Saturday 17 March 2018

രാത്രി അടിച്ചുവാരരുത്, ഹൈളുകാരി കറിവേപ്പില പറിക്കരുത്, ഒറ്റവാതിലിൽ ചാരിയിരിക്കരുത്, രാത്രി കണ്ണാടിയിൽ നോക്കരുത്, ധരിച്ച വസ്ത്രം കൊണ്ട് മുഖം തുടക്കരുത്, ഉയരത്തിരുന്ന് കാൽ ആട്ടരുത് എന്നെല്ലാം ചിലർ പറയാറുണ്ട്. അതിൽ വസ്തുതയുണ്ടോ?



രാത്രി അടിച്ചുവാരുക, ഉമറപ്പടിയിൽ ഇരിക്കുക, വാതിലുകളിലൊന്നിൽ ചാരി ഇരിക്കുക, വസ്ത്രം കൊണ്ട് മുഖം തുടക്കുക, വസ്ത്രത്തിന്റെ അഗ്രം കൊണ്ട് ശരീരം തുടച്ച് ഉണക്കുക, ശരീരത്തിൽ ധരിച്ചിട്ടുള്ള വസ്ത്രം തുന്നുക, ചപ്പുചവറുകൾ അടിച്ചുകൂട്ടി ഒഴിവാക്കാതെ വീട്ടിൽ കൂട്ടിവെക്കുക, ഭക്ഷണം കഴിക്കുമ്പോൾ താഴെ വീഴുന്ന ഭക്ഷ്യവസ്തുക്കൾ അവഗണിക്കുക തുടങ്ങിയ കാര്യങ്ങൾ ദുഃഖത്തിനും ദാരിദ്ര്യത്തിനും കാരണമാണെന്നും അതിനാൽ അവ ഒഴിവാക്കണമെന്നും ഹിജ്‌റ 752-ൽ വഫാതായ അല്ലാമാ ജമാലുദ്ദീൻ മുഹമ്മദ് അൽ യമാനീ(റ), പ്രമുഖ കർമശാസ്ത്ര പണ്ഡിതനായ ഇമാം സുലൈമാനുൽ ബുജൈരിമി(റ) തുടങ്ങിയവർ വ്യക്തമാക്കിയിട്ടുണ്ട് (അൽബറക/240, ഹാശിയതുൽ ബുജൈരിമി അലൽ ഖത്വീബ് 1/174).
അല്ലാമാ സ്വലാഹുദ്ദീൻ(റ) തന്റെ പ്രസിദ്ധമായ കാവ്യത്തിലും ഇതു പറഞ്ഞിട്ടുണ്ട്. രാത്രി കണ്ണാടിയിൽ നോക്കരുതെന്നും അത് കോങ്കണ്ണിന് കാരണമാകുമെന്നും നബി(സ്വ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (അൽബറക/294). രാത്രി കണ്ണാടി നോക്കുന്നത് മുഖം കോട്ടമുണ്ടാക്കുന്ന വാതരോഗത്തിന് കാരണമാണെന്ന് അല്ലാമാ സ്വലാഹുദ്ദീൻ(റ) രേഖപ്പെടുത്തിയിരിക്കുന്നു.
അപൂർവമായിട്ടാണെങ്കിലും രോഗത്തിനും അപകടത്തിനും കാരണമാകുന്ന കാര്യങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് ഇമാം ഇബ്‌നു ഹജർ(റ) അടക്കമുള്ള പ്രമുഖ കർമശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയതാണ്.
കണ്ണേറ് സത്യമാണെന്നത് പ്രമാണ യോഗ്യമായ ഹദീസുകൾ മുഖേന സ്ഥിരപ്പെട്ടതാണല്ലോ. ചിലരുടെ നോട്ടം മുഖേന അപകടം സംഭവിക്കുന്നതിന്റെ കാരണങ്ങൾ വിശദീകരിക്കുന്ന കൂട്ടത്തിൽ ആർത്തവമുള്ള സ്ത്രീ സ്പർശിക്കുന്നത് മുഖേന പാൽ ദുഷിക്കുന്നതും അവളുടെ ആഗമനവും സ്പർശനവും കാരണമായി ചില ചെടികൾ ഉണങ്ങുന്നതും നശിക്കുന്നതുമെല്ലാം വസ്തുതയാണെന്ന് ഹാഫിള് ഇബ്‌നുഹജർ(റ) വ്യക്തമാക്കിയിരിക്കുന്നു (ഫത്ഹുൽ ബാരി 10/200).
ഉയരത്തിലിരുന്ന് കാൽ ആട്ടുന്നത് അഹങ്കാരത്തിന്റെയും അനാദരവിന്റെയും അടയാളമായി വിലയിരുത്തപ്പെടാറുള്ളത് കൊണ്ടായിരിക്കണം അത് ചെയ്യരുതെന്ന് പറയാറുള്ളത്.

No comments:

Post a Comment