ്പെടുത്തി
'ജീവൻ വേണമെങ്കിൽ ഉടൻ സ്ഥലം വിട്ടോളൂ നീ ഇവിടെ വന്ന് നാട്ടുകാരെ വഴിപിഴപ്പിക്കുകയാണ് നിന്നെ ഞാൻ വെറുതെ വിടില്ല' ഉസൈദ് രോഷം കൊണ്ടു

മിസ്അബ്(റ)ശാന്തനായി സ്നേഹത്തോടെ സംസാരിച്ചു
'ഇവിടെയിരിക്കൂ.... ഞാൻ നിങ്ങളോട് ചില കാര്യങ്ങൾ സംസാരിക്കാം ഇഷ്ടപ്പെട്ടാൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം'

ഉസൈദ് പ്രതികരിച്ചു നീ പറഞ്ഞത് നീതിയാണ് ഞാനിവിടെ ഇരിക്കാം
കുന്തം നിലത്ത് ഊന്നിനിർത്തി സംസാരം കേൾക്കാൻ തയ്യാറായി നിന്നു
മിസ്അബ്(റ) സംസാരിച്ചു തുടങ്ങി

സ്രഷ്ടാവായ റബ്ബിനെക്കുറിച്ചു സംസാരിച്ചു അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) തങ്ങളെ കുറിച്ചും സംസാരിച്ചു വിശുദ്ധ ഖുർആൻ വചനങ്ങൾ ആവശ്യംപോലെ ഉദ്ധിരിച്ചു

മിസ്അബി(റ)ന്റെ വാക്കുകൾ ഉസൈദിന്റെ മനസ്സിനടിയിലേക്കിറങ്ങിപ്പോയി ചലനങ്ങളുണ്ടായി ഞാൻ കേട്ടത് മഹത്തായ കാര്യമാണ് ഇത് സ്വീകരിക്കാൻ ഞാനെന്ത് വേണം ? സത്യസാക്ഷ്യ വചനം ഉൾക്കൊള്ളണം അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദുർറസൂലുല്ലാഹ്

ഉസൈദ് സത്യസാക്ഷ്യ വചനം ചൊല്ലി

എന്നിട്ടദ്ദേഹം പറഞ്ഞു: എന്റെ പിന്നിൽ ധാരാളം കുടുംബാംഗങ്ങളുണ്ട് അവർക്ക് ഞാനീ സന്ദേശം എത്തിച്ചു കൊടുക്കാം

അദ്ദേഹം എഴുന്നേറ്റു കൂട്ടുകാരന്റെ അടുത്തേക്ക് നടന്നു പോയതുപോലെയല്ല തിരിച്ചു വന്നത്

ഉസാദ് പറഞ്ഞു: ഓ... സഅദുബ്നു മുആദ് മഹത്തായ കാര്യങ്ങളാഞവർ പറയുന്നത് അത് സ്വീകരിച്ചാൽ നമുക്ക് രക്ഷ കിട്ടും

പോ.... ഇത് പറയാനാണോ നീ വന്നത് നീ ഇത്ര വിവരംകെട്ടവനായിപ്പോയല്ലോ ഞാൻ തന്നെ പോവാം ഞാനവനെ ശരിയാക്കിയിട്ട് വരാം

സഅദ് കുന്തവുമായി പുറപ്പെട്ടു മിസ്അബി(റ)ന്റെ സമീപത്തെത്തി രോഷത്തോടെ വിളിച്ചു പറഞ്ഞു:

'ഞങ്ങളുടെ നാട്ടുകാരെ വഴിപിഴപ്പിക്കാൻ വന്നവനാണ് നീ ഉടനെ നാട് വിട്ട് പോവണം ഇല്ലെങ്കിൽ ഞാൻ നിന്റെ ജീവനെടുക്കും

മിസ്അബ് (റ)വിനയത്തോടെ പറഞ്ഞു:
'സഹോദരാ... അവിടെ ഇരിക്കൂ ഞാനൽപം സംസാരിക്കാം ഇഷ്ടപ്പെട്ടാൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം'

മിസ്അബ്(റ) സംസാരിച്ചു ഏകനായ റബ്ബിനെപ്പറ്റി സംസാരിച്ചു അന്ത്യപ്രവാചകന്റെ മഹത്വം പറഞ്ഞു വിശുദ്ധ ഖുർആൻ വചനങ്ങൾ പാരായണം ചെയ്തു

സഅദിന്റെ മുഖം മാറി കണ്ണുകൾ നിറഞ്ഞു അദ്ദേഹം പറഞ്ഞു: എനിക്ക് ഈ വിശ്വാസം കൈക്കൊള്ളണം

മിസ്അബ്(റ) ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു
സഅദ് സത്യസാക്ഷ്യവചനം ചൊല്ലി
അദ്ദേഹം പറഞ്ഞു: ഞാനെന്റെ ഗോത്രത്തിലേക്ക് പോവുകയാണ് ഈ സന്ദേശം അവർക്കെത്തിച്ചുകൊടുക്കാം

സഅദ് എഴുന്നേറ്റു തന്റെ ബന്ധുക്കളെ കാണാൻ പോയി എല്ലാവരെയും വിളിച്ചു കൂട്ടി സഅദ്(റ)സംസാരിച്ചു

'അശ്ഹൽ തറവാട്ടുകാരേ....നിങ്ങൾക്കിടയിൽ എനിക്കുള്ള സ്ഥാനമെന്താണ്?
ബന്ധുക്കൾ ആവേശത്തോടെ മറുപടി പറഞ്ഞു:

'താങ്കൾ വളരെ ശ്രേഷ്ഠനാണ് ഞങ്ങളുടെ നേതാവ് ബുദ്ധിമാനാണ് കാര്യങ്ങൾ നന്നായി ഗ്രഹിക്കുന്നയാളാണ്
സഅദ് ഇങ്ങനെ പ്രഖ്യാപിച്ചു:

എങ്കിൽ ഞാനൊരു കാര്യം പറയാം നിങ്ങളെല്ലാവരും സത്യസാക്ഷ്യം വഹിക്കണം

ആരാധനക്കർഹൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുക അങ്ങനെ നിങ്ങൾ സാക്ഷ്യം വഹിക്കുന്നതുവരെ ഞാൻ നിങ്ങളോട് സംസാരിക്കുകയില്ല പുരുഷന്മാരോടും സ്ത്രീകളോടും സംസാരിക്കുകയില്ല'

ആളുകൾ അമ്പരന്നുപോയി തങ്ങളുടെ നേതാവ് ഇത്രയും ഗൗരവത്തോടെ ഇന്നുവരെ ഒരു കാര്യവും പറഞ്ഞിട്ടില്ല ഈ സംഗതിയുടെ ഗൗരവം അവർക്ക് ബോധ്യമായി

ആ തറവാട്ടിലെ ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം ഇസ്ലാം മതം സ്വീകരിക്കാൻ സന്നദ്ധരായി

അശ്ഹൽ വംശക്കാർ ഒന്നാകെ സത്യസാക്ഷ്യം വഹിക്കാൻ സന്നദ്ധരായി
മിസ്അബ്(റ) അവർക്ക് ശഹാദത്ത്കലിമ ചൊല്ലിക്കൊടുത്തു എല്ലാവരും സത്യവിശ്വാസികളായി

മിസ്അബ്(റ)ന്റെ ആവേശകരമായ പ്രസംഗമവർ കേട്ടു വിശുദ്ധ ഖുർആൻ പാരായണം ശ്രവിച്ചു എല്ലാവരും നിർവൃതിയിലാണ്ടു ഇങ്ങനെ എത്രയെത്ര കുടുംബങ്ങൾ

മുആദുബ്നു ജബൽ(റ) ആവേശഭരിതനാണ് ഇസ്ലാം മതത്തെക്കുറിച്ച് എത്രയോ പേരോട് സംസാരിച്ചു മസസ്സിലേക്ക് ആശയങ്ങൾ കടത്തിവിട്ടു അവരെ മിസ്അബി(റ)സന്നിധിയിലെത്തിച്ചു

മിസ്അബ്(റ)വിനെ കാണുന്നതുതന്നെ അനുഗ്രഹീതമാണ് ആ സംസാരം ആരെയും ആകർഷിക്കും എത്രയോ തറവാട്ടുകാർ പൂർണമായും ഇസ്ലാം സ്വീകരിച്ചു മറ്റുള്ള കുടുംബങ്ങളിൽ നിന്ന് ചിലയാളുകൾ വന്നു യസ്രിബിലാകെ ഇസ്ലാം തരംഗമായി മാറി

വീണ്ടും ഹജ്ജ് കാലം വരികയായി

മുആദുബ്നു ജബൽ(റ) മക്കയിലേക്ക് പോവാൻ തീരുമാനിച്ചു പതിനെട്ട് വയസ്സുള്ള സുമുഖനായ ചെറുപ്പക്കാരനാണ് മുആദുബ്നു ജബൽ(റ) ഏത് സദസ്സിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു

അഴകുള്ള മുഖം, ആകർഷകമായ നയനങ്ങൾ, മനോഹരമായ പല്ലുകൾ, പ്രകാശം പരത്തുന്ന പുഞ്ചിരി......

നല്ല ബുദ്ധിശക്തി , ധീരത, ഇസ്ലാമിനുവേണ്ടി സകലതും സമർപ്പിക്കാനുള്ള സന്നദ്ധത

അങ്ങനെയൊക്കെയാണ് മുആദുബ്നു ജബലിനെ ചരിത്രം വാഴ്ത്തിയത്
മിസ്അബ്(റ) മുആദ് (റ) വിനെ പ്രത്യേകം പരിഗണിച്ചിരുന്നു പറയുന്നതെല്ലാം പഠിക്കും പഠിച്ചതൊന്നും മറക്കില്ല ഭാവിയിൽ മുസ്ലിം ലോകത്തിന്റെ മഹാപണ്ഡിതനായിത്തീരേണ്ട ചെറുപ്പക്കാരനാണിത്

മിസ്അബ്(റ)വിന് മക്കയിലെത്താൻ കൊതിയായി തന്റെ ദൗത്യം വളരെയേറെ വിജയിച്ചിട്ടുണ്ട് അക്കാര്യം നബി (സ)തങ്ങളോട് നേരിട്ടു ചെന്നു പറയണം

മക്കയിൽ മുസ്ലിംകൾ ക്രൂരമായി മർദ്ദിക്കപ്പെടുകയാണ് അവരിൽ ചിലർ യസ്രിബിൽ വരുന്നത് നല്ലതാണ്

ഇവിടെ മർദ്ദനമില്ല ആരാധനകൾ നിർവഹിക്കാം തൊഴിലെടുത്തു ജീവിക്കാം
യസ്രിബിൽ നിന്ന് ധാരാളമാളുകൾ ഇത്തവണ ഹജ്ജിന് പോവുന്നുണ്ട് മുശ്രിക്കുകൾ ധാരളമുണ്ട് മുസ്ലിംകളുമുണ്ട് ഒന്നിച്ചാണ് യാത്ര അവിടെച്ചെന്നാൽ താമസവും ആഹരവുമെല്ലാം ഒന്നിച്ചായിരിക്കും
ഒരു വീട്ടിൽ തന്നെ മുസ്ലിമും മുശ്രിക്കും കാണും കുടുംബാംഗങ്ങൾ ഒന്നിച്ചു യാത്ര ചെയ്യും

മക്കയിലേക്കു പോവാൻ സന്നദ്ധരായ മുസ്ലിംകളുടെ എണ്ണം എത്രയാണെന്നോ?
എഴുപത്തഞ്ച് 

എഴുപത്തിമൂന്ന് പുരുഷന്മാർ , രണ്ടു സ്ത്രീകൾ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ രണ്ട് കുലീന വനിതകളുടെ പേര് പറഞ്ഞു തരാം
1. ഉമ്മു അമ്മാറ(റ) 
2. ഉമ്മു മനീഇ(റ)

യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി അഞ്ഞൂറ് പേരുള്ള വലിയ സംഘം പുറപ്പെട്ടു ഒട്ടകങ്ങൾ നീങ്ങിത്തുടങ്ങി

പ്രവാചകനെ കാണുക പ്രവാചകന്റെ ജന്മനാട് കാണുക വിശുദ്ധ കഅ്ബ ശരീഫ് കാണുക എത്ര ആഹ്ലാദകരമായ യാത്രയാണിത് അല്ലാഹുവിന് നന്ദി മുആദുബ്നു ജബൽ(റ)വിന്റെ ശിരസ്സ് കുനിഞ്ഞു കൃതജ്ഞതകൊണ്ട് കുനിഞ്ഞു

മിസ്അബ്(റ) വേണ്ട ഉപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു മുആദുബ്നു ജബൽ(റ)വിന്റെ മനസ്സിൽ നബി (സ)തങ്ങളോടുള്ള മഹബ്ബത്ത് നിറഞ്ഞു കവിഞ്ഞിരുന്നു മിസ്അബ്(റ )വിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിച്ചിട്ടുണ്ട് ആദ്യപിതാവ് ആദം(അ) മണ്ണിൽനിന്ന് രൂപപ്പെടുത്തിയ മനുഷ്യശരീരം ആ ശരീരത്തിൽ ആത്മാവ് പ്രവേശിച്ചു ജീവൻ വെച്ചു കണ്ണു തുറന്നു അപ്പോൾ കണ്ടതെന്താണ് ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് സ്വർഗത്തിൽ നോക്കുന്നേടത്തെല്ലാം അതാണ് കണ്ടത് ആദം (അ) അതിശയിച്ചുപോയി ആദം (അ) ആദ്യത്തെ നബിയായിരുന്നു മനുഷ്യരെ സ്വർഗത്തിലേക്കു നയിക്കാൻ കാലാകാലങ്ങളിൽ പ്രവാചകന്മാർ വന്നുകൊണ്ടിരുന്നു

അവരെല്ലാം പറഞ്ഞു:

ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ്

പൂർവ പ്രവാചകന്മാർ അവരുടെ സമൂഹങ്ങൾക്ക് അന്ത്യപ്രവാചകനെ പരിചയപ്പെടുത്തിക്കൊടുത്തു പൂർവ വേദങ്ങളിലും അന്ത്യപ്രവാചകനെക്കുറിച്ചു പറഞ്ഞിട്ടുണ്ട് ലോകം കാത്തിരുന്ന പ്രവാചകൻ
സയ്യിദുനാ മുഹമ്മദ് മുസ്തഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം ആ റസൂലിന്റെ സമീപത്തേക്കാണീ യാത്ര എത്ര അനുഗ്രഹീതമായ യാത്ര
ഓർത്തപ്പോൾ മുആദ് (റ)വിന്റെ നയനങ്ങൾ നിറഞ്ഞു പ്രവാചകനെ കാണണം സംസാരിക്കണം പക്ഷെ, എങ്ങനെ?

അതത്ര എളുപ്പമുള്ള കാര്യമല്ല തങ്ങൾ മക്കയിലെത്തിയാൽ ഖുറൈശികളുടെ നിരീക്ഷണത്തിലായിരിക്കും പുറം നാടുകളിൽ നിന്ന് വരുന്നവർ പ്രവാചകനുമായി ബന്ധപ്പെടരുത് സംസാരിക്കരുത് അക്കാര്യത്തിൽ ഖുറൈശികൾക്ക് വലിയ നിർബന്ധമുണ്ട് മക്കയിലെത്തിയാൽ തങ്ങളോടൊപ്പമുള്ള മുശ്രിക്കുകളും ഖുറൈശികളും തമ്മിൽ നല്ല സൗഹാർദ്ദത്തിലായിരിക്കും

അവർക്കൊന്നും ഒരു സംശയം തോന്നാത്ത രീതിയിലായിരിക്കണം തങ്ങളുടെ പെരുമാറ്റം വളരെ സൂക്ഷിച്ചു പെരുമാറണം നബി (സ)തങ്ങളെ കാണാനുള്ള മോഹം മനസ്സിന്റെയുള്ളിൽ പരമ രഹസ്യമായി സൂക്ഷിച്ചു

മരുഭൂമിയിലൂടെ യാത്രാസംഘം നീങ്ങിപ്പോവുന്നു മക്കായുടെ അതിർത്തിയായി മുആദ്(റ)വും കൂട്ടരും ആവേശഭരിതരായി പുണ്യഭൂമിയിലിറങ്ങി മണൽത്തരികളിൽ പാദങ്ങൾ വെച്ചു തമ്പുകളുടെ മഹാലോകം എത്രയോ രാജ്യക്കാർ എത്തിയിട്ടുണ്ട് അവരെല്ലാം തമ്പുകൾ ഉയർത്തിയിട്ടുണ്ട് മഹത്തായ കഅ്ബാശരീഫ് കരൾ തുടിച്ചു കണ്ണുകൾ നിറഞ്ഞൊഴുകി അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഉയർത്തപ്പെട്ട ആദ്യ ഭവനം ബൈത്തുല്ലാഹ് 

അല്ലാഹുവിന്റെ ഭവനം അന്നത് തൗഹീദീന്റെ കേന്ദ്രം ഇന്നോ ? കഅ്ബാലയത്തിൽ ബിംബങ്ങൾ ചുറ്റുഭാഗത്തും ബിംബങ്ങൾ സഫയിലും മർവയിലും ബിംബങ്ങൾ

മുആദുബ്നു ജബൽ(റ) കൂട്ടുകാരോടൊപ്പം ചുറ്റിനടന്നു ഹജറുൽ അസ് വദ് , മഖാമു ഇബ്രാഹിം, സഫ, മർവ..... ചരിത്രമുറങ്ങുന്ന പ്രദേശങ്ങൾ

സംസം കിണറിനരികിൽ വന്നു ചരിത്ര സ്മരണകളുണരുന്നു ഹാജറ(റ) ശിശുവായ ഇസ്മാഈൽ (അ) ഈ പുണ്യഭൂമിയിലെ ആദ്യത്തെ താമസക്കാർ മോൻ ദാഹിച്ചു കരയുന്നു ഉമ്മയുടെ ഖൽബ് വിങ്ങി അവർ വെള്ളമന്വേഷിച്ച് ഓട്ടം തുടങ്ങി സ്വഫായുടെ മുകളിലേക്ക് നിരാശനായി മടങ്ങി ഉടനെ മർവായുടെ മുകളിലേക്കോടി നിരാശതന്നെ

ഏഴു തവണ ഓടി തളർന്നു പോയി മോൻ മടമ്പുകാലിട്ടടിച്ച സ്ഥലം അവിടെ ജിബ്രീൽ (അ) ചിറക് കൊണ്ടടിച്ചു വെള്ളം ഉറവയെടുത്തു ഉറവ ഒഴുകി അതാണ് സംസം മുആദുബ്നു ജബൽ(റ) വും കൂട്ടരും സംസം കുടിച്ചു
മുസ്അബ്(റ) നബി (സ)തങ്ങളെ കണ്ടു സന്തോഷപൂർവം കാര്യങ്ങൾ സംസാരിച്ചു

യസ്രിബിൽ ഇസ്ലാം വളരെ വേഗതയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നു മുസ്ലിംകൾക്ക് ആരെയും ഭയപ്പെടാതെ ജീവിക്കാം എഴുപത്തഞ്ചാളുകൾ തന്റെ കൂടെ വന്നിരിക്കുന്നു അവർ അങ്ങയെ കാണാനാഗ്രഹിക്കുന്നു

നബി (സ) തങ്ങൾ വളരെ സന്തുഷ്ടനായി

കൂട്ടത്തിൽ വന്ന ചിലർ കഅ്ബാലയത്തിനടുത്തുവെച്ച് നബി (സ) തങ്ങളെ കണ്ടു

അഖബയിൽ വെച്ചു കാണാം അർദ്ധരാത്രിക്കു ശേഷം സന്ദേശം കൈമാറിക്കഴിഞ്ഞു അർദ്ധരാത്രിയോടെ എല്ലാവരും ഇറങ്ങുക എന്നിട്ട് രഹസ്യമായി പുറപ്പെടുക അഖബയിൽ ഒരുമിച്ചു കൂടുക

ഹജ്ജ് കഴിഞ്ഞ് രണ്ടാം ദിവസമാണ് കൂടിക്കാഴ്ച ഇത് ഹിജ്റയുടെ പതിമൂന്നാം വർഷം പീഡനങ്ങൾ വളരെ വർദ്ധിച്ചിട്ടുണ്ട് അനുയായികളെ ഇനിയും മക്കയിൽ നിർത്താൻ വയ്യ സുരക്ഷിതമായൊരു നാട്ടിലേക്കവരെ അയക്കണം യസ്രിബ് അതിന് കൊള്ളാം

ഹജ്ജിന്റെ കർമങ്ങൾ കഴിഞ്ഞു ഒരു ദിവസം കൂടി കടന്നുപോയി ഇന്ന് രണ്ടാം ദിവസം

ചരിത്രത്തിന്റെ ഗതി മാറ്റുന്ന രാത്രിയാണ് വരുന്നത് സൂര്യനസ്തമിച്ചു മക്കയിൽ ഇരുട്ട് വീണു കഅ്ബാശരീഫിനു മുമ്പിൽ ഒരു മണ്ണെണ്ണ വിളക്ക് കത്തുന്നുണ്ട് ആകാശത്ത് നക്ഷത്രങ്ങളുടെ നേർത്ത തിളക്കം അത്താഴം കഴിഞ്ഞു എല്ലാവരും ഉറങ്ങാൻ കിടന്നു രാത്രിയുടെ മൂന്നിലൊന്നു കഴിഞ്ഞു ചിലർ മെല്ലെ എഴുന്നേറ്റു തൊട്ടടുത്ത് കിടക്കുന്നവർ നല്ല ഉറക്കിലാണ്

മുആദുബ്നു ജബൽ(റ) പതുങ്ങിപ്പതുങ്ങി തമ്പിൽനിന്ന് പുറത്തിറങ്ങി ഇരുട്ടിലേക്ക് മാറിനിന്നു പല ഭാഗത്തുനിന്നായി പല രൂപങ്ങൾ നടന്നു വരുന്നു തല മൂടിയവരും മുഖം മറച്ചവരമെല്ലാം നടന്നു വരുന്നു ആരും ഒരക്ഷരം ഉരിയാടുന്നില്ല മെല്ലെ നടക്കുന്നു പിന്നാലെ ചിലർ വരുന്നു അവർ മുമ്പേ പോവുന്നവരെ പിൻപറ്റി നടക്കുന്നു പിന്നെപ്പിന്നെ നടത്തത്തിന് വേഗത കൂടി എഴുപത്തഞ്ചാളുകൾ പല തമ്പുകളിൽനിന്നായി ഇറങ്ങിപ്പോവുന്നു ആരും കണ്ടില്ല അറിഞ്ഞില്ല മലഞ്ചരിവിൽ അവർ ഒരുമിച്ചുകൂടി പിന്നെയവർ മല കയറാൻ തുടങ്ങി അഖബായിലെത്തി അവിടം വിജനമായിരുന്നു വല്ലാത്ത നിശബ്ദത മാനത്ത് നക്ഷത്രങ്ങൾ കൺമിഴിച്ച് നോക്കുന്നുണ്ട്

അവർ കാത്തിരുന്നു ചരിത്രം മറക്കാത്ത കാത്തിരിപ്പ്

മുആദുബ്നു ജബൽ(റ) ചരിത്ര നിമിഷങ്ങളെക്കുറിച്ചു ചിന്തിച്ചു ജീവിതത്തിലെ ധന്യനിമിഷങ്ങൾ സമാഗതമാവുകയാണ്

ലോകാനുഗ്രഹിയായ മുത്ത് മുഹമ്മദ് മുസ്തഫ (സ) തങ്ങൾ വന്നു ചേരാൻ ഇനി ഏതാനും മിനുറ്റുകൾ മതി

ആ കരം സ്പർശിക്കാൻ കഴിയുന്നത് മഹാ ഭാഗ്യം ഓർക്കുമ്പോൾ വല്ലാത്ത കോരിത്തരിപ്പ് മരുഭൂമിയിൽ പാതിരാത്തണുപ്പ് പരന്നുതുടങ്ങി

രണ്ടാം അഖബ ഉടമ്പടി 


രണ്ടുപേർ മല കയറിവന്നു അഖബയിലെത്തി ആദരവായ റസൂലുല്ലാഹി (സ)
പിതാവിന്റെ സഹോദരനായ അബ്ബാസ് എന്നവരും

അബ്ബാസ് (റ) ണ് സംസാരം തുടങ്ങിയത്

ഖസ്റജ് ഗോത്രക്കാരേ....
മുഹമ്മദിന് ഞങ്ങൾക്കിടയിലുള്ള സ്ഥാനം എന്താണെന്ന് നിങ്ങൾക്കറിയാം മക്കയിൽ സുരക്ഷിതനായി ജീവിക്കുന്നു ഹാശിം-മുത്തലിബ് കുടുംബങ്ങൾ സംരക്ഷണം നൽകിവരുന്നു സ്വന്തം കുടുംബങ്ങൾക്കിടയിലും നാട്ടുകാർക്കിടയിലും നിർഭയനായി ജീവിക്കുകയാണ്

നിങ്ങളോടൊപ്പം വന്നുചേരണമെന്നാണ് അവൻ ഇപ്പോൾ ആഗ്രഹിക്കുന്നത് നിങ്ങൾക്കവനെ നന്നായി സംരക്ഷിക്കാൻ കഴിയുമോ? സാധ്യമാകുമെങ്കിൽ മാത്രം ഏറ്റെടുക്കാം സംരക്ഷിക്കാൻ കഴിയില്ല എന്നാണെങ്കിൽ ഇപ്പോൾ തന്നെ ആ ശ്രമം ഉപേക്ഷിക്കാം നിങ്ങൾക്കൊപ്പം വന്നശേഷം കൈവെടിയാനും ശത്രുക്കൾക്ക് ഏൽപിച്ചു കൊടുക്കാനും ഇടവരുമെങ്കിൽ തുറന്നു പറയണം അവനെ വെറുതെ വിട്ടേക്കണം

യസ്രിബുകാരുടെ മനസ്സിൽ തട്ടിയ വാക്കുകളായിരുന്നു അവ അവർ പറഞ്ഞു: താങ്കൾ പറഞ്ഞത് ഞങ്ങൾ കേട്ടു അതിന്റെ ഗൗരവം മനസ്സിലാക്കി അല്ലാഹുവിന്റെ റസൂലേ....ഇനി അങ്ങ് സംസാരിക്കൂ.....

നബി (സ) തങ്ങൾ സംസാരിച്ചു തുടങ്ങി വിശുദ്ധ ഖുർആനിലെ ചില വചനങ്ങൾ ഓതിക്കേൾപ്പിച്ചു മനസ്സിൽ ഈമാനിന്റെ തിളക്കം വർദ്ധിപ്പിക്കുന്ന ആയത്തുകൾ

നബി (സ) തങ്ങൾ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ സ്ത്രീകൾക്കും കുട്ടികൾക്കും ഏത് വിധത്തിലുള്ള സംരക്ഷണമാണോ നൽകുന്നത് ആ വിധത്തിലുള്ള സംരക്ഷണമാണ് ഞാൻ ആവശ്യപ്പെടുന്നത്

യസ്രിബുകാരുടെ നേതാവായ ബർറാഉബ്നു മഅ്റൂർ നബി (സ) തങ്ങൾക്കു നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു:
'അല്ലാഹുവിന്റെ റസൂലേ...ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നു ഞങ്ങൾ യുദ്ധത്തിന്റെ സന്തതികളാണ് വാൾമുനകളിൽ വളർന്നവരാണ് തലമുറകൾ തലമുറകളിൽ നിന്ന് അനന്തരമെടുത്തതാണത്

മറ്റൊരു നേതാവായ അബുൽ ഹൈസം പറഞ്ഞു:
അല്ലാഹുവിന്റെ റസൂലേ...ഞങ്ങൾക്ക് യഹൂദികളുമായി ചില കരാറുകളുണ്ട് ആ കരാറുകളെല്ലാം ഞങ്ങളിതാ ഇവിവെച്ച് അവസാനിപ്പിച്ചിരിക്കുന്നു
അല്ലാഹുവിന്റെ റസൂലേ...കുറെ കാലം കഴിഞ്ഞ് അല്ലാഹു അങ്ങേക്ക് വിജയവും ശക്തിയും നൽകിക്കഴിയുമ്പോൾ അങ്ങ് മക്കയിലുള്ള സ്വന്തം ജനതയിലേക്ക് മടങ്ങിപ്പോയ്ക്കളയുമോ?

ഉൽക്കണ്ഠ നിറഞ്ഞ ചോദ്യം എല്ലാവരും മുത്ത്നബി(സ)യുടെ മറുപടി കേൾക്കാൻ കാത്തിരിക്കുന്നു

മുത്ത്നബി(സ)പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു:
'ഞാൻ നിങ്ങളോടൊപ്പം കഴിയും മടങ്ങിപ്പോവില്ല നിങ്ങൾ എനിക്കുള്ളതാണ് ഞാൻ നിങ്ങൾക്കുള്ളതാണ് നിങ്ങളുടെ മിത്രം എന്റെയും മിത്രം നിങ്ങളുടെ ശത്രു എന്റെയും ശത്രുവാണ്'
നിങ്ങൾ ആരോടെല്ലാം യുദ്ധം ചെയ്യുമോ അവരോടെല്ലാം ഞാനും യുദ്ധം ചെയ്യും നിങ്ങൾ ആരോടെല്ലാം സന്ധി ചെയ്യുമോ അവരോടെല്ലാം ഞാനും സന്ധി ചെയ്യും '

യസ്രിബുകാർക്ക് കിട്ടേണ്ട ഉറപ്പ് കിട്ടിക്കഴിഞ്ഞു ഉബാദയുടെ മകൻ അബ്ബാസ് തന്റെ ആളുകളോട് ചോദിച്ചു:

'നിങ്ങൾ ചെയ്യാൻ പോവുന്ന ബൈഅത്തിന്റെ ഗൗരവം നിങ്ങൾ ശരിക്ക് മനസ്സിലാക്കിയോ ? അല്ലാഹുവിന്റെ റസൂലിന് വേണ്ടി സകല മനുഷ്യരോടും പടപൊരുതാമെന്ന പ്രതിജ്ഞയാണിത് അങ്ങനെ യുദ്ധം ചെയ്യേണ്ടിവരികയും സമ്പത്ത് നശിക്കുകയും നേതാക്കൾ വധിക്കപ്പെടുകയും ചെയ്താൽ നിങ്ങൾ പ്രവാചകനെ കൈവെടിയുമോ?

എല്ലാവരും ഏക സ്വരത്തിൽ മറുപടി പറഞ്ഞു:

' ഇല്ല ഒരിക്കലുമില്ല സമ്പത്തു നശിച്ചാലും നേതാക്കൾ വധിക്കപ്പെട്ടാലും ഞങ്ങൾ പ്രവാചകനുവേണ്ടി യുദ്ധം ചെയ്യും ജീവൻ നൽകിയും സംരക്ഷിക്കും '

ഉബാദയുടെ മകൻ അബ്ബാസ് (റ) പറഞ്ഞു:
ആ വിധത്തിൽ നിങ്ങൾ കരാർ പാലിച്ചാൽ ഇഹത്തിലും പരത്തിലും നിങ്ങളാണ് വിജയികൾ
കരാർ പാലിച്ചില്ലെങ്കിൽ നിങ്ങൾ നിന്ദ്യരും നീചരുമായിത്തീരും

യസ്രിബുകാർ ഇങ്ങനെ ചോദിച്ചു: ഈ വിധത്തിൽ കരാർ പാലിച്ചാൽ ഞങ്ങൾക്കെന്താണ് പ്രതിഫലമായി ലഭിക്കുക?

നബി(സ) പറഞ്ഞു: സ്വർഗം

രോമാഞ്ചമണിഞ്ഞുപോയ നിമിഷങ്ങൾ

നബി (സ) കൈനീട്ടി അവരും കൈനീട്ടി

അവിടെ ബൈഅത്ത് നടന്നു രണ്ടാം അഖബ ഉടമ്പടി

നക്ഷത്രങ്ങൾ സാക്ഷി മണൽക്കാടും മലനിരകളും സാക്ഷി അഖബയിലെ മരങ്ങളും കുറ്റിക്കാടുകളും സാക്ഷി സർവശക്തനായ റബ്ബ് സാക്ഷി
അഖബയിലെ ബൈഅത്ത് അവസാനിച്ചു

ബൈഅത്ത് പൂർത്തിയായപ്പോൾ നബി (സ) തങ്ങൾ പറഞ്ഞു:
'നിങ്ങളുടെ കൂട്ടത്തിൽ നിന്ന് പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുക തങ്ങളുടെ ജനതയുടെ പ്രവർത്തനങ്ങൾക്ക് ഇവരാണ് ഉത്തരവാദികൾ '
അവർ പന്ത്രണ്ട് പ്രതിനിധികളെ തെരഞ്ഞെടുത്തു ഖസ്റജിൽ നിന്ന് ഒമ്പത് പേർ
ഔസിൽ നിന്ന് മൂന്നു പേർ
ഖസ്റജുകാരായ ഒമ്പത് നേതാക്കളുടെ പേരും തറവാട്ട് പേരും താഴെ കൊടുക്കുന്നു

1. അസ്അദുബ്നു ജറാറ(റ)-ബനൂന്നജ്ജാർ
2.സഅദുബ്നു റബീഅ(റ) - ബനൂ മാലിക്
3. അബ്ദുല്ലാഹിബ്നു റവാഹ(റ)- ബനൂ ഉമർ
4. റബീഅത്തുബ്നു മാലിക് (റ) - ബനൂ സുറൈഖ്
5.ബർറാഉബ്നു മഅ്റൂർ(റ)- ബനൂ സൽമ
6. അബ്ദുല്ലാഹിബ്നു അംറ്(റ) -ബനൂ സൽമ
7. ഉബാദത്തുബ്നു സ്വാമിത് (റ) -ബനൂ സൽമ
8. സഅദുബ്നു ഉബാദ(റ) - ബനൂ സഇദ
9.മുൻദിറുബ്നു അംറ്(റ)- ബനൂ സാഇദ ഔസ് ഗോത്രത്തിലെ മൂന്നു നേതാക്കൾ ഇവരായിരുന്നു
11. ഉബൈദുബ് ഹുളൈർ(റ) -ബനൂ അബ്ദിൽ അശ്ഹൽ
12. സഅദുബ്നു ഖൈസമ(റ) - ബനൂ കഅബ്

ഈ പന്ത്രണ്ടുപേരോട് നബി (സ) പറഞ്ഞു: 'മർയമിന്റെ പുത്രൻ ഈസാക്ക് ഹവാരികൾ ഉറപ്പ് നൽകിയതുപോലെ നിങ്ങളുടെ ജനതക്ക് വേണ്ടി നിങ്ങളും ഉറപ്പ് നൽകുക '

അങ്ങനെ ഉറപ്പ് നൽകി

രാവേറെയായി ഇനി പിരിയുകയാണ് സലാം ചൊല്ലി നബി (സ) തങ്ങളും അബ്ബാസ് എന്നവരും അരണ്ട വെളിച്ചത്തിലൂടെ മലയിറങ്ങിയപ്പോവുന്നു അൽപം കഴിഞ്ഞ് , അവർ ഇരുട്ടിൽ അപ്രത്യക്ഷരായി

അഖബായിൽ നിന്ന് യസ്രിബുകാർ ഇറങ്ങിത്തുടങ്ങി മുആദുബ്നു ജബൽ(റ) വിന്റെയും കൂട്ടുകാരുടെയും കാതുകളിൽ നബി (സ) തങ്ങളുടെ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു

എന്റെ രക്തം നിങ്ങളുടെ രക്തമാണ് നിങ്ങളുടെ രക്തം എന്റെ രക്തമാണ് ഞാൻ നിങ്ങൾക്കുള്ളതാണ് നിങ്ങൾ എനിക്കുള്ളതാണ് എത്ര നിഷ്കളങ്കമായ സ്നേഹപ്രകടനം

ഹവാരികൾ ഉറപ്പ് നൽകിയത് ഈസാ നബി (അ) ക്കാകുന്നു തങ്ങളോ? ലോകാനുഗ്രഹിയായ പ്രവാചകന്

ഹിജ്റയുടെ കവാടം ഇവിടെയാണ് തുറക്കപ്പെട്ടത് നബി (സ) തങ്ങളും അനുയായികളും യസ്രിബിൽ വരും യസ്രിബുകാർ അവരെ സ്വീകരിക്കും സഹായിക്കും

അഖബയിലെത്തിയവർ അൻസാറുകൾ.

എല്ലാവരും തമ്പുകളിലെത്തി ഒന്നും സംഭവിക്കാത്തത് പോലെ കയറിക്കിടന്നു മനസ്സ് നിറയെ സന്തോഷം സന്തോഷത്തോടൊപ്പം ആകാംക്ഷ ഇനിയെന്തൊക്കെ സംഭവിക്കും ? ത്യാഗത്തിന്റെ കാലം വരും ഉറപ്പാണ്
മെല്ലെ ഉറക്കിലേക്ക് വീണു
രാവിലെ എല്ലാവരും ഉണർന്നെഴുന്നേറ്റു മുസ്ലിംകളും ഉണർന്നെഴുന്നേറ്റു ദിനചര്യകൾ തുടങ്ങി കൂടെ വന്നവർക്കാർക്കും ഒരു സംശയവുമില്ല രാത്രി ഇറങ്ങിപ്പോയതോ പുലരാൻ കാലത്ത് മടങ്ങി വന്നതോ അവരറിഞ്ഞിട്ടില്ല ആശ്വാസമായി യസ്രിബിലേക്കുള്ള മടക്കയാത്രയെക്കുറിച്ചാണ് ഇപ്പോൾ ചിന്ത


ഹിജ്റ 

യസ്രിബിൽനിന്ന് ഹജ്ജിന് വന്നവർ അഞ്ഞൂറോളം പേരുണ്ടായിരുന്നു അവരിൽ എഴുപത്തഞ്ചുടപേർ മാത്രമാണ് മുസ്ലിംകൾ ബാക്കിയെല്ലാം മുശ്രിക്കുകൾ

രാത്രിയുടെ ഇരുട്ടിൽ ഒരാൾ മുസ്ലിംകളുടെ യാത്ര കണ്ടിരുന്നു ഒരു ചാരനെപ്പോലെ അയാൾ പിന്തുടർന്നു രഹസ്യം കണ്ടുപിടിച്ചു ഖുറൈശികൾക്ക് നൽകി

ഖുറൈശി പ്രമുഖർ രാവിലെത്തന്നെ ഓടിയെത്തി യസ്രിബുകാരെ ചീത്ത വിളിക്കാൻ തുടങ്ങി

മുഹമ്മദുമായി എന്താണ് കരാർ ചെയ്തത് ? ഞങ്ങളുമായി യുദ്ധം ചെയ്യാനുള്ള കരാറുണ്ടാക്കിയോ ? എന്തിനാണത്?

മുസ്ലിംകൾ മൗനം പാലിച്ചു ഒന്നും ഉരിയാടിയില്ല

യസ്രിബുകാരായ മുശ്രിക്കുകൾ സംസാരിച്ചു

നിങ്ങളെന്താണിപ്പറയുന്നത് ? ഏത് കരാർ? ഞങ്ങളാരും മുഹമ്മദിനെ തേടിപ്പോയിട്ടില്ല ഒരു കരാറും ഉണ്ടാക്കിയിട്ടില്ല ഇന്നലെ രാത്രി മുഴുവൻ ഞങ്ങളെല്ലാം ഇവിടെ കിടന്നുറങ്ങുകയായിരുന്നു പുറത്ത് പോയിട്ടേയില്ല

അബ്ദുല്ലാഹിബ്നു ഉബയ്യ്
യസ്രിബുകാരുടെ വലിയ നേതാവ്

അയാൾ സംസാരിച്ചു: 'ഖുറൈശികളേ.... അങ്ങനെയൊരു കരാർ നടന്നിട്ടില്ല നടന്നാൽ ഞാനറിയും '

ഖുറൈശികൾക്കാശ്വാസമായി അവർ തിരിച്ചുപോയി എന്നാലും മനസ്സിലെ സംശയം പൂർണമായി നീങ്ങിയില്ല യസ്രിബുകാർ മടക്കയാത്രക്ക് ധൃതികൂട്ടി എല്ലാം പെറുക്കിക്കെട്ടാക്കി ചെറുസംഘങ്ങൾ നീങ്ങിത്തുടങ്ങി മുസ്ലിംകൾ വളരെ കരുതലോടെയാണ് നീങ്ങിയത് ആർക്കും ഒരു സംശയത്തിനും ഇടകൊടുത്തില്ല

രണ്ട് നേതാക്കൾ പുറപ്പെടാൻ അൽപം വൈകിപ്പോയി 

1.മുൻദിറുബ്നു അംറ്
2. സഅദുബ്നു ഉബാദ

അവർ തങ്ങളുടെ സാധനങ്ങൾ ഒട്ടകപ്പുറത്ത് കയറ്റി അവരും കയറി ഒട്ടകങ്ങൾ നീങ്ങിത്തുടങ്ങി 

നോക്കെത്താവുന്ന ദൂരത്തെന്നും കൂട്ടുകാരെ കണ്ടില്ല അവർ വളരെ മുമ്പിലെത്തിക്കഴിഞ്ഞു

ഖുറൈശികൾ അന്വേഷണം തുടരുകയായിരുന്നു കരാർ നടന്നതായി അവർക്ക് ദൃഢവിശ്വാസം വന്നു

യസ്രിബുകാരെ അന്വേഷിച്ചുവന്നു അവർ സ്ഥലം വിട്ടുകഴിഞ്ഞു അവരെ വിടാൻ പാടില്ല പിടികൂടണം നന്നായി വേദനിപ്പിച്ചാൽ രഹസ്യം പുറത്തുവരും

ഒരു സംഘമാളുകൾ പുറപ്പെട്ടു യസ്രിബുകാർ പോയ വഴിയെ കുതിച്ചു
അതാ രണ്ടുപേർ പോകുന്നു വൈകി പുറപ്പെട്ട രണ്ടുപേർ അവരെ ഓടിച്ചിട്ടു പിടിക്കാനായി ശ്രമം

മുൻദിറുബ്നു അംറ് രക്ഷപ്പെട്ടു സഅദുബ്നു ഉബാദ പിടിയിലായി
സഅദുബ്നു ഉബാദയോട് എല്ലാ ദേഷ്യവ്യം തീർക്കാൻ തുടങ്ങി അദ്ദേഹത്തിന്റെ കൈകൾ കഴുത്തിലേക്ക് പിടിച്ചു കെട്ടി പ്രഹരിക്കാൻ തുടങ്ങി

സഅദുബ്നു ഉബാദ (റ) അഖബയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിൽ ഒരാളാണ് ഖസ്റജ് ഗോത്രക്കാരനാണ് ബനൂസാഇദാ തറവാട്ടുകാരനും
ഒരുകൂട്ടമാളുകൾ ഒരു മനുഷ്യനെ മർദ്ദിക്കുന്നു മക്കയിലേക്ക് പിടിച്ചു കൊണ്ടു വന്നു

മക്കക്കാർ വിവരമറിഞ്ഞു തടിച്ചു കൂടി മക്കയിലെ പ്രമുഖന്മാർ ഈ രംഗം കാണുകയാണ്
1.ജുബൈറുബ്നു മുത്ഇം
2.ഹാരിസുബ്നു ഉമയ്യ

അവർ മർദ്ദിക്കപ്പെടുന്ന ആളെ തിരിച്ചറിഞ്ഞു
സഹോദരങ്ങളേ മർദ്ദനം നിർത്തുക ഇദ്ദേഹം നമുക്കു വേണ്ടപ്പെട്ടയാളാണ്
മർദ്ദനം നിന്നു ഇതാരാണ്?

യസ്രിബിലൂടെ നമ്മുടെ കച്ചവട സംഘങ്ങൾ പോവുമ്പോൾ ഇദ്ദേഹം നമ്മെ സഹായിക്കാറുണ്ട് ഇദ്ദേഹത്തെ വിട്ടയക്കുക
കൈകൾ കെട്ടഴിച്ചുവിട്ടു സ്വതന്ത്രനാക്കി അദ്ദേഹം യസ്രിബിലേക്ക് മടങ്ങിപ്പോയി

മുആദുബ്നു ജബൽ(റ) മറ്റു ചെറുപ്പക്കാരും ഇസ്ലാമിനുവേണ്ടി ത്യാഗം ചെയ്യാനുള്ള ആവേശത്തിലാണ്

എല്ലാവരും നാട്ടിൽ തിരിച്ചെത്തി ശിർക്കിനെതിരെ പോരാടണം അതിനുള്ള ഒരവസരവും പാഴാക്കരുത് മരംകൊണ്ടുണ്ടാക്കിയ ഒരു ബിംബിം അതിനെ അവർക്കൊക്കെ അറിയാം അതിനു നേരെയാണ് ആദ്യം നീങ്ങിയത്

ബനൂസലമ വംശത്തിലെ ഒരു പ്രമുഖനാണ് അംറുബ്നു ജമൂഹ് അയാളുടെ വകയാണ് മരത്തിന്റെ ബിംബം

മേത്തരം മരത്തിൽ നിർമിച്ച വിലകൂടിയ ബിംബം അയാൾ അതിനെയാണാരാധിക്കുന്നത്

ബിംബത്തിന്റെ പേര് മനാത്ത് 

അംറുബ്നു ജമൂഹിന്റെ പുത്രന്റെ പേര് മുആദ് ഈ മുആദിന്റെ കൂട്ടുകാരനാണ് മുആദുബ്നു ജബൽ(റ)

രണ്ട് മുആദുമാരും ഒരേ കാലത്തുതന്നെ ഇസ്ലാം മതം വിശ്വസിച്ചു രണ്ടുപേരും അഖബയിൽ ഉടമ്പടിയിൽ പങ്കെടുക്കുകയും ചെയ്തു രണ്ട് മുആദുമാരും മറ്റു ചില മുസ്ലിം യുവാക്കളും കൂടി അംറുബ്നു ജമൂഹിന്റെ വീട്ടിൽ വന്നു

മനാത്ത് എന്ന ബിംബത്തെ എടുത്തു കൊണ്ടുപോയി ചപ്പുചവറുകളിടുന്ന ചളിക്കുണ്ടിൽ കൊണ്ടിട്ടു എന്നിട്ടവർ സ്ഥലം വിട്ടു രാത്രിയാണ് സംഭവം നടന്നത്

രാവിലെ നോക്കുമ്പോൾ ബിംബത്തെ കാണാനില്ല പല സ്ഥലത്തും അന്വേഷിച്ചു ചളിക്കുണ്ടിൽ നിന്ന് കണ്ടെടുത്തു

ആളുകൾ കൂടി ബഹളമായി ആരിത് ചെയ്തു?

'ഇത് ചെയ്തവരെ ഞാൻ കണ്ടുപിടിക്കും തക്കതായ ശിക്ഷ നൽകുകയും ചെയ്യും' അംറ് പ്രഖ്യാപിച്ചു

ബിംബത്തെ പൊക്കിയെടുത്തു കഴുകി വൃത്തിയാക്കി സുഗന്ധം പൂശി ബഹുമാനപൂർവം പുനഃസ്ഥാപിച്ചു

മറ്റൊരിക്കൽ ബിംബം വീണ്ടും അപ്രത്യക്ഷമായി ആളുകൾ കൂടി ബഹളമായി തിരഞ്ഞുനടന്നു ചെളിക്കുണ്ടിൽ നിന്ന് പൊക്കിയെടുത്തു കഴുകി വൃത്തിയാക്കി സുഗന്ധം പൂശി പുനസ്ഥാപിച്ചു ഇത് പലതവണ ആവർത്തിച്ചു ഇത് ചെയ്യുന്നവരെ കണ്ടെത്താൻ കഴിയുന്നില്ല

അംറിന് ദുഃഖവും കോപവും സഹിക്കാനാവുന്നില്ല ഒടുവിൽ ഒരു പണി ചെയ്തു

മൂർച്ചയുള്ള ഒരു വാളെടുത്തു ബിംബത്തിന്റെ കഴുത്തിൽ കെട്ടിത്തൂക്കി എന്നിട്ടിങ്ങനെ പറഞ്ഞു:
നിന്നെ ഉപദ്രവിക്കാൻ വരുന്നവരെ നീ തന്നെ നേരിടുക എനിക്കവരെ കണ്ടെത്താൻ കഴിയില്ല നിനക്ക് കഴിയുമെങ്കിൽ ഈ വാൾകൊണ്ട് അവരെ വെട്ടിവീഴ്ത്തുക

രാത്രിയായി യുവാക്കൾ വന്നു മനാത്തയുടെ കഴുത്തിൽ വാൾ അവർ മനാത്തയെയും വാളും എടുത്തുകൊണ്ടുപോയി അവയെ ഒരു ചത്ത നായയുടെ കഴുത്തിൽ കെട്ടിത്തൂക്കി എന്നിട്ടവയെ ചളിക്കുണ്ടിൽ തള്ളി
പ്രഭാതത്തിൽ അംറ് വന്നുനോക്കി മനാത്തയില്ല വാളുമില്ല 

ക്ഷോഭമടക്കാനായില്ല പുറത്തേക്കോടി കുപ്പക്കുഴിയിൽ കിടക്കുന്നു മനാത്ത ചത്ത നായയുടെ കഴുത്തിൽ കോപം വന്നു ഉറക്കെ വിളിച്ചു പറഞ്ഞു
മനാത്ത് ....നീ ദൈവമാണോ? നിനക്ക് ശക്തിയുണ്ടോ? ഉണ്ടായിരുന്നെങ്കിൽ നീ ചത്ത നായയുടെ കൂടെ കിടക്കുമോ?

അംറ് പിന്മാറി മനാത്തയെ ഉപേക്ഷിച്ചു യഥാർത്ഥ ദൈവത്തെ അന്വേഷിച്ചിറങ്ങി ഇസ്ലാം മതം സ്വീകരിച്ചു

അംറുബ്നു ജമൂഹ്(റ) അൻസാരികളിൽ പ്രമുഖനായിത്തീർന്നു അൻസാറുകൾ സജീവമായി കർമരംഗത്തിറങ്ങി ഇസ്ലാം മത പ്രചാരണം ശക്തമാക്കി ധാരാളമാളുകൾ ഇസ്ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്നു

അവർക്ക് ദീനിന്റെ തത്വങ്ങൾ പഠിപ്പിക്കണം നവമുസ്ലിംകളുടെ മനസ്സിൽ നിന്ന് ശിർക്കിന്റെ അംശങ്ങൾ വല്ലതുമുണ്ടെങ്കിൽ തുടച്ചുനീക്കണം തൽസ്ഥാനത്ത് തൗഹീദ് കരുപ്പിടിപ്പിക്കണം അതൊരു വശത്ത് സജീവമായി നടക്കുന്നു മക്കയിൽ നിന്ന് ആളുകൾ വന്നുതുടങ്ങി മുഹാജിറുകൾ സത്യവിശ്വാസത്തിന്റെ സംരക്ഷണത്തിനായി സ്വദേശവും വിട്ട് ഹിജ്റ ചെയ്തവർ

ഹിജ്റ മഹത്തായ കർമമാണ് അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമാണ് ഹിജ്റ തങ്ങളുടെ സ്വത്ത് വകകളെല്ലാം മക്കയിൽ വിട്ടേച്ചുവന്നവർ പലർക്കും മക്കയിൽ ബന്ധുക്കളുണ്ട് തങ്ങളുടെ വീടും സ്വത്തും അവർ സംരക്ഷിക്കുമെന്ന പ്രതീക്ഷയുണ്ട് നടന്നാലായി

മുഹാജിറുകളെ സ്വീകരിക്കണം അവരുടെ കൈവശം ഒന്നുമില്ല ആഹാരം നൽകണം താമസിക്കാൻ സൗകര്യം വേണം ഉപജീവന മാർഗം കണ്ടെത്തണം വലിയ സാമൂഹിക ബാധ്യതയാണ് ഏറ്റെടുത്തത് മുആദുബ്നു ജബൽ(റ)വും മറ്റ് ചെറുപ്പാക്കാരും നേതാക്കളോടൊപ്പം സജീവ പ്രവർത്തനത്തിലാണ് എല്ലാം ചിട്ടയായി ചെയ്തു തീർക്കണം വരുംദിവസങ്ങൾ സുപ്രധാനമാണ് ചരിത്രം മറക്കാത്ത ദിവസങ്ങളാണ് വരുന്നത് മുഹാജിറുകളുടെ വരവ് കൂടിക്കൂടി വരും ആർക്കും ബുദ്ധിമുട്ട് വരാതെനോക്കണം വന്നവർക്കെല്ലാം ദുഃഖ കഥകളാണ് പറയാനുള്ളത് എന്തെല്ലാം സംഭവങ്ങൾ

ഭാര്യയും ഭർത്താവും ഒന്നിച്ച് പുറപ്പെട്ടു ഹിജ്റയാണ് ഖുറൈശികൾ പിടികൂടി ദമ്പതികളെ വേർപിരിച്ചു ഭാര്യയെ ഒരിടത്തും ഭർത്താവിനെ മറ്റൊരിടത്തും ബന്ധനത്തിലാക്കി

ചിലർ ചെറിയസംഘങ്ങളായി പുറപ്പെട്ടു ഖുറൈശികൾ പിടിക്കാൻ വന്നു ചിലർ പിടിക്കപ്പെട്ടു ചിലർ രക്ഷപ്പെട്ടു യസ്രിബിലെത്തി

ആഹാരമില്ലാതെ , വെള്ളം കിട്ടാതെ, ഉറങ്ങാതെ യാത്ര ചെയ്താണ് പലരും വന്നത്

യസ്രിബിലെ കാലാവസ്ഥ പിടിക്കാതെ എത്രയോ പേർ രോഗികളായി യാത്രക്കിടയിൽ മക്കൾ നഷ്ടപ്പെട്ട പിതാക്കൾ മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കൾ അങ്ങനെ ആരെല്ലാം?

ഒടുവിൽ യസ്രിബിൽ സന്തോഷവാർത്തയെത്തി പ്രവാചകൻ മക്ക വിട്ടുകഴിഞ്ഞു അബൂബക്കർ സിദ്ദീഖ് (റ) കൂടെയുണ്ട്

യസ്രിബുകാർ കേട്ട ഏറ്റവും വലിയ സന്തോഷവാർത്ത ആവേശവും ആഹ്ലാദവും അലയടിക്കാൻ തുടങ്ങി

മുശ്രിക്കുകളും യഹൂദികളും എല്ലാം കാണുന്നു അറിയുന്നു യസ്രിബിന്റെ ചരിത്രം മാറുകയാണ്

കൊച്ചു കുട്ടികൾ പോലും നബി(സ)യെക്കുറിച്ചാണ് പറയുന്നത് അവർ പരസ്പരം പറയുന്നത് ' നബി വരുന്നു നബി വരുന്നു എന്നാണ്

നബി(സ) തങ്ങളും അബൂബക്ർ സിദ്ദീഖ് (റ)വും ആദ്യമെത്തിയത് ഹർറ എന്ന പ്രദേശത്താണ്

ബനൂ അംറുബ്നു ഔഫ് ഗോത്രക്കാരുടെ സ്ഥലത്താണ് ഇറങ്ങിയത് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം ഹർറയിലേക്ക് പ്രവഹിക്കാൻ തുടങ്ങി അവിടെ ഉജ്ജ്വല സ്വീകരണമാണ് നൽകപ്പെട്ടത് പതിനാല് ദിവസം അവിടെ താമസിച്ചു

അവിടെ പള്ളി നിർമാണ് ആരംഭിച്ചു നബി (സ) നന്നായി ജോലി ചെയ്തു സ്വഹാബികൾ കഠിനാധ്വാനം അങ്ങനെ നിർമിക്കപ്പെട്ട പള്ളിയാണ് മസ്ജിദ് ഖുബാ

അബ്ദുല്ലാഹിബ്നു റവാഹ(റ) പ്രസിദ്ധനായ കവിയാണ് മസ്ജിദിന് കല്ലു ചുമക്കുന്നവർക്കും അധ്വാനിക്കുന്നവർക്കും പ്രചോദനമാകാൻ വേണ്ടി അബ്ദുല്ലാഹിബ്നു റവാഹ(റ) പാട്ട് പാടിക്കൊണ്ടിരുന്നു നബി (സ) അദ്ദേഹത്തോടൊപ്പം ചേർന്ന് പാടാൻ തുടങ്ങി സ്വഹാബികളും കൂടെ ചേർന്നു
പാട്ടിന്റെ ആഹ്ലാദം ആ ആഹ്ലാദത്തിൽ അധ്വാനത്തിന്റെ ഭാരം അവരറിയുന്നില്ല മസ്ജിദ് ഉയർന്നു വന്നു

ഖുബായിൽ നിന്ന് യസ്രിബിലേക്ക് കുറഞ്ഞ ദൂരമേയുള്ളൂ ഒരു വെള്ളിയാഴ്ച ദിവസം നബി (സ) ഖുബായിൽ നിന്നു പുറപ്പെട്ടു വഴിയുടെ ഇരുഭാഗങ്ങളിലും ജനങ്ങൾ തിങ്ങിനിറഞ്ഞു

ബനൂ സലീം ഗോത്രക്കാർ താമസിക്കുന്ന സ്ഥലത്തെത്തി ഉച്ച സമയം ജുമുഅ നിസ്കരിക്കണം അതിനു മുമ്പെ ഖുത്ബ ഓതണം അതിന് സൗകര്യപ്പെടുത്തി

അങ്ങനെ ആദ്യത്തെ ഖുത്ബയും ജുമുഅയും നടന്നു ചരിത്രം കാത്തുസൂക്ഷിച്ച മഹാ സംഭവം വീണ്ടും യാത്ര തുടങ്ങിയപ്പോൾ എല്ലാ ഭാഗത്തുനിന്നും തക്ബീർ ധ്വനികൾ ഉയർന്നു കൊണ്ടിരുന്നു


പണ്ഡിതന്മാരുടെ നേതാവ് 

മുആദുബ്നു ജബൽ(റ) ജീവിതം തിരക്കുപിടിച്ചതായിരുന്നു നബി (സ) തങ്ങൾ യസ്രിബിൽ പ്രവേശിക്കുകയാണ് യസ്രിബിന്റെ മണൽത്തരികൾ അനുഗ്രഹീതമാവുകയാണ്

ഒരു പട്ടണമാകെ ആവേശത്തിൽ ഇളകിമറിയുകയാണ് വീട്ടിലടച്ചിരിക്കുന്ന കുലീന വനിതകൾ വരെ പുറത്തിറങ്ങിയിരിക്കുന്നു വീടുകളുടെ മുകൾത്തട്ടുകളിൽ സ്ത്രീകൾ തിങ്ങിനിറഞ്ഞു

അല്ലാഹു അക്ബർ
അല്ലാഹു അക്ബർ

നാനാ ഭാഗത്തുനിന്നും തക്ബീർ ധ്വനികളുയരുന്നു ഒരു നേതാവിനെയും ഇതുവരെ യസ്രിബ് ഇതുപോലെ സ്വാഗതം ചെയ്തിട്ടില്ല

പെൺകുട്ടികൾ ആഹ്ലാദപൂർവം സ്വാഗതഗാനമാലപിക്കുന്നു

ത്വലഅൽ ബദ്റു അലൈനാ 
മിൻ സനിയ്യാത്തിൽ വദാഇ 
വജബ ശുക്റു അലൈനാ 
മാ ദആ ലില്ലാഹി ദാഈ

വദാഅ് മലയിടുക്കിലൂടെ പൂർണചന്ദ്രൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു പ്രാർത്ഥിക്കുന്നവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന കാലമത്രയും അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കൽ നമ്മുടെ കടമയാകുന്നു

കേട്ടവർ കേട്ടവർ കൂടെപ്പാടുന്നു ആവേശം കത്തിപ്പടരുന്നു സുസ്മേര വദനനായി ഒട്ടകപ്പുറത്ത് നബി (സ) ഇരിക്കുന്നു ഒട്ടകം മുമ്പോട്ട് നീങ്ങുന്നു

പ്രവാചകനെ അതിഥിയായി ലഭിക്കാൻ ഓരോ തറവാട്ടുകാരും ആഗ്രഹിക്കുന്നു അതിനുവേണ്ടി ക്ഷണിക്കുന്നു

എല്ലാവർക്കും നന്ദി ആശംസകൾ അനുഗ്രഹങ്ങൾ വർഷിച്ച് മുമ്പോട്ടു നീങ്ങുന്നു വികാരഭരിതമായ നിമിഷങ്ങൾ വരികയാണ്

നബി (സ) തങ്ങളുടെ പിതാവ് അബ്ദുല്ല അബ്ദുല്ല എന്നവരുടെ പിതാവ് അബ്ദുൽ മുത്തലിബ് അബ്ദുൽ മുത്തലിബിന്റെ ഉമ്മ സൽമ സൽമയുടെ വീട് സൽമയുടെ ബന്ധുക്കളുടെ വീടുകൾ അവയെല്ലാം ഉൾക്കൊള്ളുന്ന പ്രദേശം ഇന്ന് മസ്ജിദുന്നബവി നിലകൊള്ളുന്നതിന്റെ തൊട്ടടുത്ത പ്രദേശം ഓർമകൾ തെളിഞ്ഞു വരികയാണ് ആറാം വയസ്സിൽ ഉമ്മയോടൊപ്പം ഈ പ്രദേശത്ത് വന്നിട്ടുണ്ട് ഈ വീട്ടിൽ താമസിച്ചിട്ടുണ്ട് താമസം കഴിഞ്ഞ് മടങ്ങുമ്പോൾ അബവാഅ് എന്ന സ്ഥലത്തുവെച്ചാണ് ഉമ്മ മരണപ്പെട്ടത് പ്രിയപ്പെട്ട പിതാവ് അബ്ദുല്ല എന്നവർ രോഗബാധിതനായി ഇവിടെയാണ് വന്നത് ഇവിടം വെച്ചായിരുന്നു വഫാത്ത് ഈ മണ്ണിലാണ് ഉപ്പ അന്ത്യവിശ്രമം കൊള്ളുന്നത് തന്റെ പ്രിയപ്പെട്ട ബന്ധുക്കൾ ബനൂന്നജ്ജാർ വംശക്കാർ ബനൂന്നജ്ജാറിലെ ആളുകൾ മുന്തിയ വസ്ത്രം ധരിച്ചിട്ടുണ്ട് വില കൂടിയ സുഗന്ധം പൂശിയിട്ടുണ്ട് പുരുഷന്മാർ ആയുധമണിഞ്ഞിട്ടുണ്ട് പെൺകുട്ടികൾ ദഫ് മുട്ടുന്നു ആവേശത്തോടെ പാട്ട് പാടുന്നു

"നഹ്നു ജീവാറുൻ മിൻ ബനിന്നജ്ജാരി 
യാ ഹബ്ബദാ മുഹമ്മദൻ മിൻ ജാരി"

ഞങ്ങൾ ബനൂന്നജ്ജാറിലെ പെൺകുട്ടികളാണ് എത്ര ആഹ്ലാദകരം മുഹമ്മദ് നബി (സ) തങ്ങളുടെ അയൽകാരനാണ് നബി (സ) അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു:

'നിങ്ങൾക്കെന്നോട് അത്രക്കിഷ്ടമാണോ?'
അവർ ഏക സ്വരത്തിൽ മറുപടി നൽകി:
'അതെ വല്ലാത്ത ഇഷ്ടം'
നബി (സ) മറുപടി നൽകി
'ഞാൻ നിങ്ങളെയും ഇഷ്ടപ്പെടുന്നു '
അബൂ അയ്യൂബുൽ അൻസ്വാരി(റ)

ബനൂന്നജ്ജാറിന്റെ ഇപ്പോഴത്തെ നായകൻ ആ നായകന്റെ വീട്ടുമുറ്റത്ത് ഒട്ടകം മുട്ടുകുത്തി
ഒട്ടകപ്പുറത്ത് നിന്ന് പുണ്യറസൂൽ(സ) ഇറങ്ങുകയാണ് യസ്രിബിന്റെ മണ്ണിൽ പാദങ്ങൾ വെച്ചു

പുതിയൊരു കാലഘട്ടത്തിന്റെ ചരിത്രം ഇവിടെ ആരംഭിക്കുന്നു യസ്രിബിന്റെ പേരുപോലും മാറിപ്പോയി അത് മദീനത്തുന്നബിയ്യി ആയി മാറി

ഖസ്റജ് ഗോത്രത്തിന്റെ ഭാഗമാണ് ബനൂന്നജ്ജാർ വംശം

അബൂ അയ്യൂബുൽ അൻസ്വാരി (റ) വിന്റെ വീട് അത് ഇരുനില വീടാണ് താഴെ നിലയിലാണ് നബി (സ) താമസിച്ചത് ധാരാളം സന്ദർശകർ വന്നുകൊണ്ടിരുന്നു അവരെ സ്വീകരിക്കാനും മറ്റും അതായിരുന്നു സൗകര്യം ഏഴ് മാസം അവിടെ താമസിച്ചു

ഇപ്പറിഞ്ഞുകൊണ്ടിരിക്കുന്നത് മുആദുബ്നു ജബൽ(റ) വിന്റെ കൂടി ചരിത്രമാണ് മുആദ് (റ) പത്തൊമ്പത് വയസ്സുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ

നബി (സ) തങ്ങൾക്ക് സേവനം ചെയ്യാൻ സന്നദ്ധനായി നിൽക്കുന്നു നബി (സ) നടത്തിയ എല്ലാ പ്രവർത്തനങ്ങൾക്കും സഹായിയായി നിലകൊണ്ടു വിശ്രമമില്ലാത്ത സേവനം

അക്കാലത്ത് നടന്ന എല്ലാ സംഭവങ്ങൾക്കും ദൃക്സാക്ഷിയാണ് സൈദ്(റ) നബി (സ) യുടെ സേവകനാണ്

ഹിജ്റ വന്നതാണ് സൈദ്(റ)വിനെ നബി (സ) മക്കയിലേക്കയക്കുന്നു രണ്ട് ഒട്ടകവും അഞ്ഞൂറ് ദിർഹമും കൊടുത്തുവിട്ടു

നബി (സ)യുടെ പത്നി സൗദ(റ)യെ കൊണ്ടുവരണം പുത്രിമാരെയും കൊണ്ടുവരണം അതിനാണ് പോവുന്നത്

നബി (സ)യുടെ മൂത്ത പുത്രി സൈനബ്(റ) ഭർത്താവ് അബുൽ ആസ് ഭർത്താവ് ഭാര്യയെ മദീനയിലേക്കയച്ചില്ല

രണ്ടാം പുത്രി റുഖിയ്യ(റ)
അവരുടെ ഭർത്താവ് ഉസ്മാൻ (റ) ഭാര്യയും ഭർത്താവും അബ്സീനിയായിലാണ്

ഉമ്മുകുൽസൂം(റ) , ഫാത്വിമ (റ), എന്നിവർ മദീനയിൽ വന്നു ചേർന്നു
മുആദ് (റ) പ്രവാചകനിൽ ലയിച്ചുചേരുകയാണ് എപ്പോഴും നബി (സ)യുടെ വദനം കണ്ടുകൊണ്ടിരിക്കണം പിരിഞ്ഞു പോവാൻ കഴിയുന്നില്ല മനസ്സ് ആ രീതിയിൽ ബന്ധപ്പെട്ടുപോയി

നബി (സ) തങ്ങളുടെ സംസാരം കേൾക്കുക വലിയ മോഹമാണത് അതിന് വേണ്ടി കാത്തിരിക്കും സേസാരിക്കുമ്പോൾ ശ്രദ്ധിച്ചു കേൾക്കും പിന്നെ മറക്കില്ല

ജിബ്രീൽ (അ) വന്നുകൊണ്ടിരുന്നു വിശുദ്ധ ഖുർആൻ ഇറങ്ങിക്കൊണ്ടിരുന്നു ഇറങ്ങിയ വചനങ്ങൾ നബി (സ) പാരായണം ചെയ്തു മുആദ്(റ) പെട്ടെന്നത് മനഃപാഠമാക്കും വീണ്ടും വീണ്ടും ഓതിനോക്കും നബി (സ)യുടെ വചനങ്ങൾ, ചലനങ്ങൾ, ജീവിതരീതി അവ പഠിക്കുന്ന വിദ്യാർത്ഥിയാണ് മുആദുബ്നു ജബൽ(റ) ഓരോ ദിവസവും പഠിച്ചുയരുന്നു വിജ്ഞാനത്തിന്റെ ആഴം കൂടുന്നു മഹാപണ്ഡിതനായി വളരുന്നു അൻസാറുകളും മുഹാജിറുകളും അവർ ചേർന്നതാണ് മദീനയിലെ മുസ്ലിം സമൂഹം അവരെല്ലാം വിദ്യാർത്ഥികളാണ് വിദ്യാർത്ഥികളുടെ മുൻപന്തിയിലെത്തിയിരിക്കുന്നു മുആദുബ്നു ജബൽ(റ) ഇൽമ് കൊണ്ട് ധന്യനായ ചെറുപ്പക്കാരൻ ജ്വലിക്കുന്ന മുഖമാണ് ഇപ്പോൾ ഈമാനിന്റെ പ്രകാശവുമായി എല്ലാവർക്കും പ്രിയപ്പെട്ടവനായി ലോകാനുഗ്രഹിയായ പ്രവാചകൻ പ്രവാചകനുമായുള്ള സഹവാസം നിഷ്കളങ്കമായ സഹവാസം ആ സഹവാസം മുആദിനെ ധന്യനാക്കി ഗൗരവമുള്ള ചുമതലകൾ മുആദിനെ ഏൽപിക്കാൻ തുടങ്ങി ഏൽപിച്ച കാര്യങ്ങൾ ഭംഗിയായി ചെയ്തു തീർക്കും അങ്ങനെ നബി (സ) തങ്ങളുടെ സ്നേഹവും വിശ്വാസവും നേടി

ചുരുങ്ങിയ കാലംകൊണ്ട് നബി (സ) യുയുടെ ഏറ്റവുമടുത്ത സഹവാസികളിൽ ഒരാളായി മാറി മുആദുബ്നു ജബൽ(റ)

വിശുദ്ധ ഖുർആന്റെ ആശയങ്ങൾ നന്നായി മനസ്സിലാക്കാൻ ശ്രമിച്ചു ഓരോ ആയത്തിനും നബി (സ) നൽകുന്ന വിശദീകരണം ആയത്തുകളുടെ ഉൾസാരം ആശയങ്ങളുടെ അഗാധ തലങ്ങൾ ബുദ്ധിയും ചിന്തയും നന്നായി ഉപയോഗിച്ചു ഇരുപത് വയസ്സ് തികഞ്ഞ പണ്ഡിതൻ പണ്ഡിതന്മാരുടെ മുൻനിരയിലെ ചെറുപ്പക്കാരൻ അല്ലാഹു അപാരമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊടുത്തു നബി (സ)യുടെ ഗുരുത്വവും പൊരുത്തവും നേടി വിനയാന്വിതനായി നടന്നുപോകുന്ന മുആദുബ്നു ജബൽ(റ) വിനെ ആളുകൾ ആശ്ചര്യത്തോടെ നോക്കാൻ തുടങ്ങി

ഒരിക്കൽ നബി (സ) തങ്ങൾ അരുൾ ചെയ്തു: ' മുആദുബ്നു ജബൽ പണ്ഡിതന്മാരുടെ നേതാവാകുന്നു'
പറഞ്ഞാൽ പറഞ്ഞതുപോലത്തന്നെ സംഭവിക്കണം
മുആദുബ്നു ജബൽ(റ) പണ്ഡിതന്മാരുടെ നേതാവായിത്തീർന്നു ഗാംഭീര്യമുള്ള പണ്ഡിതൻമാർ ധാരളമുണ്ട്

ആരും അവരെക്കണ്ടാൽ ബഹുമാനിച്ചുപോകും അവരുടെ കാഴ്ച തന്നെ മനുഷ്യരിൽ ബഹുമാനം ജനിപ്പിക്കും

അത്തരം പണ്ഡിതന്മാരുടെ കൂട്ടത്തിൽ സുമുഖനായൊരു ചെറുപ്പക്കാരൻ ആരും ശ്രദ്ധിക്കുന്ന ചെറുപ്പക്കാരൻ
പണ്ഡിതൻമാർ നേതാവ്

മുആദ് (റ)വിന്റെ ബുദ്ധികൂർമതയെ സ്വഹാബികൾ വാഴ്ത്തിപ്പറഞ്ഞു ചിന്താശക്തിയെയും പുകഴ്ത്തിപ്പറഞ്ഞു

മദീനയിൽ ഒരു ചൊല്ല് പ്രചരിച്ചു ഒരു ഉപമ

'ബുദ്ധികൂർമതയിലും ചിന്താശക്തിയിലും മുആദ് (റ) ഉമറുൽ ഫാറൂഖ് (റ)വിനോട് തുല്യനാകുന്നു'

മസ്ജിദുന്നബവിയുടെ പണി തുടങ്ങിയപ്പോൾ സാധാരണ തൊഴിലാളികളെപ്പോലെ സ്വഹാബികൾ രംഗത്തിറങ്ങി

മുആദ്(റ)വും ചെറുപ്പകാരും കഠിനാധ്വാനം ചെയ്തു മസ്ജിദ് ഉയർന്നപ്പോൾ അവർ അനുഭവിച്ച ആഹ്ലാദം വാക്കുകൾക്കതിനെ വിശേഷിപ്പിക്കാനായില്ല കാലം കാത്തുസൂക്ഷിച്ച ഓർമകൾ

നബി (സ) തങ്ങളുടെ സദസ്സ് സ്വഹാബികൾ തിങ്ങിനിറഞ്ഞു ഓരോ വാക്കും പെറുക്കിയെടുത്തു മനസ്സിൽ സൂക്ഷിക്കുകയാണവർ മുൻകാല സമൂഹങ്ങളെക്കുറിച്ചു പറയുന്നു അക്കാലത്തെ പ്രവാചകന്മാരെ അവർ കളിയാക്കി അവഹേളിച്ചു അക്രമിച്ചു പ്രവാചകന്മാരുടെ മനസ്സും ശരീരവും വേദനിച്ചു മുആദ്(റ) ആ രംഗങ്ങൾ മനസ്സിൽ കാണുന്നു നേർക്കുനേരെ കാണുംപോലെ മഹ്ശറയെപ്പറ്റിയായിരിക്കും ചിലപ്പോൾ വിവരണം മനുഷ്യവർഗം മഹ്ശറയിൽ ഒരുമിച്ചുകൂടുന്ന രംഗം നന്മ തിന്മകൾ രേഖപ്പെടുത്തിയ കിതാബുകൾ കൊണ്ടുവരുന്നു കിതാബുകളുടെ വിവരണം

വലതു കൈയിൽ കിതാബ് കിട്ടുന്നവർ ഇടതു കൈയിൽ കിട്ടുന്നവർ ആ രംഗം നേർക്കുനേരെ കാണുകയാണ് മുആദ്(റ)

മുആദ്(റ) പിന്നീട് കൂട്ടുകാരോട് പറഞ്ഞു: ആ രംഗം ഞാൻ നേർക്കുനേരെ കാണുകയായിരുന്നു അത്ര ഹൃദ്യമായിരുന്നു നബി (സ)യുടെ അവതരണം ഉപജീവനത്തിന് വേണ്ടി തൊഴിലെടുക്കണം തൊഴിലെടുക്കാൻ പുറത്തു പോവണം ആ സമയത്ത് നബി(സ) നടത്തുന്ന ക്ലാസുകൾ അത് നഷ്ടപ്പെടുന്നത് വലിയ ദുഃഖമാണ്

ആ ദുഃഖത്തിന്റെ ആഴം അറിഞ്ഞ ആളാണ് മുആദ്(റ) ആ സദസ്സിൽ പങ്കെടുക്കുന്നവരെ തേടിപ്പിടിക്കും നബി (സ) തങ്ങൾ പറഞ്ഞ കാര്യങ്ങൾ ആവേശത്തോടെ ചോദിച്ചറിയും എല്ലാ വിശദാംശങ്ങളും ചോദിച്ചറിയും സംശയം വന്നാൽ ചോദിച്ചറിയും സ്വർഗാവകാശിയുടെ അനുഗ്രഹീത ജീവിതം നരകാവകാശികളുടെ ഭയാനക ജീവിതം മുആദ്(റ) ഇങ്ങനെ പ്രസ്താവിച്ചു:

സ്വർഗാവകാശികളുടെ അനുഗ്രഹീത ജീവിതവും നരകാവകാശികളുടെ ശിക്ഷകളും നേരിൽ കാണുന്നത് പോലെ എനിക്ക് തോന്നുന്നു ഈ പ്രസ്താവനയെക്കുറിച്ച് നബി (സ) കേട്ടു ഒരു മന്ദഹാസത്തോടെ അവിടുന്ന് അരുൾ ചെയ്തു

മുആദ് കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കിയിട്ടുണ്ട് കഠിനാധ്വാനം ചെയ്തു സമ്പാദിച്ചു സമ്പാദിച്ചതിന്റെ ചെറിയൊരു ഭാഗം തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ചെലവഴിച്ചു ബാക്കിയെല്ലാം ദാനം ചെയ്തു മുആദ്(റ)വിന്റെ ദാനശീലം വളരെ പ്രസിദ്ധമായിത്തീർന്നു ദാനം ചെയ്തു സ്വർഗം വാങ്ങുകയാണ് ചോദിച്ചുവരുന്നവരെ വെറുതെ മടക്കുകയില്ല കഴിയുന്ന സഹായങ്ങൾ എല്ലാവർക്കും നൽകും ഈ സംഭവം അദ്ദേഹത്തെ പാവപ്പെട്ടവരുടെ ഇഷ്ട തോഴനാക്കി മാറ്റി

പ്രഭാതം വരുമ്പോൾ മുആദ് (റ)ചിന്തിക്കും ഇന്ന് സായാഹ്നം വരെ ജീവിക്കുമെന്ന് ഒരു ഉറപ്പുമില്ല നടന്നുപോവുമ്പോൾ മുആദ്(റ) ചിന്തിച്ചു
ഞാനിതാ ഒരു കാലടി വെക്കുന്നു അടുത്ത കാലടി വെക്കുമെന്ന് ഒരു ഉറപ്പുമില്ല
നോക്കൂ , എന്തൊരു സൂക്ഷ്മതയാണിത്

ഒരു ദിവസം നബി (സ) ചോദിച്ചു:

'മുആദ് ഈ പ്രഭാതം നിനക്കെങ്ങനെയാണ് ?'

ഇങ്ങനെയായിരുന്നു മറുപടി: ഒരു യഥാർത്ഥ സത്യവിശ്വാസിയുടെ പ്രഭാതം
സത്യവിശ്വാസത്തിന്റെ യാഥാർത്ഥ്യം നീ എങ്ങനെ മനസ്സിലാക്കി?
ഉത്തരം ഇങ്ങനെയായിരുന്നു : നബിയേ...... ഒരു പ്രഭാതം വരുമ്പോൾ സായാഹ്നം വരെ ജീവിക്കുമെന്ന് എനിക്കുറപ്പില്ല

സായാഹ്നം വരുമ്പോൾ അടുത്ത പ്രഭാതം വരെ ജീവിക്കുമെന്ന് എനിക്കുറപ്പില്ല ഒരു കാലടി വെക്കുമ്പോൾ അടുത്ത കാലടി വെച്ചു പൂർത്തിയാക്കുമെന്ന് ഉറപ്പില്ല

എത്രയോ ജനവിഭാഗങ്ങൾ നശിച്ചുപോയിട്ടുണ്ട് അവരുടെ നന്മ തിന്മകൾ എഴുതിയ കിതാബുകൾ നൽകപ്പെടുന്നത് ഞാൻ കണ്ണുകൊണ്ട് കാണുന്നതുപോലെ കാണുന്നുണ്ട്

സ്വർഗവാസികൾ അനുഗ്രഹീതരായി ജീവിക്കുന്നതും ഞാൻ വ്യക്തമായി നോക്കിക്കാണുന്നത് പോലെയുണ്ട്

ഇതുകേട്ട് മുത്ത്നബി(സ) സന്തോഷത്തോടെ പറഞ്ഞു:'മുആദ് നീ ശരിക്കും ഗ്രഹിച്ചിട്ടുണ്ട്'

ഒരു മുഅ്മിനിന്റെ യഥാർത്ഥ അവസ്ഥയാണിത് മരണം തൊട്ടടുത്തുണ്ട് ഏത് നിമിഷത്തിലും തന്നെ പിടികൂടിയേക്കാം

വെക്കാൻതുടങ്ങിയ കാലടി വെച്ചുപൂർത്തിയാക്കുമെന്ന് ഒരുറപ്പുമില്ല നന്മകൾക്ക് വമ്പിച്ച പ്രതിഫലം കിട്ടും തിന്മകൾക്ക് ശിക്ഷ കിട്ടും അതിലുള്ള ദൃഢവിശ്വാസം

അതെല്ലാം മുആദ്(റ) വിന് വ്യക്തമായി കാണാമായിരുന്നു സത്യവിശ്വാസത്തിന്റെ യാഥാർത്ഥ്യം

മദീനയിലെത്തിയ ഓരോ മുഹാജിറിനെയും ഓരോ അൻസാരിക്ക് സഹോദരനായി നൽകുകയാണ് നബി (സ) ചെയ്തത്

ഓരോ അൻസാരിയും തനിക്ക് കിട്ടിയ മുഹാജിർ സഹോദരനെ സ്നേഹിക്കുകയും പരിപാലെക്കുകയും ചെയ്തു വീടിന്റെ ഒരു ഭാഗം അവർക്ക് താമസിക്കാൻ വിട്ടുകൊടുത്തു തൊഴിലിലും വരുമാനത്തിലും പങ്കാളിയാക്കി ചരിത്രത്തെ വിസ്മയിപ്പിച്ച സാഹോദര്യം

മുആദുബ്നു ജബൽ(റ) വിന് സഹോദരനായി ലഭിച്ചത് ആരെയാണ്? പ്രസിദ്ധനായ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിനെ

അവർക്കിടയിലെ സഹോദര്യം ഇരുവർക്കും ഏറെ പ്രയോജനപ്രദമായി പരസ്പരം ആശയങ്ങൾ കൈമാറാനും സമൂഹത്തിന്റെ നേട്ടത്തിന് വേണ്ടി ഒന്നിച്ചു പ്രവർത്തിക്കാനും കഴിഞ്ഞു

അന്ത്യനാൾവരെയുള്ള സത്യവിശ്വാസികളെ വിസ്മയിപ്പിക്കുന്ന ഒരു പ്രസ്താവന നബി (സ) തങ്ങൾ നടത്തിയിട്ടുണ്ട്

'ഇന്ന മുആദബ്നു ജബൽ ഇമാമുൽ ഉലമാഅ്'

തീർച്ചയായും മുആദുബ്നു ജബൽ ഉലമാക്കളുടെ ഇമാമാകുന്നു എത്ര സമുന്നതമായ പദവിയാണ് ലഭിച്ചത്

ഒരിക്കൽ നബി(സ) തങ്ങൾ മുആദുബ്നു ജബൽ(റ)വിന്റെ കൈ പിടിച്ചു എന്നിട്ട് പറഞ്ഞു:

യാ മുആദ് വല്ലാഹി ല ഉഹിബ്ബുക

ഓ മുആദ്..... അല്ലാഹുവാണെ സത്യം, ഞാൻ നിന്നെ സ്നേഹിക്കുന്നു

നബി (സ) തങ്ങളുടെ സ്നേഹം ലഭിക്കുകയെന്നതാണ് വലിയ സൗഭാഗ്യം
നബി(സ) സ്നേഹിക്കുന്നവരെ അല്ലാഹുവും സ്നേഹിക്കും മലക്കുകളും സ്വാലിഹീങ്ങളും സ്നേഹിക്കും

സ്നേഹം വെറുതെ പറഞ്ഞതല്ല സത്യം ചെയ്താണ് പറഞ്ഞത് എത്ര സമുന്നത സ്ഥാനമാണ് സിദ്ധിച്ചത്

നബി (സ) തങ്ങൾ ഇതുകൂടി പറഞ്ഞു:

ഓ.... മുആദ് ഞാൻ നിന്നോട് വസ്വിയ്യത്ത് ചെയ്യുന്നു ഓരോ നിസ്കാരത്തിന് ശേഷം ഇങ്ങനെ ചൊല്ലണം

അല്ലാഹുമ്മ അഇന്നീ അലാ ദിക് രിക വ ശുക് രിക വ ഹുസ്നി ഇബാദത്തിക

ഒട്ടനേകം സ്വഹാബിമാർ മുആദുബ്നു ജബൽ(റ)വിനെക്കുറിച്ച് പ്രസ്താവനകൾ നടത്തിയിട്ടുണ്ട് അവ ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു

ജാബിറുബ്നു അബ്ദില്ല(റ) പ്രസ്താവിക്കുന്നു:

'നല്ല മുഖസൗന്ദര്യമുള്ളവരിൽ ഒരാളായിരുന്നു മുആദുബ്നു ജബൽ ഏറ്റവും നല്ല സ്വഭാവ ഗുണങ്ങളുള്ള ആളായിരുന്നു ഏറ്റവും നല്ല ഉപദാരശീലന്മാരിൽ ഒരാളായിരുന്നു ജന്മനാ സിദ്ധിച്ച മുഖലാവണ്യം ആരെയും ആകർഷിക്കുന്ന അഴക് അതിൽ ഈമാനിന്റെ പ്രകാശം കലർന്നു അതോടെ മുഖം അതിമനോഹരമായി മനസ്സ് അതിസുന്ദരം കളങ്കമില്ല വളരെ പരിശുദ്ധം തൗഹീദിന്റെ പ്രകാശമുണ്ടവിടെ അല്ലാഹുവിന്റെ സിംഹാസനമുണ്ടവിടെ മനസ്സിന്റെ കണ്ണാടിയാണ് മുഖം അതോടെ മുഖത്തിന്റെ തിളക്കം കൂടി
ഖൽബുൽ മുഅ്മിനി അർശുല്ലാഹ്

മുഅ്മിനിന്റെ ഖൽബ് അല്ലാഹുവിന്റെ സിംഹാസനമാകുന്നു മുആദ്(റ)വിനെ ഇബ്രാഹിം നബി(അ)നോട് ഉപമിച്ചവരുണ്ട്

ഇബ്രാഹിം നബി (അ) ഒരു വ്യക്തിയല്ല ഒരു പ്രസ്താനമാണ് അല്ലാഹുവിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനം

ഇന്ന ഇബ്രാഹിമ കാന ഉമ്മതൻ ഖാനിതൻ ലില്ലാഹ് (സൂറത്തുന്നഹ്ൽ)
മുആദ് (റ)വിനെപ്പറ്റിയും അങ്ങനെ പറയപ്പെട്ടിട്ടുണ്ട്
അല്ലാഹുവിനുവേണ്ടി നിലക്കൊണ്ട പ്രസ്ഥാനം
മുആദ് (റ) ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ്
ഇന്ന മുആദൻ കാന ഉമ്മതൻ ഖാനിതൻ ലില്ലാഹി

ഉഹ്ദ് പോർക്കളത്തിൽ 

മുആദുബ്നു ജബൽ(റ) വിനെ നന്നായി മനസ്സിലാക്കിയ പ്രഗത്ഭനായ സ്വഹാബിയാണ് ഇബ്നു മസ്ഊദ്(റ)

ഇബ്നു മസ്ഊദ് (റ)വിന്റെ വചനം ആദരണീയനായ ഫർവതുൽ അശ്ജഇ (റ) ഇങ്ങനെ ഉദ്ധരിക്കുന്നു

'വിശുദ്ധ ഖുർആനിൽ ഖലീലുല്ലാഹി ഇബ്രാഹിം (അ)നെക്കുറിച്ചു വന്നത് ഇങ്ങനെയാണ്

إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ 
ഇന്ന ഇബ്രാഹിമ കാന ഉമ്മതൻ ഖാനിതൻ ലില്ലാഹി

മുആദുബ്നു ജബൽ(റ) വിനെക്കുറിച്ച് സ്വഹാബികൾ പറഞ്ഞ പ്രസിദ്ധമായ വചനം ഇങ്ങനെയായിരുന്നു

ഇന്ന മുആദുബ്നു ജബൽ കാന ഉമ്മതൻ ഖാനിതൻ ലില്ലാഹി
എന്നോട് ചോദിക്കപ്പെട്ടു; മൽ ഉമ്മതു? മൽ ഖാനിതു?

എന്താണ് ഉമ്മത്? എന്താണ് ഖാനിത്?

ഞാൻ പറഞ്ഞു: അല്ലാഹു വറസൂലുഹു അഅ്ലം
അല്ലാഹുവും അവന്റെ റസൂലും അതറിയും

ഇബ്നു മസ്ഊദ്(റ) അപ്പോൾ എനിക്ക് വിശദീകരിച്ചുതന്നു

നന്മ എന്താണെന്നറിയുക നന്മ നിറഞ്ഞവനായി മാറുക ആ ആളാണ് ഉമ്മത്ത്
അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുക 
അതാണ് ഖാനിത്ത്

മുആദ് അങ്ങനെയുള്ള ആളായിരുന്നു

മുആദുബ്നു ജബൽ(റ) വിനെ മനസ്സിലാക്കാൻ ഈ വചനം മതി

ജാബിയായിൽ ഉമറുബ്നുൽ ഖത്താബ് (റ) പ്രസംഗിക്കുകയാണ് പ്രസംഗത്തിലൂടെ മുആദ് (റ) വിനെക്കുറിച്ചു പറഞ്ഞു; അതിപ്രകാരമായിരുന്നു :ആരെങ്കിലും ഫിഖ്ഹ് (കർമശാസ്ത്രം) പഠിക്കാനുദ്ദേശിക്കുന്നു വെങ്കിൽ മുആദുബ്നു ജബലിനെ സമീപിക്കട്ടെ
ഫിഖ്ഹിൽ മുആദ്(റ) നേടിയ അഗാധ പാണ്ഡിത്യത്തെ പ്രശംസിക്കുന്ന വചനമാണിത്

ആളുകൾ മുആദ്(റ) വിനെ നിരന്തരം സന്ദർശിച്ചുകൊണ്ടിരുന്നു നബി (സ)യുടെ വഫാത്തിനു ശേഷം സന്ദർശകർ കൂടുതലായി നിരവധി സംശയങ്ങളുമായിട്ടാണവർ വന്നത്

മുആദ് (റ) മറുപടി പറഞ്ഞു കൊടുക്കും ഗോത്രക്കാർക്ക് തൃപ്തിയാകുംവരെ വിശദീകരിക്കും

കേൾവിക്കാർ സംശയം തീർന്നു മുഖം തെളിഞ്ഞു എഴുന്നേൽക്കും പ്രാർത്ഥനാവചനം ചൊല്ലി സലാം പറഞ്ഞു പിരിയും ജസാക്കല്ലാഹു ഖൈറൻ
അല്ലാഹു അങ്ങേക്ക് നന്മ പ്രതിഫലം നൽകട്ടെ

ഉമർ(റ) പല കാര്യങ്ങളും മുആദ്(റ)വുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്
മുആദ് (റ) നന്നായി ഉപദേശിക്കും ആ ഉപദേശങ്ങൾ ഫലപ്രദമായി നല്ല തീരുമാനങ്ങളെടുക്കാൻ സഹായകമായി

ഈ ഉപകാരം ഉമർ (റ) മറന്നില്ല നന്ദിയോടെ ഓർക്കും പറയും

ഒരിക്കൽ ഉമർ (റ) പറഞ്ഞു: ധാരാളം സ്ത്രീകൾ കുഞ്ഞുങ്ങളെ പ്രസവിക്കുന്നുണ്ട് മുആദുബ്നു ജബലിനെപ്പോലുള്ള ഒരു കുട്ടിയെ പ്രസവിക്കുന്നത് അപൂർവ്വമാണ്

മുആദ് ബ്നു ജബൽ ഇല്ലായിരുന്നെങ്കിൽ ഉമർ നശിച്ചുപോയേനെ എത്ര അർത്ഥവത്തായ വചനം
തീരുമാനം തെറ്റിപ്പോയാൽ?
അതല്ലേ നാശം?

മുആദ് (റ)വിന്റെ പണ്ഡിതോചിതമായ ഉപദേശം ആ വിപത്തിനെ ഒഴിവാക്കിക്കൊടുത്തു

നബി (സ) തങ്ങൾ പ്രശംസിച്ച ആളെ ഉമർ (റ) സന്തോഷപൂർവം പ്രശംസിച്ചു
പ്രശംസ അർഹിക്കുന്നവർക്കത് കൊടുക്കാം അർഹിക്കാത്തവരെ പ്രശംസിക്കരുത് ആപത്തായിത്തീരും ചരിത്രം ബഹുമാനപൂർവം ഓർമിക്കുന്ന ഒരു നബി വചനമുണ്ട്

മുത്ത്നബി(സ) പറഞ്ഞു: നാലാളുകളിൽ നിന്ന് നിങ്ങൾ വിശുദ്ധ ഖുർആൻ പഠിക്കുക

1.അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)
2. സാലിം മൗലാ അബീഹുദൈഫ(റ)
3. ഉബയ്യുബ്നു കഅബ്(റ)
4. മുആദുബ്നു ജബൽ(റ)

ഈ വചനം വന്നശേഷം സത്യവിശ്വാസികളുടെ മനസ്സിൽ ഇവരോടുള്ള സ്നേഹം വല്ലാതെ വർധിച്ചു

തലമുറകൾ വല്ലാത്ത ആദരവോടെ അവരെ ഓർക്കുന്നു

ഹിജ്റയുടെ രണ്ടാം വർഷം ദാരിദ്ര്യത്തിന്റെ കാലം അപ്പോഴാണ് നോമ്പ് ഫർളാക്കപ്പെട്ടത്

റമളാൻ മാസം മുഴുവൻ നോമ്പെടുക്കുക

പട്ടിണിയുടെ കാലമാണെങ്കിലും മുസ്ലിംകൾക്ക് ആവേശമായി റമളാൻ മാസം പിറക്കാൻ പോവുന്നു നബി (സ) ആ മാസത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ചു പ്രസംഗിച്ചു രോമാഞ്ചജനകമായ പ്രസംഗം

ശ്രേഷ്ഠമായ മാസമാണ് മുന്നിട്ട് വരുന്നത് നരക കവാടങ്ങൾ അടക്കപ്പെടും സ്വർഗ കവാടങ്ങൾ തുറക്കപ്പെടും ഒരു കർമത്തിന് അനേകമിരട്ടി പ്രതിഫലം കിട്ടും നോമ്പുകാരന്റെ പദവി പറഞ്ഞാൽ തീരില്ല

മുആദും(റ) കൂട്ടരും കേട്ടു ആവേശഭരിതരായി മാസം പിറന്നു ഹൃദ്യമായ സ്വാഗതം നോമ്പ് തുടങ്ങി ചില ദിവസങ്ങൾ കഴിഞ്ഞു വാർത്ത വന്നു
ആപത്തിന്റെ വാർത്ത

മക്കയിൽ പടപ്പുറപ്പാട്

ഇസ്ലാമിനെ നശിപ്പിക്കാൻ വൻസൈന്യം വരുന്നു അവരെ നേരിടണം യുദ്ധമുഖത്തേക്ക് നീങ്ങണം നോമ്പുകാലം ഒരു മാസം നോമ്പ് നോൽക്കണം അതിന്റെ പരിശീലനമാണ് അതിന്നിടയിലാണ് മക്കക്കാരുടെ പടപ്പുറപ്പാട്

നബി (സ) തങ്ങൾ അനുയായികളെ ക്ഷണിച്ചു യുദ്ധഭൂമിയിലേക്ക് മുസ്ലിം അണിനിരന്നു മുന്നൂറ്റിപ്പതിമൂന്നുപേർ റമളാൻ പന്ത്രണ്ടിന് യാത്ര പുറപ്പെട്ടു മദീനയിൽ നിന്ന് റമളാൻ പതിനാറിന് ബദറിലെത്തി

ശത്രുക്കളും വന്നു ചേർന്നു റമളാൻ പതിനേഴ് അന്ന് ബദർ യുദ്ധം നടന്നു
മുആദുബ്നു ജബൽ(റ) മുത്ത്നബി(സ)യുടെ കൂടെയുണ്ട്

അബൂജഹൽ (ല.അ.) മക്കാസൈന്യത്തിന്റെ നായകൻ ശത്രുസൈന്യം ആർത്തുവിളിച്ചു വന്നു പട തുടങ്ങി ഘോരയുദ്ധം....ചരിത്രം മറക്കാത്ത ബദർ മുആദ് (റ) പരിസരം മറന്നു പോരാടുന്നു വീരരക്തസാക്ഷിയായിത്തീരണം

അബൂജഹൽ വെട്ടേറ്റു വീണു പല നേതാക്കൾ വധിക്കപ്പെട്ടു മക്കയുടെ എഴുപത് പ്രമുഖ നേതാക്കൾ വധിക്കപ്പെട്ടു

മുസ്ലിംകളെ അല്ലാഹു സഹായിച്ചു പ്രകടമായ സഹായം ആ സഹായം മുആദ്(റ)കണ്ടു

നബി (സ) തങ്ങളും അനുയായികളും വിജയിച്ചു

ബദ് രീങ്ങൾ ഈ സമൂഹത്തിലെ മുമ്പന്മാർ മുആദ്ബ്നു ജബൽ(റ) ആ പദവിയിലെത്തി യസ്രിബിൽ മുസ്ലിംകളുടെ പദവി ഉയർന്നത് ബദറിന് ശേഷമാണ് മുആദ് (റ) അത് നേരിൽ കണ്ടറിഞ്ഞു

മക്ക പ്രതികാരത്തിന് ദാഹിച്ചു

മറ്റൊരു യുദ്ധം അത് മാത്രമാണ് മക്കക്കാരുടെ ചിന്ത അങ്ങനെയാണ് ഉഹ്ദ് യുദ്ധം വരുന്നത് കാലം നീങ്ങി യുദ്ധ കാഹളം മുഴങ്ങാറായി

മുസ്ലിം സൈന്യം ഉഹ്ദിലേക്ക് നീങ്ങാൻ സമയമായി കൊടി പിടിക്കുന്നത് ആര് ?
മുത്ത് നബി(സ) തന്നെയാണത് തീരുമാനിക്കുക

കൊടി പിടിക്കൽ ഒരു പദവിയാണ് ആ പദവി എല്ലാവരും കൊതിക്കും കൊടി കിട്ടിയാൽ പിന്നെ താഴെ വെക്കില്ല കൊടി പിടിച്ച കൈ വെട്ടാൻ ശത്രുക്കൾ ശ്രമിക്കും ചതി പ്രയോഗിക്കും

വലതു കൈ വെട്ടിയാൽ ഇടതു കൈയിൽ പിടിക്കും ഇടതും വെട്ടിയാലും കൊടി താഴെ വീഴാതെ നോക്കും കൈകളില്ലാത്തവരെ വെട്ടിവീഴ്ത്താം എളുപ്പമാണ്
അപ്പോൾ മറ്റൊരാൾ കൊടി ഏറ്റെടുക്കാം

മുത്ത്നബി(സ) കൊടിയുമായി നടന്നു പറ്റിയ ആളെ പരുതുകയാണ് മുആദുബ്നു ജബൽ(റ) രംഗത്ത് തന്നെയുണ്ട് മിസ്അബുബ്നു ഉമൈർ(റ) ആ സ്വഹാബിവര്യന്റെ മുമ്പിൽ നബി ( സ) വന്നുനിന്നു കൊടി മിസ്അബിന് നൽകി ഉഹ്ദിന്റെ പതാക വാഹകൻ

മുആദുബ്നു ജബൽ(റ) മനസ്സറിഞ്ഞ് സ്നേഹിച്ചുപോയ സ്വഹാബിവര്യനാണ് മിസ്അബ്ദ

മുആദ്(റ) ഇസ്ലാം സ്വീകരിച്ചത് മിസ്അബ്(റ)വിൽ നിന്നാണ് തനിക്ക് ഖുർആൻ പഠിപ്പിച്ചുതന്നു ദീനീ വിജ്ഞാനം നൽകി തന്റെ ബഹുമാന്യനായ ആത്മീയ ഗുരു

പതാക വാഹകൻ എന്ന പദവി തന്റെ ഗുരുവിന് ലഭിച്ചപ്പോൾ മുആദ് (റ) വിന് വലിയ സന്തോഷം

മുസ്ലീം സേന ഉഹ്ദിലെത്തി

മലയുടെ മുകളിൽ ഏതാനും വില്ലാളിവീരന്മാരെ നിർത്തി അവരുടെ നേതാവ് അബ്ദുല്ലാഹിബ്നു സുബൈർ (റ) ആയിരുന്നു അവർക്ക് നബി (സ) കർശന നിർദ്ദേശം നൽകി

'അനുവാദം കിട്ടാതെ ഈ മലയിൽ നിന്നിറങ്ങരുത്'
യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ മുശ്രിക്കുകൾ പരാജയപ്പെട്ടു അവർ യുദ്ധക്കളം വിട്ടോടി

മലമുകളിലെ വില്ലാളിവീരന്മാർ സ്ഥലംവിടാൻ തയ്യാറെടുത്തു അബ്ദുല്ലാഹിബ്നു സുബൈർ (റ) അവരെ തടഞ്ഞു അവർ നിന്നില്ല അധികപേരും സ്ഥലം വിട്ടു

ശത്രുക്കൾ നോക്കുമ്പോൾ മലമുകളിലുള്ളവർ മിക്കവാറും സ്ഥലം വിട്ടിരിക്കുന്നു ഇതുതന്നെ തക്കം

അബ്ദുല്ലാഹിബ്നു സുബൈറും(റ) ഏതാനും അനുയായികളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ

ശത്രുക്കൾ അവരെ വധിച്ചുകളഞ്ഞു മുസ്ലിംകൾ യുദ്ധം നിർത്തിയ സമയം പലരും വിശ്രമത്തിലാണ് പൊടുന്നനെ ആക്രമണം തുടങ്ങി മുസ്ലിംകൾ പലവഴിയായിപ്പോയി വമ്പിച്ച പരീക്ഷണമാണ് പിന്നെ നേരിട്ടത് കനത്ത നാശനഷ്ടങ്ങൾ നിരവധിപേർ വധിക്കപ്പെട്ടു

ഇബ്നു കമീയ

മക്കക്കാരുടെ വലിയ പോരാളി നബി (സ) തങ്ങളെ വധിക്കുമെന്ന് വീമ്പിളക്കി വരികയാണ് മിസ്അബ്(റ) അവനെ നേരിട്ടു
ശത്രുക്കൾ മിസ്അബി(റ) നെ വട്ടമിട്ടു

പതാക വാഹകനെ അവർ നോട്ടമിട്ടു നടക്കുകയാണ് ആഞ്ഞുവെട്ടി

മിസ്അബ്(റ)വിന്റെ വലതു കൈക്ക് വെട്ടേറ്റു വലതു കൈ നഷ്ടപ്പെട്ടപ്പോൾ കൊടി ഇടതു കൈയിൽ പിടിച്ചു ആ കൈക്കും വെട്ടേറ്റു ഇരു കൈകളും നഷ്ടപ്പെട്ടു കൊടി താഴെ വീഴാതിരിക്കാൻ പാടുപെടുകയാണ് മാറോടണച്ചുപിടിച്ചു മുറിഞ്ഞുതൂങ്ങിയ കക്ഷഭാഗം കൊണ്ട് ചേർത്തുപിടിച്ചു

'വമാ മുഹമ്മദുൻ ഇല്ലാ റസൂലുൻ...' എന്ന ആയത്ത് ഉറക്കെ ഓതിക്കൊണ്ടിരുന്നു

ഒരു ശത്രു കുന്തം നെഞ്ചിൽ കുത്തിയിറക്കി

മിസ്അബുബ്നു ഉമൈർ(റ) നിലത്തുവീണു കൊടിയും വീണു അലി(റ) ഓടിച്ചെന്ന് കൊടിയെടുത്തു ഉയർത്തിപ്പിടിച്ചു ഉമർ(റ) വിന്റെ നേതൃത്വത്തിൽ ഒരു സൈന്യം ധീരമായി പൊരുതിക്കൊണ്ടിരുന്നു ശത്രുക്കൾ 'അടുത്ത വർഷം കാണാം' എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് സ്ഥലം വിട്ടു
ഹംസ(റ) ഈ യുദ്ധത്തിൽ ശഹീദായി

ഒളിഞ്ഞിരുന്ന് ചാട്ടുളി എയ്ത് വധിക്കുകയായിരുന്നു ആ ശരീരം വികൃതമാക്കപ്പെട്ടു ആന്തരാവയവങ്ങൾ വരെ മുറിച്ചെടുത്ത് വികൃതമാക്കിയിരുന്നു

യുദ്ധാനന്തരം നബി (സ) തങ്ങൾ ഹംസ(റ) വിന്റെ മയ്യിത്ത് കണ്ട് സങ്കടപ്പെട്ടുപോയി

മലമുകളിൽനിന്ന് വില്ലാളികൾ സ്ഥലംവിട്ട സംഭവം നേരത്തെ പറഞ്ഞുവല്ലോ
അവരുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്നു സുബൈർ (റ) സ്ഥലം വിട്ടില്ല ശത്രുക്കൾ കൂട്ടത്തോടെ വന്നപ്പോൾ ഓടി രക്ഷപ്പെട്ടില്ല ശത്രുക്കൾക്കുനേരെ നിരന്തരം അമ്പെയ്തുകൊണ്ടിരുന്നു നിരവധി ശത്രുക്കളുടെമേൽ അമ്പ് തുളച്ചുകയറി

ശത്രുക്കൾ വളഞ്ഞിട്ട് ആക്രമണം തുടങ്ങി

അബ്ദുല്ലാഹിബ്നു സുബൈർ (റ) വിന്റെകൈവശമുള്ള അമ്പുകൾ തീർന്നുപോയി ഉടനെ കുന്തമെടുത്തു ഒറ്റക്ക് പോരാടി

ശത്രുക്കൾ ആക്രമണത്തിന് ശക്തി കൂട്ടി കുന്തം മുറിഞ്ഞുപോയി ഉടനെ വാളെടുത്തു ഉഗ്രമായി പൊരുതി നിരവധി പേർക്ക് വെട്ടേറ്റു ഒടുവിൽ ധീരസ്വഹാബി വെട്ടേറ്റു വീണു ധീരരക്തസാക്ഷിയായി ശത്രുക്കൾ അബ്ദുല്ലാഹിബ്നു സുബൈർ (റ) വിന്റെ ശരീരം വെട്ടി മുറിച്ചു വികൃതമാക്കി

മുത്ത് നബി(സ) മയ്യിത്തുകൾ നോക്കിവരികയാണ് ഒരാൾ മുഖം മണ്ണിലമർത്തി കമിഴ്ന്നു കിടക്കുന്നു ഇരു കരങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു രക്തത്തിൽ കുളിച്ച ശരീരം മലർത്തിക്കിടത്തി

അത് മിസ്അബുബ്നു ഉമൈർ(റ) ആയിരുന്നു എല്ലാ കണ്ണുകളും നിറഞ്ഞൊഴുകി എന്തൊരു ദൃശ്യം ഉഹ്ദ് യുദ്ധ ചരിത്രത്തിന്റെ ഭാഗമാണ് മുആദുബ്നു ജബൽ(റ) ജീവൻമരണ പോരാട്ടമാണ് മുആദ് (റ) നടത്തിയത് വികൃതമാക്കപ്പെട്ട ശരീരങ്ങൾ അദ്ദേഹം കണ്ടു വീരസാഹസികനായ ഹംസ (റ)വിനെ കാണാൻ ജനം കൊതിച്ചു ആളുകൾക്ക് കണ്ട് കൊതി തീർന്നിട്ടില്ല അതിനു മുമ്പെ യാത്രയായി

മിസ്അബ്(റ)

തനിക്ക് സന്മാർഗത്തിന്റെ വെളിച്ചം കാണിച്ചുതന്ന മഹാൻ മക്കയുടെ ഓമനപുത്രൻ നിറയൗവ്വനത്തിൽ യാത്രയായി

മിസ്അബ്(റ) വിന്റെ കൈവശം ഒരു പുതപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അതായിരുന്നു കഫൻപുടവ മുഖം മൂടിയാൽ കാലുകൾ പുറത്താവും കാലുകൾ മൂടിയാൽ തല പുറത്ത് നബി(സ) തല മൂടാൻ കൽപിച്ചു
കാലുകൾ പുല്ലുകൊണ്ട് മൂടി അങ്ങനെയാണ് ഖബറടക്കപ്പെട്ടത്

ഹംസ(റ)വിന്റെ അവസ്ഥയും ഇതുതന്നെ തല മൂടി കാലുകൾ പുല്ലുകൊണ്ട് മൂടി

അറുപത്തിനാല് അൻസാരികൾ ശഹീദായി ആറ് മുഹാജിറുകളും ശഹീദായി
ഖബറടക്കൽ കർമം വളരെ പ്രയാസം നിറഞ്ഞതായിരുന്നു കഫൻതുണിയില്ല ഓരോരുത്തർക്കും വേറെ വേറെ ഖബർ കുഴിക്കാനുള്ള ബുദ്ധിമുട്ട്
ഒരു തുണിയിൽ ഒന്നിലധികം പേർ കഫൻ ചെയ്യപ്പെടുക ഒരു ഖബറിൽ ഒന്നിലധികം പേർ ഖബറടക്കപ്പെടുക

ഉഹ്ദ് രണാങ്കണത്തിലെ മണൽത്തരികൾ അതൊക്കെയാണ് നമുക്ക് പറഞ്ഞുതരുന്നത് ദുഃഖം പടർന്ന ഓർമയായി ഉഹ്ദ് യുദ്ധം മുആദ് (റ) വിന്റെ മനസ്സിൽ നിലനിന്നു


മക്കയിലെ അധ്യാപകൻ

ഇസ്ലാമിക ചരിത്രത്തിലെ ആവേശകരമായ സംഭവമാണ് മക്കാവിജയം കഅബാലയത്തിനകത്തെ ശിർക്കിന്റെ അടയാളങ്ങൾ മുഴുവൻ തുടച്ചുനീക്കപ്പെട്ട സംഭവം

എല്ലാ കൊമ്പന്മാരും കീഴടങ്ങി കഅബാലയത്തിൽ ബാങ്ക് മുഴങ്ങി മക്കയിൽ തൗഹീദിന്റെ ശബ്ദം പ്രതിധ്വനിച്ചു ആളുകൾ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് പ്രവഹിക്കുകയാണ് അവർക്ക് ഇസ്ലാം ദീൻ അറിയില്ല വിശുദ്ധ ഖുർആൻ അറിയില്ല അവർക്ക് അതെല്ലാം പഠിപ്പിച്ചു കൊടുക്കാൻ ഒരു ഗുരു വേണം അവർ ആവശ്യം നബി (സ) തങ്ങളുടെ മുമ്പിൽ വെച്ചു

മക്കായുടെ മക്കൾക്ക് ദീൻ പഠിപ്പിക്കാൻ ആരെയാണ് ചുമതലപ്പെടുത്തിയത് ?

പണ്ഡിതനായ മുആദുബ്നു ജബൽ(റ)വിനെ മഹാനവർകൾ പുണ്യ മക്കാശരീഫിൽ താമസിച്ചു ആളുകളെ ദീൻ പഠിപ്പിക്കാൻ തുടങ്ങി അതൊരു ചരിത്ര നിയോഗമായിരുന്നു കാലത്തിന്റെ മാറ്റം എത്ര അതിശയകരം നുബുവ്വത്തിന്റെ ആദ്യ കാലഘട്ടം ഇസ്ലാം മതം സ്വീകരിച്ചവർ ക്രൂരമായി മർദ്ദിക്കപ്പെട്ട കാലം ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് ഇത് പരസ്യമായി പറയാൻ പറ്റാത്ത കാലം ഈ മണൽപ്പരപ്പിന് എത്രയെത്ര മർദ്ദനങ്ങളുടെ കരളലിയിക്കുന്ന കഥകളാണ് പറയാനുള്ളത്

ഇവിടെ വെച്ചാണ് നബി (സ) തങ്ങളുടെ കഴുത്തിൽ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല വലിച്ചിട്ടത്

പീഡനം സഹിക്കാനാവാതെ ബോധംകെട്ടു വീണവരെത്ര ആ സ്ഥലത്ത് ഇസ്ലാം ദീനിന്റെ ക്ലാസ് നടക്കുന്നു

കഅബാശരീഫിൽ അഞ്ച് നേരം ബാങ്ക് മുഴങ്ങുന്നു ജമാഅത്തായി നിസ്കാരം നടക്കുന്നു

മുആദുബ്നു ജബൽ(റ) മക്കായുടെ ആശാകേന്ദ്രമായി മാറി ആധികാരികമായി മതവിധി നൽകുന്നത് അദ്ദേഹമാണ് മദീനയിൽ ജനിച്ചു വളർന്ന മുആദ്(റ) രണ്ടാം അഖബ ഉടമ്പടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ ഒളിച്ചും പാർത്തുമാണ് സഞ്ചരിച്ചത് ഇന്ന് ജനമധ്യത്തിലാണ് മക്കക്കാർക്ക് വളരെ പ്രിയപ്പെട്ടവൻ തൗഹീദിന്റെ വിജ്ഞാനം പഠിപ്പിച്ചു നിസ്കാരവും , സകാത്തും, നോമ്പും പരിശീലിപ്പിച്ചു മക്കയിൽ പണ്ഡിതന്മാരുണ്ടായി മതവിദ്യാലയങ്ങളുണ്ടായി

മദീനയിലേക്ക് മടങ്ങാൻ മനസ് വെമ്പുന്നു മനസിലെപ്പോഴും മുത്ത് നബി (സ)യുടെ മുഖം തെളിഞ്ഞു നിൽക്കുന്നു അവിടത്തെ പുണ്യം നിറഞ്ഞ സദസ്സുകൾ അവിടം ചെന്നണയണം അവിടുത്തെ തിരുസദസ്സിലിരിക്കണം ആ സഹവാസം കിട്ടണം മടങ്ങിപ്പോവണം മക്കയുടെ മക്കൾ വേദനയോടെ വിടനൽകി

മുആദുബ്നു ജബൽ(റ) മദീനയിലെത്തി

നബി (സ)യുടെ തിരുസവിധത്തിലെത്തി പ്രവാചക വദനം എന്നും കാണാം സംസാരം കേൾക്കാം

ഇപ്പോൾ മനസ്സിൽ നിറയുന്നത് കഅബാ ശരീഫ് കഅബാ ശരീഫിന്റെ ചാരത്ത് കടന്നുപോയ രാവുകളും പകലുകളും

കഅബായുടെ തണലിൽ കടന്നുപോയ സായാഹ്നങ്ങൾ എല്ലാം ആവേശകരമായ ഓർമ്മകൾ

മുആദുബ്നു ജബൽ(റ) വിനോടൊപ്പം മറ്റൊരു പ്രമുഖ സ്വഹാബിയെക്കൂടി നബി (സ) തങ്ങൾ മക്കയിലേക്ക് നിയോഗിച്ചിരുന്നു

അത്താബുബ്നു ഉസൈദ്(റ)

നബി (സ)യുടെ പ്രതിനിധി എന്ന നിലയിൽ ഭരണ കാര്യങ്ങൾ നിർവഹിക്കാനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്

ഉമർ(റ) വിന്റെ ഭരണകാലം

ഉയർന്ന പദവികളിൽ മുആദ്(റ) നിയോഗിക്കപ്പെട്ടു അപ്പോഴും ലളിതമായി തന്നെ ജീവിച്ചു

മെച്ചപ്പെട്ട വേതനം കൈപറ്റിയില്ല വീട്ടിലും ബുദ്ധിമുട്ട് തന്നെ ഖലീഫ ഉമർ (റ) അദ്ദേഹത്തെ കിലാബ് ഗോത്രത്തിലേക്കയച്ചു നല്ല സമ്പന്നന്മാരുള്ള ഗോത്രമാണ് ധനികരിൽ നിന്ന് സകാത്ത് സ്വീകരിക്കുക അർഹരായവർക്ക് വീതിച്ചുകൊടുക്കുക ബാക്കിയുള്ള സമയം ജനങ്ങൾക്ക് ഉപദേശം നൽകാനും മറ്റും വിനിയോഗിച്ചു കുറെ കാലം അവിടെ കഴിഞ്ഞുകൂടി ഖലീഫക്ക് വേണ്ടി കാര്യങ്ങൾ നിർവഹിച്ച ശേഷം മദീനയിലേക്കു മടങ്ങി

വീട്ടിലെത്തി ഭാര്യയെ കണ്ടു കൈയിലൊന്നുമില്ല ഇത്തരം ദൗത്യങ്ങൾ നിർവഹിച്ചു തിരിച്ചു വരുമ്പോൾ ആളുകൾ വീട്ടുകാർക്കുവേണ്ടി പല സാധനങ്ങൾ കൊണ്ടുവരാറുണ്ട് ഇതാ വെറുംകൈയോടെ വന്നിരിക്കുന്നു കുതിരപ്പുറത്ത് ഇട്ടിരുന്ന വിരിപ്പ് കഴുത്തിൽ ചുറ്റിയിരിക്കുന്നു

'ഉദ്യോഗസ്ഥൻമാർ മടങ്ങിവരുമ്പോൾ വീട്ടിലുള്ളവർക്ക് സമ്മാനങ്ങൾ കൊണ്ടുവരാറുണ്ട് നിങ്ങളുടെ സാധനങ്ങളെവിടെ? ഭാര്യ ചോദിച്ചു മറുപടി ഇങ്ങനെയായിരുന്നു:

'എന്റെ നടപടികൾ നോക്കാൻ ഒരു നിരീക്ഷകൻ ഉണ്ടായിരുന്നു
എന്ത്? നിരീക്ഷകനോ? ഖലീഫക്ക് നിങ്ങളെ വിശ്വാസമില്ലേ?

നബി (സ) തങ്ങളുടെ അടുക്കൽ നിങ്ങൾ വിശ്വസ്ഥനായിരുന്നു ഒന്നാം ഖലീഫ അബൂബക്ർ സിദ്ദീഖ് (റ)വിന്റെ അടുക്കലും നിങ്ങൾ വിശ്വസ്ഥനായിരുന്നു

എന്നിട്ടിപ്പോൾ ഉമർ (റ) നിരീക്ഷകനെ വെച്ചോ? നിരാശയോടെ ഭാര്യ ചോദിച്ചു
താൻ പറഞ്ഞത് ഭാര്യക്കു മനസ്സിലായിട്ടില്ലെന്ന് മുആദ്(റ) വിന് മനസ്സിലായി നിരീക്ഷകനായി അല്ലാഹു ഉണ്ടായിരുന്നുവെന്നാണ് ഉദ്ദേശിച്ചത്
മുആദ് (റ) കൂടുതൽ വിശദീകരിക്കാൻ നിന്നില്ല

ഭാര്യ ഇക്കാര്യം ഉമർ (റ)വിന്റെ ഭാര്യയോട് പറഞ്ഞു കേട്ടപ്പോൾ അവർക്കും വിഷമം തോന്നി

അവർ ഭർത്താവിനോട് കാര്യം തിരക്കി

താങ്കൾ മുആദിനെ നിരീക്ഷിക്കാൻ ആരെയെങ്കിലും നിയോഗിച്ചിരുന്നോ?
ഇതാര് പറഞ്ഞു:? മുആദിനെ നിരീക്ഷിക്കാൻ ആളെ നിയോഗിക്കുകയോ? ഞാനങ്ങനെ ചെയ്തിട്ടില്ല

അമീറുൽ മുഅ്മിനീൻ ഉമർ (റ) ഒരു ദൂതനെ അയച്ചു മുആദ്(റ) വിനെ വരുത്തി
ഞാൻ താങ്കളെ പരിശോധിക്കാൻ നിരീക്ഷകനെ നിയോഗിച്ചിരുന്നോ ? എന്താണങ്ങനെ പറയാൻ കാരണം?

ഭാര്യയോട് പറയാൻ മറ്റൊരു കാരണവുമില്ലായിരുന്നു നിരീക്ഷകനായി അല്ലാഹു ഉണ്ടായിരുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്

ഇത് കേട്ടു ഖലീഫ ചിരിച്ചുപോയി

മുആദ്.....ഭാര്യയെ സന്തോഷിപ്പിക്കൂ

ഖലീഫ കുറെ പാരിതോഷികങ്ങൾ നൽകി അദ്ദേഹത്തെ ഭാര്യയുടെ സമീപത്തെക്കയച്ചു

കാര്യങ്ങളറിഞ്ഞപ്പോൾ ഭാര്യ ആശ്ചര്യപ്പെട്ടു മനസ്സ് നിറയെ സന്തോഷമായി

ആ സന്തോഷം ചരിത്രത്തിന്റെ ഭാഗമായി മാറി ഇക്കാര്യം കേൾക്കുന്നവരുടെ മനസ്സിലും സന്തോഷം നിറയുന്നു കാലങ്ങളായി അത് തുടർന്നുകൊണ്ടിരിക്കുന്നു

മുആദുബ്നു ജബൽ(റ) വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ആളായിരുന്നു പലപ്പോഴും നിശബ്ദനായി കാണപ്പെട്ടു

അസ് വദുബ്നു ഹിലാൽ(റ) പറയുന്നു:
'ഞങ്ങൾ യാത്രയിലാണ് മുആദി(റ) ന്റെ കൂടെ സഞ്ചരിക്കുകയായിരുന്നു അപ്പോൾ അദ്ദേഹം പറഞ്ഞു: നമുക്ക് ഒരു സ്ഥലത്തിരിക്കാം ഞങ്ങളിരുന്നു'

ഇബ്നു മസ്ഊദ്(റ) പറഞ്ഞു: അല്ലാഹുവിന് വേണ്ടി ജീവിതം സമർപ്പിച്ച ഒരു പ്രസ്ഥാനമായിരുന്നു മുആദ് ഞങ്ങൾ അദ്ദേഹത്തെ ഇബ്രാഹിം നബി (അ)നോട് ഉപമിച്ചു

മുആദ്(റ) ഇങ്ങനെ ഉപദേശിക്കുമായിരുന്നു:
'ജ്ഞാനം വിലമതിക്കാനാവാത്ത സമ്പത്താണ് അത് നേടിയ ശേഷം വഴിതെറ്റിപ്പോകരുത് അത് നന്നായി സൂക്ഷിക്കണം സത്യത്തിന് വേണ്ടി നിലകൊള്ളണം സത്യം പ്രകാശമാണ് സത്യത്തെ സത്യംകൊണ്ട് മനസ്സിലാക്കുക'

ഒരിക്കൽ മുആദ്(റ) ജനങ്ങളെ ഉപദേശിച്ചു:
'പഠിച്ചത് പ്രവർത്തിക്കണം അല്ലെങ്കിൽ വിദ്യകൊണ്ട് പ്രയോജനമില്ല നിങ്ങൾ ഉദ്ദേശിച്ചതെന്തും പഠിച്ചുകൊള്ളൂ.... പഠിച്ചതനുസരിച്ചു പ്രവർത്തിക്കും എന്ന ലക്ഷ്യം വേണം പഠിച്ചത് പ്രയോഗത്തിൽ വരുത്തുന്നത് വരെ വിദ്യയുടെ പ്രയോജനം അല്ലാഹു നിങ്ങൾക്ക് നൽകില്ല'

ഒരിക്കൽ ആരാധനകളെക്കുറിച്ചു സംസാരിക്കുകയായിരുന്നു ആരാധനകളിൽ ഭ്രമിച്ചു കാര്യങ്ങൾ അവഗണിക്കരുത് അക്കാര്യം അദ്ദേഹം ഇങ്ങനെ ഉണർത്തി :
'നിങ്ങൾ നോമ്പെടുക്കണം എല്ലാ ദിവസവും സുന്നത്ത് സുന്നത്ത് നോമ്പ് പിടിക്കരുത് നിസ്കാരം കൃത്യമായി നിർവഹിക്കണം ജോലി ചെയ്യണം നിത്യച്ചെലവിനുള്ളത് സമ്പാദിക്കണം ഒന്നും ചെയ്യാതെ എപ്പോഴും സുന്നത്ത് നിസ്കാരത്തിലാവരുത് ആവശ്യത്തിന് ഉറങ്ങണം മർദ്ദിതന്റെ പ്രാർത്ഥന നിങ്ങൾ സൂക്ഷിക്കണം'

ഒരു മുസ്ലിം സഹോദരൻ മുആദ് (റ) വിനെ സന്ദർശിച്ചു
'തനിക്ക് ഇൽമ് പഠിപ്പിച്ചു തരണം'അദ്ദേഹം അപേക്ഷിച്ചു
'പഠിപ്പിച്ചു തരുന്നത് പോലേ പ്രവർത്തിക്കുമോ?'
അദ്ദേഹമതിന് സന്നദ്ധനായി
ആ സഹോദരന് നൽകിയ ഉപദേശത്തിൽ പെട്ടതാണ് മീതെ പറഞ്ഞ വചനങ്ങൾ
ഇതുപോലെ ഉപദേശം തേടിയെത്തിയവർ ധാരാളമായിരുന്നു

മുആദുബ്നു ജബൽ(റ) എല്ലാ ആപൽഘട്ടങ്ങളിലും നബി (സ)യോടൊപ്പം ഉറച്ചു നിന്നു മഹാപണ്ഡിതനും ധീരനായ സേനാനിയും ആയിരുന്നു ജീവിതത്തിന്റെ അന്ത്യം വരെയും പോർക്കളത്തിലായിരുന്നു ദീനീ വിജ്ഞാന വിതരണത്തിനായി എത്രയോ നാടുകളിൽ പോവുകയും ചെയ്തു

അൻസാരികളുടെ കൂട്ടത്തിലെ മുന്നണിപ്പോരാളിയായി പരിഗണിക്കപ്പെട്ടു
യമനിലെ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കണം അവിടെയുള്ള മുസ്ലിംകൾക്ക് ദീൻ പഠിപ്പിച്ചു കൊടുക്കണം അതിനുവേണ്ടി മുആദ്(റ) വിനെ മുത്ത്നബി (സ) യമനിലേക്ക് അയക്കുകയാണ്

പോവാൻ നേരത്ത് മുത്ത് നബി (സ ) ചോദിച്ചു:
മുആദ്..... നീ യമനിൽ ചെന്നാൽ പലരും വിധി ചോദിച്ചു വരും മതനിയമങ്ങളിൽ എങ്ങനെ വിധി പറയും?

'ഞാൻ ഖുർആൻ അനുസരിച്ചു വിധിക്കും'മുആദ് പറഞ്ഞു
'ഖുർആനിൽ നിന്ന് വ്യക്തമായില്ലെങ്കിലോ?'
'അപ്പോൾ ഞാൻ പ്രവാചക ചര്യയനുസരിച്ചു വിധിക്കും'
'പ്രവാചക ചര്യയിൽ നിന്നും വ്യക്തമായില്ലെങ്കിലോ?'
മുആദ്(റ) ഇങ്ങനെ ഉത്തരം നൽകി;
'ഞാൻ ഗവേഷണം നടത്തും'
ഈ മറുപടി മുത്ത്നബി (സ)യെ സന്തോഷിപ്പിച്ചു സന്തോഷത്തോടെ അല്ലാഹുവേ സ്തുതിച്ചു അൽഹംദുലില്ലാഹ്

എന്റെ ദൂതനെ സംബന്ധിച്ച് എനിക്ക് സംതൃപ്തി നൽകിയ അല്ലാഹുവിന് സ്തുതി

ദീനീ വിഷയങ്ങളിൽ ഗവേഷണം നടത്തണമെങ്കിൽ അഗാധമായ വിജ്ഞാനം വേണം അത് നേടിയത്കൊണ്ടാണ് ഗവേഷണം നടത്തുമെന്ന് പറഞ്ഞത്

നബി (സ) അതംഗീകരിച്ചു ഗവേഷണം നടത്താനുള്ള കഴിവ് അംഗീകരിച്ചുകൊടുത്തു

ഇതുപോലുള്ള അനുയായികളെ നൽകിയ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു

മുആദ്(റ) വിന്റെ ഗവേഷണ പാടവം പിൽക്കാലത്ത് വളരെ വ്യക്തമായിത്തീരുകയും ചെയ്തു

ബുദ്ധികൂർമത, ഉന്നതമായ ചിന്താശക്തി, ഓർമശക്തി തുടങ്ങിയ ഗുണങ്ങളും പ്രസിദ്ധമായിത്തീർന്നു

ആഇദുബ്ന അബ്ദില്ല(റ) ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു
ഉമർ(റ) വിന്റെ ഭരണകാലം അഭിമാനകമായ നേട്ടങ്ങളുടെ നല്ല കാലം ഞാനും ഏതാനും ആളുകളും മസ്ജിദിലേക്ക് കയറിച്ചെന്നു മസ്ജിദിൽ പണ്ഡിതന്മാരുടെ ഒരു സദസ് നടക്കുന്നുണ്ട് പല വിഷയങ്ങൾ ചർച്ച ചെയ്യുന്നു നാൽപതോളം പണ്ഡിതന്മാർ ഉണ്ട് അവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ശ്രദ്ധാകേന്ദ്രം സുമുഖനായ ചെറുപ്പക്കാരൻ സംശയങ്ങൾ ചോദിക്കുന്നത് ആ ചെറുപ്പക്കാരനോടാണ് ആളുകൾ വല്ലാത്ത ബഹുമാനത്തോടെ ചോദിക്കുന്നു ചെറുപ്പക്കാരൻ വിനയത്തോടെ മറുപടി പറയുന്നു
ചോദ്യത്തിന് മറുപടി നീണ്ട വിശദീകരണമൊന്നുമില്ല അധികനേരവും മൗനം
എന്തൊക്കെയോ പ്രത്യേകതകളുള്ള ആളാണ് ആ ചെറുപ്പക്കാരൻ എന്നെനിക്ക് തോന്നി

സദസ്സ് പിരിഞ്ഞു ഞാൻ ചെറുപ്പക്കാരന്റെ അടുത്തു ചെന്നു
'അങ്ങയുടെ പേരെന്താണ്?'

'മുആദുബ്നു ജബൽ'

മറുപടി കേട്ട് കോരിത്തരിച്ചുപോയി

ഇമാമുൽ ഉലമാഅ് പണ്ഡിതന്മാരുടെ ഇമാം

അബൂ മുസ്ലിമുൽ ഖൗലാനി എന്ന പണ്ഡിതന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം
ഞാനൊരിക്കൽ ഹിംസിലെ മസ്ജിദിൽ കയറിച്ചെന്നു അപ്പോൾ അവിടെ ഒരു സദസ്സുണ്ട്

അധികവും മധ്യവയസ്കരാണ് അവരുടെ കൂട്ടത്തിൽ സുമുഖനായൊരു ചെറുപ്പക്കാരൻ പ്രായം കൂടിയവർ സംശയങ്ങൾ ചോദിക്കുന്നു ചെറുപ്പക്കാരൻ മറുപടി നൽകുന്നു ആളുകൾ ബഹുമാനപൂർവമാണ് സംസാരിക്കുന്നത്

ഞാനന്റെ കൂട്ടുകാരനോട് ചോദിച്ചു ആരാണദ്ദേഹം?
കൂട്ടുകാരൻ അതിശയത്തോട മറുപടി പറഞ്ഞു അറിയില്ലേ അദ്ദേഹമാണ് മഹാപണ്ഡിതനായ മുആദുബ്നു ജബൽ

രണ്ടാം ഖലീഫയുടെ കാലത്ത് ഇസ്ലാം വിദൂര ദിക്കുകളിൽ വ്യാപിച്ചു മുആദ്(റ)വിനെക്കുറിച്ചു ധാരാളം കേട്ടു നേരിൽ കാണാൻ പലർക്കുമവസരം ലഭിച്ചിരുന്നില്ല

യമൻ യാത്ര 

മുത്ത്നബി(സ) മുആദ് ബ്നു ജബലി(റ) നെ യമനിലേക്കയച്ച കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ

മുആദ്(റ)വിന്റെ ജീവിതത്തെ പിടിച്ചുലച്ച സംഭവമായിരുന്നുവത് യമനിലേക്ക് പോവാൻ നബി (സ) തങ്ങളാണ് കൽപിച്ചത് കൽപന ലംഘിക്കാൻ പറ്റില്ല അനുസരിച്ചേ പറ്റൂ

നബി (സ)യെ പിരിഞ്ഞുപോവാനെങ്ങനെ കഴിയും? എന്നും എപ്പോഴും ആ മുഖം കണ്ടുകൊണ്ടിരിക്കണം അതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഭൂതി യമനിൽ പോയാൽ പെട്ടെന്ന് മടങ്ങിപ്പോരാൻ പറ്റില്ല നീണ്ടകാലം നബി (സ) തങ്ങളെ കാണാൻ കഴിയില്ല എന്തൊരു ദുഃഖം

മുആദ് ബ്നു ജബൽ(റ) അതീവ ദുഃഖിതനാണ് ആ ദുഃഖം നബി (സ) മനസ്സിലാക്കുന്നുണ്ട് ആശ്വസിപ്പിക്കണം ആശ്വാസ വചനങ്ങൾ നൽകി സമാധാനിപ്പിക്കാം

മുആദ് (റ) യമനിൽ പോവുകയാണ് അവിടത്തെ പുതുവിശ്വാസികൾക്ക് ദീൻ ലഭിക്കണം അത് മുആദിൽ നിന്ന് കിട്ടണം

അവരിൽ നിന്ന് പണ്ഡിതന്മാർ ഉയർന്നു വരണം അവർ സന്മാർഗത്തിന്റെ പ്രകാശം പരത്തണം

മുആദിന്റെ യമൻ യാത്ര കൊണ്ട് ഒട്ടനേകം നേട്ടങ്ങൾ കൈവരിക്കാനുണ്ട് അവിടത്തെ ഇസ്ലാമിക മുന്നേറ്റത്തിന് മുആദിന്റെ സേവനം അനിവാര്യമാണ്

നല്ല ഉപദേശങ്ങൾ നൽകി മുആദ്(റ) വിനെ ധൈര്യപ്പെടുത്തി യാത്രക്കുള്ള മനസ്സുണ്ടാക്കിയെടുത്തു

മുആദ്..... ഒരൊറ്റ മനുഷ്യനെ സന്മാർഗത്തിലെത്തിക്കാൻ കഴിഞ്ഞാൽ, അതാണ് നേട്ടം ദുൻയാവും അതിലുള്ള സകല വിഭവങ്ങളും കിട്ടുന്നതിനേക്കാൾ നേട്ടം അതാണ്

എന്തൊരുപദേശമാണിത് വിജ്ഞാനത്തിന്റെ മുത്തും പവിഴവുട വിതരണം ചെയ്യാനാണ് പോവുന്നത്

എണ്ണിത്തീർക്കാനാവാത്തത്ര ആളുകൾക്കാണ് വിദ്യയുടെ പ്രകാശം നൽകാനാവുക അവരിലൂടെ തലമുറകൾക്ക് പ്രകാശം കിട്ടും അവരെല്ലാം മുആദ്(റ) വിനെ ആദരവോടെ ഓർക്കും

കാത്തിരുന്ന ദിവസം വന്നു

ഇന്ന് യാത്രയാണ് യമനിലേക്ക് സ്വഹാബികൾ തടിച്ചുകൂടി
അവർ നബി (സ)യുടെ മുഖത്തേക്കും മുആദ് (റ)വിന്റെ മുഖത്തേക്കും മാറിമാറി നോക്കി വേർപാടിന്റെ വേദന തളംകെട്ടി നിൽക്കുന്നു
മുആദിന്റെ കണ്ണുകൾ നിറഞ്ഞു

ഇത്രത്തോളം ദുഃഖമെന്തിന്? ഇതെന്തൊരു വേർപാട്

മുആദ്(റ)വിന്റെ കൂടെ ഒരു സംഘമാളുകളും പോവുന്നുണ്ട് അവരിൽ പണ്ഡിതന്മാരുമുണ്ട് ആ സംഘത്തിന്റെ നേതാവാണ് മുആദ്(റ)

മുആദുബ്നു ജബൽ(റ)വിനോട് ഒട്ടകപ്പുറത്ത് കയറാൻ പറഞ്ഞു അദ്ദേഹം ഒട്ടകപ്പുറത്ത് കയറി സഹയാത്രികർ സമ്മതം കാത്തുനിന്നു

മുആദ്(റ) വിന്റെ ഒട്ടകം നടന്നു അവിടെ തടിച്ചുകൂടിയ സ്വഹാബികളും നടന്നു യമനിലേക്കുള്ള പാതയിലൂടെയാണവർ നടന്നത് അൽപ ദൂരം നടന്ന് യാത്ര പറയും അതാണ് പതിവ് യാത്രാസംഘങ്ങളെ യാത്രയയക്കലങ്ങനെയാണ് ഇവിടെ പതിവ് തെറ്റിയിരിക്കുന്നു

സമയം കടന്നുപോയി ദൂരം കുറേയായി എന്നിട്ടും നടപ്പു തുടരുന്നു ഇതെന്തതിശയം

നബി (സ) ഉദ്ദേശിച്ച സ്ഥലത്തെത്തി

ഇനി യാത്ര പറയാം മുത്ത്നബി(സ) ഒരു വാചാകം പറഞ്ഞൊപ്പിച്ചു ദുഃഖം നിറഞ്ഞ വാക്കുകൾ കണ്ണീരിന്റെ നനവുള്ള വാക്കുകൾ

മുആദ്..... അടുത്ത കൊല്ലം വരുമ്പോൾ എന്നെ കണ്ടില്ലെന്ന് വരാം
എന്റെ മസ്ജിദിന്റെയും എന്റെ ഖബ്റിന്റെയും സമീപത്തുകൂടി നീ നടന്നുപോയേക്കാം

മുആദ്(റ) തളർന്നുപോയി എല്ലാ നിയന്ത്രണങ്ങളും കൈവിട്ടുപോയി ഒരു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു കൂടിനിന്നവർക്കും നിയന്ത്രണം വിട്ടു ദുഃഖം അണപൊട്ടിയൊഴുകി വിതുമ്പിക്കരഞ്ഞുപോയി
സമയമായി ഇനി നീങ്ങാം

യാ റസൂലല്ലാ.....ഹ്

അസ്വലാത്തു വസ്സലാമു അലൈക യാ റസൂലല്ലാ.....ഹ്
സലാം മടക്കി നബി (സ) തിരിഞ്ഞു നടന്നു

കുനിഞ്ഞ ശിരസ്സുകളുമായി സ്വഹാബികൾ പിന്തുടർന്നു ഒട്ടകം നടത്തത്തിന് വേഗതകൂട്ടി

നിറഞ്ഞൊഴുകുന്ന നയനങ്ങളുമായി മുആദ്(റ) അതിന്റെ പുറത്തിരിക്കുന്നു കൂടെ ദുഃഖിതരായ സഹയാത്രക്കാരും ഒട്ടകക്കൂട്ടം യമൻ ലക്ഷ്യമാക്കി പ്രയാണം തുടർന്നു

ദിവസങ്ങൾക്കുശേഷം അവർ യമനിലെത്തി യമനിലെ ജനങ്ങൾ ബഹുമാനപൂർവം മുആദ്(റ)വിനെ സ്വീകരിച്ചു

മഹാനെ നേരിൽ കണ്ടവർ കുറവാണ് ധാരാളം പറഞ്ഞുകേട്ടിട്ടുണ്ട് ഇപ്പോൾ നേരിൽ കാണുന്നു എന്തൊരു സൗഭാഗ്യം സദസ്സുകളിൽ ആളുകൾ തിങ്ങിനിറഞ്ഞു അവരുടെ മനസ്സുകളിൽ തൗഹീദ് ഊട്ടിയുറപ്പിച്ചുകൊടുത്തു

അല്ലാഹുവിനെ കുറിച്ചുള്ള വിജ്ഞാനം,മഅ് രിഫത്ത് മഅ് രിഫത്തുകൊണ്ട് മനസ്സുകൾ പ്രകാശിതമായി മുത്ത്നബ(സ)യോടുള്ള മഹബ്ബത്ത് അത് വളർത്തിക്കൊണ്ടുവന്നു

മാതാപിതാക്കളെക്കാളും ഭാര്യ സന്താനങ്ങളെക്കാളും മുത്ത്നബി(സ)യെ സ്നേഹിക്കാനവർക്കായി

ഈമാൻ കൊണ്ട് വെട്ടിത്തിളങ്ങുന്ന മനസ്

യമനിൽ നിന്ന് പലരും മദീനയിൽ പോവാറുണ്ട് നബി(സ)തങ്ങളെ കാണാൻ കച്ചവടത്തിന് വേണ്ടി മദീനയിൽ നിന്ന് കച്ചവടക്കാർ യമനിൽ വരാറുണ്ട് അവരിൽ നിന്നൊക്കെയാണ് മദീനയിലെ വിവരങ്ങൾ മുആദുബ്നു ജബൽ(റ) അറിഞ്ഞുകൊണ്ടിരുന്നത്

ഒടുവിൽ ആ കടുത്ത ദുഃഖത്തിന്റെ വാർത്തയെത്തി ശരീരവും മനസ്സും തളർന്നു പോയി

ലോകാനുഗ്രഹിയായ മുത്ത് മുഹമ്മദ് മുസ്തഫ (സ) തങ്ങൾ വഫാത്തായി
എങ്ങനെ സഹിക്കും? യാത്രയയക്കുമ്പോൾ പറഞ്ഞ വാക്കുകൾ ഓരോന്നും ഓർമവരുന്നു

ഊണും ഉറക്കവും മറന്ന ദിവസങ്ങൾ
നബി(സ) തങ്ങളില്ലാത്ത മദീന സങ്കൽപിക്കാനാവുന്നില്ല മസ്ജിദുന്നബവിയുടെ മിഹ്റാബിൽ നിസ്കാരത്തിന് ഇമാമത്ത് നിൽക്കാൻ ഇനി റസൂലുല്ലാഹി (സ) തങ്ങൾ ഉണ്ടാവില്ല

രോഗംകൊണ്ട് അവശത വന്നപ്പോൾ ഇമാമത്തിന് നബി (സ) തങ്ങൾ ഒരു നേതാവിനെ കണ്ടെത്തി

അബൂബക്ർ സിദ്ദീഖ് (റ)
നബി(സ)ക്കു പകരം മിമ്പറിൽനിന്ന് സിദ്ദീഖ് (റ) വിന്റെ ഖുത്ബ കേൾക്കാം
ആഇശ(റ) യുടെ മുറിയിലായിരുന്നു നബി(സ)അന്ത്യ നാളുകൾ അവരുടെ മടിയിൽ തലവെച്ചായിരുന്നു വഫാത്ത് ആ മുറിയിൽ തന്നെ ഖബറടക്കപ്പെട്ടു പുണ്യ റൗളാശരീഫ് കടുത്ത ദുഃഖം മനസ്സിനെ അധീനപ്പെടുത്തി ഇനിയെന്ത് വേണം? ഏൽപിച്ച ദൗത്യം പൂർത്തിയാക്കണം ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുക വിജ്ഞാനത്തിന്റെ പ്രകാശം സമൂഹത്തിന് നൽകുക

കർമനിരതനായി നാളുകൾ നീക്കി

ഒന്നാം ഖലീഫ അധികാരമേറ്റു കാലം മാറുകയാണ്

മുആദുബ്നു ജബൽ(റ) യമനിൽനിന്ന് മടങ്ങാൻ തീരുമാനിച്ചു മദീനയിലേക്ക് പോവുകയാണ്

യമനിൽ ദുഃഖം പരന്നു വിരഹ ദുഃഖം ധാരാളമാളുകൾ പാരിതോഷികങ്ങളുമായി വന്നു അതൊരു വലിയ സമ്പത്തായി മാറി ആ സമ്പത്തുമായിട്ടാണ് മടക്കം കൂടെ പലരും പോവുന്നു മരുഭൂമിയിലൂടെ ദിവസങ്ങൾ നീണ്ട യാത്ര

പുണ്യ മദീനയിലെത്തി വാർത്ത പരന്നു

എന്തുമാത്രം സമ്പത്തുമായിട്ടാണ് മുആദ് വന്നത്?

ഉമർ(റ) ചില സംസാരങ്ങൾ കേട്ടു ആ സംസാരത്തിൽ ഏതോ അപകടം പതിയിരിക്കുന്നതായി ഉമർ(റ) വിന് തോന്നി

ഉമർ (റ)മുആദിനെ കാണാൻ ചെന്നു ഇങ്ങനെ പറഞ്ഞു:

'താങ്കൾ കൊണ്ടുവന്ന സ്വത്തിന്റെ പകുതി ഭാഗം ഖലീഫയെ ഏൽപിക്കണം അത് പൊതുഖജനാവിന് നൽകണം'

അതിന്റെ ആവശ്യമെന്ത്?

മുആദ്(റ)വിന് അതിന്റെ യുക്തി മനസ്സിലായില്ല

അന്ന് രാത്രി മുആദ്(റ) ഒരു സ്വപ്നം കണ്ടു അഗാധമായൊരു ഗർത്തത്തിലേക്ക് വീഴുന്നു മരിച്ചുപോകുമോ എന്ന് ഭയന്നു

പിറ്റേന്ന് രാവിലെ മുആദ് (റ) ഓടിപ്പോവുകയാണ് ഉമർ (റ)വിന്റെ വീട്ടിലേക്ക്
'ഉമർ.... എന്നെ രക്ഷപ്പെടുത്തിത്തരണം' സ്വപ്നത്തിന്റെ കാര്യവും പറഞ്ഞു
രണ്ടുപേരുംകൂടി ഖലീഫയുടെ സമീപത്തെത്തി

മുആദ്(റ) പറഞ്ഞു: 'എന്റെ സ്വത്തിന്റെ പകുതി ഭാഗം പൊതുഖജനാവിലേക്കെടുത്താലും'

ഖലീഫ അത് സ്വീകരിച്ചില്ല അദ്ദേഹം പറഞ്ഞു: നിങ്ങളുടെ സ്വത്ത് പൊതുഖജനാവിലേക്കെടുക്കേണ്ട യാതൊരാവശ്യവുമില്ല അത് നിങ്ങൾക്കുള്ളതാണ്'

ഇത് കേട്ടപ്പോൾ ഉമർ (റ) പറഞ്ഞു:

'ഇപ്പോൾ നിങ്ങളുടെ സ്വത്ത് പരിശുദ്ധമായിത്തീർന്നു'
സംഭവം മദീനക്കാരെല്ലാം അറിഞ്ഞു

മുആദ്(റ)വിന്റെ സംഭത്തിനെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ അങ്ങനെ അവസാനിച്ചു

ഔദാര്യശീലനായ മുആദ് (റ) നന്നായി ദാനം ചെയ്തു സമ്പത്ത് ചുമക്കുന്നതിന്റെ ഭാരം തീർന്നു സമ്പത്ത് കുറഞ്ഞപ്പോൾ മനസ്സിന്റെ ഭാരവും കുറഞ്ഞു

മഹത്തായ റൗളാ ശരീഫ് അവിടെ നിൽക്കുകയാണ് മുആദുബ്നു ജബൽ(റ) ഓർമകൾ ചുരുൾ നിവർത്തുകയാണ് നബി(സ) തങ്ങളുമൊത്തുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തന്റെ കുട്ടിക്കാലം യുദ്ധം കത്തിപ്പടർന്നു നിന്ന കാലം ഔസിന്റെ പൂർണമായ തകർച്ചക്കുവേണ്ടി ഖസ്റജുകാർ യുദ്ധം നടത്തുന്നു ഖസ്റജിനെ തകർത്തു തരിപ്പണമാക്കാൻ ഔസുകാർ യുദ്ധം ആളിക്കത്തിക്കുന്നു യുദ്ധത്തിന്റെ തീജ്വാലകൾ അതിന്റെ ചുടേറ്റാണ് വളർന്നത് രണ്ടാം അഖബ ഉടമ്പടി അതിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ആൾ ഞാനായിരുന്നു

മുത്ത്നബി(സ) ഔസിനെയും ഖസ്റജിനെയും സഹോദരങ്ങളാക്കി സാഹോദര്യത്തിന്റെ സൗരഭ്യം പകർന്നുതന്നു മദീനക്കാർ അൻസാറുകളായി സമുന്നത പദവിയിലെത്തിച്ചുതന്നു ദൗത്യം പൂർത്തിയാക്കി മുത്തുനബി(സ) വിശ്രമത്തിലായി ഈ റൗളാ ശരീഫ്
മുത്തുനബി(സ) ഇപ്പോഴും കർമനിരതനാണ് കൺമുമ്പിൽ നിന്ന് മാറിയെന്നേയുള്ളൂ

അസ്വലാത്തു....വസ്സലാമു....അലൈക യാ റസൂലല്ലാഹ്.....

ഒന്നാം ഖലീഫയുടെ കീഴിൽ മദീന സുരക്ഷിതമായി നിലനിന്നു പ്രശ്നങ്ങൾ പലതും പൊങ്ങിവന്നു എല്ലാം നല്ല രീതിയിൽ കൈകാര്യം ചെയ്തു ഇസ്ലാം ദൂരദിക്കുകളിൽ തുടങ്ങി ആ കാലഘട്ടവും കടന്നുപോയി ഒന്നാം ഖലീഫ വഫാത്തായി റൗളാശരീഫിൽ തന്നെ അന്ത്യവിശ്രമം കൊള്ളുന്നു

രണ്ടാം ഖലീഫയായി ഉമറുൽ ഫാറൂഖ് (റ) നിയോഗിക്കപ്പെട്ടു ജനങ്ങൾ അദ്ദേഹത്തെ അമീറുൽ മുഅ്മിനീൻ എന്ന് വിളിച്ചു

ഇറാഖ്, ഇറാൻ,സിറിയ,ഫലസ്തീൻ , ഈജിപ്ത് തുടങ്ങിയ വിദൂരദേശങ്ങൾ മുസ്ലിം ഭരണത്തിൻകീഴിലായി

വിശുദ്ധ ഖുർആനും ദീനീ ചിട്ടകളും പഠിപ്പിക്കാൻ പണ്ഡിതന്മാരെ അയച്ചുതരണമെന്ന ആവശ്യം ഉയർന്നു

വിശുദ്ധ ഖുർആൻ ക്രോഡീകരിച്ച അഞ്ച് മഹാന്മാരെ ഖലീഫ വിളിച്ചു വരുത്തി
1.മുആദുബ്നു ജബൽ(റ)
2. ഉബാദത്തുബ്നു സാബിത്(റ)
3.അബൂ അയ്യൂബുൽ അൻസാരി(റ)
4. ഉബയ്യുബ്നു കഅബ്(റ)
5. അബൂദ്ദർദാഅ്(റ)

ഉമർ (റ) ചോദിച്ചു: 'വിശുദ്ധ ഖുർആനും ദീനീ വിജ്ഞാനവും പഠിപ്പിക്കാൻ പണ്ഡിതന്മാരെ അയച്ചു തരാൻ ശാമിൽനിന്നും മറ്റും ആവശ്യമുയർന്നിരിക്കുന്നു നിങ്ങളിൽ മൂന്നുപേർ എന്നെ സഹായിക്കണം ആരൊക്കെയാണ് പോവാൻ തയ്യാറുള്ളത്?'
നറുക്കിട്ട് എടുക്കണോ?

'വേണ്ട അവിടുന്ന് നിർദ്ദേശിച്ചാൽമതി'അവർ പറഞ്ഞു

ഖലീഫ പറഞ്ഞു: അബൂഅയ്യൂബുൽ അൻസാരിക്ക് പ്രായമായി യാത്ര ബുദ്ധിമുട്ടാണ് അദ്ദേഹത്തെ ഒഴിവാക്കാം ഉബയ്യുബ്നു കഅബ് രോഗിയാണ് പ്രയാസമാണ് ഒഴിവാക്കാം ബാക്കി മൂന്നുപേർ പോവണം ആദ്യം ഹിംസിൽ പോവണം അവിടുത്തെ ആളുകളെ പഠിപ്പിക്കുക അവരിൽനിന്ന് അധ്യാപകരെ വളർത്തിയെടുക്കുക

അതിനുശേഷം ഒരാൾ അവിടെത്തന്നെ നിൽക്കണം ഒരാൾ ദമസ്ക്കസിലേക്ക് പോവണം മറ്റെയാൾ ഫലസ്തീനിലേക്കും പോവണം അവിടെയുള്ളവരെ പഠിപ്പിക്കണം

മൂന്നുപേരും പുറപ്പെട്ടു ഹിംസിലെത്തി ധാരാളമാളുകളെ പഠിപ്പിച്ചു ഉബാദത്തുബ്നു സാബിത്(റ) ഹിംസിൽ നിന്നു

അബുദ്ദർദാഅ്(റ) ദമസ്ക്കസിലേക്ക് പോയി
മുആദുബ്നു ജബൽ(റ) ഫലസ്തീനിലെത്തി

ഫലസ്തീനുകാർ ആഹ്ലാദപൂർവം അദ്ദേഹത്തെ സ്വീകരിച്ചു
നബി (സ) തങ്ങൾ മുആദ് (റ) വിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്
'എന്റെ സമുദായത്തിൽ ഹലാലും ഹറാമും തിരിച്ചറിയുന്ന വലിയ പണ്ഡിതനാണ് മുആദുബ്നു ജബൽ'

ആ വലിയ പണ്ഡിതനെയാണ് ഫലസ്തീനുകാർക്ക് ഗുരുവായി ലഭിച്ചിരിക്കുന്നത്

ജീവിതയാത്ര 

അബൂ ഉബൈദത്തുബ്നുൽ ജറാഹ്(റ) 
സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്ത് സ്വഹാബിമാരിൽ ഒരാളാണിദ്ദേഹം

ഔദാര്യശീലത്തിന് പേരുകേട്ട മഹാൻ മുആദുബ്നു ജബൽ(റ)വിന്റെ അവസ്ഥയും ഇതുതന്നെ രണ്ടുപേരുടെയും അവസ്ഥ വെളിവാക്കുന്ന ഒരു സംഭവം പറയാം സംഭവം നടന്നത് രണ്ടാം ഖലീഫയുടെ കാലത്താണ്

ഉമർ(റ) നാനൂറ് ദീനാർ ഒരു സഞ്ചിയിലിട്ടു ഭൃത്യനെ വിളിച്ചു ഇങ്ങനെ കൽപിച്ചു

ഈ പണം അബൂഉബൈദത്തുബ്നു ജറാഹിന് കൊണ്ടുപോയി കൊടുക്കണം ഈ പണം നിങ്ങളുടെ ആവശ്യങ്ങൾക്ക് ചെലവഴിക്കാനുള്ളതാണെന്ന് പറയുകയും വേണം കുറച്ചു നേരം അവിടെത്തന്നെ നിൽക്കണം പണം എന്ത് ചെയ്യുന്നുവെന്ന് നോക്കണം

ഭൃത്യൻ സ്ഥലം വിട്ടു അബൂഉബൈദ(റ) വിന്റെ വീട്ടിലെത്തി പണക്കിഴി നൽകി എന്നിട്ട് പറഞ്ഞു:

ഇത് അമീറുൽ മുഅ്മിനീൻ തന്നയച്ചതാണ് താങ്കളുടെ ആവശ്യങ്ങൾക്ക് ചെലവാക്കാം

അബൂഉബൈദ(റ) സഞ്ചി വാങ്ങി അല്ലാഹു അമീറുൽ മുഅ്മിനീനെ അനുഗ്രഹിക്കട്ടെ അദ്ദേഹം തന്റെ വേലക്കാരിയെ വിളിച്ചു പണം പുറത്തെടുത്തു ചെറിയ സംഖ്യകൾ ഓരോ വീട്ടിലേക്ക് കൊടുത്തയച്ചു ഈ ഏഴ് ദീനാർ ഇന്നയാൾക്ക് കൊടുക്കണം ഈ അഞ്ച് ദീനാർ ആ വീട്ടിൽ കൊടുക്കണം കൊടുത്ത് കൊടുത്ത് സംഖ്യ തീർന്നു സഞ്ചി കാലിയായി

ഭൃത്യൻ എല്ലാം കണ്ടു മടങ്ങിപ്പോയി ഉമർ (റ) വിനോട് സംഭവങ്ങൾ വിവരിച്ചു

ഉമർ(റ) വീണ്ടും നാനൂറ് ദിനാർ എടുത്തു സഞ്ചയിലാക്കി ഭൃത്യനെ വിളിച്ചു സഞ്ചി ഏൽപിച്ചു

നീ മുആദുബ്നു ജബലിന്റെ അടുത്ത് പോവണം സഞ്ചി കൊടുക്കണം താങ്കളുടെ ആവശ്യങ്ങൾക്ക് ചെലവഴിക്കാനുള്ള പണമാണെന്ന് പറയണം

ഭൃത്യൻ മുആദുബ്നു ജബൽ(റ)വിന്റെ വീട്ടിലെത്തി സഞ്ചി കൊടുത്തു വിവരം പറഞ്ഞു

മുആദ്(റ)വേലക്കാരിയെ വിളിച്ചു

നീ ആ വീട്ടിൽ പോവണം ഇത്ര സംഖ്യ കൊടുക്കണം അടുത്ത വീട്ടിൽ പോയി ഇത്ര കൊടുക്കണം സംഖ്യ കൊടുത്തു തീർക്കുകയാണ് തീരാറായി രണ്ട് ദീനാർ കൂടി ബാക്കിയുണ്ട് അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ പുറത്തേക്ക് വന്നു

അവർ പറഞ്ഞു: നാമും മിസ്കീന്മാരാണ് നമുകും വല്ലതും തരണം ഉടനെ ബാക്കിവന്ന രണ്ട് ദീനാർ ഭാര്യക്ക് കൊടുത്തു വേലക്കാരനെല്ലാം കണ്ടു മടങ്ങിപ്പോയി ഖലീഫയോട് വിവരങ്ങൾ പറഞ്ഞു ഖലീഫ പറഞ്ഞു: അവർ രണ്ടാളും ഒരുപോലെ പെരുമാറുന്ന രണ്ട് സഹോദരങ്ങളാണ്

ഒന്നാം ഖലീഫയുടെ കാലഘട്ടം ഖിലാഫത്തിന്റെ അവസാന ഘട്ടത്തിലാണ് യർമൂഖ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുസ്ലിംകളും റോമക്കാരും തമ്മിലുള്ള പോരാട്ടം യുദ്ധം തുടങ്ങുന്ന പ്രഭാതം വലതു ഭാഗ സൈന്യത്തിലാണ് മുആദ്(റ) കുതിരപ്പുറത്തിരുന്നുകൊണ്ട് അദ്ദേഹം പ്രസംഗിച്ചു വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന സത്യവിശ്വാസികളേ....വിശുദ്ധ ഗ്രന്ഥത്തിന്റെ സംരക്ഷകരേ യുദ്ധത്തിൽ വിജയം വരിക്കണം ശക്തരാണ് ശത്രുക്കൾ വിജയം പ്രതീക്ഷയിൽ ഉണ്ടായാൽ പോര നേടിയെടുക്കണം

അല്ലാഹുവിന്റെ മഗ്ഫിറത്തും റഹ്മത്തും വെറുതെ കിട്ടില്ല അല്ലാഹുവിന്റെ വചനം നന്നായി ഓർക്കുക

അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവരെ അല്ലാഹു ഭൂമിയുടെ അവകാശികളാക്കും മുൻഗാമികളെ അങ്ങനെ ആക്കിയിട്ടുണ്ട് അല്ലാഹുവിനെ അനുസരിക്കുക അവന്റെ റസൂലിനെയും അനുസരിക്കുക നിങ്ങൾ ഭിന്നിക്കരുത് ഒന്നിച്ചു ഒറ്റക്കെട്ടായി മുന്നേറുക ശത്രുക്കളെ തോൽപിക്കുക ശിഥിലമായാൽ ശക്തി പോകും ദുർബലരായിപ്പോവും ഓർക്കുക, നിങ്ങളുടെ അഭയകേന്ദ്രവും അല്ലാഹു മാത്രം അല്ലാഹുവിനെ സന്തോഷിപ്പിക്കുംവിധം പൊരുതുക അല്ലാഹുവിന് ലജ്ജയുണ്ടാക്കുംവിധം പിൻതിരിഞ്ഞോടരുത് അല്ലാഹുവിങ്കലേക്കല്ലാതെ മറ്റെങ്ങോട്ടും പോവാനില്ല ഉജ്ജ്വലമായ പ്രസംഗം പട്ടാളത്തെ ആവേശം കൊള്ളിച്ചു

റോമൻ സൈന്യം ആർത്തിരമ്പി വന്നു യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ മുആദ് (റ) വിളിച്ചു പറഞ്ഞു:

അല്ലാഹുവിന്റെ അടിമകളേ.....
മുസ്ലിം സഹോരങ്ങളേ......

അല്ലാഹുവിനെ കണ്ടുമുട്ടുക അതിനുവേണ്ടി ഒരുങ്ങുക നിശ്ചയ ദാർഢ്യത്തോടെ മുന്നേറുക വീരരക്തസാക്ഷികളാവുക എല്ലാ ദുരിതങ്ങളിലും പരീക്ഷണങ്ങളിലും പതറാതെ മുന്നേറുക ക്ഷമ കൈവിട്ടുപോവരുത് ഞാനിതാ എന്റെ കുതിരയെ ഒഴിവാക്കിത്തരാം ഞാൻ കാലാൾപ്പടയുടെകൂടെച്ചേരാം ആർക്കുവേണമെങ്കിലും ഈ പടക്കുതിരയുടെ പുറത്ത് കയറി യുദ്ധം ചെയ്യാം മുആദുബ്നു ജബൽ(റ) കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങി കാലാൾപ്പടയിൽ ഒരു വീരസാഹസികൻ നിൽപുണ്ട് മുആദുബ്നു ജബൽ(റ)വിന്റെ ധീരപുത്രൻ അബ്ദുർറഹ്മാൻ

അബ്ദുർറഹ്മാൻ ഓടിവന്ന് പിതാവിന്റെ കുതിരപ്പുറത്ത് ചാടിക്കയറി എന്നിട്ടിങ്ങനെ പ്രഖ്യാപിച്ചു:

പ്രിയപ്പെട്ട ഉപ്പാ.....ഞാൻ കാലാൾപ്പടയിലായിരുന്നു ഇപ്പോൾ കുതിരപ്പടയുടെ ഭാഗമായിത്തീർന്നു അങ്ങനെ എന്റെ പദവി ഉയർന്നു

ഉപ്പാ....അങ്ങ് കുതിരപ്പടയുടെ നേതാവാണ് അങ്ങ് കാലാൾപ്പടയുടെ കൂടെ ചേർന്നപ്പോൾ അങ്ങയുടെ പദവി വളരെ ഉയർന്നു കാലാൾപ്പടയിലുള്ള മറ്റാരെക്കാളും ഉയത്തിലാണ് അങ്ങയുടെ പദവി

ഉപ്പാ....അങ്ങ് ക്ഷമയോടെ മുന്നേറിയാൽ എല്ലാവരും ക്ഷമാശീലരായി മുന്നേറും ഇൻശാ അല്ലാഹ്

മകന് മറുപടിയായി മുആദുബ്നു ജബൽ(റ) പറഞ്ഞു: പ്രിയ മകനേ, ക്ഷമാശീലരിയി, ധീരനായി ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ മുന്നേറാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ

എല്ലാ ഭാഗത്തുനിന്നും 'ആമീൻ ' എന്ന ശബ്ദമുയർന്നു മുസ്ലിം സേനയെക്കാൾ എത്രയോ ഇരട്ടിയാണ് ശത്രുക്കൾ എന്നാൽ മുസ്ലിംകളുടെ യുദ്ധ തന്ത്രങ്ങൾ എത്രയോ മികച്ചതായിരുന്നു അവർ വിജയങ്ങളുടെ പരമ്പരയാണ് നടത്തിയത്

സാബിതുബ്നു സഅ്ദ് (റ) റിപ്പോർട്ട് ചെയ്യുന്നു:
റോമൻ സൈന്യവുമായി ഘോരയുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ മുആദുബ്നു ജബൽ(റ) വിന്റെ ശബ്ദമുയർന്നു
മുസ്ലിംകളേ ധീരമായി മുന്നേറുക തീർച്ചയായും അല്ലാഹു നിങ്ങൾക്ക് വിജയം വാഗ്ദാനം ചെയ്തിരിക്കുന്നു നിങ്ങളെ അവൻ ഈമാൻകൊണ്ട് ശക്തിപ്പെടുത്തിയിരിക്കുന്നു

നിങ്ങൾ അല്ലാഹുവെ സഹായിച്ചാൽ അവൻ നിങ്ങളെയും സഹായിക്കും നിങ്ങളുടെ പാദങ്ങളെ അവനുറപ്പിച്ച നിർത്തുകയും ചെയ്യും ദൃഢമായി വിശ്വസിച്ചുകൊള്ളുക അല്ലാഹു നിങ്ങളോടൊപ്പമുണ്ട് അവൻ ബിംബാരാധകർക്കെതിരെ പൊരുതുന്ന നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും

മഹാനായ റസൂലുല്ലാഹി(സ) ഇൽമിന്റെ ഉറവിടമാണത് ആ ഉറവിടത്തിൽ നിന്നാണ് മുആദുബ്നു ജബൽ(റ) വിജ്ഞാനം നേടിയത് എല്ലാം അനുഭവിച്ചറിഞ്ഞു വിശുദ്ധ ഖുർആന്റെ ആഴമറിഞ്ഞു അതിന്റെ വിജ്ഞാനം ജനങ്ങളെ പഠിപ്പിച്ചു പഠിച്ചു പണ്ഡിതന്മാരായവർ നിരവധിയാണ് അവരിലൂടെ വിജ്ഞാനം തലമുറകളിലേക്കൊഴുകി

ദുനിയാവിന്റെ എല്ലാ ആർഭാടങ്ങളിൽ നിന്നും ഓടിയകലുകയായിരുന്നു മുആദുബ്നു ജബൽ(റ)

മുത്ത്നബി(സ) യുടെ കാലത്ത് വിഭവങ്ങൾ വളരെ കുറവായിരുന്നു കഷ്ടപ്പെട്ട ജീവിതമാണവർ നയിച്ചത് മിക്കയാളുകളും ദരിദ്രരാണ് വിഭവങ്ങളില്ല അക്കാലത്ത് ഒരാൾക്ക് പട്ടിണി വന്നതോ ദാഹിച്ചതോ വലിയ വാർത്തയല്ല അതായിരുന്നു കാലം

ഉമർ (റ) ഭരണകാലം അങ്ങനെയല്ല വിഭവങ്ങൾ വന്നുകൂടുകയായിരുന്നു ഇറാഖ് സമ്പൽ സമൃദ്ധമാണ് വമ്പിച്ച സമ്പത്ത് മദീനയിൽ വന്നു ചേർന്നു

സിറിയ, ഫലസ്തീൻ, ഈജിപ്ത് തുടങ്ങിയ സമ്പന്ന രാഷ്ട്രങ്ങളിൽ നിന്നും സമ്പത്ത് വന്നുകൊണ്ടിരുന്നു അക്കാലത്ത് ലളിത ജീവിതം നയിച്ചാൽ അത് വാർത്തയാണ്

മുആദുബ്നു ജബൽ(റ) ശാമിലേക്കാണ് പോയത് നല്ല വിഭവങ്ങളുടെ കേന്ദ്രമാണത് നല്ല പഴവർഗങ്ങൾ, നല്ല ഭക്ഷ്യവസ്തുക്കൾ, മികച്ച വസ്ത്രങ്ങൾ .... എല്ലാം സുലഭം

മുആദുബ്നു ജബൽ(റ)വിന്റെ ജീവിത ശൈലിയിൽ മാറ്റം വന്നില്ല അതാണ് സ്തുതിക്കപ്പെട്ടത്

ഐഹിക വിഭവങ്ങളിൽ നിന്നും സുഖങ്ങളിൽ നിന്നുമുള്ള പരിത്യാഗം അതാണ് നാം കാണുന്നത് ഒട്ടനേകം നാടുകളിൽ സഞ്ചരിച്ചു വൈവിധ്യമുള്ള സംസ്കാരങ്ങൾ അടുത്തറിഞ്ഞു ഏതെല്ലാം ഭാഷക്കാർ, വേഷക്കാർ അതൊന്നും മനസ്സിൽ ഒരു ചലനവും സൃഷ്ടിച്ചില്ല കൂടെയുള്ളവർ വലിയ വീടുകളിൽ താമസിക്കാൻ തുടങ്ങി ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്ക് താമസം മാറ്റി

അത്തരം കാര്യങ്ങളിലേക്കൊന്നും മുആദ്(റ) വിന്റെ ചിന്ത പോയില്ല പകലുകൾ യുദ്ധമുഖത്താണ് ഒഴിവു കിട്ടുമ്പോൾ ആളുകളെ ദീൻ പഠിപ്പിക്കും സൈനികരെയും ജനങ്ങളെയും രാത്രിയിൽ ഇബാദത്തുകളാൽ ധന്യമാക്കുകയും ചെയ്യും രണ്ടു ഭാര്യമാർ അവരുടെ മക്കൾ എല്ലാവരും ഒന്നിച്ചാണ് യാത്ര മക്കൾ ചെറുപ്പം മുതൽക്കേ യുദ്ധരംഗത്താണ് ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് അങ്ങനെ ഒഴുകിപ്പോവുകയാണ് ജീവിതം ഒരു യാത്രക്കാരന്റെ ജീവിതം അതോടൊപ്പം ചലിക്കുന്ന ഒരു കുടുംബത്തിന്റെ ജീവിതം

വിയോഗം 

ഉമറുൽ ഫാറൂഖ് (റ) വിന്റെ കാലത്തെ ഫലസ്തീൻ വിജയം സ്വർണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ട ചരിത്രം

ലോകത്തെ ഏറ്റവും ശക്തമായ റോമാ സൈന്യത്തെ തുരത്തിയോടിക്കാൻ അല്ലാഹു മുസ്ലിംകൾക്ക് കഴിവ് നൽകി റോമക്കാരുടെ ശക്തികേന്ദ്രങ്ങളായിരുന്ന ബീസാൻ,ത്വബ്രിയ തുടങ്ങിയ പട്ടണങ്ങൾ മുസ്ലിംകൾ അധീനമാക്കി ജോർദാനിലെ പട്ടണങ്ങളും ഗ്രാമങ്ങളും കീഴടങ്ങി അവിടെ നിന്നെല്ലാം റോമക്കാർ പിൻവാങ്ങി

ചരിത്രപ്രസിദ്ധമായ അലപ്പോ പട്ടണം കീഴടക്കി റോമക്കാരുടെ പ്രിയ പട്ടണമായ ഖിന്നസ്രീൻ കീഴടങ്ങി ഖിന്നസ്രീൻ കോട്ടക്കുള്ളിൽ ഒളിച്ചിരുന്ന റോമക്കാരോട് ഖാലിദുബ്നുൽ വലീദ് (റ) വിളിച്ചു പറഞ്ഞു:

'നിങ്ങളൾ മേഘപാളികൾക്കുള്ളിൽ ഒളിച്ചാലും അല്ലാഹു ഞങ്ങളെ അവിടെ എത്തിക്കും അല്ലെങ്കിൽ നിങ്ങളെ ഇങ്ങോട്ട് ഇറക്കിക്കൊണ്ടുവരും'

ഈ പ്രഖ്യാപനം കേട്ട് ഭയന്ന ശത്രുക്കൾ സന്ധിക്ക് തയ്യാറായി അംറുബ്നുൽ ആസിന്റെ നേതൃത്വത്തിൽ മുസ്ലിം സൈന്യം ഫലസ്തീനിന്റെ ഭാഗമായ അജ്നദൈൻ പ്രദേശത്തെത്തി അവിടത്തെ റോമൻ ഗവർണറായിരുന്നു അർതബൂൻ അജയ്യൻ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത് ഈ സന്ദർഭത്തിൽ ഉമർ (റ) മദീനയിൽ നിന്ന് പ്രഖ്യാപിച്ചു:

'റോമക്കാരുടെ അർതബൂനിന് നേരെ അറബികളുടെ അർതബൂനിനെയാണ് അയച്ചിരിക്കുന്നത് ആർ ജയിക്കുമെന്ന് കാണാം '

ക്രൂരനായ അർതബൂൻ ജീവനുംകൊണ്ടോടുന്നതാണ് പിന്നെ ചരിത്രം കണ്ടത്
റോമൻ രാജാവായ ഹിർഖൽ വരുന്നു ബൈത്തുൽ മുഖദ്ദസ് സന്ദർശിക്കാൻ സന്ദർശന വേളയിൽ ഒരു കുന്നിൻമുകളിൽ കയറി രാജാവ് പ്രഖ്യാപിച്ചു:

'ഇതെന്റെ അവസാനത്തെ സന്ദർശനമാണ് പ്രിയപ്പെട്ട പ്രദേശമേ നാമിനി നേരിൽ കാണുകയില്ല സിറിയാ....സലാം.....സലാം....
.'
മുസ്ലിംകൾ ബന്ദിയാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഒരു റോമക്കാരൻ കൂടെയുണ്ടായിരുന്നു അയാളോട് രജാവ് ചോദിച്ചു: മുസ്ലിം സൈന്യത്തെക്കുറിച്ച് നിന്റെ അഭിപ്രായമെന്താണ് ?'

അയാൾ പറഞ്ഞു: 'അവർ പകൽ പടയാളികളാണ് രാത്രി പ്രാർത്ഥനയിൽ മുഴുകിയവരാണ് വില കൊടുത്തുവാങ്ങിയതല്ലാതെ ഭക്ഷിക്കുകയില്ല ദൈവത്തിന് വേണ്ടി പോരാടുന്നവരാണ് സലാം പറഞ്ഞു കൊണ്ടാണവർ കടന്നുചെല്ലുക അവരോട് ഏറ്റുമുട്ടുന്ന ആരെയും കീഴ്പ്പെടുത്തും '

രാജാവ് ഇങ്ങനെ പറഞ്ഞു: നീ പറഞ്ഞത് സത്യമാണെങ്കിൽ എന്റെ കാൽക്കീഴിൽ ഉള്ളതെല്ലാം അവർ സ്വന്തമാക്കും

എത്രയോ നൂറ്റാണ്ടുകളായി ഈ രാജ്യങ്ങളിലെ ജനങ്ങളെ റോമൻ ഭരണാധികാരികൾ അടിച്ചമർത്തിവെച്ചതായിരുന്നു അവർ അടിമകളെപ്പോലെ ജീവിച്ചു

മുസ്ലിംകൾ അവരെ മോചിപ്പിച്ചു കൃഷ്ഭൂമി അവർക്ക് സ്വന്തമായി തൊഴിലിൽ താൽപര്യം കൂടി കർഷകർക്ക് മുസ്ലിം ഭരണാധികാരികൾ പ്രോത്സാഹനം നൽകി മതസ്വാതന്ത്ര്യം നൽകി അവർ ഇസ്ലാമിനെ അടുത്തറിഞ്ഞു

സ്വമനസ്സാലെ ആയിരക്കണക്കിനാളുകൾ ഇസ്ലാം സ്വീകരിച്ചു സിറിയ,ജോർഡാൻ,ഫലസ്തീൻ പ്രദേശങ്ങളിൽ മുസ്ലിം ഭരണം വന്നു അവിടെ വളർച്ചയുടെയും വികസനത്തിന്റെയും കാലം വന്നു തൗഹീദിന്റെ പ്രകാശം പരന്നു

ഓരോ മുന്നേറ്റത്തിലും മുആദുബ്നു ജബൽ(റ) പങ്കാളിയാണ് പട്ടാള സേവനം ചെയ്യുന്നു പട്ടാള ക്യാമ്പിൽ ക്ലാസെടുക്കുന്നു രാത്രി ആരാധനയിൽ നിരതനാകുന്നു വിജയങ്ങൾക്ക് മേൽ വിജയം വരുന്നു ലോകത്തെ
അതിശയിപ്പിച്ച വൻവിജയങ്ങൾക്കു ശേഷം രണ്ട് വൻ പരീക്ഷണങ്ങൾ വന്നു

1. അറേബ്യയിൽ പടർന്നു പിടിച്ച ക്ഷാമം പട്ടിണി
2. ഫലസ്തീനിലെ കോളറ അത് സിറിയയിലേക്കും പടർന്നു അതിൽ പതിനായിരങ്ങളാണ് മരിച്ചൊടുങ്ങിയത്

കോളറ പടർന്നു പിടിച്ചപ്പോൾ അതിന്റെ മധ്യത്തിലായിരുന്നു മുആദുബ്നു ജബൽ(റ)വും കുടുംബവും അദ്ദേഹമന്ന് മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവാണ് സൗന്ദര്യം വെട്ടിത്തിളങ്ങി നിൽക്കുന്ന പ്രായം

മഴ മാറി നിന്നു കൊടും ചൂടിൽ അറേബ്യ വറ്റിവരണ്ടു ഗോതമ്പു വയലുകൾ ഉണങ്ങിക്കരിഞ്ഞു ഈത്തപ്പന മരങ്ങളിൽ കുലകളില്ല ധാരാളം മരങ്ങൾ ഉണങ്ങി മുന്തിരിവള്ളികൾ കറുത്തു മദീനയിലെ ഭക്ഷ്യശേഖരം തീർന്നു വിശന്നു മരിക്കേണ്ട ഘട്ടമായി പുറംദേശങ്ങളിലുള്ള ഗവർണർമാർക്ക് അടിയന്തിര സന്ദേശങ്ങളയച്ചു അറേബ്യ വറ്റിവരണ്ടുപോയി ജനങ്ങൾ പട്ടിണിയിലാണ് സഹായമെത്തിക്കുക ഒട്ടും വൈകരുത്

ഗവർണർമാർ ഞെട്ടിപ്പോയി പിന്നെ ധാന്യം ശേഖരിക്കാനുള്ള നെട്ടോട്ടമായി
സിറിയയിലെ ഗവർണർ അംറുബ്നുൽ ആസ്വ്(റ) കത്ത് വായിച്ചു
'....ഞങ്ങൾ മരണത്തിന്റെ വക്കിലാണ് സഹായിക്കുക'

ഗവർണർ ഇങ്ങനെ മറുപടി എഴുതി:

'അമീറുൽ മുഅ്മിനീൻ...ധാന്യച്ചാക്കുകൾ വഹിച്ച ഒട്ടകങ്ങൾ ഇതാ പുറപ്പെട്ടു കഴിഞ്ഞു അതിന്റെ ഒരറ്റം അങ്ങയുടെ അടുത്തും മറ്റേ അറ്റം എന്റെ അടുത്തും ആയിരിക്കും '
ഗവർണർമാരായ മുആവിയ,അബൂഉബൈദ, സഅദുബ്നു അബീ വഖാസ് തുടങ്ങിയവർക്കെല്ലാം കത്തു കിട്ടി

അവശരായ മദീനക്കാർ നോക്കിനിൽക്കേ ആദ്യത്തെ സഹായ സംഘമെത്തി
അബൂഉബൈദ(റ) അയച്ച നാലായിരം ഒട്ടകങ്ങൾ അവ ചുമന്നു കൊണ്ടുവന്ന ആഹാര സാധനങ്ങൾ അവ പെട്ടെന്നു വിതരണം തുടങ്ങി ഗ്രമത്തിലേക്ക് തലയിൽ ധാന്യച്ചാക്കും ചുമന്നുകൊണ്ട് പോവുന്ന ഖലീഫ ഉമർ (റ)വിനെയാണ് ജനങ്ങൾ കണ്ടത് ഓരോ വീട്ടിലും ഭക്ഷ്യ ധാന്യങ്ങളെത്തിക്കുകയാണ്

അംറുബ്നുൽ ആസ്വ്(റ) ആയിരം ഒട്ടകങ്ങളുടെ പുറത്തും ഇരുപത് കപ്പലുകളിലും ഭക്ഷ്യവസ്തുക്കളയച്ചു

മുആവിയ(റ) മുവ്വായിരം ഒട്ടകങ്ങളുടെ പുറത്ത് ധാന്യമെത്തിച്ചു ആയിരം ഒട്ടകങ്ങൾക്ക് ചുമക്കാനുള്ള വസ്തുക്കളാണ് സഅദുബ്നു അബീവഖാസ്(റ) അയച്ചത്

പിന്നെയും പിന്നെയും സഹായം പല സ്ഥലത്തുനിന്നും വന്നു കൊണ്ടിരുന്നു വസ്ത്രങ്ങളും മരുന്നും മറ്റ് നിത്യോപയോഗ വസ്തുക്കളും എത്തിച്ചേർന്നു
ഉമറുൽ ഫാറൂഖ് (റ) എന്ന അതിസമർത്ഥനായ ഭരണാധികാരി ആ കാലഘട്ടത്തെ അതിജീവിച്ചു

അപ്പോൾ മഴ പെയ്തു കൃഷി ചെയ്തു ക്ഷാമകാലം നീങ്ങിപ്പോയി മദീനയിലും പരിസര നാടുകളിലും മറ്റ് അറേബ്യൻ പ്രദേശങ്ങളിലുമായിരുന്നു ഈ പരീക്ഷണം

ഒരു ഉമ്മയുടെയും മക്കളുടെയും കഥ കുട്ടിക്കാലം മുതലേ നാം കേട്ടതാണ് ഈ പട്ടിണിയുടെ കാലത്താണത് സംഭവിച്ചത്

ഉമർ (റ)വിന്റെ ഭൃത്യനായ അസ്ലം(റ) ആ സംഭവം ഇങ്ങനെ വിവരിക്കുന്നു:
അർദ്ധരാത്രി സമയം അമീറുൽ മുഅ്മിനീൻ ജനങ്ങളുടെ അവസ്ഥ മനസ്സിലാക്കാൻ ഇറങ്ങി നടക്കുകയാണ് ഞാൻ കൂടെ നടക്കുന്നു അകലെ തീ കണ്ടു

ഉമർ (റ) പറഞ്ഞു: വല്ല യാത്രക്കാരുമായിരിക്കും ഞങ്ങൾ നടന്നു ഒരു സ്ത്രീയും കുറെ കുട്ടികളും കുട്ടികൾ കരയുന്നു സ്ത്രീ അടുപ്പിൽ പാത്രം വെച്ച് തീ കത്തീക്കുന്നു
എന്താണ് നിങ്ങളുടെ സ്ഥിതി? ഖലീഫ ചോദിച്ചു
രാത്രിയുടെ ഇരുട്ടും തണുപ്പും കാരണം ഞങ്ങളിവിടെ പെട്ടുപോയതാണ്
കുട്ടികളെന്തിന് കരയുന്നു?
വിശന്നിട്ടാണ്

ഈ പാത്രത്തിലെന്താണ്?

പാത്രത്തിൽ വെള്ളം മാത്രം അതിലിടാൻ ഒരുമണി ദാന്യമില്ല കുട്ടികൾ കരഞ്ഞ് തളർന്നു ഉർങ്ങിക്കോളും ഞങ്ങൾക്കും ഖലീഫ ഉമറിന്നുമിടയിൽ അല്ലാഹു തീർപ്പ് കൽപിക്കട്ടെ

ഉമർ (റ)വും അസ്ലം(റ)വും ധൃതിയിൽ മടങ്ങി സ്റ്റോറിൽ ചെന്നു ഗോതമ്പ് പൊടിയും,വെണ്ണയും പുറത്തെടുത്തു സ്വന്തം ചുമലിൽ ചുമന്ന് കൊണ്ട് നടന്നു

അസ്ലം(റ) പറഞ്ഞു: അമീറുൽ മുഅ്മിനീൻ ഞാൻ ചുമക്കാം
ഉമർ (റ) ഇങ്ങനെ ചോദിച്ചു: അന്ത്യദിനത്തിൽ നീ ഉമറിന്റെ ഭാരം ചുമക്കുമോ?

ഞങ്ങളെത്തുമ്പോൾ സ്ത്രീയും മക്കളും അതേ അവസ്ഥയിൽ തന്നെയായിരുന്നു
അസ്ലം പറയുന്നു: ഉമർ(റ) ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി തീ ഊതിക്കത്തിക്കുമ്പോൾ നീണ്ട താടിരോമങ്ങൾക്കിടയിലെ പുക പുറത്ത് വരുന്നത് ഞാൻ കണ്ടു

ആഹാരം ശരിയായ ഉമ്മ മക്കൾക്ക് വിളമ്പിക്കൊടുത്തു ബാക്കിയുള്ള പൊടിയും വെണ്ണയും ഉമ്മ സൂക്ഷിച്ചുവെച്ചു

ഉമ്മ പറഞ്ഞു: അല്ലാഹു താങ്കൾക്ക് പ്രതിഫലം തരട്ടെ ഖലീഫയാകാൻ ഉമറിനേക്കാൾ യോഗ്യൻ താങ്കൾ തന്നെ

കുട്ടികളുടെ വിശപ്പ് പോയി സന്തോഷമായി ചിരിച്ചു അവർ കിടന്നുറങ്ങി
മനസ്സമാധാനത്തോടെ ഖലീഫ മടങ്ങി കൂടെ അസ്ലമും സമാന സംഭവങ്ങൾ ധാരാളമാണ്

ക്ഷാമം ഉമർ (റ)വിന്റെ ശരീരത്തെ ബാധിച്ചു കഴിഞ്ഞു ആരോഗ്യം കുറഞ്ഞു
പെട്ടെന്നാണ് അടുത്ത പരീക്ഷണം

ഫലസ്തീനിലെ അംവാസ് എന്ന പ്രദേശത്ത് നിന്നാണ് ആ ദുഃഖ വാർത്ത മദീനയിലെത്തിയത് അവിടെ വിഷൂചിക പടരുന്നു ഫലസ്തീനിന്റെ നാനാ ഭാഗത്തേക്കും കോളറ പടരുകയാണ് ആരോഗ്യദൃഢഗാത്രരായി കണക്കാക്കിയിരുന്ന പട്ടാളക്കാർ രോഗം ബാധിച്ചു അവശരായി വീഴുന്നു പിന്നെ താമസമില്ല മരണം തന്നെ

ഉമർ (റ)ഞെട്ടിപ്പോയി

എന്റെ സഹോദരങ്ങൾ മരിച്ചുവീഴുമ്പോൾ ഞാനിവിടെ മദീനയിൽ ഇരിക്കുകയോ? പറ്റില്ല ഞാൻ പോവുകയാണ് എനിക്കവരുടെ അടുത്തെത്തണം

തലമുതിർന്ന സ്വഹാബികൾ വിലക്കി

അമീറുൽ മുഅ്മിനീൻ അങ്ങ് പോവരുത് പകർച്ചവ്യാധിയാണ് അവിടേക്ക് പോയിക്കൂടാ

അടുത്ത വാർത്ത വന്നു ഞെട്ടിക്കുന്ന വാർത്ത കോളറ സിറിയയിലേക്ക് വ്യാപിച്ചിരിക്കുന്നു

അബൂഉബൈദ(റ) മുസ്ലിം സൈന്യത്തിന്റെ നായകനാണ് അദ്ദേഹത്തെ മദീനയിലേക്ക് വിളിച്ചു അബൂഉബൈദ(റ) ഖലീഫക്ക് ഇങ്ങനെ മറുപടി എഴുതി:

അമീറുൽ മുഅ്മിനീൻ അങ്ങേക്ക് അല്ലാഹു പൊറുത്തുതരട്ടെ ഞാൻ മുസ്ലിം സൈന്യത്തിനിടയിലാണ് അവരെ വിട്ടുപോരാൻ എനിക്ക് കഴിയില്ല അല്ലാഹു വിധി നടപ്പാക്കട്ടെ എന്റെ സൈന്യത്തോടൊപ്പം നിൽക്കാൻ എന്നെ അനുവദിച്ചാലും

കത്ത് വായിച്ചു തീർന്ന ഖലീഫ കരഞ്ഞുപോയി ഖലീഫയുടെ സങ്കടം കണ്ട് കൂടെയുള്ളവർ ചോദിച്ചു:

അമീറുൽ മുഅ്മിനീൻ ഉബൂഉബൈദ മരിച്ചുപോയോ?
ഖലീഫ മറുപടി പറഞ്ഞു: മരിക്കാറായിരിക്കുന്നു

അടുത്ത ദിവസങ്ങളിൽ ദുഃഖവാർത്തകൾ പിന്നെയുമെത്തി സിറിയയിലേക്കു പോയ ഹാരിസുബ്നു ഹിശാമും എഴുപതാളുകളും മരണപ്പെട്ടു ആ സംഘത്തിലുണ്ടായിരുന്ന നാലുപേരാണ് രക്ഷപ്പെട്ടത്

ആരോഗ്യശാസ്ത്രമറിയാവുന്ന പലരുമായി ഖലീഫ ചർച്ച നടത്തി ചതുപ്പു നിലത്തുനിന്ന് താമസം മാറ്റണം ഉയർന്ന കുന്നുകളിലേക്ക് താമസം മാറ്റുക അവിടെ ശുദ്ധവായു ശ്വസിക്കാം ശുദ്ധജലം കുടിക്കാം

ഉമർ(റ) കത്ത് അബൂഉബൈദ(റ) കൈപറ്റി കുന്നിൻ മുകളിലേക്കു താമസം മാറ്റാൻ സൈന്യത്തോട് കൽപിച്ചു

ധൃതിയിൽ തമ്പുകൾ പൊളിച്ചു കെട്ടാൻ തുടങ്ങി സാധനങ്ങൾ വാരിക്കെട്ടി ആയിരങ്ങൾ കുന്നുകൾക്കു മുകളിൽ കയറി കുന്നുകൾ തമ്പുകളുടെ പട്ടണമായി മാറി

വായുവും വെള്ളവും മാറിയപ്പോൾ ആശ്വാസം തോന്നി പലരുടെയും ക്ഷീണം തീർന്നു

പക്ഷെ സൈന്യാധിപൻ അബൃഉബൈദ(റ) വിന്റെ ക്ഷീണം അത് കുറഞ്ഞില്ല
ജാബിയ

ശുദ്ധവായുവും ശുദ്ധ ജലവും സമൃദ്ധമായി ലഭിക്കുന്ന കുന്ന് അവിടെയാണ് മുസ്ലിം സൈന്യം തമ്പടിച്ചത്

ജാബിയയുടെ താഴ് വരയിൽ സൈനികരെ വിളിച്ചു കൂട്ടി അവർക്ക് അവസാന ഉപദേശങ്ങൾ നൽകി

സ്വദേശം വിട്ടുപോന്നിട്ട് കാലം കുറെയായി എന്നെ നിങ്ങളുടെ നേതാവായി നിയോഗിച്ചു നിങ്ങളെന്നെ അനുസരിച്ചു സ്നേഹിച്ചു ജീവൻ പണയം വെച്ചാണ് നിങ്ങൾ പൊരുതിയത് വൻവിജയങ്ങൾ നേടി ഈ വൻ വിജയം ചരിത്രം മറക്കില്ല ഒരുഭാഗം ഇവിടെ അവസാനിക്കുന്നു അബൂഉബൈദയുടെ സൈനിക നേതൃത്വം എന്ന ഭാഗം എനിക്ക് പകരം നിങ്ങൾക്ക് സൈന്യാധിപനായി ലഭിക്കുന്നത് മഹാനായ മുആദുബ്നു ജബൽ(റ) അവർകളെയാണ് അദ്ദേഹമാണ് നിങ്ങളുടെ സൈന്യാധിപൻ നിങ്ങളുടെ ഇമാം നിങ്ങളുടെ ഗുരു

നിസ്കാരത്തിന്റെ സമയമായി അബൂഉബൈദ(റ)കൽപിച്ചു മുആദുബ്ന ജബൽ(റ) ഇമാമായി നിൽക്കട്ടെ

പുതിയ ഇമാമിന്റെ നേതൃത്വത്തിൽ നിസ്കാരം നടന്നു നിസ്കാരം പൂർത്തിയാക്കിയപ്പോഴേക്കും അബൂഉബൈദ(റ) വപാത്തായിക്കഴിഞ്ഞിരുന്നു

രോഗം ശരീരത്തെ കാർന്നുതിന്നുകൊണ്ടിരുന്നപ്പോഴാണ് അബൂഉബൈദ (റ) സൈനികരെ അഭിസംബോധന ചെയ്തും പിൻഗാമിയെ നിയോഗിച്ചതും അത്ഭുത വിജയങ്ങളുടെ ശിൽപി യാത്രയായി അതറിഞ്ഞ് മദീന ദുഃഖമൂകമായി

സിറിയൻ കോളറ പടർന്നു പിടിച്ചു ആളുകൾ കൂട്ടത്തോടെ മരിക്കുന്നു

ആളുകൾ ഇങ്ങനെ പറയാൻ തുടങ്ങി: ഇതൊരു പ്രളയമാണ് വെള്ളമില്ലാത്ത പ്രളയം ഈ പ്രളയത്തിൽ മനുഷ്യർ നശിക്കുന്നു

ഈ പറച്ചിൽ മുആദ്(റ) ഇഷ്ടപ്പെട്ടില്ല അദ്ദേഹം പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: നിങ്ങൾ പറഞ്ഞത് ഞാനറിഞ്ഞു നിങ്ങൾ പറഞ്ഞത് ശരിയല്ല ഈ രോഗം അനുഗ്രഹമാണ് ഈ മരണം അനുഗ്രഹമാണ് നിങ്ങൾ ഈ രോഗത്തെയും മരണത്തെയുമല്ല ഭയപ്പെടേണ്ടത് ഭയപ്പെടേണ്ട രണ്ട് കാര്യങ്ങളുണ്ട്

1. താൻ മുഅ്മിനായി മരിക്കുമോ? അതോ മുനാഫിഖായി മരിക്കുമോ? അതറിയില്ലല്ലോ അക്കാര്യത്തിൽ ഭയം വേണം
2. ചെറുപ്പക്കാരുടെ കരങ്ങളിൽ ഭരണം വന്നുചേരുന്നതിനെയും ഭയപ്പെടണം

മുആദ്(റ) ഇങ്ങനെ പ്രാർത്ഥിച്ചു :
അല്ലാഹുവേ കോളറ ബാധിക്കലും മരിക്കലും അനുഗ്രഹമാണ് ഈ അനുഗ്രഹം മുആദുബ്നു ജബലിനും കുടുംബത്തിനും നൽകേണമേ
ഈ പ്രാർത്ഥന സ്വീകരിക്കപ്പെട്ടു
മുആദ്(റ)വിന്റെ ചുറുചുറുക്കുള്ള ചെറുപ്പക്കാരായ രണ്ട് പുത്രന്മാർ അവർ രണാങ്കണത്തിൽ സാഹസങ്ങൾ കാണിച്ചവരാണ് ആ രണ്ട് പുത്രന്മാർക്കും രോഗം ബാധിച്ചു

മുആദ് ചോദിച്ചു: എന്റെ പ്രിയപ്പെട്ട മക്കളേ.... നിങ്ങളുടെ അവസ്ഥയെന്താണ്?
മറുപടിയായി ഈ വിശുദ്ധ വചനം മൊഴിഞ്ഞു:
അൽ ഹഖു മിൻ റബ്ബിക ഫലാ തകൂന മിനൽ മുംതരീൻ
അതുകേട്ട് സംതൃപ്തനായി മുആദ് (റ) പറഞ്ഞു:

എന്നെ നിങ്ങൾക്കും ക്ഷമാശീലരുടെ കൂടെ കാണാം

പത്രന്മാർ രണ്ടുപേരും മരണപ്പെട്ടു ദുഃഖവാർത്ത പരന്നു

മുആദ്(റ) വിന് രണ്ട് ഭാര്യമാരുണ്ടായിരുന്നു രണ്ടുപേരോടും നീതിയോടെ പെരുമാറി ദിവസങ്ങൾ അവർക്കിടയിൽ വീതിച്ചുകൊടുത്തു ഒരു ഭാര്യയുടെ കൂടെയാവുമ്പോൾ മറ്റേ ഭാര്യയുടെ വീട്ടിൽ നിന്ന് വെള്ളം പോലും കുടിക്കില്ല അവിടെപ്പോയി വുളൂ എടുക്കുകപോലും ചെയ്യില്ല ഈ ഭാര്യമാർ രണ്ടുപേർക്കും കോളറ ബാധിച്ചു രണ്ടുപേരും മരണപ്പെട്ടു രണ്ടുപേരെയും ഒരു ഖബറിൽ ഖബറടക്കി ഇതിനിടെ മുആദുബ്നു ജബൽ(റ) വിനെയും രോഗം ബാധിച്ചു കഴിഞ്ഞിരുന്നു കടുത്ത ക്ഷീണം ബാധിച്ചു കിടപ്പിലായി മരണം കടന്നുവരികയാണ് അദ്ദേഹം പ്രാർത്ഥിച്ചു

എന്റെ റബ്ബേ.....ഞാൻ നിന്നെ പേടിച്ചു ജീവിച്ചു ഇന്ന് ഞാൻ നിന്റെ അനുഗ്രഹം പ്രതീക്ഷിക്കുന്നു ഞാൻ ദുനിയാവിനെ സ്നേഹിച്ചിട്ടില്ലെന്ന് നിനക്കറിയാം ദുനിയാവിൽ ഏറെക്കാലം ജീവിക്കണമെന്നാഗ്രഹിച്ചിട്ടുമില്ല ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനും അരുവികൾ ഒഴുക്കാനും വേണ്ടിയല്ല ഞാൻ സമയം ചെലവഴിച്ചത് പരിത്യാഗത്തിന്റെ ദാഹവും ബുദ്ധിമുട്ടുകളും സഹിച്ചു പണ്ഡിതന്മാരുടെ സഹവാസം കൊതിച്ചു ദിക്റിന്റെ ഹൽഖകളെ സ്നേഹിച്ചു

വലതുകൈ ഉയർത്തിക്കൊണ്ട് പറഞ്ഞു:

സ്വാഗതം മരണമേ സ്വാഗതം.....വന്നാലും...... എന്റെ ഈ അവസ്ഥയിൽ കടന്നുവന്ന വിരുന്നുകാരാ, സ്വാഗതം..... നാവിലും ഖൽബിലും തൗഹീദ്
മുആദുബ്ന ജബൽ(റ)വിന്റെ റൂഹ് ശരീരത്തിൽ നിന്ന് വേർപ്പെട്ടുപോയി
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

വഫാത്താകുമ്പോൾ മുആദുബ്നു ജബൽ(റ) വിന് എത്രയായിരുന്നു പ്രായം? ഒരു റിപ്പോർട്ട് പ്രകാരം മുപ്പത്തി മൂന്ന് മറ്റൊരഭിപ്രായത്തിൽ മുപ്പത്തെട്ട്
ആ പ്രായത്തിന്നിടയിൽ ഈ ദറജകളെല്ലാം പ്രാപിച്ചു കാലം പിന്നെയും നീങ്ങി ഉമർ(റ) മരണം കാത്തു കിടക്കുകയാണ് ചുറ്റും കൂടിയവർ പറഞ്ഞു: ഞങ്ങൾക്കൊരു ഖലീഫയെ നിശ്ചയിച്ചു തരൂ ഞങ്ങൾ അദ്ദേഹത്തെ ബൈഅത്ത് ചെയ്യാം

ഉമർ(റ) പറഞ്ഞു: മുആദുബ്നു ജബൽ ജീവിച്ചിരുന്നെങ്കിൽ ഖലീഫയായി നിശ്ചയിക്കാമായിരുന്നു

നീ ആരെയാണ് മുഹമ്മദിന്റെ സമുദായത്തിന് നേതാവായി നിയോഗിച്ചത്? എന്ന് അല്ലാഹു ചോദിച്ചാൽ 'അന്ത്യനാളിലെ പണ്ഡിതന്മാരുടെ നേതാവ്'എന്ന് മുത്ത്നബി (സ) വിശേഷിപ്പിച്ച മുആദുബ്നു ജബലിനെയാണ് നിയോഗിച്ചത് എന്ന് എനിക്കു മറുപടി പറയുകയും ചെയ്യാമായിരുന്നു

മുആദ്(റ) വിന്റെ മഹത്വം മനസിലാക്കാൻ ഈ വാക്കുകൾ തന്നെ മതി മഹാനവർകളുടെ വഴി ഇൽമിന്റെ പ്രകാശം പരന്ന വഴിയാണ് ഇൽമ് നേടുക അത് പ്രയോഗത്തിൽ വരുത്തുക അതാണ് മഹാനവർകൾ തലമുറകൾക്ക് നൽകുന്ന സന്ദേശം ആ സന്ദേശം ഉൾക്കൊള്ളാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ, ആമീൻ ....

No comments:

Post a Comment