സ്വലാത്ത് നാരിയ്യ ശൈഖ് അഹ്‌മദ് റിഫാഈ (റ) അല്ലെങ്കിൽ ശൈഖ് ഇബ്രാഹീം അത്താസി അൽ വഹ്റാനി (റ) എന്നിവർ രചിച്ചതായി പറയപ്പെടുന്നു. ഇത് “സ്വലാത്ത് നാരിയ്യ” എന്ന് വിളിക്കപ്പെടുന്നത് തീപോലെ വേഗത്തിൽ ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുമെന്നതിന്റെ അടിസ്ഥാനത്തിലാണ്.
എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് സ്വലാത്ത് നാരിയ്യയുടെ വാചകങ്ങളും അതിന്റെ പ്രത്യേക മഹത്വങ്ങളും നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ്. മുൻഗാമികളായ മഹാന്മാരിൽ നിന്നും വിശ്വസ്തമായി പരീക്ഷിച്ചും തെളിയിച്ച അനുഭവ സിദ്ധമായ സ്വലാത്താണ് ഇത്. എല്ലാ അനുവദനീയമായ ആവശ്യങ്ങൾ നിറവേറ്റാനും, കഷ്ടതകളിൽ നിന്നും മോചനം നേടാനും ഇത് ഉപയോഗപ്രദമാണെന്നും ഈ സ്വലാത്ത് നാരിയ്യ 4444 തവണ ഓതിയാൽ ലക്ഷ്യപ്രാപ്തിയിൽ കൂടുതൽ ഫലപ്രദമാണെന്നാണ് കിതാബുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
اَللّٰھُمَّ صَلِّ صَلٰوةً كَامِلَةً وَّسَلِّمْ سَلَامًا تَآمًا عَلٰى سَیَّدِنَا وَمَوْلَانَا مُحَمَّدِۨ الَّذِيْ تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضٰى بِهِ الْحَوَائِجُ وَتُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِيْمِ وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ، وَعَلٰى اٰلِهِ وَاَصْحَابِهِ فِيْ كُلِّ لَمْحَةٍ وَّنَفَسٍ بِعَدَدِ كُلِّ مَعْلُوْمٍ لَّكَ، يَا اَللّٰهُ يَا اَللّٰهُ يَا اَللّٰهُ
അർത്ഥം: അല്ലാഹുവേ! പൂർണ്ണമായ ഗുണവും സമ്പൂർണ്ണമായ രക്ഷയും ഞങ്ങളുടെ നേതാവും പ്രഭുവുമായ മുഹമ്മദ് നബി ﷺ യുടെ മേൽ നീ വർഷിക്കേണമേ. തങ്ങളുടെ ബറക്കത്തിനാൽ കുരുക്കുകൾ അഴിഞ്ഞുപോകുന്നു, ദുഃഖങ്ങളും പ്രയാസങ്ങളും നീങ്ങിപ്പോകുന്നു, ആവശ്യങ്ങൾ പൂർത്തിയാകുന്നു, ആഗ്രഹങ്ങൾ കൈവരിക്കുന്നു, അന്ത്യം നന്നാകുന്നു തങ്ങളുടെ മഹത്തായ മഹത്വം കൊണ്ടാണ് മേഘങ്ങൾ പോലും മഴ നൽകാൻ പ്രേരിതമാകുന്നത്. തങ്ങളുടെ കുടുംബത്തിന്റെയും സഹാബാക്കളുടെയും മേൽ ഓരോ നിമിഷത്തിലും ഓരോ ശ്വാസത്തിലും നിന്റെ അറിവിൽ പെട്ട എല്ലാറ്റിന്റെയും എണ്ണത്തിന് തുല്യമായി (സ്വലാത്തും സലാമും) നീ വർഷിപ്പിക്കേണമേ.
ഇതിലെ സർവ്വനാമങ്ങൾ (ളമീർ) هِ യും هَا യും പറയപ്പെടാറുണ്ട്.
ഈ സാഹചര്യത്തിൽ "ها" എന്നത്തിൽ "صلاة" ലേക്കാണ് ളമീർ മടങ്ങുന്നത്. هِ എന്നതിൽ നബി തങ്ങളുടെ പരിശുദ്ധിയിലേക്കും ബർക്കത്തിലേക്കുമാണ് മടങ്ങുന്നത്.
നബി ﷺ തങ്ങളിൽ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടുള്ള സ്വലാത്തുകളെക്കാൾ ഒരുതരത്തിലുള്ള പ്രത്യേക മഹത്വമൊ സ്ഥാനമോ സ്വലാത്ത് നാരിയ്യക്ക് ഇല്ല എന്നത് വ്യക്തമാണ്.
അവലംബം : ഫതാവ ദാറുൽ ഉലൂം, ഇംദാദുൽ ഫുവാദ്
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment