Thursday 1 March 2018

ആദ്യരണ്ട് റക്അതുകളില്‍ ഉറക്കെ ഓതുന്നതിന്റെ യുക്തി



ആരാധനാകര്‍മ്മങ്ങളില്‍ വിവിധങ്ങളായ യുക്തികളുണ്ടാവുമെങ്കിലും, അവ നോക്കാതെത്തന്നെ അവ നിര്‍വ്വഹിക്കുകയാണ് ബാധ്യത. ആരാധനകളൊക്കെത്തന്നെ പടച്ചതമ്പുരാന്‍ കല്‍പിച്ചതാണ് എന്നത് കൊണ്ട് മാത്രമാണ് ഒരു വിശ്വാസി നിര്‍വ്വഹിക്കുന്നത്.

എന്നാല്‍ അതോടൊപ്പം, യുക്തി കൂടി മനസ്സിലാവുമ്പോള്‍ വിശ്വാസത്തിന് ദൃഢത കൂടാന്‍ അത് സഹായകമാകുമെന്നതിനാല്‍ പല പണ്ഡിതരും അത് ചര്‍ച്ച ചെയ്യുകയും യുക്തികള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുമുണ്ട്. അതിന്റെ ഭാഗമായി പകല്‍സമയത്തെ നിസ്കാരങ്ങളില്‍ പതുക്കെയും രാത്രി നിസ്കാരങ്ങളില്‍ ഉറക്കെയും ഓതുന്നതിനെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. രാത്രി സമയത്ത് ജോലികളൊക്കെ കഴിഞ്ഞ് എല്ലാവരും ഒഴിഞ്ഞിരിക്കുന്ന സമയമായതിനാല്‍ അത് കൂടുതല്‍ സംസാരത്തിന്റെയും അതിലൂടെ ആസ്വാദ്യത നേടുന്നതിന്റെയും സമയമാവാറാണ് പതിവ്. അത് കൊണ്ട് തന്നെ പടച്ചതമ്പുരാനുമായുള്ള സംസാരമായ നിസ്കാരവും കൂടുതല്‍ ഹൃദ്യമാവാനായിരിക്കാം രാത്രിയില്‍ ഉറക്കെ ഓതുന്നത് സുന്നതാക്കിയത്. ആ സമയത്ത് തന്നെ ആദ്യ രണ്ട് റക്അതുകള്‍ കൂടുതല്‍ ഉന്മേഷകരമായിരിക്കുമെന്നതിനാലായിരിക്കാം അവയില്‍ മാത്രം സുന്നതാക്കിയത്. പകല്‍ സമയത്ത് എല്ലാവരും  വിവിധ ജോലികളില്‍ ഏര്‍പ്പെടുന്നവരാണെന്നതിനാല്‍ ആ സമയം കൂടുതല്‍ ഉചിതം പതുക്കെ ഓതുന്നതാണ്. ഇങ്ങനെയാവാം അതിന്റെ യുക്തികളില്‍ ചിലത് എന്ന് ചില പണ്ഡിതര്‍ പറയുന്നു. എന്നാല്‍ ഇവയെല്ലാം യുക്തിയായി പരിഗണിക്കപ്പെടാവുന്ന മാത്രമാണെന്ന് മനസ്സിലാക്കേണ്ടതാണ്. അഥവാ, ഒരു സ്ഥലത്ത് എല്ലാവരും രാത്രിയാണ് ജോലി ചെയ്യുന്നതെങ്കില്‍ അവിടെ സുന്നത് മറിച്ചാവുമോ എന്നതൊന്നും അവിടെ പ്രസക്തമല്ല എന്നര്‍ത്ഥം. കാര്യമാണ് പ്രധാനം കാരണമല്ലെന്നര്‍ത്ഥം.

No comments:

Post a Comment