Saturday 17 March 2018

ദാബ്ബതുൽ അർള് എന്ന അന്ത്യനാളിനോടടുത്തു പ്രത്യക്ഷപ്പെടുന്ന മൃഗം മനുഷ്യരോട് സംസാരിക്കുമെന്ന് ഒരിടത്തു വായിച്ചു. അതിന്റെ മറ്റു പ്രത്യേകതകൾ വിവരിക്കാമോ?



അന്ത്യനാളിനു തൊട്ടുമുമ്പ് സംഭവിക്കുന്ന പ്രധാനപ്പെട്ട പത്ത് അടയാളങ്ങളിലൊന്നാണ് ദാബ്ബതുൽ അർള് എന്ന മൃഗത്തിന്റെ പുറപ്പാട്. ഹുദൈഫ(റ) നിവേദനം ചെയ്യുന്നു: ഞങ്ങൾ അന്ത്യനാളിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ റസൂലുല്ലാഹി(സ്വ) ഞങ്ങളിലേക്ക് വന്നു. നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു. അന്ത്യനാളിനെ കുറിച്ചാണെന്ന് ഞങ്ങൾ പറഞ്ഞു. അപ്പോൾ റസൂൽ(സ്വ) പറഞ്ഞു: പത്ത് ദൃഷ്ടാന്തങ്ങൾക്ക് ശേഷമല്ലാതെ അന്ത്യനാൾ സംഭവിക്കുകയില്ല. ദജ്ജാലിന്റെ പുറപ്പാട്, ദാബ്ബതുൽ അർളിന്റെ പുറപ്പാട്, അസ്തമയ സ്ഥാനത്ത് നിന്നുള്ള സൂര്യോദയം, ഈസബ്‌നു മർയം(അ)ന്റെ ആഗമനം എന്നിങ്ങനെ പത്ത് ദൃഷ്ടാന്തങ്ങൾ എണ്ണിപ്പറയുകയുണ്ടായി (മുസ്‌ലിം).
അല്ലാഹു പറയുന്നു: നമ്മുടെ വചനം അവരിൽ പുലരുന്ന സമയം ആസന്നമായാൽ നാം അവർക്കായി ഭൂമിയിൽ നിന്ന് ഒരു ജന്തുവിനെ പുറപ്പെടുവിക്കുന്നതാണ്. അത് അവരോട് സംസാരിക്കും. ജനത്തിന് നമ്മുടെ സൂക്തങ്ങളിൽ ദൃഢവിശ്വാസമുണ്ടായിരുന്നില്ല (ഖുർആൻ 27/82).
നന്മ കൽപിക്കലും തിന്മ വിരോധിക്കലും പൂർണമായും ഇല്ലാതെയാകുന്ന ഒരു കാലഘട്ടത്തിലാണ് ഈ മൃഗത്തിന്റെ പുറപ്പാടെന്ന് ഹദീസുകളുടെ അടിസ്ഥാനത്തിൽ പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. ഒരിക്കൽ പുറത്തുവന്നതിന് ശേഷം അപ്രത്യക്ഷ്യമാവുകയും വീണ്ടും പുറത്തുവന്ന് അപ്രത്യക്ഷമായതിന് ശേഷം മൂന്നാമതും പുറത്തുവരും. ഇങ്ങനെ മൂന്ന് പുറപ്പാടുകളുണ്ടെന്നും നബി(സ്വ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ മൃഗം മനുഷ്യനോട് സംസാരിക്കുമെന്ന് വിശുദ്ധ ഖുർആനും സുന്നത്തും വ്യക്തമാക്കിയിരിക്കുന്നു. അന്ത്യനാൾ സത്യമാണെന്നതിനെക്കുറിച്ചും മറ്റും സംസാരിക്കും. അതിന് പുറമെ പ്രസ്തുത മൃഗം സത്യവിശ്വാസിയുടെ മുഖത്ത് സത്യവിശ്വാസിയാണെന്ന് തിരിച്ചറിയുന്നവിധം പ്രകാശിക്കുന്ന അടയാളം വെക്കുന്നതാണ്. സത്യനിഷേധിയുടെ മുഖത്ത് സത്യനിഷേധിയാണെന്നും അടയാളപ്പെടുത്തും. ഒരാൾക്കും പ്രസ്തുത ജീവിക്ക് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാൻ കഴിയില്ല. ആർക്കും അതിനെ കീഴ്‌പ്പെടുത്താനും കഴിയില്ല. പിന്നീട് ജനങ്ങൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലെല്ലാം സത്യവിശ്വാസിയും സത്യനിഷേധിയും വേർതിരിച്ചറിയപ്പെടുന്നതാണ്.
അബൂഹുറൈറ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: അന്ത്യനാളിന് മുമ്പ് ദാബ്ബതുൽ അർള് പുറപ്പെടുന്നതാണ്. മൂസാ(അ)ന്റെ വടിയും സുലൈമാൻ(അ)ന്റെ മോതിരവും അതിന്റെ കൈവശമുണ്ടായിരിക്കും. വടികൊണ്ട് സത്യനിഷേധിയുടെ മൂക്കിന്മേൽ അടയാളമുണ്ടാക്കും. മോതിരം കൊണ്ട് സത്യവിശ്വാസിയുടെ മുഖം പ്രകാശിപ്പിക്കുകയും ചെയ്യും. പിന്നീട് ജനക്കൂട്ടങ്ങളിലെല്ലാം വിശ്വാസിയും അവിശ്വാസിയും വേർതിരിച്ചറിയപ്പെടുന്നതാണ് (അബൂദാവൂദ്, തിർമുദി). നബി(സ്വ) പറഞ്ഞു: മൂന്ന് ദൃഷ്ടാന്തങ്ങളുണ്ട്. അവ സംഭവിച്ചാൽ അതിന് മുമ്പ് വിശ്വസിച്ചിട്ടില്ലാത്തവർക്ക് പിന്നീടുണ്ടാകുന്ന വിശ്വാസം ഫലം ചെയ്യില്ല. പടിഞ്ഞാറ് നിന്ന് സൂര്യനുദിക്കുക, ദജ്ജാൽ, ദാബ്ബതുൽ അർള് എന്നിവയാണവ (മുസ്‌ലിം).

No comments:

Post a Comment